ലക്ഷ്മി – പാർട്ട് 2

6327 Views

lakshmi novel aksharathalukal

കമന്ന് കിടന്ന ഫോൺ മലർത്തി നോക്കുമ്പോൾ…..

ശ്രീ എന്ന പേരും പിന്നിലൂടെ വന്ന് ശ്രീയെന്നെ ചുറ്റിപിടിച്ച് കഴുത്തിൽ ഉമ്മ വെയ്ക്കുന്ന ചിത്രവും ഡിസ്പ്ലേയിൽ തെളിഞ്ഞു വന്നു……

ഒരു നിമിഷം ശ്രീക്കൊപ്പം ഉണ്ടായിരുന്ന സുന്ദര മുഹൂർത്തങ്ങളോരോന്നും കണ്ണിൻ മുന്നിലൂടെ ഓടി മറയുന്നത് പോലെ നിക്ക് തോന്നി….

ചിത്രത്തിലേക്കും ശ്രീയെന്ന പേരിലേക്കും പാല് കുടിച്ചോണ്ടിരുന്ന നന്ദ മോൾടെ മുഖത്തേക്കും മാറി മാറി നോക്കി എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞാൻ നിന്നു……

കോൾ കട്ട് ചെയ്യാനായുള്ള ചുവന്ന ബട്ടണിലേക്കെന്റെ വിരൽ നീണ്ടപ്പോഴും മനസ്സിന് ഒരു തരം മരവിപ്പാണ് തോന്നിയത്….

ഫോൺ സ്വിച്ച് ഓഫ് ചെയ്ത് തലയിണക്കടിയിലേക്ക് വച്ച് ഉറങ്ങി തുടങ്ങിയ മോളെ ഞാൻ മെല്ലെ കട്ടിലേക്ക് കിടത്തി… മോൾക്കിരുവശത്തും തലയിണ വച്ചു…

ജനലഴികളിൽ വിരൽ ചേർത്ത് കൊയ്ത്തൊഴിഞ പാടത്തേക്ക് നോക്കി ഞാൻ മൗനമായ് നിന്നു…. സന്ധ്യ മയങ്ങി തുടങ്ങിയത് കൊണ്ട് പാടത്തിനക്കരയുള്ള വീടുകളിൽ ലൈറ്റുകൾ തെളിഞ്ഞു കാണാം…..

ദേവി ക്ഷേത്രത്തിലെ ഗീതങ്ങളോരോന്നും ജനലഴികൾക്കിടയിലൂടെ ഒഴുകിയെന്റെ കാതിലേക്കെത്തി…..

ഒരു തവണ മറക്കാൻ ശ്രമിക്കുമ്പോൾ പുതുമയോടെ നൂറ് തവണ ഓർത്തെടുക്കുന്ന അദ്ധ്യായം ശ്രീഹരി….. വീണ്ടുമെന്റെ ചിന്തകൾക്കിടയിൽ സ്ഥാനം പിടിച്ചു…..

“ലച്ചൂ…… “

പിന്നിലേക്ക് തിരിഞ്ഞ് നോക്കിയപ്പോൾ ഏട്ടത്തി…..

“ഏട്ടത്തി ഒരു കാര്യം ചോദിച്ചാ സത്യം പറയുവോ…..?? “

“എന്താ ഏട്ടത്തി ഇത്…. ഞാൻ ഏട്ടത്തിയോട് എന്നേലും കളവ് പറഞ്ഞിട്ടുണ്ടോ…..”

” ഇല്ലാ…. എന്നാലും…..”

“ഒരെന്നാലും ഇല്ല ഏട്ടത്തി ചോദിക്ക്….. “

” ശ്രീയും മോളും തമ്മിലുള്ള പ്രശ്നമെന്താ….?”

ഒരു നിമിഷം നെഞ്ചിലൊരു വെള്ളിടി വെട്ടിയത് പോലെ ഞാൻ നിന്നു……

” നീ സ്വയം തിരഞ്ഞെടുത്തതല്ലേ ശ്രീയെ…. പിന്നെ നിങ്ങള് തമ്മില് പിരിയാൻ എന്താ കാരണം……?”

അമ്പ് തൊടുത്ത് വിടും പോലെ ഏട്ടത്തി ചോദ്യങ്ങളോരോന്നും എനിക്ക് നേരെ തൊടുത്തുവിട്ടു…….

“ഏട്ടത്തി ഞാൻ…. എനിക്ക്….. പ്ലീസ് ഏട്ടത്തി എന്നോടൊന്നും ചോദിക്കല്ലേ…….”

അത് പറഞ്ഞ് കൊണ്ട് ഞാൻ കട്ടിലേക്കിരുന്നു……

നിറഞ്ഞൊഴുകി കൊണ്ടിരുന്ന എന്റെ മിഴകളെ സാരിത്തലപ്പ് കൊണ്ട് ഒപ്പി തരുമ്പോൾ ഏട്ടത്തി പറയുന്നുണ്ടായിരുന്നു

” മോള് അൽപം നേരം കിടന്നോ…… “

അതും പറഞ് വാതില് പാതി ചാരി ഏട്ടത്തി മുറി വിട്ട് പുറത്തേക്കു പോയി……

വെള്ളവിരിച്ച തലയിണയിലേക്ക് മുഖം ചേർത്ത് കരയുമ്പോൾ കണ്ണീരും കൺമഷിയും കൺകോണിലൂടെ ഒന്നിച്ച് ഒഴുകിയിറങ്ങി….

രാവേറെ മയങ്ങിയപ്പോൾ ഇമകൾ എപ്പോഴോ ഉറക്കത്തിനു വഴി മാറി കൊടുത്തു…

ഉണർന്നെണീറ്റ് ഉറക്കം തെളിഞ് എണീറ്റമോളെയും എടുത്തോണ്ട് ഞാൻ താഴേക്ക് നടന്നു….

തിളപ്പിച്ച് ആറിയ പാല് കുപ്പിയിലേക്ക് നിറച്ചു…

അമ്മയുടെ കൈയ്യിൽ മോളെ ഏൽപ്പിച്ച് കുളി കഴിഞ് ഭക്ഷണം കഴിക്കാനായ് വന്നിരുന്നു…..

എനിക്ക് എതിർവശത്തായ് അച്ഛനും വന്നിരുന്നു…….

“ലക്ഷ്മി എന്താ ഇനി നിന്റെ ഉദ്ദേശ്യം..?”

ഒന്നും മനസ്സിലാകതെ ഞാൻ അച്ഛന്റെ മുഖത്തേക്ക് നോക്കി…..

” ഹോസ്പിറ്റലിൽ പോകാതെ ഇവിടങ്ങനെ ചടഞ്ഞു കൂടിയിരിക്കാനാണോ നിന്റെ ഭാവം..?”

” ശ്രീയുള്ള ഹോസ്പിറ്റലിലേക്ക് ഇനി ഞാനില്ല…. “

” തന്നിഷ്ടത്തിന് ഇവിടിങ്ങനെ തപസിരിക്കാനല്ല ലക്ഷങ്ങൾ മുടക്കി പഠിപ്പിച്ച് നിന്നെയൊരു ഡോക്ടറാക്കിയിരിക്കുന്നത്……”

ഒന്നും മിണ്ടാതെ കഴിച്ചു കൊണ്ടിരുന്ന ഭക്ഷണത്തിനു മുമ്പിൽ നിന്ന് ഞാന്നെണീറ്റു….

അച്ഛൻ പറഞ്ഞതിനു തിരിച്ചു പറയാനുള്ള ഒരു മറുപടിയും എന്റെ പക്കൽ ഇല്ലായിരുന്നു…..

പ്ലേറ്റുമായ് അടുക്കളയിലേക്ക് നടക്കുമ്പോൾ അമ്മ പിന്നാലെ വരുന്നുണ്ടായിരുന്നു…

” അച്ഛൻ ദേഷ്യത്തിന്റെ പുറത്ത് എന്തേലും പറഞ്ഞെന്ന് വെച്ച് മോളെന്തിനാ കഴിക്കാണ്ട് എണീറ്റെ……

കഴിക്ക്……”

“വേണ്ടമ്മേ വിശപ്പില്ല……”

അത് പറഞ് അമ്മയുടെ കൈയ്യിന്ന് മോളെയും വാങ്ങി ഞാൻ മുറിയിലേക്ക് നടന്നു….

രാവും പകലും പുഴയൊഴും വേഗത്തിൽ ഒഴുകി മറയുമ്പോൾ……

“അമ്മേ എനിക്കൊന്ന് അമ്പലത്തിൽ പോണം…… “

” ദേവീക്ഷേത്രത്തിൽ പോകാനാണോ…. “

” ഉം…. “

“ഏട്ടത്തിയെ കൂടെ കൂട്ടിക്കോ….. ഒറ്റയ്ക്ക് പോകണ്ടാ……. “

“തനിച്ച് പൊയ്ക്കൊള്ളാം…… “

അതും പറഞ് മോളെയും എടുത്ത് ഞാൻ മുറ്റത്തേക്കിറങ്ങി…….

കൊയ്ത്തൊഴിഞ പാടത്തിന്റെ വരമ്പിലൂടെ മുന്നോട്ട് നടക്കുമ്പോൾ മുറിച്ചെടുത്ത ഞാറിന്റെ പകുതിക്കിടയിൽ കൊറ്റികൾ സ്ഥാനം പിടിച്ചിരുന്നു…..

വെള്ള കൊക്കുകളെ നന്ദമോള് ഒരൽഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു……

എണ്ണയും കർപ്പൂരവും അമ്പലത്തിനുള്ളിലേക്ക് കടന്നപ്പോൾ തന്നെ മനസ്സൊന്ന് പാതി ശാന്തമായി……

“രണ്ട് പുഷ്പാഞ്ചലി വേണം…..”

“പേരും നാളും…… “

” ശ്രീഹരി അശ്വതി

ശ്രീനന്ദ ഉതൃട്ടാതി….. “

പണം കൊടുത്ത് റെസിപ്റ്റ് കൈയ്യിൽ കിട്ടിയപ്പോഴായിരുന്ന ഞാനും ഓർത്തത്…

ശ്രീക്ക് വേണ്ടി എന്തിന് ഞാൻ…..

ശ്രീയെ എനിക്കിപ്പോഴും പൂർണമായും മറക്കാനോ വെറുക്കാനോ സാധിച്ചിട്ടില്ലന്നുള്ളതിന് ഉള്ള ഏറ്റവും വലിയ തെളിവായിരുന്ന അത്……

ദീപാരാധന കഴിഞ്ഞ് നട തുറന്നു….

ഒരു ശക്തിയും എന്റെ മോളെ എന്നിൽ നിന്നടർത്തി മാറ്റരുതേ അത് മാത്രം ഞാൻ ആവർത്തിച്ച് ആവർത്തിച്ച് പ്രാർത്ഥിച്ചു ……………

ഇനി  മുൻപോട്ടുള്ള ജീവിതത്തിൽ എന്റെ പ്രതീക്ഷയും സ്വപ്നവും എല്ലാം എന്റെ നന്ദമോളായിരുന്നു….

പുണ്യാഹം തന്നപ്പോൾ അൽപം നന്ദ മോളുടെ നാവിലേക്കും നെറുകിലേക്കും ഒഴിച്ചു…….

പ്രാർത്ഥിച്ച് വലത്ത് വെച്ച് തിരികെ ഇറങ്ങും വഴി കൈക്കുമ്പിളിലെ ചന്ദന o കൊണ്ട് നെറ്റിയിലേക്കൊരു കുറി വരച്ച്….

തിരികെ വീട്ടിലേക്ക് വന്നു കയറുമ്പോൾ ഉമ്മറത്ത് എല്ലാവരും ഉണ്ടായിരുന്നു……

“ലക്ഷ്മീ “

മോളെയും കൊണ്ട് അകത്തേക്ക് കയറിയപ്പോൾ അച്ഛനായിരുന്നു പിന്നിൽ നിന്ന് വിളിച്ചത്…..

” ശ്രീ വിളിച്ചിരുന്നു….. “

ഒരു ഞെട്ടലോടെയായിരുന്നു ഞാനത് കേട്ടത്……

” ഇല്ല മോളെ ഞാൻ കൊടുക്കില്ല….. “

“നാളെ അവൻ ബീച്ചിനടുത്ത് ഉള്ള മരത്തിന്റെ അടുത്ത് നിൽക്കും 3 മണിക്ക് മോളെ അവനെ ഏൽപ്പിക്കണം…….”

മറുത്തൊന്നും തിരിച്ചു പറയാനാകാതെ നാവ് വിലങ്ങിയത് പോൽ ഞാൻ നിന്നു……

അന്ന് രാത്രി എനിക്കുറക്കം വന്നില്ല……. പുലരുവോളം കട്ടിലിൽ കിടന്നുറങ്ങിയ നന്ദമോളെ ഇമ ചിമ്മാതെ ഞാൻ നോക്കിയിരുന്നു……

“ലച്ചൂ…. അച്ഛൻ താഴത്ത് കാത്ത് നിൽക്ക് വാ മോളെയും കൊണ്ട് താഴേക്ക് ചെല്ല്……..”

ഒന്നും മിണ്ടാതെ ഞാൻ അമ്മയെ ഒന്ന് ദയനീയമായി നോക്കി….

“മോൾടെ തുണിയും മരുന്നും എല്ലാം എടുത്ത് വച്ചോ……?”

ഞാൻ വെറുതെ അലസമായ് ഒന്ന് തല കുലുക്കുക മാത്രം ചെയ്തു……

ബാഗും സാധനങ്ങളുമെടുത്ത് അമ്മ മുമ്പേ നടന്നപ്പോൾ മോളെയും കൊണ്ട് ഞാൻ പിന്നാലെ നടന്നു…….

” കീ താ….. “

ഞാൻ അച്ഛന് നേരെ കൈ നീട്ടി……

“വേണ്ട മാധവേട്ടാ ലച്ചൂനെ ഒറ്റയ്ക്ക് വിടണ്ട….. “

“അമ്മയെന്തിനാ ഇങ്ങനൊക്കെ പറയുന്നേ…. ഞാൻ ചാകാനൊന്നും പോവല്ലല്ലോ…….. എന്റെ നന്ദമോൾക്ക് വേണ്ടിയിട്ട് ഞാൻ ജീവിക്കും

അച്ഛാ കീ താ.. “

“ലച്ചു പറയുന്നത് കേൾക്ക് “

നിവർത്തിയില്ലാതെ മോളെയും എടുത്ത് ഞാൻ അച്ഛനൊപ്പം കാറിൽ കയറി…….

കാറ് കടൽതീരത്തിനടുത്തെ മരച്ചുവട്ടിലേക്കടുത്ത് വരുമ്പോഴെ ദൂര നിന്ന് ഞാൻ കണ്ടിരുന്നു ഞങ്ങളേക്കാൾ മന്നേ മരച്ചുവടിനടുത്ത് സ്ഥാനം പിടിച്ച ശ്രീയെ……

അച്ഛൻ ആദ്യം നടന്നു… പിന്നാലെ ഞാനുo

അച്ഛൻ ശീയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്ന അങ്ങോട്ടേക്ക് cരദ്ധ തിരിക്കാതെ മോളെ മാറോടടുക്കി പിടിച്ചു ഞാൻ നിന്നു

“ലച്ചു….മോളെ കൊണ്ട് കൊടുക്ക് “

അച്ഛൻ അത് പറഞ്ഞു കൊണ്ടെന്റെ തോളിൽ തട്ടിയെന്നെ മുൻപോട്ട് വിട്ടു

.മാനത്ത് കാർമേഘം ഇരുണ്ട് കൂടുന്നുണ്ടായിരുന്നു…..

മഴത്തുള്ളികളോരോന്നും താഴേക്ക് പൊഴിഞ്ഞു കൊണ്ടേ യിരുന്നു…….

നെറുകിലൊന്ന് അമർത്തി ചുംബിച്ചിട്ട് മോളെ ഞാൻ ശ്രീയുടെ കൈയ്യിലേക്ക് കൊടുത്തു….. 

അപ്പോഴേക്കും മഴത്തുള്ളികളോരോന്നും ഞങ്ങൾ മേൽ വീണ് കൊണ്ടിരുന്നു ശ്രീമോളെ നനയ്ക്കാതെ കാറിനടുത്തേക്ക് കൊണ്ടുപോയി

അച്ഛൻ മോൾടെ സാധനങ്ങളെല്ലാം കാറിലേക്ക് കൊണ്ട് വച്ചു കൊടുത്തു…..

കലി തുള്ളിയ ആകാശമപ്പോൾ ഒന്നിനു പിറകെ ഒന്നായ് മഴതുള്ളികൾക്ക് ജന്മം കൊടുത്തുകൊണ്ടേയിരുന്നു

 ശക്തിയിൽ അവയെന്റെ തലയ്ക്ക് മീതെ പെയ്തിറങ്ങി

“ലച്ചു മോളെ മഴ നനയാതെ വാ നമുക്ക് പോകാം…..”

“അച്ഛാ എന്റെമോള് എന്റെ മോള് പോയി……. “

അത് പറഞ്ഞു കൊണ്ട് ഞാൻ അച്ഛനെ വട്ടം കെട്ടിപ്പിടിച്ചു……

അച്ഛന്റെ തോളിൽ തല വെച്ച് മുൻ പോട്ടേക്ക് നോക്കുമ്പോൾ കണ്ണീരും മഴ തുള്ളികളും കൊണ്ട് നനഞൊട്ടിയ കൺപീലികൾക്കിടയിലൂട ഞാൻ കാണുന്നുണ്ടായിരുന്നു എന്റെ മോളെയും കൊണ്ട് ശ്രീയുടെ കാറ് ദൂരങ്ങൾ താണ്ടി പോകുന്നത്…….

(തുടരും)

രചന: ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

ഇമ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ലക്ഷ്മി – പാർട്ട് 2”

Leave a Reply