Skip to content

മലയോരം – 5

malayoram novel

പെട്ടെന്നായതു കൊണ്ട് നസിയ ആകെ പതറിപ്പോയി…

തന്നെ പെണ്ണുകാണാൻ വന്നയാളാണ് ഒരു മര്യാദയും ഇല്ലാതെ തന്നെ കടന്നു പിടിച്ചിരിക്കുന്നത്…

“വിടെന്നെ…. എന്റെ ദേഹത്ത് എന്റെ അനുവാദമില്ലാതെ തൊടുന്നതെനിക്കിഷ്ടമല്ല. നിങ്ങൾ എത്രയും പെട്ടെന്ന് ഈ മുറിയിൽ നിന്നും പുറത്തുപോകണം മിസ്റ്റർ.”

നസിയ കുതറി കൊണ്ട് ഒച്ചയെടുത്തു.

“അടങ്ങി നിൽക്കടി അവിടെ. സഫീർ മോഹിച്ചതൊക്കെ സ്വന്തമാക്കിയിട്ടുണ്ട്. അത് പെണ്ണായാലും സമ്പത്തു ആയാലും. നിനക്ക് എന്നെ നിക്കാഹ് കഴിക്കാൻ ഇഷ്ടമല്ല എന്നത് അറിഞ്ഞുകൊണ്ടു തന്നെയാ ഇങ്ങോട്ടു വന്നത്. തനിച്ചൊന്നു കാണാൻ. പിന്നെ എന്റെ മോഹമങ്ങു തീർക്കാനും. പുലികളെ അതിന്റെ മടയിൽ പോയി നേരിടുന്നവനാണ് ഈ സഫീർ. മോഹിച്ചു പോയി. അനുഭവിച്ചു തീർത്തില്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല ഇനിയങ്ങോട്ടുള്ള എന്റെ ജീവിതത്തിൽ.”

സഫീർ തന്റെ കരവാലയത്തിനുള്ളിൽ കിടന്നു പിടഞ്ഞു കൊണ്ടിരുന്ന നസിയയെ പൊക്കിയെടുത്തു കട്ടിലിലേക്ക് ഇട്ടു.

“രാവിലെ ഉപയോഗിച്ചത് ബ്രൗൺ ഷുഗറ. അതിന്റെ ഒരു കിക്ക് വിട്ടുപോയിട്ടില്ല. ഞാനീ മുറിവിട്ടു പോകുമ്പോൾ നീയെന്റെ സ്വൊന്തം ആയിരിക്കും. പിന്നെ ജീവിതകാലം മുഴുവൻ പട്ടിയെ പോലെ എന്റെ കാൽകീഴിൽ നീ ജീവിക്കും. എന്നെ വേണ്ടന്ന് പറഞ്ഞതിനുള്ള ശിക്ഷ.”

സഫീർ ചിരിച്ചു കൊണ്ട് കട്ടിലിൽ കിടക്കുന്ന നസിയയെ നോക്കി മുരണ്ടു.

ഒരു നിമിഷം കൊണ്ട് എല്ലാം തകർന്നു പോകുകയാണോ എന്ന് നസിയ ഭയപ്പെട്ടു. ശരീരത്തിൽ ആകെമാനം ഭയം ഇരച്ചു കയറുന്നപോലെ..

“എനിക്ക് നിങ്ങളെ ഇഷ്ടമല്ല. ഇഷ്ടമല്ലാത്ത ഒരാളെ എന്തിനാ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. എന്റെ മുറിയിൽ നിന്നും ഇറങ്ങി പോ “

ദേഷ്യവും ഭയവും കൊണ്ട് നസിയയുടെ സ്വരം ദുർബലമായിരുന്നു.

“ഉപ്പ…. ഉമ്മച്ചി…..”

നസിയ ഒച്ചയെടുത്തു വിളിച്ചു.അത് കേട്ടു  സഫീർ പൊട്ടിച്ചിരിച്ചു.

“വിളിച്ചോ,  ആളെ കൂട്ടിക്കഴിഞ്ഞോ. എങ്കിൽ എന്റെ കലാപരിപാടി അങ്ങ് തുടങ്ങാമായിരുന്നു. അല്ലെങ്കിൽ വേണ്ട. നിന്റെ അനുവാദം ചോദിച്ചിട്ടല്ലല്ലോ ഞാനിങ്ങോട്ട് കയറി വന്നത്. അപ്പോ ഇതിനും നിന്റെ അനുവാദം വേണ്ട “

നസിയയുടെ  മേൽ ചാടി വീഴാൻ തയ്യാറെടുക്കുമ്പോൾ ആരോ കതകിൽ തട്ടുന്ന ശബ്‌ദം കേട്ടു.

“തുലച്ചു…ഏതു ശവമാ ഈ നേരത്തു ഇങ്ങോട്ട് കെട്ടിയെടുത്തു വന്നിരിക്കുന്നത്.”

ദേഷ്യത്തിൽ സഫീർ നസീയയെയും വാതിൽക്കലേക്കും മാറി മാറി നോക്കി.

“ഇപ്പൊ നീ രക്ഷപെട്ടു… ഇനിയും എന്നെ വേണ്ടന്നെങ്ങാനും പറഞ്ഞാൽ നിന്നെ പൊക്കികൊണ്ട് അങ്ങ് പോകും ഞാൻ. പിന്നെ നിന്റെ പൊടി ഇവിടെയുള്ളവർ കാണത്തില്ല.മാത്രമല്ല നിന്റെ ഉപ്പയെയും ഉമ്മയെയും അടക്കം ഞാൻ തീർക്കും. അതിന് പറ്റിയ ആളുകൾ എന്റെ കൂടെ ഉണ്ട് “

ഭീക്ഷണിയുടെ സ്വരത്തിൽ നസിയയോട് പറഞ്ഞിട്ട് സഫീർ വാതിലിനു നേർക്കു നടന്നു.

നസിയ കട്ടിലിൽ നിന്നും എഴുനേറ്റു വസ്ത്രങ്ങൾ നേരെയിട്ടു.

“പറഞ്ഞത് കേട്ടല്ലോ. ഇവിടെ നടന്നത് നമ്മൾ രണ്ടുപേരുമല്ലാതെ വേറാരും അറിയരുത്.”

ഒരിക്കൽ കൂടി മുന്നറിയിപ്പ് കൊടുത്തു സഫീർ വാതിലിന്റെ കൊളുത്തെടുത്തു.

പുറത്ത് സുബൈദ ബീവി ആയിരുന്നു.

സഫീറിന്റെ ഉമ്മ!!

അവർ മുറിക്കുള്ളിലേക്ക് വന്നു.

പേടിച്ചരണ്ട് നിൽക്കുന്ന നസിയയെ നോക്കി. പിന്നെ ഗൗരവത്തിൽ തിരിഞ്ഞു സഫീറിനെയും…

“മോള് സഫീറിനെ പരിചയപെട്ടോ. ഞാനാണ് അവന്റെ ഉമ്മ, സുബൈദ ഹക്കിം “

സുബൈദ നസിയയുടെ അടുത്തേക്ക് ചെന്നു.

“പെട്ടന്ന്,കാണാൻ വന്ന ചെറുക്കൻ മുറിക്കുള്ളിലേക്ക് വന്നപ്പോൾ മോള് പേടിച്ചുപോയി കാണും അല്ലെ. അവനങ്ങനാ അപ്രതീക്ഷിതമായി ഓരോ കാര്യങ്ങൾ അങ്ങ് ചെയ്തു കളയും. അതാ അവന്റെ പ്രകൃതം “

സുബൈദ കണ്ണുകൾ കൊണ്ട് സഫീറിനോട് താഴേക്കു പോകുവാൻ ആജ്ഞ നൽകി.

സഫീർ പോയി കഴിഞ്ഞപ്പോൾ സുബൈദ നസിയയെ പിടിച്ചു കട്ടിലിൽ തന്റെ അടുത്തിരുത്തി.

“മോളോട് അവനെന്തെങ്കിലും അവിവേകം കാണിച്ചിട്ടുണ്ടെങ്കിൽ അതങ്ങു മറന്നുകളയണം. അവന് മോളെ അത്രക്കും ഇഷ്ടമാ. എനിക്കും സുലുവിനും മോളെന്നു വച്ചാൽ ജീവനാ.അവന്റെ ഉപ്പക്കും അതുപോലെ തന്നെ. മോള് ഞങ്ങടെ കുടുംബത്തിലേക്ക് വരണമെന്ന ഞങ്ങളുടെ ആഗ്രഹം. മോൾക്ക്‌ അവനെ ഇഷ്ടമായോ “

സുബൈദയുടെ മകനേ ന്യായീകരിച്ചുള്ള സംസാരം നസിയയുടെ ഉള്ളിൽ വെറുപ്പും സങ്കടവും ഒരുപോലെ നിറച്ചു.

നസിയ ഒന്നും മിണ്ടാതെ എഴുനേറ്റു മുറിക്കു പുറത്തേക്കു നടന്നു. തന്റെ ചോദ്യത്തിന് മറുപടി പോലും പറയാതെ ഇറങ്ങിപ്പോയ നസിയയെ മുഖം കനപ്പിച്ചു സുബൈദ നോക്കി. ശേഷം അവരും മുറിയിൽ നിന്നുമിറങ്ങി താഴേക്കു പോയി.

അടുക്കളയിൽ നിൽക്കുകയായിരുന്ന ആയിഷ ബീവിയുടെ അടുത്തേക്ക് വന്ന നസിയ അവരെ കെട്ടിപിടിച്ചു ഒറ്റ കരച്ചിൽ!!!

ആയിഷബീവി ആകെ അമ്പരന്നുപോയി.

“എന്തിനാ മോളെ കരയുന്നത്. നിനക്കെന്തു പറ്റി പെട്ടന്ന് “

ദേഹത്ത് നിന്നും അടർത്തി എടുത്തു അവളുടെ മുഖത്തേക്ക് നോക്കി ആയിഷ.

“നീ എന്തിനാ ഇങ്ങനെ കരയുന്നത്. അതിനും മാത്രം ഇവിടെ എന്തുണ്ടായി “

ആയിഷ ബീവിക്കു പരിഭ്രമമായി.

“ഉമ്മച്ചി… എനിക്കീ നിക്കാഹ് വേണ്ട. എനിക്കിഷ്ടമല്ല. അയാൾ….”

പറഞ്ഞു മുഴുവിപ്പിക്കാൻ തുടങ്ങുന്നതിനു മുൻപ് പുറകിൽ ഒരു കാൽപെരുമാറ്റം.

“എന്താ ഉമ്മയും മോളും കൂടി ഒരു സ്നേഹപ്രകടനം. പെണ്ണുകാണാൻ വന്നപ്പോൾ ഇങ്ങനെ ആണ് എങ്കിൽ നിക്കാഹ് കഴിഞ്ഞു പോകുമ്പോൾ എന്തായിരിക്കും “?

സുബൈദ അവരുടെ അടുത്തേക്ക് വന്നു.

പെട്ടെന്ന് ആയിഷയുടെ അടുത്ത് നിന്നും നസിയ കുറച്ചു മാറി നിന്നു.

“അവള് ഇപ്പോഴും എനിക്ക് കുട്ടിയ സുബൈദ …. അവളുടെ ഏതു വിഷമവും എന്റെ അടുത്ത വന്ന പറയുന്നത്. പെട്ടെന്ന് നിക്കാഹ് കഴിഞ്ഞു ഉമ്മയെ വിട്ടു മറ്റൊരു വീട്ടിലേക്കു പോകണമല്ലോ എന്നോർക്കുമ്പോൾ ഉള്ള ഭയവും സങ്കടവുമ എന്റെ മോൾക്ക്‌  “

ആയിഷ വിഷമത്തോടെ നസിയയെ നോക്കി.

“അതിനെന്താ ആയിഷ…. നസിയുടെ ഉമ്മയെ പോലെ തന്നെയാ ഞാനും.. എന്റെ മോന്റെ ഭാര്യ എനിക്ക് സ്വൊന്തം മോളെ പോലെയല്ലേ. അതോർത്തു നസി മോള് വിഷമിക്കണ്ട. എന്തിനും ഏതിനും ഈ സുബിയുമ്മ ഉണ്ട് കൂടെ….”

സുബൈദ അവിടെ കിടന്ന കസേര നീക്കിയിട്ടു ഇരുന്നു.

സുബൈദ.

നസിയക്കു സുബൈദ ഒരു നല്ല നടി ആണ് എന്ന് തോന്നി. മുകളിൽ വച്ചു ആരും പറയാതെ കാര്യങ്ങൾ ഇവർ ഊഹിച്ചെടുത്തു എങ്കിൽ മകൻ നേർവഴിക്കു സഞ്ചരിക്കുന്നവനല്ല എന്ന ബോധ്യം ഇവർക്കുണ്ട്. മുറിയിൽ വച്ചു മകനേ ന്യായീകരിക്കുകയും ഇവിടെ ഇപ്പോൾ സ്നേഹനിധിയായ ഒരുമ്മയെ പോലെ സംസാരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഇവർ എന്തിനും ഏതിനും മകനേ സപ്പോർട് ചെയ്യുന്ന  ഒരു സ്ത്രി തന്നെ.

“നസി മോള്.. സഫീറിനെ ഇഷ്ടമായോ  എന്ന് പറഞ്ഞില്ല. ഞാൻ ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ ഇങ്ങോട്ട് പോരുകയും ചെയ്തു.”

സുബൈദ തലകുനിച്ചു നിൽക്കുന്ന  നസിയയെ നോക്കി.

“അവൾക്കു ഇഷ്ടമായി കാണും സുബൈദ. സഫീറിനെ കണ്ടാൽ ആർക്കാണ് ഇഷ്ടപെടാത്തത്.”

ആയിഷ കഴിക്കാനുള്ള ഭക്ഷണങ്ങൾ പ്ലേറ്റുകളിൽ വിളമ്പിക്കൊണ്ട് പറഞ്ഞു.

“മോളെ.. ഞങ്ങളവിടെ ഒരു രാഞ്ജിയെ പോലെ വാഴിക്കും.. ഒരു കുറവും വരത്തില്ല.”

പറഞ്ഞിട്ട് സുബൈദ ആയിഷക്ക് നേരെ കൈ നീട്ടി.

“ഇങ്ങു താ ആയിഷ.. ഞാൻ കൊണ്ട് കൊടുക്കാം “

ചായയും പലഹാരങ്ങളും കൊണ്ട് സുബൈദ ഹാളിലേക്ക് പോയി.

“എത്ര നല്ല ആളുകളാ മോളെ അവർ.നിന്റെ ഭാഗ്യമാണ് അങ്ങനെ ഒരു വീട്ടിലേക്കു ചെല്ലുന്നതു തന്നെ “

ആയിഷ നസിയയുടെ മുഖത്തു തലോടികൊണ്ട്  വാത്സല്യത്തോടെ പറഞ്ഞു.

നസിയ ഒന്നും പറഞ്ഞില്ല.

പാവം ഉമ്മ.. എന്തറിയാം മനുഷ്യരുടെ കാപട്യങ്ങളെ കുറിച്ച്. നിക്കാഹിനു ശേഷം ഉമ്മച്ചിയുടെ ലോകം ഈ വീടിനുള്ളിൽ ആയിരുന്നല്ലോ.എന്താണിപ്പോൾ പറയുക ?

പെണ്ണുകാണാൻ വന്നവൻ മയക്കുമരുന്ന് തിന്നു മുറിക്കുള്ളിൽ വന്നു തന്നെ കയറി പിടിച്ചെന്നോ. അയാളുടെ ഉമ്മയുടെ ഈ സ്നേഹപ്രകടനം വെറും അഭിനയം മാത്രമാണെന്നോ? എന്താണ് ഞാൻ പറയേണ്ടത്. ഉമ്മച്ചിയോടും ഉപ്പയോടും പറഞ്ഞാൽ അവരെ തീർത്തു കളയുമെന്നാണ് സഫീർ പറഞ്ഞിരിക്കുന്നത്. താൻ അറിഞ്ഞിടത്തോളം അയാൾ ക്രൂരനും എന്തും ചെയ്യാൻ മടി ഇല്ലാത്തവനും ആണ്. ഇതൊക്കെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും?

ഇക്കമാരോട് പറഞ്ഞാലോ?

പക്ഷെ സഫീർ അറിഞ്ഞാൽ?അവരെ എന്തെങ്കിലും ചെയ്‌താൽ?

“എന്താ മോളെ? എന്ത് ആലോചിച്ചോണ്ട് നിൽക്കുവാ.മോൾക്ക്‌ ഇഷ്ടമായോ “?

ആയിഷയുടെ ചോദ്യം കേട്ടു നസിയ ചിന്തയിൽ നിന്നുമുണർന്നു.

“ങ്ങാ.. ഉമ്മച്ചി… ഞാൻ പറയാം.. ആലോചിക്കാൻ കുറച്ചു സമയം വേണം. പെട്ടെന്ന് എന്നോടൊന്നും ചോദിക്കരുത്”

നസിയ അടുക്കളയിൽ നിന്നും മെല്ലെ പുറത്തേക്കിറങ്ങി.

പുൽത്തകിടിയിൽ നട്ടുവളർത്തിയിരിക്കുന്ന ചെടികളുടെ അടുത്ത് ചെന്നു പൂക്കളെ നോക്കി നിന്നു.

തനായി ഇവിടെ ഒന്നും അറിയരുത്. അതിന്റെ പേരിൽ ഒരാപത്തും ഇവിടെയുള്ളവർക്ക് വരരുത്.അതിന് മുൻപ് ഒരു തീരുമാനത്തിൽ എത്തണം. സഫീറിനു എന്ത് വിരോധം തോന്നിയാലും അത് തന്നോട് മാത്രമായിരിക്കണം.

“മോളെ അവര് ഇറങ്ങാൻ പോകുവാ… അങ്ങോട്ട്‌ വാ “

ആയിഷ വിളിച്ചു പറഞ്ഞത് കേട്ടു നസിയ മെല്ലെ വീടിന്റെ മുൻപിലേക്കു ചെന്നു.

ഹക്കിംമും സുബൈതയും സഫീറും കാറിനടുത്തു നിന്നു ഉപ്പയോടു എന്തൊക്കെയോ സംസാരിക്കുകയാണ്.

“മോളെ എല്ലാവരും കണ്ടല്ലോ അല്ലെ ഹക്കിം…”

മുഹമ്മദ് അലിയുടെ ചോദ്യം കേട്ടു മൂവരും നസിയയെ നോക്കി. അവൾ അവർക്കു നേരെ നോക്കി ചുണ്ടിൽ ഒരു ചിരി വരുത്തി.

യാത്ര പറഞ്ഞു ഹക്കിമും  സുബൈതയും കാറിൽ കയറി. സഫീർ മെല്ലെ നസിയയുടെ അടുത്തേക്ക് ചെന്നു.

“അപ്പോ എന്നെ നിക്കാഹ് കഴിക്കാൻ സമ്മതക്കുറവ് ഒന്നുമില്ലല്ലോ അല്ലെ. കാര്യങ്ങൾ എല്ലാം പറഞ്ഞുറപ്പിച്ചു. ഇനി വാക്ക് വിത്യാസം വല്ലതും കാണിച്ചാൽ ഒന്നിന്റെയും പൊടി പോലും വച്ചേക്കില്ല.”

സ്വരം താഴ്ത്തി അത്രയും പറഞ്ഞതിന് ശേഷം “അപ്പോ നസി.. പോയി വരാം “

എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു എല്ലാവരെയും ഒരിക്കൽ കൂടി നോക്കി പോയി കാറിൽ കയറി.

“എടി നസി ഇബിടെ വാ….”

മുഹമ്മദ് അലി നസിയയെ വിളിച്ചു.

അടുത്തേക്ക് ചെന്ന നസിയയെ നോക്കി മുഹമ്മദ്‌ അലി ചിരിച്ചു.

“മോളെ.. നിനക്കും ഉമ്മക്കും ഒരു വിചാരോണ്ട്. ഈ ഉപ്പ  നിങ്ങക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലാന്ന്. ഉപ്പ നസിമോൾടെ നന്മക്കു വേണ്ടിയെ എന്തും ചെയ്യൂ. നീ ബേജാറാവണ്ട.. നല്ല കൂട്ടരാ.. ഞമ്മടെ വിലക്കും നിലക്കും പറ്റുന്നോരാ. മോൾക്ക്‌ അബിടെ ഒന്നിനും ഒരു കുറവ് വരുത്തില്ല അവര്… നിക്കാഹ് വാക്കിനാൽ അങ്ങ് ഉറപ്പിച്ചു… ശടെന്ന് അങ്ങ് നടത്താം. നിക്കാഹ് കഴിഞ്ഞും നിനക്ക് പഠിക്കാമല്ലോ. അതിനെല്ലാം അവർക്കു സമ്മതമാ “

സന്തോഷത്തോടെ പറഞ്ഞിട്ട് അലി  അകത്തേക്ക് പോയി.

നസിയ ഉമ്മയെ നോക്കി. മകളെ നല്ലൊരു കുടുംബത്തിലേക്ക് പറഞ്ഞയക്കാൻ പോകുന്ന ഒരു ഉമ്മയുടെ സന്തോഷം അവിടെ കണ്ടു.

*******************************************

രാവിലെ മുതൽ കോരിച്ചൊരിയുന്ന മഴയാണ്.

തുലാവർഷം തുടങ്ങിയില്ലെങ്കിലും മഴ  തകർത്തു പെയ്യുകയാണ്.

ഇന്നലെ രാത്രി മുതൽ തുടങ്ങിയ മഴ ആണ്. ഇതുവരെ തോർന്നിട്ടില്ല.

പന്നിയാർ നിറഞ്ഞു കവിഞ്ഞു സമീപത്തുള്ള പ്രേദേശങ്ങളിലേക്ക് വെള്ളം കയറാൻ തുടങ്ങി. കിഴക്കൻ പ്രേദേശങ്ങളിലെ  പല സ്ഥലങ്ങളിലും  ഉരുൾ പൊട്ടൽ ഉണ്ടായതിന്റെ ഫലമാണ് ഈ വെള്ളത്തിന്റെ തള്ളിക്കയറ്റം.പ്രതീക്ഷിക്കാതെ കാലവർഷം  ആരംഭിക്കുന്നതിനു മുൻപ് തന്നെ  ഉണ്ടായ ഉരുൾപൊട്ടലുകൾ ഒരുപാടു വീടുകൾ തകർത്തു. അനവധി ആളുകളുടെ ജീവൻ കവർന്നെടുത്തിട്ടുണ്ട്. കുറച്ചധികം ആളുകൾ മണ്ണിനടിയിൽ പെട്ടു പോയിട്ടുണ്ട്….രക്ഷപ്രവർത്തനങ്ങൾ കാലാവസ്ഥ മോശമായതിനെ  സാവകാശം ആണ്..നടക്കുന്നത് ..

പൊന്മുടി ഡാമിന്റെ  ഷട്ടറുകൾ ഏതു നിമിഷവും  തുറക്കാം…

ആറിന്റെ തീരത്തു താമസിക്കുന്നവർ സുരക്ഷിത സ്ഥലത്തേക്ക് പാലായനം തുടങ്ങി കഴിഞ്ഞു.

തൊമ്മിച്ചന്റെയും കുര്യച്ചന്റെയും കൃഷിഭൂമിയിൽ വെള്ളം കയറി കിടക്കുകയാണ്.. വാഴയും കാച്ചിലും ചേനയും ഏലവും എല്ലാം വെള്ളത്തിൽ മുങ്ങി .ഇവിടെ താമസിക്കാൻ വന്നതിൽ പിന്നെ ആദ്യമായാണ് ഇങ്ങനെ ഒരു വെള്ളപൊക്കം.

പുലർച്ചെ കൃഷി സ്ഥലത്തു പോയി നോക്കിയ ശേഷം തിരിച്ചു മഴയത്തു ഒരു വാഴയില ചൂടി  വീട്ടിലെത്തുമ്പോൾ വരാന്തയിൽ  പുറത്തേക്കു  കാലു നീട്ടിയിട്ടിരുന്നു മഴ ആസ്വധിക്കുകയായിരുന്നു ജിക്കുമോൻ. തൊമ്മിച്ചനെ കണ്ടു അവൻ  ചിരിച്ചു.

“അവിടെ ഇരുന്നു കണ്ടോണം. മഴയത്തു ഇറങ്ങി നനയരുത്. കേട്ടോ “

തൊമ്മിച്ചൻ പറഞ്ഞത് കേട്ടു ജിക്കുമോൻ തലയാട്ടി.

അതുകേട്ടു കൊണ്ടാണ് ഷൈനി ഇറങ്ങി വന്നത്.

“എങ്ങനെയുണ്ട് ചാച്ചാ വെള്ളം വരവ്. പറമ്പിൽ കയറിയോ “

ഷൈനി ചോദിച്ചു.

“വെള്ളം കയറിക്കൊണ്ടിരിക്കുവാ. ഷട്ടർ തുറന്നാൽ ഇനിയും കൂടും. അമ്മച്ചി എന്തിയെ. ഒരു ചൂട് കട്ടൻ കാപ്പി എടുത്തോണ്ട് വരാൻ പറ. തണുത്തിട്ട് മേലാ “

തൊമ്മിച്ചൻ വാഴയില പുറത്ത് ചാരി വച്ച് തിണ്ണയിലേക്ക് കയറി.

“ആൻഡ്രൂസ് എങ്ങോട്ട് പോയി ഈ വെള്ളം പൊങ്ങി കിടക്കുന്നിടത്തു. കുട വച്ചിടത്തു വടി വയ്ക്കാത്തവൻ ആണ്. ഇവിടെ ഇരിക്കാനുള്ളതിന് “

തോർത്തു കൊണ്ട് തല തുവർത്തി ദേഹം തുടച്ചു കൊണ്ട് അകത്തേക്ക് നോക്കി ചോദിച്ചു.

“നേരം വെളുത്തത് മുതൽ ഇവിടെ കാണാനില്ല. എവിടെ പോയതാണെന്ന് അറിയില്ല “

ഉമ്മറത്തേക്കിറങ്ങി വന്നു റോസ്‌ലിൻ പറഞ്ഞു.

“ങ്ങാ.. അവനങ്ങനാ.. തോന്നുമ്പോ കേറി വരും, തോന്നുമ്പോ വരും. ചിലപ്പോ ഒരു പോക്കുപോയാൽ ആഴ്ചകൾ കഴിഞ്ഞായിരിക്കും വരവ്.”

തൊമ്മിച്ചൻ പറഞ്ഞു കൊണ്ട് തോർത്തു മഴയത്തേക്ക് നീട്ടിപിടിച്ചു തിരുമ്മി പിഴിഞ്ഞ് എടുത്തു.

“മോള് ചായകുടിച്ചോ. ഇല്ലങ്കിൽ മോനെയും കൊണ്ടുപോയി ആഹാരം കൊടുത്തു കഴിക്ക്. പിന്നെ മോളെ ആരുമില്ലെന്നു ഓർത്തുള്ള വിഷമമൊന്നും വേണ്ട. എനിക്ക് പഠിപ്പും വിവരവും കുറവാ. ഏലിക്കും അങ്ങനെ തന്നെ. എന്നാലും പറയുവാ. ഞാനും ഏലിയും മോൾടെ അപ്പനും അമ്മയും ആണെന്ന് അങ്ങ് വിചാരിച്ചോണം. ഈ വീടും വീട്ടിലുള്ളവരും മോൾടെ സ്വന്തവും. അപ്പോ ഇവിടെ താമസിക്കാൻ മോൾക്ക്‌ ബുദ്ധിമുട്ടു തോന്നുകയില്ല. ഈ കുഞ്ഞിനേയും കൊണ്ട് ഒറ്റയ്ക്ക് ഇനി ഇവിടെ നിന്നും എങ്ങും പോകണ്ട.”

തൊമ്മിച്ചൻ പറഞ്ഞു കൊണ്ട് ബെഞ്ചിൽ ഇരുന്നു.

“ഞാനും അങ്ങനെ തന്നെയാ കരുതുന്നത്. ഇവിടെ വന്നപ്പോൾ ആണ് സന്തോഷം ആയി ഒന്നുറങ്ങാൻ കഴിഞ്ഞത്. ആരൊക്കെയോ ഉണ്ടെന്നുള്ള ഒരു തോന്നൽ. എന്റെ മോനുചുറ്റും ഒരു സംരക്ഷണം ഉണ്ടായതുപോലെ…. പക്ഷെ എത്രനാൾ”?

റോസ്‌ലിൻ ജിക്കുമോനെ എടുത്തു പൊക്കി കൊണ്ട് തൊമ്മിച്ചന്റെ നേരെ തിരിഞ്ഞു.

“മോൾക്ക്‌ എത്രനാൾ വേണമെങ്കിലും ഇവിടെ കഴിയാം.അല്ല ഇനി മോള് എങ്ങും പോകണ്ട. മാറി പോയാലെ ഞങ്ങക്ക് വിഷമമാകൂ.ഈ വീട്ടിലെ അംഗങ്ങളാണ് മോളും ഈ മോനും “

തൊമ്മിച്ചൻ വാത്സല്യത്തോടെ ജിക്കുമോനെ നോക്കി.

ഷൈനി ചൂട്‌പറക്കുന്ന കാപ്പിയുമായി വന്നു തൊമ്മിച്ചന് കൊടുത്തിട്ട് റോസ്‌ലിനെയും ജിക്കുമോനെയും കൂട്ടി അകത്തേക്ക് പോയി.

ചൂട് കാപ്പി എടുത്തു ഊതി കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് നനഞ്ഞു കുളിച്ചു മഴയത്തു കൂടി ആൻഡ്രൂസ് വന്നത്.

കയ്യിൽ തേങ്ങ കുലയും, വഴക്കുലയും, ഒന്നുരണ്ടു കോഴികളും ഉണ്ടായിരുന്നു.

“ഇതൊക്കെ എവിടുന്നാടാ ആൻഡ്രൂസെ”

തൊമ്മിച്ചൻ അമ്പരപ്പോടെ നോക്കി.

“ഇത് തോട്ടിൽ കൂടി ഒഴുകി വന്നതാ. കുറച്ചു സാധനങ്ങൾ കരയിലെടുത്തു വച്ചിട്ടുണ്ട്. കോഴിയെ അന്വേഷിച്ചു ആരെങ്കിലും വന്നാൽ കൊടുക്കാം. തേങ്ങാക്കുലയും വഴക്കുലയും അന്വേഷിച്ചൊന്നും ആരും വരത്തില്ല”

അത് മുറ്റത്തു വച്ച് കോഴികളെ കൊണ്ടുപോയി കൂട്ടിൽ ഇട്ടു.

മഴയത്തു നിന്ന് കുളിച്ചു ഡ്രെസ്സ് മാറി ആൻഡ്രൂസ് വരാന്തയിലേക്ക് കയറി.

“എടാ.. മലവെള്ളത്തില നിന്റെ പിള്ള കളി. ഒലിച്ചു പോയാൽ കരയിൽ നിന്ന് കാണുന്നവർ ഒച്ചവച്ചു നിലവിളിക്കും. അല്ലാതെ ആറ്റിൽ ചാടി നിന്നെ രക്ഷിക്കാൻ ഒരുത്തരും തയ്യാറാകാതില്ല”

തൊമ്മിച്ചൻ ആൻഡ്രൂസിനെ നോക്കി മുന്നറിയിപ്പ് കൊടുത്തു.

“ആ മറിയാമ്മ ചേട്ടത്തിടെ പശു തോട്ടിൽ ഒഴുകി പോയി അതിനെ പിടിക്കാൻ ചാടിയതാ തോട്ടിൽ. അവരുടെ വരുമാനമാർഗ്ഗമ ആ പശു. തോട്ടിൽ വെള്ളം വരവ് കൂടുതലാ.  ഞാനെങ്ങാനും ഒഴുകി പോയാൽ താഴെ എവിടെ എങ്കിലും പോയി ശവം അടിയും. അറിഞ്ഞാൽ  എടുത്തോണ്ട് വന്നു ആ വഴിയരുകിൽ എങ്ങാനും പട്ടിയെ കുഴിച്ചിടുന്നപോലെ കുഴിച്ചിട്ടേക്കണം. കണ്ട കാക്കയും പട്ടിയും പൂച്ചയും കടിച്ചു വലിക്കാനുള്ള അവസരം കൊടുത്തേക്കരുത് “

ബെഞ്ചിന്റെ ഒരു വശത്തു ഇരുന്നുകൊണ്ട് ആൻഡ്രൂസ് പറഞ്ഞു.

“ഓഹോ.. അപ്പോ അങ്ങനെയേ ചാകൂ എന്ന് തീരുമാനിച്ചോ “?

വാതിൽക്കൽ എത്തി നോക്കികൊണ്ട്‌ ഷൈനി ചോദിച്ചു.

“തീരുമാനിച്ചു ചാകാൻ മാത്രം പ്രണയനൈരശ്യം കേറി നടക്കുന്നവനല്ല. ഞാൻ.. “

ഒരു ബീഡി എടുത്തു ചുണ്ടിൽ വച്ച്  ലൈറ്റ്ർ തെളിച്ചു തീ കൊളുത്തി.

“എടാ ആൻഡ്രൂ… നീയൊരു പെണ്ണ് കെട്ട്. പെണ്ണും കുടുംബവും കുട്ടികളും ഒക്കെ ആകുമ്പോഴേ ജീവിതത്തിനു ഒരു അർത്ഥമുണ്ടാകത്തൊള്ളൂ. നിലാവത്തഴിച്ചു വിട്ട കോഴിയെ പോലെ നീ ഇങ്ങനെ നടന്നു ജീവിതം നശിപ്പിക്കാതെ”

തൊമ്മിച്ചൻ പറഞ്ഞു കൊണ്ട് ആൻഡ്രൂസിനെ നോക്കി.

“ങ്ങാ.. കെട്ടണമെന്ന് ആഗ്രഹം ഉണ്ട്. ആരെങ്കിലും പെണ്ണ് തരണ്ടേ തൊമ്മിച്ചയാ… വരട്ടെ.. നോക്കാം”

ആൻഡ്രൂസ് പറഞ്ഞിട്ട് കയ്യിലിരുന്ന ബീഡിയുടെ അറ്റത്തെ ചാരം തട്ടി കളഞ്ഞു.

“തൊമ്മിച്ചായോ… ഇവളെ ആരുടെയെങ്കിലും കൂടെ പറഞ്ഞു വിടാറായല്ലോ. പെണ്ണ് വളർന്നു വീടിന്റെ മേൽക്കൂര പൊളിക്കാറായി  “

ആൻഡ്രൂസ് ചിരിച്ചു കൊണ്ട് പുക എടുത്തു പുറത്തേക്കു ഊതി വിട്ടു!!!

“അങ്ങനെ എങ്കിലും ഈ വീടൊന്നു പൊളിച്ചു പണിയുമല്ലോ. അത് കഴിഞ്ഞിട്ട് ആലോചിക്കാം.പിന്നെ നിങ്ങളിങ്ങനെ നിന്നോ കെട്ടാതെ. മൂത്തു നരച്ചു കൊരച്ചു ആരും തിരിഞ്ഞു നോക്കാതെ വരുമ്പോൾ മനസിലായിക്കോളും , കൂട്ടിന് ഒരു പെണ്ണില്ലാത്തതിന്റെ കുറവ് “

ഷൈനി പറഞ്ഞു കൊണ്ട് ബെഞ്ചിൽ ഇരുന്ന ഗ്ലാസ്സ് എടുത്തു അകത്തേക്ക് പോയി.

“അവള് പഠിക്കുകയല്ലേടാ. പഠിച്ചു ഒരു ജോലിയൊക്കെ ആയിട്ടു കെട്ടിച്ചു വിടുന്നതാ നല്ലത്. പിന്നെ അവള് പറഞ്ഞതിലും കാര്യമുണ്ടെടാ. ആണായാൽ കൂട്ടിനൊരു പെണ്ണ് വേണം.”

തൊമ്മിച്ചൻ പറഞ്ഞു.

“ഞാനവളെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതാ.. ഒരു ജോലിയൊക്കെ കിട്ടിയിട്ട് പെണ്ണുങ്ങളെ കെട്ടിച്ചു വിടുന്നതാ നല്ലത് “

ആൻഡ്രൂസ് വലിച്ചു തീർന്ന ബീഡിയുടെ കുറ്റി മഴയത്തേക്ക് എറിഞ്ഞു കൊണ്ട് പറഞ്ഞു.

“മഴ നിർത്താതെ പെയ്താൽ പരിസരം മുഴുവൻ വെള്ളത്തിനടിയിൽ ആകും. കാലം തെറ്റി പെയ്യുന്ന മഴ ഒരു പ്രശ്നക്കാരൻ ആണ് “

മഴയത്തേക്ക് നോക്കി തൊമ്മിച്ചൻ നെടുവീർപ്പെട്ടു.

“ഇന്നും ഒരു ഉരുൾ പൊട്ടിയിട്ടുണ്ട്. ആറ്റിൽ വെള്ളം വരവ് കൂടുതലാ. വഴിയിൽ മണ്ണിടിഞ്ഞു ഗതാഗതം മുടങ്ങിയിട്ടുണ്ട്. മണ്ണ് മാറ്റിയാലേ വണ്ടികൾ കടന്നുപോകൂ “

ആൻഡ്രൂസ് പറഞ്ഞിട്ട് ഭിത്തിയിൽ ചാരിയിരുന്നു.

“ഏലിയമ്മച്ചി എന്തിയെ. പുറത്തോട്ടു കണ്ടില്ലല്ലോ “?

ആൻഡ്രൂസ് തൊമ്മിച്ചനെ നോക്കി.

“അവളടുക്കളയിൽ ഉണ്ട്. ആഹാരം ഉണ്ടാക്കുന്ന തിരക്കിൽ ആയിരിക്കും.എടാ  പിന്നെ ആ വറീതിന്റെ മകളുടെ കാര്യം എന്തായി. അന്വേഷണം തുടങ്ങിയോ”?

തൊമ്മിച്ചൻ ജിജ്ഞാസയോടെ ചോദിച്ചു.

“ആ പെങ്കൊച്ചിനെ പീഡിപ്പിച്ചു കൊന്നതാ. പോസ്റ്റുമോർട്ടം റിപ്പോർട്ടും അതാ പറയുന്നത്. കോട്ടയത്ത്‌ നിന്ന് ഇങ്ങോട്ട് സ്ഥലം മാറി വരുന്ന ഡിവൈ എസ് പി ക്ക് ആണ് കേസിന്റെ ചാർജ്. ആള് സത്യസന്ധൻ ആണെന്നാണ് അറിവ്.”

ആൻഡ്രൂസ് പറഞ്ഞു.

“ആര് ചെയ്താലും അവരെ നിയമത്തിനു മുൻപിൽ കൊണ്ട് വരണം. പെൺകുട്ടികൾക്ക് എതിരെ ഉള്ള അക്രമം കൂടി വരുകയാ ഇപ്പൊ. പേടിച്ചിട്ടു ഇവരെ പുറത്തേക്കു പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥ”

പറഞ്ഞു കൊണ്ട് തൊമ്മിച്ചൻ വരാന്തയിലേക്ക് കയറി വന്ന അട്ടയെ കയ്യിലിരുന്ന കത്തിക്ക് തോണ്ടി പുറത്തേക്കെറിഞ്ഞു.

ഉച്ചകഴിഞ്ഞപ്പോൾ മഴക്ക് കുറച്ചു ശമനം ആയി..

വീട്ടിൽ ഇരുന്നു മടുത്ത ആൻഡ്രൂസ് പുറത്തേക്കിറങ്ങി. ലോറിയിൽ കയറി സ്റ്റാർട്ട്‌ ചെയ്തു ഓടിച്ചു പോയി.

*******************************************

കോളേജിനു ചുറ്റും വെള്ളം കയറിയത് കൊണ്ടും,റോഡിൽ മണ്ണിടിഞ്ഞു കിടന്നു വാഹനസഞ്ചാരം മുടങ്ങിയത് കൊണ്ടും നസിയ പഠിക്കുന്ന  കോളേജിനു ഒരാഴ്ച അവധി കൊടുത്തു.

“ഉമ്മച്ചി, ഞാൻ ഡെയ്സിയുടെ അടുത്ത് വരെ പോകുവാ. പെട്ടെന്ന് വരാം “

ഒരുങ്ങിയിറങ്ങിയ നസിയ ആയിഷയുടെ അടുത്ത് പോയി പറഞ്ഞു.

“ഈ വെള്ളം പൊങ്ങി, ഉരുളുപൊട്ടുമ്പോൾ നീ എവിടെപോകുവാ. അത്യാവശ്യമാണെങ്കിൽ പോയിട്ട് പെട്ടന്ന് വാ “

ആയിഷ നസിയയെ നോക്കി.

“കുറച്ചു നോട്സ് മേടിക്കാനുണ്ട് ഉമ്മച്ചി. ഇനി ഒരാഴ്ച കഴിഞ്ഞേ കോളേജ് തുറക്കത്തൊള്ളൂ. അപ്പോഴേക്കും കുറച്ചു പഠിക്കാനുണ്ട് “

പറഞ്ഞിട്ട് നസിയ വീടിന് പുറത്തേക്കിറങ്ങി.

അപ്പോഴേക്കും ജോസേട്ടൻ അടുത്തേക്ക് വന്നു.

“മോളെ കറെടുത്തോണ്ട് വരട്ടെ “

ജോസേട്ടൻ അനുവാദത്തിനായി നസിയയുടെ മുഖത്തേക്ക് നോക്കി.

“വേണ്ട ജോസേട്ടാ… ഞാൻ നടന്നു പൊക്കോളാം.കവലയിൽ നിന്നും കുറച്ചു ദൂരമല്ലേ ഉള്ളു. വല്ലപ്പോഴും ഒക്കെ ഞാനൊന്നു സ്വതന്ത്രമായി നടന്നോട്ടെ “

നസിയ ചിരിച്ചു കൊണ്ട് ജോസേട്ടനോട് പറഞ്ഞു.

“ശരി മോളെ…. പോയിട്ട് വാ “

ജോസേട്ടൻ ഔട്ട്‌ ഹൗസിനു നേരെ നടന്നു.

നസിയയുടെ കൂടെ പഠിക്കുന്ന നിമ്മിയുടെ വീട് കവല കഴിഞ്ഞു കുറച്ചു കൂടി മുൻപോട്ടു നടക്കുമ്പോൾ ആണ്.

ചുറ്റും വെള്ളം കേറി കിടക്കുന്ന സ്ഥലങ്ങൾ കണ്ടു ആസ്വധിച്ചു നസിയ മെല്ലെ നടന്നു.

കവലയിൽ എത്തിയപ്പോൾ മഴ പെയ്യുവാൻ തുടങ്ങി. കയ്യിലിരുന്ന കുട നിവർത്തി നടക്കുമ്പോൾ ആണ് പാഞ്ഞു വന്ന ജീപ്പ് നസിയയെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ റോഡിൽ കിടന്ന ചെളിവെള്ളം നസിയയുടെ ദേഹത്ത് തെറിപ്പിച്ചു കൊണ്ട് മുൻപോട്ടു പോയത്. ഭയന്ന് പോയ നസിയ റോഡിൽ നിന്നും താഴേക്കു ചാടി,  അവിടെ കെട്ടികിടന്ന വെള്ളത്തിലേക്ക് മറിഞ്ഞു  വീണു.

അതേ സമയം പുറകിലൂടെ വന്ന ഒരു ലോറി സഡൻ ബ്രേക്ക്‌ ഇട്ടു നിന്നു.

ആൻഡ്രൂസ് ലോറിയിൽ നിന്നും ഇറങ്ങി വന്നു.

കൈകുത്തി വീണ  നസിയ എഴുനേൽക്കാൻ പ്രയാസപ്പെടുന്നത് കണ്ടു ആൻഡ്രൂസ് അവളുടെ അടുത്തേക്ക് ചെന്നു.

“അവന്മാർ എന്ത് പോക്കാ പോയത്. ഭാഗ്യം കൊണ്ടാ കൊച്ച് രക്ഷപെട്ടത്. ദേഹം മൊത്തം ചെളിയാണല്ലോ. ഞാൻ സഹായിക്കണോ “

ആൻഡ്രൂസ് നസിയയെ നോക്കി.

വേണമെന്ന് തലകുലുക്കി കൊണ്ട് നസിയ ആൻഡ്രൂസിനു നേരെ കൈ നീട്ടി.

ആൻഡ്രൂസ് അവളുടെ കയ്യിൽ പിടിച്ചു എഴുനേൽക്കാൻ സഹായിച്ചു.

അവളുടെ കൈമുട്ടിലെ തൊലി പോയി ചോര വരുന്നുണ്ടായിരുന്നു. കാലിലും ചെറിയ പരുക്ക് പറ്റിയിരുന്നു.

“ഈ ചെളി നിറഞ്ഞ ഡ്രെസ്സുമിട്ടു കൊച്ച് എങ്ങനെ പോകും “

ആൻഡ്രൂസ് നസിയയെ നോക്കി.

“കവല കഴിഞ്ഞു കുറച്ചു കൂടി പോയാൽ കൂട്ടുകാരിയുടെ വീടാ. അത് വഴിയാ പോകുന്നതെങ്കിൽ എന്നെയും അവിടെ ഇറക്കാമോ. അവിടെ ചെന്നു ഡ്രെസ്സ് മാറ്റി ധരിക്കാം “

നസിയ പ്രതീക്ഷയോടെ ആൻഡ്രൂസിനെ നോക്കി.

“ഞാൻ ആ വഴിക്കല്ല. എന്നാലും കൊച്ചിനെ ഈ വേഷത്തിൽ ഇവിടെ ഇട്ടിട്ടു പോകുന്നത് ശരിയല്ലല്ലോ. വണ്ടിയെലോട്ടു കേറിക്കോ. ഞാൻ എവിടെ ആണെങ്കിൽ കൊണ്ടുവിടാം “

ആൻഡ്രൂസ് പറഞ്ഞു കൊണ്ട് ലോറിയുടെ മറുവശത്തു കൂടി ഡ്രൈവിംഗ് സീറ്റിലേക്ക് കയറാൻ തുടങ്ങുമ്പോൾ ആണ് കുറച്ചു മുൻപ് മുൻപോട്ടു പാഞ്ഞു പോയ ജീപ്പ് റിവേഴ്സിൽ പുറകിലേക്ക് വന്നത്.

ജീപ്പ് നിർത്തി മൂന്നുനാലുപേര് പുറത്തിറങ്ങി നസിയയുടെ അടുത്തേക്ക് ചെന്നു.

“ദേഹം മുഴുവൻ ചെളിയായല്ലോ. ഇത് നമ്മുടെ സഫീർ  കെട്ടാൻ പോകുന്ന മൊഞ്ചത്തി അല്ലെ “

അതിൽ താടി മീശവച്ച ആജാനബാഹുവായ ഒരാൾ കൂടെ നിന്നവരോട് ചോദിച്ചു.

“അതേ മച്ചു.. ഇത് ആ പെണ്ണ് തന്നെ. അവനിതു അറിയുന്നതിന് മുൻപ് ഡ്രെസ്സൊക്കെ നന്നായി കഴുകി ഉണക്കി കൊടുക്കണം “

മറ്റൊരാൾ പറഞ്ഞു ഒരു വഷളൻ ചിരി ചിരിച്ചു.

“പെണ്ണെ… ആ ഡ്രെസ്സ് അഴിച്ചു തന്നാൽ ഞങ്ങളത് കഴുകി ഉണക്കി തരാം. അത് വരെ ഞങ്ങടെ ജീപ്പിൽ നിനക്ക് വിശ്രെമിക്കുകയും ചെയ്യാം “

താടി മീശക്കാരൻ മറ്റുള്ളവരെ ഏറു കണ്ണിട്ടു നോക്കി കൊണ്ട് പറഞ്ഞു.

നസിയ ഭയന്ന് ലോറിയുടെ സൈഡിൽ നിന്നു.

“എന്തായാലും നീ ലോറിയിൽ പോകണ്ട, ജീപ്പ് ഉള്ളപ്പോൾ. അത് മണ്ണും ചാരി നിന്നവൻ പെണ്ണുകൊണ്ട് പോയി എന്ന പോലെ ആകും. ചെളി നിന്റെ ദേഹത്ത് തെറിപ്പിച്ചത് ഞങ്ങൾ. പക്ഷെ അതിന്റെ ഫലം അനുഭവിക്കുന്നതോ എവിടുന്നോ വന്ന ഒരു ലോറിക്കാരനും. അത് വേണ്ട. ജീപ്പിലോട്ട് കേറിക്കോ “

ജീപ്പിൽ വന്ന മറ്റൊരാൾ നസിയയെ നോക്കി കണ്ണുരുട്ടി.

“എവിടെ പോകണം, ആരുടെ കൂടെ പോകണം എന്നൊക്കെ ഞാൻ നോക്കിക്കോളാം “

ഒരു വിധം ധൈര്യം സംഭരിച്ചു നസിയ പറഞ്ഞിട്ട് ലോറിയുടെ ഫ്രണ്ട് സീറ്റിലേക്ക് വലിഞ്ഞു കയറി.

ആൻഡ്രൂസ് ലോറി സ്റ്റാർട്ട്‌ ചെയ്തു. എന്നാൽ ലോറിക്ക് മുൻപിൽ വിലങ്ങനെ ജീപ്പ് നിർത്തിയിട്ടിരിക്കുന്നത് കൊണ്ട് ലോറി മുൻപോട്ടെടുക്കാൻ കഴിയുമായിരുന്നില്ല.

ജീപ്പിൽ ചാരി നിന്നു വന്നവർ ലോറിയിലേക്ക് നോക്കി പരിഹസിച്ചു ചിരിച്ചു

“ഇവന്മാർ ആരാ? അറിയുന്ന ആരെങ്കിലും ആണോ “?

ആൻഡ്രൂസ് നസിയയെ നോക്കി.

“അവരുടെ സംസാരം കേട്ടിട്ട് എന്നെ നിക്കാഹ് കഴിക്കാനിരിക്കുന്ന ആളിന്റെ ഫ്രണ്ട്‌സ് ആണെന്ന് തോന്നുന്നു.സഫീർ  ഒരു ഗജ ഫ്രോഡ് ആണ്. കഞ്ചാവും കള്ളും ആയി നടക്കുന്നവൻ.. പെണ്ണുകാണാൻ വന്ന ദിവസം തന്നെ എന്നെ കേറിപ്പിടിക്കാൻ നോക്കിയവൻ. ആ സഫീറിന്റെ ആളുകളാണ് ഇത് “

നസിയ പറഞ്ഞിട്ട് തലയിൽ ഇട്ടിരുന്ന ഷാൾ ഒന്നുകൂടി പിടിച്ചു നേരെ ഇട്ടു.

“അങ്ങനെ ഉള്ളവനെ ആണോ കെട്ടാൻ പോകുന്നത്. കൊച്ചിന്റെ ജീവിതം കോഞ്ഞാട്ട ആകും പറഞ്ഞേക്കാം. വീട്ടിൽ വിവരവും വിദ്യാഭ്യാസവും ഉള്ള ആരുമില്ലേ “?

ആൻഡ്രൂസ് അമ്പരപ്പോടെ നസിയയെ നോക്കി.

“അതിന് ആര് അയാളെ കെട്ടാൻ പോകുന്നു. നിക്കാഹിന്റെ തലേന്ന് ആരുടെ എങ്കിലും കൂടെ ഞാൻ ഒളിച്ചോടും.”

നസിയ ദേഷ്യത്തോടെ പറഞ്ഞു.

“ശരി… ഒളിച്ചോടുമ്പോൾ നേരെചൊവ്വേ ഉള്ളവന്റെ കൂടെ പൊക്കോണം. അല്ലെങ്കിൽ ഉപയോഗം കഴിഞ്ഞു ഏതെങ്കിലും ആറ്റിലോ തോട്ടിലോ കൊണ്ടുപോയി  കൊന്നിട്ടേക്കും. കഴിഞ്ഞ ദിവസമാ ഒരു പെങ്കൊച്ചിന്റെ ജഡം ആറ്റിൽ പൊങ്ങിയത്.കൂട്ടാബെലതസംഗം ചെയ്തു കൊന്നതായിട്ട കേസ്‌ “

പറഞ്ഞിട്ട് ആൻഡ്രൂസ് തല പുറത്തെകിട്ടു  ലോറിക്കുമുൻപിൽ നിൽക്കുന്നവരോട് ജീപ്പ് എടുത്തു മാറ്റാൻ പറഞ്ഞു.

എന്നാൽ അതുകേട്ടു അവർ വീണ്ടും പരിഹസിച്ചു ചിരിച്ചു.

“ഇതൊരു നടക്ക് പോകത്തില്ല എന്ന തോന്നുന്നത്. ഇപ്പൊ എന്താ ചെയ്യുന്നത്?”

സ്റ്റിയറിങ്ങിൽ തട്ടിക്കൊണ്ടു ആൻഡ്രൂസ് നസിയയെ നോക്കി.

“ആ ജീപ്പിടിച്ചു വെള്ളത്തിലേക്കിട്ട് പോകണം. അതാ വേണ്ടത് “

നസിയ രോക്ഷം പ്രകടിപ്പിച്ചു.

“എന്ന അങ്ങനെ തന്നെ ചെയ്തേക്കാം. കൊച്ച് ആദ്യമായിട്ട് ഒരു കാര്യം പറഞ്ഞിട്ട് ചെയ്തു തന്നില്ലെന്നു വേണ്ട “

ലോറി റിവേഴ്‌സ് എടുത്തു കുറച്ചു പുറകിലേക്ക് കൊണ്ട് പോയി നിർത്തി ആൻഡ്രൂസ്. പിന്നെ നസിയയെ നോക്കി കൊണ്ട് ലോറി മുൻപോട്ടെടുത്തു. ജീപ്പിനു നേരെ വരുന്ന ലോറി കണ്ടു ചാരി നിന്നവർ ഓടി ഒഴിഞ്ഞു.

അതേ നിമിഷം ലോറി ഒരു ശബ്ദത്തോടെ ജീപ്പിൽ വന്നിടിച്ചു മുൻപോട്ടു നിരക്കികൊണ്ട് പോയി, ജീപ്പ് ഒരു വശത്തേക്ക് മറിഞ്ഞു വീണു. ആൻഡ്രൂസ് ലോറി മുൻപോട്ടടിച്ചു.

വഴിയിൽ നിന്നവർ അലറിക്കൊണ്ട്  പാഞ്ഞടുക്കുമ്പോൾ ലോറിക്ക് വേഗം കൂടിയിരുന്നു.

“അയ്യോ.. ഞാൻ വെറുതെ പറഞ്ഞതാ ജീപ്പ് ഇടിച്ചു മറിക്കാൻ. പക്ഷെ…നിങ്ങളത് ചെയ്തു.. എനിക്ക് പേടിയാകുന്നു… ഞാൻ……”

നസിയ മുഴുമിപ്പിക്കാതെ ആൻഡ്രൂസിനെ നോക്കി.

“വെറുതെ ആണെങ്കിലും ഇല്ലെങ്കിലും ജീപ്പ് വെള്ളത്തിനകത്ത… വല്ല ക്രെയിനും കൊണ്ടുവന്നെ പൊക്കിയെടുക്കാൻ പറ്റൂ. ഇങ്ങോട്ട് വന്നു പണി മേടിച്ചതല്ലേ. സാരമില്ല “

ആൻഡ്രൂസ്  സ്റ്റിയറിങ്ങു തിരിച്ചു കൊണ്ട് പറഞ്ഞു.

“നിങ്ങൾക്ക് ഭയങ്കര ധൈര്യമാ….സമ്മതിച്ചു തന്നിരിക്കുന്നു. ദേ ആ വളവിൽ ആണ് വീട്. അവിടെ നിർത്തിയാൽ മതി “

നസിയ പറഞ്ഞ സ്ഥലത്ത് ലോറി നിർത്തി.

നസിയ ഇറങ്ങിയശേഷം ആൻഡ്രൂസിനെ നോക്കി.

“ഞാൻ കൊച്ചൊന്നുമല്ല. പ്രായപൂർത്തിയായ പെണ്ണാ… പേര് നസിയ… അടുപ്പമുള്ളവർ നസി എന്നും വിളിക്കും. പിന്നെ നിങ്ങടെ പേര് പറഞ്ഞില്ലല്ലോ “?

നസിയ ചോദിച്ചു.

“എന്നോട് ചോദിച്ചില്ല.അതുകൊണ്ട് പറഞ്ഞില്ല. ഒരു പെണ്ണിനെ കണ്ടാൽ ഓടിപ്പോയി നാളും പേരും വയസ്സും ഒക്കെ പറയുന്ന ഉണ്ണാക്കന്മാരിൽ പെടുന്നവനല്ലാത്തതു കൊണ്ട് പറഞ്ഞില്ല.”

ആൻഡ്രൂസ് പറഞ്ഞു കൊണ്ട് നസിയയെ നോക്കി.

“ഇപ്പൊ ഞാൻ ചോദിച്ചല്ലോ. ആരാ നിങ്ങള്… പേരെന്ത് “?

നസിയ ആകാംഷയോടെ ചോദിച്ചു.

“എന്റെ പേര് ആൻഡ്രൂസ്. ഒരു ലോറിക്കാരൻ. ചിലർ ആൻഡ്രൂ എന്നും വിളിക്കും.സ്വന്തവും ബന്ധങ്ങളും ഇല്ലാത്ത ഒരു അനാഥൻ “

പറഞ്ഞു കൊണ്ട് ലോറി വീണ്ടും സ്റ്റാർട്ട്‌ ചെയ്തു.

“നല്ല പേര്…. പിന്നെ അവർ പുറകെ വരാം ചിലപ്പോൾ. സൂക്ഷിച്ചു പോണം “

മുന്നറിയിപ്പ് കൊടുതിട്ടു ഗേറ്റിനു നേരെ നടന്നു നസിയ..

ആൻഡ്രൂസ് ലോറി മുൻപോട്ടെടുത്തു

                           ( തുടരും     )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!