Skip to content

മലയോരം – 17

malayoram novel

മൊബൈൽ ഫോണിന്റെ ശബ്‌ദം കേട്ടാണ് സി ഐ മൈക്കിൾ കണ്ണുതുറന്നത്.എവിടെയാണ് തനിപ്പോൾ കിടക്കുന്നത് എന്ന് തിരിച്ചറിയാൻ കുറച്ചു സമയമെടുത്തു. ജീപ്പിന്റെ ഫ്രണ്ട് സീറ്റിൽ ആണ്  കിടക്കുന്നത് എന്ന തിരിച്ചറിവിൽ അയാൾ മെല്ലെ എഴുനേറ്റു. തല പൊട്ടിപോകുന്നപോലുള്ള വേദനയാണ് അനുഭവപ്പെടുന്നത്.  താഴെയായി ഒഴിഞ്ഞ മദ്യക്കുപ്പിയും ഗ്ലാസും സോഡാബോട്ടിലും കിടക്കുന്നത് കണ്ടു. സീറ്റിൽ അങ്ങിങ് തലേന്ന് കഴിച്ച ഭക്ഷണപാദാർഥങ്ങളുടെ അവശിഷ്ട്ങ്ങൾ പറ്റി പിടിച്ചിരിക്കുന്നത് കാണാമായിരുന്നു. താഴെ ക്ലച്ച് ഗിയറിനു അടുത്തായി കിടന്നിരുന്ന മൊബൈൽ ഫോൺ നിർത്താതെ ശബ്ദിക്കുകയാണ്.

“ഏതു റാസ്‌ക്കൽ ആണ് ഈ വെളുപ്പാൻകാലത്തു നിർത്താതെ വിളിച്ചു കൊണ്ടിരിക്കുന്നത്. ഇവന്റെയൊക്കെ വീട്ടിൽ ആരെങ്കിലും ചത്തോ ഇങ്ങനെ വിളിച്ചോണ്ടിരിക്കാൻ “

സി ഐ മൈക്കിൾ വർധിച്ച കലിയോടെ മുറുമുറുത്തു കൊണ്ട്  മൊബൈൽ ഫോൺ കുനിഞ്ഞെടുത്തു.

ഡിസ്പ്ലേയിൽ നോക്കി.

പരിചയമില്ലാത്ത നമ്പറിൽ നിന്നുമാണ്.

മൈക്കിൾ ഫോൺ അറ്റൻഡ് ചെയ്തു ചെവിയിൽ വച്ചു.

“എടാ മൈക്കിൾ പൊല *&%@മോനെ. നിന്നെ ജനിപ്പിച്ച നിന്റെ തന്ത പോലും എന്റെ നേരെ നിക്കത്തില്ല.പിന്നെയാ നീ.  സി ഐ ആയി നീയിവിടെ  വിലസുന്നുണ്ടെങ്കിൽ അത് ഈ ഭദ്രന്റെ ഔദാര്യം ആണെടാ. എന്റെ സ്പിരിറ്റും ലോറിയും ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ എന്റെ മുൻപിൽ എത്തിയില്ലെങ്കിൽ നിന്റെ ശവം പൊന്മുടി ആറ്റിൽ മലച്ചു കിടക്കും. കൂടെ നിന്നു കുതികാൽ വെട്ടുന്നോടാ @@%&*മോനെ”

ഫോണിന്റെ അങ്ങേ തലക്കൽ ഭദ്രന്റെ തെറിയോടൊപ്പമുള്ള  അലർച്ച കേട്ടു മൈക്കിൾ കാര്യമറിയാതെ അമ്പരന്നു.

“എന്തോന്നാ മുതലാളി ഈ പറയുന്നത്. സ്പിരിറ്റും ലോറിയും ഇതുവരെ എത്തിയില്ലേ. ഞാൻ കുറച്ച് ഫിറ്റായി പോയത് കൊണ്ട് ജീപ്പിൽ കിടന്നു ഉറങ്ങി പോയി “

സി ഐ മൈക്കിൾ ജാള്യത്തോടെ പറഞ്ഞു.

“എന്നിട്ടാണോടാ പുല്ലേ എന്നെയും വരദനെയും വിളിച്ചു തെറി പറഞ്ഞത്. സ്പിരിറ്റു ലോറി നീ കൊണ്ടുപോകുകയാണെന്നും ഞങ്ങളുടെ നക്കാപ്പിച്ച നിനക്ക് വേണ്ടന്നും പറഞ്ഞത്. എടാ മൈക്കിളെ ഉരുണ്ടു കളിക്കല്ലേ. നിന്റെ തൊണ്ടക്കകത്തു തോട്ട ഇട്ടു പൊട്ടിക്കും ഞാൻ. നീ കൊണ്ടുപോയ സ്പിരിറ്റും ലോറിയും എത്രയും പെട്ടെന്ന് എന്റെ മുൻപിലെത്തിച്ചാൽ നീയും നിന്റെ കുടുംബവും ഭൂമിക്കു മീതെ കാണും. പത്തു മിനിറ്റിനുള്ളിൽ നിന്റെ ഭാര്യയും മക്കളും എന്റെ മുൻപിൽ എത്തും. പിന്നെ ഞാനെന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നത് നിന്റെ പ്രവർത്തിയുടെ കൊണം പോലിരിക്കും “

ഭദ്രൻ വിറഞ്ഞു തുള്ളി.

“ഭദ്രൻ മുതലാളി… എന്തോന്നാ ഈ പറയുന്നത്… ഞാൻ സ്പിരിറ്റും ലോറിയും കൊണ്ടുപോയെന്നോ? എങ്ങോട്ട്? ഞാനടിച്ചു ഫിറ്റായി പോയി എന്നൊള്ളത് നേരാ.. അല്ലാതെ….ഞാൻ ആരെയും തെറിയൊന്നും പറഞ്ഞിട്ടില്ല .”

മൈക്കിൾ ഭദ്രനെ സത്യാവസ്ഥ ബോധ്യപെടുത്താൽ ശ്രെമിച്ചു എങ്കിലും അത് ഭദ്രൻ വിശ്വസിച്ചില്ല.

“എടാ മൈക്കിളെ… നീ ഒടിയന്റെ അടുത്ത് മറിമായം കാണിക്കരുത് . മുപ്പത്തിയഞ്ചു ലക്ഷത്തിന്റെ ലോഡ് ആണത്. കിട്ടിയില്ലെങ്കിൽ നിന്റെ ഭാര്യയുടെയും പെണ്മക്കളുടെയും കിഡ്നിയും കരളും കണ്ണും കുത്തിപ്പറിച്ചെടുത്തു എന്റെ നഷ്ടം ഞാൻ നികത്തും. നഷ്ടങ്ങൾ എന്റെ നിഘണ്ടുവിൽ ഇല്ല. ഈ തീരുമാനത്തിൽ നിന്നും ഒരടി പിന്നോട്ടില്ല ഈ ഭദ്രൻ.”

ഭദ്രന്റെ അട്ടഹാസം കേട്ടു മൈക്കിൾ പതറിപ്പോയി.

“മുതലാളി, എന്റെ ഭാര്യയെയും മക്കളെയും ഒന്നും ചെയ്യരുത്.അവരൊരു തെറ്റും ചെയ്തിട്ടില്ല. എന്താ സംഭവിച്ചതെന്നു ഞാനൊന്നു അന്വേഷിക്കട്ടെ. എവിടെ പോയാലും ഞാൻ മുതലാളിയുടെ  ലോറി കണ്ടെത്തി തരും. എനിക്ക് കുറച്ചു സമയം താ. അതുവരെ അവരെ ഒന്നും ചെയ്യരുത് “

അപേക്ഷിക്കുന്ന സ്വരത്തിൽ സി ഐ മൈക്കിൾ പറഞ്ഞു.

“അതിനാടാ ഇരുപത്തി നാലു മണിക്കൂർ തരുന്നത്. അത് കഴിഞ്ഞാൽ നീ നിന്റെ ഭാര്യയെയും മക്കളെയും അന്വേഷിക്കണ്ട. ആവശ്യമുള്ളതെല്ലാം എടുത്തു ബാക്കി അരച്ച് കട്ലറ്റ് ഉണ്ടാക്കി ഇവിടുത്തെ തീറ്റപണ്ടാരങ്ങളുടെ അണ്ണാക്കിൽ തള്ളിക്കേറ്റികൊടുക്കും ഞാൻ. ഓർത്തോ. കുമളിയിൽ നീ പോയി അവിടുത്തെ സ്റ്റേഷനിൽ ചെന്നു സി ഐ രഘുവരന് കാശുകൊടുത്തതും, പിന്നെ ചെക്ക് പോസ്റ്റിൽ നിന്നവർക്കുള്ള വീതം കൊടുത്തതിനും തെളിവുണ്ട്. ചെക്ക് പോസ്റ്റ്‌ കടന്നുവന്ന ലോറിയുടെ മുൻപിൽ നിന്റെ ജീപ്പും ഉണ്ടായിരുന്നതിനും തെളിവുണ്ട്.ഇത്രയും ഞാൻ പറഞ്ഞത് പോലെ നീ ചെയ്തു. പിന്നെ നിനക്കൊന്നും അറിയില്ലെന്ന് പറഞ്ഞാൽ അതപ്പാടെ വിഴുങ്ങി വിശ്വസിക്കാൻ ഞാനെന്താടാ മണ്ണുണ്ണി ആണോ.എല്ലാം എനിക്ക് മനസ്സിലായി. നിന്റെ ആക്രാന്തം കാരണം ഭാര്യയും മക്കളും ഇഹലോകവാസം വെടിയരുത്. കേട്ടോടാ    “

ഫോൺ ഡിസ്കണക്ട് ആയി.

മൈക്കിൾ എന്ത് ചെയ്യണമെന്നറിയാതെ സീറ്റിലേക്കു ചാരി ഇരുന്നു. കഴിഞ്ഞ രാത്രിയിലെ സംഭവങ്ങൾ ഓരോന്നായി ഓർത്തെടുക്കാൻ നോക്കി. എന്നാൽ മദ്യം കുടിച്ചു കൊണ്ടിരുന്നത് വരെയുള്ളതേ ഓർമ്മയിൽ വന്നുള്ളൂ. അതിന് ശേഷം എന്ത് സംഭവിച്ചു എന്നത്  മൈക്കിളിനു നിശ്ചയമില്ലായിരുന്നു.

പക്ഷെ എവിടെയോ ചതി നടന്നിരിക്കുന്നു!!!

തന്റെ കൂടെ മദ്യവും കൊണ്ട് വന്നവൻ ഭദ്രൻ മുതലാളി പറഞ്ഞു വിട്ടവൻ ആയിരുന്നല്ലോ? പിന്നെ എന്താണ് സംഭവിച്ചത് ഇവിടെ ?

സ്പിരിറ്റും ലോറിയും ആര് കൊണ്ടുപോയി?

തലയ്ക്കു കൈകൊടുത്തു മൈക്കിൾ സ്റ്റിയറിങ്ങ് വീലിൽ മുഖം ചേർത്തിരുന്നു.

********************************************

“ഏലികുട്ടിയെയും  തൊമ്മച്ഛനെയും കണ്ടില്ലല്ലോ മോളെ കുർബാനക്ക്. അവരിന്നു വന്നില്ലേ “

കുർബാനകഴിഞ്ഞു പള്ളിയുടെ പുറത്തേക്കിറങ്ങിയ ഷൈനിയോട് വികാരി അച്ചൻ മാത്യു കുന്നുംപുറം ചോദിച്ചു.

“ഇല്ല അച്ചോ.. അമ്മച്ചിക്ക് രാവിലെ എഴുന്നേറ്റപ്പോൾ ഒരു പനി യുടെ ആരംഭം. അതുകൊണ്ട് ഞാനൊറ്റക്ക പോന്നത്. ചാച്ചന് പറമ്പിൽ എന്തോ പണിയുണ്ട്. അത്കൊണ്ട് ചാച്ചനും ഇന്ന് പോന്നില്ല “

ഷൈനി പറഞ്ഞു.

“ഈ എടവകയിലെ ദൈവഭയം ഉള്ള കുടുംബങ്ങളിൽ ഒന്നാ നിങ്ങളുടേത്. അതുകൊണ്ട് തന്നെ ദൈവത്തിന്റെ ദൃഷ്ടി ആ കുടുംബത്തിനു മേൽ എപ്പോഴും അനുഗ്രഹം ചൊരിഞ്ഞു കൊണ്ടിരിക്കും. ഏലികുട്ടിയുടെ കാര്യം പ്രാർത്ഥനയിൽ ഞാൻ ഓർത്തോളാം, വേഗം പനി മാറി സുഖം പ്രാപിക്കും “

മാത്യു അച്ചൻ പറഞ്ഞിട്ട് പള്ളിക്കുള്ളിലേക്ക് കയറി പോയി.

പള്ളിയുടെ മുൻഭാഗത്തുള്ള നടകളിറങ്ങി വഴിയിലേക്ക് നടക്കുമ്പോൾ ആണ് ആ വിളി കേട്ടത്.

“ഷൈനി “

വിളികേട്ട് ഷൈനി തിരിഞ്ഞു നോക്കി.

ജോസുകുട്ടി ആണ്!

ജോസുകുട്ടി ചിരിച്ചു കൊണ്ട് ഷൈനിയുടെ അടുത്തേക്ക് വന്നു.

“ഷൈനി തനിച്ചേയുള്ളോ ഇന്ന് “

ജോസുകുട്ടി തിരക്കി.

“അതേ… ജോസുട്ടിച്ചായ…”

ഷൈനിയുടെ ഒപ്പം ജോസുകുട്ടി മുൻപോട്ടു നടന്നു.

“എനിക്ക് ഷൈനിയോട് ഒരു കാര്യം പറയാനുണ്ടായിരുന്നു. പറയുന്നതിൽ കുഴപ്പമുണ്ടോ “?

ജോസുകുട്ടി ചോദ്യഭാവത്തിൽ ഷൈനിയെ നോക്കി.

“ജോസകുട്ടിച്ചായൻ എന്നെ ആദ്യമായി കാണുന്നതല്ലല്ലോ. പിന്നെന്താ പറയാൻ ഒരു വെപ്രാളം. പറഞ്ഞോ എന്തായാലും”

ഷൈനി ഊർന്നു പോയ ഷാൾ തലയിലേക്കിട്ടു കൊണ്ട് പറഞ്ഞു.

“ഷൈനിക്കറിയാമല്ലോ ഇപ്പോഴത്തെ വീട്ടിലെ കാര്യങ്ങൾ. ലിസി ചേച്ചിയുടെ മരണത്തോടെ അമ്മച്ചി എപ്പോഴും കരച്ചിലും ഒറ്റക്കിരിക്കലും തന്നെയാണ്.അപ്പനും ചേച്ചിയുടെ മരണത്തോടെ തകർന്നു പോയി.ചേച്ചിയുടെ കൊലപാതകത്തിന്റെ അന്വേഷണം ഇതുവരെ എങ്ങും എത്തിയിട്ടില്ല. കാശും അധികാരവും ഉള്ളവർക്കുള്ളതാണ് ഈ ലോകം. നമ്മളെ പോലെയുള്ള ഇടത്തരക്കാർ വെറും ഞാഞ്ഞൂലുകൾ മാത്രം. അപ്പനെന്നോട് എത്രയും പെട്ടെന്ന് ഒരു കല്യാണം കഴിക്കാൻ പറഞ്ഞേക്കുവാ.ദൈവഭയം ഉള്ള ഒരു പെൺകുട്ടിയെ കണ്ടുപിടിച്ചിട്ടു, വികാരി അച്ചനോട് പറഞ്ഞു, ലളിതമായ ചടങ്ങിൽ നടത്താമെന്നാണ് അപ്പൻ പറയുന്നത്.”

ജോസുകുട്ടി പറഞ്ഞു നിർത്തിയിട്ടു ഷൈനിയെ നോക്കി.

“അത് നല്ലതാ ജോസകുട്ടിച്ചായാ, ഈ അവസ്ഥയിൽ വീടുനോക്കാൻ ആരെങ്കിലും വേണ്ടേ. നമ്മുടെ ഇടവകയിൽ നോക്കിയാൽ പാവപെട്ട നല്ല ഒരുപാടു പെൺകുട്ടികൾ ഉണ്ടാകും. അതിലാർക്കെങ്കിലും ഒരാൾക്ക് ഒരു ജീവിതം കൊടുക്കാൻ പറ്റുമെങ്കിൽ അതൊരു പുണ്യമായിരിക്കും. ലിസിച്ചേച്ചിയുടെ ആത്മാവ് അത് കണ്ടു സന്തോഷിക്കും.”

ഷൈനി ബഹുമാനപൂർവം ജോസുകുട്ടിയെ നോക്കി.

“ഷൈനി.. ഞാൻ.. പറഞ്ഞു.. വന്നത്.. അതല്ല….”

പകുതിയിൽ പറഞ്ഞു നിർത്തി ജോസുകുട്ടി.

“പിന്നെന്താണ് ഇച്ചായൻ പറഞ്ഞത് “?

ഷൈനി ഒന്നും  മനസ്സിലാകാതെ നോക്കി.

“എനിക്ക് നമ്മുടെ എടവകയിലെ ഒരു പെൺകുട്ടിയെ ഒത്തിരി ഇഷ്ടമാണ്. ആ കുട്ടി എന്റെ ജീവിതത്തിൽ വരുകയാണെങ്കിൽ  നല്ലതായിരുന്നു എന്നൊരു തോന്നൽ. സ്ത്രീധനമോ മറ്റൊന്നും വേണ്ട. ആ പെൺകുട്ടി എന്റൊപ്പം ഉണ്ടായാൽ മതി. എന്നെകൊണ്ട് പറ്റുന്ന രീതിയിൽ, ഒരു ബുദ്ധിമുട്ടും അറിയിക്കാതെ ഞാൻ നോക്കിക്കൊള്ളാം. അപ്പനോട് പറഞ്ഞപ്പോൾ ആദ്യം പോയി ആ പെങ്കൊച്ചിന്റെ മനസ്സറിയാൻ പറഞ്ഞു.”

തന്റെ മുൻപിൽ വന്നു കൈ നീട്ടിയ ഒരു ഭിക്ഷക്കാരന് ജോസുകുട്ടി പോക്കറ്റിൽ നിന്നു പത്തു രൂപ എടുത്തു കൊടുത്തു.

“ഇച്ചായന് ഇപ്പൊ ആ പെങ്കൊച്ചിനോട് നേരിട്ടു ചെന്നു ചോദിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ? എങ്കിൽ ഞാൻ ചോദിച്ചു റെഡിയാക്കി തരാം. ആരാ കക്ഷി “?

ഒരു ചെറു ചിരിയോടെ ഷൈനി ചോദിച്ചു.

“അത്.. ഞാൻ തുറന്നു പറയാം… ഞാനിഷ്ടപ്പെടുന്ന ആ പെൺകുട്ടി വേറെ ആരുമല്ല… ഷൈനി ആണ് “

ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് ജോസുകുട്ടി ഷൈനിയുടെ മുഖത്തേക്ക് ആകാംഷയോടെ നോക്കി.

ഒരു നിമിഷം ഷൈനി മൗനം പാലിച്ചു. പിന്നെ നടപ്പ് നിർത്തി ജോസകുട്ടിയുടെ മുഖത്തേക്ക് നോക്കി.

“ജോസുകുട്ടിച്ചായൻ നല്ലൊരാളാണ്. ഒരു പെൺകുട്ടിക്ക് ഇഷ്ടം തോന്നുവാൻ ഉള്ള എല്ലാ യോഗ്യതയും ഇച്ചായനുണ്ട്. എന്റെ വീട്ടിൽ അറിഞ്ഞാൽ ചിലപ്പോൾ അവർക്കും ഈ ബന്ധം ഇഷ്ടമാകും. പക്ഷെ…”

ഷൈനി പറഞ്ഞു നിർത്തി .

“എന്താ ഷൈനി ഒരു പക്ഷെ? എന്താ പറഞ്ഞു വരുന്നത് “?

ജോസകുട്ടിയുടെ ഉള്ളിൽ പതഞ്ഞു പൊങ്ങിയ പരിഭ്രമം  വാക്കുകളായി പുറത്തേക്കു വന്നു.

“അത്… ഇച്ചായൻ എന്നോട് ക്ഷമിക്കണം. എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്.അയാൾക്ക്‌ എന്നെ ഇഷ്ടമാണോ എന്നൊന്നും അറിയില്ല. പക്ഷെ എന്റെ മനസ്സിൽ അയാൾ മാത്രമേയുള്ളു. എപ്പോഴും. ഒരു പെൺകുട്ടി ഒരാളെ ജീവനുതുല്യം ഇഷ്ടപ്പെട്ടാൽ അയാളെ സ്വൊന്തം ആക്കാൻ പറ്റിയാലും ഇല്ലെങ്കിലും മരണം വരെ അവളുടെ മനസ്സിൽ നിന്നും അയാൾ പോകുകയില്ല. മനസ്സിൽ ഒരാളെ കുടിയിരുത്തി, ശരീരം വേറൊരാൾക്ക് കൊടുത്തിട്ടു എന്ത് കാര്യം ജോസകുട്ടിച്ചായാ.ശവം പോലെ ഒരു പുരുഷന്റെ കൂടെ ജീവിക്കാനോ ? കെട്ടുന്ന പെണ്ണിന്റെ ശരീരം മാത്രം കിട്ടിയിട്ട് കാര്യമുണ്ടോ? അവളുടെ മനസ്സുകിട്ടാതെ, അതിൽ സ്ഥാനം കിട്ടാതെ…. അതാ ഇപ്പോഴത്തെ എന്റെ അവസ്ഥ. അതുകൊണ്ട് ജോസകുട്ടിച്ചായൻ എന്നെ മറന്നിട്ട് നല്ലൊരു പെൺകുട്ടിയെ കണ്ടെത്തണം. മനസ്സും ശരീരവും ജോസു കുട്ടിച്ചയനു മാത്രം നൽകി സ്നേഹിക്കുന്ന ഒരു പെൺകുട്ടിയെ….”

പറഞ്ഞിട്ട് ഷൈനി വേഗം മുൻപോട്ടു നടക്കുവാൻ തുടങ്ങി .

“ഷൈനി.. ഞാൻ.. ഒരുപാടു ഇഷ്ടപെട്ടുപോയി ..”

നിരാശയോടെ ജോസുകുട്ടി ഷൈനിയെ നോക്കി.

“ഇച്ചായൻ എന്നെ മറന്നു കള… എന്നെക്കാളും നല്ലൊരു പെണ്ണിനെ കിട്ടും. എപ്പോഴും ജോസുകുട്ടിച്ചായനെ മാത്രം മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു പെൺകുട്ടിയെ… എന്നെ വേണ്ട… ഒരാളെ മനസ്സിൽ വച്ചു മറ്റൊരാളിന്റെ കൂടെ കഴിയുന്നത് ഒരു തരം വഞ്ചന ആണ്. മറ്റൊരുത്തരത്തിൽ പറഞ്ഞാൽ വ്യെഭിചാരം. കർത്താവിനു നിരക്കായ്ക. അത് വേണ്ട. കുടുംബജീവിതത്തിലെ സ്ത്രി പുരുഷ ബന്ധം, അത് ശരീരികമോ മാനസികമോ ആയിക്കോട്ടെ, ജീവിതകാലം മുഴുവൻ നിലനിർത്തേണ്ടതാണ്.പരസ്പര വിശ്വാസത്തോടെ, മനസ്സിൽ കളങ്കമില്ലാതെ, പവിത്രതയോടെ കൊണ്ടുപോകേണ്ടതാണ്. അല്ലാതെ ഒന്നോ രണ്ടോ ദിവസത്തെ തത്കാലിക സുഖത്തിന് വേണ്ടിയിട്ടുള്ളതല്ല. അതുകൊണ്ട് ഞാൻ ജോസുകുട്ടിച്ചയന്  ചേരുന്ന ഒരാളല്ല.. എന്നെ മനസ്സിലാക്ക്. പ്ലീസ് “

ഷൈനി ജോസുകുട്ടിയുടെ നേരെ കൈകൂപ്പി.

അവളുടെ മിഴിയിണകളിൽ നീർമണികൾ തുളുമ്പി നിൽക്കുന്നത് ജോസുകുട്ടി കണ്ടു.

“ജോസുകുട്ടിച്ചായാ ഞാൻ പോകുവാ..  ഇനിയും തമ്മിൽ കാണുമ്പോൾ മിണ്ടണം.എന്നോട് വെറുപ്പൊന്നും തോന്നരുത് “

പറഞ്ഞിട്ട് ഷൈനി വേഗം മുൻപോട്ടു നടന്നു.

അവൾ പോകുന്നതും നോക്കി ദുഃഖം ഖനീഭവിച്ച മുഖത്തോടെ നിന്ന ശേഷം ജോസുകുട്ടി തിരിഞ്ഞു നടന്നു.

%%%%%%%%%%%%%%%%%%%%%%%%%

ഉച്ചക്ക് പത്രണ്ടു മണി ആയപ്പോൾ എസ് പി വിദ്യാസാഗർ താമസിക്കുന്ന ക്വാർട്ടേസിന്റെ മുൻപിൽ ഒരു ജീപ്പ് വന്നു നിന്നു. അതിൽ നിന്നും എസ് ഐ മോഹനനും രണ്ട് ലേഡീ കോൺസ്റ്റബിൾ മാരും ഇറങ്ങി.പുറകെ ആന്റണിയും റോസ്‌ലിനും.

എസ് പി വിദ്യാസാഗറിന്റെ നിർദേശപ്രേകാരം രഹസ്യ മൊഴി രേഖപ്പെടുത്താൻ വിളിച്ചു വരുത്തിയതായിരുന്നു അവരെ .

പുറത്തേക്കു പോയിരുന്ന എസ് പി വിദ്യാസാഗർ അരമണിക്കൂറിനുള്ളിൽ തിരികെയെത്തി.

പുറത്ത് നിന്നവരെ മുറിയുടെ അകത്തേക്ക് വിളിച്ചിരുത്തി.

അൽപ്പസമയം കഴിഞ്ഞപ്പോൾ ആൻഡ്രൂസും  എത്തി.

“നിങ്ങളെ വിളിപ്പിച്ചത് എന്തിനാണെന്ന് അറിയാമല്ലോ അല്ലെ “

എസ് പി വിദ്യാസാഗർ ആൻഡ്രൂസിനെയും റോസ്‌ലിനെയും മാറി മാറി നോക്കി.

അറിയാമെന്നു ഇരുവരും തലകുലുക്കി.

“കൊലക്കുറ്റം ആണ് രണ്ടുപേരുടെയും പേരിൽ ചാർജ് ചെയ്തിരിക്കുന്നത്.ജാമ്യം കിട്ടി എന്ന് പറഞ്ഞു  ആശ്വസിക്കാൻ വകുപ്പൊന്നുമില്ല. ജെയ്‌സന്റെ ഡെഡിബോഡിയിൽ നിന്നും ആൻഡ്രൂസിന്റെ വിരലടയാളങ്ങൾ കിട്ടിയിട്ടുണ്ട് എന്നത് വലിയൊരു പ്രശ്നം ആണ്. എന്താണ് അവിടെ സംഭവിച്ചത്? നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ തുറന്നു പറഞ്ഞാൽ ഒരു പക്ഷെ അത് യാഥാർദ്ധ്യത്തിലേക്കു എത്താൻ ഞങ്ങളെ സഹായിക്കും.അതിനാണ് രണ്ടുപേരെയും വിളിച്ചു വരുത്തിയത്.പറഞ്ഞത് രണ്ട് പേർക്കും മനസ്സിലായെങ്കിൽ തുറന്നു പറഞ്ഞോ “

എസ് പി വിദ്യാസാഗർ ആൻഡ്രൂസിന്റെ മുഖത്തേക്ക് നോക്കി.

ആൻഡ്രൂസ് അന്ന് നടന്ന തനിക്കറിയാവുന്ന കാര്യങ്ങൾ വിദ്യാസാഗറിനോട് പറഞ്ഞു കേൾപ്പിച്ചു.

“ജെയ്സന്റെ കൊലപാതകവുമായി എനിക്കൊരു പങ്കും ഇല്ല സാറെ. അവനുമായുള്ള അടിപിടി നടന്നത് കൊണ്ടാണ് എന്റെ വിരലടയാളങ്ങൾ അവന്റെ ദേഹത്ത് നിന്നും കിട്ടിയത്. പക്ഷെ അതെനിക്കെതിരെ ആരോ  ആയുധമാക്കി “

ആൻഡ്രൂസ് നിജസ്ഥിതി വ്യെക്തമാക്കി.

റോസ്‌ലിനും തനിക്കറിയാവുന്ന കാര്യങ്ങൾ വിശദീകരിച്ചു.

എസ് ഐ മോഹനൻ രണ്ടുപേരുടെയും മൊഴികൾ രേഖപ്പെടുത്തി.

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ എസ് പി വിദ്യാസാഗർ രണ്ടുപേരെയും നോക്കി.

“നിങ്ങൾ പറഞ്ഞത് എനിക്ക് മനസിലായി. പക്ഷെ കോടതിക്ക് തെളിവാണ് ആവശ്യം. ആര് ചെയ്തു? എന്തിന് ചെയ്തു? ഇതിനു വിശ്വസനീയമായ തെളിവുകൾ വേണം. അതിരിക്കട്ടെ നിങ്ങൾക്കാരെയെങ്കിലും സംശയം ഉണ്ടോ “

വിദ്യാസാഗറിന്റെ ചോദ്യം കേട്ടു റോസ്‌ലിൻ തലകുലുക്കി.

“ഉണ്ട് സാറെ.. ഒരു പാട് നാളുകളായിട്ട് വരദന്റെ  ശല്യം സഹിക്കവയ്യാതെ ഇരിക്കുകയായിരുന്നു. എനിക്കും എന്റെ മോനും ജീവിക്കാൻ പറ്റാത്ത അവസ്ഥ. വരദന്റെ ആഗ്രഹം സാധിക്കാൻ വേണ്ടി അയാളാണ് എന്റെ ഭർത്താവിനെ കൊന്നത് എന്ന് ഞാൻ സംശയിക്കുന്നു. മാത്രമല്ല അയാളുടെ ഉടമസ്ഥതയിൽ ഉള്ള വീടിന്റെ മുറ്റത്തല്ലേ ജെയ്‌സൺ കുത്തുകൊണ്ട് പിടഞ്ഞു വീണു മരിച്ചത്. ആ സമയത്ത് എന്റെ മുറിയുടെ വാതിൽ പുറത്ത് നിന്നും പൂട്ടിയിരുന്നു. അത് വരദന്റെ ആളുകൾ ആയിരുന്നു. അതിനെ ശേഷം എന്നെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.എന്നിട്ട് അയാൾ ഞങ്ങൾക്കെതിരെ കള്ള കഥകൾ ചമ്ച്ചു പ്രചരിപ്പിക്കുകയാണ് ചെയ്തത്.ഞങ്ങക്ക് നീതി വേണം സാറെ. ഞങ്ങൾ നിരപരാധി ആണ് “

റോസ്‌ലിൻ കൈകൂപ്പി കരഞ്ഞു.

“അതേ സാറെ റോസ്‌ലിൻ ടീച്ചർ പറഞ്ഞതാണ് സത്യമെന്നു എനിക്കും തോന്നുന്നുണ്ട്. ജെയ്സണുമായി ഞാൻ അടിയുണ്ടാക്കിയ സമയത്ത് അവിടെയുണ്ടായിരുന്ന വരദന്റെ ആളുകളിൽ ഒരാളുടെ മൊബൈൽ ഫോൺ എന്റെ കയ്യിൽ കിട്ടിയിരുന്നു. സാറ് അതൊന്നു പരിശോദിക്കുകയാണെങ്കിൽ എന്തെങ്കിലും തെളിവ് കിട്ടാതെയിരിക്കില്ല എന്ന് എന്റെ മനസ്സ് പറയുന്നു “

ആൻഡ്രൂസ് പോക്കറ്റിൽ നിന്നും ഒരു മൊബൈൽ ഫോൺ എടുത്തു മേശപ്പുറത്തു വച്ചു.

എസ് പി വിദ്യാസാഗർ അതെടുത്തു തിരിച്ചും മറിച്ചും നോക്കിയിട്ട് അതിലുള്ള കാൾ ലിസ്റ്റ് പരിശോധിക്കുവാൻ മോഹനെ ഏൽപ്പിച്ചു.

“മോഹൻ, ഇമ്മീഡിയേറ്റലി ചെക്ക് ദി മൊബൈൽ കാൾ ഹിസ്റ്ററി,ആൻഡ് ടേക്ക് ദി പ്രിന്റ് ഔട്ട്‌ “

വിദ്യാസാഗർ മോഹനോട് നിർദേശിച്ചു.

“ഓക്കേ സാർ, യാം ഗോയിങ് നൗ, ഐ വിൽ സബ്‌മിറ്റ് ഓൾ ദി ഡീറ്റെയിൽസ് വിത്ത്‌ ഇൻ ട്വന്റി ഫോർ ഹൗഴ്സ് “

മോഹൻ രണ്ട് കോൺസ്റ്റബിൾ മാരെയും കൂട്ടി വിദ്യാസാഗർ നൽകിയ മൈബൈലുമായി പുറത്തേക്കു നടന്നു.

“സാറെ..ഇന്നലെ എന്റെ വീട്ടിലുള്ളവർക്കെതിരെ കുറച്ചാളുകൾ വന്നു ഭീക്ഷണി മുഴക്കി. ജാമ്യത്തിലിരിക്കുന്ന ഈ റോസ്‌ലിൻ കൊച്ചിനെയും മോനെയും എന്റെ വീട്ടിൽ താമസിപ്പിച്ചതിനായിരുന്നു ഭീഷണി. അത് ആ വരദന്റെ ആളുകൾ തന്നെ ആളാകാനാണ് സാധ്യത.”

അങ്ങോട്ട്‌ വന്ന ആന്റണി പറഞ്ഞു.

“മാത്രമല്ല സാറെ, ഇതിനൊക്കെ ഒത്താശ ചെയ്തു കൊടുക്കുന്നത് സി ഐ മൈക്കിൾ സാറ, കൂടെ ആ ഇരുമ്പിടി ബാബുവും ഉണ്ട്. സാറിതിന് ഒരു പോം വഴി കണ്ടെത്തണം.എനിക്കെതിരെ വധഭീക്ഷണി ഉണ്ട്. ഞങ്ങൾ പാവങ്ങള സാറെ “

ആന്റണി പറഞ്ഞു.

കുറച്ചു നേരം എന്തോ ആലോചിച്ചു മിണ്ടാതിരുന്നശേഷം വിദ്യാസാഗർ ആന്റണിയുടെ നേരെ തിരിഞ്ഞു.

“താനൊരു കാര്യം ചെയ്യ്. വിശദമായ ഒരു പരാതി എഴുതി ഓഫീസിൽ കൊടുത്തേക്കു. ഞാൻ അന്വേഷിക്കാം “

കസേരയിൽ നിന്നും മെല്ലെ എഴുന്നേറ്റ വിദ്യാസാഗർ ആൻഡ്രൂസിന്റെയും റോസ്‌ലിന്റെയും മുൻപിൽ ചെന്നു നിന്നു.

“യാഥാർത്ഥ പ്രതി ആരെന്നു കണ്ടെത്തിയാലേ നിങ്ങൾക്ക് രക്ഷയുള്ളൂ. അതുകൊണ്ട് ഏതു സമയത്ത് ആവശ്യപ്പെട്ടാലും രണ്ടുപേരും സ്റ്റേഷനിൽ ഹാജരാക്കണം. ഇപ്പോൾ പൊക്കോ “

പറഞ്ഞിട്ട് വിദ്യാസാഗർ അകത്തേക്ക് പോയി.

“എന്നാ നിങ്ങള് പൊക്കോ. എത്രയും പെട്ടെന്ന് പ്രതികളെ കണ്ടെത്താൻ സാധിക്കട്ടെ “

എസ് ഐ മോഹനൻ പറഞ്ഞു.

ആന്റണിയും റോസ്‌ലിനും ആൻഡ്റൂസും പുറത്തേക്കിറങ്ങി.

“ആന്റണിച്ച, എന്താ ഉണ്ടായത് അവിടെ.വരദന്റെ ആളുകൾ വന്നു പ്രശ്നം ഉണ്ടാക്കിയോ”?

ആൻഡ്രൂസ് ആന്റണിയെ നോക്കി. ആന്റണി രാത്രിയിൽ ഉണ്ടായ കാര്യങ്ങൾ പറഞ്ഞു.

“ഓഹോ.. അപ്പോ ആ സി ഐ മൈക്കിളും വരദന്റെ ആളാണ് അല്ലെ.”

ആൻഡ്രൂസ് കനത്തിൽ ഒന്ന്‌ മൂളി.

“സാവകാശം ആലോചിച്ചു എന്തെങ്കിലും ചെയ്യാം. നീ എടുത്തു ചാടി ഒന്നിനും പോകണ്ട. ഞാൻ റോസ്‌ലിൻ കൊച്ചിനെയും കൊണ്ട് പോകുവാ. നീ വരുന്നുണ്ടോ “?

ആന്റണി ജീപ്പിലേക്കു കയറിക്കൊണ്ട് ആൻഡ്രൂസിനെ നോക്കി.

“ഞാൻ വന്നേക്കാം. രണ്ടുമൂന്നു ദിവസം ഒളിച്ചു താമസിക്കുകയല്ലായിരുന്നോ. അതിന്റെ ഹാങ്ങോവർ മാറിയിട്ടില്ല. അത് കഴിഞ്ഞു വന്നേക്കാം. ടീച്ചർ കേറിക്കോ “

ജീപ്പിനു പുറത്ത് നിന്ന റോസ്‌ലിനോട് ആൻഡ്രൂസ് പറഞ്ഞു.

റോസ്‌ലിൻ ജീപ്പിൽ കയറിയ ശേഷം ആൻഡ്രൂസിനെ നോക്കി.

“ജിക്കുമോൻ എപ്പോഴും അന്വേഷിക്കും.ആൻഡ്രൂച്ച്‌  ഇന്ന് വരുമോ, നാളെ വരുമോ എന്നൊക്കെ ചോദിച്ചു “

റോസ്‌ലിൻ ജീപ്പിലേക്കു കയറിക്കൊണ്ട് ആൻഡ്രൂസിനെ നോക്കി.

“മോനോട് ഞാൻ വരുമെന്ന് പറഞ്ഞേക്ക്..ആന്റണിച്ച സമയം കളയണ്ട വിട്ടോ. സന്ധ്യക്കുമുൻപേ വീടെത്ത്…”

ആൻഡ്രൂസ് ആന്റണിയെ കൈ വീശി കാണിച്ചു.

ആന്റണിയുടെ ജീപ്പ് അകന്നുപോകുന്നത് നോക്കി നിന്നു ആൻഡ്രൂസ്.

നേരെ ഷാപ്പിലേക്കു പോയി.

ചെത്തുകാരൻ തങ്കപ്പൻ കൊണ്ടുവന്ന പനങ്കള്ളു ഒരു കുപ്പി വാങ്ങി കുടിച്ചു ഒരു ബീഡിയും കത്തിച്ചു വലിച്ചു കൊണ്ട് തൊമ്മിച്ചന്റെ വീട് ലക്ഷ്യമാക്കി നടന്നു.

കുറച്ച് നടന്നപ്പോൾ ആരോ തന്നെ പിന്തുടരുന്നു എന്നൊരു സംശയം ആൻഡ്റൂസിൽ ഉടലെടുത്തു.

തിരിഞ്ഞു നോക്കിയെങ്കിലും ആരെയും കണ്ടില്ല !!!

മെയിൻ റോഡിൽ നിന്നും ഇടവഴിയിലേക്ക് തിരിഞ്ഞപ്പോൾ വീണ്ടും ആ സംശയത്തിന് ആക്കം കൂടി.

കുറച്ചു നേരം അവിടെ നിന്നു പരിസരം വീക്ഷിച്ചശേഷം മുൻപോട്ടു നടക്കാൻ തുടങ്ങുമ്പോൾ ആണ് മുൻപിലേക്കു ആരോ ഒരാൾ ചാടി വീണത്. ഒരു ചവിട്ടേറ്റു ആൻഡ്രൂസ് പുറകിലെക്ക് മറിഞ്ഞു പോയി. അടുത്ത അടിയിൽ നിന്നും ഉരുണ്ടു മാറിയ ആൻഡ്രൂസ് മുൻപിൽ നിന്നവന്റെ അടിവയറ് നോക്കി ഒരു ചവിട്ട് കൊടുത്തു. ചവിട്ടേറ്റു നിലത്തേക്ക് വീണ അയാളെ ആൻഡ്രൂസ് ചാടിയെഴുനേറ്റു കുത്തിനു പിടിച്ചു പൊക്കി കയ്യാലയിലേക്ക് ചാരി.

“ആരാടാ പുല്ലേ നീ.. നീ എന്തിനാ എന്നെ പിന്തുടർന്നതും തല്ലിയതും.നാട്ടിൽ കല്യാണമോ മന്ത്രവാദമോ നടന്നാൽ കോഴിക്ക് കിടക്കപ്പൊറുതി ഇല്ലെന്ന് പറഞ്ഞത് പോലെ ആണല്ലോ എന്റെ കാര്യം. പറയെടാ പട്ടി, നീയും ആ വരദന്റെ ആളാണോ?”

ആൻഡ്രൂസ് അവന്റെ കഴുത്തിൽ പിടിച്ചു മുകളിലേക്കു പൊക്കി.

“അ..ല്ല….എനിക്കൊരു വരദനെയും.. അറി…യത്തില്ല “

അവൻ വേദനകൊണ്ട് പുളഞ്ഞു പോയി. ആൻഡ്രൂസ് അവനെ നിലത്തു നിർത്തി സൂക്ഷിച്ചു നോക്കി.

പത്തോ ഇരുപത്തി മൂന്നോ വയസ്സ് വരുന്ന ഒരു പയ്യൻ. വേദനയെടുത്തു ദയനീയമായി ആൻഡ്രൂസിനെ നോക്കുകയാണവൻ. അവന്റെ കണ്ണിൽ ദേഷ്യവും പകയും നിസ്സഹായതയും ഒരുപോലെ മിന്നി മറയുന്നത് ആൻഡ്രൂസ് കണ്ടു.

“ചോദിച്ചത് കേട്ടില്ലേടാ. എന്തൊന്നിനാ എന്നെ തല്ലിയതെന്ന്. ഞാൻ നിന്നെ എന്ത് ചെയ്തു.”

ആൻഡ്രൂസിന്റെ നോട്ടം നേരിടാനാവാതെ അവൻ തലകുനിച്ചു നിന്നു.

“നേരെ നോക്കടാ… കള്ളന്മാരെ പോലെ കീഴോട്ട് നോക്കി നിൽക്കാതെ “

ആൻഡ്രൂസ് അവന്റെ താടിയിൽ പിടിച്ചുയർത്തി.

“ഇനി പറ, എന്താ നിന്റെ പേര്, നിന്റെ പ്രശ്നം എന്തോന്നാ “

ആൻഡ്രൂസിന്റെ ചോദ്യം കേട്ടു അവൻ ഒന്ന്‌ നേരെ നിന്നു.

“എന്റെ.. പേര്   റോഷൻ. ഇവിടുത്തെ പള്ളിയിലെ കാപ്യരുടെ മകനാ “

അവൻ പരുങ്ങളോടെ പറഞ്ഞു.

“നീ റോഷൻ ആണെന്നതു ഞാൻ സമ്മതിച്ചു. നിന്നെ പറ്റിച്ചു നിനക്ക് കിട്ടേണ്ട റേഷൻ ഞാൻ തട്ടിയെടുത്തോ എന്നെ തല്ലാൻ. ങേ “

ആൻഡ്രൂസ് കലിപ്പോടെ റോഷനെ നോക്കി.

“എടുത്തു. എനിക്ക് കിട്ടേണ്ട റേഷൻ നിങ്ങള് തട്ടിയെടുത്തു. അത് കൊണ്ടാ നിങ്ങളെ തല്ലിയത് “

റോഷൻ സങ്കടത്തോടെ പറഞ്ഞു.

“എടാ വിവരമില്ലാത്തവനെ നാലു ദിവസം ഞാനൊരിടത്തു ഒളിച്ചു താമസിക്കുകയായിരുന്നു. പോലീസിനെ പേടിച്ചിട്ടു. അപ്പോഴാ പുഴുവരിച്ചു പട്ടിപോലും തിന്നാത്ത നിന്റെ റേഷനരി വാങ്ങാൻ വരുന്നത്. എന്തോന്നാടാ നീ ഉപമവച്ചു പറയുന്നത്. നീയാരാ യേശു ക്രിസ്തുവിന്റെ അനിയനോ. എന്താടാ നിന്റെ പ്രശ്നം. പറഞ്ഞില്ലെങ്കിൽ നിന്റെ താടി തട്ടി അങ്ങാടി ആക്കും ഞാൻ “

ആൻഡ്രൂസ് റോഷന് നേരെ കണ്ണുരുട്ടി.

“എനിക്കൊരു പെണ്ണിനെ ഇഷ്ടം ആയിരുന്നു. അവളെന്നെയും ഇഷ്ടപ്പെട്ടു തുടങ്ങിയതായിരുന്നു. അപ്പോഴാ നിങ്ങളതിന്റെ ഇടയിൽ കേറി വന്നത്. ഇപ്പൊ അവളെന്നോട് പറയുകയാ ഒരു പെങ്ങളെ പോലെ കണ്ടാൽ മതി, അവൾക്കു മറ്റൊരാളെ ഇഷ്ടം ആണെന്ന് “

റോഷന്റെ മുഖത്തു സങ്കടം നിറഞ്ഞു നിന്നിരുന്നു.

“നീ പെണ്ണുങ്ങളെ വായിനോക്കി, വെള്ളമിറക്കി, വയറു വീർത്തു  നടക്കുന്നതിനിടയിൽ ഞാൻ കേറി വന്നുവെന്നോ. ആരുടെ കാര്യമാടാ  നീയീ പറയുന്നത്.മണി മണി പോലെ തെളിച്ചു പറഞ്ഞോണം, എന്റെ കയ്യിൽ നിന്നും മേടിച്ചു കൂട്ടാതെ. പിന്നെ അവള് പെങ്ങളെ പോലെ കാണണം എന്ന്  പറഞ്ഞു എന്ന് കരുതി ലോകത്തുള്ള പെണ്ണുങ്ങളെയെല്ലാം നീ പെങ്ങമ്മാരാക്കി സന്യസിക്കാൻ പോകണ്ട ?  അവളെ നീ ശരിക്കും എങ്ങനെയാണു കാണുന്നതെന്നു അവളെറിയണ്ട. പീഡനത്തിന് നിനക്കെതിരെ കേസ്‌ കൊടുക്കും.? ലോകത്തുള്ള പെണ്ണുങ്ങളെ മുഴുവൻ പെങ്ങമ്മാരെ പോലെയാണ് ആണുങ്ങൾ കരുതുന്നതെങ്കിൽ ഇവളുമാരൊക്കെ ഗർഭിണികളാകുന്നതും പ്രസവിക്കുന്നതും ഒക്കെ കറണ്ട് അടിപ്പിച്ചിട്ടാണോ? അതോ മന്ത്രവാദം നടത്തിയിട്ടോ?ഈ ജനസംഖ്യ കുന്നു കൂടുന്നത് എങ്ങനെയാ? എടാ എങ്ങനെ ആണെന്ന്”

ആൻഡ്രൂസ് റോഷനെ നോക്കി.

“എനിക്കറിയത്തില്ല ഇതൊന്നും “

റോഷൻ കഴുത്തു തിരുമ്മിക്കൊണ്ട് പറഞ്ഞു.

“ഇതൊന്നും അറിയാതെ ആണോടാ ചെറുക്കാ നീ പ്രേമിക്കാൻ പോയത്.”?

പിന്നെ പട്ടിമോങ്ങുന്ന പോലെ ആരുടെ കാര്യമാ നീ ഈ പറഞ്ഞുകൊണ്ടിരിക്കുന്നത്  “?

ചോദ്യഭാവത്തിൽ ആൻഡ്രൂസ് റോഷന്റെ താടി പിടിച്ചു പൊക്കി.

“ആരുടെ കാര്യമാ..അവള് ആ നസിയയുടെ കാര്യം തന്നെ.അവൾക്കിപ്പോൾ എന്നെ കാണുന്നത് തന്നെ ഇഷ്ടമല്ല. നിങ്ങളാ അവളുടെ മനസ്സ് മുഴുവൻ “

റോഷൻ ദേഷ്യത്തോടെ ആൻഡ്രൂസിനെ നോക്കി.

“നീ എന്ത് തേങ്ങ കൊല ആണെടാ പറയുന്നത്. നിനക്കവളെ ഇഷ്ടമാണെങ്കിൽ അവളുടെ ബാപ്പയുടെ അടുത്ത് ചെന്നു അവളെ കെട്ടിച്ചു തരാൻ പറ.അയാള് നിന്നെ പിടിച്ചു  ബിരിയാണി വച്ചില്ലെങ്കിൽ നിന്റെ  ഭാഗ്യം. അവളെന്തെങ്കിലും വിവരക്കേട് പറഞ്ഞു എന്ന് വച്ചു നീ വന്ന് എന്റെ നെഞ്ചത്ത് കേറിയിട്ട് കാര്യമുണ്ടോ.  അവളുടെ അടുത്ത് പോയി  കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്ക്. വേണമെങ്കിൽ ഞാനൊരു വൃത്തികെട്ടവനും സ്ത്രിലമ്പടനും ആണെന്ന് തട്ടിക്കൊ അവളോട്‌.അങ്ങനെയെങ്കിലും നിന്റെ പ്രണയനൈരശ്യം തീരട്ടെ “

ആൻഡ്രൂസ് മതിലിലേക്ക് ചാരി നിന്നു.

“എടാ ചെറുക്കാ.. ഒരേ സമയം ചിരിച്ചു കൊണ്ട് കൊഞ്ചുകയും പല്ലിറുമ്മി വഞ്ചിക്കുകയും ചെയ്യാൻ കഴിവുള്ള ലോകത്തെ ഒരേ ഒരു ജീവി ആണ് പെണ്ണ്.എന്നിട്ട് അത് മറച്ചു വച്ചു സമൂഹത്തിനു മുൻപിൽ കുറ്റം മുഴുവൻ ആണുങ്ങളുടെ തലയിൽ കെട്ടിവച്ചു സാവിത്രികൾ ആകാനുമുള്ള പ്രേത്യേക കഴിവും  കർത്താവ് ഇവർക്ക് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ആളും തരവും നോക്കി പ്രേമിക്കാൻ പോയില്ലെങ്കിൽ മണ്ണിനടിയിൽ പോയി പല്ലിളിച്ചു കൊണ്ടിരിക്കും. ഓർത്താൽ നല്ലത്.  പ്രേമിച്ചു കെട്ടിയിട്ടുള്ളവരിൽ തൊണ്ണൂറ് ശതമാനവും പത്തുദിവസം കെട്ടിപിടിച്ചു കിടന്നു സൂക്കേട് തീരുമ്പോൾ പതിനൊന്നാം ദിവസം രണ്ടുവഴിക്കു പോകുന്നവരാണ്. ഏതവളെയെങ്കിലും പ്രേമിക്കാൻ പോകുന്നതിനു മുൻപ് ഇതൊക്കെ മനസ്സിലാക്കിയാൽ നല്ലത്. എനിക്കവളോട് പ്രേമവും കോപ്പും ഒന്നുമില്ല. രാവിലെ എന്നും എഴുനേറ്റു കഴുത്തിൽ തലയിരിപ്പൊണ്ടോ എന്ന് തപ്പി ബോധ്യപെടുത്തി കൊണ്ടിരിക്കുമ്പോഴാ അവന്റെ അമ്മൂമേനെ കെട്ടിച്ച കാര്യം പറഞ്ഞു വരുന്നത്.ഇതിന്റെ പേര് പറഞ്ഞു എന്റെ മുൻപിൽ ഇനി കണ്ടു പോകരുത്. പൊക്കോ “

ആൻഡ്രൂസ് പറഞ്ഞിട്ട് മുൻപോട്ട് നടക്കാൻ തുടങ്ങി.

“ആൻഡ്രൂ ചേട്ടാ.. എന്നോട് ക്ഷമിക്കണം. അവളോടുള്ള സ്നേഹം കൂടി വട്ടുപിടിച്ചപോലെ ആയി പോയി. അതാ ഞാൻ ഇങ്ങനെയൊക്കെ ചെയ്തത്. എന്നോട് വിരോധം ഒന്നും തോന്നരുത്  “

റോഷൻ ക്ഷമാപൂർവം പുറകിൽ നിന്നും പറഞ്ഞു.

“ങ്ങാ കേട്ടു. നിന്നെ പ്രണയനൈരാശ്യം ബാധിച്ചു പ്രാന്തനായി വട്ടുപിടിച്ചു പിച്ചയെടുക്കുന്നത് കാണേണ്ട അവസ്ഥ ഉണ്ടാകരുത്. പിന്നെ നീ പുറകെ ചെന്നിട്ടും അവൾക്കിഷ്ടമില്ലെന്നു പറഞ്ഞാൽ “പോടി പുല്ലേ… കാത് കുത്തിയവൾ പോയാൽ കടുക്കനിട്ടവൾ വരും “എന്ന് പറയാനുള്ള ആണത്തം എങ്കിലും നീ കാണിച്ചേക്കണം.അവളുടെ മുൻപിൽ വച്ചു തന്നെ അവളെക്കാളും കാണാൻ കൊള്ളാവുന്ന ഒരുത്തിയെ കേറി പ്രേമിച്ചു ആണത്തം ഉള്ളവനാണെന്നു കാണിച്ചു കൊടുക്കണം. മനസിലായോടാ കിഴങ്ങ നിനക്ക്. പെണ്ണിന്റെ അതും ഇതും നോക്കി വെള്ളമിറക്കി ഒലിപ്പിച്ചു നടക്കുന്ന അൻപതു ശതമാനം ആൺ കഴുവേറികൾ ഉള്ളത് കൊണ്ടാണ് നട്ടെല്ലുയർത്തി നടക്കുന്ന ആണുങ്ങളുടെ കൂടി  വിലപോകുന്നത്.നീ ആയിട്ടു അതിന്റെ എണ്ണം കൂട്ടരുത് “

ആൻഡ്രൂസ് അഴിഞ്ഞു പോയ മുണ്ടെടുത്തു മടക്കി കുത്തി  നടന്നു.റോഷൻ അതുനോക്കി നിന്നു.

                        (തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!