റോസ്‌ലിൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി.
അതേ അയാൾ തന്നെ…
വീടിന് നേരെ നോക്കി നിൽക്കുകയാണ്.
മാത്രമല്ല കയ്യിൽ ഒരു കത്തി ഉയർത്തി പിടിച്ചിരിക്കുന്നു!!
റോസ്‌ലിന്റെ ശരിരത്തിലൂടെ ഒരു വിറയൽ കടന്നുപോയി.
എങ്ങനെ ഇയാൾ ജയിലിന്റെ പുറത്ത് വന്നു. ജയിൽ ചാടി വന്നതാണോ? അതോ പരോളിൽ ഇറങ്ങിയതോ?
എങ്ങനെ ഇവിടെയെത്തി? താനും കുഞ്ഞും ഇവിടെയുണ്ടെന്നു ഇയാൾ എങ്ങനെ അറിഞ്ഞു.
ഒരുപാടു ചോദ്യങ്ങൾ ഒരു നിമിഷം കൊണ്ട് റോസ്‌ലിന്റെ തലച്ചോറിനുള്ളിലൂടെ കടന്നുപോയി.
അയാൾ വാതിലിനു നേരെ നീങ്ങുകയാണ്.
റോസ്‌ലിൻ പെട്ടെന്ന് തിരിഞ്ഞു ഉറങ്ങികിടക്കുന്ന ജിക്കുമോന്റെ അടുത്തേക്ക് ചെന്നു.
അടുത്ത് കിടന്നു ജിക്കുമോനെ ദേഹത്തേക്ക് ചേർത്തു പിടിച്ചു.
ഇല്ല ജീവൻ പോയാലും ഇനി അയാൾക്കൊപ്പമില്ല. എന്റെ കുഞ്ഞിനും അങ്ങനെ ഒരു അപ്പനെ ആവശ്യമില്ല.
പെട്ടെന്ന് വാതിലിൽ മുട്ടുന്ന ശബ്‌ദം കേട്ടു.തുടരെ തുടരെ ശബ്‌ദം മുഴങ്ങി.
റോസ്‌ലിനു തൊണ്ട വരളുന്ന പോലെ തോന്നി.
ആകെ ഒരു മരവിപ്പ് പോലെ.
തൊമ്മിച്ചായൻ മാത്രമണുള്ളത് ഈ വീട്ടിൽ ആണുങ്ങളായി ഉള്ളത് . അയാൾ അതിക്രമത്തിന് മുതിർന്നാൽ എങ്ങനെ പ്രതിരോധിക്കാൻ പറ്റും?
വീട്ടിൽ പ്രായമായ രണ്ട് പെൺകുട്ടികൾ കൂടി ഉണ്ട്. അവരെ അയാൾ ഉപദ്രവിച്ചാൽ!!!
പെണ്ണെന്നു കേട്ടാൽ മറ്റെല്ലാം മറക്കുന്നവനാണ് ആ ദുഷ്ടൻ.
താൻ കാരണം ആ പാവങ്ങൾ കൂടി!!!
റോസ്‌ലിൻ കട്ടിലിൽ എഴുനേറ്റിരുന്നു..
കതകിൽ മുട്ടുന്ന ശബ്‌ദം കേട്ടാകണം വീടിനുള്ളിൽ ലൈറ്റ് തെളിഞ്ഞു. ഉള്ളിലെ മുറിയിൽ നിന്നും കതകുതുറക്കുന്ന ശബ്‌ദം. കൂടെ തൊമ്മിച്ചായന്റെ ശബ്എനിക്കും “ആരാ ഈ പാതിരാത്രിക്ക് വാതിലിൽ തട്ടുന്നത്? പതുക്കെ തട്ട്. വാതില് പൊളിഞ്ഞു വീഴും “
മുണ്ട് വാരികുത്തി തൊമ്മിച്ചൻ വാതിലിനു നേരെ നടന്നു. വാതിലിന്റെ കൊളുത്തെടുക്കാൻ കൈ നീട്ടിയതും റോസ്‌ലിന്റെ ശബ്‌ദം കേട്ടു.
“തൊമ്മിച്ചാച്ച… തുറക്കരുത് “
തൊമ്മിച്ചൻ പെട്ടെന്ന് കൊളുത്തിൽ നിന്നും പിടി വിട്ട് തിരിഞ്ഞു റോസ്‌ലിനെ നോക്കി.
“എന്താ മോളെ.. എന്താ തുറക്കേണ്ടന്നു പറഞ്ഞത് “
പേടിച്ചു നിൽക്കുന്ന റോസ്‌ലിനെ നോക്കി തൊമ്മിച്ചൻ അമ്പരപ്പോടെ ചോദിച്ചു.
“തൊമ്മിച്ചാച്ച… അതെന്റെ ഭർത്താവാ… ജയിലിൽ കിടക്കുന്ന ജെയ്‌സൺ. അയാൾ എങ്ങനെ ഇവിടെ വന്നു എനിക്കറിയില്ല. അയാളുടെ കയ്യിൽ കത്തിയുണ്ട്. കണ്ണീ ചോരയില്ലാത്തവനാ. എന്തും ചെയ്യാൻ മടിക്കത്തില്ല.”
റോസ്‌ലിൻ പരിഭ്രമത്തോടെ പറഞ്ഞു.
“അയ്യോ.. പിന്നെ എന്നാ ചെയ്യും ഇപ്പൊ. എനിക്കും പേടിയാകുന്നു. ന്റെ കർത്താവേ “
പുറകിൽ വന്നു നിന്ന ഏലികുട്ടി പേടിയോടെ കുരിശു വരച്ചു.
“ചാച്ചാ തുറക്കേണ്ട. അയാൾ കുറച്ചു മുട്ടിയിട്ടു പൊക്കോളും. അല്ലെ നമ്മളെയെല്ലാം അയാൾ ഉപദ്രവിക്കും. അത്രക്കും നീചനാണ്.”
റോസ്‌ലിൻ ഏലികുട്ടിയുടെ അടുത്ത് ചെന്നു നിന്ന് പറഞ്ഞു.
“മോളെ ലൈറ്റ് ഇട്ടു പോയല്ലോ. അകത്താളുകൾ ഉണ്ടെന്ന് അവന് മനസിലായി. തുറന്നില്ലെങ്കിൽ ചവിട്ടി പൊളിച്ചാലോ “
തൊമ്മിച്ചൻ സംശയത്തോടെ റോസ്‌ലിനെയും ഏലിയമ്മയെയും നോക്കി.
വാതിലിൽ മുട്ടുന്നതിന്റെ ശക്തി കൂടി വന്നു.
“മോളെ, നീ അമ്മച്ചിയേയും കൂട്ടി മുറിയിൽ പോയി കതകടച്ചിരുന്നോ. എന്ത് ശബ്‌ദം കേട്ടാലും തുറക്കരുത്. അവനെന്നെ ഒന്നും ചെയ്യാൻ പോകുന്നില്ല “
തൊമ്മിച്ചൻ അടുക്കളയിലേക്ക് നടന്നു അവിടെ നിന്നും ഒരു കമ്പിപ്പാര എടുത്തുകൊണ്ടു വന്നു കതകിനു പുറകിലായി ചാരി വച്ചു.
“നിങ്ങളെന്തു ഭാവിച്ച… അവനെന്തെങ്കിലും ചെയ്താലോ “
ഏലിയാമ്മ വെപ്രാളത്തോടെ തൊമ്മിച്ചനെ നോക്കി.
“നീ പേടിക്കാതെ മോളെയും കൊച്ചിനെയും കൊണ്ട് മുറിക്കകത്തു പോയിരിക്ക്. ഞാൻ നോക്കിക്കോളാം “
റോസ്‌ലിൻ മുറിക്കുള്ളിൽ പോയി ജിക്കുമോനെയും എടുത്തുകൊണ്ടുവന്നു.
ഏലികുട്ടിയോടൊപ്പം അകത്തെ മുറിക്കുള്ളിലേക്ക് പോയി.
“അതിയാനെ എന്തെങ്കിലും ചെയ്‌യുമോ എന്നതാ എന്റെ പേടി മോളെ. രണ്ട് പെൺകുഞ്ഞുങ്ങളല്ലിയോ. അതും പ്രായപൂർത്തിയായവർ. ആകെയുള്ള ആശ്രെയമാ. ഞാൻ ചാച്ചന്റെ അടുത്തേക്ക് ചെല്ലാം. അല്ലെ എനിക്കൊരു സമാധാനം കിട്ടത്തില്ല. മോളു കതകടച്ചു കുറ്റിയിട്ടോ “
ഏലിയാമ്മ വേഗം മുറിക്കു പുറത്തിറങ്ങി കതകടച്ചു.
നേരെ തൊമ്മിച്ചന്റെ അടുത്തേക്ക് ചെന്നു.
അപ്പോഴേക്കും തൊമ്മിച്ചൻ കതക് തുറന്നിരുന്നു. മുൻപിൽ കത്തിയുമായി നിൽക്കുന്ന ആളെ കണ്ടപ്പോൾ തൊമ്മിച്ചന്റെ മനസ്സിൽ ഒരു ഉത്‌കിടിലം ഉണ്ടായി. എങ്കിലും അത് പുറമേ കാണിച്ചില്ല.
“ആരാ… എന്താ ഈ നേരത്ത് “
തൊമ്മിച്ചൻ ചോദിച്ചു.
“ഞാൻ ജെയ്സൺ… വരാൽ ജെയ്സൺ എന്ന് പറയും. എന്റെ കെട്യോളും കൊച്ചും ഇവിടെ ആണിപ്പോൾ പൊറുതി എന്നറിഞ്ഞു വന്നതാ. എവിടെയാ അവർ. ഇങ്ങോട്ട് വിളിക്ക് “
ജെയ്സൺ സംസാരിച്ചപ്പോൾ അയാളുടെ വായിൽ നിന്നും മദ്യത്തിന്റെ മണം പുറത്തേക്കു വമിച്ചു.
“ഇവിടെ ഞാനും എന്റെ കുടുംബവും മാത്രമണുള്ളത്. അതല്ലാതെ വേറെ ആരുമില്ല. നിങ്ങക്ക് വീടുതെറ്റിയതാകും “
തൊമ്മിച്ചൻ പറഞ്ഞത് കേട്ടു ജെയ്സൺ ചിരിച്ചു.
“എന്റെ കാർന്നോരെ.. കൊല്ലക്കുടിയിൽ കൊണ്ടുപോയി സൂചി വിൽക്കരുത് .ഇപ്പൊ എന്റെ നക്കാണ് സംസാരിക്കുന്നത്. അത് കത്തിയിലോട്ടു മാറ്റരുത്. പരോളിൽ ഇറങ്ങിയതാ. അപ്പോഴാ മറ്റൊരു പ്രശ്നത്തിൽ പോയി തലയിട്ടത്. പോലീസുകാര് കൊണ്ടുപോകുന്നവഴി രക്ഷപെട്ടതാ. എനിക്ക് എന്റെ കെട്യോളെയും കൊണ്ട് പെട്ടെന്ന് പോകണം. കൊച്ചിനെ വേണമെങ്കിൽ താൻ എടുത്തോ. ഞാൻ ഫ്രീ ആയി തന്നേക്കുവാ.അവളെ വിളിക്ക്.”
ജെയ്സൺ കത്തികൊണ്ട് താടി ചൊറിഞ്ഞു.പിന്നെ കത്തി എളിയിൽ തിരുകി.
“ഇവിടെ അങ്ങനെ ഒരാളുമില്ല കുഞ്ഞുമില്ല. നിങ്ങൾ അവരുടെ വീട്ടിൽ പോയി നോക്ക് “
തൊമ്മിച്ചൻ ആവശ്യം വന്നാൽ കമ്പിപ്പാര എടുക്കുവാൻ പാകത്തിൽ നിന്നു.
“ന്റെ കുഞ്ഞേ… നീ പറയുന്നപോലുള്ള ആരുമില്ല ഇവിടെ… പോയി വേറെ വല്ലയിടത്തും അന്വേഷിക്ക്. ഞങ്ങക്ക് ഉറങ്ങണം “
ഏലിയാമ്മ ജെയ്സണെ നോക്കി.
“തന്തേം തള്ളേം കൂടി എന്നെ പൊട്ടൻ കളിപ്പിക്കുവാന്നോ. അതങ്ങു പള്ളിപ്പോയി പുണ്യാളനോട് പറഞ്ഞാ മതി. എന്നോട് വേണ്ട “
വാതിലടഞ്ഞു നിന്ന തൊമ്മിച്ചനെ തട്ടി മാറ്റി ജെയ്സൺ അകത്തേക്ക് കയറി.
“ഇറങ്ങടാ പുറത്ത് എന്റെ വീട്ടിൽ നിന്നും. വഴിയേ പോകുന്ന കണ്ട അണ്ടനും അടകോടനും കേറിവരാനും പോകാനും ഇതു സത്രമൊന്നും അല്ല. ഓർത്തോ “
തൊമ്മിച്ചൻ കതകിനു പുറകിലിരുന്ന കമ്പിപാരയിൽ പിടി മുറുക്കി.
ഏലിയാമ്മ പേടിയോടെ ജെയ്‌സനെ നോക്കി. അയാൾ വീടിന്റെ ആകാം മുഴുവനായി ഒന്ന് വീക്ഷിച്ചു.
“ഇറങ്ങി പ്പോടാ വിട്ടീൽ നിന്നും “
ഏലിയമ്മയും ജെയ്‌സണു നേരെ വിരൽ ചൂണ്ടി. ജെയ്‌സൺ ഏലിയമ്മയുടെ കയ്യിൽ കടന്നു പിടിച്ചു.
“കെളവി, അടങ്ങി നിന്നോണം ഇല്ലെ രണ്ടെണ്ണത്തിനെയും ഞാൻ കാലപുരിക്ക് അയക്കും. പറഞ്ഞില്ലെന്നു വേണ്ട “
ജെയ്‌സൺ ഏലിയമ്മയെ പിടിച്ചൊരു തള്ള് കൊടുത്തു.
അതേ നിമിഷം തൊമ്മിച്ചൻ കമ്പിപ്പാര വലിച്ചെടുത്തു ജെയ്‌സണു നേരെ വീശി!!
തലയ്ക്കു അടികൊണ്ട ജെയ്‌സൺ പിടിവിട്ടു പുറകോട്ടു മറിഞ്ഞു.
തൊമ്മിച്ചൻ കമ്പിപ്പാര താഴെയിട്ടു ഏലിയമ്മയെ പിടിച്ചെഴുനേൽപ്പിച്ചു.
അതേ സമയം മിന്നൽ വേഗത്തിൽ ചാടിയെഴുന്നേറ്റ ജെയ്സൺ തൊമ്മിച്ചനെ കയറി പിടിച്ചു.
“ഏലിയാമ്മേ നീ മുറിലോട്ട് പൊക്കോ. പോ വേഗം “
തൊമ്മിച്ചനും ജെയ്സണും തമ്മിൽ പിടിവലി ആയി. ജെയ്സൺ പോലെ ആരോഗ്യ ദൃഡഗാത്രനായ ഒരാളോട് ഏറ്റു മുട്ടി നിൽക്കാൻ തൊമ്മിച്ചനെന്ന വയസ്സന് സാധിക്കുമായിരുന്നില്ല.
ജെയ്സന്റെ ശക്തമായ ഒരു ചവിട്ടേറ്റു തൊമ്മിച്ചൻ പുറത്തേക്കു തെറിച്ചു പോയി ഒരു നിലവിളിയോടെ മുറ്റത്തേക്ക് വീണു.
ജെയ്സൺ നിലത്തു കിടന്ന കമ്പിപ്പാര എടുക്കുന്നത് കണ്ട ഏലിയാമ്മ വിറച്ചു പോയി.!!!
“മക്കളേ ഓടി വാടി.. നമ്മുടെ ചാച്ചനെ കൊല്ലുന്നെടി… അയ്യോ കർത്താവെ “
ഏലിയമ്മയുടെ വലിയവായിലുള്ള നീലിവിളികേട്ട് റോസ്‌ലിൻ കതക് തുറന്നു. ഷേർലിയും ഷൈനിയും ചാടിയിറങ്ങി വന്നു.
“അമ്മച്ചി.. ചാച്ചനെന്തിയെ…”
കരച്ചിലോടെ ചോദിക്കുന്ന പെണ്മക്കളെ ഏലിയാമ്മ പുറത്തേക്കു കൈചൂണ്ടി കാണിച്ചു ഏലിയാമ്മ.
അവർ പുറത്തേക്കു ഓടി…
പുറത്തെത്തിയ റോസ്‌ലിൻ കാണുന്നത് നിലത്തു കിടക്കുന്ന തൊമ്മിച്ചന് നേരെ കമ്പിപ്പാരയുമായി പാഞ്ഞടുക്കുന്ന ജെയ്സണെ ആണ്.
“ഞങ്ങടെ ചാച്ചനെ ഒന്നും ചെയ്യല്ലേ “
ഓടിയിറങ്ങി വന്ന ഷൈനിയും ഷേർലിയും തൊമ്മിച്ചനെ ദേഹത്തേക്ക് വീണു പൊതിഞ്ഞു പിടിച്ചു.
“എടാ കാലമാട.. ഞങ്ങടെ ഒന്നും ചെയ്യാതാടാ..നിനക്ക് എന്ത് ദ്രോഹമാടാ ഞങ്ങക്ക് ചെയ്തത് “
ഏലിയാമ്മ മുറ്റത്തു നിന്നും നിലവിളിച്ചു.
തിരിഞ്ഞ ജെയ്‌സൺ അപ്പോഴാണ് ജിക്കുമോനെയും തോളിലിട്ടു നിൽക്കുന്ന റോസ്‌ലിനെ കണ്ടത്.അവന്റെ മുഖം ഇരയെ കിട്ടിയ ചെന്നായയുടേത് പോലെയായി.
“അപ്പോ നീയിവിടെ ഉണ്ടായിരുന്നു അല്ലേടി കുലടെ. അകത്തിരുന്നു ഈ കിളവനെയും കിളവിയെയും വിട്ട് എന്നെ അങ്ങ് മണ്ടനാക്കി കളയാമെന്ന് വിചാരിച്ചു അല്ലെ. വീട്ടി ചെന്നപ്പോ അടച്ചു പൂട്ടി കിടക്കുന്നു. അയൽവക്കത്തുള്ളവര പറഞ്ഞത് നീ ഇപ്പോൾ കിടപ്പെല്ലാം ഇവിടെ ആണെന്ന്.വരദൻ മുതലാളി പരോളിലിറക്കി, കുടുംബമായി കഴിയാൻ ഒരു നല്ല വീടും ഏർപ്പാടാക്കി തന്നു. നിന്നെ കൂട്ടി കൊണ്ട് പോകാൻ വന്നപ്പോഴാ ദേ വീടും പൂട്ടി നീ സുഖിക്കാൻ വല്ലവന്റെയും വീട്ടി പോയി കിടക്കുന്ന കാര്യം അറിഞ്ഞത്. ഇവിടെ വന്നപ്പോഴോ ഈ കിളവ കഴുവേർടാ മക്കൾ എന്നെ മണ്ടനാക്കാൻ നോക്കുന്നു. ഇവന്റെ പതിനാറടിയന്തിരം നടത്തിയിട്ടേ ഞാൻ പോകുന്നുള്ളു “
കമ്പിപ്പാര ഉയർത്തികൊണ്ട് തൊമ്മിച്ചന്റെ നേർക്കടുത്തു.
പെട്ടെന്ന് റോസ്‌ലിൻ ജിക്കുമോനെ താഴെ നിർത്തി ഓടി ചെന്നു ജൈസണിന്റെ കാലിൽ വീണു.
“നിങ്ങക്ക് എന്നെ അല്ലെ വേണ്ടത്. എന്നെ എന്ത് വേണമെങ്കിലും ചെയ്തോ. ആ പാവങ്ങളെ ഒന്നും ചെയ്യരുത് “
റോസ്‌ലിൻ കൈകൂപ്പി യാചിച്ചു.
“അപ്പോ നിനക്ക് അപേക്ഷിക്കാനറിയാം അല്ലേടി പുല്ലേ.”
ജെയ്സൺ ഒരു കൈകൊണ്ടു റോസ്‌ലിന്റെ മുടിക്ക് കുത്തിപിടിച്ചു പൊക്കി. റോസ്‌ലിൻ വേദനകൊണ്ട് നിലവിളിച്ചു..
അതുകണ്ടു ജിക്കുമോൻ കരയാൻ തുടങ്ങി..
“മമ്മിയെ ഒന്നും ചെയ്യല്ലേ.. ചെയ്യല്ലേ “
ഓടിവന്നു റോസ്‌ലിനെ കെട്ടിപിടിച്ചു.
റോസ്‌ലിന്റെ മുടിയിൽ നിന്നും പിടിവിട്ട ജെയ്സൺ ജിക്കുമോനെ പിടിച്ചു മുകളിലേക്കുയർത്തി. ജിക്കുമോൻ ശ്വാസം കിട്ടാതെ പിടഞ്ഞു.
“അയ്യോ എന്റെ കുഞ്ഞ്…ഒരെണ്ണത്തിനെ നിങ്ങള് കൊന്നു. ഇവനെയെങ്കിലും ഒന്നും ചെയ്യരുതേ.. ഇവനുള്ളത് കൊണ്ടാ ഞാൻ ജീവിച്ചിരിക്കുന്നത് തന്നെ… ഞങ്ങളെ വെറുതെ വിട്.. ഒന്ന് ജീവിക്കാൻ അനുവദിക്ക്… നിങ്ങൾക്ക് ഞങ്ങളെ കൊണ്ട് ഒരു ശല്യവും ഉണ്ടാകത്തില്ല….”
റോസ്‌ലിൻ കൈകൂപ്പി യാചിച്ചു.
“ഇത് എന്റെ വിത്തു തന്നെയാണോടി. എനിക്കിപ്പോഴും സംശയം ഉണ്ട്. സത്യം പറഞ്ഞോ. ആരുടേയാടി ഈ അസുരവിത്ത് “
ജെയ്‌സൺ പല്ലിറുമ്മിക്കൊണ്ട് റോസ്‌ലിനെ നോക്കി വികൃതമായി ചിരിച്ചു.
“കർത്താവാണേ ഈ മോൻ നിങ്ങടെ തന്നെയാ. നിങ്ങളല്ലാതെ വേറൊരാളും എന്റെ ശരീരത്തിൽ ഈ നിമിഷം വരെ തൊട്ടിട്ടില്ല. എന്റെ മോനാണെ സത്യം. അവന് ശ്വാസം മുട്ടുന്നുണ്ട്. നിലത്തു നിർത്ത് “
റോസ്‌ലിൻ കെഞ്ചി കരഞ്ഞു.
“എല്ലാവളുമാരും പറയുന്നത് ഇങ്ങനെ തന്നെയടി. ഒന്ന് രുചി കിട്ടിയാൽ പിന്നെ നിന്നെപ്പോലുള്ളവളുമാര് എത്രപേരുടെ കൂടെ വേണമെങ്കിലും പോകും. എന്നിട്ട് പകൽ വെളിച്ചത്തിൽ പതിവ്രതകളായി ആദർശം വിളമ്പും. എനിക്കറിയാമെടി. എത്രപേര്ക്ക് ഉണ്ടായതാടി പുല്ലേ ഇവൻ. മൂക്കും കണ്ണും തലയും ഉടലുമെല്ലാം എത്രപേരുടെ സംഭാവനയാടി “
ജെയ്‌സൺ അലറി…
“എന്റെ കുഞ്ഞിനെ താഴെ വയ്ക്കടാ.. ഞാനും നീയുമായി ഇപ്പോൾ ഒരു ബന്ധവും ഇല്ല. എന്റെ കുഞ്ഞിന് ഒരു തന്തയെ ഉള്ളു. അത് നിന്നെപോലുള്ള ഒരു ഇരുകാലി മൃഗമായി പോയി.നീ പറഞ്ഞാ പെണ്ണുങ്ങളുടെ കൂട്ടത്തിൽ എന്നെ കൂട്ടണ്ട. വെളിച്ചത്തിൽ പ്രവർത്തിക്കുന്നതേ ഇരുട്ടത്തും കാണിക്കൂ. നിന്നെ മനസ്സുതുറന്നു സ്നേഹിച്ചതിനു കിട്ടിയ പ്രതിഫലമാ ഇത്. എന്റെ കുഞ്ഞിനെ താടാ ദുഷ്ട “
റോസ്‌ലിൻ ഒരു ഭ്രാന്തിയെ പോലെ ചാടി എഴുനേറ്റു ജെയ്‌സൺ ഇടിക്കുകയും കടിക്കുകയും ചെയ്തു.
“എടാ കൊച്ചിനെ നിലത്തു നിർത്തെടാ… ഞങ്ങള് നിന്നോട് അപേക്ഷിക്കുവാടാ “
ഏലിയാമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു.
ജെയ്‌സൺ ജിക്കുമോനെ നിലത്തു നിർത്തി.
“ശരി.ഈ കുരുപ്പിനെ ഒന്നും ഞാൻ ചെയ്യത്തില്ല. പക്ഷെ നീ എന്റെ കൂടെ വരണം. ഇപ്പൊ. ഇല്ലെങ്കിൽ ഈ ഇരിക്കുന്ന രണ്ട് പെങ്കിളികളെയും കൊണ്ട് ഞാനങ്ങു പോകും “
റോസ്‌ലിനെ നോക്കി പറഞ്ഞിട്ട് ജെയ്സൺ ഷേർലിക്കും ഷൈനിക്കും നേരെ തിരിഞ്ഞു.
അവർ പേടിയോടെ തൊമ്മിച്ചന്റെ പുറകിലേക്ക് നീങ്ങി. വീഴ്ചയിൽ തൊമ്മിച്ചന്റെ കൈക്കും കാലിനും പരിക്ക് പറ്റിയിരുന്നു.
“ഇല്ലടാ. ചത്താലും ഞാൻ വരത്തില്ല നിന്റെ കൂടെ “
റോസ്‌ലിൻ ജിക്കുമോനെ വാരിയെടുത്തു മാറോടു ചേർത്തു കൊണ്ട് പറഞ്ഞു.
“നീ വന്നില്ലെങ്കിൽ വേണ്ട. ഇവളുമാരിൽ ആരെങ്കിലും മതി പകരത്തിന്..”
ജെയ്‌സൺ മുൻപോട്ടു നീങ്ങി ഷൈനിയെ കയറി പിടിച്ചു വലിച്ചു പൊക്കി. അവളുടെ ബ്ലൗസ് നീളത്തിൽ കീറിപ്പോയി!!
“അയ്യോ.. ആരെങ്കിലും ഓടിവരണെ… എന്റെ കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നെ “
എലിയാമ്മ ഉച്ചത്തിൽ നിലവിളിച്ചു.
ജെയ്സൺ കൈനിവർത്തി എലിയമ്മക്കിട്ടു ആഞ്ഞൊരടി!അവർ കറങ്ങി നിലത്തേക്ക് വീണു.
“അയ്യോ അമ്മച്ചീ “
ഷേർലി ഏലിയമ്മയുടെ അടുത്തേക്ക് ഓടി.
“അവളെ ഒന്നും ചെയ്യല്ലേടാ.”
തൊമ്മിച്ചൻ ഷൈനിയെ പിടിച്ചിരുന്ന ജെയ്‌സന്റെ കയ്യിൽ കയറിപിടിച്ചു.
അവൻ മുട്ടുകാൽ കൊണ്ട് തൊമ്മിച്ചന്റെ നാഭിയിൽ ഒരിടി കൊടുത്തു. ഇടിയേറ്റ് തൊമ്മിച്ചൻ താഴേക്കു കുനിഞ്ഞു.
ഷൈനി ജെയ്‌സന്റെ കയ്യിൽ കിടന്നു പിടഞ്ഞു. കീറിയ ബ്ലൗസിന്റെ ഇടയിലൂടെ ഷൈനിയുടെ നഗ്ന ശരീരഭാഗത്തേക്ക് ജെയ്സൺ ആർത്തിയോടെ നോക്കി.
“വിട്… ഞാൻ വരാം.. ഇവിടെയുള്ള ആരെയും ഒന്നും ചെയ്യരുത്. നിങ്ങൾ പറയുന്ന എവിടെയും ഞാൻ വരാം. അവളെ വിട് “
കരഞ്ഞു കൊണ്ട് റോസ്‌ലിൻ ജിക്കുമൊനുമായി നിലത്തേക്ക് കുത്തിയിരുന്നു കരഞ്ഞു.
“അങ്ങനെ വഴിക്ക് വാടീ… ഇപ്പോഴും നീ എന്റെ കെട്യോളാ… സമയം കളയണ്ട പോകാം.. കൂടുതൽ സമയം ഇവിടെ നിന്നാൽ ഈ രണ്ട് സാധനങ്ങളെ കണ്ടു എന്റെ നിയത്രണം പോകും…”
ജെയ്സൺ ഷൈനിയുടെ ദേഹത്തുനിന്നും പിടുത്തം വിട്ടു. അവൾ അലറി കരഞ്ഞു കൊണ്ട് വരാന്തയിലേക്ക് വീണു.
“ചാച്ചാ അമ്മച്ചി… ഞാനിപ്പോൾ പോയില്ലെങ്കിൽ ഈ പെൺകുട്ടികളുടെ മാനം ഇയാൾ കളയും. ഞാൻ പോകുവാ. ചിലപ്പോൾ ഇനി നമ്മൾ കണ്ടില്ലെന്നു വരും. സാരമില്ല. എന്റെ വിധി ആണിത്. കുറച്ചു ദിവസമാണെങ്കിലും ഒരു ആയുസ്സിന്റെ സ്നേഹം നിങ്ങളിൽ നിന്നും ഞാൻ അനുഭവിച്ചു. എന്നും എന്റെയുള്ളിൽ അതുണ്ടായിരിക്കും “
റോസ്‌ലിൻ ജിക്കുമോനെ ഒന്നുകൂടി അമർത്തി പിടിച്ചു.
“മോളെ.. ഞങ്ങള്…..”
തൊമ്മിച്ചൻ നിസഹായാവസ്തയോടെ റോസ്‌ലിനെ വർധിച്ച സങ്കടത്തോടെ നോക്കി.
“സങ്കടപെടണ്ട ചാച്ചാ… കർത്താവ് എനിക്ക് തന്ന ജീവിതം ഇങ്ങനെ ആയിപോയി. തലേവര മാറ്റാൻ പറ്റുമോ “
റോസ്‌ലിൻ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു കളഞ്ഞു.
“മതിയെടി നാടകം. ഇങ്ങോട്ട് നടക്കടി വേഗം “
റോസ്‌ലിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ജെയ്സൺ നടക്കാൻ തുടങ്ങി. പിന്നെ തിരിഞ്ഞു തൊമ്മിച്ചനെയും ഏലികുട്ടിയെയും നോക്കി.
“പിന്നെ പോലീസിൽ എങ്ങാനും അറിയിച്ചാൽ പിന്നെ ഈ രണ്ട് പെണ്മക്കൾ കിടന്നുറങ്ങുന്നത് എന്റെ കൂടെ ആയിരിക്കും. മറക്കണ്ട “
റോസ്‌ലിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ജെയ്സൺ ഇരുളിലേക്ക് നടന്നു.
ഇരുളിൽ റോസ്‌ലിന്റെ തേങ്ങൽ ഉയർന്നു കേട്ടു.
********************************************
കടയുടെ തിണ്ണയിൽ ചാരി ഇരുന്നു ഉറങ്ങിയ ആൻഡ്രൂസ് കണ്ണ് തുറന്നു. മുൻപിൽ ഒരു പട്ടി വന്നു തന്നെ നോക്കി കുരക്കുന്നു. ആ ശബ്‌ദം കേട്ടാണ് ഉണർന്നത്. മഴയായതിനാൽ കേറി ഇരുന്നതാണ്. പക്ഷെ ഉറങ്ങി പോയി.
കോട്ടുവായിട്ടു ആൻഡ്രൂസ് എഴുനേറ്റു, നിലത്തു ഇരിക്കാൻ വിരിച്ചിട്ട തോർത്തു എടുത്തു കുടഞ്ഞു തോളിൽ ഇട്ടു വഴിയിലേക്കിറങ്ങി.
“എന്തിനാടാ പട്ടി എന്നെ നോക്കി കുരക്കുന്നത്. ആർക്കും ഒരു ശല്യവും ഇല്ലാതെ ഞാനവിടെ ഇരുന്നതാണോ കുഴപ്പം. ങേ “
ആൻഡ്രൂസ് പട്ടിയെ നോക്കി ചോദിച്ചു.
പട്ടി ആൻഡ്രൂസിനെ നോക്കി വാലാട്ടിയശേഷം ആൻഡ്രൂസ് ഇരുന്നിടത്തു കേറി ചുരുണ്ടു കൂടി കിടന്നു.
“ഓഹോ അപ്പോ നിന്റെ കിടപ്പാടം ഞാൻ കയ്യേറിയത്തിന്റെ പ്രതിഷേധം ആയിരുന്നു അല്ലെ.. പുവർ മാൻ “
ആൻഡ്രൂസ് പറഞ്ഞു കൊണ്ട് മുണ്ട് പറിച്ചുടുത്തു.
‘ഇടക്ക് ഓരോ മുറി ഇംഗ്ലീഷ് തട്ടുന്നത് നല്ലതാ. അത് പട്ടിയോടായാലും മനുഷ്യരോടായാലും. അതൊരു അന്തസ്സ.. അന്തസ്സ്… ബ്രിട്ടീഷുകാരെ കുറ്റം പറഞ്ഞു അവര് ഛർദിച്ചിട്ട ഇംഗ്ലീഷ് വെട്ടിവിഴുങ്ങി അഭിമാനം കൊള്ളുന്നു ബ്ലഡി മലയാളീസ് ‘
മനസ്സിൽ പറഞ്ഞു ചിരിച്ചു കൊണ്ട് ആൻഡ്രൂസ് പോക്കറ്റിൽ നിന്നും ലൈറ്റ്ർ എടുത്തു കത്തിച്ചു. അതിന്റെ വെളിച്ചത്തിൽ മുൻപോട്ടു നടന്നു.
“മണ്ണിന് മീതെ ഇരുന്നു നിരങ്ങി
ഉറങ്ങി ഉണരുന്ന ഉണ്ണന്മാരെ…
കൂടെ കളിച്ചു ചിരിച്ചു നടന്നിട്ട്
കുതികാല് വെട്ടുന്ന കള്ളമാരെ……..”
പാട്ടും പാടി ആറ്റിന്റെ തീരത്തു എത്തി. നേർത്തനിലവിൽ വെള്ളമൊഴുകുന്ന ശബ്‌ദം രാവിൽ ഉയർന്നു കേട്ടു.
“എത്രയോ പേരെയ നീ നിന്റെ മാറിലിട്ടു തരാട്ടുപാടി ഉറക്കുന്നത്. ഒരിക്കലും ഉണരാതിരിക്കാൻ…. നീ സൗന്ദര്യവതിയും അതുപോലെ ചിരിച്ചുകൊണ്ട് കഴുത്തറക്കുന്നവളുമാ..അതാ കുഴപ്പം.”
പുഴയിലേക്ക് നോക്കി നിന്നശേഷം ആൻഡ്രൂസ് ചുറ്റും നോക്കി.
കഴിഞ്ഞ ദിവസം മരിച്ച ആ പെണ്ണിന്റെ മുഖമാ ഇവിടെ എത്തുമ്പോൾ ഓർമ്മ വരുന്നത്. എവിടെയെങ്ങാനും ഗതികിട്ടാതെ പ്രേതമായി ചുറ്റിതിരയുന്നുണ്ടോ… എവിടെ..
ആൻഡ്രൂസ് മുൻപോട്ടു നീങ്ങി.
“ഇന്ന് കുടിച്ച കള്ള് പാലക്കാടൻ കൊട്ടുവടി .ആയിരുനെന്നു തോന്നുന്നു. തലയ്ക്കു നല്ല പെരുപ്പ്.”
സ്വയം പറഞ്ഞു കൊണ്ട്
കുത്തുകല്ലിറങ്ങി തോട്ടത്തിലൂടെ നടന്നു തൊമ്മിച്ചന്റെ വീടിന്റെ താഴെയെത്തി. നടകല്ല് കേറി മുറ്റത്തേക്ക് ചെന്നു.
വീടിനുള്ളിൽ ലൈറ്റ് കാണുന്നുണ്ട്.
“ഇവർക്കൊന്നും പാതിരാത്രി ആയിട്ടും ഉറക്കമില്ലേ. ഈ വീട്ടിലുള്ളവർ മുഴുവൻ മൂങ്ങയുടെ ജന്മം ആണോ “
പിറുപിറുത്തു കൊണ്ട് വരാന്തയിൽ ഇരുന്നു. ഒരു ബീഡിയെടുത്തു കത്തിച്ചു.
വലിച്ചു കൊണ്ട് ഭിത്തിയിൽ ചാരി ഇരുന്നു.
വലിച്ചു കഴിഞ്ഞു കുറ്റി എറിഞ്ഞു കളഞ്ഞു എഴുനേറ്റു വാതിലിന്റെ അടുത്തേക്ക് ചെന്നു. വാതിലിൽ തട്ടി.
“ആരാത്…. ങേ ആരാ “
ഏലിയമ്മയുടെ ചകിത ശബ്‌ദം
“ഞാനാ ഏലിയമ്മച്ചി.. ആൻഡ്രൂസ്… ടിപ്പർ ആൻഡ്രൂസ് “
വാതിൽ തുറക്കപ്പെട്ടു. അകത്തേക്ക് കയറിയ ആൻഡ്രൂസ് അതുഭുതപെട്ടു.
“ഇതെന്താ ഇവിടെ എല്ലാവർക്കും ഇന്ന് ശിവരാത്രി ആണോ. ഉറങ്ങാതെ കണ്ണും മിഴിച്ചിരിക്കാൻ. തൊമ്മിച്ചയാ, ഏലിയമ്മച്ചി, ഇവിടെ എല്ലാവർക്കും എന്നാ പറ്റി “
ആൻഡ്രൂസ് എല്ലാവരെയും മാറി മാറി നോക്കി.ഷൈനിയും ഷേർളിയും കരഞ്ഞുകൊണ്ടിരിക്കുന്നത് ആൻഡ്രൂസ് കണ്ടു. തൊമ്മിച്ചായന്റെ നെറ്റി പൊട്ടിയിരിക്കുന്നു.
“ഇതൊക്കെ എന്നതാ… ഇവളുമാര് എന്തിനാ കരയുന്നത്.തൊമ്മിച്ചായന്റെ ദേഹത്തെന്നതാ മുറിവൊക്കെ “
ആൻഡ്രൂസ് ചുറ്റും നോക്കി.
“എന്റെ ഷൈനിമോളെ അവൻ കേറിപ്പിടിച്ചു ഉപദ്രെവിച്ചെട ആൻഡ്രൂ. ഇച്ചായനെയും എന്നെയും തല്ലി. റോസ്‌ലിനെയും മോനെയും പിടിച്ചോണ്ട് പോയെടാ “
ഏലിയാമ്മ പൊട്ടികരഞ്ഞു കൊണ്ട് വന്നു.
“ആര്.. എന്തിന് “?
ആൻഡ്രൂസ് പകച്ചു നോക്കി കൊണ്ട് തലക്കുടഞ്ഞു.
“അമ്മച്ചി, പോയി മോരൊഴിച്ച കുറച്ചു കഞ്ഞി കൊണ്ടുവാ. എനിക്ക് വിശന്നിട്ടു മേലാ “
ആൻഡ്രൂസ് കസേരയിലേക്കിരുന്നു.
കരഞ്ഞുകൊണ്ട് ഏലിയമ്മ അടുക്കളയിലേക്ക് പോയി ഒരു പത്രത്തിൽ മോരൊഴിച്ച കഞ്ഞിയും കറികളുമായി വന്നു.
ആൻഡ്രൂസ് വേഗം കഞ്ഞികുടിച്ചു തീർത്തു. കൈകഴുകി, മുഖവും കഴുകി തിരിച്ചു വന്നു.
“എന്നതാ തൊമ്മിച്ചയാ ഉണ്ടായത്. “
ആൻഡ്രൂസ് തൊമ്മിച്ചനെ നോക്കി.
തൊമ്മിച്ചൻ കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞു.
“ആ റോസ്‌ലനടന്നു കൊച്ചിനെയും അവൻ കൊല്ലും.. വളർത്തനല്ല പിടിച്ചോണ്ട് പോയത്. അതുറപ്പ. എതിർത്തു നിന്ന് തോറ്റുപോയപ്പോഴാ അവള് പോയത്. അല്ലെങ്കിൽ അവനെന്റെ പെണ്മക്കളെ…..”
തൊമ്മിച്ചൻ പറഞ്ഞു നിർത്തി.
ആൻഡ്രൂസ് ഭീതിയിലെ ക്ലോക്കിലേക്ക് നോക്കി. സമയം രണ്ടുമണി ആകുന്നു.
മെല്ലെ എഴുനേറ്റു പേടിച്ചു കരഞ്ഞു കൊണ്ടിരിക്കുന്ന ഷൈനിയുടെ അടുത്തേക്ക് ചെന്നു.
“എന്താണ് സംഭവിച്ചതെങ്കിൽ അത് മറന്നു കളഞ്ഞേക്ക്. നിന്റെ ദേഹത്ത് തൊട്ടവൻ ആ കയ്യും കൊണ്ട് ഇനി ജീവിക്കത്തില്ല. ഇനി അവൻ ഈ വീട്ടിൽ വരുകയോ നിങ്ങളോട് അപമാര്യാദയായി പെരുമാറുകയോ ചെയ്യത്തില്ല. അതോർത്തു പേടിക്കണ്ട “
ആൻഡ്രൂസ് പറഞ്ഞു
“ആ റോസ്‌ലിൻ ചേച്ചിയുടെയും കുഞ്ഞിന്റെയും കാര്യം ഓർത്തിട്ട എനിക്ക് സങ്കടം. അവരെ കൊല്ലും അവൻ “
ഷൈനി കരച്ചിലിനിടക്ക് പറഞ്ഞു.
ആൻഡ്രൂസ് മെല്ലെ തിരിഞ്ഞു.
“അമ്മച്ചി…ഇവിടെ ഒരാൺതരി ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുകയില്ലായിരുന്നു അല്ലെ. തൊമ്മിച്ചയാ, ഒരു ബന്ധമില്ലാഞ്ഞിട്ടും ഇടക്ക് സ്വൊന്തം വീടുപോലെ കേറി വരാൻ ഈ വീടെ ഉണ്ടായിരുന്നുള്ളു. അമ്മച്ചി വിളമ്പി തരുന്നത് കഴിക്കുമ്പോൾ, ഈ വീടിന്റെ വരാന്തയിൽ ഇരുന്നു എല്ലാവരുമായി എന്തെങ്കിലും ഒക്കെ സംസാരിക്കുമ്പോൾ, ആൻഡ്രൂസിനു ആരുമില്ലെന്ന ആ ചിന്ത അങ്ങ് മാറുമായിരുന്നു. ആ വീട്ടില ആരും ചോദിക്കാനും പറയാനും ഇല്ലെന്ന ധൈര്യത്തോടെ ഒരുത്തൻ കയറി വന്നു ഉപദ്രവിച്ചത്.”
ആൻഡ്രൂസ് പറഞ്ഞിട്ട് പുറത്തേക്കിറങ്ങി.
“ഈ രാത്രി നീ എവിടെ പോകുവാ.കിടന്നുറങ്. നാളെ തൊമ്മച്ചായന്റെ കൂടെ പോലിസ് സ്റ്റേഷൻ വരെ പോണം.അവർക്കെതിരെ കേസ് കൊടുക്കണം “
ഏലിയാമ്മ പുറകിൽ നിന്ന് ചോദിച്ചു.
“പോലിസ് സ്റ്റേഷനിൽ ഒന്നും പോകണ്ട. മനസാക്ഷി കോടതിയിൽ അവനുള്ള വിധി പ്രഖ്യാപിച്ചു കഴിഞ്ഞു. പിന്നെ അമ്മച്ചി, എനിക്ക് വിശന്നിട്ടു ഒന്നുമല്ല കഞ്ഞി മേടിച്ചു കുടിച്ചത്. ചിലപ്പോ അമ്മച്ചിയുടെ കയ്യിൽ നിന്നും ഇനി ഇങ്ങനെ മേടിച്ചു കുടിക്കാൻ എനിക്ക് കഴിഞ്ഞില്ലെങ്കിലോ എന്നോർത്താ. ചാവ് അടുക്കുമ്പോൾ മനസ്സ് അസ്വസ്തമാകും. കാലൻ അകലെ കയറിൽ കുടുക്കിട്ട് എന്നെ നോക്കി ചിരിക്കുന്ന പോലെ തോന്നും. അമ്മച്ചി ഇപ്പൊ കതകടച്ചു പോയി കിടന്ന് ഉറങ്ങാൻ നോക്ക്.”
പറഞ്ഞിട്ട് ആൻഡ്രൂസ് ഇരുട്ടിലൂടെ ഇറങ്ങി നടന്നു……
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission