ഇമ – പാർട്ട് 10

6175 Views

malayalam romance novel emma novel aksharathalukal

” എന്നാ പറയ് ശ്രീനി….. എനിക്ക് മാത്രം കാണാൻ കഴിയുന്ന അയാളാരാ…..? എന്താ ആ കുളത്തിന്റെ പ്രത്യേകത…. ? “

“ഇമാ അത്……”

” പറയ് ശ്രീനി…… “

” ആ പൂക്കളുമായ് എന്തിന് അയാളെനിക്ക് പിന്നാലെ ഇങ്ങനെ…?…”

“കാനടയിൽ ജനിച്ചു വളർന്ന നിന്നേ പോലൊരു കുട്ടിക്ക് ഞാൻ പറയുന്ന പഴഞ്ചൻ കെട്ടുകഥകളെല്ലാം   പിന്നീട് ഓർത്തു ചിരിക്കാൻ പാകത്തിലൊരു വല്ല്യ തമാശ മാത്രമായ് മാറും….

അതോണ്ട് നീയൊന്നും അറിയണ്ട ഇമാ…… “

” ഇല്ല…. ശ്രീനി… എനിക്കെല്ലാം അറിഞ്ഞേ പറ്റു…… അറിയണം എനിക്ക്….. “

എനിക്ക് നിയന്ത്രിക്കാനാവത്ത വിധം എന്റെ ശബ്ദമുയർന്നു കൊണ്ടേയിരുന്നു…….

“ഇമാ കൂൾ….  പറയാം ഞാനെല്ലാം …….”

അത് പറഞ് എനിക്കഭിമുഖമാകും വിധം തുറന്നിട്ട ജനാലയ്ക്കരികിൽ ശ്രീനി നിന്നു……

തലയിണയെടുത്ത് കട്ടിൽ പടിയിലേക്ക് വെച്ച് അതിൽ ചാരി ഞാനിരിന്നു…….

ശ്രീനി പറഞ്ഞു തുടങ്ങി……

“ഇതിനേ പറ്റി നിന്നോട് പറയും മുൻപ് ആദ്യം എന്റെയും നിധിയേച്ചിയുടെയും സ്വന്തം അനിയത്തി ശ്രീക്കുട്ടിയെക്കുറിച്ച് താനറിയണം…… “

ഒരു ഞെട്ടലോടെയായിരുന്നു ഞാനത് കേട്ടത്…..

” ശ്രീനിക്ക് അനിയത്തിയോ…..?”

ആവശ്യമുള്ളതും അനാവശ്യമായതുമായ കുറേയധികം ഭ്രാന്തൻ ചിന്തകൾ എന്റെ മനസിന്റെ ഇടനാഴിയിലൂടെ ഇഴഞ്ഞ് നീങ്ങി……

ശ്രീനി വീണ്ടും തുടർന്നു…..

ഞങ്ങൾക്കെല്ലാവർക്കും ഞങ്ങളുടെ എല്ലാമെല്ലാമായിരുന്ന ശ്രീക്കുട്ടി…. നന്നായി തംബുരു മീട്ടാനും നൃത്തം ചെയ്യാനും മാത്രമറിയാവുന്ന ഒരു സാധു മിണ്ടാപ്രാണി……

എല്ലാ കഴിവുകളും കൊടുത്തിട്ടും ഈശ്വരനവൾക്ക് സംസാരിക്കാൻ മാത്രമൊരു കഴിവു നൽകിയില്ല………”

ശ്രീനിയുടെ ശബ്ദമിടറാൻ തുടങ്ങി….. കണ്ണുകൾ നിറഞ്ഞു വന്നു…..

ഞാനത് കാണാതിരിക്കാനായ് ശ്രീനി വേഗം തിരിഞ്ഞു നിന്നു……

ഇരുട്ടിലേക്ക് നോക്കി വീണ്ടും പറഞ്ഞു തുടങ്ങി……

അന്നൊരു ദിവസം നൃത്ത ക്ലാസ്സിനു പോയതായിരുന്നു അവൾ……

ഞങ്ങളെല്ലാവരും ഒരു കല്യാണത്തിനും……

സന്ധ്യയേറെ മങ്ങിയിട്ടും അവൾ വന്നില്ല….. അവളെ അന്വേഷിച്ച് നൃത്തം പഠിപ്പിക്കുന്ന വീട്ടിൽ ചെന്നെങ്കിലും എന്നും ഇറങ്ങുന്ന സമയത്ത് ക്ലാസ്സ് കഴിഞ്ഞിറങ്ങിയെന്ന് അവളുടെ ടീച്ചറും പറഞ്ഞ്……

പോലീസില് കേസും കൊടുത്ത് ഞങ്ങള് കാത്തിരുന്നു മൂന്ന് ദിവസം ഞങ്ങളുടെ ശ്രീക്കുട്ടിക്ക് വേണ്ടീ…………

നാലം ദിവസം എന്റമ്മയുടെ അലർച്ചയിലായിരുന്നു ഞങ്ങളുടെ വീടുണർന്നത്…..

ശബ്ദം കേട്ട കുളപ്പുരയ്ക്കടുത്തേക്ക് ഞാനും അച്ചനും ചേച്ചിയും ഓടിച്ചെല്ലുമ്പോൾ കുളപ്പുര വാതിൽക്കൽ ബോധമറ്റ് കിടക്കുന്ന അമ്മയും കുളത്തിലെ വെള്ളത്തിൽ… വെള്ളത്തിൽ ജീവനറ്റു കിടക്കുന്ന എന്റെ ശ്രീക്കുട്ടിയും…….

പടിക്കെട്ടിൽ അഴിഞ്ഞു വീണു കിടന്ന അവളുടെയാ ചിലങ്കകളും…..”

” എങ്ങനെ….? ശ്രീക്കുട്ടിക്ക്….. എങ്ങനെയാ അത് സംഭവിച്ചത്……?”

എന്റെ വാക്കുകളോരോന്നും പറഞ്ഞു പൂർത്തിയാക്കാനാകാത്ത വിധം പാതിവഴിയിൽ മുറിഞ്ഞു പൊയ്ക്കൊണ്ടേയിരുന്നു……..

“കൊന്നതാ അവൻ……”

“എന്ത്….?”

” അതേ ടോ…… ശ്രീക്കുട്ടിയുടെ മരണശേഷം ഇല്ലത്ത് വീണ്ടും ഒരു പാട് ‘അനർത്ഥങ്ങൾ സംഭവിക്കാൻ തുടങ്ങി…..

അങ്ങനെയാണ് തെക്കേപ്പാട്ട് സുബ്രമണ്യൻ നമ്പൂരിപ്പാടിനെ വിളിച്ച് പ്രശ്നം വെപ്പിച്ച് നോക്കിയത്……

പ്രശ്നം ആ കുളത്തിനായിരുന്നു……..

പ്രശ്നത്തിൽ തെളിഞ്ഞതും ഞങ്ങളുടെ ഇല്ലത്തേക്കുറിച്ചുള്ള തിരുമേനിയുടെ അറിവുകളും അന്ന് ഞങ്ങളോട് പറഞ്ഞു തന്നു……

അന്ന് ഞങ്ങളെ അമ്പരപ്പിച്ചത് 29 പടികളുള്ള ആ കുളവും കുളപ്പുരയും ആയിരുന്നു…..

“എന്ത്….?… “

” അതേടോ….. 29 പടികൾ മാത്രമുള്ള ആ കുളം…..

കുളത്തിലേക്കിറങ്ങാനായുള്ള ആദ്യത്തെ പന്ത്രണ്ട് പടികൾ…..

പിന്നെ കാലെടുത്ത് വയ്ക്കുന്ന പതിമൂന്നാം പടിയിൽ കാൽ പൊത്തവരെ വെള്ളവും , ഇറങ്ങുന്ന ഒരോരോ പടിക്കനുസരിച്ച് വെള്ളം കൂടി കൂടി വരുന്നു…..

അവസാനത്തെ പതിനേഴാം പടിയിൽ കഴുത്തൊപ്പം വെള്ളം പിന്നെ പടികളില്ല…… പിന്നെ കാലെടുത്ത് മുന്നോട്ട് വെച്ചാൽ താഴ്ന്ന് പോകുന്നത് കുളത്തിന്റെ അടിത്തട്ടിലേക്കാണ്…..

” എന്തൊക്കെയാ ശ്രീനി നീയീ പറയുന്നത്…….?”

” അതേ ഇമ നീ വിശ്വസിക്കണം……. നീ അറിയേണ്ട മറ്റൊരു കഥ കൂടിയുണ്ട്………

ഇല്ലത്തെ തമ്പ്രാട്ടിക്കുട്ടിയുടെയും ദത്തൻ മാഷിന്റെയും കഥ……

ഇല്ലത്തെ ഒരേയൊരു  പെൺതരി ദേവി തമ്പുരാട്ടിയുടെ കഥ….

അവരെ നൃത്തം പഠിപ്പിച്ച ദത്തൻ മാഷിന്റെ കഥ…….

ഇല്ലത്തെ തമ്പ്രാട്ടിക്കുട്ടിയുടെ ഒരേയൊരു ആഗ്രഹമായിരുന്നു നൃത്തം പഠിക്കണമെന്നത്……

അങ്ങനെയാണ് ദേവി തമ്പുരാട്ടിയുടെ നൃത്താധ്യാപകനായി  ദത്തൻ മാഷ് ഈ ഇല്ലത്തേക്ക് വരുന്നത്…….

പലനാളുകളായുള്ള പഠനത്തിനിടയിൽ എപ്പോഴോ തമ്പുരാട്ടിയോട് ഇഷ്ടം തോന്നിയ മാഷ്…..

ഇരു കൈ നിറയെ വെള്ളത്താമര പൂക്കളെ സമ്മാനിച്ചുകൊണ്ട് ദത്തൻ മാഷ് തമ്പുരാട്ടിയോടുള്ള തന്റെ പ്രണയം പറഞ്ഞപ്പോൾ ചെറുപുഞ്ചിയോട് കൂടി അതേറ്റ് വാങ്ങി കൊണ്ട് തമ്പുരാട്ടി നടന്നകന്നു……

പുതിയൊരു പ്രണയം പിറവി കൊള്ളുകയായിരുന്നു അവിടെ……

കുളവും കുളപ്പുരയും പലപ്പോഴും തമ്പുരാട്ടിയുടെയും മാഷിന്റെയും പ്രണയ സുരഭിലമായ നിമിഷങ്ങൾക്ക് സാക്ഷിയായി……

ഈ വിവരങ്ങളൊക്കെ എങ്ങനെയോ അറിഞ്ഞ തമ്പ്രാക്കന്മാര് ആരും അറിയാതെ ഒരു അമാവാസി ദിനത്തിൽ മാഷിനെ ഇല്ലാതാക്കി ഈ കുളത്തില് തള്ളി…..

മൂന്നാംപക്കം മാഷിന്റെ ജഡം പ്രതീക്ഷിച്ചു കുളത്തില് വന്നവർക്ക് ഫലം നിരാശയായിരുന്നു…..

മൂന്നാംപക്കം… നാലാം പക്കം…. അഞ്ചാംപക്കം….

ദിവസങ്ങൾ ആഴ്ചകളായി….. ആഴ്ചകൾ മാസങ്ങളായി…..

പക്ഷേ മാഷിന്റെ ജഡം ഒരിക്കലും പൊങ്ങി വന്നില്ല……

മാഷിനെ കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ തമ്പ്രാട്ടിക്കുട്ടിയുടെ സമനില തെറ്റി…..

വൈദ്യൻമാരുടെ ചികിത്സകൾക്കും മരുന്നുകൾക്കും അവരുടെ സമനിലയെ വീണ്ടെടുക്കാനായില്ല….

ഒടുവിൽ അവര് മരണത്തിനു കീഴടങ്ങി…….

ഇല്ലം നശിച്ചു…..

തങ്ങളുടെ പ്രണയത്തെ മുളയിലേ നുള്ളിയെറിഞ താമ്പാക്കൻമാരോടുള്ള പകയുമായ് ദത്തൻ മാഷിന്റെ ആത്മാവ് ഇപ്പോഴും ആ കുളപ്പടവിലും കുളപ്പുരയിലുമായുണ്ട്……

പടവിലെ വെള്ളത്തിലിറങ്ങുന്ന പെൺകുട്ടികൾക്കു പിന്നാലെ വെള്ളത്താമരകളുമായ്…….

കുളത്തിലെ വെള്ളത്താമരയുടെ ഭംഗി കണ്ട് ഇറുത്തെടുക്കാനായെറങ്ങി വരുന്ന പെൺകുട്ടികളെ പതിനേഴാം പടിക്കപ്പുറത്തെ  നിലയില്ലാ കയത്തിലേക്ക് തള്ളിയിട്ട് അവൻ ആത്മസംതൃപ്തി കണ്ടെത്തുന്നു…..”

” അപ്പോ ഞാനന്ന് വെള്ളത്തില്…… അൽപം കൂടി വൈകിയിരുന്നേൽ ഞാനും…… “

ഒന്നും പറയാൻ കഴിയാതെന്റെ നാവ് വിലങ്ങി……..

” താനൊന്നുറങ്ങ്…… ഒന്ന് ഉറങ്ങി എണീക്ക്……

നമുക്ക് ഇന്ന് ഒരിടം വരെ പോകാം…….”

“എവിടേക്കാ ശ്രീനീ…..?”

“സുബ്രമണ്യൻ നമ്പൂരിയുടെ അടുത്ത്….. ഇനിയീ പ്രശ്നത്തിനൊരു പരിഹാരം കാണാൻ അദ്ദേഹത്തിനേ കഴിയു………

ഞാൻ പറയുന്നത് കേൾക്ക്…. നീയിപ്പോ ഒന്നുറങ്ങ്……..”

” ഉറങ്ങാൻ പറ്റണില്ല ശ്രീനി….. കണ്ണടയ്ക്കുമ്പോർ കൺമുമ്പില് മുഴുവനും അയാളാ…..

നിക്ക് പേടിയാ ശ്രീനീ…. അയാളെന്നെ കൊല്ലും….

എനിക്കെന്തേലും പറ്റിയാൽ എന്റെ കാർത്തിക്ക് നിധിയേട്ടത്തി മാത്രേ…….”

ബാക്കി പറഞ്ഞ് മുഴുവിക്കും മുൻപ് ശ്രീനിയെന്റെ വായ് പൊത്തി…..

“നിനക്കൊന്നും സംഭവിക്കില്ല ഇമാ….. ഞാനതിന് സമ്മതിക്കില്ല…….

ഞാൻ പോയി ഡോക്ടറോട് പറഞ്ഞ് നഴ്സിനെ കൊണ്ട് മയങ്ങാൻ ഉള്ള ഇൻജക്ഷൻ ഒന്നൂടെ എടുപ്പിക്കട്ടേ…….”

അത് പറഞ് മുറിയുടെ വാതില് പാതി ചാരി ശ്രീനി ഡോക്ടർ ടെ അടുത്തേക്ക് പോയി…..

ബെഡില് കിടന്ന് ഞാൻ വീണ്ടും കണ്ടു,

ചോര നിറത്തിലെ കണ്ണുകൾ കൊണ്ടെന്നെ തീഷ്ണമായ് നോക്കുന്ന ആ ഇരുനിറക്കാരൻ ചെറുപ്പക്കാരനെ….

താമര പൂക്കളുമായ് വീണ്ടും അയാളെ നിക്കടുത്തേക്ക് വന്നു കൊണ്ടേയിരുന്നു….

ദേഹത്ത് പറ്റി കിടന്നിരുന്ന വെള്ളപുതപ്പ് വലിച്ചെറിഞ്ഞു കൊണ്ട് ശ്രീനിയെ വിളിച്ച് അലറി കൊണ്ട് ഒരു ഭ്രാന്തിയെ പോലെ ഞാൻ ആശുപത്രിയുടെ ഇടനാഴിയിലൂടെ ഓടി……..

തിരിഞ്ഞു നോക്കി കൊണ്ടുള്ള എന്റെയാ ഓട്ടം ശ്രീനിയുടെ നെഞ്ചിൽ തട്ടിയായിരുന്നു നിന്നത്

“എന്താ ഇമാ…..? എന്താ പറ്റിയത്…?”

” ശ്രീനി….. അയാള്… അയാള് എനിക്ക് പിന്നാലെ….. എന്നെ കൊല്ലാൻ…..”

“ഒന്നൂല്ലടോ…… ഒന്നും സംഭവിക്കില്ല”

എന്നെ ചേർത്ത് പിടിച്ചു കൊണ്ട് ശ്രീനി വീണ്ടും റൂമിലേക്ക് തിരികെ വന്നു……

അൽപം കഴിഞ്ഞപ്പോൾ എനിക്ക് മയങ്ങാനുള്ള ഇൻജക്ഷൻ തരാൻ വേണ്ടീട്ട് നഴ്സ് വന്നു…..

സന്തോഷപൂർവ്വം ഞാനെന്റെ കൈ നീട്ടി കൊടുത്തു….. കാരണം എല്ലാത്തരത്തിലുള്ള പേടികളും മറന്നു കൊണ്ടൊരുറക്കം അത് ഞാനും ആഗ്രഹിച്ചിരുന്നു…..

ഇൻജക്ഷന്റെ മരുന്നെന്റെ ഞരമ്പിലൂടെ ഒഴുകി തുടങ്ങി…… കണ്ണുകൾ പതിയെ അടഞ്ഞുവന്നു…..

അടഞ്ഞ സ്വരത്താൽ ഞാൻ ശ്രീനിയോട് പറഞ്ഞു

“എന്റെ അടുത്ത് തന്നെ ഉണ്ടാകണേ……..”

എന്റെ ചുണ്ടുകൾ പതിയെ പതിയെ നിശ്ചലമായി…….

മരുന്നിന്റെ ക്ഷീണത്തിൽ മണിക്കൂറുകളോളം ഞാൻ തളർന്നുറങ്ങി….

എപ്പോഴോ മയക്കം തെളിഞ് കണ്ണുകൾ തുറക്കുമ്പോൾ

ശ്രീനി എനിക്കടുത്ത് ഉണ്ടായിരുന്നില്ല…..

ബെഡിൽ എനിക്കരുകിൽ വീണ്ടും രണ്ട് താമര പൂക്കൾ …….

ഒരു പൂവ് അതിന്റെ തണ്ടിൽ നിന്നടർന്നു മാറി ഞെട്ടറ്റു കിടക്കുന്നു….. മറ്റൊന്ന് വാടിപോയൊയൊരു താമര പൂവ്…….

രണ്ട് പൂക്കളിലും രക്ത തുള്ളികൾ സ്ഥാനം പിടിച്ചിരിക്കുന്നു…….

ഞെട്ടി മാറി ഞാൻ ബെഡിൽ നിന്ന് എണീറ്റ് നടന്നപ്പോൾ നടക്കുന്ന വഴികളിലെല്ലാം കാൽപാദത്തിന്റെ അടയാളത്തിൽ രക്തം

ഒന്നും ചെയ്യാനാവാതെ ഞാൻ റൂമിലെ ഭിത്തിയിൽ ചാരി നിലത്തേക്കിരുന്നു…..

പെട്ടന്നാണ് തനിയെ വാതിലടഞ് കുറ്റി വീണത്…… മുറിയിലെ ലൈറ്റ് ഒന്ന് രണ്ട് തവണ മിന്നി മിന്നി അതോഫായി….. വീശിയടിച്ച ശക്തമായ കാറ്റിൽ മുറിയിലെ ജനാലയടഞ്ഞു……

കൈ നിലത്തേക്ക് കുത്തി ഞാനെണീക്കാനാണെങ്കിലും അത് നടന്നില്ല…. ആരോ ബലമായ് പിടിച്ചിരുത്തും പോലെ വീണ്ടും ഞാനാ തറയിലേക്ക് ഇരുന്ന് പോയീ….

മരണം മുന്നിൽ കണ്ടവളെപോലെ ഞാനാ ഇരുപ്പിരുന്നു……. ഒന്നൊച്ചവെയ്ക്കാൻ പോലും നാവനങ്ങാതെ….

ആ ഇരുട്ടിലും ഞാൻ കണ്ടു കൈനിറയെ താമര പൂക്കളുമായ് എനിക്കടുത്തേക്ക് നടന്നടുക്കുന്ന ഇരുനിറക്കാരൻ ചെറുപ്പക്കാരനെ…….

അയാളുടെ ചോര കണ്ണുകൾ ആ ഇരുട്ടിലും എന്നെ തന്നെ തുറിച്ചു നോക്കുന്നു……..

(തുടരും)

ഒരുപാട് ഇഷ്ടത്തോടെ നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി

ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Tags:

Leave a Reply