പജേറോ റിസോർട്ടിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറുമ്പോൾ റിസപ്ഷനിൽ തന്നെ ഉണ്ടായിരുന്നു മാനേജർ വൈശാഖൻ.
വാഹനം പാർക്ക് ചെയ്ത് രണ്ട് പേരും പുറത്തേക്ക് ഇറങ്ങി റിസപ്ഷനിലേയ്ക്ക് നടക്കുമ്പോൾ വൈശാഖന്റെ അക്ഷമയോടെ കൈ കൂട്ടിതിരുമ്മികൊണ്ടുള്ള നിൽപ്പും നിലയുറയ്ക്കാത്ത പോലെ കാലുകൾ പതറിച്ചലിക്കുന്നതുമെല്ലാം കണ്ട ശരത്തിന് മനസ്സിൽ എന്തോ പന്തികേട് മണക്കുന്നുണ്ടായിരുന്നു.
മനസ്സ് പറഞ്ഞപോലെ കേറിയപാടെ അവർക്കരികിലേക്ക് ഓടിയെത്തിയ വൈശാഖൻ വല്ലാതെ അസ്വസ്ഥനായിരുന്നു..
” സർ.. ഒരു പ്രശ്നമുണ്ട്. ഞാൻ സാറിനെ കുറെ നേരമായി ഫോണിൽ ട്രൈ ചെയ്യുന്നു, കിട്ടിയില്ല . “
അപ്പോഴാണ് തന്റെ ഫോൺ ഓഫ് ആയ കാര്യം ജോസഫ് അറിയുന്നത് തന്നെ. അയാൾ ഫോൺ എടുത്തുനോക്കികൊണ്ട് തിരികെ പോക്കറ്റിൽ വെച്ച് വൈശാഖനെ നേരെ നോക്കി,
” എന്താടോ താൻ കിടന്ന് വിയർക്കുന്നത്. ന്താ പ്രശ്നം? “
” സർ അത്…. സാറിന്റെ മുറിയിൽ…… സർ വരണം “
ഭയത്താൽ വാക്കുകൾ മുഴുവനാക്കാതെ അവർക്ക് മുന്നിൽ വൈശാഖൻ ദ്രുതഗതിയിൽ നടക്കുമ്പോൾ കാര്യമെന്തെന്ന് അറിയാതെ പരസ്പരം നോക്കികൊണ്ട് അവന് പിറകിലായി റൂം ലഷ്യമാക്കി നടന്നു ജോസഫും ശരത്തും. ജോസഫ് തന്റെ റൂമിനു മുന്നിലെത്തുമ്പോൾ ഒരു നിമിഷം അമ്പരന്നു. ലോക്ക് ചെയ്ത മുറി തുറന്നു കിടക്കുന്നു. അകത്തേക്ക് കയറുമ്പോൾ ആകെ ചിന്നിച്ചിതറി അലങ്കോലമായി കിടക്കുന്ന സാധനസാമഗ്രികൾ. ജോസഫിന് പിന്നിൽ റൂമിലേക്ക് കയറിയ ശരത്തും ഒരു നിമിഷം അന്ധാളിച്ചു.
” സർ… ഇവിടെ എന്താണ് നടന്നതെന്ന് അറിയില്ല. ഈ വഴി വന്നപ്പോൾ ആണ് റൂം തുറന്നു കിടക്കുന്നത് കണ്ടത്. നോക്കുമ്പോൾ ഇതാണ് അവസ്ഥ.. “
ഭയത്തോടെ ജോസഫിനെ നോക്കാൻ മടിക്കുന്ന വൈശാഖനെ പച്ചയ്ക്ക് തെറി വിളിച്ചുകൊണ്ടായിരുന്നു ജോസഫ് അവന്റ കോളറിൽ കേറി പിടിച്ചത്.
” പിന്നെ നീയൊക്കെ എന്തുണ്ടാക്കനാടാ ഇവിടെ മാനേജർ ആണെന്നും പറഞ്ഞ് ഇരിക്കുന്നത്? ഇങ്ങനെ ഒരിടത് ഒരാൾ റൂം തുറന്നിട്ടും ഈ അവസ്ഥയിൽ ആക്കിയിട്ടും നീയൊന്നും ഒന്നും അറിഞ്ഞില്ല. പിന്നെ നീയൊക്കെ ഏത് മറ്റവൾമാരുടെ കാലിന്റിടയിൽ പോയി കിടക്കുകയായിരുന്നെടാ? “
ജോസഫ് അവന്റ കോളറിൽ പിടിച്ചു തള്ളുമ്പോൾ ഒന്ന് വേച്ചു വീഴാൻ പോയി വൈശാഖൻ.
” ഇവിടെ ഉള്ള എല്ലാവരെയും വിളിക്ക്. ആരെങ്കിലും പുറത്ത് പോയിട്ടുണ്ടെങ്കിൽ അവരെയും. അതുപോലെ ഞങ്ങൾ വന്നതിന് ശേഷം ഇവിടെ റൂമെടുത്തവർ ഉണ്ടെങ്കിൽ അവരെയും. അപ്പന്റെ അണ്ടർവെയറിന്റ വള്ളിയിൽ പിടിച്ച് ഊഞ്ഞാലാടാൻ പോന്ന പുന്നാരമോൻ ആരാണെന്ന് അറിയണമാലോ… വിളിക്കെടാ എല്ലാത്തിനേം, “
ജോസഫ് അലറുകയായിരുന്നു.
അയാളുടെ നോട്ടത്തിനു മുന്നിൽ തല താഴ്ത്തിക്കൊണ്ട് വൈശാഖൻ പുറത്തേക്ക് പോകുമ്പോൾ എന്തെങ്കിലും ഒരു തുമ്പിനായി അവിടം മുഴുവൻ പരതുകയായിരുന്നു ശരത്.
ഇടയ്ക്ക് എന്തോ കണ്ണിലുടക്കിയ പോലെ നിലത്തേക്കിരുന്ന ശരത് വലിച്ചിട്ട ബാഗിനടിയിൽ നിന്നും എന്തോ ഒന്ന് ആരും കാണാതെ എടുത്ത് പോക്കറ്റിലേക്ക് വെച്ചു. ജോസഫ് തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം പതിയെ വീണ്ടും തിരച്ചിൽ തുടങ്ങുമ്പോൾ വൈശാഖനും അവിടെയുള്ള മറ്റ് ജോലിക്കാരും റൂമിന് പുറത്ത് നിരന്നിരുന്നു.
” സർ “
അവരെ കണ്ട ശരത് എല്ലാവരെയും ഒന്ന് ഇരുത്തിനോക്കികൊണ്ട് ജോസഫിനെ വിളിച്ചുകൊണ്ട് റൂമിനു പുറത്തേക്ക് ഇറങ്ങുമ്പോൾ പടമാടൻ ഒരു സിഗരറ്റ് കൊളുത്തി ആഞ്ഞുവലിച്ചുകൊണ്ട് പുറത്തേക്ക് വന്നു.
” ഇവിടുത്തെ റൂംബോയ്സ് ആരൊക്കെ? “
അയാൾ വൈശാഖനോടായി ചോദിക്കുമ്പോൾ അവൻ വിറച്ചുകൊണ്ട് കൂട്ടത്തിൽ നിൽക്കുന്ന ഒരു പയ്യന് നേരെ വിരൽ ചൂണ്ടി.
അവൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് ശരത് നടക്കുമ്പോൾ ജോസഫ് ആ പയ്യനെ അടിമുടിയൊന്നു നോക്കി.
” എന്താ മോനെ നിന്റ പേര്? “
ശരത് അവന്റ തോളിൽ കയ്യിട്ടുകൊണ്ട് അടുത്തേക്ക് പിടിച്ച് നിർത്തുമ്പോൾ അവൻ ആലിലപോലെ വിറയ്ക്കുന്നുണ്ടായിരുന്നു.
” ചോദിച്ചത് കേട്ടില്ലേ, ന്താ നിന്റ പേരെന്ന്? “
” സർ…. അ…. അൻവർ… “
അവൻ ഭയത്തോടെ ശരത്തിനെ നോക്കുമ്പോൾ ശരത് ഒന്ന് പുഞ്ചിരിച്ചു.
” അപ്പൊ അൻവറേ.. മോൻ പറ… ആരാ ഈ പാതിരാനേരത്ത് ആ മുറിയിൽ കേറിയത്? ഒന്നല്ലെങ്കിൽ ഒരു മര്യാദ ഒക്കെ വേണ്ടേ… വെറുതെ എല്ലാം വാരിവലിച്ചിട്ട്…
പറ…
നീ അല്ലെ റൂമിൽ കേറിയത്.? “
ശരത് വളരെ സൗമ്യമായിട്ടാണ് ചോദിച്ചതെങ്കിലും അവന്റ സ്വരത്തിന്റ മാറ്റം തിരിച്ചറിഞ്ഞ പോലെ അൻവർ ഭയത്തോടെ അവന് മുന്നിൽ തൊഴുതു,
സർ.. എനിക്കൊന്നും അറിയില്ല സർ.. കസ്റ്റമേഴ്സ് ഉണ്ടെങ്കിൽ അവർക്ക് എന്തേലും ആവശ്യം ഉണ്ടെങ്കിൽ മാത്രേ ഞാൻ റൂമിനടുത്തേക്ക് വരാറുള്ളൂ.. അല്ലെങ്കിൽ ആരേലും വെക്കേറ്റ് ചെയ്ത് പോകുമ്പോൾ റൂം ക്‌ളീൻ ചെയ്യാൻ.. അല്ലാതെ…….
എനിക്ക് അറിയില്ല സർ… വൈശാഖൻസർ പറഞ്ഞപ്പോൾ ആണ് ഈ സംഭവം ഞാൻ അറിയുന്നത് തന്നെ…. എനിക്ക് ഒന്നും അറിയില്ല സർ.. “
അവൻ പിന്നെയും കണ്ണുകൾ നിറച്ചുകൊണ്ട് ശരത്തിന് മുന്നിൽ തൊഴുകൈയ്യോടെ തന്റെ നിരപരാധിത്വം ഊന്നിയൂന്നി പറയുമ്പോൾ ശരത് പതിയെ അവന്റ തോളിൽ നിന്നും കയ്യെടുത്തു. പിന്നെ അവനോട് പഴയ സ്ഥാനത് തന്നെ പോയി നിൽക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ജോസഫിനെ നോക്കുമ്പോൾ അയാളുടെ കണ്ണുകൾ അവിടെ നിൽക്കുന്ന ഓരോരുത്തരുടെയും നിൽപ്പും ചലനവും സസൂഷ്മം നിരീക്ഷിക്കുകയായിരുന്നു.
ജോസഫിനെ സാനിധ്യത്തിൽ അവിടെയുള്ള ജോലിക്കാരെ എല്ലാവരെയും ചോദ്യം ചെയ്തെങ്കിലും ആർക്കും അതിനെ കുറിച്ച് ഒരു വൈശാഖൻ പറഞ്ഞ അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
” സർ…. പിന്നെ നിങ്ങൾ പോയതിനു ശേഷം രണ്ട് പേർ റൂമെടുത്തിരുന്നു. ഒരു ആണും പെണ്ണും.. “
എല്ലാവരെയും ചോദ്യം ചെയ്ത് കഴിഞ്ഞതിനു ശേഷം പൊയ്ക്കൊള്ളാൻ പറയുമ്പോൾ ആയിരുന്നു വൈശാഖൻ മടിച്ചുമടിച്ച് അക്കാര്യം ജോസഫിനോട് പറയുന്നത്.
” എന്നിട്ട് അവരിവിടെ.. “
. ജോസഫ് വർദ്ധിച്ച ദേഷ്യത്തോടെ അവന്റ കോളറിൽ പിടിച്ചുലയ്ക്കുമ്പോൾ അവൻ പേടിയോടെ കൈ മലർത്തി കാണിച്ചു.
” അറിയില്ല സർ… അവരെ ഇപ്പോൾ…… “
അവന്റെ നിസ്സഹായത നിറഞ്ഞ വാക്കുകൾ കേട്ട് കോപത്താൽ കൈ കുടഞ്ഞുകൊണ്ട് ആകെ വെറളി പിടിച്ചപോലെ നിൽക്കുകയായിരുന്നു എസ് പി.
” എന്നിട്ട് രജിസ്റ്റർ ബുക്ക് എവിടെ . അതിൽ അവരുടെ പേരും ഡീറ്റൈൽസും രേഖപ്പെടുത്തിയിട്ടില്ലേ? “
ശരത് വൈശാഖന് നേരെ രെജിസ്റ്റർബുക്കിനായി കൈ നീട്ടുമ്പോൾ അവൻ പതിയെ തല താഴ്ത്തി.
” എന്താടോ, നിന്റ നാവിറങ്ങിപോയോ.. അതോ ഇനി രെജിസ്റ്റർബുക്കും അവർ കൊണ്ടുപോയോ? നിന്നെപ്പോലെയുള്ള ജോലിക്കാർ ഉള്ളിടത് കുനിഞ്ഞു നിന്നാൽ അതും കൂടി അടിച്ചോണ്ടുപോകും . എടുത്തോണ്ട് വാടോ രജിസ്റ്റർബുക്ക് “
അതുവരെ ശരത്തിൽ കാണാത്തൊരു ഭാവം കണ്ട പോലെ നിൽക്കുകയായിരുന്നു വൈശാഖൻ. ഇത്ര നേരം സൗമ്യമായി മാത്രം കണ്ട മുഖത്തെ ഭാവം തെല്ലിടകൊണ്ട് മാറുന്നത് കണ്ടപ്പോൾ വൈശാഖൻ പരുങ്ങലോടെയായിരുന്നു കാര്യം അവതരിപ്പിച്ചത്.
” സർ… അവരുടെ വിവരങ്ങൾ രെജിസ്റ്റർ ചെയ്തിട്ടില്ല. “
” അതെന്താടോ? ഇവിടെ വന്ന് റൂമെടുക്കുന്നവരുടെ ഐഡന്റിറ്റി എഴുതിവാങ്ങണം എന്നറിയില്ലേ? അതോ ഇങ്ങനെ എഴുതാതെ റൂം തുറന്ന്കൊടുത്ത് ആ കാശ് പോക്കറ്റിൽ ഇടുന്ന ഏർപ്പാട് വല്ലതും ഉണ്ടോ ? ഇവിടെ റൂമെടുത്തവർക്ക് വലതും സംഭവിച്ചാൽ എന്ത് ചെയ്യും. ആരാണെന്ന് വെച്ച് ഹാൻഡിൽ ചെയ്യും പ്രശ്നം? “
ശരത്തിന്റെ അളന്നുതൂക്കിയ ചോദ്യങ്ങൾക്ക് മറുപടി പറയുംമുന്നേ വൈശാഖൻ ജോസഫ് നിൽക്കുന്ന ഭാഗത്തേക്ക് ഒന്ന് നോക്കി.
” അങ്ങനെ അല്ല സർ…. ഇവിടെ വരുന്നവരിൽ പലരും കൂടെ പെണ്ണുങ്ങളുമായിട്ടാണ് വരുന്നത്. ചിലർ ദിവസത്തേക്ക് റൂം എടുക്കുമ്പോൾ ചിലർ ഒന്നോ രണ്ടോ മണിക്കൂറിനു വേണ്ടി റൂം എടുക്കും.
അങ്ങനെ എടുക്കുന്നവരുടെ ഡീറ്റെയിൽസ് ഒന്നും എഴുതിവാങ്ങാറില്ല. അത്… അത് റയാൻ പറഞ്ഞിട്ടായിരുന്നു.
പിന്നെ എന്തെങ്കിലും അബദ്ധം സംഭവിച്ചാലും അച്ഛൻ എസ് പി ആയത്കൊണ്ട് ഊരും എന്നുള്ള ഉറപ്പ് കൂടി ഉള്ളതിനാൽ ഇതൊന്നും രജിസ്റ്റർബുക്കിൽ എഴുതില്ല.
കാര്യം കഴിഞ്ഞുപോകുന്നവർക്ക് അതൊരു സേഫ് ആയത് കൊണ്ട് അങ്ങനെ ഒരുപാട് പേർ ഇവിടെ വരാറുണ്ട്. മണിക്കൂറുകൾക്ക് മാത്രമായി.
ഇന്ന് വന്നവരും അതുപോലെ ഒരു മണിക്കൂറിന് വേണ്ടി ആയതിനാൽ ആണ് ബുക്കിൽ അവരുടെ ഡീറ്റെയിൽസ് എഴുതാതിരുന്നത്. “
വൈശാഖൻ പറഞ്ഞതെല്ലാം കേട്ടപ്പോൾ ശരത് ഒന്ന് മൂളികൊണ്ട് എസ് പി യെ നോക്കി. അയാൾ അതെല്ലാം കേൾക്കുന്നുണ്ടെങ്കിലും ഒരു പ്രതികരണവും ഇല്ലെന്ന് മനസ്സിലായപ്പോൾ ശരത് വൈശാഖന് നേരെ തിരിഞ്ഞു
” ഇപ്പോൾ പെട്ടിക്കടയിൽ വരെ CCTV.ഉള്ള കാലം ആണ്. പക്ഷേ, ഈ റിസോർട്ടിൽ എവിടെയും അത് കാണുന്നില്ല. റിസപ്ഷനിൽ പോലും.. അതെന്താ? “
” സർ… അത് പിന്നെ….. അതും റയാൻ പറഞ്ഞിട്ടാണ് .. “
വൈശാഖൻ ഒറ്റ വാക്കിൽ ഒഴിഞ്ഞുമാറുമ്പോൾ, അതുപോലെ എല്ലാം കേട്ടിട്ടും ഒന്നും പ്രതികരിക്കാത്ത ജോസഫിനെ കൂടി കണ്ടപ്പോൾ ശരത്തിന് ഏകദേശം ആ റിസോർട്ടിൽ നടക്കുന്ന കാര്യങ്ങളെ പറ്റി ഊഹിക്കാമായിരുന്നു.
അതെ സമയം കയ്യിൽ പുകയുന്ന സിഗരറ്റ് നിലത്തേക്കിട്ട് ഷൂ കൊണ്ട് ഞെരിച്ച് അതുവരെയുള്ള ദേഷ്യമെല്ലാം ആ സിഗരറ്റിൽ തീർത്ത് ആർക്കും മുഖം കൊടുക്കാതെ ജോസഫ് മുറിയിലേക്ക് നടക്കുവേ തെല്ല് ആശ്വാസത്തോടെ ഒന്ന് ദീർഘനിശ്വാസം വിട്ടു വൈശാഖൻ.
ജോസഫിന്റെ അമർഷം നിറഞ്ഞ ആ പോക്ക് നോക്കി നിൽക്കുന്ന ശരത്തിനോട് ” സർ എന്നാൽ ഞാൻ പൊക്കോട്ടെ ” എന്നും ചോദിച്ചുകൊണ്ട് വൈശാഖൻ ചുളി വീണ ഷർട്ട് നേരെ ഇടവേ ശരത് അവന് അഭിമുഖമായി തിരിഞ്ഞു , മുഖത്തു നിറഞ്ഞു നിൽക്കുന്ന ഒരു പുഞ്ചിരിയോടെ !
” താൻ വാ…. ഒന്നുരണ്ട് കാര്യങ്ങൾ കൂടി ചോദിക്കാനുണ്ട്. അത് അറിഞ്ഞിട്ട് വേണം താൻ പറഞ്ഞ പോലെ നല്ല ഒരു ബ്ലാങ്കറ്റ് വരുത്തി ഈ തണുപ്പത്ത് ഒന്ന് സുഖമായി ഉറങ്ങാൻ “
പോകാൻ നിൽക്കുന്ന വൈശാഖന്റെ തോളിൽ കയ്യിട്ട് ഒന്ന് കണ്ണിറുക്കി കാണിച്ച് അവനെയും കൂട്ടി റൂമിലേക്ക് നടക്കുമ്പോൾ അവന്റ മുഖത്തും ഭയം മാറി പ്രകാശം പരന്നിരുന്നു.
റൂമിലേക്ക് കയറി വാതിൽ ചാരി ഇന്സൈഡ് ഷർട് പുറത്തേക്കിട്ട് അഴിക്കാൻ തുടങ്ങുമ്പോൾ പിറകിൽ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയായിരുന്നു വൈശാഖൻ.
“.താൻ ഇരിക്കടോ. എന്നിട്ട് ആ ബാഗ് തുറന്ന് അതിൽ ഇരിക്കുന്ന കുപ്പിയിൽ നിന്ന് രണ്ട് ഗ്ളാസ്സിൽ ഓരോ തൊണ്ണൂറ് ഒഴിക്ക്. “
ശരത്തിന്റെ ചിരിയോടെയുള്ള വാക്കുകൾ കേട്ട് ഭയം മാറിയ വൈശാഖൻ ബാഗ് തുറന്ന് അതിൽ നിന്നും പാതി ഒഴിഞ്ഞ കുപ്പിയെടുത് രണ്ട് ഗ്ളാസ്സിലേക്ക് മദ്യം ഒഴിച്ചു. അതിൽ നിന്നും ഒരു ഗ്ലാസ് എടുത്ത് ശരത്തിന് നേരെ നീട്ടുമ്പോൾ അവനത് കൈനീട്ടി വാങ്ങി.
” ഒന്ന് ചിയേർസ് പറയടോ ” എന്നും പറഞ്ഞ് വൈശാഖന് നേരെ ഗ്ലാസ് നീട്ടുമ്പോൾ അതിൽ മുട്ടിച്ചുകൊണ്ട് ചിയേർസ് പറഞ്ഞ വൈശാഖൻ ആ ഗ്ലാസ് ചുണ്ടോട് അടുപ്പിച്ചു.
പക്ഷേ, ചുണ്ടിലേക്ക് ഒരു തുള്ളി ഇറ്റും മുന്നേ ശരത്തിന്റെ ചോദ്യം കേട്ട് പതർച്ചയിൽ കയ്യിലെ ഗ്ലാസ് തുളുമ്പി ദേഹത്തേക്ക് വീണിരുന്നു.
” അപ്പൊ എങ്ങനാ വൈശാഖാ ഇതിന്റെ ഒക്കെ ഡീലിങ്സ്? ചെയ്യുന്ന പണിക്കുള്ള പെർമനന്റ് കൂലിയാണോ അതോ താൻ പറയുന്നതാണോ സംഖ്യ? “
ശരത്തിന്റെ ചോദ്യം കേട്ട ഞെട്ടലിൽ തൂവിയ മദ്യത്തിന്റെ ബാക്കി കയ്യിലിരുന്ന് വിറയ്ക്കുമ്പോൾ വൈശാഖന്റെ നെഞ്ചിടിപ്പിന്റെ താളം പിഴച്ചുകൊണ്ട് ശരത്തിൽ നിന്ന് അടുത്ത ചോദ്യവും വന്നിരുന്നു !
” ഇത്രേം ദിവസം ഇവിടെ തന്നെ ഉണ്ടായിരുന്ന താൻ എന്തിനാണ് ഇന്ന് റയാന്റെ മുറിയിൽ കേറിയതും എല്ലാം കൂടി വലിച്ചുവാരിയിട്ട് എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചതും ? !”
( തുടരും )
ദേവൻ
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Title: Read Online Malayalam Novel ReEntry written by Mahadevan
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission