Skip to content

മലയോരം – 7

malayoram novel

നിറഞ്ഞു കവിഞ്ഞൊഴുകുന്ന പന്നിയാർ ആറ്റിലേയ്ക്ക് ചെന്നു പതിച്ച ആൻഡ്രൂസ് ചേർത്തു പിടിച്ച നസിയയെയും കൊണ്ട് വെള്ളത്തിനടിയിലേക്ക് മുങ്ങി പോയി. പിന്നെ വെള്ളത്തിന്റെ മുകളിലേക്കു പൊങ്ങി വന്നു.

ഒഴുക്ക് കൂടുതൽ ആയത് കൊണ്ട് ഒരാളെയും കൊണ്ട് നീന്തി പോകുക എന്നത് ആൻഡ്രൂസിനു പ്രയാസകരം ആയിരുന്നു.. ഭയന്ന് വിറച്ചിരിക്കുന്ന നസിയയുടെ മുഖം വെള്ളത്തിനു മുകളിലായി പൊക്കി പിടിച്ചു ആൻഡ്രൂസ് ഒഴുക്കിനനുകൂലമായി നീങ്ങി. അധികസമയം ഇങ്ങനെ പോയാൽ കയ്യും കാലും കുഴഞ്ഞു തങ്ങൾ രണ്ടുപേരും ആറ്റിൽ മുങ്ങി പോകുമെന്ന് ആൻഡ്രൂസിനു ബോധ്യമായി.

സമീപത്തു കൂടി ഒഴുകി വന്ന ഒരു പൊങ്ങുതടി ആൻഡ്രൂസ് ഇടതു കൈകൊണ്ടു പിടിച്ചു നസിയയെ കൊണ്ട് അതിൽ പിടിപ്പിച്ചു.

“ഇതിൽ മുറുക്കെ പിടിച്ചോണം. പിടി വിടരുത്. മുങ്ങിപ്പോകാതെ ഇരിക്കാനാ. ഞാൻ പിടിച്ചിട്ടുണ്ട്. പേടിക്കണ്ട “

ആൻഡ്രൂസ് നസിയയോട് പറഞ്ഞു. സത്യത്തിൽ ഭയന്നുവിറച്ചു പോയ അവൾക്കു ശബ്ദിക്കാൻ പോലും കഴിഞ്ഞില്ല. കൂലം കുത്തി ഒഴുകുന്ന ആറിന്റെ നടുകിൽ നിലയില്ല കയത്തിൽ ആണെന്ന ബോധ്യം അവളെ അശക്തയാക്കി കൊണ്ടിരുന്നു.

ഒഴുക്കിനനുകൂലമായി ഒഴുകി പോയി പാലത്തിന്റെ തൂണിനടുത്തെത്തിയപ്പോൾ ആണ് ആൻഡ്രൂസ് അത് കണ്ടത്.

തൂണിൽ നിന്നും കമ്പികൾ പുറത്തേക്കു നീണ്ടു നിൽക്കുന്നു!!

ആൻഡ്രൂസ് തൂണിൽ അള്ളിപിടിച്ചു നിന്നു കമ്പിയിൽ പിടിക്കാൻ ശ്രെമിച്ചു. അതേ സമയം പൊങ്ങുതടിയിൽ നിന്നും പിടിവിട്ടു വെള്ളത്തിനടിയിലേക്ക് മുങ്ങി പോകാൻ തുടങ്ങിയ നസിയയെ ആൻഡ്രൂസ് വലിച്ചു പൊക്കി തടിയിൽ പിടിപ്പിച്ചു കമ്പിയിൽ പിടിക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു!!

പാലത്തിന്റെ തൂണിൽ  പിടിച്ച പിടി വിട്ടു ആൻഡ്രൂസ് സർവ്വ ശക്തിയും എടുത്തു മുകളിലേക്കു പൊങ്ങി കമ്പിയിൽ പിടിച്ചു. ഇടതു കൈകൊണ്ടു പിടിച്ചിരുന്ന പൊങ്ങുതടി പിടി വിട്ടു എങ്കിലും ആൻഡ്രൂസ് കാലുകൾ കൊണ്ട് നസിയ പിടിച്ചു കിടന്ന തടി  തടഞ്ഞു നിർത്തി.

വലതു കൈ കൊണ്ട് കമ്പിയിൽ തൂങ്ങി ഇടതു കൈ കൊണ്ട്  നസിയയുടെ മുടിയിൽ പിടിച്ചു തന്നോടടുപ്പിച്ചു, ചുറ്റി പിടിച്ചു പൊക്കി.

“തടിയിൽ നിന്നും പിടുത്തം വിട്ടു എന്നെ ചുറ്റി പിടിച്ചോ. ഞാൻ പിടിച്ചിട്ടുണ്ട് “

ആൻഡ്രൂസ് നിർദേശിച്ചു.

നസിയ തടിയിൽ നിന്നും പിടുത്തം വിട്ടു ആൻഡ്രൂസിനെ ചുറ്റി പിടിച്ചു.

അവളുടെ മുടിയിലെ പിടുത്തം വിട്ട് ആൻഡ്രൂസ് കൈകൾ കിടയിലൂടെ വട്ടത്തിൽ ചുറ്റി പിടിച്ചു മുകളിലേക്കു പൊക്കാൻ ശ്രെമിച്ചു.

“എന്റെ ദേഹത്തുള്ള പിടുത്തം വിട്ട് കമ്പിയിൽ പിടിക്കാൻ നോക്കണം. ഞാൻ നിന്നെ പൊക്കുമ്പോൾ.”

നസിയ ആകെ തളർന്നിരുന്നു. എങ്കിലും ആയാസപ്പെട്ടു അവൾ തലയാട്ടി.

ആൻഡ്രൂസ് നസിയയെ വീണ്ടും മുകളിലേക്കു പൊക്കി.

“നീ വീട്ടിൽ കരിങ്കല്ല് ആണോ വിഴുങ്ങി കൊണ്ടിരുന്നത്. പ്രായം ഇരുപതാറു ആണെങ്കിലും ഭാരം എൺപതു എങ്കിലും ഉണ്ടെന്ന തോന്നുന്നത്. പെണ്ണുങ്ങൾക്ക് പിന്നെ എന്ത് കണ്ടാലും പത്തുമാസം തിന്നാതെ കിടക്കുന്നവരെ പോലുള്ള ആക്രാന്തം ആണല്ലോ. വെട്ടിവിഴുങ്ങി റോഡ് റോളർ പോലെ ആകുമ്പോൾ ഓർത്തോ ഇതുപോലെയുള്ള അപകടങ്ങളിൽ പെടുമ്പോൾ കിടന്നു ചക്രശ്വാസം വലിക്കും.ഞാൻ ഒന്നുകൂടി പൊക്കാം. കമ്പിയിൽ ചാടി പിടിച്ചോണം. ഇങ്ങനെ അധികസമയം നിൽക്കാൻ പറ്റത്തില്ല “

ആൻഡ്രൂസ് പറഞ്ഞിട്ട് നസിയയെ സർവ്വ ശക്തിയെടുത്തു മുകളിലേക്കുയർത്തി. അതേ സമയം നസിയ കമ്പിയിൽ ചാടി പിടിച്ചു.

“ഹോ.. സമാധാനം കിട്ടി.ആ തടിയുടെ മുകളിൽ കയറി ഇരുന്നു കമ്പിയിൽ മുറുക്കെ പിടിച്ചൊ. എങ്ങനെയെങ്കിലും രക്ഷപെടാൻ മാർഗ്ഗം ഉണ്ടോ എന്ന് നോക്കട്ടെ. ഇപ്പോഴൊന്നും ഉരുളുപ്പൊട്ടി വരാതിരിക്കാൻ സർവ്വ  ദൈവങ്ങളോടും പ്രാർത്ഥിച്ചോ. ഇല്ലെങ്കിൽ നാളെ ഞാൻ തെമ്മാടി കുഴിയിലും നീ പള്ളിക്കാട്ടിലും നിദ്ര പ്രാപിക്കും “

ആൻഡ്രൂസ് പൊങ്ങുതടി തൂണിനടുത്തേക്ക് ചേർത്തു കമ്പിയിൽ തൂങ്ങി കിടക്കുന്ന  നസിയയെ അതിൽ പൊക്കി കയറ്റി  ഇരുത്തി.

“ഈ കരകവിഞ്ഞൊഴുകുന്ന ആറ്റിൽ എടുത്തിട്ടാണോ  രക്ഷപ്പെടാൻ മാർഗ്ഗം കണ്ടത്. ഭയം കൊണ്ട് എന്റെ ശ്വാസം നിലച്ചിരിക്കുവാ.. നരകത്തിൽ പോയ അവസ്ഥയാ “

ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു കൊണ്ട് നസിയ ആൻഡ്രൂസിനെ തുറിച്ചു  നോക്കി.

“പിന്നെ.. നിന്റെ ഉപ്പ ആ സമയത്ത് കൊണ്ടുവന്ന വിമാനത്തിൽ കേറി പറക്കണമായിരുന്നോ? നിന്റെ ഉപ്പാക്ക് പണവും സ്വാധീനവും ആൾബെലവും ഒക്കെ ഉണ്ടല്ലോ. അതുവല്ലതും പ്രയോജനപ്പെട്ടോ ഒരാപത്തു വന്നപ്പോൾ. അപ്പോ ഈ ഞാൻ തന്നെ വേണം..കള്ളും കുടിച്ചു, ബീഡിയും വലിച്ചു ലോറിയും ഓടിച്ചു ലോകമേ തറവാട് എന്ന് പറഞ്ഞു നടന്ന ഞാനാ ഇപ്പോൾ നിലയില്ല കയത്തിൽ തൂങ്ങി കിടക്കുന്നത്.കണ്ടകശനിയുടെ രൂപത്തിൽ ആണ് നീ എന്റെ മുൻപിൽ വന്നത്.ദേ ഇപ്പൊ കാലൻ കയറും കൊണ്ട് വരാൻ വേണ്ടി കാത്തു കിടക്കുന്നു!!പോത്തിന്റെ പുറത്ത് വഴിയിൽ കൂടി പോകുന്ന കാലൻ പാലത്തിന്റെ അടിയിൽ കിടക്കുന്നവരെ കാണത്തില്ല എന്നൊരു ഒറ്റ പ്രതീക്ഷയെ എനിക്കൊള്ളു. ഇല്ലെങ്കിൽ രണ്ടിനെയും കെട്ടിവരിഞ്ഞു പോത്തിന്റെ പുറത്തിട്ടു അങ്ങേരു പറന്നേനെ. നരകത്തിലോട്ട്.”

ആൻഡ്രൂസ് തടി കാലുകൊണ്ട് തടഞ്ഞു വച്ചു കൊണ്ട് കലിപ്പോടെ പറഞ്ഞു.

“പറഞ്ഞ വാക്ക് മാറ്റാൻ നോക്കണ്ട. എന്നെ രക്ഷിച്ചോളാം എന്ന നിങ്ങടെ ഉറപ്പിന്മേലാ ഞാൻ ഈ സാഹസത്തിനു മുതിർന്നത്.ഞാൻ മയ്യത്തായാൽ ജിന്ന് ആയി വന്നു നിങ്ങക്ക് സമാധാനം തരുകില്ല ഞാൻ ഓർത്തോ. എന്റെ റബ്ബേ.. എന്നെ കാത്തോണേ…”

നസിയ പറഞ്ഞു കൊണ്ട്  കണ്ണടച്ചു.

“ചാകുമെന്ന് അറിഞ്ഞാലും നീയൊക്കെ നിന്റെ യഥാർത്ഥ കൊണം കാണിക്കും. നീ എന്താ പറഞ്ഞത്. റബ്ബിനോട് നിന്നെ കാത്തോണമെന്നോ. അപ്പോ കൂടെ തൂങ്ങി കിടക്കുന്ന ഞാൻ ചത്തോട്ടെ എന്ന്. നീ ആള് കൊള്ളാമല്ലോ. കുറച്ചു തൊലിവെളുപ്പും ചന്തവും ഉണ്ടെന്നേ ഉള്ളു. നിന്റെ മനസ്സ് മുഴുവൻ വിഷമാ. ഒരു കാര്യം ചെയ്യ്. റബ്ബിനോടും പടച്ചോനോടും പറ വന്നു രക്ഷപ്പെടുത്താൻ. അവര് വരുന്നത് വരെ ഇവിടെ തൂങ്ങി കിടന്നോ. ഞാൻ ഏതെങ്കിലും ചെകുത്താനെ കൂട്ട് പിടിച്ചു രക്ഷപെടാൻ പോകുവാ . എനിക്കെന്റെ വഴി. നിനക്ക് നിന്റേതും “

ആൻഡ്രൂസ് ചുറ്റും നിരീക്ഷിച്ചു കൊണ്ട് പറഞ്ഞു.

“നിങ്ങള് വഴക്കൊണ്ടാക്കാതെ രെക്ഷപെടാനുള്ള വഴി നോക്ക് മനുഷ്യ . ഞാൻ പ്രാർത്ഥിച്ചത് നമുക്ക് രണ്ടുപേർക്കും വേണ്ടീട്ടാ. പറഞ്ഞപ്പോൾ അങ്ങനെ ആയിപ്പോയതാ. ഇപ്പൊ പടച്ചോന്റെ രൂപത്തിൽ നിങ്ങളാ എന്റെ മുൻപിൽ “

നസിയ വിഷമത്തോടെ ആൻഡ്രൂസിനെ നോക്കി.

“ഇനി അങ്ങനെ പറഞ്ഞാൽ മതി. പെണ്ണെന്ന വർഗ്ഗത്തിന്റെ സുഖിപ്പീല് വർത്തമാനത്തിൽ കൂപ്പുകുത്തി വീഴുന്നവനല്ല ഈ ആൻഡ്രൂസ്. പാലം കടക്കുവോളം യേശുക്രിസ്തു , പാലം കടന്നാൽ യൂദാസ് ” അതാ നിന്നെ പോലുള്ളവർ. “

ആൻഡ്രൂസ് പറഞ്ഞു.

“നാരായണ.. കൂരായണ എന്നല്ലേ”

നസിയ തെന്നി പോകാൻ തുടങ്ങിയ തടിയിൽ ബാലൻസ് പിടിച്ചിരുന്നു.

“അതൊക്കെ സന്ദഭത്തിനനുസരിച്ചു ഞാൻ മാറ്റി പറയും. നീയും വേണമെങ്കിൽ മാറ്റിക്കോ “

ആൻഡ്രൂസ് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ പിടിച്ചു തൂങ്ങി കിടക്കുന്ന കമ്പി താഴേക്കു വളയുന്നപോലെ തോന്നി.

“അയ്യോ.. കമ്പി ഒടിയാൻ പോകുവാ. ഈ പിടുത്തം വിട്ടാൽ പിന്നെ പൊന്മുടി ഡാമിലെ നാളെ പൊങ്ങു…”

നസിയ ഭയത്തോടെ ആൻഡ്രൂസിനോട് പറഞ്ഞു കൊണ്ട് പതഞ്ഞു കുത്തി ഒഴുകുന്ന വെള്ളത്തിലേക്കു നോക്കി.

“നിങ്ങളൊക്കെ മയ്യത്തായാലും പരലോകത്തും ചെല്ലുമ്പോൾ പെണ്ണായാൾ അവൾക്കു പത്തുപതിനഞ്ചു മൊഞ്ചന്മാരും ആണുങ്ങളാണെങ്കിൽ പത്തിരുപത്തെട്ടു   ഹൂറികളും വരവേൽക്കാൻ കാത്തു നിൽക്കുകയല്ലേ. ഭൂമിയിലെകാളും സുഖസമൃദ്ധമായ ജീവിതം കിട്ടും. ഞാനൊക്കെ ചത്താൽ ഒരു പട്ടിയും കാണുകേല അവിടെ വരവേൽക്കാൻ. ഒറ്റയ്ക്ക് തെണ്ടിതിരിഞ്ഞു നടക്കേണ്ടി വരും. അത് കൊണ്ട് നീ പരലോകത്തു പോയി സുഖിക്ക്.. ഞാൻ ഇവിടെ എങ്ങാനും കഷ്ടപെട്ടിട്ടായാലും ജീവിച്ചോളാം. അത്കൊണ്ട് കമ്പി ഒടിയുന്നതിനു മുൻപ് പടച്ചോനെ വിളിച്ചു വെള്ളത്തിൽ ചാടിക്കോ. പരലോകത്തു പോയി സുഖിക്കുമ്പോൾ ഈ പാവപെട്ടവനെയും ഓർത്തേക്കണം “

ആൻഡ്രൂസ് പറയുന്നത് കേട്ടു നസിയ സൂക്ഷിച്ചു നോക്കി.

“ഇങ്ങള് പരിഹസിക്കുകയാണോ. നിങ്ങളു പറഞ്ഞ കാര്യങ്ങൾ ഏതെങ്കിലും തലയ്ക്കു വെളിവില്ലാത്തവർ പറഞ്ഞതാ. ആകെ ഒരു ജീവിതമേ ഉള്ളു. അതാണ് ഈ ഭൂമിയിൽ ഇപ്പോൾ ജീവിക്കുന്നത്. അല്ലാതെ മയ്യത്തായി കഴിഞ്ഞാൽ അങ്ങേ ലോകത്തു ചെല്ലുമ്പോൾ മൊഞ്ചന്മാരും ഹൂറികളും സുഖിപ്പിക്കാൻ നിൽക്കുകയല്ല അവിടെ. എനിക്കതിൽ വിശ്വാസവും ഇല്ല. എങ്ങനെ എങ്കിലും രക്ഷപെടനൊള്ള വഴി നോക്ക്. നിങ്ങള് നോക്കിയാൾ നമ്മള് രക്ഷപെടും. ഞാൻ എല്ലാ ദൈവങ്ങളോടും പ്രാർത്ഥിച്ചോളാം”

നസിയ സങ്കടത്തോടെ ആൻഡ്രൂസിനോട് പറഞ്ഞു.

“ങ്ങാ.. നിനക്കു തലക്കകത്തു വിവരം വച്ചത് കൊണ്ട് ഞാൻ ഒരു കാര്യം ചെയ്യാം. ഞാൻ പിടി വിടാം. കൂടുതൽ ഇരിട്ടു വീഴുന്നതിനു മുൻപ് എങ്ങനെയെങ്കിലും മറുകരയിൽ എത്തി നിന്നെ രക്ഷപ്പെടുത്താനുള്ള വഴി നോക്കാം. അതുവരെ ഇതിൽ പിടിച്ചു കിടന്നോണം. ഞാൻ ചത്താലും നിന്നെ രക്ഷപ്പെടുത്തിയിരിക്കും. ആ വിശ്വാസത്തോടെ ഇവിടെ ഇരുന്നോണം. ധൈര്യം വിടാതെ “

ആൻഡ്രൂസ് പറഞ്ഞത് കേട്ടു നസിയ ഭയന്ന് പോയി.

“ഇങ്ങള് ആ വഴിക്ക് വിട്ട് പോയാലോ. ഇന്നത്തെ കാലത്തു ആരെയും വിശ്വാസിക്കാൻ പറ്റത്തില്ലെന്നാണ് എന്റെ അനുഭവം വിളിച്ചു പറയുന്നത് “

നസിയ തെല്ലു ഭയത്തോടെ പറഞ്ഞു.

“രക്ഷിക്കാമെന്നു വാക്കുകൊടുത്തിട്ടു ആ വഴി പറ്റിച്ചു കടന്നു കളയാൻ ഞാൻ നിന്റെ ഉപ്പ അല്ല. ആൻഡ്രൂസാ… ഒരു തന്തക്കു പിറന്ന ആൻഡ്രൂസ് “

ആൻഡ്രൂസ് രൂക്ഷമായി തുടർന്നു

“തന്നെയുമല്ല ഞാനിപ്പോൾ എന്റെ കാര്യം നോക്കി പോയാൽ നീ ഇവിടെ കിടന്നു ചാകതെയുള്ളൂ. രാത്രിയാകുമ്പോൾ കണ്ട നീർ നായയും ക്ഷദ്രജീവികളും വന്നു ആർത്തിയോടെ നിന്നെ വെട്ടിയടിച്ചോളും “

ആൻഡ്രൂസ് ആറ്റിലെ ഒഴുക്കിന്റെ ഗതി നോക്കി കൊണ്ട് പറഞ്ഞു.

“പാലത്തിൽ നിന്ന എന്നെ എടുത്തു ആറ്റിലിട്ടു, പശ്ചാഗ്നി മദ്ധ്യേ തപസ്സു ചെയ്യുന്ന അവസ്ഥയിൽ എത്തിച്ചിട്ടു ആദർശം പറയാതെ ഒന്ന്‌ രക്ഷപെടുത്ത്. ഇങ്ങനെ എത്ര നേരം നിൽക്കാൻ പറ്റും”

നസിയ സങ്കടത്തോടെ ആൻഡ്രൂസിനോട് പറഞ്ഞു.

“എന്ന അധികം വെളച്ചിൽ എടുക്കാതെ ഒരരമണിക്കൂർ നേരം ഇങ്ങനെ പിടിച്ചിരുന്നോ. ജീവന്മരണപോരാട്ടം നടത്താൻ പോകുവാ.”

ആൻഡ്രൂസ് പറഞ്ഞു കൊണ്ട് വെള്ളത്തിലേക്കു ചാടി.

ഒഴുക്കിനെതിരെ കുറച്ച് നീന്തി എങ്കിലും അധികം മുൻപോട്ടു പോകുവാൻ കഴിഞ്ഞില്ല. അക്കരെ കരയിൽ നിന്നും ഒരു മരത്തിന്റെ ചില്ല ആറ്റിലേക്കു ചാഞ്ഞു കിടപ്പുണ്ട്. അതായിരുന്നു ആൻഡ്രൂസിന്റെ ലക്ഷ്യവും. ആൻഡ്രൂസ് സർവ്വ ശക്തിയും എടുത്തു ആ ഭാഗത്തേക്ക്‌ നീങ്ങി.. ആറിന്റെ വശത്തേക്ക് പോകും തോറും ഒഴുക്കിന്റെ ശക്തി കുറഞ്ഞു വന്നുകൊണ്ടിരുന്നു.

ഒരുവിധം ആ മരച്ചില്ലയുടെ സമീപമെത്തി അതിൽ പിടിച്ചു ആറിന്റെ തീരത്തിലെത്തി. ആറിന്റെ വശങ്ങളിൽ തിങ്ങി വളർന്നു നിൽക്കുന്ന കാട്ടു ചെടികളിൽ പിടിച്ചു കരയിലേക്ക് വലിഞ്ഞു കയറി. അപ്പോഴേക്കും ആൻഡ്രൂസ് കുഴഞ്ഞു പോയിരുന്നു. ചെടികൾക്കിടയിൽ കുറച്ച് നേരം മലർന്നു കിടന്ന ശേഷം മെല്ലെ എഴുനേറ്റു.

ചുറ്റും നോക്കി.

വനപ്രേദേശം ആണ്. മരങ്ങളും ചെടികളും ഇടത്തൂർന്നു നിൽക്കുന്ന പ്രേദേശം.

സമീപത്തു കുറച്ചു കാട്ടു വാഴകൾ വളർന്നു നിൽക്കുന്നത് കണ്ടു ആൻഡ്രൂസ് അങ്ങോട്ട്‌ നടന്നു.

അരയിൽ തപ്പി നോക്കി. ഭാഗ്യത്തിന് അരയിൽ തിരുകി വയ്ക്കാറുള്ള കത്തി അവിടെത്തന്നെ ഉണ്ട്.

കത്തിയെടുത്തു എട്ടു പത്തു വാഴകൾ വെട്ടി പിണ്ടി മാത്രമാക്കി നിരത്തി വച്ചു.. പിന്നെ കുറച്ചകലെ നിന്ന കാട്ടുമുളയുടെ ചെറിയ കമ്പുകൾ വലിച്ചോടിച്ചു കത്തികൊണ്ട് വെട്ടി ഇലകൾ കളഞ്ഞു ഓരോ കമ്പിന്റെയും അറ്റം ചെത്തി കൂർത്തതാക്കി. പിന്നെ അവകൊണ്ടുവന്നു നിരത്തി വച്ച വാഴപ്പിണ്ടിയിൽ കൂടി തുളച്ചു കയറ്റി ചങ്ങാടം പോലെ ആക്കി വാഴവള്ളി കൊണ്ട് ചേർത്തു കെട്ടി ബെലപെടുത്തി.

തുടർന്നു ഒടിഞ്ഞു കിടന്ന നീളമുള്ള ഒരു മുളം കമ്പ് എടുത്തു ഉണങ്ങിയ ഇലകൾ കളഞ്ഞു എടുത്തു.

പിന്നെ ചങ്ങാടവും വലിച്ചു കൊണ്ട് ആൻഡ്രൂസ് കുറച്ചു നേരം ആറ്റിന്കരയിലൂടെ മുൻപോട്ടു നടന്നു. ഒഴുക്കിനനുകൂലമായി തുഴഞ്ഞു നസിയ നിൽക്കുന്ന ഭാഗത്തു എത്താനാണ് മുൻപോട്ടു നീങ്ങിയത്.

തുടർന്നു വനപ്രേദേശത്തേക്ക് ആറ്റിൽ നിന്നും വെള്ളം കേറി കിടക്കുന്ന സ്ഥലത്തേക്ക് ചെന്നു ചങ്ങാടം വെള്ളത്തിൽ ഇറക്കി, വെട്ടിയെടുത്ത മുളം കമ്പുമായി ആൻഡ്രൂസ് ചങ്ങാടത്തിനു മുകളിൽ കയറി മുള കുത്തി ആറ്റിലേക്കു  തുഴഞ്ഞിറക്കി.

ഒഴുക്കിനനുകൂലമായി ചങ്ങാടം നീങ്ങി. മുള വെള്ളത്തിലേക്കിട്ട് ആൻഡ്രൂസ് എഴുനേറ്റു നിന്നു നസിയ നിൽക്കുന്ന ഭാഗത്തേക്ക്‌ തുഴഞ്ഞു. ഇരുൾ വീണുതുടങ്ങിയതിനാൽ പാലത്തിന്റെ തൂണ് ലക്ഷ്യമാക്കി ആണ് ചങ്ങാടം നീക്കിയത്. തൂണിനടുത്തെത്താറായപ്പോൾ നസിയയെ കാണാമെന്നായി. അടുത്ത് ചെന്നു ചങ്ങാടം പാലത്തിന്റെ തൂണിലേക്ക് ചേർത്തു നസിയയെ ചേർത്തു പിടിച്ചു.

“കമ്പിയിൽ നിന്നും കൈവിട്ടോ.”

ആൻഡ്രൂസ് പറഞ്ഞതും അവൾ കമ്പിയിലെ പിടിവിട്ടു ചങ്ങാടത്തിലേക്കിരുന്നു.

ആകെ ക്ഷീണിതയായിരുന്ന അവൾ.

അടഞ്ഞു പോകുവാൻ തുടങ്ങുന്ന കണ്ണുകൾ ആയസപ്പെട്ടു തുറന്നു ആൻഡ്രൂസിനെ നോക്കി.

“ഞാനോർത്തു ഇങ്ങള് പറ്റിച്ചു കടന്നു കളഞ്ഞെന്നു… പക്ഷെ…. “

ബാക്കി മുഴുവിപ്പിക്കാൻ കഴിയാതെ അവൾ ചങ്ങാടത്തിലേക്കു കുഴഞ്ഞു വീണു.ചങ്ങാടം മുൻപോട്ട് നീങ്ങാൻ തുടങ്ങി.

ചങ്ങാടത്തിൽ ഇരുന്ന ആൻഡ്രൂസ് നസിയയെ കുലുക്കി വിളിച്ചു.

“എഴുനേല്ക്ക്, നിനക്കൊന്നും പറ്റിയിട്ടില്ല. പേടിച്ചതാ. നമുക്ക് രക്ഷപെടാം….”

മറുപടി ഒന്നും കിട്ടാത്തതിനെ തുടർന്നു അവളുടെ ശിരസ്സെടുത്തു തന്റെ മടിയിൽ വച്ചു.

ഇരുളിന് അപ്പോൾ കനം വർധിച്ചു കൊണ്ടിരുന്നു.

*************——***********************——

ഷൈനി മുറിയിലേക്ക് ചെല്ലുമ്പോൾ റോസ്‌ലിൻ എന്തോ എഴുതികൊണ്ടിരിക്കുകയായിരുന്നു.

“എന്താ ചേച്ചി ഒരെഴുതൊക്കെ. സ്കൂളിലേക്കുള്ള നോട്ട് വല്ലതും ആണോ?”

ചോദ്യം കേട്ടു റോസ്‌ലിൻ തിരിഞ്ഞു നോക്കി.ഷൈനി ചിരിച്ചുകൊണ്ട് നിൽക്കുന്നു.

“അല്ല ഷൈനി.. വെറുതെ ഇരുന്നപ്പോൾ ഒരു മടുപ്പു തോന്നി. വെറുതെ പേപ്പർ എടുത്തു മനസ്സിൽ തോന്നിയ എന്തൊക്കെയോ എഴുതി. അതിനെ ഗദ്യമെന്നോ പദ്യമെന്നോ എന്നൊക്കെ പറയാമോ എന്നൊന്നും അറിയില്ല.”

റോസ്‌ലിൻ എഴുതിയ പേപ്പർ എടുത്തു ഷൈനിക്ക് നേരെ നീട്ടി.

ഷൈനി പേപ്പർ മേടിച്ചു നോക്കി.

വടിവൊത്ത അക്ഷരങ്ങളിൽ തീർത്ത മനോഹരമായ ഒരു കവിത ആയിരുന്നു അത്.

“എന്റെ ടീച്ചറു ചേച്ചി. മനസ്സിലെ പ്രണയാതുരമായ ചിന്തകളെ എത്ര അർത്ഥവത്തായ വരികളിലൂടെ, ഏതൊരാളിന്റെയും മനസ്സിനെ സ്പർശിക്കുന്ന പോലെയല്ലേ എഴുതിയിരിക്കുന്നത്. അപ്പോ മേഡം ഒരു  കവയിത്രി കൂടി ആണ് അല്ലെ “

ഷൈനി അത്ഭുതം നിറഞ്ഞ മിഴികളോട് റോസ്‌ലിനെ നോക്കി.

“ഹേയ്.. അങ്ങനെയൊന്നുമില്ല. ചെറുപ്പം മുതൽ എഴുതുമായിരുന്നു. പിന്നെ ജീവിതസാഹചര്യം മാറിയപ്പോൾ എഴുത്തു നിർത്തി. സ്നേഹിച്ചു കൂടെ നിന്നയാൾ ഒരു നാൾ തന്ന പ്രഹരത്തിൽ ആടിയുലഞ്ഞു, പകച്ചു, ഒറ്റപെട്ടു പോയപ്പോൾ എന്റെ സന്തോഷം ഞാനെന്റെ ജിക്കുമോനിൽ കണ്ടെത്തുകയായിരുന്നു. ഷൈനിക്കറിയുമോ ഒരുപാടു ആഗ്രഹങ്ങൾ ഉണ്ടായിരുന്നു.സ്വൊപ്നങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം ഒരുനിമിഷം കൊണ്ട് കാറ്റിൽ പറന്നുപോയി.”

റോസ്‌ലിൻ ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി.

“എനിക്കറിയാം ചേച്ചി. വേദനയുടെ, നിരാശയുടെ, മോഹ ഭംഗങ്ങളുടെ ഒരു അഗ്നിപർവതമാണ് ചേച്ചിയുടെ മനസ്സെന്ന്.ഒരു പുരുഷന്റെ സ്നേഹ വാത്സല്യ പരിലാളനങ്ങൾ ഇല്ലാത്ത സ്ത്രിയുടെ  ജീവിതം വറ്റിവരണ്ട മരുഭൂമി പോലെ ആണെന്ന് ഞാൻ വായിച്ചിട്ടുണ്ട് ഒരു കഥയിൽ.ചേച്ചിക്കും ജിക്കുമൊന്നും നല്ലൊരു ജീവിതം ദൈവം തരും. എനിക്കുറപ്പുണ്ട് “

ഷൈനി റോസ്‌ലിന്റടുത്തേക്ക് ചേർന്നു നിന്നു കഴുത്തിലൂടെ കൈകോർത്തു കെട്ടി പിടിച്ചു.

“ഇപ്പൊ എന്റെ വിഷമം അതല്ല മോളെ. എന്റെ ജിക്കുമോനെ തട്ടിയെടുക്കാൻ ആ ദുഷ്ടൻ നോക്കുനുണ്ട്.ജെയ്സൺ, അയാൾ ജയിലിൽ ആണോ, അതോ പുറത്തിറങ്ങിയോ ഒന്നുമറിയില്ല. എന്റെ ജീവിതത്തിൽ അയാൾ സമാധാനം തരില്ല “

റോസ്‌ലിന്റെ കണ്ണുകൾ നിറഞ്ഞു.

“ചേച്ചി അതോർത്തു പേടിക്കണ്ട. ജിക്കുമോൻ ഇവിടെയല്ലേ. ഇവിടെ വന്നു ആരുമൊന്നും ചെയ്യില്ല. ഇവിടെ ആൻഡ്രൂസ് ഉണ്ടല്ലോ “

ഷൈനി പറഞ്ഞു.

“ആൻഡ്രൂസ്  രാവിലെ പോയിട്ട് ഇതുവരെ ഇങ്ങോട്ട് വന്നില്ലല്ലോ. ജിക്കുമോൻ ഇടക്ക് അന്വേഷിക്കുന്നത് കേട്ടു “

റോസ്‌ലിൻ തലതിരിച്ചു നോക്കി.

“അതൊന്നും പറയണ്ട ചേച്ചി. പുള്ളി പോയിട്ട് എപ്പോൾ വരും പോകും എന്നൊന്നും ദൈവത്തിനു പോലും പ്രവചിക്കാൻ കഴിയില്ല. പിന്നെ ചേച്ചി എഴുത്തു വളരെ നന്നായിട്ടുണ്ട്. നമുക്ക് സ്ത്രിരെത്നം മാസികയിലേക്ക് അയച്ചു കൊടുക്കാം. ചേച്ചിയുടെ സാഹിത്യവാസന പുറം ലോകം

അറിയട്ടെ “

ഷൈനി കയ്യിലിരുന്ന പേപ്പർ തിരിച്ചു മേശമേൽ വച്ചു.

“അതൊന്നും വേണ്ട ഷൈനി. ഞാൻ വെറുതെ എഴുതിയതാ “

റോസ്‌ലിൻ എഴുനേറ്റു…

“ജിക്കുമോൻ എന്തിയെ ഷൈനി “

റോസ്‌ലിൻ ഷൈനിയുടെ കൂടെ പുറത്തേക്കിറങ്ങി.

“ജിക്കുമോൻ ചാച്ചന്റെ കൂടെ കടയിലേക്ക് പോയതാ. അവനിപ്പോൾ ചാച്ചനെ മതി “

ഷൈനി നടക്കുന്നതിനിടയിൽ പറഞ്ഞു.

“സമയം ഇരുട്ടിയില്ലേ…ഒരു വെപ്രാളം “

റോസ്‌ലിൻ പുറത്തേക്കു നോക്കി

“പോയി  ചായകുടിക്ക് രണ്ടാളും .അടുക്കളയിൽ എടുത്തു വച്ചിട്ടുണ്ട്. ഷൈനി… എടുത്തു കൊടുക്ക്.”

മുറ്റത്തു അഴയിൽ നനച്ചിട്ടിരുന്ന തുണികൾ പെറുക്കികൊണ്ട് നിന്ന  ഏലിയാമ്മ അവരെ നോക്കി.

“വാ ചേച്ചി… ജിക്കു മോൻ ഇപ്പൊ വരും… വാ ചായകുടിക്കാം “

റോസ്‌ലിനെ കൂട്ടി ഷൈനി അടുക്കളയിലേക്ക് നടന്നു.

*******************************************

രാത്രി ഏഴുമണി ആയിട്ടും പുറത്തേക്കു പോയ നസിയ തിരിച്ചു വരാത്തതിൽ പരിഭ്രാന്തയായി നിൽക്കുകയാണ് ആയിഷ ബീവി.

അന്വേഷിച്ചു ഡെയ്സിയുടെ വീട്ടിലേക്കു പോയ ജോസ് കുറച്ചു തിരിച്ചു വന്നു.

“മോള് അവിടെനിന്നും നാലുമണിക്ക് തിരിച്ചു പോന്നതാണ്. വേറെ അവർക്കൊന്നും അറിയില്ല.”

ജോസ് പറഞ്ഞത് കേട്ടു ആയിഷ ബീവിയുടെ ചങ്കിടിച്ചു.

“ന്റെ മോള്… അവളെവിടെ പോയി ജോസേ..ഇ രാത്രിയിൽ എവിടെ പോയി അന്വേഷിക്കും. ന്റെ മോൾക്ക്‌ എന്താ പറ്റിയത്…. പടച്ചോനെ എന്റെ മോൾക്ക്‌ ഒന്നും വരുത്തരുതേ…..”

ആയിഷ ബീവി വേവലാതിയോടെ ഭിത്തിയിൽ ചാരി നിന്നു കരയാൻ തുടങ്ങി.

ഹക്കിം അലി തന്റെ ആളുകളെ നാലുപാടും പറഞ്ഞയിച്ചിട്ടുണ്ട്. ഹക്കിം അറിയാവുന്ന സ്ഥലങ്ങളിലേക്കെല്ലാം ഫോൺ ചെയ്തു.

“അവളുടെ മേൽ ഒരു കണ്ണ് വേണമെന്ന് നിന്നോട് എത്ര പ്രാവശ്യം പറഞ്ഞിട്ടിട്ടുണ്ട്. ചുറ്റുപാടും വെള്ളം പൊങ്ങി കിടക്കുന്ന സമയത്ത് എന്ത് പറ്റി എന്ന് ആർക്കറിയാം.”

ഹക്കിം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ മൊബൈൽ ശബ്ദിച്ചു.

മറുതലക്കൽ സഫീർ ആണ്..

അവിടെ നിന്നും പറഞ്ഞത് കേട്ടു അലിയുടെ മുഖഭാവം മാറുന്നത് ആയിഷ ബീവി ശ്രെദ്ധിച്ചു.

മൊബൈൽ ഓഫാക്കി അലി അങ്ങോട്ടും ഇങ്ങോട്ടും കൂട്ടിലിട്ട വെരുകിനെ പോലെ നടന്നു.

“എന്താ..ആരാ വിളിച്ചത്… എന്താ പറഞ്ഞത് “

ആയിഷ ഭർത്താവിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

“ങും.. വിളിച്ചത് സഫീറാ…. നമ്മടെ മോളെ കുറിച്ച് അറിവ് കിട്ടിയിട്ടുണ്ട്. ഒരു ലോറിക്കാരന്റെ കൂടെ കേറി പോകുന്നത്  കണ്ടവരുണ്ടെന്നു . ഓന്റെ കൂട്ടുകാർ വിളിച്ചു പറഞ്ഞതാണെന്ന്.”

അലി പറഞ്ഞു കൊണ്ട് കസേരയിലേക്ക് ഇരുന്നു.

“ഏതു ലോറിക്കാരൻ… ആരാ അയാള്… അവരെങ്ങോട്ടാ പോയത്. എന്നോട് ഇതുവരെ അവളൊന്നും പറഞ്ഞിട്ടില്ലല്ലോ “?

ആയിഷ വിങ്ങിപൊട്ടി കൊണ്ട് ചോദിച്ചു.

“എനിക്കറിയാമോ? നിന്റെ മോള് പഠിക്കാൻ പോകുന്നതാണോ, അതോ കണ്ടവന്റെ വായിൽ നോക്കാൻ പോകുന്നതാണോ എന്ന്. അടക്ക ആണെങ്കിൽ എടുത്തു മടിയിൽ വയ്ക്കാം. അടക്കാമരം ആയാലോ. അവക്ക് പ്രേമിക്കാൻ ലോറിക്കാരനെയെ കിട്ടിയൊള്ളോ. ഞാൻ ജീവിച്ചിരിക്കുമ്പോൾ അത് നടക്കത്തില്ല.”

പകയോടെ അലി മുരണ്ടു.

“അതൊന്നും ആയിരിക്കില്ല. എന്റെ മോൾക്ക്‌ എന്തോ ആപത്തു പറ്റിയതാണെന്നു എന്റെ മനസ്സ് പറയുന്നു.”

ആയിഷ മൂക്ക് പിഴിഞ്ഞ് കൊണ്ട് അരഭിത്തിയിലേക്ക് ഇരുന്നു.

അപ്പോഴേക്കും അന്വേഷിക്കാൻ പോയവരിൽ ചിലർ തിരികെയെത്തി.

“നസിയ മോള്  കയറി പോയി എന്ന് പറയുന്ന ആ ലോറി പാലത്തിനു മുകളിൽ കത്തി കരിഞ്ഞ നിലയിൽ കിടപ്പുണ്ട് “

അതിലൊരാൾ അലിയോട് പറഞ്ഞു.

അതുകേട്ടു “ന്റെ മോളെ “

എന്ന അലർച്ചയോടെ ആയിഷ നിലത്തേക്ക് ബോധം കെട്ടു മറിഞ്ഞു വീഴാൻ പോയി.

ചാടി എഴുന്നേറ്റ അലി അവരെ താങ്ങി.

******************************************

ചരൽ വാരി എറിയുന്ന പോലെ മഴ പെയ്യാൻ തുടങ്ങി.

എത്രയും പെട്ടെന്ന് ഏതെങ്കിലും കരക്ക്‌ കയറിയില്ലെങ്കിൽ പ്രശ്നം ആകും എന്ന് ആൻഡ്രൂസിനു തോന്നി.

മഴത്തുള്ളികൾ മുഖത്തു വീണപ്പോൾ നസിയ മെല്ലെ കണ്ണുതുറന്നു ചുറ്റും കണ്ണോടിച്ചു.

താൻ ആൻഡ്രൂസിന്റെ മടിയിൽ കിടക്കുകയാണെന്നും ഇപ്പോഴും ആറ്റിൽ തന്നെ ആണെന്നും മനസിലാക്കാൻ കുറച്ചു സമയമെടുത്തു.

അവൾ മെല്ലെ ചങ്ങാടത്തിൽ എഴുനേറ്റിരുന്നു. മഴനനഞ്ഞു ദേഹം വിറക്കുന്നുണ്ടായിരുന്നു.ആൻഡ്രൂസിനെ ദയനീയതയോടെ നോക്കി.

“നമ്മൾ രക്ഷപ്പെടുമോ? നല്ല മഴയാ… ആറ്റിൽ വെള്ളം പൊങ്ങും ഇനിയും “

നസിയയുടെ ക്ഷീണിച്ച ശബ്‌ദത്തിൽ നിരാശ ബാധിച്ചിരുന്നു.

“നീ പേടിക്കണ്ട.. ഇവിടെ അടുത്ത് എവിടെയെങ്കിലും കേറി പറ്റാവോ എന്ന് നോക്കട്ടെ. രാത്രി ആയതും മഴ പെയ്തതും ആണ് കുഴപ്പം ആയത്. അതിനിടക്ക് നിനക്ക് ബോധവും പോയി.”

ആൻഡ്രൂസ് എഴുനേറ്റു നിന്നു തുഴ വെള്ളത്തിലിട്ടു ആറ്റിന്റെ ആരുകിലേക്ക് തുഴയാൻ തുടങ്ങി.

കുറച്ചു വശത്തേക്ക് പോയതിനു ശേഷം വീണ്ടും ചങ്ങാടം ഒഴുക്കിന് നേരെ നീങ്ങി . എങ്കിലും ആൻഡ്രൂസ് ചങ്ങാടം തുഴഞ്ഞു കൊണ്ടിരുന്നു.

ഒരു വിധത്തിൽ ചങ്ങാടം ആറിന്റെ ആരുകിലേക്ക് കുത്തിയടിപ്പിച്ചു ഒരു ദീർഘ നിശ്വാസം ഉതിർത്തു.

ചങ്ങാടത്തിൽ നസിയയെ എഴുനേൽപ്പിച്ചു നിർത്തി കരയിൽ നിന്നും വളർന്നു ചാഞ്ഞു കിടക്കുന്ന കാട്ടു വള്ളികളിൽ പിടിപ്പിച്ചു കരയിലേക്ക് തള്ളി കയറ്റി.മറ്റൊരു വള്ളി വലിച്ചു ചങ്ങാടത്തിൽ കെട്ടി.

പെട്ടന്ന് ആൻഡ്രൂസ് ബാലൻസ് തെറ്റി ചങ്ങാടത്തിലേക്കും അവിടെ നിന്നും ആറ്റിലേക്കു മറിഞ്ഞു.

അതുകണ്ടു നസിയ നിലവിളിച്ചു.

ചങ്ങാടത്തിൽ ഉള്ള പിടുത്തം വിടാതെ ആൻഡ്രൂസ് തൂങ്ങി കിടന്നു. പിന്നെ കെട്ടിയിരുന്ന വള്ളിയിൽ പിടിച്ചു ആരുകിലേക്ക് നീങ്ങി.

കരയിൽ നിന്നും നസിയ നീളമുള്ള മറ്റൊരു കാട്ടുവള്ളിയും ആൻഡ്രൂസിന്റെ നേരെ ഇട്ടുകൊടുത്തു.ആൻഡ്രൂസ് അതിലും പിടിച്ചു ചങ്ങാടത്തിന്റെ മുകളിലേക്കു വലിഞ്ഞു കയറി.

അതിൽ നിന്നുകൊണ്ട് കരയിലേക്ക് പിടിച്ചു . നസിയ അയാളുടെ കയ്യിൽ പിടിച്ചു കരയിലേക്ക് വലിച്ചു. സൈഡിൽ ചവിട്ടാൻ ഒരിടം കിട്ടിയതും ആൻഡ്രൂസ് അതിൽ ചവിട്ടിപൊങ്ങി കരയിലേക്ക് വീണു.

ഒരു നിമിഷം കിടന്നശേഷം ആൻഡ്രൂസ് കൈകുത്തി എഴുനേറ്റു.

“എന്തെങ്കിലും പറ്റിയോ “?

നടുവിന് കൈകുത്തി നിൽക്കുന്ന ആൻഡ്രൂസിനെ നോക്കി നസിയ ആശങ്കയോടെ ചോദിച്ചു.

“ഇല്ല… നടുക്കൊന്നു വെട്ടിയതാ… സാരമില്ല പൊക്കോളും “

ആൻഡ്രൂസ് ചുറ്റും നോക്കി കൊണ്ട് പറഞ്ഞു.

“നിങ്ങള് വെള്ളത്തിലേക്കു വീണപ്പോൾ എന്റെ ജീവൻപോയി. പടച്ചോൻ കാത്തു.”

നസിയ പറഞ്ഞുകൊണ്ട് മുഖത്തു പതിക്കുന്ന മഴത്തുള്ളികൾ കൈകൊണ്ടു തുടച്ചു. നനഞ്ഞു അവളെ ചെറുതായി വിറക്കുന്നുണ്ടായിരുന്നു.

“നമ്മള് എന്ത് ചെയ്യും ഈ രാത്രിയിൽ ഇവിടെ. അതും ഈ കാട്ടിൽ…. എന്തൊക്കെ ജീവികൾ കാണും ഇതിനകത്ത്.”

നസിയ ഇരുട്ടിലേക്കു ചുറ്റും നോക്കി.

“ഒന്നും ചെയ്യാനില്ല. നേരം വെളുത്താലേ എങ്ങോട്ട് പോകണം എന്ന് തീരുമാനിക്കാൻ പറ്റൂ.രാത്രിയിൽ ഇവിടെ എവിടെയെങ്കിലും കഴിഞ്ഞു കൂടണം “

ആൻഡ്രൂസ് വാഴകൾ കൂടി നിൽക്കുന്ന ഭാഗത്തേക്ക്‌ നടന്നു. പുറകെ നസിയയും.

വാഴകളുടെ ഇടയിൽ കയറി നിന്നു.

“എന്റെ കയ്യിൽ മൊബൈൽ ഉണ്ട്. ബാഗിൽ കിടക്കുന്നത് കൊണ്ട് വെള്ളം കേറി കാണുകയില്ല. ഞാനെടുത്തു ഫ്ലാഷ് ലൈറ്റ് തെളിക്കാം “

കഴുത്തിൽ തൂക്കിയിരുന്ന ചെറിയ മണി ബാഗിൽ നിന്നും നസിയ മൊബൈൽ പുറത്തെടുത്തു. ചെറുതായി നനഞ്ഞിരുന്നു എങ്കിലും മൊബൈൽ വർക്കിംഗ്‌ ആയിരുന്നു. നസിയ  നനയാതെ  വാഴയിലയുടെ അടിയിൽ കയറിനിന്നു മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് തെളിച്ചു.

ആൻഡ്രൂസ് വാടികിടന്ന വാഴയിലകൾ തൊപ്പിപോലെ കുത്തികെട്ടി. പിന്നെ അരയിൽ കെട്ടിയിരുന്ന തോർത്തഴിച്ചു പിഴിഞ്ഞ് നസിയയുടെ നേരെ നീട്ടി.

“തല തുവർത്തിക്കോ. വെള്ളമിറങ്ങി പനി പിടിക്കേണ്ട.എന്നിട്ട് ഈ തൊപ്പി വച്ചോ. തല നനയാതിരിക്കാൻ അപ്പോഴേക്കും ഈ വാഴയെല്ലാം കൂട്ടികെട്ടി രാത്രി മഴനനയാതിരിക്കാനുള്ള എന്തെങ്കിലും ചെയ്യാം “

ആൻഡ്രൂസ് പറഞ്ഞു.

തോർത്തുമേടിച്ചു നസിയ തലത്തുവർത്തി ആൻഡ്രൂസ് ഉണ്ടാക്കിയ വഴയില തൊപ്പി വച്ചു.

മൊബൈലിന്റെ വെളിച്ചത്തിൽ ആൻഡ്രൂസ് ആ പരിസരത്തുനിന്നും കാട്ടുവള്ളികൾ പറിച്ചെടുത്തു വാഴകൾ കൂട്ടി കെട്ടി മുകളിൽ വാഴയിലകൾ ഇട്ടു കൂടാരം പോലെയുണ്ടാക്കി.ചുറ്റും വാഴയിലകൾ കൊണ്ട് മറപോലെയുണ്ടാക്കി. അകത്ത് വാഴയില നിരത്തി.

നസിയ അതെല്ലാം ആശ്ചര്യത്തോടെ നോക്കി കാണുകയായിരുന്നു.

“നിങ്ങള് ഒരു എഞ്ചിനീയർ ആകേണ്ട ആളായിരുന്നു.”

നസിയ പറഞ്ഞപ്പോൾ ആൻഡ്രൂസ് ഒന്നും പറഞ്ഞില്ല.

“ഇതിനകത്തേക്ക് കയറിക്കോ. നേരം വെളുക്കുന്നോടം വരെ നനയാതെ ഇരിക്കാം “

ആൻഡ്രൂസ് പറഞ്ഞത് കേട്ട് നസിയ കൂടാരത്തിനുള്ളിലേക്ക് കയറി. ഒരു തുള്ളി മഴവെള്ളം പോലും അതിനുള്ളിൽ വീഴുന്നില്ല എന്നത് നസിയക്കു  അത്ഭുതം ആയിരുന്നു.

നിലത്തിരുന്ന നസിയ വിറക്കുന്നത് കണ്ടു ആൻഡ്രൂസ് അവളുടെ കല്പാദങ്ങൾ എടുത്തു തന്റെ മടിയിൽ വച്ചു ഉള്ളം കാൽ തിരുമ്മി ചൂടാക്കി.

“മഴ തോർന്നു കഴിയുമ്പോൾ ഡ്രെസ്സ് അഴിച്ചു പിഴിഞ്ഞ് ഇട്ടോ. അപ്പോ തണുപ്പ് കുറയും.”

കാൽപാദങ്ങൾ ചൂടായപ്പോൾ നസിയയുടെ വിറയൽ പതുക്കെ കുറഞ്ഞു.കുറച്ചു നേരം കഴിഞ്ഞപ്പോൾ മഴ തോർന്നു..ആൻഡ്രൂസ് നസിയയുടെ മൊബൈൽ ഫോണിലെ ലൈറ്റ് തെളിച്ചു കൊണ്ട്  പതുക്കെ പുറത്തേക്കിറങ്ങി.പരിസരം ആകെ വീക്ഷിച്ചു കൊണ്ട് കുറച്ചു നേരം  നിന്നു.

“കഴിഞ്ഞു. കയറി പോര് “

നസിയ പറഞ്ഞത് കേട്ട് ആൻഡ്രൂസ് കൂടാരത്തിനുള്ളിലേക്ക് കയറി ചെന്നു.

“കിടന്നുറങ്ങിക്കോ.. എനിക്കെന്തായാലും ഇപ്പൊ  ഉറക്കം വരത്തില്ല “

ആൻഡ്രൂസ് നസിയയുടെ അടുത്തിരുന്നു.നസിയ നിലത്തേക്ക് കിടന്നു.കണ്ണുതുറന്നു തന്നെ നോക്കി കിടക്കുന്ന നസിയയെ കണ്ടു ആൻഡ്രൂസ് സൂക്ഷിച്ചു നോക്കി. അന്യ ഒരു പുരുഷന്റെ സമീപത്തു കിടന്നുറങ്ങുവാൻ ഉള്ള ഭയം അവളുടെ മുഖത്തു തെളിഞ്ഞു നിന്നിരുന്നു.

“പേടിക്കണ്ട. ഞാനൊന്നും ചെയ്യത്തില്ല. അതോർത്തു പേടിച്ചു കണ്ണുതുറന്നു കിടക്കണ്ട. കണ്ണടച്ചു കിടന്നുറങ്ങാൻ നോക്ക്.തലയെടുത്തു എന്റെ മടിയിലോട്ടു വച്ചോ. ചെവിയിൽ കൂടി പ്രാണികളോ അട്ടയോ പുഴുക്കളോ ഒന്നും കയറി പോകണ്ട “

നസിയ ചെറിയ ജാള്യത്തോടെ തലപൊക്കി ആൻഡ്രൂസിന്റെ മടിയിൽ വച്ചു. സമയം കടന്നു പോയി.ചെറുതായി മയങ്ങിയ ആൻഡ്രൂസ് എന്തോ ഒച്ചകെട്ടാണ് ഞെട്ടി ഉണർന്നത്.കാതോർത്തു!!

മുളം കൂട്ടങ്ങൾ ഉലയുന്ന ശബ്‌ദം…അതോടൊപ്പം  ഒരു ആനയുടെ ചിന്നം വിളി കേട്ടപോലെ!!!

                           (തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Jagadeesh Pk Novels

യാമം

കാവൽ

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!