കോടമഞ്ഞിറങ്ങി സമീപപ്രേദേശങ്ങളെ മൂടി കൊണ്ടിരുന്നു. അതിനൊപ്പം ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെ തകർത്തു പെയ്യുന്ന മഴയും.. വഴിയിലൂടെ മഴവെള്ളം ചാലിട്ടൊഴുകി …
കൂടെ കൂടെ വീശുന്ന കാറ്റു നസിയയുടെ കയ്യിലിരുന്ന കുടയെ മുകളിലേക്കു പറത്തി കൊണ്ടുപോകുവാൻ ശ്രെമിച്ചു കൊണ്ടിരുന്നു..
“എന്തൊരു മഴയും കാറ്റുമാ.. കുട കാറ്റു കൊണ്ടുപോകും. എന്റെ കയ്യിൽ നിൽക്കില്ല. ഇതൊന്നു പിടിച്ചേ “
നസിയ പറഞ്ഞത് കേട്ടു ആൻഡ്രൂസ് കുടമേടിച്ചു അവൾ നനയാത്ത രീതിയിൽ പിടിച്ചു.
“ഇങ്ങോട്ട് അടുത്ത് നടക്ക്. എന്നെ തൊട്ടെന്ന് കരുതി മാനം ഒന്നും പോകത്തില്ല. ഈ മഴ നനഞ്ഞാൽ വല്ല പനിയും പിടിക്കും “
കുറച്ചു മഴനനഞ്ഞു അകലം പാലിച്ചു നടക്കുന്ന ആൻഡ്രൂസിനോട് നസിയ ചിരിച്ചു കൊണ്ട് പറഞ്ഞു.
“നിനക്ക് ചാരിത്രം പോകതില്ലെന്നു ഉറപ്പുണ്ടെങ്കിൽ മുട്ടിയിരുമ്മി നടക്കാം. എനിക്കൊരു മടിയുമില്ല. കാണാൻ കാണാൻ കൊള്ളാവുന്ന ഒരു പെണ്ണിന്റെ കൂടെ ഒരു കുടകീഴിൽ ഈ മഞ്ഞും മഴയും തണുപ്പും ഉള്ള നേരത്തു നടക്കാൻ പറ്റുക എന്ന് വച്ചാൽ എപ്പോഴും സാധിക്കുന്ന ഒന്നല്ലല്ലോ?”
പറഞ്ഞിട്ട് ആൻഡ്രൂസ് രണ്ടുപേരുടെയും തലകൾ നനയാത്ത പോലെ കുട പിടിച്ചു. ശക്തമായ കാറ്റു വീശുന്നതിനാൽ കുട നേരെ നിൽക്കുന്നുണ്ടായിരുന്നില്ല.
“ഇങ്ങനെ പോയാൽ നമ്മൾ രണ്ടും നനഞ്ഞു കുളിക്കും. കയ്യിൽ സോപ്പ് ഉണ്ടായിരുന്നകിൽ ദേഹത്ത് തേച്ചിട്ടു നടക്കാമായിരുന്നു. വീടിലെത്തുമ്പോൾ കുളിച്ചതിനു തുല്യമായേന്നെ “
ആൻഡ്രൂസ് പറഞ്ഞു കൊണ്ട് ചുറ്റും നോക്കി.
“കണ്ടുപിടിച്ച എളുപ്പവഴി കൊള്ളാം. എന്തായാലും ഇനിമുതൽ പുറത്തേക്കു പോകുമ്പോൾ കുറച്ചു എണ്ണയും, സോപ്പും ചകിരിയും കൂടെ കയ്യിൽ എടുത്തോണം. എപ്പോഴാ മഴ വരുന്നതെന്നു അറിയത്തില്ലല്ലോ “
വഴിയുടെ സൈഡിൽ പണിതീരത്തെ വർഷങ്ങളായി കിടക്കുന്ന വീട് കണ്ടു. ചുറ്റും ചെടികളും മറ്റും വളർന്നു പന്തലിച്ചു കിടക്കുകയാണ്.
“വാ, മഴ ഒന്നു കുറയുന്നത് വരെ ആ വീടിന്റെ വരാന്തയിൽ കയറി നിൽക്കാം. കുറച്ചു കുറഞ്ഞിട്ടു പോകാം. അല്ലെങ്കിൽ നനഞ്ഞു ഒരു പരുവമാകും”
ആൻഡ്രൂസ് പറഞ്ഞു കൊണ്ട് നസിയയെ നോക്കി.
“ശരി.. വാ കയറി നിൽക്കാം “
ആൻഡ്റൂസും നസിയയും അങ്ങോട്ട് നടന്നു.
പാതി പണി തീർന്ന ആ വീടിന്റെ വരാന്തയിൽ കയറി നിന്നു അവർ.
“എന്റെ അനുഭവത്തിൽ ആദ്യമായാണ് ഇങ്ങനെ മഞ്ഞും കാറ്റും മഴയും എല്ലാം ഒരുമിച്ചു ഇത്ര ശക്തമായി “
ഷാൾ വലിച്ചെടുത്ത് നനഞ്ഞ തലമുടി തുവർത്തി കൊണ്ട് നസിയ പറഞ്ഞു.
സിമന്റിടാത്ത വീടിന്റെ മൺ തറ തുരന്നുണ്ടാക്കിയ മാളത്തിൽ നിന്നും ഒരു ചുണ്ടനെലി തല പുറത്തേക്കിട്ട് അവരെ നോക്കികൊണ്ടിരുന്നു.
ആൻഡ്രൂസ് മുഖത്തു കുടുങ്ങിയ ചിലന്തി വല കൈകൊണ്ടു തുടച്ചു നീക്കി.
അരയിൽ ചുറ്റിയിരുന്ന തൂവർത്തെടുത്തു നിവർത്തി നസിയയുടെ നേരെ നീട്ടി.
“അതുകൊണ്ട് തുടച്ചാലൊന്നും തലയിലെ വെള്ളം പോകത്തില്ല. ഈ തോർത്തു വച്ച് തുടക്ക്. അല്ലെ നാളെ പനിയും പിടിച്ചു മൂക്കും ഒലിപ്പിച്ചു നടക്കേണ്ടി വരും “
ആദ്യമൊന്നു മടിച്ചു നിന്നശേഷം അവൾ ആൻഡ്രൂസിന്റെ കയ്യിൽ നിന്നും തൂവർത്തു വാങ്ങി.
“തോർത്തു തന്നാൽ വാങ്ങാനെന്ന ഒരു മടി.. അതുവച്ചു തൂവർത്തിയാൽ നന്നായി മുടിയിലെ വെള്ളം പോയി കിട്ടും. അല്ലാതെ എയ്ഡ്‌സ് ഒന്നും പിടിക്കത്തില്ല. നിന്നെ പോലെ ആഴ്ചയിൽ ഒന്ന് കുളിക്കുന്നവൻ അല്ല ഞാൻ. ദിവസവും രാവിലെയും വൈകിട്ടും കുളിച്ചിട്ടേ ബാക്കി പരിപാടി ഉള്ളു “
ആൻഡ്രൂസ് അവളെ തറപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു.
“അത് നിങ്ങള്ക്കെങ്ങനെ അറിയാം. ആഴ്ചയിൽ ഒന്നേ കുളിക്കൂ എന്ന്. ഞാൻ നിങ്ങളോട് അനുവാദം ചോദിച്ചിട്ടാണോ കുളിക്കുന്നത് “
തല തൂവർത്തുന്നതിനിടയിൽ നസിയ ചോദിച്ചു കൊണ്ട് തല ചെരിച്ചു നോക്കി.
“എന്നോട് അനുവാദവും ചോദിക്കണ്ട, ആശീർവാദവും മേടിക്കണ്ട. നീ കുളിക്കുകയോ കുളിക്കാതിരിക്കുകയോ ചെയ്യ്.ഞാൻ നോക്കാനും വരുന്നില്ല,എനിക്കൊട്ടു അറിയുകയും വേണ്ട. ഓരോന്നിനെ കണ്ടാൽ അറിയാം. അതുകൊണ്ട് പറഞ്ഞു പോയതാ “
ആൻഡ്രൂസ് ഒരു ബീഡി എടുത്തു ചുണ്ടിൽ വച്ച്, പോക്കറ്റിൽ നിന്നും ലൈറ്റ്ർ എടുത്തു കത്തിക്കാൻ നോക്കി. എന്നാൽ തണുത്തിരിക്കുന്നതിനാലും അതിനുള്ളിലെ ലിഖുയ്ഡ് തീർന്നതിനാലും അത് കത്തിയില്ല.
“നാശം..ആവശ്യമുള്ളപ്പോൾ കത്തില്ല “
ബീഡി പോക്കറ്റിൽ ഇട്ടു ലൈറ്റ്ർ മഴയത്തേക്കെറിഞ്ഞു കളഞ്ഞു.
നസിയ വരാന്തയിൽ നിന്നും താഴെക്കിറങ്ങി നിന്നു കയ്യിലിരുന്ന തൂവർത്തു മഴയത്തേക്ക് നീട്ടിപിടിച്ചു തിരുമ്മി കഴുകി പിഴിഞ്ഞ് കുടഞ്ഞു ആൻഡ്രൂസിനു നേരെ നീട്ടി.
“ഇന്ന നിങ്ങളും തല തുവർത്തിക്കൊ. അല്ലെങ്കിൽ നാളെ മൂക്കൊലിപ്പും പനിയും വരാൻ സാധ്യത ഉണ്ട് “
ആൻഡ്രൂസ് അവളെ ഒന്ന് അർത്ഥഗർഭമായി നോക്കിയ ശേഷം തൂവർത്തു മേടിച്ചു.
“എന്ത് കോടമഞ്ഞ.. ചുറ്റും കാണാൻ പോലും പറ്റുന്നില്ല.”
വരാന്തയിലേക്ക് കയറി നിന്നു നസിയ ചുറ്റുപാടും നോക്കി കൊണ്ട് പറഞ്ഞു.
“മഴക്കാലം അല്ലെ.. മലയിറങ്ങി വരുന്ന മഞ്ഞാണ്. പെട്ടെന്ന് വരും. പെട്ടെന്ന് പോകും “
ആൻഡ്രൂസ് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ അതിശക്തമായ ഒരു കാറ്റു വീശി..വീടിനടുത്തു നിന്ന ഒരു തേക്കു മരം വട്ടമൊടിഞ്ഞു അവർ നിൽക്കുന്നതിനു കുറച്ച് അകലെയായി വീണു . മഴയത്തു കൂടി ഓടി വന്ന ഒരു കുരങ്ങൻ വീടിന്റെ ഇറയത്തു മഴ നനയാതെ നിന്നു കൊണ്ട് ആൻഡ്രൂസിനെ നോക്കി പല്ലിളിച്ചു.
“അതിനറിയാം അതിന്റെ ബന്ധുക്കളെ. അതുകൊണ്ടാ നിങ്ങളെ തന്നെ നോക്കി ചിരിച്ചത്. ശരിയല്ലേടാ കുരങ്ങാ “
നസിയ കുരങ്ങനെ നോക്കി.
അപ്പോൾ ആൻഡ്രൂസ് എന്തോ പറയാൻ തുടങ്ങിയതും നസിയ തടഞ്ഞു.
“വേണ്ട.. എന്റെ ഉപ്പാക്ക് വിളിക്കാനാണെന്നു മനസ്സിലായി.”
പെട്ടെന്ന് ചാടിവന്ന കുരങ്ങൻ നസിയയുടെ ദേഹത്ത് കിടന്ന ഷാളും വലിച്ചെടുത്തു മഴയത്തൂടെ ഓടി പോയി ഒരു മരത്തിൽ കയറി ഇരുന്നു.
“അതെനിക്കിഷ്ടപ്പെട്ടു. ഇപ്പൊ മനസിലായല്ലോ അതിന്റെ ബന്ധു ആരാണെന്ന് “
ആൻഡ്രൂസ് മരത്തിൽ ഇരിക്കുന്ന കുരങ്ങന്റെ നേരെ മിഴികൾ പായിച്ചു കൊണ്ട് പറഞ്ഞു.
“എന്റെ ഷാൾ… കഴിഞ്ഞ ആഴ്ചയിൽ മേടിച്ചതാ…അതിന്റെ കയ്യിൽ നിന്നും എങ്ങനെയെങ്കിലും മേടിച്ചു താ.. ഞാനൊരുപാട് ആഗ്രഹിച്ചു മേടിച്ച ഷാളാണ് “
നസിയ നിസ്സഹായതയോടു ആൻഡ്രൂസിനോട് പറഞ്ഞു.
“മരത്തിൽ കേറി ഇരിക്കുന്ന ആ ജന്തുവിന്റെ കയ്യിൽ നിന്നും ഞാനെങ്ങനെ മേടിക്കാന അത്. അത് പോയി.. ഇനി അന്വേഷിക്കണ്ട..കൊരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയപോലെ എന്ന് കേട്ടിട്ടില്ലേ. അതായിരിക്കും നിന്റെ ഷാളിന്റെ അവസ്ഥ “
ആൻഡ്രൂസ് തൂവർത്തുകൊണ്ട് കയ്യിലും കഴുത്തിലും പറ്റിയിരുന്ന മഴത്തുള്ളികൾ തുടച്ചു കളഞ്ഞു.
“എന്റെ ഷാൾ കിട്ടാതെ ഞാനെങ്ങനെ പോകും വീട്ടിൽ. നശിച്ച കുരങ്ങൻ “
നസിയ സങ്കടത്തോടെ പറഞ്ഞു.
“അതിന് നിന്നോട് എന്തോ ഒരു സഹതാപം ഉണ്ട്.ഇല്ലെങ്കിൽ ഷാളിന് പകരം നിന്റെ ചുരിദാർ അടിച്ചോണ്ടു പോയേനെ. ഇപ്പൊ അതല്ലേ പോയുള്ളു എന്നോർത്ത് സമാധാനിക്ക്. മഴ കുറഞ്ഞു. കുടയും കൊണ്ട് നീ പൊയ്ക്കോ. ഞാൻ കുറച്ചു കഴിഞ്ഞു പൊക്കോളാം “
ആൻഡ്രൂസ് കുടയെടുത്തു നസിയക്കു നേരെ നീട്ടി.
“ഇതിലും നല്ലത് മൊത്തമായി അടിച്ചോണ്ടു പോകുന്നതായിരുന്നു “
കുടമേടിച്ചു കൊണ്ട് അവൾ പറഞ്ഞു.
“പെട്ടെന്ന് പൊക്കോ.. കുറച്ചു കൂടി കഴിഞ്ഞാൽ ഇരുട്ടു വീഴാൻ തുടങ്ങും.. ഒന്നാമത് നമ്മൾ രണ്ടുപേർ മാത്രമാണ് ഇവിടെ. തികച്ചും വിജനവും. കൂടെ മഴയും മഞ്ഞും തണുപ്പും. ഒരാണിന്റെയും പെണ്ണിന്റെയും നിയന്ത്രണം നഷ്ടപെടാനുള്ള എല്ലാ സാഹചര്യവും കർത്താവ് ഒപ്പിച്ചു തന്നിട്ടുണ്ട്. വെടി മരുന്നിനടുത്തു തീ കൊണ്ട് വച്ചാൽ എങ്ങനെ ഇരിക്കും.അതുപോലെയ ഇപ്പൊ. തീപ്പിച്ചു മൊത്തം പൊട്ടി തെറിക്കുന്നതിനു മുൻപ് സ്ഥലം വിട്ടോ “
ആൻഡ്രൂസ് അവളെ നോക്കി മീശയുടെ രണ്ട് അറ്റവും മുകളിലേക്കു പിരിച്ചു വച്ചു.
“ഇതൊന്നും കേട്ടാൽ പേടിക്കുന്നവളല്ല ഈ ഞാൻ. തീ പിടിച്ചു പൊട്ടിത്തെറിക്കുകയാണെങ്കിൽ അങ്ങ് പോട്ടെട്ടെ എന്ന് വയ്ക്കും “
നസിയ പറഞ്ഞത് കേട്ടു ആൻഡ്രൂസ് അമ്പരന്നു അവളെ നോക്കി.
“നീ ആള് കൊള്ളാമല്ലോ.. ഉദ്ദേശിച്ചപോലെ അല്ല. മിടുക്കിയ. ഇപ്പൊ പൊട്ടിത്തെറിക്കാൻ നിൽക്കാതെ വീട്ടിൽ പോകാൻ നോക്ക്. സമയം ആകുമ്പോൾ താനെ പൊട്ടിത്തെറിച്ചോളും.പിന്നെ നിന്റെ ആ വെളുവില്ലാത്ത തന്ത എങ്ങാനും അന്വേഷിച്ചു വന്നു നിന്റെ കൂടെ എന്നെ കണ്ടാൽ പിന്നെ ഞാൻ ബിരിയാണി ചെമ്പിന്റെ അകത്ത് മട്ടൻ പീസ് ആയിട്ടു കിടക്കേണ്ടി വരും. അതുകൊണ്ട് വേഗം പോകാൻ നോക്ക്. ഞാനും പോകുവാ “
പറഞ്ഞു കൊണ്ട് ആൻഡ്രൂസ് മഴയതേക്കിറങ്ങി.
പുറകെ കുടയുമായി നസിയയും.
മെയിൻ റോഡിലൂടെ കുറച്ചു മുൻപോട്ടു നടന്നതിനു ശേഷം ആൻഡ്രൂസ് തൊമ്മിച്ചന്റെ വീട്ടിലേക്കു പോകുവാനുള്ള വഴിയിലേക്ക് തിരിഞ്ഞു.
“ഞാൻ ഇതിലെ പോകുവാ.. നീ ഒറ്റക്കോ പോകുമോ “
ചോദ്യഭാവത്തിൽ ആൻഡ്രൂസ് നസിയയെ നോക്കി.
“എന്നെ എടുത്തോണ്ട് പോയി എന്റെ വീടിന്റെ മുൻപിൽ കൊണ്ട് നിർത്തി തരാമോ.. നടക്കാൻ മടിയായിട്ടാ “
നസിയ ഒളിക്കണ്ണിട്ടു നോക്കികൊണ്ട് ചോദിച്ചു.
“നിന്നെ എടുത്തു പൊക്കിയാൽ എന്റെ നടുവ് ഉളുക്കും. അത്കൊണ്ട് തത്കാലം നീ നടന്നു പോയാൽ മതി “.
ആൻഡ്രൂസ് പറഞ്ഞു കൊണ്ട് നിൽക്കുമ്പോൾ കോടമഞ്ഞിനിടയിലൂടെ ഒരു വാഹനം ലൈറ്റ് തെളിച്ചു കൊണ്ട് വരുന്നത് കണ്ടു.
കുടയും ചൂടി വഴിയുടെ അരികിലൂടെ നസിയ നടന്നുപോകുന്നതും നോക്കി ആൻഡ്രൂസ് നിന്നു.
ആൻഡ്രൂസിനെ കടന്നു ഒരു ഒമിനി വാൻ സാവകാശം മുൻപോട്ടു പോയി നടന്നു പോകുന്ന നസിയയുടെ അടുത്തായി നിന്നു.
മുൻപോട്ടു നടക്കാൻ തുടങ്ങിയ ആൻഡ്രൂസ് പെട്ടന്നാണ് ഒരു നിലവിളി ശബ്‌ദം കേട്ടത്. ആൻഡ്രൂസ് നസിയ നടന്നു പോയ ഭാഗത്തേക്ക് നോക്കി.രണ്ടുപേർ ചേർന്നു നസിയയെ വാനിലേക്ക് വലിച്ചു കയറ്റുന്നു!!
ആൻഡ്രൂസ് അങ്ങോട്ടേക്ക് ഓടി.
നസിയയെ വലിച്ചു കേറ്റി ഡോർ അടച്ച വാൻ അവിടെ നിന്നും വെട്ടിതിരിഞ്ഞു ആൻഡ്രൂസിന്റെ നേർക്കു പാഞ്ഞു വന്നു.
ആൻഡ്രൂസ് റോഡിന്റെ സൈഡിലെ ഓടയിലേക്ക് ചാടി മാറി കാലുതെറ്റി മറിഞ്ഞു വീണു.
വഴിയിലൂടെ ഒഴുകുന്ന മഴവെള്ളം ആൻഡ്രൂസിന്റെ ദേഹത്തേക്ക് തെറിപ്പിച്ചു കൊണ്ട് ഒമിനി വാൻ പാഞ്ഞു പോയി!!
ചാടി എഴുന്നേറ്റ ആൻഡ്രൂസ് ഒമിനി വാനിനു പുറകെ ഓടി. എന്നാൽ വളരെ വേഗത്തിൽ പാഞ്ഞു പോയ വാൻ നിമിഷനേരത്തിനുള്ളിൽ മൂടൽ മഞ്ഞിനുള്ളിൽ മറഞ്ഞു.
എന്ത് ചെയ്യണം എന്നറിയാതെ ആൻഡ്രൂസ് പതറി ചുറ്റും നോക്കി. സമീപത്തൊന്നും ആരെയും കാണാനില്ല!!
കാലിൽ എന്തോ വന്നു തട്ടിയത് പോലെ തോന്നിയ ആൻഡ്രൂസ് താഴേക്കു നോക്കി.
കാറ്റടിച്ചു നിരങ്ങി വന്ന നസിയയുടെ കയ്യിലുണ്ടായിരുന്ന കുട ആയിരുന്നു അത്!!
ആൻഡ്രൂസ് കുനിഞ്ഞു ആ കുട കയ്യിലെടുത്തു.
ആ കുടയിലേക്ക് നോക്കിയ ആൻഡ്രൂസിനു അതിനുള്ളിൽ ജീവന് വേണ്ടി കരയുന്ന നസിയയുടെ ദയനീയ മുഖം തെളിഞ്ഞു വരുന്നത് പോലെ തോന്നി!!
ശക്തി പ്രാപിച്ചു വരുന്ന മഴയിൽ എന്ത് ചെയ്യണം എന്നറിയാതെ ആൻഡ്രൂസ് പകച്ചു നിന്നു.!!!!
********************************************
രാത്രിയിൽ കുരിശു വരച്ചു അത്താഴം കഴിഞ്ഞു ടോമിച്ചൻ ഹാളിൽ ഇരിക്കുമ്പോൾ ആണ് ശോശാമ്മ ജൂഹി മോളെയും കൊണ്ട് അങ്ങോട്ട് വന്നത്.
“എടാ ടോമിച്ചാ.. നീ കിടക്കുന്നില്ലേ… മോള് നിന്റെ കൂടെ കിടന്നേ ഉറങ്ങൂ എന്ന് വാശി പിടിച്ചിരിക്കുകയാ…”
ഒക്കത്തിരുന്നു ശോശാമ്മയുടെ മുഖത്തു വിരലുകൾ ഓടിച്ചു കൊണ്ടിരിക്കുകയാണ് ജൂഹിമോൾ.
ശോശാമ്മയുടെ ചോദ്യം കേട്ടു ടോമിച്ചൻ തലയുയർത്തി നോക്കി.
“മോളെ ഇവിടെ ഇരുത്തിയിട്ടു അമ്മച്ചി പോയി കിടന്നോ. ഞാൻ കുറച്ചു കഴിഞ്ഞിട്ട് കിടന്നോളാം “
ടോമിച്ചൻ പറഞ്ഞത് കേട്ടു ശോശാമ്മ ടോമിച്ചന്റെ അടുത്ത് സോഫയിൽ ഇരുന്നു.
“നീ എന്താ ആലോചിക്കുന്നത്. എൽതോ വന്നു പറഞ്ഞ കാര്യങ്ങളെ കുറിച്ചാണോ. അതോർത്തു നീ വിഷമിക്കണ്ട. നിനക്കിഷ്ടമില്ലാത്ത ഒന്നിനും ഈ അമ്മച്ചി കൂട്ട് നിൽക്കുകേല.”
ശോശാമ്മ ഭിത്തിയിൽ തൂക്കിയിരുന്ന ടോമിച്ചന്റെ അപ്പന്റെ ഫോട്ടോയിൽ നോക്കി കൊണ്ട് പറഞ്ഞു.
“എടാ ടോമിച്ചാ… നീ നാളെ പെരുമ്പാവൂർ വരെ പോണം. എൽതോയുടെ കൂടെ. പറഞ്ഞാ കാര്യങ്ങളിലെ സത്യാവസ്ഥ നിനക്ക് നേരിട്ടു ബോധ്യപ്പെടാൻ അത് സഹായിക്കും. എന്നിട്ട് നീ ഒരു തീരുമാനം എടുക്ക് “
ശോശാമ്മയുടെ മടിയിൽ നിന്നും ഊർനിറങ്ങി ജൂഹി മോൾ നിലത്തു കൂടി ഓടി നടക്കുന്ന പല്ലിയെ നോക്കി കൊണ്ട് നിന്നു.
“ഒറ്റപെട്ടു പോകുന്നവരുടെ അവസ്ഥ ഭീകരമാ ടോമിച്ചാ. ഈ അമ്മച്ചി അതനുഭവിച്ചിട്ടുണ്ട്.ഇന്നത്തെ കാലത്തെ പെണ്ണുങ്ങളെ പോലെ തൊട്ടതിനും പിടിച്ചതിനും പ്രശ്നങ്ങൾ ഉണ്ടാക്കി ഡിവോഴ്‌സും വാങ്ങി വഴിപിഴച്ചു നടക്കുന്നവരായിരുന്നില്ല അമ്മച്ചിയുടെ കാലഘട്ടത്തിൽ ഉള്ള പെണ്ണുങ്ങൾ. അതുകൊണ്ട് തന്നെ എന്ത് പ്രശ്നം ഉണ്ടായാലും കുടുംബജീവിതം നന്നായി മുൻപോട്ടു പോകുമായിരുന്നു. നിന്റെയും അപ്പന്റെ സ്വഭാവം കൊണ്ട് ഈ അമ്മച്ചി അനുഭവിച്ചു. എങ്കിലും ആ മനുഷ്യനെ ഞാൻ തള്ളിക്കളഞ്ഞില്ല. സ്നേഹം കൊണ്ട് തിരുത്താൻ നോക്കി. അവസാനം അത് വിജയിച്ചപ്പോൾ കർത്താവ് അതിയാനെ അങ്ങ് വിളിച്ചു.”
ശോശാമ്മയുടെ മുഖത്തു നിരാശയുടെ കാർമേഘങ്ങൾ പടർന്നു.
“അതുകൊണ്ട് എന്റെ മോൻ നന്നായി ആലോചിച്ചു ഒരു തീരുമാനം എടുക്കണം. ഈ കാര്യത്തിൽ. മനുഷ്യൻ അല്ലേടാ.. അത് ആണായാലും പെണ്ണായാലും ജീവനോടെ ഇരിക്കുമ്പോൾ ആഗ്രഹിക്കും, മോഹിക്കും, സ്വൊപ്നം കാണും, പ്രണയിക്കും. അത് സഫലം അയാൽ സന്തോഷിക്കും. അല്ലെങ്കിൽ അതൊരു ഉണങ്ങാത്ത മുറിവായി ജീവിതകാലം മുഴുവൻ നിലനിൽക്കും. ശരീരത്തിൽ ജീവനുള്ള കാലത്തോളമെ ഇതൊക്കെ തോന്നൂ. വാശിപിടിക്കൂ. ജീവൻപോയാൽ പിന്നെ ഇതൊക്കെ ഉണ്ടോ.ഒന്നുമില്ല. അതാ മനുഷ്യജീവനുകൾ. അതൊക്കെ മനസ്സിലാക്കിയത് കൊണ്ടാ ടോമിച്ചാ അമ്മച്ചി ഇതൊക്കെ പറയുന്നത്. മനുഷ്യർ തീക്ഷമായി ആഗ്രഹിച്ചാൽ അവർ എവിടെയൊക്കെ ആണെങ്കിലും ആഗ്രഹസക്ഷത്കാരം നടന്നിരിക്കും.”
ശോശാമ്മ സോഫയിലൂടെ ഓടി വന്ന പല്ലിയെ ഓടിച്ചു വിട്ടുകൊണ്ട് ജൂഹി മോളെ നോക്കി കൊണ്ട് പറഞ്ഞു.
“അമ്മച്ചി… അമ്മച്ചിയുടെ തീരുമാനം എന്താ.”
ടോമിച്ചൻ ശോശാമ്മയെ നോക്കി.
“എടാ ടോമിച്ചാ.. ഈ അമ്മച്ചിക്ക് ആരും ഒറ്റപെട്ടു പോകുന്നതോ, മനസ്സ് വേദനിക്കുന്നതോ, കണ്ണ് നിറയുന്നതോ കാണാൻ വയ്യടാ. ബന്ധങ്ങൾ ആണ് എല്ലാവരെയും ഈ ലോകത്തു നിലനിർത്തുന്നത്. രക്തബന്ധങ്ങൾ എത്രയൊക്കെ അകന്നുപോയാലും ഒരിക്കൽ അവർ തിരിച്ചറിയപ്പെടും. അത് കർത്താവിന്റെ നിശ്ചയം ആണ്… അമ്മച്ചിക്ക് എല്ലാവരും സന്തോഷം ആയിട്ടിരിക്കണം. അത്രെയേ ഉള്ളു “
ശോശാമ്മ പറഞ്ഞത് കേട്ടു ടോമിച്ചൻ ശോശാമ്മയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു ചേർത്തു പിടിച്ചു.
“അമ്മച്ചിയുടെ ആഗ്രഹം പോലെ എല്ലാം നടക്കും. ഈ ടോമിച്ചൻ നടത്തും. പോരെ. എന്റെ അമ്മച്ചി സന്തോഷം ആയിട്ട് ഇരുന്നാൽ മതി. ബാക്കിയൊക്കെ ഈ ടോമിച്ചൻ നോക്കിക്കൊള്ളാം പോരെ “
ശോശാമ്മയുടെ നരവീണ തലമുടിയിലൂടെ ടോമിച്ചൻ മെല്ലെ തലോടി.
“മതിയെടാ മോനെ.. അമ്മച്ചിക്ക് സന്തോഷം ആയി. ജീവിതത്തിൽ പ്രെയാസങ്ങളും സങ്കടങ്ങളും ഉണ്ടായപ്പോൾ കർത്താവ് എനിക്ക് നിന്നെപ്പോലൊരു മകനേ തന്നല്ലോ എന്നതായിരുന്നു എന്റെ സമാധാനം. നീ എന്റെ കൂടെ ഉള്ളപ്പോൾ ഈ അമ്മച്ചിക്ക് ഒരു സങ്കടവും ഇല്ലേടാ ടോമിച്ചാ എനിക്ക്”
ശോശാമ്മ ടോമിച്ചന്റെ ദേഹത്തേക്ക് ചാരിയിരുന്നു.. ഓടിവന്ന ജൂഹി മോൾ ടോമിച്ചന്റെ മടിയിലേക്ക് ചാടികയറി ഇരുന്നു.
********************************************
പുലർച്ചെ എൽദോയോടൊപ്പം ടോമിച്ചൻ യാത്ര തിരിച്ചു
പോകുന്ന വഴിയിൽ അവർ ആന്റണിയുടെ വീട്ടിൽ കയറി.
ടോമിച്ചൻ വിളിച്ചു പറഞ്ഞതനുസരിച്ചു ആന്റണി റെഡി ആയി നിൽക്കുകയായിരുന്നു. ഒപ്പം റോസ്‌ലിനും ജിക്കു മോനും…
ജീപ്പ് തിരിച്ചിട്ടു ടോമിച്ചൻ ഇറങ്ങി വന്നു.എൽദോ ജീപ്പിൽ തന്നെ ഇരുന്നു.
“ടോമിച്ചാ.. ചായ എടുക്കട്ടെ.. നിൽക്ക് കുടിച്ചിട്ട് പോകാം “
പറഞ്ഞിട്ട് ലില്ലികുട്ടി വീടിനുള്ളിലേക്ക് പോയി കുറച്ചു നിമിഷങ്ങൾക്കുള്ളിൽ ചൂട്‌പറക്കുന്ന ചായയും ആയി വന്നു.
ടോമിച്ചൻ ചായകുടിച്ചു കപ്പ് തിരിച്ചു കൊടുത്തു.
“നമ്മൾ എങ്ങോട്ടാ പോകുന്നത്. ആന്റണിച്ചായൻ ഒന്നും പറഞ്ഞില്ല. അമ്മച്ചിയും പറഞ്ഞില്ല “
റോസ്‌ലിൻ ടോമിച്ചനെ നോക്കി.
“ഒരു പ്രധാനപെട്ട കാര്യത്തിന പോകുന്നത്. അവിടെ ചെന്നിട്ടു പറയാം. പിന്നെ പേടിക്കണ്ട. ഞങ്ങടെ കൂടെയല്ലേ വരുന്നത്. പിന്നെന്താ. അല്ലേടാ മോനെ “
ടോമിച്ചൻ ജിക്കുമോനെ പൊക്കിയെടുത്തു ജീപ്പിന്റെ സീറ്റിൽ ഇരുത്തി.
“ആന്റണിച്ച, അപ്പോ പോയേക്കാം.രാത്രിക്ക് മുൻപേ തിരിച്ചു വരണം.”
ടോമിച്ചൻ ജീപ്പിൽ കേറി സ്റ്റാർട്ട് ചെയ്തു.
മറ്റുള്ളവരും കേറി.
പെരുമ്പാവൂർ എത്തി അങ്കമാലി റൂട്ടിൽ മുൻപോട്ടു പോയി ലെഫ്റ്റ് തിരിഞ്ഞു ജീപ്പ് ഒരു മനസ്സികാരോഗ്യകേന്ദ്രത്തിന്റെ മുൻപിൽ നിന്നു.
കന്യാസ്ത്രികൾ നടത്തുന്ന പള്ളിവക സ്ഥാപനം ആയിരുന്നു അത്.
ജീപ്പിൽ നിന്നും എല്ലാവരും ഇറങ്ങി.
റോസ്‌ലിൻ ഇറങ്ങി ഒന്നും മനസിലാകാത്ത രീതിയിൽ ചുറ്റും നോക്കി.
ചെടികൾ നനച്ചു കൊണ്ടിരുന്ന കണ്ണട വച്ച ഒരു സിസ്റ്ററിന്റെ അടുത്തേക്ക് എൽദോ ചെന്നു.
അവർ അവിടെ നിന്നു എന്തൊക്കെയോ സംസാരിക്കുന്നതു നോക്കി ടോമിച്ചൻ ജീപ്പിൽ ചാരി നിന്നു. ആന്റണി ജിക്കുമോനെയും എടുത്തു ടോമിച്ചന്റെ അടുത്തേക്ക് വന്നു.
കുറച്ചു കഴിഞ്ഞപ്പോൾ എൽദോ അവരുടെ അടുത്തേക്ക് വന്നു.
“വാ എവിടുന്ന് കുറച്ചു മുകളിലേക്കു നടക്കണം. ജീപ്പ് പോകും. പക്ഷെ ഇപ്പൊ അവിടെ ടാറിങ് നടക്കുവാ..”
കെട്ടിടത്തിന്റെ വടക്കു ഭാഗത്ത് കൂടി വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴിയിലൂടെ അവർ നടന്നു. കുറച്ചു നടന്നു അവർ മറ്റൊരു നാലുനില കെട്ടിടത്തിന്റെ മുൻപിലെത്തി.
സെക്യൂരിറ്റിക്കാരൻ പരിചയഭാവത്തിൽ എൽദോയെ നോക്കി ചിരിച്ചു.
“അകത്തേക്ക് ചെന്നോ… മദർ അവിടെ വെയിറ്റ് ചെയ്യുന്നുണ്ട്.”
എൽദോയുടെ പുറകെ മറ്റുള്ളവരും കെട്ടിടത്തിനുള്ളിലേക്ക് കയറി, ഇടനാഴിയിലൂടെ നടന്നു. Sr. അൽഫോൻസാ എന്നാ ബോർഡ് വച്ച മുറിയുടെ മുൻപിലെത്തി.
എൽദോയും ടോമിച്ചനും കൂടി മുറിക്കുള്ളിലേക്ക് കയറി.
തടിച്ച കണ്ണട വച്ച sr. അൽഫോൻസാ തലയുയർത്തി അവരെ നോക്കിയിട്ട് മുൻപിൽ കിടന്ന കസേര ചൂണ്ടി ഇരിക്കാൻ ആവശ്യപ്പെട്ടു.
എൽദോയും ടോമിച്ചനും ഇരുന്നു.
“മദർ ഇതാണ് ടോമിച്ചൻ. മറ്റേ ആൾ പുറത്ത് നിൽപ്പുണ്ട്. ടോമിച്ചനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട്.”
എൽദോ അൽഫോൻസയോട് പറഞ്ഞു.
“കാര്യങ്ങൾ ഒക്കെ പറഞ്ഞസ്ഥിതിക്കു രജിസ്റ്ററിൽ പേരെഴുതി ഒപ്പിട്ടു പോയി കണ്ടൊള്ളു.വർഷങ്ങളായി സമനില തെറ്റിയ അവസ്ഥയിൽ ആയിരുന്ന ആളാണ്. ദൈവകൃപ കൊണ്ട് ഇപ്പോൾ സാവകാശം നോർമൽ സ്റ്റേജിലേക്കു വന്നുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഇങ്ങനെ ഒരു സംഭവം വന്നുപെട്ടത്. ഇതിലൂടെ അവർ അനുഭവിച്ച വേദനങ്ങൾക്കും ദുരിതങ്ങൾക്കും ഒരറുതി വരട്ടെ. പ്രൈസ് ദി ലോർഡ്. പോയി കണ്ടോള്ളൂ “
രജിസ്റ്ററിൽ പേരെഴുതി ഒപ്പിട്ടു ടോമിച്ചനും എൽദോയും എഴുനേറ്റു പുറത്തേക്കു നടന്നു. അപ്പോഴേക്കും രണ്ട് സിസ്റ്റേഴ്സ് അങ്ങോട്ട് വന്നു അവരെയും കൂട്ടി രണ്ടാം നിലയിലേക്ക് പോയി.
അവിടെ ചെറിയ മുറികൾ ധാരാളം ഉണ്ടായിരുന്നു.സെല്ലുകൾ പോലെ സജീകരിച്ചവ.
ആ മുറികൾക്കിടയിലൂടെ മുൻപോട്ടു നടന്ന അവർ ഒരു സെല്ലിന്റെ മുൻപിൽ നിന്നു.
“സെലിനമ്മച്ചി… അമ്മച്ചിയെ കാണാൻ ആളുകൾ വന്നിരിക്കുന്നു “
സെല്ലിനുള്ളിൽ ഭിത്തിയിൽ ചാരി ഇരുന്ന സ്ത്രി രൂപത്തോട് പറഞ്ഞു ഒരു സിസ്റ്റർ.
അത്കേട്ട് അവർ തലയുയർത്തി നോക്കി.മുറിക്കു പുറത്ത് നിൽക്കുന്നവരെ മനസ്സിലാകാത്ത ഭാവത്തിൽ നോക്കി കൊണ്ടിരുന്നു.
“നിങ്ങള് സംസാരിച്ചോളൂ. കേട്ടിരിക്കും. തിരിച്ചൊന്നും പറയില്ല. ഞങ്ങൾ പുറത്തു കാണും.”
സിസ്റ്റേഴ്സ് പറഞ്ഞിട്ട് പുറത്തേക്കു പോയി.
“അമ്മച്ചി…ഞാൻ അങ്ങ് കുട്ടിക്കാനത്തു നിന്നാണ് ടോമിച്ചൻ.സെലിനമ്മച്ചിയെ കാണാൻ വന്നതാ.”
ടോമിച്ചൻ പറയുന്നത് കേട്ട് അവർ നോക്കിയിരുന്നു. മുഖത്തു പ്രേത്യേക ഭാവങ്ങൾ ഒന്നും കണ്ടില്ല.
“ഇതു റോസ്‌ലിൻ… അമ്മച്ചിക്ക് ഓർമയുണ്ടോ ഈ പേര്…”
റോസ്‌ലിൻ ഒന്നും മനസ്സിലാകാതെ സെല്ലിനുള്ളിലെ അവരുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
സെല്ലിനുള്ളിൽ ഇരുന്ന ആ സ്ത്രി റോസ്‌ലിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ഇരുന്നു. കുറച്ച് നേരം അങ്ങനെ ഇരുന്ന ശേഷം അവർ നോട്ടം ടോമിച്ചന്റെ മുഖത്തേക്ക് തിരിച്ചു.
പിന്നെ മെല്ലെ മെല്ലെ ടോമിച്ചന്റെ നേരെ കൈചൂണ്ടി എന്തോ പിറുപിറുത്തു. അവ്യെക്തമായിരുന്നു ആ ശബ്‌ദം.
“ആരാ ഇത്. എനിക്കൊന്നും മനസ്സിലാകുന്നില്ല. നിങ്ങളാരെങ്കിലും എന്തെങ്കിലും ഒന്ന് പറ.”
റോസ്‌ലിൻ ടോമിച്ചനെയും എൽദോയെയും മാറി മാറി നോക്കി.
“മോളെ.. ഇത് ഒരുപാടു പഴയ കഥയ. മോളെ ഈ എൽദോച്ചായൻ ഒരുപാടു എടുത്തു കൊണ്ട് നടന്നിട്ടുണ്ട്. എന്നെ കാണുമ്പോൾ റോസിമോൾക്ക് മനസ്സിലാകും എന്നാ കരുതിയത്. പക്ഷെ മോൾക്ക് എന്നെ ഓർമയില്ല.”
എൽദോ പറഞ്ഞു നിർത്തിയിട്ടു ടോമിച്ചനെ നോക്കി.
“റോസിമോള് ഇനി പറയുന്നത് ശ്രെദ്ധിച്ചു കേൾക്കണം. കേൾക്കുമ്പോൾ അതിനെ അംഗീകരിക്കാൻ മനസ്സിനെ പാകപ്പെടുത്തണം. അവിശ്വസനീയമായ പലതും ആണ് ഇനി കേൾക്കാൻ പോകുന്നത് “
എൽദോ ഇടനാഴിയിൽ മൺ കലത്തിൽ വച്ചിരുന്ന കുറച്ചു വെള്ളം എടുത്തു കുടിച്ചു.
“ഇലഞ്ഞിമറ്റത്തിൽ ചിന്നമ്മ അല്ല നിന്റെ അമ്മ. ഈ മുറിയിൽ ഉള്ള സെലീനമ്മ ആണ് “
എൽദോ പറഞ്ഞത് കേട്ട് റോസ്‌ലിന്റെ മുഖത്തു അമ്പരപ്പ് വ്യാപിച്ചു.
“എന്തൊക്കെയാ നിങ്ങളീ പറയുന്നത്. എനിക്കൊന്നു മനസ്ടിലാകുന്നില്ല “
റോസ്‌ലിൻ ഭിത്തിയിൽ ചാരി നിന്നു.
“അതേ മോളെ, ഇലഞ്ഞിമറ്റതെ ആരുമായും നിനക്ക് ബന്ധമില്ല. അവർ നിന്നെ ദെത്തെടുത്തു വളർത്തിയതാണ്. അതിന് രേഖകൾ ഉണ്ട്.”
എൽദോ പറഞ്ഞു.
“ഞാനിതൊന്നും വിശ്വസിക്കില്ല. എന്റെ അമ്മച്ചി…. ഇതൊക്കെ ഇത്രയും കൃത്യമായി നിങ്ങളക്കെങ്ങനെ അറിയാം”
റോസ്‌ലിൻ എൽദോയെ തുറിച്ചു നോക്കി.
“ഞാൻ ഈ മുറിക്കുള്ളിൽ കിടക്കുന്ന സെലിനമ്മച്ചി എന്റെ പെങ്ങള. സ്വൊന്തം ചേച്ചി. അതുകൊണ്ട് എനിക്കിതു തെളിച്ചു പറയാൻ പറ്റും. ചിന്നമ്മച്ചിയോട് ചോദിച്ചാൽ നിനക്കെല്ലാം ബോധ്യമാകും”
എൽദോ പറഞ്ഞിട്ട് സങ്കടത്തോടെ മുറിക്കുള്ളിലേക്ക് നോക്കി നിന്നു..
റോസ്‌ലിൻ അവിടെകിടന്ന ബെഞ്ചിൽ ഇരുന്നു. ഭിത്തിയിൽ ചാരി കണ്ണടച്ചിരുന്നു. അവളുടെ മിഴികൾക്കുള്ളിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി.
“റോസ്‌ലിൻ മോളെ…”
ആന്റണി ജിക്കുമോനെയും കൊണ്ട് അടുത്ത് ചെന്നു.
റോസ്‌ലിൻ കണ്ണുതുറന്നു ആന്റണിയെ നോക്കി. തുളുമ്പിയ കണ്ണുകളാൽ അവൾ അവിടെ നിന്നവരെയെല്ലാം നോക്കി.
“എനിക്ക് എന്റെ ചിന്നമ്മച്ചിയെ ഒന്ന് കാണണം. എന്നെ അവിടം വരെ ഒന്ന് കൊണ്ടുപോകാമോ “
നിസ്സഹായഭാവത്തിൽ അവൾ അവരെ നോക്കി.
“പോകാം. സത്യാവസ്ഥ നിന്നെ ബോധ്യപെടുത്താൻ മോള് പറയുന്ന എവിടെ വേണമെങ്കിലും പോകാം. മോള് എഴുനേറ്റു വാ “
റോസ്‌ലിൻ എഴുനേറ്റു സങ്കടത്തോടെ സെല്ലിനുള്ളിൽ ഇരിക്കുന്ന സ്ത്രിയെ നോക്കി. എന്നിട്ട് അവരുടെ കൂടെ പുറത്തേക്കു നടന്നു.
മദർ അൽഫോൻസയോട് യാത്ര പറഞ്ഞു എല്ലാവരും ജീപ്പിൽ കേറി.
നേർത്ത മഴ പൊടിയാൻ തുടങ്ങി.
ആ സമയത്താണ് ടോമിച്ചന്റെ മൊബൈലിലേക്ക് കാൾ വന്നത്.
ആൻഡ്രൂസ് ആണ്
ആൻഡ്രൂസ് പറഞ്ഞ കാര്യങ്ങൾ ടോമിച്ചൻ കേട്ടു.
“ഞാനിപ്പോൾ പെരുമ്പാവൂരിൽ നിന്നും അങ്ങോട്ട് വരുവാ. നീയൊന്നു അന്വേഷിച്ചു നോക്ക് ഏതെങ്കിലും വിവരം കിട്ടുമോ എന്ന്. അപ്പോഴേക്കും ഞാൻ എത്താം. നീ ഒന്ന് സമാധാപെട്. ഒന്നും സംഭവിക്കാത്തില്ല “
ടോമിച്ചൻ ജീപ്പ് മുൻപോട്ടെടുത്തു.
തൊടുപുഴ കഴിഞ്ഞു മുൻപോട്ടു പോയി വളവ് തിരിയുമ്പോൾ ആണ് എതിരെ ഒരു ഒമിനിവാൻ പാഞ്ഞു വന്നത്. ടോമിച്ചൻ ജീപ്പ് വെട്ടിച്ചെങ്കിലും ജീപ്പിലുരസി വാൻ മുൻപോട്ടു പോയി.
“കഴുവേറികൾ ഇപ്പൊ മറ്റൊള്ളവരെക്കൂടി കൊന്നേനെ “
ആന്റണി ഒമിനി വാനിലേക്ക് നോക്കി കലിയോടെ പറഞ്ഞു.
റിയാർവ്യൂ മിററിലേക്ക് നോക്കിയ ടോമിച്ചൻ കണ്ടു. പാഞ്ഞു പോകുന്ന ഒമിനിയുടെ പുറകിലെ ഗ്ലാസിൽ ഒരു നക്ഷത്രം പതിച്ചിരിക്കുന്നു!!
അതിന് താഴെ അവ്യെക്തമായി എന്തോ എഴുതിയിരിക്കുന്നു!!
ടോമിച്ചൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി
ആൻഡ്രൂസ് ഫോണിൽ പറഞ്ഞാ ഒമിനി വാൻ ഇതല്ലേ?!!!
ഒന്ന് സംശയിച്ച ശേഷം ടോമിച്ചൻ ജീപ്പ് സൈഡിലൊതുക്കി തിരിച്ചു.
“എന്ത് പറ്റി ടോമിച്ചാ. അവന്മാരുടെ പുറകെ പോകാനാണോ “?
ആന്റണി ചോദിച്ചു.
“ആ ഒമിനി വാനിൽ ഉള്ളവരെ നമുക്ക് വേണം ആന്റണിച്ച “
പറഞ്ഞു കൊണ്ട് ടോമിച്ചൻ ആക്സിലേറ്ററിൽ കാലമർത്തി.
തിരക്ക് പിടിച്ച വഴിയിലൂടെ നീങ്ങുന്ന ഒമിനി വാനിനു പുറകെ ജീപ്പ് കുതിച്ചു പാഞ്ഞു!!!
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission