“ആൻഡ്രൂസെ.. നീ ഇപ്പോൾ വന്നത് നന്നായി. അല്ലെങ്കിൽ ആ ടീച്ചറെയും കൊച്ചിനെയും ഇവന്മാർ പിടിച്ചോണ്ട് പോയേനെ “
ആൻഡ്രൂസിന്റെ അടുത്തേക്ക് ചെന്ന തൊമ്മിച്ചൻ പറഞ്ഞു.
“അത് ശരിയാ, ഞങ്ങള് കിളവന്മാർ ഈ തടിമാടൻ മാരോടു എത്ര സമയം പിടിച്ചു നിൽക്കാൻ പറ്റും.”
കുര്യച്ചനും ആശങ്ക പ്രകടിപ്പിച്ചു.
ആൻഡ്രൂസ് കയ്യിലിരുന്നു കരയുന്ന ജിക്കുമോനെ റോസ്‌ലിൻ ടീച്ചറിന്റെ കയ്യിലേക്ക് കൊടുത്തു. അവരുടെ നെറ്റിയിൽ നിന്നും ചോരപൊടിഞ്ഞു താഴേക്കു ഒഴുകുന്നുണ്ടായിരുന്നു.
“ടീച്ചർ കുഞ്ഞിനേയും കൊണ്ട് ആ ലോറിയിൽ പോയിരുന്നോ. ഇവിടെ നടക്കാൻ പോകുന്നതൊന്നും ശ്രെദ്ധിക്കണ്ട “
ആൻഡ്രൂസ് പറഞ്ഞിട്ട് തൊമ്മിച്ചനെയും കുര്യച്ചനെയും നോക്കി.
അവർ റോസ്‌ലിനെയും കുഞ്ഞിനേയും കൂട്ടി ലോറിക്കടുത്തേക്ക് നടന്നു.
ആൻഡ്രൂസ് മുണ്ടഴിച്ചു ഒന്ന് കുടഞ്ഞു മുറുകി ഉടുത്തു. തോളിൽ കിടന്നതോർത്തെടുത്തു മുണ്ടിന് മുകളിൽ കൂടി അരയിൽ വട്ടത്തിൽ കെട്ടി.
കുറച്ചകലെ ഒമിനി വാനിൽ ചാരി നിന്ന ആജാനബാഹുവായ ഒരാൾ കയ്യിലിരുന്ന ഹാൻസ് പാക്കറ്റ് കടിച്ചു പൊട്ടിച്ചു ഇടതു കയ്യിലേക്ക് കുടഞ്ഞിട്ടു വലതു വിരൽ ഉപയോഗിച്ച് ഞരടി, ഉരുട്ടി എടുത്തു കീഴ്ച്ചുണ്ടിനുള്ളിലേക്ക് വച്ചു കൊണ്ട് ആൻഡ്രൂസിനെ നോക്കി.പിന്നെ ചുറ്റും നിന്നവർക്ക് കണ്ണുകൾ കൊണ്ടു നിർദേശം കൊടുത്തു.
സംഘത്തിലുണ്ടായിരുന്ന നാലുപേർ ആൻഡ്രൂസിനു നേരെ പാഞ്ഞടുത്തു. മുൻപിൽ വന്നവൻ കയ്യിലുണ്ടായിരുന്ന കമ്പിവടി ആൻഡ്രൂസിനു നേരെ വീശി. അതേ നിമിഷം താഴേക്കു കുനിഞ്ഞ ആൻഡ്രൂസ് അവന്റെ കാലിൽ പിടിച്ചു ആഞ്ഞുവലിച്ചു. ബാലൻസ് തെറ്റി മുൻപോട്ടു വീഴാൻ തുടങ്ങിയ അവന്റെ നെഞ്ചത്ത് ആൻഡ്രൂസ് തലക്കിടിച്ചു പൊക്കി പാഞ്ഞടുത്ത മറ്റുള്ളവർക്ക് നേരെ എറിഞ്ഞു. രണ്ടുപേരുടെ ദേഹത്തേക്ക് അയാൾ പോയി ഇടിച്ചു മൂന്നുപേരും താഴേയ്ക്കു മറിഞ്ഞു.അതിൽ നിന്നും ഒഴിഞ്ഞു മാറി മുൻപോട്ടു കുതിച്ചു പൊങ്ങി തന്നെ തൊഴിച്ച മറ്റൊരുത്തനെ ആൻഡ്രൂസ് വായുവിൽ വച്ചു കാലിൽ പിടിച്ചു താഴേക്കു വലിച്ചു തന്റെ തോളിലേക്കമർത്തി വട്ടം ഒരൊടി ഒടിച്ചു. അവനിൽ നിന്നും ഒരു നിലവിളി ഉയർന്നു. തോളിൽ നിന്നും എടുത്തു നിലത്തേക്കിട്ട് അവന്റെ കയ്യിൽ തൂക്കി സർവശക്തിയും എടുത്തു ഒമിനിയിൽ ചാരി നിൽക്കുന്നവന്റെ നേർക്കെറിഞ്ഞു. ഒഴിഞ്ഞു മാറാൻ പറ്റുന്നതിനു മുൻപ് അവന്റെ ദേഹത്ത് പോയി ഇടിച്ചു അയാൾ തെറിച്ചു ഒമിനി വാനിനു മുകളിലൂടെ താഴേക്കു വീണു.താഴെ കിടന്ന രണ്ട് പേർ ചാടി എഴുനേറ്റു. അപ്പോഴേക്കും അവരുടെ മുൻപിലെത്തിയ ആൻഡ്രൂസിന്റെ ഇടിയേറ്റു അവരിൽ ഒരുത്തന്റെ മൂക്കിന്റെ പാലം തകർന്നു ഒരു വശത്തേക്ക് അലർച്ചയോടെ മറിഞ്ഞു. പെട്ടന്ന് തോളിൽ പച്ച മാംസത്തിലൂടെ എന്തോ തുളഞ്ഞിറങ്ങിയത് ആൻഡ്രൂസ് അറിഞ്ഞു.ഒരലർച്ചയോടെ തിരിഞ്ഞ ആൻഡ്രൂസ് പുറകിൽ നിന്നും കത്തിക്ക് കുത്തിയവന്റെ കഴുത്തിൽ പിടുത്തമിട്ട് പുറകിലേക്ക് തള്ളിക്കൊണ്ടുപോയി ലോറിയുടെ ബോണറ്റിൽ ഇടിച്ചു നിർത്തി താഴെക്കൂർന്നു വെട്ടി തിരിഞ്ഞു മുട്ടുകാൽ കൊണ്ടവന്റെ നാഭിയിൽ ഇടിച്ചു. നിലവിളിയോടെ കുനിഞ്ഞ അവനെ വട്ടത്തിൽ പൊക്കി തലകീഴേ ടാറിട്ട റോഡിൽ ഒരു കുത്തുകുത്തി. നിലത്തേക്ക് വീണ അവൻ കിടന്നു പിടഞ്ഞു. പെട്ടന്ന് ഒരു ചവിട്ടേറ്റു ആൻഡ്രൂസ് ഒരടി പുറകിലേക്ക് തെറിച്ചു പോയി. എന്നാൽ താഴെ വീഴുന്നതിന് മുൻപ് ആൻഡ്രൂസിനെ തൊമ്മിച്ചൻ താങ്ങി നിർത്തി.
വായിൽ കിടന്ന ഹാൻസ് പുറത്തേക്കു തുപ്പി കറപ്പിടിച്ച പല്ലുകൾ കാട്ടി അലറി ചിരിച്ചു കൊണ്ടയാൾ ആൻഡ്രൂസിനെ തൊഴിച്ചു.ലക്ഷ്യം തെറ്റി അയാളുടെ തൊഴി ലോറിയുടെ സൈഡിലെ കൊളുത്തിൽ കൊണ്ട് തുളഞ്ഞു കയറി. അതേ നിമിഷം ആൻഡ്രൂസ് അവന്റെ കഴുത്തിൽ പിടുത്തമിട്ടു പുറകിലേക്ക് മറിച്ചു നെഞ്ചിൽ കൈമുട്ടു കൊണ്ട് ആഞ്ഞൊരിടി!!അവന്റെ വായിൽ നിന്നും കട്ട ചോര തെറിച്ചു.തോളിൽ പിടിവരെ താഴ്ന്നിരിക്കുന്ന കത്തി ആൻഡ്രൂസ് വലിച്ചൂരി മുൻപിൽ നിന്നവന്റെ തോളിലേക്ക് കുത്തിയിറക്കി ഒരു തിരിച്ചു തിരിച്ചു.മരണവെപ്രാളത്തോടെ അയാൾ ആൻഡ്രൂസിനെ ആഞ്ഞു തള്ളി. വഴിയുടെ സൈഡിലേക്ക് വീണ ആൻഡ്രൂസ് താഴേക്കു ഉരുണ്ടു പോയി വെള്ളമൊഴുകുന്ന ഓടയിലേക്ക് വീണു. ചാടി എഴുനേറ്റു വലിഞ്ഞു കേറി വഴിയിൽ എത്തിയപ്പോഴേക്കും നിലത്തു വീണുകിടന്നവരുൾപ്പെടെ ഒമിനി വാനിൽ കയറിയിരുന്നു. ഒരു മുരൾച്ചയോടെ വാൻ പാഞ്ഞു പോയി.
“ആൻഡ്രൂസെ, നിനക്കെന്തെങ്കിലും പറ്റിയോ “?
തൊമ്മിച്ചനും കുര്യച്ചനും ആൻഡ്രൂസിന്റെ അടുത്തേക്ക് വന്നു.
“ഇല്ല, കയ്യിലെയും കാലിലെയും കുറച്ച് തൊലി പോയി.ഒരത്തിൽ ഒരു കുത്തും കിട്ടി, സാരമില്ല “
ലോറിയുടെ ബോണറ്റിൽ ചാരി നിന്ന് ദേഹത്തെ മണ്ണു തട്ടി കളഞ്ഞു കൊണ്ട് പറഞ്ഞിട്ട് ലോറിയിൽ നിന്നും ഇറങ്ങി വന്ന റോസ്‌ലിനെയും ജിക്കു മോനെയും നോക്കി.
ഒരത്തിൽ കത്തികൊണ്ട് കിട്ടിയ മുറിവിൽ നിന്നും ചോര ഒഴുകിയിറങ്ങുന്നു!
“ടീച്ചറിന്റെ നെറ്റി മുറിഞ്ഞിട്ടുണ്ട്. ആശുപത്രിയിൽ പോകണോ “
ആൻഡ്രൂസിന്റെ ചോദ്യം കേട്ടു ‘വേണ്ട ‘എന്ന് റോസ്‌ലിൻ മറുപടി കൊടുത്തു.
“ഒരുപാടു നന്ദി ഉണ്ട്, എന്നെയും എന്റെ മോനെയും രക്ഷിച്ചതിന്. ഒരിക്കലും മറക്കില്ല “
ആൻഡ്രൂസിന്റെ നേരെ കൈകൂപ്പി കൊണ്ട് റോസ്‌ലിൻ പറഞ്ഞു. അവരുടെ കണ്ണുകൾ നിറഞ്ഞു തൂവിയത് ലോറിയുടെ ഹെഡ് ലൈറ്റിന്റെ പ്രകാശത്തിൽ ആൻഡ്രൂസ് കണ്ടു.
“ആരാ ഇവന്മാർ, എന്തിനാ നിങ്ങളെ അവർ തട്ടിക്കൊണ്ടു പോകുവാൻ നോക്കിയത് “
ചോദ്യഭാവത്തിൽ ആൻഡ്രൂസ് റോസ്‌ലിനെ നോക്കി.
“അതൊരു കഥയ, പിന്നീട് കാണാൻ ദൈവം അനുഗ്രഹിച്ചാൽ പറയാം. ഒരത്തിൽ നല്ല മുറിവുണ്ട്. ചോരയും പോകുന്നുണ്ട് “
“അത് സാരമില്ല. ടീച്ചറു പൊക്കോ. മോനെയും കൊണ്ട് ഇരുട്ടുന്നതിനു മുൻപ് വീടിലെത്ത്….അതോ ഞാൻ കൊണ്ടുവിടാണോ.”?
ആൻഡ്രൂസ് മുറിവിൽ അമർത്തി പിടിച്ചു കൊണ്ട് ചോദിച്ചു. മുറിവിന്റെ ഭാഗത്തു വേദന അരിച്ചിറങ്ങുന്നുണ്ട്.
“വേണ്ട, ഞാൻ പൊക്കോളാം.. ” റോസ്‌ലിൻ എല്ലാവരെയും നന്ദി സൂചകമായി നോക്കിയിട്ട് ജിക്കുമോന്റെ കൈ പിടിച്ചു മുൻപോട്ടു നടക്കാൻ തുടങ്ങി.കുറച്ചു മുൻപോട്ടു നടന്ന ജിക്കുമോൻ പെട്ടന്ന് റോസ്‌ലിന്റെ കൈ വിടുവിച്ചു തിരിഞ്ഞോടി ആൻഡ്രൂസിന്റെ മുൻപിലെത്തി മുഖത്തേക്ക് നോക്കി.
“ജിക്കുമോനു പേടിയാ, അവര് എന്നേം മമ്മിയേം പിടിച്ചോണ്ട് പോകാൻ ഇനിയും വരും. അപ്പോളും വന്നു രക്ഷിക്കുവോ. എന്റെ മമ്മിക്കും എനിച്ചും ആരൂല്യ “
തന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ, സങ്കടവും പേടിയും നിറഞ്ഞ മുഖത്തോടെ നോക്കുന്ന ജിക്കുമോനെ ആൻഡ്രൂസ് വാരിയെടുത്തു.
“മോനെയും മമ്മിയെയും ഇനി ആരും ഒന്നും ചെയ്യില്ല പോരെ. ഈ ആന്ധ്രൂസങ്കിൾ അവരെ ഇടിച്ചു പപ്പടം പോലെ പൊടിക്കും. “
ആൻഡ്രൂസ് പറഞ്ഞത് കേട്ടു ജിക്കുമോന്റെ മുഖം തെളിഞ്ഞു.
“റോസ്‌ലിൻ ടീച്ചറെ, ഇപ്പോൾ ഒറ്റയ്ക്ക് ആ വീട്ടിലേക്കു പോകണ്ട. മോനും ആകെ ഭയന്നിരിക്കുവാ. രാത്രിയെങ്ങാനും അവന്മാർ തിരിച്ചു വന്നാലോ. നമുക്ക് ഞങ്ങടെ വീട്ടിലേക്കു പോകാം. എന്നിട്ട് തീരുമാനിക്കാം എന്താ ചെയ്യേണ്ടത് എന്ന് “
തൊമ്മിച്ചൻ പറഞ്ഞത് കേട്ടു റോസ്‌ലിൻ ഒന്നും പറയാതെ ജിക്കുമോനെ നോക്കി. ഇവിടെ നടന്ന സംഭവങ്ങളിൽ അവൻ ശരിക്കും ഭയന്ന് പോയി എന്ന് ആ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു.
“ടീച്ചറെ ഇപ്പൊ തലപ്പുകച്ചു ഒന്നും ചിന്തിക്കേണ്ട.മോനെയും കൂട്ടി പോയി ലോറിയിൽ കയറ്. നമുക്ക് വീട്ടിലേക്കു പോകാം “കുര്യച്ചൻ പറഞ്ഞിട്ട് ലോറിക്ക് നേരെ നടന്നു.
റോസ്‌ലിൻ ഒരു നിമിഷം മടിച്ചു നിന്ന ശേഷം ലോറിക്ക് നേരെ നടന്നു. ആൻഡ്രൂസ് ജിക്കുമോനെ എടുത്തുയർത്തി ലോറിയുടെ ഡ്രൈവിംഗ് സീറ്റിനടുത്തുള്ള സ്ഥലത്തു ഇരുത്തി. റോസ്‌ലിൻ ക്യാബിനുള്ളിലേക്ക് കയറാൻ പ്രയാസപ്പെടുന്നത് കണ്ടു ആൻഡ്രൂസ് അടുത്തേക്ക് ചെന്നു.
“ടീച്ചറെ ലോറിക്ക് പോക്കകൂടുതൽ ആണ്. ഞാൻ കയ്യിൽ പിടിക്കാം. കയറിക്കോ.”
ആൻഡ്രൂസ് റോസ്‌ലിന്റെ കയ്യിൽ പിടിച്ചു പൊക്കി കയറാൻ സഹായിച്ചു.റോസ്‌ലിനെ കയറ്റി ഇരുത്തിയപ്പോഴേക്കും തൊമ്മിച്ചനും കുര്യച്ചനും ലോറിയുടെ പുറകിൽ കയറിയിരുന്നു. ആൻഡ്രൂസ് അരയിൽ കെട്ടിയിരുന്ന തോർത്തെടുത്തു തോളിലെ മുറിവിൽ അമർത്തി കെട്ടി ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു ലോറി സ്റ്റാർട്ട് ചെയ്തു.
ലോറി മുൻപോട്ടെടുത്തു ആൻഡ്രൂസ് ജിക്കുമോനെ നോക്കി.
“മോൻ പേടിച്ചുപോയോ. ഇതൊക്കെ കണ്ടു പേടിക്കണ്ട കേട്ടോ. ഇനിയാരും മോനെ പിടിച്ചോണ്ട് പോകാൻ വരത്തില്ല”
ആൻഡ്രൂസ് പറഞ്ഞുകൊണ്ട് ലോറിയുടെ വേഗം കൂട്ടി.
ജിക്കുമോൻ ആൻഡ്രൂസിനെ നോക്കികൊണ്ട് ഇരിക്കുകയാണ്. സിനിമയിൽ കാണുന്നത് പോലെ എതിരാളികളെ അടിച്ച് നിലം പരിശാക്കിയ ഹീറോയുടെ പരിവേഷം ആണവന്റെ മനസ്സിൽ ഇപ്പോൾ ആൻഡ്രൂസിനു ഉള്ളത്.
വഴിയിലേക്ക് ശ്രെദ്ധിച്ചു ലോറിയോടിച്ചു കൊണ്ടിരിക്കുന്ന ആൻഡ്രൂസിനെ റോസ്‌ലിനും ഒന്ന് പാളി നോക്കി.
തന്നെയും തന്റെ കുഞ്ഞിനേയും ആക്രമികളിൽ നിന്നും ജീവൻപോലും പണയം വച്ചു രക്ഷിച്ച ആളാണിത്.വിശ്വസിച്ചു കൂടെ ഇറങ്ങി ചെന്നിട്ടും ഒരുവൻ തന്നെ ചതിച്ചു .തന്റെ ജീവിതത്തെ നിരാശയുടെ അന്ധകാരത്തിലേക്കു തള്ളി വിട്ടു. അതിൽ ഇന്നും നീറി എരിയുകയാണ് താൻ, പ്രേമത്തിന്റെ മാസ്മരികഥയിൽ ഒളിഞ്ഞിരുന്ന കാപട്യം തിരിച്ചറിയാൻ തനിക്കു കഴിഞ്ഞില്ല . അന്നുമുതൽ ആൺ വർഗ്ഗങ്ങളോട് അറപ്പായിരുന്നു, വെറുപ്പായിരുന്നു മനസ്സിൽ. പക്ഷെ ഇപ്പോൾ ഇതാ തന്റെ കണക്കു കൂട്ടലുകളെ മാറ്റിമറിക്കുന്ന ഒരാളെ കാണുന്നു. ഒരു പെണ്ണിന്റെ ചാരിത്രം നഷ്ടപ്പെടാതെ കാത്തുരക്ഷിക്കുന്നവനാണ് യഥാർത്ഥ പുരുഷൻ. അവനെയാണ് ഒരു സ്ത്രി ആണായി സങ്കൽപ്പിക്കുന്നത്. മനസ്സിൽ പ്രതിഷ്ഠിക്കുന്നത്.
ലോറി ഒരു കുലുക്കത്തോടെ നിന്നപ്പോൾ ആണ് റോസ്‌ലിൻ ചിന്തയിൽ നിന്നും ഉണർന്നത്.
“ടീച്ചറെ എറങ്ങേണ്ട സ്ഥലം ആയി. പതുക്കെ പിടിച്ചു ഇറങ്ങിക്കോ”
ആൻഡ്രൂസ് ലോറി ഓഫാക്കി താക്കോലും എടുത്തു ജിക്കുമോനെയും കൊണ്ട് താഴെക്കിറങ്ങി.
തൊമ്മിച്ചനും കുര്യച്ചനും ഇറങ്ങി മുൻപിലേക്കു വന്നു.
“ടീച്ചറെ ആ കാണുന്നതാ എന്റെ വീട്. വാ അങ്ങോട്ട് പോകാം “
തൊമ്മിച്ചൻ പറഞ്ഞിട്ട് മുൻപോട്ടു നടന്നു. പുറകെ മറ്റുള്ളവരും.
ഒരു ലോറി വന്നുനിൽക്കുന്നത് കണ്ടു ഏലികുട്ടിയും ഷൈനിയും മുറ്റത്തിറങ്ങി നോക്കി നിൽപ്പുണ്ടായിരുന്നു.
തൊമ്മിച്ചന്റെയും കുര്യച്ചന്റെയും കൂടെ ആന്ധ്രുസും ഒരു സ്ത്രിയും കുഞ്ഞും വരുന്നത് കണ്ടു ഏലികുട്ടി ഷൈനിയെ നോക്കി.
“നമ്മുടെ ആൻഡ്രൂസ് ഒരു പെണ്ണിനേയും കൊചിനെയും കൂട്ടി വരുന്നുണ്ടല്ലോ. അവന്റെ ഭാര്യയും കുഞ്ഞും ആണോ? കഴിഞ്ഞമാസം ഇവിടെ വന്നപ്പോഴും ഇതിനെക്കുറിച്ചു ഒന്നുമവൻ പറഞ്ഞില്ലല്ലോ. പിന്നെ ഇതെങ്ങനെ സംഭവിച്ചു “
ഏലികുട്ടി സംശയം പ്രകടിപ്പിച്ചു.
“അമ്മച്ചി ആവശ്യമില്ലാത്ത ഊഹാപോഹം പറയണ്ട. അത് ആൻഡ്രൂസിച്ചായന്റെ ആരുമല്ല. ഇങ്ങോട്ട് വരുമ്പോൾ അറിയാമല്ലോ “
ഷൈനി നീരസത്തോടെ ഏലികുട്ടിയെ നോക്കി കൊണ്ട് പറഞ്ഞു.
“ഞാൻ എന്റെ സംശയം പറഞ്ഞതാ. അതിനു നീ എന്തിനാണ് ദേഷ്യപ്പെടുന്നത്”
ഏലിയാമ്മ അത്ഭുതത്തോടെ ഷൈനിയെ നോക്കി.
അപ്പോഴേക്കും ലോറിയിൽ വന്നവർ വീടിന്റെ മുറ്റത്തു എത്തിയിരുന്നു.
“ഏലിയാമ്മേ, ദേ രണ്ടുമൂന്നു അതിഥികൾ ഉണ്ട് നമുക്ക്. ഇത് റോസ്‌ലിൻ ടീച്ചർ, ഇത് ടീച്ചറിന്റെ മകൻ ജിക്കുമോൻ “
റോസ്‌ലിനെയും ആൻഡ്രൂസിന്റെ കയ്യിൽ പിടിച്ചു നിൽക്കുന്ന ജിക്കുമോനെയും ചൂണ്ടി തൊമ്മിച്ചൻ പറഞ്ഞു.
“മിസ്റ്റർ ആൻഡ്രൂസ്, ഇങ്ങോട്ടൊക്കെ കണ്ടിട്ട് കുറച്ച് നാൾ ആയല്ലോ. എവിടെ ആയിരുന്നു “
ഷൈനിയുടെ ചോദ്യം കേട്ടു ഏലിയമ്മ കയ്യൊങ്ങിക്കൊണ്ട് ചെന്നു.
“മൂത്തവരെ കേറി പേര് വിളിക്കുന്നോടി, നിന്റെ പല്ല് ഞാൻ കൊഴിക്കും. അവന് നിന്നെക്കാളും അഞ്ചാറു വയസ്സ് കൂടുതൽ ഉണ്ട് “
ഏലികുട്ടിയിൽ നിന്നും ഒഴിഞ്ഞു മാറി ഷൈനി തൊമ്മിച്ചന്റെ പുറകിൽ ഒളിച്ചു.
“അവളവനോട് തമാശക്ക് പറയുന്നതെല്ലേ ഏലികുട്ടി. നീ ഇവരെ മുറ്റത്തു നിർത്താതെ അകത്തേക്ക് കൂട്ടികൊണ്ട് പോ.വഴിയിൽ വച്ചു സംഭവിച്ച കാര്യങ്ങൾ ഇവര് നിനക്ക് പറഞ്ഞു തരും “
തൊമ്മിച്ചന്റെ വാക്ക് കേട്ടതും ഷൈനി റോസ്‌ലിന്റെയും ജിക്കുമൊന്റെയും അടുത്തേക്ക് ചെന്നു.
“വാ ടീച്ചറെ, അകത്തേക്ക് പോകാം “
റോസ്‌ലിൻ ഷൈനിയുടെ കൂടെ വീടിനുള്ളിലേക്ക് പോയി.
“അപ്പോ തൊമ്മിച്ച, ആൻഡ്രൂസെ ഞാനങ്ങു നീങ്ങുവാ.കെട്യോളും പെങ്കൊച്ചും തനിച്ച അവിടെ. ഇനിയും നിന്നാൽ ശരിയാകതില്ല “
കുര്യച്ചൻ അവരോടു യാത്രപറഞ്ഞു മുറ്റത്തെ നടകല്ലുകളിറങ്ങി നടന്നു.
ഏലികുട്ടി വീട്ടിലെ നല്ലൊരു മുറി റോസ്‌ലിനും ജിക്കുമോനും ഒരുക്കി കൊടുത്തു.ജിക്കുമോൻ പെട്ടന്ന് തന്നെ ഷൈനിയും ആയി അടുത്തു, കളിയും ചിരിയുമായി.
“മോള് അത്താഴത്തിനു എന്താ കഴിക്കുന്നത്. ഇവിടെ ചപ്പാത്തിയും കറിയുമാണ് സ്ഥിരമായി. മോൾക്ക് ചോറാണ് വേണ്ടതെങ്കിൽ മടിക്കാതെ പറഞ്ഞോണം കേട്ടോ “
ഏലികുട്ടി റോസ്‌ലിന്റെ അടുത്തു പോയി പറഞ്ഞു. ജനാലയിലൂടെ പുറത്തേക്കു നോക്കി നിന്ന റോസ്‌ലിൻ ശബ്‌ദം കേട്ടു തിരിഞ്ഞു നോക്കി.
“മോള് എന്താ കരയുകയാണോ. ഇച്ചായൻ മോളുടെ കാര്യം എന്നോട് പറഞ്ഞു. വിഷമിക്കണ്ട. എല്ലാം ശരിയാകും. വിഷമിക്കാതെ പോയി കുളിച്ചിട്ടു വാ. കുളിമുറി പുറത്താണ്. ഷൈനി കാണിച്ചു തരും. മാറിയിടാൻ ഷേർലിയുടെ ഡ്രെസ്സ് ഇരിപ്പുണ്ട്. ഷേർലി എന്റെ മൂത്തമോളാ. നഴ്സിംഗ് പഠിക്കുവാ കോട്ടയത്ത്. അവളുടെ നേരെ താഴെ ഉള്ളവളാണ് ഷൈനി “
ഏലികുട്ടി റോസ്‌ലിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
“ഒന്നും പേടിക്കണ്ട. ഞങ്ങളെല്ലാം കൂടെയുണ്ട്. കുളിച്ചു വാ.അത്താഴത്തിനു മോൾക്കെന്താ വേണ്ടത് “
ചോദ്യഭാവത്തിൽ ഏലികുട്ടി റോസ്‌ലിന്റെ മുഖത്തേക്ക് നോക്കി.
“അമ്മച്ചി എന്താ ഉണ്ടാക്കിയതെങ്കിൽ അത് മതി. എനിക്കങ്ങനെ പ്രേത്യേക ഇഷ്ടാനിഷ്ടങ്ങൾ ഒന്നുമില്ലമ്മേ “
റോസ്‌ലിൻ അഴിഞ്ഞു കിടന്ന മുടി എടുത്തു ചുറ്റികെട്ടി വച്ചുകൊണ്ട് പറഞ്ഞു.
“എങ്കിൽ പോയി കുളിച്ചു വാ. ആഹാരം കഴിക്കാം “
പറഞ്ഞിട്ട് ഏലിയമ്മ അടുക്കളയിലേക്ക് പോയി.
“ടീച്ചറെ നാളെ നമുക്ക് പുഴയിൽ പോയി വിസ്തരിച്ചു കുളിക്കാം. ഇപ്പൊ വാ കുളിമുറി കാണിച്ചു തരാം “
അങ്ങോട്ട് വന്ന ഷൈനി റോസ്‌ലിനെയും കൂട്ടി വീടിന് പുറകിലുള്ള കുളിമുറിയുടെ ഭാഗത്തേക്ക് നടന്നു. ഏലിയാമ്മ അപ്പോഴേക്കും കുളിമുറിയിലെ ലൈറ്റ് ഇട്ടു.
“ഏലികുട്ട്യേ, കുറച്ച് വെള്ളം കൊണ്ടുവാടി “
വരാന്തയിൽ നിന്നുള്ള തൊമ്മിച്ചന്റെ വിളികേട്ട് ഏലികുട്ടി ഒരു മൊന്തയിൽ നിറയെ വെള്ളവും ആയി അങ്ങോട്ട് ചെന്നു.
ആൻഡ്രൂസ് വരുന്ന ദിവസം ഒരു മദ്യസേവ ഉള്ളതാണ്.
ആൻഡ്രൂസെ, ഇച്ചായന് അധികം കൊടുക്കണ്ട. പിന്നെ വായിൽ വരുന്നത് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും നേരം വെളുക്കുന്നത് വരെ.ഞാനും ഉറങ്ങാതെ അതും കേട്ടു ഇരിക്കേണ്ടി വരും “
ഏലികുട്ടി മോന്തയിലെ വെള്ളം അവരുടെ മുൻപിൽ വച്ചുകൊണ്ട് പറഞ്ഞു.
“ഇല്ല ഏലിയമ്മച്ചി. തൊമ്മിച്ചയന് അധികം കൊടുക്കത്തില്ല. ഇതൊക്കെ ഈ ഊര് തെണ്ടിയുടെ ജീവിതത്തിലെ ഒരു സന്തോഷം. അത്രതന്നെ.”
ആൻഡ്രൂസ് മോന്തയിലെ വെള്ളം ഗ്ലാസ്സിലേക്ക് ഒഴിച്ചു കൊണ്ട് പറഞ്ഞു.
“എടാ ആൻഡ്രൂ… ആരാടാ ഊര് തെണ്ടി. ഈ ഞങ്ങളൊക്കെ നിനക്കാരുമല്ലേ. എടാ അല്ലേന്ന്. ഞങ്ങളൊള്ളപ്പം നീ എങ്ങനെയാ ആരുമില്ലാത്തവൻ ആകുന്നത്.എടാ ഈ നിക്കുന്നവള്.. അതായതു എന്റെ കെട്ട്യോള് ഏലികുട്ടി, ഈ ഞാൻ, എന്റെ മക്കൾ ഇതൊക്കെ ആരാ. നിന്റെ ആളുകളാ. നിനക്കൊരാവശ്യം വന്നാൽ ഓടിവരാനും നോക്കാനും ഞങ്ങളുണ്ടെടാ “
തൊമ്മിച്ചൻ ഗ്ലാസിൽ ശേഷിച്ച മദ്യം വായിലേക്കൊഴിച്ചു കൊണ്ട് മദ്യലഹരിയിൽ പറഞ്ഞു.
ആൻഡ്രൂസ് ഒരു ബീഡി കത്തിച്ചു വലിച്ചു പുക ഊതി മുറ്റത്തേക്ക് വിട്ടുകൊണ്ടിരുന്നു.
“മതി, പഴമ്പുരാണം വിളമ്പൽ. ഇപ്പൊ ഞാൻ അത്താഴം എടുക്കാം. രണ്ടുപേരും എഴുനേറ്റു കൈകഴുകി ഇരിക്ക് “
ഏലികുട്ടി പറഞ്ഞിട്ട് അകത്തേക്ക് നടന്നു.
അപ്പോഴേക്കും റോസ്‌ലിൻ കുളികഴിഞ്ഞു വന്നിരുന്നു. ജിക്കുമൊന്റെയും ദേഹം കഴുകി തുടച്ചു.
അത്താഴം കഴിഞ്ഞു അടുക്കളയിലെ ജോലി ഒതുക്കി വച്ചു ഏലിയമ്മയും ഷൈനിയും റോസ്‌ലിന്റെ മുറിയിൽ വന്നു. അപ്പോൾ റോസ്‌ലിൻ ജിക്കുമോനെ ഉറക്കുകയായിരുന്നു.എലികുട്ടിയെ കണ്ടു റോസ്‌ലിൻ കട്ടിലിൽ എഴുനേറ്റിരുന്നു.
“മോള് കിടന്നോ.എഴുനേൽക്കണ്ട, നന്നായി ഒന്നുറങ്. അപ്പോൾ ഒരു ഉന്മേഷം ഒക്കെ വരും. ചൂടുവെള്ളം വേണമെങ്കിൽ അടുക്കളയിൽ വച്ചിട്ടുണ്ട്.”
ഏലികുട്ടി പറഞ്ഞത് കേട്ടു റോസ്‌ലിൻ തലകുലുക്കി.
“തൊമ്മിച്ചയാ, പോയി കിടന്നുറങ്. സമയം പതിനൊന്നു മണി ആയി. എനിക്കും ഒന്ന് കിടക്കണം “
തൊമ്മിച്ചനെ എഴുനേൽപ്പിച്ചു ഏലികുട്ടിയുടെ കൂടെ അകത്തേക്ക് വിട്ടിട്ടു ആൻഡ്രൂസ് മുറ്റത്തു ചെരിച്ചു വച്ചിരുന്ന കയറുകട്ടിൽ നേരെ പിടിച്ചിട്ടു.
അപ്പോഴേക്കും ഷൈനി തഴപ്പായും കൊണ്ട് അങ്ങോട്ട് വന്നു.
“അകത്ത് സ്ഥലം ഉണ്ട്. ആൻഡ്രൂസ് മുറ്റത്തു കിടന്നു മഞ്ഞും മഴയും കൊണ്ടാൽ ആരോഗ്യം പോകും. പറഞ്ഞില്ലെന്നു വേണ്ട “
ചിരിയോടെ പറഞ്ഞുകൊണ്ടിരിക്കുന്ന ഷൈനി യുടെ കയ്യിൽ നിന്നും പായ മേടിച്ചു കട്ടിലിൽ നിവർത്തി ഇട്ടു.
“നീ പോയി കിടക്കാൻ നോക്ക്. എന്റെ വായിലും നോക്കി ഇവിടെ നിക്കാതെ. എനിക്ക് കിടക്കണം “
ആൻഡ്രൂസ് കട്ടിലിൽ ഇരുന്നുകൊണ്ട് പറഞ്ഞു.
“നേരത്തും കാലത്തും ഒരു പെണ്ണ് കെട്ടിയിരുന്നെങ്കിൽ ഇങ്ങനെ ഒറ്റയ്ക്ക് അനാഥപ്രേതം പോലെ കിടക്കണമായിരുന്നോ “
ചിരിച്ചു കൊണ്ടുള്ള ഷൈനിയുടെ ചോദ്യം കേട്ടു ആൻഡ്രൂസ് ഒന്ന് സൂക്ഷിച്ചു നോക്കി.
“വണ്ടിപ്പണി തെണ്ടി പണി ആണെന്നാണ് പൊതുവെ ആളുകളുടെ വിചാരം. അങ്ങനെ ഉള്ളവന് ആരെങ്കിലും പെണ്ണ് കൊടുക്കുമോ.അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ കാണിച്ചു താ. ഞാൻ കെട്ടിയേക്കാം. പിന്നെ ഞാൻ ഒറ്റയ്ക്ക് കിടന്നു ഉറങ്ങുകയാണ് എന്നുള്ള നിന്റെ പരാതിയും തീരും “
വലിച്ചുകൊണ്ടിരുന്ന ബീഡി കുറ്റി ദൂരേക്ക് എറിഞ്ഞു കളഞ്ഞു കൊണ്ട് ആൻഡ്രൂസ് പറഞ്ഞു.
“ഓഹോ.. അപ്പോ പെണ്ണുകിട്ടാത്തത്തിൽ ഉള്ള നിരാശ ഉണ്ട് അല്ലെ. അങ്ങനെ വരട്ടെ “
ഷൈനി അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കികൊണ്ട് പറഞ്ഞു.
“അതേ.. പെണ്ണ് കെട്ടാത്തത് കൊണ്ടുള്ള വിഷമത്തിൽ ഞാൻ ഉറങ്ങിയിട്ട് വർഷങ്ങളായി. അതിന് നിനക്കെന്താ. നീ എങ്കിലും പോയി കിടന്നു ഉറങ്ങാൻ നോക്ക്.”
ആൻഡ്രൂസ് കട്ടിലിലേക്ക് ചാഞ്ഞു.
“എനിക്കൊരു വിഷമവും ഇല്ല. ഞാൻ പോയേക്കാം “
ഷൈനി തിരിഞ്ഞു നടക്കാൻ തുടങ്ങിയിട്ട് വീണ്ടും ആൻഡ്രൂസിനെ നോക്കി.
“നിനക്കെന്താ ഇവിടെനിന്നും പോകാൻ ഉദ്ദേശം ഇല്ലെ “
തിരിഞ്ഞു നിന്ന ഷൈനിയെ നോക്കി ആൻഡ്രൂസ്.
“എന്നോട് ചോദിച്ചില്ലേ. വണ്ടിപ്പണിക്കാരനെ കെട്ടാൻ തയ്യാറുള്ള പെണ്ണുങ്ങൾ ഉണ്ടോ എന്ന്. എന്റെ അറിവിൽ ഒരാളുണ്ട്. ആൻഡ്രൂസിനു ചേരും. അടക്കവും ഒതുക്കവും സൗന്ദര്യവും ഉള്ള ഒരു പെണ്ണ്. ആൻഡ്രൂസിനെ ഹൃദയത്തിൽ ചേർത്തു വച്ചു സ്നേഹിക്കാൻ കഴിയുന്ന ഒരു പെണ്ണ് ഉണ്ട്”
ഷൈനി പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ തിളങ്ങി.
“അതേതു പെണ്ണാ, തലയ്ക്കു വെളിവില്ലാത്ത, വീണ്ടുവിചാരം ഇല്ലാത്ത പെണ്ണ് “
ആൻഡ്രൂസ് അത്ഭുതത്തോടെ ഷൈനിയെ നോക്കി.
“അത് പറയാം. മനസ്സുകൊണ്ട് ഒരു പെണ്ണിനെ സ്വീകരിക്കാൻ തയ്യറെടുക്ക്. അവളുടെ മനസ്സറിഞ്ഞു സ്നേഹിക്കാനും, ചേർത്തുപിടിക്കാനും, സംരെക്ഷിക്കാനും തയ്യാറെടുക്ക്. ആ പെണ്ണ് ആൻഡ്രൂസിനു വേണ്ടി ഉള്ളതാണ്. എപ്പോഴും “
പറഞ്ഞു കൊണ്ട് നിൽക്കുമ്പോൾ വീട്ടിനുള്ളിൽ നിന്നും ഏലികുട്ടിയുടെ വിളികേട്ടു.
“എടീ ഷൈനി,ഈ പെണ്ണിന് ഉറക്കമൊന്നും ഇല്ലെ. എവിടെപ്പോയി കിടക്കുവാ “
ആൻഡ്രൂസിനെ ഒന്ന് നോക്കിയിട്ട് ഷൈനി വീട്ടിലേക്കു വേഗത്തിൽ നടന്നു.
തലയിണയിലേക്ക് തലവച്ചു ആൻഡ്രൂസ് മലർന്നു കിടന്നു.ആകാശ പാൽകടലിൽ നക്ഷത്രങ്ങൾ തെളിഞ്ഞു നിൽക്കുന്നു.അവിടെ ഒരു നക്ഷത്രം മാത്രം ഒറ്റപ്പെട്ടു പൂർവാധികം തെളിമയോടെ നിൽക്കുന്നു. തന്നെ പോലെ ഭൂമിയിൽ ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ ആരെങ്കിലും ആണോ അത്?അതിലേക്കു മിഴികളൂന്നു, ഒരു നെടുവീർപ്പോടെ ആൻഡ്രൂസ് കിടന്നു.
റോസ്‌ലിൻ കട്ടിലിൽ നിന്നും എഴുനേറ്റു ജനലിന്റെ അരികിൽ വന്നു പുറത്തേക്കു നോക്കി.
മുറ്റത്തും പറമ്പിലും നിലാവ് വീണുകിടക്കുന്നു. മുറ്റത്തെ മുല്ലവള്ളിയിൽ വിരിഞ്ഞു നിൽക്കുന്ന മുല്ലപ്പൂവിന്റെ ഗന്ധം അവിടെയാകെ നിറഞ്ഞു നിൽക്കുന്നു.
മുറ്റത്തെ കട്ടിലിൽ എഴുനേറ്റിരിക്കുന്ന ആൻഡ്രൂസിനെ കണ്ടു.കുറച്ച് കഴിഞ്ഞു വീണ്ടും കിടക്കുന്നത് കണ്ടു.
ആരാണിയാൾ? ആരായാലും ഇന്ന് അയാൾ രക്ഷിച്ചത് തന്റെ തന്റെ മാനമാണ്. തന്റെ കുഞ്ഞിന്റെ സുരക്ഷിതത്വം ആണ്.
അതുകൊണ്ടാണ് തന്റെ മോനെയും കൊണ്ട് ഈ മുറിയിൽ ഈ സ്നേഹസമ്പന്നരുടെ ഇടയിൽ ഈ നിമിഷം നിൽക്കുന്നത്.
സമാധാനത്തോടെ, എല്ലാം മറന്നു, തന്റെ മോനെയും കെട്ടിപിടിച്ചു ഉറങ്ങണം…
റോസ്‌ലിൻ മെല്ലെ തിരിഞ്ഞു കട്ടിലിൽ വന്നിരുന്നു. ഒരു വശം ചെരിഞ്ഞു കിടന്നു ഉറങ്ങുകയാണ് ജിക്കുമോൻ.
റോസ്‌ലിൻ കട്ടിലിൽ കിടന്നു ജിക്കുമോനെ തന്റെ ശരീരത്തിലേക്കു ചേർത്തു പിടിച്ചു .
********************************************
“റോഷൻ… എനിക്ക് ഈ പ്രണയത്തിലോ, മരം ചുറ്റി പ്രേമത്തിലോ താത്പര്യം ഇല്ല. മാത്രമല്ല ഇത് വീട്ടിലറിഞ്ഞാൽ ഉള്ള പുകിൽ റോഷന് പറഞ്ഞാൽ മനസ്സിലാകില്ല. വാപ്പ എനിക്ക് വേണ്ടി ഒരാളെ കണ്ടുവച്ചിട്ടുണ്ട്. അയാളുമായി എന്റെ നിക്കാഹ് നടത്തും. ഞാൻ എതിർത്താലും ഇല്ലെങ്കിലും. ഉമ്മയും വാപ്പയെ എതിർത്തൊന്നും ചെയ്യില്ല. മതത്തിന്റെ ഒരു ചട്ടകൂടിൽ, വാപ്പയുടെയും ഇക്കമാരുടെയും അധികാരത്തിനുള്ളിൽ നിന്ന് ജീവിക്കുന്നവരാണ് ഞങ്ങൾ.അവിടെ ഞങ്ങളുടെ ഇഷ്‌ടങ്ങൾക്കോ ഇഷ്ടക്കേടുകൾക്കോ സ്ഥാനം ഇല്ല. അതുകൊണ്ട് റോഷൻ എന്നോടുള്ള ഇഷ്ടം ഇനി തുടരണ്ട. ഞാൻ മൂലം ആരുടെയും ജീവിതം പ്രശ്നങ്ങളിലേക്ക് പോകുന്നത് എനിക്കിഷ്ടമല്ല. തുടക്കത്തിലേ മറന്നാൽ മനസ്സിനെ പറഞ്ഞു മനസിലാക്കാൻ സാധിക്കും.ഞാൻ പോട്ടെ “
വാകമരച്ചുവട്ടിൽ തന്നെയും നോക്കി നിന്ന റോഷനോട് പറഞ്ഞിട്ട് നസിയ മുൻപോട്ടു നടന്നു.
“നസിയ ഞാൻ പറയുന്നത്…..”
റോഷൻ പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുൻപ് നസിയ അതവഗണിച്ചു മുൻപോട്ടു നടന്നു.
ഗേറ്റിൽ എത്തുമ്പോൾ അവളെയും കാത്തു വീട്ടിൽ നിന്നും എത്തിയ കാർ കിടപ്പുണ്ടായിരുന്നു.
എന്നും നസിയ കാറിൽ ആണ് വരുന്നതും പോകുന്നതും.
“പോകാം ജോസേട്ടാ “
കാറിൽ കയറിയ നസിയ ഡ്രൈവർ ജോസേട്ടനോട് പറഞ്ഞു.
ഹൈദർ ഹക്കീം എന്ന വ്യെവസായിക്ക് മൂന്നു മക്കളാണ് ബീവി ആയിഷ ഹൈദറിൽ ഉള്ളത്. മക്കളിൽ മൂത്തയാൾ ഹഫീസ്, രണ്ടാമത്തെ ആൾ ഹബീബ്, അവർക്കു താഴെ നസിയ.
“മോളേ, വീടെത്തി ഇറങ്ങിക്കോ”
ജോസേട്ടന്റെ ശബ്‌ദം കേട്ടു കണ്ണടച്ചു സീറ്റിൽ ചാരികിടക്കുകയായിരുന്ന നസിയ കണ്ണുതുറന്നു. പിന്നെ ബാഗും എടുത്തു പുറത്തിറങ്ങി.
വീടിനുള്ളിലേക്ക് കയറുമ്പോൾ കേട്ടു ഉള്ളിൽ നിന്നും ഹൈദറിന്റെ ശബ്‌ദം.
“നിന്റെ മോളോട് പറഞ്ഞേക്ക്, ഞാൻ തീരുമാനിച്ച നിക്കാഹ് തന്നെ നടത്തുമെന്നു. ഇനി അതല്ല എന്നെ ധിക്കരിക്കാൻ ആണ് നിന്റെയും മോളുടെയും ഉദ്ദേശം എങ്കിൽ ചവിട്ടി കൊന്നു പുഴയിൽ താഴ്ത്തും രണ്ടിനെയും ഞാൻ. പറഞ്ഞില്ലാന്നു വേണ്ട “
മുൻപിൽ നിൽക്കുന്ന ആയിഷ ബീവിയെ നോക്കി പറഞ്ഞിട്ട് ഹൈദർ ഹക്കീം തിരിഞ്ഞതും മുൻപിൽ നസിയ വന്നതും ഒരുപോലെ ആയിരുന്നു.
“അപ്പോ വാപ്പയുടെ പൊന്നുമോള് ഇവിടെ പറഞ്ഞത് കേട്ടല്ലോ.കേട്ടില്ലെങ്കിൽ ഉമ്മയോട് ചോദിച്ചു മനസിലാക്കിക്കോണം.മുഹമ്മദ് അലിയുടെ വീട്ടുകാർക്ക് ഞാൻ വാക്കുകൊടുത്തിട്ടുള്ളതാ. അവരുടെ മകനെ എന്റെ മോളെ നിക്കാഹ് ചെയ്തു കൊടുക്കാമെന്നു. ഈ ഹൈദർ വാക്കുപറഞ്ഞാൽ അത് മാറ്റില്ല. നിന്റെ നന്മക്കു കൂടി വേണ്ടിയാ ബാപ്പ ഇത് പറഞ്ഞത് “
ഹൈദർ പറഞ്ഞു നിർത്തി. എന്തോ പറയുവാൻ നസിയ വാ തുറക്കാൻ തുടങ്ങിയതും ആയിഷ ബീവി അവളെ ഒന്ന് തുറിച്ചു നോക്കി.
“മിണ്ടാണ്ട് അകത്ത് പോടീ “
എന്നൊരു ധ്വനി അതിൽ ഉണ്ടായിരുന്നു. നസിയ കോണിപടികൾ കേറി മുകളിലേക്കു പോയി.
ഹൈദർ ആയിഷ ബീവിയെ തറപ്പിച്ചൊന്നു നോക്കിയിട്ട് പുറത്തേക്കു നടന്നു.
മുറിയിലെത്തി വാതിലടച്ച നസിയ കയ്യിലിരുന്ന ബാഗ് മേശമേൽ വച്ചു കട്ടിലിൽ ചെന്നിരുന്നു.
മകൾ എന്നതിനെക്കാൾ തന്റെ ഉപ്പ ലക്ഷ്യം വയ്ക്കുന്നത് കോടികളുടെ ആസ്തി ഉള്ള മുഹമ്മദ് അലിയുടെ ബിസിനസ് മേഖലയിലാണ്. ഈ നിക്കാഹിലൂടെ ആ കുടുംബവുമായി ബന്ധം സ്ഥാപിക്കുക എന്നതാണ്.
കൂട്ടിലടക്കപ്പെട്ട, വ്യെക്തി സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സ്ത്രി ജന്മങ്ങൾ ആണ് ഈ വീടിനുള്ളിൽ ഉള്ളത്. പുരുഷന്മാരുടെ മേധാവിത്വതിൽ ആഗ്രഹങ്ങളും,സ്വപ്നങ്ങളും, സന്തോഷങ്ങളും പർദ്ദക്കുള്ളിൽ മൂടി വയ്ക്കേണ്ടി വന്ന ജന്മങ്ങൾ.
എഴുനേറ്റു വാഷ്ബെസനിൽ പോയി മുഖം കഴുകി തിരിഞ്ഞപ്പോൾ മുന്നിൽ ആയിഷ ബീവി!
“ഈ വീട്ടിൽ സ്ത്രികൾക്ക് ഒരു സ്വാതന്ത്ര്യവും ഇല്ലെ ഉമ്മച്ചി. നമ്മൾ എന്താ അടിമകളാണോ. ബാപ്പയുടെ സ്വൊന്തം ഭാര്യയും മകളും അല്ലെ നമ്മൾ. പിന്നെ എന്തിനാണ് ഈ അടിച്ചമർത്തൽ. ഉമ്മ എന്തിനാ ഇങ്ങനെ എല്ലാം സഹിച്ചു കഴിയുന്നത് ഒന്നും മിണ്ടാതെ. നേർച്ചകോഴിയെ പോലെ “
നസിയ ഐഷാബീവിയുടെ മുഖത്തേക്ക് നോക്കി.
“ഈ വീടിനുള്ളിൽ നമ്മൾ സ്ത്രികൾക്ക് എതിർത്തു പറയാനുള്ള അവകാശം ഇല്ല മോളെ. മോൾക്ക് എതിർത്തു നിന്ന് ജയിക്കാനുള്ള ധൈര്യം ഉണ്ടോ. എങ്കിൽ ആയിക്കോ. പക്ഷെ എന്റെ മോള് തോറ്റു പോകരുത്. അത് ഈ ഉമ്മാക്ക് സഹിക്കാൻ പറ്റില്ല. ഉമ്മാക്ക് അതിനുള്ള ധൈര്യം ഇല്ല”
സങ്കടത്താൽ അവരുടെ മുഖം വിറച്ചു.
“മോൾക്ക് ആ നിക്കാഹിനു ഇഷ്ടമല്ലെന്നു ഉമ്മാക്കറിയാം. ആ മുഹമ്മദ് അലിയുടെ മകന് എന്തൊക്കെയോ അനാവശ്യമായ ഇടപാടുകൾ ഉണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ നിന്റെ ഉപ്പയ്ക്ക് അതൊന്നും ഒരു പ്രശ്നം അല്ല. കൊടുത്ത വാക്ക് പാലിക്കാനുള്ള വ്യെഗ്രതക്കു മുൻപിൽ മകളുടെ സന്തോഷത്തിനോ ഇഷ്ടത്തിനോ സ്ഥാനം ഇല്ല “
മുഖം കയ്യാൽ തുടച്ചുകൊണ്ട് ആയിഷ ബീവി മിണ്ടാതെ നിൽക്കുന്ന നസിയയെ നോക്കി.
“താഴേക്കു വാ, ചായ എടുത്തു വച്ചിട്ടുണ്ട്.ഉപ്പ പുറത്തേക്കു പോയിരിക്കുവാ “
പറഞ്ഞിട്ട് അവർ താഴേക്കുള്ള ഗോവണി പടികൾ ഇറങ്ങി..
********************************************
രാവിലെ റോസ്‌ലിൻ എഴുനേറ്റു പുറത്തേക്കു വരുമ്പോൾ മുറ്റത്തു നിൽക്കുകയാണ് തൊമ്മിച്ചനും ഏലികുട്ടിയും. ജിക്കുമോനും ഷൈനിയും കൂടെ അവിടെ മാറി നിൽപ്പുണ്ട്.
ആൻഡ്രൂസിനെ അവിടെയെങ്ങും കണ്ടില്ല.
“മോള് എഴുന്നേറ്റോ. കിടന്നുറങ്ങട്ടെ എന്ന് ഇച്ചായൻ പറഞ്ഞത് കൊണ്ടാ വിളിക്കാത്തത് “
ഏലികുട്ടി റോസ്‌ലിനോട് പറഞ്ഞു.
“മോള് അറിഞ്ഞോ,ഡാമിനടുത്തു ഒരു പെൺകുട്ടിയുടെ ശവം പൊങ്ങി എന്ന്. രണ്ടുദിവസം പഴക്കമുള്ളതാണെന്ന പറയുന്നത്. ആറ്റിൽ കുളിക്കാനോ മറ്റൊ പോയപ്പോൾ സംഭവിച്ചതാണോ അതോ ആരെങ്കിലും ആ പെങ്കൊച്ചിനെ ഉപദ്രേവിച്ചതാണോ എന്ന് ആർക്കറിയാം. പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയി വരുമ്പോൾ അറിയാം. കേട്ടിട്ട് ദേഹത്തൊരു വിറയൽ!”
ഏലികുട്ടി വിഷമത്തോടെ പറഞ്ഞിട്ട് വീടിനുള്ളിലേക്ക് കയറി.
“മോള് വാ ചായ എടുത്തു തരാം. തണുത്തു പോകാതിരിക്കാൻ അടുപ്പത്തു വച്ചിരിക്കുവാ “
റോസ്‌ലിനെ നോക്കി പറഞ്ഞിട്ട് അടുക്കളയിലേക്ക് നടന്നു.
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission