പൊന്മുടി ഡാമിൽ നിന്നും പെൺകുട്ടിയുടെ ജീർണ്ണിച്ച ശവശരീരം മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെ എടുത്തു കരക്ക് കിടത്തി.സ്ഥലം സി ഐ രംഗരാജനും തഹസിൽദാർ മോഹൻകുമാർ, ഫോറെൻസിക് സർജൻ സാജൻ ഫിലിപ്പ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.
“ഇത് ആ വറീതിന്റെ നഴ്സിംഗ് പഠിക്കാൻ പോയ പെൺകുട്ടിയല്ലയോ “
കൂട്ടം കൂടി നിന്ന ആളുകൾക്കിടയിൽ നിന്ന പാപ്പികുഞ്ഞു സംശയത്തോടെ അടുത്തു നിന്ന കറിയാച്ചനോട് ചോദിച്ചു.
അതുകേട്ടു നിന്ന എസ് ഐ മോഹൻ പാപ്പിയെ അടുത്തേക്ക് വിളിച്ചു.
“താനെന്താ അവിടെ ഇപ്പൊ പറഞ്ഞത്. ഈ കിടക്കുന്ന പെൺകുട്ടി ആരാണെന്ന് മനസ്സിലായോ “
എസ് ഐ മോഹൻ പാപ്പിയെ സൂക്ഷിച്ചു നോക്കി.
“സാറെ എന്റെ ഒരു സംശയം പറഞ്ഞതാ. കണ്ടിട്ട് അതേ എന്നൊരു തോന്നൽ. ചിലപ്പോ തെറ്റാം. ഉറപ്പൊന്നുമില്ല “
പാപ്പി പരുങ്ങലോടെ പറഞ്ഞു.
“താനൊരു കാര്യം ചെയ്യൂ. ഈ പറയുന്ന വറീതിന്റെ കുടുംബത്തെ കൂട്ടികൊണ്ട് വാ. കൂടെ രണ്ട് പോലീസുകാരും വരും “
കൂടെയുണ്ടായിരുന്ന കോൺസ്റ്റബിൾ മാരായ രാജുവിനോടും മനോജിനോടും പാപ്പിയുടെ കൂടെ ചെല്ലുവാൻ പറഞ്ഞിട്ട് സി ഐ രംഗരാജാന്റെ അടുത്തേക്ക് ചെന്നു കുറച്ചു പേർ ശവശരീരം തിരിച്ചറിഞ്ഞിട്ടുണ്ടെന്നു അറിയിച്ചു.
“പെട്ടന്ന് കൂട്ടികൊണ്ട് വരാൻ പറ ആരെയാണെങ്കിൽ. ശവം ചീയാൻ തുടങ്ങിയിട്ടുണ്ട്. എത്രയും പെട്ടെന്ന് പോസ്റ്റുമോർട്ടത്തിന് അയക്കണം.”
സി ഐ രംഗരാജൻ മോഹനോട് നിർദേശിച്ചു.
“പറഞ്ഞു വിട്ടിട്ടുണ്ട് സാർ. ഇപ്പോൾ എത്തും “
എസ് ഐ മോഹൻ പറഞ്ഞിട്ട് ആൾക്കൂട്ടത്തിനടുത്തേക്ക് ചെന്നു അവിടെ കൂടിനിന്നവരോടെ കാര്യങ്ങൾ തിരക്കി.
“സാറെ ഇത് വറീതിച്ചായന്റെ മകൾ ലിസി ആണ്. ഉറപ്പാ “
പെൺകുട്ടിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ആൻഡ്രൂസ് പറഞ്ഞു.
മോഹൻ ആൻഡ്രൂസിനെ വിളിച്ചു മാറ്റിനിർത്തി പെൺകുട്ടിയെ കുറിച്ചും വീട്ടുകാരെ കുറിച്ചും ചോദിച്ചു മനസ്സിലാക്കി.
അരമണിക്കൂറിനുള്ളിൽ വരീതിനെയും മോളികുട്ടിയെയും കൊണ്ട് പോലീസുകാർ എത്തി.
ശവശരീരത്തിലേക്കു സൂക്ഷിച്ചു നോക്കിയ ശേഷം “മോളികുട്ടി എന്റെ മോളെ നീ പോയൊടീ ” എന്ന് നിലവിളിച്ചു കൊണ്ട് നിലത്തേക്ക് മലർന്നടിച്ചു വീണു.
അവിടെ കൂടി നിന്നവരിൽ ചില സ്ത്രികൾ ഓടി വന്നു മോളികുട്ടിയെ പിടിച്ചെഴുന്നേൽപ്പിച്ചു.
“എന്റെ മോളെ, നിനക്കെന്താടീ പറ്റിയത്.അപ്പന്റെയും അമ്മച്ചിയുടെക്കും കഷ്ടപാടുകൾ ഞാൻ ജോലിചെയ്തു മാറ്റും എന്ന് പറഞ്ഞത് ഇതുപോലെ കിടക്കാനായിരുന്നോ മോളെ. ഞാനിതെങ്ങനെ സഹിക്കും എന്റെ കർത്താവേ. എന്റെ ഒരേ ഒരു മോളായിരുന്നു. അതിനോട് എന്തിനാണ് കർത്താവേ നീ ചതി ചെയ്തത് “
മോളികുട്ടി ഒരു പ്രാന്തിയെ പോലെ അലറികരഞ്ഞു കൊണ്ട് ലിസിയുടെ ശവശരീരത്തിനടുത്തേക്ക് നീങ്ങി. എന്നാൽ കൂടെ ഉണ്ടായിരുന്ന സ്ത്രികൾ അവരെ തടഞ്ഞു.
“സാറെ ഇതെങ്ങനാ സംഭവിച്ചത്. തൊടുപുഴയിൽ നഴ്സിംഗ് കഴിഞ്ഞു ജോലിക്ക് കേറിയിട്ടു രണ്ടുമാസമേ ആയുള്ളൂ. എന്റെ മോളെ ആരെങ്കിലും ഉപദ്രേവിച്ചതാണോ സാറെ. ആകെ ഉണ്ടായിരുന്ന പെൺതരിയാ. എനിക്ക് സഹിക്കാൻ പറ്റുന്നില്ല സാറെ “
വറീത് തലയ്ക്കു കൈകൊടുത്തു എസ് ഐ മോഹന്റെ അടുത്തു നിലത്തേക്കിരുന്നു തേങ്ങി കരഞ്ഞു.
“അപ്പ ലിസികൊച്ചിന് എന്താ പറ്റിയത്… ലിസി മോളെ നീ കണ്ണുതുറന്നു ഈ അച്ചായനെ നോക്കടി.”
ലിസിയുടെ ജ്യേഷ്ഠൻ ജോസുകുട്ടി വറീതിന്റെ അടുത്തിരുന്നു വാവിട്ടു കരഞ്ഞു.
“ഇവരെ പിടിച്ചു മാറ്റ്. ശവം ചീയാൻ തുടങ്ങിയിട്ടുണ്ട്.മീനുകളും മറ്റും ശരീരം കുറച്ച് തിന്നിട്ടുള്ളത് കൊണ്ട് ഇവിടുന്ന് എത്രയും പെട്ടന്ന് കോട്ടയം മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റണം. പെട്ടന്നാകട്ടെ “
സി ഐ രംഗനാഥൻ ദേഷ്യത്തോടെ മറ്റു പോലീസുകാരോട് പറഞ്ഞു.
പെട്ടന്ന് തന്നെ സ്ഥലത്തെത്തിയ ആംബുലൻസിലേക്ക് ശവശരീരം മാറ്റി. ആംബുലൻസ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോയി.
“വറീതിച്ചായൻ എഴുനേറ്റുവാ… മോളമ്മച്ചി വല്ലാത്ത അവസ്ഥയിൽ കിടക്കുവാ… വീട്ടിലേക്കു പോകാം, എടാ ജോസുകുട്ടി എഴുനേറ്റു വാ.”
ആൻഡ്രൂസ് വറീതിനെ പിടിച്ചെഴുനേൽപ്പിച്ചു.
“എടാ ആൻഡ്രൂ…എന്റെ മോൾക്ക് ഇതെങ്ങനെ സംഭവിച്ചെട…എനിക്കുറപ്പാ ആരോ എന്റെ മോളെ കൊന്നതാ.. കൊന്നതാ “
വറീത് ആൻഡ്രൂസിന്റെ തോളിലേക്ക് ചാഞ്ഞു പുലമ്പി കൊണ്ടിരുന്നു.
“പോസ്റ്റുമോർട്ടം കഴിഞ്ഞു വരട്ടെ. അപ്പോളല്ലേ എന്താണെന്നു അറിയാൻ പറ്റൂ.സങ്കട പെടാതെന്നു പറയാനെനിക്ക് പറ്റത്തില്ല. പക്ഷെ വറീതിച്ചായൻ മോള് മരിച്ചു പോയി എന്ന യാഥാർദ്യം ഉൾക്കൊള്ളണം. മോളമ്മച്ചിക്കും ജോസുക്കുട്ടിക്കും ധൈര്യം കൊടുക്കേണ്ടത് വറീതിച്ചായൻ അല്യോ. വാ. വീട്ടിലേക്കു പോകാം “
വറീതിനെ താങ്ങി പിടിച്ചു ആൻഡ്രൂസ് അവിടെ വന്ന ഒരു ജീപ്പിൽ കയറ്റി. അപ്പോഴേക്കും മോളമ്മയെ സ്ത്രികൾ ജീപ്പിനുള്ളിൽ ഇരുത്തിയിരുന്നു. അവരിൽ കുറച്ചുപേർ മോളമ്മയുടെ കൂടെ കയറി. ജോസക്കുട്ടിയെ വറീതിനടുത്തിരുത്തി ആൻഡ്രൂസ് ഡോർ അടച്ചു.
കൂടിനിന്നവരിൽ കുറച്ച് പേർ ജീപ്പിനു പുറകെ വറീതിന്റെ വീട്ടിലേക്കു പോയി.
ആൻഡ്രൂസ് നേരെ തൊമ്മിച്ചന്റെ വീട്ടിലേക്കു ചെല്ലുമ്പോൾ തൊമ്മിച്ചനും കുര്യച്ചനും ഏലികുട്ടിയും ഷൈനിയും, റോസ്‌ലിനും എല്ലാം ആകാംഷയോടെ മുറ്റത്തു നിൽക്കുകയായിരുന്നു.
“ആ കിഴക്കേതിലെ വറീതിച്ചായന്റെ മോളാ ലിസി. രണ്ട് ദിവസം ആയ ശരീരം ആണ്. പോലീസ് എത്തി പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയി. അതിന്റെ റിപ്പോർട്ട് വന്നാലേ ആത്മഹത്യാ ആണോ കൊലപാതകം ആണോ എന്ന് തിരിച്ചറിയാൻ പറ്റൂ.”
ആൻഡ്രൂസ് പൈപ്പിൻ ചുവട്ടിൽ പോയി കയ്യും കാലും മുഖവും കഴുകി കൊണ്ട് പറഞ്ഞു.
കുര്യച്ചനും തൊമ്മിച്ചനും പരസ്പരം നോക്കി.
“ആ മോളികുട്ടിയുടെ പ്രതിക്ഷ ആയിരുന്നു ആ കൊച്ച്, ഇടക്കിടെ കുർബാനക്ക് പള്ളിയിൽ വരുമ്പോൾ കണ്ടിട്ടുണ്ട്. ഒരു സുന്ദരി കൊച്ച്.നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടിയായിരുന്നു. എന്തു പറ്റിയതാണോ.”
ഏലികുട്ടി സങ്കടത്തോടെ തിണ്ണയിൽ ഇരുന്നു.
ജിക്കുമോനെ ചേർത്തു പിടിച്ചു റോസ്‌ലിൻ ഭിത്തിയിൽ ചാരി നിൽക്കുകയാണ്.
“എനിക്ക് കണ്ടിട്ട് തോന്നുന്നത് ആരോ കൊന്ന് ആറ്റിലെറിഞ്ഞതാണ് എന്നാണ്. ആ കൊച്ചിന്റെ സ്വഭാവം അനുസരിച്ചു ആത്മഹത്യാ ചെയ്യേണ്ട കാര്യമില്ല “
അഴയിൽ തൂക്കിയിട്ടിരുന്ന തോർത്തിൽ കൈ തുടച്ചു കൊണ്ട് ആൻഡ്രൂസ് പറഞ്ഞു.
“എടാ.. നീ ആവശ്യമില്ലാത്ത കാര്യത്തിൽ പോയി തലയിടണ്ട ഊഹാപോഹം പറഞ്ഞു. അത് പോലീസുകാർ കണ്ടുപിടിച്ചോളും “
തൊമ്മിച്ചൻ ശാസനയുടെ സ്വരത്തിൽ താക്കീതു ചെയ്തു.
“ഞാൻ തോന്നിയ കാര്യം നിങ്ങളോടായതു കൊണ്ട് പറഞ്ഞതാ “
പറഞ്ഞിട്ട് ആൻഡ്രൂസ് തിണ്ണയിൽ ഇട്ടിരുന്ന കസേരയിൽ കയറി ഇരുന്നു.
“മോളെ ഷൈനി ആൻഡ്രൂസിനു കാപ്പികൊടുക്കാൻ പറ അമ്മച്ചിയോട്. അവൻ രാവിലെ ഒന്നും കഴിച്ചില്ലല്ലോ “
തൊമ്മിച്ചൻ ഷൈനിയോട് പറഞ്ഞു.
“എന്താ കഴിക്കാൻ വേണ്ടത് “
ഷൈനി ആൻഡ്രൂസിന്റെ അടുത്തേക്ക് ചെന്നു.
“അവിടെ എന്താണ് ഉള്ളതെങ്കിൽ അതെടുത്തോണ്ട് വാ “
ആൻഡ്രൂസ് മുഖം തുടച്ചു കൊണ്ട് പറഞ്ഞു.
“അങ്ങനെ ആണോ, എങ്കിൽ അവിടെ രണ്ട് ഇഷ്ടിക ഇരിപ്പുണ്ട് . അതെടുത്തോണ്ട് വരട്ടെ “
ഷൈനി ചിരിയോടെ ചോദിച്ചു.
അതുകേട്ടു ആൻഡ്രൂസ് തലതിരിച്ചു അവളെ നോക്കി.
“നീ ഇവിടെ രാവിലെ ഇഷ്ടിക ആണോ തിന്നുന്നത്. ങേ…”
ആൻഡ്രൂസിന്റെ തിരിച്ചുള്ള ചോദ്യം കേട്ടു ഷൈനി അടുത്തു നിൽക്കുന്ന റോസ്‌ലിനെ നോക്കി കണ്ണിറുക്കി.
“ഞാൻ ഇഷ്ടിക ഒന്നും തിന്നാറില്ല. എന്താ വേണ്ടത് എന്നാണ് ഞാൻ ഉദേശിച്ചത് “
ഷൈനി ആൻഡ്രൂസിൽ നോട്ടം പതിപ്പിച്ചു കൊണ്ട് പറഞ്ഞു.
“അങ്ങനെ എങ്കിൽ രണ്ട് പ്ലേറ്റ് കരിമീൻ വറുത്തതും ഒരു ബീഫ് ഫ്രൈയും നാലഞ്ചു കള്ളപ്പവും കൊണ്ടുവാ വേഗം “
ആൻഡ്രൂസ് കസേരയിൽ ഒന്നിളക്കി ഇരുന്നുകൊണ്ട് പറഞ്ഞു.
“അതിന് ഇതു കള്ളുഷാപ്പല്ല. ഓർഡർ ഇടുമ്പോഴേ ഇതൊക്കെ കൊണ്ടുവരാൻ.”
ഷൈനിയും വിട്ടുകൊടുത്തില്ല.
“ഇഡലിയും ചമ്മന്തിയും ഉണ്ട്. അത് വേണ്ടങ്കിൽ ഇന്നലത്തെ മോരൊഴിച്ചു, ചുവന്നുള്ളി ചതച്ചിട്ട പഴങ്കഞ്ഞി ഇരിപ്പുണ്ട്. ഇതിലേതാ വേണ്ടത് എന്നാണ് ചോദിച്ചത് ആൻഡ്രൂസേ “
അകത്തേക്ക് പോകാൻ തുടങ്ങിയിട്ട് പിന്നെ തിരിഞ്ഞു നിന്നു.
“ഏതാ വേണ്ടതെന്നു തീരുമാനിച്ചോ. എനിക്ക് അടുക്കളയിലേക്ക് പോകണം. അല്ലെങ്കിൽ അമ്മച്ചി ചൂലുമായി വരും”
ഷൈനിയുടെ പോകുവാൻ ദൃതി വച്ചു.
“നീ ആ പഴങ്കഞ്ഞി കുറച്ച് എടുത്തോണ്ട് വാ. കൂടെ നാലഞ്ചു കാന്താരി മുളകും എടുത്തോ “
ആൻഡ്രൂസ് പറഞ്ഞിട്ട് അടുത്തു ജിക്കുമോനെ എടുത്തു മടിയിലിരുത്തി.
“എനിക്ക് നാളെ മുതൽ സ്കൂളിൽ പോകണം. എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയാണ്.ആകെയുള്ള വരുമാനം ആണ് ആ ജോലി. അതുംകൂടി നഷ്ടപ്പെട്ടാൽ ഉള്ള അവസ്ഥ ഓർക്കാൻ കൂടി പറ്റില്ല “
റോസ്‌ലിൻ ആൻഡ്രൂസിനോട് പറഞ്ഞു.
“നാളെത്തെ കാര്യമല്ലേ… നോക്കാം എന്താ ചെയ്യേണ്ടതെന്നു “
അതുകേട്ടുകൊണ്ടാണ് ഷൈനി പഴങ്കഞ്ഞിയുമായി തിണ്ണയിലേക്ക് വന്നത്.
“ടീച്ചറെ നാളെതൊട്ട് സ്കൂളിൽ ജോലിക്ക് പൊയ്ക്കോ. ആൻഡ്രൂസ് ഉള്ളപ്പോൾ ടീച്ചർ ആരെയും പേടിക്കണ്ട. ആള് കളരിയ. പൂഴികടകൻ. വരുന്നവരെയൊക്കെ ഇടത്തുമാറി വലത്തൊഴിഞ്ഞു താഴേക്കു കുനിഞ്ഞു, ഇടിച്ചൊടിച്ചോളും. പഴയ തച്ചോളി ഒതേനന്റെ തലമുറയിൽ പെട്ടതാ “
ഷൈനി ആൻഡ്രൂസിന്റെ മുൻപിൽ കഞ്ഞിവച്ചു കൊടുത്തു കൊണ്ട് റോസ്‌ലിനോട് പറഞ്ഞു.
“മാറിപോക്കോ നീ. ഇല്ലേൽ കാന്താരി മുളക് പൊട്ടിച്ചു കണ്ണിൽ തേച്ചു തരും ഞാൻ. പറഞ്ഞേക്കാം “
പഴങ്കഞ്ഞിയിൽ നിന്നും കുറച്ചു ചോറെടുത്തു ജിക്കുമോന്റെ വായിൽ വച്ചു കൊടുത്തു കൊണ്ട് ആൻഡ്രൂസ് പറഞ്ഞു.
ആദ്യമായി സ്നേഹത്തോടെ തന്റെ മോനെ മടിയിലിരുത്തി ഒരാൾ ഭക്ഷണം കൊടുക്കുന്നത് കണ്ടു റോസ്‌ലിന്റെ കണ്ണുകൾ സജ്ജലങ്ങളായി.ഉള്ളിന്റെ ഉള്ളിൽ ഏതോ പറഞ്ഞറിയിക്കാനാവാത്തപോലുള്ള ഒരു വികാരം ഉടലെടുത്തപോലെ. ആൻഡ്രൂസിന്റെ മടിയിലിരുന്നു ചോറുണ്ണുന്ന ജിക്കുമോനെ നോക്കി റോസ്‌ലിൻ നിന്നു.
“ടീച്ചറു പേടിക്കണ്ട, നാളെ മുതൽ സ്കൂളിൽ പൊക്കോ. ആരും പ്രശ്നം ഉണ്ടാക്കാൻ വരത്തില്ല. ഞാൻ നോക്കിക്കൊള്ളാം “
ആൻഡ്രൂസ് കാന്താരി മുളക്കെടുത്തു കഞ്ഞിയിൽ ഇട്ടു ഞരടിപിഴിഞ്ഞു.
“മോനിങ്ങു വാ അങ്കിൾ ആഹാരം കഴിക്കട്ടെ “
റോസിലിൻ വന്നു ജിക്കുമോനെ ആൻഡ്രൂസിന്റെ മടിയിൽ നിന്നും എടുത്തു ഷൈനിയുടെ കൂടെ വീടിനുള്ളിലേക്ക് പോയി.
“ആൻഡ്രൂ… ഞങ്ങള് പറബിലേക്ക് പോകുവാ. കുറച്ച് ഇഞ്ചിയും മഞ്ഞളും കാച്ചിലും ചേനയുമൊക്കെ പറിച്ചെടുക്കാനുണ്ട്. ഉച്ചകഴിഞ്ഞു ചന്തക്കു പോകാനുള്ളതാ.”
തൊമ്മിച്ചൻ പറഞ്ഞിട്ട് കുര്യച്ചനെയും കൂട്ടി പോകാനിറങ്ങി.
“ഞാൻ അങ്ങോട്ടു വന്നേക്കാം. ലോറിയിൽ കേറ്റി കൊണ്ടുപോകാം. അതിന് വേണ്ടി വേറെ വണ്ടിപിടിക്കേണ്ട കാര്യമില്ല “
കഞ്ഞികുടിച്ചു കൊണ്ടിരുന്ന ആൻഡ്രൂസ് പറഞ്ഞു.
“അന്നാ ഞങ്ങള് പോയി പണി തുടങ്ങാം. നീ പതുക്കെ പോര്. അല്ലെങ്കിൽ ഉച്ചയാകുമ്പോൾ തീരത്തില്ല “
കുര്യച്ചൻ തൊമ്മിച്ചന്റെ കൂടെ നടകല്ലുകളിറങ്ങി താഴേക്കു നടന്നു.
കഞ്ഞികുടിച്ചു കൈകഴുകി വന്ന ആൻഡ്രൂസ് ഒരു ബീഡി എടുത്തു തീകൊളുത്തി തിണ്ണയിൽ ഇരുന്നു.
“ആൻഡ്രൂച്ചെ… എനിക്കും വേണം ഇത് “
അടുത്തേക്ക് വന്ന ജിക്കുമോൻ എരിയുന്ന ബീഡിയിലേക്ക് നോക്കി പറഞ്ഞു.
“അയ്യേ.. അതൊന്നും മോന് വേണ്ട. ഇതൊന്നും നല്ലതല്ല. മോനൊരിക്കലും ഇങ്ങനെ ചെയ്യരുത് “
ആൻഡ്രൂസ് ജിക്കുമോന്റെ കവിളിൽ തലോടികൊണ്ട് പറഞ്ഞു.
“നല്ലതല്ലെങ്കിൽ ആൻഡ്രൂച്ച് എന്തിനാ ഇങ്ങനെ ചെയ്യുന്നത് “
ജിക്കുമോന് സംശയമായി.
“അത് അങ്കിള് നല്ലതല്ലാത്തതുകൊണ്ട്. ബീഡിയും കള്ളും കുടിച്ചു നടക്കുന്നവരൊന്നും നല്ലവരല്ല. മോൻ നല്ലതായതുകൊണ്ട് ഇതൊന്നും ചെയ്യരുത്. മനസിലായോ “
ആൻഡ്രൂസ് ജിക്കുമോനെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.
“അവന് എന്ത് കണ്ടാലും ഭയങ്കര സംശയങ്ങൾ ആണ് “
വീട്ടിനുള്ളിൽ നിന്നും വന്ന റോസ്‌ലിൻ പറഞ്ഞു.
“ങ്ങാ അവൻ കുഞ്ഞല്ലേ.. എന്ത് കണ്ടാലും ഒരു ജിജ്ജാസ കാണും.മോനിവിടെ ഇരുന്നു കളിച്ചോ.. ഞാൻ പറമ്പിലേക്ക് ചെന്നു അവരെ സഹായിക്കട്ടെ “
മടിയിൽ കിടന്ന തോർത്തെടുത്തു തോളിലിട്ടു എഴുന്നേറ്റു കൈലി മടക്കി കുത്തി.
ആൻഡ്രൂസ് നടന്നുപോകുന്നതും നോക്കി റോസ്‌ലിൻ തൂണിലും ചാരി നിന്നു.
“ടീച്ചറെ നമുക്ക് ആറ്റിൽ കുളിക്കാൻ പോകാം. എനിക്ക് കുറച്ച് തുണിയും നനക്കാനുണ്ട്. ആറ്റിൽ ഒന്ന് നീന്തികുളിക്കുമ്പോൾ ഒരു ഉന്മേഷം കിട്ടും.”
ഷൈനി അലക്കുവാനുള്ള തുണിയുമായി ഇറങ്ങി വന്നു.
“എടി ഷൈനി, കൊച്ചിനെ നോക്കിക്കോണം. നല്ല വെള്ളമുള്ള സമയമാ ഇപ്പൊ. ഓർത്തോണം. രാവിലത്തെ ആ പെങ്കൊച്ചിന്റെ കാര്യം കേട്ടതുമുതൽ ശരീരത്തിൽ ഒരു വിറയലാ “
പുറത്തേക്കു വന്ന ഏലികുട്ടി പറഞ്ഞു.
“മോളെ കുഞ്ഞിന്റെ കാര്യം പ്രേത്യേകം ശ്രെദ്ധിച്ചോണം “
ഏലികുട്ടി റോസ്‌ലിനോടുമായി പറഞ്ഞു.
“അതൊക്കെ ഞങ്ങള് നോക്കിക്കോളാം. അമ്മച്ചി അടുക്കളയിൽ വല്ല പണി യുണ്ടെങ്കിൽ പോയി ചെയ്യ് “
ഷൈനി തുണികളുമായി മുറ്റത്തേക്കിറങ്ങി.
“വാ ടീച്ചറെ. ഇനിയും അവിടെ നിന്നാൽ അമ്മച്ചി പറഞ്ഞു പേടിപ്പിക്കും “
റോസ്‌ലിൻ ജിക്കുമോനെയും കൊണ്ട് ഷൈനിയുടെ പുറകെ നടന്നു.
“ഷൈനി.. എന്നെ ഇങ്ങനെ എപ്പോഴും ടീച്ചറെ എന്ന് വിളിക്കണ്ട, കുട്ടികൾ വിളിക്കുന്നപോലെ. ചേച്ചിയെന്നോ മറ്റൊ വിളിച്ചാൽ മതി. അതാ കേൾക്കാനൊരു സുഖം. അകൽച്ചയില്ലാത്തപോലെ.. എനിക്ക് അനിയത്തി മാർ ആരുമില്ലായിരുന്നു. ഷൈനിയെ കാണുമ്പോൾ ആ കുറവ് മാറിയപോലൊരു തോന്നലാണ് “
റോസ്‌ലിൻ നടക്കുന്നതിനിടയിൽ പറഞ്ഞു.
“എന്നാ ശരി ടീച്ചറെ…. സോറി ചേച്ചി.. എനിക്കും അങ്ങനെ വിളിക്കുമ്പോൾ ഒരു സന്തോഷം “
ഷൈനി റോസ്‌ലിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
“ഇനി മുതൽ ഇത് എനിക്ക് റോസ്‌ലിൻ ചേച്ചി ആയിരിക്കും. പോരെ “
ഷൈനി തുണികൾ നിറച്ച ബക്കറ്റ് ഇടതു കയ്യിൽ നിന്നും വലതുകയ്യിലേക്കു മാറ്റി പിടിച്ചു കൊണ്ട് നടന്നു.
ആൻഡ്രൂസും തൊമ്മിച്ചനും കുര്യനും കൂടി മഞ്ഞളും ഇഞ്ചിയും കാച്ചിലും ചേനയുമെല്ലാം പറിച്ചു ചുമന്നു വഴിയിലെത്തിച്ചു ലോറിയിൽ കയറ്റി.
ഉച്ചകഴിഞ്ഞപ്പോൾ അവർ ചന്തയിലേക്ക് പോകാൻ തയ്യാറായി.
“എടി ഏലികുട്ട്യേ… വീട്ടിലേക്കു ചന്തയിൽ നീന്നും വാങ്ങിക്കേണ്ട സാധനങ്ങൾ ഷൈനിയെ കൊണ്ട് ഒരു പേപ്പറിൽ എഴുതി ഇങ്ങെടുക്ക്.ഒരു മാസത്തേക്ക് വേണ്ടത് നോക്കിയിട്ട് എഴുതിക്കോ “
തൊമ്മിച്ചൻ വീടിനുള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.
“ങ്ങാ എഴുതികൊണ്ട് വരാം ചാച്ചാ “
ഷൈനി വിളിച്ചു പറഞ്ഞു.
“ആൻഡ്രൂച്ചേ, എവിടെ പോവുവാ. എന്നേം കൊണ്ടുപോകുവോ “
ആൻഡ്രൂസിന്റെ അടുത്തു വന്നു നിന്നു ജിക്കുമോൻ.
“മോൻ ഇങ്ങു വാ…മോൻ പോയാൽ ഇവിടെ മമ്മിയുടെ അടുത്ത് ആരാ… അത് വലിയ ആളുകൾ പോകുന്ന സ്ഥലമാ. അവിടെ പിള്ളേരെ പിടിച്ചു കൊണ്ടുപോകുന്ന ആളുകൾ ഉണ്ട് “
റോസ്‌ലിൻ ജിക്കുമോനോട് പറഞ്ഞു.
“ഇല്ല, എനിച്ചും പോണം ആൻഡ്രൂച്ചിന്റെ കൂടെ. ആൻഡ്രൂച്ചു ഉള്ളപ്പോ എന്നേം ആരും പിടിക്കത്തില്ല “
ജിക്കുമോൻ ആൻഡ്രൂസിന്റെ കയ്യിൽ പിടിച്ചു.
മോന്റെ ആഗ്രഹം അല്ലെ. കൂടെ വന്നോട്ടെ ടീച്ചറെ. ഞാൻ നോക്കിക്കൊള്ളാം “
ആൻഡ്രൂസ് റോസ്‌ലിനോട് പറഞ്ഞു.
“കൊച്ച് ഞങ്ങടെ കൂടെ വരട്ടെ മോളെ. ഞങ്ങളെല്ലാം ഇല്ലെ. അവന്റെയൊരു ചെറിയ ആഗ്രഹം അല്ലെ.”
കുര്യച്ചനും അതിനെ പിന്തുണച്ചു.
പിന്നെ റോസ്‌ലിൻ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല. അവൾക്കറിയാമായിരുന്നു തന്റെ മോൻ അവരുടെ കയ്യിൽ സുരക്ഷിതൻ ആയിരിക്കുമെന്ന്.
ലോറി കണ്ണിൽ നിന്നും മറയുന്നത് വരെ റോസ്‌ലിൻ നോക്കി നിന്നു
“ചേച്ചിക്ക് എന്താ ജിക്കു മോൻ പോയത് കൊണ്ട് വിഷമമുണ്ടോ. അതോ പേടിയോ “
ഷൈനി അടുത്ത് ചെന്നു റോസ്‌ലിനെ നോക്കി.
“ഹേയ്. അങ്ങനെയൊന്നുമില്ല. ആദ്യമായ ഞാനില്ലാതെ മോൻ ഒരു സ്ഥലത്തു പോകുന്നത്. അവന് ഇന്നു വരെ ഞാനല്ലാതെ സ്നേഹം കൊടുക്കാൻ മറ്റാരും ഇല്ലായിരുന്നു. ആൻഡ്രൂസ് ഇന്നലെ ഞങ്ങളെ രക്ഷിച്ചത് മുതൽ മോന്റെ മനസ്സിൽ ആൻഡ്രൂസ് ഒരു ഹീറോ ആണ്. സിനിമയിൽ ഒക്കെയുള്ള ആരെയൊക്കെയോ പോലെയാണെന്ന് എന്നോട് പറഞ്ഞു. ആൻഡ്രൂസിന്റെ അടുത്ത് ചെല്ലുമ്പോൾ അവന്റെ മുഖത്തെ സന്തോഷം ഞാൻ കാണുന്നുണ്ട്. ഷൈനിയെയും അവൻ വല്യ ഇഷ്ടമാ… ഒറ്റയ്ക്ക് വളർന്ന അവന് ആരെയൊക്കെയോ കിട്ടിയ സന്തോഷമാ “
ഈറനണിഞ്ഞ മിഴികൾ തുളുമ്പാതിരിക്കാൻ പാടുപെട്ടുകൊണ്ട് റോസ്‌ലിൻ പറഞ്ഞു.
“ഇനി നമ്മളൊക്കെ സ്വൊന്തം അല്ലെ. ചേച്ചിക്ക് അങ്ങനെ തോന്നിയിട്ടില്ലേ. ഞങ്ങളൊക്കെ സ്വൊന്തം ആണെന്ന് “
ഷൈനി റോസ്‌ലിന്റെ മുഖത്തേക്ക് നോക്കി.
“ഇത്രയും സ്നേഹവും കരുതലും ഉള്ള ആളുകളെ ഞാൻ ആദ്യം കാണുകയാണ് ഷൈനി.”
ഷൈനിയെ നോക്കി ചിരിച്ചു കൊണ്ട് റോസ്‌ലിൻ പറഞ്ഞു.
“ചേച്ചി, ഞാനൊരു കാര്യം ചോദിച്ചാൽ ചേച്ചിക്ക് വിഷമം തോന്നുമോ.”
ഷൈനിയുടെ ചോദ്യം കേട്ടു ഇല്ല എന്ന് റോസ്‌ലിൻ തലകുലുക്കി.
“ജിക്കുമോന്റെ പപ്പാ എവിടെയ “
ഷൈനിയുടെ ചോദ്യം കേട്ടു റോസ്‌ലിന്റെ മുഖം വിവർണ്ണമായി.
“ചേച്ചി വിഷമം തോന്നുന്നതാണെങ്കിൽ പറയണ്ട. ഞാൻ ചോദിച്ചെന്നേയുള്ളു “
റോസ്‌ലിന്റെ മുഖഭാവം ശ്രെദ്ധിച്ച ഷൈനി പറഞ്ഞു.
“ഇല്ല ഷൈനി. എനിക്ക് പറയാൻ വിഷമമില്ല. പക്ഷെ ഞാൻ മറക്കാൻ ശ്രെമിക്കുന്ന കാര്യങ്ങൾ ആണത്. എങ്കിലും പറയാം “
ഒന്ന് നിർത്തിയിട്ടു തുടർന്നു.
“ജിക്കുമോന്റെ പപ്പാ ജീവിച്ചിരിപ്പുണ്ട്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ ആണ്. കൊലക്കുറ്റത്തിന് “
റോസ്‌ലിൻ പറഞ്ഞത് കേട്ടു ഷൈനി ഭയത്തോടെ റോസ്‌ലിനെ നോക്കി.
“ആരേ കൊന്നിട്ട്? എന്തിന് വേണ്ടി “?
ഷൈനി ഉത്കണ്ഠയോടെ ചോദിച്ചു.
“വേറെ ആരെയും അല്ല. സ്വൊന്തം മോളെ കൊന്നിട്ട്. അയാൾക്ക് എന്നിലുണ്ടായ എന്റെ മോളെ കൊന്നിട്ട് “
റോസ്‌ലിൻ പറഞ്ഞത് കേട്ടു ഷൈനിയിൽ ഒരു ഉൾക്കിടിലം ഉണ്ടായി.
“ചേച്ചി എന്താ പറയുന്നത്? സ്വൊന്തം മകളെ കൊന്നുവെന്നോ?”
ഷൈനിയുടെ ചോദ്യം കേട്ടു റോസ്‌ലിൻ തുടർന്നു.
“എന്റെ മോള് ജീവിച്ചിരുന്നെങ്കിൽ ജിക്കുമോന്റെ അതേ പ്രായം ആയിരുന്നു. ഇരട്ടകുട്ടികൾ ആയിരുന്നു. സംശയരോഗം ബാധിച്ചു കഞ്ചാവും മദ്യത്തിനും അടിമയായി വീട്ടിലെത്തി എന്നെ ശരീരികവും മാനസികാവുമായി പീഡിപ്പിക്കുന്നത് അയാൾക്കൊരു ഹരമായിരുന്നു. പ്രസവിച്ചു മൂന്നുമാസം ആകുന്നതിനു മുൻപ് ഒരു ദിവസം അയാൾ പതിവുപോലെ വന്നു എന്നെ മർദിച്ചു. എന്നെ തൊഴിച്ചത് ലക്ഷ്യം തെറ്റി എന്റെ അടുത്ത് കിടന്നുറങ്ങിയിരുന്ന എന്റെ മോൾക്കിട്ടാണ് കൊണ്ടത്. തെറിച്ചു പോയി ഭിത്തിയിൽ ഇടിച്ചു അപ്പോൾ തന്നെ മരിച്ചു.കുട്ടികൾ അയാളുടെയല്ലെന്നും പറഞ്ഞായിരുന്നു വഴക്ക്. പ്രണയിച്ചവനെ വിശ്വസിച്ചു, വീട്ടുകാരെ ധിക്കരിച്ചു ഇറങ്ങിവന്നതിനു കർത്താവ് തന്ന ശിക്ഷ. എനിക്കെന്റെ നെഞ്ച് പൊട്ടിപോകുന്ന വേദനയുണ്ട് മോളെ. ആരോടെങ്കിലും ഒന്ന് പറഞ്ഞു പൊട്ടികരയണമെന്നുണ്ട് ചേച്ചിക്ക് “
ഷൈനിയെ കെട്ടി പിടിച്ചു റോസ്‌ലിൻ കരഞ്ഞു.
“എന്റെ മോളെ ഓർക്കുമ്പോൾ ചങ്കിനുള്ളിൽ ഒരു പിടച്ചിലാ. എന്റെ കുഞ്ഞിനെ ഈ ഭൂമിയിൽ ജീവിക്കാൻ അയാൾ സമ്മതിച്ചില്ല. ന്റെ മോള് ഒരുപാടു വേദനിച്ചു കാണുമോ.? പാലുകൊടുത്തു, ചിരിക്കുന്ന അവളുടെ മുഖത്തു ഉമ്മവച്ചു ചേർത്തു പിടിച്ചു ഉറക്കികിടത്തിയതാ അവളെ. ഉറക്കത്തിൽ എന്റെ മോള് എന്നെ നോക്കി ഒറ്റക്കിരുന്നു കരയുന്നത് എനിക്ക് കാണാം. ഞെട്ടി എഴുനേൽക്കുമ്പോൾ അവൾ മാഞ്ഞു പോകും. എന്തിനാണ് ഇതിനു വേണ്ടി ദൈവം അവളെ എനിക്ക് തന്നതെന്നാണ് എനിക്ക് മനസ്സിലാകാത്തത്.എനിക്കാരുമില്ല ഷൈനി. ഒറ്റയ്ക്ക് നെഞ്ചിൽ കൊണ്ടുനടന്നു എരിഞ്ഞു തീരുകയാ ഞാൻ. എന്റെ കുഞ്ഞിനെ ഓർത്ത ജീവിക്കുന്നത് തന്നെ. അല്ലെങ്കിൽ നേരത്തെ ഞാനും എന്റെ മോളുടെ അടുത്തേക്ക് പോയേനെ. ഒറ്റയ്ക്ക് ഇരിക്കുന്ന അവളെ എടുത്തു താലോലിക്കാൻ, ആ കവിളിൽ മുത്തം കൊടുത്തു ചുവപ്പിക്കുവാൻ, ഞെഞ്ചോടു ചേർത്തു പാലൂട്ടി താരാട്ടു പാടി ഉറക്കുവാൻ ഞാൻ പോയേനെ.”
ഏങ്ങലടിച്ചു കരയുന്ന റോസ്‌ലിന്റെ ശിരസ്സിൽ ഷൈനി തലോടി.
“ചേച്ചി, കരയാതെ, എന്നും ചേച്ചിക്ക് ഇങ്ങനെ ദുഖിക്കേണ്ടി വരില്ല. മോളെ കർത്താവ് നോക്കിക്കോളും.മോൾക്ക് അത്ര ആയുസ്സെ കൊടുത്തിരുന്നുള്ളു എന്ന് കരുതിയാൽ മതി.ചേച്ചിക്ക് ഇപ്പൊ ഞങ്ങളൊക്കെയില്ലേ. കരയാതെ “
ഷൈനി റോസ്‌ലിനെ ചേർത്തു പിടിച്ചു.
**************************************-****
തൊമ്മിച്ചനും കുര്യച്ചനും ആൻഡ്രൂസും കൂടി ചന്തയിൽ സ്ഥിരമായി ചരക്കിറക്കുന്നിടത്തു ലോറിയിൽ നിന്നും സാധനങ്ങൾ ഇറക്കി.
ആൻഡ്രൂസ് പോയി ലോറിക്കുള്ളിൽ നിന്നും ജിക്കുമോനെ എടുത്തിറക്കി.
“ഇതാണ് നമ്മള് വന്ന സ്ഥലം. ചുറ്റും നോക്കിക്കേ, എങ്ങനെയുണ്ടെന്നു “
ആൻഡ്രൂസ് ജിക്കുമോനോട് പറഞ്ഞു.
ജിക്കുമോൻ ചുറ്റും നോക്കി.
ഒരു പാട് ആളുകൾ, കടകൾ, വാഹനങ്ങൾ ഇതൊക്കെ അവനൊരാത്ഭുതം ആയിരുന്നു.
ആൻഡ്രൂസ് ജിക്കുമോനെ പൊക്കിയെടുത്തു തോളിലിരുത്തി കൊണ്ട് ചന്തയിലകമാനം ചുറ്റികൊണ്ട് നടന്നു കാണിച്ചു. കാളകളെയും പോത്തുകളെയും പശുക്കളെയും ഒക്കെ അവൻ സകൂതം നോക്കി.
ചിന്തിക്കടയിൽ നിന്നും ജിക്കുമോൻ ചൂണ്ടി കാണിച്ചു കൊടുത്ത കാറും, പാവകളും, ഉൾപ്പെടെയുള്ള കുറച്ചു കളിപ്പാട്ടങ്ങളും വാങ്ങിച്ചു.ഐസ്ക്രീം വാങ്ങിച്ചു കഴിപ്പിച്ചു.
“തോളിൽ ഇരുന്നു മൂത്രമൊഴിച്ചേക്കരുത്”
ആൻഡ്രൂസ് തമാശ രൂപേണ പറഞ്ഞു.
എല്ലായിടവും ചുറ്റികണ്ടു കുറച്ച് പലഹാരങ്ങളും വാങ്ങിച്ചു.
“മോനെ ഇനി നമുക്ക് തൊമ്മിപാപ്പന്റെയും കുര്യപാപ്പന്റെയും അടുത്തേക്ക് പോയാലോ “
ആൻഡ്രൂസ് ചോദിച്ചപ്പോൾ ജിക്കു മോൻ തലയാട്ടി.
തിരിച്ചു നടക്കുമ്പോൾ എന്തോ മുഖത്തു വീണത് ആൻഡ്രൂസ് തുടച്ചു നോക്കി.
വെള്ളമാണ്.
“നീ മൂത്രമൊഴിച്ചോ. തോളിൽ ഇരുന്ന് “
ആൻഡ്രൂസ് ചോദിച്ചത് കേട്ടു ഇല്ലെന്ന് ജിക്കുമോൻ തലയാട്ടി.
“പിന്നെ എവിടുന്നാ ഈ തുള്ളി തുള്ളി ആയി വെള്ളം മുഖത്തു വന്നത് “
ആൻഡ്രൂസ് ചോദിച്ചു.
“ഞാൻ മൂത്രമൊഴിച്ചില്ല… കണ്ണീന്നാ വെള്ളം വന്നത് “
ജിക്കുമോൻ പറഞ്ഞതുകേട്ട് ആൻഡ്രൂസ് ജിക്കുമോനെ എടുത്തു നിലത്തു നിർത്തി.
അവന്റെ മുഖത്തേക്ക് നോക്കി.
ആ കുഞ്ഞി കണ്ണുകൾ നിറഞ്ഞിരുന്നു.
“എന്തിനാ മോൻ കരഞ്ഞത്. അങ്കിള് മോനെ വഴക്ക് പറഞ്ഞോ “
ജിക്കുമോന്റെ കണ്ണുകൾ തുടച്ചു കൊണ്ട് ആൻഡ്രൂസ് ചോദിച്ചു.
“ഇല്ല, എനിച് അറിയത്തില്ല, കണ്ണീ എങ്ങനെ വെള്ളം വന്നതെന്ന് “
ജിക്കുമോൻ ആൻഡ്രൂസിന്റെ മുഖത്തേക്ക് നോക്കി. എന്തോ സങ്കടം അവന്റെ മുഖത്തു നിറഞ്ഞിരുന്നു.
ജിക്കുമോനെ പൊക്കിയെടുത്തു ആൻഡ്രൂസ് തൊമ്മച്ഛന്റെയും കുര്യച്ചന്റെയും അടുത്തേക്ക് നടന്നു. അപ്പോഴേക്കും അവർ ഇറക്കിയ ചരക്കുകൾ വിറ്റു തീർന്നിരുന്നു.
കുര്യച്ചനും തൊമ്മിച്ചനും വീട്ടു സാധനങ്ങൾ വാങ്ങിക്കാൻ പലചരക്കു കടയിലേക്ക് പോയി.
ജിക്കുമോനെ ലോറിയുടെ അടുത്ത് നിർത്തി ആൻഡ്രൂസ് ഒരു ബീഡി കത്തിച്ചു കുറച്ചു മുൻപോട്ടു നീങ്ങി നിന്നു വലിച്ചു. അടുത്ത് കണ്ട പെട്ടിക്കടയിൽ നിന്നും ഒരു വട്ടുസോഡാ മേടിച്ചു പൊട്ടിച്ചു മുഖം കഴുകി ബാക്കി കുടിച്ചു. പൈസ കൊടുത്തു തിരിഞ്ഞു നോക്കുമ്പോൾ ലോറിയുടെ അടുത്ത് ജിക്കുമോനെ കാണാനില്ല!!
ആൻഡ്രൂസ് വേഗം ലോറിക്കടുത്തേക്ക് ചെന്നു. ലോറിക്ക് ചുറ്റും നോക്കി, അകത്തും നോക്കി. വിളിച്ചിട്ടും വിളി കേൾക്കുന്നില്ല!!
ചുറ്റും നോക്കി വിളിച്ചു കൊണ്ട് ആൻഡ്രൂസ് മുൻപോട്ടു ഓടി. ചന്തക്കകത്തേക്ക് കടന്നപ്പോൾ ആൻഡ്രൂസ് കണ്ടു.
ഒരാൾ ജിക്കുമോന്റെ വാ പൊത്തി പിടിച്ചു കൊണ്ട് മുൻപോട്ടു പോകുന്നു.!!
ആൻഡ്രൂസ് അലറിക്കൊണ്ട് മുൻപോട്ടു കുതിച്ചു.. പോകുന്ന വഴിയിൽ കടയിലിരുന്ന ഒരു ഇരുമ്പിന്റെ കട്ടി എടുത്തു ജിക്കുമോനെ എടുത്തു കൊണ്ട് ഓടുന്നവന്റെ നേർക്കെറിഞ്ഞു. അത് പോയി അവിടെ നിന്ന ഇരുമ്പു തൂണിൽ ഇടിച്ചു ശബ്ദത്തോടെ താഴെ വീണു.ജിക്കുമോനെയും കൊണ്ട് പോയവൻ അവിടെ കിടന്ന ജീപ്പിൽ കയറി ജീപ്പ് വെട്ടി തിരിഞ്ഞു ആൻഡ്രൂസിന്റെ നേർക്കു പാഞ്ഞു വന്നു.ജീപ്പിലിരുന്നു രണ്ടുമൂന്നുപേർ ആൻഡ്രൂസിനെ നോക്കി വികൃതമായി ചിരിച്ചു.
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission