Skip to content

ആരോ ഒരാൾ – 11

aaro oral by sooryakanthi aksharathalukal novel

ഒന്നും പറയാതെ ദേഷ്യത്തോടെ ജെയിംസ് പുറത്തെക്ക് നടന്നു..

“ഒന്ന് നിന്നേ …. ”

ജെയിംസ് തിരിഞ്ഞു നോക്കിയില്ല.. താര അയാൾക്ക് തൊട്ടു പുറകെ എത്തിയിരുന്നു..

“മാളിയേക്കൽ തറവാട്ടിൽ എത്തുക എന്നുള്ളത് ജെയിംസ് ആന്റണിയുടെ കൂടെ ആവശ്യമാണെന്ന് എനിക്കറിയാം.. കാര്യകാരണങ്ങൾ ഞാൻ അന്വേഷിക്കുന്നില്ല.. അതിന് ഈ ഒരു വഴിയേ ഉള്ളൂ.. ഒരു വഴിപോക്കനായി ഒരിക്കലും നിങ്ങൾക്കവിടുത്തെ പൂമുഖത്തിനപ്പുറം കടക്കാൻ കഴിയില്ല.. അതുകൊണ്ട് കൂടിയാണ് ഞാൻ നിങ്ങൾക്ക് എന്റെ ഭർത്താവ് എന്ന പദവി ഓഫർ ചെയ്തത്… ”

ജെയിംസ് അപ്പോഴും താര പറഞ്ഞതിന്റെ ഞെട്ടലിലായിരുന്നു.. അയാളുടെ മുഖഭാവം കണ്ടു താര ചിരിയോടെ പറഞ്ഞു..

“ഒന്നുമില്ലേലും ഞാനൊരു സൈക്ക്യാട്രിസ്റ്റ് അല്ലേ ഇച്ചായാ.. അൽപ്പം മൈൻഡ് റീഡിങ് ഒക്കെ വശമുണ്ടെന്നു കൂട്ടിക്കോ… ”

ജെയിംസ് ഒന്നും പറഞ്ഞില്ല..

“ഇനി.. വിവാഹം രജിസ്റ്റർ ചെയ്തുവെന്ന് വെച്ചു
നിങ്ങൾ ജീവിത കാലം മുഴുവനും എന്നെ ചുമക്കേണ്ടതില്ല… നമ്മുടെ ആവശ്യങ്ങൾ കഴിഞ്ഞാൽ മ്യൂച്ചൽ ഡിവോഴ്സ്.. ”

ജെയിംസ് തെല്ല് കൗതുകത്തോടെ തല ചെരിച്ചൊന്ന് അവളെ നോക്കി…

സത്യത്തിൽ അയാൾ ആദ്യമായാണ് താരയെ താല്പര്യത്തോടെ ഒന്ന് ശ്രെദ്ധിച്ചത്…

കണ്ടാലാരും നോക്കിപ്പോവുന്ന തരം സൗന്ദര്യമൊന്നും ഇല്ലെങ്കിലും കാണാനൊരു ചേലൊക്കെയുണ്ട്…

പെണ്ണ് ആള് കൊള്ളാം…

“മാളിയേക്കൽ തറവാട്ടിൽ അധികാരത്തോടെ കയറി ചെന്നാലേ നിങ്ങളുടെയും എന്റെയും ഉദ്ദേശങ്ങൾ നടക്കൂ… ”

ജെയിംസ് ഒന്നും പറയാതെ പുറത്തേയ്ക്ക് നടന്നു. അയാളുടെ ദേഷ്യം തെല്ലയഞ്ഞിരുന്നു..

ജെയിംസ് പോയതും താര തിരിഞ്ഞു മുത്തുവിനെ നോക്കി കണ്ണിറുക്കി. അവൻ ശബ്ദമില്ലാതെ സൂപ്പർ എന്ന് ചുണ്ടനക്കി തംബ്സ് അപ്പ്‌ കാണിച്ചു…

നാൻസിയുടെ പാചകത്തെ പറ്റി മുത്തു പരാമർശിച്ച ആ രാത്രി കണക്കറ്റ് മദ്യപിച്ച ജയിംസിന്റെ വായിൽ നിന്നും എപ്പോഴോ താരയെ പറ്റി പറഞ്ഞപ്പോൾ അറിയാതെ വീണു പോയ ചില വാക്കുകൾ മുത്തുവിന്റെ മനസ്സിലുടക്കിയിരുന്നു..

“എനിക്കും പോവേണ്ടത് അങ്ങോട്ടാണ്.. വര്ഷങ്ങളായി ഞാൻ തിരയുന്ന ഉത്തരങ്ങൾ കണ്ടെത്തേണ്ടത് അവിടെ നിന്നാണ്… ”

മുത്തു ഈ കാര്യം പറഞ്ഞപ്പോൾ മുതൽ താര അതിനെ പറ്റി ആലോചിക്കുന്നതാണ്.. ജെയിംസിനെയും മാളിയേക്കൽ തറവാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണികളൊന്നും താരയ്ക്ക് കണ്ടെത്താനായില്ല..ജെയിംസ് ഒരിക്കലും ഈ കാര്യത്തെ പറ്റി കൂടുതലൊന്നും പറയില്ലെന്ന് താരയ്ക്ക് ഉറപ്പായിരുന്നു.. മുത്തുവിനോട് പോലും പറയാത്ത കാര്യം…

താരയ്ക്ക് കിട്ടിയ ഒരു പിടിവള്ളിയായിരുന്നു അത്.. ഒരു പക്ഷെ തന്റെ പിന്നാലെയുള്ള കൊലയാളിയെ കണ്ടെത്തുന്നതിലുപരി ജെയിംസിനെ തന്റെ ജീവിതത്തിൽ തന്നെ പിടിച്ചു നിർത്താൻ സാധിച്ചേക്കും എന്നാണവൾ ചിന്തിച്ചത്…

സന്ധ്യയ്ക്ക് മുൻപേ തിരികെ വന്ന ആൾ സിഗരറ്റും പുകച്ച് കോലായിൽ ആലോചനയോടെ ഇരിക്കുന്നത് താര കണ്ടിരുന്നു..

രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞ് ജെയിംസ് താരയുടെ മുൻപിലെത്തി..

“താൻ പറഞ്ഞതൊക്കെ എനിക്ക് സമ്മതമാണ്.. എങ്കിലും ഒന്ന് ചോദിച്ചോട്ടെ.. തന്നെക്കാളും പത്തു പന്ത്രണ്ടു വയസ്സെങ്കിലും പ്രായക്കൂടുതൽ കാണും എനിക്ക്.. എന്നെ പോലൊരാളെ കൊച്ച് പ്രേമിച്ചു വിവാഹം കഴിച്ചുവെന്നൊക്കെ പറഞ്ഞാൽ തന്റെ വീട്ടുകാർ വിശ്വസിക്കുമോ..? ”

“പ്രണയത്തിന് അങ്ങനെ പ്രായക്കൂടുതലൊന്നുമില്ല മാഷേ.. മനസ്സിലെ സങ്കൽപ്പങ്ങൾക്ക് നേരേ വിപരീതമായ ആളുകളോടാണ് പലർക്കും പ്രണയം തോന്നുക എന്നതാണ് ഏറെ വിചിത്രം… ”

നേർത്ത നിലാവെളിച്ചത്തിൽ ദൂരെ മഞ്ഞിനിടയിലൂടെ ഇടയ്ക്കിടെ തെളിയുന്ന മലനിരകളുടെ രൂപരേഖകളിലേക്ക് മിഴികൾ നട്ടു കൊണ്ടാണ് താര പറഞ്ഞത്..

“ഹലോ ഡോക്ടർ മാഡം, മാഡത്തിനോട് പ്രണയത്തിന്റെ സ്റ്റഡി ക്ലാസ്സ്‌ എടുക്കാനല്ല ഞാൻ പറഞ്ഞത്… ”

ജെയിംസ് പരിഹാസത്തോടെ പറഞ്ഞു..

“അത് എടുത്തിട്ടും വല്യ കാര്യമൊന്നും ഇല്ല, പോത്തിനോട് ആരേലും വേദമോതുമോ..? ”

താര പിറുപിറുത്തു..

“എന്നാടി…? ”

താര ഒന്നുമില്ലെന്ന് തലയാട്ടി..

“വിശ്വസിക്കും.. വിശ്വസിപ്പിക്കണം.. ഒരുപാട് ചോദ്യങ്ങൾ ഉണ്ടാവും.. അതിനുള്ള ഉത്തരങ്ങൾ കണ്ടു വെയ്ക്കണം.. പിന്നെ അകലാനാവാത്ത വിധം പ്രണയിച്ചു പോയെന്ന് അവരെ വിശ്വസിപ്പിക്കണം… എന്നാലേ കാര്യങ്ങൾ നടക്കൂ… ”

ജെയിംസ് അവളെ നോക്കി ഇരുത്തിയൊന്ന് മൂളി..

“ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.. നിന്റെയും എന്റെയും ലക്ഷ്യങ്ങൾ പൂർത്തീകരിക്കുക എന്നതിൽ കവിഞ്ഞൊന്നും ഈ വിവാഹം കൊണ്ടുണ്ടാവില്ല.. അത് കഴിഞ്ഞു ഉടനെ ഡിവോഴ്സ് നടക്കണം… എന്റെ കാര്യങ്ങളിൽ ഇടപെടാനോ എന്നെ നിയന്ത്രിക്കാനോ വന്നേക്കരുത് … ”

“നിങ്ങൾ പറഞ്ഞ ആദ്യത്തെ കാര്യം ഓക്കേ.. രണ്ടാമത്തെത്.. അതെങ്ങനെ ശരിയാവും ഇച്ചായാ.. മറ്റുള്ളവരുടെ കണ്ണിൽ എന്റെ ഭർത്താവാണ് നിങ്ങൾ.. അതും ഞാൻ പ്രണയിച്ചു വിവാഹം കഴിച്ച ആൾ.. ഇങ്ങനെയൊന്നും അവിടെ പെരുമാറാൻ സാധിക്കില്ല.. ”

“എന്ന് വെച്ചാൽ…? ”

“ഈ കുടിയും വലിയുമൊന്നും അവിടെ നടക്കില്ലെന്ന്.. പിന്നെ മറ്റുള്ളവരുടെ മുൻപിൽ വെച്ചു എന്നോട് സ്നേഹത്തോടെ പെരുമാറണം.. ”

ജയിംസിന്റെ മുഖഭാവം കണ്ടു അടക്കി പിടിച്ച ചിരിയോടെ താര തുടർന്നു..

“പ്രണയത്തോടെ…”

ജയിംസിന്റെ മുഖം വലിഞ്ഞു മുറുകി..

“എന്നെ ദേഷ്യം പിടിപ്പിച്ചോളാം എന്ന് നിനക്ക് വല്ല നേർച്ചയുമുണ്ടോടി.. ”

“ഞാൻ ഉള്ള കാര്യം പറഞ്ഞതല്ലേ ഇച്ചായാ.. ”

ജെയിംസ് അവളെ തുറിച്ചു നോക്കി..

“എനിക്ക് ഒരു കാര്യം കൂടെ പറയാനുണ്ട്… ”

ജെയിംസ് ഒന്നും മിണ്ടിയില്ല..

“നാളെ വിവാഹം രജിസ്റ്റർ ചെയ്യാം… തിരികെ തറവാട്ടിലേക്ക് പോവുന്നതിനു മുൻപേ എനിക്ക് നാൻസിയെ ഒന്ന് കാണണം.. ”

ജയിംസിന്റെ മുഖത്തെ ഞെട്ടൽ താരയ്ക്ക് കാണാമായിരുന്നു.. അവൾ കണ്ണുകൾ ഇറുകെ അടച്ചു.. ഒന്ന് ശ്വാസം വലിച്ചു വിട്ടു..

കൊടുങ്കാറ്റ് പോലെ ജെയിംസ് അവൾക്കരികെയെത്തി.. അയാളുടെ മുഖത്തെ ഭാവം കണ്ടു മുട്ടിടിച്ചെങ്കിലും താര പതർച്ച മറച്ചു വെച്ചു നിന്നു..

“എന്നാത്തിന്..? അതിന്റെ ആവശ്യമെന്നതാ..? ”

“എനിക്ക് ചില കാര്യങ്ങൾ അറിയുവാനുണ്ട് നാൻസിയിൽ നിന്നും.. ഒന്നുമില്ലെങ്കിലും കണ്ണുമടച്ചു നിങ്ങളെ വിശ്വസിച്ചു കൂടെ കൂടുന്നതല്ലേ..? ”

ജെയിംസ് ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിന്നു..

“ഒരേ ഒരു തവണ കണ്ടാൽ മതി.. മുത്തുവിനൊപ്പം പോയ്ക്കൊളാം ഞാൻ.. നിങ്ങൾക്ക് എന്റെ തറവാട്ടിൽ എന്ത് കാര്യമെന്ന് ഞാൻ ചോദിച്ചിട്ടില്ല.. എന്നെ വിശ്വസിക്കാം..നിങ്ങൾക്ക് ദോഷമാവുന്നതൊന്നും ഞാൻ ചെയ്യില്ല.. കാരണം… ”

ജെയിംസിനെ ഒന്ന് നോക്കിയിട്ട് പൂർത്തിയാക്കാതെ താര അകത്തേക്ക് നടന്നു..

മുറ്റത്തേക്ക് ഇറങ്ങുമ്പോൾ ചെയ്യുന്നതൊക്കെ ശരിയാണോ എന്നൊരു ചിന്ത ജെയിംസിനെ അലട്ടുന്നുണ്ടായിരുന്നു.. താരയുടെ കണ്ണുകളിൽ ഇടയ്ക്കിടെ തെളിയുന്ന ഭാവം അറിയുന്നുണ്ട്.. ആ സാമീപ്യത്തിൽ ചിലപ്പോഴെങ്കിലും തന്റെ മനസ്സും പ്രതികരിച്ചു പോവുന്നുണ്ട്… പക്ഷെ തന്റെ സാഹചര്യങ്ങൾ.. ഇനിയൊരു പ്രണയകാലം തന്റെ മനസ്സിൽ ബാക്കിയില്ലെന്ന് അവളെ ബോധ്യപ്പെടുത്തിയേ മതിയാവൂ…

അറിയാതെയെങ്കിലും ജയിംസിന്റെ മിഴിക്കോണുകളിലൊരു നനവൂറിയിരുന്നു…

ജയിംസിന്റെ മുൻപിൽ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും താരയുടെ മനസ്സിൽ ചിന്തകൾ കുമിഞ്ഞു കൂടുകയായിരുന്നു..

എല്ലാവരും മരിച്ചെന്നു കരുതുന്ന താൻ, പെട്ടെന്നൊരു ദിനം വിവാഹിതയായി തറവാട്ടിൽ ചെന്നു കയറുന്ന രംഗം..

അതും ഒരു ക്രിസ്ത്യാനി. …

തന്നിൽ നിന്നും അങ്ങനെയൊരു നീക്കം ആരും പ്രതീക്ഷിക്കില്ല… തന്റെ മരണം ആഗ്രഹിക്കുന്ന ആ ആൾ പോലും… ആരോ ഒരാൾ…

മുത്തശ്ശൻ, മുത്തശ്ശി.. വല്യച്ചനും ചെറിയച്ഛന്മാരും…

മുത്തശ്ശനോടും ഭാമേച്ചിയോടും ചില കാര്യങ്ങൾ തുറന്നു പറഞ്ഞേ പറ്റൂ..

പക്ഷെ ജയിംസിന്റെ ഭാര്യയായി അഭിനയിക്കുകയാണെന്ന് ആരോടും പറയാനാവില്ല.. ഒരു പക്ഷെ ഭാമേച്ചിയോട് ഒഴികെ …

നാൻസിയെ തനിക്ക് കണ്ടേ മതിയാവൂ.. ജെയിംസ് സമ്മതിച്ചാലും… ഇല്ലെങ്കിലും…

എപ്പോഴെങ്കിലും വിട്ടുപോയാൽ തനിക്ക് അത് താങ്ങാനാവില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് നല്ലൊരു സൗഹൃദം പോലും ആരോടും ഉണ്ടാക്കാൻ ശ്രെമിക്കാതിരുന്നത്..

ജെയിംസ്….

അവസാന തീരുമാനം എടുക്കണമെങ്കിൽ നാൻസിയെ കാണണം…

ഓരോന്ന് ഓർത്തു കിടന്നാണ് താര ഉറങ്ങിയത്.. ജെയിംസ് കിടക്കുന്നതിനു മുൻപേ അവളെയൊന്നു പാളി നോക്കിയിരുന്നു..

രാവിലെ എഴുന്നേറ്റപ്പോഴും ഭക്ഷണം കഴിക്കുമ്പോളും ജെയിംസ് മൗനമായിരുന്നു….

മുത്തു വിളിച്ചു കൊണ്ടു വന്ന ടാക്സിയിലായിരുന്നു രജിസ്റ്റർ ഓഫീസിലേക്കുള്ള യാത്ര..

ജെയിംസ് മുൻപിൽ ഡ്രൈവറുടെ അടുത്തുളള സീറ്റിലും താരയും മുത്തുവും പിറകിലുമായിരുന്നു.. ഇടയ്ക്കിടെ പുറത്തേക്ക് നോക്കിയെങ്കിലും താരയുടെ കണ്ണുകൾ പലപ്പോഴും ജെയിംസിലെത്തി നിന്നു.. ഇടയ്ക്കെപ്പോഴോ സൈഡ് മിററിലൂടെ കണ്ണുകളിടഞ്ഞപ്പോൾ നിമിഷനേരം കൊണ്ടു ജെയിംസ് നോട്ടം മാറ്റി…

വിചാരിച്ചത് പോലെ വലിയ ബുദ്ധിമുട്ടൊന്നും അവിടെ ഉണ്ടായില്ല..

സ്പെഷ്യൽ മാരിയേജ് ആക്ട് പ്രകാരം നിർദിഷ്ട ഫോമിൽ രണ്ടു പേരും ഒപ്പ് വെച്ചു… ജെയിംസ് ഒപ്പിട്ട് കഴിഞ്ഞു, ഒപ്പ് വെയ്ക്കാൻ തുടങ്ങുന്നതിനു മുൻപേ താര അയാളെയൊന്ന് നോക്കി.. ആ കണ്ണുകളിൽ തെളിഞ്ഞ ഭാവമെന്തെന്ന് അവൾക്ക് തിരിച്ചറിയാനായില്ല..

രജിസ്റ്റർ ഓഫീസിൽ നിന്നും ജെയിംസിന് പിറകെ പുറത്തേക്ക് നടക്കുമ്പോൾ താരയുടെ മനസ്സ് കെട്ടു പൊട്ടിയ പട്ടം പോലെ പാറി നടക്കുകയായിരുന്നു..

തന്റെ ജീവിതത്തിന്റെ വിധിയാണ് താൻ ആ രജിസ്റ്ററിൽ എഴുതി ചേർത്തതെന്ന് അവൾക്ക് പൂർണ്ണബോധ്യമുണ്ടായിരുന്നു..

മുത്തു പറഞ്ഞതനുസരിച്ച് അടുത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി.. രണ്ടു പേരും പരസ്പരം നോക്കാൻ മടിക്കുന്നതിനിടയിലാണ് മുത്തു ചോദിച്ചത്..

“ഇനിയെന്താ പ്ലാൻ…? ”

ജെയിംസ് ഒന്നും പറഞ്ഞില്ല.. ഇത്തിരി കഴിഞ്ഞ് താര പറഞ്ഞു..

“രണ്ടു കാര്യങ്ങൾ അത്യാവശ്യമായി വാങ്ങണം.. ഒന്ന് ഒരു കാർ, രണ്ടാമത്തേത് ഒരു മൊബൈൽ.. ഇച്ചായന്‌.. പിന്നെ കുറച്ചു ഡ്രെസ്സുകളും.. ”

“ഞാൻ കാറും മൊബൈലും ഒന്നും ഉപയോഗിക്കാറില്ല.. ”

“തല്ക്കാലം ഡോക്ടർ താരവർമ്മയുടെ ഭർത്താവ് ഇതൊക്കെ ഉപയോഗിച്ചെ പറ്റൂ.. ”

“മുപ്പത് ദിവസം അവിടെ നോട്ടീസ് ഇടുമല്ലോ അല്ലേ…? ”

ജെയിംസ് അവളെ തറച്ചു നോക്കി കൊണ്ടാണ് ചോദിച്ചത്.. അവന്റെ സ്വരത്തിലെ ഭീഷണി മനസ്സിലായെങ്കിലും താര കൂളായിട്ടാണ് പറഞ്ഞത്…

“ഞാൻ നിങ്ങളുടെ പിറകെ നടന്നതോ, രജിസ്റ്റർ ഓഫീസിലേക്ക് പിടിച്ചു കൊണ്ടു പോയതോ ഒന്നുമല്ല..നമ്മുടെ രണ്ടു പേരുടെയും ആവശ്യത്തിനാണ് ഈ കാര്യങ്ങളൊക്കെ ചെയ്യുന്നത്.. പരസ്പരധാരണ ഉണ്ടെങ്കിലേ ഇത് മുൻപോട്ടു കൊണ്ടു പോയിട്ടു കാര്യമുള്ളൂ.. ”

താരയുടെ സംസാരം ഗൗരവത്തിലായിരുന്നു..

കയ്ച്ചിട്ട് തുപ്പാനും വയ്യ മധുരിച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയിലായിരുന്നു ജെയിംസ് …മാളിയേക്കൽ തറവാട്ടിൽ എത്തുക എന്നത് ജെയിംസിന് വളരെ പ്രാധാന്യം ഉള്ള കാര്യമാണെന്ന് താരയ്ക്ക് മനസ്സിലായിരുന്നു..

“ഇന്ന് തന്നെ കാറും മൊബൈലും ഒക്കെ നോക്കണം.. കാശ് എന്റെ അക്കൗണ്ടിൽ ഉണ്ട്.. ”

“ഓ അത്യാവശ്യം കാശൊക്കെ എന്റെ അക്കൗണ്ടിലും കാണും ഡോക്ടറമ്മേ.. ”

“ആയിക്കോട്ടെ മിസ്റ്റർ ജെയിംസ് ആന്റണി.. ”

ഷോപ്പിംഗിനിടെ പരസ്പരം കൊമ്പ് കോർക്കാൻ നോക്കുന്ന അവരെ കണ്ടു സഹികെട്ടു പലവട്ടം മുത്തു തലയിൽ കൈ വെച്ചു..

ജെയിംസിന് വേണ്ടി ഡ്രസ്സ്‌ സെലക്ട്‌ ചെയ്യുമ്പോൾ യാതൊരു സഹകരണവും അയാളിൽ നിന്നും ഉണ്ടായില്ല.. ഇടയ്ക്ക് ഒരു ഷർട്ട് എടുത്തു അവൾ ജയിംസിന്റെ അടുത്തെത്തി ചേർത്തു വെയ്ക്കാൻ നോക്കിയെങ്കിലും അവളെ നോക്കി പേടിപ്പിച്ചു അയാൾ തിരിഞ്ഞു നടന്നു..

പക്ഷെ താര ബിൽ അടയ്ക്കാൻ നേരം അയാൾ പേഴ്സിൽ നിന്നും എടിഎം എടുത്തു നീട്ടി..താര വാങ്ങാൻ ഒന്ന് മടിച്ചപ്പോൾ അമർത്തിയ സ്വരത്തിൽ അവളുടെ കാതോരം അയാൾ പറഞ്ഞു..

“തല്ക്കാലം ഈ കാര്യത്തിൽ തന്റെ ഔദാര്യം എനിക്ക് ആവശ്യമില്ല… വെറുതെ ഒരു സീൻ ഉണ്ടാക്കാൻ നിൽക്കാത്തതാണ് കൊച്ചിന് നല്ലത്.. കേട്ടല്ലോ.. ”

എല്ലാം സെലക്ട്‌ ചെയ്തത് താരയും മുത്തുവും ആയിരുന്നെങ്കിലും പണമടച്ചത് ജെയിംസ് തന്നെ ആയിരുന്നു..

അയാളുടെ കൈയിൽ ഇത്രയും പണമുണ്ടായിരുന്നുവെന്നതിൽ താരയ്ക്ക് തെല്ല് ആശ്ചര്യം തോന്നിയിരുന്നു…

കാർ പിറ്റേന്ന് വൈകുന്നേരം ഡെലിവറി എടുക്കാമെന്ന് ഷോ റൂമിൽ നിന്നും പറഞ്ഞെങ്കിലും മറ്റന്നാൾ രാവിലെ വരാമെന്ന് പറഞ്ഞു അവർ ഇറങ്ങി..

തിരികെ പോകാൻ ടാക്സി വിളിച്ചപ്പോൾ മുത്തു വേഗം കയറി മുൻപിൽ ഇരുന്നു.. വേറെ വഴിയില്ലാതെ തികട്ടി വന്ന ദേഷ്യം അടക്കി ജെയിംസ് പിറകിൽ താരയുടെ അടുത്തിരുന്നു.. ഡോറിനു അരികിലേക്ക് നീങ്ങി പുറത്തേയ്ക്ക് നോക്കി അക്ഷമനായി ഇരിക്കുന്ന ജെയിംസിനെ കാണവേ താരയ്ക്ക് ചിരി വരുന്നുണ്ടായിരുന്നു..

ഈ കാട്ടുമാക്കാനെയും കൊണ്ടു എന്ത് ധൈര്യത്തിലാണ് എന്റെ കൃഷ്ണാ ഞാൻ മാളിയേക്കൽ തറവാട്ടിലേക്ക് കയറി ചെല്ലാൻ പോവുന്നത്…

വീട്ടിൽ എത്തിയിട്ടും ആൾ കലിപ്പിലായിരുന്നു.. താര വാങ്ങി കൊണ്ടു വന്ന ഡ്രെസ്സുകളെല്ലാം ബാഗിൽ അടുക്കി വെച്ചു..

സന്ധ്യയ്ക്ക് മുൻപേ ഇറങ്ങി പോയ ആൾ പാതിരാത്രിയാണ് തിരികെ വന്നത്.. അകത്തേക്ക് കയറി വന്ന ആൾക്ക് മുൻപേ മദ്യത്തിന്റെ ഗന്ധം ഉള്ളിൽ പരന്നപ്പോൾ വാതിൽ തുറന്നു കൊടുത്തു മുഖം ചുളിച്ചു കൊണ്ടു താര വേഗം ചെന്നു കിടന്നു..

പേരറിയാത്ത ഒരു സങ്കടം തന്നെ വന്നു പൊതിയുന്നതവളറിഞ്ഞു…

കണ്ണുനീർ തുള്ളികൾ എന്തിനെന്നറിയാതെ തലയിണയിലേക്ക് വീണു കൊണ്ടിരുന്നു..

പിറ്റേന്ന് താര ജെയിംസിനോട് അത്യാവശ്യത്തിനു മാത്രമേ സംസാരിച്ചുള്ളൂ.. രണ്ടു പേരുടെയും ഇടയിലെ ടെൻഷൻ മനസ്സിലാക്കി മുത്തു പലതും പറഞ്ഞു അവരെ ചിരിപ്പിക്കാൻ ശ്രെമിച്ചെങ്കിലും അതൊക്കെ ദയനീയമായി പരാജയപ്പെട്ടു..

അടുത്ത ദിവസം രാവിലെ ഷോ റൂമിൽ പോയി വണ്ടിയെടുത്തു ആദ്യം നാൻസിയെ കാണാൻ പോവാം എന്ന് തീരുമാനിച്ചെങ്കിലും ജയിംസിന്റെ അർദ്ധസമ്മതമേ അതിനു കിട്ടിയിരുന്നുള്ളൂ..

നാൻസിയെ കണ്ടതിനു ശേഷം മുത്തു തിരികെ വരും.. തല്ക്കാലം ജെയിംസും താരയും മാത്രമേ തറവാട്ടിലേക്ക് പോവുന്നുള്ളൂവെന്നും തീരുമാനിച്ചിട്ടാണ് ഉറങ്ങാൻ കിടന്നത്..

താരയ്ക്ക് ഉറക്കം വന്നില്ല.. ഇടയ്ക്ക് തല ഉയർത്തി നോക്കിയപ്പോൾ ജെയിംസ് തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ടു..

രാവിലെ പോവാൻ റെഡി ആവുന്നതിനിടെ താര ഒരു ഷർട്ടും ജീൻസും എടുത്തു ജെയിംസിന് നേരേ നീട്ടി. ഒട്ടും ഇഷ്ടമായില്ലെന്ന് മുഖഭാവം കണ്ടപ്പോൾ താരയ്ക്ക് മനസ്സിലായിരുന്നു.. അവൾ മൈൻഡ് ചെയ്തില്ല..

കുറച്ചു കഴിഞ്ഞു അതും ഇട്ടു പുറത്തേക്കിറങ്ങിയപ്പോൾ ആളാകെ മാറിയിരുന്നു.. ലൈറ്റ് ഗ്രീൻ ആൻഡ് ബ്ലൂ ചെക്ക്‌സ് ഷർട്ട് അയാൾക്ക് നല്ല മാച്ച് ആയിരുന്നു..

താരയുടെ നിർബന്ധത്തിന് ആ ചെമ്പൻ മുടി വെട്ടിയൊതുക്കി താടി ട്രിം ചെയ്തിരുന്നു.. ഷർട്ട്‌ ന്റെ ഏറ്റവും മുകളിലത്തെ ബട്ടൺ ഇട്ടിരുന്നില്ല.. കഴുത്തിലെ കുരിശ് മാല പുറത്തു കാണാമായിരുന്നു…

വീട്ടിൽ നിന്നും ബാഗുകളുമായി നടക്കുന്നതിനിടെ താരയുടെ കഴുത്തിലെ സ്വർണ്ണമാലയിൽ കൊരുത്തിട്ട താലി ജയിംസിന്റെ കണ്ണിൽ പെട്ടു.. താര അന്ന് ഷോപ്പിംഗിനിടെ ജ്വെല്ലറിയിൽ കയറിയത് അയാൾക്ക് ഓർമ്മ വന്നു..

(തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!