Skip to content

മലയോരം – 14

malayoram novel

തേയില ചെടികൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന മൺ വഴിയിലൂടെ ജീപ്പ് ആടിയുലഞ്ഞു മുൻപോട്ടു പോയികൊണ്ടിരുന്നു.തേയിലത്തോട്ടം കഴിഞ്ഞു ടാറിട്ട റോഡിൽ കേറി കുറച്ചു  മുൻപോട്ടു പോയി കൊണ്ടിരുന്നപ്പോൾ ആണ് തൊമ്മിച്ചൻ അത്  ശ്രെദ്ധിച്ചത്‌ .ഒരാൾ ബൈക്കിൽ ജീപ്പിനെ പിന്തുടരുന്നു!!കുറച്ചു നേരമായി പുറകെയുണ്ട്.

“ഒരു ബൈക്കുകാരൻ കുറച്ച് നേരമായി നമ്മുടെ പുറകെയുണ്ട്. ഓവർടേക്ക് ചെയ്തു പോകാതെ പുറകെ തന്നെ നിൽക്കുകയാണ്. കണ്ടിട്ട് എന്തോ ഒരു പന്തികേട് തോന്നുന്നു “

തൊമ്മിച്ചൻ പുറകിലേക്ക് നോക്കികൊണ്ട്‌ പറഞ്ഞു.

“ഞാനും ശ്രെദ്ധിക്കുന്നുണ്ട്. നമ്മളെ പിന്തുടരുന്ന ആരോ ആണെന്ന് തോന്നുന്നു. പേടിക്കണ്ട. ഏതവനായാലും അടി മേടിച്ചു മൂത്രമൊഴിച്ചു നിരങ്ങിയേ തിരിച്ചു പോകത്തുള്ളൂ “

ജീപ്പൊടിച്ചു കൊണ്ടിരുന്ന ആൾ റിയർവ്യൂ മിററിൽ നോക്കി കൊണ്ട് പറഞ്ഞു.

“ഏതെങ്കിലും പ്രശ്നക്കാരൻ ആണോ? ഈ കൊച്ചിനെ ഉപദ്രെവിക്കാൻ വേണ്ടി വരുന്ന ആരെങ്കിലും “

ഏലിയാമ്മ പരിഭ്രമത്തോടെ തൊമ്മിച്ചനെ നോക്കി.

ജിക്കുമോൻ ഷൈനിയുടെ മടിയിൽ ഇരുന്നു കൈകൾ കൊണ്ട് അവളെ ചുറ്റിപ്പിടിച്ചു മാറിൽ മുഖം ചേർത്തു  ഉറങ്ങുകയാണ്.

“ആ റോസ്‌ലിൻ കൊച്ചിനെ അന്വേഷിച്ചു നടക്കുന്ന പോലീസുകാരിൽ ആരോ ഒരുവനാണ് അത്. നമ്മൾ ജീപ്പിൽ കയറുമ്പോൾ ഇവൻ കുറച്ചുമാറി നമ്മളെ വാച്ച് ചെയ്തുകൊണ്ട് നിൽക്കുന്നത് ഞാൻ കണ്ടിരുന്നു. ഇതൊന്നും കണ്ടു നിങ്ങളാരും പേടിക്കണ്ട.”

ജീപ്പ് ഓടിച്ചുകൊണ്ടിരുന്നയാൾ  പറഞ്ഞിട്ട് സ്പീഡ് കുറച്ച് വഴിയുടെ സൈഡ് ചേർത്തു നിർത്തി.

“ഇപ്പൊ ഒരു കാര്യം കാണിച്ചു തരാം ഞാൻ “

അയാൾ പുറത്തിറങ്ങി.

ജീപ്പിനെ പിന്തുടർന്നു വന്നയാൾ ബൈക്ക് ജീപ്പിന്റെ കുറച്ച് പുറകിലായി നിർത്തി മൂത്രമൊഴിക്കാനെന്ന വ്യാജന വഴിസൈഡിലേക്ക് മാറി നിന്നു അവരെ നിരീക്ഷിച്ചു.

ജീപ്പ് ഡ്രൈവർ ജീപ്പിന്റെ പുറകിൽ വന്നു അകത്തേക്ക് നോക്കി.

“എന്ത് സംഭവിച്ചാലും ജീപ്പിൽ നിന്നും പുറത്തിറങ്ങരുത്. ഞാൻ നോക്കിക്കൊള്ളാം “

അയാൾ തോളിൽ കിടന്ന തോർത്തെടുത്തു തലയിൽ വട്ടത്തിൽ കെട്ടി ബൈക്കുകാരന്റെ അടുത്തേക്ക് ചെന്നു. ജീപ്പ് ഡ്രൈവർ തന്റെ അടുത്തേക്ക് വരുന്നത് കണ്ട ബൈക്കിൽ വന്നവൻ  തിരിഞ്ഞു നിന്നു.

“ആരാ നിങ്ങൾ? കുറച്ചു നേരമായല്ലോ ജീപ്പിന്റെ പുറകെ ഓന്തിനെ പോലെ പമ്മി പമ്മി പിന്തുടരുന്നത് കാണുന്നു. ജീപ്പിനുള്ളിൽ തന്റെ ആരെങ്കിലും ഇരിപ്പുണ്ടോ “?

ജീപ്പ് ഡ്രൈവർ തിരിഞ്ഞു നിന്നയാളെ തോളിൽ തട്ടി വിളിച്ചു കൊണ്ട് ചോദിച്ചു.

അതുകേട്ടു അയാൾ തിരിഞ്ഞു ജീപ്പ് ഡ്രൈവർക്കു അഭിമുഖം ആയി നിന്നു.

“അതെന്താ മുൻപിൽ ഒരു ജീപ്പ് പോകുന്നുണ്ടെന്നു കരുതി എനിക്കതിന്റെ പുറകെ വരാൻ പറ്റത്തില്ലെന്നു നിയമം വല്ലതുമുണ്ടോ? പിന്നെ എനിക്ക് മൂത്രമൊഴിക്കാൻ തോന്നി. ഞാൻ ബൈക്ക് നിർത്തി. അപ്പോ തന്നോട് ജീപ്പ് നിർത്താൻ ഞാൻ പറഞ്ഞോ “

ബൈക്കുക്കാരൻ രൂക്ഷമായി നോക്കി.

“അപ്പോ ഒഴിച്ചു കഴിഞ്ഞെങ്കിൽ തന്റെ പമ്പ് എടുത്തു  അകത്തിട്ട് പാന്റിന്റെ ഷട്ടർ അടച്ചു വയ്ക്ക്. എനിക്ക് തന്നെ കണ്ടിട്ട് പേടി ആകുന്നു “

ജീപ്പ് ഡ്രൈവർ പറഞ്ഞത് കേട്ട് ബൈക്കിൽ വന്നവൻ ജാള്യത്തോടെ തിരിഞ്ഞു നിന്നു സിബ് വലിച്ചിട്ടു.

“തന്റെ പറച്ചിൽ കേട്ടാൽ തോന്നും തനിക്കൊന്നും ഇതില്ലെന്ന്. വഴിയിൽ നിൽക്കുന്നവനെ ഊശിയാക്കാൻ വരുമ്പോ ആളും തരവും നോക്കിയാൽ കൊള്ളാം. പിന്നെ ആ ജീപ്പിലുള്ളവരെ എങ്ങോട്ട് കെട്ടിയെടുത്തു കൊണ്ട് പോകുവാ. അത് പറഞ്ഞിട്ട് ഇവിടുന്നു പോയാൽ മതി “

ബൈക്കുകരന്റെ മുഖഭാവം മാറി.!

“എന്റെ ജീപ്പിൽ ഞാൻ എനിക്കിഷ്ടമുള്ളവരെ അവരാവശ്യപ്പെടുന്ന സ്ഥലത്തു സുരക്ഷിതമായി  കൊണ്ടെത്തിക്കും. അവരെവിടെ പോകുന്നു, ഞാൻ എങ്ങോട്ട് കൊണ്ടുപോകുന്നു എന്നൊക്കെ വഴിയേ പോകുന്നവന്മാരോടൊക്കെ പറയണമെന്നുണ്ടോ? എന്തായാലും ഇത്രയും പറഞ്ഞ സ്ഥിതിക്ക് താൻ ആരാണെന്ന് പറഞ്ഞിട്ട് പോയാൽ മതി “

ജീപ്പ്ഡ്രൈവർ ബൈക്കിന്റെ താക്കോൽ ഊരി കയ്യിലെടുത്തു.

“താക്കോൽ ഇരുന്നയിടത്തു വയ്ക്കടാ പുല്ലേ. നീ വെളച്ചിലെടുക്കുന്നത് ഇരുമ്പിടി ബാബുവിനോടാ. നേരെ ചൊവ്വേ ചാകത്തില്ല പറഞ്ഞേക്കാം “

അയാൾ ജീപ്പ് ഡ്രൈവറുടെ കൈക്കു കയറി പിടച്ചു.

“ആരാടാ നീ.. ഇവരെ നീ എങ്ങോട്ടാ കടത്തികൊണ്ട് പോകുന്നത്. ആ ജീപ്പിലിരിക്കുന്ന കൊച്ചിന്റെ തള്ളയെ നീയൊക്കെ എവിടെയ ഒളിപ്പിച്ചിരിക്കുന്നത്. സത്യം പറഞ്ഞോ. ഇല്ലെ നിന്നെ ചവിട്ടി കൂട്ടി കോഞ്ഞാട്ട ആക്കി കളയും “

ഇരുമ്പിടി ബാബു ആക്രോശിച്ചു.

“ഞാൻ നിന്റെ അപ്പൻ യൂദാസ് മാപ്പിള. നീ ഇത്രയും കാലം തെരഞ്ഞു കൊണ്ടിരുന്ന നിന്റെ സൃഷ്ടാവ്.ഉണ്ടാക്കിയ സ്വൊന്തം തന്തയുടെ ദേഹത്ത് കൈ വയ്ക്കുന്നോടാ നായെ “

ഇരുമ്പിടി ബാബുവിന്റെ കൈ തട്ടി മാറ്റി ജീപ്പ് ഡ്രൈവർ.എന്നാൽ അതേ നിമിഷം ബാബു കാലുയർത്തി ചവിട്ടി.

അപ്രതീക്ഷിതമായ ചവിട്ടേറ്റു ജീപ്പ് ഡ്രൈവർ കുറച്ചു പുറകിലേക്ക് തെന്നിപ്പോയി.എങ്കിലും മറിഞ്ഞു വീഴാതെ ബാലൻസ് പിടിച്ചു നിന്നു.

വീണ്ടും കൈചുരുട്ടി ഇടിക്കാൻ വന്ന ബാബുവിന്റെ കൈ പിടിച്ചു തിരിച്ചു ഒരു കറക്ക് കറക്കി, തലപിടിച്ചു ബൈക്കിന്റെ ഹെഡ്ലൈറ്റിൽ ചേർത്തിടിച്ചു. ഇടികൊണ്ട് ഹെഡ്ലൈറ്റ് പൊട്ടി ചിതറി പോയി!!

വേദനകൊണ്ട് നിലവിളിച്ചു പോയ ബാബുവിനെ ബൈക്കിൽ ചേർത്തു വച്ചു ഒരു ചവിട്ട് കൊടുത്തു.സ്റ്റാൻഡിൽ വച്ചിരുന്ന ബൈക്കോടെ ബാബു മറിഞ്ഞു താഴെ വീണു.

“കഴുവേറിടാ മോനെ, നീ പോലീസുകാരനെ തല്ലും അല്ലേടാ.നിന്നെയും നിന്റെ കെട്യോളെയും  വീട്ടിൽ കിടത്തി ഒറക്കത്തില്ല “

നിലത്തു കിടന്നു ബാബു അലറി.

“പോലീസുകാരനോ.ആര് താനോ? താൻ പോലീസുകാരനാണെന്നു ഞാൻ എങ്ങനെ അറിയാന. യൂണിഫോമിൽ ആണോ, അല്ല. അപ്പോ ഞാൻ ഗണിച്ചറിയണോ. പകൽ സമയം കാക്കി ഇട്ടോണ്ട് നടക്കാനാ സർക്കാർ അത് തന്നിരിക്കുന്നത്. നിയമസമാധാനം നോക്കി നടക്കേണ്ട സമയത്ത് വേഷം മാറി എന്റെ പുറകെ മണത്തു വരാൻ തന്നോട് ഞാൻ പറഞ്ഞോ. ഞാനെന്താ വല്ല ഇന്റർപ്പോളും നോക്കി നടക്കുന്ന പിടികിട്ടാ പുള്ളി ആണോ? യൂണിഫോമിൽ അല്ലാത്തപ്പോ ഏതവനായാലും ഒരേ പോലെയാ. എന്റെ ദേഹത്ത് കൈ വച്ചാൽ ചവിട്ടി ഒടിച്ചു കളയും ഞാൻ. നിർത്തിക്കോണം എന്റെ പുറകെ വരവ്.എടാ ഇരുമ്പ് ബാബു, എന്നോട് കളിച്ചാൽ നീ തുരുമ്പെടുത്തു വഴിയിൽ കിടക്കും. ബൈക്കും എടുത്തു വന്ന വഴിക്ക് പൊക്കോണം. അവന്റെ അമ്മൂമ്മേടെ അന്വേഷണം “

ജീപ്പ് ഡ്രൈവർ താക്കീതിന്റെ സ്വരത്തിൽ പറഞ്ഞിട്ട് ജീപ്പിനു നേരെ നടന്നു.

“നിന്നെ ഇന്ന് സൂര്യസ്ഥമയം കാണിക്കതില്ലെടാ പട്ടി കഴു &*%@മോനെ”

നിലത്തു നിന്നും എഴുനേറ്റു നിന്ന ബാബു മുരണ്ടു.

“എടാ ബാബുവേ…. നീ അതിനൊന്നും വളർന്നിട്ടില്ലെടാ ഉവ്വേ. സൂര്യൻ പടിഞ്ഞാറു അസ്തമിക്കുന്ന സമയത്തും ഞാനീ ഭൂമിയിൽ കാണും. നിനക്ക് ആ കാര്യത്തിൽ സംശയം ഉണ്ടോ? “

തിരിഞ്ഞു നോക്കി പറഞ്ഞിട്ട് അയാൾ ജീപ്പിൽ കയറി സ്റ്റാർട്ട് ചെയ്തു മുൻപോട്ടെടുത്തു.

“അതാരായിരുന്നു “?

തൊമ്മിച്ചൻ ഡ്രൈവറെ നോക്കി.

“അവൻ ഒരു പോലീസുകാരൻ ആണെന്നെ. റോസ്‌ലിൻ കൊച്ചിനെ തേടി ഇറങ്ങിയവനാ. എന്തായാലും ഒരു പോലീസുകാരന്നിട്ടു ഒന്ന്‌ കൊടുക്കാൻ പറ്റി. പോലീസായാലും അവനൊരു അലവലാതി ആണ്. ഇരുമ്പിടി ബാബു. ഇവൻ എത്ര നിരപരാധികളെ ലോക്കപ്പിൽ ഇട്ടു ഇടിച്ചു കൊന്നിരിക്കുന്നു. പോലിസ് ആയതുകൊണ്ട് എന്തും ചെയ്തു കളയാം എന്നാണ് അവന്റെ വിചാരം. ബൈക്ക് ഓടിക്കാൻ പറ്റാത്ത രീതിയിൽ കൊടുത്തിട്ടുണ്ട്. പുറകെ വരത്തില്ല “

പറഞ്ഞുകൊണ്ട് അയാൾ ജീപ്പിനു വേഗം കൂട്ടി.

ഏലിയാമ്മ പേടിയോടെ തൊമ്മിച്ചനെ നോക്കി.

ജീപ്പിൽ വളവ് തിരിഞ്ഞു പാഞ്ഞു വരുമ്പോൾ ആണ് ചോരയൊലിപ്പിച്ചു ഒരാൾ കൈ കാണിക്കുന്നത്  സി ഐ മൈക്കിൾ കണ്ടത്. അയാളെ കടന്നു മുൻപോട്ടു പോയ ജീപ്പ് റിവേഴ്സിൽ പുറകിലേക്ക് വന്നു കൈകാണിച്ച ആളുടെ അടുത്ത് നിന്നു.

അപ്പോഴാണ് അത് കോൺസ്റ്റബിൾ ഇരുമ്പിടി ബാബു ആണെന്ന് സി ഐ മൈക്കിളിനു മനസ്സിലായത്. അയാൾ അമ്പരപ്പോടെ ബാബുവിനെ നോക്കി.

“താനെന്താ ഈ കോലത്തിൽ. തന്നെ ആരെങ്കിലും ചാമ്പിയോ “?

മൈക്കിലിന്റെ ചോദ്യം കേട്ട് ബാബു ജീപ്പിനടുത്തേക്ക് ആയസപ്പെട്ടു നടന്നു ചെന്നു. നടന്ന കാര്യങ്ങൾ വിശദീകരിച്ചു.

“ങേ.. പോലീസുകാരനെ തല്ലിയെന്നോ?താൻ ഇരുമ്പാണ്, ഉലക്കയാണ് എന്നൊക്കെ പറഞ്ഞു നടന്നിട്ട് ഒരുത്തൻ ഒറ്റയ്ക്ക് ചാമ്പാൻ വന്നപ്പോ നിന്നിടി മേടിച്ചോ. നാണക്കേട്. ആരാ ആ പന്ന പൊ &%*@മോൻ. അവനെങ്ങോട്ടാ പോയത്. ജീപ്പിലോട്ട് കേറ്. അവന്റെ പണി തീർത്തിട്ടെ ബാക്കി കാര്യമുള്ളൂ “

സി ഐ മൈക്കിൾ ക്രോധത്തോടെ പറഞ്ഞു.

ബാബു ജീപ്പിൽ കയറി. ജീപ്പ് മുൻപോട്ടു പാഞ്ഞു.

“സാറെ, നമ്മൾ ഉദ്ദേശിക്കുന്ന പോലെ നിസാരക്കാരൻ അല്ല അവൻ.ആരുടെയോ  നല്ല പിൻബലം ഉള്ളവനാ. എന്റെ ഇത്രയും കാലത്തെ സർവീസിനിടയിൽ ആദ്യത്തെ അനുഭവമാ സാറെ. തലക്കകത്തു ഇപ്പോഴും വണ്ട് മൂളുകയാ “

തലക്കുടഞ്ഞു കൊണ്ട് ബാബു പറഞ്ഞു.

********************************************

ഭക്ഷണം കഴിഞ്ഞു ഒരു ഉച്ചയുറക്കത്തിനു ശേഷം ആൻഡ്രൂസ് എഴുനേറ്റു.

പോക്കറ്റിൽ നോക്കിയപ്പോൾ ബീഡി തീർന്നിരിക്കുന്നു!

ഒഴിഞ്ഞ ബീഡികൂട് എടുത്തു നിലത്തിട്ടു. പോക്കറ്റിൽ കിടന്ന മൊബൈൽ കയ്യിലെടുത്തു. ഇവിടെ വന്നത് മുതൽ സ്വിച്ച് ഓഫ്‌ ആക്കി വച്ചിരിക്കുകയാണ്. ഒന്ന്‌ ഓൺ ചെയ്തു നോക്കിയാലോ? ഒന്ന്‌ ചിന്തിച്ചു. ആകെയുള്ള പിടിവള്ളി ആണ് വരദന്റെ ഗുണ്ടയുടെ ഈ മൊബൈൽ ഫോൺ. ഇത് വച്ചു വേണം തനിക്കും  റോസ്‌ലിനും ജെയ്സന്റെ കൊലപാതകത്തിൽ പങ്കില്ല എന്ന് തെളിയിക്കാൻ. ഓൺ ആക്കിയാൽ പോലീസുകാർ ഇവിടം കണ്ടെത്താൻ ശ്രെമിച്ചാലോ.

ഫോണും കയ്യിൽ പിടിച്ചു നിൽക്കുമ്പോൾ ആണ് നസിയ കയ്യിൽ ഒരു പ്ലാസ്റ്റിക് കവറും  ആയി കയറി വന്നത്.

“ഇതെന്താ ഫോണും കയ്യിൽ പിടിച്ചു നിൽക്കുന്നത്. അത് ഒണാക്കരുത്. ഓണായാൽ പോലീസുകാർക്ക് ലൊക്കേഷൻ കണ്ടുപിടിക്കാൻ പറ്റും. അറിഞ്ഞാൽ നിങ്ങളെ പൊക്കുന്ന കൂടെ എന്നെയും, ഇതൊന്നും അറിയാത്ത ഈ വീട്ടിലുള്ള മറ്റുള്ളവരെയും പൊക്കികൊണ്ട് പോകും.പോലിസ് അന്വേഷിച്ചു നടക്കുന്ന കൊടും ഭീകരനായ സൈക്കോ കില്ലറെ ഒളിപ്പിച്ചതിന്… ഈ വയസ്സാം കാലത്തു ഒന്നുമറിയാത്ത പാവം എന്റെ ഉമ്മച്ചിയെ കോടതി കേറ്റണോ “?

നസിയ കയ്യിലിരുന്ന കവർ താഴെ വച്ചു.

“നീ എന്താ പറഞ്ഞത് കൊടും ഭീകരനോ? സൈക്കോ കില്ലറോ. ആര്? ഞാനോ? നീ കണ്ടോ ഞാൻ ആരെയെങ്കിലും കൊല്ലുന്നത്‌ “?

ആൻഡ്രൂസ് ഒരു തീപ്പെട്ടി കോലെടുത്തു പല്ലിനിടയിൽ കുത്തികൊണ്ട് ചോദിച്ചു.

“ഇത് ഞാൻ പറയുന്നതല്ല. പോലീസുകാർ പറയുന്നത് ഞാൻ ഇവിടെ പറഞ്ഞന്നേ ഉള്ളു. അതുപോട്ടെ. ഇന്നലെ എന്നോട് ഒരു കാര്യം ചോദിച്ചില്ലായിരുന്നോ? അത് ഞാൻ കൊണ്ടുവന്നിട്ടുണ്ട്.”

കവറിനുള്ളിലേക്ക് കയ്യിട്ടുകൊണ്ട് നസിയ പറഞ്ഞു.

“എന്തോന്ന് ചോദിച്ചെന്ന്? മുട്ടനാടിനെ പുഴുങ്ങിയതോ “?

ആശ്ചര്യത്തോടെ ആൻഡ്രൂസ് കവറിലേക്ക് നോക്കി.

നസിയ കവറിനുള്ളിൽ നിന്നും ഒരു കുപ്പി പൊക്കിയെടുത്തു.

ആൻഡ്രൂസ് അതിലേക്കു സൂക്ഷിച്ചു നോക്കി.

ഒരു ബെക്കാടി റമ്മിന്റെ ഫുൾ ബോട്ടിൽ!

“ഒരാഗ്രഹം പറഞ്ഞിട്ട് ചെയ്തു തന്നില്ലെന്നു വേണ്ട. പൊട്ടിച്ചടിച്ചോ. ടച്ചിങ്സ് നാരങ്ങ അച്ചാറും കുരുമുളകിട്ട് വച്ച ആട്ടിൻ കരളും ഉണ്ട് “

കവറിൽ നിന്നും മറ്റൊരു പൊതിയെടുത്തു പുറത്ത് വച്ചു നസിയ.

“നീ ഈ വീടിനുള്ളിൽ ബാറു നടത്തുന്നുണ്ടോ?”

ആൻഡ്രൂസ് അമ്പരപ്പോടെ നസിയ യുടെ മുഖത്തേക്ക് നോക്കി.

“അപ്പം തിന്നാൽ പോരെ, കുഴി എണ്ണണോ? വെറുതെ കിട്ടിയ പട്ടിയുടെ വായിലെ പല്ലെണ്ണി നോക്കാതെ കുപ്പി പൊട്ടിച്ചു കുടിക്കാൻ നോക്ക് “

ആൻഡ്രൂസിന്റെ മുൻപിലേക്കു കുപ്പിയും ഗ്ലാസും ഭക്ഷണപൊതിയും നീക്കിവച്ചു നസിയ.

“വെറുതെ കിട്ടുന്നത് മേടിച്ചു നക്കുന്നവനല്ല ആൻഡ്രൂസ്. അത്കൊണ്ട് എവിടുന്ന് കൊണ്ടുവന്നു എന്നൊക്കെ ചോദിച്ചെന്നിരിക്കും “

ആൻഡ്രൂസ് പ്ലാസ്റ്റിക് പായിൽ ഇരുന്നു.

“എന്ന കേട്ടോ, ഞങ്ങടെ ഡ്രൈവർ ജോസേട്ടനെ വിട്ടു മേടിപ്പിച്ചതാ ഇതൊക്കെ. ജോസേട്ടൻ നമ്മുടെ ആളാ. ഇടക്കൊക്കെ ഓരോ ബിയർ ഒക്കെ മേടിപ്പിക്കും ഞാൻ. വെറുതെ ഒരു രസം”

നസിയ ഗ്ലാസുകൾ നിരത്തി വച്ചു.

“ഇതെന്തിനാ രണ്ട് ഗ്ലാസ്സ്. ഇവിടെ ഞാൻ മാത്രമല്ലേ ഉള്ളു.”

ആൻഡ്രൂസ് ഗ്ലാസ്സിലേക്ക് നോക്കി.

“അപ്പോ ഞാൻ മായാവി ആണോ? നിങ്ങളല്ലേ പറഞ്ഞത് ഇത് കുടിച്ചാൽ പിന്നെ അതൊരു ഹരമായിരിക്കും എന്ന്. അതൊന്നു പരീക്ഷിക്കാനാ.പുരുഷനൊപ്പം സ്ഥാനം സമൂഹത്തിൽ വേണമെന്ന് സ്ത്രികൾ അലമുറയിട്ട് വാദിക്കുന്നത് ഇതുപോലുള്ള കാര്യങ്ങൾ കൂടി ചെയ്യാനാ.ഇന്ന് രഹസ്യമായി കുടിക്കാത്ത സ്ത്രികൾ ഇല്ല. ഇവരെല്ലാം രഹസ്യമായി ഏതു കൊള്ളരുതായ്മയും ചെയ്യും. എന്നിട്ട് പരസ്യമായി ആദർശം പ്രസംഗിക്കും. എനിക്ക് അതുപോലുള്ള ഉടായിപ്പ് കാണിച്ചു നടക്കാൻ താത്പര്യം ഇല്ല. പറയുന്നത് ചെയ്യുക. പകലായാലും രാത്രിയിൽ ആയാലും. അത്രതന്നെ.”

നസിയ പറഞ്ഞു നിർത്തുമ്പോഴേക്കും ആൻഡ്രൂസ് രണ്ട് ഗ്ലാസ്സിലേക്ക് മദ്യം ഒഴിച്ചു വെള്ളവും ചേർത്തു.

“എടുത്തു കുടിച്ചോ. നിന്റെ ഇഷ്ടം. നിന്റെ ശരീരം. എനിക്കിതിൽ പങ്കില്ല.”

ഒരു ഗ്ലാസ്സിലെ മദ്യം എടുത്തു ഒറ്റവലിക്കു അകത്താക്കി ആൻഡ്രൂസ്. ഭക്ഷണപൊതി തുറന്നു ഒരു കഷ്ണം കരൾ എടുത്തു വായിലിട്ടു.

“കൊള്ളാം, നല്ല ടേസ്റ്റ് ആണല്ലോ. ആട്ടിൻ കരളും ബെക്കാടിയും. നല്ല കൊമ്പിനേഷന. ഇതാരാ ഉണ്ടാക്കിയത്‌ “

ആൻഡ്രൂസ് ഗ്ലാസ്സിലേക്ക് വീണ്ടും മദ്യം ഒഴിച്ചു കൊണ്ട് ചോദിച്ചു.

“ഉമ്മച്ചിയ ഉണ്ടാക്കിയത്. ഉമ്മച്ചി എന്തുണ്ടാക്കിയാലും നല്ല ടേസ്റ്റാണ് “

നസിയ മദ്യഗ്ലാസ് എടുത്തു ചുണ്ടോടു ചേർത്തു.

“എനിക്കും തോന്നി. പിന്നെ നീ പറഞ്ഞത് ശരിയാ. ഒരു കാലഘട്ടത്തിൽ ഉണ്ടായിരുന്നു നല്ല പെണ്ണുങ്ങൾ. കുടുംബത്തിൽ വച്ചോണ്ടിരിക്കാൻ കൊള്ളാവുന്ന, ഭർത്താവിനെയും,  മക്കളെയും സ്നേഹിക്കുകയും , കുടുംബത്തിലുള്ളവർക്ക് ബഹുമാനം കൊടുത്തു, തന്റെ സ്വന്തമായി കണ്ടു ഒരു കുടകീഴിൽ കൊണ്ട് പോകാൻ കഴിവുള്ള  സ്ത്രികൾ. അവർക്കു എല്ലാവിധത്തിലുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. നമുക്കൊക്കെ അവരെ കണ്ടാൽ ഒരു തരം ബഹുമാനവും ആദരവും തോന്നുമായിരുന്നു. ഇപ്പോൾ ഉള്ള പെണ്ണുങ്ങളോ, ഏതു സമയവും സ്വാതന്ത്ര്യം കുറവാണ്, തന്നിഷ്‌ടത്തോടെ  നടക്കാൻ സമ്മതിക്കുന്നില്ല, പാതിരാത്രി തന്നെ ഇറങ്ങി നടക്കണം, ഭർത്താക്കൻ മാരെ വകവയ്ക്കരുത്, ശരീരപ്രദർശനം കാണിക്കുന്നത് വ്യെക്തി സ്വാതന്ത്ര്യം ആണ് എന്നൊക്കെ പ്രസംഗിച്ചു കൊണ്ട് നടക്കുന്നവർ.അതുകൊണ്ട് തന്നെ നല്ല കുടുംബബന്ധങ്ങൾ കുറവല്ലേ ഇപ്പൊ.”

ആൻഡ്രൂസ് നിറച്ച ഗ്ലാസിൽ നിന്നും കുറച്ചു കുടിച്ചു ഗ്ലാസ്സ് നിലത്തു വച്ചു.

“നിങ്ങള് പറഞ്ഞതൊക്കെ സത്യമാ. പക്ഷെ അന്തസ്സും അഭിമാനവും ഉള്ള, ബന്ധങ്ങൾക്ക് വിലകൊടുക്കുന്ന നല്ല കുറച്ചു സ്ത്രികൾ ഇന്നും ഉണ്ട്.എനിക്ക് കീറിപറിഞ്ഞ ഡ്രെസ്സും ഇട്ടു ശരീരവും കാണിച്ചു നടക്കാൻ താത്പര്യം ഇല്ല, അവസരം ഉണ്ടെങ്കിൽ പോലും “

നസിയ ഗ്ലാസ്സ് കാലിയാക്കി നിലത്തു വച്ചു.

“ഒരുത്തിയെ എങ്കിലും എനിക്ക് കാണാൻ പറ്റിയല്ലോ. കർത്താവിനു സ്ത്രോത്രം “

ആൻഡ്രൂസ് ഭിത്തിയിൽ ചാരി ഇരുന്നു.

“എനിക്ക് ഓർക്കുമ്പോൾ ചിരി വരുന്ന കാര്യം ഉണ്ട്. നിനക്ക് കേൾക്കണോ “?

ആൻഡ്രൂസ് നസിയയെ നോക്കി.

“പണ്ട് കേരളത്തിൽ സ്ത്രികൾക്ക് മാറു മറക്കാൻ ഉള്ള അവകാശത്തിന് വേണ്ടി സമരം നടന്നിരുന്നു. ഓരോ സ്ത്രിയുടെയും മാറിടത്തിന്റെ വലുപ്പം അനുസരിച്ചു അവർ കരം അടക്കണമായിരുന്നു. മാറിടത്തിന്റെ വലുപ്പം നോക്കി നികുതി ചുമത്തനാണ്  സ്ത്രികളെ മാറു മറക്കാൻ സമ്മതിക്കാതിരുന്നത്. ഇതിനെതിരെ നമ്മുടെ പൂർവികർ സമരം നടത്തി, ഇടിയും തൊഴിയും മേടിച്ചും, ജീവൻ കളഞ്ഞും മേടിച്ചു കൊടുത്തതാണ് അവർക്കു മാറു മറക്കാനുള്ള അവകാശം . എന്നിട്ടിപ്പോഴോ, എല്ലാ പെൺവർഗ്ഗത്തിനും അതെടുത്തു പുറത്തിട്ടു പ്രദേർശിപ്പിക്കുന്നതിനോടാണ് താത്പര്യം. സമരം നടത്തി ജീവൻ കളഞ്ഞ പാവം പൂർവികരുടെ ആത്മക്കൾ ഇപ്പോൾ മുകളിൽ ഇരുന്നു ഇവളുമാര് കാണിക്കുന്ന തെണ്ടി തരം കണ്ടു ചങ്കുപൊട്ടി കരയുന്നുണ്ടാകും.ഇതിനു വേണ്ടി ആയിരുന്നല്ലോ  വല്ലവന്റെയും ഇടിയേറ്റ് വടി ആയത് എന്നോർത്ത് സ്വൊയം  പ്രാകുന്നുണ്ടാകും.അതോർക്കുമ്പോഴാ  എനിക്ക് ചിരി വരുന്നത് “”

ആൻഡ്രൂസ് ഗ്ലാസിൽ ബാക്കി ഉണ്ടായിരുന്നത് കൂടി എടുത്തു ഒറ്റ വലിക്ക് അകത്താക്കി.

മുണ്ടിന്റെ തുമ്പുകൊണ്ട് ചുണ്ട്‌ തുടച്ചു.

“ഇവളുമാരുടെ കുന്തളിപ്പ് നിർത്താൻ നല്ലൊരു മാർഗ്ഗം ഉണ്ട്. സർക്കാരിന് സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും കര കയറുകയും ചെയ്യാം.മൂടി വച്ചു നടക്കേണ്ടത്‌ തുറന്നിട്ട്‌ നടക്കുന്ന ഓരോ പെണ്ണുങ്ങളുടെയും ഓരോ അവയവത്തിനും പഴയപോലെ നികുതി ചുമതണം.പത്തു പ്രാവിശ്യം നികുതി അടക്കുമ്പോൾ പിന്നെ മര്യാദക്ക് നടന്നോളും. നിനക്കൊഴിക്കണോ ഇനി “

ആൻഡ്രൂസ് കുപ്പിയെടുത്തു കൊണ്ട് ചോദിച്ചു

“എനിക്ക് വേണ്ട.ഇതു കുടിച്ചപ്പോൾ തന്നെ തലക്കൊരു മരവിപ്പ്. ഇതൊക്കെ കുടിച്ചാൽ ഉള്ള അനുഭവം എന്താണെന്നു അറിയാൻ നോക്കിയതാ.ഞാൻ പോകുവാ. എന്നെ കണ്ടില്ലെങ്കിൽ ഉമ്മച്ചി അന്വേഷിക്കും “

നസിയ എഴുനേറ്റു.

“ഞാൻ ചരിത്രം പറഞ്ഞു നിന്നെ മുഷിപ്പിച്ചോ? പറയാനുള്ളത് ഞാനെവിടെയും പറയും. അത് ആണായാലും പെണ്ണായാലും. ഒലിപ്പിക്കാനൊന്നും എനിക്ക് താത്പര്യം ഇല്ല. അതിന്റെ ആവശ്യവും ഇല്ല “

ആൻഡ്രൂസ് തുറന്നിരുന്ന മദ്യക്കുപ്പി അടച്ചു വച്ചു

“നിന്റെ കയ്യിൽ സിഗരറ്റു ഇരിപ്പുണ്ടോ? ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാൻ. ങേ “

മെല്ലെ എഴുന്നേറ്റ ആൻഡ്രൂസ് അഴിഞ്ഞു പോകാൻ തുടങ്ങിയ മുണ്ട് മുറുക്കി കുത്തി.

“ഞാൻ ബീഡിയും വലിച്ചു കഞ്ചാവും അടിച്ച് നടക്കുന്ന പെണ്ണല്ല. ഒരു ബീഡിയും തീപ്പെട്ടിയും.കുളം ആക്കുമോ ഇന്നിവിടം. എന്നെയും ഇവിടെനിന്ന് ഇറക്കിവിടും “

നസിയ കുപ്പിയും ഗ്ലാസുകളും എടുത്തു റൂമിന്റെ മൂലയിൽ കൊണ്ട് വച്ചു.

“നിന്നെ ഇവിടെ നിന്നും ഇറക്കി വിട്ടാൽ ഏതെങ്കിലും അനാഥാലയത്തിൽ കൊണ്ട് ആക്കും ഞാൻ. തെരുവിൽ അലയാൻ വിടത്തില്ല പോരെ “

ആൻഡ്രൂസ് പറഞ്ഞു കൊണ്ട് ചാക്കിൻ കെട്ടുകളുടെ പുറത്തേക്കിരുന്നു.

“ഓഹോ…അതാണ് ഉദ്ദേശം. ഏതെങ്കിലും അനാഥാലയത്തിൽ കൊണ്ടു വിടുക അല്ലെ “

നസിയ പരിഭവത്തോടെ ചോദിച്ചു.

“പിന്നല്ലാതെ, എന്റെ കൂടെ കൊണ്ടുപോകാൻ പറ്റത്തില്ല. കൊണ്ടുപോകുകയും ഇല്ല. ഒരു കാര്യം ചെയ്യ്, കൊള്ളാവുന്ന ഒരുത്തനെ നോക്കി പ്രേമിച്ചു ഒളിച്ചോടിക്കൊ.പെണ്ണുങ്ങൾക്ക് ഒരു പ്രായം കഴിഞ്ഞാൽ പ്രേമിക്കുന്നതും ഒളിച്ചോടുന്നതും ഒക്കെ ഒരു ഹരമാ. നിന്റെ ഈ മരങ്ങോടൻ തന്തയുടെയുടെ മർക്കട മുഷ്ട്ടിയിൽ നിന്നും രക്ഷപെടാൻ ഇതേ ഉള്ളു വഴി “

നസിയ ആൻഡ്രൂസിന്റെ മുൻപിൽ വന്നു നിന്നു.

“ഉപദേശത്തിന് നന്ദി. രക്ഷപെടാൻ ഒരു വഴി പറഞ്ഞു തന്നല്ലോ. പിന്നെ എന്റെ തന്ത മരങ്ങോടൻ ഒന്നുമല്ല.ഉള്ളിൽ സ്നേഹം ഉണ്ട്. അത് പുറത്ത് കാണിക്കുകയില്ലെന്നേയുള്ളു “

നസിയ മുഖം കറുപ്പിച്ചു.

“നീ അല്ലെ പറഞ്ഞത് നിന്റെ ബാപ്പ ഒരു മരങ്ങോടൻ കഴുത ആണെന്ന് “

ആൻഡ്രൂസ് നസിയയെ നോക്കി ചിരിച്ചു.

“ഞാൻ പറഞ്ഞിട്ടില്ല. നിങ്ങള് വല്ല സ്വൊപ്നവും കണ്ടതാകും. ഞാനങ്ങനെ പറയുകയുമില്ല “

നസിയ തിരിഞ്ഞു നടക്കാൻ ഭാവിച്ചു.

“ചിലപ്പോൾ ശരി ആയിരിക്കും. ഞാൻ കേട്ടതിന്റെ കുഴപ്പമാകും. ഈയിടെ ആയി ഞാൻ കേൾക്കുന്നതെല്ലാം തലതിരിച്ചാണ്. എന്ത് ചെയ്യാം “

ആൻഡ്രൂസ് ഒരു ദീർഘ നിശ്വാസം വിട്ടു.

“കള്ള് കുടിച്ചാൽ ഉള്ളു തുറക്കും എന്നൊരു പഴമൊഴി ഉണ്ട്. ഇപ്പൊ അത് നേരാണെന്നു മനസ്സിലായി. ഞാൻ പോകുവാ “

വെട്ടിതിരിഞ്ഞു അവൾ വാതിലിനു നേർക്കു നടന്നു.

വാതിൽക്കൽ എത്തി ഒരിക്കൽ കൂടി തിരിഞ്ഞു ആൻഡ്രൂസിനെ  നോക്കിയ ശേഷം പുറത്തേക്കിറങ്ങി.

∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞≈

ജിക്കുമോനെയും കൊണ്ട് പോയ ജീപ്പ് കുണ്ടും കുഴിയുമായി കിടക്കുന്ന ഒരു വഴിയിലേക്ക് പ്രേവേശിച്ചു. മുൻപോട്ടു പോകും തോറും വഴിക്ക് വീതി കുറഞ്ഞു വന്നു.

ഒരു പഴയ കെട്ടിടത്തിനു മുൻപിൽ ജീപ്പ് നിന്നു.

“ഇറങ്ങിക്കോ. ഇവിടെയ എന്റെ കുടുംബം താമസിക്കുന്നത്.”

ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിക്കൊണ്ട് അയാൾ തൊമ്മിച്ചനെ നോക്കി പറഞ്ഞു.

തൊമ്മിച്ചനും ഏലികുട്ടിയും ഇറങ്ങി. പുറകെ ജിക്കുമോനെയും കൊണ്ട് ഷൈനിയും.

അവർ ചുറ്റുപാടും നോക്കി.

അടുത്തെങ്ങും ഒരു വീടോ ആളനക്കമോ  ഒന്നും തന്നെയില്ല. ആ പ്രേദേശത്തു ഈ വീടുമാത്രമേ ഉള്ളു.

ഏലിയാമ്മ വന്നത് അബദ്ധമായ എന്ന് ശങ്കിച്ചു നിന്നു.

“എന്താ അവിടെ നിന്നു കളഞ്ഞത് കേറി വാ “

വീടിനുള്ളിൽ നിന്നും ഇറങ്ങി വന്ന മദ്ധ്യവയസ്കയായ സ്ത്രീ അവരെ അകത്തേക്ക് ക്ഷണിച്ചു.

പെട്ടെന്ന് വീടിനുള്ളിൽ നിന്നും “മോനെ “എന്ന് വിളിച്ചു കരഞ്ഞു കൊണ്ട് റോസ്‌ലിൻ ഓടിയിറങ്ങി വന്നു.

ഷൈനിയുടെ കയ്യിൽ നിന്നും ജിക്കുമോനെ മേടിച്ചു നെറ്റിയിലും കണ്ണിലും കവിളിലും എല്ലാം അമർത്തി ചുംബിച്ചു.

“മമ്മി, എന്നെ ഒറ്റക്കാക്കി മമ്മി എവിടെ പോയതാ “

ജിക്കുമോൻ റോസ്‌ലിനെ കെട്ടി പിടിച്ചു കരയാൻ തുടങ്ങി.

“മമ്മി എങ്ങും പോയില്ലടാ മോനെ, മോനെ തനിച്ചാക്കി മമ്മി എവിടെയെങ്കിലും പോകുമോ “

റോസ്‌ലിൻ അവനെ ദേഹത്തേക്ക് കൂടുതൽ അമർത്തി പിടിച്ചു.

ജീപ്പ് ഓടിച്ചു കൊണ്ട് വന്ന ആൾ വീടിനുള്ളിൽ നിന്നും ഇറങ്ങി വന്നു.

“തൊമ്മിച്ച, അപ്പോ ഞങ്ങളെ പരിചയപ്പെടുത്തി ഇല്ലല്ലോ. എന്റെ പേര് ആന്റണി, അടുപ്പമുള്ളവർ ആന്റണിച്ചൻ  എന്ന് വിളിക്കും. പോലീസ് റെക്കോർഡിൽ ഞാൻ പണ്ടേ ചത്തുപോയ ആളാ. പിന്നെ ഇതു എന്റെ കെട്യോള് ലില്ലികുട്ടി. ഞങ്ങക്ക് രണ്ട് പെൺകുട്ടികളാണ്. രണ്ടുപേരെയും കെട്ടിച്ചു വിട്ടു. ഇപ്പൊ ഞാനും ഇവളും മാത്രം ഇവിടെ. ഇതൊക്കെയ ഞങ്ങളെ കുറിച്ച് പറയാനുള്ളത് “

തൊമ്മിച്ചനും ഏലികുട്ടിയും ആന്റണിയെയും നോക്കി ചിരിച്ചു.

“റോസ്‌ലിൻ കൊച്ചിന്റെ കാര്യമൊക്കെ അറിഞ്ഞു. കൊലപാതകകുറ്റമ. പോലീസിന്റെ കയ്യിൽ കിട്ടിയാൽ പിന്നെ വാദിയെ അവർ പ്രതിയാക്കും.ഇവരുടെ മുൻ‌കൂർ ശരിയായിട്ടു പുറത്തിറങ്ങുന്നതാണ് നല്ലത്. ആൻഡ്രൂസ് എന്നെ വിളിച്ചിരുന്നു. അവൻ പറഞ്ഞാണ് ഈ കാര്യങ്ങളൊക്കെ അറിഞ്ഞത്. റോസ്‌ലിൻ കൊച്ച് പേടിക്കണ്ട. ഞങ്ങളെല്ലാവരും കൂടെയുണ്ട്. യഥാർത്ഥ പ്രതിയെ നമ്മൾ കണ്ടെത്തിയിരിക്കും “

ആന്റണി പറഞ്ഞു.

“ഇതു തൊമ്മിച്ചന്റെ മകളായിരിക്കും അല്യോ “

ആന്റണി സ്നേഹപൂർവ്വം ഷൈനിയെ നോക്കി.

“അതേ, ഞങ്ങക്കും രണ്ട് പെൺകുട്ടികളാണ്. ഷേർലിയും ഷൈനിയും. രണ്ടുപേരും പഠിക്കുകയാണ് “

ഏലിയാമ്മ ഷൈനിയെ ചേർത്തു പിടിച്ചു പറഞ്ഞു.

“കയറി വാ, ചായ എടുത്തു വച്ചു. അത് കുടിച്ചിട്ട് ബാക്കി സംസാരിക്കാം “

ലില്ലികുട്ടി വീണ്ടും എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു.

എല്ലാവരും വീടിനുള്ളിലേക്ക് കയറി. ആന്റണി വാതിലടച്ചു.

ചായകുടിക്കുന്നതിനിടയിൽ എല്ലാവരും പരസ്പരം സംസാരിക്കുകയും കൂടുതലായി വിശേഷങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു.

“റോസ്‌ലിനും കുഞ്ഞും ജാമ്യം കിട്ടുന്നത് വരെ ഇവിടെ നിൽക്കട്ടെ. ലില്ലിക്കുട്ടിക്ക് ഒരു കൂട്ടുമാകും. ഇവിടെ വന്നു ആരും ഒന്നും ചെയ്യാൻ പോകുന്നില്ല. അതോർത്തു പേടിക്കണ്ട “

ആന്റണി തൊമ്മിച്ചന് ഉറപ്പുകൊടുത്തു.

പെട്ടെന്നാണ് പുറത്ത് ഒരു വെടി ശബ്‌ദം മുഴങ്ങിയത്.

വീടിനുള്ളിലിരുന്ന എല്ലാവരും ഒന്ന്‌ പകച്ചു.

ആന്റണി ജാഗരൂഗനായി.

“പെണ്ണുങ്ങളെല്ലാവരും മുറിക്കുള്ളിൽ പോയിരുന്നോ. ആരാണെന്ന് നോക്കട്ടെ “

ആന്റണി സ്ത്രികളെ മറ്റൊരു മുറിക്കുള്ളിൽ കേറ്റി വാതിലടച്ചശേഷം പുറത്തേക്കുള്ള വാതിലിനു നേർക്കു നടന്നു.

പോകുന്ന വഴി തോക്കെടുത്തു വാതിലിനടുത്തു ചാരി വച്ചു. തൊമ്മിച്ചനെ  കതകിനു മറവിലേക്കു മാറ്റി നിർത്തി ആന്റണി കതകിന്റെ കൊളുത്തെടുത്തു.

വാതിൽ തുറന്ന ആന്റണി കണ്ടു!!

മുറ്റത്തു ചോരയൊലിപ്പിച്ച മുഖവുമായി ഇരുമ്പിടി ബാബു!!!

അയാളുടെ പുറകിൽ നീട്ടിപിടിച്ച റിവോൾവറുമായി സി ഐ മൈക്കിൾ!!!

                              ((തുടരും ))

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!