Skip to content

മലയോരം – 16

malayoram novel

സി ഐ മൈക്കിളും കോൺസ്റ്റബിൾ ബാബുവും പരസ്പരം നോക്കി.

“സാറെ ഇവിടെ തന്നെയല്ലേ നമ്മൾ വന്നത്. അതോ സ്ഥലം മാറിപ്പോയോ “

ബാബു സംശയത്തോടെ ചോദിച്ചു.

“അതാടോ ഞാനും നോക്കുന്നത്.”

പറഞ്ഞിട്ട് മൈക്കിൾ ടോർച്ചടിച്ചു പരിസരം മുഴുവൻ നോക്കി. വീടിന് മുൻപിൽ കണ്ട ഇലഞ്ഞി മരം അവിടെ നിൽപ്പുണ്ട്. മാത്രമല്ല അതിനടുത്തായി ഒരു കുടംപുളി മരവും കായ്ച്ചു നിൽപ്പുണ്ട്. അപ്പോൾ സ്ഥലം മാറി പോയിട്ടില്ല. ഇതു തന്നെ ആണ് വീടിരുന്ന സ്ഥലം. അപ്പോൾ പിന്നെ വീടെവിടെ പോയി.അവിടെ വളർന്നു കുലച്ചു നിൽക്കുന്ന വാഴകളുടെ അടുത്ത് പോയി മൈക്കിൾ പിടിച്ചു നോക്കി.

ഒറിജിനൽ വാഴകൾ തന്നെ. അതിന് ചുറ്റും പുല്ലുകൾ കാടുപിടിച്ചു വളർന്നു നിൽക്കുകയാണ്.

സി ഐ മൈക്കിൾ എന്ത് ചെയ്യണം എന്നറിയാതെ, വിശ്വാസം വരാതെ പരിസരങ്ങളാകെ ടോർച്ചു തെളിച്ചു പരിശോധിച്ചു.

സ്പിരിറ്റു കന്നാസുകളിൽ ആക്കി ചുമന്നു കൊണ്ടുവന്നവർ തോളിൽ നിന്നും താഴെയിറക്കി വച്ചു..കമ്പിപ്പാരയും കൊണ്ട് നിന്ന രണ്ടുപേർ ബാബുവിന്റെ അടുത്തേക്ക് ചെന്നു.

“എന്ത് പറ്റി സാറെ, വീടും ആളുകളും എവിടെ, ഇവിടെയെങ്ങും കാണുന്നില്ലല്ലോ “?

അതിലൊരുവൻ ചോദിച്ചു.

“ഞാനും  മൈക്കിൾ സാറും രാവിലെ വരുമ്പോൾ ഇവിടെ ഒരു വീടുണ്ടായിരുന്നു. ഓടിട്ട വീട്. അവിടെ ആളുകളും ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ വീടും കാണുന്നില്ലാ, ആളുകളെയും കാണുന്നില്ല”

ബാബു ചിന്തകുഴപ്പത്തോടെ പറഞ്ഞു.

“സാറ് എന്താ പറയുന്നത്. രാവിലെ കണ്ട വീട് ഇത്ര പെട്ടന്നും അപ്രത്യക്ഷമായോ? അതോ ഭൂമികുലുക്കം ഉണ്ടായി ഭൂമിക്കടിയിലേക്ക് താഴ്ന്നു പോയോ. ഇതൊരു അത്ഭുതം ആയിരിക്കുന്നല്ലോ “

ആയുധങ്ങളുമായി നിന്ന ഒരുത്തൻ കൂടെ നിന്നവരെ നോക്കി.

പിന്നെ അവരെയും കൂട്ടി അയാൾ ബാബുവിന്റെ അടുത്ത് നിന്നും കുറച്ചു മാറിനിന്നു.

“ഇവന്മാർ വല്ല കഞ്ചാവും അടിച്ച് പ്രാന്ത് പറയുന്നതാകും. കാക്കിയിട്ടവന്മാരായതു കൊണ്ട് നമുക്കൊന്നും പറയാനും പറ്റത്തില്ല. മനുഷ്യനെ മെനക്കെടുത്താൻ”

ഒരുത്തൻ തന്റെ നീരസം മറ്റുള്ളവരോട് അടക്കിയ ശബ്ദത്തിൽ പറഞ്ഞു.

അതേ സമയം സി ഐ മൈക്കിൾ പുല്ല് പടർന്നു പിടിച്ചു കിടക്കുന്ന വീടിരുന്ന ഭാഗങ്ങൾ നോക്കുകയായിരുന്നു. വർഷങ്ങളായി കാടുപിടിച്ചു കിടക്കുന്ന സ്ഥലം പോലെ ആയിരുന്നു അവിടം.

“കൊണ്ടുവന്നവന്മാരുടെ മുൻപിൽ നമ്മൾ വെറും നാ&%@ആയി പോയല്ലോ ബാബുവേ. അവന്മാര് മാറി നിന്നു കൂട്ടം കൂടി നിന്നു പറയുന്നത് നമ്മളെ കുറിച്ചായിരിക്കും. കഴുവേറികൾ.തല്ലിനും കൊലക്കും നടക്കുന്നവന്മാരല്ലേ. നമ്മളെ പിടിച്ചു തിന്നാതിരുന്നാൽ ഭാഗ്യം. പിന്നെ അവന്മാരെ പറഞ്ഞിട്ട് കാര്യമില്ല. വീടിരുന്ന സ്ഥലത്തു വന്നിട്ട് നോക്കുമ്പോൾ ആട് കിടന്നയിടത്തു പൂട പോലുമില്ല എന്ന അവസ്ഥ. കണ്ടാൽ ആരും സംശയിക്കും. ഞാനിപ്പോഴും ചിന്തിക്കുന്നത് ഇതെങ്ങനെ സംഭവിച്ചു എന്നാണ്.എന്തായാലും നാണം കെട്ടു നാറി പോയി എന്ന് പറഞ്ഞാൽ മതിയല്ലോ. ഷിറ്റ് “

വന്ന കാര്യം നടത്താൻ കഴിയാത്ത നിരാശയിൽ സി ഐ മൈക്കിൾ വളർന്നു നിൽക്കുന്ന ഒരു പുൽച്ചെടിയിൽ പിടിച്ചു വലിച്ചു.

ആ പുൽച്ചെടി വളരെ വേഗത്തിൽ പറിഞ്ഞു വന്നു. അത് മനസ്സിലാക്കിയ മൈക്കിൾ ആ ഭാഗത്തേക്ക്‌ ടോർച്ചു അടിച്ച് നോക്കി. പുല്ല് നിന്ന ഭാഗത്തു ചരൽ നിറഞ്ഞിരിക്കുന്നു!!

അടുത്ത് നിന്ന പുല്ലിലും പിടിച്ചു വലിച്ചപ്പോൾ അതുയർന്നു വന്നു. വീടിന്റെ തറഭാഗം ആണ് താഴെ തെളിഞ്ഞു കാണുന്നതെന്നു മൈക്കിളിനു മനസ്സിലായി.

“ബാബു.. ദേ ഇങ്ങോട്ട് നോക്കിക്കേ. ഈ പുല്ലും പള്ളയും കുലച്ച വഴക്കളും എല്ലാം പ്ലാൻ ചെയ്തു കുഴിച്ചു വച്ചിരിക്കുന്നതാണ്. പുല്ലുകൾ പാളികളായി കൊണ്ട് വന്നു  വിരിച്ചിരിക്കുന്നതാണ്. അവന്മാർ നമുക്കിട്ട് ഏമാത്തി. ഉഗ്രൻ പണി “

താഴേക്കു നോക്കിയ ബാബുവിനും മൈക്കിൾ പറഞ്ഞത് സത്യമാണെന്നു തോന്നി.

“സാറെ സിനിമക്ക് സെറ്റിട്ടിരിക്കുന്ന പോലുള്ള പരിപാടിയ ഇത്. എന്തായാലും നമ്മളെ മൂഞ്ചിച്ചു.”

ബാബു കലിപ്പോടെ പറഞ്ഞു.

കൂടെ വന്ന വരദന്റെ ആളുകളും അവരുടെ അടുത്തേക്ക് വന്നു. അവർ അവിടെ നിൽക്കുന്ന പുല്ലുകളിൽ പിടിച്ചു പൊക്കിയമ്പോൾ പാളി പാളികളായി മണ്ണിൽ നിന്നും അടർന്നു വന്നുകൊണ്ടിരിക്കുന്നു.!!

“പണി പഠിച്ചവനാ..എന്തായാലും സി ഐ സാറിന്റെ അണ്ണാക്കിൽ തന്നെ കൊടുത്തു “

അതിലൊരുവാൻ കൂടെയുള്ളവരോട് പറഞ്ഞു ചിരിച്ചു.

എന്നാൽ അത് കേട്ട സി ഐ മൈക്കിൾ അവരെ രൂക്ഷമായി നോക്കി. പറഞ്ഞവൻ പതുക്കെ പുറകിലേക്ക് മാറി നിന്നു.

അപ്പോൾ മൈക്കിളിന്റെ ഫോൺ ശബ്ദിച്ചു.

“ഈ സമയത്ത് ഇത് ഇതാരാ ഉറക്കമില്ലാതെ ഇരുന്നു വിളിക്കുന്നത് “

ചോദിച്ചു കൊണ്ട് സി ഐ മൈക്കിൾ മൊബൈൽ ഫോൺ പാന്റിന്റെ പോക്കറ്റിൽ നിന്നും എടുത്തു നോക്കി.

ഒരു പരിചയം ഇല്ലാത്ത നമ്പർ ആണ്.

അറ്റന്റ് ചെയ്തു ചെവിയോട് ചേർത്തു.

“സി ഐ സാറെ, ഈ മുതു പാതിരാത്രിക്ക് ആ പട്ടികാട്ടിൽ പോയി എന്ത് നോക്കുവാ, ആരെ അന്വേഷിക്കുവാ? പകൽ വെളിച്ചത്തിൽ കണ്ട വീട് അവിടെ കാണുന്നില്ലാ അല്യോ. അത് ചാത്തന്മാർ താമസിക്കുന്ന വീടാ സാറെ. ഇന്ന് കാണുന്നത് നാളെ കാണത്തില്ല. അതാ ഒരു പ്രശ്നം “

മറുതലക്കൽ പറഞ്ഞിട്ട് ആരോ ചിരിക്കുന്ന ശബ്‌ദം കേട്ടു മൈക്കിൾ.

“ആരാടാ റാസ്‌ക്കൽ നീ. രാത്രിയിൽ വിളിച്ചു പോലീസുകാരെ കളിയാക്കുന്നോ? കയ്യിൽ കിട്ടിയാൽ ഇടിച്ചു നിന്റെ കൂമ്പ് വാട്ടും ഞാൻ.”

സി ഐ മൈക്കിൾ മുരണ്ടു.

“ഒന്ന്‌ ചൂടാകാതെ സാറെ. സാറ് ട്രെയിനിങ് ക്യാമ്പിൽ പോയി പണി പഠിച്ചവൻ ആണെങ്കിൽ ഞാൻ ഈ കുന്നും മലകളും കയറിയിറങ്ങി പണി പഠിച്ചവൻ ആണ്.സാറിനെ പോലെ ഒരു സി ഐ യ്യെ പിണക്കി വിട്ടാൽ രാത്രിക്ക് രാത്രി മൂർഖൻ പാമ്പിനെ പോലെ ആളുകളെയും കൂട്ടി തിരിച്ചു പ്രതികാരം ചെയ്യാൻ വരും എന്ന് മനസ്സിലാക്കാനുള്ള കഴിവൊക്കെ എനിക്കുണ്ട് സാറെ. സാറ് വന്നു പോയതിനു ശേഷം ആണ്  പെട്ടെന്ന വീട് മാറേണ്ട സാഹചര്യം വന്നത്. കാര്യം പറഞ്ഞപ്പോ എന്റെ കെട്ട്യോൾക്ക് ആ വീടുപേക്ഷിച്ചു വരാൻ മനസ്സനുവദിക്കുന്നില്ലെന്നു പറഞ്ഞു ഒരേ പിടിവാശി. പിന്നെ ഒന്നും നോക്കിയില്ല. നിമിഷനേരം കൊണ്ട് ഒരു ടിപ്പറും ഫുൾടോസറും വന്നു. വീട് തൂത്തുവാരി ടിപ്പറിൽ കേറ്റി. അപ്പോ വീടിരിന്ന സ്ഥലം വെറുതെ ഇട്ടിട്ടു പോകാൻ എനിക്കും ഒരു വിഷമം. ഉടനെ പുല്ലും വാഴയും എത്തി.പിന്നെ ഒന്നും നോക്കിയില്ല. കുറച്ചു വാഴക്കൊണ്ട് വന്നു നിരത്തി വച്ചു. പിന്നെ സാറെ ചെറിയ വാഴവിത്ത് കൊണ്ടുവന്നു നട്ട്, നനച്ചു, വളമിട്ടു, മാസങ്ങൾ നോക്കി പരിപാലിച്ചു, കുലപ്പിച്ചു, മൂപ്പിച്ചു വെട്ടിയെടുക്കാൻ സമയമെടുക്കും. എനിക്കതു ഇഷ്ടമല്ല. ഇന്ന് വാഴ വെച്ചാൽ ഒരാഴ്ചക്കുള്ളിൽ കുല വെട്ടണം. അതാ എന്റെ സ്വഭാവം. അതുകൊണ്ട് വെട്ടാറായ കുലകൾ ഉള്ള വാഴ തന്നെ അങ്ങ് നട്ടു. ഒരു പാട് വെയിറ്റ് ചെയ്യാനുള്ള ക്ഷമ ഇല്ല സാറെ.. അതുകൊണ്ടാ… അതിൽ ഒരു എത്തവാഴയുടെ കുലയിൽ മൂന്നുനാല് കായ പഴുത്തു നിൽപ്പുണ്ട്. സാറുന്മാര് അതുലിഞ്ഞു നിന്നോ. എന്നിട്ട് മൂത്ത രണ്ടുമൂന്നു കുല വെട്ടി തോളിൽ വെച്ച് വീട്ടിൽ കൊണ്ടുപോയി കെട്യോൾക്ക് കൊടുക്ക്‌. സാറ് മാത്രം തിന്നാൽ എങ്ങനെയാ ശരിയാകുന്നത്. പിന്നെ അവിടെ അധികം നിൽക്കരുത്. ചാത്തനേറു ഉള്ളതാ. അവര് എറിയാൻ തുടങ്ങിയാൽ പോലീസുകാരാണെന്നൊന്നും പറഞ്ഞാൽ കേൾക്കില്ല. എറിഞ്ഞു കുടുംങ്ങമണി പൊട്ടിച്ചു കളയും. അതുകൊണ്ട് വേഗം വിട്ടോ.”

മറുതലക്കൽ പരിഹാസച്ചുവയുള്ള സംസാരം ആണ് എന്ന് മൈക്കിളിനു തോന്നി.

“ആരാടാ നീ പട്ടി കഴു *&%@മോനെ. ചുണയുണ്ടെങ്കിൽ പേര് പറയെടാ. ഒളിച്ചിരുന്ന് ഓളിയിടാതെ…പന്ന..”

സി ഐ മൈക്കിൾ കലികൊണ്ട് വിറച്ചു.

“എന്നെ സാറ് കണ്ടതല്ലേ. നമ്മളൊന്ന് മുട്ടി നോക്കിയതുമാ, ഇത്ര പെട്ടെന്ന് മറന്നു പോയോ “?

മറുതലക്കൽ ശബ്ദതിനു കഠിന്യം ഏറി.

“ഇനി എന്റെ പേര് അറിഞ്ഞേ തീരൂ എങ്കിൽ പറയാം. പുല്ലുമറ്റത്തിൽ സ്കറിയ ജോൺ. സാറ് ഇതിനു മുൻപ് കേട്ടിട്ടുണ്ടോ “?

ഫോണിലൂടെയുള്ള ചോദ്യം കേട്ടു മൈക്കിൾ ബാബുവിനെ നോക്കി, മൊബൈൽ പൊത്തിപിടിച്ചിട്ടു ചോദിച്ചു.

“ബാബു.. പുല്ലുമറ്റത്തിൽ സ്കറിയ ജോൺ. അങ്ങനെ ഒരാളെ കുറച്ചു കേട്ടിട്ടുണ്ടോ “?

മൈക്കിളിന്റെ ചോദ്യം കേട്ടു ബാബു കണ്ണടച്ചു ഓർമയിൽ പരാതി.

“എടാ സ്കറിയ തെണ്ടി, നിന്റെ കൊമ്പത്തെ പേര് കേട്ടു നിക്കറിൽ മുള്ളുന്നവൻ അല്ല ഞാൻ. തന്തക്കും പിറക്കാത്തവനെ, നിന്നെ ഞാൻ എടുത്തോളാം “

സി ഐ മൈക്കിൾ ഫോണിലൂടെ അലറുന്ന ശബ്ദത്തിൽ പറഞ്ഞു.

പിന്നെ തലതിരിച്ചു ബാബുവിനെ നോക്കി.

“ആരാണെന്ന് മനസ്സിലായോടോ. ആയെങ്കിൽ ഒന്ന്‌ പറഞ്ഞു തുലക്ക്. ആ കഴുവേറിയെ ഇന്ന് ഞാൻ കിടത്തി ഉറക്കത്തില്ല. മൂത്രമൊഴിക്കാൻ പോലും പരസഹായം വേണ്ടിവരും “

സി ഐ മൈക്കിൾ അട്ടഹസിച്ചു.

“സാറെ തെറി നിർത്ത്..ആളെ തി..രിച്ച..റിഞ്ഞു “

ബാബു പരുങ്ങലോടെ പറഞ്ഞു.

“പറയെടോ, ഏതവന ആ സ്കറിയ പുല്ലെൻ “

മൈക്കിൾ ആവേശത്തോടെ ബാബുവിനെ നോക്കി.

“സാറെ, ഈ സ്കറിയ ജോൺ പുല്ലുമറ്റത്തിൽ എന്ന് പറയുന്നത് സാറിന്റെ അച്ഛന്റെ പേരല്ലേ. സാറ് മറന്നു പോയോ? ഈ തെറി മുഴുവൻ സാറ് പറഞ്ഞത് സ്വൊന്തം അപ്പനെയാ. അതാ ഞാൻ തെറി നിർത്താൻ പറഞ്ഞത് “

ബാബു പറഞ്ഞത് കേട്ടു സി ഐ മൈക്കിളിന്റെ മുഖം വിവർണ്ണമായി.

“സാറ് കലികേറി നിന്നത് കൊണ്ട് അത് ശ്രെദ്ധിച്ചു കാണില്ല. അതാ പറ്റിയത് “

ബാബു പറഞ്ഞത് കേട്ടു അടുത്ത് നിന്നിരുന്ന വരദന്റെ ആളുകൾ പരസ്പരം നോക്കി അടക്കി ചിരിച്ചു.

“അപ്പോ സ്വൊന്തം അപ്പന്റെ പേര് പോലും സാറിന് ഓർമ്മയില്ല. അല്ലെ. പിന്നെയാ എന്നെ ഓർത്തിരിക്കുന്നത്. സാറ് ഓർത്ത് വിഷമിക്കണ്ട. സമയം ആകുമ്പോൾ അങ്ങോട്ട്‌ വന്നു കണ്ടോള്ളാം. അപ്പോ സാറെ ശുഭരാത്രി “

അതുകേട്ടു മൈക്കിൾ എന്തോ പറയാൻ വാ തുറന്നതും മറുതലക്കൽ ഫോൺ കട്ടായി.

“സാറെ, ഇവിടെ നിന്നു മഞ്‌ കൊള്ളേണ്ട. വാ പോകാം. ഇവിടെ ചാത്തനേറു ഉണ്ടെന്ന് പറഞ്ഞത് സത്യമാണെങ്കിൽ അവന്മാർ എറിഞ്ഞു ഉടച്ചു കളയും. വിവരമില്ലാത്തവരാ, തന്നിഷ്ടക്കാർ. എന്റെ ഭാര്യ ഒരു കുഞ്ഞ് കൂടി വേണമെന്ന് പറഞ്ഞോണ്ടിരിക്കുവാ. ചാത്തൻ എറിഞ്ഞു ഉടച്ചാൽ പിന്നെ അവളെന്നെ ഡിവോഴ്സ് ചെയ്തിട്ട് പോകും. കുടുംബം തകരും. അതുകൊണ്ട് എത്രയും വേഗം പോകാം സാറെ.കൂടെ വന്നവന്മാരും മുറുമുറുക്കാൻ തുടങ്ങിയിട്ടുണ്ട്.”

ബാബു പറഞ്ഞു കൊണ്ട് സി ഐ മൈക്കിളിനെ നോക്കി.

അയാൾ അപമാനിതനായവനെ പോലെ ബാബുവിനെയും മറ്റുള്ളവരെയും നോക്കിയിട്ട് ജീപ്പിനു നേരെ നടന്നു.

പുറകെ വരദന്റെ ആളുകൾ സ്പിരിറ്റു നിറച്ച ജാറും ആയുധങ്ങളുമായി പിന്തുടർന്നു.

********************************************

പുലർച്ചെ നാലര ആയപ്പോൾ ആൻഡ്രൂസ് എഴുനേറ്റു പോകുവാൻ തയ്യാറായി.

അപ്പോഴേക്കും നസിയ ചൂട് ചായയും കൊണ്ട് വന്നു.

ആൻഡ്രൂസ് അത് മേടിച്ചു കുടിച്ചു കൊണ്ട് നസിയയെ നോക്കി.

“ഞാൻ ഒരു പാട് ബുദ്ധിമുട്ടിച്ചു അല്ലെ നിന്നെ. നിന്റെ നല്ല മനസ്സാ. കൊലക്കേസിൽ പ്രതി ആയിട്ടും എന്നെ വീട്ടിൽ കൊണ്ട് വന്നു നോക്കിയില്ലേ. സമയസമയം ഭക്ഷണം കൊണ്ട് തന്നു. റം മേടിച്ചു തന്നു.ഇതൊക്കെ നിനക്ക് നല്ലൊരു മനസ്സുണ്ട് എന്നതിന്റെ തെളിവാണ്. നിനക്ക് എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിക്കാം. ഞാൻ വരും.”

ചായകുടിച്ചു കപ്പ് നസിയക്കു നേരെ നീട്ടി.

നസിയ ആൻഡ്രൂസിനെ നോക്കി.

“നിങ്ങള് എവിടെ ആയാലും സുഖമായി ഇരുന്നാൽ മതി. അതാണ് എന്റെ സന്തോഷം. പിന്നെ ഞാൻ പറഞ്ഞ ഒരു വാക്ക് പാലിക്കാനുണ്ട്. നിങ്ങളുടെ ലോറിയുടെ കാര്യം. കത്തിപ്പോയ ലോറിക്ക് പകരം ഒരു ലോറി വാങ്ങിച്ചു തരും എന്ന വാക്ക് “

പറഞ്ഞിട്ടു കയ്യിലിരുന്ന ഒരു കവർ ആൻഡ്രൂസിനു നേരെ നീട്ടി.

“ഇത് പത്തുലക്ഷം രൂപയുണ്ട്. ഞാൻ കൂട്ടിവച്ചു ഉണ്ടാക്കിയ എന്റെ സബാത്യം. ഇതിനു നിങ്ങളുടെ ലോറിയുടെ രൂപമാ. അതുകൊണ്ട് ഞാൻ മനസ്സ് നിറഞ്ഞു തരുന്ന ഈ പൈസ കൊണ്ട് നിങ്ങളൊരു ലോറി വാങ്ങിക്കണം. കുറവുണ്ടെങ്കിൽ പറഞ്ഞാൽ മതി “

ആൻഡ്രൂസ് നസിയയെ സൂക്ഷിച്ചു നോക്കിയശേഷം അവളുടെ കയ്യിൽ നിന്നും ആ പൊതി വാങ്ങി.

“ഞാൻ ചോദിക്കാനിരിക്കുകയായിരുന്നു. എന്താ ലോറി മേടിച്ചു തരാത്തതെന്നു. മനഃപൂർവം എന്നെ നീ കളിപ്പിച്ചതായിരിക്കും എന്നാ കരുതിയത്. ഞാൻ നിന്നെ രക്ഷിച്ചതിനുള്ള കൂലിയും ആയിക്കോളും. ഞാൻ സൗജന്യമായി ആർക്കും ഒന്നും ചെയ്തു കൊടുക്കാറില്ല. ജോലിക്ക് കൂലി അതാ ആൻഡ്രൂസിന്റെ രീതി. പിന്നെ പത്തുലക്ഷം തികച്ചുണ്ടോ? എണ്ണി നോക്കണോ “?

ആൻഡ്രൂസ് നസിയയെ നോക്കി.

“എണ്ണി നോക്കിക്കോ. പത്തു ലക്ഷം ഉണ്ട്. എനിക്ക് ആരെയും പറ്റിക്കാനറിയില്ല “

നിറഞ്ഞു വന്ന കണ്ണുകൾ തുളുമ്പാതിരിക്കാൻ നസിയ പാടുപെട്ടു.

“എന്നാ ഞാൻ പോകുവാ. ആരുടെ എങ്കിലും  കത്തി മുനയിൽ തീർന്നില്ലെങ്കിൽ  വീണ്ടും  കാണാം. നീ പുറത്തിറങ്ങി ആരെങ്കിലും ഉണ്ടോ എന്ന് നോക്കിക്കേ. ചുറ്റും നോക്കിയിട്ട് വാ. പടിക്കൽ കൊണ്ടുപോയി കലമുടക്കേണ്ട”

ആൻഡ്രൂസ് പറഞ്ഞത് കേട്ടു നസിയ പുറത്തേക്കു പോയി.

അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ നസിയ തിരിച്ചു വരുമ്പോൾ ആൻഡ്രൂസ് വാതിൽക്കൽ നിൽക്കുകയായിരുന്നു.

“ഉമ്മച്ചിയും അടുക്കള പണിക്കു നിൽക്കുന്നവരും അഞ്ചര ആകുമ്പോൾ എഴുന്നേൽക്കും. അതിന് മുൻപ് ഈ മതില് ചാടി ഇങ്ങോട്ട് വന്ന വഴിയിൽ കൂടി പൊക്കൊളു.”

നസിയ പറഞ്ഞിട്ട് വാതിലിൽ ചാരി നിന്നു.

“അപ്പോ യാത്രയില്ല… പോയേക്കുവാ “

ആൻഡ്രൂസ് മതിലിനു നേരെ നടന്നു.

മതിലിൽ പിടിച്ചു കേറുവാൻ തുടങ്ങിയപ്പോൾ പുറകിൽ നിന്നും നസിയയുടെ ശബ്‌ദം കേട്ടു.

“പിന്നെ ഒരു കാര്യം പറയാനുണ്ട് “

അതുകേട്ടു ആൻഡ്രൂസ് തിരിഞ്ഞു നോക്കി.

“സൂക്ഷിച്ചു പോണം “

നസിയ പറഞ്ഞത് കേട്ടു ആൻഡ്രൂസ് അവളെ നോക്കി ഒന്ന്‌ ചിരിച്ചു. തുടർന്നു മതിലുച്ചാടി കടന്നു കുരുമുളക് ചെടിയുടെ മറപറ്റി മുൻപോട്ടു നടന്നു.

അത്രയും സമയം പ്രെയാസപ്പെട്ടു നിയത്രിച്ച അവളുടെ  മിഴികൾ നിറഞ്ഞു കവിഞ്ഞു.ഒരു പൊട്ടികരച്ചിലിന്റെ വക്കിലെത്തിയ അവൾ പത്തായ പുരയുടെ ഉള്ളിലേക്ക് കയറി ചാക്കുകെട്ടിൽ ചാരി നിന്നു കരഞ്ഞു. കുറച്ചു കഴിഞ്ഞു മിഴികൾ തുടച്ചു ചെന്നു കിളിവാതിൽ അടച്ചു തിരിഞ്ഞപ്പോൾ ആണ് അത് കണ്ടത്.

പലക സ്റ്റൂളിൽ എന്തോ ഇരിക്കുന്നു!!

അടുത്ത് ചെന്നു നോക്കി.

താൻ കൊടുത്ത കവർ ആണ് അതെന്നു അവൾക്കു മനസ്സിലായി.

അവളതു കയ്യിലെടുത്തു.അതിനുള്ളിൽ ഇരുന്ന കടലാസ്സിൽ പൊതിഞ്ഞ നോട്ടു കെട്ടിന്റെ പൊതി പുറത്തെടുത്തു. പൊതിഞ്ഞ കടലാസ്സിന്റെ വെളുത്ത പ്രതലത്തിൽ പെൻസിൽ കൊണ്ട് എഴുതിയിരുന്നു.

“ലോകത്തിൽ വിലയിടാൻ പറ്റാത്ത ഒരേ ഒരു സാധനം സ്നേഹം ആണ്. എണ്ണി നോക്കിയിട്ടില്ല.നോക്കുകയും ഇല്ല. ഒരു രൂപ പോലും എടുത്തിട്ടുമില്ല “

നോട്ടുകെട്ട് കയ്യിൽ പിടിച്ചു ഒരു നിമിഷം നിന്നശേഷം അവളോടി പുറത്തിറങ്ങി മതിലിനരുകിൽ എത്തി ആൻഡ്രൂസ് പോയ വഴിയിലേക്ക് എത്തി നോക്കി. എന്നാൽ ആൻഡ്രൂസ് പോയ വഴിയിലെ മൂടൽ മഞ്ഞും ഇരുളും മാത്രമേ അവൾക്കവിടെ കാണാൻ സാധിച്ചുള്ളൂ.

*******************************************

“മോഹൻ.. പെൺകുട്ടിയുടെ ഡെഡ്ബോഡി കിട്ടിയ സംഭവത്തിൽ എന്തെങ്കിലും തെളിവുകൾ കിട്ടിയോ. അതോ ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണോ “?

എസ് പി വിദ്യാസാഗർ എസ് ഐ വായിച്ചു കൊണ്ടിരുന്ന ഫയലിൽ നിന്നും മുഖമുയർത്തി  മോഹനനെ നോക്കി.

“ഇല്ല സാർ, അന്വേഷണത്തിൽ കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല.ആ പെങ്കൊച്ചിന്റെ അപ്പനും അമ്മയും ഇടക്കിടെ ഇവിടെ വരും. അവരുടെ കണ്ണീരു കാണുമ്പോഴാ വിഷമം. ഒരു പെൺകുഞ്ഞിനെ വളർത്തി വലുതാക്കി എടുക്കാൻ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകും. ആ പെൺകുട്ടിയുടെ ഭാവിയെ കുറിച്ച് എന്തൊക്കെ സ്വപ്നങ്ങൾ നെയ്തിട്ടുണ്ടാകും അവർ. ഇതിനു പിന്നിൽ ഏതു വലിയവൻ ആയാലും കണ്ടു പിടിക്കുന്ന നിമിഷം തട്ടി കളയണം. ഒരു നിയമത്തിനും കൊടുക്കരുത് “

എസ് ഐ മോഹൻ രോക്ഷത്തോടെ പറഞ്ഞു.

“മോഹൻ, ഇതിനൊരു തുമ്പ് കണ്ടു പിടിച്ചില്ലെങ്കിൽ മുകളിൽ നിന്നും വിളിവരും. പോരാത്തതിന് പള്ളി എടവകക്കാർ പ്രക്ഷോഭത്തിന് ഇറങ്ങാൻ പോകുവാ. ഇപ്പൊ ദേ അടുത്ത കൊലപാതകകേസ്‌, വരാൽ ജെയ്‌സന്റെ. ആ ആന്ഡ്രൂസിന്റെ ഫിംഗർ പ്രിന്റ് ആ ചത്തവന്റെ ദേഹത്ത് നിന്നും കിട്ടിയിട്ടുണ്ട്. അതാണ് ഇപ്പോൾ ചർച്ച വിഷയം. അയാളെ കുടുക്കാൻ ആരോ ശ്രെമിക്കുന്നപോലെ ഒരു തോന്നൽ.അയാൾക്കും രണ്ടാം പ്രതി റോസ്‌ലിനും  മുൻ‌കൂർ ജാമ്യം ആരോ എടുത്തിട്ടുണ്ട്.എങ്കിലും അവരെ വിളിച്ചു വരുത്തി മൊഴി എടുക്കണം. അവർക്കു പറയാനുള്ളത് എന്താണെന്നു അറിയണമല്ലോ.”

വിദ്യാസാഗർ ടേബിളിൽ ഇരുന്ന പേപ്പർ വെയിറ്റ് കറക്കി കൊണ്ട് പറഞ്ഞു.

“മോഹൻ, വാഗമൺ ഭാഗത്ത്‌ തമ്പടിച്ചിരിക്കുന്ന ഒരു സംഘത്തിന് ഇതുമായി ബന്ധമുണ്ട് എന്ന് എനിക്ക് തെളിവ് കിട്ടിയത് ഞാൻ പറഞ്ഞല്ലോ. നിങ്ങളുടെ അന്വേഷണത്തിൽ ഒന്നും കിട്ടിയില്ലെങ്കിൽ ഈ വഴിക്ക് അതൊന്നു ഡിവേർട്ട് ചെയ്തു നോക്ക്. ചിലപ്പോൾ പോസിറ്റീവ് ആയി എന്തെങ്കിലും കിട്ടി കൂടെനില്ല “

വിദ്യാസാഗർ പറഞ്ഞിട്ട് എഴുനേറ്റു.

“ശരി സാർ, അങ്ങനെ ഒരാന്വേഷണം ആരംഭിക്കാം “

മോഹൻ അറ്റെൻഷൻ പൊസിഷനിൽ നിന്നു സല്യൂട്ട് ചെയ്തു.

വിദ്യാസാഗർ പുറത്തേക്കിറങ്ങുമ്പോൾ ആണ് സി ഐ മൈക്കിൾ അങ്ങോട്ടേക്ക് വന്നത്.

“മൈക്കിൾ, കേസ്‌ അന്വേഷണം എവിടം വരെയായി. എന്തെങ്കിലും ഇൻഫർമേഷൻ “?

വിദ്യാസാഗർ മൈക്കിളിനെ നോക്കി.

“തെളിവ് ശേഖരിച്ചു കൊണ്ടിരിക്കുകയാണ് സാർ. പ്രതികൾ ആ ആൻഡ്റൂസും റോസ്‌ലിനും തന്നെ. തെളിവുകൾ കുറച്ചു കൂടി കിട്ടിയാൽ അറസ്റ്റു ചെയ്യാം സാർ “

മൈക്കിൾ പറഞ്ഞു.

“ശരി.. പ്രതികൾ ആരായാലും രക്ഷപെടരുത്. എത്രയും പെട്ടെന്ന് തെളിവുകൾ പൂർത്തിയാക്കി അടുത്ത സ്റ്റേജിലേക്ക് കടക്ക് “

പറഞ്ഞിട്ട് വിദ്യാസാഗർ ജീപ്പിലേക്കു കയറി. ജീപ്പ് ഗേറ്റ് കടന്നു പോകുന്നത് നോക്കി നിന്നശേഷം മൈക്കിൾ സ്റ്റേഷനുള്ളിലേക്ക് കയറി.

കസേരയിൽ ഇരുന്നു തൊപ്പി എടുത്തു മേശപ്പുറത്തു വച്ചു.

അപ്പോൾ ഫോൺ ബെല്ലടിച്ചു.

“ഞാനാ വരദൻ. ഒരുത്തനെ കത്തിക്കാൻ പോയി നാണം കെട്ടു, അവന്റെ തന്തക്കും വിളിയും കേട്ടു വാലും ചുരുട്ടി തിരിച്ചു പോന്നു അല്ലെ മൈക്കിൾ സാറെ “

മറുതലക്കൽ വരദന്റെ ശബ്‌ദം മുഴങ്ങി.

“അത്.. മുതലാളി..നിമിഷനേരത്തിൽ വീടും പൊളിച്ചു കൊണ്ട് പോകുമെന്ന് ആരെങ്കിലും വിചാരിച്ചോ. ആരായാലും കാഞ്ഞ ക്രിമിനൽ ആണവൻ.”

മൈക്കിൾ നിസഹായാവസ്ഥ ബോധ്യപെടുത്തി.

“അതാണ് പറഞ്ഞത് താനൊക്കെ മനസ്സിൽ കാണുമ്പോൾ അവൻ മാനത്തു കാണും. ഡെയിലി രാവിലെ എഴുനേൽക്കുന്നതിനു മുൻപ് കഴുത്തിനു മുകളിൽ തല ഇരിപ്പുണ്ടോ എന്നൊന്ന് തപ്പി നോക്കുന്നത് നല്ലതാ. തല മാത്രമല്ല തനിക്കു പ്രിയപ്പെട്ട മറ്റു പലതും “

വരദാൻ മുന്നറിയിപ്പെന്നപോലെ പറഞ്ഞു.

“മുതലാളി എന്താ ഈ പറഞ്ഞു വരുന്നത്”

മൈക്കിൾ ചെവിക്കൂർപ്പിച്ചു.

“അതൊക്കെ പോട്ടെ. അത് തന്നെ മാത്രം ബാധിക്കുന്ന കാര്യമാ. ഇപ്പൊ വിളിച്ചത് കുമിളി ചെക്ക് പോസ്റ്റ്‌ കടന്നു ഭദ്രേട്ടന്റെ ഒരു ലോഡ് സ്പിരിറ്റ്‌ വരുന്നുണ്ട്. ചെക്ക് പോസ്റ്റു കടത്തി ചേട്ടന്റെ ഗോഡൗൺ എത്തുന്നത് വരെ തന്റെ എസ്കോർട് വേണം. മറ്റാരെയും ഇപ്പോൾ വിശ്വസിച്ചു ഏൽപ്പിക്കണം പറ്റത്തില്ല. ഫസ്റ്റ് ക്വാളിറ്റി ആണ്. ലക്ഷങ്ങളുടെ ലോഡ് ആണ്. കുറച്ചു നാൾ മുൻപ് ആൻഡ്രൂസ് എന്ന് പറഞ്ഞ ആ കഴു &&%*ഒരു ലോഡ് അടിച്ചോണ്ടു പോയതിന്റെ ക്ഷീണം മാറിയത് കുറച്ചു നാൾ മുൻപാ. അതുകൊണ്ട് ഇത് ആരും കഴുവേറ്റാതെ നോക്കണം “

വരദൻ നിർദേശിച്ചു.

“ശരി.. ഞാൻ നോക്കിക്കൊള്ളാം. അതോർത്തു ടെൻഷൻ അടിക്കേണ്ട. പക്ഷെ നമുക്കുള്ള പങ്കിനെ കുറച്ചു മറക്കണ്ട “

മൈക്കിൾ തന്റെ ആവശ്യം അറിയിച്ചു.

“അത് എപ്പോഴും തരുന്നതിനെക്കാളും കൂടുതൽ തരും. ആക്രാന്തം കാണിക്കാതെ ലോഡ് ഗോഡൗണിൽ എത്തിക്ക്.കുറച്ചു കഴിയുമ്പോൾ ഒരു കുപ്പിയും കൊടുത്തു അങ്ങോട്ട്‌ വിട്ടേക്കാം. ലോഡും കൊണ്ട് വരുന്നവർ പുതിയ ആളുകളാ. സി ഐ മൈക്കിൾ നേരിട്ടെത്തും എന്ന് അവരോടു പറഞ്ഞിട്ടുണ്ട്. അവർക്കൊരു ധൈര്യത്തിന്  “

പറഞ്ഞിട്ട് വരദൻ ഫോൺ കട്ട് ചെയ്തു.

രാത്രി ഒൻപതു മണി ആയപ്പോൾ മൈക്കിളിന്റെ വീടിന് മുൻപിൽ ഒരു ബൈക്ക് വന്നു നിന്നു. അതിൽ നിന്നും ഒരാൾ ഇറങ്ങി ആരെയോ കാത്തു നിന്നു.

കുറച്ച് സമയത്തിനകം മൈക്കിൾ യൂണിഫോമിൽ  വീട്ടിൽ നിന്നും ഇറങ്ങി  ജീപ്പിൽ കയറി പുറത്തേക്കു ഓടിച്ചു വന്നു ബൈക്ക് കാരന്റെ അടുത്ത് നിർത്തി.

“സാധനം കൊണ്ട് വന്നിട്ടുണ്ടോ. ബൈക്ക് ഒതുക്കി വച്ചു ജീപ്പിലോട്ട് കേറിക്കോ. ചെക്ക് പോസ്റ്റിലേക്ക് പോകാം. എല്ലാം കാര്യങ്ങളും വിളിച്ചു പറഞ്ഞിട്ടുണ്ട്. നേരത്തെ ചെന്നു അവിടെ നിൽക്കുന്നവന്മമാരുടെയും  സ്ഥലം സി ഐ യ്യുടെയും അണ്ണാക്കിൽ കുറച്ചു നോട്ടുകെട്ടുകൾ തിരുകി വയ്ക്കണം. എന്നിട്ട് വേണം ലോഡുമായി വരാൻ “

മൈക്കിൾ പറഞ്ഞത് കേട്ടു ബൈക്കിൽ വന്നയാൾ ബൈക്ക് ഒതുക്കി വച്ചു താക്കോൽ ബൈക്കിൽ തന്നെയിട്ടു ജീപ്പിൽ വന്നു കേറി.

ജീപ്പ് മുൻപോട്ടു പോയി വളവിൽ മറഞ്ഞതും മറ്റൊരാൾ വന്നു ബൈക്കിൽ കയറി ജീപ്പിനെ പിന്തുടർന്നു.

കുമളി സ്റ്റേഷനിൽ എത്തി മൈക്കിൾ അവിടുത്തെ സി ഐ രഘുവരനെ  മാറ്റി നിർത്തി സംസാരിച്ച ശേഷം ഒരു കെട്ടു നോട്ടെടുത്തു കയ്യിൽ കൊടുത്തു.

“ആ ചെക്ക് പോസ്റ്റിൽ നിൽക്കുന്നവരുടെയും പോക്കറ്റിൽ എന്തെങ്കിലും ഇട്ടു കൊടുത്തേക്കണം. അവരിടഞ്ഞാൽ കാര്യം നടക്കില്ല. ഞാൻ സൂചന കൊടുത്തിട്ടുണ്ട് “

സി ഐ രഘുവരൻ മുന്നറിയിപ്പ് കൊടുത്തു.

“അത് ഇപ്പോൾ തന്നെ നേരിട്ട് പോയി കൊടുത്തേക്കാം.”

മൈക്കിൾ യാത്രപറഞ്ഞിറങ്ങി ജീപ്പിൽ വന്നു കേറി ചെക്ക് പോസ്റ്റിലേക്ക് തിരിച്ചു.

അവിടെ എത്തിയപ്പോൾ ജീപ്പിൽ ഉണ്ടായിരുന്ന ആൾ മൈക്കിളിനെ നോക്കി.

“സാറെ ഇവിടെ ഒരു തട്ടുകടയുണ്ട്. അവിടെ നല്ല ബെറോട്ടയും ചിക്കെൻ ഫ്രൈയും കിട്ടും.ഞാൻ പാഴ്‌സൽ മേടിച്ചു കൊണ്ട് വരാം. കുപ്പി പൊട്ടിക്കുമ്പോൾ എന്തെങ്കിലും കഴിക്കണ്ടേ സാറെ “

അയാൾ ജീപ്പിൽ നിന്നുമിറങ്ങി.

“ശരി, നീ പോയി മേടിച്ചു കൊണ്ട് വാ. അപ്പോഴേക്കും ഞാൻ ചെന്നു അവന്മാരെ സെറ്റിൽ ചെയ്യാം “

മൈക്കിൾ ജീപ്പൊതുക്കി ചെക്ക് പോസ്റ്റിൽ നിൽക്കുന്ന പോലീസുകാർക്ക് നേരെ നടന്നു.

ഭക്ഷണം മേടിക്കാൻ പോയ ആൾ വന്നപ്പോൾ മൈക്കിൾ ജീപ്പിൽ ഉണ്ടായിരുന്നു.

“നമുക്ക് ജീപ്പ് കുറച്ച് അകലേക്ക്‌ മാറ്റി ഇട്ടാലോ. ഇവിടെ ഇരുന്നാൽ ആരെങ്കിലും ശ്രെദ്ധിക്കും “

മൈക്കിൾ ജീപ്പ് തിരിച്ചു കുറച്ചു മാറ്റി അകത്തേക്ക് കയറ്റി ഇട്ടു.

എന്നിട്ട് തൊപ്പിയും യൂണിഫോമും അഴിച്ചു ജീപ്പിൽ കോർത്തിട്ടു.

“വെള്ളമടിക്കുമ്പോൾ അണ്ടർ വെയറും ബനിയനും ആണ് ബെസ്റ്റ് “

മൈക്കിൾ സീറ്റിൽ കേറി ഇരുന്നു ഭക്ഷണപൊതി തുറന്നു വച്ചു. കൂടെ വന്നയാൾ കുപ്പി പൊട്ടിച്ചു ഗ്ലാസ്സ് നിരത്തി വച്ചു മദ്യം ഒഴിച്ചു, സോഡായും ചേർത്തു മൈക്കിളിനു നൽകി.

കുപ്പിയിൽ ഉണ്ടായിരുന്ന മദ്യം മൈക്കിളിന്റെ ഗ്ലാസിൽ ഒന്നിനുപുറകെ ഒന്നായി ഒഴിച്ചു കൊടുത്തു കുടിപ്പിച്ചു കൊണ്ടിരുന്നു.

ഒരു വിധം മൈക്കിൾ ഫിറ്റായി എന്ന് തോന്നിയപ്പോൾ കൂടെയുണ്ടായിരുന്നയാൾ ജീപ്പിന്റെ പുറത്തേക്കിറങ്ങി കയ്യിലിരുന്ന പൊട്ടിച്ച സോഡാ ബോട്ടിലിലേക്ക് പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഒരു ചെറിയ കടലാസ് പൊതി തുറന്നു അതിലുണ്ടായിരുന്ന പൊടി ഇട്ടു കുലുക്കി വീണ്ടും മൈക്കിളിന്റെ അടുത്ത് വന്നിരുന്നു.

“തീർന്നോടാ പുല്ലേ. ഒരെണ്ണം കൂടി ഒഴിക്കട “

മൈക്കിൾ സീറ്റിലേക്ക് ചാരി കിടന്നു.

കൂടെയിരുന്നയാൾ ഗ്ലാസ്സിലേക്ക് മദ്യം പകർന്നു കയ്യിലിരുന്ന സോഡാ എടുത്തു അതിലൊഴിച്ചു മൈക്കിളിന്റെ കയ്യിൽ കൊടുത്തു. അയാൾ ആർത്തിയോടെ ഒറ്റ വലിക്ക് അത് അകത്താക്കി. കുറച്ചു കഴിഞ്ഞപ്പോൾ കൂർക്കം വലി കേട്ടു തുടങ്ങി.

ജീപ്പിനെ പിന്തുടർന്നെത്തിയ ബൈക്കിൽ വന്നയാൾ ജീപ്പിനടുത്തേക്ക് വന്നു.

സി ഐ സാർ ഫ്ലാറ്റ് ആയോ “

ജീപ്പിലിരുന്നയാൾ ആയി എന്ന് തലകുലുക്കി.

ബൈക്കിലെത്തിയ ആൾ ജീപ്പിൽ തൂക്കിയിട്ടിരുന്ന മൈക്കിളിന്റെ യൂണിഫോം എടുത്തു ധരിച്ചു തൊപ്പിയും വച്ചു.

“എങ്ങനെയുണ്ട്? ഈ വേഷത്തിൽ ചെത്തിയിട്ടില്ലേ “

ജീപ്പിന്റെ സൈഡ് മിററിൽ നോക്കി തൊപ്പി വലിച്ചു വച്ചു ജീപ്പിൽ നിന്നും ഇറങ്ങി വന്ന ആളോട് ചോദിച്ചു.

“സൂപ്പർബ് ആയിട്ടുണ്ട്. സിനിമയിൽ സുരേഷ്‌ഗോപി വരുന്നത് പോലെ “

പോലിസ് വേഷത്തിൽ നിന്നയാൾ കൂടെ നീന്നയാളെ നോക്കി.

“ഇയാളെ പൊക്കി ജീപ്പിന്റെ പുറകിൽ ഇടാം. അവിടെ കിടക്കട്ടെ. ഇയാളെ പോലീസുകാർ എല്ലാവരും കണ്ടതാണല്ലോ അല്ലെ.”

പോലിസ് വേഷധാരിയും കൂടെ നിന്നയാളും കൂടി സീറ്റിൽ കുഴഞ്ഞു ബോധം കേട്ടുറങ്ങുന്ന മൈക്കിളിനെ പൊക്കി കൊണ്ടുപോയി ജീപ്പിന്റെ പുറകിലെ പടുത പൊക്കി അകത്തേക്കിട്ടു.

“നേരം വെളുത്തിട്ടേ കണ്ണ് തുറക്കൂ “

സോഡാ കുപ്പി ദൂരേക്ക് വലിച്ചെറിഞ്ഞു കളഞ്ഞു പോലിസ് വേഷധാരിയോട് പറഞ്ഞു കൂടെയുള്ളയാൾ.

പോലീസ് വേഷധാരി മൈക്കിളിന്റെ ഫോണെടുത്തു പോക്കറ്റിൽ ഇട്ടു.

കൃത്യം പതിനൊന്നര ആയപ്പോൾ ചെക്ക് പോസ്റ്റിൽ നിന്നും ലോഡ് എത്തിയിട്ടുണ്ടെന്നു അറിയിപ്പ് കിട്ടി.

രണ്ടുപേരും ജീപ്പിൽ കയറി ചെക്ക് പോസ്റ്റിൽ ചെന്നു.

മൈക്കിളിന്റെ ജീപ്പ് കണ്ട പോലീസുകാർ ലോഡും കൊണ്ട് വന്ന ലോറി കടത്തി വിട്ടു.ജീപ്പ് മുൻപിലും ലോറി പിന്നിലും ആയി കുറച്ചു ദൂരം മുൻപോട്ടു പോയി.

വിജനമായ സ്ഥലത്തു എത്തിയപ്പോൾ ലോറി സൈഡിൽ ഒതുക്കാൻ കൈ കൊണ്ട് കാണിച്ചു ജീപ്പ് വഴിയരുകിൽ നിർത്തി. പോലിസ് വേഷധാരി ഇറങ്ങി.

ലോറിയിൽ നിന്നും രണ്ടുപേർ ഇറങ്ങി വന്നു.

“എന്നാ സാർ.. പ്രെച്ചനം ഇറുക്കാ “

അവർ പോലീസ് കാരനെയും കൂടെ യുള്ളവരെയും നോക്കി.

“സി ഐ മൈക്കിളിനോട് ചോദ്യം വേണ്ട. കേട്ടോടാ “

പോലീസുകാരൻ ഒരുത്തന്റെ മുഖമടിച്ചു ഒരു  അടി കൊടുത്തു. കൂടെയുള്ളവന് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നതിനു മുൻപ് അവന്റെ മൂക്കിനും ഇടി കിട്ടി. രണ്ടുപേരും തലമരച്ചു നിലത്തേക്കിരുന്നു പോയി. പോലിസ് വേഷധാരിയുടെ കൂടെ ഉള്ള ആൾ രണ്ട് പേരുടെയും കൈ കാലുകൾ പുറകിലേക്കാക്കി ബെന്ധിച്ചു.അവരുടെ ചെവിയിൽ പഞ്ഞി കുത്തി തിരുകി.ക്ളോറോഫോം മണപ്പിച്ചു. രണ്ടുപേരെയും ലോറിയുടെ സൈഡിലേക്ക് വലിച്ചു കൊണ്ട് പോയി ഇട്ടു.

“ഇനി മൈക്കിളിന്റെ ഫോണിൽ നിന്നും ഭദ്രനെയും വരദനെയും വിളിച്ചു അവന്റെയൊക്കെ തന്തക്കു വിളിച്ചോ. ലോറിയും സ്പിരിറ്റും കൊണ്ടുപോകുകയാണെന്നും, താനൊക്കെ തരുന്ന നക്കാപ്പിച്ച ഇനി ഈ മൈക്കിളിനു വേണ്ടന്നുമൊക്കെ കാച്ചിക്കോ. തെറിക്ക് നല്ല പഞ്ചു വേണം”

പോലിസ് വേഷധാരിയുടെ കയ്യിൽ നിന്നും കൂടെയുള്ള ആൾ മൈക്കിളിന്റെ ഫോൺ മേടിച്ചു കുറച്ചു ദൂരെ മാറി നിന്നശേഷം വരദനെ വിളിച്ചു തെറി തുടങ്ങി. മാലപ്പടക്കത്തിനു തിരികൊളുത്തുന്ന പോലെ വരദനെ തുടരെ തെറി പറഞ്ഞ ശേഷം ഭദ്രന്റെ നമ്പർ ഡയൽ ചെയ്തു.

ഭദ്രന്റെ തന്തയിൽ തുടങ്ങി നാലു തലമുറ മുൻപുള്ള അപ്പൂപ്പൻ മാരെ വരെ തെറി പറഞ്ഞു നിർത്തിയപ്പോൾ അയാൾ വിയർത്തു കുളിച്ചിരുന്നു.

“ജീവിതത്തിൽ ആദ്യമായ ഇതുപോലെ തെറി പറയുന്നത് “

മുഖത്തു പൊടിഞ്ഞ വിയർപ്പുകണങ്ങൾ വിരൽ കൊണ്ട് അയാൾ തുടച്ചു കളഞ്ഞു.

പോലിസ് വേഷധാരി യൂണിഫോം അഴിച്ചു ജീപ്പിനുള്ളിലേക്ക് കയറി മൈക്കിളിനെ ധരിപ്പിച്ചു. വലിച്ചു പുറത്തിട്ടു പൊക്കിയെടുത്തു ജീപ്പിന്റെ  ഡ്രൈവിംഗ് സീറ്റിൽ കൊണ്ടിരുത്തി.

ബോധം കെട്ടു പോയ ലോറിയിൽ വന്നവരെ പൊക്കിയെടുത്തു ജീപ്പിന്റെ പുറകിൽ കൊണ്ടിട്ടു.

“ഞാൻ ലോറിയുമായി പോകാം. ബൈക്കുമായി പുറകെ വന്നേക്ക് “

പോലിസ് വേഷം അഴിച്ചു വച്ചയാൾ കൂടെയുള്ളയാളോട് പറഞ്ഞിട്ട് ലോറിയിൽ കയറി സ്റ്റാർട്ടാക്കി മുൻപോട്ടെടുത്തു. മറ്റെയാൾ ബൈക്കിൽ ലോറിയുടെ പുറകെ അനുഗമിച്ചു.

                            (തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Jagadeesh Pk Novels

യാമം

കാവൽ

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!