Skip to content

മലയോരം – 13

malayoram novel

വരദൻ റോസ്‌ലിന്റെ സാരിയിൽ നിന്നും കയ്യെടുത്തു വാതിലടഞ്ഞു നിൽക്കുന്നയാൾക്ക് നേരെ തിരിഞ്ഞു..

അയാൾ വരദനെ രൂക്ഷമായി നോക്കികൊണ്ട്‌ ഇടതു കയ്യിലിരുന്ന ഇരട്ടകുഴൽ തോക്ക് വലതു കയ്യിലേക്ക് മാറ്റി പിടിച്ചു.

“ആരാടാ പുല്ലേ നീ… എന്റെ ഗസ്റ്റ്‌ ഹൌസിൽ അതിക്രെമിച്ചു കേറി വരാൻ. ലോകത്തുള്ള പെണ്ണുങ്ങളുടെ മുഴുവൻ ചാരിത്രം സംരെക്ഷിക്കാൻ ഇറങ്ങിയ ഓടേ തമ്പുരാനോ. കേറി വന്നപോലെ രണ്ടുകാലിൽ ഇവിടെനിന്നും തിരിച്ചു പോകത്തില്ല. കേട്ടോടാ പട്ടി പൊല %*&&@മോനെ “

ആക്രോശിച്ചു കൊണ്ട് വരദൻ വാതിലിനു നേരെ ചെന്നു.

അതേ നിമിഷം വാതിൽക്കൽ നിന്നയാൾ ഇരട്ടകുഴൽ തോക്ക് പൊക്കി വരദന്റെ നെഞ്ചത്ത് കുത്തി.

“പാവപെട്ട ഒരു പെണ്ണിന്റെ ദേഹത്ത് കൈവച്ചിട്ട് വേണോടാ നിനക്ക്  ആണത്തം കാണിക്കാൻ. ങേ. തന്തക്കും പിറന്നവൻ ആണെങ്കിൽ ആണുങ്ങളോട് മുട്ടി തെളിയിക്കെട.”

തോക്കിന്റെ ട്രിഗ്റിൽ ചൂണ്ടുവിരൽ മുട്ടിച്ചു കൊണ്ടയാൾ വരദനെ നോക്കി മുരണ്ടു.

“മുട്ടുമെടാ… നിന്റെ മുട്ടുകാലൊടിച്ചു മുട്ടിലിഴക്കും ഞാൻ. എന്നിട്ട് നിന്റെ മുൻപിലിട്ട് ഇവളെ ഞാൻ…..”

വരദൻ പകയോടെ റോസ്‌ലിനെയും മുൻപിൽ നിൽക്കുന്നയാളെയും നോക്കി.റോസ്‌ലിൻ സ്ഥാനം മാറി കിടന്ന സാരി പിടിച്ചു നേരെ ഇട്ടു ഭയത്തോടെ നിന്നു.

“നീ എനിക്കിട്ടു ഞൊട്ടും. ഇട്ടാവട്ടം പൊന്മുടിയിൽ കിടന്നു പൊന്മുട്ടയിട്ടു കളിക്കുന്ന നിനക്ക് നട്ടെല്ലോടെ നിവർന്നു നിന്നു ഞൊട്ടവിട്ടു ചങ്കിടിച്ചു കലക്കുന്ന ആണത്തമുള്ളവരെ കണ്ടിട്ടില്ലാത്തതു കൊണ്ടുള്ള കുഴപ്പമാണ് . ഞാൻ വന്നത് എന്റെ രണ്ടുകാലിൽ നടന്നാണെങ്കിൽ തിരിച്ചു പോകുന്നതും അതുപോലെ തന്നെ ആയിരിക്കും “

അതേ നിമിഷം നെഞ്ചത്ത് മുട്ടിയിരുന്ന തോക്കിൻ കുഴൽ തട്ടിമാറ്റി വരദൻ കൈ ആഞ്ഞു വീശി.

തലയ്ക്കു നേരെ വന്ന വരദന്റെ അടി തട്ടി ഇടതു കൈകൊണ്ടു വരദന്റെ കഴുത്തിൽ കുത്തിപിടിച്ചു കറക്കി ഭിത്തിയിൽ ചേർത്തു മുട്ടുകാൽ ഉയർത്തി നാഭിക്കു ഒരിടി ഇടിച്ചു. ഒരാർത്ത നാദത്തോടെ താഴേക്കു കുനിഞ്ഞ വരദനെ അയാൾ  കാലിനടിച്ചു തെറിപ്പിച്ചു.

തുറന്നു കിടന്ന വാതിൽ പാളിയിൽ ഇടിച്ചു വരദൻ മുറിയുടെ പുറത്തേക്കു മറിഞ്ഞു.

പൊടുന്നനെ ഒരു വിസിൽ ശബ്‌ദം മുഴങ്ങി. ഗസ്റ്റ്‌ ഹൗസിന്റെ പുറത്ത് നിന്നും കുറച്ചാളുകൾ ആയുധങ്ങളുമായി അകത്തേക്ക് പാഞ്ഞു കയറി. അതേ സമയം കറണ്ടും പോയി.

ഇരുളിൽ ഓടിയടുത്തവരിൽ ഒരാൾ മുറിക്കു പുറത്ത് നിലത്തു നിന്നും എഴുനേൽക്കാൻ തുടങ്ങിയ വരദന്റെ ദേഹത്ത് തട്ടി നിലത്തേക്ക് മറിഞ്ഞു.

“എവിടെ നോക്കിയാടാ പട്ടികളെ നടക്കുന്നത് “

ദേഹത്ത് വീണവനെ തട്ടിമറ്റി വരദൻ എഴുനേറ്റു നിന്നു.

ഇരുട്ടിൽ ആളുകൾ പരസ്പരം തിരിച്ചറിയാനാകാതെ പകച്ചു നിന്നു.

“കറണ്ട് പോകാൻ കണ്ട നേരം. ഒള്ള ഡാമുകൾ മുഴുവൻ കണ്ട തമിഴനും കന്നഡക്കാരനും തീറെഴുതി കൊടുത്തു മലയാളികളെ ഇരുട്ടത് കിടത്തുന്ന കുറെ അവിഞ്ഞ രാഷ്ട്രീയക്കാരും അവന്മാരുടെ സൈങ്കിടികളും. മെഴുകുതിരിയോ, വിളക്കൊ, ടോർച്ചോ കത്തിച്ചു പോയി അവനെയും അവളെയും അടിച്ച് ചുരുട്ടെടാ”

വരദൻ ചുറ്റും നിൽക്കുന്നവർക്ക് നേരെ കയർത്തു.

ഒരാൾ വടിവാളുമായി മുറിക്കുള്ളിലേക്ക് പാഞ്ഞു കയറി. അതേ നിമിഷം തോക്കിന്റെ പാത്തി കൊണ്ടുള്ള അടിയേറ്റ് അവൻ മുറിയുടെ പുറത്തുള്ള ഇടനാഴിയിലേക്ക് വീണു.അതോടൊപ്പം മുറിക്കുള്ളിൽ നിന്നയാൾ റോസ്‌ലിന്റെ കയ്യിൽ പിടിച്ചു മുറിക്കു പുറത്തേക്കു ചാടി.

“അടിച്ച് കൊല്ലട ആ കഴുവേറിയെ… അവനും അവളും ഇവിടുന്ന് ജീവനോടെ പുറത്തേക്കു പോകരുത് “

വരദൻ ഇരുട്ടത്തു  നിൽക്കുന്നവരെ നോക്കി അലറി. അതുകേട്ടു ഒരുത്തൻ ലൈറ്റ്ർ തെളിച്ചു.

രണ്ടുമൂന്നുപേർ ചുറ്റും നോക്കി മുറിക്കുള്ളിലേക്ക് കയറി.

ഇടനാഴിയിൽ കൂടി ആരോ ഓടുന്ന ശബ്‌ദം കേട്ടു രണ്ട് പേർ അങ്ങോട്ടോടി.

മുറ്റത്തേക്കിറങ്ങാൻ തുടങ്ങിയതും ഇരുട്ടിൽ നിന്നും അവരുടെ തല തകർക്കുന്ന തരത്തിൽ അടി വീണു.നിലവിളിച്ചു കൊണ്ട് അവർ മുറ്റത്തെ ചരൽ മണ്ണിലേക്ക് വീണു. അവരുടെ നിലവിളി കേട്ടു വരദനും കൂട്ടരും പുറത്തേക്കു പാഞ്ഞു വന്നു.

അതേ സമയം കറണ്ട് വന്നു.

ലൈറ്റ് വെളിച്ചത്തിൽ മുറ്റത്തു ചോരയിൽ കുളിച്ചു കിടന്നു കരയുന്നവരെ കണ്ടു വരദനും  കൂടെയുള്ളവരും ചുറ്റുപാടും പരതി നടന്നു. എങ്കിലും ആരെയും അവിടെ കണ്ടെത്താൻ കഴിഞ്ഞില്ല.

വരദൻ തിരിച്ചു മുറ്റത്തു ചോരയൊലിപ്പിച്ചു കിടക്കുന്നവരുടെ അടുത്തേക്ക് വന്നു.

“അവൻ അവളെയും കൊണ്ട് എങ്ങോട്ട് പോയെട തീറ്റ പണ്ടാരങ്ങളെ “

വരദന്റെ ചോദ്യം കേട്ടു അവർ  തേയിലചെടികൾക്കിടയിലേക്ക് കൈ ചൂണ്ടി.

“ആ… അ..ങ്ങോ…ട്ട്‌  പോ  യി “

വേദന കൊണ്ട് അവർ ഞരങ്ങി.

“നിന്റെയൊക്കെ കൈ എവിടെക്കൊണ്ട് വച്ചിരിക്കുകയായിരുന്നെടാ ഒരുത്തനെ അടിച്ച്  നിലത്തിടാൻ കഴിയാതെ.ആ പിന്നെങ്ങാനും പുറത്ത് പോയി എന്നെ കുറച്ചു എന്തെങ്കിലും അപവാദങ്ങൾ പറഞ്ഞാൽ എല്ലാവനെയും ഞാൻ വെട്ടി നുറുക്കും. തുഫ്…”

വരദൻ പുച്ഛത്തോടെ അവരെ നോക്കി ഗർജിച്ചു .കുറച്ചു പേർ  മുറ്റത്തിന് സമീപമുള്ള തേയില ചെടികൾക്കിടയിലേക്ക് ടോർച്ചു തെളിച്ചു നോക്കികൊണ്ട്‌ നിൽക്കുകയായിരുന്നു.

“അവർ കടന്നുകളഞ്ഞു മുതലാളി. ഇവിടെയെങ്ങും ആരെയും കാണാനില്ല.”

അവരിലൊരാൾ വരദനോട് പറഞ്ഞു.

“ഇത്ര പെട്ടെന്ന് അപ്രത്യക്ഷരകാൻ അവരെന്താ വല്ല മായാവികളും ആണോ. എന്റെ തട്ടകത്തിൽ വന്നു എന്റെ താടിക്കിട്ട് തട്ടിയേച്ച അവൻ പോയത്. അതും ഞാൻ കഷ്ടപ്പെട്ട് കെണി വച്ച് പിടിച്ച പെണ്ണിനേയും കൊണ്ട്. സഹിക്കില്ല ഞാൻ. എവിടെ പോയൊളിച്ചാലും അവനെയും അവളെയും എന്റെ മുൻപിൽ കൊണ്ടുവരണം.നേരം വെളുക്കുന്നതിനു മുൻപ്.. പൊക്കോ എല്ലാവന്മാരും അന്വേഷിക്കാൻ….”

അപമാനവും ദേഷ്യവും കൊണ്ട് വരദൻ മുരണ്ടു .

തേയിലചെടികൾക്കിടയിലും വഴിയിലും മറ്റും തിരയാൻ പോയവരും കുറച്ചു നിമിഷങ്ങൾക്കുള്ളിൽ തിരിച്ചെത്തി. അവർക്കും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല.

“മാനവും പോയി, പെണ്ണും പോയി..”

വരദൻ അമർഷത്തോടെ കൈ കൈചുരുട്ടി ഭിത്തിയിൽ ഇടിച്ചു.

അപ്പോൾ കുറച്ചകലെ തേയില ചെടികൾ ക്കിടയിലൂടെ മുൻപോട്ടു നീങ്ങുകയായിരുന്നു റോസ്‌ലിന്റെ കയ്യിൽ പിടിച്ചു അയാൾ.

“ഒരു നിമിഷം നിൽക്കണം, എനിക്ക് ശ്വാസം കിട്ടുന്നില്ല “

റോസ്‌ലിൻ അടുത്ത് നിന്ന കാറ്റാടി മരത്തിന്റെ ചുവട്ടിൽ നിന്നു.

“കുറച്ചു താഴോട്ട് പോയാൽ വഴിയരുകിൽ ജീപ്പ് നിർത്തിയിട്ടിട്ടുണ്ട്. അതിൽ പോകാം.അവന്മാർ പുറകെ അന്വേഷിച്ചു വരുന്നുണ്ടാകും.”

തോക്ക് നിലത്തു കുത്തി നിന്നു അയാൾ പറഞ്ഞു.

“ആ.. രാ  നിങ്ങൾ…? എന്നെ രക്ഷിക്കാൻ എങ്ങനെ ഇവിടെ വന്നു “?

റോസ്‌ലിൻ അയാളെ നോക്കി.

“ഞാനാരാണ് എന്ന് ചോദിച്ചാൽ, പറഞ്ഞാലും മോൾക്ക്‌ അറിയത്തില്ല. അതൊക്കെ വഴിയേ പറഞ്ഞു തരാം. ആദ്യം ഇവിടെനിന്നും രക്ഷപെടാം.”

റോസ്‌ലിൻ അയാൾ പറഞ്ഞത് കേട്ടു ഒന്നും മനസിലാകാത്ത മട്ടിൽ ഇരുന്നു.

പിന്നെ പൊട്ടി കരഞ്ഞു.

“എന്റെ മോൻ, അവനെവിടെ ആണെന്ന് അറിയാമോ? അവനെ ആ വീട്ടിൽ ഒറ്റക്കിട്ടിട്ടാണ് എന്നെ ഈ ദുഷ്ടന്മാർ പിടിച്ചോണ്ട് വന്നത്. എന്റെ മോന് എന്തെങ്കിലും പറ്റിയാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല “

റോസ്‌ലിൻ ഒഴുകിയിറങ്ങുന്ന കണ്ണുനീർ തുടച്ചു.

“റോസ്‌ലിൻ മോള് സങ്കടപെടണ്ട.മോന് ഒരു കുഴപ്പവും പറ്റിയിട്ടില്ല.തൊമ്മിച്ചന്റെ വീട്ടിലുണ്ട്.”

തോക്ക് മരത്തിലേക്കു ചാരി വച്ചിട്ട് അയാൾ ഒരു ബീഡി കത്തിച്ചു.

“ങേ.. സത്യമാണോ? “

വിശ്വാസം വരാതെ റോസ്‌ലിൻ അയാളെ നോക്കി.

“ഞാനെന്തിനാണ് മോളോട് നുണ പറയുന്നത്. സത്യം ആണ്. തൊമ്മിച്ചനും ഭാര്യയും കുഞ്ഞിനെ സ്റ്റേഷനിൽ നിന്നും വീട്ടിലേക്കു കൊണ്ടുപോയി “

അയാൾ ഒരു പുകയെടുത്തു ഊതി വിട്ടുകൊണ്ട് പറഞ്ഞു.

“എനിക്ക് സമാധാനം ആയി. എന്നെ ഒന്ന് പെട്ടെന്ന് തൊമ്മിച്ചായന്റെ വീട്ടിൽ കൊണ്ടുപോകാമോ? എനിക്കെന്റെ മോനെ കാണണം. എന്നെ കാണാതെ അവൻ വിഷമിക്കുന്നുണ്ടാകും.”

റോസ്‌ലിൻ മുൻപോട്ടു നടക്കുവാൻ ആരംഭിച്ചു.

“പെട്ടെന്നങ്ങോട്ട് ഓടിചെല്ലാൻ പറ്റില്ല മോളെ. നീയിപ്പോൾ ഭർത്താവിനെ കൊന്ന കൊലയാളി ആണ്. ആൻഡ്രൂസ് എന്ന ലോറിക്കാനെ കൂട്ട് പിടിച്ചു ഭർത്താവിനെ കൊലപെടുത്തി, കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു എന്നാണ് പോലീസിന്റെ നിഗമനം.പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു “

തോക്കുമെടുത്തു ചുണ്ടിൽ എരിയുന്ന ബീഡിയുടെ കുറ്റി ദൂരേക്കേറിഞ്ഞു  റോസ്‌ലിന്റെ പുറകെ നടന്നുകൊണ്ട് പറഞ്ഞു.

“അതൊന്നും സത്യമല്ല. എന്നെ ആ വരദൻ ചതിച്ചതാ. ഞാനൊരു തെറ്റും ചെയ്തിട്ടില്ല, ഞാനല്ല ജെയ്സനെ കൊന്നത്.”

തേയിലചെടികൾ വകഞ്ഞു മാറ്റി തപ്പിത്തടഞ്ഞു മുൻപോട്ടു നടന്നു റോസ്‌ലിൻ.

“അതെനിക്കറിയാം. പക്ഷെ പോലീസുകാർക്ക് തെളിവുകൾ അല്ലെ വേണ്ടത്. അത് സംഘടിപ്പിക്കുന്നത് വരെ ഒളിവിൽ കഴിയണം. എന്റെ വീട്ടിലേക്ക് പോകാം. അവിടെയെന്റെ ഭാര്യ ഉണ്ട്.മോളെ അവിടെ എത്തിച്ചിട്ടു ഞാൻ തൊമ്മിച്ചന്റെ വീട്ടിൽ പോയി മോനെയും കൂട്ടി വരാം. ആൻഡ്രുസും ഒളിവിൽ ആണ്.ഇത്  വരദന്റെ കളികളാണെന്നു തെളിയിച്ചിട്ടു വേണം വെളിച്ചത്തു വരാൻ. മോളു പേടിക്കണ്ട.”

അവർ ഇരുട്ടിലൂടെ നടന്നു വഴിയിൽ നിർത്തിയിട്ടിരുന്ന ജീപ്പിന്റെ അടുത്തെത്തി.അയാൾ തോക്ക് ജീപ്പിന്റെ പുറകിലേക്കിട്ടു ജീപ്പിൽ കയറി സ്റ്റാർട്ട്‌ ചെയ്തു, റോസ്‌ലിൻ കയറി ഇരുന്നതും വണ്ടി  മുൻപോട്ടെടുത്തു.

*******************************************

എസ് പി വിദ്യാസഗറിന്റെ നേതൃത്വത്തിൽ സി ഐ അൻവറും  സംഘവും വാഗമണ്ണിലെ മൊട്ടകുന്നു ഭാഗത്തു അന്വേഷണം നടത്തുകയായിരുന്നു അപ്പോൾ.

മൂടൽമഞ്ഞും ഇരുട്ടും ഇടകലർന്ന  മൊട്ടകുന്നിനിടയിലൂടെ നടന്നു നീങ്ങിയ അവർ ഒടുവിൽ ഒരു ടെൻറ്റിന്റെ അടുത്തെത്തി.

“സാറെ, സൂക്ഷിക്കണം, അവന്മാർ ആരെങ്കിലും അതിനകത്തു തോക്കും മാരകയുധങ്ങളുമായി ഒളിച്ചിരിപ്പുണ്ടാകും “

സി ഐ അൻവർ  വിദ്യാസാഗറിനോട് അടക്കിയ ശബ്ദത്തിൽ  പറഞ്ഞു.

“എല്ലാവരോടും ഒരേ സമയം ടെൻഡ് വളഞ്ഞു ലൈറ്റ് തെളിക്കാൻ പറ “

വിദ്യാസഗറിന്റെ നിർദേശപ്രേകാരം കൂടെ ഉള്ള പോലീസുകാർ ടെൻഡ് വളഞ്ഞു.

“അവന്മാർ അകത്തുണ്ടെങ്കിൽ നല്ല ഉറക്കം ആയിരിക്കും. ഒറ്റ ആക്രമണത്തിൽ എല്ലാവനെയും പൂട്ടണം. ഇന്നുകൊണ്ട് ഇവന്റെയൊക്കെ മതം മാറ്റൽ കളിയും, പെണ്ണുങ്ങളെ കൊണ്ടുപോകുന്ന സൂക്കേടും തീർത്തു കൊടുക്കണം “

എസ് ഐ രാജേന്ദ്രൻ പറഞ്ഞു.

“ആവേശം കൊള്ളേണ്ട സമയമല്ല ഇത്. വളരെ ശ്രെദ്ധിച്ചു മുൻപോട്ടു നീങ്ങുക. ജീവനോടെ എല്ലാവരെയും കിട്ടിയാലേ ബാക്കിയുള്ളവർ എവിടെയാണെന്ന് അറിയാൻ പറ്റൂ “

എസ് പി വിദ്യാസാഗർ മുന്നറിയിപ്പ് കൊടുത്തു.

ഒരേ സമയം പോലീസുകാർ എല്ലാവരും ട്രന്റിന് നേരെ ടോർച് തെളിച്ചു ട്രെൻഡിനോട് അടുത്ത് ചെന്നു ജാഗരൂഗരായി.

“കം  ഔട്ട്‌ ബാസ്റ്റേഴ്സ്. കം ഔട്ട്‌ “

എസ് ഐ രാജേന്ദ്രൻ ട്രണ്ടിന് നേരെ നോക്കി അലറി.

എന്നാൽ കുറച്ചു സമയം കഴിഞ്ഞിട്ടും ട്രണ്ടിന്റെ അകത്തുനിന്നും ശബ്‌ദം ഒന്നും കേൾക്കാത്തത് കൊണ്ട് വിദ്യാസാഗർ നീട്ടിപിടിച്ച തോക്കുമായി മുൻപോട്ടു നീങ്ങി.ട്രെൻഡിന്റെ താഴ്ത്തിയിട്ടിരുന്ന കർട്ടൻ മാറ്റി അകത്തേക്ക് തോക്ക് ചൂണ്ടി.രാജേന്ദ്രൻ ടോർച് തെളിച്ചു.

ട്രൻഡിന്റെ അകത്ത് ആരും ഉണ്ടായിരുന്നില്ല.

വിദ്യാസാഗറും അൻവറും  അകത്തേക്ക് കയറി.അതിനുള്ളിൽ ഒഴിഞ്ഞ കുറച്ചു മദ്യക്കുപ്പികളും സിഗററ്റ് പായ്ക്ക്റ്റുകളുംചിതറി കിടന്നിരുന്നു.

“ഷിറ്റ്..ദെ എസ്‌കേപ്പിഡ്… നമ്മൾ കുറച്ചു താമസിച്ചു പോയിരിക്കുന്നു “

നിരാശയോടെ വിദ്യാസാഗർ പറഞ്ഞു.

“സാർ ഇത് കണ്ടോ, കുറച്ചു ഫോട്ടോസ്‌ “

കുപ്പികളുടെയും ഗ്ലാസിന്റെയും ഇടയിലായി കിടന്ന പ്ലാസിക്ക് കവർ   കയ്യിലെടുത്തു കൊണ്ട് രാജേന്ദ്രൻ വിദ്യാസാഗരെ നോക്കി.

അൻവർ പ്ലാസ്റ്റിക് കൂടിനുള്ളിലേക്ക് കയ്യിട്ടു അതിനുള്ളിൽ കിടന്നിരുന്ന ഫോട്ടോസ്‌ പുറത്തേക്കെടുത്തു.

വിദ്യാസാഗർ അൻവറിന്റെ  കയ്യിൽ നിന്നും ഫോട്ടോസ്‌ വാങ്ങി പരിശോധിച്ചു.

കുറച്ചു പെൺകുട്ടികളുടെ ഫോട്ടോസ്‌ ആയിരുന്നു അത്.

“സാർ, അവന്മാർ സ്നേഹിച്ചു കടത്തികൊണ്ട് പോയ പെൺകുട്ടികളുടെ ഫോട്ടോസ്‌ ആയിരിക്കും ഇതെല്ലാം. അവന്മാർ അറിയാതെ താഴെ വീണു പോയതാകാം “

എസ് ഐ രാജേന്ദ്രൻ വിദ്യാസഗറിനെ നോക്കി പറഞ്ഞു.

ഫോട്ടോസ്‌ നോക്കിക്കൊണ്ടുനിന്ന വിദ്യാസഗറിന്റെ നോട്ടം അതിനുള്ളിലെ ഒരു പെൺകുട്ടിയുടെ ഫോട്ടോയിൽ തറച്ചു നിന്നു.

“അൻവർ , ഈ പെൺകുട്ടിയുടെ ബോഡി അല്ലെ പൊന്മുടി ഡാമിൽ നിന്നും കിട്ടിയത്. ഒരു വറീതിന്റെയും മോളികുട്ടിയുടെയും മകൾ. ലിസി…”

വിദ്യാസാഗറിന്റെ കയ്യിലിരുന്ന ഫോട്ടോ വാങ്ങി അൻവർ  സൂക്ഷ്മമായി നോക്കി.

പിന്നെ തലകുലുക്കി.

“ഇത് തന്നെ ആണ് സാർ ആ പെൺകുട്ടി. അപ്പോ ഇവന്മാർ ആയിരിക്കാം ആ പെൺകുട്ടിയുടെ മരണത്തിനു പിന്നിലും “

അൻവർ പറഞ്ഞത് കേട്ടു എസ് ഐ രാജേന്ദ്രന്റെ നെറ്റിയിലെ ഞരമ്പുകൾ വലിഞ്ഞു മുറുകി.

ട്രെന്റിനുള്ളിൽ കുറച്ചു നേരം കൂടി പരിശോധിച്ചപ്പോൾ  കുറച്ച് കഞ്ചാവിന്റെ ചെറിയ പൊതികളും, ബ്രൗൺ ഷുഗറിന്റെ നാലഞ്ചു പാക്കറ്റുകളും കണ്ടെത്തി.

“ഇവന്മാർ മൊത്തം കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ആളുകളാ. സ്വബോധത്തോടെ  അല്ല ഒന്നും നടക്കുന്നത് “

അൻവർ അവയെല്ലാം ഒരു പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞു എടുത്തു രാജേന്ദ്രനെ ഏൽപ്പിച്ചു. പിന്നെ  പുറത്തേക്കു നടന്നു. പുറകെ വിദ്യാസഗറും.

“അവന്മാർ ഇവിടെനിന്നും കടന്നു കളഞ്ഞതാ. നമ്മൾ ഇവിടെ നിന്നിട്ട് കാര്യമില്ല. പോകാം “

അമർഷവും നിരാശയും കൂടി കലർന്ന സ്വരത്തിൽ വിദ്യാസാഗർ ചുറ്റും ടോർച്ചും തെളിച്ചു എന്തിനും സജ്ജരായി നിന്ന പോലീസുകാരോട് പറഞ്ഞു.

അവർ മൊട്ടക്കുന്നിറങ്ങാൻ തുടങ്ങി.

********************************************

എന്തോ കാലിൽ കടിച്ച പോലെ തോന്നി  ആൻഡ്രൂസ് ഞെട്ടിയുണർന്നു . അടുത്ത് വച്ചിരുന്ന ടോർച് എടുത്തു തെളിച്ചു നോക്കി.എലികൾ തലങ്ങും വിലങ്ങും പാഞ്ഞു നടക്കുന്നു.

രണ്ട് മൂന്ന് പന്നിയെലികൾ പത്തായത്തിന് മുകളിൽ കയറി ഇരുന്നു ആൻഡ്രൂസിനെ നോക്കി . വെളിച്ചം ദേഹത്ത് വീണതും അവർ ചാടി അപ്രത്യകഷരായി.

“കാലിൽ കടിച്ചപ്പോ അറിഞ്ഞത് ഭാഗ്യം. അല്ലായിരുന്നെങ്കിൽ എല്ലാം കടിച്ചു പറിച്ചു കൊണ്ട് പോയേനെ. വകതിരിവ് ഇല്ലാത്ത എലികൾ.തല മൊട്ടയടിച്ചപ്പോ കല്ലുമഴ പെയ്തെന്നു പറഞ്ഞപോലെ ആയല്ലോ ഇത് “

ആൻഡ്രൂസ് എലി കടിച്ച കാലിലെ വിരലിൽ തടവികൊണ്ട് പിറുപിറുത്തു.

ഭിത്തിയിൽ ചാരിയിരുന്നു ഒരു ബീഡി കത്തിച്ചു വലിച്ചു.കുറച്ചു കഴിഞ്ഞപ്പോൾ ഉറക്കത്തിലേക്കു വഴുതി വീണു.

ആരോ കതക് തുറക്കുന്ന ശബ്‌ദം കേട്ടപ്പോൾ ആണ് ആൻഡ്രൂസ് കണ്ണുതുറന്നത്.

മുൻപിൽ ഗ്ലാസിൽ ആവി പറക്കുന്ന കാപ്പിയുമായി നസിയ.

“നേരം വെളുത്തു. എങ്ങനെ ഉണ്ടായിരുന്നു പത്തായപുരയിലെ ഉറക്കം “

കാപ്പി ഗ്ലാസ്സ് ആൻഡ്രൂസിന്റെ കയ്യിൽ കൊടുത്തു കൊണ്ട് നസിയ ചോദിച്ചു.

“ങ്ങാ.നല്ലൊരു പെണ്ണിനെ സ്വൊപ്നം കണ്ടു ഉറങ്ങി വന്നപ്പോഴാ .. കൊതുകിന്റെ പാട്ടും എലിയുടെ കടിയും ഉറക്കത്തിനു അകമ്പടി സേവിക്കാൻ വന്നത് . അന്തം വിട്ടുറങ്ങിയിരുന്നെങ്കിൽ അംഗഭംഗം വന്നേനെ. അതിന്റെ ആദ്യപടി ആയി കാലിൽ കേറി കടിച്ചപ്പോൾ എഴുന്നേറ്റത് ഭാഗ്യമായി “

കാപ്പി കുടിച്ചുകൊണ്ട് ആൻഡ്രൂസ് കടി കിട്ടിയ വിരൽ അനക്കികൊണ്ട് പറഞ്ഞു .

“അപ്പോ ഏതോ പെണ്ണിനെ സ്വൊപ്നം കണ്ടു സുഖിച്ചു ഉറങ്ങി അല്ലെ. സത്യം പറ, ആരാ അവൾ, പറയുകയാണെങ്കിൽ ഇവിടെയുള്ള ശല്യം ചെയ്ത എല്ലാ എലികളെയും ഇവിടെ നിന്നും പുറത്താക്കുന്നതാണ്”

നസിയ പത്തായപുരയുടെ ചെറിയ കിളിവാതിൽ കുറച്ച് തുറന്നു വച്ചു.

“പിന്നെ, നീ പറഞ്ഞാൽ ഉടനെ എലികളെല്ലാം മുൻപിൽ വന്നു തലകുമ്പിട്ടു നിന്നു അനുസരിക്കാൻ സ്കൂളിൽ പഠിക്കുന്ന പിള്ളേരാണോ  “

ആൻഡ്രൂസ് എഴുനേറ്റു നിന്നു.

“ഞാൻ പറഞ്ഞാൽ ഇവിടുത്തെ എലികളൊക്കെ അനുസരിക്കും.അവർക്കൊക്കെ എന്നോട് ഭയങ്കര സ്നേഹമാ. പിന്നെ എലി കടിച്ച മുറിവുണ്ടല്ലോ കാലിൽ . വിഷമുണ്ട്, കുറച്ചു മഞ്ഞൾ പുരട്ടാം മുറിവിൽ. ഞാൻ ഭക്ഷണത്തിന്റെ കൂടെ എടുത്തുകൊണ്ടു വരാം “

നസിയ വിരലിലേക്ക് നോക്കി.

“പത്തായത്തിൽ വഴക്കൊല പഴുപ്പിക്കാൻ വച്ചപോലെ ഞാൻ ഇതിന്റെ അകത്തിരുന്നാൽ അധികം ഇതിനകത്ത് ഇരിക്കേണ്ടി വരില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് പോണം എനിക്ക്. മാത്രമല്ല നിന്നെയും ഞാൻ ബുദ്ധിമുട്ടിക്കുവാ “

കാപ്പികുടിച്ച ഗ്ലാസ്സ് നസിയയുടെ കയ്യിൽ കൊടുത്തു ആൻഡ്രൂസ് പറഞ്ഞു.

“ദേ വായിച്ചു നോക്ക്. ഇന്നത്തെ പത്രമാ.ഇനി പഴയപോലെ പുറത്തിറങ്ങി വിലസാം എന്ന് കരുതണ്ട. കൊലപുള്ളിയാ. പോലീസ് നാടുമുഴുവൻ അരിച്ചു പെറുക്കുവാ. ആ ടീച്ചറിനെയും തിരക്കുന്നുണ്ട്. അതുകൊണ്ട് അടങ്ങി ഒതുങ്ങി ഇതിനൊരു പരിഹാരം ആകുന്നത് വരെ ഇവിടെ ഇരുന്നാൽ നല്ലത്. പിന്നെ എന്റെ ബുദ്ധിമുട്ടൊന്നും നോക്കണ്ട. ഈ ബുദ്ധിമുട്ട് എനിക്കിഷ്ടമാ. രാത്രിയിൽ എന്നെ സ്വൊപ്നം കണ്ടു ഉറങ്ങിക്കോ. അപ്പോ എലിയൊന്നും കടിക്കാൻ വരില്ല “

കയ്യിൽ മടക്കി വച്ചിരുന്ന പത്രമെടുത്തു നസിയ ഒരു കുസൃതി ചിരിയോടെ  ആൻഡ്രൂസിനു നേരെ നീട്ടി.

പത്രം വാങ്ങി ആൻഡ്രൂസ് വിടർത്തി നോക്കി.

“വായിക്കാൻ വല്ലതും അറിയാമോ “?

ചിരിച്ചു കൊണ്ട് ചോദിച്ച നസിയയെ ആൻഡ്രൂസ് സൂക്ഷിച്ചു നോക്കി.

“ഞാൻ പത്താംക്ലാസ് പാസായവനാ. അത്യാവശ്യം മലയാളവും ഇംഗ്ലീഷും വായിക്കാനറിയാം. ഊതരുത്. തീ പറക്കും “

ആൻഡ്രൂസ് പത്രതാളുകളിലൂടെ കണ്ണോടിച്ചു.

“ഈ പത്രത്തിൽ എഴുതി വച്ചിരിക്കുന്ന കാര്യങ്ങൾ ഞാൻ ചെയ്തതൊന്നുമല്ല. ഇവന്മാരൊക്കെ നാടുമുഴുവൻ നടന്നു ആടിനെ പിടിച്ചു പട്ടിയാക്കുന്നവരാ. വീട്ടിൽ ഇരിക്കുന്ന അഷ്ടിക്ക് വകയില്ലാത്ത പാവങ്ങളെ വരെ പിടിച്ചു ദാവൂദ് ഇബ്രാഹിം ആക്കി കളയും. പുല്ലന്മാർ. ഇതെഴുതിയവനെ എന്റെ കയ്യിൽ കിട്ടിയാൽ അന്നത്തോടെ അവന്റെയൊക്കെ എഴുത്തിന്റെ കൊതി മാറ്റി വിടും ഞാൻ.”

ആൻഡ്രൂസ് കലിപ്പോടെ പത്രം മടക്കി വച്ചു.

“നിങ്ങളെ ഞാൻ കണ്ടില്ലായിരുന്നു എങ്കിൽ ഞാനും വിശ്വസിച്ചേനെ,ആ ജെയ്‌സനെയും തട്ടി സുന്ദരിയായ റോസ്‌ലിൻ ടീച്ചറിനെയും മോനെയും കൊണ്ട് ആൻഡ്രൂസ് മുങ്ങിയെന്ന വാർത്ത. ഒരു സോപ്പ് വാങ്ങിക്കുമ്പോൾ ഒരു ചീപ്പു ഫ്രീ എന്ന് പറയുന്നപോലെ. അങ്ങനെ ആയിരുന്നെങ്കിൽ ഞാനും നിങ്ങക്കെതിരെ പരാതി കൊടുത്തേനെ. നിങ്ങൾ ജെയ്‌സനെ, കുത്തി മലർത്തുന്നത്  ഞാൻ കണ്ടെന്നു തട്ടി വിട്ടേനെ “

ചിരിച്ചു കൊണ്ട് അത് പറഞ്ഞു നസിയ അവിടെ കൂട്ടിയിട്ടിരുന്ന ചാക്ക് കെട്ടുകൾക്ക് മുകളിൽ ഇരുന്നു.

“നീ കാണാത്ത കാര്യം കണ്ടെന്നു പറഞ്ഞു എനിക്കെതിരെ മൊഴി കൊടുക്കുമെന്നോ? എന്തിന്?”

ആൻഡ്രൂസ് അമ്പരപ്പോടെ നസിയയെ നോക്കി.

“അതൊക്കെ ഉണ്ട്. ഇപ്പൊ പറയാൻ മനസ്സില്ല. പിന്നെ പത്തുമണിക്ക് ബ്രേക്ക്ഫസ്റ്റിനു എന്താ കഴിക്കാൻ വേണ്ടത്.”

നസിയ ഷാൾ എടുത്തു തലവഴി ഇട്ടുകൊണ്ട് ചോദിച്ചു.

“ഒരു മുട്ടൻ ആടിനെ നിർത്തി പൊരിച്ചു കൊണ്ടുവാ. കൂടെ ഒരു കുപ്പി ബെകാഡി റമ്മും. കിട്ടുമോ “

ആൻഡ്രൂസ് കയ്യിലിരുന്ന തീപ്പെട്ടിയിലെ പുറത്തേക്കു തള്ളി നിന്ന കോലുകൾ ഉള്ളിലേക്ക് തള്ളി വച്ചു.

“മുട്ടൻ ആടിനെ നിർത്തി പൊരിച്ചത് മാത്രമേ തിന്നത്തൊള്ളോ. എങ്കിൽ ഇന്ന് പട്ടണി കിടക്കേണ്ടി വരും. പിന്നെ റമ്മ് മദ്യമല്ലേ. അത് ഞമ്മക്ക് ഹറാമാണ്.ഒരു ഫോർമാലിറ്റിക്കു എന്താ കഴിക്കാൻ വേണ്ടത് എന്ന് ചോദിച്ചന്നെ ഉള്ളു. ഞങ്ങൾ എന്താണോ തിന്നുന്നത് അത് കൊണ്ട് തരും “

നസിയ എഴുനേറ്റു.

“നിന്റെ ചോദ്യം കേട്ടപ്പോൾ ഞാൻ ഓർത്തു ചോദിച്ചാൽ എന്തും കൊണ്ട് തരുമെന്ന്. അതുകൊണ്ട് പറഞ്ഞതാ. പിന്നെ നീ ബെക്കാടി റമ്മ് കുടിച്ചിട്ടുണ്ടോ? കുടിച്ചാൽ നീ പറയും ഇത് ഹറാമല്ല, ഒരു ഹരമാണെന്ന് “

ആൻഡ്രൂസ് അത് പറഞ്ഞു ചിരിച്ചു.

“ഓഹോ, എങ്കിൽ അതൊന്നു പരീക്ഷിച്ചു നോക്കണമല്ലോ.മേടിച്ചു തരുമെങ്കിൽ ഞാൻ കുടിക്കാം.”

പറഞ്ഞിട്ട് ആൻഡ്രൂസിനെ നോക്കി.

“ആ ടീച്ചറിനെ ആ വരദന്റെ കയ്യിൽ നിന്നും രക്ഷിക്കാൻ വല്ല മാർഗവും ഉണ്ടോ? എന്തെങ്കിലും സഹായം വേണമെങ്കിൽ പറ, ഞാൻ ചെയ്തു തരാം. ഒന്നുമല്ലെങ്കിലും എന്നെ പോലെ ഒരു സ്ത്രി അല്ലെ, ഒരു കുഞ്ഞിന്റെ അമ്മയല്ലേ, ആരും തുണയില്ലാത്ത ഒരു നിരാലംബ അല്ലെ. എനിക്കും കേട്ടിട്ട് വിഷമം തോന്നുന്നു “

നസിയ ചോദ്യഭാവത്തിൽ ആൻഡ്രൂസിന്റെ മുഖത്തേക്ക് കണ്ണുകൾ പായിച്ചു.

അതേ സമയം നസിയയുടെ കയ്യിലുണ്ടായിരുന്ന മൊബൈൽ ശബ്ദിച്ചു.

“ദേ.. നിങ്ങൾ ഇന്നലെ വിളിച്ച നമ്പറിൽ നിന്നുമാണ് കോൾ വരുന്നത്. എടുക്കണോ “

നസിയ സംശയത്തോടെ മൊബൈലിലെ ഡിസ്പ്ലേയിലേക്ക് നോക്കി.

“എടുക്ക്, എന്നിട്ട് എനിക്ക് താ “

ആൻഡ്രൂസ് പറഞ്ഞതും നസിയ കാൾ അറ്റൻഡ് ചെയ്തു ആൻഡ്രൂസിനു കൊടുത്തു.

കുറച്ചു നേരം ആൻഡ്രൂസ് മൊബൈലിന്റെ അങ്ങേ തലക്കൽ ഉള്ള ആളുമായി സംസാരിച്ച ശേഷം മൊബൈൽ നസിയയുടെ കയ്യിൽ കൊടുത്തു.

“നീ ഇവിടെ പറഞ്ഞപ്പോൾ  അത് അവിടെ നടന്നു. നീ ഐശ്വര്യം ഉള്ള പെണ്ണാ, നല്ല മനസ്സുള്ളവൾ. ആ ടീച്ചർ ഇപ്പോൾ സുരക്ഷിതയായി ഒരു സ്ഥലത്തുണ്ട്. വരദന്റെ കയ്യിൽ നിന്നും രക്ഷപ്പെടുത്തി “

ആൻഡ്രൂസിന്റെ മുഖത്തു ചെറുതായി ഒരു സന്തോഷം മിന്നിമറയുന്നത് നസിയ ശ്രെദ്ധിച്ചു.

“അതാണ് പറഞ്ഞത്,എന്നെ പോലുള്ള നല്ല സ്ത്രികൾ അടുത്തുണ്ടെങ്കിൽ നിങ്ങളെ പോലുള്ള ആണുങ്ങൾ ഭാഗ്യവാൻമാരാകും എന്ന് .ആഗ്രഹിക്കുന്നത് നടക്കും.നിങ്ങൾ പുണ്യം ചെയ്തയാള ,ഭാഗ്യവാൻ, അതുകൊണ്ടാ എന്നെപ്പോലുള്ള ഒരു പെണ്ണിനെ കാണാനും, പരിചയപ്പെടാനും, സംസാരിക്കുവാനും സാധിച്ചത്  “

നസിയ പറഞ്ഞത് കേട്ടു ആൻഡ്രൂസ് തലകുലുക്കി.

“ശരിയാ, പുണ്യം ചെയ്ത ജ്ജന്മമാ എന്റേത്. അതുകൊണ്ടാണല്ലോ ആരുമില്ലാത്തവനായി ഇത്രയും കാലം തെണ്ടി തിരിഞ്ഞു നടന്നതും, ഇപ്പൊ മനസ്സറിയാത്ത കാര്യത്തിന്, കൊലക്കുറ്റവും കൊണ്ട് ഈ പത്തായത്തിനകത്തു ഒളിച്ചിരിക്കുന്നതും. ഇതുപോലുള്ള ഭാഗ്യം  വേറെ ആർക്കും കിട്ടാതെ ഇരിക്കട്ടെ. അല്ലെങ്കിൽ വേണ്ട,എന്റെ ഭാഗ്യത്തിന്റെ കുറച്ചു ഭാഗം  നിനക്ക് തരട്ടെ “

ആൻഡ്രൂസ് തല തിരിച്ചു നോക്കി.

“അയ്യോ വേണ്ടായേ, എനിക്ക് ഭാഗ്യവും വേണ്ട, പുണ്യവും വേണ്ട, മനസ്സിൽ ആഗ്രഹിച്ചത് പടച്ചോൻ തന്നാൽ മതിയായിരുന്നു.”

അതും പറഞ്ഞു അവൾ ഗ്ലാസും എടുത്തു വാതിൽക്കലേക്കു നടന്നു.

പിന്നെ തിരിഞ്ഞു നിന്നു.

“പല്ല് തേക്കാൻ ബ്രെഷും പേസ്റ്റും കൊണ്ട് വരട്ടെ “

ചോദ്യം കേട്ടു ആൻഡ്രൂസ് കൈകൊണ്ടു വേണ്ടന്നു പറഞ്ഞു.

“ഞാൻ പല്ല് തേക്കാറില്ല. കഷ്ടകാലം പിടിച്ച ഈ നേരത്തു ബ്രെഷിട്ടു പല്ല് തേച്ചു പല്ല് തേഞ്ഞു പോയാൽ പിന്നെ നല്ല പ്രായത്തിൽ ഞഞ്ഞാ പിഞ്ഞാ എന്ന് പറഞ്ഞു നടക്കേണ്ടി വരും. അതുകൊണ്ട് ഞാൻ തേക്കുന്നില്ല, എന്റെ പല്ല് അത് ഇഷ്ടപെടുന്നില്ല “

പറഞ്ഞിട്ട് നിലത്തു വിരിച്ചിട്ട ബ്ലാസ്റ്റിക് പായിൽ നിവർന്നു കിടന്നു.

“അപാര ജന്മം ” പിറുപിറുത്തു കൊണ്ട് നസിയ പുറത്തേക്കു കടന്നു.

********************************************

“എനിച് മമ്മിയെ കാണണം “

രാവിലെ മുതൽ ജിക്കുമോൻ റോസ്‌ലിനെ അന്വേഷിച്ചു കരച്ചിൽ ആണ്. ഏലിയാമ്മയും ഷൈനിയും മാറി മാറി എടുത്തു കൊണ്ട് നടന്നു ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും അവന്റെ സങ്കടം അടങ്ങുന്നില്ല.

“എന്റെ കർത്താവെ.. എന്തിനാ ഈ കുഞ്ഞിനോട് ഇങ്ങനെയൊക്കെ ചെയ്യുന്നത്. നീ ഇതിന്റെ സങ്കടം കാണുന്നില്ലേ. ആ റോസ്‌ലിൻ കൊച്ച് എവിടെയാണോ? അതിന് ആപത്തൊന്നും വരുത്താതെ കാത്തോണേ. ഈ കുഞ്ഞിന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല എനിക്ക് “

ഏലിയാമ്മ ക്രൂശിത രൂപത്തിന്റെ മുൻപിൽ പോയി കൈകൂപ്പി കരഞ്ഞു.

ഷൈനീ ജിക്കുമോനെയും കൊണ്ട് മുറ്റത്തൂടെ തുമ്പിയെയും പൂക്കളെയും കാണിച്ചു കൊടുത്തു അവന്റെ കരച്ചിൽ മാറ്റാൻ ശ്രെമിക്കുന്നുണ്ട്.

തൊമ്മിച്ചൻ പണിക്കു കൊണ്ടുപോകാനുള്ള തൂമ്പായിലെ മണ്ണ് കുത്തി കളഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണ് നടകല്ല് കയറി ഒരാൾ മുറ്റത്തേക്ക് വന്നത്.

തൊമ്മിച്ചൻ അയാളെ സംശയത്തോടെ നോക്കി.

“പോലീസിൽ നിന്നാണോ? ഇന്നലെ രണ്ടുപ്രാവിശ്യം പോലീസുകാർ ഇവിടെ കേറിയിറങ്ങി പോയതേയുള്ളു. ഇവിടെ ഞങ്ങളല്ലാതെ ആരുമില്ല സാറെ “

തൊമ്മിച്ചൻ വന്നയാളോട് പറഞ്ഞു.

അയാളുടെ നോട്ടം ഷൈനിയുടെ കയ്യിലിരിക്കുന്ന ജിക്കുമോനിൽ പതിഞ്ഞു.

“ഇതാണോ റോസ്‌ലിന്റെ കുഞ്ഞ് “

അയാൾ ചോദിച്ചു.

“അതേ, രാവിലെ മുതൽ കരച്ചിലാ, അമ്മയെ കാണണം എന്ന് പറഞ്ഞു. ഞങ്ങളെന്തു ചെയ്യാനാ. ഈ കേൾക്കുന്ന വാർത്തയൊന്നും ശരിയല്ല സാറെ. ആൻഡ്രൂസിനെയും റോസ്‌ലിൻ കൊച്ചിനെയും ഞങ്ങൾക്ക് നല്ലോണം അറിയാം. അവർക്കാരെയും കൊല്ലാനും പറ്റത്തില്ല, ഒളിച്ചോടാനും പറ്റത്തില്ല. ഇതിനു പിന്നിൽ എന്തോ ചതി നടന്നിട്ടുണ്ട് “

തൊമ്മിച്ചന്റെ മുഖത്തു സങ്കടം നിഴലിച്ചു.

“ഇതാരാ.. എന്തിന് വന്നതാ “

മുറ്റത്തേക്കിറങ്ങി വന്ന ഏലിയാമ്മ തൊമ്മിച്ചനെ നോക്കി.

“ഞാൻ പോലീസിൽ നിന്നുമൊന്നുമല്ല. ജിക്കുമോനെ കൊണ്ടുപോകാൻ വന്നതാ. അവന്റെ അമ്മയുടെ അടുത്തേക്ക്. റോസ്‌ലിൻ എന്റെ വീട്ടിൽ സുരക്ഷിതയായി ഉണ്ട്.നിങ്ങളെ കുറിച്ച് റോസ്‌ലിൻ എന്നോടെല്ലാം പറഞ്ഞിട്ടുണ്ട്. സത്യം പുറത്ത് വരുന്നത് വരെ എല്ലാം രഹസ്യമായി ഇരിക്കട്ടെ “

വന്നയാൾ വരാന്തയിലെ ബെഞ്ചിൽ ഇരുന്നു.

“ഇത് ഞങ്ങളെങ്ങനെ വിശ്വസിക്കും, ഒരു പരിചയവും ഇല്ലാത്ത ആളിന്റെ കയ്യിൽ കൊച്ചിനെ തന്നുവിടാൻ പറ്റത്തില്ല “

ഏലിയാമ്മ പേടിയോടെ പറഞ്ഞു.

“അത് ശരിയാ.. അതുകൊണ്ട് നിങ്ങളെല്ലാവരും ജിക്കുമോനെയും കൊണ്ട് എന്റെ കൂടെ വീട്ടിലേക്കു വരണം. അപ്പോ സത്യാവസ്ഥ നേരിട്ടു കണ്ടു ബോധ്യപ്പെടാം. സമയം കളയാനില്ല.എന്നാൽ താമസിക്കാതെ പുറപ്പെടാം.”

വന്നയാൾ പറഞ്ഞപ്പോൾ തൊമ്മിച്ചൻ പോകാൻ തയ്യാറായി. കുര്യച്ചനെ വിളിച്ചു കാര്യം പറഞ്ഞു എല്ലാവരും ഒരുങ്ങി ഇറങ്ങി.

വന്നയാൾ അവരെയും കൂട്ടി റോഡിൽ നിർത്തിയിട്ടിരുന്ന ജീപ്പിനടുത്തേക്ക് നടന്നു. അവരെയും കയറ്റി ജീപ്പ് മുൻപോട്ടെടുക്കുമ്പോൾ കുറച്ച് അകലെയായി അവരെ നിരീക്ഷിച്ചു കൊണ്ട് നിന്ന കോൺസ്റ്റബിൾ ബാബു  ഫോണിൽ സി ഐ മൈക്കിളിനെ വിളിച്ചു.

“സാർ അവരെല്ലാം ഒരു ജീപ്പിൽ ആ കൊച്ചിനെയും കൊണ്ട് പോകുന്നുണ്ട്.”

അപ്പോൾ മറുതലക്കൽ മൈക്കിളിന്റെ ശബ്‌ദം മുഴങ്ങി.

“ഞാൻ ഇവിടെ അടുത്തുണ്ട്. അവരെ ഫോളോ ചെയ്തു വാ. ആ ടീച്ചറിനെ കണ്ടെത്തിയാൽ തീർത്തു കളയാനാ പറഞ്ഞിരിക്കുന്നത്. അതോടെ നമ്മുടെ സമാധാനകേടും മാറി കിട്ടും “

സി ഐ മൈക്കിളിനോട് മറുപടി പറഞ്ഞു ഫോൺ കട്ടാക്കി.ബാബു ബൈക്കിൽ കയറി ജീപ്പിനെ പിന്തുടർന്നു.

                                  (((തുടരും )))

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!