Skip to content

ആരോ ഒരാൾ – 1

aaro oral by sooryakanthi aksharathalukal novel

ചക്രവാളം മുട്ടി നിൽക്കുന്ന മലനിരകളെ, വെളുത്ത പുക പോലുള്ള മഞ്ഞ് മൂടി തുടങ്ങിയിരുന്നു..

കോടയിറങ്ങി തുടങ്ങി.. മുത്തു അസ്വസ്ഥതയോടെ ചുറ്റും നോക്കി..
ലോറിയുടെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ , റോഡിന്റെ ഇരുവശങ്ങളിലും ഇടയ്ക്കിടെ തെളിയുന്ന, ഒരാൾ പൊക്കത്തിൽ വളർന്നു നിൽക്കുന്ന പുൽപടപ്പുകളും പടുകൂറ്റൻ മരങ്ങളുടെ വേരുകളും ചെങ്കുത്തായ പാറക്കെട്ടുകളും അവനെ ഭയപ്പെടുത്തി തുടങ്ങിയിരുന്നു..

അവനൊന്നു പാളി നോക്കി.. ഇച്ചായൻ ഒരു ഭാവഭേദവുമില്ലാതെ മുൻപോട്ട് നോക്കി വണ്ടിയോടിക്കുന്നു..

അനുസരണയില്ലാതെ പാറിപ്പറക്കുന്ന എണ്ണമയമില്ലാത്ത, നീണ്ട ചെമ്പൻ മുടിയിഴകൾ ഇടയ്ക്കിടെ കൈ കൊണ്ടു ഒതുക്കുന്നുണ്ട്..
നേർത്ത ചുവപ്പ് രാശി തെളിയുന്ന കണ്ണുകൾ റോഡിലേക്കാണ്. മുത്തുവിന്റെ നോട്ടം തന്നിലേക്കാണെന്ന് അറിഞ്ഞത് കൊണ്ടാവും ജെയിംസ് തല ചെരിച്ചു താടി ഉഴിഞ്ഞു കൊണ്ടു മുത്തുവിനെ ചോദ്യഭാവത്തിൽ ഒന്ന് നോക്കി..

“കൂപ്പിൽ നിന്ന് ഇറങ്ങിയപ്പോഴേ പറഞ്ഞതല്ലേ ഞാൻ, ആ പെണ്ണിന്റെ അടുത്ത് കയറാണ്ട് നേരേ കുടിയിലേക്ക് പോവാന്ന്.. ”

“ആഹാ നിന്റെ കാളി നിന്നെ അവരുടെ കൂട്ടത്തിലേക്ക് ചേർക്കാൻ പോവാണോടാ, വന്നു വന്നു അവളുടെ ഭാഷയും പഠിച്ചല്ലോടാ കുവ്വേ നീയ് .. ”

“ഹും.. ”

മുത്തു ഈർഷ്യയോടെ പുറത്തേക്ക് നോക്കിയിരുന്നു.. അവന്റെ മുഖം കണ്ടു ജെയിംസ് ചിരിച്ചു.

“എന്നാടാ.. അവളുടെ അടുത്തൂന്ന് മൂക്കറ്റം മോന്തുമ്പോൾ ഈ ധൃതി കണ്ടില്ലായിരുന്നല്ലോ.. ”

“അത്‌ കഴിഞ്ഞും ഇറങ്ങിയില്ലല്ലോ… ആനേം പുലിയും ഇറങ്ങുന്ന കാടാണ്, സന്ധ്യയ്ക്ക് മുന്നേ കോടയിറങ്ങും.. ഇതൊന്നും അറിയാഞ്ഞിട്ടല്ലല്ലോ.. തെക്കൻ മലയിൽ നിന്നും മിനിയാന്ന് ഇറങ്ങിയ പുലിയെ ഇത് വരെ പിടി കിട്ടിയിട്ടില്ലെന്നാ കേട്ടത്..രണ്ടു പേരെയാ ശരിപ്പെടുത്തിയത്… ”

ജെയിംസ് ചിരിച്ചതേയുള്ളൂ..

“അല്ല ഇച്ചായാ, ഞാൻ അറിയാഞ്ഞിട്ട് ചോദിക്കുവാ.. എങ്ങോട്ടാ നിങ്ങടെ ഈ പോക്ക്.. വന്നു വന്നു കണ്ട ചാരായം വാറ്റുന്നവളുടെ കൂടെ പോലും കിടക്കാൻ തുടങ്ങി.. ”

“ചാരായം വാറ്റുന്നവൾക്ക് എന്നാടാ ഒരു കുഴപ്പം.. അവളും പെണ്ണല്ലേ.. നല്ല അസ്സൽ പെണ്ണ്.. ”

ജെയിംസ് കീഴ്ചുണ്ട് കടിച്ചു കൊണ്ടു മുത്തുവിനെ നോക്കിയൊന്നു കണ്ണിറുക്കി..
അവനൊന്നും മിണ്ടിയില്ല..

ജെയിംസിന്റെ കൈ സ്റ്റിയറിങ്ങിൽ അമർന്നു. മുഖം വലിഞ്ഞു മുറുകുന്നത് മുത്തു കണ്ടു..

“എല്ലാ അവളുമാരും കണക്കാ.. ”

നേർത്തൊരു മുരൾച്ച പോലെ ആ ശബ്ദം കേട്ടിട്ടും മുത്തു അയാളെ നോക്കാതെ പുറത്തേക്ക് തന്നെ നോക്കിയിരുന്നു.

ഇരുട്ട് വീണു തുടങ്ങവേ കാടിന്റെ ശബ്ദങ്ങൾ ഉണർന്ന് തുടങ്ങിയിരുന്നു. കുറച്ചു ദൂരം കൂടെയേ ഉള്ളൂ.. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല.. കാട്ടാനക്കൂട്ടങ്ങൾ ഏത് സമയവും മുൻപിലെത്താം.. .

ഇനിയൊരു വളവ് കഴിഞ്ഞാൽ താമര കൊക്കയാണ്.. അത്‌ കഴിഞ്ഞാൽ പത്തു മിനിറ്റ് കൂടെ.. വീട്ടിലെത്താം..

വളവ് കഴിഞ്ഞതും ഇടതു വശത്തു നിന്നും വണ്ടിയുടെ മുൻപിലേക്ക് രണ്ടു കൈയും ഉയർത്തി വീശിക്കൊണ്ട് കയറി വന്ന രൂപത്തെ ഒരു മിന്നായം പോലെയേ മുത്തു കണ്ടുള്ളു.. അടുത്ത നിമിഷം ആ രൂപം റോഡിൽ വീണു..

ബ്രേക്ക് ചവിട്ടി നിർത്തിയിട്ടും ജയിംസിന്റെ ഞെട്ടൽ മാറിയിട്ടില്ലായിരുന്നു..

വണ്ടിയുടെ വെളിച്ചത്തിൽ റോഡിൽ വീണു കിടക്കുന്ന രൂപത്തെ അയാൾ കണ്ടു.. അതൊരു പെണ്ണായിരുന്നു..

“ഇച്ചായാ.. ”

മുത്തുവിന്റെ ശബ്ദം വിറച്ചിരുന്നു..

“ഇതിനി എന്നാ കുരിശ്ശാണോയെന്തോ..? ”

ഡ്രൈവിംഗ് സീറ്റിൽ നിന്നും ചാടിയിറങ്ങുന്നതിനിടെ ജെയിംസ് പറഞ്ഞു..

അവൾ പതിയെ എഴുന്നേൽക്കാൻ ശ്രെമിക്കുന്നുണ്ടായിരുന്നു..

“ഹ അപ്പോ ജീവനുണ്ട്.. എണീറ്റ് ആ സൈഡിലേക്ക് എങ്ങാനും കിടക്ക് കൊച്ചേ, ചുമ്മാ ആളെ മെനക്കെടുത്താതെ.. ”

അയാൾ തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴാണ് ആ നേർത്ത ശബ്ദം കേട്ടത്..

“ഹെൽപ് മി.. പ്ലീസ്.. ഹെൽപ് മി.. ”

“ഇച്ചായാ… ”

മുത്തു അയാളെ ഒന്ന് നോക്കി ആ പെണ്ണിന്റെ അരികിലേക്ക് നടന്നു.

“ടാ ചെറുക്കാ… കണ്ട വയ്യാവേലിയൊന്നും എടുത്തു തോളേൽ കേറ്റാൻ നിക്കണ്ട.. ”

ലോറിയുടെ അടുത്ത് എത്തിയപ്പോഴാണ് ആ ശബ്ദം അയാളുടെ ചെവിയിൽ പതിച്ചത്.. ഉൾക്കാട്ടിൽ നിന്നെവിടെ നിന്നോ ഒരു ചിന്നം വിളി.. ഒറ്റയാൻ..

ഒറ്റക്കുതിപ്പിന് അവർക്കരികിലേക്ക് എത്തി, അയാൾ മുത്തുവിനെ ചാരി എഴുന്നേറ്റ് നിന്ന അവളെ രണ്ടു കൈ കൊണ്ടും ഉയർത്തിയെടുത്ത് ലോറിയുടെ അടുത്തേക്കോടി..

“വേഗം ചെന്നു കേറെടാ.. ഇല്ലേൽ പിന്നെ റോഡേന്ന് വടിച്ചെടുക്കേണ്ടി വരും… അതവനാ.. ആ ഒറ്റക്കൊമ്പൻ.. ”

അവളെ ഉള്ളിലേക്ക് തള്ളി കയറ്റി അയാൾ ലോറി സ്റ്റാർട്ട്‌ ചെയ്യുമ്പോഴേക്കും മുത്തു കയറിയിരുന്നു…

സീറ്റിലേക്ക് തല ചായ്ച്ചു ഇരിക്കുന്നതിന് മുൻപേ പുറത്തുണ്ടായിരുന്ന ബാക്ക് പാക്ക് അവളെടുത്തു മടിയിൽ വെച്ചിരുന്നു..

ഓടിക്കൊണ്ടിരുന്ന ലോറിയിൽ അവരുടെ നടുവിലായി ഇരിക്കുമ്പോൾ പതിയെ വീണ്ടും ഭയം അവളെ കീഴ്പ്പെടുത്തി തുടങ്ങിയിരുന്നു..

കാടിനുള്ളിൽ നിന്നും ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങിയതോടെ, പ്രാണഭയത്തോടെ കൂടുതലൊന്നും ചിന്തിക്കാതെയാണ് വണ്ടിയുടെ മുൻപിലേക്ക് ഓടിക്കയറിയത്…

ഒറ്റ ദിവസം കൊണ്ടാണ് ജീവിതം കീഴ്മേൽ മറിഞ്ഞത്..

എങ്കിലും ആരാണ് തനിക്ക് പുറകെ ഉള്ളത്..?
അതും തന്നെ ഇല്ലാതാക്കാൻ മാത്രം പകയുള്ളൊരാൾ.. അവൾക്ക് സങ്കൽപ്പിക്കാൻ പോലുമായില്ല.. ചുറ്റും നിറഞ്ഞ മുഖങ്ങളിലെല്ലാം സ്നേഹവും വാത്സല്യവും മാത്രമായിരുന്നു കണ്ടിട്ടുള്ളത്..

ഇനി ഒന്നിനും വയ്യ.. റോഡിൽ തീരേണ്ടിയിരുന്നതായിരുന്നു.. മുന്നിലുള്ളതെന്തന്നറിയില്ല.. ഇവരുടെ കൈപ്പിടിയിലാവുമോ ഇനി..
അവൾക്കൊന്നിനും വയ്യായിരുന്നു.. ചിന്തിക്കുവാൻ പോലും..

പാതിയടഞ്ഞ കണ്ണുകൾക്കിടയിലൂടെ താര അവരെ നോക്കിക്കാണുകയായിരുന്നു..

ഇടതു വശത്തു ഇരുന്ന ചെറുപ്പക്കാരന്റെ മുഖം ശാന്തമായിരുന്നു.. വെളുത്തു സുമുഖനായൊരു ചെറുപ്പക്കാരൻ.. ആ കണ്ണുകളിലെ സഹാനുഭൂതി നേരത്തെ അറിഞ്ഞതാണ്..

പക്ഷേ ഈ ഡ്രൈവർ…

അയാളുടെ സ്വഭാവം പോലെ തന്നെ പരുക്കൻ മട്ടാണ് മുഖത്തും.. ഇരുനിറത്തിൽ നല്ല ഉയരവും അതിനൊത്ത വണ്ണവുമുള്ള ഒരാജാനുബാഹു..

തീക്ഷ്ണതയേറിയ മിഴികളിൽ ദയവിന്റെ ഒരു കണിക പോലുമില്ല.. നീണ്ട ചെമ്പൻ മുടിയിഴകൾ ഒതുക്കി വെച്ചു കൊണ്ടു ഡ്രൈവിങ്ങിൽ തന്നെയാണ് ശ്രെദ്ധ.. അവളെ നോക്കുന്നത് പോലുമില്ല..

ഇടയ്ക്കിടെ അവളെ നോക്കുന്ന മുത്തുവിനോടാണ് താര പതിയെ ചോദിച്ചത്..

“വെള്ളം… ”

അവൻ വെള്ളത്തിന്റെ കുപ്പി എടുക്കുന്നതിനിടെയാണ് ജെയിംസ് അവളെ ഒന്ന് ശ്രെദ്ധിച്ചത്.. ആദ്യമായി…

ചുമലിനു തൊട്ടു താഴെ എത്തുന്ന മുടി അഴിഞ്ഞുലഞ്ഞു പാറിപ്പറന്നു കിടക്കുന്നു..ചമയങ്ങളൊന്നുമില്ലാത്ത മുഖത്ത്, ഇടതൂർന്ന പീലികളുള്ള കണ്ണുകൾ പാതിയടച്ചു വെച്ചിട്ടുണ്ട്.. ദേഹത്താകമാനം ചോരപ്പാടുകളുണ്ട്.. നെറ്റിയിലെ മുറിവിൽ ചോര ഉണങ്ങി പിടിച്ചത് കണ്ടു… ഇട്ടിരിക്കുന്ന ജീൻസും ഷർട്ടും പലയിടത്തും കീറിയിട്ടുണ്ട്.. മാറോട് ചേർത്ത് പിടിച്ചിരിക്കുന്ന ബാക്ക് പാക്കിന്റെ സൈഡിലൂടെ കീറിപ്പോയ ഷർട്ടിനിടയിലെ വെളുത്ത ദേഹം കണ്ണിൽ പെട്ടതും ജെയിംസ് അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി. അവനെ നോക്കിയില്ലെങ്കിലും അവൾ ബാഗ് ഒന്ന് കൂടെ ചേർത്ത് പിടിക്കുന്നതിനൊപ്പം ഷർട്ടിന്റെ കീറിപ്പോയ ഭാഗം കൂട്ടി പിടിച്ചു.. ജെയിംസ് പുച്ഛത്തോടെ മുഖം തിരിച്ചു..

മുത്തുവിന്റെ കൈയിൽ നിന്നും വാങ്ങിയ കുപ്പിയിലെ വെള്ളം താര ആർത്തിയോടെ കുടിച്ചു… കുപ്പി തിരികെ നൽകുമ്പോൾ അവൾ മുത്തുവിനെ നന്ദിയോടെ നോക്കി.. അവനൊന്ന് പുഞ്ചിരിച്ചു.

“ചേച്ചിയുടെ പേരെന്താ..? എങ്ങനെ ഇവിടെ എത്തിപ്പെട്ടു…? ”

“ഞാൻ താര… ഡോക്ടറാണ്..ഇവിടെ ആദിവാസി മേഖലയിൽ ഒരു മെഡിക്കൽ ക്യാമ്പ് ഉണ്ടായിരുന്നു..തിരികെ പോവുന്നതിനിടെ സൈറ്റ് സീയിങ്ങിനായി വണ്ടി നിർത്തി. എല്ലാവരും ഫോട്ടോ എടുക്കാൻ ഇറങ്ങി.. ഞാൻ താഴേയ്ക്ക് നടന്നു..വഴി തെറ്റി കാട്ടിലൂടെ കുറെ ദൂരം നടന്നു…”

ക്ഷീണിച്ച ശബ്ദത്തിൽ താര പറഞ്ഞതും പതിഞ്ഞൊരു ചിരി കേട്ടു.. ജെയിംസ്..

“വിശ്വസിക്കാൻ പറ്റാവുന്ന കള്ളങ്ങൾ വല്ലോം പറ കൊച്ചേ.. ഒന്നുമില്ലേലും ആ ഒറ്റക്കൊമ്പന്റെ മുന്നിലോട്ട് ഇട്ടു കൊടുക്കാതെ കെട്ടിയെടുത്തതല്ലേ.. ”

അയാളുടെ ശബ്ദത്തിൽ പരിഹാസം നിറഞ്ഞിരുന്നു..

താര ഒന്നും മിണ്ടിയില്ല.. തലയിൽ കടന്നൽക്കൂട് ഇളകുന്നത് പോലെ തോന്നി അവൾക്ക്. കണ്ണുകൾ അടഞ്ഞു പോവുന്നു..
കുറച്ചു ദൂരം പോയി മെയിൻ റോഡിൽ നിന്നും വണ്ടി ഒരു ഇടുങ്ങിയ ഒരു കാട്ടു പാതയിലേക്ക് കയറി..ഇത്തിരി കഴിഞ്ഞപ്പോൾ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ ഒരു കാട്ടുചോല അവൾ കണ്ടു. അതിന്റെ ഒരു വശത്ത് മുള ചേർത്ത് വെച്ച് കെട്ടിയുണ്ടാക്കിയ ഒരു കൂരയും..

വണ്ടി നിർത്തി ജെയിംസ് എന്തൊക്കെയോ പെറുക്കി എടുത്തു ചാടി ഇറങ്ങി. മുത്തു പതിയെ താരയുടെ കൈ പിടിച്ചു താഴെക്കിറക്കി. നിലത്ത് കാൽ വെച്ചതും അവൾ പതിഞ്ഞൊരു നിലവിളിയോടെ താഴേക്കൂർന്നിരുന്നു.

“എന്താ.. എന്ത് പറ്റി..? ”

“അത്‌.. ഞാൻ.. ഞാൻ മരത്തിന്റെ വേരിൽ തടഞ്ഞൊന്ന് വീണിരുന്നു..വലത് കാല്പാദത്തിനു ഫ്രാക്ചർ ഉണ്ടോ എന്നൊരു സംശയം.. കൈയ്ക്കും.. നല്ല വേദന.. നീര് വെച്ചിട്ടുണ്ട്.. നിലത്ത് അമർത്താൻ സാധിക്കുന്നില്ല.. ”

“ആഹാ.. അടിപൊളി.. ”

അവളെ നോക്കി പറഞ്ഞു, ജെയിംസ് മുൻപോട്ടു നടന്നു. പാറക്കൂട്ടങ്ങൾക്കിടയിലേക്ക് കാലെടുത്തു വെച്ചതും പിറകിൽ നിന്നും മുത്തു വിളിച്ചു.

“ഇച്ചായാ.. ”

അവന്റെ ദേഹത്ത് ചാരി വേച്ചു വേച്ചു നിൽക്കുകയായിരുന്നു താര.. വലത്തെ കാൽ നിലത്ത് അമർത്താൻ അവൾക്ക് സാധിക്കുന്നുണ്ടായിരുന്നില്ല..

ചവിട്ടി തുള്ളി അവർക്കരികിലേക്കെത്തി ജെയിംസ് അവന്റെ കൈയിലെ കവറുകൾ മുത്തുവിന് നേരേ നീട്ടി. അവൻ അത്‌ വാങ്ങിയതും ജെയിംസ് താരയുടെ ചുമലിൽ ഉണ്ടായിരുന്ന ബാഗ് എടുത്തു താഴേക്കിട്ടു. അവൾക്കെന്തെങ്കിലും പറയാനാവുന്നതിനു മുൻപേ അയാൾ താരയെ പൊക്കിയെടുത്തു ചുമലിലേക്കിട്ടു.

“നാശം പിടിക്കാൻ.. എവിടുന്ന് കുറ്റീം പറിച്ചു ഇറങ്ങിയതാണോ ആവോ..? ”

ജെയിംസ് പിറുപിറുക്കുന്നത് താര കേട്ടു. അവർക്ക് പിറകെ ചുമലിൽ അവളുടെ ബാഗും കൈകളിൽ കവറുകളുമായി മുത്തു നടന്നു വരുന്നത് അവൾ കണ്ടു.

മണ്ണ് മെഴുകിയ തറയിലേക്ക് താരയെ കൊണ്ടിട്ട് അയാൾ ചാരി വെച്ച മുളവാതിൽ തുറന്നു അകത്തേക്ക് കയറി.താര വേദന കടിച്ചമർത്തി മെല്ലെ മുളന്തൂണിലേക്ക് ചാരിയിരുന്നു. അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി.

“ചേച്ചി പേടിക്കണ്ട..പുറമെയുള്ള ഈ തുള്ളിക്കളിയൊക്കെ തന്നെയേ ഉള്ളൂ.. എന്റിച്ചായൻ ഒരു പാവമാ.. അത്രയ്ക്ക് അനുഭവിച്ചിട്ടുണ്ട്.. അതാണ്‌ ഈ പരുക്കൻ സ്വഭാവം.. ”

താര ഒന്നും പറഞ്ഞില്ല..

അപ്പോഴേക്കും അകത്തു വെളിച്ചം തെളിഞ്ഞിരുന്നു.

“ചേച്ചി ഇരിക്ക്.. ഞാൻ ഇപ്പോൾ വരാം.. ”

വിശപ്പും ക്ഷീണവുമെല്ലാം കൊണ്ടു അവൾക്ക് അവിടെ തന്നെ ചുരുണ്ടു കൂടി കിടക്കാൻ തോന്നുന്നുണ്ടായിരുന്നു. എന്തെങ്കിലും കഴിച്ചിട്ട് നേരത്തോട് നേരമായി..

തെല്ലകലെ, മരങ്ങൾക്കിടയിലൂടെ അവിടവിടെയായി വെട്ടം തെളിഞ്ഞു കാണുന്നുണ്ടായിരുന്നു. ആൾത്താമസം ഉള്ള സ്ഥലമാണ്..

“ചേച്ചി, അകത്തോട്ട് പോവാം.. വാ.. ”

മുത്തു വന്നു വിളിച്ചപ്പോഴാണ് അവൾ നോക്കിയത്. തൂണിൽ പിടിച്ചു എഴുന്നേറ്റു നിൽക്കാൻ അവളൊരു ശ്രെമം നടത്തിയെങ്കിലും സാധിച്ചില്ല.. മുത്തു അവളുടെ ഇടത്തെ കൈ എടുത്തു തന്റെ ചുമലിലൂടെ ഇട്ടു താങ്ങി പിടിച്ചു..

“എനിക്ക് രണ്ടു ചേച്ചിമാരുണ്ട്.. രണ്ടു പേരുടെയും കല്യാണമൊക്കെ കഴിഞ്ഞു.. ഇപ്പോൾ അച്ഛനും അമ്മയും മാത്രമേയുള്ളു വീട്ടിൽ.. ഇവിടെ കാത്തിരിക്കുന്നൊരു പെണ്ണുമുണ്ട്.. കാളി.. ആദിവാസി ഊരിലെയാ.. ”

“ആഹാ.. ആള് കൊള്ളാലോ.. ”

മുത്തുവിന്റെ മുഖത്തൊരു കള്ളച്ചിരി ഉണ്ടായിരുന്നു. അകത്തേക്ക് കടന്നപ്പോൾ പുറം വാതിലിലൂടെ തല തുവർത്തി കൊണ്ടു ജെയിംസ് അകത്തേക്ക് വരുന്നത് കണ്ടു.ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലം ചെറിയൊരു മറ കൊണ്ടു വേർതിരിച്ചിട്ടുണ്ട്. പഴയൊരു കട്ടിലും മേശയും ഒരു സ്ലീപ്പിങ് ബാഗും താര അകത്തു കണ്ടു. കട്ടിലിലേക്ക് അവളെ ഇരുത്തി ബാഗ് കൊണ്ടു വന്നു അടുത്ത് വെച്ചിട്ട് മുത്തു അടുക്കള ഭാഗത്തേക്ക്‌ പോയി. മുടി ചീകി പുറത്തേക്ക് നടക്കുന്നതിനിടെ ജെയിംസ് അവളെ നോക്കാതെ പറഞ്ഞു.

“ദേഹം മറയ്ക്കാൻ വല്ലതും ഉണ്ടേൽ എടുത്തു ഇട് കൊച്ചേ.. ”

അവനെ ഒന്ന് തുറിച്ചു നോക്കിയെങ്കിലും അപ്പോഴാണ് താര സ്വയമൊന്നു നോക്കിയത്. ഇട്ടിരിക്കുന്ന വസ്ത്രം പലയിടത്തും കൊളുത്തി കീറിയിട്ടുണ്ട്.. അവൾ ഇടതു കൈ കൊണ്ടു ബാഗിന്റെ സിബ് തുറന്നു. ഒരു കുർത്തയാണ് കൈയിൽ കിട്ടിയത്. അതും കൈയിൽ പിടിച്ചിരിക്കുമ്പോഴാണ് മുത്തു കൈയ്യിൽ ഒരു പ്ലേറ്റും പിടിച്ചു വന്നത്. അവളുടെ മുൻപിൽ ചൂട് കട്ടനും പൊറോട്ടയും കറിയും അവനെടുത്തു വെച്ചു. ആദ്യം അത്‌ കഴിക്കാൻ തോന്നിയെങ്കിലും ജെയിംസ് ഇനി വേറെന്തെങ്കിലും പറയുമോ എന്ന് പേടിച്ചു താര പറഞ്ഞു.

“മുത്തു, എനിക്കൊന്ന് ഡ്രസ്സ്‌ മാറ്റണം.. ”

“ഹാ.. ഞാൻ പുറത്തുണ്ടാവും.. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ചേച്ചി വിളിച്ചാൽ മതി.. ”

വാതിൽ ചാരി അവൻ പുറത്തേയ്ക്ക് പോവുന്നത് കണ്ടാണ് അവൾ ഡ്രസ്സ്‌ മാറിയത്. ഷർട്ട് മാറ്റി കുർത്ത ഇട്ടു. ജീൻസ് മാറ്റാനുള്ള ശേഷി തനിക്ക് ഇല്ലെന്ന് നന്നായി അറിയാവുന്നത് കൊണ്ടു അവളതിന് തുനിഞ്ഞില്ല..

താര കഴിച്ചു കഴിയാറായപ്പോഴാണ് വാതിൽ തുറന്നു അവർ അകത്തേക്ക് വന്നത്. മുത്തു അവൾക്ക് കൈ കഴുകാൻ വെള്ളം കൊടുത്തിട്ട് , കഴിച്ച പാത്രങ്ങളൊക്കെ എടുത്തു കൊണ്ടു പോയി. ഇത്തിരി കഴിഞ്ഞു ഒരു പുതപ്പ് എടുത്തു അവൾക്ക് കൊടുത്തു, അവൻ പറഞ്ഞു.

“ഇനി ചേച്ചി കിടന്നോ, ഇന്ന് നല്ല തണുപ്പുണ്ട്.. ”

ജെയിംസ് അപ്പോഴേക്കും സ്ലീപ്പിങ് ബാഗ് എടുത്തു വെച്ചു കിടന്നു കഴിഞ്ഞിരുന്നു. ഇത്തിരി കഴിഞ്ഞതും ചെറുതായൊരു കൂർക്കം വലി കേട്ടു തുടങ്ങി. കുറച്ചപ്പുറം മുത്തു തറയിൽ പായ വിരിച്ചു കിടക്കുന്നത് കണ്ടു.

കണ്ണുകൾ അടച്ചു കിടന്നെങ്കിലും താരയ്ക്ക് ഉറക്കം വന്നില്ല..

ഇരുട്ടിൽ പുറത്ത് നിന്നും പല തരത്തിലുള്ള ശബ്ദങ്ങൾ ചെവിയിലെത്തവേ താരയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. ഇന്നലെ വരെ ഇങ്ങനെയൊരു അവസ്ഥ സങ്കൽപ്പിക്കാൻ പോലും ആവുമായിരുന്നില്ല..

എവിടെയോ..ആരോ ഒരാൾ തന്റെ ജീവനെടുക്കാൻ ആഗ്രഹിക്കുന്നു..

തന്നെ നന്നായി അറിയുന്ന ഒരാൾ… പക്ഷെ ആര്..?.. എന്തിനു വേണ്ടി…?

പതിയെ ബാഗ് തുറന്നു, ഡ്രെസ്സിനുള്ളിൽ വെച്ചിരുന്ന മൊബൈൽ താര കൈയിലെടുത്തു. ഓൺ ചെയ്തപ്പോൾ പ്രതീക്ഷിച്ച പോലെ റേഞ്ച് ഇല്ലായിരുന്നു. വാൾ പേപ്പറിൽ താരയുടെ ചിരിക്കുന്ന ഫോട്ടോയുടെ പിറകിൽ ആ വലിയ തറവാടായിരുന്നു..

മാളിയേക്കൽ തറവാട്…

പ്രിയപ്പെട്ടവരുടെ മുഖങ്ങളോരോന്നായി അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു…

രാവിലെ ജെയിംസ് ആണ് ആദ്യം എഴുന്നേറ്റത്. കണ്ണുകൾ ചെന്നത് കട്ടിലിൽ കിടന്ന ആളുടെ നേർക്കാണ്. കഴുത്തറ്റം പുതച്ചു കിടക്കുകയാണ്. അനക്കമൊന്നും കണ്ടില്ല.. ഉണർന്നു കാണില്ല..

അയാൾ വാതിൽ തുറന്നു പുറത്തേക്കിറങ്ങി. നേർത്ത ഇരുളിലേക്ക് പ്രകാശകിരണങ്ങൾ വന്നെത്തുന്നതെയുള്ളൂ..

ദൂരെ നേർത്ത രേഖകൾ പോലെ കാണുന്ന മല നിരകളിലേക്ക് നോക്കി നിൽക്കവേ പൊടുന്നനെ ഒരു കുരുന്നു മുഖം മനസ്സിൽ തെളിഞ്ഞു. അത്‌ മായ്ച്ചു കളയാനെന്നോണം തല കുടഞ്ഞു കൊണ്ടു അയാൾ അകത്തേക്ക് നടന്നു.

കുറച്ചു കഴിഞ്ഞു കൈയിൽ ഒരു ഗ്ലാസ്സ് കടും കാപ്പിയുമായി പുറത്തേക്കിറങ്ങി. തെല്ലു ദൂരെ ആദിവാസിക്കുടികൾ ഉണർന്നു കഴിഞ്ഞിരുന്നു..

മരക്കൊമ്പുകളിൽ പക്ഷികൾ സാന്നിധ്യമറിയിച്ചു തുടങ്ങിയിരുന്നു.. താഴെ കാടിനു മീതെ കോടമഞ്ഞിന്റെ പുതപ്പ് പതിയെ മാഞ്ഞു തുടങ്ങുന്നു…മഞ്ഞിൻ പാളികളിലൂടെ അരിച്ചെത്തുന്ന സൂര്യ കിരണങ്ങൾ… മരങ്ങൾക്കിടയിലൂടെ അരുണ ശോഭ വ്യാപിക്കുന്നു…

കുറച്ചു കഴിഞ്ഞപ്പോൾ കണ്ണും തിരുമ്മി കൊണ്ടു മുത്തു പുറത്തേക്ക് വന്നു.

“എന്നാടാ നിന്റെ ചേച്ചി ഉണർന്നില്ലേ..? ”

“പാവം.. അത്‌ കുറച്ചു കൂടെ ഉറങ്ങിക്കോട്ടെ ഇച്ചായാ.. ഇത്തിരി മനുഷ്യപ്പറ്റ് കാണിച്ചൂടെ..? ”

“ഹും.. ”

അയാൾ ചുണ്ടുകൾ വക്രിച്ചു കൊണ്ടൊന്നു ചിരിച്ചു. മുത്തു അകത്തേക്ക് നടന്നു.

പിന്നെയും കുറേ കഴിഞ്ഞു മുത്തു വിളിച്ചപ്പോൾ ജെയിംസ് അകത്തേക്ക് ചെന്നു. അവൻ താരയുടെ അടുത്തായിരുന്നു..

“ചേച്ചി വിളിച്ചിട്ട് കണ്ണു തുറക്കുന്നില്ല.. ചുട്ടു പൊള്ളുന്ന ചൂടുമുണ്ട്.. ”

അവന്റെ വെപ്രാളം കണ്ടാണ് ജെയിംസ് അവളുടെ നെറ്റിയിൽ കൈ വെച്ചു നോക്കിയത്..

(തുടരും )

ജെയിംസിനും താരയ്ക്കും മുത്തുവിനും പറയാനുള്ള കഥകൾക്കായി കാത്തിരിക്കാം.. ഒപ്പം പുതിയ കഥാപാത്രങ്ങൾക്കായും….

ഇഷ്ടമാവുമെന്ന് കരുതുന്നു…

സൂര്യകാന്തി 💕

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.9/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “ആരോ ഒരാൾ – 1”

  1. Orupadu naalayi sooryakanthiye kaathirikkunnu, munnupu thannittulla vayana anubhoothi ithil undavum ennu pratheekshikkunnu. Eniyulla oro partum super akatte ennu ashamsikkunnu

  2. ഇഷ്ടായി ഒരുപാട് തുടക്കം ഗംഭീരം ആയി കാത്തിരിക്കുന്നു ബാക്കി ഭാഗങ്ങൾക്കായി

Leave a Reply

Don`t copy text!