” തനിക്ക് കാണണോ ഈ കഥയിലെ നായകനെ.. എന്നാ കാണ്…നിന്റ മകനെയും ഈ നിമിഷം നിന്റെയും ജാതകം വരഞ്ഞ ഈ കഥയിലെ നായകൻ ഇവനാണ്..
അല്ല വില്ലൻ..!!
നിന്റയൊക്കെ ജീവിതത്തിൽ നീയൊക്കെ ചെയ്തുകൂട്ടിയ പാപങ്ങളുടെ കണക്ക് തീർക്കാൻ കച്ചകെട്ടി ഇറങ്ങിയ നിന്റെയൊക്കെ വില്ലൻ….. കാലൻ ! “
വർഗ്ഗീസ് ആവേശത്തോടെ പറഞ്ഞ് നിർത്തുമ്പോൾ ശരത് ഒന്ന് പുഞ്ചിരിച്ചു .
അതെ സമയം വർഗ്ഗീസ് വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ ജോസഫും സേവ്യറും വിശ്വസിക്കാൻ കഴിയാതെ അമ്പരപ്പോടെ നിൽക്കുകയായിരുന്നു വെള്ളിടി വെട്ടിയപോലെ !!
അവരുടെ മുഖഭാവം കണ്ട് ചിരിക്കുന്ന വർഗ്ഗീസിന് പിന്നിൽ വാതിൽക്കൽ നിൽക്കുന്ന ആ മുഖം കണ്ട ഷോക്കിൽ ജോസഫിന്റെയും സേവ്യറിന്റെയും പല്ലുകൾ ഞെരിഞ്ഞമർന്നു.
” വൈശാഖൻ. !”
ആ പേര് ഉച്ചരിക്കുമ്പോൾ ജോസഫ് ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു.
” പടമാടൻ സാറ് എന്നെ ഒരിക്കലും ഈ കളത്തിൽ പ്രതീക്ഷിച്ചില്ല അല്ലെ.? അല്ലെങ്കിലും അതങ്ങന സാറേ.. നമ്മള് പ്രതീഷിക്കുന്നപ്പോലെ അല്ലല്ലോ ഒന്നും നടക്കുന്നെ. ഒന്നുമറിയാത്ത ഒരു പെണ്ണിനെ അപ്പനും മോനും കൂടി കൊന്നു കെട്ടിത്തൂക്കിയപ്പോൾ എല്ലാം തീർന്നെന്നു കരുതിയല്ലേ? കയ്യിൽ പറ്റിയ ചോര കഴുകികളഞ്ഞു കളം വൃത്തിയാക്കി നീയൊക്കെ അടുത്ത ഇരയെ തേടി ഇറങ്ങുമ്പോൾ പ്രതീക്ഷിച്ചില്ല ചെയ്ത് കൂട്ടിയ പാപങ്ങൾക്കുള്ള കൂലി പിറകെ വരുന്നുണ്ടെന്ന്. എന്റെ പെങ്ങളൂട്ടിയെ ആണ് നീയും നിന്റ മോനും കൂടെ….
അന്ന് തിരുത്തികുറിച്ചിട്ടതാ പടമാടൻ മോനെ ഞാൻ നിന്റ ജാതകം. അതേടാ… നിന്റ മോൻ ഉണ്ടല്ലോ… നിന്നെപോലൊരു തെരുവ്പട്ടിക്ക് ഉണ്ടായ സന്തതി. ആ പൊലയാടിമോനെ കൊന്നത് ഞാൻ തന്നെയാടോ … ഈ കൈ കൊണ്ട്.
എന്റെ പെങ്ങടെ നേരെ പൊങ്ങിയ ആ ലിംഗം അവന്റ കാലിന്റെ ഇടയിൽ വേണ്ടെന്ന് തീരുമാനിച്ചതും ഞാനാ. അത് നിനക്കുള്ള ആദ്യവാണിങ് ആയിരുന്നു. പക്ഷേ, നീ ഇറങ്ങി. നിന്റ മോന്റെ ചാവിന്റെ അറ്റം കണ്ടുപിടിക്കാൻ.. “
വൈശാഖന്റെ ഓരോ വാക്കും ജോസഫിന്റെ കർണ്ണപുടങ്ങളിൽ പ്രകമ്പനം കൊള്ളൂമ്പോൾ അയാൾ വെറിപിടിച്ചവനെ പോലെ തല വെട്ടിച്ചു.
” ന്റെ ജോസഫ്…. സാറേ.. മകനെ ഉണ്ടാക്കിയാൽ മാത്രം പോരാ.. നല്ല ശീലം പഠിപ്പിക്കണം. അതിന് ഉണ്ടാക്കിയ നീ ആദ്യം നന്നാവണം. ഇതിപ്പോ തെരുവ്നായ്ക്കളെക്കാളും കഷ്ട്ടമാ നിന്റ കാര്യം..”
വർഗ്ഗീസ് കളിയാക്കിയപോലെ ജോസഫിന്റെ മുഖത്തു നോക്കി ചിരിക്കുമ്പോൾ അയാൾ വല്ലാതെ അക്രമാസക്തനാവാൻ തുടങ്ങിയിരുന്നു.
” ടോ വർഗ്ഗീസെ.. മുണ്ടും മടക്കികുത്തി മാസ് ഡയലോഗും അടിച്ച് വിരിച്ചുനിൽക്കുന്ന ഈ ബോഡിയിൽ മണ്ണ് പറ്റാൻ ഇനി അധികസമയം വേണ്ട.. “
അതും പറഞ്ഞയാൾ സേവ്യറെ നോക്കി,
” ടോ സേവ്യറെ… പിള്ളേരോട് ആ വാതിലങ് അടയ്ക്കാൻ പറ. എല്ലാം കൂടി ഇടിച്ചുകേറി വന്നതല്ലേ. നമ്മുടെ പണി കുറയ്ക്കാൻ. അപ്പോൾ പറഞ്ഞത് മനസ്സിലായല്ലോ…
ഇതിലെ ഒരാളും ഇനി പുറത്തെ പച്ചപ്പ് കാണരുത്. തീർത്തേക്ക് എല്ലാത്തിനേം, അവനെ ഒഴിച്ച്.
എന്റെ മോനെ മൃഗീയമായി കൊന്നവൻ ഇങ്ങനെ ഒന്ന് ചത്താൽ പോരാ.. അതുകൊണ്ട് അവനെ മാത്രം മതി എനിക്ക്.. ബാക്കി എല്ലാത്തിനേം വെട്ടികൂട്ടി ചാക്കിലാക്ക്. “
ജോസഫ് പറയേണ്ട താമസം സേവ്യറുടെ കൂടെ ഉള്ള ഒരാൾ ഓടി വാതിൽ അടച്ചിരുന്നു.
” അപ്പൊ എങ്ങനാ ശരത് സാറേ…. പിള്ളേര് റെഡിയായി. ന്നാ ഉള്ള സമയം കളയാതെ നോക്കുവല്ലേ. ഇത് കഴിഞ്ഞിട്ട് വേണം ഇടുക്കിയ്ക്ക് വണ്ടി പിടിക്കാൻ… നാളെ തേയില കയറ്റി അയയ്ക്കുന്ന ദിവസം ആണ്. “
വർഗ്ഗീസ് മീശയിൽ തടവിക്കൊണ്ട് ശരത്തിനെ നോക്കുമ്പോൾ അവന്റ മുഖത്ത് ” ന്നാ തുടങ്ങാം ” എന്ന ഭാവമായിരുന്നു.
ആ സമയത്തിനുള്ളിൽ അവർക്ക് നാലുപാടും സേവ്യർ തീറ്റിപോറ്റുന്ന പിള്ളേർ നിരന്നിരുന്നു.
അതിൽ നിന്നൊരുത്തൻ വർഗീസിനെ ലക്ഷ്യമാക്കി ഓടിയടുത്തതും അതിനേക്കാൾ സ്പീഡിൽ പിന്നിലേക്ക് തെറിച്ചതും നോക്കി വാ പൊളിച്ചു നിൽക്കുകയായിരുന്നു സേവ്യറും മറ്റുള്ളവരും.
ശരത്തിനെ ലക്ഷ്യമാക്കി വന്നവന്റെ കൊരവള്ളി നോക്കി മുട്ട് ചേർത്ത് കുത്തുമ്പോൾ നിന്ന നിൽപ്പിൽ അയാൾ നിലംപതിച്ചു. നിമിഷങ്ങൾ കൊണ്ട് ഒരു യുദ്ധക്കളമായി മാറിയവിടെ. ശരത്തിനും വർഗ്ഗീസിനും വൈശാഖനും മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാതെ കൊല്ലാൻ വന്നവർ ഓരോരുത്തരും നിലം പതിക്കുമ്പോൾ അതുവരെ എല്ലാം കണ്ട് നിന്ന ജോസഫ് വൈശാഖന്റെ നെഞ്ചിലിട്ട് ആഞ്ഞു ചവിട്ടി.
പെട്ടന്നുള്ള അയാളുടെ അറ്റാക്കിൽ വൈശാഖൻ തെറിച്ചു വീണതും കയ്യിലെ തോക്കെടുത്തു ജോസഫ് അവന്റ നെഞ്ചിലേക്ക് നിറയൊഴിച്ചതും ഒരുമിച്ചായയിരുന്നു.
പക്ഷേ, വൈശാഖന് മുന്നിലേക്ക് ചാടിയ അനുപമയുടെ തോളിലായിരുന്നു ആ വെടിയേറ്റത്. ഒരു നിമിഷം എല്ലാവരും അമ്പരപ്പോടെ നിൽകുമ്പോൾ ” ചേച്ചി” എന്ന് വിളിച്ചുകൊണ്ട് വൈശാഖൻ ചാടിയെഴുനേറ്റു.
അത് കണ്ട് ക്രൂരമായി ചിരിച്ചുകൊണ്ട് വീണ്ടും അവർക്ക് നേരെ കാഞ്ചി വലിക്കാൻ തുടങ്ങിയ ജോസഫിനെ പിന്നിൽ നിന്നും വർഗ്ഗീസ് ചവിട്ടി വീഴ്ത്തി.
അനുപമയെ പിടിച്ചെഴുനേൽപ്പിച്ച് ഒരിടത് മെല്ലെ ഇരുത്തിയ വൈശാഖൻ വീണ് കിടക്കുന്ന ജോസഫിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. തോൽക്കാൻ മനസ്സില്ലാത്തവനെ പോലും ജോസഫ് തിരിച്ചും ആക്രമിക്കുകയായിരുന്നു.
അതെ സമയം ശരത് സേവ്യറിനെ നിലം തൊടീക്കാതെ പതം വരുത്തുകയായിരുന്നു.
മിനിറ്റുകൾ കൊണ്ട് കളം ശാന്തമാകുമ്പോൾ പലരും പല വഴിക്ക് ചിന്നി ചിതറി.
മൂന്ന് പേരോടും പൊരുതി നിൽക്കാൻ കഴിയാതെ ചോരയൊലിപ്പിച്ച മുഖവുമായി ജോസഫ് അവശനായി നിലത്തേക്ക് ഇരിക്കുമ്പോൾ വൈശാഖന്റെ മുഖത്ത് പ്രതികാരം നിറഞ്ഞ പുഞ്ചിരിയുണ്ടായിരുന്നു.
അതെ സമയം നിലത്തേക്ക് കുഴഞ്ഞുവീണ അയാളെ വർഗ്ഗീസ് തൂക്കിയെടുത്ത് ഒരു കസേരയിലേക്ക് ഇരുത്തി.
” ഇതാണ് പണ്ട് കാർന്നോന്മാർ പറഞ്ഞിരുന്നത്, കണ്ടാലറിയാത്തവർ കൊണ്ടാലറിയും എന്ന്. “
വർഗീസ് അയാൾക്ക് മുന്നിൽ മടക്കികുത്തിയ മുണ്ടോന്ന് തെറുത്തുകയറ്റി നിൽക്കുമ്പോൾ വൈശാഖൻ ജോസഫിന്റെ മുഖമടച്ചൊന്ന്കൂടി പൊട്ടിച്ചു.
” മരണം ഇരന്നുവാങ്ങിയവരാണ് പടമാടാ നീയും നീന്റെ മോനും. ഒരു പെണ്ണ് വളർന്നു വന്നാൽ അവരെ എങ്ങനെ നശിപ്പിക്കാം എന്ന് മാത്രം ചിന്തിക്കുന്ന നീയൊന്നും ഇവിടെ ജീവിക്കാൻ അർഹനല്ല. അല്ലെങ്കിലും നിന്നെ പോലെ ഉള്ളവർക്ക് കാലം ഒരു പ്രതിഫലം കരുതിവെച്ചിട്ടുണ്ടാകും. അതിനുള്ള നിയോഗമാണ് എന്റെ. എന്റെ പെങ്ങളെ നീയൊക്കെ കൂടി ചവച്ചരയ്ക്കുമ്പോൾ നീ ഓർത്തിട്ടുണ്ടോ അവളുടെ അച്ഛന്റെ വേദന, ചേച്ചിയുടെ, ഏട്ടന്റെ … അവളെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും വേദന. ഇല്ല. അതിന് ആദ്യം ഒരു മനുഷ്യനാവണം.. നിന്നെ പോലെ നപുംസകങ്ങളായ പൊലയാടിമക്കൾക്ക് സ്നേഹത്തിന്റെ വില അറിയില്ല. സ്നേഹിക്കുന്നവർ നഷ്ടപ്പെടുമ്പോൾ ഉള്ള വേദന അറിയില്ല.. ടാ പടമാടാ…. നിനക്കറിയോ.. നിന്റ മോൻ അങ്ങ് മേലോട്ട് പോയതെങ്ങനെ ആണെന്ന്? അതും കൂടി അറിഞ്ഞിട്ട് പോയാൽ മതി നീ. !”
അതും പറഞ്ഞ് ഒരിക്കൽ കൂടി ജോസഫിന്റെ മുഖത്തിന് നേരെ വൈശാഖന്റെ കൈ ഉയർന്നു താഴുമ്പോൾ റയാന്റ. മരണം അയാൾക്ക് മുന്നിൽ ഒരു ചിത്രം പോലെ തെളിയുന്നുണ്ടായിരുന്നു.
****************************************
സേവ്യറുമായി റിസോര്ട്ടിന്റ കാര്യങ്ങൾക്കായി എറണാകുളം വരെ പോയി തിരികെ വരുമ്പോൾ റയാന്റെ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു.
വൈശാഖൻ കാളിങ് എന്ന് കണ്ടപ്പോൾ റയാൻ പതിയെ ഫോൺ അറ്റന്റ് ചെയ്തു.
” എന്താടാ…. വല്ലതും നടക്കോ !”
അവനിൽ നിന്നും എന്തോ പ്രതീക്ഷിക്കുംപോലെ റയാൻ ആവേശത്തോടെ ചോദിക്കുമ്പോൾ അപ്പുറത്തു നിന്ന് വൈശാഖൻ പറയുന്നുണ്ടായിരുന്നു
” സംഗതി എല്ലാം ഒക്കെ.. പക്ഷേ, ഒരു പ്രശ്നം ഉണ്ട്. വർഗ്ഗീസ് താരകന്റെ മോളുടെ കൂട്ടുകാരിയാ.. അയാൾ അറിഞ്ഞാൽ…. അതുകൊണ്ട് ഞാൻ അവളേം കൊണ്ട് നിന്റ നാട്ടികലോട്ട് വിടാം.. അവിടെ എന്തായാലും പെട്ടന്ന് വർഗ്ഗീസ് എത്തില്ല. പിന്നെ ഒക്കെ നീ ആയിക്കോണം. “
അത് കേട്ട പാടെ റയാൻ വല്ലാത്ത ആവേശത്തിൽ ആയിരുന്നു.
അവൻ പിന്നെ കൂടുതലൊന്നും ചിന്തിക്കാതെ വാഹനം നേരെ ത്രിശൂർ ലക്ഷ്യമാക്കുമ്പോൾ തനിക്ക് വന്ന മരണലേറ്ററിന്റ കാര്യം പോലും റയാൻ മറന്നിരുന്നു.
അല്ലെങ്കിൽ തന്നെ തന്നെ കൊല്ലാൻ മാത്രം ചങ്കുറപ്പുള്ളവൻ ആരെന്ന് പുച്ഛത്തോടെ ചിന്തിക്കുമ്പോൾ ഓർത്തില്ല കൂടെ നിൽക്കുന്നവന്റെ കൊലക്കത്തിക്ക് മുന്നിലേക്കാണ് ഈ പോക്കെന്ന്.
ഇരുട്ട് വീഴുമ്പോൾ റയാൻ ത്രിശൂർ റൗണ്ടിൽ എത്തിയിരുന്നു.
” ഞാൻ റൗണ്ടിൽ ഉണ്ട് ഒരു വെള്ള സ്വിഫ്റ്റ്.. നമ്മുടെ വാഹനം എടുത്താൽ പ്രശ്നം ആകുമെന്ന് കരുതി വേറെ ഒന്ന് റെഡിയാക്കിയാണ് വന്നത്. വടക്കുംനാഥന്റെ മുന്നിൽ കിടപ്പുണ്ട്.. വയ്ക്കരുത്. പോലീസ് ചെക്കിങ് ഉള്ളതാ “
വൈശാഖൻ റയാനെ വിളിക്കുമ്പോൾ അവന്റ മുഖത്തു പുച്ഛം ആയിരുന്നു.
” പോലീസ്… അതും എന്നെ… നീ അവിടെ നില്ലടാ.. ഞാൻ എത്തി.. പിന്നെ അവൾക്ക് വല്ലതുമൊക്കെ തിന്നാൻ കൊടുക്ക്.. ഉഷാർ ആയി ഇരിക്കണം, അപ്പഴേ……. “
അതും പറഞ്ഞവൻ പൊട്ടിച്ചിരിക്കുമ്പോൾ വൈശാഖൻ ഒന്ന് മൂളുകമാത്രം ചെയ്തു.
കുറച്ചു നിമിഷങ്ങൾ…..
വൈശാഖൻ ഇരുന്നിരുന്ന കാറിനടുത് റയാന്റ് ജീപ്പ് വന്നു നിൽകുമ്പോൾ നാലുപാടും നിരീക്ഷിക്കുകയായിരുന്നു വൈശാഖൻ.
” നീയാടാ ശരിക്കും കൂട്ടുകാരൻ.ഞാൻ ആഗ്രഹിച്ച പെണ്ണിനെ എന്റെ കിടപ്പറയിൽ എത്തിക്കാൻ നീ ഇത്രേം റിസ്ക് എടുക്കുമെന്ന് കരുതിയില്ല. എന്നിട്ട് എവിടെ ആ മൊതല്…”
വൈശാഖനേ ഒന്ന് ആശ്ലേഷിച്ചുകൊണ്ട് റയാൻ ചോദിക്കുമ്പോൾ അവൻ കാറിന്റെ പിൻസീറ്റിലേക്ക് കൈ നീട്ടി.
അവളെ കാണാനുള്ള അതിയായ ആഗ്രഹത്തോടെ കാറിന്റ ഡോർ തുറന്നതും റയാനെ ഒരാൾ ഉള്ളിലേക്ക് വലിച്ചിട്ടതും ഒരുമിച്ച് ആയിരുന്നു. പെട്ടന്നുള്ള ആക്രമണത്തിൽ പതറിയ റയാൻ ചേർത്തുപിടിച്ചവനെ കുടഞ്ഞെറിയാൻ ശ്രമിച്ചെങ്കിലും ഉരുക്ക് പോലെ വരിഞ്ഞുമുറുക്കിയ കൈകൾ വേർപെടുത്താൻ കഴിയാതെ റയാൻ നിസ്സഹായതയയോടെ ആ മുഖത്തേക്കൊന്ന് നോക്കിയതും ഒരിക്കലും പ്രതീക്ഷിക്കാത്ത ആ മുഖം കണ്ട് ഞെട്ടി.
” എന്താ മോനെ.. നിന്റ കൊണം കാണിക്കാൻ കോണകം പോലും ഉടുക്കാതെ ഉള്ളതും പൊക്കിപ്പിടിച്ചു ഓടിവന്നപ്പോൾ ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല അല്ലെ.. “
അതും പറഞ്ഞുകൊണ്ട് പൊട്ടിച്ചിരിക്കുന്ന ആ മുഖത്തേക്ക് നോക്കി പല്ലുകൾ ഞെരിക്കുമ്പോൾ അവൻ കുതറികൊണ്ട് വിളിക്കുന്നുണ്ടായിരുന്നു
” ടാ വര്ഗ്ഗീസ് തരകാ… “
അവന്റ ഉച്ചത്തിലുള്ള വിളി കേട്ട് വർഗ്ഗീസ് തരകൻ ഒന്നുകൂടി ഉറക്കെ ചിരിക്കുമ്പോൾ ഡോറിന്റ ഗ്ലാസ് പതിയെ കാറിനകം ഇരുട്ടിലാക്കിയിരുന്നു.
പുറത്ത് അപ്പോഴും പുഞ്ചിരിച്ചുനിൽക്കുന്ന വൈശാഖന്റെ കണ്ണുകളിൽ ഒരു പ്രതികാരത്തിന്റെ അഗ്നി എരിയാൻ തുടങ്ങിട്ടിരുന്നു.
റയാൻ ജോസഫ് പടമാടാനുള്ള മരണത്തിന്റെ ഗന്ധവുമായി. !
( തുടരും )
ദേവൻ
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Title: Read Online Malayalam Novel ReEntry written by Mahadevan
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission