” അപ്പൊ പറ…. നിന്നെ അത്രയ്ക്ക് വിശ്വസിച്ച പെണ്ണിനെ നീയൊക്കെ ചേർന്ന് എന്തിനാണ് കെട്ടിത്തൂക്കിയത്. നിന്നോടൊക്കെ അവൾ എന്ത് തെറ്റ് ചെയ്തു. നിന്നെ സ്നേഹിച്ചതോ? പറ… നിങ്ങൾ കണ്ട കാലം മുതൽ വള്ളി പുള്ളി തെറ്റാതെ പറഞ്ഞുതുടങ്ങിക്കോ. “
വർഗ്ഗീസ് ഒന്നുകൂടി മീശ പിരിച്ചു മുണ്ട് മടക്കികുത്തുമ്പോൾ റയാന്റെ നെഞ്ചിൽ ഒരിക്കൽ കൂടി വൈശാഖന്റെ കാൽ പതിഞ്ഞിരുന്നു.
ആ ചവിട്ടിൽ പിന്നിലേക്ക് വീണ റയാൻ നെഞ്ച് പൊതി ചുമയ്ക്കുമ്പോൾ അടുത്ത ചവിട്ടിനു മുന്നേ കൈ ഉയർത്തി തടഞ്ഞ് ശ്വാസം വലിച്ചെടുത്തു…
” ഞാ…. ഞാൻ…. പ… പറയാം…… “
**********************************
” ഏയ്… അവന്തികാ ഒന്ന് നിക്കടോ. ഞാൻ പറഞ്ഞ കാര്യം എന്തായി. അവന് നിന്നെ അത്രയ്ക്ക് ഇഷ്ടമായത് കൊണ്ടല്ലേ… നിനക്ക് ന്തേലും ഒരു മറുപടി കൊടുത്തൂടെ? “
എയ്ഞ്ചലാണ്. അവന്തികയുടെ ക്ലാസ്സ്മേറ്റ്സ്.
റയാന്റെ പ്രണയദൂതുമായി പലവട്ടം അവന്തികയ്ക് പിന്നാലെ അവൾ വന്നിട്ടുണ്ട്. പക്ഷേ, അപ്പോഴെല്ലാം മൗനം പാലിക്കുകയായിരുന്നു അവന്തിക.
” ടോ… നീയും അവനും എന്റെ ഫ്രണ്ട്സ് ആണ്.. നിങ്ങളെ രണ്ട് പേരെയും എനിക്ക് നന്നായി അറിയാം. പിന്നെ അവനിച്ചിരി തന്റെടം ഉള്ളവനായത് കൊണ്ട് ഏത് പ്രശ്നത്തിലും കേറി ഇടപെടും, അടിയും ഉണ്ടാകാറുണ്ട്. പക്ഷേ, അതൊരു വലിയ പ്രശ്നം ആണെന്ന് തോന്നുന്നുണ്ടോ നിനക്ക്? ഒരു ആണിനെ സംബന്ധിച്ചിടത്തോളം ഇച്ചിരി കുരുത്തക്കേടൊക്കെ ആർക്കാഡോ ഇല്ലാത്തത്.അതൊന്നും ഇല്ലാത്തവൻ ഒരു ആണാണോ? ! നാളെ നമുക്കൊരു പ്രശ്നം വരുമ്പോൾ മുന്നിൽ നിന്ന് അതിനെതിരെ ചോദ്യം ചെയ്യാൻ തന്റേടമുള്ള ഒരുവനെ അല്ലെ നമ്മൾ കൂടെ കൂട്ടേണ്ടത്.
പിന്നെ നിന്നെ പോലെ ഒരു പെൺകുട്ടിക്ക് ചിന്തിക്കാൻ പോലും കഴിയുന്ന ബന്ധമാണോ ഇത്.
അവന്റ അച്ഛൻ’ SP’ യാണ്.
നിന്റ അച്ഛനോ… നാട്ടിലൊരു പെട്ടിക്കടയല്ലേ ഉളളൂ… അതുകൊണ്ട് വേണം മൂന്ന് മക്കളെ നോക്കാനും മറ്റും.. ന്റെ കൊച്ചേ… ഇതാകുമ്പോൾ നീയെങ്കിലും രക്ഷപ്പെടും. ഇനി ഞാൻ ഇതും പറഞ്ഞ് വരില്ല.. ഒന്നുടെ ആലോചിക്ക്…. എന്നിട്ട് ok.ആണെങ്കിൽ ഞാൻ ക്ലാസ്സിൽ ഉണ്ടാകും.. ബാക്കി ഞാൻ ഏറ്റു. “
എയ്ഞ്ചൽ പരുഷമായിതന്നെ പറഞ്ഞ് നിർത്തുമ്പോൾ അതുവരെ മിണ്ടാതിരുന്ന അവന്തിക അവളെ നോക്കിയൊന്ന് നെടുവീർപ്പിട്ടു.
” ശരിയാ എയ്ഞ്ചൽ… ഞങ്ങള് പാവങ്ങളാ.. ഒരു പെട്ടിക്കടയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് തന്നെയാ ജീവിച്ചുപോകുന്നത്. അതുകൊണ്ട് തന്നെ ഇന്നുവരെ ജീവിതത്തിൽ വലുതായൊന്നും ആഗ്രഹിച്ചിട്ടില്ല, പഠിക്കണം എന്നതൊഴികെ.
ഒരു പ്രണയമോ, പണമോ ഒന്നും ആല്ലെടോ ന്റെ ജീവിതലക്ഷ്യം. താൻ പുച്ഛത്തോടെപറഞ്ഞല്ലോ, ന്റെ അച്ഛൻ നടത്തുന്ന പെട്ടിക്കടയെ കുറിച്ച്. അവിടെ നിക്കൊരു വീട് പണിയണം.ന്നിട്ട് ന്റെ അച്ഛൻ സമാധാനത്തോടെ ഒന്ന് ഇരിക്കുന്നത് കാണണം. ആ ലക്ഷ്യം നിറവേറ്റണമെങ്കിൽ എനിക്ക് ജോലി വേണം. അത് മാത്രേ ഇപ്പോൾ ന്റെ മനസ്സിൽ ഉളളൂ. അതിനിടയ്ക്ക് ഒരാളെ ഇഷ്ടപ്പെടാനോ അയാൾക്കൊപ്പം സമയം ചിലവഴിക്കാനോ പറ്റിയ മാനസികാവസ്ഥയൊന്നുമല്ല എനിക്ക്.
പുച്ചിക്കേണ്ടവർക്ക് പുച്ഛിക്കാം… പക്ഷേ, എന്നെ എന്റെ വഴിയ്ക്ക് വിട്ടേക്ക്. “.
അവൾ അപേക്ഷപോലെ എയ്ഞ്ചലിന് മുന്നിൽ തൊഴുമ്പോൾ പറഞ്ഞതൽപ്പം കൂടിപ്പോയെന്ന് തോന്നി എയ്ഞ്ചലിന്.
” ടോ.. ഞാൻ അങ്ങനെ ഉദ്ദേശിച്ചൊന്നും പറഞ്ഞതല്ല. ഒരാൾ തനിക്ക് വേണ്ടി കാത്തിരിക്കുന്നത് കണ്ടപ്പോൾ നിന്റ ജീവിതം രക്ഷപ്പെടുകയാണെങ്കിൽ ആവട്ടെ എന്ന് കരുതി.
അതിൽ കൂടുതൽ ഞാൻ ഒന്നും ചിന്തിച്ചില്ല..
ഞാൻ പറഞ്ഞത് തനിക്ക് ഹേർട്ട് ചെയ്തെങ്കിൽ സോറി. “
എയ്ഞ്ചൽ അവളുടെ കയ്യിൽ മുറുക്കെ പിടിച്ചുകൊണ്ടൊന്ന് ചിരിച്ചു. തിരികെ അവന്തികയും.
അന്ന് ക്ലാസ്സ് കഴിഞ്ഞിറങ്ങുമ്പോഴാണ് അവന്തിക എതിരെ വരുന്ന അരുൺ സാറിനെ കണ്ടത്. പുതിയ സർ ആയത് കൊണ്ട് ഒന്ന് പരിചയപ്പെടാം എന്നുകരുതി അയാൾ അടുത്തെത്തിക്കുമ്പോൾ ” സർ ” വിളിയോടെ ഒന്ന് പുഞ്ചിരിച്ചു.
” ഞാൻ അവന്തിക. “
അവൾ സ്വയം പരിചയപ്പെടുത്തികൊണ്ട് കൈ നീട്ടുമ്പോൾ ” അരുൺ. ” എന്നു പരിചയപ്പെടുത്തികൊണ്ട് ആയാളും ഷേക്ഹാൻഡിനായി കൈ നീട്ടി.
അവരുടെ വിരലുകൾ പരസ്പരം ചുംബിക്കുംമുന്നേ രണ്ട് പേരുടെയും മുഖത്തെ പുഞ്ചിരി ഇല്ലാതാക്കിയായിരുന്നു റയാൻ ക്ഷണനേരം കൊണ്ട് അവർക്കിടയ്ക്ക് കയറിയത്.
ഇടിച്ചുകേറിയുള്ള അവന്റ വരവിൽ ഭയപ്പെട്ട് അവൾ ഞെട്ടി പിറകിലോട്ട് മാറുമ്പോൾ അരുണിന് മുന്നിൽ പടർന്നുനിൽക്കുംപ്പോലെ ആയിരുന്നു റയാൻ.
” വന്നതല്ലേ ഉളളൂ സാറെ.. ഒന്ന് ഇരിക്ക്… എന്നിട്ട് ഇവിടെ ഒക്കെ ഒന്ന് മനസ്സിലാക്കി വാ. അതിന് മുന്നേ കണ്ട പെണ്ണുങ്ങളുടെ കൈയ്ക്ക് കേറി പിടിച്ച് വെറുതെ ന്തിനാ പണി ഇരന്നു വാങ്ങുന്നെ? അതും എന്റെ പെണ്ണിന്റ കൈയ്ക്ക്. “
തോളിൽ വെച്ച റയാന്റ കയ്യിലേക്കൊന്ന് നോക്കി ചിരിച്ചു അരുൺ.
” ഒരാൾ പരിചയപ്പെടാൻ വരുമ്പോൾ സാമാന്യമര്യാദയുള്ള ഒരാൾ ചെയ്യന്നതേ ഞാനും ചെയ്തുള്ളൂ. അവിടെ ആണായാലും പെണ്ണായാലും അങ്ങനെ തന്നെ. അതിപ്പോ സാറിന്റെ പെണ്ണാണെന്ന് നേരത്തെ അറിയാൻ എനിക്ക് ജ്ഞാനദൃഷ്ടി ഒന്നുമില്ല. മനസ്സിലായോ? പിന്നെ ഞാൻ ഇവിടെ വന്നത് കണ്ട പെണ്ണുങ്ങളുടെ കൈക്ക് കേറിപ്പിടിക്കാൻ അല്ല, പഠിപ്പിക്കാൻ ആണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് കൈക്ക് പണി , കോടാലിക്ക് വെട്ട് എന്നൊക്കെ പറഞ്ഞ് വെറുതെ ഷോ കാണിച്ചാൽ ക്ലാസ്സിൽ നിന്നും പുറത്ത് പോകേണ്ടിവരും സാറിനും കൂടെ ഉള്ള ഈ ശിങ്കിടികൾക്കും. “
അതും പറഞ്ഞ് അരുൺ കണ്ണട ഒന്ന് ശരിക്ക് വെച്ച് അവന്തികയെ നോക്കി ചിരിച്ചുകൊണ്ട് അവരെയെല്ലാം കടന്ന് മുന്നോട്ട് പോകുമ്പോൾ റയാന്റ് കണ്ണിൽ നിന്നും ഓടിമറയാൻ വെമ്പുകയായിരുന്നു അവന്തിക.
” ശേ… അവൾക്ക് മുന്നിൽ നമ്മളെ ഒന്നുമല്ലാതാക്കിയല്ലോ ആ പീറ സാറ്. “
കൂടെ ഉള്ളവരിൽ ഒരുവൻ റയാന്റ് തോളിൽ കൈ വെച്ചുകൊണ്ട് ദേഷ്യപ്പെടുമ്പോൾ അവൾക്ക് മുന്നിൽ ചെറുതായിപോയ നിരാശ റയാന്റെ മുഖത്തും പ്രകടമായിരുന്നു.
” സാറ്… അവനുള്ള പണി വഴിയേ കൊടുക്കാം നമുക്ക്. പക്ഷേ, ഇപ്പോൾ അതിന്റ പിന്നാലെ പോയാൽ കാര്യങ്ങൾ കൂടുതൽ വഷളാകും.. പിന്നെ ഒരിക്കലും അവളെ എന്റെ വരുതിക്ക് കിട്ടില്ല. അതുകൊണ്ട് കൂൾ…. ആദ്യം അവൾ…. ബാക്കിയൊക്കെ പിന്നെ…. “
അവളെ കുറിച്ച് ഓർക്കുമ്പോൾ തന്നെ അവന്റ മനസ്സിൽ ഒരു കുളിരായിരുന്നു.
ദിവസങ്ങൾ ഓരോന്നും വാടിക്കരിഞ്ഞു വീഴുന്നതല്ലാതെ റയാന്റെ വരുതിക്ക് അവളെ വരുത്താൻ അവർക്ക് കഴിഞ്ഞില്ല.
അന്ന് ടൗണിൽ ഇറങ്ങി കുറെ സാധനങ്ങള് വാങ്ങി ഹോസ്റ്റലിലേക്ക് നടക്കുകയായിരുന്നു അവന്തിക.
” നാളെ വീട്ടിൽ പോണം ” എന്നോർക്കുമ്പോൾ തന്നെ അവളുടെ ഉള്ളിൽ ഒരുപാട് സന്തോഷം ആയിരുന്നു. അച്ഛനെയും ചേച്ചിയെയും കാണാൻ തുടിക്കുകയായിരുന്നു മനസ്സ്. ഏട്ടൻ ബാംഗ്ലൂരിൽ ആയത് നേരിൽ കാണാൻ കഴിയില്ലെങ്കിലും വാട്സപ്പിൽ എന്നും അടിവെക്കാതെ ഉറങ്ങാറില്ല അവർ.
വീട്ടിലേക്ക് പോകുമ്പോൾ കയ്യിൽ കരുതാൻ കുറച്ചു സാധനങ്ങൾ വാങ്ങിയപ്പോഴേക്കും സമയം പോയതറിഞ്ഞില്ല.
അവൾ പേടിയോടെ ഫോൺ എടുത്ത് ഹോസ്റ്റൽനമ്പർ ഡയൽ ചെയ്തു. അപ്പുറത്ത് നിന്ന് ഹലോ എന്ന് കേട്ടപ്പോൾ തന്നെ അവൾക്ക് തെല്ല് ആശ്വാസമായി.
ദേവി ചേച്ചിയാണ്. മറ്റേ താടകയാണെങ്കിൽ ചെവി പൊട്ടുന്ന ചീത്ത കേൾക്കേണ്ടി വന്നേനെ എന്ന് ചിന്തിച്ചു അവൾ.
” ചേച്ചി.. അവന്തികയാണ്. “
” നീ ഇതെവിടാ കുട്ടി. ടൈം എത്രയായെന്ന് അറിയോ? നിങ്ങളിങ്ങനെയൊക്കെ കാണിച്ചാൽ നാളെ ഞാൻ വേണം ചേച്ചീടെ വായിൽ നിന്ന് കേൾക്കാൻ. “
ദേവിച്ചേച്ചി പേടിച്ചിട്ടാണ് പറയുന്നതെന്ന് അവൾക്ക് അറിയാം.. ഇതുവരെ ഒരിക്കൽ പോലും ഒരു കുട്ടിയോടും ദേഷ്യപ്പെടാത്ത ആളാണ്. എല്ലാവർക്കുംസ്വന്തം ചേച്ചി.
” സോറി ചേച്ചി… നാളെ വീട്ടിൽ പോവായത് കൊണ്ട് കുറച്ചു സാധനങ്ങൾ വാങ്ങാൻ നിന്നു. അതാണ്.. സോറി.. ഞാൻ പെട്ടന്ന് വരാം മാഡത്തിനോട് പറയല്ലേ.. എന്റെ പൊന്നേച്ചി അല്ലെ. പ്ലീസ്….. !”
” മതി മതി സോപ്പ്. വേഗം ഇങ്ങു വന്നാൽ മതി. ഇനീം വൈകിക്കാൻ നിൽക്കണ്ട. കേട്ടല്ലോ “
കപടദേഷ്യം കാണിക്കുന്ന ചേച്ചിയുടെ സ്നേഹം അവൾക്ക് ഒരു ആശ്വാസമായിരുന്നു. അവൾ ഒന്ന് മൂളികൊണ്ട് ഫോൺ കട്ട് ചെയ്ത് ആ വഴി വന്ന ഒരു ഓട്ടോയ്ക്ക് കൈ നീട്ടി.
അവൽക്കരികിൽ നിർത്തിയ ഓട്ടോയിൽ കയറുമ്പോൾ ഫോണിൽ അച്ഛൻ കാളിംഗ് എന്ന് കാണിക്കുന്നുണ്ടായിരുന്നു.
ആ ഫോൺ അറ്റന്റ് ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് പെട്ടന്ന് ഓട്ടോ ബ്രെക്ക് ഇട്ടത്. നോക്കുമ്പോൾ മുന്നിൽ ബൈക്കിൽ രണ്ട് മൂന്ന് പേര് ഓട്ടോയ്ക്ക് ക്രോസിട്ട് നിൽക്കുന്നു. അവൾ പേടിയോടെ ഫോൺ വെക്കുമ്പോൾ ബൈക്കിൽ വന്നവർ ഇറങ്ങി ഓട്ടോയ്ക്ക് നേരെ വരുന്നുണ്ടായിരുന്നു.
അതികം ആള്നടത്തമില്ലാത്ത വഴിക്ക് ഓട്ടോ കയറിയത് കൊണ്ട് പെട്ടന്ന് ഒരു സഹായത്തിനു പോലും ആരേം കിട്ടില്ലെന്ന് ഓർക്കുമ്പോൾ അവളുടെ ഉള്ളൊന്ന് കാളി. നിസ്സഹായതയോടെ അവൾ ഓട്ടോക്കാരനെ നോക്കുമ്പോൾ ആയാളും ആകെ ഭയന്നിരിക്കുകയാണെന്ന് തോന്നി.
” ചേട്ടാ… പെട്ടന്ന് വണ്ടി എടുക്ക്…. പ്ലീസ് “
അവൾ അയാളെ അപേക്ഷപോലെ നോക്കുമ്പോൾ ഡ്രൈവർ വേഗം വണ്ടി സ്റ്റാർട്ട് ആകാൻ നോക്കി. പക്ഷേ, അതിന് മുന്നേ ബൈക്കിൽ വന്നവരിൽ ഒരാൾ ഓട്ടോയുടെ ചാവി ഊരിയെടുത്ത് അയാളുടെ ചെവിക്കല് നോക്കി ഒന്ന് പൊട്ടിച്ചിരുന്നു. ഭയന്ന ഡ്രൈവർ പുറത്തേക് ചാടിയിറങ്ങി നാലുപാടും ഒരു രക്ഷിക്കായി നോക്കുമ്പോൾ നിസ്സഹായതയോടെ ഇരിക്കുകയായിരുന്നു അവന്തിക.
അവളെ നോക്കി കറപിടിച്ച പല്ലുകൾ കാണിച്ചു ചിരിച്ചുകൊണ്ട് ചാവി ഊരിയെടുത്തവൻ ഓട്ടോയിലേക്ക് കയറി സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുമ്പോൾ കൂട്ടത്തിലെ മറ്റൊരുവൻ അവൾക്കൊപ്പം ബാക്ക്സീറ്റിലേക്ക് കയറിയിരുന്നു.
അയാൾ അവളെ ഒന്ന് ചിരിച്ചുകാട്ടികൊണ്ട് തോളിലേക്ക് കയ്യിട്ട് പിടിക്കാൻ ശ്രമിക്കുമ്പോൾ അവൾ വെറുപ്പോടെ കുടഞ്ഞുകൊണ്ടിരുന്നു.
അതെ സമയം പുറത്ത് ഒരു രക്ഷയ്ക്കായി കൈ നീട്ടിയ ഡ്രൈവർക്ക് മുന്നിൽ ഒരു ബുള്ളറ്റ് വന്നു നിന്നിരുന്നു. അയാളോട് ഡ്രൈവർ കാര്യം പറയുമ്പോൾ ഞൊടിയിടയിൽ അയാൾ ബുള്ളറ്റ് മുന്നോട്ട് എടുത്ത് ഓട്ടോയ്ക്ക് മുന്നിൽ വിലങ്ങനെ നിർത്തി സ്റ്റാന്റ് ഇട്ട് ഇറങ്ങി.
ഒപ്പം ഇരുന്ന് തോളിൽ കയ്യിട്ട് പിടിക്കാൻ നോക്കുന്നവനിൽ നിന്ന് കുതറുന്നതിനിടയിൽ മുന്നോട്ട് നോക്കിയ അവൾ ഓട്ടോയുടെ ഹെഡ്‌ലൈറ്റ് വെളിച്ചത്തിൽ ബുള്ളറ്റ് ചാരി നിൽക്കുന്ന ആ മുഖം കണ്ട് ആശ്ചര്യപ്പെട്ടു.
“റയാൻ ! “
അവളുടെ ചുണ്ടുകൾ ആ പേര് മന്ത്രിക്കുമ്പോൾ റയാന് നേരെ പാഞ്ഞടുത്ത ഒരുവൻ ഓട്ടോയ്ക് മുകളിലൂടെ പറന്നു റോഡിലേക്ക് വീണിരുന്നു.
അത് കണ്ട് ഓട്ടോ നിർത്തി മറ്റുള്ളവരും റയാന്റ് നേർക്ക് പാഞ്ഞടുക്കുമ്പോൾ ബുള്ളറ്റിൽ കയറി നിന്ന് ഒരുത്തന്റെ നെഞ്ചിലേക്ക് ആഞ്ഞുചവിട്ടി അവൻ.
രണ്ട് മിനുറ്റ്.. !!
വന്ന മൂന്ന് പേരും റയാന് മുന്നിൽ പിടിച്ച് നില്ക്കാൻ കഴിയാതെ അവശതയോടെ ഞൊണ്ടി എഴുനേറ്റ് ബൈക്കിൽ കയറി സ്ഥലം വിടുമ്പോൾ ഓട്ടോയിൽ നിന്ന് പുറത്തേക്കിറങ്ങിയ അവന്തികയുടെ മുഖത്ത് ഒരു ആശ്വാസത്തിന്റെ തെളിച്ചമുണ്ടായിരുന്നു.
എല്ലാവരും പോയെന്ന് ഉറപ്പാക്കി അവൻ അവൾക്കരികിലെത്തി.
” പെണ്കുട്ടികളാകുമ്പോൾ നേരത്തിനും കാലത്തിനും വീട്ടിൽ കേറണം. ഇതിപ്പോ ഞാൻ വന്നത് കൊണ്ട് തല്ക്കാലം രക്ഷപ്പെട്ടു, അല്ലെങ്കിലോ.”
അവൻ ദേഷ്യത്തോടെ ചോദിക്കുമ്പോൾ അവൾ തലതാഴ്ത്തി.
” ചേട്ടൻ പൊക്കോ… ഇവളെ ഞാൻ ഹോസ്റ്റലിൽ ആക്കാം “എന്ന് ഓട്ടോക്കാരനോട് പറഞ്ഞ് അവളോട് ” വാ ” എന്ന് പറയുമ്പോൾ അവന്തിക ഒന്ന് മടിച്ചു നിന്നു.
” എന്റെ കൊച്ചേ.. നിന്നെ കൊണ്ടോയി പുഴുങ്ങിതിന്നതൊന്നും ഇല്ല ഞാൻ. നീ വരുന്നില്ലേൽ വരണ്ട. പക്ഷേ, പോയവർ ചിലപ്പോൾ ഉടനെ തിരിച്ചു വരും. അപ്പോൾ ഇതുപോലെ ഒരാൾ രക്ഷിക്കാൻ വന്നോളണം എന്നില്ല. കേട്ടല്ലോ.. ഇനീം നിനക്ക് മനസ്സിലായില്ലെങ്കിൽ ന്തേലും ചെയ്‌തോ “
അവൻ നീരസത്തോടെ അവളെ നോക്കിക്കൊണ്ട് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യുമ്പോൾ അവൾ മടിയോടെ ആണെങ്കിലും അവൻ പറയുന്നത് കേട്ടപ്പോൾ ഭയത്തോടെ അവന്റ ബുള്ളറ്റിനു പിന്നിലേക്ക് കയറി.
അവൾ കയറിയപ്പോൾ റയാൻ പുഞ്ചിരിയോടെ ബുള്ളറ്റ് മുന്നോട്ട് എടുക്കുമ്പോൾ പിന്നിൽ ഓട്ടോക്കാരൻ ഒരു കൗശലക്കാരനെ പോലെ ചിരിക്കുന്നുണ്ടായിരുന്നു.
ബുള്ളറ്റ് ഹോസ്റ്റലിന്റെ മുന്നിൽ എത്തിയപ്പോൾ ആയിരുന്നു അവൾക്ക് ശ്വാസം നേരെ വീണത്. പതിയെ ബുള്ളറ്റിൽ നിന്ന് ഇറങ്ങി അവന്റ മുഖത്തേക്ക് നോക്കുമ്പോൾ ” ഇനിയെങ്കിലും എന്നെ കാണുമ്പോളുള്ള ഈ പേടി കളഞ്ഞ് ഒന്ന് ചിരിച്ചൂടെടോ തനിക്ക് ” എന്നും ചോദിക്കുന്ന അവനെ നോക്കി പുഞ്ചിരിയോടെ തലയാട്ടി ഹോസ്റ്റൽഗേറ്റ് കടക്കുമ്പോൾ മുഖത്തു മായാത്ത പുഞ്ചിരിയോടെ അവൾ പെട്ടന്ന് തിരിഞ്ഞുനിന്നു.
” ഓഹ്… സോറി….. താങ്ക്സ്…… !”
അവളത് പറയുമ്പോൾ ” ഓഹ്.. വരവ് വെച്ചു ” എന്നും പറഞ്ഞവൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു.
അവൾ തിരികെ കണ്ണിൽ നിന്നും മറയുന്നത് വരെ നോക്കിനിന്ന അവൻ ബുള്ളറ്റ് മുന്നോട്ട് എടുക്കുമ്പോൾ ചുണ്ടിൽ അതുവരെ ഉണ്ടായിരുന്ന നിഷ്ക്കളങ്കമായ പുഞ്ചിരി അല്ലായിരുന്നു.
അവളെന്ന ഇരയെ കൂടി തന്റെ വലയിൽ കുരുക്കിയ ചിലന്തിയെ പോലെ ഭ്രാന്തമായിരുന്നു ആ ചിരി !
( തുടരും )
ദേവൻ
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Title: Read Online Malayalam Novel ReEntry written by Mahadevan
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission