Skip to content

മലയോരം – 1

malayoram novel

“എടി ഏലികുട്ട്യേ, ആഹാരം  കൊണ്ടുവാടി, നേരം പോയി,കുര്യച്ചൻ  പറമ്പിൽ വന്നു പണി തുടങ്ങി കാണും “

തൊമ്മിച്ചൻ തൂമ്പ എടുത്തു, അതിൽ പറ്റിയിരുന്ന മണ്ണ് ഒരു ചെറിയ കബെടുത്തു കുത്തികളഞ്ഞു, മുറ്റത്തു കൊണ്ടുവച്ചു കൊണ്ട് വീടിനുള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.

“”അവിടെ കിടന്നു തൊള്ളവ തുറക്കാതെ മനുഷ്യ, കൊണ്ടുവരുവാ “

ഏലിയാമ്മ ഭക്ഷണം കൊടുത്തുവിടാനുള്ള പാത്രം കഴുകി എടുത്തു നനഞ്ഞ കൈ ഉടുത്തിരുന്ന ചട്ടയും മുണ്ടിൽ തുടച്ചു കൊണ്ട് പറഞ്ഞു.

“എനിക്ക് രണ്ട് കയ്യേ ഉള്ളു, രണ്ട് പെൺമക്കളുണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല. കുളിക്കാൻ പുഴയിലേക്ക്  പോയതാ. ഇതുവരെ വന്നിട്ടില്ല. കുളിച്ചൊരുങ്ങി കോളേജിൽ പോണം, വരണം, തിന്നണം, ഉറങ്ങണം. അതല്ലാതെ, വീട്ടുജോലികൂടി പഠിക്കണം,അമ്മയെ സഹായിക്കണം, നാളെ ഏതെങ്കിലും വീട്ടിൽ പോയി ജീവിക്കേണ്ടതാണ് എന്നൊരു ചിന്തപോലും ഇല്ല. എല്ലാം എന്റെ തലേ വിധി “

ഏലിയാമ്മ പിറുപിറുത്തു കൊണ്ട്‌ പാത്രത്തിലേക്കു ഭക്ഷണം  കോരിയിട്ടു.

“എന്തോന്നാടി ഈ ഭ്രാന്തിയെ പോലെ  പിറുപിറുക്കുന്നത്. പെണ്മക്കള്  അവരുടെ ഇഷ്ടത്തിന് പഠിച്ചു കളിച്ചു സന്തോഷിച്ചു  നടക്കട്ടെടി. ഈ പ്രായത്തിലല്ലേ ഇതൊക്കെ പറ്റൂ. നാളെ ആരുടെയെങ്കിലും ഭാര്യമാരായി കഴിഞ്ഞാൽ ഇതൊക്കെ പറ്റുമോ.?പിന്നെ  പ്രായമായി  എന്നൊരു ആശങ്ക  നിനക്കുണ്ട്. അതിൽ നിന്നാണ് ഇ ദേഷ്യവും സങ്കടവും വരുന്നത്.പക്ഷെ എന്റെ മനസ്സിൽ  ഇപ്പോഴും നീ ആ പഴയ പതിനെട്ടുകാരി ഏലിപ്പെണ്ണാ.പാമ്പനാർ പാപ്പിയുടെ ഇളയമോൾ “

അടുക്കളയിലേക്ക്  കയറിവന്ന തൊമ്മിച്ചൻ പറഞ്ഞു കൊണ്ട് ഏലിയാമ്മയുടെ  പുറകിൽ ചെന്നു  നിന്നു.

“അയ്യടാ,ദേ ഞാൻ ധൃതി വച്ചു പണി ചെയ്തോണ്ടിരിക്കുമ്പോൾ ശൃംഗരിക്കാൻ വരരുതെന്നു നിങ്ങളോട് നൂറുവട്ടം പറഞ്ഞിട്ടുള്ളതാ. സമയവും സന്ദർഭവും പ്രായവും നോക്കാതെയാ നിങ്ങടെ ഓരോ സംസാരവും  പ്രവൃത്തിയും.”

ഏലിയാമ്മ കുപ്പിയിലേക്ക് തിളപ്പിച്ച്‌ ആറിച്ച ഏലക്കവെള്ളം നിറച്ചു കൊണ്ട് പറഞ്ഞു.

“പിന്നെ, ഇന്ന് കാണുന്നവരെ നാളെ ഭൂമിയിൽ കാണാത്ത കാലമാ ഇപ്പൊ.ആർക്കും ഒരു ഉറപ്പുമില്ല ജീവിതത്തെ കുറിച്ച്. നാളെ നേരം പുലർന്ന്  കിടക്കപ്പായേൽ നിന്നും കണ്ണ് തൊറന്നു  എഴുനേറ്റാൽ ജീവനോടെ ഉണ്ട്  എന്ന് പറയാം. അത്രതന്നെ. അതിനിടക്കുള്ള ഇതുപോലെ ഉള്ള കെട്ടിപ്പിടുത്തവും സ്നേഹപ്രകടങ്ങളും ഒക്കെ അല്ലേടി  നമ്മുടെ ജീവിതത്തിലെ സന്തോഷം എന്ന് പറയുന്നത് .പിന്നെ കെട്യോളോട് സ്നേഹക്കൂടുതൽ തോന്നുമ്പോൾ ചിലപ്പോ ഇതുപോലെയൊക്കെ ശൃംഗാരം വന്നെന്നിരിക്കും. വികാരം തോന്നിയോ, അത് മനസ്സിൽ വച്ചു വീർപ്പുമുട്ടിക്കാതെ അങ്ങ് പ്രകടിപ്പിച്ചേക്കണം. അതാ എന്റെയൊരു രീതി”

പറഞ്ഞു കൊണ്ട് തൊമ്മിച്ചൻ ഏലിയാമ്മയുടെ മുടിയിലൂടെ കയ്യോടിച്ചു.

“വികാരം പ്രകടിപ്പിച്ചു, പ്രകടിപ്പിച്ചു പിള്ളേര് രണ്ടായി. ഇനി ഉള്ളതൊക്കെ അങ്ങ് മനസ്സിൽ തന്നെ വച്ചോണ്ടിരിക്കുന്നതാ നല്ലത്. ഭർത്താവിന്റെ വികാരപ്രകടനത്തിൽ ഭാര്യ മരിച്ചു  എന്നുള്ള വാർത്തയാ കൂടുതലും പത്രത്തിലും ടി വി യിലും വരുന്നത് . നിങ്ങക്കാണെങ്കിൽ  പ്രായമായി എന്നൊരു ചിന്ത പോലുമില്ല, അതാ എന്റെ പേടി  “

ഏലിയാമ്മ വെള്ളം നിറച്ച കുപ്പി അടപ്പിട്ടു മുറുക്കികൊണ്ട് പറഞ്ഞു.

“എടീ ഏലിയാമ്മേ, സ്നേഹിക്കുന്ന മനസ്സുകളിൽ വാർദ്ധക്യം ബാധിക്കില്ലന്ന് ആരോ പറഞ്ഞിട്ടുണ്ട്. ദേഹത്തെ  പ്രായം ആക്രമിച്ചാലും മനസ്സ് എപ്പോഴും ചെറുപ്പം ആയിരിക്കുന്നിടത്തോളം മനുഷ്യന് സ്നേഹം  പരസ്പരം പകർന്നു കൊടുക്കാനുള്ള ആവേശം കൂടുതൽ ആയിരിക്കും “

പറഞ്ഞിട്ട് തൊമ്മിച്ചൻ പുറകിലൂടെ  ഏലിയമ്മയെ കെട്ടിപിടിച്ചു.

“എന്തോന്നാ മനുഷ്യ ഈ കാണിക്കുന്നത്.നിങ്ങക്ക് ആവേശം കൂടി പരവേശം ആയോ? കെട്ടിച്ചു വിടാൻ പ്രായമായ രണ്ട് പെണ്മക്കളാ ഉള്ളത്. അതുങ്ങള് കണ്ടോണ്ടു വന്നാൽ ഓർക്കും വയസ്സാം കാലത്തു ഈ കാർന്നോന്മാർക്ക് എന്തിന്റെ ഏനകേട് ആണെന്ന്. കയ്യെടുത്തു അങ്ങ് മാറി നിൽക്ക് “

ഏലിയമ്മ കുതറികൊണ്ട് തിരിഞ്ഞു.

“രാവിലെ പണിക്കു പോകുന്നതിനു മുൻപ് നിന്നെ ഇങ്ങനെ അമർത്തി ഒന്ന്‌ കെട്ടിപിടിച്ചാൽ ഒരു ഉന്മേഷമാ ജോലിചെയ്യാൻ.  നീയാ എന്റെ ഒരു ശക്തി “

തൊമ്മിച്ചൻ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ പുറകിൽ കാൽപെരുമാറ്റം. തിരിഞ്ഞു നോക്കിയപ്പോൾ  പുറകിൽ നിൽക്കുന്നു ചിരിച്ചു കൊണ്ട് ഷേർലിയും ഷൈനിയും!

“അമ്മച്ചിയെ..ഞങ്ങൾ ഒന്നും കണ്ടില്ല, ഞങ്ങളെ കണ്ടു ചമ്മി ചമ്മന്തി ആകണ്ട . ചാച്ചന്  അമ്മച്ചിയെ അല്ലാതെ വഴിയിലൂടെ പോകുന്ന പെണ്ണുങ്ങളെ കെട്ടിപ്പിടിക്കാൻ പറ്റുമോ.പിന്നെ എന്നതാ ഉണ്ടാക്കിയത് രാവിലെ കഴിക്കാൻ, ഞങ്ങക്ക് പോകാൻ സമയമാകുന്നു “

ഷൈനി പറഞ്ഞത്‌ കേട്ട് തൊമ്മിച്ചൻ ജാള്യത്തോടെ  ഏലിയാമ്മയുടെ ശരീരത്തിൽ നിന്നും കയ്യെടുത്തു പെണ്മക്കളെ നോക്കി.

“അങ്ങനെ പറഞ്ഞു കൊടുക്കെന്റെ മക്കളെ. ഞാൻ സ്നേഹം കൂടുമ്പോൾ എന്റെ കെട്യോളെ കെട്ടിപ്പിടിക്കും അതിലെന്താ തെറ്റ്,രണ്ട് പെണ്മക്കളുടെ അമ്മ ആയിട്ടും അവളുടെ നാണം മാറിയിട്ടില്ല അല്യോടി ഏലിപെണ്ണെ  “

പറഞ്ഞിട്ട് ഏലിയാമ്മ തയ്യാറാക്കി  വച്ച ഭക്ഷണപാത്രവും കുപ്പിയിൽ നിറച്ചുവച്ച ഏലക്ക ഇട്ടു തിളപ്പിച്ച വെള്ളവും എടുത്തുകൊണ്ടു പുറത്തേക്കു നടന്നു.

“നല്ല പറ്റിയ ചാച്ചനും മക്കളും. കൊള്ളാം. പിന്നെ ഇഡലിയും ചായയും ഉണ്ടാക്കി വച്ചിട്ടുണ്ട്. പാത്രം കഴുകി എടുത്തു കഴിക്കാൻ വയ്യേ നിനക്കൊന്നും. ഈ വയസാംകാലത്തു രാവിലെ എഴുനേറ്റു ഇതൊക്കെ ഉണ്ടാക്കി പെറുക്കി വയ്ക്കുന്ന പാട് എനിക്കെ അറിയത്തൊള്ളൂ. നീയൊക്കെ പോത്തുപോലെ വളർന്നതല്ലാതെ ഈ വീട്ടിൽ എന്തെങ്കിലും ഒരു ഉപകാരം ഉണ്ടോ. ങേ “

ഏലിയാമ്മ പരിഭവത്തോടെ ചോദിച്ചു കൊണ്ട്  ഷേർളിയെയും ഷൈനിയെയും    നോക്കി.

“ഞങ്ങടെ പൊന്നമ്മച്ചി അല്ലെ ഇത്.ഞങ്ങടെ ഭാഗ്യമാ ഇങ്ങനെ ഒരു ചാച്ചനും അമ്മച്ചിയും “

ഷേർലിയും ഷൈനിയും ഏലിയമ്മയെ കെട്ടി പിടിച്ചു ഇരുകവിളിലും ഓരോ ഉമ്മ കൊടുത്തു.

“മതി സുഖിപ്പിച്ചത്, പോയി ആഹാരം എടുത്തു കഴിച്ചു പോകാൻ നോക്ക് “

ഏലിയാമ്മ വെള്ളകുടവും എടുത്തു പുറത്തേക്കു നടന്നു.

ഷേർലി തൊമ്മിച്ചന്റെ പുറകെ വരാന്തയിലേക്ക്  ചെന്നു.

“ചാച്ചാ, ഇന്ന് കോളേജിൽ എക്സാം ഫീസ് അടക്കാനുണ്ട്.നാളെ പ്രാക്ടിക്കൽ ക്ലാസ് തുടങ്ങുകയാ”

തൂമ്പ എടുത്തു തോളത്തു വച്ചുകൊണ്ട് തിരിഞ്ഞ തൊമ്മിച്ചനോട്  ഷേർലി പറഞ്ഞു.

“കഴിഞ്ഞ ആഴ്ചയല്ലേ മോള്  ഫീസ് അടക്കാണെന്നും പറഞ്ഞു പൈസ മേടിച്ചോണ്ടു പോയത്.  “

തൊമ്മിച്ചൻ  സംശയത്തോടെ ഷേർളിയെ നോക്കി.

“ചാച്ചാ, അത് എനിക്ക് ആയിരുന്നു “

പുറത്തേക്കിറങ്ങി വന്ന ഷൈനി ഷേർളിയെ പിന്തുണച്ചു.

“ങ്ങാ, എന്നാ അമ്മച്ചിയോടു ചോദിച്ചു മേടിച്ചോ. അവളല്ലേ ഇവിടുത്തെ പണപ്പെട്ടി. ചാച്ചൻ പോകുവാ,”

തൊമ്മിച്ചൻ മുറ്റത്തെ നടക്കല്ലുകളിറങ്ങി നടന്നു പോകുന്നതും നോക്കി ഷേർലിയും ഷൈനിയും നിന്നു.

മൂന്നാർ രാജമല ഭാഗത്തു ഉണ്ടായ ഉരുൾ പൊട്ടലിനെ  തുടർന്നു പൊന്മുടി ഭാഗത്ത് കൊന്നത്തടിയിൽ   കുടിയേറി പാർത്തവരാണ് തൊമ്മിച്ചനും കുര്യച്ഛനും .അയൽ വാസികളും ഉറ്റ സുഹൃത്തുക്കളുമായ അവരുടെ ഭാര്യമാരും മക്കളും പരസ്പരം നല്ല ബന്ധത്തിലാണ്. രണ്ടുപേരുടെയും വീടുകൾ തമ്മിൽ അരകിലോമീറ്റർ ദൂരമേ ഉള്ളു.  ഇവിടെ എത്തിയ അവർ മലയടിവാരത്തിൽ കുറച്ച് കൃഷിഭൂമി വാങ്ങി അതിൽ കൃഷി ചെയ്യുന്നു.അതിന്റെ പടിഞ്ഞാറു ഭാഗത്തുകൂടി ആണ് പന്നിയാർ ആറ്  ഒഴുകുന്നത്. പെരിയാറിന്റെ പോഷകനദി ആണ് പന്നിയാർ.തൊമ്മിച്ചൻ വിവാഹം കഴിച്ചത് പാമ്പനാർ പാപ്പി എന്ന ചട്ടമ്പിയുടെ മകളെ ആയിരുന്നു. ഏലിയാമ്മ . അവർക്കു രണ്ടുമക്കൾ ഷേർലിയും ഷൈനിയും. ഓരോ വയസ്സിന്റെ വിത്യാസം മാത്രമേ അവർ തമ്മിലുള്ളു.ഷേർലി  കോട്ടയത്ത്‌ നഴ്സിംഗ് പഠിക്കുന്നു. ശനിയാഴ്ച വീട്ടിൽ വരും. തിങ്കളാഴ്ച രാവിലെ മടങ്ങും. അതാണ് പതിവ്.

കുര്യച്ഛന്റെ  ഭാര്യ കുഞ്ഞന്നാമ്മ, അവർക്കു ഒരാണും പെണ്ണും. മൂത്തയാൾ റോജി, മെഡിക്കൽ റെപ്രെസെന്റിറ്റീവ്  ആയി കോട്ടയത്ത്‌  ജോലി ചെയ്യുന്നു. റോജിയുടെ ഇളയവൾ ജിൻസി ഷൈനിയുടെ കൂടെ ഒരേ കോളേജിൽ  ഡിഗ്രിക്ക്  പഠിക്കുന്നു .

റോജിയും ഷേർലിയും തമ്മിൽ ഇഷ്ടത്തിൽ ആണ്. ഇരുവീട്ടുകാർക്കും അതിനോട് താത്പര്യവും  ആണ്.

എല്ലാ ശനിയാഴ്ചയും കോട്ടയത്ത്‌ നിന്നും ജോലി കഴിഞ്ഞു ഷേർളിയെയും കൂട്ടിയാണ് തന്റെ ബുള്ളറ്റിൽ റോജി  വീട്ടിലേക്കു വരുന്നത്. അതുപോലെ തിങ്കളാഴ്ച പോകുമ്പോഴും ഇരുവരും ഒരുമിച്ചായിരിക്കും. നഴ്സിംഗ് പഠനം കഴിഞ്ഞു അവരുടെ വിവാഹം നടത്താനാണ് ഇരുവീട്ടുകാരും തീരുമാനിച്ചിരിക്കുന്നത്.

ഷേർലി ഒരുങ്ങി ഇറങ്ങിയപ്പോഴേക്കും റോജി ജിൻസിയുമായി   ബുള്ളറ്റിൽ വന്നു .ജിൻസിയെ അവിടെ ഇറക്കി ഷേർലിയുമായി കോട്ടയത്തേക്ക് പോകാനാണ് വരവ്.

“റോജി.. ഇഡ്ഡലി  എടുക്കട്ടെ.. കഴിച്ചിട്ട് പോ”

ഏലിയാമ്മ റോജിയോട് പറഞ്ഞു.

“വീട്ടീന്ന് കഴിച്ചു ഏലിയാമ്മച്ചി. പോകുവാ. കോട്ടയം വരെ ഇതോടിച്ചു പോകണ്ടേ.താമസിച്ചാ ശരിയാകത്തില്ല.എനിക്കുള്ളത്  കൂടി ഇവൾക്ക് കൊടുത്തേക്ക്, നല്ല പുള്ളിന്ഗാ തീറ്റയിൽ  “

റോജി പെങ്ങൾ ജിൻസിയെ ചൂണ്ടി പറഞ്ഞു.

“റോജിച്ചായാ, ഈ വളിച്ച കോമഡി രാവിലെ തന്നെ ഇറക്കി നാണം കെടണോ “

ജിൻസിയുടെ മറുചോദ്യം കേട്ടു ചമ്മിയ മുഖഭാവത്തോടെ റോജി ഷേർളിയെ നോക്കി.

” ഷേർലി വാ കേറ്, നമുക്ക് പോയേക്കാം. ഇവിടെ നിന്നാൽ ഇങ്ങനെ പലതും കേൾക്കേണ്ടി വരും ഇവളുടെ വായിൽ നിന്നും “

പറഞ്ഞു കൊണ്ട് റോജി ബുള്ളറ്റ് സ്റ്റാർട്ടാക്കി. ഷേർളിയെയും കൊണ്ട് ബുള്ളെറ്റ് അകന്നുപോകുന്നതും നോക്കി നിന്ന ജിൻസി ഏലിയമ്മയെ നോക്കി.

“ഏലിയാമ്മച്ചി, ഇവരെ ഇങ്ങനെ വിട്ടാൽ പറ്റില്ല കേട്ടോ,വല്ല കുരുത്തക്കേടും കാണിക്കുന്നതിനു മുൻപ് രണ്ടിനെയും പിടിച്ചു കെട്ടിക്കണം “

ജിൻസി പറയുന്നത് കേട്ടു ഷൈനി ചിരിച്ചു.

“ഞാനും ഇതൊക്കെ ഇവിടെ പറയാറുണ്ട് ജിൻസി. ആര് കേൾക്കാൻ “

ഷൈനി പറയുന്നത് കേട്ടു ഏലിയാമ്മ അവളെ നോക്കി.

“കേറി പോടീ അകത്ത്. അവളുടെ ഉപദേശം “

ഏലിയാമ്മ മുറ്റത്തു ഭിത്തിയിൽ ചാരിവച്ചിരുന്ന മുറ്റം അടിക്കുന്ന  കുറ്റിചൂൽ എടുത്തു കൊണ്ട് ഷൈനിക്ക് നേരെ ചെന്നു.

“വേഗം വാടി, അല്ലെ അമ്മച്ചിയുടെ കയ്യിൽ നിന്നും ചൂലിനടി കിട്ടും എനിക്ക്”

ജിൻസിയുടെ കയ്യിൽ പിടിച്ചു കൊണ്ട് ഷൈനി വീടിനുള്ളിലേക്ക് ഓടി

ഏലിയാമ്മ ചൂല് ഭിത്തിയിൽ ചാരി വച്ചു എന്തോ ആലോചിച്ചു കുറച്ചു നേരം മുറ്റത്തു നിന്നശേഷം അടുക്കളയിലേക്ക് പോയി.

********************************************

ജിക്കുമോന്റെ കയ്യിൽ പിടിച്ചു റോസ്‌ലിൻ ടീച്ചർ വേഗത്തിൽ നടന്നു.

“മോനെ വേഗത്തിൽ നടക്ക്, അല്ലെ സ്കൂളിൽ എത്താൻ താമസിക്കും. ഹെഡ്മാസ്റ്റർ വഴക്ക് പറയും “

വഴിയരുകിൽ പാറി നടക്കുന്ന തുമ്പികളെയും പല നിറങ്ങളിൽ വിരിഞ്ഞു നിൽക്കുന്ന  പൂക്കളെയും കൗതുകത്തോടെ  നോക്കി പതുക്കെ നടക്കുന്ന ജിക്കു മോനോട് റോസ്‌ലിൻ പറഞ്ഞു.

അതുകേട്ടവൻ റോസ്‌ലിന്റെ കൂടെ വേഗത്തിൽ നടക്കാൻ തുടങ്ങി.

സെന്റ് വിൻസെന്റ്   ഇംഗ്ലീഷ് മീഡിയം സ്കൂളിലെ   ടീച്ചർ ആണ് റോസ്‌ലിൻ. മകൻ ജിക്കു ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു.

വഴിയരുകിലൂടെ വേഗത്തിൽ നടക്കുമ്പോൾ ആണ് പെട്ടന്ന് പുറകിൽ ഒരു ഹോണടി ശബ്‌ദം.അതുകേട്ടു ജിക്കുമോൻ പേടിച്ച് റോസ്‌ലിന്റെ സാരിയിൽ ചുറ്റിപ്പിടിച്ചു.

ഒരു താർ ജീപ്പ് വന്നു റോസ്‌ലിന്റെ അടുത്ത് നിന്നു.

“ടീച്ചറെ സ്കൂളിലേക്കല്ലേ, ഞാനങ്ങോട്ടാ, കേറിക്കോ സ്കൂളിന്റെ മുൻപിൽ ഇറക്കാം “

റോസ്‌ലിനെ അടിമുടി കണ്ണുകൊണ്ടുഴിഞ്ഞു വരദൻ പറഞ്ഞു.

അതുകണ്ടു അറപ്പോടെ അയാളെ നോക്കി റോസ്‌ലിൻ.

“നോക്കി ദഹിപ്പിക്കാതെ ടീച്ചറെ.വല്ല്യ സാവിത്രി ഒന്നുമാകണ്ട. ഈ വരദൻ മനസ്സുകൊണ്ട് ഒന്നാഗ്രഹിച്ചാൽ അത് നടത്തിയിരിക്കും. സ്വയം വഴങ്ങിയാൽ അധികം കേടുപ്പാടില്ലാതെ  ആരുമറിയാതെ കാര്യം സാധിച്ചു ഞാനങ്ങു പോയേക്കാം. ഇല്ലെങ്കിൽ പൊക്കിയെടുത്തോണ്ട് പോയി എനിക്ക് തോന്നുന്നപോലെ ഒക്കെ ഞാൻ പെരുമാറിയെന്നു വരും. വഴങ്ങാത്ത കിളികളെ ഓടിച്ചിട്ട് പിടിച്ചു പപ്പും പൂടയും പറിച്ചെടുക്കുന്നതും എനിക്കൊരു ഹരമാ. അതുകൊണ്ട് ആലോചിച്ചു തീരുമാനിച്ചോ “

വരദൻ, പേടിച്ച് തന്നെ തുറിച്ചു നോക്കുന്ന ജിക്കു മോനെ നോക്കി കണ്ണുരുട്ടി. അതുകണ്ടു അവൻ പേടിച്ച് റോസ്‌ലിന്റെ  പിന്നിൽ ഒളിച്ചു.

” തന്റെ ആഗ്രഹം ഞാൻ ജീവിച്ചിരിക്കുമ്പോൾ നടക്കത്തില്ല. നിങ്ങളെ കാണുന്നത് തന്നെ എനിക്കറപ്പാണ്. എന്നെയും എന്റെ മോനെയും ശല്യപെടുത്തരുത്.പ്ലീസ്  ഞങ്ങളെങ്ങനെയെങ്കിലും ജീവിച്ചോട്ടെ, ഇല്ലെങ്കിൽ എനിക്ക് പോലിസ് സ്റ്റേഷനിൽ പരാതി കൊടുക്കേണ്ടി വരും  “

റോസ്‌ലിൻ വരദന് നേരെ രൂക്ഷമായി നോക്കികൊണ്ട്‌ പറഞ്ഞു.

“ങേ,നീ എന്താ പറഞ്ഞത് നിനക്കെന്നെ അറപ്പാണെന്നോ. ശരി . നിന്റെ അറപ്പു താമസിക്കാതെ ഞാൻ മാറ്റിത്തരാം.പിന്നെ പോലീസിൽ പരാതി കൊടുത്താൽ അവരെന്നെ മൂക്കിൽ വലിച്ചു കേറ്റുമോ. ങേ. ഞാൻ ചെങ്കൽ ഭദ്രന്റെ അനിയനാ. അതോർത്തോ. പിന്നെ നിന്റെ ഈ ശരീരം ഞാൻ മോഹിച്ചതാണെങ്കിൽ  നേടിയിരിക്കും ,അതല്ല  ഇനി നിന്റെ  ജീവനില്ലാത്ത ശരീരമാണെങ്കിൽ പോലും അതിൽ ഞാനെന്റെ ആഗ്രഹം സാധിച്ചിരിക്കും.”

പല്ലുകടിച്ചു കൊണ്ട് പറഞ്ഞിട്ട് വരദൻ ജീപ്പ് സ്റ്റാർട്ട്‌ ചെയ്തു.

“എടാ കുട്ടി പിശാച്ചെ, നിന്റെ അമ്മക്ക് നല്ല ബുദ്ധി വയ്ക്കാൻ നീ കൂടി പ്രാർത്ഥിച്ചോ. അല്ലേൽ നീ ആരുമില്ലാത്തവനായി  ഇതിലെ തെണ്ടി നടക്കേണ്ടി വരും “

പേടിച്ച് നിൽക്കുന്ന ജിക്കു മോന്റെ നേരെ നോക്കി   പറഞ്ഞു കൊണ്ട് ജീപ്പ് മുൻപോട്ടെടുത്തു.

വഴിയിലൂടെ പോയ യാത്രകാരിൽ പലരും റോസ്‌ലിനെയും ജിക്കുവിനെയും സഹതാപത്തോടെ നോക്കി കടന്നു പോയി.

“അവനൊരു വൃത്തികെട്ടവനാ മോളേ, കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെ അവന്റെ കണ്ണിലുടാക്കിയാൽ പിന്നെ അവർക്കു രക്ഷയില്ല. ചെങ്കൽ ഭദ്രന്റെ അനിയൻ ആയത് കൊണ്ട് ആർക്കും എതിർക്കാനുള്ള ധൈര്യവും ഇല്ല. അവന്റെ കണ്ണിൽ പെടാതെ സൂക്ഷിക്കുക. എത്രയോ പെൺകുട്ടികളെ കാണാതെ പോയിട്ടുണ്ട് ഈ പൊന്മുടിയിൽ  നിന്ന് , അതിന്റെ എല്ലാം പുറകിൽ ഇവനാ,അവരുടെയെല്ലാം ശവങ്ങൾ ആ കൊക്കയിൽ കാണും. ഇവനെ പോലെയുള്ളവനെ കർത്താവ് പനപോലെ വളർത്തുകയാണല്ലോ എന്നോർക്കുമ്പോഴാ. കാലമാടൻ. “

കവലയിൽ മുറുക്കാൻ കട നടത്തുന്ന സരോജിനിയമ്മ വേവലാതി പെട്ടു റോസ്‌ലിനോട് പറഞ്ഞിട്ട് മുൻപോട്ടു പോയി.

“അമ്മേ, അയാളെന്തിനാ കാണുമ്പോൾ ഒക്കെ നമ്മളുമായി വഴക്കിനു വരുന്നത്. മോനു അയാളെ കാണുന്നത് തന്നെ പേടിയാ “

ജിക്കുമോൻ പറയുന്നത് കേട്ടു റോസ്‌ലിൻ അവന്റെ മുഖത്തേക്ക് നോക്കി. ആ മുഖത്തു ഭയം കൊണ്ട് കണ്ണുകൾ നിറഞ്ഞിരുന്നു.

“ന്റെ മോൻ പേടിക്കണ്ട കേട്ടോ, നമുക്ക് പോകുന്ന വഴി പോലിസ് സ്റ്റേഷനിൽ പോയി പരാതി കൊടുക്കാം അയാൾക്കെതിരെ. മോൻ വിഷമിക്കാതെ വാ. അമ്മയല്ലെ മോന്റെ കൂടെ ഉള്ളത്.മോനെ ആരും ഒന്നും ചെയ്യില്ല “

ജിക്കു മോന്റെ കണ്ണുകൾ തുടച്ചു കൊടുത്തു, അവന്റെ കൈകളിൽ പിടിച്ചു മുൻപോട്ടു നടന്നു.

പോലിസ് സ്റ്റേഷനിൽ ചെന്നു കംപ്ലൈന്റ് എഴുതി എസ് ഐ മോഹനന്റെ കയ്യിൽ കൊടുത്തു.പരാതി വായിച്ചു നോക്കിയ ശേഷം എസ് ഐ മോഹനൻ റോസ്‌ലിനെ നോക്കി.

“ടീച്ചറെ ഈ പരാതി ഞാനിവിടെ വയ്ക്കാം. സി ഐ അദ്ദേഹം വരുമ്പോൾ കൊടുക്കാം. പക്ഷെ ടീച്ചറിന്റെ അറിവിലേക്കായി പറയുകയാ.ഇതുകൊണ്ടൊന്നും ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല. ചെങ്കൽ ഭദ്രന്റെ അനിയന്  എതിരായി സി ഐ കേസ് എടുക്കില്ല. ഞാനുൾപ്പെടെ ഉള്ളവർക്ക് അയാളെ  ഭയമാണ്. എതിർത്തു എന്തെങ്കിലും ചെയ്‌താൽ അനുഭവിക്കുന്നത് വീട്ടിൽ ഇരിക്കുന്ന ഭാര്യയും മക്കളും ആയിരിക്കും. നിയമത്തെ വിലക്ക് വാങ്ങുന്നവൻ ആണ് ഭദ്രൻ.ടീച്ചർ അയാളുടെ കണ്ണിൽ പെടാതെ നടക്കാൻ നോക്ക് “

എസ് ഐ മോഹനൻ പറയുന്നത് കേട്ടു റോസ്‌ലിൻ അമ്പരന്നു പോയി.

“അപ്പോ സാറെ, ഞങ്ങളെ പോലെ ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ത്രികൾക്ക് ഇവിടെ മാനം മര്യാദക്ക് ജീവിക്കാൻ പറ്റത്തില്ലേ.”

റോസ്‌ലിൻ അമർഷം പൂണ്ടു ചോദിക്കുന്നത് കേട്ടു എസ് ഐ മോഹനൻ ഒന്ന്‌ ചിരിച്ചു.

“ദേഹത്ത് കാക്കി ഉണ്ടെന്നേ ഉള്ളു ടീച്ചറെ. മുകളിലിരിക്കുന്നവർ കൽപ്പിക്കുമ്പോൾ കീ കൊടുത്ത പാവയെ പോലെ അനുസരിക്കുക. അത്രയുമേ ഉള്ളു. വെറും ഒരു എസ് ഐ ആയ എനിക്ക് ഒറ്റയ്ക്ക്  ഇവരെ എതിർക്കുവാൻ പറ്റുമോ? അങ്ങനെ എങ്ങാനും ചെയ്‌താൽ അവരെല്ലാം കൂടി എന്റെ കുടുംബം തകർത്തു കളയും. രണ്ട് പൊടി കുഞ്ഞുങ്ങള എനിക്ക്. അതും പെൺകുഞ്ഞുങ്ങൾ. ഇനി ടീച്ചർ പറ. ഞാനിതിൽ എന്താ ചെയ്യേണ്ടത്. നിയമം എന്നത് കാശും അധികാരവും ഉള്ളവന്റെ കൂടെ മാത്രമേ നിൽക്കൂ.അതുകൊണ്ട് ടീച്ചർ ഒന്ന്‌ സൂക്ഷിച്ചു നടക്ക് “

എസ് ഐ യുടെ വാക്കുകൾ കേട്ടു ഒന്നും മിണ്ടാതെ  റോസ്‌ലിൻ ജിക്കുമോന്റെ കയ്യും പിടിച്ചു റോഡിലേക്കിറങ്ങി.. റിട്ടേൺ വന്ന ഒരു ഓട്ടോയിൽ കയറി സ്കൂളിലേക്ക് പോയി.

ക്ലാസ്സെടുക്കുമ്പോഴും ഉച്ചക്ക് ഇന്റർവെൽ സമയത്തു സ്റ്റാഫ്‌ റൂമിൽ വന്നിരിക്കുമ്പോഴും റോസ്‌ലിന്റെ മനസ്സിൽ ഈ നാട്ടിൽ എങ്ങനെ പിടിച്ചു നിൽക്കും എന്നതായിരുന്നു. വരദനെക്കുറിച്ച് ഓർക്കുമ്പോൾ ഉള്ളിൽ ഭയവും ഇരട്ടിക്കുന്നുണ്ട്.ഒരു പെണ്ണായ തനിക്കു ഇവരെ എതിർത്തു എത്രനാൾ ഈ നാട്ടിൽ നിൽക്കാൻ പറ്റും.  ജോലി കളഞ്ഞു ഇവിടെ നിന്നും എങ്ങോട്ടെങ്കിലും പോകാം എന്ന് വച്ചാൽ  എങ്ങനെ കഴിയും. ജിക്കുമോനെ എങ്ങനെ വളർത്തും.

“അമ്മേ ചോറ് താ.. മോനു വിശക്കണ്.”

ജിക്കുമോന്റെ ശബ്‌ദം കേട്ടാണ് റോസ്‌ലിൻ ചിന്തയിൽ നിന്നും ഉണർന്നത്.

“അമ്മ എന്താ കരയുവാണോ? എങ്കി മോനും കരയും “

റോസ്‌ലിന്റെ മുഖത്തേക്ക് നോക്കി ഇരുന്ന അവന്റെ കണ്ണുകളും നിറയാൻ തുടങ്ങി.

“അമ്മ കരയുകയൊന്നുമല്ലെടാ മോനു, നീ എന്തിനാ കരയുന്നത്. എന്റെ പൊന്നുമോൻ കരയണ്ട കേട്ടോ. അമ്മ ചോറെടുത്തു തരാം “

ജിക്കുമോനെ വാഷ്ബസന്റെ അടുത്ത് കൊണ്ടുപോയി കൈയും മുഖവും വായും കഴുകിച്ചു ബെഞ്ചിൽ കൊണ്ടിരുത്തി. സാരിയുടെ തുമ്പുയർത്തി നിറഞ്ഞിരുന്ന തന്റെ കണ്ണുകൾ തുടച്ചു ലഞ്ച് ബോക്സ്‌ തുറന്നു ചോറും കറികളും എടുത്തു  ചെറു ഉരുളകളായി ഉരുട്ടി ജിക്കു മോന്റെ വായിൽ വച്ചു കൊടുത്തു.

“ജിക്കുമോനെ… ചോറുണ്ണുവാണോ “

റൂമിലേക്ക്‌ കയറിവന്ന ലത ടീച്ചർ വാത്സല്യത്തോടെ  ജിക്കുമോന്റെ  തലയിൽ തലോടി കൊണ്ട് ചോദിച്ചു .ജിക്കുമോൻ അവന്റെ ചെറിയ കൊച്ചരി പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ട് തലയാട്ടി.

“എന്താ ടീച്ചറിന്റെ മുഖത്തൊരു സങ്കടം “

തന്റെ ഭക്ഷണപൊതിയുമെടുത്തു  ലത റോസ്‌ലിന്റെ അടുത്ത് വന്നിരുന്നു.

“പതിവ് കാര്യം തന്നെ ലത ടീച്ചറെ “

റോസ്‌ലിൻ ഒരു ഉരുളകൂടി എടുത്തു ജിക്കുമോന്റെ വായിൽ നിർബന്ധിച്ചു വച്ചു കൊടുത്തു കൊണ്ട് പറഞ്ഞു.

“എനിച്ചു മതിയമ്മേ , വയറ് നിറഞ്ഞു. ഞാൻ കളിക്കാൻ പോകുവാ. ജൂലിമോൾ ഇപ്പൊ വരും “

ജിക്കുമോൻ ബെഞ്ചിൽ നിന്നും ചാടിയിറങ്ങി.

“മോൻ മുഖവും വായും പോയി കഴുകിയിട്ടു പോ. കുറച്ച് വെള്ളവും  കുടിക്ക്, അല്ലെ ചോറ് ഇറങ്ങിപ്പോകതില്ല”

വീട്ടിൽ നിന്നും കൊണ്ടുവന്ന വാട്ടർ ബോട്ടിൽ തുറന്നു ഗ്ലാസിൽ വെള്ളം  ഒഴിച്ചു ജിക്കുമോനെ കുടിപ്പിച്ചു. ചുണ്ടുകൾ തുടച്ചു കൊടുത്തു.

“ഇനി മോൻ പോയി കളിച്ചോ. ജൂലിമോൾടെ കൂടെ “

അതുകേട്ടു ജിക്കുമോൻ സന്തോഷത്തോടെ  പുറത്തേക്കോടി.അവന്റെ ക്ലാസ്സിലെ കളികൂട്ടുകാരി ആണ് ജൂലി.

“എന്താ റോസ്‌ലിൻ ടീച്ചറെ . വീണ്ടും ആ വൃത്തികെട്ടവൻ വരദൻ വന്നു ശല്യപെടുത്തിയോ “?

റോസ്‌ലിന്റെ മുഖത്തേക്ക് ആകാംഷയോടെ നോക്കി ലത.

“അയാളുടെ ശല്യം സഹിക്കാൻ പറ്റണില്ലാ  ലത ടീച്ചറെ.പോലിസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ ചെന്നപ്പോൾ അവിടെ ഉള്ളവർക്ക് അയാൾക്കെതിരെ കേസ് എടുക്കാൻ ഭയം.എനിക്കും എന്റെ മോനും ഇ നാട്ടിൽ ജീവിക്കണ്ടേ . എന്റെ ജീവിതമോ ഇങ്ങനെ ആയി. എന്റെ മോനെ എങ്കിലും എനിക്ക് നന്നായി വളർത്തണം. ഈ ജോലിയാ ഇപ്പോൾ ഉള്ള ഏക ആശ്രയം.”

റോസ്‌ലിൻ നിറഞ്ഞു വന്ന കണ്ണുകൾ കൈവിരൽ തുമ്പുകൊണ്ട് തുടച്ചു.

“എന്താ റോസ്‌ലിൻ ടീച്ചറെ ഇപ്പൊ ചെയ്യുക. നിയമപാലകർക്ക് വരെ അവരെ പേടിയാണെങ്കിൽ പിന്നെ നമ്മളെന്തു ചെയ്യും.”

വിഷമത്തോടെ പറഞ്ഞു കൊണ്ട് റോസ്‌ലിന്റെ കയ്യിൽ പിടിച്ചു ലത.

“ഞാനാർക്കും ഒരു ഉപദ്രെവവും ചെയ്തിട്ടില്ല. പിന്നെ എന്റെ ജീവിതം എന്തിനാ ദൈവം ഇങ്ങനെ തകർത്തു കളഞ്ഞത്‌. സ്നേഹിച്ച അന്യ മതസ്ഥനായ ആളിന്റെ കൂടെ ഇറങ്ങി വന്നതോ. അതോ മറ്റുള്ളവരുടെ  മനസ്സിനുള്ളിലെ കാപട്യം തീർച്ചറിയാൻ കഴിയാത്തത് കൊണ്ടോ?എനിക്കറിയില്ല.എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാതെ ആയില്ലേ ഞാൻ  “

റോസ്‌ലിൻ ഡെസ്കിലേക്ക് മുഖം ചായിച്ചിരുന്നു.

“റോസ്‌ലിൻ ടീച്ചർ സങ്കടപെടാതെ. ദൈവം ഒരു വഴി കാണിച്ചു തരും.എനിക്കുറപ്പാ.”

റോസ്‌ലിനെ ചേർത്തു പിടിച്ചു ലത.

********************************************

വൈകുന്നേരം നാലര ആയപ്പോൾ തൊമ്മിച്ചനും കുര്യച്ഛനും കൂടി പറമ്പ് കിളക്കുന്ന പണി നിർത്തി.

“തൊമ്മിച്ച,ബാക്കി നാളെ ചെയ്യാം, നീ പോയി കയ്യും കാലും മുഖവും കഴുകിക്കോ, ഞാനീ തൂമ്പയും കമ്പിയും പിക്കാസും  കുറ്റിച്ചെടികൾക്കിടയിൽ വച്ചു മൂടിയിട്ടു വരാം “

കുര്യച്ചൻ തൂമ്പകളിൽ പറ്റിപ്പിടിച്ച മണ്ണ് തട്ടി കളഞ്ഞു കൊണ്ട് പറഞ്ഞു.

തൊമ്മിച്ചൻ പറമ്പിന്റെ തെക്കുഭാഗത്തു കൂടി കടന്നു പോകുന്ന നീർച്ചാലിൽ ചെന്നു മുഖവും കയ്യും കാലും  കഴുകി, തെളിനീര് പോലുള്ള വെള്ളത്തിൽ ചെറിയ മീനുകൾ നീന്തികളിക്കുന്നത് കാണുവാൻ തന്നെ രസമാണെന്ന് തോന്നി. മുഖം കഴുകി  നിവരുമ്പോൾ ആണ് നിർച്ചാലിനപ്പുറത്തു കുറ്റിച്ചെടികളും കമ്മ്യൂണിസ്റ്റ് പച്ചയും വളർന്നു നിൽക്കുന്നതിനടുത്തു നിന്നും കുര്യച്ഛന്റെ വിളി കേട്ടത്.

“തൊമ്മിച്ച,ഇങ്ങോട്ട് ഓടി വാടാ. ദേ ഇവിടെ….”

കുര്യച്ഛന്റെ വിളിയിൽ എന്തോ പന്തികേട് ഉണ്ടെന്ന് തോന്നിയ തൊമ്മിച്ചൻ നീർച്ചാൽ മുറിച്ചു കടന്നു വേഗത്തിൽ കുര്യച്ഛന്റെ അടുത്തേക്ക് ചെന്നു.പേടിച്ച് വിറക്കുന്ന കൈകളോട് കുര്യച്ചൻ  വിരൽ ചൂണ്ടിയാ ഭാഗത്തേക്ക്‌ നോക്കിയ തൊമ്മിച്ചനും വിറച്ചു പോയി!

കാട്ടു ചെടികൾക്കിടയിൽ അർദ്ധ നഗ്നയായ ഒരു പെൺകുട്ടിയുടെ ശരീരം കിടക്കുന്നു!

“കർത്താവെ ഇത് ഒരു പെങ്കൊച്ചിന്റെ ശരീരം ആണല്ലോ?ഇതെങ്ങനെ നമ്മുടെ പറമ്പിൽ വന്നു “

തൊമ്മിച്ചൻ വിറക്കുന്ന ശബ്ദത്തോടെ ചോദിച്ചു .കുര്യച്ചൻ ആ ശരീരത്തിലേക്കു പേടിയോടെ സൂക്ഷിച്ചു നോക്കി.

“പത്തിരുപത്തിരണ്ടു വയസ്സ് വരുന്ന ഒരു പെങ്കൊച്ചിന്റെ ശവശരീരമാ തൊമ്മിച്ച ഇത്. ഒരു ദിവസം പഴക്കമുള്ളതാണെന്ന തോന്നുന്നത്. ദേഹം മുഴുവൻ മാന്തി പറിച്ച പോലുള്ള പാടുകളാണ്. ആരോ പീഡിപ്പിച്ചു കൊന്നു കൊണ്ടിട്ടതാകാനാണ് സാധ്യത.ഈ പെങ്കൊച്ചിനോട് ആരാ ഈ ക്രൂരത ചെയ്തത്. കണ്ടിട്ട് തന്നെ ദേഹം തളരുന്നു “

കുര്യച്ചൻ പറഞ്ഞു കൊണ്ട് തൊമ്മിച്ചനെ നോക്കി.

“ആരാ, എന്താണ് എന്നൊന്നുമല്ല ഇപ്പൊ  പ്രശ്നം. ഇത് നമ്മുടെ പറമ്പിലാണ് കിടക്കുന്നത്. കൊലക്കുറ്റത്തിന് നമ്മൾ  ഇരുമ്പഴിക്കുള്ളിൽ പോകും പുറത്താരെങ്കിലും അറിഞ്ഞാൽ “

തൊമ്മിച്ചൻ പേടിയോടെ ചുറ്റും നോക്കികൊണ്ട്‌ പറഞ്ഞു.

കുറച്ചു നേരം ശവത്തിൽ നോക്കി നിന്നിട്ട് തൊമ്മിച്ചൻ കുര്യച്ചനെ നോക്കി.

“ഇതിവിടെ കിടക്കുന്നത് ആപത്താണ്. ഇത് എന്തായാലും ജീവനില്ലാത്ത ശരീരം അല്ലെ. ആരെങ്കിലും ഇങ്ങോട്ട് വരുന്നതിനു മുൻപ് എടുത്തു പന്നിയാർ ആറ്റിൽ കളയാം. താഴെ പൊന്മുടി ഡാമിൽ പോയി അടിഞ്ഞോളും. അവിടുന്ന് കണ്ടെത്തി  പോലീസുകാർ  അന്വേഷിച്ചോളും. ഇതാരാണെന്നും ഇതിന്റെ പിന്നിൽ ആരാണെന്നുമൊക്കെ. നീ അവിടെ കിടക്കുന്ന പ്ലാസ്റ്റിക് കൂടുകളൊക്കെ പെറുക്കിയെടുക്ക്.  കൈ പൊതിഞ്ഞു കെട്ടാം.. അല്ലെ ശവശരീരത്തിൽ നമ്മുടെ കൈവിരൽ പാട് വരും. അതുവച്ചു കൊലക്കുറ്റം നമ്മുടെ തലയിൽ വരും. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടുന്നവനെ പിടിച്ചു കട്ടവനാക്കുന്നവരാ ഇവിടുത്തെ പോലീസുകാർ   “

രണ്ടുപേരും പ്ലാസ്റ്റിക്‌ കൊണ്ട് കൈകൾ മൂടികെട്ടി ആ പെൺകുട്ടിയുടെ ശരീരത്തിനടുത്തു ചെന്നു. ഈച്ചയും ഉറുമ്പുകളും ശരീരത്തിലൂടെ നടക്കുന്നുണ്ട്. അവിടെ ചിതറി കിടന്ന പെൺകുട്ടിയുടെ വസ്ത്രങ്ങൾ ഉപയോഗിച്ച് പൊതിഞ്ഞു ശരീരം മെല്ലെ പൊക്കി എടുത്തു പറമ്പിന്റെ പടിഞ്ഞാറു  വശത്തുകൂടി ഒഴുകുന്ന ആറിന്റെ ഭാഗത്തേക്ക്‌ കാട്ടു ചെടികളുടെ മറപറ്റി അവർ  നടന്നു. ചുറ്റും നോക്കി ആരുമില്ലെന്നു ഉറപ്പ് വരുത്തിയശേഷം ആറ്റിലെ ഒഴുക്കുള്ള ഭാഗത്തെ  വെള്ളത്തിലേക്കിട്ടു. ഒഴുക്കിനനുസരിച്ചു ആ ശരീരം താഴേക്കു ഒഴുകി പോയി കൊണ്ടിരുന്നു.അത് നോക്കി നിന്ന ശേഷം അവർ തിരികെ വന്നു കയ്യിലെ പ്ലാസ്റ്റിക്കുകൾ അഴിച്ചെടുത്തു പറമ്പിലിട്ടു കത്തിച്ചു.

“കുര്യച്ച, എന്നെ ഇരുന്നു വിറക്കുന്നു പേടികൊണ്ട്. വാ ഷാപ്പിൽ പോയി രണ്ടുകുപ്പി അടിച്ചാലേ പിടിച്ചു നിൽക്കാൻ പറ്റൂ.”

തൊമ്മിച്ചനും കുര്യച്ചനും നേരെ കുന്നുംപുറം ഷാപ്പിലേക്കു പോയി.രണ്ട് കുപ്പി അന്തിക്കള്ള് അടിച്ചപ്പോൾ രണ്ടുപേർക്കും കുറച്ചാശ്വാസം തോന്നി.

“തൊമ്മിച്ച ഈ കാര്യമൊന്നും വീട്ടിൽ പോയി പറഞ്ഞേക്കരുത്. പെണ്ണുങ്ങള, ഒന്നിന് ഒൻപതായിട്ട് നാടുമൊത്തം അറിയിക്കും.പണികിട്ടുന്നത് നമുക്കിട്ട് ആയിരിക്കും. ആരാ ഇത് ചെയ്തതെന്ന് പോലീസ് കണ്ടെത്തുന്നത്‌ വരെ ആരും ഒന്നും അറിയണ്ട “

തിരികെ വീട്ടിലേക്കു നടക്കുമ്പോൾ കുര്യച്ചൻ തൊമ്മിച്ചനെ ഓർമിപ്പിച്ചു.ഇരുവരും സംസാരിച്ചു കൊണ്ട് കുന്നുംപുറം കലുങ്ക്  കടന്നു വരുബോഴാണ്  കണ്ടത്.. മുൻപിൽ നടന്നു പോകുന്ന ഒരു സ്ത്രിയുടെയും കുഞ്ഞിന്റെയും അടുത്ത് ഒരു ഒമിനി വാൻ വന്നു നിൽക്കുന്നു.അതിൽ നിന്നും മൂന്നാല് പേർ ഇറങ്ങി ആ  സ്ത്രിയെ വാനിനുള്ളിലേക്ക് ബലമായി  പിടിച്ചു കേറ്റാൻ നോക്കുന്നു.

“കുര്യച്ച വാടാ, ദേ ആ പെണ്ണിനേയും കൊച്ചിനെയും ആരോ  തട്ടിക്കൊണ്ടു പോകുവാൻ നോക്കുന്നു “

തൊമ്മിച്ചനും കുര്യച്ഛനും ഒമിനിക്ക് നേരെ പാഞ്ഞടുത്തു.

“ആരാടാ നീയൊക്കെ, പെരുവഴിയിൽ വച്ചു തട്ടിക്കൊണ്ടു പോകാൻ നോക്കുന്നോ “

അപ്പോഴേക്കും ആക്രമികളിൽ നിന്നും കുതറിമാറി  ആ സ്ത്രി കുഞ്ഞിനേയും കൊണ്ട് കുര്യച്ഛന്റെയും തൊമ്മിച്ചന്റെയും അടുത്തേക്ക് ഓടി വന്നു കൈ കൂപ്പി.

“എന്നെയും എന്റെ കുഞ്ഞിനേയും ഇവന്മാരുടെ കയ്യിൽ നിന്നും രക്ഷിക്കണേ “

അപ്പോഴാണ് ആ സ്ത്രി റോസ്‌ലിൻ ടീച്ചർ ആണെന്ന് അവർക്കു മനസിലായത്. ജിക്കുമോൻ പേടിച്ച് കരയുകയാണ്.

പുറകെ പാഞ്ഞു വന്നവർ റോസ്‌ലിനെ  കയറി പിടിച്ചു.

“എടുക്കടാ കൈ ടീച്ചറിന്റെ ദേഹത്ത് നിന്നും”

തൊമ്മിച്ചനും കുര്യച്ചനും ആക്രമികളുടെ മേൽ ചാടി വീണു.

“ടീച്ചറെ കൊച്ചിനെയും കൊണ്ട് ഓടി രക്ഷപെട്ടോ വേഗം “

അക്രമികളും ആയുള്ള ഉന്തും തള്ളിലും  ഇടക്ക്   കുര്യച്ചൻ വിളിച്ചു പറഞ്ഞു. അതുകേട്ടു റോസ്‌ലിൻ കുഞ്ഞിനേയും കൊണ്ട് പുറകോട്ടു ഓടി. ആക്രമികളിൽ ഒരാൾ അവരുടെ പുറകെ പാഞ്ഞു.അടുത്തെത്തിയ അയാൾ റോസ്‌ലിന്റെ തലയ്ക്കു നേരെ കൈ വീശി. അടിയേറ്റ് റോസ്‌ലിൻ കുഞ്ഞിനേയും കൊണ്ട്‌ അകലെ നിന്നും വന്നു കൊണ്ടിരുന്ന   ഒരു നാഷണൽ പെർമിറ്റു ലോറിയുടെ മുൻപിലേക്കു വീണു. ലോറി വല്ലാത്ത ഒരു ശബ്ദത്തോടെ അവരുടെ അടുത്ത് വന്നു ബ്രേക്ക്‌ ഇട്ടു  നിന്നു.

“എന്നെയും എന്റെ കുഞ്ഞിനേയും ഒന്നും ചെയ്യരുതേ. ഞങ്ങളീ നാടുവിട്ടു പൊയ്ക്കോളാം “

ചോരയൊലിക്കുന്ന മുഖത്തോടെ റോസ്‌ലിൻ മുൻപിൽ വികൃതമായി ചിരിച്ചുകൊണ്ട് നിൽക്കുന്നവനെ നോക്കി കരഞ്ഞു കൊണ്ട്  അപേക്ഷിച്ചു.

അതേ സമയം നാഷണൽ പെർമിറ്റ്  ലോറിയുടെ ഡ്രൈവിംഗ്  സീറ്റിൽ നിന്നും  ഒരാൾ ഇറങ്ങി നിലവിളിച്ചു കരയുന്ന റോസ്‌ലിന്റെയും കുഞ്ഞിന്റെയും അടുത്തേക്ക് വന്നു. അത് ശ്രെദ്ധിക്കാതെ ആക്രമികളിൽ ഒരുവൻ

റോസ്‌ലിന്റെ മുടിക്കുത്തിൽ കയറി പിടിച്ചു വലിക്കാൻ തുടങ്ങിയതും ലോറിയിൽ നിന്നും ഇറങ്ങി വന്നയാൾ  അവന്റെ മുഖം അടച്ചു അടിച്ചതും  ഒരു പോലെ ആയിരുന്നു. ഒരു അലർച്ചയോടെ പുറകിലേക്ക് മറിഞ്ഞ അവന്റെ കഴുത്തിൽ പിടിച്ചു തിരിച്ചു നടുവിൽ ചവുട്ടി ഇരുത്തി പൊക്കി എടുത്തു മുട്ടുകാലിനു ഇടിച്ചു തെറിപ്പിച്ചു. തെറിച്ചു പോയവൻ ഒമിനി വാനിന്റെ ഫ്രണ്ട് ഗ്ലാസ്സ് തകർത്തു അകത്തേക്ക് ഒരലർച്ചയോടെ വീണു.അതിന്റെ ആഘാതത്തിൽ വാൻ ഒരടി പുറകിലേക്ക് നീങ്ങി. ഒച്ചകേട്ടു തൊമ്മിച്ചനും കുര്യച്ചനും ആയി പിടിവലിയിൽ ഏർപ്പെട്ടു കൊണ്ടിരുന്ന അക്രമികൾ ഞെട്ടിതിരിഞ്ഞു നോക്കി.

താഴെ കിടക്കുന്ന റോസ്‌ലിനെ പിടിച്ചെഴുനേൽപ്പിച്ചു ലോറിയുടെ സൈഡിലേക്ക് മാറ്റി നിർത്തി, റോഡിൽ ഇരുന്നു കരയുന്ന  ജിക്കുമോനെ വാരിയെടുത്തു ലോറിയിൽ വന്നയാൾ ഹെഡ്ലൈറ്റിന്റെ മുൻപിലേക്കു വന്നു.

സൂക്ഷിച്ചു നോക്കിയ തൊമ്മിച്ചന്റെയും കുര്യച്ചന്റെയും കണ്ണുകൾ വിടർന്നു.

“ഇത് നമ്മുടെ ആൻഡ്രുസ് അല്ലെ “

അതേ സമയം വാനിനുള്ളിൽ നിന്നും ആറടി പൊക്കത്തിൽ ആജാനബാഹുവായ ഒരാൾ പുറത്തിറങ്ങി.

                             (   തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!