Skip to content

മലയോരം – 4

malayoram novel

പാഞ്ഞുവന്ന ജീപ്പിന്റെ മുൻപിൽ നിന്നും ആൻഡ്രൂസ് ഒഴിഞ്ഞു മാറി.

ജീപ്പിന്റെ സൈഡ് മിറർ പച്ചക്കറി കടയുടെ തൂണിലിടിച്ചു കടയുടെ മുകളിൽ നിന്നും പടുത താഴെക്കൂർന്നു ജീപ്പിന്റെ മുകളിലേക്കു വീണു ഫ്രണണ്ട് ഗ്ലാസിന്റെ കാഴ്ച മറച്ചു.

ജീപ്പ് ലക്ഷ്യം തെറ്റി കടക്കുള്ളിലേക്ക് കയറി നിന്നു.

മാരകയുധവുമായി ചാടിയിറങ്ങിയ ഒരുവൻ ചുറ്റും കൂടിയ ആളുകൾക്ക് നേരെ വീശി അലറി.

“ഒറ്റെയെണ്ണം അടുത്തേക്ക് വന്നാൽ അരിഞ്ഞു കളയും ഞാൻ…”

അയാൾ വടിവാൾ വീശിയപ്പോൾ കൂടി നിന്നവർ പിന്നിലേക്ക് മാറി.

ജീപ്പിൽ നിന്നും മൂന്നുപേർ കൂടി ഇറങ്ങി വന്നു. അതിലൊരാളുടെ കയ്യിൽ കിടന്നു നിലവിളിച്ചു കരയുകയാണ് ജിക്കു മോൻ.

“ഇവന്റെ അപ്പന്റെ അടുത്തേക്ക് തന്നെയാ ഞങ്ങൾ കൊണ്ടുപോകുന്നത്. അതുകൊണ്ട് ആരും എതിർക്കാൻ നോക്കണ്ട “

ഇറങ്ങി വന്നവരിലൊരാൾ ആൾക്കൂട്ടത്തിലേക്കു നോക്കി വിളിച്ചു പറഞ്ഞു.

“ജിക്കുവിനെയും തൂക്കി കൊണ്ട് നിന്നവൻ മുൻപോട്ടു നടന്നു. പുറകെ വടിവാളും വീശി മറ്റൊരുവനും

“റോക്കി ജീപ്പ് തിരിച്ചിറക്കി വഴിയിലേക്ക് കയറ്റ്.”

കൂടെ നിന്നവന്റെ നിർദേശം കേട്ട് കറുത്ത് തടിച്ച ഒരുത്തൻ  പച്ചക്കറി ചവിട്ടി മെതിച്ചു കൊണ്ട് ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിൽ എത്തി.കൂടെയുള്ളവനും മുൻസീറ്റിൽ കയറി.

പച്ചക്കറികൾ ചതച്ചരച്ചു കൊണ്ട് ജീപ്പ് റിവേഴ്സ് ഗിയറിൽ പുറകിലേക്ക് നീങ്ങി.

അതേ സമയം കടകളുടെ മറപറ്റി നീങ്ങിയ ആൻഡ്രൂസ് കുങ്കുമം വിൽക്കുന്ന കടയുടെ അടുത്തെത്തി…. മുൻപിലേക്കു ഒരുത്തൻ നടന്നു പോകുന്നു. ജിക്കുമോനെയും കൊണ്ട് പോകുന്നവൻ അവനെ പുറകിലയാണ് നടക്കുന്നത്.

അവൻ ചിന്തി കടയുടെയും കുങ്കുമകടയുടെയും അടുത്തെത്തിയതും ആൻഡ്രൂസ് മിന്നൽ വേഗത്തിൽ അവനെ വലിച്ചു കടകളുടെ ഇടയിലേക്ക് ഇട്ടു.അവൻ നിലത്തു വീഴുന്നതിനു മുൻപ് ജിക്കു മോനെ പിടിച്ചു പൊക്കി ആൻഡ്രൂസ് ആക്രമിയെ ചവിട്ടി നിലത്തിരുത്തി.

ജീപ്പുമായി വന്നവർ വടിവാളും വീശി നിൽക്കുന്നവന്റെ അടുത്തെത്തി. അപ്പോഴാണ് കുഞ്ഞിനേയും കൊണ്ട് വന്നവനെ കാണാനില്ലെന്നു മനസ്സിലായത്. എങ്കിലും ആളുകൂടുന്നത് കണ്ടു വടിവാളും കൊണ്ട് നിന്നവൻ ചാടി ജീപ്പിൽ കേറി.ജീപ്പ് മുൻപോട്ടു നീങ്ങി.

താഴെ കിടന്നവൻ ചാടി എഴുനേറ്റു ആൻഡ്രൂസിനെ തള്ളി മറച്ചു ജീപ്പിനു പുറകെ പാഞ്ഞു ചെന്നു ജീപ്പിന്റെ പുറകിൽ തൂങ്ങി…

ജീപ്പ് മുൻപോട്ടു കുതിച്ചു പാഞ്ഞു.

കടയുടെ ഇടയിൽ നിന്നും ആൻഡ്രൂസ് ജിക്കുമോനെയും എടുത്തു കൊണ്ട് പുറത്തേക്കു വന്നു.

ജിക്കുമോൻ ഭയന്ന് പോയിരുന്നു.

എന്താണ് നടക്കുന്നതെന്ന് മനസിലാകാതെ സ്തംഭിച്ചു നിന്ന തൊമ്മിച്ചനും കുര്യച്ചനും ആൻഡ്രൂസിന്റെ അടുത്തേക്ക് ഓടി വന്നു.

“എന്താടാ സംഭവിച്ചത് “

തൊമ്മിച്ചൻ ആൻഡ്രൂസിനെ നോക്കി.

“ജിക്കുമോനെ തട്ടിക്കൊണ്ടു പോകുവാൻ നോക്കിയതാ കുറച്ചു പേർ “

ആൻഡ്രൂസ് പറഞ്ഞത് തൊമ്മിച്ചനും കുര്യച്ചനും അമ്പരന്നു.

“അതാർക്കാ ഈ കുഞ്ഞിനോട് ഇത്രയും പക..”

കുര്യച്ചൻ ചോദിച്ചു കൊണ്ടിരിക്കുമ്പോൾ അവർക്കു ചുറ്റും ആളുകൾ കൂടി നിന്ന് ഓരോ അഭിപ്രായം പറഞ്ഞു കൊണ്ടിരുന്നു.

ജിക്കുമോൻ പേടിച്ചു ആൻഡ്രൂസിന്റെ തോളിൽ അള്ളിപിടിച്ചു കിടക്കുകയായിരുന്നു.ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് കണ്ടതും അവന്റെ ഭയം വർധിപ്പിച്ചു.

“കൊച്ച് ആകെ പേടിച്ചിരിക്കുവാ.. വാ കൊച്ചിനെ കൊണ്ട് പെട്ടെന്ന് വീട്ടിലേക്കു പോകാം “

തൊമ്മിച്ചൻ തിരിച്ചു പോകാൻ ദൃതി വച്ചു.ആൻഡ്രൂസ് ജിക്കുമോനെയും കൊണ്ട് ലോറിക്കടുത്തേക്ക് നടന്നു. പുറകെ തൊമ്മിച്ചനും കുര്യച്ചനും….

“അവര് ഇനിയും വരുമോ ആൻഡ്രൂച്ചെ… എന്നെ പിടിച്ചോണ്ട് പോകാൻ “

ലോറിയുടെ സീറ്റിൽ ഇരുത്തുമ്പോൾ ജിക്കുമോൻ ആൻഡ്രൂസിന്റെ മുഖത്തേക്ക് നോക്കി.

അപ്പോൾ ആ കുഞ്ഞിക്കണ്ണുകളിൽ നിറയെ ഭയമായിരുന്നു.

“മക്കളെ പിടിച്ചോണ്ട് പോകാൻ ഒരുത്തനും വരത്തില്ല. ഈ അപ്പാപ്പൻ മാരൊക്കെയില്ലേ മോന്റെ കൂടെ. മോൻ പേടിക്കാതെ ഇരുന്നോ. നമുക്കിപ്പോൾ വീട്ടിലെത്താം “

കുര്യച്ചൻ ജിക്കുമോനെ ചേർത്തു പിടിച്ചു.

ആൻഡ്രൂസ് ലോറി സ്റ്റാർട്ടാക്കി മുൻപോട്ടെടുത്തു.

“മക്കള് പേടിക്കണ്ട കേട്ടോ.”

തൊമ്മിച്ചൻ അവന്റെ തലയിൽ വാത്സല്യത്തോടെ തഴുകി.

“ആരാ ആൻഡ്രൂ അവന്മാരൊക്കെ.. നിനക്കാരെയെങ്കിലും പരിചയമുണ്ടോ”?

കുര്യച്ചൻ ചോദ്യഭാവത്തിൽ ആൻഡ്രൂസിനെ നോക്കി.

“ആരാണെന്നൊന്നും മനസ്സിലായില്ല. കൊച്ചിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു അവന്മാരുടെ ലക്ഷ്യം. ഇടക്കവന്മാർ കൊച്ചിനെ അവന്റെ അപ്പന്റെ അടുത്തേക്കാണ് കൊണ്ടുപോകുന്നതെന്നു പറയുന്നത് കേട്ടു. എന്നാൽ ആരാണെന്നോ എന്താണെന്നോ ഒന്നും മനസ്സിലായില്ല “

ആൻഡ്രൂസ് ആക്സിലേറ്ററിൽ കാലമർത്തിക്കൊണ്ട് പറഞ്ഞു.

“ഇ കൊച്ചിനെ ഇനി അങ്ങോട്ട്‌ സൂക്ഷിക്കണം. എട്ടും പൊട്ടും തിരിയാത്ത ഇതിനെ പിടിച്ചോണ്ട് പോയി ഉപദ്രെവിക്കാൻ നോക്കുന്ന അവന്മാർ എത്ര ദുഷ്ടന്മാർ ആയിരിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ  “

തൊമ്മിച്ചൻ സങ്കടത്തോടെ പറഞ്ഞു.

ജിക്കുമോൻ അവർ പറയുന്നത് കേട്ട് അവരെ പേടിയോടെ മാറി മാറി നോക്കികൊണ്ടിരുന്നു.

വീടിനടുത്തെത്തി ലോറി നിർത്തി.

എല്ലാവരും പുറത്തിറങ്ങി.

ആൻഡ്രൂസ് ജിക്കുമോനെയും എടുത്തു കൊണ്ട് കുര്യച്ചന്റെയും തൊമ്മിച്ചന്റെയും കൂടെ നടന്നു.

അവർ ചെല്ലുമ്പോൾ വീടിന്റെ വരാന്തയിൽ ഏലികുട്ടിയുമായി സംസാരിച്ചു കൊണ്ടിരുന്ന റോസ്‌ലിൻ ചാടിയെഴുനേറ്റു.

“ഇന്നെന്താ പോയിട്ട് പതിവിലും നേരത്തെ “

ഏലികുട്ടി കുര്യച്ചനെയും തൊമ്മിച്ചനെയും നോക്കി.

“നേരത്തെ തീർന്നു. പിന്നെ അവിടെയെന്തിനാ നിൽക്കുന്നത് “

തൊമ്മിച്ചൻ പലചരക്കു സാധനങ്ങൾ കൊണ്ടുവന്ന സഞ്ചി വരാന്തയിൽ വച്ചു.

“ഇതകത്തോട്ടെടുത്തോണ്ട് വയ്ക്ക്. എന്നിട്ട് കുടിക്കാൻ കുറച്ച് ചൂടുവെള്ളം കൊണ്ടുവ “

തൊമ്മിച്ചൻ കൊണ്ടുവച്ച സഞ്ചിയുമായി ഏലിയാമ്മ അടുക്കളയിലേക്ക് പോയി.

ആൻഡ്രൂസിന്റെ കയ്യിൽ നിന്നും താഴെ ഇറങ്ങിയ ജിക്കുമോൻ ഓടി റോസ്‌ലിന്റെ അടുത്ത് ചെന്നു കെട്ടിപിടിച്ചു.

ജിക്കുമോനെ എടുത്തു ഒക്കെത്തു വയ്ക്കുമ്പോൾ ആണ്‌ റോസ്‌ലിൻ അവന്റെ നെറ്റി മുറിഞ്ഞിരിക്കുന്നത് കണ്ടത്. ആകെ പരിഭ്രമത്തോടെ റോസ്‌ലിൻ ആൻഡ്രൂസിനെ നോക്കി.

“മോള് പേടിക്കണ്ട. ആ മുറിവ് സാരമില്ല. ചന്തയിൽ വച്ചു കുറച്ച് പേര് വന്നു ജിക്കുമോനെ പിടിച്ചോണ്ട് പോകാൻ നോക്കി. അവരുമായുള്ള വഴക്കിനിടയിൽ മുറിഞ്ഞതാ മോന്റെ നെറ്റി “

തൊമ്മിച്ചൻ പറഞ്ഞു.

“എന്റെ കുഞ്ഞിനെ പിടിച്ചോണ്ട് പോകാൻ വന്നുവെന്നോ? ആര്? ആരാ അവർ “

ജിക്കുമോന്റെ നെറുകയിൽ ഉമ്മ വച്ച് അവനെ നെഞ്ചോടു ചേർത്തു പിടിച്ചു കൊണ്ട് റോസ്‌ലിൻ ആൻഡ്രൂസിനെ നോക്കി.

“ആരാണെന്ന് എനിക്കറിയില്ല. പക്ഷെ മോനെ അവന്റെ അപ്പന്റെ അടുത്തേക്ക് കൊണ്ടുപോകാനാണെന്നു പറയുന്നത് കേട്ടു. കയ്യിൽ അവന്മാരെ കിട്ടിയില്ല. മോനെ രക്ഷപ്പെടുത്തിയപ്പോഴേക്കും അവന്മാർ സ്ഥലം വിട്ടു. എന്തായാലും മോന്റെ കാര്യത്തിൽ ഒരു ശ്രെദ്ധ വേണം. ടീച്ചറിനോട് പകയുള്ള ആരോ ഉണ്ട് ഇതിനു പിന്നിൽ “

ആൻഡ്രൂസ് പറഞ്ഞുകൊണ്ട് ഒരു ബീഡിക്ക് തീ  കൊളുത്തി.

“പിന്നെ ജിക്കുമോന്റെ അപ്പൻ ജീവിച്ചിരിപ്പുണ്ടോ. ഉണ്ടെങ്കിൽ എവിടെയ”

ആൻഡ്രൂസ് റോസ്‌ലിനെ നോക്കി.

അവൾ മിണ്ടാതെ നിൽക്കുന്ന കണ്ടപ്പോൾ ആൻഡ്രൂസ് മുറ്റത്തു കിടന്ന ഒരു തടിയിൽ കയറി ഇരുന്നു.

“ബുദ്ധിമുട്ടു ഉണ്ടെങ്കിൽ പറയണ്ട. ഞാൻ ചോദിച്ചെന്നെ ഉള്ളു “

ആൻഡ്രൂസ് പറഞ്ഞത് കേട്ടു റോസ്‌ലിൻ തൊമ്മിച്ചനെ നോക്കി.

“ഞാൻ പറയാം. അയാൾ ജയിലിൽ ആണ്‌. സ്വൊന്തം ചോരകുഞ്ഞിനെ ചവിട്ടി കൊന്നതിന്. ജിക്കുമോന്റെ ഒപ്പം ജനിച്ച എന്റെ പൊന്നുമോളെ കൊന്നതിന് “

റോസ്‌ലിനിൽ നിന്നും ഒരു തേങ്ങൽ ഉയർന്നു.ജിക്കുമോനെയും കൊണ്ട് അവൾ വീടിനുള്ളിലേക്ക് പോയി.

“നിങ്ങളെന്തിനാ ഇപ്പൊ ആ ടീച്ചറിനോട് ഇതൊക്കെ ചോദിക്കാൻ പോയത്. അതിന്റെ ജീവിതത്തിൽ എന്തൊക്കെയോ പ്രേശ്നങ്ങൾ ഉണ്ട്. അതൊക്കെ സാവകാശം ചോദിച്ചു മനസ്സിലാക്കാം “

വീടിനുള്ളിൽ നിന്നും പുറത്തേക്കിറങ്ങി വന്ന കുഞ്ഞന്നമ്മ ആൻഡ്രൂസിനോടായി പറഞ്ഞു.

“നീ ഇപ്പോഴാ ഇങ്ങോട്ടു വന്നത്. മോളെന്തിയെ? അവളെ വീട്ടിൽ ഇട്ടിട്ടാണോ വന്നത് “?

കുര്യച്ചൻ തന്റെ ഭാര്യയെ നോക്കി.

“ഞാൻ വന്നിട്ട് കുറച്ചു നേരമായി. നിങ്ങള് വന്നിട്ട് ഒരുമിച്ചു പോകാമെന്നു കരുതി.ജിൻസി കൂടെ വന്നിട്ടുണ്ട്. അവള് ഷൈനിയുമായി വീടിന്റെ പുറകിലിരുന്നു സംസാരിക്കുന്നുണ്ട് “

കുഞ്ഞാന്നമ്മ കുര്യച്ചന്റെ അടുത്തിരുന്നു.

“എന്നാലും ആ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ നോക്കിയ അവന്മാരെ പിടിക്കാത്തത് കഷ്ടമായി പോയി. അവന്മാര് ഇനിയും വരുകയില്ലെന്നാരു കണ്ടു “

കുഞ്ഞന്നമ്മ രോക്ഷത്തോടെ പറഞ്ഞു.

“നീ അതുമിതും പറഞ്ഞു വീട്ടിലിരിക്കുന്നവരുടെ സമാധാനം കളയാതെ ഈ പലചരക്കു സാധനങ്ങളുമായി വീട്ടിലോട്ടു ചെല്ല് “

കുര്യച്ചൻ പറഞ്ഞു കൊണ്ട് എഴുനേറ്റു.

എടി ജിൻസിയെ … വാ… ചാച്ചൻ പോകാൻ വിളിക്കുന്നു “

അകത്തേക്ക് നടന്നുകൊണ്ട് കുഞ്ഞന്നാമ്മ വിളിച്ചു പറഞ്ഞു.

“ഏലികുട്ടി, ഞങ്ങളിറങ്ങുവാ… സമയം ഇരുട്ടി. പോയിട്ടുവേണം കറി വല്ലതും വയ്ക്കാൻ. ചോറ് ഉച്ചക്ക് വച്ചത് ഇരിപ്പുണ്ട്…. അവളെന്തിയെ ജിൻസി . അവളുമാരുടെ സംസാരം ഇതുവരെ കഴിഞ്ഞില്ലേ???”

കുഞ്ഞന്നാമ്മ ചോദിച്ചു കൊണ്ടിരിക്കുമ്പോൾ ഷൈനിയും ജിൻസിയും അങ്ങോട്ട്‌ വന്നു.

“കുഞ്ഞാന്നമ്മച്ചി… ജിൻസി രാവിലെ വന്നോളും. ഇന്നിവള്‌ എന്റെ കൂടെ ഇവിടെ കിടക്കട്ടെ “

ഷൈനി കുഞ്ഞാന്നമ്മയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

“കുഞ്ഞാമ്മേ… ജിൻസിമോള് രാവിലെ വരും. അവരുടെ ആഗ്രഹം അല്ലെ “

ഏലികുട്ടി ഷൈനിയെ പിന്തുണച്ചു.

“ങ്ങാ ഇവിടെ കിടക്കുവാണെങ്കിൽ ഇവിടെ കിടക്ക്. എവിടെ കിടന്നാലും ഒരുപോലെ അല്ലെ. അപ്പോ ഏലി.. ഞങ്ങളിറങ്ങുവാ. ആ ടീച്ചറു കൊച്ചിനെ ഒന്ന്‌ കണ്ടു സമാധാനിപ്പിക്കട്ടെ. ആകെ പേടിച്ചിരിക്കുവാ പാവം “

കുഞ്ഞാന്നമ്മ റോസ്‌ലിന്റെ മുറിയിലേക്ക് ചെന്നു.

ജിക്കുമോനെ തോളിൽ കിടത്തി ഭിത്തിയിൽ ചാരി കട്ടിലിൽ ഇരിക്കുകയാണ് റോസ്‌ലിൻ.

കുഞ്ഞാനമ്മയെ കണ്ടു എഴുനേൽക്കാൻ തുടങ്ങിയെങ്കിലും റോസ്‌ലിനെ തടഞ്ഞു.

“മോള് അവിടെ ഇരിക്ക്. മോൻ ഉറങ്ങി അല്ലെ.. ഒന്നുകൊണ്ടും പേടിക്കണ്ട. ഞങ്ങളൊക്കെ ഇല്ലെ ഇവിടെ. ഇവിടെ വന്നു ആരുമൊന്നും ചെയ്യില്ല. അതോർത്തു മോള് പേടിക്കണ്ട. സമാധാനമായിട്ടിരിക്കു. കരയാതെ “

നിറഞ്ഞൊഴുകിയ റോസ്‌ലിന്റെ മിഴികൾ കുഞ്ഞാനമ്മ തന്റെ തോളിൽ കിടന്ന തോർത്തിന്റെ തുമ്പുകൊണ്ട് തുടച്ചു.

“കരയരുത്.. നമ്മൾ അശക്തർ ആണെന്ന് കണ്ടാൽ ചവിട്ടി താഴ്ത്താൻ ഒരുപാടു ആളുകൾ കാണും. എന്തിനെയും നേരിടാനുള്ള ഒരു മനോബലം ഉണ്ടാക്കി എടുക്കണം സ്ത്രികൾ. എങ്കിലേ ഏത് ദുർഘാടവസ്ഥയെയും നേരിട്ടു മുൻപോട്ടു പോകുവാൻ സാധിക്കൂ”

വാത്സല്യത്തോടെ റോസ്‌ലിന്റെ കവിളിൽ തലോടിയിട്ടു മുറിക്കു പുറത്തേക്കിറങ്ങി മുറ്റത്തേക്ക് ചെന്നു.

“എടാ ആൻഡ്രൂസേ… ആ  റോസ്‌ലിൻ കൊച്ച് പേടിച്ചിരിക്കുവാ. നിന്റെയൊരു നോട്ടം ഇവിടെയൊക്കെ വേണം. പ്രേത്യേകിച്ചും ഈ രാത്രിയിൽ “

ആൻഡ്രൂസിന്റെ അടുത്ത് ചെന്നു കുഞ്ഞാനമ്മ മുന്നറിയിപ്പ് കൊടുത്തു.

“ഇന്ന്‌ ഞാനിവിടെ ഉണ്ട്. നോക്കിക്കോളാം.ഇച്ചായനെയും കൊണ്ട് അമ്മച്ചി പൊക്കോ “

ആൻഡ്രൂസ് കുഞ്ഞാനമ്മയോട് പറഞ്ഞു.

“എന്നാ ഞങ്ങളിറങ്ങുവാ. ജിൻസി ഇവിടെയുണ്ട് “

വരാന്തയിൽ ഇരുന്ന സഞ്ചിയും എടുത്തു കുര്യച്ചൻ നടന്നു. പുറകെ കുഞ്ഞാനമ്മയും…

*****************************************

ശവസംസ്കാരം കഴിഞ്ഞു പള്ളി സെമിതേരിയിൽ  നിന്നും ആളുകൾ പിരിഞ്ഞു പോയികൊണ്ടിരുന്നു.

ഒടുവിൽ വറീതും ജോസുക്കുട്ടിയും  കരഞ്ഞു തളർന്ന മോളികുട്ടിയെ താങ്ങി പിടിച്ചു കൊണ്ട് പുറത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയുടെ സമീപത്തേക്ക് നടന്നു.

“വറീതേ, അവൾക്കു കർത്താവിന്റെ അടുത്തേക്കുപോകാനുള്ള സമയമായി എന്ന് കരുതി സമാധാനപ്പെട്. ഒരു വൈദികൻ എന്ന നിലയിൽ ഇതല്ലാതെ ഞാനെന്തു പറയാനാണ്.”

ഓട്ടോയുടെ അടുത്ത് നിന്ന വികാരി ഫാദർ തോമസ് കൊച്ചുപുരക്കൽ വറീതിന്റെ പുറത്ത് തട്ടി കൊണ്ട് പറഞ്ഞു.

മോളികുട്ടിയെ ഓട്ടോയുടെ അകത്ത് കയറ്റി സീറ്റിൽ ചാരി ഇരുത്തി ജോസകുട്ടിയും കയറി ഇരുന്നു.ഒന്നും മിണ്ടാതെ ഒരു ജീവച്ഛവം പോലെ ഇരിക്കുകയാണ് മോളികുട്ടി.

“അച്ചോ, എന്റെ മോളെ ആരോ കൊന്നതാണച്ചോ. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അത് പറയുന്നുണ്ട്. ഞങ്ങൾക്ക് ആകെയുള്ള പെൺതരി ആയിരുന്നു അത്. എന്തിനാണാച്ചോ കർത്താവ് ഞങ്ങളോടിത് ചെയ്തത്. ഞങ്ങള് പാവങ്ങൾ ആണച്ചോ. അതുകൊണ്ട് ഇതു ചെയ്തവരെയൊന്നും പിടിക്കാൻ പോലീസ് മെനകെടതില്ല. ഞങ്ങളിത് എങ്ങനെ സഹിക്കും അച്ചോ “

വറീത് ഒരു കൊച്ച് കുഞ്ഞിനെപോലെ ഫാദർ തോമസിനെ കെട്ടി പിടിച്ചു  വാവിട്ടു കരഞ്ഞു.

“നമുക്ക് നോക്കാം വറീതേ.. ഒരു വികാരി എന്ന നിലയിൽ ഞാനുണ്ടാകും ഏതു കാര്യത്തിനും കൂടെ. കരയാതെ..”

അച്ചൻ വറീതിനെ  ചേർത്തു പിടിച്ചാശ്വസിപ്പിച്ചു കൊണ്ട് നിൽക്കുമ്പോൾ ആണ്‌ ആൻഡ്രൂസിന്റെ ലോറി വന്നു അവരുടെ അടുത്ത് നിന്നത്.

ആൻഡ്രൂസ് ഇറങ്ങി അവരുടെ അടുത്തേക്ക് വന്നു.

“എടാ ആൻഡ്രൂ.. എന്റെ മോളെ ആരോ കൊന്നതാടാ. അവള് ദേ അ സെമിത്തെരിക്കുള്ളിൽ ഒറ്റയ്ക്ക് കിടക്കുന്നെടാ. രാത്രിയിൽ ഒറ്റയ്ക്ക് മുറ്റത്തുപോലും ഇറങ്ങാൻ പേടിയുള്ള എന്റെ മോള് ഒറ്റയ്ക്ക് ആരുമില്ലാതെ ഈ സെമിതേരിയിൽ…. ന്റെ മോളോട് ഈ ചതി ചെയ്തവൻ ആരായാലും മുടിഞ്ഞു പോകും.. അവന്മാരോട് കർത്താവേ നീ ചോദിക്കണം. മുടങ്ങാതെ കുർബാനയും കൂടി കുരിശു വരച്ചു പ്രാർത്ഥിക്കുന്ന ഒരു സത്യക്രിസ്ത്യാനിയുടെ അപേക്ഷയാ കർത്താവെ….”

വറീത് ഓരോന്നും എണ്ണിയെണ്ണി പറഞ്ഞു വിലപിച്ചു.

“വരീതിച്ചായൻ കരയാതെ. പോലിസ് അന്വേഷണം ആരംഭിച്ചെന്ന കേൾക്കുന്നത്. അവര് കണ്ടുപിടിക്കാതിരിക്കില്ല. അവരരായാലും നിയമത്തിനു മുൻപിൽ കൊണ്ടുവരും.. വിഷമിക്കാതെ വീട്ടിലേക്കു പൊക്കോ. ഞങ്ങളൊക്കെ കൂടെയുണ്ട്. നമ്മക്കും അന്വേഷിക്കാം “

വരീതിനെ താങ്ങി പിടിച്ചു ആൻഡ്രൂസ് ഓട്ടോയിൽ കയറ്റി ഇരുത്തി.

വരീതിന്റെ കയ്യിൽ പിടിച്ചു ആൻഡ്രൂസ്.

“ആരായാലും അവരെ നമ്മള് കണ്ടു പിടിച്ചിരിക്കും. നിയമത്തിന്റെ വഴിക്കു പറ്റിയില്ലെങ്കിൽ അല്ലാത്ത വഴിക്ക്. ഇനി ഇതുപോലെ ഒരു പെൺകുട്ടിക്കും ഈ അവസ്ഥ വരരുത്.ഈ ആൻഡ്രൂസ് ഉണ്ട് കൂടെ. എന്റെ കൂടെയും പറ്റിയ ആളൊക്കെയുണ്ട്. ഏതു വലിയവൻമാരാണെങ്കിലും ചവുട്ടിക്കൂട്ടി എടുത്തുകൊണ്ടു വരാൻ. ഇച്ചായൻ വിഷമിക്കാതെ ചെല്ല് “

വർദ്ധ്യക്യം ബാധിച്ച ആ കയ്യിൽ മുറുക്കെ പിടിച്ചു ധൈര്യം കൊടുത്തു ആൻഡ്രൂസ്.

ഓട്ടോ മുൻപോട്ടു പോകുന്നതും നോക്കി ആൻഡ്രൂസ് നിന്നു.

“എടാ ആൻഡ്രൂസേ, ഇതിനു പിന്നിൽ ഏതോ വമ്പന്മാരുടെ കറുത്ത കൈകൾ കാണും. പാവപെട്ടവരായത് കൊണ്ട് ആരും ചോദിക്കാൻ വരത്തില്ല എന്നുള്ള വിശ്വാസത്തിൽ ആരൊക്കെയോ ചെയ്ത ചതി ആണിത്. പോസ്റ്ററുമോർട്ടം റിപ്പോർട്ടു പറയുന്നതും കൂട്ടബെലതസംഘത്തിന് ഇരയായെന്ന.അതുകൊണ്ട് ഊർജിത അന്വേഷണം വേണമെന്ന പറഞ്ഞു എസ് പി ക്കും ഡിജിപി ക്കും  ഒരു നിവേദനം കൊടുക്കണം. ഇടവകയിലെ എല്ലാവരെയും കൂട്ടി “

ഫാദർ തോമസ് ആൻഡ്രൂസിനോട് പറഞ്ഞു.

“ങും.. എന്ത് വന്നാലും പാവപെട്ടവനിട്ടല്ലേ കിട്ടുന്നത്. കാശും അധികാരവും ഉള്ളവനെ  ഇവിടെ ജീവിക്കാൻ പറ്റത്തൊള്ളൂ എന്ന അവസ്ഥയാ..എന്തായാലും ഈ കാണിച്ചത് തന്തയില്ല തരം ആയിപോയി അച്ചോ “?

ആൻഡ്രൂസ് രോക്ഷത്തോടെ പറഞ്ഞു.

“എടാ ഞാനൊരു വൈദികനാണ്. എന്റെ മുൻപിൽ വച്ച് ഇതുപോലൊന്നും പറയരുത്. അത് ദൈവത്തിനു നിരക്കായ്കയ.”

ഫാദർ തോമസ് ഉപദേശരൂപേണ പറഞ്ഞു.

“എന്റെ ദേഷ്യം കൊണ്ട് പറഞ്ഞതാ. അച്ചൻ ക്ഷമിച്ചു കള.. ഞാൻ പോകുവാ.”

ആൻഡ്രൂസ് പോയി ലോറിയിൽ കയറി.

ഫാദർ തോമസ് പള്ളിമേട ലക്ഷ്യമാക്കി നടന്നു.

********************************************

കോളേജിന് മുൻപിൽ നിർത്തിയ കാറിൽ നിന്നും നസിയ ഇറങ്ങി.

“ജോസേട്ടാ, ഇന്ന്‌ ക്ലാസ് നേരത്തെ കഴിയും.അതുകൊണ്ട് മൂന്നര ആകുമ്പോൾ വരണം “

നസിയ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ജോസേട്ടാനോട് പറഞ്ഞു.

“മോള് ഇറങ്ങി വരുമ്പോൾ ഞാനിവിടെ കണ്ടേക്കാം. പോരെ “

ജോസേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“എന്നാ ശരി “

ചിരിച്ചു കൊണ്ട് നസിയ കോളേജ് ഗേറ്റ് കടന്നു അകത്തേക്ക് നടന്നു.

വകമരത്തണലിൽ കൂട്ടുകാരുമായോ സംസാരിച്ചു കൊണ്ടിരുന്ന റോഷനോട് കൂടെയുണ്ടായിരുന്ന സെബിൻ പറഞ്ഞു.

“എടാ റോഷ നിന്റെ ആള് വരുന്നുണ്ട്. ഒറ്റക്ക. പോയി എന്തെങ്കിലും സംസാരിക്ക്. അവള് അടുക്കുന്നില്ലെന്നു വിചാരിച്ചു നീ അകലണ്ട. അകൽച്ച കാണിക്കും തോറും നീ അടുത്തോണം. ആവശ്യക്കാരന്   ഔചിത്യ ബോധം ഇല്ലെന്നല്ലേ. നീ ചെല്ല് “

സെബിൻ പറഞ്ഞത് കേട്ടു കൂടെയുണ്ടായിരുന്നവരും അനുകൂലിച്ചു.

റോഷൻ മെല്ലെ എഴുനേറ്റ് നസിയയുടെ അടുത്തേക്ക് ചെന്നു..

“റോഷൻ.. ഗുഡ് മോർണിംഗ്…. രാവിലത്തെ ഹൗർ ഇല്ലേ “

നസിയ അവനെ വിഷ് ചെയ്തുകൊണ്ട് ചോദിച്ചു.

“ഗുഡ് മോർണിംഗ് നസിയ, ഫസ്റ്റ് ഹൗർ ഇല്ല…”

പറഞ്ഞു കൊണ്ട് റോഷൻ അവൾക്കൊപ്പം നടന്നു.

“ഞാൻ… ഒരു കാര്യം പറഞ്ഞിരുന്നു നസിയയോട്. അതിനെ കുറിച്ച് ചിന്തിച്ചോ “

റോഷൻ ചെറിയ പരിഭ്രമത്തോടെ നസിയയെ നോക്കി.

“ഏത് കാര്യം ആണ്‌. ഓ എന്നെ ഇഷ്ടമാണെന്ന കാര്യം അല്ലെ “

നസിയ റോഷനെ നോക്കി.

“അതേ.. ഞാൻ സീരിയസ് ആയിട്ടാണ് നസിയ. അത്രക്കും ഇഷ്ടമാണ്.”

പതിഞ്ഞ സ്വരത്തിൽ റോഷൻ പറഞ്ഞത് കേട്ടു നസിയ ഒന്ന്‌ പുഞ്ചിരിച്ചു.

“ഒരു പെണ്ണിനെ ഇഷ്ടമാണെന്ന് പറയാൻ  ഏതൊരാണിനും കഴിയും. പക്ഷെ ഒരുമിച്ചു താമസിക്കുമ്പോൾ മറ്റൊരാളുടെ ആശ്രയം ഇല്ലാതെ എങ്ങനെ ഒരു പെണ്ണിനെ ബുദ്ധിമുട്ടില്ലാതെ നോക്കും എന്ന് ചോദിച്ചാൽ ഉത്തരമുണ്ടോ. ഞാൻ റോഷനെ ഇഷ്ടപ്പെട്ടു കൂടെ വന്നാൽ എന്നെ എങ്ങനെ നോക്കും. പറ “

നസിയയുടെ ചോദ്യം കേട്ടു റോഷൻ അമ്പരന്നു.

“അത് ഞാൻ നോക്കും. നസിയ എന്നെ ഇഷ്ടപെട്ടാൽ മതി “

വർധിച്ച സന്തോഷത്തോടെ റോഷൻ പറഞ്ഞു.

“ഞാൻ വരാം. ഒരു ബുദ്ധിമുട്ടും കൂടാതെ, ആരുടെയും അശ്രെയം ഇല്ലാതെ സ്വന്തമായി അധ്വാനിച്ചു നോക്കണം പറ്റുമോ. എങ്ങനെയെങ്കിലും എന്ന ഉത്തരമല്ല വേണ്ടത്. വ്യെക്തമായ ഉത്തരം ആണ്‌ വേണ്ടത്. അതാണ് പ്രണയിക്കുന്ന പെണ്ണിന് കൊടുക്കാവുന്ന ആത്മവിശ്വാസം “

നസിയ റോഷന്റെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി.

“പതുക്കെ ആലോചിച്ചു ഒരു ഉത്തരം താ. അത് കഴിയുമ്പോൾ ആലോചിക്കാം. പോരെ “

റോഷന് ഒരു ചിരി സമ്മാനിച്ചു നസിയ നടന്നു പോയി.

വൈകുന്നേരം കോളേജിൽ നിന്നുമിറങ്ങുമ്പോൾ കാറുമായി ജോസേട്ടൻ ഗേറ്റിൽ ഉണ്ടായിരുന്നു.

“മോളെ കാണാൻ രണ്ടുമൂന്നു പേര് വന്നിട്ടുണ്ട്. അലി സാഹിബും ബീവിയും മകനും. മോള് വന്നിട്ട് പോകാൻ വെയിറ്റ് ചെയ്യുകയാ. അവര് മറ്റെങ്ങോ പോകാൻ വരുന്ന വഴി കേറിയതാണ് “

ജോസേട്ടൻ പോകുന്ന വഴി നസിയയോടായി പറഞ്ഞു.

“അവർക്കു വന്നു ഉപ്പയേം ഉമ്മയേം കണ്ടിട്ട് പോയാൽ പോരെ. എന്നെ കണ്ടേ അടങ്ങൂ “

നസിയ അമർഷത്തോടെ പറഞ്ഞു.

“മോൾക്ക്‌ ആ നിക്കാഹ് ഇഷ്ടമല്ല അല്ലെ. നസിയ മോൾടെ ഉമ്മക്കും ഇഷ്ടമല്ലെന്നു തോന്നുന്നു. സ്വൊന്തം മോളുടെ ഇഷ്ടം നോക്കാതെ എന്തിനാ ഈ നിക്കാഹ് നടത്താൻ താത്പര്യം കാണിക്കുന്നത്. മനഃപൊരുത്തം ഉള്ളവർ തമ്മിലല്ലേ ജീവിക്കേണ്ടത് “

ജോസേട്ടൻ സ്റ്റിയറിങ്ങ് തിരിച്ചു കൊണ്ട് സങ്കടത്തോടെ ചോദിച്ചു.

“ജോസേട്ടന് കേൾക്കുമ്പോൾ സങ്കടം തോന്നുന്നുണ്ട് അല്ലെ. പക്ഷെ എന്റെ ഉപ്പാക്ക് ഞാൻ  വിലപ്പേശി കച്ചവടം ഉറപ്പിക്കാനുള്ള വസ്തു മാത്രമാണ്. ഉമ്മയ്ക്കും വീട്ടിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഇല്ല. പക്ഷെ ഉപ്പയുടെ ആഗ്രഹം നടക്കാൻ പോകുന്നില്ല. ഒരു കള്ളകടത്തുകാരന്റെ ഭാര്യയായിരിക്കാൻ എനിക്ക് മനസില്ല. പെണ്ണ് തോറ്റുകൊടുത്തു ജീവിതം മുഴുവൻ കണ്ണീരു മായി മുറിക്കുള്ളിൽ ഒതുങ്ങികൂടിയ കാലം കഴിഞ്ഞു.ഇനി നടക്കില്ല. എന്തിനും ജോസേട്ടൻ എന്റെ കൂടെ കാണണം “

നസിയ ജോസേട്ടനെ നോക്കി.

മോൾടെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി എന്നെകൊണ്ട് പറ്റുന്നതെന്തും ഞാൻ ചെയ്തു തരും. ഉറപ്പാ “

ജോസേട്ടന്റെ വാക്കുകൾ തെല്ലൊന്നുമല്ല നസിയയുടെ മനസിനെ ശാന്തമാക്കിയത്.

വീടിനുമുൻപിൽ ഇറങ്ങുമ്പോൾ കണ്ടു വരാന്തയിൽ ഇരിക്കുന്ന മുഹമ്മദ്‌ അലി സാഹിബിനെയും കുടുംബത്തെയും. അവർ ഖാദർ ഹക്കിമുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

നസിയ അവരെ ശ്രെദ്ധിക്കാതെ അകത്തേക്ക് പോയി.

അടുക്കളയിൽ ചായയെടുത്തു കൊണ്ടിരുന്ന ആയിഷയുടെ അടുത്തേക്ക് ചെന്നു.

“ഉമ്മച്ചി, ഇവരോടൊക്കെ എന്നെ കാണാൻ ആരാ ഇങ്ങോട്ടു വരാൻ പറഞ്ഞത്. എനിക്കാരെയും കാണണ്ട. എനിക്ക് അയാളെ ഇഷ്ടവുമല്ല “

നസിയ ദേഷ്യത്തോടെ ആയിഷയോടു പറഞ്ഞു.

“മോളെ,പതുക്കെ പറയ്‌ നീയ്‌… ഉപ്പ എങ്ങാനും കേട്ടോണ്ട് വന്നാൽ അത് മതി ഇവിടൊരു ബഹളം ഉണ്ടാകാൻ. അവര് വന്നിട്ട് പോട്ടെ. നിന്നെ കൊണ്ടുപോകാൻ വന്നതൊന്നുമല്ലല്ലോ അവർ. വീട്ടിൽ വന്നവരെ അപമാനിച്ചു വിടാതെ സന്തോഷത്തോടെ പറഞ്ഞു വിടാം. അത് കഴിഞ്ഞു ആലോചിക്കാം.ഞാനീ ചായയും പലഹാരങ്ങളും അവർക്കു കൊടുത്തിട്ടു വരാം “

ആയിഷ ചായയും പലഹാരവുമായി വരാന്തയിലേക്ക് പോയി.

നസിയ മുറിയിലേക്ക് നടന്നു.

മുറിക്കുള്ളിലേക്ക് കടന്നു വാതിലടച്ചു.

കട്ടിലിൽ ചെന്നു ഇരുന്നു.

അതേ സമയം കതകിൽ ആരോ മുട്ടുന്ന ശബ്‌ദം കേട്ടു.

ചെന്നു വാതിൽ തുറന്നു.

മുൻപിൽ സഫീർ മുഹമ്മദ്‌!!!!

മുഹമ്മദ്‌ അലിയുടെ മകൻ!!

തന്നെ നിക്കാഹ് കഴിക്കാനിരിക്കുന്നയാൾ.!!

“എന്താ ഇങ്ങനെ നോക്കുന്നത്.. കേറിവന്നപ്പോൾ പോലും ശരിക്കൊന്നു കാണുവാൻ പറ്റിയില്ല അതാ ഇങ്ങോട്ട് വന്നത്. ഇവിടെ ആകുമ്പോൾ ഒരു പ്രൈവസിയും കിട്ടും “

പറഞ്ഞിട്ട് തുറന്നു കിടന്ന വാതിൽ അയാൾ ചേർത്തടച്ചു.

“എന്തിനാ വാതിലടച്ചത്. എനിക്ക് വാതിലടച്ചു സംസാരിക്കുന്നതു ഇഷ്ടമല്ല.”

ഉള്ളിൽ പതഞ്ഞു പൊങ്ങിയ ഭയം മറച്ചു വച്ചുകൊണ്ട് നസിയ സഫീറിനോട് പറഞ്ഞു.

“ഞാൻ നിക്കാഹ് കഴിക്കാൻ പോകുന്ന പെണ്ണിനോട് മുറിയടച്ചിരുന്നു സംസാരിച്ചു എന്ന് വച്ച് ലോകം ഇടിഞ്ഞു വീഴുമോ? ഞാൻ കുറച്ചു മോഡേൺ ആണ്‌. പഴഞ്ചൻ ചിന്താഗതികളോട് താത്പര്യവുമില്ല. പിന്നെ ആള് സുന്ദരി ആണല്ലോ? ഞാൻ ഇത്രയും സൗന്ദര്യം ഉള്ള ഒരു പെൺകുട്ടിയെ വേറെ കണ്ടിട്ടില്ല … ഒരുപാടു പെൺകുട്ടികളെ കണ്ടിട്ടുണ്ടെങ്കിലും നിന്നെ ആണ്‌ ആദ്യമായും സ്വൊന്തം ആക്കണം എന്നൊരു മോഹം തോന്നിയത്.”

പറഞ്ഞു കൊണ്ട് സഫീർ നസിയയുടെ കയ്യിൽ പിടിച്ചു മുൻപിലേക്കു വലിച്ചു.

നിനച്ചിരിക്കാതെയുള്ള സഫീറിന്റെ പ്രവർത്തിയിൽ പതറിപോയ നസിയ മുൻപോട്ടു വേച്ചു പോയി.

സഫീർ നസിയയെ കടന്നു പിടിച്ചു. നസിയ അയാളുടെ കരവാലയങ്ങൾക്കുള്ളിൽ കിടന്നു കുതറി!!!

                 (തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!