ലക്ഷ്മി – പാർട്ട് 1

6213 Views

lakshmi novel aksharathalukal

“എന്ത് ഇരിപ്പാ ലക്ഷ്മിയേ ഇത്…. കുഞ്ഞ് കരയണത് കണ്ടില്ലേ…?”

“എന്റെ മോളെ എനിക്ക് വേണം…..”

” പറ്റില്ല… എന്റെ  മോളെ എനിക്ക് വേണം…..”

അത്ര നേരം നിശബ്ദത അടഞ്ഞു കൂടി നിന്ന കോടതി മുറിക്കുള്ളിൽ എന്റെയും ശ്രീയുടെയും ശബ്ദങ്ങൾ മാറിമാറി പ്രതിധ്വനിച്ചു……

കോടതി നൽകിയ രണ്ട് ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന്  കളിപ്പാട്ടങ്ങൾക്ക് വേണ്ടി വാശി പിടിക്കും പോലെ ഞാനും ശ്രീയും ഞങ്ങളുടെ  രണ്ടര വയസ്സുകാരി മകൾ  ശ്രീനന്ദയ്ക്ക് വേണ്ടി വാശിപിടിച്ചു കൊണ്ടേ യിരുന്നു…..

ഒടുവിൽ കോടതി വിധിച്ചു….

” എല്ലാ മാസത്തിലെയും അവസാനത്തെ ഒരാഴ്ച കുഞ്ഞിനെ അച്ഛന് കൊടുക്കണം… ബാക്കി ദിവസങ്ങളിൽ അമ്മയ്ക്കൊപ്പം…… “

വിധി കേട്ട നേരിയ ആശ്വാസത്തിൽ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും മടിയിലിരിക്കുന്ന മോൾടെ മുഖത്തേക്ക് എന്റെ കണ്ണുകൾ നീണ്ടു…..

ഒന്നും മനസിലാകാതെ എന്നെയും ശ്രീയെയും മാറി മാറി നോക്കി ചിരിക്കുകയാണവൾ…..

ആ കുഞ്ഞു മനസ്സിന് അറിയില്ലല്ലോ ഇനി അവളുടെ അച്ഛനും അമ്മയും ഒന്നിച്ചില്ലെന്ന്…..

കോടതി മുറ്റത്തേക്കിറങ്ങി അമ്മയുടെ കൈയ്യിൽ നിന്നും മോളെ വാങ്ങി ഞാനെന്റെ മാറോട് ചേർത്തു…..

 എന്തിനോ വേണ്ടി ആരെയോ തിരഞ്ഞു കൊണ്ടെന്റെ  കണ്ണുകൾ  നിറഞ്ഞൊഴുകി……

” ലച്ചൂ…… “

പിന്നിൽ നിന്ന് വിളിക്കുന്നത് ശ്രീയാണെന്ന് അറിഞ്ഞിട്ടും ഒന്നു തിരിഞ്ഞു നോക്കാൻ പോലുമുള്ള ശക്തിയില്ലാതെ ഒരു ശില കണക്കെ ഞാൻ പിൻ തിരിഞ്ഞു നിന്നു……

ശ്രീയെനിക്ക് അഭിമുഖമാകും വിധം വന്ന് നിന്നു……

മോളെ ഞാനൊന്നൂടെ എന്റെ മാറിലേക്ക് ചേർത്തു…… ഇറുകെ പിടിച്ചു…

” തട്ടിപ്പറിച്ച് കൊണ്ട് പോകാൻ വന്നതല്ല…. മോളെ ഞാനൊന്ന് എടുത്തിട്ട് തിരിച്ച് തരാം…… വിശ്വസിക്ക് ലച്ചു…….. “

ഞാൻ പതിയെ മോളെ ശ്രീക്ക് നേരെ നീട്ടി….

 നിറഞ്ഞൊഴുകാൻ തുടങ്ങിയ എന്റെ കണ്ണുകൾ ശ്രീ കാണാതിരിക്കാൻ ഞാൻ നന്നേ പാടു പെടുന്നുണ്ടായിരുന്നു….

ലക്ഷ്മിയെന്ന ഞാനും ശ്രീഹരിയെന്ന ശ്രീയും തമ്മിലുള്ള എല്ലാ ബന്ധങ്ങളും ഇന്നാ കോടതി മുറിയിൽ വച്ച് അവസാനിച്ചിരിക്കുന്നു…..

ശ്രീ മോളെ എടുത്തുയർത്തുന്നുണ്ടായിരുന്നു…… മോളുടെ കവിളിലും നെറ്റിക്കുമെല്ലാം മാറി മാറി ചുംബിക്കുന്നുണ്ടായിരുന്നു……

 മോളുടെ കുസൃതി തരങ്ങൾക്കൊടുവിൽ ശ്രീയുടെ മുഖത്തെകണ്ണട അവൾ വലിച്ചൂരിയപ്പോഴാണ് ഞാനും കണ്ടത്……… കരഞ്ഞു കലങ്ങിയ ശ്രീയുടെ ചുവന്ന കണ്ണുകൾ…..

അധികനേരം അത് കണ്ട് നിൽക്കാനുള്ള ശേഷിയില്ലാതെ മോളെ ഞാൻ ശ്രീയുടെ കൈയ്യിൽ നിന്ന് ബലമായ് പിടിച്ചു വാങ്ങി കൊണ്ട് മുൻപോട്ട് നടന്നു……

അപ്പോഴും ശ്രീയെന്നെ പിന്നിൽ നിന്ന് വിളിക്കുന്നുണ്ടായിരുന്നു…..

“ലച്ചൂ….. “

കേൾക്കാത്ത ഭാവത്തിൽ അമ്മയ്ക്കും അച്ഛനും അടുത്തേക്ക് ഞാൻ നടക്കുമ്പോൾ കോടതി വരാന്തയിലും മുറ്റത്തുമായിട്ട് നിൽക്കുന്ന പല ആളുകളുടെയും കണ്ണുകൾ ഞങ്ങൾക്കു മീതെ ആയിരുന്നു….

കാറിന്റെ ഗ്ലാസ്സിലേക്ക് തല ചായ്’ച്ച് കണ്ണടച്ചിരിക്കുമ്പോഴും എന്റെ വിരലുകൾ നീണ്ടത് കഴുത്തിലെ നീളൻ മാലയുടെ തുമ്പിൽ ശ്രീഹരിയെന്ന പേര് കൊത്തി ചേർത്ത ആലിലത്താലിയിലേക്കായിരുന്നു……

അർത്ഥ ശൂന്യമായ ഒരു ലോഹമായ് അതെന്റെ മാറോട് ചേർന്ന് കിടക്കുന്നു….

“മോളെ വീടെത്തി…. ഇറങ്ങ്….. “

അമ്മ തോളിൽ തട്ടി അത് പറയുമ്പോഴായിരുന്നു ഞാൻ കണ്ണ് തുറന്നത്…..

പതിയെ ഇറങ്ങി… ഉമ്മറത്ത് തന്നെ മുത്തശ്ശിയും ഏട്ടത്തിയും ഏട്ടനും എല്ലാവരും ഉണ്ടായിരുന്നു….

നിറഞ്ഞു വന്നുകൊണ്ടിരുന്ന കണ്ണുകൾ സാരി തുമ്പിനാൽ ഒപ്പിയെടുക്കുമ്പോൾ പിന്നിൽ നിന്ന് അച്ഛൻ പറയുന്നുണ്ടായിരുന്നു…

“ഇനിയിപ്പോ കരഞിട്ടെന്താ കാര്യം എല്ലാം സ്വയം വരുത്തി വച്ചതല്ലേ……..”

ആ വാക്കുകൾ എന്നെ കൂടുതൽ കുത്തി നോവിക്കുന്നത് പോലെ തോന്നി…….

ഇതെല്ലാം പ്രതീക്ഷിച്ചു കൊണ്ടാണ് ഞാനിങ്ങോട്ടേക്ക് വന്നത്… ഞാൻ മനസ്സു കൊണ്ടോർത്തു……..

അമ്മയുടെ തോളിൽ കിടന്ന് ചിണുങ്ങി കരയുന്ന മോളെ കൈയ്യിലേക്ക് വാങ്ങി ഉമ്മറത്ത് നിൽക്കുന്ന ആരെയും നോക്കാതെ ഞാൻ അകത്തേക്ക് കയറി……

തടികൊണ്ടുള്ള ഗോവണി പടിയിൽ ചുവടുകളോരോന്നും മുകളിലേക്ക് വയ്ക്കുമ്പോൾ കാലിടറാതിരിക്കാൻ ഞാൻ കൈവരിയിലേക്ക് വിരൽ ചേർത്തു……

മുറിയിലെ തണുപ്പിനുള്ളിലും ശ്രീയെന്ന കനലിന്റെ ചൂട് എന്റെ ഉളളിൽ നിറഞ്ഞു നിന്നു…..

മോളെ കട്ടിലിലേക്ക് കടത്തി കൊയ്ത്തൊഴിഞ നെൽപാടത്തിലേക്ക് കണ്ണും നട്ട് ഞാൻ മുറിയിലിരുന്നു……

മനസ്സ് സഞ്ചരിച്ചത് വർഷങ്ങൾ പിന്നിലേക്കായിരുന്നു……

കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്……..

അവിടെ ഹൗസ് സർജൻസി ചെയ്തോണ്ടിരുന്ന സമയത്തായിരുന്നു ജൂനിയർ ഡോക്ടർ ശ്രീഹരിയെ ഞാൻ പരിചയപ്പെട്ടത്…..

രണ്ടാൾടെയും വീടും നാടും എല്ലാം ആലപ്പുഴയായത് കൊണ്ട് കോഴിക്കോട്ന്നുള്ള മടങ്ങിവരവുകളെല്ലാം ഒന്നിച്ചായിരുന്നു……

ശ്രീക്ക് അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളു….. അമ്മയെ പറ്റി ഒന്നും തന്നെ പറഞ്ഞിട്ടില്ല…. ഞാനായിട്ട് ഒന്നും ചോദിച്ചിട്ടും ഉണ്ടായിരുന്നില്ല…. ചോദിക്കുമ്പോഴൊക്കെയും ശ്രീയുടെ മുഖം വല്ലാണ്ടാകുന്നുണ്ടായിരുന്നു……..

ഒരിക്കൽ കോഴിക്കോട്ടേക്കുള്ള യാത്രയിൽ….. ഒരു വൈകുനേര’ സമയത്ത് കോഫി കൂടിക്കാനായ് വണ്ടി നിർത്തി കോഫി ഷോപ്പിലേക്ക് കയറി……

ശ്രീയുടെ തൊട്ടടുത്ത് തന്നെ ഞാനിരുന്നു…..

അന്നെന്റെ കൈവിരലുകളിലേക്ക് വിരൽ ചേർത്ത് ശ്രീ എന്നോടുള്ള ഇഷ്ടം പറഞു….

നോ പറയാനോ കൈ തട്ടി മാറ്റാനോ എനിക്ക് തോന്നിയില്ല….. പക്ഷേ ഞാൻ പോലും അറിയാതെന്റെ ചുണ്ടിൽ ഒരു പുഞ്ചരി വിടർന്നു…….. 

ഞാനും ഒരു പാട് ആഗ്രഹിച്ചിരുന്നു… ശ്രീയെന്നോട് ഇങ്ങനെയൊന്ന് പറഞിരുന്നെങ്കിൽ എന്ന്……

അവിടെ തുടങ്ങുകയായിരുന്നു ഞങ്ങളുടെ പ്രണയം….

വീട്ടുകാരുടെ ചെറിയ ചില എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും ഒടുവിൽ ഞങ്ങളുടെ വിവാഹത്തിന് അവരും സമ്മതം മൂളി തന്നു…….

ഒരു സെപ്തംബർ 21 എല്ലാ അർത്ഥത്തിലും ഞാൻ ശ്രീയുടെ സ്വന്തമായ് മാറി…….

വിവാഹം കഴിഞ് ഒന്നര വർഷങ്ങൾക്കു ശേഷമായിരുന്നു ഞങ്ങൾക്കിടയിലേക്ക് നന്ദ മോൾ വരുന്നത്……

എല്ലാ അർത്ഥത്തിലും സന്തോഷം നിറഞ്ഞ കുടുംബം…. പക്ഷേ….

“ലക്ഷ്മി ഇതെന്ത് ഓർത്ത് ഇരിക്കാ…. നന്ദ മോള് കരയുന്നത് കണ്ടില്ലേ….. “

എന്റെ ഓർമ്മകൾക്ക് വിള്ളൽ വീഴ്ത്തി കൊണ്ട് അമ്മയായിരുന്നു അത് പറഞ്ഞത്…….

അപ്പോഴാണ് ഞാന്നും ശ്രദ്ധിച്ചത് കട്ടിലിൽ കിടന്നു കരയുന്ന നന്ദ മോളെ……

പെട്ടന്ന് മോളെയെടുത്ത് എന്റെ മാറോട് ചേർത്ത് അവൾക്ക് പാലു കൊടുക്കുമ്പോൾ എന്റെ കഴുത്തിലെ താലിയിൽ വിരലുകൾ ചേർത്തവൾ കളിക്കുന്നുണ്ടായിരുന്നു…… ഞാൻ മോളുടെ കുഞ്ഞു നെറ്റിയിലേക്ക് ചുണ്ടു ചേർത്തു………..

അപ്പോഴായിരുന്നു കട്ടിലിൽ കിടന്ന എന്റെ ഫോൺ റിങ്ങ് ചെയ്തത്……

കമന്ന് കിടന്ന ഫോൺ മലർത്തി നോക്കുമ്പോൾ…..

ശ്രീ എന്ന പേരും പിന്നിലൂടെ വന്ന് ശ്രീയെന്നെ ചുറ്റിപിടിച്ച് കഴുത്തിൽ ഉമ്മ വെയ്ക്കുന്ന ചിത്രവും ഡിസ്പ്ലേയിൽ തെളിഞ്ഞു വന്നു……

ഒരു നിമിഷം ശ്രീക്കൊപ്പം ഉണ്ടായിരുന്ന സുന്ദര മുഹൂർത്തങ്ങളോരോന്നും കണ്ണിൻ മുന്നിലൂടെ ഓടി മറയുന്നത് പോലെ നിക്ക് തോന്നി….

ചിത്രത്തിലേക്കും ശ്രീയെന്ന പേരിലേക്കും പാല് കുടിച്ചോണ്ടിരുന്ന നന്ദ മോൾടെ മുഖത്തേക്കും മാറി മാറി നോക്കി എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞാൻ നിന്നു……

(തുടരും)

അമ്മുക്കുട്ടിയെ പോലെ എല്ലാവർക്കും ലക്ഷ്മിയെയും ശ്രീയെയും നന്ദ മോളെയും ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു….😊😊

നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി😍😍😘😘

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

ഇമ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ലക്ഷ്മി – പാർട്ട് 1”

Leave a Reply