” ടാ വര്ഗ്ഗീസ് തരകാ… “
അവന്റ ഉച്ചത്തിലുള്ള വിളി കേട്ട് വർഗ്ഗീസ് തരകൻ ഒന്നുകൂടി ഉറക്കെ ചിരിക്കുമ്പോൾ ഡോറിന്റ ഗ്ലാസ് പതിയെ ഉയർന്നുകൊണ്ട് കാറിനകം ഇരുട്ടിലാക്കിയിരുന്നു.
പുറത്ത് അപ്പോഴും പുഞ്ചിരിച്ചുനിൽക്കുന്ന വൈശാഖന്റെ കണ്ണുകളിൽ ഒരു പ്രതികാരത്തിന്റെ അഗ്നി എരിയാൻ തുടങ്ങിട്ടിരുന്നു.
റയാൻ ജോസഫ് പടമാടാനുള്ള മരണത്തിന്റെ ഗന്ധവുമായി. !
***********************
വടക്കുംനാഥന്റെ മണ്ണിൽ നിന്നും കാർ റൗണ്ടിനുള്ളിലേക്ക് കയറി ഷൊർണ്ണൂർ റോഡിലേക്ക് തിരിയുമ്പോൾ റയാൻ വന്ന ജീപ്പുമായി പിറകിൽ തന്നെ ഉണ്ടായിരുന്നു വൈശാഖ്. ആളൊഴിഞ്ഞ പടമാടന്റെ ബംഗ്‌ളാവിലായിരുന്നു ആ യാത്ര അവസാനിച്ചത്.
” ഈ ബംഗ്ളാവ് നിങ്ങള്ക്കെങ്ങനെ അറിയാം? പറ… ഇടുക്കിയിൽ കിടക്കുന്ന നീയൊക്കെ കൃത്യമായി ഇവിടെ എത്തണമെങ്കിൽ എന്റെ വീടിനെ കുറിച്ച് കൃത്യമായി അറിയുന്ന ഒരാൾ നിന്റെയൊക്കെ കൂടെ ഉണ്ട്. അല്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും ഇവിടെ എത്തിപ്പെടാൻ കഴിയില്ല. “
റയാൻ സ്വന്തം ബംഗ്ളാവിനു മുന്നിൽ നിൽക്കുമ്പോൾ അമ്പരപ്പിൽ ആയിരുന്നു.
” കൂടെ നടക്കുന്നവർക്ക് പോലും ഈ ബംഗ്ളാവിനെ കുറിച്ച് അറിയില്ല ! അപ്പോൾ പിന്നെ ഇവർ….. “
ഇടയ്ക്ക് വർഗ്ഗീസിന്റെ കയ്യിൽ നിന്നും കുതറാൻ ശ്രമിക്കുന്നുണ്ടെങ്കിലും അയാളെ ജയിക്കാൻ റയാന് കഴിഞ്ഞില്ല.
” മോനെ റയാനെ, ഇത് നിന്റ ഇടുക്കിയിലെ കള്ളവെടികേന്ദ്രത്തിൽ കപ്പലണ്ടി തിന്നാൽ വരുന്ന ഉണ്ണാക്കന്മാരുടെ ഉരുട്ടികെട്ടിയ ഉണ്ടംപൊരി മസിലല്ല, നല്ലോണം മണ്ണിൽ പണിയെടുത്തുരുക്കിയുണ്ടാക്കിയ തണ്ടെൽബലമാ. വെറുതെ കുതറി കൊണയ്ക്കാൻ നിൽക്കല്ലേ .. ഇത് കണ്ട നീ. നല്ല കലപ്പപിടിച്ച തയമ്പ, ഇത് കൊണ്ട് ആഞ്ഞൊന്ന് ഇട്ടുതന്നാലുണ്ടല്ലോ പിന്നെ മലർന്ന് കിടന്ന് നവരക്കിഴി പിടിക്കേണ്ടി വരും ഒന്ന് അപ്പിയിടാൻ പോലും. “
വർഗ്ഗീസ് കയ്യിലെ പിടുത്തം ഒന്നുകൂടി മുറുകിയപ്പോൾ റയാൻ ഒന്ന് അടങ്ങി.
കുതറുന്നത് ബുദ്ധിയല്ലെന്ന് തോന്നി അവന്. ഇവരുടെ കയ്യിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ അല്പനേരം അടങ്ങിയിരിക്കുന്നതാണ് ബുദ്ധി എന്ന് തോന്നി റയാന്.
പക്ഷേ ഈ ബംഗ്ളാവിനേ കുറിച്ച് ഇവരെങ്ങനെ അറിഞ്ഞു എന്ന ചിന്ത ആയിരുന്നു മനസ്സിൽ.
ആരോ ഇവരെ സഹായിക്കാൻ ഇവിടെ ഉണ്ട്.. പക്ഷേ ആര്..?
ഇത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ലായിരുന്നു റയാന്.
അതെ സമയം സ്വിഫ്റ്റിന് പിന്നിൽ ജീപ്പും വന്നു നിന്നു.
വൈശാഖൻ അതിൽ നിന്നും ഇറങ്ങുമ്പോൾ റയാൻ പല്ലുകൾ ഞെരിച്ചു.
” കൂടെ നിന്നത് കോത്താഴത്തെ പരിപാടിക്ക് ആയിരുന്നു അല്ലെടാ “
അവന് നേറെ റയാൻ ചീറുമ്പോൾ വൈശാഖ് ഒന്ന് പുഞ്ചിരിച്ചു,
അപ്പോഴേക്കും ഡോർ തുറന്ന് അവനെയും കൊണ്ട് പുറത്തിറങ്ങിയിരുന്നു വർഗ്ഗീസ്.
” താൻ വിട്ടോ.. ഇവനേ ഉഴുന്ന് വടയ്ക്ക് തുളയിടുന്നത് എങ്ങനെ എന്ന് പഠിപ്പിച്ചിട്ട് ഞങ്ങ വന്നേക്കാം.. പിന്നെ നീ ഒന്നും കണ്ടിട്ടില്ല.. അറിയാലോ.. “
സ്വിഫ്റ്റ് ഓടിച്ചിരുന്നവനെ നോക്കി സലാം പറയുമ്പോൾ അവനും പുഞ്ചിരിയോടെ തലയാട്ടി. പിന്നെ കാർ പിറകോട്ട് എടുത്ത് ബംഗ്ളാവിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് പോയി.
” വാ മോനെ.. നിന്റ അപ്പൻ കള്ളവെടി വെക്കാൻ വാങ്ങിയ ബംഗ്ലാവ് അല്ലെ. ഇവിടെ വെച്ചല്ലേ നീയും നിന്റ തന്ത കഴിവേറിയും കൂടി പല പെൺകുട്ടികളെയും…….
അപ്പൊ പിന്നെ ഇവിടെ നിന്ന് തന്നെ തുടങ്ങാം നിന്നേ കഴുവേറ്റുന്നതും. “
വർഗ്ഗീസ് അവനെ മുന്നോട്ട് വലിക്കുമ്പോൾ വൈശാഖ് വേഗം വാതിൽ തുറന്നിരുന്നു.
” ഇവർക്കിത് എവിടെ നിന്ന് ഇതിന്റെ ചാവി കിട്ടി”
റയാൻ ചിന്തിക്കാതിരുന്നില്ല. പക്ഷേ, ഇവരെ സഹായിക്കാൻ മാത്രം ശത്രുത ഉള്ള കൂട്ടത്തിലെ ഒരാളെ പോലും റയാന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.
അപ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.
റയാനെയും കൂട്ടി ബംഗ്ളാവിന്റെ അകത്തളങ്ങളിലേക്ക് പ്രവേശിച്ച വര്ഗ്ഗീസ് അവനെ ഒരു മൂലയ്ക് തള്ളിവിടുമ്പോൾ റയാൻ പോര്കാളയെ പോലെ അവർക്ക് നേരെ തിരിഞ്ഞു.
” നീയൊക്കെ ആരോടാ കളിക്കുന്നതെന്ന് അറിയാലോ? ഇത് എന്റെ നാടാ… ഞാനൊന്ന് വിരൽ ഞൊടിച്ചാ പിന്നെ നീയൊന്നും ഇടുക്കി പോയിട്ട് ഒരു ഇടുക്കിലേക്കും പോകില്ല. ന്റെ അപ്പൻ ജോസഫ് പടമാടന്റെ കണ്ണ് വെട്ടിച്ചു നിനക്കൊക്കെ എന്റെ രോമം വടിക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോടാ. ടോ തരകാ.. നിന്റെ തിണ്ണമിടുക്കിന്റെ ബലം കാണിക്കാനാണ് ഈ നരുന്ത് ചെക്കന്റെ കൂടെ നാറിയ കളിക്ക് ഇറങ്ങിപുറപ്പെട്ടതെങ്കിൽ ഈ രാത്രി വെളുക്കില്ല നിനക്ക്. ഇവിടെ… ഇവടെ തീരും നീ.. “
റയാൻ വീറോടെ വർഗ്ഗീസിന് നേരെ ചീറി. പിന്നെ എല്ലാം കണ്ട് നിൽക്കുന്ന വൈശാഖന്റെ അടുത്തേയ്ക്ക് നടന്നു.
” അപ്പൊ നീയാണല്ലേ ഇപ്പോഴത്തെ എന്റെ ശനി? കൊള്ളാം.. ഇങ്ങനെ കൂട്ടികൊടുക്കാനും കുതികാൽ വെട്ടാനും അപ്പന്റെ ആസനത്തിൽ നിന്ന് തന്നെ പഠിച്ചുതുടങ്ങിയാ പിന്നെ വേരുറയ്ക്കും മുന്നേ നുള്ളുന്നതാ ശരി, അല്ലെങ്കിൽ നീയൊക്കെ വളരും, തലയ്ക്ക് മേലെ വളരും. “
അതും പറഞ്ഞ് റയാൻ പെട്ടന്ന് വൈശാഖന് നേരെ കൈ ആഞ്ഞുവീശുമ്പോൾ ഒരു ആക്രമണം പ്രതീക്ഷിച്ച പോലെ അവൻ അതിൽ നിന്നും ഒഴിഞ്ഞുമാറി. അതെ സമയം പിറകിൽ നിന്ന വർഗ്ഗീസിന്റെ കാൽ റയാന്റെ പിറകിൽ വന്നു പതിച്ചതും ബാലൻസ് നഷ്ട്ടപ്പെട്ട റയാൻ കൂട്ടിയിട്ട പാഴ്‌വസ്തുക്കൾക്കിടയിലേക്ക് തെറിച്ചുവീണു.
” ടാ പടമാടൻ മോനെ… സ്വന്തം അപ്പന് തന്നെ കൂട്ടികൊടുത്തു തുടങ്ങിയ നിന്റെ പാരമ്പര്യം വെച്ച് കുത്തിക്കഴപ്പിന് ഇറങ്ങുമ്പോൾ ഓർക്കണമായിരുന്നു എന്നെങ്കിലും ആൺപിള്ളേരുടെ കൈക്ക് നീയും ഒരു പണിയാകുമെന്ന്. അതേടാ.. വെട്ടിമാറ്റേണ്ടത് വെട്ടിമാറ്റുകതന്നെ ചെയ്യും. അതിപ്പോ കുതികാൽ മാത്രമല്ല, പെണ്ണിന്റ നിഴൽ കാണുമ്പോഴേക്കും ശൗര്യം കാണിക്കാൻ പിടയ്ക്കുന്ന നിന്റ മറ്റേത് ആണെങ്കിലും…..!
നീ എന്ത് കരുതി, നീ തരുന്ന പിച്ചകാശും വാങ്ങി നിനക്ക് പെണ്ണ് കൂട്ടിത്തരാനും നിനക്ക് മാമാപണി ചെയ്യാനും വന്നതാണ് ഞാൻ എന്നോ? നിന്നെയും നിന്റ തന്ത പടമാടനെയും പച്ചയ്ക്ക് കത്തിക്കാൻ ഇറങ്ങിയതാ ഞാൻ. പക്ഷേ, പലപ്പോഴും ഞാൻ പരാജയപ്പെട്ടു. അന്നേരമാണ് ഞാൻ അച്ചായനെ അറിയുന്നത്. നിന്നോട് നേർക്കുനേർ നിക്കുന്ന അച്ചായന് എന്നെ സഹായിക്കാൻ കഴിയുമെന്ന് തോന്നിയത് കൊണ്ട് ഞാൻ എല്ലാം അച്ചായനോട് പറഞ്ഞു. അന്ന് മുതൽ ഈ നിമിഷം വരെ നിന്നെ ഇങ്ങനെ കിട്ടാൻ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ.
ഇപ്പഴും നിനക്കെന്നെ മനസ്സിലായില്ല അല്ലെ? ഒന്ന് ശരിക്കും ഓർത്തു നോക്ക്..
നിന്റ കയ്യിൽ കിടന്ന് പിടയുമ്പോൾ തൊഴുതുകരഞ്ഞ പെൺകുട്ടികളിൽ ആർക്കെങ്കിലും ഈ മുഖഛായ ഉണ്ടോ എന്ന്. നോക്കടാ.. നോക്ക്…. നോക്ക് “
വൈശാഖൻ വെറിപിടിച്ചവനെ പോലെ റയാന്റെ നെഞ്ചിലിട്ട് ചവിട്ടുമ്പോൾ ശ്വാസം വിലങ്ങി ചുമയ്ക്കാൻ തുടങ്ങി അവൻ.
” ന്താടാ… നിനക്ക് മനസ്സിലായില്ലേ… അല്ലെങ്കിലും നിനക്കെങ്ങനെ മനസ്സിലാവാനാ. എത്രയെത്ര പെൺകുട്ടികളുടെ ജീവിതമാണ് നീയും നിന്റ തന്ത പടമാടാനും കൂടി ചവച്ചുതുപ്പിയത്. അങ്ങനെ ചവച്ചുതുപ്പി കൊന്നതല്ലെടാ നീയൊക്കെ ന്റെ പെങ്ങളെ… “
അവൻ പതറി നിൽക്കുന്ന റയാന്റെ കോളറിൽ പിടിച്ച് വലിച്ചു മുഖത്തേക്ക് അടുപ്പിച്ചു.
” നോക്ക്… ഈ മുഖം… മറന്നോ നീ… മറന്നൊടാ നായിന്റെ മോനെ നീ…. “
ആ സമയം ചില്ല് പോലെ ചിതറുന്ന വാക്കിലും അവന്റ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
പെങ്ങളുടെ മുഖം നെഞ്ചിൽ നീറ്റലാകുമ്പോൾ അവൻ റയാന്റെ അടിവയറു ചേർത്ത് മുട്ടുകാൽ കേറ്റി.
ആ പ്രഹരത്തിന്റെ ആഘാതത്തിൽ ശ്വാസം വിലങ്ങി അടിവയർ പൊത്തിക്കൊണ്ട് റയാൻ നിലത്തേക്ക് ഇരിക്കുമ്പോൾ വാ പൊളിക്കുന്നുണ്ടായിരുന്നു.
” മറന്നോ നീ..
നീയും നിന്റ തന്തയും കൂടി കൊന്നു കെട്ടിത്തൂക്കിയ അവന്തികയെ?
മറന്നെങ്കിൽ ഞാൻ ഓർമ്മിപ്പിക്കാം.
നിന്നെ വിശ്വസിച്ചതിന്റെ, സ്നേഹിച്ചതിന്റെ പേരിൽ അവൾക്ക് നഷ്ടപ്പെട്ടത് അവളുടെ മാനവും ജീവനും ആയിരുന്നു. ഞങ്ങൾക്ക് ഞങ്ങടെ കുഞ്ഞ് പെങ്ങളെയും. എന്നിട്ട് ഒന്നും സംഭവിക്കാത്ത പോലെ നീയിങ്ങനെ അടുത്ത ഇര തേടി നടക്കുമ്പോൾ ഇതുപോലെ ഒരു സന്ദര്ഭത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞങ്ങൾ ഇത്രേം വർഷം.
ഇടഞ്ഞ കാളയെ മൂക്കയറിട്ട് മെരുക്കണം. മെരുകാത്ത എനം ആണെങ്കിൽ കാലുവാരി നിലത്തിട്ട് കഴുത്തറക്കണം. ആ കർമ്മം നടത്താൻ വേണ്ടിയാ ഞാൻ ഇത്രയും നാൾ നിനക്ക് പിറകെ വാലാട്ടി നടന്നത്. ഇനി നിനക്കൊരു തിരിച്ചുപോകില്ല റയാനെ. ഇന്ന് രാത്രി നിന്റ മരണദൂതുമായി ഒരു കാൾ നിന്റ തന്തയ്ക്ക് കിട്ടിയിരിക്കും. ബാംഗ്ലൂരിൽ നിന്ന്. അതിന് വേണ്ട ഏർപ്പാട് ഞാൻ ചെയ്തിട്ടുണ്ട്. മരിക്കാൻ പോകുന്നത് ആരാണെന്ന് അറിയാതെ കിടന്ന് വെരുകിനെ പോലെ പായുന്ന നിന്റ തന്തയ്ക്ക് രാവിലെ കണി നീയായിരിക്കും. ഒടുക്കത്തെ കണി. അവിടെ നിന്റ തന്ത പടമാടന്റെ കൗണ്ട്ഡൗൺ സ്റ്റാർട്ട് ചെയ്യും.
ആ മരണത്തെ അയാൾ തിരക്കി വരും.. വരുത്തും ഞങ്ങൾ. ! “
വല്ലാത്തൊരു ആവേശമുണ്ടായിരുന്നു വൈശാഖന്റെ വാക്കുകളിൽ.
മനസ്സിൽ കൂട്ടിയിട്ട കനലുകൾ ആളിപ്പടരാൻ തുടങ്ങിയിരുന്നു.
ഒരു വേള സ്തബ്തനായി കിടക്കുകയായിരുന്നു റയാൻ. ചോര കിനിഞ്ഞു തുടങ്ങിയ ചുണ്ടുകൾ തുടച്ചുകൊണ്ട് പോക്കറ്റിൽ പതിയെ തപ്പി അവൻ. എങ്ങനെ എങ്കിലും ജോസഫിനെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ പതിയെ ഫോൺ എടുക്കാൻ നോക്കുമ്പോൾ മുന്നോട്ട് വന്ന വർഗ്ഗീസ് ആ ഫോൺ പിടിച്ച് വാങ്ങി.
” നിന്റ തന്തയെ അറിയിക്കാനാണെങ്കിൽ നീ മെനക്കെടേണ്ട.
ആ പണി കൂടി ഞങ്ങൾ ചെയ്തിട്ടുണ്ട്. നീയിപ്പോ ഞങ്ങള് ചോദിക്കുന്ന ഒറ്റ കാര്യത്തിനുള്ള ഉത്തരം തന്നാൽ മതി. ഇവന്റെ പെങ്ങളെ നീയൊക്കെ കൂടി…. അവളുടെ ദേഹത്ത് പതിഞ്ഞ കൈ ആരുടെയൊക്കെ?
നീയുൾപ്പടെ ഉള്ള ഗ്യാങ്ങിൽ ആരൊക്കേ….?
നീയൊക്കെ ചേർന്ന് എത്ര പെൺകുട്ടികളുടെ സ്വപ്ങ്ങളാണ് ഇല്ലാതാക്കിയത്. പറ… വാ മൂടിക്കെട്ടി വീരത്വം കാണിക്കാനാണ് മോന്റെ ശ്രമമെങ്കിൽ പിന്നെ ഒരിക്കലും നീ വാ തുറക്കില്ല.
ഇതൊരു അവസരമാണ് നിനക്ക്. ചെയ്ത പാപങ്ങൾ ഏറ്റു പറഞ്ഞു കുമ്പസരിക്കാൻ. അതല്ല, തന്തേടെ എല്ല്ബലം കണ്ട് ഇനിയും കന്നതരം കാണിക്കാനാണ് ഉദ്ദേശമെങ്കിൽ നിന്റ മാങ്ങാണ്ടി ഞാൻ പൊട്ടിക്കും,
വെറുതെ പൊട്ടിക്കലല്ല.. നല്ല കരിങ്കല്ല് കൊണ്ട് കുത്തിപ്പൊട്ടിക്കും. “
വർഗ്ഗീസ് വളരെ സൗമ്യതയോടെ ആണ് പറഞ്ഞതെങ്കിലും അവന്റ മുഖത്തു നിന്നുള്ള ഭാവം റയാനെ ഒന്ന് ഭയപ്പെടുത്തി.
” അപ്പൊ പറ…. നിന്നെ അത്രയ്ക്ക് വിശ്വസിച്ച പെണ്ണിനെ നീയൊക്കെ ചേർന്ന് എന്തിനാണ് കെട്ടിത്തൂക്കിയത്. നിന്നോടൊക്കെ അവൾ എന്ത് തെറ്റ് ചെയ്തു. നിന്നെ സ്നേഹിച്ചതോ? പറ… നിങ്ങൾ കണ്ട കാലം മുതൽ വള്ളി പുള്ളി തെറ്റാതെ പറഞ്ഞുതുടങ്ങിക്കോ. “
വർഗ്ഗീസ് ഒന്നുകൂടി മീശ പിരിച്ചു മുണ്ട് മടക്കികുത്തുമ്പോൾ റയാന്റെ നെഞ്ചിൽ ഒരിക്കൽ കൂടി വൈശാഖന്റെ കാൽ പതിഞ്ഞിരുന്നു.
ആ ചവിട്ടിൽ പിന്നിലേക്ക് വീണ റയാൻ നെഞ്ച് പൊതി ചുമയ്ക്കുമ്പോൾ അടുത്ത ചവിട്ടിനു മുന്നേ കൈ ഉയർത്തി തടഞ്ഞ് ശ്വാസം വലിച്ചെടുത്തു…
” ഞാ…. ഞാൻ…. പ… പറയാം…… “
( തുടരും )
ദേവൻ
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Title: Read Online Malayalam Novel ReEntry written by Mahadevan
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission