Skip to content

മലയോരം – 8

malayoram novel

ആൻഡ്രൂസ് മെല്ലെ എഴുനേറ്റു പതുക്കെ പുറത്തേക്കിറങ്ങി.ഇരുട്ടിൽ നിന്നു കാതോർത്തു. വീണ്ടും ഇരുളിൽ ചില്ലകൾ ഓടിയുന്ന ശബ്‌ദം.

ആൻഡ്രൂസ് ശബ്‌ദം കേട്ട ഭാഗത്തേക്ക്‌ നോക്കി.

കൂരിരുട്ടിൽ അവിടെ എന്താണെന്നു തിരിച്ചറിയാൻ കഴിഞ്ഞില്ല. കയ്യിലിരുന്ന  മൊബൈലിന്റെ ലൈറ്റ് തെളിച്ചു ശബ്‌ദം കേട്ടഭാഗത്തേക്ക് നീട്ടി.

അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.

മുളം കൂട്ടത്തിനരുകിലായി ഒരാനക്കൂട്ടം!!

അവയെങ്ങാനും ഇങ്ങോട്ട് വന്നാൽ വാഴക്കൂട്ടാരത്തിന്റെ പൊടിപോലും വച്ചേക്കില്ലന്ന് തോന്നി ആൻഡ്രൂസിന്.

വെളിച്ചം പതിച്ചപ്പോൾ ആ ഭാഗത്തേക്ക്‌ ഒരാന തിരിഞ്ഞു നോക്കി.

അതേ നിമിഷം ആൻഡ്രൂസ് മൊബൈൽ ഫോണിലെ ലൈറ്റ് അണച്ചു കൂടാരത്തിനുള്ളിലേക്ക് കയറി.

മൊബൈൽ തെളിച്ചു.

നസിയ നല്ല ഉറക്കത്തിലാണ്.. കിടന്നുറങ്ങട്ടെ എന്ന് വച്ചാൽ പുറത്ത് നിൽക്കുന്ന ആനകൾ ഇങ്ങോട്ട് വരുമോ  പോകുമോ  എന്നൊന്നും പ്രവചിക്കാൻ പറ്റില്ല…ഇവിടം സുരക്ഷിതമല്ല.

ആൻഡ്രൂസ് നസിയയെ തട്ടി വിളിച്ചു.

രണ്ടുമൂന്നു പ്രാവശ്യം വിളിച്ചപ്പോൾ നസിയ കണ്ണുതുറന്നു. പിന്നെ ചാടി എഴുനേറ്റു മുമ്പിലിരിക്കുന്ന ആൻഡ്രൂസിനെ പകച്ചു നോക്കി.

“എന്താ…

നേരിയ ഭയപ്പാടോടെ അവൾ ചോദിച്ചു.

ശബ്‌ദം ഉണ്ടാക്കരുത് എന്ന് ആൻഡ്രൂസ് കൈകൊണ്ടു കാണിച്ചു.

“എന്നെ ഒന്നും ചെയ്യരുത്, ഞാനൊരു പാവമാണ് “

അവൾ ആൻഡ്രൂസിന്റെ നേരെ കൈകൂപ്പി. അയാൾ തന്നെ പീഡിപ്പിക്കുവാനുള്ള തയ്യാറെടുപ്പാണോ എന്നവൾ ഭയപ്പെട്ടു.

“നീ എന്ത് ഭ്രാന്താ ഈ പറയുന്നത്?പുറത്ത് ഒരാനക്കൂട്ടം നിൽപ്പുണ്ട്. ഇങ്ങോട്ടെങ്ങാനും വന്നാൽ ഈ വാഴകൂടാരം മുഴുവൻ തിന്നുന്നതോടൊപ്പം അകത്തിരിക്കുന്ന നമ്മളെ കൂടി വിഴുങ്ങും. നാളെ ആനപിണ്ടങ്ങൾ ആയെ പുറത്ത് വരൂ. എണീറ്റു വാ..പുറത്തേക്കിറങ്ങി ഇവിടെനിന്നും കുറച്ച് മാറി നോക്കാം. രാത്രി കഴിച്ചു കൂട്ടാനെവിടെയെങ്കിലും പറ്റുമോ എന്ന്. പേടിക്കണ്ട. വേഗം എണീറ്റു വാ “

ആൻഡ്രൂസ് കൂടാരത്തിന്റെ വാഴയില കൊണ്ട് മറച്ച ഒരു ഭാഗം പൊളിച്ചു.

ഭയത്തോടെ ചാടി എഴുന്നേറ്റ നസിയയുമായി പുറത്ത് കടന്ന ആൻഡ്രൂസ് ഇരുട്ടിലൂടെ മുൻപോട്ടു ശബ്ദമുണ്ടാക്കാതെ നടന്നു. കുറച്ചു മുൻപോട്ടു നടന്നപ്പോൾ കേട്ടു പുറകിൽ  വാഴകൾ  മറിഞ്ഞു വീഴുന്ന ശബ്‌ദം!!

ആനകൾ വാഴതിന്നുകയാണ്. ആ സമയത്ത് അവിടെ നിന്നു ഇറങ്ങിയത് നന്നായെന്ന് ആൻഡ്രൂസിനു തോന്നി.

“നമ്മൾ എങ്ങോട്ട് പോകും ഈ രാത്രിയിൽ. ഇരുട്ടു കാരണം ഒന്നും കാണുവാൻ പോലും പറ്റുന്നില്ല. എന്നെ പേടികൊണ്ട് വിറക്കുകയാണ് “

നസിയയുടെ അടക്കി പിടിച്ച ശബ്ദത്തിൽ ഭയം കലർന്നിരുന്നു!!

“മൊബൈൽ തെളിച്ചാൽ അപകടമാണ്. മനുഷ്യനെ പോലെ ബുദ്ധിയുള്ള മൃഗമാണ് ആന.വെളിച്ചം കണ്ടാൽ അവയെല്ലാം കൂടെ നമ്മുടെ പുറകെ വരും. പിന്നെ നമ്മളെ അവർ  ഫുട്‌ബോൾ പോലെ  അടിച്ച് പറത്തും . നിലം തൊടാതെ പറന്നു നടക്കും ജീവൻ പോകുന്നത് വരെ .അതുകൊണ്ട് കുറച്ചു മുൻപോട്ടു നടന്നിട്ട് മൊബൈൽ തെളിക്കാം. എന്റെ കയ്യിൽ പിടിച്ചു നടന്നോ.”

കാട്ടുചെടികൾ ചവിട്ടി മെതിച്ചു അവർ മുൻപോട്ടു പോയികൊണ്ടിരുന്നു.

ഇടക്ക് ഉരുളൻ കല്ലിൽ ചവിട്ടി വീഴാൻ പോയ  നസിയയെ ആൻഡ്രൂസ് താങ്ങി പിടിച്ചു.

“അയ്യോ എന്റെ കാലിൽ എന്തോ കടിച്ചു.. വേദനയെടുക്കുന്നു.”

നസിയ വെപ്രാളത്തോടെ കാലു കുടഞ്ഞു .

“എന്ത് കടിച്ചെന്നു. നോക്കട്ടെ, ഇങ്ങോട്ട് കാണിക്ക് “

ആൻഡ്രൂസ് മൊബൈൽ തെളിച്ചു നസിയയുടെ കാലിലേക്ക് നോക്കി.

കാൽ പാദങ്ങളിൽ ചോര ഒലിച്ചിറങ്ങുന്നു!!

“ദേ ചോര ഒലിച്ചിറങ്ങുന്നു!!പാമ്പ് വല്ലതും കടിച്ചതാണോ?”

നസിയ കരച്ചിലിന്റെ വക്കോളമെത്തി.

“നീ കരയാതെ നിൽക്ക്. ഞാൻ നോക്കട്ടെ കാലിൽ “

പറഞ്ഞു കൊണ്ട് ആൻഡ്രൂസ് നസിയയുടെ കാൽച്ചുവട്ടിൽ ഇരുന്നു കാൽ പാദത്തിൽ മുട്ടിയിരുമ്മി കിടന്ന ചുരിദാറിന്റെ പാന്റ് കുറച്ച് മുകളിലേക്കു ഉയർത്തി നോക്കി.

പാന്റിനുള്ളിൽ കാലിൽ കടിച്ചു തൂങ്ങി കിടക്കുന്നു ഒരട്ട!!!

അത് കടിച്ച ഭാഗത്തു നിന്നുമാണ് ചോര ഒലിച്ചിറങ്ങുന്നത്. ചോരകുടിച്ചു അട്ട വീർത്തു വലുതായി ഇരിക്കുകയാണ്.

“എന്താ കടിച്ചത് അവിടെ.ചോര നന്നായി പോകുന്നുണ്ടല്ലോ “

നസിയ അങ്ങോട്ട്‌ നോക്കാതെ ആൻഡ്രൂസിനോട് ചോദിച്ചു.

പാമ്പാണെന്നു കരുതി നസിയ പേടിച്ചിരിക്കുകയാണെന്നു ആൻഡ്രൂസിനു മനസ്സിലായി.

“നീ പേടിക്കണ്ട. ഇതൊരു തേരട്ട ആണ്. അത് കടിച്ചു തൂങ്ങി കിടക്കുന്ന ഭാഗത്തു നിന്നാണ് ചോര ഒലിച്ചിറങ്ങുന്നത്. ഞാനിപ്പോൾ എടുത്തു കളയാം അതിനെ. പറിച്ചു കളയുമ്പോൾ കുറച്ചു വേദന എടുത്തേക്കാം. കണ്ണടച്ചു പിടിച്ചു നിന്നോ “

ആൻഡ്രൂസ് സമീപത്തു കിടന്ന ചെറിയ ഒരു ഉണക്ക കമ്പ് എടുത്തു രണ്ടായി ഒടിച്ചു. അട്ടയുടെ ഇരുവശങ്ങളിലായി കമ്പ് വച്ചു ചേർത്തു പിടിച്ചു കാലിൽ നിന്നും അട്ടയെ പറിച്ചെടുത്തു ദൂരേക്ക് എറിഞ്ഞു.

“ആാാ.. “

നസിയ കാൽ വലിച്ചു.

“വേദന എടുത്തു എന്റെ ജീവൻ പോയി “

അവൾ പറഞ്ഞത് കേട്ടു ആൻഡ്രൂസ് തലപൊക്കി നോക്കി.

“ഓ.. ഒരു അട്ടകടിച്ചപ്പോൾ നിന്റെ ജീവൻ പോയോ? എങ്കിൽ ഒരു പാമ്പ് ആണ് കടിച്ചിരുന്നെങ്കിലോ “?

ചോദിച്ചു കൊണ്ട് അടുത്ത് നിന്ന കമ്മ്യൂണിസ്റ്റ്‌ പച്ചിലകൾ കൊണ്ട്  കാലിലെ ചോര തുടച്ചു കളഞ്ഞു. കുറച്ചു ചോര അവിടെ നിന്നു ഞെക്കി കളഞ്ഞ ശേഷം  പച്ചില കയ്യിലിട്ട് തിരുമ്മി അട്ട കടിച്ച ഭാഗത്തു വച്ചു.ഉടുത്തിരുന്ന മുണ്ടിന്റെ ഒരറ്റത്തുനിന്നും കുറച്ചു നീളത്തിൽ കീറിയെടുത്തു അവളുടെ മുറിഞ്ഞ ഭാഗം വട്ടത്തിൽ കെട്ടി വച്ചു.

“ഇനി അട്ടകടിക്കാതെ നോക്കിക്കോണം.. പോകുന്നവഴിയെല്ലാം നിന്നെ അട്ടകടിച്ചു കൊണ്ടിരുന്നാൽ  മുണ്ട് കീറി കെട്ടി കെട്ടി നേരം വെളുക്കുമ്പോൾ എനിക്ക് മുണ്ട് ഉണ്ടാകാതില്ല.അണ്ടർവെയറും ഇട്ടോണ്ട് ഞാൻ പുറത്ത് പോകാൻ പറ്റാതെ ഇ കാട്ടിനുള്ളിൽ കിടക്കേണ്ടി വരും “

ആൻഡ്രൂസ് മെല്ലെ എഴുനേറ്റു.

“ഇനിയും ഇതുപോലെ വളിച്ച കോമഡി കയ്യിൽ സ്റ്റോക്ക് ഉണ്ടോ?”

നസിയ ചോദിച്ചു കൊണ്ട്  ആൻഡ്രൂസിനെ നോക്കി.

“ങ്ങാ എനിക്കൊക്കെ ഇതുപോലുള്ള കോമഡിയെ അറിയത്തൊള്ളൂ. നിന്റെ പേടിയൊക്കെ കുറയട്ടെ എന്നോർത്ത് പറഞ്ഞതാ. വേണ്ടങ്കിൽ വേണ്ട “

തോർത്തു കൊണ്ട് തന്റെ തല തുവർത്തി   ആൻഡ്രൂസ്.

“അണ്ടർ വെയർ ഉണ്ടല്ലോ അല്ലെ. ഇല്ലെങ്കിൽ സൂക്ഷിച്ചോ. കുറുക്കനും കുറുനരിയും ഒക്കെയുള്ള കാട “

നസിയ വാശിക്ക് മറുപടി കൊടുത്തു.

ആൻഡ്രൂസ് അമ്പരപ്പോടെ അവളെ നോക്കി.

“അപ്പോ നിനക്കും ഇതുപോലുള്ള കോമഡി അറിയാം അല്ലെ .കൊള്ളാം”

ആൻഡ്രൂസ് അവിടെ കിടന്ന പാറകല്ലിന്റെ മുകളിൽ ഇരുന്നു.

“പിന്നല്ലാതെ. സ്ത്രികളെ കുറിച്ച് നിങ്ങൾക്ക് എന്തറിയാം. അവർക്കും നിങ്ങളെ പോലെ വികാരവും ആഗ്രഹങ്ങളും  ഒക്കെ ഉണ്ട്. സമൂഹത്തെ ഭയന്ന് മനസ്സിൽ മൂടിവച്ചിരിക്കുകയാണെന്നു മാത്രം. അവസരം കിട്ടിയാൽ സ്ത്രികൾ പുരുഷന്മാരെ കടത്തി വെട്ടും. പല കാര്യത്തിലും.”

നസിയ ആൻഡ്രൂസിനെ നോക്കി ചിരിച്ചു.

“ഈ നിമിഷം മുതൽ പെണ്ണിനെക്കുറിച്ചുള്ള എന്റെ ചിന്താഗതി മുഴുവൻ തെറ്റാണെന്നു ബോധ്യപെട്ടു.രണ്ട് പെണ്ണുങ്ങൾ കൂടുമ്പോൾ പറയുന്ന വൃത്തികേടിന്റെ പത്തിലൊന്നുപോലും രണ്ട് പുരുഷന്മാർ കൂടുമ്പോൾ പറയതില്ലെന്നു ആരോ എന്നോട് പറഞ്ഞപ്പോൾ അന്ന് ഞാനതു വിശ്വസിച്ചില്ല.ഇപ്പൊ ബോധ്യമായി.”

ആൻഡ്രൂസ് ഷർട്ട്‌ ഊരി പിഴിഞ്ഞ് കല്ലിനു പുറത്ത്‌ വിരിച്ചിട്ടു.

“ഇപ്പൊ മനസ്സിലായല്ലോ?ഇനിയും നിങ്ങൾ പുരുഷന്മാർ സ്ത്രികളെക്കുറിച്ച് ഒരുപാടു പഠിക്കേണ്ടിയിരിക്കുന്നു. പുവർ മാൻ “

നസിയ കഴുത്തിൽ കിടന്ന ഷാൾ കൊണ്ട് തല മൂടി.

“നീ എന്താ ഇപ്പൊ അവസാനം പറഞ്ഞത്”? ഞാൻ നിന്നോട് അപമാര്യാദയായിട്ടു ഇതേ നിമിഷം വരെ എന്തെങ്കിലും പറയുകയോ പെരുമാറുകയോ ചെയ്തോ “?

ആൻഡ്രൂസ് ചോദിക്കുന്നത് കേട്ടു നസിയ അയാളെ അത്ഭുതത്തോടെ നോക്കി.

“അതിന് ഞാൻ വല്ലതും പറഞ്ഞോ അങ്ങനെ. അവസാനം പറഞ്ഞത് ഇംഗ്ലീഷ് ആണ്. പുവർ മാൻ… എന്നുവച്ചാൽ പാവം മനുഷ്യൻ എന്ന് “

നസിയ വ്യെക്തമാക്കി.

“ഓഹോ അങ്ങനെ… അവസാനം നീ പറഞ്ഞ ഇംഗ്ലീഷ് ഞാൻ കേട്ടത്  മലയാളത്തിലെ ഒരു തെറി പോലെയാ.”

ആൻഡ്രൂസ് പറഞ്ഞത് കേട്ടു നസിയക്കു ചിരിവന്നു.

“നിങ്ങള് ആള് കൊള്ളാമല്ലോ.എനിക്കിഷ്ടപ്പെട്ടു. നിങ്ങടെ ഈ സ്വഭാവം. പിന്നേയ്‌.. കാലിനു നല്ല വേദന തോന്നുന്നുണ്ട്. ശരീരത്തിൽ ആകമാനം ഒരു വേദന വ്യാപിക്കുന്നപോലെ “

നസിയ പറഞ്ഞു കൊണ്ട് കുനിഞ്ഞു കാലിൽ അമർത്തി പിടിച്ചു.

“വേദന കുറച്ചു കഴിയുമ്പോൾ മാറിക്കോളും. ഇവിടെ മുഴുവൻ ഇതുപോലുള്ള അട്ടകൾ ഉണ്ടെന്ന് തോന്നുന്നു. വാ കുറച്ചു കൂടി മുൻപോട്ടു പോയി നോക്കാം.”

ആൻഡ്രൂസ് എഴുനേറ്റു ഷർട്ടെടുത്തിട്ടു നസിയയുടെ കയ്യിൽ പിടിച്ചു മുൻപോട്ടു നടന്നു.കുറച്ചു ദൂരം മുൻപോട്ടു നടന്നപ്പോൾ നസിയ നിന്നു.

“ദേഹം തളരുന്ന പോലെ…ഒരടി പോലും ഇനി നടക്കാൻ പറ്റില്ല. തല കറങ്ങുന്നപോലെ. ഞാനിവിടെ എങ്ങാനും കുഴഞ്ഞു വീഴും”

നസിയ ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞു.

“അട്ടകടിച്ചപ്പോൾ പേടിച്ചു പോയത് കൊണ്ടാണ് ഇങ്ങനെയൊക്കെ തോന്നുന്നത്.കുറച്ച് കൂടി മുൻപോട്ടു പോയി ഏതെങ്കിലും മരത്തിന്റെ ചുവട്ടിൽ ഇരിക്കാം “

ആൻഡ്രൂസ് പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ നസിയ കുഴഞ്ഞു ആൻഡ്രൂസിന്റെ ദേഹത്തേക്ക് ചാഞ്ഞു.

“എന്നെ… ഇട്ടേച്ചു പോകരുത്.. എനിക്ക് വയ്യ “

ആൻഡ്രൂസ് നസിയയെ താങ്ങി പിടിച്ചു നിന്നു. അവൾക്കു നടക്കാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയ അയാൾ   നസിയയെ കൈ ചുറ്റി  പൊക്കി എടുത്തു തോളിൽ ഇട്ടു മുൻപോട്ടു നടന്നു.

ഒടുവിൽ അവർ വളർന്നു പന്തലിച്ചു നിൽക്കുന്ന ഒരു വട്ട മരത്തിന്റെ ചുവട്ടിൽ എത്തി.മരത്തിന്റെ മുകൾഭാഗം  ഇലകൾ നിറഞ്ഞു ഒരു കുടപോലെ വിടർന്നു നിന്നിരുന്നു.

മരത്തിന്റെ ചുറ്റുപാടും ലൈറ്റടിച്ചു വല്ല ഇഴ ജന്തുക്കളും മറ്റും ഇല്ലെന്ന് ബോധ്യപെടുത്തി

തോളിൽ കിടക്കുന്ന നസിയയെ മരത്തിന്റെ ചുവട്ടിൽ ചാരി  ഇരുത്തി

കുലുക്കി വിളിച്ചു.

നസിയ കണ്ണുതുറന്നു.

“എപ്പോഴും നിനക്ക് തളരാനും ബോധം കേടാനുമെ സമയമുള്ളോ.നിന്നെ എടുത്തു എന്റെ ഊപ്പാട് തീർന്നു. രണ്ട് സിമന്റുചാക്ക് എടുത്തോണ്ട് നടന്നാൽ  ഇത്രയും വിഷമിക്കതില്ല.”

ആൻഡ്രൂസ് അവളുടെ അടുത്തിരുന്നു.

“എനിക്ക് നടക്കാൻ മടിയായിട്ടു തളർന്നു വീണപോലെ അഭിനയിച്ചതാ “

നസിയ ആൻഡ്രൂസിനെ നോക്കി.

ആൻഡ്രൂസ് ഒന്നും മിണ്ടാതെ ഇരുന്നു.

“ഭയങ്കര തണുപ്പ്.. ഞാൻ നിങ്ങടെ ദേഹത്തേക്ക് ചാരിയിരിക്കാൻ പോകുവാ. അപ്പോ കുറച്ച് ചൂട് കിട്ടും”

പറഞ്ഞു കൊണ്ട് അവൾ ആൻഡ്രൂസിന്റെ ദേഹത്തേക്ക് ചാഞ്ഞിരുന്നു.

“ഞാനെന്താ വല്ല ഹീറ്ററും ആണോ നിന്നെ ചൂടുപിടിപ്പിക്കാൻ.ചാരി ഇരിക്കുന്നതൊക്കെ കൊള്ളാം. വികാരവതി ആകരുത്. ആ വിചാരം വേണം “

ആൻഡ്രൂസ് മൊബൈൽ ലൈറ്റ് ഓഫാക്കി.

“എനിക്ക് നല്ല കണ്ട്രോൾ ഉള്ള ആളാ. എല്ലാ പെണ്ണുങ്ങളെയും പോലല്ല. എക്സ്ട്രാ ഓർഡിനറി ആണ്.”

കുറച്ചു കൂടി ആൻഡ്രൂസിന്റെ ദേഹത്തേക്ക് ചാഞ്ഞിരുന്നു അവൾ കണ്ണടച്ചു.

********************************************

പുലർച്ചെ നാലര……കമ്പളികണ്ടം..

എസ് പി വിദ്യാസഗറും സംഘവും വഴിയരുകിൽ വണ്ടി ഒതുക്കി ഇറങ്ങി.

“എല്ലാവരും ജാഗരൂഗരായിരിക്കണം. അവിടെ എത്രപേർ ഉണ്ടെന്ന് പറയാൻ പറ്റില്ല.”

വിദ്യാസാഗർ കൂടെയുള്ളവർക്ക് മുന്നറിയിപ്പ് നൽകി.

“സാറെ ഞാനാണ് ഇതൊക്കെ പറഞ്ഞു തന്നതെന്നു ഭദ്രനോ അയാളുടെ അനുജൻ വരദനോ അറിയരുത്.അവരൊക്കെ വലിയ സ്വാധീനം ഉള്ള ആളുകളാ. ഞാനോ ഒരു കൂലിപ്പണിക്കാരൻ. എനിക്ക് രണ്ട് പെണ്മക്കളാ. അതുങ്ങളുടെ ജീവിതം കഷ്ടത്തിലാകും. ഇവിടെ ഈ കഞ്ചാവടിച്ചു ഒരുപാടു ചെറുപ്പക്കാരുടെ ജീവിതം മുടിഞ്ഞു കൊണ്ടിരിക്കുവാ. പെൺകുട്ടികൾക്ക് അതുമൂലം വഴി പേടിച്ചിട്ടു ഒറ്റയ്ക്ക് നടക്കാൻ പറ്റാത്ത അവസ്ഥ. കഞ്ചാവ് മൂത്തു ഇവന്മാരൊക്കെ എന്തൊക്കെയാ കാട്ടികൂട്ടുന്നതെന്നു ആർക്കറിയാം. കഴിഞ്ഞ ദിവസമാണ് കവലയിൽ ഒരുത്തനെ ഇവന്മാർ കുത്തി കീറിയത്. അതുകൊണ്ടാ ഞാൻ ഒറ്റിതന്നത്. എന്നെ കൊലക്കുകൊടുക്കരുത് സാറെ “

കൈകൂപ്പിക്കൊണ്ട്  കരുണൻ പറഞ്ഞു.

“കരുണ.. ഇതൊന്നും നമ്മളല്ലാതെ വേറെ ആരും അറിയില്ല പോരെ.ഇന്നത്തെ കൊണ്ട് അവന്മാരുടെ കഞ്ചാവ് കൃഷിയും വാറ്റും അവസാനിപ്പിച്ചിട്ടേ തിരിച്ചു പോകാത്തൊള്ളൂ. ഈ കാര്യത്തിൽ കരുണൻ ഒന്നുകൊണ്ടും പേടിക്കണ്ട. ഞാൻ നോക്കിക്കൊള്ളാം “

പറഞ്ഞിട്ട് പോക്കറ്റിൽ നിന്നും അഞ്ഞൂറിന്റെ കുറച്ചു നോട്ടുകൾ എടുത്തു കരുണന് നേരെ നീട്ടി. അയാളത് മേടിക്കുവാൻ വിസമ്മതിച്ചപ്പോൾ ബലമായി പോക്കറ്റിൽ ഇട്ടുകൊടുത്തു.

“കരുണൻ പൊക്കോ. ഇനിയിതു ഞങ്ങൾ നോക്കിക്കൊള്ളാം “

കരുണൻ യാത്രപറഞ്ഞു നടന്നു.

“കുറച്ചുള്ളിലേക്ക് നടന്നു പോകണം. അവിടെയാണ് അവന്മാരുടെ കേന്ദ്രം “

വിദ്യാസാഗർ മുൻപിൽ നടന്നു.ടോർച്ചു വെട്ടത്തിന്റെ അകമ്പടിയോടെ  പുറകെ മറ്റു പോലീസുകാരും..

കുറച്ച് കയറ്റം കയറി താഴെക്കിറങ്ങി ഇടത്തൂർന്നു നിൽക്കുന്ന വൃക്ഷങ്ങൾക്കിടയിലൂടെ അവർ മുൻപോട്ടു നീങ്ങി.

കുറച്ചു അകലെ പരന്നു കിടക്കുന്ന സ്ഥലത്തു വെളിച്ചം  ദൃശ്യമായി.

അവിടെ നിന്നും പുകയും ഉയരുന്നുണ്ട്.

വാറ്റുപുരയിൽ നിന്നാണ് അത് വരുന്നതെന്ന് വിദ്യാസഗറിന് മനസ്സിലായി. വളർന്നു തിങ്ങി നിൽക്കുന്ന കഞ്ചാവ് ചെടികൾക്കിടയിൽ മറഞ്ഞിരുന്നു വിദ്യാസഗറും സംഘവും പരിസരം വീക്ഷിച്ചു.

ഷീറ്റിട്ട ചെറിയ ഒരു കെട്ടിടതിന് പുറത്ത് ലൈറ്റ് കിടപ്പുണ്ട്. അതിന്റെ വെളിച്ചത്തിൽ അവിടെ ചാരായം വാറ്റ് നടക്കുകയാണ്. നാലുപേർ അടങ്ങിയ ഒരു സംഘം അടുപ്പിന് ചുറ്റുമിരുന്നു വാറ്റിയെടുക്കുന്ന ചാരായം പാത്രങ്ങളിൽ ആക്കുകയും അതുപിന്നെ കുപ്പികളിലേക്ക് മാറ്റുകയും ചെയ്യുന്നു.

“സാറെ അവന്മാര് അഞ്ചാറു പേര് ഉണ്ട്. കെട്ടിടം വളഞ്ഞിട്ട് വേണം ചാടിവീഴാൻ. ഇല്ലെങ്കിൽ അവന്മാർ നാലുപാടും ഓടിപ്പോകാൻ സാധ്യത ഉണ്ട് “

കോൺസ്റ്റബിൾ സത്യൻ പറഞ്ഞു.

“പതുക്കെ കെട്ടിടത്തിന്റെ ഭാഗത്തേക്ക്‌ നീങ്ങിക്കോ. വളഞ്ഞു കഴിയുമ്പോൾ ഞാൻ ചാടി വീണോളാം “

വിദ്യാസാഗർ കൂടെയുള്ളവർക്ക് നിർദേശം നൽകി.

വാറ്റുനടക്കുന്ന സ്ഥലത്തു കറുത്ത് തടിച്ച ഒരുവൻ അടുപ്പിൽ നിന്നും ഒരു തീക്കൊള്ളി എടുത്തു ചുണ്ടത്തു വച്ച ബീഡികത്തിച്ചു ഒരു പുകയെടുത്തു എഴുനേറ്റു ചുറ്റുപാടും നോക്കി.

രണ്ടുപേർ ഇരുന്നു കുപ്പികളിൽ നിറക്കുന്ന  ചാരായം വലിയ കാർബോർഡ് പെട്ടിക്കുള്ളിൽ അടുക്കുകയാണ് മറ്റൊരാൾ. പെട്ടെന്ന് എന്തോ കണ്ടപോലെ ഒരാൾ ഷെട്ടിനുള്ളിൽ നിന്നും ഓടിയിറങ്ങി വന്നു എന്തോ വിളിച്ചു പറഞ്ഞു. അതുകേട്ടു അവിടെ ഉള്ളവർ ചാടി എഴുനേറ്റു ചുറ്റും നോക്കി. അതേ നിമിഷം ഒരു വെടിപൊട്ടി. അടുപ്പിൽ ഇരുന്ന വാറ്റുകലം നാലുപാടും പൊട്ടിച്ചിതറി.

നീട്ടിപിടിച്ച തോക്കുമായി വിദ്യാസാഗർ അവർക്കു നേരെ കുതിച്ചു ചെന്നു. അതുകണ്ടു നാലുപാടും ചിതറി ഓടാൻ തുടങ്ങിയവരെ പോലീസുകാർ വളഞ്ഞു.

“വേണ്ട സാറുന്മാരെ…. കളിയിവിടെ കമ്പിളികണ്ടത്ത് വേണ്ട. ഇതു ഭദ്രൻ മുതലാളിയുടെ തോട്ടമാ. നിങ്ങടെ ആരുടെയും തൊപ്പിയും കാണുകേല, വീട്ടിലിരിക്കുന്ന നിങ്ങടെ അച്ചിമാര് നേരെ ചൊവ്വേ കിടന്നു ഉറങ്ങുകേല “

തടിച്ചു പൊക്കമുള്ള ഒരുത്തൻ പോലീസുകാരെ നോക്കി അലറി.

“നീ അങ്ങ് ഒലത്തും. പോലീസുകാരെ ഭീക്ഷണി പെടുത്തുന്നോടാ നായിന്റെ മോനെ “

വിദ്യാസാഗർ കൈചുരുട്ടി അവന്റെ മുഖത്തു ആഞ്ഞോരിടി കൊടുത്തു.

മൂക്കിന്റെ പാലമൊടിഞ്ഞു അവൻ ഒരു നിലവിളിയോടെ പുറകിലേക്ക് മറിഞ്ഞു.

മറ്റൊരുത്തൻ പോലീസുകാരെ വെട്ടിച്ചു കുറച്ചു ദൂരം ഓടിയെങ്കിലും ഒരു പോലീസുകാരൻ അവനെ കരിങ്കല്ലിന് എറിഞ്ഞു വീഴിച്ചു.

എതിർത്താൽ തങ്ങൾക്കു രക്ഷയില്ലെന്നു കണ്ട മറ്റുള്ളവർ കീഴടങ്ങി.

രണ്ടുപൊലീസുകാർ വാറ്റുപാത്രങ്ങളും ഷെട്ടിനുള്ളിൽ ചെമ്പിൽ നിറച്ചുവച്ച വാഷുകളും മറിച്ചു കളഞ്ഞു.

മറ്റു പോലീസുകാർ വിദ്യാസഗറിന്റെ നിർദേശപ്രകാരം  വീപ്പകളിലും കന്നാസുകളിലും നിറച്ചു വച്ചിരുന്ന സ്പിരിറ്റ്‌  എടുത്തുകൊണ്ടുപോയി കഞ്ചാവ് ചെടികൾക്ക് മീതെകൂടി ഒഴിച്ചു.

നിലത്തു കിടന്നവനെ വലിച്ചെഴുനേൽപ്പിച്ചു നേരെ നിർത്തി. അവന്റെ കയ്യിൽ വിലങ്ങിട്ടു.

“എന്താടാ നിന്റെ പേര് “

വിദ്യാസാഗർ അവനെ നോക്കി.

“ചെകുത്താൻ ജെയ്‌സൺ “

ചുവന്ന കണ്ണുകൾ കൊണ്ട് വിദ്യാസഗറിനെ അടിമുടി നോക്കി പകയോടെ അയാൾ മുരണ്ടു.

“സാറെ.. കൈവിട്ടകളിയ ഇത്. സീൻ കോൺട്രാ ആകും. പറഞ്ഞില്ലെന്നു വേണ്ട “

വിലങ്ങണിഞ്ഞ കൈകൊണ്ടു അവൻ മൂക്കിൽ നിന്നും ഒലിച്ചിറങ്ങിയ രക്തം തുടച്ചു കളഞ്ഞു.

“നീ ഇനി വാ തുറന്നാൽ നിന്റെ കഷ്ടത്തിലാകും. പെറ്റമ്മ കണ്ടാൽ പോലും നിന്നെ തിരിച്ചറിയത്തില്ല. നടക്കടാ എല്ലാവരും “

നോക്കുകൊണ്ട് അവിടെ നിന്നവർക്ക് നേരെ ആഞാപിച്ചു.

പോലീസുകാർ അവരുടെ കൈകളിൽ വിലങ്ങുവച്ചു മുൻപോട്ടു തള്ളിവിട്ടു.

ഒരു പോലീസുകാരൻ സ്പിരിച്ചൊഴിച്ചിട്ട കഞ്ചാവ് ചെടികൾക്കിടയിലേക്ക് ഒരു തീപ്പെട്ടി കൊള്ളി ഉരച്ചിട്ടു. അഗ്നി നാളെങ്ങൾ കഞ്ചാവ് ചെടിയെ ആർത്തിയോടെ വിഴുങ്ങുവാൻ ആരംഭിച്ചു.

********************************************

റോസ്‌ലിൻ എഴുനേറ്റു വാച്ചിൽ നോക്കി.

സമയം അഞ്ചര ആകുന്നു.

ജിക്കുമോൻ നല്ല ഉറക്കത്തിലാണ്… പുതപ്പിച്ച പുതപ്പൊക്കെ അവന്റെ ദേഹത്തുനിന്നും മാറി കിടക്കുകയാണ്. റോസ്‌ലിൻ പുതപ്പെടുത്തു ജിക്കുമോനെ നന്നായി പുതപ്പിച്ചു. അഴിഞ്ഞു കിടന്ന തന്റെ മുടി പുറകിൽ വാരി കെട്ടി വച്ചു പതുക്കെ മുറിയുടെ വാതിൽ തുറന്നു അടുക്കളയിലേക്ക് നടന്നു.

“ഏലിയാമ്മ അടുക്കളയിൽ കാപ്പിയിട്ടുകൊണ്ട് നിൽക്കുകയായിരുന്നു.

“മോളെന്തിനാ ഇപ്പോഴേ എഴുന്നേറ്റത്. കുറച്ചു കൂടി കഴിഞ്ഞിട്ട് എഴുനേറ്റാൽ പോരായിരുന്നോ. തൊമ്മിച്ചയന് ആറുമണി ആകുമ്പോൾ കട്ടൻകാപ്പി വേണം.അത് പണ്ടുതൊട്ടുള്ള നിർബന്ധമാ.”

ഏലിയാമ്മ പറഞ്ഞു.

“അമ്മച്ചിയെ സഹായിക്കാമെന്നു വച്ചാ എഴുന്നേറ്റത്. നേരം വെളുക്കാറായല്ലോ.പിന്നെ നാളെ മുതൽ സ്കൂളിൽ പോയി തുടങ്ങണം. ഇല്ലെങ്കിൽ ജോലി പോകും.”

റോസ്‌ലിൻ തലേന്നത്തെ കഴുകാനിട്ടിരുന്ന പാത്രങ്ങൾ എടുത്തു കൊണ്ടുപോയി പൈപ്പിൻ ചുവട്ടിൽ കൊണ്ട് വച്ചു കഴുകാൻ തുടങ്ങി.

പാത്രങ്ങൾ കഴുകി അടുക്കളയിലേക്ക് വന്നപ്പോൾ ഏലിയാമ്മ റോസ്‌ലിനുള്ള കാപ്പി ഗ്ലാസിൽ എടുത്തു വച്ചിരുന്നു.

“മോള് ഈ കാപ്പി കുടിക്ക്. ചൂടാറി പോകുന്നതിനു മുൻപ്. എന്നിട്ട് മുറിയിലേക്ക് പൊക്കോ. ഇനി നേരം വെളുത്തിട്ടു മതി പണിയൊക്കെ.”

അടുക്കളയുടെ പുറത്തേക്കുള്ള വാതിലടച്ചു കുട്ടിയിട്ടുകൊണ്ട് ഏലിയാമ്മ പറഞ്ഞു.

“അമ്മച്ചി.. ഈ ആൻഡ്രൂസ് എന്നും വരുകയില്ലേ ഇങ്ങോട്ട്. ഇന്നലെ രാവിലെ പോയിട്ട് ഇതുവരെ കണ്ടില്ലല്ലോ. മോന് എപ്പോഴുംഅന്വേഷിക്കും . ആൻഡ്രൂസിനെ. അവന്റെ ഹീറോയാ ആൻഡ്രൂസ് “.

റോസ്‌ലിൻ കയ്യിലെ ഗ്ലാസിൽ നിന്നും കാപ്പി കുടിച്ചുകൊണ്ട് ഏലിയമ്മയെ നോക്കി.

“അവന്റെ കാര്യമൊന്നും പറയണ്ട. എപ്പോ വരും പോകുമെന്നൊന്നും കർത്താവിനു പോലും പ്രവചിക്കാൻ പറ്റത്തില്ല. വായിൽ വരുന്നതൊക്കെ വിളിച്ചു പറയുമെന്നേ ഉള്ളു. അവനൊരു  ശുദ്ധനാ . ആർക്ക് എന്താപത്തു വന്നാലും അവരെ സഹായിക്കാൻ മുൻപിൽ അവനുണ്ടാകും. എനിക്കവൻ ഒരു മോനെ പോലെയാ. എന്റെ പെണ്മക്കൾക്ക് കൂട്ടായി ജനിക്കാതെ പോയ അവരുടെ ചേട്ടൻ. എന്റെ ആദ്യത്തെ കുഞ്ഞ് ജനിച്ചു രണ്ട് ദിവസം കഴിഞ്ഞപ്പോൾ മരിച്ചു പോയി. പൂർണ്ണ വളർച്ച ഇല്ലാത്ത ഒരാൺകുഞ്ഞു ആയിരുന്നു.കർത്താവ് ഭൂമിയിൽ ജീവിക്കാൻ എന്റെ കുഞ്ഞിന് ആയുസ്സ് കൊടുത്തില്ല. അവനെ ഞാൻ ആൻട്രുവില കാണുന്നത്.”

ഏലിയാമ്മ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു

“പിന്നെ മോളെ… ഇന്ന് എന്റെ മൂത്തമോള്  ഷേർലി വരും കോട്ടയത്ത്‌ നിന്ന്.വിളിച്ചപ്പോൾ മോളുടെ കാര്യമെല്ലാം പറഞ്ഞിട്ടുണ്ട്. അപ്പോ അവൾ പറഞ്ഞത് അമ്മച്ചിക്ക് പെണ്മക്കളുടെ എണ്ണം കൂടുകയാണെല്ലോ എന്ന്. ഷൈനിയെ പോലെയാ. ഒരു പാവം “

ഏലിയാമ്മ അകത്തേക്ക് നടന്നു.

“ഇച്ചായ… ആന്ഡ്രുവിനെ ഒന്ന്‌ വിളിച്ചു നോക്കിക്കേ.എവിടെ ആണെന്ന്.”

ഏലിയാമ്മ തൊമ്മിച്ചന്റെ അടുത്തിരുന്നു.

“അവനെന്തെങ്കിലും ഓട്ടം കിട്ടിയിട്ട് പോയതായിരിക്കും.”

കുടിച്ചു കൊണ്ടിരുന്ന കാപ്പി ഗ്ലാസ്സ് മേശമേൽ വച്ചിട്ട് ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ എടുത്തു ആൻഡ്രൂ വിന്റെ നമ്പർ ഡയൽ ചെയ്തു.

എന്നാൽ മറുതലക്കൽ സിച്ച് ഓഫ്‌ എന്നാണ് കേട്ടത്.

“അവന്റെ മൈബൈലിൽ ചാർജ് കാണത്തില്ല. കുറച്ചു കഴിയുമ്പോൾ വിളിച്ചു നോക്കാം.”

മൊബൈൽ കട്ടിലിൽ വച്ചു തൊമ്മിച്ചൻ മുറ്റത്തേക്കിറങ്ങി.

********************************************

കിളികളുടെ കളകള ശബ്‌ദം കേട്ടാണ് ആൻഡ്രൂസ് കണ്ണുതുറന്നത്. നേർത്ത വെളിച്ചം പരക്കാൻ തുടങ്ങിയിരിക്കുന്നു.

എഴുനേൽക്കാൻ തുടങ്ങിയപ്പോൾ ആണ് തന്റെ വയറിൽ തലവച്ചു കിടന്നു നസിയ ഉറങ്ങുകയാണെന്നു മനസ്സിലായത്.

ആൻഡ്രൂസ് അവളെ തട്ടി വിളിച്ചു.

“പള്ളിയുറക്കം മതിയാക്കി ചാടി എഴുന്നേറ്റോ. ഇന്നെങ്കിലും പുറംലോകത്തു എത്തണം “

കുലുക്കി വിളിച്ചു ആൻഡ്രൂസ് പറയുന്നത് കേട്ടാണ് നസിയ കണ്ണുതുറന്നത്. രണ്ട് നിമിഷം മുകളിലേക്കു നോക്കി കിടന്ന ശേഷം അവൾ തലതിരിച്ചു ആൻഡ്രൂസിനെ നോക്കി.

“നന്നായി ഉറങ്ങി….”

പറഞ്ഞു കൊണ്ട് അവൾ എഴുനേറ്റിരുന്നു.

“വീട്ടിലെ നിന്റ മുറിയിൽ കിടക്കുന്ന  ഡ്യുറോഫ്ലെക്സ് തലയിണ  ആണെന്ന് കരുതി തലവച്ചു കിടന്നതു എന്റെ വയറില. മെത്തയാണെന്നു കരുതി എന്റെ ദേഹത്ത് കേറി കിടക്കാത്തത് ഭാഗ്യം “

ആൻഡ്രൂസ് മെല്ലെ എഴുനേറ്റിരുന്നു.

“ഞാൻ ഓർത്തതാ. പിന്നെ വേണ്ടാന്ന് വച്ചു. ഒരാണിന്റെ വയറിൽ തലവച്ചു കിടന്നതു കൊണ്ടാണോ എന്നറിയില്ല. സുഖമായി ഉറങ്ങി. വീട്ടിൽ പോലും ഇത്രയും ശാന്തമായി ഞാൻ ഉറങ്ങിയിട്ടില്ല. താങ്ക്സ് “

നസിയ ആൻഡ്രൂസിനെ നോക്കി ചിരിച്ചു.

“എന്നാ നീയൊരു കാര്യം ചെയ്യ്. എന്നും ആരുടെയെങ്കിലും വയറിൽ തലവച്ചു കിടന്നുറങ്ങിക്കോ. കാക്കയുടെ വിശപ്പും തീരും  പശുവിന്റെ കടിയും മാറും “

ദേഹത്ത് വന്നിരുന്ന കൊതുകിനെ ഓടിച്ചു വിട്ടുകൊണ്ട് ആൻഡ്രൂസ് എഴുനേറ്റു.

“ഞാനിപ്പോ വരാം. ഇവിടെ തന്നെ ഇരുന്നോണം “

ആൻഡ്രൂസ് പറഞ്ഞത് കേട്ടു നസിയ ഉത്കണ്ഠയോടെ നോക്കി.

“എന്നെ തനിച്ചാക്കി നിങ്ങൾ എവിടെ പോകുവാ. ഞാനും വരാം “

നസിയ എഴുനേൽക്കാൻ തുടങ്ങി.

“ഞാനൊന്നു മൂത്രമൊഴിക്കുവാൻ പോകുവാ. അവിടെയും നിന്നെ കൊണ്ടുപോകണോ “?

ആൻഡ്രൂസ് പറഞ്ഞത് കേട്ടു നസിയ ജാള്യത്തോടെ ചിരിച്ചു.

“അതിന് ഒരു കിലോമീറ്റർ പോകേണ്ട ആവശ്യമില്ല.ഇവിടെയുള്ള ഏതെങ്കിലും മരത്തിന്റെ മറവിൽ പോയി നിന്നു കാര്യം നടത്തിയാൽ പോരെ. അപ്പോ എനിക്ക് കാണുകയും ചെയ്യാം “

ആൻഡ്രൂസ് നസിയയെ തുറിച്ചു നോക്കി.

“നീ എന്ത് കാണുന്ന കാര്യമാ ഇ പറയുന്നത് “

ആൻഡ്രൂസിന്റെ ചോദ്യം കേട്ടപ്പോൾ  ആണ് നസിയക്കു കാര്യം മനസ്സിലായത്.

“നിങ്ങളുദേശിച്ചത് അല്ല. നിങ്ങളെ കാണാമല്ലോ എന്നാണ് പറഞ്ഞത് “

നസിയ ചിരിച്ചു.

ആൻഡ്രൂസ് പോയി തിരിച്ചു വന്നപ്പോൾ നസിയ കാലിലെ മുറിവ് നോക്കുകയായിരുന്നു.

“നല്ല നീരുണ്ട്. ചെറുതായി പനിക്കുന്ന പോലെ “

നസിയ പറഞ്ഞത് കേട്ട് ആൻഡ്രൂസ് അവളുടെ നെറ്റിയിൽ കൈ വച്ചു നോക്കി.

“പനിയുണ്ട്. അട്ടകടിച്ചതിന്റെയാ… മുറിവിൽ അതിന്റെ പല്ല് വല്ലതും ഇരിപ്പുണ്ടായിരിക്കും. കാടിന്റെ പുറത്ത് കടന്നാലുടനെ ഏതെങ്കിലും ഡോക്ടറെ കാണിക്കണം.”

ആൻഡ്രൂസ് പറഞ്ഞു.

“നിന്റെ മൊബൈലിൽ റേഞ്ച് കിട്ടുന്നുണ്ടോ എന്ന് നോക്കിക്കേ. ആരെയെങ്കിലും വിവരം അറിയിക്കാൻ. ഇന്നലെയും റേഞ്ച് ഇല്ലായിരുന്നു “

ആൻഡ്രൂസ് പറഞ്ഞത് കേട്ട് നസിയ ഫോൺ എടുത്തു നോക്കി.

എന്നാൽ അത് സ്വിച്ച് ഓഫ്‌ ആയിരുന്നു.

“ചാർജ് ഇല്ല. സ്വിച്ച് ഓഫ്‌ ആയി “

നസിയ മൊബൈൽ ആൻഡ്രൂസിനെ കാണിച്ചു.

“നന്നായി. ഇടിവെട്ടിയവനെ പാമ്പ് കടിച്ചപോലെ ആയി “

ആൻഡ്രൂസ് പറഞ്ഞിട്ട് മുണ്ടഴിച്ചു മടക്കി കുത്തി.

മരത്തിലൂടെ ചാടി വന്ന രണ്ട് കുരങ്ങന്മാർ ചാടി വന്നു  ഒരു മരക്കൊമ്പിൽ കയറി ഇരുന്നു ആൻഡ്രൂസിനെയും നസിയയെയും മാറി മാറി നോക്കി.

“അവരുടെ ഏതോ ബന്ധു വന്നതുപോലെ ആണ് കുരങ്ങന്മാർ നിന്നെ നോക്കുന്നത്.”

ആൻഡ്രൂസ് നസിയയെ നോക്കി.

“പിന്നെയെ… എത്രയും പെട്ടെന്ന് ഈ കാടിന്റെ പുറത്ത്‌ കടക്കാനുള്ള വഴി നോക്കാം. വാ “

ആൻഡ്രൂസ് മുൻപോട്ടു നടന്നു. പുറകെ നസിയയും…….

                           (തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!