Skip to content

മലയോരം – 18

malayoram novel

പുലർച്ചെ 5.12

ഈരാറ്റുപേട്ട ടൗണിലുള്ള പള്ളിയിലെ ബങ്ക് വിളി കേട്ടാണ് വിദ്യാസാഗർ ഉണർന്നത്.

മുറിയിൽ ലൈറ്റ് ഇട്ടപ്പോൾ ലേഖ കണ്ണുതുറന്നു.

“നേരം വിളിക്കുന്നതിനു മുൻപ് എവിടെ പോകുവാ “

ബെഡിൽ എഴുനേറ്റിരുന്നു നൈറ്റ് ഗൗൺ നേരെ പിടിച്ചിട്ടു, അഴിഞ്ഞു കിടന്ന മുടി വാരി കെട്ടിവച്ചുകൊണ്ട് ലേഖ വിദ്യാസാഗറിനെ നോക്കി.

“ആ പള്ളിയിലെ ഹാജിയാർ രാവിലെ ഒന്ന്‌ കാണണമെന്ന് പറഞ്ഞിരുന്നു. ഈ സമയത്ത് പള്ളിയിൽ കാണുമെന്നാണ് പറഞ്ഞത്. സമയം അഞ്ചേകാൽ  ആകുകയാണല്ലോ. ഒരു മണിക്കൂർ കൂടി കഴിഞ്ഞാൽ നേരം വെളുക്കും “

ലേഖയുടെ അടുത്ത് കിടന്നുറങ്ങിക്കൊണ്ടിരുന്ന കുഞ്ഞ് ശബ്‌ദം കേട്ടു തലയുയർത്തി നോക്കിയശേഷം വീടും കിടന്നുറക്കമായി. ലേഖ കുഞ്ഞിന്റെ തുടയിൽ സാവകാശം തട്ടികൊടുത്തു.

ഡ്രെസ്സ് മാറി വന്ന വിദ്യാസാഗർ ലേഖയോട് പറഞ്ഞിട്ട് പുറത്തിറങ്ങി…

നല്ല മഞ്ഞുണ്ട്.. ഇരുട്ടിൽ മൂടികിടക്കുകയാണ് ചുറ്റും.

ജീപ്പിൽ കയറി ഈരാറ്റുപേട്ട ടൗണിലേക്ക് തിരിച്ചു . പള്ളിയുടെ പ്രധാന കാവടത്തിനു മുൻപിൽ ജീപ്പ് നിർത്തി ഇറങ്ങി.

പള്ളിയുടെ മുൻപിൽ ലൈറ്റ് തെളിഞ്ഞു കിടപ്പുണ്ട്.ഉള്ളിൽ നിന്നും ഒരാൾ വന്നു എത്തിനോക്കിയശേഷം അകത്തേക്ക് പോയി.

അൽപ്പ സമയത്തിനുള്ളിൽ വൃദ്ധനായ, വെള്ള വസ്ത്രം ധരിച്ചു തൊപ്പി വച്ച ഒരാൾ  ഇറങ്ങി വിദ്യാസാഗറിന്റെ അടുത്തേക്ക് വന്നു.ഒറ്റ നോട്ടത്തിൽ തന്നെ അത് ഹാജിയാർ ആണെന്ന് വിദ്യാസഗറിന് മനസ്സിലായി.

“അങ്ങോട്ട്‌ വന്നു കാണണം എന്ന് കരുതിയതാ. പക്ഷെ പ്രായം അതിനു അനുവദിക്കുന്നില്ല. അതാ ആളെവിട്ടു ഒന്ന്‌ കാണണം എന്ന് പറഞ്ഞത്.വാ ഇബിടിരിക്കാം…നിങ്ങളിങ്ങോട്ട് ഇരുന്നോളിൻ…”

ഹാജിയാർ മുറ്റത്തിട്ടിരുന്ന ഒരു കസേരയിൽ ഇരുന്നു. തൊട്ടടുത്തു കിടന്ന കസേരയിൽ വിദ്യാസഗറും ഇരുന്നു.

“മതമേതായാലും ജാതി ഏതായാലും ഞമ്മള് എല്ലാം മനുഷ്യരല്ലേ.ഏതു മതത്തിലും കാണും കുറെ ഹറാം പിറന്നവർ. ആ ഹമുക്കുകൾ കാരണം ബാക്കി മര്യാദക്ക് ജീവിക്കുന്നോർക്കും പേര് ദോഷമാ “

ശ്വാസം ഉള്ളിലേക്ക്‌ വലിച്ചെടുത്തു പുറത്തേക്കു വിട്ടുകൊണ്ട് ഹാജിയാർ വിദ്യാസാഗരെ നോക്കി.

“കുറച്ചു ആസ്മയുടെ പ്രശ്നം ഉണ്ട്. പ്രായം ആയില്ലേ….”

ഹാജിയാർ പുറകിലേക്ക് ചാരി കിടന്നു.

അപ്പോഴേക്കും ഒരാൾ ഒരു ട്രേയിൽ ചായയുമായി വന്നു.വിദ്യാസാഗർ അയാളെയും അയാളുടെ കയ്യിലിരുന്ന ചായയിലേക്കും മാറി മാറി നോക്കി.

അത് ശ്രെദ്ധിച്ച ഹാജിയാർ ഒന്ന്‌ ചിരിച്ചു.

“ചായകുടിക്കുമല്ലോ അല്ലെ. ഓതിച്ചതൊന്നും അല്ല. എന്റെ വിശ്വാസം നിങ്ങളിൽ അടിച്ചേൽപ്പിക്കാൻ പറ്റില്ലല്ലോ. ഓരോ മതങ്ങൾ, ഓരോ വിശ്വാസങ്ങൾ…. ങ്ങാ ചായകുടിക്ക് “

ഹാജിയാർ ഒരു കപ്പ് ചായ എടുത്തു വിദ്യാസഗറിന് നേരെ നീട്ടി.

വിദ്യാസാഗർ ചായക്കപ്പ് വാങ്ങി, ഹാജിയർ മറ്റൊരു കപ്പിലെ ചായയെടുത്തു ചുണ്ടോടു ചേർത്തു.

“ആസ്മയുടെ കൂടെ ഷുഗറും ഉണ്ട്. അതുകൊണ്ട് മധുരം ഇടാത്ത ചായ ആണ് കുടിക്കാറ്..”

കുറച്ച് കുടിച്ചശേഷം ഹാജിയർ ചായക്കപ്പ് മുന്പിലെ ടീപ്പോയിൽ വച്ച ശേഷം മുൻപോട്ടു ആഞ്ഞിരുന്നു വിദ്യാസാഗറിനെ നോക്കി.

“ഞാൻ വിളിപ്പിച്ചത് ഒരു പ്രധാനകാര്യം പറയാനാ. രണ്ടു ദിവസം മുൻപ്  ഒരാൾ എന്നെ കാണാൻ വന്നു. ഓനെ കണ്ടിട്ട്  ഒറ്റനോട്ടത്തിൽ ഒരു മുപ്പത്തഞ്ചു വയസ്സ് പ്രായം തോന്നിക്കും..

അയാൾ എന്നോട് സംസാരിച്ചത് ഒരു തീവ്ര മത ഭ്രാന്ത് പിടിച്ച ഒരാളെ പോലെ ആയിരുന്നു. മാത്രമല്ല അയാളുടെ കൂടെയുള്ള നാലുപേർക്ക് ഒളിച്ചു താമസിക്കാൻ പള്ളി പരിസരത്ത് ഒരു സ്ഥലം ശരിയാക്കി കൊടുക്കണം എന്നും പറഞ്ഞു. എന്നാൽ അയാളുടെ സംസാരത്തിലും  പെരുമാറ്റത്തിലും സംശയം തോന്നിയ ഞാൻ ആലോചിച്ചിട്ട് പറയാം എന്ന് പറഞ്ഞു വിട്ടു. ഇപ്പോൾ അവർ വാഗമൺ ഭാഗത്ത്‌ എവിടെയോ ആണ് താമസിക്കുന്നത് എന്നും പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പത്രങ്ങളിലും ചാനലുകളിലും വന്ന ഈരാറ്റുപേട്ട,, പാലാ, പൂഞ്ഞാർ ഭാഗങ്ങളിൽ നിന്നും പെൺകുട്ടികൾ സ്നേഹിച്ചു ഒളിച്ചോടി ചതിയിൽ പെടുന്ന വാർത്തകൾ കണ്ടപ്പോൾ ഞമ്മക്ക് ഒരു സംശയം. ഇവരുമായി എന്തെങ്കിലും ബന്ധം അതിനുണ്ടോ എന്ന്.അതൊന്നു പറയാനാണ് ഇങ്ങളെ ഇബിടെ വരെ വിളിപ്പിച്ചത്.കൂട്ടര് ഒന്നാണെങ്കിലും വർഗ്ഗീയതക്കു ഞമ്മള് കൂട്ട് നിക്കൂല. സ്നേഹവും, ദാനവും, കരുണയും നിറഞ്ഞ ഒരു ലോകം പണിയാനാണ് പടച്ചോൻ പറഞ്ഞേക്കണത്. മതവും ജാതിയും ഒരു പാട് ഉണ്ടായേക്കണ്. പക്ഷെ ആകെ ഒരു പ്രപഞ്ചശക്തിയെ ഉള്ളു. സ്നേഹമുള്ള മനുഷ്യന്മാരിൽ അത് ഞമ്മള് കാണുന്നുണ്ട് “

ഹാജിയാർ ഒന്ന്‌ നിർത്തിയിട്ടു ടീപ്പോയിൽ വച്ചിരുന്ന ചായകപ്പ്  കയ്യിലെടുത്തു വിദ്യാസഗറിനെ നോക്കി.

“എന്താ ചായ കുടിക്കാത്തത്. ചായക്ക്‌ രുചി തോനുന്നില്ലേ . പള്ളിയിലെ കാര്യങ്ങൾ നോക്കാൻ ഒരാളുണ്ടിവിടെ. ആളൊരു പാചകക്കാരനും കൂടിയ.അയാള ഭക്ഷണം വയ്ക്കുന്നത് “

കയ്യിലിരുന്ന കപ്പിലെ ചായ മുഴുവൻ കുടിച്ചു ഹാജിയാർ.

“ഹേയ്.. ഞാൻ അങ്ങ് പറയുന്നത് ശ്രെധിച്ചിരിക്കുന്നതിനിടയിൽ ചായയുടെ കാര്യം മറന്നു പോയി “

ഒരു ക്ഷമാപണ സ്വാരത്തിൽ പറഞ്ഞിട്ട് കയ്യിലിരുന്ന കപ്പിലെ ചായ വിദ്യാസാഗർ കുടിച്ചു.

“ഹാജിയരെ, ഞാൻ ഇതിനെക്കുറിച്ചു അന്വേഷിച്ചിരുന്നു. ഒരു തവണ ഞങ്ങൾ അവന്മാരുടെ തൊട്ടടുത്തു എത്തിയതാണ്. പക്ഷെ  ഞങ്ങൾ എത്തിയപ്പോഴേക്കും അവന്മാർ കടന്നു കളഞ്ഞു. അവന്മാരുടെ പിടിയിൽ പെട്ട ഒരു പെൺകുട്ടിയുടെ ജഡം പൊന്മുടിയാറ്റിൽ നിന്നും ഒരു മാസത്തിനു മുൻപ് കണ്ടെത്തിയിരുന്നു.  മൊട്ടക്കുന്നിലെ അവർ താമസിച്ചിരുന്ന  ടെൻറ്റിൽ നിന്നും ആ പെൺകുട്ടിയുടെ അടക്കം പത്തു  പെൺകുട്ടികളുടെ ഫോട്ടോസ് കിട്ടിയിരുന്നു. ആ പെൺകുട്ടികളെ എല്ലാം സ്നേഹം നടിച്ചു വലയിലാക്കി കടത്തികൊണ്ട് പോയതാണ്.അതിൻ പ്രകാരം കാണാതായ പെൺകുട്ടികളുടെ വീട്ടുകാരുമായി  ബന്ധപെട്ടു കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്.ഈരാറ്റുപേട്ട, പാലാ, വാഗമൺ ഉൾപ്പെടെ ഉള്ള പോലിസ് സ്റ്റേഷനുകൾ ഉൾപ്പെടുത്തി ഒരന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഞാനും കോട്ടയം എസ് പി യും കൂടി നേതൃത്വം നൽകി അന്വേഷണം മുൻപോട്ടു കൊണ്ടുപോകുകയാണ്. താമസിക്കാതെ അവന്മാർ കീഴടങ്ങുക തന്നെ ചെയ്യും.”

വിദ്യസാഗർ കയ്യിലിരുന്ന ചായക്കപ്പ് ടീപ്പോയിൽ വച്ചു.

“എത്രയും പെട്ടെന്ന് ആ ഇബിലീസുകളെ പിടികൂടണം. ലവ് ജിഹാദിന്റെ പേരും പറഞ്ഞു  ആ ഹിമാറുകൾ കാണിച്ചു കൂട്ടുന്നതൊന്നും ഞമ്മളെ  പോലുള്ളവരുടെ അറിവൊടെയോ സമ്മതത്തോടെയോ അല്ല. മതപ്രാന്ത് തലയ്ക്കു പിടിച്ച അവർ കാണിച്ചു കൂട്ടുന്ന വൃത്തികേടുകൾ കാരണം സമൂഹത്തിനു മുൻപിൽ ഞമ്മള് ഉൾപ്പെടെ ഉള്ളവര് സംശയത്തിന്റെ നിഴലിലാണ്.അതുകൊണ്ട് സാറ് എത്രയും പെട്ടെന്ന് അവന്മാരെ കണ്ടെത്തണം. ഇനി ഇവിടെ വരുകയാണെങ്കിൽ ഞാൻ അറിയിച്ചോളാം “

പറഞ്ഞിട്ടു വിക്കി വിക്കി ചുമച്ചു ഹാജിയർ.

കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയ ശേഷം വിദ്യാസാഗർ കസേരയിൽ നിന്നും എഴുനേറ്റു.

“ശരി ഹാജിയരെ,അപ്പോ ഞാനിറങ്ങുകയാ.ഒന്നുകൊണ്ടും വിഷമിക്കണ്ട. അവരെ പിടിച്ചു നിയമത്തിനു മുൻപിൽ കൊണ്ടുവന്നിരിക്കും. അവന്മാർ കാരണം ഇനി ഒരു പെൺകുട്ടിയുടെയും ജീവിതം നശിക്കില്ല…”

യാത്ര പറഞ്ഞു വിദ്യാസാഗർ പള്ളിയുടെ മുറ്റത്തു നിന്നും വഴിയിലേക്ക് നടന്നു. വഴിയിൽ പാർക്കു ചെയ്തിരുന്ന ജീപ്പിനടുത്തേക്ക് ചെന്നു ഡ്രൈവിംഗ് സീറ്റിൽ കയറി ഓടിച്ചു പോയി.

അപ്പോൾ കുറച്ചകലെ നിർത്തിയിട്ടിരുന്ന ഒരു മെഴ്‌സിഡൻസ് ബെൻസ് കാറിൽ ചാരി നിന്നു ഒരാൾ അങ്ങോട്ട്‌ നോക്കി നിൽപ്പുണ്ടായിരുന്നു.

അയാൾ പതിയെ പള്ളി  ലക്ഷ്യമാക്കി നടന്നു!!

**************************************

കുളി കഴിഞ്ഞു ആറ്റിലേക്കു ഇറങ്ങി നിൽക്കുന്ന പാറയിൽ ചവുട്ടി മുകളിലേക്കു കയറി ആൻഡ്രൂസ്. ഉടുത്തിരുന്ന തോർത്തുമാറ്റി മുണ്ടെടുത്തു ഉടുത്തു. നനഞ്ഞ തോർത്തു പിഴിഞ്ഞ് തല തുവർത്തി, ദേഹത്തെ വെള്ളവും തുടച്ചു.

പിന്നെ പാറയുടെ പുറത്തിരുന്ന ഇല്ലികമ്പിൽ കൊരുത്ത ചൂണ്ടയിൽ ഗോതമ്പു മാവ് കോർത്തു ആറ്റിലേക്കിട്ടു. ഇല്ലികമ്പു പാറയിൽ വച്ചു ചവിട്ടി പിടിച്ചു കൊണ്ട് ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ബീഡിയും തീപ്പെട്ടിയും എടുത്തു. ഒരു ബീഡി എടുത്തു ചുണ്ടിൽ വച്ചു തീകൊളുത്തി.

പുക മൂക്കിൽ കൂടി പുറത്തേക്കു വിട്ടു ചൂണ്ട കയ്യിലെടുത്തു പിടിച്ചു നിൽക്കുമ്പോൾ ആണ് മുളം കാടിനടുത്തു നിന്നും ആരോ വരുന്നത് കണ്ടത്.

ഷൈനി ഒരു ബക്കറ്റിൽ തുണിയുമായി അങ്ങോട്ട്‌ വന്നു.

“കുളികഴിഞ്ഞോ. എനിക്ക് തുണിയൊക്കെ കഴുകി ഇട്ടിട്ടു കുളിക്കണമായിരുന്നു.”

ഷൈനി പറഞ്ഞിട്ട് ബക്കറ്റിൽ ഇരുന്ന തുണികൾ എടുത്തു പുറത്തിട്ടു.

“ആഹാ… ചൂണ്ടയിട്ടു മീൻ പിടിക്കുകയാണോ? മീൻ കച്ചവടം തുടങ്ങാൻ പ്ലാൻ ഉണ്ടായിരിക്കും അല്ലെ. നല്ലത്. അധ്യാനിച്ചു ജീവിക്കുന്നതിൽ ഒരന്തസ്സുണ്ട്. തന്നെയുമല്ല ഉണ്ടായിരുന്ന ലോറി കൂടി എവിടെയോ വച്ചു കണ്ട ഒരു പെണ്ണിന് വേണ്ടി  നശിപ്പിട്ടല്ലേ നിൽക്കുന്നത്. അപ്പോ ചൂണ്ടയിടീൽ തന്നെയാണ് പോംവഴി, അവളെ ചൂണ്ട ഇട്ടു പിടിച്ചതാണോ  “

ഷൈനി പറഞ്ഞു കൊണ്ട് ഉടുത്തിരുന്ന സാരിയുടെ തോളിലേക്ക് കിടന്ന തുമ്പ് കയ്യിലെടുത്തു.

“ങേ.. നീ ഇതു എന്തിനുള്ള പുറപ്പാടാ.എന്തോന്നാ ഈ കാണിക്കുന്നത്? ഞാനിവിടെ കൊടിമരം പോലെ നിൽക്കുമ്പോൾ ആണോ സാരി അഴിക്കുന്നത്.നീ എന്തൊക്കെയാ ഈ പിച്ചും പേയും പറയുന്നത്. ആരെ ചൂണ്ടയിട്ടു പിടിച്ചെന്നാ “?

ആൻഡ്രൂസ് ചോദിച്ചു  കൊണ്ട് ആറ്റിലെ വെള്ളത്തിൽ നിന്നും ചൂണ്ട പൊക്കിയെടുത്തു ഇല്ലികമ്പിൽ ചുറ്റിയെടുത്തു.

“ഞാൻ പോകുവാ…പരിസരബോധത്തോടെ ഓരോന്ന് ചെയ്യ്. ഈ കാട്ടിനകത്തും മറ്റും ആരെങ്കിലും ഒക്കെ ഒളിച്ചിരിപ്പുണ്ടോ എന്നൊക്കെ ഒന്ന്‌ നോക്കിയിട്ട് കുളിക്കാൻ പോ “

ആൻഡ്രൂസ് പാറപ്പുറത്തു നിന്നും താഴെക്ക് ഇറങ്ങാനായി നടന്നു.

“എങ്ങോട്ടൊടുവാ, ഞാൻ എന്ത് കാണിച്ചെന്നാ,ഒരു പെണ്ണ് വസ്ത്രം മാറുന്നത് കണ്ടു ഓടിപ്പോകുന്ന പുരുഷനെ ആദ്യമായി കാണുകയാ. അവിടെ നിൽക്ക്. എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. നിങ്ങളിവിടെ ഉണ്ടെന്ന് അറിഞ്ഞോണ്ട് തന്നെയാ ഇങ്ങോട്ട് ഇപ്പൊ വന്നത്.”

സാരി അഴിച്ചു പാറപ്പുറത്തു വച്ചിട്ട് ആൻഡ്രൂസിന്റെ നേരെ തിരിഞ്ഞു.

പാവാടയിലും ബ്ലൗസിലും നിൽക്കുന്ന ഷൈനിയെ ഒന്ന്‌ നോക്കിയിട്ട് ആൻഡ്രൂസ് ഇല്ലികൂട്ടം നിൽക്കുന്ന ഭാഗത്തേക്ക്‌ നോട്ടം മാറ്റി.

“നിങ്ങള് പുറം തിരിഞ്ഞു നിൽക്കാതെ എന്റെ നേരെ നോക്ക്. നിങ്ങളെന്താ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ “

ഷൈനി ദേഷ്യത്തിൽ ആൻഡ്രൂസിനോട് ചോദിച്ചു.

“ആദ്യം നീ ഒരു തോർത്തെങ്കിലും എടുത്തു ദേഹത്തിട്. എന്നിട്ട് എന്തോന്ന് ആണെങ്കിൽ പറഞ്ഞു തുലക്ക് “

ആൻഡ്രൂസ് മെല്ലെ ഷൈനിക്ക് നേരെ തിരിഞ്ഞു.

“ഞാൻ ആവശ്യത്തിന് തുണി ഉടുത്തിട്ടുണ്ട്. അത് മതി. ഈ വേഷത്തിൽ എന്നെ കണ്ടിട്ട് നിങ്ങളുടെ നിയത്രണം പോകുകയാണെങ്കിൽ അങ്ങ് പോകട്ടെ.”

ഷൈനി ആൻഡ്രൂസിന്റെ അടുത്തേക്ക് വന്നു.

“ഇന്നലെ പള്ളിയിൽ വച്ചു വറീതിച്ചായന്റെ മകൻ ജോസു കുട്ടിയെ കണ്ടു. പുള്ളിക്ക് എന്നോട് പ്രണയം. കല്യാണം കഴിക്കാൻ താത്പര്യം ഉണ്ടെന്ന്. ഞാൻ പറഞ്ഞു ജോസു കുട്ടിച്ചയന് എന്നെക്കാളും നല്ലൊരു പെൺകുട്ടിയെ കിട്ടും. ഞാനും വേറൊരാളും തമ്മിൽ ഇഷ്ടത്തിൽ ആണെന്ന്. അത്കേട്ടപ്പോൾ പുള്ളിക്ക് ഭയങ്കര സങ്കടം ആയി. ഞാനിങ്ങോട്ട് പോന്നു.”

ഷൈനി പറഞ്ഞിട്ട് ആൻഡ്രൂസിനെ നോക്കി.

“നീ എന്തിനാ അങ്ങനെ കള്ളം പറഞ്ഞത്. അതൊരു നല്ല ആലോചന അല്ലായിരുന്നോ. ജോസുകുട്ടി നല്ലവനാണ്. നിന്നെ പൊന്നുപോലെ നോക്കും. അതുറപ്പ “

ആൻഡ്രൂസ് പാറയിലേക്ക് വളഞ്ഞു നിന്ന മുളയിലേക്ക് ചാരി നിന്നു.

“ഞാൻ കള്ളം പറഞ്ഞതല്ല. എനിക്കൊരാളെ ഇഷ്ടം ആണ്. എന്റെ മനസ്സിൽ ഞാനയാളെ കുടിയിരുത്തി കഴിഞ്ഞു. ഇനി ആ സ്ഥാനത്തു എന്റെ ജീവിതത്തിൽ ആരും കാണത്തില്ല. അവിടെ കേറി ഇരിക്കാൻ ആരെയും ഞാൻ സമ്മതിക്കുകയുമില്ല ഈ ജന്മത്ത്.

ഷൈനി പറയുമ്പോൾ അവളുടെ മുഖത്തെ നിശ്ചയദാർഢ്യം ആൻഡ്രൂസ് ശ്രെദ്ധിച്ചു.

“ശരി.. ആരാ അയാള്. നിന്റെ ഹൃദയത്തെ കീഴടക്കിയ മഹാൻ. പറ. അവനെ പിടിച്ചു നിന്റെ മുൻപിൽ കൊണ്ടിട്ടുതരും ഞാൻ.”

ആൻഡ്രൂസ് ഒരു ബീഡി കൂടി എടുത്തു ചുണ്ടിൽ വച്ചു.

“നിങ്ങളിങ്ങനെ നാഴികക്ക് നാൽപതു വട്ടം ബീഡി വലിച്ചു കൂമ്പ് വട്ടാതെ എനിക്ക് പറയാനുള്ളത് കേൾക്ക്. ഇല്ലെ എന്റെ ചങ്ക് പൊട്ടി പോകും “

ഷൈനിയുടെ സ്വരത്തിൽ വേദന നിറഞ്ഞു.

“നീ ആരാണെന്ന് പറഞ്ഞാലല്ലേ അവനെ പൊക്കികൊണ്ട് വരാൻ പറ്റത്തൊള്ളൂ. മനസ്സിൽ വച്ചു എന്തെങ്കിലും പറഞ്ഞാൽ ഗണിച്ചെടുക്കാൻ ഞാൻ കാണിപ്പയ്യൂർ ഒന്നുമല്ല. ചങ്ക് പൊട്ടുന്നതിനു മുമ്പ് കാര്യം പറ “

ആൻഡ്രൂസ് തീപ്പെട്ടി എടുത്തു ബീഡി കത്തിച്ചു.

“തകർന്നു തരിപ്പണം ആയി നിൽക്കുവാ ഞാൻ. ഇനിയും ഉള്ളിൽ കൊണ്ട് നടക്കാൻ ത്രാണിയില്ല. ഒരു കാര്യം അറിഞ്ഞാൽ കൊള്ളാം. നിങ്ങക്കും ആ അലി സാഹിബിന്റെ മകൾക്കും തമ്മിൽ മറ്റൊന്നുമില്ലേ. ഇല്ലെന്ന് ആൻഡ്രൂസിച്ചായൻ പറഞ്ഞത് നേരു തന്നെ ആണോ “

ഷൈനിയുടെ നോട്ടത്തിൽ ഒരു ദൈന്യത നിറഞ്ഞു.

“മനുഷ്യന്റെ കാര്യമല്ലേ. അവളെപ്പോലെ കാണാൻ കൊള്ളാവുന്ന, കാശുകാരി ആയ പെണ്ണിനെ ചിലപ്പോ ഇഷ്ടപ്പെട്ടാലും കുറ്റം പറയാൻ പറ്റുമോ.  ഇനി എനിക്കും അവൾക്കും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടങ്കിൽ നിനക്കെന്താ.നിന്നെ പോലെ അല്ല, നല്ല അടക്കവും ഒതുക്കവും ഉള്ള പെണ്ണാ”

ആൻഡ്രൂസ് നീരസത്തോടെ പറഞ്ഞു.

“ഇപ്പോൾ എങ്കിലും സത്യം പറഞ്ഞല്ലോ. എനിക്ക് അടക്കവും ഇല്ല, ഒതുക്കവും ഇല്ല.എന്നെ കൊണ്ട് ഒരു ശല്യവും നിങ്ങക്കുണ്ടാകുകയില്ല “

ഒരു പൊട്ടിക്കരച്ചിലോടെ ഷൈനി പാറയിലൂടെ ആറ്റിലേക്കു ഓടിയിറങ്ങി. ആദ്യം അമ്പരന്നു പോയ ആൻഡ്രൂസ് പാറയുടെ മുകളിലേക്കു ഓടി കയറി.

അപ്പോഴേക്കും ഷൈനി പാറയുടെ അറ്റത്തു കേറി നിന്നു ആൻഡ്രൂസിനെ നോക്കി.

” പ്രാന്ത് കാണിക്കാതെ ഇങ്ങോട്ട് ഇറങ്ങി വാടി… “ആൻഡ്രൂസ് വിളിച്ചു പറഞ്ഞു.

“ഇല്ല, എനിക്ക് ഒരാളെ മനസ്സിൽ വച്ചു ജീവിക്കാൻ പറ്റത്തില്ല,നിങ്ങള് ചോദിച്ചില്ലേ എന്റെ മനസ്സിൽ ആരാണെന്ന്. അത് വേറെ ആരുമല്ല . നിങ്ങളാ. പക്ഷെ എന്നെക്കാളും ചന്തവും  സൗന്ദര്യവും നോക്കി വേറെയൊരുത്തിയുടെ പുറകെ പോയി. മനസ്സിൽ കൊണ്ട് നടന്ന ഞാൻ മണ്ടി. ഇനി എന്നെ കൊണ്ട് ഒരു ശല്യവും ഉണ്ടാകുകയില്ല. അവളെയും കെട്ടി സുഖമായി ജീവിച്ചോ. പോകുവാ “

പറഞ്ഞതും ഷൈനി പാറയുടെ മുകളിൽ നിന്നും ആറ്റിലേക്കു ചാടി.

“ഷൈനി…..”

ആൻഡ്രൂസ് പാറയുടെ അറ്റത്തേക്ക് പാഞ്ഞു ചെന്നു..

വെള്ളത്തിൽ വീണ ഷൈനി കൈകളിട്ടടിച്ചു മുങ്ങി താഴുകയാണ്!!

ആൻഡ്രൂസ് ആറ്റിലേക്കു ചാടി. വെള്ളത്തിൽ വീണ ആൻഡ്രൂസ് മുകളിലേക്കു പൊങ്ങി വന്നു ചുറ്റും നോക്കി. കുറച്ച് കൂടി ഉള്ളിലേക്ക് ചെന്നാൽ ചുഴി ആണ്.

അപ്പോൾ കണ്ടു രണ്ട് കൈകൾ മുകളിലേക്കു വരുന്നു. ആൻഡ്രൂസ് അങ്ങോട്ട്‌ നീന്തി ചെന്നു.. ചുഴിയിലേക്ക് അടുത്ത് കൊണ്ടിരുന്ന ഷൈനിയുടെ കയ്യിലും മുടിയിലും ആൻഡ്രൂസിനു പിടുത്തം കിട്ടി. വലിച്ചു തന്നോടടുപ്പിച്ചു. ഷൈനിയുടെ മുഖം വെള്ളത്തിനു മുകളിലേക്കു പൊക്കി പിടിച്ചു ചുഴിയിൽ നിന്നും കരയിലേക്ക് നീന്തി.

“എന്നെ വിട്… എനിക്ക് ജീവിക്കണ്ട… എനിക്ക് മരിക്കണം “

അബോധവസ്ഥയിലെന്നപോലെ ഷൈനി പറഞ്ഞു കൊണ്ടിരുന്നു.

ആറിന്റെ തീരത്ത് എത്തിയ ആൻഡ്രൂസ് ഷൈനിയെ വലിച്ചു പൊക്കി കരയിലേക്ക് തള്ളി കയറ്റി. പുറകെ ആന്ഡ്റൂസും കയറി.

മണലിൽ കിടന്നു ഷൈനി എന്തൊക്കെയോ അവ്യെക്തമായി പറഞ്ഞുകൊണ്ടിരുന്നു.

ആൻഡ്രൂസ് അവളുടെ വയറിൽ കൈവച്ചു അമർത്തി.ഷൈനി കുടിച്ച വെള്ളം വായിലൂടെ പുറത്തേക്കൊഴുകി.

ഷൈനിയുടെ ശിരസെടുത്തു മടിയിൽ വച്ചു തോളിൽ കിടന്ന തോർത്തെടുത്തു പിഴിഞ്ഞ് തല തുവർത്തി കൊടുത്തു.കാലിലെയും കയ്യിലെയും  തൊലി പോയി ചോരപൊടിയുന്നുണ്ടായിരുന്നു.

“ഷൈനി… എഴുനേല്ക്ക്… നിനക്കൊന്നും പറ്റിയിട്ടില്ല…പേടിക്കണ്ട .”

ആൻഡ്രൂസ് അവളുടെ കവിളിൽ തട്ടി വിളിച്ചു.കുറച്ചു നേരം വിളിച്ചു കഴിഞ്ഞപ്പോൾ ഷൈനി കണ്ണുതുറന്നു. പിന്നെ മെല്ലെ ആയസപ്പെട്ടു എഴുനേറ്റു ചുറ്റും പകച്ചു നോക്കി. പിന്നെ അവളുടെ നോട്ടം ആൻഡ്റൂസിൽ തറച്ചു.

“എന്നെ മരിക്കാൻ പോലും സമ്മതിക്കതില്ലേ. നിങ്ങളെ അല്ലാതെ എനിക്ക് ആരെയും ചിന്തിക്കാൻ പോലുമാകില്ല.എന്തിനാ എന്നെ രക്ഷിച്ചേ. ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിക്കുകയില്ലായിരുന്നോ “

ദുർബലമായിരുന്നു അവളുടെ ശബ്‌ദം. പിന്നെ കാലിലേക്ക് മുഖം ചേർത്തു പൊട്ടിക്കരഞ്ഞു.

“നീ എന്തൊക്കെയാ ഇ പറയുന്നതും ചെയ്യുന്നതും. ഞാനിതുവരെ നിന്നെ അങ്ങനെ ഒരു കണ്ണുകൊണ്ടു നോക്കിയിട്ടില്ല. മനസ്സിൽ കരുതിയിട്ടുകൂടി ഇല്ല. നിന്നോടാരാ ഇതുപോലെ ഒക്കെ ചിന്തിച്ചു കൂട്ടാൻ പറഞ്ഞത്. ങേ. എനിക്ക് ലോകത്തു ആരെങ്കിലും ഒക്കെ ഉണ്ടെന്ന് തോന്നല് വരുന്നത് നിങ്ങടെ ഇ വീട്ടിൽ വരുമ്പോൾ ആണ്. നിങ്ങളൊക്കെ എന്റെ കൂടെപ്പിറപ്പുകളെ പോലെയാ “

ആൻഡ്രൂസ് മണലിൽ കൈകുത്തി ഇരുന്നു.

“എനിക്കറിയാം. എന്നെ ഒഴിവാക്കാൻ  കൂടെപ്പിറപ്പാക്കി അല്ലെ. പക്ഷെ എനിക്കങ്ങനെ കാണാൻ പറ്റത്തില്ല. അല്ലെങ്കിൽ ഞാൻ ചാകണം.അതിനും എന്നെ സമ്മതിക്കില്ലെന്നു പറഞ്ഞാൽ.. ഇഞ്ചിഞ്ചായി കൊല്ലാനാണോ എന്നെ… പൂച്ച എലിയെ തട്ടി കളിക്കുന്നപോലെ….”

കരച്ചിലിനിടയിൽ ഷൈനി തലതിരിച്ചു ആൻഡ്രൂസിനെ നോക്കി.

പിന്നെ എഴുനേറ്റു.

“നിങ്ങളില്ലെങ്കിൽ ഈ ജന്മത്ത് എനിക്ക് വേറെ ആരെയും വേണ്ട.”

ഷൈനി മുന്പോട്ടു വേച്ചു വേച്ചു നടന്നു.

“നീ എങ്ങോട്ട് പോകുവാ “

ആൻഡ്രൂസ് ചാടിയെഴുനേറ്റു അവളുടെ പുറകെ ചെന്നു.

“ഞാൻ എങ്ങോട്ട് പോയാലും എന്താ. ഞാൻ ആരുമല്ലല്ലോ.”

ഷൈനി പടികളിലൂടെ മുകളിലേക്കു കയറി പോയി തുണിയും ബക്കറ്റും ആയി ഇറങ്ങി വന്നു.

“നീ എന്തൊക്കെയോ ചിന്തിക്കുന്നു, എന്തൊക്കെയോ ചെയ്യുന്നു. നിന്റെ എടുത്തു ചാട്ടം കാരണം വീട്ടിലിൽ കൈവളരുന്നോ, കാലുവളരുന്നോ എന്ന് നോക്കി നിന്നെ  വളർത്തി വലുതാക്കിയ അപ്പനെയും അമ്മയെയും കണ്ണീരു കുടിപ്പിക്കാനാണോ നിന്റെ ഉദ്ദേശ്ശം.”

ആൻഡ്രൂസ് അവളുടെ അടുത്ത് ചെന്നു.

“പിന്നെ ഞാനെന്താ ചെയ്യേണ്ടത്. മോഹിച്ചു പോയതിന്റെ പേരിൽ നീറി നീറി പുകഞ്ഞു തീരാണോ “

ഷൈനി ചോദിച്ചു കൊണ്ട് കയ്യിലിരുന്ന തുണി ആറിന്റെ പടവുകളിൽ വച്ചു.

“നിങ്ങക്ക് എന്നെ ഇഷ്ടപെട്ടാൽ എന്താ കുഴപ്പം.ഞാൻ നിങ്ങളെ പൊന്നുപോലെ നോക്കിക്കോളാം. ഒരു പരാതിയും പറയത്തില്ല. പോരെ.”

ഷൈനി തുണി വെള്ളത്തിൽ മുക്കി കല്ലിനു പുറത്തു വച്ചു.

“ശരി, എന്നെ പൊന്നുപോലെ നോക്കിക്കോണം. ഞാൻ വീട്ടിലിരിക്കും. ജോലിക്കുപോയി എനിക്ക് ഒരു ബുദ്ധിമുട്ടും വരാതെ നോക്കിക്കോണം. പിന്നെ ഒരു കാര്യം ബുദ്ധിമുട്ട് വരുമ്പോൾ പൊന്നുപോലെ നോക്കുന്ന എന്നെ പണയം വച്ചേക്കരുത് “

ആൻഡ്രൂസ് പടിക്കെട്ടിൽ നിന്നു ആറ്റിലേക്കു നോക്കി കൊണ്ട് പറഞ്ഞു.

“ഞാൻ നോക്കിക്കൊള്ളാം. “

ഷൈനി തുണിയിൽ സോപ്പിട്ടു തിരുമ്മിക്കൊണ്ട് ആൻഡ്രൂസിനെ നോക്കി.

ആൻഡ്രൂസ് അവളെ സൂക്ഷിച്ചു നോക്കി.

മൂടികെട്ടിയ വാനം പോലെ ഇരുണ്ടിരുന്ന അവളുടെ മുഖം ക്രെമേണ തെളിഞ്ഞു വരുന്നത് ആൻഡ്രൂസ് കണ്ടു.

“നിങ്ങളിവിടെ ഇരിക്ക്. എനിക്കൊരു കൂട്ടായി. ഞാൻ താഴെയിറങ്ങി കുളിച്ചിട്ടു പെട്ടെന്ന് കേറി വരാം “

ഷൈനി തുണികൾ കഴുകി പിഴിഞ്ഞ് പടിയിൽ വച്ചിട്ട് പടികളിറങ്ങി കുളിക്കുന്ന ഭാഗത്തേക്ക്‌ നീങ്ങി.

“മുങ്ങി ചാകാനുള്ള ഉദ്ദേശം ഉണ്ടെങ്കിൽ നേരത്തെ പറഞ്ഞേക്കണം “

ആൻഡ്രൂസ് പടിക്കെട്ടിൽ ഇരുന്നു കൊണ്ട് പറഞ്ഞു.

“ഇനി ചാകത്തില്ല. ഞാൻ ചത്താൽ നിങ്ങളെ ആരാ പൊന്നുപോലെ നോക്കുന്നത്.”

ഷൈനി തിരിഞ്ഞു നോക്കി പറഞ്ഞു കൊണ്ട് പടിക്കെട്ടിൽ നിന്നും വെള്ളത്തിലേക്കിറങ്ങി കുളിക്കാൻ ആരംഭിച്ചു.

*******************************************

ആന്റണി ജീപ്പ് നിർത്തി ഇറങ്ങി. കൂടെ ലില്ലിക്കുട്ടിയും. വീട്ടിലേക്കു കയറി ചെല്ലുമ്പോൾ ജിക്കുമോനെ വരാന്തയിൽ ഇരുന്നു കളിപ്പിക്കുകയായിരുന്നു റോസ്‌ലിൻ ടീച്ചർ

ആന്റണിയെ കണ്ടു റോസ്‌ലിൻ എഴുനേറ്റു മാറി നിന്നു.

“മോളെ നാളെ മുതൽ സ്കൂളിൽ പോകുവല്ലേ. മോൾക്കും മോനും കുറച്ച് ഡ്രെസ്സ് മേടിച്ചതാ. എന്റെ  സെലക്ഷന. ഇഷ്ടപെട്ടോന്നു നോക്ക് “

ലില്ലിക്കുട്ടി കയ്യിലിരുന്ന പ്ലാസ്റ്റിക് കവറുകൾ റോസ്‌ലിന്റെ കയ്യിൽ കൊടുത്തു.

ആന്റണി ഫൈവ് സ്റ്റാറിന്റെ ഒരു ചെറിയ പാക്കറ്റ് എടുത്തു ജിക്കു മോന്റെ കയ്യിലും കൊടുത്തു.

“ഇതൊന്നും വേണ്ടായിരുന്നു അമ്മച്ചി. വെറുതെ എന്തിനാ ഇതൊക്കെ മേടിച്ചു പൈസ കളയുന്നത്.”

ലില്ലിക്കുട്ടിയുടെ കൂടെ അകത്തേക്ക് നടക്കുന്നിതിനിടയിൽ റോസ്‌ലിൻ പറഞ്ഞു.

“ഇതൊക്കെയല്ലേ മോളെ ഒരു സന്തോഷം. എനിക്ക് സ്വൊന്തം മോളെ പോലെയല്ലോ.നാളെ സ്കൂളിൽ പോകുമ്പോൾ നല്ല വേഷത്തിൽ പോകണ്ടേ.”

ശോശാമ്മ പറയുന്നതും കേട്ടു ഭിത്തിയിൽ ചാരി നിന്നശേഷം വരാന്തയിലേക്ക് നടന്നു.

“ഇച്ചായ, കേസിന്റെ കാര്യം  വലതുമറിഞ്ഞോ. അന്വേഷണം നടക്കുന്നുണ്ടോ “?

റോസ്‌ലിൻ ആകാംഷയോടെ ആന്റണിയെ നോക്കി.

“അന്വേഷണം നടക്കുന്നുണ്ട് മോളെ. ആ വിദ്യാസാഗർ സാർ നല്ല മനുഷ്യന. ആര് ചെയ്തതായാലും അവര് ഉടനെ കണ്ടെത്തും. അതോർത്തു മോളു പേടിക്കണ്ട. എന്ത് വന്നാലും ഞങ്ങള് നോക്കിക്കൊള്ളാം “

ജിക്കുമോനെ മടിയിൽ എടുത്തു വച്ചു കളിപ്പിച്ചു ആന്റണി പറഞ്ഞു.

“മോള് ആരെയും പേടിക്കണ്ട.പോലീസ് കണ്ടെത്തിയില്ലെങ്കിൽ നമ്മള് കണ്ടെത്തും. ആൻഡ്രൂസിന്റെ കയ്യിൽ നിന്നും കിട്ടിയ മൊബൈൽ എസ് പി ക്കു കൈമാറിയിട്ടുണ്ട്. അതിൽ നിന്നും എന്തൊക്കെയോ തെളിവുകൾ അവർക്കു കിട്ടിയിട്ടുണ്ട്.”

ആന്റണി പറഞ്ഞത് കേട്ട് റോസ്‌ലിൻ ഒരു ദീർഘനിശ്വാസം പൊഴിച്ചു.

രാവിലെ തന്നെ എഴുനേറ്റു റോസ്‌ലിൻ അടുക്കളയിൽ കയറി ലില്ലിക്കുട്ടിയെ സഹായിച്ചു. എട്ടുമണി ആയപ്പോൾ ജിക്കുമോനെ കുളിപ്പിച്ചൊരുക്കി, റോസ്‌ലിനും കുളിച്ചൊരുങ്ങി. ഭക്ഷണം കഴിച്ചു സ്കൂളിലേക്ക് പോകാനിറങ്ങി. ആന്റണി ജീപ്പിറക്കി, റോസ്‌ലിനെയും ജിക്കുമോനെയും കൊണ്ട് പുറത്തേക്കു പോയി.

മെയിൻ റോഡിൽ ഇറങ്ങി മുൻപോട്ടു പോയി പാലം കേറി കുറച്ചു പോയതും ഒരു പോലിസ് ജീപ്പ് വന്നു മുൻപിൽ നിന്നു.

അതിൽ നിന്നും സി ഐ മൈക്കിളും നാലഞ്ചു പോലീസുകാരും ഇറങ്ങി.

ആന്റണി ജീപ്പ് ചവിട്ടി നിർത്തി.

റോസ്‌ലിൻ പേടിയോടെ ആന്റണിയെ നോക്കി. ജിക്കുമോനും  പോലീസുകാരെ കണ്ടു  പേടിച്ചു പോയിരുന്നു.

“ഇറങ്ങിവാടാ കു &*%#@മോനെ. എനിക്കിട്ടു ഉണ്ടാക്കിയിട്ട് നീ വല്യ ആളായി അങ്ങനെ അങ്ങ് കുന്തളിക്കണ്ട. നിന്റെ സൂക്കേട് ഇന്ന് കൊണ്ട് തീർക്കുമെടാ ഈ മൈക്കിൾ “

ഗർജ്ജിച്ചു കൊണ്ട് മൈക്കിൾ ജീപ്പിനടുത്തേക്ക് വന്നു ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ആന്റണിയുടെ ഷർട്ടിന്റെ കോളറിൽ കയറി പിടിച്ചു.

“നീ മറിമായം കാണിക്കുന്ന ഒടിയനല്ലേ. വീടും സ്ഥലവും നിമിഷനേരം കൊണ്ട് അപ്രക്തിക്ഷമാക്കുന്ന ചാത്തൻ. ഇവിടൊന്നൊന്നു രക്ഷപെടടാ പുല്ലേ അങ്ങനെ “

മൈക്കിൾ ആന്റണിയെ പുറത്തേക്കു വലിച്ചിറക്കി.

അതേ സമയം പോലിസ് ജീപ്പിനു പിന്നിൽ ഒരു ബൊലേറോ വന്നു നിന്നു അതിൽ നിന്നും വരദനും നാലഞ്ചു ആളുകളും പുറത്തിറങ്ങി..

വരദൻ ബോണറ്റിൽ ചാരി നിന്നു ആന്റണിയെ നോക്കി.

“മോളെ ഇറങ്ങി മോനെയും കൊണ്ട് ഓടിക്കോ, രെക്ഷപെട് “

പേടിച്ചു കരയുന്ന റോസ്‌ലിനോടും ജിക്കുമൊനോടുമായി ആന്റണി പറഞ്ഞു.

മൈക്കിൾ ആന്റണിയുടെ മുഖമടച്ചു അടിച്ചു.

“ഇവിടുന്നു എങ്ങോട്ട് ഓടി രക്ഷപെടാനാടാ പറയുന്നത്. അവളിവിടുന്നു രക്ഷപെടില്ലെടാ. അവളെ കൊണ്ടുപോകാൻ വരദൻ മുതലാളിയും ആളുകളും എത്തിയിട്ടുണ്ട്.”

മൈക്കിൾ ആന്റണിയെ നിലത്തിട്ടു ചവുട്ടി.

വരദനും ഗുണ്ടകളും തന്റെ നേരെ നടന്നടുക്കുന്നത് കണ്ടു റോസ്‌ലിൻ ജിക്കുമോനെയും എടുത്തു കൊണ്ട് തിരിഞ്ഞോടി.

മരണവെപ്രാളത്തോടെ റോസ്‌ലിൻ ഓടി.

പുറകെ വരദനും ഗുണ്ടകളും കുതിച്ചു.

എതിരെ പാഞ്ഞു വന്ന ഒരു താർ ജീപ്പ് റോസ്‌ലിന്റെ മുൻപിൽ സഡൻ ബ്രേക്ക്‌ ഇട്ടു നിന്നു.

“ഞങ്ങളെ രക്ഷിക്കണേ….”

ബോണറ്റിലേക്ക് ജിക്കുമോനെയും കൊണ്ട് വീണു റോസ്‌ലിൻ നിലവിളിച്ചു കരഞ്ഞു.

പുറകെ പാഞ്ഞു വന്ന വരദന്റെ ഗുണ്ടകളിൽ ഒരുവൻ റോസ്‌ലിനെ പിടിക്കാൻ കൈ നീട്ടി.

ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി വന്നയാൾ അവന്റെ കയ്യിൽ കേറി പിടിച്ചു പുറകോട്ടു തിരിച്ചു, കറക്കി ചവുട്ടി നിലത്തിരുത്തി,

പുറകെ വന്നവന്റെ തൊഴിയിൽ നിന്നും ഒഴിഞ്ഞു മാറി.  ലക്ഷ്യം തെറ്റി മുൻപോട്ടു വേച്ചു പോയ അവനെ വട്ടത്തിൽ പൊക്കി എടുത്തു തല കീഴെ നിലത്തേക്ക് കുത്തിയിരുത്തി. അവനിൽ നിന്നും ഒരു നിലവിളി ഉയർന്നു.

“ആരാടാ പുല്ലേ നീ “

പാഞ്ഞടുത്ത വരദൻ ജീപ്പിൽ വന്നിറങ്ങിയ ആളിന്റെ നേർക്കു കൈചുരുട്ടി അടുത്തു.

വരദന്റെ ആദ്യത്തെ ഇടി മുഖത്തിന് നേരെ വന്നപ്പോൾ താഴേക്കു കുനിഞ്ഞു തലയ്ക്കു അടിവയറിൽ ഇടിച്ചു പൊക്കി എടുത്തു ജീപ്പിന്റെ ബോണറ്റിൽ ഇട്ടു. പിടഞ്ഞെഴുനേൽക്കാൻ തുടങ്ങിയ വരദന്റെ കുത്തിനു പിടിച്ചു താഴേക്കു വലിച്ചിട്ടു പൊക്കി ജീപ്പിലേക്കു ചേർത്തു മുട്ടുകാൽ മടക്കി നാഭിക്കൊരു ഇടി കൊടുത്തു.

പെട്ടെന്ന് വെട്ടിതിരിഞ്ഞു പുറകിലൂടെ വന്നവന്റെ നെഞ്ചത്ത് കാലുയർത്തി ഒരു ചവിട്ട് കൊടുത്തു. ചവിട്ട് കൊണ്ട അവൻ തെറിച്ചുപോയി.

ഇടികൊണ്ട് നിലവിളിച്ച വരദന്റെ മുഖമടച്ചു അടുത്ത ഇടി വീണു.

മൂക്കിൽ നിന്നും ചോരയൊഴുകി.!!

മുൻപോട്ടു കുനിഞ്ഞ വരദന്റെ അടിവയറിനു താഴെ കൈപ്പത്തി കൊണ്ട് ചുറ്റി പിടിച്ചു ഒരു പൊക്കു പൊക്കി.

അലറി നിലവിളിച്ച വരദന്റെ മുഖത്തേക്ക് നോക്കി അയാൾ മുരണ്ടു.

“ഇനി ആ ടീച്ചറിന്റെയും കൊച്ചിന്റെയും പരിസരത്ത് പോലും നിന്നെ കണ്ടു പോകരുത്. കണ്ടു പോയാൽ നിന്റെ പിസ്റ്റൽ അവിടെ വച്ചു ബുള്ളറ്റും കൊണ്ട് ഞാനങ്ങു പോകും. പിന്നെ നീ ഉണ്ടയില്ലാ വെടിയും വച്ചു തെക്കുവടക്കു നടക്കേണ്ടി വരും. കേട്ടോടാ കഴു &%@*.”

വരദന്റെ കാലിലൂടെ മുത്രം താഴെക്കൊഴുകി.

“കാലിൽ കൂടി മൂത്രമൊഴിക്കാനും നിനക്കറിയാം അല്ലെ “?

വരദന്റെ ദേഹത്ത് നിന്നും കയ്യെടുത്തു അയാൾ തിരിഞ്ഞതും മുൻപിൽ റിവോൾവർ ചൂണ്ടി സി ഐ മൈക്കിൾ നിൽക്കുന്നു!!

“ആരാടാ നീ….”

മൈക്കിളിന്റെ ചോദ്യം കേട്ട് മുൻപിൽ നിന്നയാൾ ഒന്ന്‌ ചിരിച്ചു.

“ഞാൻ ടോമിച്ചൻ, അങ്ങ് കുട്ടികാനത്തു നിന്നാണേ… പിന്നെ കുഞ്ഞ് പിള്ളേരുടെ പീപ്പി പോലിരിക്കുന്ന ഈ തോക്ക് കാണിച്ചു എന്നെ വിരട്ടരുത്.ഇപ്പൊ താൻ ആ വഴിയില് ഇട്ടു തല്ലിയ ആൾ എന്റെ ആളാ. ആന്റണി. അയാളുടെ ദേഹത്ത് ഒരു രോമത്തിന് കേട് വന്നിട്ടുണ്ടെങ്കിൽ ഇവിടെനിന്നും തിരിച്ചു പോകത്തില്ല.”

താഴ്ന്നു കിടന്ന മുണ്ടെടുത്തു മടക്കി കുത്തി. ജീപ്പിൽ ചാരിയിരുന്ന വരദനെ എടുത്തു നിലത്തേക്കിട്ടു. മുന്നോട്ടു നടന്നു.

“നിൽക്കടാ അവിടെ “

പുറകിൽ നിന്നും മൈക്കിൾ അലറി. മൂന്നുനാല് പോലീസുകാരും പാഞ്ഞു വന്നു ടോമിച്ചന് ചുറ്റും നിന്നു.

                                  (തുടരും)

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!