ഓടിപ്പോകുന്ന കാഴ്ചകൾ നോക്കിയിരുന്നു ശ്രീ….. അപ്പുവിന്റെ വിഷമത്തിന്റെ കാര്യമെന്താവുമെന്ന് ആലോചിച്ചു………
വീട്ടിൽ എത്തിയതും ചെടികളിൽ തലോടി അകത്തേക്ക് കയറി……… ഉണ്ണിയേട്ടൻ ഓഫീസിൽ പോയിട്ടുണ്ടാവുമെന്നു വിചാരിച്ചു മുറിയിലേക്ക് കയറി…….. മുറിയിൽ കട്ടിലിൽ അച്ചുവും മഹിയും ഉണ്ണിയേട്ടന്റെ രണ്ടു സൈഡിലും ഇരിക്കുന്നു…… വല്ലാത്തൊരു ക്ഷീണം ആ മുഖത്ത് ഉള്ളതുപോലെ തോന്നി ശ്രീക്ക്…… എന്തെങ്കിലുമൊന്ന് ചോദിക്കുന്നതിനു മുൻപ് അച്ചു ശ്രീയുടെ കൈപിടിച്ച് വെളിയിലേക്കിറങ്ങി……..
അമ്മേ…… പേടിക്കരുത്…… വിഷമിക്കുകയുമരുത്…… അച്ചു പറഞ്ഞു…..
കാര്യം പറ അച്ചു…. പേടിപ്പിക്കാതെ….. ശ്രീ കുറച്ചു പേടിയോടെ പറഞ്ഞു……
അമ്മ പോയതിനു രണ്ടാം ദിവസം കിടപ്പായതാണ് അച്ഛൻ…… അമ്മയില്ലാത്തതിന്റെ വിഷമത്തിലാവുമെന്ന് കരുതി ഞങ്ങളും അധികം ഡിസ്റ്റർബ് ചെയ്തില്ല…… ഭക്ഷണം കഴിക്കാറില്ല…… ആ മുറിയിൽ നിന്നും വെളിയിലേക്ക് ഇറങ്ങാറില്ല…. എത്ര നിര്ബന്ധിച്ചാലും………
കഴിഞ്ഞ ദിവസം അപ്പു ചെന്നു വിളിച്ചപ്പോൾ അച്ഛൻ എഴുന്നേറ്റില്ല…….. ഉടനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി…… ബി പി കൂടിയിരുന്നു…… ഒരു രാത്രി മുഴുവൻ ഹോസ്പിറ്റലിൽ കിടന്നു…… ഒബ്സർവേഷനിൽ……. ഇന്നലെ വീട്ടിലേക്കു പോരാൻ നിർബന്ധം പിടിച്ചു പോന്നതാണ്…….. ഇതിപ്പോൾ മരുന്നിന്റെ മയക്കം ആണ്….. ഉറക്കം തീരെയുണ്ടായിരുന്നില്ല അച്ഛന്…….ഇത്രയും ദിവസം…..
ശ്രീ കേട്ടതൊന്നും വിശ്വസിക്കാനാവാതെ തളർന്നു അടുത്തു കിടന്ന ചെയറിൽ പിടിച്ചിരുന്നു……
അച്ചുവും മഹിയും രണ്ടു സൈഡിൽ വന്നിരുന്നു……
പേടിക്കാതെ അമ്മേ……. ഇപ്പോൾ അച്ഛന് കുഴപ്പം ഒന്നുമില്ല…… ഇനി അമ്മയും കൂടി എന്തേലും ആക്കി വക്കരുതേ……. അമ്മയെ അറിയിക്കരുതെന്ന് അച്ഛൻ നിർബന്ധം പിടിച്ചു…. അതാണ് പറയാഞ്ഞേ……. ഞാൻ എന്തേലും കുടിക്കാനെടുക്കാം അമ്മക്ക്……… അച്ചുവിന് പിന്നാലെ മഹിയും അടുക്കളയിലേക്ക് പോയി…..
അമ്മേ…… ശ്രീയുടെ തോളിൽ പിടിച്ചു അപ്പു വിളിച്ചു……
ഞാൻ പറഞ്ഞിട്ടല്ലേ അപ്പൂ പോയത്…… തനിച്ചാക്കരുത്……. എപ്പോഴും കൂടെ വേണമെന്ന്……… എന്നിട്ടും….. ശ്രീ മുഖം പൊത്തിക്കരഞ്ഞു…….
അമ്മേ…… ഞാൻ കൂടെയുണ്ടായിരുന്നു…… പക്ഷേ….. അച്ഛന് ആവശ്യം അമ്മ കൂടെ വേണമെന്നായിരുന്നു…… എപ്പോഴും ഗേറ്റിലേക്ക് നോക്കിയിരിക്കും……… എന്താ അച്ഛൻ ചെയ്ത തെറ്റെന്നു എനിക്കറിയില്ല……. പക്ഷേ.. പണ്ട് എല്ലാം ക്ഷമിച്ചിരുന്നപോലെ ഇതും കൂടി ക്ഷമിക്കാൻ അമ്മയെക്കൊണ്ട് സാധിക്കില്ലേ….. അമ്മയെന്നാൽ ജീവനാണ് അച്ഛന്….. അതീ രണ്ടു ദിവസം കൊണ്ടു ഞങ്ങൾക്ക് മനസ്സിലായി ……..ഈ കുറച്ചു ദിവസങ്ങളിൽ അച്ഛൻ സംസാരിച്ചത്…. അമ്മ വിളിച്ചോ……. സുഖമാണോ……. എന്നു വരുമെന്നാണ് പറഞ്ഞത്……. ഇത്രയും മാത്രമാണ്……
ഇനിയും അമ്മ മിണ്ടാതിരുന്നാൽ അച്ഛൻ ഉണ്ടാവില്ല അമ്മേ……. ഞങ്ങൾ നിങ്ങളുടെ രണ്ടാളുടെയും സ്നേഹം ഒരുമിച്ചു അനുഭവിക്കാൻ തുടങ്ങിയിട്ടേയുള്ളൂ……. രണ്ടാളും വേണം ഞങ്ങൾക്ക്……..ഇനിയീ വീട് പഴയ പോലെ ആവണ്ട അമ്മേ……. പ്ലീസ്…….
അപ്പു അമ്മയുടെ മടിയിലേക്ക് മുഖം ചേർത്തു കരഞ്ഞു…….
ശ്രീയുടെ കണ്ണുനീർ ഒഴുകി അപ്പുവിന്റെ മുടിയിൽ വീണു……. അടുക്കളഭാഗത്തേക്കു നോക്കിയപ്പോൾ അച്ചു മഹിയുടെ നെഞ്ചിൽ ചേർന്നു നിന്നു കരയുന്നു……. മഹി ആശ്വസിപ്പിക്കുന്നുണ്ട്…….
ശ്രീ കണ്ണു തുടച്ചു അപ്പുവിന്റെ മുഖം കയ്യിലെടുത്തു…… അവന്റെ കണ്ണു തുടച്ചു കൊടുത്തു……
പോയി അമ്മേടെ അപ്പുവായിട്ടു വാ…… നല്ല വൃത്തിക്ക്…… ചെല്ല്……
അപ്പു അനുസരണയോടെ അവന്റെ മുറിയിലേക്ക് പോയി……
ശ്രീ മുറിയിൽ ചെന്നു…. ഉണ്ണിയുടെ മുഖത്തേക്ക് നോക്കി……. നിങ്ങളുടെ ജീവൻ കളഞ്ഞിട്ടു വേണോ ഉണ്ണിയേട്ടാ ചെയ്ത തെറ്റിന് പരിഹാരം ചെയ്യാൻ……. പിന്നീട് ഞാൻ നീറി നീറി ജീവിക്കാനോ …… നിറഞ്ഞ കണ്ണുകൾ തുടച്ചു…..
യാത്രാക്ഷീണം മാറ്റി കുളിച്ചു…….. പ്രാർത്ഥിച്ചു….. ഒരു ഗ്ലാസിൽ ചായ എടുത്തു ഉണ്ണിയുടെ അടുത്തേക്ക് പോയി…….. വാതിൽ കുറ്റിയിട്ടു…. കുറച്ചു നേരം ആരും വേണ്ട ഞങ്ങൾക്കിടയിൽ…….കട്ടിലിൽ വന്നിരുന്നു….. ഉണ്ണിയുടെ മുഖത്തു പതിയെ കയ്യോടിച്ചു….. കണ്ണു നിറയാതിരിക്കാൻ പാടുപെട്ടു……
മുഖത്തു തണുപ്പ് അനുഭവപ്പെട്ടപ്പോൾ ഉണ്ണി പതിയെ കണ്ണു തുറന്നു………… മുന്നിൽ ശ്രീയെ കണ്ടു ഒന്നമ്പരന്നു……. പതിയെ നോട്ടം മാറ്റി…. കുട്ടികൾ പിണങ്ങും പോലെ……
എന്തൊരുറക്കമാ ഉണ്ണിയേട്ടാ…… ഞാനെത്ര നേരമായി വന്നിട്ട്……… എണീറ്റു ചായ കുടിക്ക്……
മുടിയിലെ ടവൽ അഴിച്ചു ഉണ്ണിയുടെ മുഖത്തേക്ക് കുടഞ്ഞു….. ശ്രീയുടെ ചിരി ഉണ്ണിയുടെ മുഖത്തേക്കും പ്രകാശം കൊണ്ടുവന്നു…….. ഒരു കൈ മെല്ലെ പൊക്കി ശ്രീക്കു നേരെ…….. ശ്രീ ആ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചിരുത്തി….. മുഖവും കഴുത്തും ടവൽ കൊണ്ടു തുടച്ചു കൊടുത്തു……… ചായ കുടിക്കുമ്പോഴേക്കും ശ്രീ കൈവിരലുകൾ കൊണ്ടു ഉണ്ണിയുടെ മുടി ഒതുക്കി വെച്ചു……. പാതി ചായ ഉണ്ണി ശ്രീക്കു കൊടുത്തു…….
അതു കുടിക്കുമ്പോൾ ശ്രീയറിഞ്ഞു തന്റെ തോളിലേക്ക് ആ മുഖം ചേരുന്നതും നനവ് പടരുന്നതും…….. ഗ്ലാസ്സ് മാറ്റി വെച്ചു ഉണ്ണിയുടെ കൈയ്യെടുത്തു നെഞ്ചിൽ വെച്ചു…… ബലമില്ലാത്തതുപോലെ കൈ ഊർന്നു ശ്രീയുടെ മടിയിലേക്ക് വീണു…..ശരിക്കും തളർന്നിരിക്കുന്നു ഉണ്ണിയേട്ടൻ…… ശ്രീയുടെ കണ്ണു നിറഞ്ഞൊഴുകി……… ട്രിപ്പ് ഇട്ട ഭാഗത്തു കരിനീലച്ചു കിടക്കുന്നു….. തടിച്ചിട്ടുമുണ്ട്…… അതിലൂടെ വിരലോടിച്ചു…….. ചുണ്ടിൽ ചേർത്തു……
ഇങ്ങനെ തളർന്നാൽ എനിക്കാരാ ഉള്ളത് ഉണ്ണിയേട്ടാ…… കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ഈ കിടപ്പ്……പെട്ടെന്ന് ക്ഷമിക്കാനോ സഹിക്കാനോ കഴിഞ്ഞിരുന്നില്ല……. കുറച്ചു നേരം അച്ഛമ്മയുടെ കൂടെ ഇരുന്നാൽ വിഷമം മാറും…….. അതാണ്….. വീട്ടിൽ പോയത്……… ഉണ്ണിയുടെ മുഖം കയ്യിലെടുത്തു ശ്രീ പറഞ്ഞു ……
എന്നെ വിട്ടുപോകരുത് ദേവീ…… നീയില്ലാതെ പറ്റില്ലാന്ന് പറഞ്ഞത് സത്യമാണ്…. നിന്നെയൊന്നു കണ്ണു നിറച്ചും കാണുന്നതിന് മുൻപ് പോകേണ്ടി വരുമൊന്നു ഒരു പേടി ഉണ്ടായിരുന്നു എനിക്ക്….. എന്നെ തനിച്ചാക്കി പോയില്ലേ നീ……
കൊച്ചുകുട്ടികൾ കരയും പോലെ ഏങ്ങിക്കരഞ്ഞു…….
അയ്യേ…… ഇങ്ങനെ കരയാതെ ഉണ്ണിയേട്ടാ…… നാണമില്ലേ…… ഒന്നുമല്ലെങ്കിലും ഒരാണല്ലേ… ഇങ്ങനെ കരയാമോ……… ശ്രീ കണ്ണു തുടച്ചു കൊടുത്തുകൊണ്ട് ചോദിച്ചു….
നിന്റെയടുത്തു എനിക്കൊന്നും മറയ്ക്കാനില്ല ദേവി…… നീയില്ലെങ്കിൽ ഞാൻ ഒന്നുമല്ല എന്നു മനസ്സിലായി……… എന്നെ വിട്ട് പോകരുത്…..
ഇനിയുണ്ടാവില്ല ഉണ്ണിയേട്ടാ……. രണ്ടു ദിവസം കഴിഞ്ഞു വരാനിരുന്നതാണ് ഞാൻ……. അച്ഛമ്മ വിട്ടില്ല……… ആ ആഗ്രഹം കണ്ടപ്പോൾ മറിച്ചൊന്നും പറയാനും തോന്നിയില്ല…… ക്ഷമിക്ക് എന്നോട്……..
ക്ഷമ പറച്ചിലും കരച്ചിലും ഒക്കെ കഴിഞ്ഞു മനസ്സു ശാന്തമായി രണ്ടാളുടെയും…….
ഇനിയിങ്ങനെ കിടക്കേണ്ട…… വാ….. ഒന്നു കുളിക്കുമ്പോളേക്കും ഫ്രഷ് ആവും…… ശ്രീ പറഞ്ഞു….
ശ്രീയെ അനുസരിച്ചു ശ്രീയുടെ കൂടെ എഴുന്നേറ്റു നടന്നു……. ഒരു താങ്ങായി ഉണ്ണിയുടെ കയ്യിൽ ശ്രീ മുറുക്കി പിടിച്ചു……. ഉണ്ണിയെ കുളിപ്പിച്ചു മുടിയൊക്കെ ചീകി….. നാട്ടിൽ നിന്നും കൊണ്ടുവന്ന പ്രസാദം തൊടുവിച്ചു…… എന്നിട്ട് മാറിനിന്നു നോക്കി ശ്രീ പറഞ്ഞു…..
മ്മ്….. കൊള്ളാം….. വാ… എന്തെങ്കിലും കഴിക്കാം………. കയ്യിൽ പതിയെ പിടിച്ചു വലിച്ചു…….
ഉണ്ണി ശ്രീയുടെ കയ്യിൽ പിടിച്ചു തിരിച്ചു വലിച്ച് അടുത്തേക്ക് നിർത്തി…… വയറിൽ മുഖം ചേർത്ത് വെച്ചു……. ഉണ്ണിയുടെ നെറുകയിൽ താടി മുട്ടിച്ചു ശ്രീ ഒരു രഹസ്യം പോലെ പറഞ്ഞു……..
ഇനിയൊരു പെണ്ണിനോട് അനാവശ്യായി സംസാരിക്കുവോ…….. ചാറ്റ് ചെയ്യുവോ….. എന്തിനു നോക്കുക കൂടി ചെയ്തേക്കരുത്…… വേറെന്തു കൊള്ളരുതായ്മയും ഞാൻ ക്ഷമിക്കും….. പക്ഷേ ഇതുമാത്രം ക്ഷമിക്കാൻ എന്നെക്കൊണ്ട് ഇനി കഴിഞ്ഞെന്നു വരില്ല……. ഇനിയുണ്ടാവരുത്…… അപേക്ഷ അല്ല…… എന്റെ ആജ്ഞയാണിത്…… ശ്രീ ഉണ്ണിയുടെ കണ്ണുകളിലേക്കു നോക്കി……
എന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ ഈ മുഖം ഇനി താഴേക്കു കുനിയാൻ സ്വയം ഇട വരുത്തരുത്….
ഉണ്ണിയുടെ നിറഞ്ഞു വന്ന കണ്ണുകളിൽ അമർത്തി ഉമ്മ
വെച്ചു ശ്രീ…… അതിന്റെ ചൂടിൽ അലിഞ്ഞിരുന്നു ഉണ്ണി……..
വാതിലിൽ മുട്ടു കേട്ടു പെട്ടെന്ന് മാറി നിന്നു ശ്രീ….. രണ്ടാളും മുഖത്തോട് മുഖം നോക്കി ചിരിച്ചു…… ഉണ്ണിയുടെ മായാൻ തുടങ്ങിയ കുറി നേരെയാക്കി തുടച്ചു കൊടുത്തു…… വാതിൽ തുറന്നു…….. അപ്പുവാണ്……. അച്ചുവും മഹിയും മാറി നിൽപ്പുണ്ട്…….
അച്ഛനെ നോക്കി അപ്പു പറഞ്ഞു……
ആഹാ.. അമ്മയെ കാണാനുള്ള അടവായിരുന്നു അല്ലേ…. കുറിയൊക്കെ തൊട്ടു സുന്ദരക്കുട്ടപ്പനായല്ലോ……. ഞാൻ വിചാരിച്ചു ഇത്രയും നേരം കതകു തുറക്കാതിരുന്നപ്പോൾ അമ്മ അച്ഛന്റെ തലക്കടിച്ചു കാണുമെന്നു…. ശ്രീദേവി കാളിദേവി ആയോന്ന് പേടിച്ചു ഞാൻ…….
ശ്രീ അപ്പുവിനെ നോക്കി ഒന്നു കണ്ണുരുട്ടി…….. ചെവിയിൽ പിടിച്ചു തിരുമ്മി……
ഇനി മേലാൽ താടി ഇങ്ങനെ വളർത്തരുത്…. പാമ്പ് കേറിയിരുന്നാൽ കൂടി അറിയില്ല….. അതല്ല…. നിനക്ക് താടി വളർത്തണമെങ്കിൽ മര്യാദക്ക് വളർത്തിക്കോണം…… വെട്ടി ഒതുക്കി……. കേട്ടോ……
മ്മ്…… മൂളിക്കേട്ടു….. നിറഞ്ഞ കണ്ണു മറയ്ക്കാൻ അപ്പു ശ്രീയെ കെട്ടിപ്പിടിച്ചു…….
വേദനിച്ചോ അമ്മേടെ അപ്പൂന്……. ശ്രീ അവന്റെ പുറത്തു തലോടി ചോദിച്ചു…..
ഇല്ല……. വേദനിച്ചില്ല….. പഴയ സന്തോഷം തിരിച്ചു കൊണ്ടുവന്നതിന് താങ്ക്സ് ഉണ്ട് അമ്മേ…… സത്യത്തിൽ അമ്മയില്ലാത്ത ഈ വീട്ടിൽ ഒരു നിമിഷം പോലും നിൽക്കാൻ തോന്നില്ല…… ഇനി എവിടേലും പോയാൽ ഞങ്ങളെയും കൂടെ കൊണ്ടുപോണം…….. കൊണ്ടുപോയില്ലെങ്കിലും വാലു പോലെ പിറകെ ഞങ്ങളും വരും……
ശ്രീ ചിരിയോടെ അപ്പുവിനെ മാറ്റി നിർത്തി….. അച്ചുവിനോട് പറഞ്ഞു…..
കഴിക്കാൻ എടുത്തു വക്ക് അച്ചു…..
എല്ലാം റെഡിയാണ് അമ്മേ….. ഇനി അതെല്ലാം കഴിച്ചിട്ട് വീണ്ടും ആരും ഹോസ്പിറ്റലിൽ ആവാതിരുന്നാൽ മതിയാരുന്നു……. മഹിയാണ്………. മഹിയെ കൊഞ്ഞനം കുത്തി കാണിച്ചു അച്ചു ശ്രീയുടെ കൂടെ പോയി…….
അപ്പുവും മഹിയും അച്ഛന്റെ രണ്ടു വശത്തും കൂടി നടന്നു…… എങ്ങാനും തളർന്നു വീണു പോയാൽ പിടിക്കാൻ…….ഉണ്ണിയുടെ കണ്ണുകൾ പോലെ തന്നെ കാലുകളും ദേവിയെ പിന്തുടർന്നു…..
ശ്രീ എല്ലാവർക്കും വിളമ്പിയിട്ട് ഉണ്ണിയുടെ അരികിൽ വന്നിരുന്നു…….. മഹിക്ക് എങ്ങാനും വാരിക്കൊടുത്താലോന്നു പേടിച്ചിട്ടാണെന്നു തോന്നുന്നു അപ്പു ഓടിവന്നു അമ്മക്കരികിൽ ഇരുന്നു……. സ്വന്തം പ്ലേറ്റിൽ ഉണ്ടേലും ഇടയ്ക്കിടെ വാ പൊളിച്ചു കൊണ്ടിരുന്നു……… ഉണ്ണിയും ശ്രീയും മുഖത്തോട്ട് മുഖം നോക്കി ചിരിച്ചു…… കാര്യം മനസ്സിലായില്ലെങ്കിലും അച്ചുവും മഹിയും ആ ചിരിയിൽ ചേർന്നു……….
അച്ചു…… നീ അമ്മയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്……. അമ്മ എത്ര പെട്ടെന്നാ ഈ വീടിന്റെ പോയ സന്തോഷം തിരിച്ചു കൊണ്ടുവന്നത്…….. മഹി അച്ചുവിന്റെ അടുത്ത് ചേർന്നിരുന്നു പറഞ്ഞു………
സത്യമാണ് മഹിയേട്ടാ…….
എന്താ രണ്ടും കൂടിയിരുന്നു കുശുകുശുക്കുന്നത്……… ശ്രീ ചോദിച്ചു ചിരിച്ചു….
വൈകുന്നേരം ചെടി നനക്കാനും കള പറിക്കാനും എല്ലാവരും കൂടി……… അച്ഛന്റെ ഉന്മേഷവും സന്തോഷവും കണ്ടപ്പോൾ അപ്പു സന്തോഷം കൊണ്ടു തുള്ളിച്ചാടി……….
അമ്മേ…. ഈ ചെക്കന് താടിയും മീശയും ഉണ്ടെന്നേ ഉള്ളൂ…….. പാവമാ ….. അച്ഛനെ ഹോസ്പിറ്റലിൽ ആക്കിയപ്പോൾ പേടിച്ചു കിടന്നു കരയുവായിരുന്നു……ഒരുവിധത്തിലാ മഹിയേട്ടൻ ഒന്നു സമാധാനിപ്പിച്ചത്…….. എനിക്കുണ്ട് അതിലും ധൈര്യം……… അച്ചു അമ്മക്കരികിൽ വന്നു പറഞ്ഞു……….
ശ്രീ ഒരു പ്രത്യേക വാത്സല്യത്തോടെ ഉണ്ണിയോടും മഹിയോടും തമാശ പറഞ്ഞു ചിരിക്കുന്ന അപ്പുവിനെ നോക്കി……
രാത്രിയിൽ പുതപ്പും പില്ലോ യും എടുത്തോണ്ട് പോകുന്ന അപ്പുവിനോട് അച്ചു ചോദിച്ചു…..
മ്മ്…… എങ്ങോട്ടാ പൊന്നുമോൻ……
അച്ഛന്റെയും അമ്മയുടെയും അടുത്ത് കിടക്കാൻ……..
ടാ…….. മര്യാദക്ക് നിന്റെ മുറിയിൽ പോയിക്കിടന്നോ…….. കുഞ്ഞുവാവയല്ലേ എന്നു വച്ചാൽ അച്ഛന്റെയും അമ്മയുടെയും നടുക്കു കിടക്കാൻ…….. അവർക്കു എന്തേലും ഒക്കെ പറയാനുണ്ടാവും……..
അതിനെന്താ അവർ പറഞ്ഞോട്ടെ…….. ഞാൻ ഉറങ്ങാനാ പോകുന്നേ…….
ഈ ചെറുക്കൻ……. അച്ചു തലയിൽ കൈവച്ചു………
പോയി നിന്റെ മുറിയിൽ കിടക്കെടാ……….. അച്ചു അലറി…….
ശരീരം ചീത്തയാക്കണ്ടാന്നു വിചാരിച്ചു അപ്പു പൊറുപൊറുത്തു മുറിയിലേക്ക് ഓടി……
അങ്ങനെ അവനെന്നും അമ്മേടെ കൂടെ കിടക്കണ്ട……. അച്ചു ഒരാശ്വാസത്തോടെ മുറിയിലേക്ക് പോയി……
മടിയിൽ കിടക്കുന്ന ഉണ്ണിയുടെ മുടിയിൽ തലോടി വീട്ടിലെ വിശേഷങ്ങൾ പറയുകയായിരുന്നു ശ്രീ………. ഉണ്ണി എല്ലാം മൂളിക്കേട്ടു മറുപടി പറഞ്ഞു കിടന്നു…….. എന്തോ ഓർത്തത് പോലെ ഉണ്ണി ചാടിയെണീറ്റു…….തിരിച്ചു വന്നപ്പോൾ കൈ നിറഞ്ഞു മുല്ലപ്പൂ ഉണ്ടായിരുന്നു……. കുറച്ചെടുത്തു ശ്രീയുടെ മുടിയിൽ വെച്ചു……
വേദനയുണ്ടോ ഉണ്ണിയേട്ടാ…….. വയ്യായ്ക മാറിയോ………. കരിനീല പാടിൽ തലോടി ചോദിച്ചു……
വയ്യായ്ക നിന്നെ കണ്ടപ്പോഴേ മാറി……….നീയടുത്തുള്ളപ്പോൾ വല്ലാത്തൊരു ഊർജ്ജമാണ് ദേവീ….
എന്നിട്ട് ഈ ഊർജ്ജം ഒന്നും ഞാൻ കുറെ വർഷമായിട്ട് കാണുന്നുണ്ടായിരുന്നില്ലല്ലോ…….. എന്താ പറ്റിയത്……… ഈ മാറ്റത്തിന് എന്താ കാരണം ഉണ്ണിയേട്ടാ ……… അനിത പറഞ്ഞിട്ടാണോ……
സ്വന്തം കൈക്കുള്ളിൽ ഇരുന്ന ശ്രീയുടെ കൈകൾ മോചിപ്പിച്ചു……… ഉണ്ണി കണ്ണടച്ചു കിടന്നു………
ഉണ്ണിയേട്ടാ…….. ഞാൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കണ്ണടച്ചു കിടക്കുന്നതെന്തിനാ………… എനിക്ക് മറുപടി വേണം……….ഇത്രയും നാൾ ഒന്നും അറിയാതെ ജീവിച്ചു തീർത്തു……… ഇനി അറിയണം എനിക്കെല്ലാം…….. ശ്രീ ഉണ്ണിയെ നോക്കി പറഞ്ഞു…..
തുടരും………..
a….m…y….
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Rohini Amy Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Sreedevi was written by Rohini Amy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission