Skip to content

റീ എൻട്രി – 5

reentry

” അറിയാം സർ.  എസ് പി ജോസഫ് പടമാടൻ..  ഇടുക്കിയുടെ മണ്ണിൽ കള്ളും കഞ്ചാവും പെണ്ണും പൊലയാട്ടുമായി നടന്ന,  നാല് ദിവസം മുന്നേ ആരുടെയോ കത്തിക്ക് പടം കീറിയ റയാൻജോസഫ് പടമാടന്റെ അപ്പൻ.  “

  അത് പറയുമ്പോൾ തരകന്റെ മുഖത്തു വല്ലാത്ത ഒരു തിളക്കമുണ്ടായിരുന്നു. ജോസഫിന്റെ കണ്ണുകൾക്കുള്ളിൽ  എരിയുന്ന അഗ്നിയുടെ തിളക്കവും.

  ” ഡോ വർഗ്ഗീസെ….  മകനേ മണ്ണിട്ട് മൂടിയതിന്റ മൂന്നാംദിവസം ബെൽറ്റും മുറുക്കി ഞാൻ ഇറങ്ങിയെങ്കിൽ അത് എന്തിനായിരിക്കെന്ന് തനിക്ക് ഊഹിക്കാമല്ലോ.? നിന്നെപ്പോലെ നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് നടക്കുന്ന ഈ മാന്യമുഖം ഞാൻ വലിച്ചുകീറി പുറത്തേക്കിടും. എന്റെ മകന്റെ ദേഹത്തു നിന്റ കൈ പതിഞ്ഞിട്ടുണ്ടെങ്കിൽ മോനെ തരകാ…  പന്നിമാംസം തിന്ന് കൊഴുത്ത നിന്റ ഈ ശരീരത്തിലെ പച്ചമാംസത്തിൽ  പാമ്പും കൊണിയും കളിക്കും ഞാൻ… ഒടുക്കത്തെ കളി “

 അയാളുടെ ക്രൂരത നിറഞ്ഞ വാക്കുകൾ കേട്ട് തൊട്ടപ്പുറത്തു നിൽക്കുന്ന വർഗീസിന്റെ അപ്പൻ ഞെട്ടലോടെ അവനെ നോക്കുമ്പോൾ അവന്റ മുഖത്ത്‌ ആ വാക്കുകളെ പുച്ഛിക്കുംപോലെയുള്ള പുഞ്ചിരിയായിരുന്നു.

       ”  അതെ എനിക്കും പറയാനുള്ളൂ സർ… ആ കളി ഒടുക്കത്തെ കളിയാവും….

സാറിന്റെയും….

      കാശ്കൊടുത്തും കണ്ടവനൊക്കെ പെണ്ണ് കൂട്ടികൊടുത്തും വാങ്ങിയ അപ്പന്റെ പോലീസ്കുപ്പായത്തിന്റെ ബലത്തിൽ  കൊണവധികാരം കാണിക്കാൻ ഇറങ്ങിയ പുന്നാരമോന് ആരോ അന്ത്യകുദാശചൊല്ലി പള്ളിപ്പറമ്പിലേക്ക് വിട്ടതിന്റെ ചൊരുക്ക്‌ തീർക്കാൻ ഇറങ്ങിയതാണ് സാറും പിന്നെ ഈ സാറും എങ്കിൽ അതിന് വരേണ്ടത് ഈ വഴിയല്ല…

       തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെങ്കിൽ ആർക്ക് മുന്നിലും തല കുനിക്കാതെ ദേ,  ഇങ്ങനെ മുണ്ടും മടക്കികുത്തി നിവർന്നു നിൽക്കാൻ പഠിപ്പിച്ച ആ  നിൽക്കുന്ന അപ്പന്റെ മോനാ ഞാൻ..

  അതുകൊണ്ട് ഊച്ചാളിരാഷ്ട്രീയകാരും രണ്ടാംകിട ഗുണ്ടകളും പറയുമ്പോലെ  ഇട്ട യുണിഫോമിന്റ് ബലത്തിൽ എന്ത് തന്തയില്ലായ്മയും കാണിക്കുകയും പറയുകയും ചെയ്യാം എന്നുള്ള ഈ ധാർഷ്ട്യവും വെച്ച് ഈ ഗേറ്റ് കടക്കുമ്പോൾ ഓർക്കണമായിരുന്നു  വർഗീസിന്റെ കയ്യിൽ  ഇരുമ്പുവള ഇട്ട് സവാരി കൊണ്ടോവാൻ ഇത് പൂഞ്ഞാറ്റിലെ കള്ളവാറ്റ് കേന്ദ്രം അല്ല എന്നുള്ളത്.  “

മുണ്ടും മടക്കിക്കുത്തി നെഞ്ചും വിരിച്ചു  നിന്നുള്ള വർഗീസിന്റ വാക്-കസർത്തിൽ  ജോസെഫിനെക്കാൾ അടിമുടി ദേഷ്യം ഇരച്ചുകയറുന്നുണ്ടായിരുന്നു ശരത്തിന്. പക്ഷേ, വെറുതെ എടുത്തുചാടി എന്തെങ്കിലും പറഞ്ഞിട്ട് ഇയാളെയും കൊണ്ട് ഇവിടെ നിന്ന് പോകാൻ കഴിയില്ല എന്നുള്ളത്  അയാളുടെ വാക്കും നിൽപ്പും കണ്ടാൽ അറിയാമെന്നത്കൊണ്ട് തന്നെ  ഉള്ളിൽ നുരഞ്ഞുപൊന്തിയ ദേഷ്യം പുറത്തേക്കെടുക്കാതെ അല്പം മയപ്പെട്ട ഭാഷയിൽ ആയിരുന്നു ശരത് സംസാരിച്ചത്.

  ” തന്റെ ഈ നെഞ്ചും വിരിച്ചു നിന്നുള്ള ഡയലോഗ്പ്രസന്റേഷൻ കണ്ട് തന്നെ തന്റെ പാട്ടിനു വിട്ട് പിൻവാങ്ങുമെന്ന് കരുതിയെങ്കിൽ തെറ്റി. ഇപ്പോൾ വന്നത് തന്നെ വെറുതെ ഒന്ന് കാണാനാ.. റയാന്റെ ശത്രുക്കളിൽ പ്രധാനിയെ ഒന്ന് അടുത്തറിയാൻ.. പക്ഷേ, ഒരിക്കൽ കൂടി ഈൗ ഗേറ്റ് കടന്ന് ഞങ്ങൾ വരും, അന്ന് നീ പറഞ്ഞപോലെ ഒരു ഇരുമ്പുവള കൂടി ഞങ്ങൾ കരുതും. നിന്നെ അണിയിച്ച്  നീ പറഞ്ഞ ആ പൂഞ്ഞാറ്റിലോട്ട്  വെഞ്ചാമരം വീശി ആനയിക്കാൻ. “

   ശരത്തിന്റെ വാക്കുകൾ സൗമ്യമായിരുന്നെങ്കിലും വല്ലാത്ത ഒരു ബലമുണ്ടായിരുന്നു. 

     പക്ഷേ ഒട്ടും കൂസാതെ മീശയിൽ തടവികൊണ്ട്  നിൽക്കുന്ന വർഗീസിനെ തറപ്പിച്ചുനോക്കികൊണ്ട് രണ്ട് പേരും വാഹനത്തിനരികിലേക്ക് നീങ്ങുമ്പോൾ തിരിഞ്ഞു നിന്ന ജോസഫ് വർഗീസിനെ നേരെ വിരൽ ചൂണ്ടി,

” ഡോ തരകാ… അപ്പനോട് പറഞ്ഞേക്ക് നിന്റ നീളത്തിലും വന്നതിലും ഒരു പെട്ടി കരുതിവെച്ചോളാൻ… എന്റെ മകന്റെ മരണത്തിൽ  നിന്റ കൈ ഒന്ന് ചലിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ അന്ന് എന്റെ മകന്റെ കുഴിയിൽ നിന്നെടുത്ത ഒരു പിടി മണ്ണുണ്ട്, അത് ഞാൻ വെക്കും നിന്റ നെഞ്ചത്ത്. “

 ” ഓഹ്.. അങ്ങനെ ആവട്ടെ… വീടിന്റ ബാക്കിലൊരു വീട്ടിമരം ഉണ്ട്.. അതുകൊണ്ട് നല്ല ഒന്നാന്തരം ഒരു പെട്ടി ഞാൻ പണിഞ്ഞു വെക്കാം..സാറിപ്പോ പോ..   “

   ചിരിച്ചുകൊണ്ട്  നിൽക്കുന്ന വർഗീസിനെ രൂക്ഷമായി നോക്കികൊണ്ട് ജോസഫ് ദേഷ്യത്താൽ തല കുടഞ്ഞു  പജേറോയിൽ കേറുമ്പോൾ  രണ്ട് പേരുടെയും കണ്ണുകൾ പരസ്പരം ഒന്നുകൂടി കോർത്തു.  രണ്ട് അസുരന്മാർ തമ്മിലുള്ള യുദ്ധക്കളം ഒരുങ്ങുംപ്പോലെ. !

 ഗേറ്റ് കടന്ന് പുറത്തേക്കിറങ്ങുമ്പോൾ അവർക്ക് കാണാൻ കഴിയാത്ത വിധം മതിലിനരിക് ചേർന്ന് അവരെ നിരീക്ഷിച്ചുകൊണ്ട് ഒരാൾ നിൽപ്പുണ്ടായിരുന്നു.

   ചായത്തോട്ടങ്ങൾക്കിടയിലൂടെ പജേറോ അതിവേഗം സഞ്ചരിക്കുമ്പോൾ കലുഷിതമായ മനസ്സുമായി എന്തോക്കെയോ ആലോചനയിൽ മുഴുകിയിരിക്കുകയായിരുന്നു ജോസഫ്. ഇടയ്ക്കിടെ തല കുടഞ്ഞുകൊണ്ട് മനസ്സിലെ ദേഷ്യം പുറത്ത്കാണിക്കുമ്പോൾ ഇടയ്ക്ക് പെട്ടന്ന് ശരത്തിനെ നേരെ തിരിഞ്ഞു.

   ” ശരത്.. തനിക്ക് എന്ത് തോനുന്നു ആ വർഗീസ്തരകനേ കണ്ടിട്ട്.  “

” സർ…. എനിക്ക് തോന്നുന്നത് അയാൾക്ക് ഈ കൊലപാതകത്തിൽ പങ്കില്ല എന്നാണ്. അയാളുടെ വാക്കിലും ചലനങ്ങളിലും അത് കാണാൻ കഴിയുന്നുണ്ട്.  റയാനും വർഗീസും തമ്മിൽ ശത്രുത ഉണ്ടായിരിക്കാം.. ആ ശത്രുത വേറെ ആരെങ്കിലും മുതലെടുത്തതാണെങ്കിൽ?  വൈശാഖൻ പറഞ്ഞത് സർ ഓർക്കുന്നുണ്ടോ?  അന്ന് അവസാനമായി റയാനും വർഗ്ഗീസും പിരിയുമ്പോൾ അയാൾ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയിട്ടാണ് തിരികെ പോന്നത്.. ആ സംഭവം നടന്നത് ഒരുപാട് ആളുകൾക്കു മുന്നിൽ വെച്ചാണ്. അവരിൽ റയാന്റെ മറ്റൊരു ശത്രു ഉണ്ടെങ്കിൽ ! ആ അവസരം മുതലാക്കിയതാണെങ്കിൽ….. ഇതൊക്കെ എന്റെ സംശയം മാത്രമാണ്. പക്ഷേ……

   ഇപ്പഴും നമ്മൾ തുടങ്ങിയ ഇടത്തു തന്നെ ആണ്… ഒരു തുമ്പു കിട്ടാതെ മുന്നോട്ട്…….

     ഇനി അറിയേണ്ടതും കാണേണ്ടതും  വൈശാഖൻ പറഞ്ഞപോലെ റയാനോട് വൈരാഗ്യം ഉള്ള മറ്റുള്ളവരെ ആണ്. “

ശരത് ജോസെഫിന്റെ മുഖത്തേക്ക് നോക്കുമ്പോൾ അയാൾ ഒന്ന് മൂളുകമാത്രം ചെയ്തു.

 പെട്ടന്നാണ് അവരുടെ വാഹനത്തിനു മുന്നിൽ ഒരു ജീപ്പ് ക്രോസിട്ട് നിർത്തിയത്. അതിന്റ പെട്ടന്നുള്ള മുന്നോട്ട്കയറ്റത്തിൽ പ്രതീക്ഷിക്കാതെ ഇരിക്കുന്ന ശരത്തിൽ നിന്ന് പജേറോ ഒന്ന് പാളി. പെട്ടന്ന് വണ്ടി ചവിട്ടി നിർത്തി മുന്നിലേക്ക് നോകുമ്പോൾ ജീപ്പിൽ നിന്ന് നാലഞ്ചു തമിഴന്മാർ വടിയും വടിവാളുമായി മുന്നിൽ നിൽപ്പുണ്ടായിരുന്നു.

    അത് കണ്ട ജോസഫ് അരയിലെ തോക്കിൽ പിടിച്ചുകൊണ്ട് ശരത്തിനെ നോക്കുമ്പോൾ  ” സാറിരി,  ഞാനിപ്പോ വരാം ” എന്നും പറഞ്ഞ് പുഞ്ചിരിയോടെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.

  വടിയും വടിവാളുമായുമായി നിൽക്കുന്നവർക്ക് മുന്നിലേക്ക്  നടന്ന ശരത്തിന് നേരെ അതിലൊരാൾ വടിവാള് വീശി. ഒഴിഞ്ഞുമാറിയ ശരത്തിന്റെ കൈ അവന്റ നെഞ്ചുംകൂട് പൊളിക്കുമ്പോൾ അവിടെ ഒരു ആർത്തനാദം മുഴങ്ങി. പിന്നീട് ശരത്തിന് ചുറ്റും വലയം തീർത്ത്‌ അക്രമിക്കാൻ വന്നവരെല്ലാം ശരത്തിന്റെ കൈച്ചൂട് അറിയുകയായിരുന്നു. മെയ്‌വഴക്കം വന്ന അഭ്യാസിയെ പോലെ ശരത് ക്ഷണനേരം കൊണ്ട് വന്നവരെ നിലംപരിശാകുമ്പോൾ അതിലൊരുത്തന്റെ വെട്ട് ശരത്തിന്റെ  കൈ വരഞ്ഞു തെന്നിപ്പോയി.  ആ സമയത്തിനുള്ളിൽ വന്നവർ വേഗം ജീപ്പിൽ കയറി രക്ഷപ്പെടുമ്പോൾ ഒരാളെയെങ്കിലും പിടിക്കാമെന്നും എന്തെങ്കിലും തുമ്പ് കിട്ടുമെന്നുമുള്ള ശരത്തിന്റെ പ്രതീക്ഷയായിരുന്നു ഇല്ലാതായത്.

  ” ശരത്, കുഴപ്പം വല്ലതും….. “

വാഹനത്തിലേക്ക് കയറാൻ നേരം ജോസഫ് ആകാംഷയോടെ ചോദിക്കുമ്പോൾ ” NO Sir” എന്ന് ചിരിയോടെ പറഞ്ഞുകൊണ്ട് അവൻ പജേറോ സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ട് എടുത്തു.

  ”  ഇപ്പൊ ഒരു കാര്യം ഉറപ്പാണ് സർ. നമ്മൾ അന്വോഷിച്ചു വന്നവർ നമുക്ക് പിന്നിൽ തന്നെ ഉണ്ട്.  അതിന്റ സൂചനയാണ് ഈ ആക്രമണം.  ഇവിടെ വന്നിട്ട് മണിക്കൂറുകൾക്കുള്ളിൽ നമുക്കെതിരെ ഇങ്ങനെ ഒരു അറ്റാക്ക് ഉണ്ടാകണമെങ്കിൽ അവരും നമ്മളും തമ്മിലുള്ള ദൂരം വിദൂരമല്ല…  “

ശരത്തിന്റെ വാക്കുകളിൽ വല്ലാത്തൊരു പ്രസരിപ്പ് ഉണ്ടായിരുന്നു. അതെ ചിന്തയിൽ തന്നെ ആയിരുന്നു ആ സമയം ജോസഫും.

 ” ശരിയാണ് ശരത്….  പക്ഷേ,  എന്റെ സംശയം അതല്ല.. നമ്മളിവിടെ എത്തിയിട്ട് കുറച്ചു മണിക്കൂറുകൾ മാത്രേ ആയിട്ടുള്ളൂ.  അതും റിസോർട്ടിലും പിന്നെ താരകന്റ വീട്ടിലും മാത്രമാണ് നമ്മൾ പോയിട്ടും ഉളളൂ…  അങ്ങനെ ആലോചിക്കുമ്പോൾ ഒന്നല്ലെങ്കിൽ ഞാൻ കരുതിയ പോലെ ഇതിന്റെ ഒക്കെ പിറകിൽ വർഗ്ഗീസ് തരകൻ തന്നെ…. അല്ലെങ്കിൽ റിസോർട്ടിൽ ഉള്ള ആരോ.. അതുമല്ലെങ്കിൽ   ആരോ ഒരാൾ ഇതൊനൊക്കെ ചുക്കാൻ പിടിക്കുന്നവനെ സഹായിക്കാൻ  നമ്മുടെ റിസോർട്ടിലുണ്ട്. എനിക്ക് മുന്നിൽ ഭവ്യതയോടെ നിൽക്കുന്നവരിൽ ആരോ ഒരാൾ.

അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ അത് കണ്ടെത്തിയാൽ നമുക്കുള്ള വഴി തെളിയും…    അവരിലേക്കുള്ള നിഗൂഢതയുടെ നെറികെട്ട വഴി. !”

  ജോസഫ് വല്ലാത്ത ആവേശത്തിൽ ആയിരുന്നു.  തനിക്കുള്ള തുമ്പ് റിസോർട്ടിന്റെ ഏതോ ഒരു മൂലയിൽ  കിടപ്പുണ്ട് എന്നൊരു തോന്നൽ.  തന്റെ ചോറ് തിന്ന് തനിക്ക് പിന്നിൽ നിന്ന് കൊത്തുന്ന ഏതോ ഒരു പൊല….. മോൻ .

           എസ് പി യുടെ ആവേശം കണ്ടപ്പോൾ ഒന്ന് ഉഷാർ ആയിരുന്നു ശരത്തും.  അവൻ വേഗം വണ്ടി റിസോർട്ടിലേക്ക് വിടുമ്പോൾ ശരത്തിന് ഫോൺ നിർത്താതെ അടിക്കാൻ തുടങ്ങി. ഫോൺ എടുത്തു നോക്കിയ ശരത് പരുങ്ങലോടെ ഫോൺ ഓഫ്‌ ചെയ്ത് തിരികെ വെച്ച് ഡ്രൈവിങ്ങിൽ ശ്രദ്ധിക്കുമ്പോൾ വീണ്ടും ഫോൺ റിങ് ചെയ്തു തുടങ്ങിയിരുന്നു.

     ” ആരാടോ ഇത്രേം ആവശ്യക്കാർ…” എന്നു  ചോദിച്ചുകൊണ്ട്  മുന്നിലിരിക്കുന്ന ഫോൺ ജോസഫ് കൈനീട്ടി എടുക്കുമ്പോൾ ശരത്തിൽ ഒരു ഉൾകിടിലമുണ്ടായി.

   ” AP…. !..  ആരാടോ ഇത് ” എന്ന് ചോദിച്ച് അയാൾ ഫോൺ ശരത്തിന് നേരെ നീട്ടുമ്പോൾ അവൻ ഒന്ന് ചിരിച്ചു.

  ” സർ…. അത്…. അപർണ്ണ… എന്റെ…… “

അവൻ പറയാൻ മടിക്കുന്നത് കണ്ടപ്പോൾ ജോസഫ് മനസ്സിലായപോലെ ഒന്ന് ചിരിച്ചു.

 ” വെറുതെ അല്ല താൻ ഫോൺ എടുക്കാൻ മടിച്ചതല്ലേ… മ്മ് ” എന്നും പറഞ്ഞ് ശരത്തിനേ നോക്കികൊണ്ട് ഒരു സിഗരറ്റിന് തീ കൊളുത്തുമ്പോൾ ശരത് കാൾ കട്ട് ചെയ്ത്  ആ നമ്പറിൽ ഒരു msg. അയച്ച് ഫോൺ പോക്കറ്റിലിട്ടു 

   സിഗററ്റിന്റ പുക ആസ്വദിച്ചുകൊണ്ട് പുറത്തേക്ക് നോക്കി ഇരിക്കുന്ന ജോസഫിനെ ഒന്ന് ഇടംകണ്ണിട്ട് നോക്കികൊണ്ട്.

                                              ( തുടരും )

                                ദേവൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Title: Read Online Malayalam Novel ReEntry written by Mahadevan

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!