കാറിൽ നിന്നും ഇറങ്ങിയ ആൾ ജീപ്പിനരുകിൽ നിൽക്കുന്ന റോസ്‌ലിന്റെ അടുത്തേക്ക് വന്നു. അതേ സമയം തന്നെ കാറിൽ നിന്നും മറ്റൊരു സ്ത്രിയും ഇറങ്ങി. മോഡേൺ വസ്ത്രം ധരിച്ച അവർ കാറിൽ ചാരി നിന്നു.
“എന്തിനാടി ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത്. ഇവിടെ ആരുടെയെങ്കിലും പിണ്ഡം വയ്ക്കാനുണ്ടോ എന്നറിയാനാണോ?എന്നിട്ട് വീടിന്റെയും സ്വത്തുക്കളുടെയും വീതം മേടിക്കാനായിരിക്കും നിന്റെ ഉദ്ദേശം. അല്ലെ. പപ്പക്കും മമ്മിക്കും ഇപ്പൊ നല്ല ആരോഗ്യമുണ്ട്. അവരെ തെക്കോട്ടു കെട്ടിയെടുക്കണമെങ്കിൽ ഇനിയും വർഷങ്ങൾ എടുക്കും.അതുകൊണ്ട് നീ അതിന് വച്ച വെള്ളം അടുപ്പിൽ നിന്നും ഇറക്കി വച്ചേക്ക്. ഇനി അഥവാ പപ്പയും മമ്മിയും അങ്ങു പെട്ടെന്ന് തട്ടിപ്പോയെന്നു വയ്ക്കുക. ഒരു നയാ പൈസയുടെ മുതല് നിനക്കിവിടെനിന്നും കിട്ടത്തില്ല.എന്റെ ഭാര്യയും മക്കളും അനുഭവിക്കേണ്ട മുതല് കണ്ട തെണ്ടിക്കുണ്ടായ നിന്റെ മകനേ തീറ്റിക്കാനുള്ളതല്ല. അതുകൊണ്ട് ഇവിടെ നിന്നു തലപ്പുകക്കാതെ സ്ഥലം വിടാൻ നോക്ക്. കണ്ടുപോകരുത് നിന്നെ മേലിലിവിടെ “
റോബിൻ പല്ലിരുമ്മിക്കൊണ്ട് റോസ്‌ലിനു നേരെ കൈചൂണ്ടി.
റോസ്‌ലിൻ റോബിനെ ഒന്ന് സൂക്ഷിച്ചു നോക്കി. ആ നോട്ടത്തിൽ ദേഷ്യവും സങ്കടവും നിറഞ്ഞു നിന്നിരുന്നു.
“റോബിനെ ദൈവദോക്ഷം പറയരുത്. ഞാൻ മനസ്സിൽ വിചാരിക്കാത്ത കാര്യങ്ങളാ നീ വിളിച്ചു കൂവുന്നത്. എനിക്കോ എന്റെ മോനോ നിന്റെ സ്വത്തോ പണമോ ഒന്നും വേണ്ട. പപ്പയെയും മമ്മിയെയും ഒന്ന് കാണുവാനും എന്റെ മോനെ അവരെ ഒന്ന് കാണിക്കുവാനും വേണ്ടി വന്നതാ. അല്ലാതെ ഇവിടെ നിന്നും ഒന്നും എടുത്തു കൊണ്ട് പോകാനല്ല. പക്ഷെ മമ്മിയോട് ഒന്ന് സംസാരിക്കാനോ, ആ കയ്യിൽ നിന്നും ഒരു ഗ്ലാസ്സ് വെള്ളം മേടിച്ചു എന്റെ മോന് കൊടുക്കുവാനോ പപ്പ സമ്മതിച്ചില്ല. അതിന് പുറമേ ആണ് നിന്റെ ആക്ഷേപവും. മനസ്സ് നിറഞ്ഞു റോബിനെ. തൃപ്തി ആയി “
നിറഞ്ഞ കണ്ണുകൾ റോസ്‌ലിൻ സാരിത്തുമ്പു കൊണ്ട് തുടച്ചു.
“നിന്റെ കള്ളക്കണ്ണീർ കണ്ടു ഇവിടെ ആരുടെയും മനസ്സലിയാൻ പോകുന്നില്ല. കണ്ട കൂലി തല്ലുകാരന്റെ മസിലു കണ്ടു കിഴപ്പ് കേറി ഇറങ്ങി പോയപ്പോ ഓർക്കണമായിരുന്നു എന്നെങ്കിലും ഒരിക്കൽ അവന്റെ വയറു കുത്തിപൊളിച്ചു ആളുകൾ കുടലുമാല വലിച്ചൂരുമെന്നും, അപ്പോ ഗതി കെട്ടു ഇതുപോലെ വന്നു നിൽക്കേണ്ടി വരുമെന്നുമൊക്കെ “
റോബിൻ പറഞ്ഞു കൊണ്ട് തലകുനിച്ചു ജീപ്പിനുള്ളിൽ ഇരിക്കുന്ന ആൻഡ്രൂസിനെ നോക്കി.
“നിന്റെ കൊച്ചിന്റെ അപ്പനെ കാലൻ പൊക്കിയപ്പോഴേ അടുത്തവനെ കൂട്ട് പിടിച്ചു അല്ലേടി. ഒരുത്തൻ പോയാൽ അടുത്തവൻ. നിന്നെ പോലുള്ളവളുമാരുടെ മുദ്രാവാക്യം അതാണല്ലോ. കൂടെ ന്യായീകരണവും. ഇപ്പൊ ഇവനാണ് നിന്റെ പാപ്പാൻ. കൊള്ളാമെടി. നിന്റെ മോൻ തന്ത ആരാണെന്ന് ചോദിക്കുമ്പോൾ ലോകത്തുള്ളവരെയെല്ലാം ചൂണ്ടി മോനെ ഈ കാണുന്നവരെല്ലാം നിന്റെ അപ്പന്മാരാണെന്നു പറയാമല്ലോ. അവനും സന്തോഷമാകും.തൂഭു “
കർക്കിച്ചു നീട്ടി തുപ്പി റോബിൻ പരിഹാസത്തോടെ റോസ്‌ലിനെ നോക്കി ചിരിച്ചു.
ആൻഡ്രൂസ് സ്റ്റിയറിങ്ങ് വീലിൽ മുറുക്കെ പിടിച്ചു കൊണ്ട് റോബിനെ സൂക്ഷിച്ചു നോക്കി.
“ഒന്ന് നിർത്ത്.. എനിക്കൊന്നും കേൾക്കണ്ട. പക്ഷെ ഒന്നുണ്ട് “
റോസ്‌ലിന്റെ മുഖഭാവം കനത്തു.
“എന്റെ മോൻ നിന്നെ ചൂണ്ടി ഒരിക്കലും അപ്പാന്ന് വിളിക്കില്ല. പോരെ “
റോസ്‌ലിന്റെ ഭാവം മാറിയത് കണ്ടു റോബിൻ ഒന്ന് പതറി.
കാറിൽ ചാരി നിന്ന റോബിന്റെ ഭാര്യ ഗ്രേസ് അത് കേട്ടു അവരുടെ അടുത്തേക്ക് വന്നു.
“എന്താടി പറഞ്ഞത്. എന്റെ ഭർത്താവിനെ ചൂണ്ടി നിന്റെ മോൻ അപ്പാന്നു വിളിക്കില്ലന്നോ “
പറഞ്ഞു കൊണ്ട് ഗ്രേസ് റോബിനെ രൂക്ഷമായി നോക്കി.
“നിങ്ങള് സ്വന്തമോ ബന്ധമോ മറന്നു ഇവളുടെ കൂടെ എങ്ങാനും അഴിഞ്ഞാടി നടന്നോ മനുഷ്യ “
ഗ്രേസ് ചോദിച്ചു കൊണ്ട് ജീപ്പിനടുത്തു ചെന്നു സീറ്റിൽ കിടക്കുന്ന ജിക്കുമോന്റെ മുഖത്തേക്കും റോബിന്റെ മുഖത്തേക്കും മാറി മാറി നോക്കി.
“എന്തായാലും ഇവന് നിങ്ങടെ ഛായ ഇല്ല.ഭാഗ്യം “
പറഞ്ഞിട്ട് ഗ്രേസ് ഒരു ദീർഘനിശ്വാസം ഉതിർത്തു കൊണ്ട് തിരിഞ്ഞു റോസ്‌ലിനെ നോക്കി.
“നിന്റെ കുഞ്ഞിന് തന്തയെ അന്വേഷിച്ചിറങ്ങിയതാണെങ്കിൽ അലഞ്ഞു തിരിഞ്ഞു നടക്കാതെ പത്രത്തിലോ ചാനലിലോ സോഷ്യൽ മീഡിയയിലോ ഒരു പരസ്യം കൊടുക്കെടി.രാത്രി കൊതുകുകടിയും കൊണ്ട് ഏതെങ്കിലും ഒരു പെണ്ണിന്റെ നോട്ടത്തിനോ വാക്കിനോ വേണ്ടി കണ്ണിൽ എണ്ണയൊഴിച്ചു കാമം മൂത്ത് ഉറങ്ങാതെ ഇരിക്കുന്ന ഏതെങ്കിലും ഞരമ്പുരോഗികളെ കിട്ടും. നിന്നെയും കൊച്ചിനെയും ഏറ്റെടുക്കാൻ.അങ്ങനെ ഉള്ളവന്മാരുടെ കയ്യിൽ കിട്ടിയാലേ നിന്റെ സൂഖേട് മാറി കിട്ടൂ. അല്ലാതെ ഇവിടെ കിടന്നു മോങ്ങിയിട്ടു കാര്യമില്ല “
ഗ്രേസ് പുച്ഛത്തോടെ പറഞ്ഞു .
“ഗ്രേസ്, നിങ്ങളും ഒരു പെണ്ണല്ലേ.പറയുന്നതിന് ഒരു പരിധി ഇല്ലെ.എന്തിനാ നിങ്ങളെല്ലാവരും ഒരു ദ്രോഹവും ചെയ്യാത്ത എട്ടും പൊട്ടും തിരിയാത്ത എന്റെ കൊച്ചിനെ അനാവശ്യം പറയുന്നത്. കർത്താവ് ഇതിനൊക്കെ നിങ്ങളോട് ചോദിക്കും “
റോസ്‌ലിൻ വർധിച്ച സങ്കടത്തോടെ ഗ്രേസിനെ നോക്കി .
“പിന്നെ കർത്താവിനു അതാണല്ലോ ജോലി. അങ്ങേര് ലോകത്തുള്ളവരുടെ പാപം മുഴുവൻ തലയിലേറ്റി സ്വൊന്തം ജീവിതം ബലി കഴിച്ചു ലോകത്തെ നന്നാക്കാൻ നോക്കി.എന്നാൽ ലോകത്തെ പാപങ്ങൾ കുറഞ്ഞോ. പെണ്ണുങ്ങളും ആണുങ്ങളും മത്സരിച്ചു വ്യഭിചരിച്ചും പീഡിപ്പിച്ചും കൂട്ടികൊടുത്തും, കൊന്നും, കൊലവിളിച്ചും, കട്ടും, പിടിച്ചു പറിച്ചും,ആരെയും കിട്ടിയില്ലെങ്കിൽ സ്വയംഭോഗം ചെയ്തും അറുമാദിക്കുകയല്ലേ ഇവിടെ.ഇതു കണ്ടു ഈ “പട്ടി കഴുവേർടാ മക്കൾക്ക്” വേണ്ടി രണ്ടാമതൊന്നാലോചിക്കാതെ എടുത്തു ചാടി തന്റെ ജീവൻ കുരുതി കൊടുത്തല്ലോ എന്നോർത്തു ദുഃഖം സഹിക്കാതെ നെഞ്ചുപൊട്ടി കരയുകയാ പാവം കർത്താവ് . പോയ ജീവൻ തിരിച്ചു കിട്ടുമോ? അതോർത്തു കർത്താവ് ചിന്തക്കുഴപ്പത്തിൽ ഇരിക്കുമ്പോഴാ അവൾക്കു വേണ്ടി ഞങ്ങളോട് പ്രതികാരം ചെയ്യാൻ വരുന്നത് “
റോബിൻ പറഞ്ഞു കൊണ്ട് തിരിയുമ്പോൾ ആണ് ഗേറ്റ് തുറന്നു മത്തച്ചൻ അങ്ങോട്ട് വന്നത്.
“ഇവള് പോകാതെ വീടിന് മുൻപിൽ നിന്നു കവലപ്രെസംഗം നടത്തുകയാണോ? ആളുകള് കാണുന്നതിന് മുൻപ് സ്ഥലം വിട്ടു പോടീ കുലടെ “
മത്തചൻ കയ്യിൽ ഇരുന്ന കോടാലിയിൽ പിടി മുറുക്കി റോസ്‌ലിനെ നോക്കി ഗർച്ഛിച്ചു. ജീപ്പിലിരിക്കുന്ന ആൻഡ്രൂസിനെ കണ്ടു നെറ്റി ചുളിച്ചു .
“ഓഹോ.. നീ ഞങ്ങക്കിട്ട് ഏമാത്താൻ കൂലിക്കാരൻ രഹസ്യജാരനെ പുറത്ത് കൊണ്ട് നിർത്തിയിട്ടാ അകത്തേക്ക് വന്നത് അല്ലെ. ഇവന്റെ കൂടെ ആണോടി ഇപ്പൊ നിന്റെ വയ്‌പ്പും കുടിയും കിടപ്പും”
മത്തച്ചന്റെ അട്ടഹാസം കേട്ടു ആൻഡ്രൂസ് ജീപ്പിൽ നിന്നും പുറത്തേക്കിറങ്ങി. അതുകണ്ടു റോസ്‌ലിൻ ഭയത്തോടെ മത്തച്ചനെയും ആൻഡ്രൂസിനെയും മാറി മാറി നോക്കി.
“ങ്ങാ നീ ആള് കൊള്ളാമല്ലോടാ കൊച്ചനെ. വെറുതെ അല്ല ഇവള് നിന്നെ വട്ടം പിടിച്ചിരിക്കുന്നത്. കണ്ടാൽ തന്നെ തരക്കേടില്ലാത്ത ഉരുപ്പടി ആണല്ലോ.”
മത്തച്ചൻ ആൻഡ്രൂസിനെ അടിമുടി നോക്കികൊണ്ട് ജീപ്പിനടുത്തേക്ക് ചെന്നു ആൻഡ്രൂസിന്റെ മുൻപിൽ നിന്നു.
“നീ ആരാണെന്നൊന്നും എനിക്കറിയില്ല. പക്ഷെ ഒരു കാര്യം പറഞ്ഞേക്കാം. ലോകത്തു തന്തയില്ലാത്ത പിള്ളേർക്ക് തന്ത ആകാൻ നടന്നാൽ നിന്റെ ജീവിതം കോഞ്ഞാട്ട ആയി പോകും. അതുകൊണ്ട് ഇവളെയും വിളിച്ചു കൊണ്ട് വന്ന വഴിക്ക് വിട്ടോ. ഇതു സ്ഥലം വേറെയാണ്.”
മത്തച്ചൻ കോടാലിയുടെ വായ് ത്തല വിരലുകൊണ്ട് തടവി നോക്കി ആൻഡ്രൂസിനോട് പറഞ്ഞു.
“എടോ കാർന്നോരെ… കുറച്ച് നേരമായി തന്റെ ഈ പെങ്കോന്തൻ മകൻ കിടന്നു കൊരച്ചു മുക്രയിടുന്നു. അതിന് കൂട്ടായി അവന്റെ പരിഷ്ക്കാരി കെട്ട്യോളും. അത് പോരാഞ്ഞിട്ടാണ് ഇപ്പൊ തന്റെ കോടാലി അഭ്യാസവും. അധികം കടന്നു നെഗളിക്കാതെടോ. ആള് കളിച്ചാൽ എന്റെ അങ്ങ് ചെത്തി കളയുമോ താനും മകനും കൂടി. ഇതൊക്കെ ഒരു പാട് കണ്ടിട്ടുള്ളവനാ ഈ ആൻഡ്രൂസ്. പിന്നെ സ്വൊന്തം മകള് ഒരാളെ ഇഷ്ടപ്പെട്ടു കൂടെ ഇറങ്ങി പോയി എന്ന് വച്ച് മകള് മകളല്ലാതെ ആകുമോ? എടോ ആകുമൊന്ന്. പെണ്ണുങ്ങടെ മനസ്സ് പൊതുവെ അങ്ങനെയാടോ . എല്ലാം അണിഞ്ഞൊരുങ്ങി ജാടയും കാണിച്ചു നടക്കുമെങ്കിലും,അവരെ ഒന്ന് ശ്രെദ്ധിക്കുന്ന, അവരുടെ വിഷമങ്ങളും സങ്കടവും, സന്തോഷവും ,പറയുമ്പോൾ കേട്ടിരിക്കുന്ന , അവരെ ആശ്വസിപ്പിച്ചു, മനസിലാക്കി, അംഗീകരിക്കാൻ മനസ്സ് കാണിക്കുന്ന പുരുഷന്മാരിലേക്ക് അവരുടെ മനസ്സ് ചായും. വീണ്ടുവിചാരം ഇല്ലാതെ അങ്ങ് എടുത്തു ചാടും.സ്ത്രിയായി, സ്സ്ത്രയ്ണ സ്വഭാവത്തോടെ ഭൂമിയിൽ ജനിച്ച ഏതൊരു പെണ്ണും ഒരു പുരുഷന്റെ സ്നേഹത്തിനും, സംരക്ഷണത്തിനും വേണ്ടി കൊതിക്കും. ചില നാറികൾ ഈ സന്ദർഭം മുതലെടുത്തു മീനിനെ പിടിക്കുന്ന ലാഘവത്തോടെ വലവീശി പിടിച്ചു കരയിലിട്ട്, ശ്വാസം മുട്ടിച്ചു,കിടന്നു പിടക്കുന്നത് നോക്കി പതുക്കെ ആസ്വധിച്ചു കൊണ്ടിരിക്കും .അവസാനം ജീവച്ഛവം ആയെന്നു കാണുമ്പോൾ കടന്നു കളയും. അല്ലെങ്കിൽ ആ നരകത്തിൽ നിന്നും ഒരിക്കലും പുറത്ത് കിടക്കാത്ത രീതിയിൽ അടിച്ചമർത്തി കളയും. അതാ ഈ ടീച്ചറിന്റെയും ജീവിതത്തിൽ സംഭവിച്ചത്.ഒരു തെറ്റ് സംഭവിച്ചു എന്ന് കരുതി അവർക്കും മാന്യമായി ഇവിടെ കഴിയണ്ടേ.പിന്നെ തന്തയെയും തള്ളയേയും ഒന്ന് കാണാൻ വന്നത് ഇത്രയും വലിയ അപരാധം ആണെന്ന് ഞാനറിഞ്ഞില്ല.അതിന്റെ പേരിൽ ലോകത്തുള്ള ആണുങ്ങളുടെ എല്ലാം പേരുകൾ മകളുടെ പേരിനൊപ്പം ചേർത്തു വയ്ക്കുന്നത് ആണായിട്ട് പിറന്നവന്മാർക്ക് പറഞ്ഞിട്ടുള്ളതല്ല. കേട്ടൊടോ പരട്ട കിളവ “
ആൻഡ്രൂസ് കൃദ്ധനായി മത്തച്ചനെ നോക്കി.
അതുകേട്ടു മത്തച്ചന്റെ മുഖം ദേഷ്യത്താൽ വിറച്ചു, കണ്ണുകൾ ചുവന്നു. ബലിഷ്ഠമായ അയാളുടെ കൈ കോടാലിയിൽ പിടിമുറുക്കി.
“പരട്ട കിളവനെന്നോ,അതും ഇലഞ്ഞി മറ്റം മത്തച്ചന്റെ മുൻപിൽ വന്നു മുഖത്തു നോക്കി.നിനക്ക് എങ്ങനെ ധൈര്യം വന്നടെ പട്ടി കഴു *&%@മോനെ “
അലറി കൊണ്ട് മത്തച്ചൻ കയ്യിലിരുന്ന കോടാലി ആൻഡ്രൂസിന്റെ നേർക്കു ആഞ്ഞു വീശി.
ഞൊടിയിടയിൽ തെന്നി മാറിയത് കൊണ്ട് ആൻഡ്രൂസിനു വെട്ടു കൊണ്ടില്ല. കോടാലി വായ് ത്തല ജീപ്പിന്റെ ടാർപൊളിൻ തുളച്ചു കമ്പിയിൽ തട്ടി നിന്നു.
അതുകണ്ടു റോസ്‌ലിൻ പേടിച്ചു ഉറക്കെ നിലവിളിച്ചു കരഞ്ഞു പോയി.
പാഞ്ഞു വന്ന റോബിൻ പുറകിലൂടെ ആൻഡ്രൂസിനെ വട്ടത്തിൽ കേറി പിടിച്ചു.
“പപ്പാ.. ഇവനെ വിറക് കീറുന്നപോലെ അങ്ങ് വെട്ടി കീറിക്കോ. പത്തുകിലോ പഞ്ചസാരമേടിച്ചു കത്തിച്ചു ചാരമാക്കി ഏത്തവാഴക്ക് വളമായി ഇടാം. നല്ല ചിമിട്ടൻ കുലകൾ കിട്ടും. തമിഴ്‌നാട്ടിലേക്കു കയറ്റി വിടാം. അവന്മാർ നക്കിക്കോളും “
റോബിൻ വാശിയോട് വിളിച്ചു പറഞ്ഞു.
ജീപ്പിന്റെ ടാർപൊളിന്റെ ഇടയിൽ നിന്നും മാത്തച്ചൻ കോടാലി വലിച്ചെടുത്തു.
“പപ്പാ ഒന്നും നോക്കണ്ട, വെട്ടി അവന്റെ നെഞ്ചും കൂട് തകർത്തോ. ബാക്കി ഞാനും റോബിച്ചായനും കൂടി നോക്കിക്കൊള്ളാം “
ഗ്രേസും റോബിനെ സപ്പോർട്ട് ചെയ്തു കൊണ്ട് വന്നു ആൻഡ്രൂസിന്റെ കയ്യിൽ കേറി പിടിച്ചു.. ജീപ്പിന്റെ മറുഭാഗത്തു നിന്നും ഓടി വന്ന റോസ്‌ലിൻ ഗ്രേസിനെ തള്ളി മാറ്റാൻ ശ്രെമിച്ചു.
കോടാലിയും കൊണ്ട് വീണ്ടും തന്റെ നേരെ വന്ന മത്തച്ചന്റെ അടിവയർ നോക്കി ആൻഡ്രൂസ് വലതു കാലുയർത്തി ഒരു ചവിട്ട് കൊടുത്തു.
അപ്രതീക്ഷിതമായ കിട്ടിയ ചവിട്ടേറ്റു കോടാലിയും കൊണ്ട് മത്തച്ചൻ പുറകിലേക്ക് മലച്ചു. ജീപ്പിന്റെ സൈഡിൽ തലയിടിച്ചു നിലത്തേക്ക് വീണു.
അതേ സമയം തന്നെ ആൻഡ്രൂസ് തല പുറകിലേക്ക് ചലിപ്പിച്ചു കൊണ്ട് റോബിന്റെ മൂക്കിൽ ഇടിച്ചു. ഇടികൊണ്ട റോബിൻ ആൻഡ്രൂസിന്റെ മേലുള്ള പിടി അയച്ചു. താഴെകൂർന്ന ആൻഡ്രൂസ് റോബിന്റെ കാലിൽ ചുറ്റിപ്പിടിച്ചു പൊക്കി തലകീഴാക്കി നിലത്തടിച്ചു.
“അയ്യോ.. റോബിച്ചായാ..”
നിലവിളിച്ചു കൊണ്ട് ഗ്രേസ് നിലത്തു കിടക്കുന്ന റോബിന് നേരെ ചെന്നു.
വേദനകൊണ്ട് പുളയുന്ന റോബിനെ നോക്കിയിട്ടു ഗ്രേസ് ആൻഡ്രൂസിനു നേരെ തിരിഞ്ഞു.
“എന്റെ ഇച്ചായന് എന്തെങ്കിലും പറ്റിയാൽ നിന്നെ ഞാൻ കാണിച്ചു തരാമെടാ പട്ടി.”
ഗ്രേസിന്റെ കണ്ണുകളിൽ പക നിറഞ്ഞിരുന്നു.
“എടി കൊച്ചമ്മേ… നിന്നെ പോലുള്ളവളുമാരാ വെറുതെ ഇരിക്കുന്ന കെട്ടിയോൻമാരെ അതും ഇതും പറഞ്ഞു കൊടുത്തു വിട്ടു കൊലക്കു കൊടുക്കുന്നത് . നിന്റെയൊക്കെ വാക്കും കേട്ടു അവൻമാർ ആരുടെയെങ്കിലും മുതുകത്തു കേറി ഇടിമേടിച്ചു നെഞ്ച് പഞ്ചറാക്കി, പാരാലിസിസ് പിടിച്ചു മൂത്രമൊഴിക്കാൻ പോലും പറ്റാതെ കട്ടിലിൽ കിടക്കുമ്പോൾ നീയൊക്കെ വികാരം മൂത്ത് കാണിച്ചു കൊടുക്കാൻ കൊള്ളാവുന്ന ആരുടെയെങ്കിലും അടുത്ത് പോകും. ഒരുത്തനെ പിടിച്ചു വച്ച് യാതൊരു ഭയവുമില്ലാതെ വെട്ടികീറിക്കോളാൻ അമ്മായിയപ്പനോട് പറയുന്ന നീ നിനക്കുള്ളതൊക്കെ മറ്റുള്ളവരെ കാണിച്ചില്ലെങ്കിലേ അതിശയം ഉള്ളു. നീ തത്കാലം നിന്റെ കെട്ടിയവനെ കാണിച്ചാൽ മതി. എന്നെ കാണിക്കണ്ട . അത് കണ്ടിട്ട് എനിക്ക് പ്രേത്യേക വികാരവിചാരങ്ങളൊന്നും വരാനും പോകുന്നില്ല. നിന്നെ പോലുള്ള കുറച്ചവളുമാർക്ക് ഒരു വിചാരമുണ്ട്. ലോകത്തുള്ള ആണുങ്ങൾ മുഴുവൻ ഇതു കാണാൻ നടക്കുന്നവർ ആണെന്ന്. ഒന്ന് നീ മനസിലാക്കിക്കോ. നീയടക്കം എല്ലാ പെണ്ണുങ്ങൾക്കും കർത്താവ് കൊടുത്തിരിക്കുന്നത് ഒരേ പോലുള്ള സാധനങ്ങളാ. പിന്നെ ഓരോരുത്തരുടെ ശരീരത്തിന്റെ ഘടന അനുസരിച്ചു നിറവും വലുപ്പവും വ്യെത്യാസപെടുമെന്ന് മാത്രം. ഇതു മനസ്സിലാക്കുന്നവന്മാരാരും ഇതിനോട് ആക്രാന്തം കാണിക്കത്തില്ല. കേട്ടോടി പുല്ലേ “
പറഞ്ഞതും റോസ്‌ലിൻ പുറകിൽ നിന്നും വിളിക്കുന്നത് കേട്ടു ആൻഡ്രൂസ് വെട്ടി തിരിഞ്ഞു.പാഞ്ഞു വന്ന മത്തച്ചന്റെ കഴുത്തിൽ പിടിച്ചു പുറകോട്ടു തള്ളിക്കൊണ്ട് പോയി ജീപ്പിൽ ഇടിച്ചു നിർത്തി.
അതേ നിമിഷം വീടിന്റെ മതിൽ ചാടി കടന്നു മൂന്നുനാലുപേർ ആൻഡ്രൂസിന്റെ അടുത്തേക്ക് വന്നു.
മത്തച്ചന്റെ നാഭി നോക്കി മുട്ടുകാൽ മടക്കി ഒന്ന് കൊടുത്തു. മത്തച്ചൻ അടിവയർ പൊത്തി പിടിച്ചു താഴേക്കു കുനിഞ്ഞതും ആൻഡ്രൂസ് പിടിവിട്ടു തനിക്കു നേരെ വരുന്നവർക്ക് നേരെ ചെന്നു.
തന്റെ തലയ്ക്കു നേരെ വന്ന ഒരുത്തന്റെ ചുരുട്ടിയ മുഷ്ടിയിൽ കടന്നു പിടിച്ചു മിന്നൽ വേഗത്തിൽ തിരിച്ചു വട്ടത്തിൽ ചവുട്ട് ഇരുത്തി നിലത്തുകൂടി ഒന്ന് മലക്കം മറഞ്ഞു മറ്റൊരുത്തന്റെ കാലിൽ ചവുട്ടി നിലത്തേക്ക് മറിച്ചു, അവന്റെ ഇടതു കാൽ മുകളിലേക്കു പൊക്കി ഒടിച്ചു. അവനിൽ നിന്നും ഒരലർച്ച ഉയർന്നു. മറ്റൊരുത്തന്റെ ചവുട്ട് കൊണ്ട് ആൻഡ്രൂസ് മുൻപോട്ടു കുറച്ച് നിരങ്ങി പോയി. പുറകിൽ നിന്നും കഴുത്തിൽ ചുറ്റി പിടിച്ചവന്റെ തലമുടിയിൽ കൈ എത്തി പിടിച്ചു വലിച്ചു തലയ്ക്കു മുകളിലൂടെ മുൻപിലേക്കു മറച്ചു. കൈമുട്ടു ചുരുട്ടി അവന്റെ നെഞ്ചത്ത് ഒന്ന് കൊടുത്തു കൊണ്ട് ചാടി എഴുന്നേറ്റ ആൻഡ്രൂസ് പാഞ്ഞടുത്ത മറ്റൊരുവന്റെ അരയിൽ കൈച്ചുറ്റി പൊക്കി തോളിൽ വച്ച് വട്ടത്തിൽ ഒടിച്ചു നിലത്തേക്കെറിഞ്ഞു. അവൻ നിലത്തു കിടന്നു അലറി കരഞ്ഞു.
നിലത്തു കിടന്ന മറ്റൊരുത്തൻ എഴുനേറ്റു അവിടെ വീണു കിടന്ന കോടാലിയും കൊണ്ട് ആൻഡ്രൂസിന്റെ അടുത്തേക്ക് വന്നു ആഞ്ഞു വീശി. അതേ നിമിഷം ആൻഡ്രൂസിന്റെ മുൻപിൽ നിന്നും ഒരുത്തൻ എഴുനേറ്റു വന്നു. വെട്ട് അവന്റെ കഴുത്തിൽ കൊണ്ട് രക്തം ചിതറി തെറിച്ചു. ഒരാർത്താ നാദം അവനിൽ നിന്നും പുറത്തേക്കു വന്നു..കോടാലി വലിച്ചൂരി വീണ്ടും തന്നെ വെട്ടാൻ വന്നവന്റെ കോടാലിയിൽ കയറി പിടിച്ചു.
“ഒരുത്തനെ വെട്ടികീറി ഇട്ടിട്ടു അങ്ങനെ അങ്ങ് രെക്ഷപെട്ടു പോകാൻ നിനക്ക് കഴിയുമെന്ന് കരുതിയോട പൊല &*%@മോനെ.”
കോടാലിയിൽ പിടിച്ചു മുൻപോട്ടു വലിച്ചു തല കൊണ്ട് അവന്റെ നെഞ്ചിൽ ഒരിടി കൊടുത്തു. അവന്റെ കയ്യിൽ നിന്നും പിടിവിട്ട കോടാലി നിലത്തു വീണു.
നിലത്തുകൂടി ഇഴഞ്ഞു വന്ന റോബിൻ ആ കോടാലിയിൽ പിടി മുറുക്കി.
കോടാലിയുമായി എഴുനേൽക്കാൻ ശ്രെമിച്ചാ റോബിന്റെ പുറത്ത് ചവുട്ടി നിലത്തേക്കമർത്തി.
“അപ്പന് മുൻപേ ജനിച്ചവനെ…തീർത്തു കളയും ഞാൻ നിന്നെയും നിന്റെ വീട്ടുകാരെയും.”
അപ്പോഴേക്കും ഗേറ്റിനുള്ളിലൂടെ പുറത്തേക്കോടി വന്ന ചിന്നമ്മ ആൻഡ്രൂസിന്റെ അടുത്തേക്കൊടി വന്നു.
“എന്റെ മോനെ ഒന്നും ചെയ്യരുത്. അവനും അപ്പനും കാണിച്ച ബുദ്ധിമോശത്തിന് ഞാൻ മോനോട് ക്ഷമ ചോദിക്കുന്നു. എന്നെ ഒരമ്മയെപ്പോലെ കണ്ടു മോൻ ക്ഷമിക്ക്”
ചിന്നമ്മ ആൻഡ്രൂസിന്റെ നേരെ കൈ കൂപ്പി.
“ഇത്രയും നല്ലൊരു അമ്മയുടെ വയറ്റിൽ നീ എങ്ങനെയാട പിറന്നത്. ങേ. അപ്പനും മകനും ഏതു ഇലഞ്ഞിമറ്റത്തെ അല്ലെ കുണുഞ്ഞിമറ്റത്തെ ആയാലും മര്യാദക്ക് നിന്നോണം. അല്ലെങ്കിൽ നിന്നെയൊക്കെ ജീവനോടെ കുഴിച്ചു മൂടും ഞാൻ.”
പറഞ്ഞു കൊണ്ട് ആൻഡ്രൂസ് ചിന്നമ്മക്ക് നേരെ തിരിഞ്ഞു.
“അമ്മച്ചി എന്റെ നേരെ കയ്യൊന്നും കൂപ്പണ്ട. എന്നെ കൊല്ലാൻ വന്നപ്പോ സ്വൊയം രക്ഷക്ക് വേണ്ടി ചെയ്തതാ.”
ആൻഡ്രൂസ് അരയിൽ കെട്ടിയിരുന്ന തോർത്തു അഴിച്ചെടുത്തു മുഖം തുടച്ചു. കയ്യിൽ പറ്റിയ മണ്ണ് തട്ടികളഞ്ഞു.
പേടിച്ചു ഉറക്കമുണർന്ന ജിക്കുമോനെ കെട്ടിപിടിച്ചു നിൽക്കുന്ന റോസ്‌ലിന്റെ അടുത്തേക്ക് ചെന്നു.
“ഇനി ഇതുപോലെയുള്ള ബന്ധുക്കൾ ഉണ്ടോ. എങ്കിൽ അങ്ങോട്ട് പോയേക്കാം”
ആൻഡ്രൂസ് ചോദിച്ചു കൊണ്ട് ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിലേക്കിരുന്നു.
റോസ്‌ലിൻ ഒന്നും മിണ്ടാതെ ചിന്നമ്മയെ ഒന്ന് നോക്കിയിട്ട് ജീപ്പിലേക്കു കയറി.
ചിന്നമ്മ അവരുടെ അടുത്തേക്ക് വന്നു.
“മോളെ, എന്റെ കൊച്ച് മോനെ ഒന്നെടുത്തു ലാളിക്കണം, എന്റെ കൈകൊണ്ടു കുറച്ചു ഭക്ഷണം കൊടുക്കണം, നിന്നെ ചേർത്തു പിടിച്ചു അമ്മച്ചിക്ക് ഒന്ന് തലോടണം, ആശ്വസിപ്പിക്കണം എന്നൊക്കെയുണ്ട്. പക്ഷെ ഇ അമ്മച്ചിക്ക് പറ്റുന്നില്ലെടി റോസി… ഈ അമ്മച്ചിയോടു ക്ഷമിക്ക് മോളെ “
നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ചിന്നമ്മ ജിക്കുമോന്റെ തലയിൽ തലോടി.
“മോള് പൊക്കോ വേഗം ഇവിടുന്നു. എനിക്കിതൊന്നും കാണാൻ ത്രാണിയില്ല മോളെ.. പൊക്കോ “
കണ്ണുതുടച്ചു കൊണ്ട് ചിന്നമ്മ തിരിഞ്ഞു നടന്നു.
ആൻഡ്രൂസ് ജീപ്പ് മുൻപോട്ടെടുത്തു. മണ്പാതയിലൂടെ അത് അകന്നു പോകുന്നത് നോക്കി ചിന്നമ്മ നിറക്കണ്ണുകളോടെ നിന്നു. കത്തുന്ന പക നിറഞ്ഞ കണ്ണുകളോടെ മത്തച്ചനും റോബിനും ഗ്രേസും……
********************************************
ടോമിച്ചന്റെ ജീപ്പ് വീടിന്റെ പോർച്ചിൽ വന്നു നിന്നതും വീടിനുള്ളിൽ ശോശാമ്മയുടെ കയ്യിലിരിക്കുകയായിരുന്ന ജൂഹി മോൾ ഊർന്നിറങ്ങി വാതിൽക്കലേക്കു ഓടി..
“പപ്പാ…”
ഓടി വന്ന ജൂഹി മോളെ ടോമിച്ചൻ വാരിയെടുത്തു കവിളിൽ ഒരു മുത്തം കൊടുത്തു.
“മോളു എന്തെടുക്കുവായിരുന്നു. ഇങ്ങനെ ഓടിയാൽ വീഴില്ലേ “
ടോമിച്ചൻ ചോദിച്ചു കൊണ്ട് മോളുമായി വീടിനുള്ളിലേക്ക് കയറി.
“നിന്റെ വണ്ടിയുടെ ഒച്ചകേട്ടാൽ പിന്നെ നിന്റെ അടുത്ത് വന്നേ അവള് നിൽക്കത്തൊള്ളൂ.ഇറങ്ങി ഓരോട്ടമാ”
ശോശാമ്മ ജൂഹിയെ നോക്കി പറഞ്ഞു.
അവളതു കേട്ടു ചെറിയ പല്ലുകൾ കാട്ടി ചിരിച്ചു.
“അവളുടെ ചിരി കണ്ടില്ലേ. പല്ല് കിളുത്തത്തിൽ പിന്നെ കുസൃതി കൂടുതലാ. അനങ്ങാതെ അടുത്ത് വന്നു ചിരിച്ചോണ്ട് നിന്നിട്ട് പിടിച്ചു ഒറ്റ കടിയാ.. എന്നെ പിടിച്ചു കടിക്കുന്നതാ അവളുടെ ഇഷ്ടവിനോദം. അടുക്കളയിൽ ചെന്നു ശാന്തയെയും പിടിച്ചു കടിക്കും…”
ശോശാമ്മ ടോമിച്ചന്റെ കയ്യിലിരിക്കുന്ന ജൂഹി മോളുടെ കവിളിൽ തഴുകി.
“എടാ ടോമിച്ചാ, ജെസ്സിയോട് ഇങ്ങോട്ടെങ്ങാനും വരാൻ പറ. മതി സായിപ്പിന്റെ നാട്ടിലെ ജോലി. കുഞ്ഞിന് അവളുടെ അമ്മയുടെ സ്നേഹം കിട്ടണ്ടായോ. ഈ പ്രായത്തിൽ നീ എത്ര സ്നേഹം വാരി കോരി കൊടുത്താലും അമ്മയുടെ സ്നേഹത്തിനു പകരമാകുമോ. മുലകുടി മാറാത്ത കുഞ്ഞാ. എനിക്ക് ഇവളുടെ മുഖത്തു നോക്കുമ്പോൾ തന്നെ ഒരു സങ്കടമാ. അവളുടെ മുഖതും ഉണ്ട് ഒരു ദുഃഖം. അതുകൊണ്ട് ജെസ്സിയോട് അവിടുത്തെ പണി മതിയാക്കി കുഞ്ഞിന്റെ അടുത്തേക്ക് വരാൻ പറ. പത്തു തലമുറയ്ക്ക് തിന്നാനുള്ളത് നീ ഉണ്ടാക്കി ഇട്ടിട്ടില്ലേ. പിന്നെന്തിനാ വല്ല നാട്ടിലും പോയി കിടക്കുന്നത് “
ശോശാമ്മ ചോദിച്ചു കൊണ്ട് സോഫയിൽ ഇരുന്നു.
“അവള് അടുത്ത മാസം വരും അമ്മച്ചി. നിർത്തി പോരാൻ ഞാൻ പറഞ്ഞിട്ടുണ്ട്. ഇനി കുഞ്ഞിനെ വിട്ടു ഒരു ജോലിയും വേണ്ട. അവളുടെ ആഗ്രഹം അല്ലായിരുന്നോ നഴ്സിംഗ് പഠിച്ചു അമേരിക്കയിൽ പോയി ജോലി ചെയ്യണം എന്നത്. അതുകൊണ്ട് വിട്ടതാ. ഇപ്പൊ അവള് തന്നെ പറയുന്നു. കുട്ടിക്കാനത്തെ തണുപ്പും ജീവിതവും ഒന്നും ഒരു അമേരിക്കൻ ജീവിതത്തിനും തരാൻ കഴിയാതില്ലെന്നു. കുഞ്ഞിനെ വിട്ടു നിൽക്കുന്നതിൽ അവൾക്കും ഭയങ്കര വിഷമമുണ്ട്. അവളിപ്പോൾ പറയുന്നത് ജീവിതം ഒന്നേ ഉള്ളു, അത് സ്വൊന്തം നാടിന്റെ ഭംഗി ആസ്വധിച്ചു, കുടുംബത്തോടൊപ്പം സ്നേഹം പങ്കുവച്ചു കഴിയണം എന്നാ.”
നെഞ്ചിൽ പറ്റിച്ചേർന്നിരുന്നു ടോമിച്ചന്റെ മുഖത്തേക്ക് നോക്കി ഇരിക്കുകയാണ് ജൂഹി മോൾ.
“അതാടാ നല്ലത്. കുടുംബജീവിതം ഒരുമിച്ചു ജീവിച്ചു തീർക്കാനുള്ളതാ. സന്തോഷവും സങ്കടവും ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഒക്കെ പരസ്പരം പങ്കു വച്ച് കഴിയാനുള്ളത്. അപ്പോഴാ അതിനൊരു അർത്ഥം ഉണ്ടാകത്തൊള്ളൂ. നീ ഇരിക്ക്. ഞാൻ പോയി ചായ എടുത്തു കൊണ്ട് വരട്ടെ “
ശോശാമ്മ എഴുനേറ്റു അടുക്കളയിലേക്ക് നടന്നു.
ടോമിച്ചൻ മോളെയും കൊണ്ട് സോഫയിൽ ഇരുന്നു.
അപ്പോഴാണ് പുറത്ത് കോളിങ് ബെൽ ശബ്‌ദം കേട്ടത്.
ടോമിച്ചൻ പോയി വാതിൽ തുറക്കുമ്പോൾ പ്രായമായ ഒരാൾ മുറ്റത്തു നിൽക്കുന്നു!!
“ആരാണ് “?
ടോമിച്ചൻ ചോദിച്ചു കൊണ്ട് ഇറങ്ങി ചെന്നു.
“ശോശാമ്മയില്ലേ ഇവിടെ. എന്നോട് വരണമെന്ന് പറഞ്ഞിരുന്നു “
പ്രായം ചെന്നയാൾ പറഞ്ഞു.
“ആരാടാ ടോമിച്ചാ അത് “?
പുറകിൽ നിന്നും ചോദിച്ചു കൊണ്ട് ശോശാമ്മ അങ്ങോട്ട് വന്നു.
മുറ്റത്തു നിൽക്കുന്ന ആളെ കണ്ടു ശോശാമ്മ പരിചയഭാവത്തിൽ ചിരിച്ചു.
“എൽദോച്ചൻ എന്താ അവിടെ നിന്നു കളഞ്ഞത്. വാ.. ഇങ്ങോട്ട് കയറി വാ “
ശോശാമ്മ അയാളെ അകത്തേക്ക് ക്ഷണിച്ചു.
ടോമിച്ചൻ ചോദ്യഭാവത്തിൽ ശോശാമ്മയെ നോക്കി.
“ടോമിച്ചാ..ഇതു എൽദോച്ചൻ.. കുറച്ചു ദൂരേന്ന… നിന്നെ കാണാൻ വന്നതാ.. കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ “
ശോശാമ്മ അകത്തേക്ക് നടക്കുന്നതിനിടയിൽ പറഞ്ഞു.
“എന്നോടോ.. എന്നോടെന്തു സംസാരിക്കാനാ അമ്മച്ചി “
ടോമിച്ചൻ എൽദോയയെയും ശോശാമ്മയെയും മാറി മാറി നോക്കി.
അവർ ഹാളിലെ സോഫയിൽ പോയിരുന്നു. അപ്പോഴേക്കും ശാന്ത ഒരു ട്രേയിൽ അവർക്കുള്ള ചായയും ആയി വന്നു.
“ചായകുടിക്ക് “
ടോമിച്ചൻ ചായക്കപ്പ് എടുത്തു എൽദോയിക്ക് കൊടുത്തു.അയാൾ ആ ചായക്കപ്പ് മേടിച്ചു ചായ മെല്ലെ കുടിക്കുവാൻ തുടങ്ങി.
“ടോമിച്ചാ.. ജീവിതത്തിൽ നീ ഇതുവരെ അറിയാത്ത ചില രഹസ്യങ്ങൾ ഉണ്ട്. ഈ അമ്മച്ചിക്കും ഈ ഇരിക്കുന്ന എൽദോച്ചനും മാത്രം അറിയാവുന്ന നിന്നെ അറിയിക്കേണ്ട ചില സത്യങ്ങൾ. ഇനിയും നിന്നോട് അത് പറഞ്ഞില്ലെങ്കിൽ, നാളെ പെട്ടെന്ന് എനിക്കെന്തെങ്കിലും സംഭവിച്ചാൽ അത് ആരുമറിയാത്ത രഹസ്യങ്ങൾ ആയി കുഴിച്ചു മൂടപെടും. അത് ഞാൻ മറ്റുള്ള ചിലരോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം ആയി പോകും.”
ശോശാമ്മ ടോമിച്ചനോട് പറഞ്ഞിട്ട് ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോയിലേക്ക് നോക്കി.
“എന്താ അമ്മച്ചി, അമ്മച്ചിക്ക് ഞാനറിയാത്ത ഒരു രഹസ്യം. എന്തായാലും അമ്മച്ചിക്ക് എന്നോട് പറയത്തില്ലേ. എന്തായാലും അമ്മച്ചി കാര്യം തുറന്നു പറ “
ടോമിച്ചൻ ശോശാമ്മയുടെ മുഖത്തേക്ക് ഉറ്റു നോക്കി.
“എൽദോച്ച.. കാര്യങ്ങൾ എല്ലാം ടോമിച്ചനോട് തുറന്നു പറഞ്ഞോ. പിന്നെ അവൻ തീരുമാനിക്കട്ടെ എന്താ വേണ്ടത് എന്ന് “
ശോശാമ്മ എൽദോയോട് പറഞ്ഞു.
ടോമിച്ചന്റെ മുഖത്തു നോക്കി ഒരു നിമിഷം ഇരുന്ന ശേഷം എൽദോ പറയുവാൻ ആരംഭിച്ചു.
ടോമിച്ചൻ അയാൾ പറയുന്നത് സകൂതം കേട്ടു കൊണ്ടിരുന്നു.
********************************************
ഡാമിനടുത്തുള്ള ഷാപ്പിൽ കയറി ഒരു കുപ്പി മൂത്ത പനങ്കള്ളു കുടിച്ചു, ഒരു ബീഡിയും വലിച്ചു തൊമ്മിച്ചന്റെ വീട് ലക്ഷ്യമാക്കി നടന്നു ആൻഡ്രൂസ്. മെയിൻ റോഡിൽ കയറി മുൻപോട്ടു നടക്കാൻ തുടങ്ങിയതും മഴ ചെറുതായി പെയ്യുവാൻ തുടങ്ങി.
അടുത്തൊന്നും കയറി നിൽക്കാൻ കടകളോ മറ്റു സ്ഥാപനങ്ങളോ ഒന്നുമില്ലാത്തതു കൊണ്ട് വേഗത്തിൽ മുൻപോട്ടു നടന്നു.
“എങ്ങോട്ടാ ഒളിമ്പിസിൽ സ്വർണ്ണമെഡൽ നേടാൻ ഓടുന്നവരെ പോലെ പായുന്നത്”
പുറകിൽ നിന്നുള്ള ശബ്‌ദം കേട്ടു ആൻഡ്രൂസ് തിരിഞ്ഞു നോക്കി.
കുടയും ചൂടി നിൽക്കുന്ന നസിയ.
“നീ എവിടുന്നു ചാടി വന്നു ഇവിടെ. പൊട്ടി മുളച്ചതാണോ “?
ആൻഡ്രൂസ് ആശ്ചര്യത്തോടെ ചോദിച്ചു.
“ഞാൻ പൊട്ടിമുളച്ചിട്ടു വർഷങ്ങൾ ഒരുപാടു കഴിഞ്ഞു. അത് എന്നെ കണ്ടാൽ മനസ്സിലാവുകയില്ലേ? പിന്നെ വീട്ടിലെ പത്തായത്തിൽ നിന്നും ഇറങ്ങി പോയിട്ട് മാസം ഒന്ന് കഴിഞ്ഞു.ഒരാപത്തുവന്നപ്പോൾ സഹായിച്ചവളെ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല ഇതുവരെ.ഒന്ന് വന്നു കണ്ടു ഒരു നന്ദി വാക്ക് എങ്കിലും പറയുമെന്ന് ഞാൻ കരുതി. എവിടെ വരാൻ.. കാര്യം കഴിഞ്ഞല്ലോ, പിന്നെ എന്തിന് നന്ദി പ്രകടനം അല്ലെ.”
നസിയ ചോദിച്ചു കൊണ്ട് ആൻഡ്രൂസിന്റെ മുഖത്തേക്ക് നോക്കി.
“മനഃപൂർവം അല്ല. വാലിനു തീപിടിച്ച കുരങ്ങന്റെ അവസ്ഥയാ. സമാധാനം ആയി ഒന്ന് ഉറങ്ങിയിട്ട് ദിവസങ്ങൾ ആയി. ഉറങ്ങുന്ന സമയത്ത് എന്റെ തലയും കൊണ്ട് ആരെങ്കിലും പോയാലോ എന്നോർത്താ. ഈ ഉള്ള പ്രശ്നങ്ങൾക്കിടയിൽ ഞാൻ എന്റെ ഈ തല അന്വേഷിച്ചു കൂടി നടക്കുക എന്ന് പറഞ്ഞാൽ അത് ബുദ്ധിമുട്ടാകും. പ്രശ്നങ്ങൾ ഒന്ന് ഒതുങ്ങിയിട്ടു നിന്നെ വന്നു കാണണം എന്ന് ഞാൻ തീരുമാനിച്ചിരുന്നു “
ആൻഡ്രൂസ് മുഖത്തു വീണ മഴത്തുള്ളികൾ കൈകൊണ്ടു തുടച്ചു.
“എന്ന് തീരും നിങ്ങടെ ഈ പ്രശ്നങ്ങൾ. ഈ ജന്മത്ത് തീരുമോ “?
നസിയ ചോദിച്ചു കൊണ്ട് ഷാൾ വലിച്ചു തലവഴി ഇട്ടു.
“നിന്നോട് ഒരു രഹസ്യം പറയട്ടെ ഞാൻ “
ആൻഡ്രൂസ് നസിയയെ നോക്കി.
“പറ… എന്താ ആ രഹസ്യം..”
നസിയ ആകാംഷയോടെ തിടുക്കത്തിൽ ചോദിച്ചു.
“അത്.. പിന്നെ… എനിക്ക് “
ആൻഡ്രൂസ് കുറച്ചു പറഞ്ഞിട്ട് നിർത്തി.
“മനുഷ്യനെ ടെൻഷൻ കയറ്റാതെ പറ. നിങ്ങൾക്ക്…. ബാക്കി പറ “
നസിയയുടെ മൂക്കിന്റെ തുമ്പിൽ വിയർപ്പു കണങ്ങൾ പൊടിഞ്ഞു.
“അത്.. എനിക്ക് പോലും അറിയത്തില്ല.. എന്റെ പ്രശ്നങ്ങൾ എന്ന് തീരുമെന്ന്. അതാ ആ രഹസ്യം “
ആൻഡ്രൂസ് തലമുടിയിലെ ജലകണങ്ങൾ കൈ വിരൽകൊണ്ട് തട്ടി കളഞ്ഞു.
“ഇതു ബെലൂൺ വീർപ്പിച്ചു കൊണ്ടിരുന്നിട്ടു ഇടക്ക് കാറ്റു കുത്തി വിട്ട പോലെ മെനകെട്ട കാര്യമായി പോയി. ഞാൻ വേറെ എന്തൊക്കെയോ പ്രതീക്ഷിച്ചു. നെഞ്ചിടിപ്പും കൂടി “
നിരാശയോടെ പറഞ്ഞു കൊണ്ട് നസിയ രൂക്ഷമായി ആൻഡ്രൂസിനെ നോക്കി.
അപ്പോഴേക്കും മഴയുടെ ശക്തി കൂടി വന്നു.
“ഈ മഴ നനഞ്ഞു നിൽക്കാതെ ഈ കുടയുടെ കീഴിലോട്ട് കയറ്. അധികം നനഞ്ഞാൽ ഈ തലക്കകത്തു ഇരിക്കുന്ന കുരുട്ടു ബുദ്ധി അലിഞ്ഞു പോകും “
ആൻഡ്രൂസ് അവളെയൊന്നു നോക്കിയശേഷം കുടയുടെ കീഴിലേക്ക് കയറി നിന്നു.
“വാ.. ഇവിടെ നിൽക്കാതെ മുൻപോട്ടു നടക്കാം “
അവർ മുൻപോട്ടു നടക്കുവാൻ തുടങ്ങി.
മഴപെയ്‌യുന്നതിനോടൊപ്പം ഇടിയും മിന്നലും ആരംഭിച്ചു.അതോടൊപ്പം കോടമഞ്ഞു മൂടുവാനും തുടങ്ങി.
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission