Skip to content

മലയോരം – 12

malayoram novel

എസ് ഐ മോഹനനും രണ്ടുമൂന്നു കോൺസ്റ്റബിൾമാരും തെളിവെടുപ്പിന്  പുറത്തേക്കു പോകാനായി സ്റ്റേഷന്റെ മുറ്റത്തേക്കിറങ്ങുമ്പോൾ ആണ് ഫോൺ ബെല്ലടിച്ചത്.

മോഹൻ സ്റ്റേഷനിലേക്ക് തിരിച്ചു കയറിച്ചെന്നു ഫോണെടുത്തു.

“ഹലോ..പോലിസ് സ്റ്റേഷൻ, വരദൻ മുതലാളിയുടെ ഗോടൗണിനു അടുത്തുള്ള വീടിന്റെ മുറ്റത്തു വരാൽ ജെയ്സണെ കൊന്നിട്ടിരിക്കുന്നു. അയാളുടെ ഭാര്യ റോസ്‌ലിനും, ആൻഡ്രൂസ് എന്ന ആളും ചേർന്നാണ് കുത്തി കൊലപെടുത്തിയിരിക്കുന്നത്. ഞാനുൾപ്പെടെ നാലഞ്ചാളുകൾ ദൃക്‌സാക്ഷികൾ ആണ്. ആ സ്ത്രിയുടെ ആൺ കൊച്ചിനെ വീടിനുള്ളിൽ ഉപേക്ഷിച്ചു ആൻഡ്രൂസ് എന്നയാളിന്റെ കൂടെ ആ സ്ത്രിയും മുങ്ങി “

മറുതലക്കൽ ആരുടെയോ ശബ്‌ദം

“ആരാണ് നിങ്ങൾ? ഒരാളെ രണ്ടുപേർ ചേർന്നു കൊലപെടുത്തിയപ്പോൾ നിങ്ങളെല്ലാവരും നോക്കി നിന്നോ “?

എസ് ഐ മോഹനന്റെ ചോദ്യത്തിന് മറുപടി ഒരു ചിരി ആയിരുന്നു.

“ഞാനൊരു അഭ്യൂദകാംഷി. സാറ് പെട്ടെന്ന് വാ. ഞങ്ങളെ അടിച്ച് അവശരാക്കിയിട്ടാണ് ആ ആൻഡ്രൂസ് ആ സ്ത്രിയുമായി ചേർന്നു ജെയ്‌സണെ കൊന്നത്.അതുകൊണ്ട് ഞങ്ങൾക്കൊന്നും ചെയ്യാൻ പറ്റിയില്ല. “

മറുതലക്കൽ ഫോൺ ഡിസ്‌ക്കണക്ട് ആയി.

എസ് ഐ മോഹനൻ ഫോൺ വിളിച്ചു സി ഐ മൈക്കിളിനോട് കാര്യം പറഞ്ഞു.

“മോഹൻ.. ഇതു പുലിവാലാകുമല്ലോ. കസ്റ്റഡിയിൽ നിന്നും ചാടിപോയ പ്രതി ആണ് കൊല്ലപ്പെട്ടിരിക്കുന്നത്. സമാധാനം നമ്മൾ പറയേണ്ടി വരും “

മൈക്കിൾ ആശങ്ക പ്രകടിപ്പിച്ചു.

“സാറെ.. അതിനിപ്പോൾ എന്ത് ചെയ്യും “?

മോഹൻ തിരിച്ചു ചോദിച്ചു.

“എന്തായാലും നിങ്ങൾ അങ്ങോട്ട്‌ ചെല്ല്, ഞാനിപ്പോൾ വരാം “

സി ഐ മൈക്കിൾ ഫോൺ വച്ചു.

എസ് ഐ മോഹനും സംഘവും ചെല്ലുമ്പോൾ അവിടെ ഒരു ആൾകൂട്ടം തന്നെ ഉണ്ടായിരുന്നു.

ജീപ്പ് നിർത്തി ഇറങ്ങി ചെന്ന മോഹൻ നോക്കുമ്പോൾ വീടിന്റെ മുറ്റത്തു ചോരയിൽ കുളിച്ചു മരിച്ചു കിടക്കുകയാണ് ജെയ്‌സൺ. ഡെഡ് ബോഡിക്കു ചുറ്റും രക്തം തളം കെട്ടി കിടക്കുന്നു.

ദേഹത്ത് ഒരുപാടു മുറിവുകൾ സംഭവിച്ചിട്ടുണ്ടെന്നു ഒറ്റനോട്ടത്തിൽ മനസ്സിലായി മോഹന്.

അവിടെ കൂടി നിന്നവരെ അവിടെ നിന്നും കുറച്ചകലേക്ക് മാറ്റി നിർത്തി.

അപ്പോൾ ഒരു സ്ത്രി ജിക്കുമോനെയും എടുത്തു കൊണ്ട് അങ്ങോട്ട്‌ വന്നു. കരഞ്ഞു തളർന്നു അവരുടെ തോളിൽ കിടന്നു മയങ്ങുകയായിരുന്നു

ഒരു കോസ്റ്റബിൾ ജിക്കുമോനെ ആ സ്ത്രിയുടെ കയ്യിൽ നിന്നും മേടിച്ചു പിടിച്ചു.

“അമ്മയെ കാണണം എന്ന് പറഞ്ഞു ഭയങ്കര കരച്ചിൽ ആയിരുന്നു.ആഹാരമൊന്നും കൊടുത്തിട്ടു കഴിച്ചില്ല. ന്റെ സാറെ തങ്കകുടം പോലുള്ള ഈ കൊച്ചിനെ ഉപേക്ഷിച്ചിട്ടു എങ്ങനെ ഇതിന്റെ തള്ളക്കു ഒരുത്തന്റെ കൂടെ ഒളിച്ചോടാൻ തോന്നി. അതും സ്വൊന്തം ഭർത്താവിനെ ഇതുപോലെ ക്രൂരമായി കൊന്നിട്ട്….”

ആ സ്ത്രി സങ്കടത്തോടെ ജിക്കുമോനെ നോക്കിയിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പോയി.

“ആരാ ഈ കൊലപാതകം കണ്ട ദൃക്‌സാക്ഷികൾ “

ചോദിച്ചു കൊണ്ട് എസ് ഐ മോഹനൻ ചുറ്റും നോക്കി.

ദേഹത്തും തലയിലും മുറിവുകളുമായി നാലഞ്ചു പേർ എസ് ഐ മോഹന്റെ അടുത്തേക്ക് വന്നു.

“ഞങ്ങളാ സാറെ കണ്ടത്.ഇവിടെ ഒച്ചയും ബെഹളും കേട്ട ഇങ്ങോട്ടോടി വന്നത്. അപ്പോൾ ഇവിടെ താമസിച്ചു കൊണ്ടിരുന്ന സ്ത്രി അവരുടെ ഭർത്താവിനെ മറ്റൊരാളുടെ സഹായത്തോടെ ഈ മുറ്റത്തിട്ട് മർദ്ധിക്കുകയായിരുന്നു. ആ സ്ത്രിയുടെ കൂടെ ഉണ്ടായിരുന്നവന്റെ പേര് ആൻഡ്രൂസ് എന്ന. സാറിന് ചിലപ്പോൾ അറിയാമായിരിക്കും അവനെ. ഇതിലെ ലോറിയോടിച്ചു നടക്കുന്നവനാ. ഒരു വരത്തൻ.”

വന്നവരിൽ ഒരാൾ പറഞ്ഞു നിർത്തി.

“എന്നിട്ട് നിങ്ങൾ അവരെ തടഞ്ഞില്ലേ “

ഒരു കോൺസ്റ്റബിൾ പറഞ്ഞു കൊണ്ട് നിന്നവനോട് ചോദിച്ചു.

“ഞങ്ങള് വന്നു പിടിച്ചു മാറ്റാൻ നോക്കി സാറെ. പക്ഷെ ആ അവൻ കളരിയ.. ഞങ്ങളെ അടിച്ച് വീഴിച്ചു, ഈ കിടക്കുന്ന ആളെ കുത്തിമലത്തി, ആ പെണ്ണിനേയും കൊണ്ട് കടന്നു കളഞ്ഞു ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല “

പരുക്കുപറ്റി നിൽക്കുന്നവരിൽ ഒരുത്തൻ പറഞ്ഞു.

അപ്പോഴേക്കും സി ഐ മൈക്കളിന്റെ ജീപ്പ് വന്നു നിന്നു, അയാൾ അതിൽ നിന്നും ഇറങ്ങി മൃതദ്ദേഹത്തിന്റെ അടുത്തേക്ക് വന്നു. തൊട്ടുപുറകെ വന്ന കാറിൽ വന്ന  ഫോറൻസിക് സർജൻ ജേക്കബ് മാത്യൂസും, അവർക്കരുകിലേക്ക് വന്നു.

“മോഹൻ… ദൃക്‌സാക്ഷികളുടെ മൊഴിയെടുത്തു രേഖപ്പെടുത്തിയോ. മാത്രമല്ല കടന്നു കളഞ്ഞ അവരെ കണ്ടുപിടിക്കാനുള്ള അന്വേഷണം ഊർജിതമാക്കണം.”

സി ഐ മോഹന് നിർദേശം കൊടുത്തിട്ടു ഫോറെൻസിക് സർജൻ തോമസ് മാത്യുവിന്റെ നേരെ തിരിഞ്ഞു.

ഫോറെൻസിക് സർജന്റെ നേതൃത്വത്തിൽ ഇൻക്യുസ്റ്റും മഹസറും തയ്യാറാക്കി, ബോഡി താലൂക്ക് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

“എന്താണ് ഇവിടെ സംഭവിച്ചത് “

വിവരമറിഞ്ഞു അപ്പോൾ അങ്ങോട്ട്‌ വന്ന വരദൻ ചോദിച്ചു.

“താങ്കളുടെ പ്രോപ്പട്ടിയിൽ നടന്ന കാര്യങ്ങൾ ഇതുവരെ ആയിട്ടും അറിഞ്ഞില്ലേ. ഒരു കൊലപാതകം ആണ് നടന്നിരിക്കുന്നത്. പോലീസ് അന്വേഷിക്കുന്ന പ്രതി ആയ ജെയ്സൺ എങ്ങനെയാണു താങ്കളുടെ വീട്ടിൽ തമാസമാക്കിയത്.”

എസ് ഐ മോഹൻ സംശയത്തോടെ വരദനെ നോക്കി.

“സാറെ ഇന്നലെ ജെയ്‌സൺ അവന്റെ കെട്ട്യോളാണെന്നു പറഞ്ഞു റോസ്‌ലിൻ എന്നൊരു പെണ്ണിനേയും കൊച്ചിനെയും കൊണ്ട്  എന്റെ വീട്ടിൽ വന്നിരുന്നു. രാത്രിയിൽ പോകാൻ സ്ഥലം ഇല്ലെന്നും, രാത്രി കഴിഞ്ഞു കൂടാൻ ഒരു സ്ഥലം കൊടുക്കണമെന്നും പറഞ്ഞു. അവൻ നമ്മുടെ പണിക്കാരൻ ആണല്ലോ. പരോളിലും ഇറങ്ങിയതാണ്. അത്കൊണ്ട് ഒരു പെണ്ണും കുട്ടിയും കൂടെ ഉണ്ടല്ലോ എന്നോർത്ത് എന്റെ ഒഴിഞ്ഞു കിടന്ന  വീട്ടിൽ കിടന്നോളാൻ പറഞ്ഞു.അവൻ പരോളിൽ ഇറങ്ങി വേറെ കേസിൽ പെട്ടതൊന്നും എനിക്കറിയില്ലായിരുന്നു. ഇതിപ്പോൾ ആകെ പൊല്ലാപ്പായല്ലോ. വേലിയേൽ ഇരുന്ന പാമ്പിനെ എടുത്തു വേണ്ടാത്തിടത്തു വച്ചു എന്ന് പറഞ്ഞപോലെയായി “

വരദൻ പറഞ്ഞു നിർത്തി പരിക്കേറ്റു നിൽക്കുന്നവരെ സൂക്ഷിച്ചു നോക്കി.

അവർ തലകുനിച്ചു നിൽക്കുകയാണ്.

“മിസ്റ്റർ വരദൻ, എസ് ഐ മോഹന്റെ കയ്യിൽ നിങ്ങളുടെ സ്റ്റേറ്റ്മെന്റ് കൂടി കൊടുത്തേക്കു. ഇല്ലെങ്കിൽ പോലീസ് അന്വേഷിച്ചു നടക്കുന്ന പ്രതിയെ ഒളിപ്പിച്ചു താമസിച്ചതിനു നിങ്ങളുടെ പേരിലും കേസെടുക്കേണ്ടി വരും “

സി ഐ മൈക്കിളിന്റെ നിർദേശം അനുസരിച്ചു വരദൻ തന്റെ ഭാഗം വിശദീകരിച്ചു പറഞ്ഞു.

“ഈ കൊച്ചിന് വേണ്ടപ്പെട്ടവർ ആരെങ്കിലും ഉണ്ടോ എന്നൊന്ന് അന്വേഷിക്കണം. ഇല്ലെങ്കിൽ ഓർഫനേജിലേക്ക് മാറ്റണം “

സി ഐ പറഞ്ഞു കൊണ്ട് വന്ന ജീപ്പിൽ കയറി ഓടിച്ചു പോയി.

എസ് ഐ മോഹനും കോസ്റ്റബിൾ മാരും അവിടെ കൂടിനിന്നവരിൽ നിന്നും മൊഴിയെടുത്തു ജിക്കുമോനെയും കൊണ്ട് തിരിച്ചു പോയി.

*******************************************

“എന്റെ കർത്താവേ… ആ ആൻട്രു പറഞ്ഞപോലെ ചെയ്തു കളഞ്ഞല്ലോ. ഒരാളെ കൊല്ലാൻ അവനെകൊണ്ട്  പറ്റുമോ? അതും റോസ്‌ലിൻ കൊച്ചുമായി ഒളിച്ചോടി എന്നൊക്കെ പറഞ്ഞാൽ ..”

ഏലിയാമ്മ വേവലാതിയോടെ ടി വി യിൽ വരുന്ന ന്യൂസിലേക്ക് നോക്കി.

“ലോറി ഡ്രൈവർ ആയ ആൻഡ്രൂസ് എന്ന വ്യെക്തിയുടെ സഹായത്തോടെ , സ്കൂൾ ടീച്ചർ ആയ റോസ്‌ലിൻ തന്റെ ഭർത്താവായ ജെയ്‌സൺ എന്ന് വിളിക്കുന്ന വരാൽ ജെയ്‌സണെ  മൃഗീയമായി കുത്തി കൊലപെടുത്തി. തുടർന്നു തന്റെ ആറു വയസ്സ് മാത്രം പ്രായമായ കുട്ടിയെ ഉപേക്ഷിച്ചു, ലോറി ഡ്രൈവറോടൊപ്പം കടന്നു കളഞ്ഞു. വളരെ കാലമായി ആൻഡ്രുസും റോസ്‌ലിനും തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു എന്നും അതിന് തടസ്സമായതിനെ തുടർന്നു അവരുടെ സ്വൊന്തം ഭർത്താവിനെ കൊലപെടുത്തുകയായിരുന്നു എന്നും പോലിസ് സംശയിക്കുന്നു. ഇരുവർക്കും വേണ്ടി പോലിസ് ഉർജിത അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. റോസ്‌ലിന്റെ മകനായ ജിക്കു ഇപ്പോൾ പോലിസ് സ്റ്റേഷനിൽ ഉണ്ട്. ബന്ധുക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ പോലിസ് സ്റ്റേഷനും ആയി ബന്ധപ്പെടേണ്ടതാണ് “

ഇതായിരുന്നു ടി വി വാർത്തയുടെ ഉള്ളടക്കം

തൊമ്മിച്ചനും ഷൈനിയും ഷേർലിയും ആ വാർത്തയിലേക്കു നോക്കിയിരുന്നു.

“ചാച്ചാ.. ഇതിലെന്തോ ചതിയുണ്ട്. ആൻഡ്റൂസോ റോസ്‌ലിൻ ചേച്ചിയോ ഇങ്ങനെയൊന്നും ചെയ്യില്ല. ജിക്കുമോനാണ് റോസ്‌ലിൻ ചേച്ചിയുടെ ലോകം.”

ഷൈനി തൊമ്മിച്ചനോട് പറഞ്ഞു.

“അത് വാർത്ത കണ്ടപ്പോൾ എനിക്കും തോന്നിയിരുന്നു. ഞാനൊന്നു പോലിസ് സ്റ്റേഷൻ വരെ ചെല്ലാം. മോഹൻ സാർ അവിടെ ഉണ്ടല്ലോ. ജിക്കുമോനെ ഇങ്ങോട്ട് കൊണ്ടുവരാൻ നോക്കാം “

തൊമ്മിച്ചൻ പറഞ്ഞു കൊണ്ട് എഴുനേറ്റു മുറിക്കുള്ളിലേക്ക് പോയി ഡ്രെസ്സ് മാറി വന്നു.

“ഞാനും കൂടി വരാം. നിങ്ങളൊറ്റക്ക് പോയാൽ അവർ കുഞ്ഞിനെ തന്നില്ലെങ്കിലോ “

ഏലിയാമ്മയും പോയി വസ്ത്രം മാറി.

“മക്കളെ കതകടച്ചു ഇരുന്നോണം ഇതിനകത്ത് ഞങ്ങൾ വരുന്നത് വരെ. ആരു വിളിച്ചാലും തുറക്കരുത്.പെട്ടെന്ന് വന്നേക്കാം “

തൊമ്മിച്ചന്റെ പുറകെ ഏലിയാമ്മയും വീടിന്റെ പുറത്തേക്കു നടന്നു.

“നമുക്ക് വേണ്ടിയാ ആൻഡ്രൂസ് വഴക്കിനു പോയായത്‌. ഇപ്പൊ ഇങ്ങനെയായി..യഥാർത്ഥത്തിൽ എന്തൊക്കെയാ ഉണ്ടായതെന്നു  ആർക്കറിയാം.”

ഷേർലി കതകടച്ചു കുറ്റിയിട്ടുകൊണ്ട് ഷൈനിയെ നോക്കി.

“ആൻഡ്രൂസ് തെറ്റൊന്നും ചെയ്തിട്ടില്ലെന്ന എന്റെ മനസ്സ് പറയുന്നത്.അയാൾക്ക്‌ ഒരാളെ കൊല്ലാനുള്ള മനസ്സൊന്നും ഇല്ല.”

ഷൈനി സങ്കടത്തോടെ പറഞ്ഞിട്ട് ജനലരുകിൽ പോയി നിന്നു.

അവളിൽ നിന്നും ഒരു ഏങ്ങലടി ഉയർന്നു. അതുകേട്ടു ഷേർലി അമ്പരപ്പോടെ അവളെ നോക്കികൊണ്ട്‌ അടുത്തേക്ക് ചെന്നു.

“ഷൈനി… നീ എന്തിനാ കരയുന്നത്.”

ചോദിച്ചു കൊണ്ട് ഷേർലി ഷൈനിയെ ബലമായി പിടിച്ചു തനിക്കഭിമുഖമാക്കി നിർത്തി മുഖത്തേക്ക് നോക്കി.

ഒരു പൊട്ടികരച്ചിലോടെ ഷൈനി ഷേർലിയുടെ മാറിലേക്ക് വീണു…

“ആൻഡ്രൂസ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നു എന്റെ മനസ്സ് പറയുന്നു ഷേർലി.. അയാൾ ഒരു പാവമാ… ആരുമില്ലെന്ന ദുഖവും പേറി നടക്കുന്ന നമുക്കൊക്കെ വേണ്ടി ജീവൻ കളയാനും തയ്യാറായിട്ടുള്ള ഒരാൾ “

ഷൈനിയുടെ ഭാവമാറ്റം ഷേർളിയെ തെല്ലൊന്നു അമ്പരപ്പിച്ചു.

“ഷൈനി, എന്താ നിനക്ക് പറ്റിയത്. ഈ കാര്യത്തിൽ നീ എന്തിനാ ഇത്രയും വികാരാധീനയക്കുന്നത് “

ഷേർലി ഷൈനിയുടെ മുഖം പിടിച്ചുയർത്തി.

“ഒന്നുമില്ല….”ഷൈനി ഷേർലിയുടെ ദേഹത്തുള്ള പിടി വിട്ടു അടുക്കള ഭാഗത്തേക്ക്‌ നടന്നു.

“ങും.. ഷൈനി.. എനിക്ക് മനസ്സിലായെടി… ഒരു പെണ്ണിന്റെ മനസ്സ്  മറ്റൊരു പെണ്ണിന് നന്നായി അറിയാം. അതും സഹോദരി മാർ ആകുമ്പോൾ എളുപ്പത്തിൽ മനസ്സിലാകും. നിന്റെ മനസ്സിലെ കാര്യം ചാച്ചനും അമ്മച്ചിയും അറിഞ്ഞാൽ എന്തായിരിക്കും പ്രതികരണം എന്നറിയാമോ നിനക്ക് “

ഷേർലി പുറകെ ചെന്നുകൊണ്ട് ചോദിച്ചു.

“എനിക്കറിയില്ലെടി…. പക്ഷെ എനിക്ക് ആൻഡ്രൂസിനെ ഇഷ്ടമാ. അത് മാത്രമേ എനിക്കറിയൂ “

ഷൈനി ഭിത്തിയിൽ ചാരി നിന്നു.

“നിന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അയാളെ അടുത്തറിഞ്ഞാൽ ആർക്കും ഒരിഷ്ടം തോന്നും.”

ഷൈനിയെ നോക്കി ഷേർലി മന്ദഹസിച്ചു

അപ്പോൾ തൊമ്മിച്ചനും ഏലിയമ്മയും പോലിസ് സ്റ്റേഷനിൽ എത്തിയിരുന്നു.

“സാറ് വിളിക്കുന്നു “

പുറത്തെ വരാന്തയിൽ നിൽക്കുകയായിരുന്ന തൊമ്മിച്ചന്റെയും ഏലിയമ്മയുടെയും അടുത്ത് വന്നു ഒരു പി സി അറിയിച്ചു.

അവർ മുറിക്കുള്ളിലേക്ക് കയറി ചെല്ലുമ്പോൾ എസ് ഐ മോഹൻ അവരുടെ അടുത്തേക്ക് വന്നു.

കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയ ശേഷം മോഹൻ പറഞ്ഞു.

“തൊമ്മിച്ചേട്ടാ….കേസന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പ്രതി സ്ഥാനത്തുള്ള ആൻഡ്രൂസും റോസ്‌ലിനും ഒളിവിൽ ആണ്. എന്താണ് സംഭവിച്ചതെന്നു അറിയണമെങ്കിൽ കേസന്വേഷണം മുൻപോട്ടു പോകണം. ഇപ്പോൾ നമുക്ക് ഈ കുഞ്ഞിന്റെ കാര്യത്തിൽ എന്തെങ്കിലും ചെയ്യാം. തൊമ്മിച്ചേട്ടനെയും കുടുംബത്തെയും എനിക്ക് വർഷങ്ങളായി അറിയാമെന്നുള്ളത് കൊണ്ട് എന്റെ ഗ്യാരണ്ടിയിൽ തന്നുവിടാം. പക്ഷെ എപ്പോൾ ആവശ്യപ്പെട്ടാലും ഇവിടെ ഹാജരാക്കണം. പറ്റുമോ “

എസ് ഐ മോഹൻ അവരെ നോക്കി.

“കൊണ്ടുവരാം സാർ.. എപ്പോൾ ആവശ്യപ്പെട്ടാലും കൊണ്ടുവരാം,ഞങ്ങൾക്ക് ജിക്കുമോനെ  തന്നു വിടണം സാർ “

തൊമ്മിച്ചൻ എസ് ഐ ക്ക് ഉറപ്പുകൊടുത്തു.

അതിൻ പ്രേകാരം ഒരു വെള്ളപേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയിൽ തൊമ്മിച്ചനും ഏലികുട്ടിയും ഒപ്പ് വച്ചു.

“സാർ…ഈ കേൾക്കുന്ന വാർത്തകൾ ഒന്നും ശരിയാക്കാൻ വഴിയില്ല. ആൻഡ്രൂസ് ഒരിക്കലും ഒരാളെ കൊല്ലില്ല. റോസ്‌ലിൻ കൊച്ച് ഒരിക്കലും അവളുടെ കുഞ്ഞിനെ വിട്ടു എങ്ങും പോകില്ല. ഇതിലെന്തോ ചതിയുണ്ട്. ഒരിക്കൽ വരദന്റെ ഗുണ്ടകൾ റോസ്‌ലിൻ കൊച്ചിനെ പിടിച്ചു കൊണ്ടുപോകുവാൻ ശ്രെമിച്ചപ്പോൾ ആൻഡ്രൂസ് ആണ് രക്ഷപ്പെടുത്തിയത്. സാറ് സത്യാവസ്ഥ എന്തായാലും പുറത്ത് കൊണ്ടുവരണം “

തൊമ്മിച്ചൻ പറഞ്ഞു.

“ഞാൻ വെറുമൊരു എസ് ഐ അല്ലെ തൊമ്മിച്ചേട്ടാ. സി ഐ മൈക്കിൾ വരദന്റെയും ഭദ്രന്റെയും ആളാണ്. അത് ഈ സ്റ്റേഷനിൽ ഉള്ള എല്ലാവർക്കും അറിയാം. പിന്നെ എസ് പി വിദ്യാസാഗർ സാർ നല്ലൊരാളാണ്. അതുകൊണ്ട് സത്യാവസ്ഥ എന്തായാലും പുറത്ത് വരും എന്ന് പ്രതീക്ഷിക്കാം. ആ സി ഐ വരുന്നതിനു മുൻപ് പൊക്കോ..”

എസ് ഐ മോഹൻ പറഞ്ഞിട്ട് അകത്തേക്ക് പോയി.

അപ്പോഴേക്കും വനിതാ കോസ്റ്റബിൾ വത്സല ജിക്കുമോനെ കൊണ്ടുവന്നു ഏലികുട്ടിയെ ഏൽപ്പിച്ചു. ജിക്കുമോൻ ഉറക്കത്തിൽ ആയിരുന്നു. ഒന്ന്‌ തലപൊക്കി നോക്കിയശേഷം വീണ്ടും തോളിൽ കിടന്നു.

********************************************

തേക്കിൻ തോട്ടത്തിലെ കാടുപിടിച്ചു കിടക്കുന്ന ഭാഗത്തു കൂടി ആൻഡ്രൂസ് മുൻപോട്ടു നടന്നു.കഴുത്തിലെ മുറിവിൽ നിന്നും ചോരയൊലിക്കുന്നുണ്ട്.

തോർത്തിനു ചുറ്റികെട്ടിവച്ചിരിക്കുകയാണ്.

പെട്ടന്നാണ്. തോർത്തിലും രക്തം പടർന്നിട്ടുണ്ട്.. നടന്നു മുൻപോട്ടു പോയി പൂത്തുലഞ്ഞു നിൽക്കുന്ന ഒരു ഇലഞ്ഞി മരത്തിന്റെ ചുവട്ടിലെത്തി നിന്നു.

ഒരു തളർച്ച തോന്നിയത് കൊണ്ട് അവിടെ മരത്തിൽ ചാരിയിരുന്നു.

അപ്പോഴാണ് പോക്കറ്റിൽ കിടന്ന മൊബൈൽ ശബ്ദിച്ചത്.

മൊബൈൽ എടുത്തു നോക്കി.

ഏതോ ഒരു നമ്പർ തെളിഞ്ഞു വരുന്നു.

ആരായിരിക്കും? പോലീസ് വല്ലതുമാണോ?

ഒന്ന്‌ ശങ്കിച്ചശേഷം ഫോൺ അറ്റൻഡ് ചെയ്തു ചെവിയിൽ ചേർത്തു.

“എവിടെ പോയി കിടക്കുവാടാ മുടിഞ്ഞവനെ. നിന്നെയൊക്കെ വിളിച്ചാലും കിട്ടില്ലല്ലോ. ജെയ്സൺ കൊന്നിട്ട് നീ എവിടെ പോയി. ബാക്കിയുള്ളവർ ഗോഡൗണിൽ ഉണ്ടല്ലോ? പിന്നെ ആ പെണ്ണിനെ ഞാൻ ആളുകളെ വിട്ടു പൊക്കി കൊണ്ട് വന്നിട്ടുണ്ട്. എന്തായാലും ഞാൻ പറഞ്ഞു തന്നത് പോലെ അവന്മാർ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ആ ലോറിക്കാരന്റെ കൂടെ അവള് കൊച്ചിനെ ഉപേക്ഷിച്ചു കടന്നു കളഞ്ഞതാണെന്നു.പോലിസ് അത് വിശ്വസിച്ചു അന്വേഷണം ആരംഭിച്ചിരിക്കുവാ. പിന്നെ നിനക്കൊക്കെ സന്തോഷിക്കാനും ഞാനൊരു വഴി കണ്ടെത്തിയിട്ടുണ്ട്. എന്റെ ആവശ്യം കഴിഞ്ഞാൽ ആ ടീച്ചറെ നിങ്ങക്ക് തന്നേക്കാം. കൊണ്ട് പോയി തിന്നുകയോ വളർത്തുകയോ ചെയ്തോ. പക്ഷെ പുറംലോകം കാണിച്ചേക്കരുത് “

വരദൻ മദ്യലഹരിയിൽ ഇരുന്നു പുലമ്പുകയാണെന്നു ആൻഡ്രൂസിന് മനസ്സിലായി.

“എന്താടാ ഒന്നും മിണ്ടാത്തത്. ഏ “

വരദന്റെ ചോദ്യം കേട്ടതും ആൻഡ്രൂസ് ഫോൺ കട്ട് ചെയ്തു.

റോസ്‌ലിൻ അപകടത്തിൽ ആണ്.

ഇപ്പൊ എന്താണ് ചെയ്യേണ്ടത്?

തലക്കാകെ ഒരു മന്ദത!!

ചാരിയിരുന്നു, കണ്ണടഞ്ഞു ഉറക്കത്തിലേക്കു പോയി.

കണ്ണുതുറന്നു നോക്കുമ്പോൾ മുൻപിൽ മനോഹരമായ രണ്ട് കാൽപാദങ്ങൾ ആണ് കണ്ടത്.

ആൻഡ്രൂസ് ആശ്ചര്യത്തോടെ തല ഉയർത്തി നോക്കി.

മുൻപിൽ നസിയ.!!!

“നീ എങ്ങനെ ഇവിടെ വന്നു. ആരെങ്കിലും കൂടെ ഉണ്ടോ “

ആൻഡ്രൂസ് എഴുനേറ്റു ചുറ്റും നോക്കി.

“എന്റെ കൂടെ ആര് വരാൻ? ഞാൻ ആളെക്കൂട്ടി സമ്മേളനം നടത്താൻ വന്നതല്ല. ഇതു ഞങ്ങളുടെ തോട്ടമാ. ഇടക്കൊക്കെ ഞാൻ ഈ ഇലഞ്ഞി മരത്തിന്റെ ചുവട്ടിൽ വന്നു നിൽക്കും. ഇലഞ്ഞിപൂവിന്റെ സുഗന്ധം എനിക്ക് ഇഷ്ടമാണ്. ഒരു നൊസ്റ്റാൾജിക് ഫീൽ “

നസിയ ചിരിച്ചു.

“ആരോ ഒരാൾ മരത്തിൽ ചാരി ഇരുന്നു ഉറങ്ങുന്നത് കണ്ടു ആരാണെന്ന് നോക്കിയപ്പോൾ അല്ലെ സൂപ്പർ ഹീറോ ആണെന്ന് മനസ്സിലായത്. എന്താ ഇവിടെ വന്നിരുന്നത്. എന്ത് പറ്റി “

നസിയ ചോദ്യഭാവത്തിൽ ആൻഡ്രൂസിനെ നോക്കി.

“ങ്ങാ അതൊക്കെ ഒരു സംഭവമാ. ഇനി നിനക്കതു കേട്ടെ അടങ്ങു എന്നുണ്ടെങ്കിൽ പറയാം”

നടന്ന കാര്യങ്ങൾ ആൻഡ്രൂസ് പറഞ്ഞു കേൾപ്പിച്ചു.

“ഇനി നിലത്തു നിൽക്കാൻ പറ്റുമെന്നു തോന്നുന്നില്ല. എയറിൽ ആയിരിക്കും എപ്പോഴും. അതുപോലത്തെ പണിയാ കിട്ടിയിരിക്കുന്നത്. എന്നെ ഓർത്തിട്ടല്ല. ആ ടീച്ചറു പെണ്ണിന് ഒന്നും സംഭവിക്കരുത്, ഒരു കൊച്ചുള്ളതാ.. ഏതെങ്കിലും ഒരുത്തൻ പ്രലോഭച്ചാൽ ചാടിത്തുള്ളി ഇറങ്ങി പോകുന്ന പെണ്ണുങ്ങൾക്കുള്ള പാഠമാ അവരുടെ ജീവിതം “

ആൻഡ്രൂസ് കഴുത്തിന്റെ ഭാഗത്തു അസഹനീയമായ വേദന എടുത്തപ്പോൾ പല്ല് കടിച്ചു പിടിച്ചു.

“മുറിവ് നന്നായി പറ്റിയിട്ടുണ്ട് അല്ലെ. ഒരു കാര്യം ചെയ്യ്. വീട്ടിലേക്കു വാ. അവിടെ ഒരു പത്തായ പുര ഉണ്ട്. ഇപ്പോൾ അത് ഉപയോഗം ഇല്ലാതെ കിടക്കുവാ. ഇന്ന് രാത്രി അവിടെ കഴിയാം.”

നസിയ പറഞ്ഞപ്പോൾ ആൻഡ്രൂസ് എന്തോ ആലോചിച്ചിരുന്നു.

“എന്താ ആലോചിക്കുന്നത്?”

നസിയയുടെ ചോദ്യം കേട്ടു ആൻഡ്രൂസ് അവളെ നോക്കി.

“ഞാനൊരു കാര്യം പറഞ്ഞാൽ ചെയ്യാമോ? ഈ ഫോണിൽ ഒരാളെ വിളിക്കണം. വരദൻ എന്നാണ് അവന്റെ പേര്. ഇപ്പോൾ അവനെവിടെ ഉണ്ടെന്ന് ഒന്നറിയണം. ഞാൻ വിളിച്ചാൽ ശരിയാകത്തില്ല “

ആൻഡ്രൂസ് പറഞ്ഞിട്ട് നസിയയുടെ മുഖത്തേക്ക് നോക്കി.

“ഞാൻ വിളിച്ചു അയാളെ മയക്കി ഇപ്പോൾ എവിടെ ഉണ്ടെന്നറിയണം അത്രയല്ലേ ഉള്ളു. ഡയൽ ചെയ്തു ഇങ്ങോട്ട് താ “

നസിയ ഫോണുമായി കുറച്ചു മാറി നിന്നു വരദനുമായി കൊഞ്ചി കുഴഞ്ഞു  സംസാരിച്ചു.

പിന്നീട് അവൾ ആൻഡ്രൂസിന്റെ അടുത്തേക്ക് ചെന്നു.

“അയാളിപ്പോൾ അവരുടെ തേയില എസ്റ്റേറ്റിലുള്ള കെട്ടിടത്തിൽ ഉണ്ട്. ആള് കോഴിയാ. പെണ്ണെന്നു കേട്ടാൽ കമന്നു വീഴുന്ന ഒരു പാഴ് “

നസിയ ഫോൺ ആൻഡ്രൂസിന്റെ കയ്യിൽ കൊടുത്തു.

“വാ ബാക്കി കാര്യങ്ങൾ പത്തായപുരയിൽ പോയിരുന്നു സംസാരിക്കാം. ഇവിടെ നിൽക്കണ്ട. ഫോൺ സ്വിച്ച് ഓഫ്‌ ആക്കിക്കോ. അല്ലെങ്കിൽ ട്രൈസ് ചെയ്തു വരും പോലീസുകാർ “

നസിയ ഫോൺ മേടിച്ചു സ്വിച്ച് ഓഫാക്കി.

തേക്കിൻ മരങ്ങളുടെ മറപറ്റി, കുരുമുളക് ചെടികൾക്കിടയിലൂടെ വീടിന്റെ പുറകുവശത്തെത്തി.

വീടിന്റെ പുറകിൽ പാത്രം കഴുകി കൊണ്ടിരുന്ന വേലക്കാരി കയറി പോകുന്നത് വരെ അവർ ചെടികൾക്കിടയിൽ നിന്നു.

പിന്നെ മതിൽ ചാടി കടന്നു പത്തായപുരയുടെ അരുകിലെത്തി കതക് തള്ളിതുറന്നു അകത്ത് കയറി.

“ഹോ, ആരും കാണാതെ ഇവിടെ എത്തിയപ്പോൾ ആണ് ശ്യാസം നേരെ വീണത്.”

മുഖത്തെ വിയർപ്പുത്തുള്ളികൾ ഷാൾ കൊണ്ട് തുടച്ചു നസിയ.

“മുറിവിൽ പുരട്ടാൻ മരുന്നും, ഭക്ഷണവും എടുത്തുകൊണ്ടു വരാം. എന്നിട്ടാകാം ബാക്കി പ്ലാനുകൾ “

നസിയ പത്തയാപുരയുടെ പുറത്ത് കടന്നു വാതിൽ ചാരിയപ്പോൾ ആണ് മുറ്റത്തു അത് ശ്രെദ്ധിച്ചുകൊണ്ട് നിൽക്കുന്ന വേലക്കാരി പാറുവമ്മയെ കണ്ടത്.

ഒന്ന്‌ പതറിയെങ്കിലും ആത്മസംയനം വീണ്ടെടുത്തു നസിയ അവരുടെ അടുത്തേക്ക് ചെന്നു.

“ഞാനത്തിന്റെ അകത്ത് എന്റെ പഴയ കളിപ്പാട്ടങ്ങൾ വച്ചിരുന്നത് നോക്കാൻ കേറിയതാ.”

പാറുവമ്മ അതുകേട്ടു ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി.

അരമണിക്കൂർ കഴിഞ്ഞപ്പോൾ നസിയ മരുന്നും ഭക്ഷണവുമായി പത്തായപുരയിൽ എത്തി.

“എല്ലാവരുടെയും കണ്ണുവെട്ടിച്ചു ഇങ്ങോട്ട് വരാൻ എത്ര കഷ്ടപെട്ടെന്ന് അറിയാമോ, ആദ്യം ഇതു കഴിക്ക്. പത്തിരിയും മട്ടൻ കറിയുമാ. ചൂട് പോകുന്നതിനു മുൻപ് കഴിക്ക് “

കയ്യിലിരുന്ന കുപ്പിവെള്ളം നിലത്തു വച്ചു.

“ഇവിടെ എന്നും മട്ടനും ചിക്കനും ആണോ? വെറുതെ അല്ല വെളുത്തു തുടുത്തു ഇരിക്കുന്നത് “

ആൻഡ്രൂസ് പത്തിരി മട്ടൻ ചാറിൽ മുക്കി കഴിച്ചു കൊണ്ട് പറഞ്ഞു.

“നിനക്ക് ബുദ്ധിമുട്ടായി അല്ലെ. എത്രയും പെട്ടെന്ന് ഇവിടെ നിന്നും പോകാനുള്ള വഴി നോക്കാം “

ആൻഡ്രൂസ് കഴിച്ചു കഴിഞ്ഞു കൈകഴുകി.

“ഇവിടെ വന്നിരിക്ക്, ഞാൻ പുറത്ത് മുറിവിൽ മരുന്ന് വച്ച് കെട്ടി തരാം. പിന്നെ ബുദ്ധിമുട്ട്. അതൊന്നും സാരമില്ല. നിങ്ങള് എന്നെ ബുദ്ധിമുട്ടിക്കുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാ. ഒരു രസം “

നസിയ പാത്രങ്ങൾ എടുത്തു കൂട്ടിലിട്ടുകൊണ്ട് പറഞ്ഞു.

“എനിക്കൊരു കോൾ വിളിക്കണം. നിന്റെ മൊബൈൽ ഒന്നുവേണം. ബുദ്ധിമുട്ടില്ലെങ്കിൽ താ “

ആൻഡ്രൂസ് മുണ്ടിന്റെ തുമ്പെടുത്തു മുഖം തുടച്ചു.

“ഫോണൊക്കെ തരാം. ആദ്യം മുറിവിൽ മരുന്ന് വച്ച് കെട്ടാം “

ആൻഡ്രൂസിന്റെ കഴുത്തിലെ മുറിവിൽ മരുന്നുവച്ചു കെട്ടി.

തുടർന്നു നസിയ ഫോണെടുത്തു.

“നമ്പർ പറ, ഞാൻ ഡയൽ ചെയ്തു തരാം “

ആൻഡ്രൂസ് പറഞ്ഞു കൊടുത്ത നമ്പർ നസിയ ഡയൽ ചെയ്തു കൊടുത്തു.

ആൻഡ്രൂസ് മാറിനിന്നു ആരോടോ കുറച്ചു നേരം സംസാരിച്ചു.

പിന്നെ ഫോൺ നസിയക്കു തിരിച്ചു കൊടുത്തു.

“കുറച്ചു നേരം ഒന്ന്‌ കിടന്നാൽ കൊള്ളാം. നീ പൊക്കോ. ഇങ്ങോട്ട് ആരും വരത്തില്ലല്ലോ അല്ലെ. അതോ ഞാൻ ഉറങ്ങി എഴുനേൽക്കുമ്പോൾ ബിരിയാണി ചെമ്പിന്റെ അകത്തായിരിക്കുമോ “

ആൻഡ്രൂസ് അവിടെ കിടന്ന പ്ലാസിക് ഷീറ്റ് എടുത്തു നിലത്തു വിടർത്തി ഇട്ടു. അതിൽ നിവർന്നു കിടന്നു.

“ഇവിടെ ആരും മനുഷ്യബിരിയാണി വയ്ക്കാറില്ല. കിടന്നുറങ്ങിക്കോ. ഞാൻ പിന്നെ വരാം “

ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് നസിയ പുറത്തേക്കു പോയി.

********************************************

നേരം ഇരുട്ടിതുടങ്ങിയിരിക്കുന്നു.

വരദൻ ഉറക്കത്തിൽ നിന്നും എഴുനേറ്റു.

വാഷ്ബേസിനിൽ പോയി മുഖം കഴുകി.

കെട്ടിടത്തിനു പുറത്തിറങ്ങി ഒരു സിഗർറ്റിനു  തീ കൊളുത്തി. അത് വലിച്ചു കൊണ്ട് നിന്നപ്പോൾ ഗ്രേസി ഒരു ഹോണ്ട ആക്ടിവയിൽ അവിടെ വന്നിറങ്ങി.

“ആ ഗ്രേസി… നീ അകത്ത് പോയി ഒരുത്തി മുറിയിൽ കിടപ്പുണ്ട്. അവളോട്‌ ജീവനും കൊണ്ട് തിരിച്ചു പോകണമെങ്കിൽ എന്നോട് സഹകരിച്ചോളാൻ പറ. ഇല്ലെങ്കിൽ മാനവും ജീവനും ഒരുപോലെ പോകും. അവളെ പറഞ്ഞു മനസ്സിലാക്കി എടുക്ക് “

വരദൻ ഗ്രേസിയോട് പറഞ്ഞു.

“ഓഹോ. അപ്പോൾ ഇനി കുറച്ചു ദിവസത്തേക്ക് എന്റെ ആവശ്യം ഇല്ലായിരിക്കും അല്ലെ “

ഗ്രേസി പരിഭവത്തോടെ വരദനെ നോക്കി.

“ഇവളെന്റെ ഒരുപാടു നാളായി ഉറക്കം കളഞ്ഞതാ. ഇപ്പോള കയ്യിൽ കിട്ടിയത്. അത്കൊണ്ട് കുറച്ചു നാളത്തേക്ക് നീയെന്നെ വിട്ടു പിടി ഗ്രേസി “

വരദനെ ഒന്ന്‌ നോക്കിയിട്ട് ഗ്രേസി അകത്തേക്ക് പോയി.

കുറച്ചു കഴിഞ്ഞു ഗ്രേസി വരദന്റെ അടുത്തേക്ക് വന്നു.

“അവള് നീറിന്റെ ജന്മമാ. അടുക്കുന്ന ലക്ഷണം ഇല്ല. ഞാൻ നോക്കിയാൽ നടക്കത്തില്ല. നേരെ ചെന്നു എന്താണെങ്കിൽ ചെയ്യ് “

ഗ്രേസി പറഞ്ഞിട്ട് സ്കൂട്ടറിൽ കയറി പോയി.

വരദൻ സിഗററ്റ് കുറ്റി എറിഞ്ഞു കളഞ്ഞു അകത്തേക്ക് കയറി. അടച്ചിട്ടിരുന്ന മുറിയുടെ വാതിലിന്റെ മുൻപിൽ ചെന്നു നിന്നു.

താഴ് തുറന്നു അകത്ത് കയറി.

മുറിയുടെ മൂലയിൽ നിലത്തിരുന്ന റോസ്‌ലിൻ ഭയത്തോടെ എഴുനേറ്റു.

“എനിക്കൊരു കുഞ്ഞ് ഉണ്ട്. എന്നെ ഒന്നും ചെയ്യരുത്. എന്നെ വെറുതെ വിട്”

റോസ്‌ലിൻ കൈകൂപ്പി യാചിച്ചു.

അതുകണ്ടു വരദൻ ക്രൂരമായി ചിരിച്ചു.

“ഇത്രയും കഷ്ടപ്പെട്ട് പൊക്കികൊണ്ട് വന്നിട്ട് വെറുതെ വിടാനോ. നീ സഹകരിച്ചാൽ ജീവനോടെ ഇവിടെ നിന്നും പോകാം. ഇല്ലെങ്കിൽ കൊന്ന് കുഴിച്ചു മൂടും ഞാൻ “

വരദൻ റോസ്‌ലിന്റെ നേർക്കടുത്തു.

“നിനക്കറിയാമോ. നാട് മുഴുവൻ നീ ആ ലോറിക്കാരന്റെ കൂടെ ഒളിച്ചോടിയെന്ന വാർത്ത “

വരദൻ പറഞ്ഞത് കേട്ടു റോസ്‌ലിൻ അയാളെ തുറിച്ചു നോക്കി.

“എന്തിനാടാ നീ ഈ ചതി എന്നോട് ചെയ്തത്. ഞാൻ എന്ത് തെറ്റാ ചെയ്തത്. അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത പട്ടി “

റോസ്‌ലിൻ അടുത്ത് കിടന്ന ഗ്ലാസ്സ് എടുത്തു വരദനെ എറിഞ്ഞു.

അയാളതു തട്ടി കളഞ്ഞു. അയാൾ റോസ്‌ലിന്റെ സാരിയിൽ കയറി പിടിച്ചു.

അതേ സമയം ഭയങ്കര ശബ്ദത്തോടെ വാതിൽ പാളി തകർന്നു വീണു.

ഞെട്ടി തിരിഞ്ഞ വരദൻ കണ്ടു.

ഇരട്ടകുഴൽ തോക്കുമായി വാതിലടഞ്ഞു ഒരാൾ!!

                                          (തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!