Skip to content

ശ്രീദേവി – 1

sreedevi novel

ആ വീട്ടുകാർക്ക് എന്നെയൊരു വിലയുമില്ല അച്ഛാ…… ഇങ്ങനെയൊരുവൾ ആ വീട്ടിലുണ്ടെന്ന തോന്നൽ മഹിയേട്ടന് പോലുമില്ല…… ഒരു കാര്യത്തിലും അഭിപ്രായം എന്നോട് ചോദിക്കില്ല…… എല്ലാത്തിനും വീട്ടുകാർ മാത്രം മതി….. ഒരു ജോലിക്കു പൊക്കോട്ടെന്നു ചോദിക്കുമ്പോൾ അമ്മക്ക് ആരും കൂട്ടില്ലെന്ന് പറയും…… എന്നാലൊട്ട് പെങ്ങന്മാരോട് ജോലിക്കു പോകണമെന്നും പറയും…. ഞാനിത്രയും പഠിച്ചത് ആ വീട്ടിലെ പണികളൊക്കെ ചെയ്യാനാണോ….. അതെല്ലാം പോട്ടെ….. എന്റെ വീട്ടിൽ പോയി രണ്ടു ദിവസം നിന്നോട്ടെന്നു ചോദിക്കുമ്പോൾ ഒരിക്കലും ഇല്ലാത്ത തിരക്കാവും….. പിന്നെ അമ്മ തനിച്ചാവുമെന്നും……. ഒരു സ്വാതന്ത്ര്യവും ഇല്ല അമ്മേ…… ഞാനെന്താ ചെയ്യേണ്ടത്…. മടുത്തു ഇങ്ങനൊരു ജീവിതം…..

ഇത്രയും പറഞ്ഞിട്ട് അച്ചു നിന്ന് അണക്കുവാണ്…..

ഞാൻ ഉണ്ണിയേട്ടന്റെ മുഖത്തേക്ക് നോക്കി….. ആ മുഖത്തു മകളുടെ വിഷമം നേരിൽ കേട്ടതിന്റെ വേദന നിറഞ്ഞു നിൽക്കുവാണ്….

കണ്ണു നിറച്ചു അച്ചു എന്റെ കയ്യിൽ പിടിച്ചു…..

എന്താ അമ്മേ ഞാൻ ചെയ്യേണ്ടത്….. തിരിച്ചു പോകുന്നില്ല ഞാൻ….. എല്ലാവരോടും കുറച്ചു ദേഷ്യപ്പെട്ടിട്ടാണ് ഞാനിറങ്ങിയത്…. തിരിച്ചു വരില്ലെന്ന് വരെ പറഞ്ഞു….

അച്ചു അമ്മയുടെ വയറിൽ മുഖം അമർത്തി കരഞ്ഞു…..

മാസം 4 ആയതേയുള്ളു അച്ചുവിന്റെയും മഹേഷിന്റേയും കല്യാണം കഴിഞ്ഞിട്ട്…. പുതുമോടി മാറും മുൻപ് പിണങ്ങി വന്നിരിക്കുന്നു…..

ഇതിനുള്ള പോം വഴി അമ്മക്കറിയില്ല അച്ചു…. അച്ഛനോടു ചോദിക്കൂ…. എന്താ ചെയ്യേണ്ടതെന്ന്….. എന്നിട്ട് അതുപോലെ അനുസരിക്കു…..

ഉണ്ണി ഭാര്യയുടെ മുഖത്തേക്ക് നോക്കി…. ആ നോട്ടം കണ്ടില്ലെന്നു നടിച്ചു അവൾ കിച്ചണിലേക്ക് പോയി….. തന്റെ മുഖം മറയ്ക്കാനും….. വിഷമങ്ങൾ ഒരു ദീർഘ ശ്വാസമായി പുറത്തു വിടാനും…. സ്വയം ആശ്വസിക്കാനും എല്ലാം ഏറ്റവും നല്ലയിടം കിച്ചൻ ആണെന്ന് ശ്രീദേവിക്ക് അറിയാം…..

കുറച്ചു സമയത്തിന് ശേഷം പിറകിൽ കാൽപ്പെരുമാറ്റം കേട്ടു തിരിഞ്ഞു നോക്കി…. ഉണ്ണിയേട്ടനാണ്….

എന്താ ശ്രീ നീയൊന്നും പറയാത്തത്…. അച്ചുവിന്റെ കാര്യത്തിൽ….. നിസ്സാര പ്രശ്നം അല്ലെന്നു തോന്നുന്നു…. ഞാൻ മഹേഷിനെ വിളിച്ചിരുന്നു….. അവളെ വന്നു കൂട്ടിക്കൊണ്ടു പോകാൻ പറയാൻ….. തനിച്ചിറങ്ങി പോയാൽ തനിച്ചു തന്നെ കയറി വരണമെന്നാ അവൻ പറയുന്നത്…… ശരിക്കുമൊരു ധിക്കാരി ആണവൻ….. ആദ്യമുണ്ടായിരുന്ന ബഹുമാനം ഒന്നുമില്ല ഇപ്പോൾ…. എന്നോട് സംസാരിച്ചത് തന്നെ വളരെ പരുഷമായാണ്….. ഒന്നുമല്ലെങ്കിലും ഞാൻ അവന്റെ അച്ഛന്റെ സ്ഥാനത്തല്ലേ…..

ശ്രീ ഉണ്ണിയെ നോക്കി…… ഒന്നു പതിയെ ചിരിച്ചു……

അവർ പുതിയ കുട്ടികളാണ് ഉണ്ണിയേട്ടാ…… പഴയ ആൾക്കാരെ പോലെ ഓച്ഛാനിച്ചു നിൽക്കാനൊന്നും അവരെ കിട്ടില്ല…. ആരും നിന്നു തരികയുമില്ല…… കാലം മാറി….

ഉണ്ണി അടുക്കള വാതിൽ കഴിയും മുൻപ് ശ്രീയെ ഒന്ന് തിരിഞ്ഞു നോക്കി….. അവൾ മുഖമുയർത്താതെ പാത്രങ്ങളോട് മല്ലിടുവാണ്……

ആ സമയം സ്വന്തം വീട്ടിലേക്കു മകളെ രണ്ടു ദിവസത്തേക്ക് കൊണ്ടുപോക്കോട്ടേന്നു ചോദിക്കാൻ വന്ന ഒരച്ഛനെയാണ് ശ്രീ ഓർത്തു കൊണ്ടിരുന്നത്…. ഉണ്ണിയേട്ടനോട് അനുവാദം ചോദിക്കാൻ അച്ഛൻ വന്നതും മറുപടി പറയാൻ ഉണ്ണിയേട്ടൻ മനഃപൂർവം താമസിച്ചതും…… അച്ഛൻ തന്റെയും ഉണ്ണിയേട്ടന്റെയും മുഖത്തേക്ക് മാറി മാറി ദയനീയമായി നോക്കിയതും ഓർത്തപ്പോൾ കയ്യിലിരുന്ന പാത്രം വഴുതി സിങ്കിലേക്ക് വീണു…. അന്ന് ഉണ്ണിയേട്ടൻ പറഞ്ഞ മറുപടി രണ്ടു ദിവസത്തേക്കൊന്നും വിടാൻ പറ്റില്ല…. വേണമെങ്കിൽ രാവിലെ പോയിട്ടു വൈകിട്ട് വന്നോയെന്ന് ആയിരുന്നു ….. ഇവിടെ നിന്നും വീട്ടിലേക്കു മൂന്നു മണിക്കൂർ യാത്രയുള്ളതിനാലും അന്നു തന്നെ വരവു നടക്കില്ലെന്നും ഓർത്തപ്പോൾ വേണ്ടാന്നു വച്ചു….. അതു തന്നെയായിരുന്നു ഉണ്ണിയേട്ടനും ഉദ്ദേശിച്ചത്……. അച്ഛനെ കലങ്ങിയ കണ്ണുകളോടെ യാത്ര അയക്കുമ്പോൾ ശ്രീ ഓർത്തു…. തന്നെ പെണ്ണു കാണാൻ വന്നതും….. അച്ഛന്റെയും സഹോദരന്മാരുടെയും മുന്നിൽ ബഹുമാനത്തോടെ നിന്നതും എല്ലാം…… പഠിച്ചു കൊണ്ടിരിക്കുവായിരുന്നു….. തന്നെ മാത്രം മതിയെന്ന് ശഠിച്ചു ഉണ്ണിയേട്ടൻ…..

മൂന്നു ആങ്ങളമാരുടെ ഒരേയൊരു പെങ്ങൾ….. രണ്ടു ചേട്ടന്മാർ കുടുംബം ആയി വീടിനടുത്തു തന്നെയാണ് താമസം….. പിന്നെയുള്ളത് ഒരു അനിയൻ…. അവൻ കുടുംബത്തോടൊപ്പം തറവാട്ടിൽ…… മക്കൾ എല്ലാം തൊട്ടടുത്തുണ്ട്….. അതുകൊണ്ട് തന്നെ ശ്രീയെ ദൂരേക്ക് വിടാൻ ആർക്കും താല്പര്യമില്ലായിരുന്നു…… ഉണ്ണിയേട്ടൻ ബ്രോക്കർ മുഖാന്തിരം പറയിപ്പിച്ചു ഒരുവിധം സമ്മതിപ്പിച്ചതാണ്…. കല്യാണം കഴിഞ്ഞതിനു ശേഷം വീട്ടിലേക്കു ഇടയ്ക്കിടെ പോകാറുണ്ടെങ്കിലും ഒരു രാത്രി പോലും കഴിയാൻ ശ്രീക്കു അനുവാദം കൊടുത്തിട്ടില്ല….

അച്ഛന്റെ മടിയിൽ തല വച്ചു കിടക്കുമ്പോൾ കാലെടുത്തു പതിയെ തലോടുമായിരുന്നു അമ്മ….. പിന്നെ സഹോദരന്മാരും ചുറ്റിനും കൂടും….. ചിരിയും ബഹളവും……. ഒരു ഭാര്യ ആയതിനു ശേഷം അതെല്ലാം വെറും സ്വപ്നം മാത്രമാണ്….. ശ്രീയുടെ കണ്ണുകൾ നിറഞ്ഞൊഴുകി….. അതിനൊപ്പം കൈകളുടെ വേഗതയും കൂടി …..

രാത്രിയിൽ ഭക്ഷണം എടുത്തു വച്ചു എല്ലാവരെയും കഴിക്കാൻ വിളിച്ചു…… അച്ചു മൊബൈൽ പിടിച്ചാണ് നടപ്പ്….. എങ്ങാനും മഹേഷ്‌ വിളിച്ചാലോ എന്നോർത്ത്….. ഉണ്ണിയേട്ടനും അച്ചുവും വന്നു….. ഇനിയുള്ളത് അപ്പുവാണ്….. അച്ചുവിന്റെ ഇളയവൻ….. എഞ്ചിനീയറിംഗ് നു പഠിക്കുന്നു……

എന്നുമീ ചോറു മാത്രമേ ഉള്ളോ കഴിക്കാൻ….. ചിക്കൻ ഉള്ളപ്പോൾ എനിക്ക് ചപ്പാത്തി വേണമെന്ന് ഞാൻ പറഞ്ഞിട്ടില്ലേ….. അപ്പു ശ്രീയോട് ദേഷ്യത്തിൽ ചോദിച്ചു……

ശ്രീ ഒന്നും പറയാതെ ഹോട് കേസ് അവനരികിലേക്ക് നീക്കി വെച്ചു…… ദേഷ്യത്തിൽ അവൻ അതിൽ നിന്നും എടുത്തു കഴിച്ചു…..

അവിടെയും ഇങ്ങനാണ് അച്ഛാ….. ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ….. മഹിയേട്ടന് ചപ്പാത്തി…… അമ്മക്ക് കഞ്ഞി….. ഇതു രണ്ടും എനിക്കിഷ്ടമില്ല……. എന്തൊക്കെ ഉണ്ടാക്കി വച്ചാലും സ്നേഹത്തോടെ ഒരു നോക്കോ….. വാക്കോ കിട്ടാറില്ല….. ആ അടുക്കളയിൽ കിടന്നു ഞാൻ മടുത്തു…… എനിക്കു വയ്യ വെച്ചു വിളമ്പി എച്ചിലും എടുത്തു കഴിയാൻ……. അതും പറഞ്ഞു അച്ചു എഴുന്നേറ്റു പോയി……

ഉണ്ണി വീണ്ടും ശ്രീയെ നോക്കി…… ഒന്നും ശ്രദ്ധിക്കാതെ ഇരുന്നു കഴിക്കുകയാണ്….. അറിയാം ശ്രീ അഭിപ്രായം ഒന്നും പറയില്ലെന്ന്…. ഇതുവരെ അങ്ങനെ ഒരു ശീലം ഇല്ല…. ചോദിക്കാറില്ല…. അതാണ് സത്യം….. അച്ഛൻ ഒന്നും കഴിക്കാതെ ഇരിക്കുന്നതു കണ്ടിട്ട് അപ്പു നോക്കി……. അമ്മയെ കണ്ണെടുക്കാതെ നോക്കിയിരിക്കുവാണ്…….. എല്ലാവരും എഴുന്നേറ്റു പോയപ്പോൾ പാത്രം ഒക്കെ എടുത്തു ടേബിൾ ക്ലീൻ ചെയ്തു നേരെ കിച്ചണിലേക്ക് പോയി……. ആരും ഒരു കൈ സഹായം ചെയ്യാറില്ല….. ഇപ്പോൾ ആരോടും പറയാറുമില്ല…. സഹായിക്കാൻ……. മുൻപ് അച്ചുവിനോട് പറയുമായിരുന്നു എന്തെങ്കിലും ഒക്കെ ചെയ്യാൻ……. പക്ഷേ അവൾ പഠിക്കട്ടെ എന്നു പറഞ്ഞു കിച്ചണിന്റെ ഭാഗത്തേക്ക്‌ അടുപ്പിക്കാറില്ല ഉണ്ണിയേട്ടൻ …… എന്തെങ്കിലും നിർബന്ധിച്ചു ചെയ്യിച്ചാൽ അവളുടെ മുന്നിൽ വച്ചു ശ്രീയെ വഴക്കു പറയും….. താങ്ങാൻ അച്ഛൻ ഉണ്ടെന്ന അഹങ്കാരത്തിൽ അവളും പിന്നെ ശ്രീയെ അനുസരിക്കാതെയായ്…….

ഞാൻ എന്തെങ്കിലും ചെയ്യണോ ശ്രീ……. ഉണ്ണിയാണ്…… ഇത്രയും വർഷത്തിനിടയിൽ ഇതാദ്യമായാണ് ഇങ്ങനെ ചോദിക്കുന്നത്….. അതുകൊണ്ട് തന്നെ കുറച്ചു അമ്പരപ്പ് ഉണ്ടായിരുന്നു ശ്രീക്കു……

വേണ്ട…… കഴിഞ്ഞു……

എല്ലാം കഴിഞ്ഞു മുറിയിലെത്തി കയ്യിൽ ക്രീം പുരട്ടി……. മുടിയിലെ ടവൽ എടുത്തു ഉണങ്ങാനിട്ടു……. മുടി വിടർത്തിയിട്ടു…….

കട്ടിലിൽ ശ്രീയുടെ ചലനങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരുന്ന ഉണ്ണി ചോദിച്ചു….. എന്തിനാ ക്രീം പുരട്ടുന്നത്……

എനിക്ക് വിം ബാർ പിടിക്കില്ല ഉണ്ണിയേട്ടാ…. തൊലി പൊളിയും……. അതുകൊണ്ടാ…… അതുംപറഞ്ഞു ശ്രീ കിടക്കയിൽ ഒരു വശത്തു പതിയെ കിടന്നു…… കിടക്കുന്നതിനനുസരിച്ചു അവളുടെ മുഖം വേദനയിൽ ചുളിയുന്നതും പതിയെ ശാന്തമാകുന്നതും ഉണ്ണി ശ്രദ്ധിച്ചു……

നിനക്കു നടുവേദന ഉണ്ടോ ശ്രീ…… ഉണ്ണി ചോദിച്ചു……..

ശ്രീ ഉണ്ണിയെ ഒന്നു നോക്കി ചിരിച്ചു….. എന്നിട്ട് തിരിഞ്ഞു കിടന്നു…….. ആ ചിരിയിൽ ഉണ്ടായിരുന്നു അതിനുള്ള മറുപടി…..

രണ്ടു സിസ്സേറിയൻ കഴിഞ്ഞ എനിക്കു പിന്നെ നടുവേദന ഉണ്ടാകില്ലേ യെന്നു…… കുറച്ചു കഴിഞ്ഞു ഉണ്ണി ശ്രീയുടെ അടുത്തേക്ക് വന്നു കിടന്നു ചോദിച്ചു…….

ഞാനെന്ന ഭർത്താവ് നിന്നെ സംബന്ധിച്ചു വെറുതെയാണ് അല്ലെ ശ്രീ…… എനിക്ക് നിന്റെ ഒരു കാര്യങ്ങളും അറിയില്ല….. ശ്രമിച്ചില്ല….. അതാണ് സത്യം…… അതിനുള്ള തിരിച്ചടിയാവും മക്കളുടെയും മരുമക്കളുടെയും രൂപത്തിൽ…….

ഒരു ശബ്ദവും കേൾക്കാഞ്ഞിട്ട് ഉണ്ണി ചോദിച്ചു……. നീയുറങ്ങിയോ ശ്രീ…… മറുപടി ഇല്ലായിരുന്നു…… പതിയെ അവളുടെ മുടിയിൽ തലോടി മാറിക്കിടന്നു……

അടച്ചു പിടിച്ചിരുന്ന ശ്രീയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി……

അലാറം ഓഫ് ചെയ്തു ശ്രീ എഴുന്നേറ്റു…… തിരിഞ്ഞു ഉണ്ണിയെ നോക്കി…… ഉറങ്ങുമ്പോഴും മുഖത്തു ടെൻഷൻ ആണ്….. ശ്രീ ചിരിച്ചു…. ചായ ഉണ്ടാക്കി എല്ലാവർക്കും മുറിയിൽ കൊണ്ടുപോയി കൊടുക്കണം……. ഫ്ലാസ്കിൽ ഉണ്ടാക്കി വക്കാം അവർ വന്നെടുത്തോളും എന്നു പറഞ്ഞ ശ്രീയോട് ഉണ്ണി ചോദിച്ചത് പിന്നെ നിന്റെ കടമ എന്താ…… ന്നായിരുന്നു…..

ഉണ്ണിയേട്ടനെ എഴുന്നേൽപ്പിച്ചു ചായ കൊടുക്കുമ്പോൾ പറഞ്ഞു… മഹേഷിനെ ഇന്ന് വിളിപ്പിച്ചിട്ടുണ്ട്…. രാവിലെ വരുമെന്ന്…..

മരുമകനും കൂടി ചേർത്തു കാപ്പി ഉണ്ടാക്കി…… എന്റെ അറിവിൽ അവനൊരു നല്ല പയ്യനാണ്….. പെരുമാറ്റവും നല്ലതാണ്….. ആവശ്യത്തിന് ബഹുമാനവും ഉണ്ട്…… പിന്നെ അവർക്കിടയിൽ എന്താ പ്രശ്നം എന്ന് ശരിക്കുമറിയില്ല…… എന്തായാലും അവൻ വരട്ടെ……

മഹേഷിന്റെ കൂടെ അവന്റെ അമ്മയും ഉണ്ടായിരുന്നു…….. മകളെ വിഷമിപ്പിച്ചതിന്റെ എല്ലാ ദേഷ്യവും ഉണ്ണിയേട്ടന്റെ മുഖത്തും പ്രവൃത്തി യിലും കാണാമായിരുന്നു……. അന്യരോടു സംസാരിക്കുമ്പോലെയാണ് അവനോടു സംസാരിച്ചത്…… അമ്പിനും വില്ലിനും അടുക്കുന്നില്ല…..

തൊട്ടതിനും പിടിച്ചതിനുമൊക്കെ ഇവളുടെ അനുവാദം ചോദിക്കണം എന്നു പറഞ്ഞാൽ വലിയ കഷ്ടമാണ്…… ഞാനെന്റെ അമ്മയോട് മിണ്ടിക്കൂടാ……. പെങ്ങന്മാരോട് കൂടുതൽ സ്നേഹം കാണിക്കാൻ പാടില്ല…… സ്നേഹത്തിന് ഒരു അളവുകോൽ വച്ചിട്ടുണ്ട് അവൾ…… അമ്മക്ക് ഇത്ര….. സഹോദരങ്ങൾക്ക് ഇത്ര… എന്നിങ്ങനെ….. ഒന്നു പറഞ്ഞു മനസ്സിലാക്കാമെന്നു വിചാരിച്ചു എന്തെങ്കിലും പറയുമ്പോൾ പിണക്കമായി…… പെട്ടിയും കിടക്കയും എടുത്തു ചാടിയിറങ്ങും…. വീട്ടിലേക്കു പോകാൻ…. കേട്ടിയോനോട് പിണങ്ങിപ്പോന്നാലും ഇവിടെ സ്വീകരിക്കുമെന്ന് അവൾക്കറിയാം….. അതിന്റെ അഹങ്കാരം ആണ്…… നിലക്ക് നിർത്താൻ അറിയാഞ്ഞിട്ടല്ല…. അങ്ങനെ എന്നെ ശീലിപ്പിച്ചിട്ടില്ല…. അതോണ്ടാ…..

ഓഹോ…….. നിലക്കു നിന്നില്ലെങ്കിൽ അളിയൻ ചേച്ചിയെ തല്ലുമോ…… എന്നാൽ അതൊന്നു കാണണം….. പിന്നെ അടിക്കാൻ കൈയുണ്ടാവില്ല എന്നോർത്തോണം……

എല്ലാവരും ഞെട്ടി അപ്പുവിനെ നോക്കി….. ഇപ്പോ തല്ലും എന്ന രീതിയിൽ നിൽക്കുവാണ് അവൻ…… അച്ചുവിന് ദേഷ്യവും സങ്കടവും തോന്നി അവനോടു ….. അവൾ മഹേഷിനെ നോക്കി…..

കണ്ടോ……. ഇതു തന്നെയാ ഇവളുടെയും സ്വഭാവം……. മുതിർന്നവർ സംസാരിക്കുന്നതിന് ഇടയിൽ കയറുക…. അവർക്കു ബഹുമാനം കൊടുക്കാതിരിക്കുക…… വായിൽ തോന്നുന്നത് പറയുക……. ആരോടാ എവിടാ എന്നൊന്നും ചിന്തിക്കില്ല….. ഞാൻ വിചാരിച്ചു ഇവളുടെ പ്രായത്തിന്റെ എടുത്തുചാട്ടമാകുമെന്ന്…… പക്ഷേ ഇപ്പോൾ മനസ്സിലായി…… വീട്ടുകാർ ചിലവ് മാത്രമേ കൊടുത്തിട്ടുള്ളു ചൊല്ല് കൊടുത്തിട്ടില്ലന്നു….. അമ്മ പറഞ്ഞു മനസ്സിലാക്കണം…… അടിച്ചു തന്നെ വളർത്തണം…… അതുകൊണ്ട് സ്നേഹം കുറയാനൊന്നും പോകുന്നില്ല….. എന്നെയും പെങ്ങന്മാരെയും അടിച്ചു തന്നെയാ വളർത്തിയത്…… അതുകൊണ്ടാണ് ഇവൾ തന്നിഷ്ടം കാട്ടി പോന്നപ്പോഴും ഉപേക്ഷിക്കാതെ നിങ്ങൾക്ക് കൂടി പറയാനുള്ളത് കേൾക്കാൻ ഇങ്ങനെ നാണം കെട്ടിവിടെ ഇരിക്കുന്നതും …. ഈ കുട്ടികൾ ഇങ്ങനെ ആവാൻ കാരണം അമ്മയൊരാളാണ്….. മഹേഷ്‌ ശ്രീയെ നോക്കി പറഞ്ഞു……

മഹീ……. അവന്റെ അമ്മ ദേഷ്യത്തിൽ വിളിച്ചു…….. കണ്ണുകൊണ്ടു ശാസിച്ചു…..

സോറി അമ്മേ…… ദേഷ്യം കൊണ്ടു പറഞ്ഞു പോയതാണ്…… ശ്രീയെ നോക്കി മഹേഷ്‌ പറഞ്ഞു……..

ശ്രീ ചെറുതായി ഒന്നു പുഞ്ചിരിച്ചു ഉണ്ണിയെ നോക്കി…… മരുമകൻ ഭാര്യയെ നിർത്തി പൊരിച്ചിട്ടും ഒന്നും മിണ്ടാതെ താഴേക്കു നോക്കിയിരിക്കുവാണ്….. ശ്രീ മഹിയുടെ അമ്മയെയും കൂട്ടി അടുക്കളയിലേക്ക് പോയി…… കഴിക്കാറുള്ളത് ടേബിളിൽ എടുത്തു വെക്കുമ്പോൾ അവർ പറഞ്ഞു അച്ചുവിന്റെ കാര്യം……

അവൾ കിച്ചണിൽ കയറുമ്പോൾ കൂടെ ആരും പാടില്ല….. പ്രായം ചെന്നവർക്ക് ചപ്പാത്തി പിടിച്ചെന്നു വരില്ല……. അച്ചു വരുന്നതിനുമുമ്പ് എല്ലാവരുടെയും ഇഷ്ടത്തിന് വിളമ്പി കൊടുത്തിരുന്നതാണ് ഞാൻ……. ശീലങ്ങൾ ഒക്കെ ഈ പ്രായത്തിൽ ഇനി മാറ്റാൻ പ്രയാസമാണ്……. എങ്കിലും അവൾക്കുവേണ്ടി മാറാൻ കഴിവതും ശ്രമിച്ചിട്ടുണ്ട് ഞങ്ങൾ……… പക്ഷെ അത് അവൾ മനസ്സിലാക്കിയില്ല……… മഹി എന്റെ അഭിപ്രായം അറിഞ്ഞെ എന്തും ചെയ്യു…….കുഞ്ഞിലെ മുതലുള്ള ശീലമാണ്…… അച്ചുവിനോടും ചോദിക്കാറുണ്ട്……. പക്ഷേ ഞാൻ പറയുന്നതിന് നേരെ വിപരീതമെ അവൾ മഹിയോട് പറയാറുള്ളൂ……… അവൾ പറയുന്നത് അവൻ ചെയ്യാതിരിക്കുമ്പോൾ അച്ചുവിന് ദേഷ്യം വരും……. പിന്നെ എല്ലാവരോടും മുഖം വീർപ്പിച്ചു ഇരിക്കലാണ്….. അവൻ പോയി കാലു പിടിക്കണം ഒന്നും മിണ്ടാൻ……… ആദ്യമൊക്കെ അവൻ ക്ഷമിച്ചു… സഹിച്ചു……. പോകപ്പോകെ അവനും മടുത്തു……. ഇപ്പോൾ പുതിയ ആവശ്യം വീട് മാറി താമസിക്കണമെന്ന് ഉള്ളതാണ്…….. അതിനൊരിക്കലും മഹി സമ്മതിക്കില്ല……. അവന്റെ അവസ്ഥയോർത്ത് ഞങ്ങൾ സമ്മതിച്ചതാണ്…….. പക്ഷേ മഹി പോവില്ല……

ശ്രീ അവരുടെ വാക്കുകൾ എല്ലാം ശ്രദ്ധയോടെ കേട്ടുനിന്നതല്ലാതെ ഒന്നും പറഞ്ഞില്ല…….

ഒരു തീരുമാനവും ആകാത്തത് കൊണ്ട് മഹി അച്ചുവിനോട് ചോദിച്ചു…….

ഞാൻ അവസാനമായിട്ട് നിന്നോട് ചോദിക്കുവാ…. നീ വരുന്നുണ്ടോ… വീട്ടിലേക്ക്….

ഇല്ല…. മഹിയേട്ടന് പോകാം…..

ഇതാണ് നിന്റെ അവസാന വാക്കെങ്കിൽ എനിക്കു പലതും ചിന്തിക്കേണ്ടിയിരിക്കും……..

അച്ചു ഒന്നു ഞെട്ടി…… അതിനർത്ഥം അവൾക്കു മനസ്സിലായെങ്കിലും വാശി ഒട്ടും കുറച്ചില്ല…… ഒന്നും മിണ്ടിയതുമില്ല…….

നിങ്ങൾ എന്തു വേണമെങ്കിലും ചെയ്യ്….. ചേച്ചി ആർക്കുമൊരു ബാധ്യതയല്ല ഇവിടെ….. വീട്ടുകാരുടെ ഇഷ്ടങ്ങൾക്കനുസരിച്ചു ഇപ്പോഴും നടക്കുന്ന നിങ്ങളെ ഒക്കെ ഉപേക്ഷിക്കുന്നതു തന്നെയാ നല്ലത്……. അവൾക്കുമില്ലേ ആഗ്രഹങ്ങളൊക്കെ……. ഒരു ജോലിക്കും വിടാതെ നിങ്ങളുടെ വീട്ടുകാരെയും നോക്കി അടുക്കളയിൽ പണിയും ചെയ്തു കഴിയാനല്ല അവളെ പഠിപ്പിച്ചത്……

അതിനാരാ ജോലിക്കു പോകണ്ടാന്നു പറഞ്ഞത്…… ആദ്യം കിട്ടിയ ജോലി കുറച്ചു ദൂരെയാണ്………. അവളുടെ ബുദ്ധിമുട്ട് ഓർത്താണ് ഞാൻ അത് വേണ്ടെന്ന് പറഞ്ഞത്……… അതിന്റെ വാശിക്ക് അവൾ വേറൊരിടത്തും പിന്നീട് ട്രൈ ചെയ്തിട്ടില്ല……. അതാണ് സത്യം……. പിന്നെ വീട്ടുകാരെ നോക്കാൻ അല്ല ഞാൻ അവളെ കെട്ടിയത്….. അവള് വീട്ടിൽ വന്നു കയറുന്നതിനു മുൻപും വീട്ടുകാർ നന്നായി തന്നെയാണ് ജീവിച്ചിരുന്നത്….. പോകുന്നതിനു തൊട്ടു മുൻപ് അവൾ പറഞ്ഞത് അവളുടെ അച്ഛൻ ഇതെല്ലാം അറിഞ്ഞാൽ എന്നെ ജീവനോടെ വച്ചേക്കില്ല എന്നാണ്……. എന്നാൽ അതൊന്നു കാണണം എന്ന് കരുതി തന്നെയാണ് പോകാനിറങ്ങിയപ്പോൾ അവളെ തടുക്കാഞ്ഞതും………

മഹീ…….. വീണ്ടും അമ്മയുടെ ശാസന കലർന്ന വിളി എത്തി…… മഹി തല കുനിച്ചു……

കണ്ടോ അച്ഛാ… ഞാൻ പറഞ്ഞാൽ ഒന്നും കേൾക്കില്ല……. അമ്മയുടെ ഒരു വിളിയിൽ അടങ്ങിയത് കണ്ടോ……. ഇത് കാണുമ്പോളാണ് എനിക്ക് ദേഷ്യം വരുന്നത്…… അച്ചു ദേഷ്യത്തിൽ പറഞ്ഞു……

ഇതെല്ലാം കേട്ടിട്ട് ഉണ്ണിയേട്ടൻ എണീറ്റ് മുറിയിലേക്ക് പോയി…….. മഹേഷിനോടും അമ്മയോടും ശ്രീ പറഞ്ഞു……

കുറച്ചു നേരം എനിക്ക് വേണ്ടി ക്ഷമിക്കുമോ.. ഞാനിപ്പോൾ വരാം……

അമ്മ എന്ത് കാണിക്കാനാണു പോകുന്നത്….. പോകുന്നെങ്കിൽ പോകട്ടെ എന്ന് വെക്കണം….അപ്പുവാണ്…….

അവനെ ഒന്നു നോക്കുക കൂടി ചെയ്യാതെ ശ്രീ മുറിയിലേക്ക് പോയി…….. ഉണ്ണി ശ്രീയെ കണ്ടതും ഒന്നുകൂടി മുഖം കുനിച്ചിരുന്നു……

നല്ല ഒരു ഭർത്താവോ അല്ല.. നല്ല ഒരു അച്ഛൻ എങ്കിലും ആണെന്നാണ് ഞാൻ മനസ്സിൽ കൊണ്ട് നടന്നിരുന്നത്…. അതും തെറ്റിയല്ലോ ശ്രീ…….

ആദ്യമുണ്ടായിരുന്ന ദേഷ്യമൊക്കെ കെട്ടടങ്ങിയിരിക്കുന്നു ഉണ്ണിയേട്ടന്……

അച്ചുവിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ലല്ലോ എനിക്ക്…… കടമ തീർന്നെന്നു കരുതി…. പക്ഷെ ഇതാണ് തുടക്കം എന്നറിഞ്ഞിരുന്നില്ല……

ശ്രീ ഉണ്ണിയുടെ അടുത്തു വന്നിരുന്നു…..

വിഷമിക്കാതെ ഉണ്ണിയേട്ടാ…… ഞാനൊന്നു സംസാരിച്ചോട്ടെ അവരോടു…… ശ്രീ ഉണ്ണിയുടെ മുഖത്തേക്ക് നോക്കി അനുവാദത്തിന് കാത്തിരുന്നു…….

മ്മ്….. സംസാരിച്ചു നോക്ക്….. എനിക്കു വലിയ പ്രതീക്ഷ ഒന്നുമില്ല…….. കാരണം അച്ചുവിന്റെ വാശി എനിക്കു നന്നായിട്ടറിയാം……

ശ്രീ അച്ചുവിനെ മുറിയിലേക്ക് വിളിപ്പിച്ചു…..

അയാളുടെ കൂടെ പോകണം എന്നാണ് പറയാൻ പോകുന്നതെങ്കിൽ അമ്മ ബുദ്ധിമുട്ടണ്ട….. എന്നെക്കൊണ്ടാവില്ല….. എനിക്ക് വിലയില്ലാത്തിടത്തു കടിച്ചു തൂങ്ങി കിടക്കാൻ എന്നെക്കൊണ്ടാവില്ല….. അച്ചു ദേഷ്യത്തിൽ പറഞ്ഞു…..

അപ്പോൾ അമ്മയിവിടെ കടിച്ചു തൂങ്ങി കിടക്കുന്നതോ…… ഞാനെന്ന മനുഷ്യ ജീവന് ആരാ ഇവിടെ വില തരുന്നത്….. ഭർത്താവോ അതോ മക്കളോ…… എന്റെ വാക്കിനെ ആരാണ് മാനിക്കുന്നത്….. എന്തിനെങ്കിലും എപ്പോഴെങ്കിലും എന്റെ അഭിപ്രായം ചോദിച്ചിട്ടുണ്ടോ ഇവിടെ ആരെങ്കിലും ഇതുവരെ….. അമ്മയെന്ന പരിഗണന എനിക്കാരും തന്നിട്ടില്ല…. അപ്പു എന്റെ ഇളയ കുഞ്ഞല്ലേ….. ഇന്നേവരെ ദേഷ്യപ്പെടാനല്ലാതെ അവൻ എന്നോട് സംസാരിക്കാറില്ല….. നിങ്ങളുടെ എല്ലാ കാര്യങ്ങളും അറിഞ്ഞു ചെയ്യുന്ന ശമ്പളം വാങ്ങാത്ത ഒരു ജോലിക്കാരി…. അതാണിവിടെ ഞാൻ…… എനിക്ക് ഞാനിട്ട വില അതാണ്……. ശ്രീയുടെ ശബ്ദം മുറിഞ്ഞു പോയി…..

മൂന്നാളും തല കുനിച്ചു നിൽക്കുവാണ്…..

ഞാൻ നിങ്ങളുടെ ഇഷ്ടങ്ങൾ അറിഞ്ഞു വെച്ചു വിളമ്പുന്നുണ്ട്….. എന്നിട്ട് ആരാ അച്ചു എന്നോട് സ്നേഹത്തോടെ ഒരു വാക്ക് പറഞ്ഞത്…… നന്ദി പറഞ്ഞത്…… ആ അവസ്ഥയിൽ നീയെത്തിയപ്പോൾ നിനക്കു വേദന തോന്നി അല്ലേ….. വെറും നാലു മാസം കൊണ്ടു നീ വെറുത്തു പോയല്ലേ….. അമ്മയിവിടെ എത്ര വർഷം ആയി…..

മഹേഷ്‌ അവന്റെ അച്ഛനും അമ്മയും പറയുന്നത് അനുസരിക്കുന്നുണ്ടെങ്കിൽ അത് അവനെ ചൊല്ലു കൊടുത്തു വളർത്തിയതുകൊണ്ടുമാത്രമാണ്…….. എന്നോട് ദേഷ്യത്തിൽ അവൻ സംസാരിച്ചപ്പോൾ തെറ്റാണെന്ന് മനസ്സിലാക്കി ക്ഷമ ചോദിച്ചില്ലേ…… ഇന്നലെ വരെ നിന്റെ അനിയൻ ഇഷ്ടഭക്ഷണം മുന്നിൽ കാണാഞ്ഞിട്ട് എന്നോട് ദേഷ്യപ്പെട്ടു…… അവനു തോന്നിയോ ഇതുപോലെ എന്നോട് ക്ഷമ ചോദിക്കാൻ……. ഇല്ലല്ലോ……അല്ലെങ്കിലും എനിക്ക് അപ്പുവിന്റെ ക്ഷമ പറച്ചിൽ കേൾക്കണ്ട…… ആദ്യമൊക്കെ വിഷമം തോന്നിയിരുന്നു….. ഇപ്പോഴില്ല….. ഇങ്ങോട്ട് ഇല്ലാത്ത സ്നേഹം ഞാൻ ആർക്കും തിരിച്ചു കൊടുക്കാറില്ല…….അതിനു പകരമാകും ദൈവം എനിക്ക് മകന്റെ സ്ഥാനത്തു മഹേഷിനെ തന്നത്……

അപ്പു ആകെ വല്ലാത്തൊരു അവസ്ഥയിൽ ആയി…… അമ്മ തന്നെ തള്ളിപ്പറഞ്ഞപ്പോൾ വല്ലാത്ത വിഷമം…..

ഇനി അപ്പുവിനോട് ആണ് എനിക്ക് ചോദിക്കാനുള്ളത്…….. എത്രനാൾ നിന്റെ ചേച്ചിയെ ഇവിടെ താമസിപ്പിക്കും……… നിനക്ക് ഒരു കുടുംബം ഒക്കെ ആകുമ്പോൾ ആദ്യം ഭാരമായി തോന്നുന്നത് ഇവൾ ആകും…….

അന്ന് നിന്നെ ഏറ്റെടുക്കാൻ അച്ഛനോ അമ്മയോ ജീവനോടെ ഉണ്ടായെന്നുവരില്ല അച്ചു ….. ഈ പ്രായത്തിൽ തനിച്ചു ജീവിക്കാൻ പറ്റും എന്ന് മനസ് പറയും………പക്ഷേ അത് വെറും തോന്നൽ മാത്രമാണ്……… പ്രായമേറുന്നത് അനുസരിച്ച് മനസ്സ് മോഹിക്കാൻ തുടങ്ങും…. അത് സ്വന്തം പങ്കാളി കൂടെ വേണമെന്ന് തന്നെയാവും………. വേറാരും ഭർത്താവിന് തുല്യം ആവില്ല…….. അനിയൻ ആയാലും മാതാപിതാക്കൾ ആയാലും……..

നിന്റെയും മഹേഷിനും ജീവിതം ആണിത് തീരുമാനമെടുക്കേണ്ടത് നിങ്ങളാണ്…….. എന്തിന്റെ പേരിലാണ് നീ അവനെ വേണ്ടെന്നു വയ്ക്കുന്നത്…….. സ്വന്തം കുടുംബത്തെ ഇത്രയും സ്നേഹിക്കുന്നവൻ ഭാര്യയെ സ്നേഹിക്കുന്നില്ല എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ അത്ര പൊട്ടി അല്ല ഞാൻ……… തെറ്റ് നിന്റെ ഭാഗത്ത് ആയിട്ടും അവൻ വീണ്ടും തേടി വന്നിരിക്കുന്നു നിന്നെ……. ഇപ്പോൾ നീ ഒന്ന് താഴ്ന്നു കൊടുത്താൽ ആർക്കും നാണം കെടാതെ ഈ പ്രശ്നം പരിഹരിക്കാം…… അതല്ല വാശിയാണ് വലുതെങ്കിൽ നീ ഇവിടെ ഇരിക്കുകയേയുള്ളൂ അച്ചു……. പിന്നീട് വാശി കെട്ടടങ്ങുമ്പോൾ തിരിച്ചു പിടിക്കാൻ പറ്റാത്ത വിധം അകലത്തിൽ ആവും നിന്റെ ജീവിതം…….. മരുമകന്റെ മുൻപിൽ തല കുനിച്ചു ഓച്ഛാനിച്ചു നിൽക്കേണ്ട അവസ്ഥ ഒരു പെൺകുട്ടിയുടെയും അച്ഛനു വരാതിരിക്കട്ടെ………….

ഉണ്ണി വിഷമത്തോടെ ശ്രീയുടെ മുഖത്തേക്ക് നോക്കി………

നിന്റെ അച്ചൻ തലയുയർത്തി മഹേഷിനു മുൻപിൽ നിൽക്കണമെങ്കിൽ അതിന് നീ വിചാരിക്കണം……. നീ മാത്രം……

അതും പറഞ്ഞ് ശ്രീ എഴുന്നേറ്റ് മഹേഷിന്റെ അരികിലേക്ക് പോയി……….

മൂന്നാളും മുഖത്തോട് മുഖം നോക്കി…… ആരുമൊന്നും പറയാതെ……..

അച്ചു ഹാളിൽ വന്നപ്പോൾ മഹേഷിന്റെ അടുത്തിരുന്നു ശ്രീ സംസാരിക്കുന്നുണ്ട്…… അവളെ കണ്ടതും കൈ നീട്ടി വിളിച്ചു അരികിൽ ഇരുത്തി……. രണ്ടാളുടെയും കൈകൾ ചേർത്തു സ്വന്തം കൈകൾക്കുള്ളിൽ വെച്ചു…..

മഹേഷിനു….. ഓഹ്…. ക്ഷമിക്കണം…… മഹിക്ക് അച്ചുവിനോട് ഈയൊരു വട്ടം കൂടെ ക്ഷമിച്ചു കൂടെ….. ഈ അമ്മക്കു വേണ്ടി…. ഇത്രയും നാൾ ആരുടേയും മുൻപിൽ തല കുനിക്കരുതെന്ന അച്ഛന്റെ വാക്കുകൾ കേട്ടാണ് അവൾ വളർന്നത്….. പക്ഷേ…. തല കുനിച്ചു പിടിക്കേണ്ടിടവും ഉണ്ട്….. സ്വന്തം കുടുംബത്തിനു മുന്നിൽ…… സ്നേഹിക്കുന്നവരുടെ മുന്നിൽ……. ഇനിയത് ഉണ്ടാവും……. അവൾ ക്ഷമിക്കും…… സ്നേഹിക്കും….. ഇത് അമ്മയുടെ വാക്കാണ്…..

പിന്നീട് അച്ചുവിന്റെ മുഖത്തേക്ക് നോക്കി…..

അച്ചൂന് അറിയാമല്ലോ അമ്മയിതു വരെ നിന്റെ അച്ഛനെ ധിക്കരിച്ചിട്ടില്ല…… വഴക്കുണ്ടാക്കി സ്വന്തം വീട്ടിലേക്കു പോയിട്ടില്ല…. എന്തു പ്രശ്നമുണ്ടായാലും ഭർത്താവിനെ ഉപേക്ഷിക്കുന്ന ഭാര്യയും…. ഭാര്യയെ ഉപേക്ഷിക്കുന്ന ഭർത്താവും കുടുംബത്തിനും സമൂഹത്തിനും നാണക്കേട് ആണ്…. പരസ്പരം ബഹുമാനിച്ചു സ്നേഹിച്ചു…. ക്ഷമിച്ചു…… വിട്ടുകൊടുത്തു ജീവിച്ചു നോക്ക്……. എന്നിട്ടും സാധിച്ചില്ലെങ്കിൽ അമ്മയോട് പറ…… പിന്നെ നിങ്ങളുടെ ഇഷ്ടം പോലെ…

ശ്രീദേവി അച്ചുവിനെയും മഹേഷിനെയും നോക്കി…… രണ്ടാളും മിണ്ടാതിരിക്കുവാണ്…. അച്ചുവിൽ നിന്നും ഒരു തേങ്ങൽ ഉയർന്നു….. കണ്ണു നിറഞ്ഞൊഴുകി…… മഹേഷിനത് സഹിക്കാൻ കഴിഞ്ഞില്ല…… അവൻ അച്ചുവിനരികിലേക്ക് വന്നിരുന്നു കണ്ണീരൊപ്പി….. സാരമില്ല ന്നു പറഞ്ഞു ചേർത്തു പിടിച്ചു…… കാത്തിരുന്നതുപോലെ അവൾ മഹിയിലേക്ക് ചേർന്നു…….

ഇതാണ് ജീവിതം അച്ചു….. ആരെങ്കിലും ഒരാൾ ഒന്നു താഴ്ന്നു കൊടുത്താൽ മതി….. സന്തോഷം താനെ വരും……. ഇനി രണ്ടാൾക്കും സന്തോഷം തരുന്ന ഒരു കാര്യം അമ്മ പറയട്ടെ…..

രണ്ടാളും ശ്രീയുടെ മുഖത്തേക്ക് നോക്കി…..

എന്റെ സംശയം മാത്രമാണ്…… അച്ചുനെ ഒരു ഗൈനക്കോളജിസ്റ്റിനെ കാണിച്ചോളു…… കുറച്ചു ദിവസമായി നല്ല വിളർച്ചയുണ്ട്….. ഭക്ഷണം കഴിക്കാൻ മടി…… ക്ഷീണം വേറെ….. രണ്ടാൾക്കും ഭാര്യ ഭർത്താവ് എന്ന പോസ്റ്റിൽ നിന്നും പ്രൊമോഷൻ കിട്ടുമെന്നു തോന്നുന്നു…. ഉടനെ….

മഹി വിശ്വസിക്കാനാവാതെ അച്ചുവിന്റെ മുഖത്തേക്ക് നോക്കി…… നാണം കൊണ്ടു അച്ചു മുഖം താഴ്ത്തി…….

ഇനിയിപ്പോൾ ഇന്നു പോകണ്ട……. നമുക്കിവിടെ കൂടാം….. എന്താ മഹീടെ അമ്മേ…… ശ്രീ ചോദിച്ചു….

ഓഹ്….. അതിനെന്താ….. സന്തോഷം…. അതിന്റെ കൂടെ ഇരട്ടി മധുരവും…..

എങ്കിൽ നമുക്കൊരു പായസം ഉണ്ടാക്കാം…. വരൂ…… ശ്രീ പറഞ്ഞു…..

മുറിയിൽ നിന്നും ഇറങ്ങി വന്ന ഉണ്ണിയും അപ്പുവും അന്തംവിട്ടു നോക്കി നിൽക്കുവാണ്……. മഹേഷിന്റെ തോളിൽ തല ചായ്ച്ചു വെച്ചിരിക്കുന്ന അച്ചുവിനെ കണ്ടിട്ട് ….

ഒപ്പം രണ്ടു അമ്മമാരും ചിരിച്ചു കിച്ചണിലേക്ക് പോകുന്നതു കണ്ടിട്ടും…….

തുടരും…

A… M… Y

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

4.2/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!