രാവിലെ തന്നെ അവർ മൂന്നുപേരും കൂടെ മഹിയെ കൂട്ടി മഹിയുടെ വീട്ടിലേക്കു പോയി……… അവന്റെ അച്ഛനെയും അമ്മയെയും ക്ഷണിക്കാൻ……. അച്ചു അച്ഛന്റെയും അമ്മയുടെയും കൂടെ നേരെ തറവാട്ടിലേക് പോകുമെന്ന് പറഞ്ഞു……
ശ്രീയുടെ കയ്യും കാലും ഓടുന്നില്ല….. കുറച്ചധികം ദിവസം വീട്ടിൽ പോയി നിൽക്കുന്നതിന്റെയാവും……. ശ്രീയുടെയും ഉണ്ണിയുടെയും ഡ്രസ്സ് ഒരു ബാഗിലാക്കി….. അപ്പുവും അച്ചുവും അവരവരുടെ ബാഗ് ഹാളിൽ കൊണ്ടു വെച്ചു……..
ഉച്ചക്ക് മുൻപ് അവർ ശ്രീയുടെ വീട്ടിലേക്കു തിരിച്ചു……. അച്ചു ഉള്ളതിനാൽ ഇടയിൽ നിർത്തി നിർത്തി പോന്നു……… ഇടക്ക് ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു……
അച്ചു ശ്രീയുടെ പ്ലേറ്റിൽ നിന്നും കയ്യിട്ടു വാരുന്നത് കണ്ട് ഉണ്ണിക്കു ചിരി വന്നു…….
ഇനിയെന്തെങ്കിലും വേണോ നിനക്ക്….. ശ്രീ അച്ചുവിനോട് ചോദിച്ചു…….
വേണ്ടമ്മേ……. എനിക്കൊന്നു ശർദ്ധിക്കണം…..
ഇതിനായിരുന്നോ നീയെന്റെയും കൂടി വാരിക്കഴിച്ചത്…… ശ്രീ ചോദിച്ചു കൊണ്ടു അച്ചുവിനെയും കൂട്ടി വാഷ്‌റൂമിലേക്ക് പോയി….. പോയതും പോലെയല്ല തിരിച്ചു വന്നത്……. അച്ചു ശരിക്കും തളർന്നിരുന്നു…… ശ്രീയുടെ കയ്യിൽ മുറുക്കി പിടിച്ചിട്ടുണ്ട്…. വിടാതെ ചേർത്ത് പിടിച്ചിട്ടുണ്ട് ശ്രീയും……..
കാറിൽ കയറും മുൻപ് ശ്രീ ഉണ്ണിയോട് പറഞ്ഞു…….
രണ്ടു കരിക്ക് വാങ്ങണം അച്ചുവിന് …. തളർന്നു പാവം…..
വീടെത്തും വരെ അമ്മയുടെ മടിയിൽ തല വെച്ചു കിടന്നു സുഖമായി ഉറങ്ങി അച്ചു……. ശ്രീ നഖം കടിച്ചുകൊണ്ട് എന്തോ ഓർക്കുവാണ്….. ഉണ്ണിയുടെ നോട്ടം ശ്രീ കണ്ടില്ല…. വീട്ടിലേക്കു നാളുകൾ കൂടി പോകുന്നതിന്റെ ടെൻഷൻ ആവും……
വീടെത്തിയതും എല്ലാവരും കൂട്ടത്തോടെ വന്നു പൊതിഞ്ഞു ശ്രീയെ…… പിള്ളേർ സെറ്റ് എല്ലാം കെട്ടിപ്പിടിച്ചു നിൽക്കുവാണ്…… നേരിൽ കണ്ടില്ലെങ്കിലും ഫോണിലൂടെ ദേവമ്മയെ നല്ല പരിചയമാണ് മക്കൾക്ക്…….
ഉണ്ണിയും അച്ചുവും അപ്പുവും എല്ലാം അത്ഭുതത്തോടെ നോക്കിക്കണ്ടു എല്ലാം….
ശ്രീ ആരെയും നോക്കാതെ ഉള്ളിലേക്ക് ഓടിക്കയറി……. അച്ഛമ്മയെ കാണാനുള്ള പോക്കാണെന്ന് എല്ലാവർക്കും അറിയാം…….
നമ്മൾ മൂന്നാൾ മാത്രമേ അവൾക്കു സ്നേഹം കൊടുക്കാതിരുന്നിട്ടുള്ളു അല്ലേ മക്കളെ….. ഉണ്ണി രണ്ടാളെയും ചേർത്തു പിടിച്ചു ഉണ്ണി പറഞ്ഞു…..
ഞാൻ തെറ്റു തിരുത്തി തുടങ്ങി അച്ഛാ……. ഇനി നിങ്ങൾക്ക് രണ്ടാൾക്കും ആവാം…… അതും പറഞ്ഞു അച്ചു ഉള്ളിലേക്ക് കയറി…….
ശ്രീയുടെ അച്ഛൻ വന്നു ഉണ്ണിയുടെ കയ്യും പിടിച്ചു അകത്തേക്ക് കൊണ്ടുപോയി….. അമ്മാവന്റെ മക്കളുമായി അച്ചു ചേർന്നു…. പക്ഷേ അപ്പുവിന് ഇതെല്ലാം ഒരു പുതുമയുള്ള കാര്യങ്ങൾ ആയിത്തോന്നി…… എന്താണ് ചെയ്യേണ്ടതെന്ന് അവനറിയില്ലായിരുന്നു……
ഉണ്ണി പതിയെ അച്ഛമ്മയെ കാണാൻ മുറിയിലേക്ക് കയറി…….. ശ്രീയുടെ അമ്മ കണ്ണു തുടച്ച് വെളിയിലേക്ക് വരുന്നുണ്ടായിരുന്നു……
വാ മോനെ പോയി കാണു…. അവർ പറഞ്ഞു….
അച്ഛമ്മയുടെ മടിയിൽ മുഖം ചേർത്ത് കിടക്കുകയാണ് ശ്രീ……… അവളുടെ മുടിയിലൂടെ ചുക്കിച്ചുളിഞ്ഞ കൈകൾ ഓടുന്നുണ്ട്……….. ഉയർന്നുതാഴുന്ന ശ്വാസഗതി യിൽ നിന്നും മനസ്സിലായി ശ്രീ കരയുകയാണെന്ന്………. അച്ഛമ്മയുടെയും കണ്ണുനിറഞ്ഞു ഒഴുകുന്നുണ്ട്…… കുറേനേരം അവരുടെ രണ്ടാളുടെയും സ്നേഹം നോക്കി നിന്നു……………ശ്രീ തലയുയർത്തി നോക്കിയപ്പോൾ തന്നെ നോക്കി നിൽക്കുന്ന ഉണ്ണിയെ ആണ് കണ്ടത്……… അച്ഛമ്മയുടെ മടിയിൽ നിന്നും എഴുന്നേറ്റ് കണ്ണുതുടച്ചു…….. ഉണ്ണിയുടെ കൈപിടിച്ച് അച്ചമ്മയുടെ അരികിൽ കൊണ്ടുവന്നിരുത്തി……..
ആരാണെന്നു അറിയുവോ അച്ചമ്മേ……. ശ്രീ ചോദിച്ചു……
നിന്നെ മനസ്സിലായെങ്കിൽ എനിക്ക് ഇവനെയും മനസ്സിലാകും………. ശബ്ദം കുറച്ച് അച്ഛമ്മ പറഞ്ഞു……..
കൈകൾ പോലെ തന്നെ ആ ശബ്ദത്തിനും നല്ല വിറയൽ ഉണ്ടായിരുന്നു……… ശ്രീയുടെയും ഉണ്ണിയുടെയും കൈകൾ ചേർത്ത് പിടിച്ചു അച്ഛമ്മ…….. നല്ലതേ വരൂ……. അച്ഛമ്മ രണ്ടാളെയും അനുഗ്രഹിച്ചു………
തന്റെ കൈകളിൽ മുറുകുന്ന കൈ എന്തായാലും അച്ഛമ്മയുടെതല്ല എന്ന് ശ്രീക്കു മനസ്സിലായി……… ശ്രീ പതിയെ കൈ വലിച്ചു……..
അച്ഛമ്മയ്ക്ക് എല്ലാവരെയും കാണണമെന്ന് പറഞ്ഞു ………… എല്ലാവരുടെയും അടുത്തേക്ക് കൊണ്ടുപോകാൻ അച്ഛമ്മ ഉണ്ണിയോട് പറഞ്ഞു………. ഉണ്ണി ചുറ്റും നോക്കി….. വീൽചെയർ എടുത്തുകൊണ്ടുവന്നു….. അച്ഛമ്മയെ എടുത്ത് അതിൽ ഇരുത്തി തള്ളിക്കൊണ്ട് ഹാളിലേക്ക് നടന്നു………..
ശ്രീയുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു…….. ആ റൂമിന് വാതിലിനപ്പുറം വന്ന് ഉണ്ണിയേട്ടൻ അച്ഛമ്മയെ കാണുന്നത് ഇത് ആദ്യമായാണ്………
ദേവി വന്ന സന്തോഷം ആണ്.. അല്ലെങ്കിൽ ആ റൂമിനു വെളിയിൽ ഇറങ്ങാത്ത ആളാണ്…….ശ്രീയുടെ അച്ഛൻ പറഞ്ഞു……
ശ്രീ അച്ചുനെയും അപ്പുവിനെയും ഒന്ന് നോക്കി…….. ആ നോട്ടത്തിന്റെ അർത്ഥം അച്ചുവിന് മനസ്സിലായി……. ഓടി അമ്മൂമ്മയ്ക്ക് അരികിൽ വന്നിരുന്നു…… അവളുടെ വിശേഷം ശ്രീ പറഞ്ഞു………അച്ചുവിന്റെ വയറിൽ കൈ വെച്ച് അനുഗ്രഹിച്ചു……..
ശ്രീ അപ്പുവിനെ നോക്കി……… അവൻ മൊബൈൽ പിടിച്ചു ഇറങ്ങി പോയി…… ശ്രീയുടെ തല കുനിഞ്ഞു…. ഒപ്പം കണ്ണുനിറഞ്ഞു……
മുതിർന്നവരെ ബഹുമാനിക്കണമെന്നു രണ്ടുദിവസംകൊണ്ട് അച്ചു പഠിച്ചു…….. അതും ശ്രീ കൂടെയുള്ളതുകൊണ്ട് മാത്രം……. താൻ വളർത്തിയ അപ്പു ഇത്രയും നാളായിട്ട് ഇതൊന്നും പഠിച്ചില്ല…… ഉണ്ണി ഓർത്തു….
കുറച്ചുകൂടി നേരം കഴിഞ്ഞപ്പോൾ മഹിയും വീട്ടുകാരും ശ്രീയുടെ ആങ്ങളമാരും വന്നു……. എല്ലാവരും കൂടിയായപ്പോൾ വീട് നിറഞ്ഞു…… മഹി അച്ഛമ്മയ്ക്ക് മുന്നിൽ മുട്ടു കുത്തിയിരുന്നു……. രണ്ട് കവിളിലും ഉമ്മ
വെച്ചു……. ശ്രീയുടെ കണ്ണും മനസ്സും നിറഞ്ഞു…. അപ്പുവിന് കുശുമ്പ് കുറച്ചുകൂടി കൂടാൻ കാരണമായി………..
ഭക്ഷണം കഴിഞ്ഞു എല്ലാവരും കിടക്കാൻ റെഡിയായി…….. നാളെ അന്നദാനം ഉണ്ട് വീട്ടിൽ വച്ച്….. അതിന് നേരത്തെ എഴുന്നേൽക്കണം……. അച്ചു ശർദി തുടങ്ങി….. കൂടെ മഹിയും ഉണ്ട്………..
ശ്രീ അച്ഛമ്മയുടെ കൂടെയാണ് കിടന്നത്…… ഉണ്ണിയേട്ടൻ ഹാളിൽ കിടപ്പുണ്ട്……. ഇവിടെ നിന്നും നോക്കിയാൽ ഉണ്ണിയേട്ടനെ കാണാം…….. അപ്പു എവിടെയാണെന്ന് അറിയില്ല……. മഹിയുടെ വീട്ടുകാരെ അച്ഛനുമമ്മയും നോക്കിക്കോളും…… ഒന്നും ഓർക്കാതെ……. ഒരു ടെൻഷനും ഏറ്റെടുക്കാതെ അച്ഛമ്മയെ കെട്ടിപിടിച്ചു ശ്രീ കിടന്നുറങ്ങി………
രാവിലെ പാചകത്തിന് ആൾക്കാർ ഉണ്ടായിരുന്നുവെങ്കിലും ശ്രീ ഓടിനടന്ന് തന്നെ കൊണ്ടാവും പോലെ എല്ലാം ചെയ്തു…….. കൂട്ടിന് മൂന്നു നാത്തൂന്മാരും ഉണ്ട്……വിളിച്ചു വന്നവർക്കും…. വിളിക്കാതെ അറിഞ്ഞു വന്നവർക്കും എല്ലാം മനസ്സറിഞ്ഞ് വിളമ്പി…….. വിളമ്പാൻ ആരും വെളിയിൽ നിന്നും സഹായിക്കേണ്ടതായി വന്നില്ല………. വീട്ടിലെ ആണുങ്ങൾ തന്നെ ധാരാളമായിരുന്നു……. അച്ഛനും ആങ്ങളമാരും ഉണ്ണിയും മഹിയും എല്ലാം ഉണ്ടായിരുന്നു……..
എല്ലാം അറിഞ്ഞു ചെയ്യുന്ന ഉണ്ണിയേട്ടനെ കണ്ടപ്പോൾ അത്ഭുതവും കൂടെ സന്തോഷവും തോന്നി ശ്രീക്കു…….. ഇതുവരെ ഉത്സവത്തിന്റെ അവസാന ദിവസം മാത്രമേ ഉണ്ണിയേട്ടൻ ഞങ്ങളെ കൊണ്ടു വരാറുണ്ടായിരുന്നു…….. അതും അമ്പലത്തിൽ…….. അന്നു തന്നെ തിരിച്ചു പോവുകയും ചെയ്തിരുന്നു……..
ഉത്സവം കഴിഞ്ഞു കൊടിയിറങ്ങുന്നതിനു കൂടെ വീട്ടിലെ ദേവിയും ഇറങ്ങും… എന്ന് അച്ഛൻ കണ്ണുനിറച്ച് അമ്മയോട് പറയുമായിരുന്നു…… വീട്ടിൽ എല്ലാവർക്കും ശ്രീ… ദേവി തന്നെയാണ്………..
കുറച്ചു നേരമായി ശ്രീയെ കാണാനില്ല……. എവിടെയാണെന്ന് അറിയാൻ പതിയെ തേടിയിറങ്ങി ഉണ്ണി……… കുറച്ചു മുൻപ് വരെ തന്റെ മുന്നിൽ ഉണ്ടായിരുന്നു………. നോക്കുമ്പോൾ പത്തായപ്പുര യിലേക്ക് കയറി പോകുന്നത് കണ്ടു……….. പഴയ സാധനങ്ങളും നെല്ലും ചേമ്പും ചേനയും ആണ് അവിടെയിപ്പോൾ ഉള്ളത്……… ചുമ്മാ പുറകെ പോയി നോക്കിയതാണ്……… ഒരു സ്റ്റൂൾ വലിച്ചിട്ട് പഴം ഉരിഞ്ഞെടുക്കുകയാണ്…… ഒരു കയ്യിൽ പാത്രവും ഉണ്ട്……… സ്റ്റൂൾ ആണെങ്കിൽ കിടന്ന് ആടുന്നുണ്ട്……..
ഇവളെന്താ ഈ കാണിക്കുന്നേ……. സ്റ്റൂളിൽ നിന്ന് എപ്പോൾ വേണമെങ്കിലും വീഴും…… സ്റ്റൂൾ കിടന്നാടുന്നുണ്ട്……. ഉണ്ണി പോയി പിറകിൽനിന്നു……. സ്റ്റൂൾ ആടുന്നതിനനുസരിച്ച് ഉണ്ണി കൈകൾ കൊണ്ടു ശ്രീയെ പിടിക്കാനായി ആഞ്ഞു…….. കഴിഞ്ഞെന്നു തോന്നുന്നു….. ആ സ്റ്റൂളിൽ നിന്നുകൊണ്ട് തന്നെ ഒരു പഴം തൊലിയുരിച്ചു……… താഴെയിറങ്ങിയിട്ട് കഴിച്ചു കൂടെ ഇവൾക്ക്……. ഉണ്ണിക്കു പറയണമെന്നുണ്ടായിരുന്നു……. ശ്രീ ആ സ്റ്റൂളിൽ നിന്നുകൊണ്ട് തന്നെ ഉണ്ണിയുടെ വായിലേക്ക് നീട്ടി…. ബാക്കി ശ്രീയും വായിലിട്ടു…… എന്നിട്ട് ഉണ്ണിയുടെ തോളിൽ പിടിച്ചു താഴേക്കിറങ്ങി…….
ഇവളെങ്ങനെയറിഞ്ഞു താൻ പിറകിലുള്ള കാര്യം……..ആലോചിച്ചു നിൽക്കുന്ന ഉണ്ണിയോട് വാതിൽ വരെ എത്തിയ ശ്രീ പറഞ്ഞു…….
വാ ഉണ്ണിയേട്ടാ…… ഇതെന്താ ആലോചിച്ചു നിൽക്കുന്നത്….
അറിയാതെ തന്നെ ഉണ്ണി ശ്രീക്കു പിറകെ നടന്നു……..
അവസാന ആളും വന്നു ഉണ്ടുകഴിഞ്ഞു പോയപ്പോൾ വീട്ടുകാർ എല്ലാവരും ഇരുന്നു……. ഈ സമയം ശ്രീ അച്ഛമ്മയ്ക്ക് ഭക്ഷണം കൊടുക്കുകയായിരുന്നു…….. കഴിച്ചു തീരുംവരെ അടുത്തിരുന്നു…… കയ്യും മുഖവും കഴുകിച്ചു അച്ഛമ്മയെ കിടത്തി…….. ക്ഷീണം കാരണം ശ്രീയും കൂടെ കിടന്ന് ഉറങ്ങി………
എണീറ്റപ്പോൾ വിശപ്പിന്റെ വിളി തുടങ്ങിയിരുന്നു…….. അടുക്കളയിലേക്ക് പോയി….. അവിടെ പാത്രങ്ങളെല്ലാം അടുക്കി വച്ചിട്ടുണ്ട്……. ഭക്ഷണം ഉണ്ടാക്കിയിരുന്ന സ്ഥലത്തേക്ക് പോയി……… അവിടെയും എല്ലാവരും ചേർന്ന് വലിയ ചെമ്പും ഉരുളിയും തേച്ച് കഴിയുന്നുണ്ട്……… അമ്മയുടെ അടുത്തേക്ക് വന്ന് വിശക്കുന്നു… എന്ന് പറഞ്ഞു……
അപ്പോൾ നീ ഒന്നും കഴിച്ചില്ലേ ദേവി……
ഇല്ലമ്മേ…. അച്ഛമ്മയുടെ കൂടെ കിടന്നുറങ്ങിപ്പോയി……
ഈശ്വരാ….ഉണ്ടാക്കിയ ഭക്ഷണം എല്ലാവർക്കും തികഞ്ഞു….. അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല…… അമ്മ താടിക്കു കൈ കൊടുത്തു പറഞ്ഞു…..
ക്ഷീണം കാരണം അമ്മയുടെ തോളിലേക്ക് തല വെച്ചു ശ്രീ…….
ആ സമയം അങ്ങോട്ടേക്ക് വന്ന മൂത്ത ഏട്ടനോട് അമ്മ ചോദിച്ചു…….
നീയല്ലേ എല്ലാവർക്കും ഭക്ഷണം വിളമ്പിയത്….. എന്നിട്ട് എന്റെ കുഞ്ഞിനു മാത്രം എന്താ വിളിച്ചു കൊടുക്കാഞ്ഞത്…… അമ്മയുടെ ശബ്ദം ഉയർന്നു……. പിറകെ വന്ന ഏട്ടനും അനിയനും കിട്ടി നല്ല വഴക്ക്…….
നാളെ വിളക്കു വെക്കേണ്ട കുഞ്ഞാണ്….. ഇന്നതിനെ പട്ടിണിക്കിട്ടേക്കുന്നു…… അമ്മയുടെ ശബ്ദം വിറച്ചു……
ശ്രീ ഞെട്ടി നിൽക്കുവാണ്….. ഇത്രയും ഉച്ചത്തിൽ സഹോദരന്മാരെ വഴക്ക് പറയുന്നതു കേട്ടിട്ട്…… ഇതിലും ഭേദം വിശപ്പ് തന്നെയായിരുന്നു…….. ഇത് കേട്ടു വന്ന ഉണ്ണിയേട്ടൻ ചോദിച്ചു…..
നീ പിന്നെയാർക്കാ ഭക്ഷണം എടുത്തു പോയത്…….
അച്ചമ്മക്കായിരുന്നു ഉണ്ണിയേട്ടാ…… ഞാനുറങ്ങിപ്പോയി……
അമ്മ ദേഷ്യപ്പെടാതെ…… ഞാൻ വെളിയിൽ പോയി വാങ്ങി വരാം……
അതിനീ നാലു മണിക്ക് ആരാടാ ഊണ് വച്ചിരിക്കുന്നത്…… ദേവീപ്രീതിക്കും കുടുംബത്തിന്റെ ഐശ്വര്യത്തിനും വേണ്ടിയാ അന്നദാനം നടത്തുന്നത്……. വീട്ടിനുള്ളിലെ ദേവിയെ മാത്രം ശ്രദ്ധിക്കാൻ ആർക്കുമായില്ല…..
പറഞ്ഞു പറഞ്ഞു അമ്മ കാടു കയറുകയാണ്…… എല്ലാവരും വന്നു ചുറ്റിലും കൂടി…… പിറുങ്ങിണികൾ ഉൾപ്പെടെ….. മകളെ ആരോ മനഃപൂർവം പട്ടിണിക്കിട്ടത് പോലെയാണ് അമ്മയുടെ പറച്ചിൽ…..
ശ്രീക്ക് അറിയാം…… ഇത്രയും വർഷം മകളെ ഒന്ന് അടുത്തു കാണിക്കാഞ്ഞ ഉണ്ണിയേട്ടനോടുള്ള ദേഷ്യമാണ്…. ഉള്ളിലിരുന്ന വിഷമവും ദേഷ്യവും പുറത്തേക്കു വരുന്നതാണ് ……. ശ്രീ വിഷമത്തോടെ അച്ഛനെ നോക്കി…..അതു മനസ്സിലായതുപോലെ അച്ഛൻ അമ്മയെ ദേഷ്യത്തിൽ ഒന്നു നോക്കി……..അമ്മ മിണ്ടാട്ടം നിർത്തി…….
അച്ഛൻ നേരെ പറമ്പിലേക്കിറങ്ങി ഒരു മൂട് കപ്പ പറിച്ചു……….. അര മണിക്കൂറേ ശ്രീക്കു കാത്തിരിക്കേണ്ടി വന്നുള്ളൂ……. മുന്നിൽ ചൂട് പാറുന്ന കപ്പയും വെളിച്ചെണ്ണ ഒഴിച്ച മുളകുചമ്മന്തിയും തൈരും കട്ടനും എത്തി……..
അമ്മ ഓരോ കഷണം കപ്പ ചമ്മന്തിയിൽ മുക്കി വായിൽ വച്ച് തരുമ്പോഴും എല്ലാവരുടെ കളിയാക്കിയുള്ള ചിരി കേട്ടു…….. വയസ്സ് നാല്പത് നാല്പത്തഞ്ചായി ദേവിക്ക് ….. ഇപ്പോഴും ഇള്ള പിള്ളയാണെന്നാ അമ്മയുടെ വിചാരം……ആങ്ങളമാർ കമന്റ് വിട്ടു……
ആഹാ…..ബെസ്റ്റ്……. പെങ്ങൾക്ക് പനിയാണെന്നറിഞ്ഞാൽ കണ്ണു നിറക്കുന്ന ആൾക്കാരാ ഈ പറയുന്നത്……..ഏട്ടത്തിയമ്മ പറഞ്ഞു…..
ഉണ്ണിയും അച്ചുവും അപ്പുവും എല്ലാം നോക്കിയിരിക്കുവാണ്…… ഒരു ചെറിയ അസൂയയോടെ………
ഞാൻ തനിയെ കഴിച്ചോളാം അമ്മേ……. ദേവി അമ്മയോട് പറഞ്ഞു……..
മ്മ്…… മുഴുവൻ കഴിക്കു…….. അതും പറഞ്ഞ് അവർ അടുക്കളയിലേക്ക് പോയി……..
ദേവമ്മേ…….. ആാാ…….. അനിയന്റെ കുഞ്ഞാണ്…… വായും പൊളിച്ചു നിൽക്കുവാണ്…… ദേവി അവന്റെ വായിലേക്ക് ഒരു കഷ്ണം വെച്ചു കൊടുത്തു…… പിറകെ വാലു വാലായി ബാക്കി മക്കളും എത്തി…… അച്ചുവിന് നിയന്ത്രിക്കാൻ പറ്റിയില്ല….. ഓടി വന്നു വാ പൊളിച്ചു…… കൂടെ മഹിയും…… അപ്പു മാറിയിരിക്കുകയാണ്…… അവനരികിലേക്ക് ചെന്നു വായിലേക്ക് കൈ നീട്ടി……. അവൻ വാ തുറക്കാതെ ഇരിക്കുന്നതു കണ്ടപ്പോൾ ശ്രീയുടെ കണ്ണു നിറഞ്ഞു….. അതു ഒഴുകിയിറങ്ങും മുൻപ് മഹി ഓടി വന്നു വായിൽ വാങ്ങി……..
അവനു വേണ്ടേൽ വേണ്ടാ….. ദേവമ്മ ഈ വായിലേക്ക് തന്നോ……മഹിയുടെ പറച്ചിൽ കേട്ടു ശ്രീക്കു ചിരി പൊട്ടി……. കൂടെ മറ്റുള്ളവരും ചിരിച്ചു……
കൊതിയൻ……. ഞാനത് വാങ്ങാൻ വരുവായിരുന്നു……… അച്ചു പറഞ്ഞു……
ദേവി ചുറ്റിനും ഉണ്ണിയെ തിരഞ്ഞു……. ഇത്രയും നേരം ഇവിടുണ്ടായിരുന്നു…….. മുറിയിൽ നോക്കിയപ്പോൾ നെറ്റിയിൽ കൈ വച്ചു കണ്ണടച്ചു കിടക്കുവാണ്…… ശ്രീ കൈ എടുത്തു മാറ്റി…… ഉണ്ണി കണ്ണു തുറന്നു……
എന്തു പറ്റി ഉണ്ണിയേട്ടാ…….
ഒന്നുമില്ല……. ചുമ്മാ കിടന്നതാ…… ഉണ്ണി എഴുന്നേറ്റിരുന്നു……. ശ്രീ കയ്യിലിരുന്ന പാത്രത്തിൽ നിന്നും ഉണ്ണിയുടെ പങ്ക് നീട്ടി….. അതു സ്വീകരിച്ചു ഉണ്ണി ശ്രീയോട് ചോദിച്ചു…….
നിനക്കു വയറു നിറഞ്ഞോ……..
മ്മ്….. ഇപ്പോൾ നിറഞ്ഞു…… അതും പറഞ്ഞു ഉണ്ണിയെ നോക്കാതെ ശ്രീ എണീറ്റതും…….. ഉണ്ണി ആ കയ്യിൽ പിടിച്ചു….അതിൽ പറ്റിയിരുന്ന ഭക്ഷണം വായിലാക്കി….. ആ കൈയ്യിൽ പിടിച്ചു വലിച്ചു തന്നിലേക്ക് അടുപ്പിച്ചു…….
ഉണ്ണിയേട്ടാ….. ഞാനിന്ന് വ്രതത്തിലാണ്…… നാളെ രാവിലെ വിളക്കു കൊളുത്തേണ്ടതാണ്….. ദേവി തല താഴ്ത്തി പറഞ്ഞു……
ഉണ്ണി പെട്ടെന്ന് കൈ തിരിച്ചെടുത്തു……
അങ്ങോട്ട് വരൂ….. എല്ലാവരും ഹാളിൽ ഉണ്ട്….. എന്തിനാ ഇവിടെ തനിച്ചിങ്ങനെ കിടക്കുന്നത്…. ശ്രീ ചോദിച്ചു…..
പെട്ടെന്നു തനിച്ചായതുപോലെ…… ഉണ്ണി വിഷമത്തിൽ പറഞ്ഞു……
അതൊരിക്കലും ഞാൻ ജീവിച്ചിരിക്കുമ്പോൾ ഉണ്ടാവില്ല…… വാ…. ശ്രീ നിർബന്ധിച്ചു എഴുന്നേൽപ്പിച്ചു ഉണ്ണിയെ….. അവൾക്കു പിറകെ ഹാളിലേക്ക് നടന്നു എല്ലാവരിലേക്കും അവരും കൂടിച്ചേർന്നു………..
തുടരും……….
a…….m….y………..
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Rohini Amy Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Sreedevi was written by Rohini Amy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission