Skip to content

ആരോ ഒരാൾ – 23

aaro oral by sooryakanthi aksharathalukal novel

“മറ്റന്നാളല്ലേ ഇവർക്ക് രണ്ടു പേർക്കും ചെക്കപ്പിന് പോവേണ്ടത്..? ”

എല്ലാവരും ഡൈനിങ്ങ് റൂമിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനിടെ
സുദേവനാണ് ചോദിച്ചത്..

“ഹാ പറഞ്ഞത് പോലെ അത് മറ്റന്നാളാണല്ലോ ഞാനത് മറന്നു.. നാളെ എനിക്കൊരു ഇമ്പോർട്ടന്റ്റ്‌ മീറ്റിംഗ് ഉണ്ട്.. ”

നരേന്ദ്രൻ പറഞ്ഞു..

“അതിനെന്താ.. ജെയിംസ് ഉണ്ടല്ലോ അവരുടെ കൂടെ.. ”

രാജശേഖരനാണ് പറഞ്ഞത്..
താരയുടെ വല്യച്ഛൻ…ആള് എത്തിയിട്ട് രണ്ടു ദിവസമായതേയുളളൂ..മിനിസ്റ്ററാണ്.. ഉപേന്ദ്രവർമ്മയുടെ പാത പിന്തുടർന്നാണ് രാജനും രാഷ്രീയത്തിലേക്ക് കടന്നത്.. ക്യാബിനറ്റ് മിനിസ്റ്റർ ആയിരുന്ന ഉപേന്ദ്രൻ രാഷ്ട്രീയം ഒക്കെ ഉപേക്ഷിച്ചെങ്കിലും രാജശേഖരൻ ആ വഴി തന്നെ നടന്നു..

രാജൻ പറഞ്ഞത് ശരി വെച്ചു കൊണ്ടു ജെയിംസ് തലയാട്ടി.

സുദേവനൊഴികെ മറ്റെല്ലാവരും താരയുടെ ഭർത്താവായി ജെയിംസിനെ അംഗീകരിച്ചു കഴിഞ്ഞിരുന്നു.. പക്ഷെ സുദേവൻ ഇപ്പോഴും ജെയിംസിനെ സംശയദൃഷ്ടിയോടെയേ നോക്കാറുള്ളൂ…

അന്ന് ഉണ്ടായ ആക്‌സിഡന്റിൽ താരയെന്ന പേരിൽ മറവു ചെയ്ത മൃതദേഹം പുറത്തെടുത്തു ടെസ്റ്റുകൾ നടത്തിയിട്ടും ആളാരാണെന്നതിൽ ഒരു തുമ്പും കിട്ടിയിട്ടില്ലെന്ന് രാജശേഖരനുമായി സംസാരിക്കുന്നതിനിടയിൽ സുദേവൻ പറയുന്നത് ജെയിംസ് കേട്ടിരുന്നു.തുടരന്വേഷണം വഴി മുട്ടി നിൽക്കുകയാണ്.. വഴിയിൽ നിർത്തിയിട്ടിരുന്ന താരയുടെ കാർ ആരോ ബോഡി ഡംബ് ചെയ്യാനായി ഉപയോഗിച്ചു എന്ന നിഗമനത്തിലാണ് പോലീസ്..

“നാളെ പോവുമ്പോൾ താരയെ ഒന്ന് പ്രത്യേകം ശ്രെദ്ധിക്കണം.. ”

വർമ്മയോട് ഗുഡ് നൈറ്റ്‌ പറഞ്ഞു ബെഡ് റൂമിലേക്ക് നടക്കുന്നതിനിടെയാണ് അദ്ദേഹം പതിയെ ജെയിംസിനോട് പറഞ്ഞത്..

താര ബാൽക്കണിയിലായിരുന്നു.. പുറത്തെ ലൈറ്റ് ഇട്ടിരുന്നില്ല.. നേർത്ത വെളിച്ചത്തിൽ റൈലിങ്ങിൽ കൈകൾ വെച്ചു പുറത്തെ ഇരുട്ടിലേക്ക് നോക്കി നിന്നിരുന്ന താരയുടെ പിറകിലായി നിന്നു അവളുടെ മുടിയിലേക്ക് മുഖം ചേർത്താണ് ജെയിംസ് ചോദിച്ചത്..

“മാഡം കടുത്ത ആലോചനയിലാണല്ലോ.. ”

താര തന്നെ ചുറ്റിയ അവന്റെ കൈകളിൽ പിടിച്ചു..

“ഇപ്പോൾ ഞാൻ മരണത്തെ പേടിക്കുന്നുണ്ട് ഇച്ചായാ.. ”

നേർത്ത ശബ്ദത്തിൽ അവളത് പറഞ്ഞതും ജെയിംസ് ഇത്തിരി ബലമായി തന്നെ അവളെ പിടിച്ചു തനിക്ക് അഭിമുഖമായി നിർത്തി
.
“എന്നാ പറ്റി എന്റെ കൊച്ചിന്.. ”

അവളുടെ മുഖം പിടിച്ചുയർത്തി കൊണ്ടാണ് അയാൾ ചോദിച്ചത്..

“അറിയില്ല ഇച്ചായാ, എന്തോ ഒരു പേടി ഇപ്പോൾ എന്റെ മനസ്സിലുണ്ട്.. ജീവിതത്തെ സ്നേഹിച്ചു തുടങ്ങിയിട്ടേയുള്ളൂ ഞാൻ..”

അവളുടെ സ്വരം ഇടറിയിരുന്നു.. ജയിംസിന്റെ നെഞ്ചിലൊരു നീറ്റൽ പടർന്നു..

എന്തുകൊണ്ടാണ് ഈ പെൺകുട്ടിയ്ക്ക് തന്നിൽ ഇത്രയും സ്വാധീനം ചെലുത്താൻ കഴിയുന്നതെന്ന് എത്ര ആലോചിച്ചിട്ടും ജെയിംസിന് മനസ്സിലാവുന്നുണ്ടായിരുന്നില്ല
അവളുടെ ഓരോ ഭാവങ്ങളും മനസ്സിൽ പതിയുന്നുണ്ട്.. അപകടത്തിൽ പെട്ട ഒരു പെൺകുട്ടിയുടെ രക്ഷകൻ എന്നതിലുപരി അവൾക്ക് ഒരു പോറൽ പോലും ഏല്ക്കുന്നത് തനിക്ക് ഇപ്പോൾ ആലോചിക്കാൻ പോലും വയ്യ..
ജയിംസിന്റെ പിടുത്തം അയാളറിയാതെ തന്നെ മുറുകുന്നുണ്ടായിരുന്നു..

“സത്യത്തിൽ ഈ വെട്ടുപോത്ത്‌ എന്നെങ്കിലും എന്നെ തിരിച്ചു സ്നേഹിക്കുമെന്ന് എനിക്കൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല.. ”

താര പറഞ്ഞത് കേട്ട് ജെയിംസ് പതിഞ്ഞ ശബ്ദത്തിൽ ചിരിച്ചു.. പിന്നെ ചോദിച്ചു..

“എന്നിട്ടാണോ കൊച്ച് എന്റെ പിന്നാലെ വാല് പോലെ നടന്നത്.. ”

താര തല താഴ്ത്തികൊണ്ട് പറഞ്ഞു..

“അത് ചുമ്മാ ഒരു പരീക്ഷണം.. ”

ഒരു നിമിഷം കഴിഞ്ഞു ജെയിംസ് പെട്ടെന്ന് എന്തോ ഓർത്തത് പോലെ മുഖം പിടിച്ചുയർത്തി ചോദിച്ചു..

“എന്നാടി നീയിപ്പോ എന്നെ വിളിച്ചേ.. ”

“അത്.. ഞാൻ.. ”

താര കള്ളച്ചിരിയോടെ ജെയിംസിനെ നോക്കി കണ്ണിറുക്കി..

“ഈ കൊച്ചു ഇച്ചായന്റെ കയ്യീന്ന് കൊറേ വാങ്ങിക്കൂട്ടുമേ.. ”

ജെയിംസ് ചിരിയോടെ പറഞ്ഞതും താര മെല്ലെ അയാളുടെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.. ജെയിംസ് അവളെ ചേർത്തു പിടിച്ചു..

ആ നിമിഷം അയാളുടെ മനസ്സിൽ മറ്റൊന്നും മറ്റാരും ഉണ്ടായിരുന്നില്ല.. അയാളുടെ നെഞ്ചിൽ ചേർന്നു നിന്ന ആ പെൺകുട്ടിയല്ലാതെ..

“താര, ഒരു പക്ഷെ താൻ ആഗ്രഹിക്കുന്ന വിധത്തിലുള്ളൊരു ലൈഫ് പാർട്ണർ ആകാനോ, സ്നേഹം പ്രകടിപ്പിക്കാനോ എനിക്ക് കഴിഞ്ഞെന്ന് വരത്തില്ല.. എന്നാ ഒക്കെ പറഞ്ഞാലും എന്റെ പ്രായം,എന്റെ ജീവിതത്തിലുണ്ടായ ദുരനുഭവങ്ങൾ ഇതെല്ലാം പ്രശ്നങ്ങൾ തന്നെയാണ്.. ഞാൻ ഇങ്ങനെയൊക്കെയാണ്.. സ്നേഹം വന്നാലും ദേഷ്യം വന്നാലും അതൊക്കെ പ്രകടിപ്പിക്കും.. മനസ്സിൽ ഒളിച്ചു വെക്കാൻ അറിയത്തില്ല..പിന്നീടൊരിക്കൽ ഇതൊന്നും വേണ്ടായിരുന്നുവെന്ന് തോന്നരുത് ”

“ഒരുപാട് വല്യ മോഹങ്ങളും സ്വപ്നങ്ങളുമൊന്നും എനിക്കുണ്ടായിരുന്നില്ല ഇച്ചായാ.. എന്റെ കൊച്ചു കൊച്ചു വട്ടുകൾക്ക് കൂട്ടുനിൽക്കുന്ന, എന്നെ മനസ്സിലാക്കുന്ന, ജീവനെപോലെ സ്നേഹിക്കുന്ന ഒരാൾ.. എന്റേത് മാത്രമായ ഒരാൾ.. അത്രയേ വേണ്ടൂ.. ”

ജെയിംസ് ചിരിച്ചു..

“ആഹാ, കേൾക്കട്ടെ വട്ടു ഡോക്ടറുടെ സങ്കല്പങ്ങൾ.. ”

താര മുഖം വീർപ്പിച്ചു..അകന്നു മാറാൻ ശ്രെമിച്ചതും അയാൾ വിട്ടില്ല..

“നീ ശരിക്കും ഡോക്ടർ തന്നെയാണോടി കൊച്ചേ.. ”

“നിങ്ങടെയാ കലിപ്പൻ സ്വഭാവം മാറ്റിയെടുത്തു വളച്ചൊടിച്ചു കുപ്പീലാക്കിട്ടും കിളവന് മനസ്സിലായില്ല്യാ.. ”

“ഡീ നിന്നെ ഞാനിന്ന്.. ”

ജെയിംസ് അവളെ ഇറുകെ മുറുക്കി പിടിച്ചു..താര പിടഞ്ഞെങ്കിലും അയാൾ വിട്ടില്ല..

“ഹേയ് എനിക്ക് ശ്വാസം മുട്ടുന്നു.. ”

താര പറഞ്ഞപ്പോഴാണ് ജെയിംസ് കൈ അയച്ചത്.. താര അയാളുടെ നെഞ്ചിൽ പതിയെ ഇടിച്ചു.. ജെയിംസ് അവളുടെ കൈകൾ ചേർത്ത് പിടിക്കാൻ ശ്രെമിച്ചതും അയാളെ തള്ളി മാറ്റി താര അകത്തേക്കോടി..

“താൻ പോടോ കള്ളക്കിളവാ.. ”

“അവിടെ നില്ലെടി.. ”

ജെയിംസ് അവൾക്ക് പിറകെ ചെന്നെങ്കിലും താര പൊട്ടിച്ചിരിച്ചു കൊണ്ടു ബാത്‌റൂമിലേക്ക് ഓടിക്കയറി.. അടഞ്ഞു കിടക്കുന്ന ഡോറിലേക്ക് നോക്കി കട്ടിലിൽ ഇരുന്നപ്പോൾ ജയിംസിന്റെ ചുണ്ടിലൊരു ചിരി വിടർന്നു..

താര.. എത്ര പെട്ടെന്നാണവൾ ജീവിതത്തിൽ വർണ്ണങ്ങൾ പടർത്തിയത്.. ഇനിയൊരു പുല്നാമ്പു പോലും മുള പൊട്ടില്ലെന്നു കരുതിയ കടുത്ത വേനലിലും വസന്തം വിരുന്നെത്തിയത് പോലെ ജീവിതത്തെ മാറ്റി മറിച്ചത്…

താര ഫ്രഷായി വന്നപ്പോഴേക്കും ജെയിംസ് കിടന്നിരുന്നു.. ലൈറ്റ് ഓഫ്‌ ചെയ്തു ബെഡ് ലാംപ് ഓണാക്കി താര അയാൾക്കഭിമുഖമായി കിടന്നു..

കണ്ണുകളടച്ച് നെറ്റിയ്ക്ക് മീതെ വലത് കൈ നിവർത്തി വെച്ചു മലർന്നു കിടക്കുകയായിരുന്നു ജെയിംസ്..

“വായ്‌നോക്കാതെ കിടന്നുറങ്ങാൻ നോക്കെടി പെങ്കൊച്ചേ.. ”

കണ്ണുകൾ തുറക്കാതെ തന്നെയാണ് ജെയിംസ് പറഞ്ഞത്..

“ഞാൻ നോക്കുന്നുണ്ടെന്ന് ഇച്ചായന്‌ എങ്ങനെ അറിയാം.. ”

“ആ മനസ്സിൽ ഇപ്പോൾ ഞാൻ മാത്രമേയുള്ളുവെന്ന് എനിക്കറിയാം കൊച്ചേ.. ”

“അപ്പോൾ ഇയാളുടെ മനസ്സിലോ..? ”

ഒന്നും പറയാതെ ജെയിംസ് അങ്ങനെ തന്നെ കിടന്നു കൊണ്ടു ഇടതു കൈ അവൾക്ക് നേരേ നീട്ടി.. താര അയാൾക്കരികിലേക്ക് നീങ്ങി ആ കൈയ്ക്കുള്ളിലേക്ക് കിടന്നു.ജെയിംസ് അവളുടെ മുഖം നെഞ്ചിലേക്ക് ചേർത്തു വെച്ചു..

“ഇപ്പോൾ കൊച്ചിന് മനസ്സിലായോ..? ”

കണ്ണുകൾ തുറക്കാതെ തന്നെ അയാൾ ചോദിച്ചു..

“ലവ് യൂ ഇച്ചായാ.. ഗുഡ് നൈറ്റ്‌.. ”

ചിരിയോടെ പറഞ്ഞിട്ട് താര ഒന്നു കൂടെ ചേർന്നു കിടന്നു..

ആ ഹൃദയതാളം കേട്ടു കൊണ്ടു താര ഉറങ്ങിയിട്ടും ജെയിംസ് വെറുതെ കണ്ണുകളടച്ചു കിടക്കുകയായിരുന്നു..

കാലം പലപ്പോഴായി ഏൽപ്പിച്ച, ഒരിക്കലും ഉണങ്ങില്ലെന്ന് കരുതിയ മുറിവുകളിലെ, നീറ്റൽ കുറഞ്ഞത് അയാൾ അറിയുന്നുണ്ടായിരുന്നു..

പലപ്പോഴും ജയിംസിന്റെ കരുതൽ അവളറിയുന്നുണ്ടായിരുന്നു..

പിറ്റേന്ന് ഉച്ചയ്ക്ക് ഊണു കഴിഞ്ഞു വന്നു കിടന്നു മയങ്ങി പോയിരുന്നു താര..
ഉണർന്നെഴുന്നേറ്റു താഴേക്കിറങ്ങുമ്പോൾ ഹാളിൽ നിന്നും ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.. ഉപേന്ദ്രനങ്കിളും പ്രഭേന്റിയും..

താരയെ കണ്ടതും പ്രഭ പുച്ഛത്തോടെ മുഖം വെട്ടിച്ചു മീനയെ നോക്കി പറഞ്ഞു..

“കേട്ടോ മീനേ എനിക്ക് ദയ മോളെ ഇന്നെങ്കിൽ ഇന്ന് വീട്ടിലേയ്ക്കങ്ങു കൊണ്ടു വന്നാൽ മതിയെന്നാ.. ഇന്ദ്രേട്ടൻ മന്ത്രിയായിരുന്ന സമയത്ത് ശരത്തിന്റെ കല്യാണം നടത്താൻ ഞങ്ങൾക്ക് വല്യ ആഗ്രഹമായിരുന്നു.. അവൻ പിടിച്ച പിടിയിൽ നിൽക്കുവായിരുന്നില്ലേ.. അതാണ്‌ അന്ന് ഇന്ദ്രേട്ടൻ കല്യാണം ഉടനെ നടത്തണമെന്ന് പറഞ്ഞത്.. പക്ഷേ അപ്പോൾ ഇവൾക്ക് എം ഡി ചെയ്യണമെന്നായിരുന്നു.. എന്തായാലും നന്നായി.. ചേരേണ്ടതല്ലേ ചേരൂ.. ദയയെ പോലൊരു പെൺകുട്ടിയെ ശരത്തിനു കിട്ടിയത് അതുകൊണ്ടല്ലേ.. ”

താര ഒന്നും പറയാതെ നേർത്ത ചിരിയോടെ അവർക്കരികെ നിന്നു.. അവൾക്ക് പ്രഭയോട് ദേഷ്യമൊന്നും തോന്നിയില്ല.. ശരത്തേട്ടനുമായുള്ള വിവാഹം ആലോചിച്ചത് മുതൽ പ്രഭേന്റി ഭാവി മരുമകളോടുള്ള സ്നേഹവും അധികാരവുമൊക്കെ കാണിച്ച് തുടങ്ങിയതായിരുന്നു..

അടുത്ത മാസം നാലിന് ശരത്തും ഡോക്ടർ ദയയുമായുള്ള വിവാഹം തീരുമാനിച്ചു.. അതിന് ക്ഷണിക്കാനാണ് ഉപേന്ദ്രനും ഭാര്യയും എത്തിയത്..

“താര അറിഞ്ഞില്ലേ.. ശരത്തിന്റെ കല്യാണം ഉറപ്പിച്ചു.. ഡോക്ടർ ദയയുമായി.. ”

ഇത്തിരി ഗർവ്വോടെ പ്രഭ താരയെ നോക്കി പറഞ്ഞു.

“ഞാൻ അറിഞ്ഞിരുന്നു ആന്റി.. എന്നെ ശരത്തേട്ടൻ വിളിച്ചിരുന്നു.. ”

കാറ്റു പോയ ബലൂൺ പോലെ നിന്ന പ്രഭയെ ഒന്ന് നോക്കി താര അകത്തേക്ക് നടന്നു..

ഉപേന്ദ്രനും പ്രഭയും പക്ഷെ ജെയിംസിനോടുള്ള നീരസം മറച്ചു വെച്ചില്ല..

“വല്ല കാര്യവുമുണ്ടായിരുന്നോ കൊച്ചേ ആ ഡോക്ടർ പയ്യനെയും കെട്ടി സുഖമായി ജീവിച്ചൂടായിരുന്നോ മാഡത്തിന്.. ”

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ജെയിംസ് താരയോട് പറഞ്ഞു.. താര അയാളെ കൂർപ്പിച്ചൊന്നു നോക്കി തിരിഞ്ഞു കിടന്നു. ജെയിംസ് ചിരിയോടെ പിറകിലൂടെ അവളെ ചേർത്ത് പിടിച്ചു കിടന്നു.. താരയുടെ ചുണ്ടിലും ചിരി എത്തിയിരുന്നു..

ഹോസ്പിറ്റലിലേക്ക് ജെയിംസിനും താരയ്ക്കുമൊപ്പം വർമ്മയും ഭാമയും ഉണ്ടായിരുന്നു..

ഹോസ്പിറ്റലിന്റെ മതിൽക്കെട്ടിനുള്ളിലെ പാർക്കിൽ വണ്ടി പാർക്ക് ചെയ്തു അകത്തേക്ക് നടക്കുമ്പോഴാണ് തന്നെ കടന്നു പോയ കാറിൽ മിന്നായം പോലെ ആ മുഖം ജെയിംസ് കണ്ടത്..

ഡേവിഡ്… ട്രീസയുടെ ഡാഡി..

ഹോസ്പിറ്റൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതുതായി പണി കഴിപ്പിച്ച ബ്ലോക്കിന്റെ ഇനോഗ്രേഷൻ അടുത്ത മാസമാണ് ഫിക്സ് ചെയ്തിരിക്കുന്നത്..

താര ഡോക്ടറിന്റെ ഭർത്താവിനെ കാണാൻ ഹോസ്പിറ്റൽ സ്റ്റാഫുകൾ അവിടെ നിന്നും ഇവിടെ നിന്നുമൊക്കെ എത്തി നോക്കുന്നുണ്ടായിരുന്നു..

താരയുടെ സ്കാനിങ്ങും ചെക്കപ്പുമൊക്കെ കഴിഞ്ഞു ജെയിംസും താരയും ഡോക്ടറുടെ ക്യാബിനിൽ നിന്നും ഇറങ്ങി..

“കേട്ടല്ലോ നല്ല പോലെ റസ്റ്റ്‌ എടുക്കണമെന്നാണ് ഡോക്ടർ പറഞ്ഞേക്കുന്നത്.. ”

ജെയിംസ് പറഞ്ഞത് കേട്ട് താര ചിരിയോടെ കൈകൾ കൂപ്പി പറഞ്ഞു..

“ഉത്തരവ് പ്രഭോ.. ”

കോറിഡോറിലേക്ക് തിരിഞ്ഞപ്പോഴാണ് തൊട്ടപ്പുറത്തെ തന്റെ ക്യാബിൻ താരയുടെ കണ്ണിലെത്തിയത്..

ആക്‌സിഡന്റായി കിടന്ന സമയത്ത് കാണാനെത്തിയ ജെസ്സി സിസ്റ്ററുടെ വാക്കുകൾ ഓർമ്മയിലെത്തിയതും അവളൊന്ന് ഞെട്ടി..

സംസാരത്തിനിടെ ജാനകിയുടെ മരണം എത്തിയപ്പോഴാണ്, അതിന്റെ തലേന്ന് ജാനകി താരയെ തിരക്കി ഹോസ്പിറ്റലിൽ വന്നത് സിസ്റ്റർ പറഞ്ഞത്..

“ആളാകെ ടെൻഷനിലായിരുന്നു ഡോക്ടറെ.. ബീന സിസ്റ്റർ ശരത് ഡോക്ടർ എന്തിനോ വിളിച്ചിട്ട് പുറത്തേക്ക് പോയ സമയത്താണ് ഞാൻ, ജാനകി, ഡോക്ടർക്ക് തരാൻ ഏല്പിച്ച കവർ ഡോക്ടറുടെ ക്യാബിനിലെ ഷെൽഫിലെ മഞ്ഞ ഫയലിൽ വെച്ചത്.. ഞാനത് ബീനയോട് പറയാൻ വിട്ടു പോയി.. പിന്നെ അമ്മയ്ക്ക് സുഖമില്ലാതെ ഞാൻ ലീവിലും ആയി പോയി.. ”

ജാനകി.. ശിവരാമനങ്കിളിന്റെ ഭാര്യയെ ചെറുപ്പം മുതൽ അറിയാവുന്നതാണ്.. അങ്കിളിനെ കാണാതായത് മുതലാണ് ആന്റിയ്ക്ക് ഡിപ്രെഷൻ തുടങ്ങിയത്.. ഒരിക്കൽ മക്കളെയും കൊണ്ടു ആത്മഹത്യ ചെയ്യാൻ ശ്രെമിച്ചപ്പോൾ മുതലാണ് ട്രീറ്റ്മെന്റ് തുടങ്ങിയത്.. ട്രീറ്റ്മെന്റിനിടയിൽ ഒരിക്കൽ പോലും അവർ മനസ്സ് തുറന്നിട്ടില്ല..
അതു പോലെ ഒരു കേസ് കരിയറിൽ ഉണ്ടായിട്ടില്ല.. എന്നാലും പ്രതീക്ഷയുണ്ടായിരുന്നു..

എന്തായിരിക്കും അവർക്ക് പറയാനുണ്ടായിരുന്നിരിക്കുക..?

“ഇച്ചായാ ഒരു പത്തു മിനിറ്റ് ഞാൻ എന്റെ ക്യാബിനിൽ ഒന്ന് കയറിയിട്ട് വരാം.. ”

താര അവളുടെ പേരെഴുതിയ ക്യാബിനു നേരേ കൈചൂണ്ടി പറഞ്ഞു..

“വേഗം പോയിട്ട് വാ.. ”

താര ഹാൻഡ് ബാഗിനുള്ളിൽ നിന്നും താക്കോൽ എടുത്തു ഡോർ തുറന്നു അകത്തേക്ക് കയറി.

താരയ്ക്ക് പിറകെ നടക്കാൻ തുടങ്ങിയതും ജെയിംസിന്റെ ഫോൺ റിംഗ് ചെയ്തു.

ജഗന്നാഥവർമ്മ..

“ജെയിംസ്.. ഭാമയുടെ റിപ്പോർട്ടിൽ ചെറിയൊരു പ്രശ്നമുണ്ട്.. എനിക്ക് ഡോക്ടറെ ഒന്ന് കാണണം.. നിങ്ങൾ ഒന്ന് വന്നു ഭാമയെ കൂടെ കൂട്ടുമോ..? ”

“വരാം സാർ.. ”

കാൾ കട്ട്‌ ചെയ്തു ജെയിംസ് താരയെ നോക്കുമ്പോൾ അവൾ ഷെൽഫ് തുറക്കുകയായിരുന്നു.. പുറത്തു മറ്റുള്ള ക്യാബിനുകൾക്ക് മുൻപിൽ ആളുകളുണ്ട്..

“താര ഒരഞ്ചു മിനിറ്റ്.. ഞാൻ ഭാമയെ കൂട്ടിയിട്ടു വരാം.. എങ്ങും പോവരുത്.. ”

താര തിരിഞ്ഞു നോക്കി..

“മുത്തശ്ശൻ..? ”

“ഞാൻ പറയാം.. താൻ ഇവിടെ നിന്നും എങ്ങും പോയേക്കരുത്.. ”

“ഇല്ല… ”

താര ചെറുചിരിയോടെ പറഞ്ഞു.. അവളെ ഒന്ന് കൂടി നോക്കി ജെയിംസ് തിരിഞ്ഞു നടന്നു..

താര ഷെൽഫിൽ നിന്നും ആ മഞ്ഞ ഫയൽ കൈയിലെടുത്തപ്പോഴാണ് പിറകിൽ നിന്നും ആ വിളി കേട്ടത്..

“താര.. ”

തിരിഞ്ഞു നോക്കിയ താര തെല്ലാശ്ചര്യത്തോടെ മുൻപിൽ നിൽക്കുന്ന ആളെ നോക്കി..

ഭാമയെയും കൂട്ടി തിരികെ വരുമ്പോൾ താരയെ ഒറ്റയ്ക്കവിടെ വിട്ടിട്ട് വരെണ്ടായിരുന്നുവെന്നൊരു തോന്നൽ ജെയിംസിലുണ്ടായി.

പത്തു പതിനഞ്ചു മിനിറ്റായിട്ടേയുള്ളൂ.. പുറത്ത് നിറയെ ആളുകളുണ്ട്.. എങ്കിലും..

ക്യാബിനിന്റെ ഡോർ ചാരിയിരുന്നു.. ജെയിംസ് തെല്ല് വേവലാതിയോടെ തള്ളി തുറന്നു അകത്തു കടന്നു.. കണ്ണിൽ പെട്ടത് മേശപ്പുറത്ത് തുറന്നു കിടന്നിരുന്ന ആ ഫയലും പേപ്പറുമാണ്..

ഉള്ളിലുയർന്ന ആന്തലോടെ അയാൾ പുറത്തേക്കിറങ്ങി. ചുറ്റും പരതുന്നതിനിടെയാണ് ആ സിസ്റ്ററെ കണ്ടത്..

“ഡോക്ടർ താര..?

“മാഡം സാറിന്റെ കൂടെ പുതിയ ബ്ലോക്കിലേക്ക് പോവുന്നത് കണ്ടല്ലോ.. ”

“സാറ്…? ”

സിസ്റ്റർ പറഞ്ഞ പേര് കേട്ടതും ജയിംസിന്റെ ഹൃദയമിടിപ്പ് നിലച്ചു പോവുന്നത് പോലെ തോന്നി..
പകച്ചു നിൽക്കുന്ന ഭാമയുടെ മുൻപിലൂടെ ആളുകളെ തട്ടി മാറ്റി അയാൾ പുറത്തേക്കോടി..

(തുടരും )

തിരുത്തിയില്ല.. തെറ്റുകൾ ക്ഷമിക്കുക 💕ഒരു ഭാഗം കൂടി..

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!