Skip to content

മലയോരം – 6

malayoram novel

പാഞ്ഞു വന്ന ജീപ്പ് ഗോഡൗണിനു മുൻപിൽ സഡൻ ബ്രേക്ക്‌ ഇട്ടു നിന്നു. അതിൽ നിന്നും വരദൻ പുറത്തിറങ്ങി  ഗോഡൗണിനു ഉള്ളിലേക്ക് കയറി ഒരു കസേര വലിച്ചിട്ടിരുന്നു.

വലതു കാൽ പൊക്കി ഇടതുകാലിലെ മുട്ടിനു മുകളിൽ വച്ച് വിറപ്പിച്ചു കൊണ്ട് അങ്ങിങ്ങായി നിൽക്കുന്നവരെ നോക്കി.

“ആരാടാ എന്റെ ആളുകളുടെ മേൽ കൈവച്ചവൻ.? മാത്രമല്ല ഞാൻ നോട്ടമിട്ടിരുന്ന ആ ടീച്ചറിനെ അവരുടെ വീട്ടിൽ കാണാനുമില്ല. ഇതിനു പിന്നിൽ അവൻ തന്നെയാണ്.”

വരദൻ മീശ മുകളിലേക്കു പിരിച്ചു വച്ചുകൊണ്ട് ക്ഷോഭത്തോടെ പറഞ്ഞു.

അപ്പോഴേക്കും പുറത്തുനിന്നും വരദന്റെ വിശ്വസ്ഥരായ മൂർഖൻ മോനായിയും,വരാൽ സൈമണും കയറി വന്നു.

വരദൻ തലയുയർത്തി അവരെ നോക്കി.

“അറിഞ്ഞോ അവൻ ആരാണെന്ന്? എന്റെ തട്ടകത്തിൽ വന്നു അടിച്ചൊതുക്കാൻ ധൈര്യം കാണിച്ച അവനെ ഇനി വച്ചിട്ട് കാര്യമില്ല . മാത്രമല്ല ആ ടീച്ചറെ വീട്ടിൽ കാണാത്തത് അവൻ അവളെ വേറെങ്ങോ മാറ്റിയിരിക്കുന്നത് കൊണ്ടാ. തട്ടുന്നതിനു മുൻപ്  അവൻ ചെറുപ്പത്തിൽ കുടിച്ച മുലപ്പാൽ കക്കിച്ചിട്ടാണെങ്കിലും ഞാൻ പറയിപ്പിച്ചോളാം ആ ടീച്ചർ ഇവിടെയുണ്ടെന്ന് .ആ ടീച്ചറെ എനിക്ക് വേണം.അവളെ സ്വന്തമാക്കാൻ  ആശിച്ചു പോയ എന്നെ ഊശിയാക്കാൻ നോക്കിയാൽ അവന്റെ നാശമായിരിക്കും ഫലം “

വരദൻ ഷർട്ടിന്റെ കോളർ പിടിച്ചു പുറകിലേക്കിട്ടു ചാഞ്ഞിരുന്നു.

“വരദേട്ട… ആളറിഞ്ഞു… ഒരു ആൻഡ്രൂസ്… ലോറിക്കാരനാ… തെക്കേമല ഇറങ്ങി വന്ന ഏതോ ഒരു വരത്തൻ. യഥാർത്ഥ നാടോ വീട്ടുകാരെയോ കുറിച്ചൊന്നും അറിയാൻ പറ്റിയില്ല. പക്ഷെ വരദേട്ടന് ആവശ്യമുള്ള കാര്യങ്ങൾ അറിഞ്ഞിട്ടുണ്ട് “

വരാൽ സൈമൺ പറഞ്ഞു കൊണ്ട് മൂർഖൻ മോനായിയെ നോക്കി.

“അതേ.. ആൻഡ്രൂസ് അവനിപ്പോൾ തൊമ്മിച്ചൻ എന്ന് പറയുന്ന ഒരാളുടെ വീട്ടിലുണ്ട്. മാത്രമല്ല വരദേട്ടന്റെ ആ ടീച്ചറു പെണ്ണും അവരുടെ കൊച്ചും അവിടെ ഉണ്ട് “

മൂർഖൻ മോനായി പറഞ്ഞത് കേട്ടു വരദന്റെ മുഖം തെളിഞ്ഞു. അയാൾ ചാടിയെഴുനേറ്റു.

“ഇപ്പോഴാ എനിക്ക് ആശ്വാസം ആയത്. ആ ടീച്ചറിനെ അത്രക്കും കൊതിച്ചു പോയി. ഞാൻ കാത്തു വച്ച മൽഗോവ മാമ്പഴം എങ്ങോ നിന്നു വന്ന ഒരു വരത്തൻ കൊണ്ട് പോയാൽ പിന്നെ ഇ വരദൻ ഇവിടെ ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ലാതെ പോകും “

വരദൻ ഒന്ന്‌ നിർത്തിയിട്ടു മൂർഖൻ മോനായിയെയും വരാൽ സൈമണയും നോക്കി.

“അവളെവിടെ ഉണ്ടെന്ന് അറിഞ്ഞ സ്ഥിതിക്കു ആ  ലോറിക്കാരനെ തട്ടിയിട്ടായാലും വേണ്ടില്ല അവളെ എന്റെ മുൻപിൽ കൊണ്ട് വരണം. ഇനി ഇ വരദന്റെ കൂടെ അവൾ ജീവിച്ചാൽ മതി. ആദ്യം അവനെ അങ്ങ് തട്ടിയേക്ക്. അല്ലെങ്കിൽ പിന്നീടെനിക്ക് അത് തലവേദന ആകും”

വരദൻ പുറത്തേക്കു നടന്നു കൊണ്ട് നിർദേശിച്ചു.

വരദന്റെ ജീപ്പ് പുറത്തേക്കു പാഞ്ഞു പോകുന്നത് കണ്ടു സൈമണും മോനായിയും പരസ്പരം നോക്കി. പിന്നെ തിരിഞ്ഞു നടന്നു.

ബംഗ്ലാവിന് മുൻപിൽ ജീപ്പ് നിർത്തി വരദൻ ഇറങ്ങുമ്പോൾ സിറ്റൗട്ടിലേക്കു ഭാനുമതി ഇറങ്ങി വന്നു.

“നീ എവിടെ പോയതാ വരദാ.ഭദ്രേട്ടൻ അന്വേഷിക്കുന്നുണ്ട്. മുകളിലേക്കു ചെല്ല്. എന്തോ അത്യാവശ്യകാര്യം ഉണ്ടെന്ന് തോന്നുന്നു “

ഭാനുമതി വരദനോടായി പറഞ്ഞു.

ഭദ്രന്റെ ഭാര്യയാണ് ഭാനുമതി. ഭർത്താവിന്റെ ഏതു അഭിപ്രായത്തെയും മാനിക്കുന്ന സ്ത്രി.

“ഞാൻ നമ്മുടെ ഗോഡൗൺ വരെ ഒന്ന്‌ പോയതാ ഏട്ടത്തി.”

പറഞ്ഞു കൊണ്ട് വരദൻ വീടിനുള്ളിലേക്ക് കയറി.

വരദൻ ചെല്ലുമ്പോൾ കൂട്ടിലിട്ട വെരുകിനെ പോലെ മുറിക്കുള്ളിലൂടെ നടക്കുകയായിരുന്നു ഭദ്രൻ.

“നീയിതെവിടെ പോയി കിടക്കുകയായിരുന്നു. കമ്പളികണ്ടത്തെ നമ്മുടെ വാറ്റ് കേന്ദ്രത്തിലും, കഞ്ചാവ് തോട്ടത്തിലും എന്തോ കുഴപ്പം ഉണ്ടെന്ന് തോന്നുന്നു. അങ്ങോട്ട്‌ ആരെങ്കിലും എത്രയും പെട്ടെന്ന് ചെല്ലണമെന്ന് പറഞ്ഞു ചന്ദ്രപ്പന്റെ ഫോൺ വന്നു. ഏതോ ഒരു  എസ് പി ചാർജ്‌ടുത്തിട്ടുണ്ടെന്നും അയാൾ വരുന്നതിനു മുൻപ് തന്നെ അവിടെ എന്തൊക്കെയോ അന്വേഷണങ്ങൾ നടത്തിയെന്നും ഒക്കെ പറഞ്ഞു. നമ്മളെ കുറിച്ചും അയാൾ അവിടെയുള്ള പോലീസുകാരോട് തിരക്കി റിപ്പോർട്ട്‌ കൊടുക്കാൻ പറഞ്ഞിട്ടുണ്ടെന്നും കേട്ടു. വിശദമായി അറിയണമെങ്കിൽ ആരെങ്കിലും അങ്ങോട്ട്‌ പോണം. നീ ഇന്ന് തന്നെ പുറപ്പെട്ടോ. രണ്ടുദിവസം അവിടെ തങ്ങി കാര്യങ്ങൾ എന്താണെന്നു മനസ്സിലാക്ക്.”

ഭദ്രൻ നിർദേശിച്ചു.

“ഏട്ടാ.. അത്.. ഞാൻ അന്വേഷിച്ചാൽ പോരെ.. എനിക്ക് ഇന്ന് രാത്രി കുറച്ചു വേറെ ജോലി ഉണ്ടായിരുന്നു.”

വരദൻ നിന്നു പരുങ്ങുന്നത് കണ്ടപ്പോൾ ഭദ്രൻ രൂക്ഷമായി നോക്കി.

“എന്ത് ജോലി. അതും ഞാനറിയാത്ത കാര്യം. എവിടെയോ കിടക്കുന്ന ഒരു ടീച്ചറു പെണ്ണിന്റെ പുറകെയാ നീയിപ്പോൾ എന്ന് ഞാൻ കേട്ടു. മാത്രമല്ല അവളെ പൊക്കാൻ ആളെ ഏർപ്പാടാക്കിയ കാര്യവും. ആ പെണ്ണിനെ കൊണ്ടുവന്നു അവന്മാർ നിനക്കുവേണ്ടി സൂക്ഷിച്ചു വച്ചോളും. ഞാനിപ്പോൾ പറഞ്ഞ കാര്യം ആദ്യം ചെയ്യ് “

ഭദ്രന്റെ ആഞ്ജക്ക്‌ മുൻപിൽ വരദൻ പതറി.ഏട്ടൻ എങ്ങനെ ഇ കാര്യങ്ങൾ അറിഞ്ഞു?

“ഞാൻ ഇപ്പോൾ തന്നെ കമ്പിളികണ്ടതിനു പുറപ്പെടുകയാ ചേട്ടാ”

വരദൻ പറഞ്ഞിട്ട് താഴേക്കു പോയി.

********************************************

പോലിസ് സ്റ്റേഷന്റെ മുറ്റത്തേക്ക് ഒരു  ജീപ്പ്  വന്നു നിന്നു. അതിൽ നിന്നും വെളുത്തു  സുമുഖനായ ആറടി പൊക്കത്തിൽ, കൂളിംഗ് ഗ്ലാസ്സ് ധരിച്ച ഒരു യുവാവ്  പുറത്തിറങ്ങി പോലിസ് സ്റ്റേഷന്റെ പ്രധാനവാതിലിനു നേരെ നടന്നു.

“ആരാ.. എന്താ വേണ്ടത് “

പോലിസ് സ്റ്റേഷന് മുൻപിൽ നിന്ന ഒരു പോലിസുകാരൻ അയാളോട് ചോദിച്ചു.

“എനിക്ക് സി ഐ യെ ഒന്ന്‌ കാണണം. “

വന്നയാൾ സൗമ്യതയോടെ പറഞ്ഞു.

“അവിടെ നിൽക്ക്. ഞാൻ പോയി സി ഐ യോട് പറയാം “

പോലീസുകാരൻ പറഞ്ഞിട്ട് അകത്തേക്ക് പോയി.

“സി ഐ സാറെ കാണാൻ ഒരാൾ പുറത്ത് നിൽപ്പുണ്ട്. വിളിക്കട്ടെ ഗോപാൽ സാറെ “

മേശമേൽ കയറി ഇരുന്നു സഹപ്രവർത്തകർക്കൊപ്പം ചീട്ട് കളിച്ചു കൊണ്ടിരുന്ന  എ  എസ് ഐ ഗോപാൽ തലയുയർത്തി നോക്കി.

“ആർക്കാ ഇപ്പൊ സി ഐ യെ കാണാതെ ഇരിക്കപ്പൊറുതി ഇല്ലാത്തത്. കുറച്ചു കഴിഞ്ഞു വരാൻ പറ. സി ഐ സാർ അകത്ത് എം ൽ എ സുഗന്ധിയുമായി സല്ലാപം നടത്തി അടുത്ത മാസത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിക്കുകയാ . ഇപ്പൊ അങ്ങോട്ട്‌ ചെന്നാൽ എല്ലാവരെയും കൂട്ടിയിട്ടു തീ വയ്ക്കും അയാൾ. ഒരാണും പെണ്ണും തമ്മിൽ രഹസ്യസല്ലാപത്തിൽ ഇരിക്കുന്ന സമയത്ത് ആരും ശല്യപെടുത്തരുതെന്നാ. അത് മനുഷ്യനായാലും മൃഗങ്ങൾ ആയാലും. പോയി പിന്നെ വരാൻ പറ “

ഗോപാൽ ചീട്ടുകളിയിലേക്ക് തിരിഞ്ഞു.

പാറാവ് പോലീസുകാരൻ പുറത്തേക്കു ചെന്നു.

“സി ഐ സാർ കുറച്ചു തിരക്കില… പിന്നെ വരാൻ പറഞ്ഞു “

പോലീസുകാരൻ പറഞ്ഞത് കേട്ടു വന്നയാൾ അമ്പരന്നു.

“ഇവിടെ വരുന്നവരെ കാണാൻ പറ്റാത്ത അത്രയും തിരക്ക് എന്താണ്?”

യുവാവ് പോലീസുകാരനെ നോക്കി.

“അതൊക്കെ നിങ്ങൾ എന്തിനാ അറിയുന്നത്. കാണണം എന്നുണ്ടെങ്കിൽ പിന്നെ വരണം. അത്ര തന്നെ “

പോലീസുകാരൻ കൃദ്ധനായി.

“ശരി. എന്നാൽ കണ്ടിട്ടേ പോകുന്നുള്ളു. ആട്ടെ ഈ സ്റ്റേഷനിലെ എസ് ഐ എവിടെ “?

യുവാവിന്റെ ചോദ്യം കേട്ടു പോലീസുകാരൻ സംശയത്തോടെ അയാളെ നോക്കി.

“ഒരു കാര്യം ചെയ്യ് ഞാൻ പോകുവാ. പിന്നെ വരാം “

പറഞ്ഞിട്ട് അയാൾ തിരിഞ്ഞു.

പെട്ടെന്ന് വെട്ടിതിരിഞ്ഞു അകത്തേക്ക് നടന്നു.

“നിൽക്കടാ അവിടെ. പറഞ്ഞാൽ മനസിലാകില്ലേ “

പോലീസുകാരൻ പുറകെ ഓടി വന്നപ്പോഴേക്കും കതകുതുറന്നു അയാൾ അകത്ത് കയറിയിരുന്നു.

“ആരാടാ നീ പന്ന പൊല @&%₹മോനെ “

മേശമേൽ ഇരുന്ന എ എസ് ഐ ഗോപാൽ മുറിക്കുള്ളിലേക്ക് തള്ളി തുറന്നു കയറി വന്നയാൾക്ക് നേരെ ഗർജ്ജിച്ചു.

ചീട്ട് കളിച്ചു കൊണ്ടിരുന്ന പോലീസുകാരും മുറിക്കുള്ളിലേക്ക് വന്നയാളെ അമ്പരന്നു നോക്കി.

എഴുനേറ്റു വന്ന ഗോപാൽ യുവാവിന്റെ ഷർട്ടിന്റെ കോളറിൽ കയറി പിടിച്ചു ഭിത്തിയിൽ ചേർത്തു.പോലീസുകാർ ചീട്ടുകളി മതിയാക്കി ചാടി എഴുനേറ്റു ആക്രമിക്കാൻ തയ്യാറെടുത്തു.

കോളറിൽ പിടിച്ച എസ് ഐ ഗോപലിന്റെ കയ്യിൽ പിടിച്ചു ബലമായി തിരിച്ചു.

“സർക്കാർ നിനക്കൊക്കെ കാക്കിയും തൊപ്പിയും ചുമലിൽ നക്ഷത്രം വച്ച് ജനങ്ങളുടെ നികുതി പണമെടുത്തു ശമ്പളം തരുന്നത് ചീട്ടുകളിച്ചു രസിക്കാനാണോടാ പുല്ലേ “

പറഞ്ഞതും അയാൾ ഗോപാലിനെ വലിച്ചകത്തി, തിരിച്ചു കറക്കി ഒരേറു കൊടുത്തു. മേശയുടെ മുകളിലൂടെ ഗോപാൽ തെറിച്ചു പോയി നിലത്തു വീണു.

അത് കണ്ടു മുൻപോട്ടു കുതിച്ച പോലീസുകാർക്ക് നേരെ അയാൾ അരയിൽ നിന്നും വലിച്ചെടുത്ത തോക്ക് ചൂണ്ടി.

ഒരെണ്ണം മുൻപോട്ടു വന്നാൽ വെടിവച്ചു ചിതറിച്ചു കളയും. റാസ്‌ക്കൽസ്. “

പുറത്തെ ശബ്‌ദം കേട്ടു അകത്തെ മുറി തുറന്നു പാന്റ് വലിച്ചു കേറ്റി  സി ഐ മൈക്കിൾ ഇറങ്ങി വന്നു. പുറകെ എം ൽ എ സുഗാന്ധിയും.മുറിക്കുള്ളിലെ കാഴ്ച കണ്ടു അവർ  ഒന്നമ്പരന്നു.

“സാറെ ആ കഴു &%₹@യെ വെറുതെ വിടരുത്. പോലിസ് സ്റ്റേഷൻ ആക്രമിക്കാൻ വന്ന ഏതോ ഭീകരൻ ആണെന്നാണ് തോന്നുന്നത് “

നിലത്തു നിന്നും എഴുനേറ്റു വന്ന എസ് ഐ ഗോപാൽ അലറി.

“ഓഹോ… സി ഐ സാറും എം ൽ എ സാറും മുറിക്കുളിൽ കയറി വാതിലടച്ചു പടക്കകച്ചവടം ആയിരുന്നോ? ദേഹത്ത് തുണിപോലുമില്ലല്ലോ. ഇതു പോലിസ് സ്റ്റേഷനോ അതോ പടക്കകടയോ. മേഡം ജനങ്ങൾ വോട്ടു ചെയ്തു വിജയിപ്പിച്ചത് ഇതിനായിരുന്നോ. എന്തായാലും ഈ വേഷത്തിൽ ഈ പ്രേദേശത്തുള്ള കുറച്ചാളുകൾ നിങ്ങളെ കണ്ടിട്ട് പോയാൽ മതി.”

പറഞ്ഞിട്ട് പാറാവു നിന്ന പോലീസുകാരനെ നോക്കി.

“ഞാൻ  പുതിയതായി ചാർജ്‌ടുത്ത എസ് പി വിദ്യാസാഗർ. പോയി പരിസരത്തുള്ള കുറച്ചു ആളുകളെ വിളിച്ചോണ്ട് വാടോ.ഇവിടെ നടക്കുന്ന കാര്യങ്ങൾ എല്ലാവരും കാണട്ടെ “

വിദ്യാസാഗർ നിർദേശിച്ചു.

ഞെട്ടിപ്പോയ സി ഐ മൈക്കിളും എസ് ഐ ഗോപാലും മറ്റു പോലീസുകാരും സല്യൂട്ട് അടിച്ച് അറ്റെൻഷൻ ആയി. പിന്നെ ദയനീയമായി പരസ്പരം നോക്കി.

“സാറെ ഒരബദ്ധം പറ്റിയതാ. ക്ഷമിക്കണം സാറെ. ഞങ്ങളുടെ പണി കളയരുത്. ഇനി ആവർത്തിക്കില്ല. വേണെങ്കിൽ സാറിന്റെ കാലു പിടിക്കാം “

വിദ്യാസാഗർ എം ൽ എ സുഗന്ധിക്കു നേരെ തിരിഞ്ഞു.

“മേഡത്തിന് ഒന്നും പറയാനില്ലേ.. ജനങ്ങളെ സേവിക്കേണ്ട സമയത്താണ് ഇവിടെ മുറിക്കുള്ളിൽ സി ഐ യെ സേവിക്കുന്നത് അല്ലെ. കൊള്ളാം. നല്ല ജനാധിപത്യം…”

എസ് പി കസേരവലിച്ചിട്ടിരുന്നു.

“ഈ പ്രേദേശത്തു കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നടന്ന ദുരൂഹമരണങ്ങളുടെ മുഴുവൻ ഡീറ്റെയിൽസ് അരമണിക്കൂറിനുള്ളിൽ എന്റെ മുൻപിൽ എത്തണം.ഇറ്റസ് മൈ ഓർഡർ “

വിദ്യാസാഗർ പറഞ്ഞിട്ട് മറ്റുള്ളവരെ നോക്കി.

“എല്ലാവർക്കും സസ്‌പെൻഷൻ അടിച്ച് കയ്യിൽ തരുകയാ വേണ്ടത്. ഈ ഒരു പ്രാവശ്യം ഞാൻ വിടുകയാണ്. ആവർത്തിച്ചാൽ പിന്നെ ഒരെണ്ണം പോലും ഈ സ്റ്റേഷനിൽ കാണത്തില്ല. ഓർമയിൽ വച്ചോ. സർക്കാർ ഉദ്യോഗം എന്നാൽ വെറുതെ ഇരുന്നു നക്കാൻ ഉള്ളതല്ല. എല്ലുമുറിയെ പണിതിട്ടു ശമ്പളം മേടിച്ചു തിന്നാൽ മതി. എന്നാൽ പോയി പറഞ്ഞ പണി ചെയ്തോ.”

എസ് പി വിദ്യാസാഗർ എഴുനേറ്റു പുറത്തേക്കു നടന്നു.

“സാറെ ആളറിയാതെ എന്തൊക്കെയോ പറഞ്ഞു. ക്ഷമിക്കണം “

പാറാവ് പോലീസുകാരൻ വിദ്യാസഗറിനെ സല്യൂട്ട് ചെയ്ത ശേഷം പറഞ്ഞു.

“ങ്ങാ സാരമില്ല…പിന്നെയെ പോലിസ് സ്റ്റേഷനിൽ അധികാരങ്ങൾ ഒന്നുമില്ലാത്ത പാവങ്ങൾ വന്നാലും മര്യാദക്ക് പെരുമാറണം.മനസ്സിലായോ “

മുറ്റത്തേക്കിറങ്ങി ജീപ്പിൽ ചാരി നിന്നു എസ് പി വിദ്യാസാഗർ ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വച്ച് ലൈറ്റ്ർ എടുത്തു തീ കൊളുത്തി.

“തനിക്കു വേണോ “?

അത് നോക്കി നിന്ന പോലീസുകാരനോട് ചോദിച്ചു.

“വേണ്ട സാർ “

പോലീസുകാരൻ ഭവ്യതയോടെ പറഞ്ഞു.

“ശരി… തന്റെ പേരെന്താ… എത്ര വർഷമായി ഇവിടെ “

വിദ്യാസാഗർ ഒരു പുക എടുത്തു കൊണ്ട് ചോദിച്ചു.

“രാമൻകുട്ടി എന്നാണ് സാർ. ഇവിടെ പത്തു വർഷം ആയി “

വിദ്യാസാഗർ ജീപ്പിലേക്കു ഒന്നുകൂടി ചാരി നിന്നു.

“കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിയുടെ ശവം ആറ്റിൽ പൊങ്ങിയിരുന്നല്ലോ. അതിനെ ക്കുറിച്ച് എന്താണ് അഭിപ്രായം”

വിദ്യാസഗറിന്റെ ചോദ്യം കേട്ടു പോലീസുകാരൻ ചുറ്റുമൊന്നു നോക്കി ആരുമില്ലെന്നു ഉറപ്പ് വരുത്തി.

“സാറെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഒന്നിൽ കൂടുതൽ ആളുകൾ കൂടി പീഡിപ്പിച്ചു കൊന്നതാണെന്നു തെളിഞ്ഞതാണല്ലോ. ഇതിനു മുൻപും നാലഞ്ചു ശവം ഇതുപോലെ പൊങ്ങിയിട്ടുണ്ട്. കാശും സ്വാധീനവും ഉള്ള ആരൊക്കെയോ ഉണ്ട് സാറെ ഇതിന്റെ പിന്നിൽ.”

പോലീസുകാരൻ അടക്കത്തിൽ പറഞ്ഞു.

“അതാരാണെന്ന് വല്ല ഊഹവും ഉണ്ടോ തനിക്കു “

തന്നെ സൂക്ഷിച്ചു നോക്കിയ വിദ്യാസാഗറിനോട് ഇല്ലെന്ന് പോലീസുകാരൻ തലകുലുക്കി.

അരമണിക്കൂറിനുള്ളിൽ മേശപ്പുറത്തു ഫയലുകൾ എത്തി.

വ്യെത്യസ്ത സാഹചര്യങ്ങളിൽ കണ്ടെടുത്ത നാലു സ്ത്രികളുടെ കൊലപാതകകേസിന്റെ എഫ് ഐ ആർ അടങ്ങിയ  ഫയലുകൾ ആയിരുന്നു അത്. വിദ്യാസാഗർ ഓരോ ഫയലുകൾ തുറന്നു വായിച്ചു നോക്കി.

“ഇതിലൊന്നിൽ പോലും പ്രതികളെ കണ്ടെത്താൻ പറ്റിയിട്ടില്ല എന്നത് വളരെ സങ്കടകരമാണ്. റിപ്പോർട്ടിൽ പീഡനമാണെന്ന് പറയുന്നു എങ്കിലും അവസാനം തെളിവുകളുടെ അഭാവത്തിൽ ആത്മഹത്യയാക്കി എഴുതി തള്ളി അല്ലെ.വല്ലവരുടെയും മക്കൾക്ക്‌ സംഭവിച്ചത് കൊണ്ടാണ് ഇതൊക്കെ നിസാരമായിട്ട് തോന്നിയത്. അവനവന്റെ വീട്ടിൽ സംഭവിക്കണം. നിങ്ങളുടെ ഒക്കെ പെൺകുട്ടികൾക്ക്. അപ്പോഴും ഇങ്ങനെ തന്നെ എഴുതി വച്ചോണം “

ഫയൽ അടച്ചു വച്ച് വിദ്യാസാഗർ എല്ലാവരെയും നോക്കി.

പിന്നെ പുറത്തേക്കിറങ്ങി.

*******–*****-******************************

ആൻഡ്രൂസ് ഷാപ്പിൽ കയറിച്ചെന്നു ഒരു കുപ്പി തെങ്ങിൻ കള്ളിന് പറഞ്ഞിട്ട് പലകബെഞ്ചിൽ ഇരുന്നു.

“ഒരു കപ്പയും കറിയും എടുക്കട്ടെ ആൻഡ്രൂസെ “

കറിക്കാരൻ ചാത്തുണ്ണി തലചൊറിഞ്ഞു കൊണ്ട് ആൻഡ്രൂസിന്റെ അടുത്ത് ചെന്നു.

“വേണ്ട… കള്ള് മാത്രം മതി. തിന്നാൻ പറ്റിയ മാനസിക അവസ്ഥയല്ല “

ആൻഡ്രൂസ് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ മുൻപിൽ കള്ള് കുപ്പിയും ഗ്ലാസും  കൊണ്ട് വച്ചു കുട്ടപ്പൻ.

ഷാപ്പിലുള്ളവരെല്ലാം വെള്ളപൊക്കത്തെ കുറിച്ചും ഉരുൾ പൊട്ടലിൽ ഉണ്ടായ നാശനഷ്ടങ്ങളെ കുറിച്ചും വാചാലരായി കൊണ്ടിരിക്കുകയാണ്. ചിലർ ആറ്റിൽ നിന്നും കിട്ടിയ പെൺകുട്ടിയെ കുറിച്ചും പലതരത്തിലുള്ള ഊഹാപോഹങ്ങൾ നിരത്തുന്നുണ്ട്.

ആൻഡ്രൂസ് എഴുനേറ്റു പുറത്തേക്കിറങ്ങി. മുണ്ടിന്റെ തുമ്പുപൊക്കി മുഖം തുടച്ചു ലോറിക്ക് നേരെ നടന്നു.

ലോറി തിരിച്ചു വന്ന വഴിക്ക് വിട്ടു.

നേരം അഞ്ചു മണി ആകുന്നു.നേർത്ത മൂടൽ മഞ്ഞും വ്യാപിക്കുന്നുണ്ട്.

കുറച്ചു മുൻപോട്ടു പോയപ്പോൾ ഒരു പെൺകുട്ടി ലോറിക്ക് നേരെ ഓടിവരുന്നത് കണ്ടു. ലോറി ചവിട്ടി നിർത്തി പുറത്തേക്കു തലയിട്ടു നോക്കിയപ്പോൾ ആണ് അത് നസിയ ആണെന്ന് ആൻഡ്രൂസിനു മനസ്സിലായത്.

ആൻഡ്രൂസ് ചാടിയിറങ്ങി.

“നീ ഇതുവരെ വീട്ടിൽ പോയില്ലേ. ഇവിടെ കിടന്നു ഒളിച്ചേ കണ്ടേ

കളിക്കുകയാണോ “?

ആൻഡ്രൂസ് ആശ്ചര്യത്തോടെ നസിയയെ നോക്കി.

“എന്റെ പുറകെ അവന്മാർ ഉണ്ട് . കൂട്ടുകാരിയുടെ വീട്ടിൽ നിന്നുമിറങ്ങി എന്റെ വീട്ടിലേക്കു പോകുമ്പോൾ അവർ പുറകെ വന്നു. ഇത്രയും നേരം ഒളിച്ചിരിക്കുകയായിരുന്നു. വീട്ടിലേക്കു വിളിച്ചിട്ട് കിട്ടുന്നുമില്ല. ലോറി സ്റ്റാർട്ട്‌ ചെയ്യ്, പോകാം “

നസിയ ലോറിക്കുള്ളിലേക്ക് വലിഞ്ഞു കയറി.

ആൻഡ്രൂസ് ലോറിയിൽ കയറി സ്റ്റാർട്ട്‌ ചെയ്തു വണ്ടി മുന്പോട്ടെടുത്തു. അതേ നിമിഷം കുറച്ചു അകലെ നിന്നും രണ്ട് ജീപ്പുകൾ പാഞ്ഞു വരുന്നത് കണ്ടു!!

“അയ്യോ അതവരാ. എനിക്ക് പേടിയായിട്ടു വയ്യ…”

നസിയ ഭയത്തോടെ പുറത്തേക്കു നോക്കി.

“ഉള്ള നെയ്യും ബിരിയാണിയും ആടും കോഴിയും വെട്ടിവിഴുങ്ങി ബ്രോയ്ലർ ചിക്കനെ പോലിരുന്നാൽ ഇതുപോലെയുള്ളവന്മാർ വെറുതെ ഇരിക്കുമോ. അവന്മാർക്കുമില്ല ആശകൾ “

ആൻഡ്രൂസ് ആക്സിലേറ്ററിൽ കാലമർത്തി കൊണ്ട് നസിയയെ നോക്കി.

“ഇങ്ങള് എന്നെ ഒന്ന്‌ രക്ഷപ്പെടുത്തു ഈ ഹിമാറുകളുടെ കയ്യീന്ന്. എന്നിട്ട് ആകാം ഇതുപോലുള്ള പുളിച്ചു വളിച്ച തമാശകൾ. പേടിയായിട്ടു ദേഹം മുഴുവൻ വിറയ്ക്കണ് റബ്ബേ “

നസിയ ഷാൾ കൊണ്ട് മുഖം തുടച്ചു.

“എനിക്ക് പുളിച്ച തമാശയെ അറിയത്തൊള്ളൂ. ഇപ്പൊ പുളിച്ച കള്ളാ കുടിച്ചത്. അതുകൊണ്ട് വായിൽ നിന്നും വരുന്നതും പുളിച്ചതായിരിക്കും.”

ആൻഡ്രൂസ് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ജീപ്പുകൾ ലോറിക്ക് മുൻപിലേക്കു ചീറിപ്പാഞ്ഞു എത്തി. സൈഡിൽ കൂടി ഉണ്ടായിരുന്ന ഗ്യാപ്പിലൂടെ ആൻഡ്രൂസ് ലോറി മുൻപിലേക്കു ഓടിച്ചു കയറ്റി വിട്ടു. പുറകിലേക്ക് പോയ ജീപ്പുകൾ വെട്ടിതിരിഞ്ഞു ലോറിക്ക് പിന്നാലെ പാഞ്ഞു.

“അവന്മാർ രണ്ട് വണ്ടി നിറയെ ആളുകൾ ഉണ്ട്. കഞ്ചാവും കള്ളുമാ. അവന്മാരെ എല്ലാം അടിച്ച് വീഴിക്കാനൊന്നും ഞാൻ നോക്കിയാൽ നടക്കില്ല. മാത്രമല്ല ഉച്ചക്ക് അവന്മാരുടെ ജീപ്പിടിച്ചു വെള്ളത്തിൽ ഇട്ടതിന്റെ പകയും തീർക്കും. എന്നെ ചവിട്ടിക്കൂട്ടി നിന്നെ പിടിച്ചു എല്ലും മുള്ളും തിരിച്ചു വയ്ക്കും.നിന്നെ ഉച്ചക്ക് കണ്ടത് മുതൽ കാലൻ പോത്തിൻപുറത്തു കേറി എന്നെ ലക്ഷ്യമാക്കി പോന്നിട്ടുണ്ട് നരകത്തിൽ നിന്നും.നിന്നെ ഇവന്മാരിൽ നിന്നും എങ്ങനെ രക്ഷിക്കുമെന്ന് എനിക്കറിയാൻ മേലാ. കഴിഞ്ഞ ദിവസമാ ആ വരദന്റെ ഗുണ്ടകളിൽ നിന്നും ഒരു തള്ളയേയും മോനെയും രക്ഷിച്ചു വീട്ടിൽ കൊണ്ടുചെന്നാക്കിയത്. ഇപ്പൊ നീയും. എന്നെ കർത്താവ് ഭൂമിയിൽ സൃഷ്ടിച്ചത് തന്നെ അപകടത്തിൽ പെടുന്ന സ്ത്രികളെ രക്ഷപ്പെടുത്താൻ വേണ്ടിയാണോ എന്നൊരു സംശയം “

ആൻഡ്രൂസ് പറഞ്ഞു കൊണ്ട് റിയർവ്യൂ മീറ്ററിലേക്ക് നോക്കി.

രണ്ട് ജീപ്പുകളും പാഞ്ഞു വരുന്നുണ്ട്. ആരൊക്കെയോ അതിനുള്ളിൽ നിന്നും തല പുറത്തേക്കിട്ട് വടിവാൾ വീശികൊണ്ട് ആക്രോശിക്കുന്നുണ്ട്.

“നാളെ ഞായറാഴ്ച അല്ലെ. പോത്തിനു പകരം നമ്മളെ വെട്ടാനുള്ള പുറപ്പാടാ. രക്ഷപ്പെടുന്നകാര്യം കണ്ടറിയണം”

ആൻഡ്രൂസ് ലോറിയുടെ സ്പീഡ് കൂട്ടികൊണ്ട് പറഞ്ഞു.

“പകല് കണ്ടപ്പോൾ ഇങ്ങള് ഭയങ്കര ധൈര്യശാലി ആണെന്ന ഞാൻ കരുതീത്. ഇപ്പൊ മനസിലായി പേടിത്തൊണ്ടൻ ആണെന്ന്.ഇനി രക്ഷപെടാൻ എന്താ ഒരു പോം വഴി. വീട്ടിലേക്കു വിളിച്ചിട്ടും കിട്ടുന്നില്ല പടച്ചോനേ “

നസിയ ഭയത്തോടെ പുറകിലേക്ക് നോക്കി.

കവലയിൽ എത്തി ലോറി തിരിഞ്ഞു പോകാതെ പാലത്തിന് നേർക്കു പാഞ്ഞു.

“യ്യോ.. വീട്ടിലേക്കു കവലയിൽ നിന്നും തിരിഞ്ഞു പോകണമായിരുന്നു “

നസിയ വേവലാതിയോടെ പറഞ്ഞു.

“ഇത്രയും നേരം കണകൊണ പറഞ്ഞോണ്ടിരിക്കുമ്പോൾ നിനക്കറിയില്ലായിരുന്നോ കവലയിൽ നിന്നും തിരിഞ്ഞു പോകണം വീട്ടിലേക്കു എന്ന് പറയാൻ .”

ആൻഡ്രൂസ് ദേഷ്യത്തോടെ ചോദിച്ചു.

“ഞാൻ വെപ്രാളത്തിനിടക്ക് മറന്നുപോയി. ഇനി എന്ത് ചെയ്യും “

നസിയ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ലോറി വെട്ടിതിരിഞ്ഞു പാലത്തിലേക്കു കയറി മുൻപോട്ടോടി.

അപ്പോൾ ആൻഡ്രൂസ് കണ്ടു.

പാലത്തിന്റെ മദ്ധ്യത്തിൽ നിർത്തിയിട്ടിരിക്കുന്ന രണ്ട് വാനുകൾ. അതിൽ ചാരി മാരക്കായുധങ്ങളുമായി കുറച്ചു ആളുകൾ നിൽക്കുന്നു.

ആൻഡ്രൂസ് പാലത്തിന്റെ കൈവരിയോട് ചേർത്തു ലോറി നിർത്തി നസിയയെ നോക്കി.

“നമ്മൾ പെട്ടു. മുൻപിലും പുറകിലും അവന്മാർ ലോക്ക് ചെയ്തേക്കുവാ “

പറഞ്ഞു കൊണ്ടിരിക്കുമ്പോൾ പുറകിലൂടെ പാഞ്ഞു വന്ന ജീപ്പുകൾ നിന്നു. ആളുകൾ വടിവാളും കമ്പിവടികളുമായി ചാടിയിറങ്ങി.

“പുറത്തോട്ടിറങ്ങ്.. വരുന്നപോലെ നോക്കാം “

നസിയയെ നോക്കി ആൻഡ്രൂസ്.

“ഇങ്ങള് എന്തിനൊള്ള പൊറപ്പാടാ.പുറത്തിറങ്ങിയാൽ  അവന്മാര് നമ്മളെ കൊല്ലും.എങ്ങനെ എങ്കിലും എന്നെ ഒന്ന്‌ രക്ഷപെടുത്ത്.”

നസിയയെ പേടി കൊണ്ട് വിറക്കാൻ തുടങ്ങി…

“ഓടി വന്നു ഈ പേടിത്തൊണ്ടന്റെ ലോറിയിൽ ആണല്ലോ കേറാൻ തോന്നിയത്…”

നസിയ പറഞ്ഞപ്പോൾ ആൻഡ്രൂസ് അവളെ രൂക്ഷമായി നോക്കി കൊണ്ട് പുറത്തെക്കിറങ്ങി രണ്ട് ഭാഗത്തേക്കും നോക്കി.

അപ്പോഴാണ് ഒരു കാര്യം മനസ്സിലായത്.

ലോറിയുടെ മുൻഭാഗത്തു നിൽക്കുന്നവർ വരദന്റെ ആളുകൾ ആണ്.

മൂർഖൻ മോനായിയും വരാൽ സൈമണും കൂട്ടരും. തന്നെ സ്കെച്ച് ഇട്ടു വന്നവർ ആണ്. റോസ്‌ലിൻ ടീച്ചറെ രക്ഷിച്ചു കൊണ്ടുപോയതിനു കണക്കു തീർക്കാൻ വന്നവർ.

ലോറിയുടെ പുറകിൽ നിലയുറപ്പിച്ചവരുടെ ലക്ഷ്യം തന്റെ കൂടെ ഉള്ള പെണ്ണാണ്.

ആൻഡ്രൂസ് ചുറ്റും നോക്കി. പാലമാണ്. താഴെ കരകവിഞ്ഞു ഒഴുകുന്ന ആറും . നല്ല ഒഴുക്കാണ്.

ചെവിയുടെ ഇടയിൽ നിന്നും ഒരു ബീഡി എടുത്തു കത്തിച്ചു ചുണ്ടിൽ വച്ചു.

“അമ്മക്ക് പ്രസവവേദന, മകൾക്കു വീണ വായന. ഇങ്ങള് എന്തൊരു മനുഷ്യനാണപ്പാ. ചാകാൻ പോകുമ്പോൾ ബീഡിവലിച്ചു രസിക്കുന്നോ? ഇവിടുന്നു രക്ഷപെടാൻ പറ്റുമെന്നു എനിക്ക് തോന്നുന്നില്ല. എന്റെ ഉമ്മച്ചിയെ ഓർക്കുമ്പോൾ ചങ്ക് പൊടിയുകയാ.”

നസിയ കരയുവാൻ തുടങ്ങി.

“ഇനി വലിക്കാൻ പറ്റിയില്ലെങ്കിലോ എന്നോർത്ത് ഒരു ബീഡി വലിച്ചതാ. നരകത്തിൽ പൊകക്കാനുള്ള ബീഡിയും സിഗേരറ്റും കിട്ടിയില്ലെങ്കിലോ. പിന്നെ എന്റെ ആകെയുള്ള വരുമാനമാർഗമ ഈ ലോറി. നമ്മളിവിടുന്നു രക്ഷപെട്ടാൽ ഞാൻ തെണ്ടിതിരിഞ്ഞു പട്ടിയെ പോലെ നടക്കാതിരിക്കാൻ നിന്റെ ഉപ്പയോടു പറഞ്ഞു വീട്ടിൽ പൂപ്പൽ പിടിച്ചിരിക്കുന്ന കാശിൽ നിന്നും കുറച്ചെടുത്തു ഒരു പഴയ ലോറി ആയാലും മേടിച്ചു തരണം. സമ്മതിച്ചോ “

ആൻഡ്രൂസ് നസിയയെ നോക്കി.

“ഇങ്ങള് എന്നെ രക്ഷപ്പെടുത്. ഒരു പുതിയ ലോറി ഞാൻ മേടിച്ചു തരാം..”

നസിയ ആൻഡ്രോസിനോട് പറഞ്ഞു.

“പെണ്ണിന്റെ വാക്കും പഴഞ്ചാക്കും ഒരേ പോലെയാ. നിന്നെപോലെയുള്ളവർ അവസരത്തിനനുസരിച്ചു ഓന്തിനെപ്പോലെ നിറം മാറ്റുന്നവരാണ്. ചുരുക്കി പറഞ്ഞാൽ സ്വൊന്തം കാര്യസാധ്യതക്ക് വേണ്ടി “അപ്പപ്പോ കാണുന്നവനെ കേറി അപ്പാ” എന്ന് വിളിക്കുമെന്ന് സാരം.നിന്നെയെങ്കിലും  വിശ്വസിക്കാമല്ലോ അല്ലെ “?

സംശയത്തോടെ ആൻഡ്രൂസ് നസിയയെ  സൂക്ഷിച്ചു നോക്കി.

“വിശ്വസിക്കാം.പക്ഷെ ഇവിടുന്ന് രക്ഷപെടാൻ പറ്റുവോ “?

നസിയ ചുറ്റും നോക്കി ഭീതിയോടെ ചോദിച്ചു.

“വിശ്വാസം അല്ലെ എല്ലാം. ഇവിടെ നമുക്ക് നമ്മൾ മാത്രമേ ഉള്ളു എന്ന് മനസ്സിൽ അങ്ങ് ഉറപ്പിക്കുക. രക്ഷപ്പെടണം അല്ല രക്ഷപെടും എന്ന വിശ്വാസത്തിൽ നിന്നോ. ഇത്രയും ആളുകളെ അടിച്ച് തോൽപിച്ചു സിനിമയിലെ ഹീറോയെ പോലെ നിന്റെ കയ്യും പിടിച്ചു നടന്നു പോകുന്ന കാര്യം ചിന്തിക്കുകയെ വേണ്ട. നാലഞ്ചു പേര് ആണെങ്കിൽ നോക്കാമായിരുന്നു. ഇത് നമ്മുടെ  മുൻപിലും പുറകിലുമായി പതുമുപ്പത് ആളുകളാ മാരകയുധങ്ങളുമായി വരുന്നത്. ഏറ്റുമുട്ടിയാൽ നമ്മുടെ പൊടി കാണില്ല.എന്നാലും ആൻഡ്രൂസ് തീരുന്നതിനു മുൻപ് വരുന്നവന്മാരിൽ ഒരു പത്തുപേരെ എങ്കിലും തകർത്തിരിക്കും “

അത് പറഞ്ഞപ്പോൾ ആൻഡ്രൂസിന്റെ മുഖത്തെ ഞരമ്പുകൾ വലിഞ്ഞു മുറുകി.  ബീഡി ഒന്നുകൂടി ആഞ്ഞു വലിച്ചു കുറ്റി ദൂരേക്കെറിഞ്ഞു.

രണ്ട് ഭാഗത്തു നിന്നും ആളുകൾ അലറിക്കൊണ്ട് ലോറിക്ക് നേരെ പാഞ്ഞടുക്കുകയാണ്.

“രക്ഷപ്പെടുമെന്ന് വിശ്വാസം ഉണ്ടോ “?

ആൻഡ്രൂസ് നാസിയയുടെ മുഖത്തേക്ക് നോക്കി.

“ഇപ്പൊ ഇങ്ങടെ മുഖത്തേക്ക് നോക്കുമ്പോ ഒരു വിശ്വാസം തോന്നുന്നുണ്ട് . പറയുന്നതിനപ്പുറം ചെയ്യാൻ കഴിവുള്ള ഒരാളാണ് എന്നൊരു തോന്നൽ.  പടച്ചോനെ… പറഞ്ഞോണ്ട് നിൽക്കാതെ എന്താണെങ്കിൽ ചെയ്യ്. അവരടുത്തു വന്നു “

ആൻഡ്രൂസ് ഇടതു കൈകൊണ്ടു നസിയയുടെ കയ്യിൽ പിടിച്ചു. വലതു കൈകൊണ്ടു ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ലൈറ്റ്ർ എടുത്തു കത്തിച്ചു.

“പടച്ചോൻ മാത്രം നോക്കിയാൽ ഇവിടെ രക്ഷപെടില്ല. കൂടെ കർത്താവിനെയും ഈശ്വരനെയും വിളിച്ചോ. ജീവൻ അപകടത്തിൽ ആകുമ്പോൾ എങ്കിലും ജാതിയും മതവും മറന്നു മനുഷ്യനെപോലെ ചിന്തിക്ക്.”

ഏകദേശം അക്രമികൾ ലോറിയുടെ അടുത്തെത്തി എന്ന് കണ്ടതും ആൻഡ്രൂസ് ഇടക്ക് തുറന്നു വച്ചിരുന്ന ലോറിയുടെ  ഡീസൽ ടാങ്കിനുള്ളിലേക്ക് ലൈറ്റ്ർ താഴ്ത്തി.

“പെട്ടെന്ന് വാടാ മക്കളെ. ഇന്നുകൊണ്ട് നിനക്കൊക്കെ പരലോകത്തേക്ക് വിസ തന്നിട്ടേ ഈ ആൻഡ്രൂസ് പോകാത്തൊള്ളൂ “

ആൻഡ്രൂസ് പാഞ്ഞടുക്കുന്നവരെ നോക്കി അലറി.

അതേ നിമിഷം നസിയയെ ചുറ്റിപ്പിടിച്ചു കൊണ്ട് പാലത്തിന്റെ കൈവിരിയിൽ നിന്നും ആറ്റിലേക്കു മറിഞ്ഞു.

ഓടിയടുത്തവർക്ക്‌ എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകാതെ ലോറിയുടെ അടുത്ത് വന്നു നിന്ന് ആറ്റിലേക്കു നോക്കി കൊണ്ട് നിൽക്കുന്ന നിമിഷം ലോറിയിൽ  ഒരു സ്ഫോടനം നടന്നു. നാലുപാടും പൊട്ടിചിതറിയ   ലോറിക്കൊപ്പം കൂടിനിന്നവരും ചിതറി തെറിച്ചു!!!”

                                     (തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!