Skip to content

മലയോരം – 19

malayoram novel

ടോമിച്ചൻ ചുറ്റും നോക്കി.

തന്റെ തലക്കുനേരെ തോക്കുചൂണ്ടി നിൽക്കുന്ന സി ഐ മൈക്കിളിനെ കൂടാതെ  നാലുപൊലീസുകാർ എന്തിനും തയ്യാറായി തനിക്കു ചുറ്റും നിൽപ്പുണ്ട്.

“നീ  ടോമിച്ചനായാലും ഏതു കോപ്പനായാലും അത് നിന്റെ വീട്ടിൽ കൊണ്ട് വച്ചാൽ മതി. പോയി വണ്ടിയിൽ കേറടാ റാസ്കൽ.”

സി ഐ മൈക്കിൾ കോപത്തോടെ അലറി.

അപ്പോഴേക്കും ആന്റണിയും അവിടേക്കു വന്നിരുന്നു. ആന്റണിയുടെ ദേഹത്ത് പലഭാഗത്തും ചോരപൊടിഞ്ഞിരുന്നു.ടോമിച്ചൻ അത് ശ്രെദ്ധിക്കുകയും ചെയ്തു.

“ആന്റണിച്ച, ഇവരെന്തിനാ നിങ്ങളെ തല്ലിയത്. എന്ത് കുറ്റം ആരോപിച്ച”

ടോമിച്ചൻ ആന്റണിയെ നോക്കി. അയാൾ ടോമിച്ചന്റെ അടുത്തേക്ക് വന്നു.

“ഈ മൈക്കിൾ സാറിന്  ആ നിൽക്കുന്ന റോസ്‌ലിൻ  പെങ്കൊച്ചിനെ പിടിച്ചോണ്ട് പോയി ദാ ആ നിലത്തു കിടക്കുന്ന വരദൻ കഴുവേറിക്കു കാഴ്ച വച്ചു അവൻ കൊടുക്കുന്ന നക്കാപ്പിച്ച മേടിച്ചു നക്കണം. അതിനു ഞാൻ സമ്മതിച്ചില്ല. പിന്നെ ഈ സാറുന്മാർ ചെറ്റ പൊക്കാൻ വന്നപ്പോൾ  എന്റെ വീടിരുന്നിടത്തു വീട് കണ്ടില്ലെന്നു. അതെങ്ങനെ എന്റെ കുഴപ്പമാകും ടോമിച്ചാ. ഇവരോട് പറഞ്ഞിട്ട് വേണോ എനിക്കെന്റെ വീട് മാറാൻ. ഇതെന്താ വെള്ളരിക്ക പട്ടണമോ?”

നിലത്തു കിടന്നു വേദനകൊണ്ട് പുളഞ്ഞു  ജനനേത്രിയത്തിൽ കൈകൊണ്ടു അമർത്തി പിടിച്ചു വരദൻ പകയോടെ തല പൊക്കി ആന്റണിയെ നോക്കി.

“ങ്ങഹാ.. അതാണോ സാറുന്മാർ കണ്ട കുറ്റം. ഇതൊന്നും ഒരു കേസെടുക്കാനോ, അറസ്റ്റു ചെയ്യാനോ ഉള്ള വകുപ്പിൽ പെടില്ലല്ലോ സാറെ…”

ടോമിച്ചൻ ജീപ്പിന്റെ ബൊണറ്റിലേക്കു ചാരി നിന്നു.

റോസ്‌ലിൻ ജിക്കുമോനെ നെഞ്ചോടു ചേർത്തു പിടിച്ചു പേടിയോടെ നിൽക്കുകയാണ്.

“മോളിത് കൊണ്ടൊന്നും പേടിക്കണ്ട. മോനെയും കൊണ്ട് ജീപ്പിൽ കേറി ഇരുന്നോ. നിങ്ങളെ ആരും ഇവിടെനിന്നും എങ്ങോട്ടും കൊണ്ടുപോകതില്ല.”

ആന്റണി റോസ്‌ലിനോട് പറഞ്ഞിട്ട് മുണ്ടഴിച്ചു മടക്കി കുത്തി.

“എന്താടാ, കിട്ടിയത് പോരാഞ്ഞിട്ടാണോ ഇനിയും നിന്റെ മൊട “

സി ഐ യുടെ അടുത്ത് നിന്ന ഒരു പോലീസുകാരൻ മുഷ്ടി ചുരുട്ടി ആന്റണിയെ നോക്കി.

“ആഹാ സാറ് തിര്യോന്തോരം കാരൻ ആയിരുന്നോ? എന്തിര് സാറെ ഇങ്ങനെയൊക്കെ പറേണത്.മൊട കണ്ടാൽ എടപെടും സാറെ. എന്നെ തല്ലിയപ്പോ തിരിച്ചടിക്കാത്തത് പേടിച്ചിട്ടല്ല സാറെ. പ്രശ്നം ഉണ്ടാക്കണ്ടെന്നു കരുതിയ. ഇനി സാറ് പറേണത് പോലെ തന്നെ.മാനം മര്യാദക്ക് കഴിയുന്ന പെണ്ണുങ്ങളെ കൂട്ടികൊടുത്തു കാശൊണ്ടാക്കാൻ ഇറങ്ങിയാൽ ന്റെ അമ്മച്ചിയാണേ സത്യം. പോലീസാണെനൊന്നും നോക്കത്തില്ല, അടിച്ച് കവാലകുറ്റി പൊളിച്ചു വിടും കെട്ടാ.എന്തിര് തള്ളേ.. കലിപ്പ് തീരണില്ലല്ല…ന്റെ കൈ തരിച്ചിട്ടു മേലാ “

ആന്റണിയും കൈചുരുട്ടി പോലീസുകാരന്റെ നേർക്കു തിരിഞ്ഞു.

“പട്ടി പൊ &*%%#@@ മോനെ നീ പോലീസുകാരെ കളിയാക്കി ഭീഷണി പെടുത്തുന്നോ. പോയി ജീപ്പിൽ കേറടാ. സ്റ്റേഷനിൽ ചെന്നിട്ടു ഞാൻ നിന്റെയൊക്കെ ‘തള്ളേ പിള്ളേ’മാറ്റിത്തരാം.”

സി ഐ മൈക്കിൾ ആന്റണിക്ക് നേരെ ചെന്നു.

പെട്ടെന്ന് മൈക്കിളിന്റെ മുൻപിൽ കേറി നിന്നു ടോമിച്ചൻ.

“സാറിപ്പോൾ ഇവിടെനിന്ന് ആരെയും എങ്ങോട്ടും കൊണ്ടുപോകത്തില്ല.ഇവിടെ ആരും കൊലപാതകം ചെയ്യാനോ, പിടിച്ചു പറിക്കോ  പോയിട്ടില്ലല്ലോ . ഉണ്ടോ? ഇനി കുറ്റാരോപിതരായ ആരെങ്കിൽ ഈ കൂടെയുണ്ടെങ്കിൽ അവർ കോടതിയിൽ നിന്നും മുൻ‌കൂർ ജാമ്യവും എടുത്തിട്ടുണ്ട്.അതുകൊണ്ട് സാറ് പോ. വെറുതെ കൈ മെനക്കെടുത്താതെ.”

ടോമിച്ചൻ പറഞ്ഞിട്ട് തിരിഞ്ഞതും തോളിൽ മൈക്കിളിന്റെ ബലിഷ്ഠമായ കരം വന്നു വീണു.

“അങ്ങനെ അങ്ങ് പോകാതെടാ &%@മോനെ. ഈ മൈക്കിൾ നിന്നെയും കൊണ്ടേ ഇവിടെനിന്നും പോകത്തൊള്ളൂ. പോലീസുകാർക്കിട്ടു ചെരക്കാൻ വന്നാൽ എന്ത് സംഭവിക്കും എന്ന് നിന്നെ നല്ലോണം അറിയിച്ചിട്ടേ ബാക്കി കാര്യമുള്ളൂ “

മൈക്കിൾ ടോമിച്ചന്റെ തോളിൽ പിടി മുറുക്കി.

“മൈക്കിൾ സാറെ കയ്യെടുക്ക്. എന്നെയും കൊണ്ടേ പോകാത്തൊള്ളൂ എന്നത് തിരുത്തി എന്റെ കയ്യിൽ നിന്നും മേടിച്ചുകൊണ്ടേ പോകാത്തൊള്ളൂ എന്ന് തിരുത്തി പറ. അതാ കുറച്ചു കൂടി ചേരുന്നത് “

ടോമിച്ചൻ മെല്ലെ തിരിഞ്ഞു മൈക്കിളിന്റെ തോളിലിരുന്ന കൈയ്യിൽ പിടിച്ചു.

“സാധാരണക്കാരന്റെ നികുതി പണം കൊണ്ട് കാക്കി മേടിച്ചു തയ്‌പ്പിച്ചു, ഇടീച്ചു നക്ഷത്രവും വച്ചു തരുന്നത് ക്രെമസമാധാനനില സംരെക്ഷിക്കാൻ വേണ്ടിയാ. അല്ലാതെ മുതലാളിമാർക്ക് മറ്റേപണി ചെയ്തുകൊടുത്തു കിട്ടുന്നത് നക്കി വയറും ചാടിച്ചു, കൈത്തരിപ്പ് തീർക്കാൻ പാവപെട്ടവന്റെ നെഞ്ചിടിച്ചു കലക്കാൻ അല്ല. സാധാരണക്കാരനായ ജനങ്ങൾക്ക്‌ നേരെ അതിക്രമം കാണിക്കാൻ വരുന്നവൻ കാക്കി ഇട്ടവനായാലും ചവിട്ടികീറി വിടണം എന്നതാ ടോമിച്ചന്റെ പ്രമാണം.”

ബലമായി മൈക്കിളിന്റെ കൈ ടോമിച്ചൻ തോളിൽ നിന്നും എടുത്തു മാറ്റി.

പെട്ടന്നാണ് മൈക്കിൾ കൈവീശി അടിച്ചത്. അപ്രതീക്ഷിതമായ അടി ടോമിച്ചന്റെ മുഖത്തു കൊണ്ട് ഒരു വശത്തേക്ക് വേച്ചു പോയി. ജീപ്പിന്റെ ബോണറ്റിൽ പിടിച്ചു വീഴാതെ നിന്നു.

ചുണ്ടിൽ നിന്നും ഒരു തുള്ളി രക്തം ജീപ്പിന്റെ ബോണറ്റിൽ വീണു. ഇടതു കൈകൊണ്ടു ചുണ്ട്‌ തുടച്ചു ടോമിച്ചൻ തിരിഞ്ഞു.

“ആന്റണിച്ച, കാക്കി ഇട്ടവാന്മാരാണെങ്കിലും ഇവന്മാർ കയ്യാങ്കളിക്കു തീരുമാനിച്ചുറച്ചു വന്നവരാണ്. അതുകൊണ്ട് വെട്ടാൻ വരുന്ന പോത്തിനോട് വേദമോതിയിട്ടു കാര്യമില്ല. ചവിട്ടിയൊടിച്ചു ഫ്രൈ ആക്കി നമ്മുടെ ബാറുകൾ വഴി ടച്ചിങ്‌സ് ആക്കുകയെ വഴിയുള്ളു. ഇനി ഒന്നും നോക്കണ്ട അടിച്ച് നിരത്തിയേക്ക്‌.ബാക്കി വരുന്ന പോലെ നോക്കാം “

പറഞ്ഞതും ടോമിച്ചൻ ജീപ്പിന്റെ സൈഡ് ബാറിൽ ചവിട്ടി പൊങ്ങി  വീണ്ടും തല്ലാൻ മുൻപോട്ടു വന്ന മൈക്കിളിന്റെ മുഖമടച്ചു മുട്ടുകാലിനാഞ്ഞൊരു ഇടി കൊടുത്തു. ഒറ്റയിടിയിൽ തന്നെ മൈക്കിളിന്റെ തലയിൽ ഇരുന്ന തൊപ്പി തെറിച്ചു, മൂക്കിൽ നിന്നും വായിൽ നിന്നും ചോരഒഴുകി. മൂക്കിന്റെ പാലമൊടിഞ്ഞു തല മരവിച്ചു പോയി മൈക്കിളിന്റെ. അതേ നിമിഷം അടിവയറിൽ ശക്തമായ ഒരു ചവിട്ടുകൂടി കിട്ടി മൈക്കിളിനു. വേദനയാൽ മുൻപോട്ടു കുനിഞ്ഞ മൈക്കിളിനെ ടോമിച്ചൻ വട്ടത്തിൽ കൈകോർത്തു പിടിച്ചു പുറകിലൂടെ വലിച്ചു പൊക്കി ജീപ്പിന്റെ ബൊണറ്റിലേക്കേറിഞ്ഞു. ബോണറ്റിൽ നിന്നും മൈക്കിൾ ഉരുണ്ടു വഴിയിലേക്ക് തലയിടിച്ചു വീണു.

അതേ സമയം തന്റെ നേരെ വന്ന രണ്ട് പോലീസുകാരെ ഒരേ സമയം നേരിടുകയായിരുന്നു ആന്റണി. ഒരുത്തനെ അടിച്ച് താഴെ ഇട്ടതും രണ്ട് പോലീസുകാർ ആന്റണിയെ വട്ടം പിടിച്ചു. പാഞ്ഞു വന്ന ടോമിച്ചൻ ഒരു പോലീസുകാരന്റെ കഴുത്തിൽ കൈച്ചുറ്റി പുറകോട്ടു വലിച്ചു കൊണ്ട് പോയി. പോകുന്ന പോക്കിൽ ടോമിച്ചൻ മുട്ടുകൈ കൊണ്ട് പോലീസുകാരന്റെ നെഞ്ചത്ത് രണ്ടിടി കൂടി കൊടുത്തു. അവനിൽ നിന്നും ഒരു നിലവിളി ശബ്‌ദം പുറത്തേക്കു തെറിച്ചു.ടോമിച്ചൻ അവനെ കറക്കി പൊക്കി എടുത്തു നിലത്തു നിന്നും എഴുനേൽക്കാൻ തുടങ്ങിയ സി ഐ മൈക്കിളിന്റെ പുറത്തേക്കിട്ട് നെഞ്ചത്ത് ചവിട്ടി പിടിച്ചു.

പെട്ടെന്ന് ടോമിച്ചന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ശബ്ദിച്ചു.

എടുത്തു ഡിസ്പ്ലേയിൽ നോക്കി

‘ജെസ്സി ടോമിച്ചൻ USA’

ഇവളെന്താണ് ഈ സമയത്ത്. ഇപ്പോൾ അല്ലല്ലോ വിളിക്കുന്ന സമയം…

ഒന്ന്‌ ആലോചിച്ച ശേഷം മൊബൈൽ ചെവിയിൽ ചേർത്തു.

“എടി.. പറഞ്ഞോ.. നീ എന്താ പതിവില്ലാതെ ഈ സമയത്ത്. അവിടെയിപ്പോൾ രാത്രി അല്ലെ. നിനക്കുറക്കമൊന്നും ഇല്ലെ “

ടോമിച്ചൻ നിലത്തുകിടക്കുന്നവൻമാരുടെ നെഞ്ചത്തിരുന്ന കാൽ ഒന്നുകൂടി അമർത്തി കൊണ്ട് ചോദിച്ചു.

“എനിക്ക് എന്റെ കെട്യോനെ വിളിക്കാൻ പ്രേത്യേക സമയം നോക്കണ്ട കാര്യമുണ്ടോ മനുഷ്യ.അവിടെ കെട്ട്യോളുടെ അഭാവത്തിൽ നിങ്ങള് വഴിതെറ്റി പോകുമോ എന്നോർത്ത് എനിക്കൊരു സമാധാനവും ഇല്ലെന്നേ.”

ജെസ്സിയുടെ ശബ്‌ദം  മറുതലക്കൽ ഉയർന്നു.

“പിന്നെ മോള് എന്തിയെ. അടുത്തുണ്ടോ. എങ്കിൽ വീഡിയോ കാൾ ചെയ്യാം. ആറുമാസം പ്രായമുള്ളപ്പോൾ ഞാനിങ്ങു പോന്നതല്ലേ. വീഡിയോയിൽ കൂടി കാണുമ്പോൾ ഓടി ചെന്നു എടുത്തു കെട്ടിപിടിച്ചു ഉമ്മ കൊണ്ട് മൂടാൻ തോന്നും. എന്റെ കുഞ്ഞിന് നേരെ ചൊവ്വേ മുലപ്പാൽ പോലും കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ലല്ലോ എന്നോർക്കുമ്പോൾ നെഞ്ച് തകരുകയാ”

ജെസ്സിയുടെ ശബ്‌ദം ഇടറി, തേങ്ങൽ ഉയർന്നു.

“നിന്റെ പറച്ചിൽ കേട്ടാൽ തോന്നുമല്ലോ ഞാൻ നിന്നെ നിർബന്ധിച്ചു അമേരിക്കയിലേക്ക് നാട് കടത്തിയതാണെന്ന്. നിന്റെ ആഗ്രഹം അല്ലായിരുന്നോ ഒരു നേഴ്സ് ആയി അമേരിക്കയിൽ പോയി ജോലി ചെയ്യണം എന്നത്. നിന്റെ ആഗ്രഹത്തിന് ഞാൻ കൂട്ടുനിന്നു.നിന്റെ ആഗ്രഹം സാധിച്ചു തരുക എന്നത് എന്റെ കടമയല്ലേടി. നീ കരയാതെ കിടന്നുറങ്ങാൻ നോക്ക്. ഞാനിപ്പോൾ പുറത്താ. മോള് അമ്മച്ചിയുടെ കൂടെ ഇരുന്നു കളിക്കുന്നത് കണ്ടിട്ടാ ഞാൻ പോന്നത്. രാത്രി പിടിവാശി കൂടുതലാ. ഇടക്ക് അമ്മയെ കാണണം എന്ന് പറഞ്ഞു കരയും. പിന്നെ എന്റെ നെഞ്ചിൽ കേറികിടന്നു ഉറങ്ങും.”

ടോമിച്ചൻ പറഞ്ഞു.

“പാവം അമ്മച്ചി, ഈ വയസ്സാം കാലത്തു വീട്ടിൽ കിടന്നു കഷ്ടപ്പെടുകയല്ലേ.”

ജെസ്സി സങ്കടപെട്ടു.

“നീ സങ്കടപെടാതെ. നിനക്ക് സങ്കടം സഹിക്കാൻ പറയുന്നില്ലെങ്കിൽ ഞാൻ ഒരു പെണ്ണിനെ കെട്ടി അമ്മച്ചിക്ക് കൂട്ടായി  വീട്ടിൽ നിർത്താം. നീ വരുമ്പോൾ ഡിവോഴ്സ് ചെയ്തേക്കാം. നീ ഇങ്ങനെ സങ്കടപെടുന്നത് കണ്ടു പറഞ്ഞതാ. വേണോ “

ടോമിച്ചൻ ചോദിച്ചത് കേട്ട് മറുതലക്കൽ ഒരു നിമിഷം നിശബ്ദത വന്നു.

“ആണെന്ന് പറയുന്ന വർഗ്ഗങ്ങൾക്ക് എത്ര പെണ്ണുങ്ങളെ കിട്ടിയാലും ആർത്തി തീരില്ലല്ലോ. കുഴിയിലേക്ക് എടുക്കുന്നത് വരെ പെണ്ണ്, പെണ്ണ് എന്ന ചിന്ത അല്ലേയുള്ളു.എന്ന് വച്ചു നിങ്ങളത് കണ്ടു ഞെളിയണ്ട. ടോമിച്ചന് ഒരു പെണ്ണ് മതി. ഈ ജെസ്സി മാത്രം.എന്റെ ശരീരം അമേരിക്കയിലും മനസ്സ് ടോമിച്ചന്റെ അടുത്തുമാ. അറിയാവോ നിങ്ങക്ക് “

ജെസ്സിയുടെ പരിഭവം കേട്ട് ടോമിച്ചന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.

“പിന്നേയ്… ഞാനിപ്പോൾ വിളിച്ചത്, ഞാനൊരു സ്വൊപ്നം കണ്ടു ഞെട്ടിയുണർന്നതാ. പേടിച്ചുപോയി .സ്വൊപ്നം എന്താണെന്നു ചോദിച്ചാൽ നിങ്ങൾ ആരെയോ ചവിട്ടി കൊന്ന് എന്ന്. ഇപ്പോഴും ആ വിറയൽ മാറിയിട്ടില്ല. അറിയാവല്ലോ, ഞാൻ കാണുന്ന മിക്ക സ്വൊപ്നങ്ങളും ഫലിക്കാറുണ്ട്. ഇപ്പൊ ഭാര്യയും ഒരു പെൺകുഞ്ഞും ഉണ്ട്. അതോർത്തു വേണം നടക്കാൻ “

ജെസ്സി പറഞ്ഞത് കേട്ടതും ടോമിച്ചൻ മൈക്കിളിന്റെ നെഞ്ചത്തിരുന്ന കാൽ എടുത്തു.

“നിനക്ക് ഇങ്ങനത്തെ സ്വൊപ്നം അല്ലാതെ കാണാൻ നല്ല സ്വൊപ്നങൾ ഒന്നുമില്ലേ. വെറുതെ മനുഷ്യന്റെ സമാധാനം കെടുത്താൻ “

ടോമിച്ചൻ പറഞ്ഞിട്ട് നിലത്തുകിടക്കുന്ന മൈക്കിളിനെയും പോലീസുകാരനെയും നോക്കി.

അപ്പോൾ ആന്റണി എടുത്തെറിഞ്ഞ ഒരു പോലീസുകാരൻ ടോമിച്ചന്റെ മുൻപിൽ വന്നു അലച്ചുപോത്തി വീണു.

“അത് സ്വൊപ്നം അല്ലെ.. നിങ്ങള് പേടിക്കണ്ട.പിന്നെയൊരു കാര്യം, ഞാനൊരു ലീവിന് അപ്ലൈ ചെയ്യാൻ പോകുവാ. കിട്ടുകയാണെങ്കിൽ അടുത്തമാസം നാട്ടിലേക്കു വരണം.എനിക്കെന്റെ കെട്യോന്റെയും മോളുടെയും കൂടെ കഴിയണം. എന്റെ അമ്മച്ചിയെ കാണണം. അമേരിക്കൻ ജീവിതം മടുത്തു.”

ജെസ്സി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“നിനക്ക് വയ്യെങ്കിൽ ഇങ്ങോട്ട് പോരെടി. എനിക്കും നിന്നെ പിരിഞ്ഞിരിക്കുന്നതിൽ വിഷമം ഉണ്ട്. പുറത്തു കാണിക്കുന്നില്ലന്നെ ഉള്ളു. മോൾക്കാണെങ്കിലും അവളുടെ അമ്മയുടെ ചൂടും സ്നേഹവും വാത്സല്യവും ഈ പ്രായത്തിൽ കിട്ടണ്ടേ. നീ ഇങ്ങു പോരെ. നമുക്കിവിടെ കുട്ടിക്കാനത്തു സ്നേഹിച്ചും കലഹിച്ചും കഴിയാമെടി. നല്ലപ്രായത്തിൽ കാശൊണ്ടാക്കാൻ കെട്യോനും കെട്യോളും രണ്ട് സ്ഥലത്തു പോയികിടന്നിട്ടു, വയസ്സാം കാലത്തു മുഖത്തോട് മുഖം നോക്കിയിരുന്നിട്ടു എന്ത് കാര്യം.ഉണ്ടാക്കി കൂട്ടുന്ന കാശിനു ചുളിവ് വീണ തൊലിയെയും, വർദ്ധ്യക്യത്തെയും മാറ്റിമറക്കാൻ കഴിയുമോ. പോയ കാലം പോയി. ഇനി മുന്പോട്ടുള്ളത് നന്നായി ജീവിക്കാം. നീ ഇങ്ങു പോരെടി “

ടോമിച്ചൻ പറഞ്ഞു കൊണ്ടിരുന്നത് നിലത്തു നിന്നും എഴുനേറ്റു വന്ന മൈക്കിളിന്റെ ചവിട്ടു പുറകിൽ കൊണ്ട് ടോമിച്ചൻ മുൻപോട്ടു വേച്ചു പോയി.

“നീ വച്ചോ, എനിക്ക് കുറച്ച് ജോലിയുണ്ട്.”

ടോമിച്ചൻ മൊബൈൽ ഡിസ്കണെക്ട് ചെയ്തു പോക്കറ്റിൽ ഇട്ടു തിരിഞ്ഞു.

“എന്താടാ പുല്ലേ, എന്റെ കെട്യോളോട് ഒന്ന്‌ സൊള്ളാൻ പോലും നീ സമ്മതിക്കില്ലേ “

പറഞ്ഞതും മുൻപോട്ടു ഓടിവന്ന മൈക്കിളിന്റെ താടിയെല്ല് തകരുന്ന തരത്തിൽ ഒരിടി കൊടുത്തു. ആ ഇടിയിൽ മൈക്കിൾ താഴേക്കു വീണു.

ആന്റണി ഒരു പോലീസുകാരനെ ഇടിച്ചു മുട്ടേലിരുത്തി, മുഖം പിടിച്ചു ടാറിട്ട റോഡിൽ ചേർത്തു ഉരച്ചു.

നിലത്തുകിടന്ന മൈക്കിളിനെ ടോമിച്ചൻ പൊക്കിയെടുത്തു ജീപ്പിലേക്കു ചേർത്തു വച്ചു.

“നിന്നെ വെറുതെ വിടില്ലെടാ പട്ടി. നിനക്കറിയില്ല, എനിക്കങ്ങു മോളിൽ നല്ല പിടിയുണ്ട്. അതുകൊണ്ട് ഈ മൈക്കിളിനെ തല്ലിയിട്ട് നിന്നെ സുഖിക്കാൻ ഞാൻ വിടത്തില്ല “

അവശനായെങ്കിലും മൈക്കിൾ വീറോടെ പറഞ്ഞു.

“എടാ സി ഐ കഴുവേ &*%#@മോനെ. നിനക്ക് മുകളിൽ പിടിയുണ്ടങ്കിൽ ഈ ടോമിച്ചന്റെ പിടി ഇങ്ങു താഴെയാ. നിന്റെ പൊക്കിളിനു താഴെ ചൂണ്ടുവിരൽ കൊണ്ടൊരു കുത്തുകുത്തി തിരിച്ചു ശരിക്കൊരു പിടി പിടിച്ചാൽ ജീവനുള്ള കാലത്തോളം നീ മൂത്രമൊഴിക്കത്തില്ല. മൂത്രം കെട്ടികിടന്നു മൂത്രസഞ്ചി പൊട്ടി നീ ചാകും. അതുകൊണ്ട് നിന്റെ മുകളിലെ പിടുത്തമൊക്കെ കുറച്ചു നാളത്തേക്ക് മാറ്റി വച്ചേക്ക്. നിന്റെ മുതലാളി കിടക്കുന്നത് കണ്ടോ. അവനും അവന്റെ ചേട്ടനും മുകളിൽ നല്ല പിടിയ. പക്ഷെ ഞാൻ അവന്റെ താഴെ ഒരു പിടുത്തം പിടിച്ചപ്പോൾ മുല്ലപ്പെരിയറിൽ നിന്നും തമിഴ്നാട് വെള്ളം കൊണ്ട് പോകുന്ന പോലെയാ അവന്റെ കാലുവഴി മൂത്രം പോയത്. അതുകൊണ്ട് ഇതു ഇവിടം കൊണ്ട് നിർത്തിക്കോണം. എന്റെ പുറകെ വന്നാൽ നീ ഇടികൊണ്ട് പരാലിസസ് പിടിച്ചു പരലോകത്തു പോകും.”

ടോമിച്ചൻ മൈക്കിളിനെ തള്ളിക്കൊണ്ട് പോയി പോലിസ് ജീപ്പിനടുത്തു കൊണ്ടുപോയി നിർത്തി.

ആന്റണിച്ചന്റെ അടുത്ത് നിലത്തു കിടന്ന പോലീസുകാരുടെ മുഖത്തു തൊലി പൊളിഞ്ഞിളകി ചോരയൊഴുകുന്നുണ്ടായിരുന്നു!!

“നിന്റെ ശിങ്കിടി പോലിസുകാരെയും വിളിച്ചുകൊണ്ടുപോകാൻ നോക്ക്.ആൾക്കാര് കണ്ടാൽ നാണക്കേട് ആകും. പിന്നെ ആ വരാൽ ജെയ്‌സന്റെ കൊലപാതകം ആൻഡ്രൂസിന്റെയും ആ ടീച്ചറിന്റെയും ദേഹത്ത് കൊണ്ടിട്ടു നിനക്ക് യഥാർത്ഥ പ്രതിയെ രക്ഷപ്പെടുത്താൻ ഉദ്ദേശം ഉണ്ടെങ്കിൽ അതൊന്നും നടക്കത്തില്ല. കാക്കിയിട്ടവന്മാർ കണ്ടെത്തിയില്ലെങ്കിൽ ഈ ടോമിച്ചൻ കണ്ടെത്തും. ഇവരെ ആ ഊരാക്കുടക്കിൽ നിന്നും രക്ഷപ്പെടുത്താൻ ഈ ടോമിച്ചനറിയാം. ഓർത്തോ “

ടോമിച്ചൻ തന്റെ ജീപ്പിനടുത്തേക്ക് നടന്നു. പോകുന്ന വഴിയിൽ നിലത്തു കിടന്ന വരദന്റെ അടുത്തെത്തി.

“വരദൻ മുതലാളി.. ഒരുമാസം എങ്കിലും അനങ്ങാതെ കിടന്നു ഉഴിച്ചിലും പിഴിച്ചിലും നടത്തിയാലേ നിന്റെ സാധനം  പഴയപോലെ നേരെ ആകൂ. അപ്പോഴേക്കും ഞാൻ വീണ്ടും വരാം.”

കാലുകൊണ്ട് ഒരു തട്ടുകൊടുത്തിട്ടു ടോമിച്ചൻ ജീപ്പിനടുത്തേക്ക് നടന്നു.

“ആന്റണിച്ച ഇവരെ സ്കൂളിൽ ആക്കിയിട്ടു വാ. നമുക്ക് പൊന്മുടി വരെ ഒന്ന്‌ പോകാം. ഞാൻ കവലയിൽ കണ്ടേക്കാം “

ജീപ്പിൽ കേറുന്നതിനിടയിൽ ടോമിച്ചൻ ആന്റണിയോട് പറഞ്ഞു.

റോസ്‌ലിൻ ജിക്കുമോനുമായി ജീപ്പിൽ നീന്നുമിറങ്ങി. ടോമിച്ചനെ നന്ദി പൂർവ്വം നോക്കി.

“നിങ്ങളാരാണെന്നു എനിക്കറിയില്ല. പക്ഷെ അനാഥരായ എന്നെയും എന്റെ കുഞ്ഞിനേയും രെക്ഷപ്പെടുത്തിയതിനു നന്ദി. മറക്കില്ല “

ടോമിച്ചന് നേരെ കൈകൂപ്പിയ ശേഷം റോസ്‌ലിൻ ജിക്കുമോനെയും എടുത്തു ആന്റണിയുടെ ജീപ്പിനടുത്തേക്ക് നടക്കാൻ തുടങ്ങി.

“ടീച്ചറെ… എന്റെ പേര് ടോമിച്ചൻ, വിശദമായി വരും ദിവസങ്ങളിൽ പരിചയപ്പെടാം.പിന്നെ അനാഥരാണെന്ന ചിന്ത വേണ്ട. ഞങ്ങളെല്ലാവരും ഇല്ലെ. നിങ്ങളെ ഈ പ്രശ്നത്തിൽ നിന്നും രക്ഷപ്പെടുത്തുന്നത് വരെ ഈ ടോമിച്ചൻ ഇവിടെയൊക്കെ കാണും. പേടിക്കാതെ പൊക്കോ “

ടോമിച്ചൻ പറഞ്ഞ വാക്കുകൾ റോസ്‌ലിന്റെ മനസ്സിലെ വ്യാകുലതക്ക്‌ കുറച്ചു ശമനം ഉണ്ടാക്കി.

********************************************

ആന്റണി റോസ്‌ലിനെയും ജിക്കുമോനെയും സ്കൂളിൽ ആക്കി കവലയിൽ എത്തുമ്പോൾ ടോമിച്ചൻ അവിടെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.

“ടോമിച്ചാ ഒരു ചായകുടിച്ചിട്ടു പോകാം. ശരീരത്തിൽ അവിടെയും ഇവിടെയുമൊക്കെ മുറിഞ്ഞിട്ടിട്ടുണ്ട്. ങ്ങാ സാരമില്ല.”

അടുത്തുകണ്ട ചായക്കടയിലേക്ക് കയറി രണ്ട് ചായ ഓർഡർ കൊടുത്തു.

ചായകുടിച്ചു ഓരോ സിഗററ്റും മേടിച്ചു വലിച്ചിട്ടു ആന്റണിയുടെ ജീപ്പ് അവിടെ ഒതുക്കി ഇട്ടു വന്നു ടോമിച്ചന്റെ ജീപ്പിൽ കയറി പൊന്മുടിക്കു നീങ്ങി.

തൊമ്മിച്ചന്റെ വീടിനടുത്തുള്ള വഴിയരുകിൽ ജീപ്പൊതുക്കി ടോമിച്ചനും ആന്റണിയും റബ്ബർതോട്ടത്തിലൂടെ ഇറങ്ങി നടന്നു.

മുറ്റത്തു നിൽക്കുകയായിരുന്ന ആൻഡ്രൂസ് നാടകല്ല് കേറി വരുന്ന ആന്റണിയെയും ടോമിച്ചനെയും കണ്ടു അമ്പരന്നു.

“ടോമിച്ചാ, നീ എന്താ ഈ സമയത്ത് ഇവിടെ “

ആൻഡ്രൂസ് ടോമിച്ചന്റെ അടുത്തേക്ക് ചെന്നു.

“എനിക്കിങ്ങോട്ട് വരണമെങ്കിൽ സമയവും സന്ദർഭവും നോക്കണോ. നിന്നെ കാണണമെന്ന് തോന്നി. വന്നു “

ടോമിച്ചൻ പറഞ്ഞു കൊണ്ടിരുന്നപ്പോൾ പറമ്പിലേക്ക് പോയിരുന്ന തൊമ്മിച്ചൻ കയറി വന്നു.

വീട്ടിനുള്ളിൽ നിന്നും ഏലികുട്ടിയും ഷൈനിയും വരാന്തയിൽ ഇറങ്ങി. ആന്റണിയെ എല്ലാവർക്കും മനസ്സിലായി.

“റോസ്‌ലിനും ജിക്കുമൊന്നും സുഖമായിട്ടിരിക്കുന്നോ “

ഏലിയാമ്മ ആന്റണിയെ നോക്കി.

“അവർക്കു കുഴപ്പമൊന്നുമില്ല. സുഖമായി ഇരിക്കുന്നു “

ആന്റണി മറുപടി പറഞ്ഞു.

“ഇതാരാ ആൻഡ്രൂ “

തൊമ്മിച്ചൻ ആൻഡ്രൂസിനെ നോക്കി.

“ഇതാണ് ഞാൻ പറയാറുള്ള ടോമിച്ചൻ. കുട്ടിക്കാനാത്തുള്ള. എട്ടുപത്തു ബാറിന്റെ ഉടമസ്ഥനാണ്.”

ആൻഡ്രൂസ് ടോമിച്ചനെ പരിചയപ്പെടുത്തി.

“ടോമിച്ചനെക്കുറിച്ചും വീടിനെക്കുറിച്ചും ആൻഡ്രൂസ് ഇവിടെ പറയും. കണ്ടിട്ടില്ലെങ്കിലും കേട്ടു നല്ല പരിചയമാ. ഇപ്പൊ കാണുകയും ചെയ്തല്ലോ. വാ കയറി ഇരിക്ക് “

തൊമ്മിച്ചൻ വരാന്തയിൽ കിടന്നിരുന്ന കസേരയിലേക്ക് ചൂണ്ടി  ടോമിച്ചനെ ക്ഷണിച്ചു.

അഞ്ചുമിനിറ്റിനുള്ളിൽ ഷൈനി ചൂടുള്ള ചായയുമായി വന്നു ടോമിച്ചനും ആന്റണിച്ചനും കൊടുത്തു.

“ഇതാരാ മോളാണോ “?

ഷൈനിയെ നോക്കി ടോമിച്ചൻ  ചോദിച്ചു

“ഞങ്ങക്ക്  രണ്ട് പെണ്മക്കള് ആണ്. ഷൈനി, ഷേർലി “

ഏലിയാമ്മ ടോമിച്ചനെ നോക്കി പറഞ്ഞു.

കുറച്ചു നേരം സംസാരിച്ചു ഇരുന്ന ശേഷം ടോമിച്ചൻ ആന്റണിയും ആൻഡ്രൂ സുമായി പുറത്തേക്കിറങ്ങി.

ജീപ്പിൽ കേറി അവർ പൊന്മുടി ഡാമിന്റെ പരിസരത്തേക്ക് പോയി.

“ആൻഡ്രൂസേ നീ എന്താ കുട്ടിക്കാനത്തേക്ക് വരാത്തത്. നിനക്കൊരു ബുദ്ധിമുട്ട് വരുമ്പോൾ നിനക്കങ്ങോട്ട് വരാൻ മേലെ. നീ ഒരു കൊലക്കുറ്റത്തില ചെന്നു പെട്ടിരിക്കുന്നത് അതറിയാമോ “

ടോമിച്ചൻ ആൻഡ്രൂസിനെ നോക്കി.

ആൻഡ്രൂസ് ഒന്നും മിണ്ടിയില്ല.

“ആ മൊബൈൽ ഫോണിന്റെ ഉടമസ്ഥനെ പോലീസിന് കിട്ടിയോ “

ആന്റണി ആൻഡ്രൂസിനോട് ചോദിച്ചു.

“ഇല്ല. അയാള് മിസ്സിംഗ്‌ ആണ്. അവനാണ് ജെയ്സണെ കൊന്നത്. അതിന് നിർദേശം നൽകിയത് വരദനും. അവനെ കിട്ടാതെ വരദനെ കുടുക്കാൻ പറ്റത്തില്ല. അതാണ് വിദ്യാസാഗർ സാറും പറയുന്നത്. ആ വരദനും ഭദ്രനും കൂടി അവനെ എങ്ങോട്ടോ കടത്തിയത് ആണെന്നാണ് എനിക്ക് തോന്നുന്നത്. അവന്റെ പേര് ‘വെട്ടു സുര ‘എന്നോ മറ്റൊ ആണ്. അഞ്ചാറു കൊലപാതക കേസിലും പ്രതിയാണവൻ. അവനൊരു ഭാര്യയും കുഞ്ഞും ഉണ്ട് “

ആൻഡ്രൂസ് പറഞ്ഞു കൊണ്ട് ടോമിച്ചനെ നോക്കി.

“അവനെ കിട്ടിയാലേ ജെയ്‌സന്റെ ദേഹത്ത് നിന്നും കിട്ടിയ നിന്റെ വിരലടയാളത്തിന്റെ സത്യാവസ്ഥ നിയമത്തിനു മുൻപിൽ ബോധ്യപെടുത്താൻ പറ്റൂ. അവന്മാരെങ്ങാനും അവനെ തട്ടികളഞ്ഞാൽ പ്രശ്നം ആകും. അതുകൊണ്ട് എത്രയും പെട്ടെന്ന് അവനെ കണ്ടുപിടിക്കണം “

ടോമിച്ചൻ ഒരു ബീഡി എടുത്തു ചുണ്ടിൽ വച്ചു. ആൻഡ്രൂസ് ലൈറ്റ്ർ തെളിച്ചു കത്തിച്ചു കൊടുത്തു.

കുറച്ചു നേരം ആലോച്ചിരുന്ന ശേഷം ടോമിച്ചൻ എഴുനേറ്റു.

“ആൻഡ്രൂ.. ഇന്ന് രാത്രി ജെയ്സൻ കുത്തേറ്റു മരിച്ചു കിടന്ന അവിടെ നമുക്കൊന്നു പോകണം. ആർക്കും കിട്ടാത്ത എന്തെങ്കിലും എവിടെ എങ്കിലും കിടപ്പുണ്ടോ എന്ന് നോക്കാം. വല്ല തെളിവും കിട്ടിയാലോ “

ടോമിച്ചൻ പറഞ്ഞത് കേട്ടു ആൻഡ്രൂസ് ആന്റണിയെ നോക്കി.

“അറിഞ്ഞിടത്തോളം നിന്നെയും ആ ടീച്ചറിനെയും ഒരുപോലെ കുടുക്കാൻ ആരോ പ്ലാൻ ചെയ്തതാ. നിങ്ങൾ രണ്ടുപേരോടും ഒരുപോലെ വൈരാഗ്യം ഉള്ളത് വരദനും. ഇവരാണോ ഇതിനു പിന്നിൽ എന്നാണ് ആദ്യം അറിയേണ്ടത്. അതുകൊണ്ട് വെറുതെ നമുക്കവിടെ പോയൊന്നു പരിശോധിക്കാം. പോലീസുകാർ അവരുടെ രീതിയിലും അന്വേഷിക്കട്ടെ “

ടോമിച്ചൻ ഒരു പുകയെടുത്തു പുറത്തേക്കു വിട്ടു.

“ടോമിച്ചാ “

പെട്ടെന്ന് ഒരു വിളികേട്ട് ടോമിച്ചൻ ആ ഭാഗത്തേക്ക്‌ നോക്കി.

“ങ്ങാ വറീതിച്ചായനോ…. നിങ്ങളിവിടെ അടുത്താണോ താമസിക്കുന്നത് “

ടോമിച്ചൻ ആശ്ചര്യത്തോടെ ചോദിച്ചു.

“അതേടാ ടോമിച്ചാ.. ഇവിടുന്നു ഒരകിലോമീറ്റർ പോയാൽ മതി.”

വറീത് മാപ്പിള ടോമിച്ചന്റെ കയ്യിൽ പിടിച്ചു.

“കുട്ടിക്കാനത്തു നിന്നും ഇങ്ങോട്ട് പോന്നതിൽ പിന്നെ നിന്നെ ഇപ്പോഴാ കാണുന്നത്. നിനക്ക് സുഖമാണോടാ “

വറീത് ടോമിച്ചന്റെ മുഖത്തേക്ക് നോക്കി.

“സുഖമായി പോകുന്നു വറീതിച്ചായാ. മോളിയാന്റിയും മക്കളും എന്തെടുക്കുന്നു”

ടോമിച്ചന്റെ ചോദ്യം കേട്ടു വറീത് മാപ്പിളയുടെ മുഖം മങ്ങി.

“അപ്പോ നീയൊന്നും അറിഞ്ഞില്ലേ. ലിസിമോളെ കർത്താവ് കൊണ്ടുപോയെടാ ടോമിച്ചാ.ആരൊക്കെയോ ചേർന്നു എന്റെ പൊന്നുമോളെ കൊന്ന് കളഞ്ഞു ടോമിച്ചാ. അന്വേഷണം നടക്കുന്നുണ്ടെന്നു പറയുന്നതല്ലാതെ ഇതുവരെ ആരെയും പിടിച്ചിട്ടില്ല. ഇനി പിടിച്ചിട്ടെന്താ കാര്യം,മരിച്ചു പോയ എന്റെ ലിസിമോള് തിരിച്ചു വരുമോ?പക്ഷെ ഇനിയൊരു പെൺകുട്ടികൾക്കും ഈ ദുർഗതി വരരുത്. അതിന് ഇതു ചെയ്തവന്മാരെ ശിക്ഷിക്കുക തന്നെ വേണം. പക്ഷെ എന്നെ പോലെ ഒരു പാവപ്പെട്ടവന്റെ കേസായത് കൊണ്ട് പോലീസുകാരും വല്യ താത്പര്യം കാണിക്കത്തില്ല.കുട്ടിക്കാനത്തു നിന്നും ഇങ്ങോട്ട് വന്നത് തെറ്റായി പോയി ടോമിച്ചാ. അവിടെയായിരുന്നെങ്കിൽ എന്റെ മോൾക്ക്‌ ഈ ഗതി വരുകയില്ലായിരുന്നു “

ഒന്ന്‌ നിർത്തിയശേഷം വറീത് ടോമിച്ചനെ നോക്കി.

“നീ വീട്ടിലേക്കു വരണം സമയം കിട്ടുമ്പോൾ. ഞാൻ പോകുവാ, മോളികുട്ടിക്ക് കൊഴമ്പും തൈലവും മേടിക്കാൻ ഇറങ്ങിയതാ. പോകുവാ “

യാത്ര പറഞ്ഞു വറീത് മാപ്പിള നടന്നുപോകുന്നത് നോക്കി നിന്നിട്ട് ടോമിച്ചൻ ആൻഡ്രൂസിനെ നോക്കി.

“എന്താടാ ഇവർക്കൊക്കെ സംഭവിച്ചത് “?

ആൻഡ്രൂസ് ലിസിക്ക് സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞു കേൾപ്പിച്ചു.

“ഇവിടെ മൊത്തം പ്രശ്നം ആണല്ലോ.

ങും “

പറഞ്ഞിട്ട് ടോമിച്ചൻ ഒന്ന്‌ മൂളി.

രാത്രി പതിനൊന്നര കഴിഞ്ഞപ്പോൾ ടോമിച്ചനും ആൻഡ്റൂസും ആന്റണിയും വരദന്റെ ഗോഡൗണിന്റെ പരിസരത്തെത്തി. ജീപ്പ് പെട്ടെന്ന് ആരും നോക്കിയാൽ കാണാത്ത രീതിയിൽ ഒതുക്കി ഇട്ടു മൂവരും ഗേറ്റ് ചാടികടന്നു അകത്ത് കടന്നു.

നേർത്ത നിലാവെളിച്ചതിലൂടെ മൂവരും ജെയ്‌സൺ കുത്തേറ്റു മരിച്ചു കിടന്ന വീട് ലക്ഷ്യമാക്കി നീങ്ങി!!!!

                                    (തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!