Skip to content

മലയോരം – 9

malayoram novel

“ഇനി എത്രദൂരം കൂടി നടക്കണം. എന്റെ കാല് വേദനിച്ചിട്ടു വയ്യ… കൂടെ പനിയും “

നസിയ ആൻഡ്രൂസിന്റെ ഒപ്പം നടന്നുകൊണ്ട് പറഞ്ഞു.

“ഇനി വല്ല മലമ്പനിയും ആണോ. എങ്കിൽ രക്ഷപ്പെടുന്ന കാര്യം ചിന്തിക്കുകയെ വേണ്ട. നിന്റെ കാര്യം പോക്കാ “

ആൻഡ്രൂസ് ചുറ്റും നോക്കികൊണ്ട്‌ പറഞ്ഞു.

“ഓഹോ..അപ്പോ എങ്ങനെയെങ്കിലും എന്നെ ഒഴിവാക്കണം.അതാണ് ഉള്ളിലിരിപ്പ് അല്ലെ. എങ്കിൽ നിങ്ങള് പൊക്കോ. ഞാൻ കൂടെ വരുന്നില്ല “

പരിഭവത്തോടെ പറഞ്ഞു കൊണ്ട് നസിയ അവിടെ പരന്നു കിടക്കുന്ന പാറയിൽ കയറി ഇരുന്നു.

“ങേ.. നീ വരുന്നില്ലേ…കാട്ടിൽ പൊറുക്കാൻ തീരുമാനിച്ചോ.നന്നായി. ഇപ്പോഴെങ്കിലും നീ ഉചിതമായ തീരുമാനം എടുത്തല്ലോ.”

ആൻഡ്രൂസ് അർത്ഥഗർഭമായി അവളെ നോക്കി.

“എന്നാലേ കേട്ടോ.. എന്നെ എടുത്തു ആറ്റിലിടാൻ കാണിച്ച ഉത്സാഹം ഈ കാട്ടിൽ നിന്നും രക്ഷപ്പെടുത്താനും കാണിക്ക്.പിന്നെ വേതാളം ആണ് ഞാൻ. നാട്ടിലെത്തുന്നത് വരെ ഞാൻ കൂടെ തന്നെ ഉണ്ടാകും “

നസിയ കാലിലെ മുറിവിന്റെ ഭാഗത്തു തടവികൊണ്ട് പറഞ്ഞു.

“നീ ഒരു ഒഴിയാബാധ ആകുമോ “

ആൻഡ്രൂസ് തിരിഞ്ഞില്ല നോക്കി കൊണ്ട് ചോദിച്ചു.

“മര്യാദക്ക് എന്നെ വീട്ടിൽ കൊണ്ട് വിട്ടോ. ഇല്ലെങ്കിൽ ഞാൻ ബാധ മാത്രമല്ല ബാധ്യതയും ആകും “

നസിയ പറഞ്ഞു കൊണ്ട് പാറയിലേക്ക് മലർന്നു കിടന്നു.

“ഇങ്ങനെ വിജനമായ കാട്ടിൽ ഒരു പാറപ്പുറത്തു  മുകളിലേക്കു നോക്കി മലർന്നു കിടക്കുവാൻ എന്ത് രസം ആണ്”.

നാസിയയുടെ സംസാരം കേട്ട് ആൻഡ്രൂസ് അവളെ രൂക്ഷമായി നോക്കി.

“വീട്ടിൽ പോയി മലർന്നു കിടക്കുകയോ കമഴ്ന്നു കിടക്കുകയോ ചെയ്തോ. ഇപ്പൊ എഴുനേറ്റു വാ. ഞാനിവിടെ വട്ടുപിടിച്ചു നിൽക്കുകയാ. അപ്പോഴാ അവളുടെ തമാശ. നാട്ടിൽ ചെല്ലുമ്പോൾ അറിയാം, അവിടെ എന്തൊക്കെ പുകിലുകൾ ആണെന്ന്. ഒരുവടത്തു നിന്റെ മറ്റവന്റെ ആളുകൾ. മറുഭാഗത്തു ആ വരദന്റെ ആളുകൾ.ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥയാ. വീട്ടിൽ എത്തികിട്ടിയാൽ നീ രക്ഷപെട്ടു. ഞാൻ ഇവന്മാരുടെ ഇടയിൽ നിന്നും എങ്ങനെ രക്ഷപ്പെടുമെന്ന ആലോചിക്കുന്നത് . ഉണ്ടായിരുന്ന ഒരു വരുമാനമാര്ഗം ആയിരുന്നു ആ ലോറി. അതും പോയി.”

ഒരു ദീഘാനിശ്യാസത്തോടെ ആൻഡ്രൂസ് ദൂരേക്ക് നോക്കി.

“അവര് മാത്രമല്ല, എന്റെ ഉപ്പയുടെ ആളുകളും എന്നെ തട്ടിക്കൊണ്ടു പോയതാണെന്ന് കരുതി നിങ്ങൾക്കെതിരെ വരും. അപ്പോ നിങ്ങളെ മുൻപിലും പിന്നിലും, ഒരുവശത്തും ആളുകളായി. ആരെയെങ്കിലും ഒരാളെകൂടി വെറുപ്പിക്കുകയാണെങ്കിൽ നിങ്ങടെ നാലുഭാഗത്തും ശത്രുക്കളായി.പിന്നെ എങ്ങോട്ടും ഓടേണ്ടി വരില്ല. ഇപ്പൊ തന്നെ ആ സഫീറിന്റെ ആളുകൾ നിങ്ങളെന്നെ തട്ടിക്കൊണ്ടു പോയെന്നു  നാട്ടിൽ പറഞ്ഞു പരത്തിക്കാണും. ഒന്നോർത്താൽ അത് നല്ലതാ. അയാളുടെ ശല്യം ഒഴിഞ്ഞുകിട്ടുമല്ലോ.പിന്നെ  കള്ളും കുടിച്ചു, അടിയും പിടിയും തെറിയുമായി നടക്കുന്ന ഒരു വൃത്തികെട്ട ലോറിക്കാരൻ  തട്ടിക്കൊണ്ടു പോയ പെണ്ണിനെ കുടുംബത്തിൽ ജനിച്ച ആരെങ്കിലും ഇനി കെട്ടുമോ. നിങ്ങള് പറ. എന്നെ നിക്കാഹ് കഴിക്കാൻ ആരെങ്കിലും വരുമോ.ആവശ്യത്തിലധികം ഒരു പെണ്ണിന് വേണ്ട, ആരും കണ്ടാൽ മോഹിക്കുന്ന തരത്തിലുള്ള സൗന്ദര്യം പടച്ചോൻ വാരിക്കോരി തന്നു. പക്ഷെ അത്   പട്ടിനക്കിയാലോ “?

നസിയ ഒളിക്കണ്ണിട്ടു ആൻഡ്രൂസിന്റെ ഭാവങ്ങൾ ശ്രെദ്ധിച്ചു കൊണ്ട് പറഞ്ഞു.

“വൃത്തികെട്ടവൻ നിന്റെ ഉപ്പ… ഞാനല്ല. പിന്നെ ആരും നിന്നെ കെട്ടുകയില്ലെന്നു ഉറപ്പുണ്ടങ്കിൽ ഇവിടെയെങ്ങാനും കിടന്നോ. “അതല്ല ഒരുത്തനും കെട്ടിയില്ലെങ്കിലും ഞാൻ അന്തസ്സോടെ ജീവിക്കും “എന്ന ഉറപ്പുണ്ടെങ്കിൽ വീട്ടിലോട്ടു പോയാൽ മതി.പിന്നെ നീയെന്താ പറഞ്ഞത് നിന്റെ ജീവിതം പട്ടി നക്കിയെന്നോ? എന്ന് വച്ചാൽ ഞാൻ പട്ടിയാണെന്നോ? ഞാനിന്നെ വരെ ഒരു പെണ്ണിന്റെയും പുറകെ മണത്തു നടന്നിട്ടില്ല. അറിയാമോ നിനക്ക്.നീയൊക്കെ ഇതല്ല ഇതിനപ്പുറം പറയും.’അഴകുള്ള ചക്കയിൽ ചുളയില്ല ‘എന്നൊരു നാട്ടുമൊഴി ഉണ്ട്. എന്ന് വച്ചാൽ നിനക്ക് സൗന്ദര്യം ഉണ്ട്. വേറെ ഒന്നുമില്ലെന്ന് അർത്ഥം “

ആൻഡ്രൂസ് അടുത്ത് നിന്ന ചുളുക്കുറ്റി ചെടിയിൽ പഴുത്തു നിന്ന പഴം പറിച്ചെടുത്തു തൊലിപൊളിച്ചു വായിലിട്ടു.

“പിന്നെ ഒന്നോർത്താൽ നീ പറഞ്ഞത് ശരിയാ. വണ്ടി പണി തെണ്ടി പണി ആണെന്ന് പറയുന്നവർ ഉണ്ട് നാട്ടിൽ. അപ്പോ പിന്നെ ലോറിക്കാരനായ ഞാൻ ഒരു പട്ടിയെ പോലെയാ. ആരുമില്ലാത്ത ഒരു തെണ്ടി പട്ടി “

ആൻഡ്രൂസ് പറഞ്ഞു നിർത്തിയപ്പോൾ നസിയ എഴുനേറ്റിരുന്നു.

“റബ്ബേ…നിങ്ങളെന്തൊക്കെയാ ഈ പറയുന്നത്. ഞാനൊരു കോമഡി പറഞ്ഞതാ.അത് സീരിയസ് ആയി എടുത്തോ. വാ പോകാം. സംസാരിച്ചോണ്ടിരുന്നാൽ ഇന്നത്തെ രാത്രിയും കാട്ടിൽ കിടക്കേണ്ടി വരും “

നസിയ ആൻഡ്രൂസിന്റെ ഒപ്പം നടന്നു.

കുറച്ചു നേരം ആയിട്ടും മിണ്ടാതെ ആൻഡ്രൂസ് നടക്കുന്നത് കണ്ടപ്പോൾ നസിയക്കു സങ്കടം തോന്നി.

“എന്തെങ്കിലും പറഞ്ഞോണ്ട് നടക്ക്. നിങ്ങക്ക് ഞാനങ്ങനെ പറഞ്ഞത് മനസ്സിൽ കൊണ്ടു. അല്ലെ. സോറി “

നസിയ പറഞ്ഞു കൊണ്ട് ആൻഡ്രൂസിന്റെ മുൻപിൽ കേറി അയാൾക്ക്‌ അഭിമുഖം ആയി നിന്നു.

“ദേ എന്റെ മുഖത്തേക്ക് നോക്കിക്കേ.”

നസിയ പറഞ്ഞു കൊണ്ട് ആൻഡ്രൂസിന്റെ മുഖത്തേക്ക് നോക്കി.

“എന്നാ… നീ ആദ്യമായാണോ എന്റെ മുഖം കാണുന്നത്. അതോ പട്ടിയുടെ മുഖഷെയപ്പ് കൃത്യമാണോ എന്നറിയാനാണോ “?

ആൻഡ്രൂസ് നാസിയയെ സൂക്ഷിച്ചു നോക്കി.

“അല്ല… നിങ്ങളുടെ മുഖഭാവം എന്താണെന്നു അറിയാൻ…. ഞാനൊരു കാര്യം പറയട്ടെ “

നസിയയുടെ ചോദ്യം കേട്ട് ആൻഡ്രൂസ് സംശയത്തോടെ നിന്നു.

“നിങ്ങള് ലോറിക്കാരൻ ആയിരിക്കും.അനാഥൻ ആയിരിക്കും. കള്ളുകുടിക്കുമായിരിക്കും. പക്ഷെ നിങ്ങളെ പോലെ നല്ലൊരു മനസ്സുള്ളയാളെ ഞാൻ കണ്ടിട്ടില്ല. “

പറഞ്ഞ് നിർത്തിയിട്ടു വീണ്ടും തുടർന്നു.

“ചുറ്റും ആളുകൾ ആക്രമിക്കാൻ വന്നപ്പോൾ ആകെയുണ്ടായിരുന്ന വരുമാനമാർഗം ആയ ലോറി കത്തിച്ചു, എന്നെയും കൊണ്ട് ഉരുൾ പൊട്ടി കൂലം കുത്തി ഒഴുകുന്ന ആറ്റിൽ ചാടി ജീവൻ തന്നെ പണയം വച്ചു ഈ കാട്ടിലെത്തിച്ചതും, മഴനനയാതിരിക്കാൻ കൂടാരം കെട്ടി, ഞാൻ ഉറങ്ങിയപ്പോൾ കാവലിരുന്നതും, കാലുമുറിഞ്ഞു ക്ഷീണിച്ചപ്പോൾ എടുത്തോണ്ടുപോയതും, ഒക്കെ എന്ത് കൊണ്ടാണെന്നു എനിക്കറിയാം “

ആൻഡ്രൂസ് അതുകേട്ടു അവളെ സൂക്ഷിച്ചു നോക്കി.

“എന്തിനായിരുന്നു? എന്താ ഉദേശിച്ചത്‌ “?

ആൻഡ്രൂസിന്റെ ചോദ്യം കേട്ടു നസിയയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.

“അത് കേൾക്കാൻ ഇത്രക്കും താത്പര്യമോ “? എന്നാ പറഞ്ഞേക്കാം. നിങ്ങൾക്ക് നന്മയുള്ള ഒരു മനസ്സുള്ളത് കൊണ്ട്, മനുഷ്യരെ സ്നേഹിക്കാൻ അറിയാവുന്നതു കൊണ്ട്…. ഒരു സ്ത്രിയെ തനിച്ചു കിട്ടിയിട്ടും അവളെ കാമകണ്ണുകളോടെ നോക്കാതെ കരുതൽ കൊടുത്തു സംരക്ഷിച്ചത് കൊണ്ട്…. നിങ്ങളെ പോലെയുള്ളവരെ ആണ് ഒരു സ്ത്രി അക്ഷരം തെറ്റാതെ ആണായി പിറന്നവൻ എന്ന് പറയുന്നത്..”

അവരെ തഴുകി ഒരു തണുത്ത കാറ്റു കടന്നു പോയി….

“അത് ശരി, അപ്പോ പറഞ്ഞ് വരുന്നത്  പെണ്ണുങ്ങളുടെ സർട്ടിഫിക്കറ്റ് കിട്ടുന്നവർ ആണ് ആണത്തം ഉള്ളവൻ എന്നാണോ …”

ആൻഡ്രൂസ് ചോദിച്ചത് കേട്ടു നസിയ അനിഷ്ടത്തോടെ നോക്കി.

“എന്ത് നല്ല കാര്യം പറഞ്ഞാലും അതിനെ വളച്ചൊടിക്കുന്നത് ഒരു രസമാണ് അല്ലെ. ചക്കെന്നു പറഞ്ഞാൽ കൊക്കെന്നു കേട്ടോണം..ഇനി ഞാനൊന്നും പറയുന്നില്ല .”

പറഞ്ഞു കൊണ്ട് മുൻപോട്ടു നടന്നു.

“പറഞ്ഞോ, പറഞ്ഞോ…ഞാൻ കേട്ടോളാം “

ആൻഡ്രൂസ് അടുത്ത് കണ്ട മരത്തിൽ ചാരി നിന്നു.അതുകണ്ടു നസിയ തിരിഞ്ഞു നിന്നു.

“നിങ്ങക്കറിയാമോ? ഈ ഒരു ദിവസം ആണ് ജീവിതത്തിൽ സ്വാതന്ത്ര്യം, സന്തോഷം എന്തെന്ന് ഞാനറിഞ്ഞത്. ഓർമവച്ചനാൾ മുതൽ കണ്ടു വളർന്നത്  വീടിന്റെ നാലുച്ചുവരുകൾക്കിടയിൽ ഉപ്പയുടെ കുറ്റപ്പെടുത്തലുകളും,അടിമത്തവും അനുഭവിച്ചു കണ്ണീരുമായി കഴിഞ്ഞു കൂടുന്ന ഉമ്മയെ ആണ്. ഞാനും കാറിൽ കയറി സ്കൂളിൽ പോകുന്നു, തിരികെ കാറിൽ കയറി വീട്ടിൽ വരുന്നു. മറ്റുള്ള കുട്ടികൾക്കൊപ്പം കൂട്ടുകൂടി കളിച്ചു നടക്കുവാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ഒരു സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. അന്നും ഇന്നും. സ്ത്രികൾ വീടിനുള്ളിൽ അടങ്ങി ഒതുങ്ങി കഴിയേണ്ടവർ ആണെന്ന കാലഹരണപെട്ടെ വ്യവസ്ഥിതി ഇപ്പോഴും ചില കുടുംബങ്ങളിൽ നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് എന്റെ വീട്. ബിസിനസ്‌, പണം എന്ന് മാത്രം ചിന്തയുള്ള ഉപ്പക്ക് ഭാര്യയെയും മക്കളെയും സ്നേഹിക്കാൻ എവിടെ നേരം..പുറമേ നോക്കുന്നവർക്ക് എല്ലാം സൗകര്യത്തോടെയും ജീവിക്കുന്നു.. എന്നാൽ ഒന്നുമില്ലെന്നുള്ളതാണ് സത്യം”

നിറഞ്ഞ കണ്ണുകൾ തുടച്ചു നസിയ.

അവർ നടന്നു കുറച്ചു കൂടി നടന്നു പോയപ്പോൾ കണ്ടു മുൻപിലായി കാടിനപ്പുറത്തു വഴിയിലൂടെ വാഹനങ്ങൾ കടന്നു പോകുന്നു.

കാടിനുള്ളിൽ നിന്നും പുറത്തെത്തി വഴിയരുകിൽ നിന്ന അവരുടെ അരുകിലൂടെ ഒരുപാടു വാഹനങ്ങൾ ഇരുവശങ്ങളിലേക്കും കടന്നു പോയി കൊണ്ടിരുന്നു.

“ഇവിടെ നിന്നാൽ മതിയോ. ഏതെങ്കിലും വണ്ടിയിൽ കയറി പോകണ്ടേ “

നസിയ ചോദിച്ചു കൊണ്ടിരുന്നപ്പോൾ ആണ് ഒരു  ജീപ്പ് അവരെകടന്നു പോയത്. കുറച്ചു മുൻപോട്ടു പോയിട്ട് അത് റിവേഴ്‌സിൽ വന്നു അവരുടെ അരുകിൽ നിന്നു.

നസിയ ഭയത്തോടെ ആൻഡ്രൂസിനെ നോക്കി.

ജീപ്പിൽ നിന്നും ഇറങ്ങി വരുന്നവർ ഉപ്പയുടെ ആജ്ഞനുവർത്തികൾ ആണെന്ന് നസിയ തിരിച്ചറിഞ്ഞു.

ജീപ്പിൽ നിന്നുമിറങ്ങി കുറച്ചാളുകൾ ആയുധങ്ങളുമായി അവർക്കരികിലേക്ക് വന്നു.

“രണ്ടുപേരും ജീപ്പിലോട്ട് കയറിക്കോ. നസിയ കുഞ്ഞിനെ അന്വേഷിച്ചിറങ്ങിയതാ ഞങ്ങൾ. ഏതോ ലോറിക്കാരന്റെ കൂടെ ഒളിച്ചോടി എന്നാണ് വീട്ടിലൊക്കെ അറിഞ്ഞിരിക്കുന്നത്. കുഞ്ഞിന്റെ ഉപ്പ ആകെ കലിപ്പിലാണ്. ഉമ്മാ കരച്ചിലോടു കരച്ചിലാണ്. പോലീസിലും വിവരം അറിയിച്ചിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്നു വീട്ടിൽ എത്തി നേരിട്ടു അങ്ങ് പറഞ്ഞോ “

നസിയ അത് കേട്ടു ആൻഡ്രൂസിനെ നോക്കി.

“നീ ആരായാലും ഞങ്ങളോട് ഉടക്കാൻ നിൽക്കണ്ട. തടി കേടാകും.”

വടിവാളുമായി നിന്ന ഒരാൾ ആൻഡ്രൂസിനു മുന്നറിയിപ്പ് നൽകി.

ആൻഡ്രൂസ് ചെന്നു ജീപ്പിൽ കയറി, പുറകെ നസിയയും.

വീടിന്റെ മുൻപിൽ ചെന്നു ജീപ്പ് നിർത്തി മറ്റുള്ളവർ ഇറങ്ങി. അവസാനം നസിയയും ആൻഡ്രുസും.

അലി  കസേരയിൽ നിന്നും എഴുനേറ്റു.

“മോളെ നീ എവിടെ പോയതായിരുന്നെടി….”

അകത്ത് നിന്നും ആയിഷ ബീവി ഓടിയിറങ്ങി  നസിയയുടെ മുൻപിൽ എത്തി.

പെട്ടെന്നാണ് മുറ്റത്തു അങ്ങിങ് നിന്നവർ ആൻഡ്രൂസിനെ വളഞ്ഞത്.

“പറയടി… ഇവൻ നിന്നെ തട്ടിക്കൊണ്ടു പോയതാണോ. അതോ നീ നിന്റെ ഇഷ്ടപ്രകാരം ഇവന്റെ കൂടെ പോയതാണോ.”

അലി പല്ലിറുമ്മി കൊണ്ട് നസിയയെയും ആൻഡ്രൂസിനെയും മാറി മാറി നോക്കി.

“നിന്നെ ഇവൻ തട്ടിക്കൊണ്ടു പോയതാണെങ്കിൽ ഇന്നിവന്റെ ശവമേ ഇവിടെ നിന്നും കൊണ്ടുപോകുകയുള്ളു. അതല്ല നീ നിന്റെ ഇഷ്ടപ്രകാരം ഇവന്റെ കൂടെ പോയതാണെങ്കിൽ രണ്ടിനെയും കത്തിക്കും ഞാൻ. ഇങ്ങനെ ഒരു മകൾ എനിക്കില്ലന്ന് അങ്ങ് വയ്ക്കും ഞാൻ”

കലികൊണ്ട് വിറഞ്ഞു തുള്ളി നിൽക്കുന്ന ഹക്കിം അലിയുടെ നേരെ തിരിഞ്ഞു നസിയ.

“എന്നെ കുറച്ചാളുകൾ ഉപദ്രെവിക്കാൻ വന്നപ്പോൾ ഈ നിൽക്കുന്ന ആളാണ് തന്റെ ലോറിയിൽ കയറ്റി രക്ഷപ്പെടുത്തിയത്. അതിന്റെ പേരിൽ ഇയാൾക്ക് ആ ലോറിയും നഷ്ടമായി. അല്ലാതെ ഞങ്ങൾ ഒളിച്ചോടിയതൊന്നുമല്ല. ആളുകൾ പലതും പറഞ്ഞ് പരത്തും. കുടുംബം തുല്ക്കാൻ… അതുകേട്ടു ഉപ്പ എന്തിനാ ഇങ്ങനെ തുള്ളുന്നത് “

നസിയ ചോദിച്ചത് കേട്ടു അലി അവളെ രൂക്ഷമായി നോക്കി.

“ഈ വീട്ടിൽ പെടക്കോഴി കൂവണ്ട. അത് ഞാൻ മയ്യത്തായിട്ട് മതി.”

അയാളുടെ താക്കീതു ആയിഷ ബീവിക്കു നേരെ ആയിരുന്നു.

“നീ വാ മോളെ… അകത്തേക്ക് പോ “

ആയിഷ നസിയയുടെ കയ്യിൽ പിടിച്ചു വലിച്ചു അകത്തേക്ക് കൊണ്ടുപോയി.

“നിന്റെ പേരെന്താടാ… എവിടെയുള്ളതാ “

ഹക്കിം അലി ആൻഡ്രൂസിനെ നോക്കി.

“ആൻഡ്രൂസ്…. എവിടെ ഉള്ളതാ എന്ന് ചോദിച്ചാൽ പ്രേത്യേകിച്ചു ഒരു സ്ഥലം ഇല്ല “

ആൻഡ്രൂസിന്റെ ഉദാസീനമായ മറുപടി അലിയെ വീണ്ടും കോപിഷ്ടനാക്കി.

“നിനക്കെന്താടാ ചോദിക്കുന്ന കാര്യത്തിന് മറുപടി പറയുമ്പോൾ ഒരു പുച്ഛം. ഇങ്ങോട്ട് മാറി നിൽക്കേടാ “

ഹക്കിം അലിയുടെ  നിർദേശത്തെ ആൻഡ്രൂസ് അവഗണിച്ചു നിന്നതും പുറകിൽ നിന്നവൻ ആൻഡ്രൂസിന്റെ കഴുത്തിൽ പിടിച്ചൊരു തള്ളുകൊടുത്തു അലിയുടെ മുൻപിലേക്കു…

അത് കണ്ടു ചുറ്റും നിന്നവർ പരിഹാസത്തോടെ ചിരിച്ചു.

“എടാ ഹമുക്കേ… എന്റെ മോളു പറഞ്ഞത് അപ്പാടെ ഞാൻ വിഴുങ്ങിയിട്ടില്ല. നീ പറ.. എന്റെ മോളെ തട്ടിക്കൊണ്ടു പോകാൻ വന്നു എന്ന് പറയുന്നവർ ആരാ? ആർക്കാ അതിനുള്ള ധൈര്യം ഉള്ളത്. പിന്നെ ഇന്നലെ രാത്രി എന്റെ മോളെയും കൊണ്ട് നീ എവിടെ ആയിരുന്നു. നീ അവളെ ഉപദ്രവിക്കുകയോ മറ്റൊ ചെയ്തോ… ഇതിനൊക്കെ മറുപടി പറഞ്ഞിട്ട് നീ ഇവിടെ നിന്നും പോയാൽ മതി “

മുൻപിൽ നിൽക്കുന്ന ആൻഡ്രൂസിന്റെ തോളിൽ പിടിച്ചു ഹക്കിം അലി മുരണ്ടു.

“നിങ്ങടെ മകളെ തട്ടിക്കൊണ്ടു പോകുവാൻ വന്നവരാരെന്നു അവളോടു പോയി ചോദിക്ക്. എനിക്കറിയാൻ മേലാ. പിന്നെ രാത്രി ഞങ്ങൾ ഒരുമിച്ച കഴിഞ്ഞത്. എന്ന് വച്ചാൽ കെട്ടിമറിഞ്ഞു ശരീരം പങ്കുവച്ചെന്നല്ല. മറിച്ചു നിങ്ങടെ മോളെ ഒരു കേടും കൂടാതെ ഇവിടെ എത്തിക്കാൻ നോക്കി. കാണാൻ കൊള്ളാവുന്ന തൊലിവെളുത്ത പെണ്ണിനെ കാണുമ്പോൾ, കാമം മൂത്ത് കേറിപിടിക്കുന്ന നട്ടെല്ലില്ലാത്ത കഴുവേറികളെയെ താൻ കണ്ടിട്ടുള്ളു. പെണ്ണ് എന്ന് പറഞ്ഞാൽ ഇത്രയൊക്കെയേ ഉള്ളു എന്ന് തിരിച്ചറിവുള്ള ആണായി പിറന്ന ഒരുത്തനും കന്നിമാസത്തിലെ പട്ടിയെ പോലെ പുറകെ മണത്തു പോകത്തില്ല.ഞാൻ ആ ഗണത്തിൽ പെട്ടവനല്ല . പെണ്ണിനോട് സ്നേഹം തോന്നും, പ്രണയം തോന്നും, , ബഹുമാനവും തോന്നും . എന്നാൽ  ആർത്തി തോന്നിയിട്ടില്ല.. ആപത്തിൽ പെട്ട തന്റെ മോളെ ജീവന്മരണപോരാട്ടം നടത്തി രക്ഷിച്ചു ഇവിടെ കൊണ്ട് വന്നപ്പോൾ ഒരു നന്ദി വാക്ക് പ്രേതീക്ഷിച്ചു. എന്നാൽ അതിന് പകരം  നാലരചക്രത്തിനു വാടകക്കെടുത്ത ഈ കിഴങ്ങന്മാരെ വച്ചു എന്നെ അങ്ങ് ഉലത്തി കളയാം  എന്ന് വിചാരിച്ച താൻ എന്തൊരു തന്തായാടോ.  അതിന് പകരം വന്നതോ ഭീക്ഷണി. ആണുങ്ങളോട് നേർക്കുനേരെ നിന്ന ശീലമേ ഈ ആൻഡ്രുസിനുള്ളു.”

അഴിഞ്ഞു പോയ മുണ്ടെടുത്തു മടക്കി കുത്തി ആൻഡ്രൂസ്.

“എടാ കൊച്ചനെ ഇവിടെ കിടന്നു അധികം നെഗളിക്കാതെ പോകാൻ നോക്ക്.നീ എനിക്ക് പറ്റിയ തണ്ടി അല്ല  “

ഹക്കിം അലി ചെരിഞ്ഞു  തലയിലിരുന്ന തൊപ്പി നേരെ ആക്കിയിട്ടു.

ആൻഡ്രൂസ് തനിക്കു ചുറ്റും നിൽക്കുന്നവരെ നോക്കി.

പെട്ടെന്ന് വെട്ടിതിരിഞ്ഞു പുറകിൽ നിന്നവന്റെ മുഖമടച്ചു ഒരടി അടിച്ചു!!

ആ ഒരടിയിൽ അവൻ കറങ്ങി അലിയുടെ കാൽ ചുവട്ടിലേക്കു വീണു.

“നീ പുറകിൽ നിന്നും എന്നെ പിടിച്ചു തള്ളി. നിന്നെ മുൻപിൽ നിന്നു ഞാനടിച്ചു. ഓരോന്ന് അങ്ങോട്ടും ഇങ്ങോട്ടും ആയി. കളി ഇവിടെ ക്ലോസ് “

ആൻഡ്രൂസ് പറഞ്ഞതും ചുറ്റും നിന്നവർ ആക്രമിക്കുവാൻ മുൻപോട്ടു നീങ്ങിയതും ഗേറ്റ് കടന്നു ഒരു പോലിസ് ജീപ്പ് അകത്തേക്ക് കയറി വന്നതും ഏകദേശം ഒരേ സമയത്തായിരുന്നു.

ജീപ്പിൽ നിന്നും എസ് പി വിദ്യാസഗറും എസ് ഐ മോഹനും കുറച്ചു കോൺസ്റ്റബിൾ മാരും ഇറങ്ങി.

വിദ്യാസാഗർ ഇറങ്ങി മുറ്റത്തു നിൽക്കുന്നവരെ എല്ലാം ഒന്ന്‌ നോക്കി.

“ഇതിൽ ആരുടെ മകളെ ആണ് കാണാതായതായി പരാതി കൊടുത്തത് “

വിദ്യാസാഗർ ചോദിച്ചു കൊണ്ട് മോഹനേ നോക്കി.

“എന്റെ മോളെയാ കാണാതെ പോയത്. കൊണ്ടുപോയത് ഈ നിൽക്കുന്നവനാ “

മുൻപിൽ നിൽക്കുന്ന ആൻഡ്രൂസിനെ ചൂണ്ടി ഹക്കിം അലി പറഞ്ഞു.

“ഇപ്പൊ മോളെയും കൊണ്ട് ഇവനിവിടെ വന്നതേയുള്ളു. സാറ് ഇവനെ കൊണ്ടുപോയി നന്നായൊന്നു ചോദ്യം ചെയ്തു കാര്യങ്ങൾ മനസ്സിലാക്കണം. ഒരു രാത്രി മുഴുവൻ എന്റെ മോളെയും കൊണ്ടിവൻ നടന്നു.ലോറിയും ഓടിച്ചു കള്ളും പെണ്ണും കഞ്ചാവും ആയി നടക്കുന്ന ഇവനെ പോലുള്ളവന്മാരിൽ നിന്നും നല്ലതൊന്നും പ്രതീക്ഷിക്കുവാൻ പറ്റുമോ സാറെ “

അലിയുടെ വാക്കുകൾ കേട്ടു വിദ്യാസാഗർ ആൻഡ്രൂസിനെ നോക്കി.

“ഇദ്ദേഹം പറഞ്ഞതൊക്കെ ശരിയാണോടാ “

ആൻഡ്രൂസിനോട് ചോദിച്ചു കൊണ്ട് തൊപ്പി ഊരി ജീപ്പിന്റെ ബോണറ്റിൽ വച്ചു.

“ശരിയല്ല സാറെ…. ഞങ്ങളെ പോലുള്ളവർ എന്ത് നല്ലകാര്യം ചെയ്താലും അത് മോശമായേ വ്യാഖ്യനിക്കപെടൂ. സാറ് ആ പെങ്കൊച്ചിനെ വിളിച്ചു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി എന്നെ എന്റെ പാട്ടിനു വിട് “

ആൻഡ്രൂസ് അനിഷ്ടത്തോടെ പറഞ്ഞു.

“നിന്നെ പറഞ്ഞ് വിടണോ, എടുത്തോണ്ട് പോകണോ എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം. മിണ്ടാതെ അവിടെ നിന്നോ “

പറഞ്ഞിട്ട് വിദ്യാസാഗർ എസ് ഐ മോഹനെനെ നോക്കി.

“അകത്തേക്ക് ചെന്നു ആ പെങ്കൊച്ചിനെ വിളിച്ചു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്ക് “

എസ് പി യുടെ നിർദേശം കിട്ടിയതും മോഹനും രണ്ട് പോലീസുകാരും വീടിനുള്ളിലേക്ക് പോയി.

കുറച്ചു നിമിഷങ്ങൾക്കുള്ളിൽ അവർ തിരിച്ചു വന്നു വിദ്യാസാഗറെ മാറ്റി നിർത്തി കാര്യങ്ങൾ വിശദീകരിച്ചു.

തിരികെ വന്ന വിദ്യാസാഗർ അലിയുടെ മുൻപിലെത്തി.

“താങ്കളുടെ മകളുടെ മൊഴി എടുത്തിട്ടുണ്ട്. എന്നാൽ അസ്വഭാവികമായി ഒന്നും അവരിൽ നിന്നും കിട്ടിയിട്ടില്ല. എങ്കിലും ഇയാളെ ഞങ്ങൾ പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയാണ്. നടന്ന കാര്യങ്ങളൊക്കെയും എഴുതി ഒപ്പിടുവിച്ച ശേഷമേ വിടുകയുള്ളു. രണ്ടുപേരും പറഞ്ഞ കാര്യങ്ങളിൽ വൈരുധ്യം ഉണ്ടോ എന്നൊന്ന് പരിശോധിക്കട്ടെ.”

വിദ്യാസാഗർ തൊപ്പിയെടുത്തു തലയിൽ വച്ചു.പിന്നെ ആൻഡ്രൂസിനെ നോക്കി.

“ജീപ്പിലോട്ട് കേറിക്കോ. സ്റ്റേഷനിലേക്ക് പോകാം “

വിദ്യാസാഗർ നിർദേശിച്ചത് കേട്ടു ആൻഡ്രൂസ് അമ്പരന്നു പോയി.

“സാറെ ഞാനൊരു തെറ്റും ചെയ്തിട്ടില്ല. ഇയാളുടെ മകളെ രക്ഷിച്ചു എന്നൊരു കാര്യം മാത്രമേ ചെയ്തിട്ടുള്ളു. അത് തെറ്റാണോ? ആ പെൺകൊച്ചു എനിക്കെതിരെ എന്തെങ്കിലും പറഞ്ഞോ”?

വിദ്യാസാഗർ ആൻഡ്രൂസിനെ രൂക്ഷമായി നോക്കി.

“സ്റ്റേഷനിൽ ചെന്നിട്ടു കേൾക്കാം കഥപ്രെസംഗം. പിന്നെ ആര് തെറ്റുചെയ്തു ചെയ്തില്ല എന്നതൊക്കെ ഞങ്ങൾ തീരുമാനിച്ചോളാം “

വിദ്യാസാഗർ മുൻസീറ്റിൽ കയറി ഇരുന്നു.

“ആൻഡ്രൂസെ.. സാറ് പറഞ്ഞത് കേട്ടില്ലേ. ജീപ്പിൽ കേറ് “

എസ് ഐ മോഹനും മടിച്ചു നിൽക്കുന്ന ആൻഡ്രൂസിനെ നോക്കി.

ആൻഡ്രൂസ് കയറിയതും ജീപ്പ് ഗേറ്റ് കടന്നു പുറത്തേക്കു നീങ്ങി.

സ്റ്റേഷന് മുൻപിൽ ജീപ്പ് നിർത്തി എല്ലാവരും പുറത്തിറങ്ങി.

“ആൻഡ്രൂസേ.. നീ പോയി വരാന്തയിൽ കിടക്കുന്ന ആ ബെഞ്ചിൽ ഇരുന്നോ. സാറ് വിളിക്കുമ്പോൾ അകത്തേക്ക് വന്നാൽ മതി “

എസ് ഐ മോഹനൻ പറഞ്ഞിട്ട് അകത്തേക്ക് കയറി പോയി.

വിദ്യാസാഗർ മുറിയിലെത്തി  കസേരയിൽ ഇരുന്നു തൊപ്പി ഊരി മേശമേൽ  വയ്ക്കുമ്പോൾ  ഫോൺ ശബ്ദിച്ചു.

“സാറെ.. കോടതിയിലോട്ടു കൊണ്ടുപോകുന്ന വഴിക്ക് ആ വരാൽ ജെയ്‌സൺ രക്ഷപെട്ടു. കൂടെയുള്ളവന്മാരെ ഓടിച്ചിട്ട് പിടിച്ചു.അവന്മാത്രം രക്ഷപെട്ടു”.

മറുതലക്കൽ സി ഐ മൈക്കിൾ ആയിരുന്നു.

“ബുൾ ഷിറ്റ്…. താനൊക്കെ എന്ത് നോക്കി നിൽക്കുകയായിരുന്നെടോ. കഞ്ചാവ് കേസിൽ പിടിച്ച ഒരുത്തൻ ആണ് അവൻ. പോയി തപ്പിയെടുത്തിട്ടു എന്നെ വിളിച്ചാൽ മതി. വിത്ത് ഇൻ ട്വന്റി ഫോർ ഹൗഴ്സ്, ഐ ഷുഡ് ഗെറ്റ് ഹിം “

കോപത്തോടെ വിദ്യാസാഗർ ഫോൺ കട്ടാക്കി.

“മോഹൻ, അവനെ വിളിച്ചു ഒപ്പിടീച്ചു വിട്ടേക്ക്. ആ പെണ്ണിന് പരാതിയില്ലല്ലോ. മാത്രമല്ല ഈ ആൻഡ്രൂസ് എന്ന് പറയുന്നവൻ ആ പെങ്കൊച്ചിനെ ജീവൻ പണയം വച്ചു രക്ഷപ്പെടുത്തുകയല്ലേ ചെയ്തത്. ഇന്നത്തെ കാലത്തു നല്ലത് ചെയ്യാൻ പോയാലും പ്രശ്നം ആണ് “

വിദ്യാസാഗർ ഷെൽഫിൽ നിന്നും ഏതോ ഫയൽ തപ്പിയെടുത്തു മേശമേൽ വച്ചു.

ഒപ്പിട്ടു ആൻഡ്രൂസ് പോകാൻ ഇറങ്ങുമ്പോൾ ആണ് വിദ്യാസാഗർ അങ്ങോട്ട്‌ വന്നത്.

“ആൻഡ്രൂസ്…. നീ സഹായിക്കാൻ പോകുമ്പോൾ ആളും തരവും നോക്കിക്കോണം. ഇല്ലെങ്കിൽ ഇതുപോലെ പോലിസ് സ്റ്റേഷൻ കേറി ഇറങ്ങേണ്ടി വരും “

വിദ്യാസാഗർ പറഞ്ഞത് കേട്ടു ആൻഡ്രൂസ് ചിരിച്ചു.

“അറിയാം സാറെ… അവരെ പോലെ കാശുള്ളവർക്ക് കുതിരകേറാൻ എന്നെ പോലെ പാവപെട്ടവനെയല്ലേ കിട്ടുകയുള്ളു. ആ പെൺകൊച്ചു കാലുമാറി ഞാൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്ന് പറയാഞ്ഞത് എന്റെ ഭാഗ്യം. ഇപ്പോഴുള്ള ഒന്നിനെയും വിശ്വസിക്കാൻ കൊള്ളത്തില്ല സാറെ. തരം കിട്ടിയാൽ തിരിഞ്ഞു കൊത്തും. ഞാൻ പോകുവാ”

ആൻഡ്രൂസ് പോലീസ്റ്റേഷനിൽ നിന്നും മുറ്റത്തുകൂടി വഴിയിലേക്ക് നടന്നു.

********************************-***********

ഞായറാഴ്ച വൈകുന്നേരം പള്ളിയിൽ കുർബാനക്ക് തൊമ്മിച്ചനും കുര്യച്ചനും വീട്ടുകാരും ഒരുമിച്ചാണ് പോയത്.

ഷേർലി ഇന്നലെ കോട്ടയത്ത്‌ നിന്നും എത്തിയിരുന്നു.

കുർബാന കഴിഞ്ഞു ഫാദർ തോമസ് കല്ലറക്കലിന്റെ പ്രസംഗം നടന്നു കൊണ്ടിരിക്കുമ്പോൾ ആണ്  ഏലികുട്ടി അടുത്ത് നിൽക്കുന്ന മോളിയെ കണ്ടത്.

“മോളി.. കണ്ടിട്ട് കുറെ ആയല്ലോ. ജോസ്ക്കുട്ടിയും വറീത് ഇച്ചായനും വന്നില്ലയോ “

ഏലികുട്ടി അടക്കിപിടിച്ച സ്വരത്തിൽ ചോദിച്ചു.

“വന്നിട്ടുണ്ട് ഏലികുട്ടി.. പുറകിൽ എവിടെയോ ഉണ്ട് “

മോളി അച്ചന്റെ പ്രെഭക്ഷണത്തിലേക്ക് ശ്രെദ്ധ തിരിച്ചു.

പള്ളിയിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ ആണ് ഏലികുട്ടിയുടെ കൂടെ ഷേർളിയെയും ഷൈനിയെയും കണ്ടത്. റോസ്‌ലിൻ ജിക്കുമോനെയും കൊണ്ട് തിരുരൂപത്തിന് മുൻപിൽ എണ്ണ ഒഴിക്കുവാൻ പോയിരുന്നു.

“ഇതു രണ്ടുപേരുമാണോ ഏലികുട്ടി നിന്റെ മക്കൾ “

മോളി പെൺകുട്ടികളെ നോക്കി ചോദിച്ചു.

“മോളി ചെറുപ്പത്തിലേ കണ്ടിട്ടുള്ളതല്ലേ. ഇപ്പൊ വളർന്നുപോയി. ഒരാൾ നഴ്സിങ്ങിന് പഠിക്കുന്നു. രണ്ടാമത്തെ ആള് ഡിഗ്രിക്ക് പഠിക്കുന്നു “

ഏലികുട്ടി പറഞ്ഞപ്പോൾ മോളിയുടെ മുഖത്തു നിരാശ ബാധിച്ചു.

“ഇതുപോലുള്ള ഒരു മോളെ കർത്താവ് എനിക്കും തന്നതാ. പക്ഷെ കണ്ടു കൊതിതീരും മുന്പ് തിരിച്ചെടുത്തു “

അത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു വന്നു.

“എല്ലാം കർത്താവിന്റെ തീരുമാനങ്ങൾ അല്ലെ മോളി.ആ കല്പനകൾ അനുസരിക്കുക. അത്രതന്നെ. ജോസക്കുട്ടിക്ക് ഇപ്പൊ എന്താ ജോലി “

വിഷയം മാറ്റാൻ ഏലികുട്ടി ചോദിച്ചു.

“അവൻ ബിടെക് പാസായതാ. വീട്ടിലാരും ഇല്ലാത്തത് കൊണ്ട് ഇപ്പോൾ വീട്ടിലെ കൃഷിപ്പണി ഒക്കെ ചെയ്തു കുടുംബം നോക്കുന്നു. അവനെ ഉടനെ കെട്ടിക്കണം. അതാ ഇപ്പോഴത്തെ ചിന്ത”

മോളി അത് പറയുമ്പോൾ നോട്ടം ഷേർളിയിലും ഷൈനിയിലും ആയിരുന്നു. അത് മനസ്സിലാക്കിയിട്ടേന്നോണം ഏലികുട്ടി പറഞ്ഞു.

“ഷേർലിക്കു കുര്യച്ചായന്റെ മകൻ റോജിയെ പറഞ്ഞ് വച്ചിരിക്കുവാ. ഇവളുടെ പഠിത്തം കഴിഞ്ഞാൽ ഉടനെ കെട്ടിക്കണം.”

അവർ സംസാരിച്ചു  കൊണ്ട് നിൽക്കുമ്പോൾ കുര്യച്ചനും കുഞ്ഞന്നമ്മയും ജിൻസിയും അങ്ങോട്ട്‌ വന്നു.കുറച്ചു മാറി നിന്ന്  തൊമ്മിച്ചൻ വറീതും ജോസ്ക്കുട്ടിയും ആയി സംസാരിച്ചു നിൽക്കുകയായിരുന്നു.

ജോസക്കുട്ടി ഇടക്കിടെ തന്നെ ശ്രെദ്ധിക്കുന്നത് ഷൈനി കണ്ടു. എന്നാൽ അവൾ അത് കാണാത്ത ഭാവത്തിൽ നിന്നു.

തിരിച്ചു വീട്ടിലേക്കു പോകുമ്പോൾ ജിക്കുമോൻ ഷേർലിയുടെ കയ്യിൽ തൂങ്ങി നടന്നു.

“ഇത്രയും കാലം അവന് എന്നെ മതിയായിരുന്നു. പുതിയ ചേച്ചിയെ കിട്ടിയപ്പോൾ എന്നെ മൈൻഡ് പോലും ചെയ്യുന്നില്ല “

ഷൈനി ജിക്കുമോന്റെ തലയിൽ തോണ്ടികൊണ്ട് പറഞ്ഞു.

ജിക്കുമോൻ തിരിഞ്ഞു ഷൈനിയെ നോക്കി ചിരിച്ചു.

വീട് അടുക്കാറായപ്പോൾ കുര്യച്ചനും കുഞ്ഞന്നമ്മയും ജിൻസിയും യാത്രപറഞ്ഞു പോയി അവരുടെ വീട്ടിലേക്കു പോകുന്ന വഴിക്ക് തിരിഞ്ഞു.

തൊമ്മിച്ചൻ ജിക്കുമോനെ എടുത്തു തോളിൽ വച്ചു . റോസ്‌ലിനോട് ഓരോ തമാശകൾ പറഞ്ഞു ഷേർലിയും ഷൈനിയും ഇരുവശങ്ങളിലുമായി നടന്നു

രാത്രിയിൽ കുരിശു വരച്ചു അത്താഴം കഴിച്ച ശേഷം  ഷൈനിയും ഷേർലിയും റോസ്‌ലിന്റെ അടുത്ത് പോയി, ഷേർലി കോട്ടയത്തെ നഴ്സിംഗ് വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു . അതിനിടക്ക് ഷൈനിയുടെ മടിയിൽ ഇരുന്നു ജിക്കുമോൻ ഉറങ്ങി പോയി.

പത്തര കഴിഞ്ഞപ്പോൾ ഷേർലിയും ഷൈനിയും അവരുടെ മുറിയിലേക്ക് പോയി.

ജിക്കുമോനെ കട്ടിലിൽ കിടത്തി റോസ്‌ലിനും കൂടെ കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നു ഒരുമണി ആയിട്ടും ഉറക്കം വരാത്തതിനാൽ റോസ്‌ലിൻ കട്ടിലിൽ എഴുനേറ്റിരുന്നു.

ഇടക്ക് നോട്ടം ജനാലയുടെ നേർക്കു നീണ്ടപ്പോൾ ആണ് കണ്ടത്.

ജനാലയുടെ പുറത്ത് ആരോ നിൽക്കുന്നപോലെ ഒരു നിഴൽ!!!

റോസ്‌ലിൻ ശബ്‌ദം ഉണ്ടാക്കാതെ ജനാലയുടെ അടുത്ത് ചെന്നു കാതോർത്തു. കുറച്ചു നേരം നിന്നിട്ടും പ്രേത്യേകിച്ചും ശബ്ദമൊന്നും കേട്ടില്ല.

റോസ്‌ലിൻ മെല്ലെ ഒരു ജനൽപാളിയുടെ കൊളുത്ത് എടുത്തു മെല്ലെ പകുതി തുറന്നു പുറത്തേക്കു നോക്കി.

നിലാവ് വീണു കിടക്കുന്ന മുറ്റത്തു ആരെയും കണ്ടില്ല. കുറച്ചു നേരം നോക്കി നിന്നശേഷം ജനൽപ്പാളി അടക്കുവാൻ തുടങ്ങുമ്പോൾ ആണ് മുറ്റതേക്ക് ഒരാൾ കടന്നു വന്നത്.

പുറം തിരിഞ്ഞു നിന്ന അയാൾ ചുറ്റുപാടും നോക്കുനുണ്ടായിരുന്നു. പെട്ടെന്ന് അയാൾ വീടിനഭിമുഖമായി തിരിഞ്ഞു.

അയാളുടെ മുഖം വ്യെക്തമായി കണ്ട റോസ്‌ലിൻ ഞെട്ടിപ്പോയി!!

വരാൽ ജെയ്‌സൺ!!

തന്റെ ഭർത്താവായിരുന്ന, തന്റെ കുഞ്ഞിനെ ചവിട്ടിക്കൊന്നു ജയിലിൽ കഴിയുന്ന ആൾ!!!!!

                           (തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!