ആന്റണി വരാന്തയിലേക്ക് ഇറങ്ങി.
“എന്താ സാറെ ഇവിടെ? സാറ് വഴിതെറ്റി വന്നതാണോ? അല്ലാതെ പോലീസുകാർക്ക് എന്റെ വീട്ടിൽ വരേണ്ട കാര്യമില്ല. പിന്നെ ഈ നിൽക്കുന്ന ബാബു പോലിസ് ആണെന്ന് പറയുന്നു. എന്നോട് കേറി കോർക്കാനും വന്നു. പോലിസ് ആണെന്ന് തിരിച്ചറിയണമെങ്കിൽ കാക്കി യൂണിഫോം ഇടണം. എങ്കിലല്ലേ എന്നെ പോലെയുള്ള സാധാരണക്കാർക്ക് തിരിച്ചറിയാൻ പറ്റൂ “
ആന്റണി വാതിലിനോട് ചേർന്നു നിന്നു.
റിവോൾവ്റും നീട്ടിപിടിച്ചു സി ഐ മൈക്കിൾ മുൻപോട്ടു കയറി വന്നു.
“എടാ പുല്ലേ… പോലീസുകാർക്കിട്ടു ഏമാത്തിയിട്ടു നീ രക്ഷപെടാമെന്നു കരുതിയോ? എവിടെയാട നീ ആ പെണ്ണിനേയും കൊച്ചിനെയും ഒളിപ്പിച്ചു വച്ചിരിക്കുന്നത്. സ്വൊന്തം ഭർത്താവിനെയാ അവളും അവളുടെ കള്ളകാമുകനും ചേർന്നു കുത്തിമലർത്തി ഇട്ടിട്ടു പോയത്.വീട്ടിനുള്ളിൽ ഉണ്ടെങ്കിൽ മര്യാദക്ക് ഇറക്കി വിട്ടോ. ഇല്ലെങ്കിൽ അകത്തോട്ടു കേറി വന്നു നിരങ്ങേണ്ടി വരും. അത് തന്റെ പെണ്ണുമ്പിള്ളക്കും കൊഴപ്പമാകും “
സി ഐ മൈക്കിൾ ക്രൂരമായ ചിരിയോടെ ആന്റണിയെ നോക്കി.
“ഇവനെയും ഇവന്റെ കുടുംബത്തെയും വെറുതെ വിടരുത് സാറെ. കത്തിച്ചു ചാമ്പൽ ആക്കി കളയണം. ഇവിടെയിട്ടു എല്ലാത്തിനെയും തീർത്താലും പുറം ലോകത്തുള്ള ഒരു പട്ടിപോലും അറിയുകേല “
കോപത്തോടെ ഇരുമ്പിടി ബാബു മുരണ്ടു.
“ങേ, അയ്യോ സാറെ, ഞങ്ങള് പാവങ്ങള, ഞങ്ങളെയൊന്നും ചെയ്യരുത്. ഇവിടെ ആരുമില്ല. ഞാനും എന്റെ കെട്യോളും കുറച്ചു കൃഷിപണിയൊക്കെ ആയിട്ടു സമാധാനമായി കഴിയുകയാ.ഒന്നും ചെയ്യരുത് സാറെ “
തൊമ്മിച്ചൻ മുണ്ടിന്റെ കുത്തഴിച്ചിട്ടു വിനയാനിതനായി.
“അപ്പോ നിനക്ക് അപേക്ഷിക്കാനൊക്കെ അറിയാം അല്ലേടാ. പക്ഷെ നിന്റെ വീട് അരിച്ചു പെറുക്കിയിട്ടേ ഞങ്ങള് പോകാത്തൊള്ളൂ ഇവിടെ നിന്ന്.നീ എന്താ കരുതിയത്.പറയുന്നത് കേട്ടു വിശ്വസിച്ചു അങ്ങ് മണ്ടന്മാരെ പോലെ തിരിച്ചു പോകുമെന്നോ? മാത്രമല്ല പോലീസുകാരനെ തല്ലിയതിന് നിന്നെ എടുത്തു അകത്തിട്ട് രണ്ട് ചാമ്പു ചാമ്പിയിട്ടേ ബാക്കി കാര്യമുള്ളൂ.”
സി ഐ മൈക്കിൾ മുൻപോട്ടു നീങ്ങി.
പുറകെ ബാബുവും.
ആന്റണി വാതിലടഞ്ഞു നിന്നു.
“സാറെ ഇതൊക്കെ അതിക്രെമം ആണ്. പെണ്ണുങ്ങളുള്ള എന്റെ വീടിനുള്ളിൽ കയറാൻ പറ്റത്തില്ല. സാറ് അന്വേഷിച്ചു വന്നവരൊന്നും ഇവിടെ ഇല്ല. സാറ് പോയി വേറെ എവിടെയെങ്കിലും അന്വേഷിക്ക് “
ആന്റണി ജാഗരൂഗനായി.
“അങ്ങോട്ടു മാറി നിൽക്കടാ.പോലീസിനെ തടയുന്നോ റാസ്ക്കൽ “
സി ഐ മൈക്കിൾ ആന്റണിയുടെ ഷർട്ടിൽ കേറി കുത്തി പിടിച്ചു. എന്തിനും തയ്യാറായി ബാബുവും നിന്നു.
“സാറെ വേണ്ട.ഒരു കയ്യാങ്കളിക്കു എനിക്ക് താത്പര്യം ഇല്ല.സാറ് പോകാൻ നോക്ക് “
ഷർട്ടിൽ കുത്തി പിടിച്ചിരുന്ന സി ഐ മൈക്കിളിന്റെ കൈ അടർത്തി മാറ്റാൻ നോക്കി കൊണ്ട് ആന്റണി പറഞ്ഞു. അയാളുടെ മുഖത്തെ ഞരമ്പുകൾ പിടഞ്ഞു. കണ്ണുകൾ കുറുകി ഉണർന്നു.
“നീ സാറിനോട് കൽപ്പിക്കുന്നോടാ കഴു &*%%@ മോനെ “
ബാബു കൈ വീശി അടിച്ചു.
അതേ നിമിഷം ആന്റണി തല പുറകിലേക്ക് വെട്ടിച്ചു മൈക്കിളിന്റെ കയ്യിലിരുന്ന തോക്ക് തട്ടി മുൻപിലേക്കു വലിച്ചു.
ബാബുവിന്റെ അടി മൈക്കിളിന്റെ മുഖത്തേറ്റു. വായിൽ നിന്നും ചോര തെറിച്ചു.
“അയ്യോ സാറെ… ഈ നാ &%%%#@ പിടിച്ചു വലിച്ചത് കൊണ്ട് അടി മാറി പോയതാ “
ബാബു മൈക്കിളിന്റെ അടിയേറ്റ മുഖത്തേക്ക് നോക്കി പരുങ്ങി.
മൈക്കിൾ കോപത്തോടെ ബാബുവിനെ രൂക്ഷമായി നോക്കി.
അതേ സമയം തന്നെ ആന്റണി കാലുയർത്തി ബാബുവിന്റെ അടിവയർ നോക്ക് ഒരു ചവിട്ട് കൊടുത്തു. അപ്രതിക്ഷമായ ചവിട്ടിൽ ബാബു തെറിച്ചു മുറ്റത്തേക്ക് നടുവിടിച്ചു വീണു.ബാബുവിന്റെ തല പോയി കല്ലിൽ ഇടിച്ചു. അയാൾ പുളഞ്ഞു പോയി.
“എടാ…”മൈക്കിൾ, ആന്റണിയുടെ ഷർട്ടിലെ പിടിമുറുക്കി. ഭിത്തിയിൽ ചേർത്തു.
“ഈ മൈക്കിൾ വന്നിട്ടുണ്ടെങ്കിൽ നിന്റെ വീട്ടിനുള്ളിൽ കേറി മെതിച്ചിട്ടേ പോകത്തുള്ളൂ.നിന്നെയൊക്കെ കൊന്ന് തള്ളിയാലും ഒരു പട്ടിയും ചോദിക്കത്തില്ല”
മൈക്കിൾ പറഞ്ഞു കൊണ്ട് റിവോൾവർ ആന്റണിയുടെ നെറ്റിയിൽ മുട്ടിച്ചു. ആന്റണി ഒന്ന് ചിരിച്ചു.
“സാറെ…ഈ പൊട്ടാസ് തോക്ക് കാണിച്ചു പേടിപ്പിക്കാൻ ഞാൻ പിച്ചവച്ചു നടക്കുന്ന കൊച്ച് കുട്ടിയല്ല.എന്റെ വീട്ടിൽ വന്നു കളിയെറക്കരുതെന്നു ഞാൻ മര്യാദക്കു പറഞ്ഞു. സാറ് വന്നവഴിക്കു തിരിച്ചു പോകാൻ നോക്ക്, കണ്ടവന്റെ ചെറ്റപ്പൊക്കി നോക്കാൻ പോകാതെ “
ആന്റണി നെറ്റിയിൽ മുട്ടിയിരുന്ന റിവോൾവർ തട്ടി മാറ്റി.
“മര്യാദക്കേടു കാണിച്ചാൽ നീയെനിക്കിട്ട് പുളുത്തുമോ? അതും ഒരു സി ഐ ആയ എനിക്കിട്ടു “
സി ഐ മൈക്കിൾ കയർത്തു.
“എന്റെ അനുവാദം ഇല്ലാതെ വീട്ടിൽ കേറുന്നവൻ സി ഐ ആയാലും സി ബി ഐ ആയാലും തിരിച്ചു പോകുമ്പോൾ അവന്റെയൊന്നും സ്വിച്ച് കാണത്തില്ല.ഒടിച്ചു കളയും ഞാൻ “
ആന്റണി അഴിഞ്ഞു കിടന്ന മുണ്ടെടുത്തു മടക്കി കുത്തി.
“നിന്നെയൊന്നും ബഹുമാനിച്ചിട്ടു കാര്യമില്ല.കാക്കിയിട്ടവന്മാരോട് പണ്ട് മുതലേ എനിക്ക് വെറുപ്പാ. കണ്ടവന്റെ കാശും മേടിച്ചു പാവങ്ങളുടെ നെഞ്ചിടിച്ചു കലക്കാൻ നടക്കുന്ന വെറും പാഴുകൾ.എന്റെ ജീവിതത്തിൽ തന്നെ പോലുള്ളവന്മാരുടെ സഹായത്തിന്റെ ആവശ്യവും ഇല്ല. എന്നെ ഉപദ്രവിക്കരുത്”
ആന്റണി വാതിലിൽ ചാരി നിന്നു.
പെട്ടന്നാണ് മൈക്കിൾ വെട്ടിതിരിഞ്ഞു ആന്റണിയെ ചവിട്ടിയത്. കതകിൽ ചേർത്തു വച്ചുള്ള ചവിട്ടിൽ ആന്റണി വീടിനുള്ളിലേക്ക് വീണു.
വീടിനുള്ളിലേക്ക് പാഞ്ഞു കയറിയ മൈക്കിളിനെ തൊമ്മിച്ചൻ തടഞ്ഞു.
“ആഹാ, വീടിനുള്ളിൽ ആളുകൾ ഉണ്ടല്ലോ. അപ്പോ എന്റെ ഊഹം തെറ്റിയില്ല “
മൈക്കിൾ തൊമ്മിച്ചനെ പിടിച്ചൊരു തള്ള് കൊടുത്തു.
അതേ നിമിഷം ചാടി എഴുന്നേറ്റ ആന്റണിയുടെ വലതുകാൽ മൈക്കിളിന്റെ നെഞ്ചത്തു വീണു .
ഒരലർച്ചയോടെ മൈക്കിൾ മുറ്റത്തേക്ക് മറിഞ്ഞു . കയ്യിലിരുന്ന റിവോൾവർ ദൂരത്തേക്ക് തെറിച്ചു.
വരാന്തയിലേക്കിറങ്ങി വാതിലടച്ചു കുറ്റി ഇട്ടശേഷം ആന്റണി മുറ്റത്തേക്കിറങ്ങി.
“എടാ സി ഐ കഴുവേറി, വീട്ടിൽ കേറി ചെറ്റത്തരം കാണിക്കുന്നോ? നിന്നെ ആരാ ഇങ്ങോട്ട് പറഞ്ഞു വിട്ടതെന്നു വിശദമാക്കിയിട്ടു പോയാൽ മതി.”
ചാടിയേറ്റ മൈക്കിൾ ആന്റണിയുടെ നേരെ കുതിച്ചു വന്നു. അവർ പോര് കാളകളേ പോലെ ഏറ്റു മുട്ടി.
അവസാനം ആന്റണിയുടെ അടിയേറ്റ് മൈക്കിൾ നിലത്തു വീണു. അയാളുടെ മുൻനിരയിലെ രണ്ടുമൂന്നു പല്ലുകളും അടർന്നു പോയിരുന്നു.
നിലത്തു കിടക്കുകയായിരുന്ന ബാബു തലപൊക്കി നോക്കിയശേഷം അനങ്ങാതെ കിടന്നു.
ആന്റണി അഴിഞ്ഞു നിലത്തു കിടന്ന ഉടുമുണ്ട് എടുത്തു കുടഞ്ഞു ഉടുത്തു.
“അഞ്ചു മിനിറ്റിനുള്ളിൽ സ്ഥലം കാലിയാക്കിക്കോണം. ഇല്ലെങ്കിൽ ചവിട്ടിക്കൂട്ടി രണ്ടിനെയും കപ്പക്കും കാച്ചിലിനും അടിവളമായിടും ഞാൻ.തെണ്ടികൾ “
ആന്റണി കോപത്തോടെ ഗർജിച്ചു കൊണ്ട് വരാന്തയിൽ വന്നിരുന്നു.
അപ്പോൾ അവിടേക്കു ഒരു കാർ കയറി വന്നു. അതിൽ നിന്നും കറുത്ത ഗൗൺ അണിഞ്ഞ ഒരാൾ ഇറങ്ങി വന്നു.അയാൾ നിലത്തു കിടക്കുന്നവരെ നോക്കിയിട്ട് ആന്റണിയുടെ അടുത്തേക്ക് ചെന്നു.രണ്ടുപേരും എന്തൊക്കെയോ സംസാരിച്ചു. ആന്റണി എഴുനേറ്റു നിലത്തു കുനിഞ്ഞിരിക്കുന്ന മൈക്കിളിന്റെ അടുത്തേക്ക് ചെന്നു.
“രണ്ട് &%**@ മാരും കേൾക്കാൻ വേണ്ടി പറയുകയാ. ഇതു അഡ്വ. സത്യനാരായണൻ. ആൻഡ്രൂസിനും റോസ്‌ലിനും മുൻകൂർ ജാമ്യം കിട്ടിയിട്ടുണ്ട്. അതിന്റെ പേപ്പറുകൾ ആണ് ഇത്. അഡ്വ. സാറിന്റെ കയ്യിൽ നിന്നും ഓരോ പേപ്പറുകൾ മേടിച്ചു കീശയിൽ വച്ചു കാശിക്കു വിട്ടോ വേഗം.”
നിലത്തു നിന്നും മൈക്കിളിനെ വലിച്ചുപോക്കി കുറച്ചകലെ നിർത്തിയിട്ടിരുന്ന അവർ വന്ന ജീപ്പിന്റെ അടുത്തേക്ക് കൊണ്ടുപോയി ഡ്രൈവിംഗ് സീറ്റിൽ ഇരുത്തി. അപ്പോഴേക്ക് ഏന്തി വലിഞ്ഞു ബാബുവും വന്നു ജീപ്പിൽ കയറിയിരുന്നു.
“കോടതി മുൻകൂർ ജ്യാമ്യം അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് അവരെ ഇനി ഉപദ്രവിക്കാൻ പോയേക്കരുത്. ജനങ്ങളുടെ നികുതി പണം വാങ്ങി മാസമാസം നക്കിയാൽ പോരാ, ആത്മാർഥമായി ആ ജനങ്ങളെ സംരെക്ഷിക്കണം.അധികാരവും കാശുമുള്ളവന്മാരുടെ മൂടും താങ്ങി, അവർക്കു ചെരച്ചു കൊടുത്തു, പാവപെട്ട ജനങ്ങളുടെ നെഞ്ചിടിച്ചു കലക്കുന്ന കാക്കിയുടെ കാട്ടാളനീതിയൊന്നും ഇനി ഇവിടെ ചിലവാക്കത്തില്ല. ദേഹം വിയർത്തു അധ്യാനിച്ചിട്ടു നീയൊക്കെ പള്ള വീർപ്പിച്ചാൽ മതി. പിന്നെ തല്ലുകിട്ടിയ കാര്യമൊന്നും പുറത്തിറങ്ങി വിളമ്പണ്ട. അത് നാണക്കേടാകും. നമ്മൾ മാത്രം അറിഞ്ഞാൽ മതി. അതാ നല്ലത് “
ആന്റണി ജീപ്പിൽ നിന്നും കയ്യെടുത്തു.
മൈക്കിൾ ജീപ്പ് സ്റ്റാർട്ട് ചെയ്തു.
“ങ്ങാ പിന്നെ ബാബുവേ, പാവപ്പെട്ടവന്റെ നെഞ്ചത്തുള്ള തന്റെ ഇരുമ്പിടി നിർത്തിക്കോണം. താൻ വെറുമൊരു കോൺസ്റ്റബിൾ ആണ്. അത് മറക്കണ്ട”
ആന്റണി ബാബുവിന് മുന്നറിയിപ്പ് കൊടുത്തു.
മൈക്കിൾ കത്തുന്ന കണ്ണുകളോടെ ആന്റണിയെ നോക്കിയ ശേഷം ജീപ്പ് മുൻപോട്ടെടുത്തു.
അത് നോക്കി നിന്നശേഷം ആന്റണി തിരിച്ചു വരുമ്പോൾ തൊമ്മിച്ഛനൊപ്പം എല്ലാവരും വീടിന് പുറത്തേക്കു വന്നിരുന്നു.
“എന്തെങ്കിലും പറ്റിയോ ഇച്ചായ “
ലില്ലികുട്ടി ഓടി വന്നു ആന്റണിയുടെ മുഖതും ദേഹത്തും വെപ്രാളത്തോടെ നോക്കി.
“എനിക്കൊന്നും പറ്റിയില്ല ലില്ലികുട്ടി.”
പറഞ്ഞിട്ട് പരിഭ്രാന്തരായി നിൽക്കുന്ന തൊമ്മിച്ചനെയും മറ്റുള്ളവരെയും നോക്കി.
“ഇനി ആരും പേടിക്കണ്ട. മുൻകൂർ ജാമ്യം ഇവർക്ക് കിട്ടിയിട്ടുണ്ട്. കൃത്യം സമയത്താണ് അഡ്വ വന്നത്. അത്കൊണ്ട് അവന്മാരെ വേഗത്തിൽ പറഞ്ഞു വിടാൻ പറ്റി.”
ആന്റണി പറഞ്ഞിട്ട് ദേഹത്ത് പറ്റിയിരുന്ന പൊടിയും മണ്ണും തോർത്തുകൊണ്ട് തട്ടികളഞ്ഞു.
“ഹോ എപ്പോഴാ ഒന്ന് ആശ്വാസം ആയത്.”
ഏലിയാമ്മ ദീർഘനിശ്വാസം എടുത്തു.
ഭക്ഷണം കഴിഞ്ഞു എല്ലാവരും പോകുവാൻ തയ്യാറെടുത്തു.
“തൊമ്മിച്ച.. റോസ്‌ലിനെയും കൊച്ചിനെയും കുറച്ചു ദിവസം ഇവിടെ നിർത്ത്. ജാമ്യം കിട്ടിയെങ്കിലും കേസ് നിലനിൽക്കുകയല്ലേ. ആരാണ് ഇത് ചെയ്തതെന്ന് കണ്ടുപിടിക്കണമല്ലോ. അതുകൊണ്ട് അതുവരെ ഇവർ എന്റെ അടുത്ത് നിൽക്കട്ടെ. നിങ്ങൾക്ക് എപ്പോ വേണമെങ്കിലും ഇങ്ങോട്ട് വരാമല്ലോ. അതുപോരെ “
ആന്റണി തൊമ്മിച്ചനെയും ഏലിയമ്മയെയും മാറി മാറി നോക്കി.
“റോസ്‌ലിൻ മോളെ, മോളുടെ തീരുമാനം എന്താ “
ഏലിയാമ്മ ജിക്കുമോനെയും തോളിലിട്ടു നിൽക്കുന്ന റോസ്‌ലിനെ നോക്കി.
“ഞാനിവിടെ നിൽക്കാം അമ്മച്ചി. അല്ലെങ്കിൽ അവരവിടെ വന്നു വീണ്ടും വഴക്കിനു വന്നാൽ…… ഇതൊന്നു കലങ്ങി തെളിയുന്നത് വരെ ഇങ്ങനെ പോകട്ടെ “
റോസ്‌ലിൻ പറഞ്ഞിട്ട് ഷൈനിയെ നോക്കി.
“രണ്ട് പെൺകുട്ടികൾ ഉള്ള വീടല്ലേ അത്. ഞാൻ കാരണം എപ്പോഴും കേസും ആളുകളും ഒക്കെ കേറിയിറങ്ങിയാൽ അതവരുടെ ഭാവിയെ ബാധിക്കും. എന്റെ ദുർഗതി വേറെ ആർക്കും വരരുത്.തൊമ്മിച്ചാച്ചനും ഏലിയമ്മച്ചിയും ഷൈനിയും ഷേർലിയും ഒക്കെ സന്തോഷത്തോടെ ഇരിക്കണമെന്നാണ് എന്റെ ആഗ്രഹം. അതുകൊണ്ട് ഞാനിവിടെ നിന്നോളാം.”
റോസ്‌ലിൻ മെല്ലെ ചെന്നു സമ്മതത്തിനെന്നോണം ഏലിയമ്മയുടെ കയ്യിൽ പിടിച്ചു.
“മോളുടെ ഇഷ്ടം പോലെ. ഞങ്ങൾ ഇടക്ക് വന്നോളാം കേട്ടോ ലില്ലികുട്ടി “
ഏലിയാമ്മ പറഞ്ഞു.
“ഒന്നുമോർത്തു പേടിക്കണ്ട. ആന്റണിച്ചായനും ഞാനും ഒക്കെയില്ലേ ഇവിടെ. ഇവർക്കൊരുക്കുറവും വരുകേല ഇവിടെ. എന്റെ പെണ്മക്കളുടെ കൂടെ ഒരാളുകൂടി വന്നു. അത്രതന്നെ.”
ലില്ലികുട്ടി അവർക്കു ഉറപ്പ് കൊടുത്തു.
“ലില്ലിക്കുട്ടി വീടിനുള്ളിൽ ഇവരെയും കൂട്ടി പോയി വാതിലടച്ചോ. ഞാനിവരെ ബസ്സ്റ്റോപ്പിൽ ആക്കിയിട്ടു വരാം “
ആന്റണിച്ചൻ ജീപ്പിനടുത്തേക്ക് നടന്നു.
പുറത്തെ തൊമ്മിച്ചനും ഏലിയാമ്മയും ഷൈനിയും…
********************************************
ഭക്ഷണവുമായി നസിയ കയറി വന്നപ്പോൾ ആൻഡ്രൂസ് ചാക്ക് കെട്ടിന് പുറത്തിരുന്നു ഏത്തപ്പഴം തിന്നുകയായിരുന്നു.
“ഇതെവിടുന്നാ ഏത്തപ്പഴം. ആര് കൊണ്ട് തന്നു “
നസിയ പരിഭ്രമത്തോടെ ചുറ്റും നോക്കി.
“നീ പേടിക്കണ്ട. എനിക്കാരും കൊണ്ട് തന്നതല്ല. പത്തായത്തിന്റെ അടപ്പ് തുറന്നു നോക്കിയപ്പോൾ അതിനകത്തു പഴുത്തിരിക്കുന്നു അഞ്ചാറു ഏത്തകുലകൾ. ഞാൻ അതിൽ നിന്നും നാലഞ്ചു പഴമെടുത്തു തിന്നു. നിന്റെ ഉപ്പ കുരുടാൻ ഇട്ടു ഉണ്ടാക്കിയ വാഴക്കുലകൾ അല്ലല്ലോ അല്ലെ. വലുപ്പം കണ്ടിട്ട് ചോദിച്ചതാ “
ആൻഡ്രൂസ് പഴത്തൊലികൾ കൂട്ടി വച്ചു കൊണ്ടു നസിയയെ നോക്കി.
“എന്റെ ഉപ്പ കുരുടാനോ, പനാമറോ ഇട്ടു വാഴക്കുല ഉണ്ടാക്കും. വേണമെങ്കിൽ തിന്നാൽ മതി. കൊടുക്കാൻ വച്ചിരിക്കുന്ന കുലകള. അതിൽ നിന്നും കാണാതായ വഴക്കായ് എവിടെ പോയി എന്ന് ഞാൻ സമാധാനം പറയേണ്ടി വരുമോ “
ഭക്ഷണം താഴെ വച്ചുകൊണ്ട് നസിയ ആൻഡ്രൂസിനെ നോക്കി.
“എന്തായാലും ഇത് കഴിക്ക്. ചൂടാറി പോകുന്നതിനു മുൻപ് “
ആൻഡ്രൂസ് നിലത്തിരുന്നു ഭക്ഷണം പൊതി തുറന്നു.
“എന്തായാലും നീ കൊണ്ട് തരുന്ന ഭക്ഷണം കിടിലൻ ആണ്. എന്ന രുചിയാ. നിനക്കിതൊക്കെ ഉണ്ടാക്കാൻ അറിയാമോ “
ചോറ് ഉരുളയാക്കി വായിൽ വച്ചുകൊണ്ട് ആൻഡ്രൂസ് നസിയയെ നോക്കി.
“എനിക്കറിയാം. ഉമ്മച്ചി എന്നെ അടുക്കളപ്പണി എല്ലാം പഠിപ്പിച്ചിട്ടുണ്ട്. എന്താ എനിക്ക് അറിയാമോ എന്ന് ചോദിച്ചത് “?
നസിയ ആൻഡ്രൂസിനെ നോക്കി.
“ഒന്നുമില്ല, നിന്നെ പോലെ ഒരെണ്ണത്തിനെ കെട്ടിയാൽ എന്നും ഇതുപോലെ രുചികരമായ ഭക്ഷണം കഴിക്കാമല്ലോ എന്നോർത്താ “
ആൻഡ്രൂസ് ഭക്ഷണത്തിലേക്ക് ശ്രെദ്ധ ചെലുത്തി കൊണ്ട് പറഞ്ഞു.
“എന്നെ പോലെ ഒരാളോ? എന്നാലും ഞാൻ അയാൽ കൊള്ളത്തില്ല അല്ലെ. നിങ്ങൾ എന്തൊരു മനുഷ്യനാ..”
നസിയ തലയിൽ നിന്നും ഊർന്നു പോയ ഷാൾ എടുത്തു കഴുത്തിൽ ചുറ്റി ഭിത്തിയിൽ ചാരി നിന്നു.
“നീ കഴിച്ചിട്ടാണോ വന്നത്?”
ആൻഡ്രൂസ് തലയുയർത്തി നസിയയെ നോക്കി.
“ഹോ അത്ഭുതം!!ഇപ്പോൾ എങ്കിലും ചോദിക്കാൻ തോന്നിയല്ലോ. ഇന്ന് കാക്ക മലർന്നു പറക്കും “
നസിയ പത്തായത്തിന്റെ നീണ്ടു നിന്ന പലകയിൽ കയറി ഇരുന്നു.
“ചോദിച്ചെന്നെ ഉള്ളു.തീർന്നു പോയി. ബെക്കാടി ഉള്ളിൽ കിടന്നു കൊണ്ട് വാ കൊണ്ട് വാ എന്ന് പറഞ്ഞു എന്നെ പ്രലോഭിപ്പിച്ചപ്പോൾ ഞാൻ മുഴുവൻ വാരി വിഴുങ്ങി.”
ആൻഡ്രൂസ് കൈവിരൽ നക്കി കൊണ്ട് എഴുനേറ്റു.
“ആ പാത്രം കൂടി വിഴുങ്ങാത്തത് ഭാഗ്യം”
നസിയ പിറുപിറുത്തു.
ആൻഡ്രൂസ് പത്തായത്തിന്റെ സൈഡിൽ ഉള്ള കിളിവാതിലിലൂടെ കൈ പിറത്തേക്കിട്ട് കഴുകി, മുണ്ടിൽ തുടച്ചു നസിയയുടെ അടുത്തേക്ക് വന്നു.
“നീ ഇപ്പൊ കോളേജിലൊന്നും പോകാറില്ലേ.”
ആൻഡ്രൂസ് നസിയയെ നോക്കി.
“നിങ്ങളെ പത്തായത്തിൽ വച്ചിട്ട് ഞാനെങ്ങനെ കോളേജിൽ പോകും. ആരെങ്കിലും ഇങ്ങോട്ട് വന്നാലോ “
നസിയ പാത്രങ്ങളെടുത്തു കൂടിനുള്ളിൽ ഇട്ടു.പിന്നെ തുടർന്നു.
“കോളേജിൽ ഒരാൾക്ക് എന്നോട് ഭയങ്കര പ്രേമം. എന്നെ കിട്ടിയില്ലെങ്കിൽ ചത്തുകളയും എന്നൊക്കെയാ പറയുന്നത്. ഇവിടുത്തെ പള്ളിയിലെ കാപ്യരുടെ മോനാ റോഷൻ. പിന്നെ ഉപ്പ ഒരാളെ കണ്ടു വച്ചു നിശ്ചയം നടത്താനിരിക്കുകയാണെന്നു അറിയാലോ നിങ്ങക്ക്. സഫീർ. അയാളൊരു ഫ്രോഡ് ആണ്. മാത്രമല്ല അവരുമായി എന്തോ ഒരു അകന്ന ബന്ധം ഉപ്പയുടെ വീട്ടുകാർക്കുണ്ട്. അതുകൊണ്ട് ഉപ്പാക്ക് അവരെ വിശ്വാസം ആണ് “
നസിയ ഷാളിന്റെ തുമ്പെടുത്തു കൈവിരലിൽ ഇട്ടു കറക്കികൊണ്ട് പറഞ്ഞു.
“അപ്പോ നിന്നെ കെട്ടാൻ ആളുകൾ ക്യു നിൽക്കുകയാ അല്ലെ. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നിന്നെ കണ്ടാൽ ആർക്കും ഇഷ്ടപെടും “
പറഞ്ഞു കൊണ്ട് ആൻഡ്രൂസ് കുപ്പിയിലെ വെള്ളമെടുത്തു കുടിച്ചു.
“ഞാൻ അത്രക്കും സുന്ദരി ആണോ? നിങ്ങളുടെ കാഴ്ച്ചയിൽ?”
നസിയയുടെ ചോദ്യം കേട്ടു ആൻഡ്രൂസ് ഒന്ന് ചിരിച്ചു.
“എന്റെ കാഴ്ച്ചയിൽ മാത്രമല്ല, കണ്ണുള്ളവരുടെ എല്ലാവരുടെയും മുൻപിൽ നീ സുന്ദരി തന്നെ ആണ്.”
ആൻഡ്രൂസ് കിളിവാതിലിനടുത്തു ചെന്നു പുറത്തേക്കു നോക്കി.
ആ സമയം നസിയയുടെ ഫോൺ ശബ്ദിച്ചു. അറ്റൻഡ് ചെയ്ത ശേഷം ഫോൺ നസിയ ആൻഡ്രൂസിനു നേരെ നീട്ടി.
“ഇന്ന, ഒരു ആന്റണിച്ചന വിളിക്കുന്നത് , നിങ്ങക്ക ഫോൺ “
ആൻഡ്രൂസ് ഫോൺ മേടിച്ചു ചെവിയിൽ ചേർത്തു.
കുറച്ചു നേരം സംസാരിച്ചശേഷം ആൻഡ്രൂസ് ഫോൺ നസിയക്കു നൽകി.
അപ്പോൾ ആൻഡ്രൂസിന്റെ മുഖത്തു ഒരു ഒരു ആശ്വാസഭാവം നസിയ ശ്രെദ്ധിച്ചു.
“എന്താ ഫോൺ വിളി കഴിഞ്ഞപ്പോൾ മുഖത്തൊരു പ്രകാശം. എന്നോട് പറയുവാൻ പറ്റുന്നതാണെങ്കിൽ പറ “
നസിയ ആകാംഷയോടെ ആൻഡ്രൂസിനെ നോക്കി.
“ആശ്വാസം ഉണ്ട്.കോടതിയിൽ നിന്നും മുൻകൂർ ജാമ്യം എടുത്തിട്ടുണ്ട്. അതുകൊണ്ട് പോലീസിനെ പേടിക്കാതെ പുറത്തിറങ്ങി നടക്കാം.കുറച്ചു കഷ്ടപ്പെട്ടിട്ടാണ് ജാമ്യം കിട്ടിയതെന്നു ആന്റണിച്ചൻ പറഞ്ഞു.മരിച്ച ജെയ്‌സന്റെ ദേഹത്ത് നിന്നും എന്റെ കൈവിരൽ പാടുകൾ കിട്ടിയിട്ടുണ്ട്. അത് എനിക്കെതിരെ ഉള്ള ഒരു തെളിവാണ്. അവൻ മരിക്കുന്നതിന് മുൻപ് ഞാനും അവനും തമ്മിൽ വഴക്കുണ്ടായി അപ്പോൾ സംഭവിച്ചതാണ്. എന്തായാലും പുറത്തിറങ്ങാൻ കഴിഞ്ഞല്ലോ.ഈ ഫോൺ വച്ചുകൊണ്ട് പണി തുടങ്ങാം. ചെയ്യാത്ത കുറ്റത്തിന് ആണ് ഞാനും ആ ടീച്ചറും പഴി കേൾക്കുന്നത്.ആ എസ് പി വിദ്യാസാഗർ ഒരു നല്ല മനുഷ്യനാ. അയാളെ പോയി കണ്ടു ഈ ഫോൺ കൈ മാറണം. അപ്പോ പത്തായത്തിലെ ഒളിച്ചു താമസത്തിനു വിരാമമായി “
ആൻഡ്രൂസ് ചാക്ക് കെട്ടിൽ ചാരി നിന്നു.
“അപ്പോ ഇനി എന്നെ കൊണ്ട് ആവശ്യങ്ങൾ ഒന്നുമില്ല അല്ലെ.”
നസിയയുടെ മുഖത്തു സങ്കടഭാവം നിഴലിച്ചു.
“ഞാൻ എപ്പോഴും പത്തായത്തിനുള്ളിൽ ഇരിക്കണം എന്നാണോ നീ പറയുന്നത്. കൊലക്കുറ്റമാ. തെളിയിച്ചില്ലെങ്കിൽ ഇരുമ്പഴിക്കുള്ളിൽ പോകും. മനസാ വാചാ അറിയാത്ത കാര്യത്തിന്. “
ആൻഡ്രൂസ് നസിയയെ നോക്കി.
“നിനക്ക് ആ കോളേജ് പയ്യനെ ആണോ ഇഷ്ടം. എങ്കിൽ എന്റെ എന്ത് സഹായവും നിനക്കുണ്ടാകും. നീ ഒന്ന് വിളിച്ചാൽ മതി. ആ സമയത്ത് നിന്റെ മുൻപിൽ ഞാൻ പ്രത്യക്ഷ പെടും. പോരെ. ആഗ്രഹിക്കുന്നവരുടെ കൂടെ ഒരുമിച്ചു സ്നേഹിച്ചു സന്തോഷത്തോടെ കഴിയുക എന്നത് ഒരു ഭാഗ്യമാണ്. എന്നും മനസ്സ് നിറഞ്ഞിരിക്കും. ഭൂമിയിൽ ജനിച്ചതിനു ഒരർത്ഥം ഉണ്ടാകും. അതുകൊണ്ടാ കൂട്ട് നിൽക്കാം എന്ന് പറഞ്ഞത് “
ആൻഡ്രൂസ് പറഞ്ഞത് കേട്ടു നസിയ ഒന്ന് മന്ദാഹസിച്ചു.
“ഞാനൊന്നു ചോദിക്കട്ടെ. ഉത്തരം തരാമോ “?
നസിയയുടെ ചോദ്യം കേട്ടു ആൻഡ്രൂസ് സൂക്ഷിച്ചു നോക്കി.
“ചോദിച്ചോ, ഒരായുസ്സ് മുഴുവൻ നിന്നോട് കടപ്പെട്ടിരിക്കും ഞാൻ. അതുകൊണ്ട് നിനക്കെന്നോട് എന്തും ചോദിക്കാം “
ആൻഡ്രൂസ് കൈകൾ കൂട്ടി തിരുമ്മിക്കൊണ്ട് നിന്നു.
“കൂലം കുത്തി ഒഴുകുന്ന ആറ്റിൽ ഞാൻ അറിയാതെ വീണുപോയെന്നു കരുതുക. പെണ്ണിന്റെ തൊലിവെളുപ്പും സൗന്ദര്യവും കണ്ടുവന്നു പ്രേമിക്കാൻ വന്നവൻ അവന്റെ ജീവൻ പണയം വച്ചു രക്ഷപ്പെടുത്തുമോ? പറ. ചുറ്റും ആക്രമിക്കാൻ ആളുകൾ പാഞ്ഞടുക്കുമ്പോൾ അവരെയെല്ലാം നിഷ്പ്രഭരാക്കി എന്നെ രക്ഷപ്പെടുത്തുമോ അവൻ . മഴനനയുമ്പോൾ തൊപ്പിയുണ്ടാക്കി തലയിൽ വച്ചു തന്നു, രാത്രി ഉറങ്ങുമ്പോൾ അവളുടെ സുരക്ഷക്കായി കാവലിരിക്കുമോ? കാലുമുറിഞ്ഞു നടക്കാൻ പറ്റാതെ വിഷമിച്ചാൽ അവളെ എടുത്തു കൊണ്ട് പോകുമോ? തണുത്തു വിറങ്ങലിച്ച രാത്രിയിൽ ദേഹത്തോടെ ചേർത്തിരുത്തി എന്തിനും കൂടെയൊരാളുണ്ട് എന്ന വിശ്വാസം തരുമോ.?ഒരു സ്ത്രിക്ക് ആവശ്യം സുരക്ഷയാണ്. ഏതു പ്രതിസന്ധിയിലും സ്വൊന്തം ജീവൻ പണയം വച്ചാണെങ്കിലും കൂടെയുള്ളവളെ സംരെക്ഷിക്കും എന്ന് ഉറപ്പുള്ള ഒരാളുടെ സാമീപ്യം. അയാളുടെ സ്നേഹം, കരുതൽ. ഇതൊക്കെ മതി ഒരു സ്ത്രി സംതൃപ്തയാകാൻ . ഒരു ജീവിതകാലം മുഴുവൻ തിരിച്ചു സ്നേഹിക്കാൻ.”
അത്രയും പറഞ്ഞപ്പോൾ നസിയയുടെ തൊണ്ട ഇടറിയിരുന്നു. വാക്കുകൾ മുറിഞ്ഞു പോയി കൊണ്ടിരുന്നു.
“നീ എന്തൊക്കെയാ ഈ പറയുന്നത്. ഒരു പുരുഷൻ ഒരു സ്ത്രിയെ പ്രണയിക്കാൻ ഇത്രയും കടമ്പകൾ കടക്കണോ? ഭയങ്കരം. ഞാൻ ആരെയും പ്രേമിക്കാൻ പോകാത്തത് നന്നായി. അല്ലെങ്കിൽ ആറ്റിൽ ചാടണം, തൊപ്പിയുണ്ടാക്കണം, രാത്രി കാവലിരിക്കണം, എടുത്തു പൊക്കികൊണ്ട് നടക്കണം. എതിരാളികളെ അടിച്ചൊതുക്കി ഹീറോ ആകണം… ഒരു ഐ എ എസ് കാരന് പോലും ഇത്രയും ഭീകരമായ അവസ്ഥകളെ തരണം ചെയ്യേണ്ടി വരത്തില്ല എന്നാണ് തോന്നുന്നത്. ഇതിൽ ഇപ്പോൾ ഉള്ള പെണ്ണുങ്ങളെ എടുത്തു പൊക്കികൊണ്ട് നടക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാ. കാരണം കണ്ണിൽ കാണുന്നതെല്ലാം വലിച്ചുവാരി തിന്നു കച്ചിത്തുറു പോലെ അല്ലെ എല്ലാം ഇരിക്കുന്നത്. ആണുങ്ങൾ എടുത്താൽ പൊങ്ങുന്നകാര്യം സംശയമാ “
ആൻഡ്രൂസ് ആലോചനയോടെ പറഞ്ഞു.
“പരിഹസിച്ചതാകും അല്ലെ.പരിഹസിച്ചോ. നിങ്ങക്ക് അഭിനയിക്കാനും നന്നായി അറിയാം എന്ന് മനസിലായി. എന്തായാലും ഇന്ന് പോകണ്ട. നാളെ രാവിലെ പോകാം. അത്രയെങ്കിലും സഹാനുഭൂതി എന്നോട് കാണിക്ക് “
പാത്രങ്ങൾ അടങ്ങിയ കവറുമായി നസിയ വാതിൽ കടന്നു പുറത്തേക്കിറങ്ങി.
ആൻഡ്രൂസ് വാതിൽക്കലേക്കു നോക്കി ഇരുന്നു.
******************************************
സ്റ്റേഷനിൽ എത്തിയ മൈക്കിൾ വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും വിറളി പിടിച്ചു നടക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി.
“സാറെ ഇതങ്ങനെ വിട്ടാൽ പറ്റുകേല. നമ്മളെ തല്ലിയവനെ സൂര്യസ്ഥമയം കാണിക്കരുത്. ഇന്ന് രാത്രി തന്നെ ഇരുചെവി അറിയാതെ ആ വീട്ടിലുള്ളവരെ മുഴുവനായി അങ്ങ് തീർത്തു കളയണം. ആരും അറിയാൻ പോകുന്നില്ല “
ഇടുമ്പിടി ബാബു പകയോടെ മൈക്കിളിനോട് പറഞ്ഞു.
“അതാടോ ഞാനും ചിന്തിക്കുന്നത്. വരദൻ മുതലാളിയുടെ കുറെ ആളുകൾ രാത്രി പതിനൊന്നു മണി ആകുമ്പോൾ എത്തും. ആ ടീച്ചറു പെണ്ണ് ജീവിച്ചിരുന്നാൽ വരദൻ മുതലാളിക്കും പ്രശ്നം ആണ്. നമ്മുക്കും അവരുടെ കൂടെ പോകണം. വീട്ടിനുള്ളിൽ പ്രണരക്ഷർത്ഥം തീപ്പിടിച്ചു ഓടി നടക്കുന്ന അവനെ കണ്ടു നമുക്ക് പൊട്ടിച്ചിരിക്കണം. വീട് കത്തിക്കാനാ പ്ലാൻ. അതിന് വേണ്ടി ഒരു വീപ്പ സ്പിരിറ്റ വരദൻ മുതലാളി റെഡിയാക്കി വച്ചിരിക്കുന്നത്. താൻ റെഡിയായി ഇരുന്നോ. ഞാൻ വീടുവരെ പോയിട്ടു എട്ടുമണി ആകുമ്പോൾ എത്താം “
ബാബുവിനോട് യാത്ര പറഞ്ഞു സി ഐ മൈക്കിൾ ജീപ്പെടുത്തു പുറത്തേക്കു പോയി.
അപ്പോൾ മറ്റൊരു ജീപ്പിൽ എസ് ഐ മോഹനനും മൂന്നുനാല് കോൺസ്റ്റബിൾ മാരും സ്റ്റേഷനിലേക്ക് വന്നു.
“ബാബു, കഴിഞ്ഞ ദിവസം ഡാമിൽ നിന്നും കിട്ടിയ പെൺകുട്ടിയുടെ ബോഡി പോസ്റ്റ്മോർട്ടം ചെയ്തത് അടക്കമുള്ള എഫ് ഐ ആർ റിപ്പോർട്ടിന്റെ ഫയലും, അതുകൂടാതെ ആ വരാൽ ജെയ്‌സന്റെ കൊലപാതകത്തിന്റെ റിപ്പോർട്ടും എടുത്തു ടേബിളിൽ വയ്ക്കണം. എസ് പി വിദ്യാസാഗർ സാർ രാവിലെ എത്തും.”
എസ് ഐ മോഹനൻ പറഞ്ഞു.
“ശരി സാർ. ഇപ്പോൾ തന്നെ എടുത്തു വയ്ക്കാം. കുറച്ചു കഴിയുമ്പോൾ സി ഐ സാറിന്റെ കൂടെ എന്തോ കേസിന്റെ കാര്യത്തിന് പോകണം എന്ന് പറഞ്ഞിട്ടുണ്ട് “
ഉള്ളിൽ നീരസം തോന്നിയെങ്കിലും അത് പുറത്ത് കാണിക്കാതെ ബാബു പറഞ്ഞു.
അപ്പോഴാണ് ബാബുവിന്റെ മുഖത്തുള്ള മുറിവുകൾ മോഹനൻ ശ്രെദ്ധിച്ചത്.
“ഇതു എന്ത് പറ്റിയതാണ് ബാബു. മുഖത്തു മുഴുവൻ മുറിവാണല്ലോ “?
മോഹനൻ സംശയത്തോടെ ബാബുവിനെ നോക്കി
.”അത് സാറെ, ജീപ്പിൽ നിന്നും ഉറങ്ങി താഴെ റോഡിൽ വീണതാ. ഭാഗ്യത്തിന് കൂടുതൽ ആയി ഒന്നും പറ്റിയില്ല “
ബോധപൂർവ്വം ഒരു കള്ളം പറഞ്ഞു ബാബു.
എന്നാൽ മോഹനന് അത് വിശ്വസനീയമായി തോന്നിയില്ലെങ്കിലും പിന്നെയൊന്നും ചോദിച്ചില്ല.
രാത്രി പത്തര…
ഒരു ലോറി നിറയെ ആളുകൾ സ്റ്റേഷന്റെ കുറച്ച് അകലെയായി വന്നു നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ സി ഐ മൈക്കിളും, ബാബുവും ജീപ്പിലെത്തി.
“സാറെ ഞങ്ങൾ ഇരുപത്തഞ്ചു പേരുണ്ട്. ആയുധങ്ങളും സ്പിരിറ്റും എടുത്തിട്ടുണ്ട്. പോരെ “
ലോറിയിൽ വന്നവരിൽ ഒരാൾ മൈക്കിളിന്റെ അടുത്തേക്ക് വന്നു പറഞ്ഞു.
“മതി. അവിടെ ആണുങ്ങളായിട്ട് ഒരാളേയുള്ളു. ബാക്കി പെണ്ണുങ്ങളാണ്. അതുകൊണ്ട് എളുപ്പത്തിൽ കാര്യം നടത്താം. വീടുനുള്ളിൽ നിന്നും പുറത്തേക്കോടി ആരും രക്ഷപെടരുത്. വാതിൽക്കൽ നിന്നോണം. ആരെങ്കിലും ഇറങ്ങി ഓടാൻ നോക്കിയാൽ അടിച്ച് വീഴിച്ചു തീയിൽ എറിഞ്ഞോണം “
മൈക്കിൾ അവർക്കു നിർദേശം നൽകി.
മുൻപിൽ ജീപ്പും, പുറകിൽ ലോറിയും മുൻപോട്ട് പോയി.
ടാറിട്ട റോഡിൽ നിന്നും മൺ വഴിയിലേക്ക് കയറി കാൽ മണികൂറോളം ഓടി ആന്റണിയുടെ വീടിരിക്കുന്നതിന്റെ ഏകദേശം അരകിലോമീറ്റർ അകലെയായി വണ്ടികൾ നിർത്തി.
എല്ലാവരും പുറത്തിറങ്ങി. രണ്ടുമൂന്നുപേർ ചേർന്നു കന്നാസുകളിൽ ആക്കിയ സ്പിരിറ്റ് ചുമന്നുകൊണ്ട് നടന്നു ബാക്കിയുള്ളവർ ആയുധങ്ങളുമായി പുറകെ നടന്നു.
ഏറ്റവും മുൻപിൽ നടന്ന സി ഐ മൈക്കിളും ബാബുവും വീടിന്റെ അടുത്തെത്തി. കൂടെയുള്ളവരും പുറകെയെത്തി.
ഇരുളിൽ വീടിരിക്കുന്ന ഭാഗത്തേക്ക് ബാബു ടോർച് തെളിച്ചു.
അങ്ങോട്ട് നോക്കിയ സി ഐ മൈക്കിളും ബാബുവും പകച്ചു പോയി!!
കാരണം വീടിരുന്ന സ്ഥലത്തു ഇപ്പോൾ അങ്ങനെ ഒരു വീടുണ്ടായിരുന്നില്ല.!!! പകരം അവിടെ കുലച്ച വാഴകൾ നിറഞ്ഞു നിൽക്കുന്നു!!!!
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission