Skip to content

ആരോ ഒരാൾ – 13

aaro oral by sooryakanthi aksharathalukal novel

കണ്ണീരോടെ തന്നെ കെട്ടിപ്പുണർന്ന മുത്തശ്ശിയോട് ചേർന്നു നിൽക്കുകയായിരുന്നു താര…

ജഗന്നാഥവർമ്മയുടെ കണ്ണുകൾ ജെയിംസിലായിരുന്നു…

ഐശ്വര്യം നിറഞ്ഞ മുഖത്തെ ട്രിം ചെയ്തൊതുക്കിയ നര കയറിയ താടിയും തുളച്ചു കയറുന്ന നോട്ടവുമെല്ലാം അദ്ദേഹത്തിന്റെ പ്രൗഢഗംഭീര ഭാവത്തിന് മാറ്റ് കൂട്ടിയതേയുള്ളൂ…

“ജെയിംസ്….അല്ലേ…? ”

ജെയിംസിന് നേരേ വലത് കരം നീട്ടി കൊണ്ടു അദ്ദേഹം ചോദിച്ചു..

വർമ്മയുടെ കൈയ്യിലേക്ക് തന്റെ കൈ ചേർത്തു വെക്കുന്നതിനിടെ ജെയിംസ് തലയാട്ടിക്കൊണ്ടു പറഞ്ഞു..

“അതെ… ”

“ഉം.. താര പറഞ്ഞു ഒരുപാട് കേട്ടിട്ടുണ്ട്.. ജെയിംസ് ആന്റണിയെ പറ്റി… നിങ്ങളുടെ പ്രണയത്തെ പറ്റിയും… ”

ജെയിംസ് തന്റെ ഞെട്ടൽ സമർത്ഥമായി മറച്ചു കൊണ്ടു അദ്ദേഹത്തെ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു.. വർമ്മയുടെ മുഖത്ത് നേർത്തൊരു പുഞ്ചിരി ഉണ്ടായെങ്കിലും ആ കണ്ണുകൾ തന്നെ അളക്കുകയാണെന്ന് ജെയിംസിന് അറിയാമായിരുന്നു…

ജെയിംസ് താരയെ ഒന്ന് പാളി നോക്കിയപ്പോൾ, അവൾ പറന്നു പോയ കിളികളെ നോക്കി നിൽക്കുകയാണെന്ന് മനസ്സിലായി..

“അത്… ഞങ്ങൾ.. ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് കരുതിയതല്ല… ”

ജെയിംസ് പതിയെ പറഞ്ഞു.. വർമ്മ ചിരിയോടെ അവന്റെ ചുമലിൽ തട്ടി…

“ഹേയ് കമോൺ മാൻ.. ഐ ലൈക്ക് യൂ.. എന്റെ കൊച്ചു മകളുടെ സെലക്ഷൻ തെറ്റിയിട്ടില്ല.. ”

താര മുത്തശ്ശനെ നോക്കി.. പക്ഷെ അദ്ദേഹം അവളെ നോക്കിയതേയില്ല.. ചുറ്റുമുള്ള മുഖങ്ങളിലെല്ലാം സന്തോഷം നിറഞ്ഞു നിൽക്കുന്നത് താര കണ്ടു.. അവളുടെ കണ്ണുകൾ വീണ്ടും ടീനുവിലെത്തി.. ആദ്യത്തെ ഞെട്ടൽ മാറിയെങ്കിലും ടീനുചേച്ചിയുടെ മുഖത്തെ അവിശ്വസനീയഭാവം മാറിയിട്ടില്ലെന്ന് താരയ്ക്ക് മനസ്സിലായി….താൻ കരുതുന്ന ആൾ തന്നെയാണോ ഇനി ടീനുച്ചേച്ചി… അതോ…?

“നഷ്ടമായെന്ന് കരുതിയ എന്റെ ജീവനാണ് ജെയിംസ് തിരികെ തന്നത്… അതിനെന്നും ഞാൻ തന്നോട് കടപ്പെട്ടിരിക്കും.. ”

“മോളേ കുഞ്ചൂ.. നീ ജെയിംസിനെ മുറിയിലേക്ക് കൂട്ടികൊണ്ടു പോ… ഫ്രഷ്‌ ആയി വന്നിട്ട് ഫുഡ്‌ കഴിക്കാം… യാത്ര കഴിഞ്ഞു വന്നതല്ലേയുള്ളു.. വിശേഷങ്ങൾ ഒക്കെ പിന്നെ പറയാം.. ”

അവളുടെ നേരേ ഒന്ന് തല ചെരിച്ചു പറഞ്ഞതല്ലാതെ ജഗന്നാഥവർമ്മ താരയുടെ മുഖത്തേക്ക് നോക്കിയില്ല…

തന്റെ തീരുമാനങ്ങൾ മുത്തശ്ശനെ ഒരുപാട് വേദനിപ്പിച്ചുവെന്ന് താരയ്ക്ക് മനസ്സിലാവുന്നുണ്ടായിരുന്നു.. ഒന്ന് മനസ്സ് തുറന്നു സംസാരിക്കാതെ ഇനി സമാധാനം ഉണ്ടാവില്ല..

ജയിംസിന്റെ മുൻപിലായി അകത്തേക്ക് നടക്കുമ്പോൾ അയാളുടെ കണ്ണുകൾ വീണ്ടും ടീനു ചേച്ചിയിൽ എത്തുന്നത് താര ശ്രെദ്ധിച്ചിരുന്നു…

“മുകളിലാണ് റൂം.. ”

താര ജെയിംസിനോടായി പതിയെ പറഞ്ഞു.. അയാൾ നേർത്ത ചിരിയോടെ തലയാട്ടി..

അവർ രണ്ടു പേരും മുകളിലേക്ക് കയറി പോവുന്നത് നോക്കി നിൽക്കുന്നവരോട് വർമ്മ പറഞ്ഞു…

“വിശേഷങ്ങൾ ഒക്കെ പിന്നെ…അവരൊന്നു റസ്റ്റ്‌ എടുക്കട്ടെ… ”

“അത്.. അച്‌ഛാ.. ഇന്ന് തന്നെ അവരുടെ മൊഴി എടുക്കേണ്ടി വരും.. ഈ കാര്യം അധികസമയം ഒളിപ്പിച്ചു വെക്കാൻ കഴിയില്ല.. മീഡിയാസ് ഒക്കെ അറിയുമ്പോൾ.. അന്ന് ആ ആക്‌സിഡന്റിൽ കാറിനൊപ്പം കണ്ടെടുത്ത ആ ബോഡി.. നമ്മുടെ വളപ്പിൽ വെച്ചു ദഹിപ്പിച്ചത്.. അത് ആരുടേതാണെന്ന് അന്വേഷണം ഉണ്ടാവും….ഒരുപാട് ചോദ്യങ്ങൾക്ക് അവർ ഉത്തരം പറയേണ്ടി വരും.. ”

“എനിക്കറിയാം സുദേവാ.. തല്ക്കാലം അവരൊന്നു ഫ്രഷ്‌ ആയി വല്ലതും കഴിക്കട്ടെ.. എല്ലാത്തിനും ഉള്ള ഉത്തരം അവർ തരും… എന്റെ കുട്ടിയെ ഇനി കാണാൻ കഴിയുമെന്ന് കരുതിയതല്ലല്ലോ.. ”

വർമ്മ തന്റെ ഇളയ മകനായ സുദേവിനെ നോക്കി പറഞ്ഞു.. ഡി വൈ എസ് പി സുദേവ് വർമ്മ..

രണ്ടു ദിവസം കൊണ്ടു ജഗന്നാഥ വർമ്മയിൽ ഉണ്ടായ മാറ്റങ്ങൾ നോക്കി കാണുകയായിരുന്നു ചുറ്റുമുള്ളവർ.. താരയുടെ മരണം അറിഞ്ഞത് മുതൽ തന്റെ റൂമിൽ ചടഞ്ഞു കൂടിയിരുന്ന ആളാണ്‌ ഇപ്പോൾ പഴയതിലും ഊർജ്ജസ്വലതയോടെ പുറത്തെത്തി കാര്യങ്ങൾ നിയന്ത്രിക്കാൻ തുടങ്ങിയിരിക്കുന്നത്…

റൂമിൽ കയറി വാതിൽ അടച്ചതും ജെയിംസ് താരയുടെ നേരേ തിരിഞ്ഞു..

“തന്റെ മുത്തശ്ശൻ ആള് കൊള്ളാലോ താരക്കൊച്ചെ… കൊച്ചിന്റെ കിളികൾ ഇപ്പോഴും പറന്നു നടപ്പാണോ..? ”

“ഞാൻ ശരിക്കും വണ്ടറടിച്ചു പോയി.. മുത്തശ്ശൻ ഇങ്ങനെ അഭിനയിക്കുന്നത് ഞാൻ ഇതു വരെ കണ്ടിട്ടില്ല.. ഭാമേച്ചിയോട് പോലും ചില കാര്യങ്ങൾ മാത്രമേ ഞാൻ പറഞ്ഞിട്ടുളളൂ.. എന്നിട്ടും നിങ്ങളുടെ ഫുൾ നെയിം പോലും മുത്തശ്ശൻ ഓർത്തു
വെച്ചു… ”

“ഹി ഈസ്‌ ഷാർപ്പ് ആൻഡ് വെരി ബ്രില്ലിയൻറ്.. ”

താര ജെയിംസിനെ ഒന്ന് നോക്കി..

“അത്യാവശ്യം ഇംഗ്ലീഷ് ഒക്കെ എനിക്കും അറിയാം കൊച്ചേ.. ”

“ഓ.. ”

“അപ്പോൾ ഇതാണ് താരരാജകുമാരിയുടെ അന്തപ്പുരം.. എന്റെ കാരാഗൃഹം.. ”

ചുറ്റുമൊന്ന് നോക്കി കൊണ്ടു ജെയിംസ് പറഞ്ഞു..

“കൊള്ളാം… ”

“അതേയ് ആരും ഇങ്ങോട്ട് നിർബന്ധിച്ചു കൊണ്ടു വന്നതൊന്നും അല്ലാലോ… ”

ജെയിംസ് പതിയെ അവൾക്കരികിലേക്ക് നടന്നു. താര അനങ്ങിയില്ല..

“എന്നതാ കൊച്ചേ ഈ കോട്ടയിൽ കയറിയതിനു ശേഷം ആകെയൊരു ചൂട്.. ഡോക്ടർ മാഡത്തിന് ആകെയൊരു പരവേശം… ”

ജെയിംസ് അവളുടെ തൊട്ടുമുൻപിലായിരുന്നു. കണ്ണുകൾ നിറയുന്നത് അയാൾ കണ്ടു.. ഒരു നിമിഷത്തെ തോന്നലിൽ അയാളുടെ കൈ താരയുടെ കവിളിലേക്ക് ഉയർന്നെങ്കിലും പെട്ടെന്ന് തന്നെ അയാൾ ആ കൈ പുറകിലേക്ക് വലിച്ചു..

ഒന്നും സംഭവിക്കാത്ത പോലെ തിരിഞ്ഞു കൊണ്ടു പറഞ്ഞു..

“എനിക്ക് ഈ ഡ്രസ്സ്‌ ഒക്കെ ഒന്ന് മാറണം.. ബാത്റൂം..? ”

താര പതിയെ കണ്ണുകൾ തുടച്ചു കൊണ്ടു ബാത്റൂമിന് നേരേ നടന്നു..

അവളുടെ കണ്ണുനീർ കണ്ടതും ജെയിംസിന് നെഞ്ചിലൊരു കല്ലെടുത്തു വെച്ചത് പോലെ തോന്നിയിരുന്നു..

പാവം കൊച്ച്… അവളെ ചേർത്ത് നിർത്തി ആശ്വസിപ്പിക്കാൻ തോന്നുന്നുണ്ട്.. പക്ഷേ വേണ്ടാ.. അവളുടെ സ്നേഹത്തിനു തിരികെ കൊടുക്കാൻ തനിക്ക് ഇനിയൊന്നും ബാക്കിയില്ല… ഒന്നും…

താര ബാത്‌റൂമിലേക്ക് കയറി.. തന്റെ സോപ്പും ഷാംപൂവും എല്ലാം അങ്ങനെ തന്നെ ഇരിപ്പുണ്ട്.. അവൾ സൈഡ് കബോർഡിൽ നിന്നും ഒരു ബാത്ത് ടവൽ എടുത്തു ബാത്ത്റോഡിലേക്കിട്ടു.. പുറത്തേക്കിറങ്ങി..

പുതിയ ബെഡ്ഷീറ്റൊക്കെ ഭംഗിയായി വിരിച്ചിട്ടിട്ടുണ്ട്…

ജെയിംസ് ഒന്നും പറയാതെ ബാഗിൽ നിന്നും ഡ്രസ്സ്‌ ഒക്കെ എടുത്തു ബാത്റൂമിലേക്ക് നടക്കുന്നതു കണ്ടതും താര മുറിയിൽ നിന്നും പുറത്തേക്ക് തുറക്കുന്ന ചെറിയ ബാൽക്കണിയുടെ വാതിൽ തുറന്നു ..

ഒരു കോണിലായി ഉണ്ടായിരുന്ന ചട്ടിയിലെ ചുവന്ന റോസാച്ചെടിയ്ക്ക് വട്ടമൊന്നും ഉണ്ടായിരുന്നില്ല.. ആരോ നനയ്ക്കുന്നുണ്ട്..ബാൽക്കണിയിലെ ഹാങ്ങിങ് പ്ലാന്റ്‌സിലെ ഇലകളും വിടർന്നു നിന്നിരുന്നു…

ഇത്തിരി കഴിഞ്ഞു ജെയിംസ് ഇറങ്ങി വന്നു.. ബ്രൗൺ കരയുള്ള വെള്ള മുണ്ടാണ് ഉടുത്തത് .. തല തുവർത്തിക്കൊണ്ടു ബെഡിൽ വിടർത്തി ഇട്ടിരുന്ന കോഫി ബ്രൗൺ ഷർട്ട്‌ എടുത്തിടുന്നത് കണ്ടു കൊണ്ടാണ് താര ബാത്‌റൂമിലേക്ക് കയറിയത്..

താര തിരികെ വരുമ്പോൾ ആൾ ബാൽക്കണിയിലായിരുന്നു.. തന്റെ അരികിലേക്ക് ധൃതിയിൽ നടന്നു വരുന്ന താരയെ കണ്ടതും അയാൾ തിരിഞ്ഞു നോക്കി..

“അതേയ് ഒരു കാര്യം ചോദിക്കാൻ വിട്ടു പോയി.. ഏറ്റവും ഇമ്പോർട്ടന്റ് ആയിട്ടുള്ള ചോദ്യം.. ടീനു ചേച്ചിയെ എങ്ങനെ
അറിയാം..? ”

“ടീനു ചേച്ചി..? ”

ജെയിംസ് സംശയത്തോടെ താരയെ നോക്കി..

“താഴെ ഉണ്ടായിരുന്ന…നമ്മളെ തന്നെ നോക്കി നിന്ന….”

“മുത്തു അവനറിയാവുന്ന എന്റെ ജീവിതത്തെ പറ്റി വള്ളി പുള്ളി തെറ്റാതെ തന്നെ പറഞ്ഞു കേൾപ്പിച്ചിട്ടുണ്ടാവും എന്ന് എനിക്കറിയാം..താഴെ കണ്ടത്… അത് അവളാണ്… ട്രീസ.. എന്റെ അപ്പച്ചന്റെ സുഹൃത്ത് ഡേവിഡിന്റെ മകൾ ട്രീസ ഡേവിഡ്.. ”

“പക്ഷെ ടീനു ചേച്ചി… ആദിയേട്ടൻ..അവർ പ്രണയിച്ചു വിവാഹം കഴിച്ചവരാണ്… ”

ജയിംസിന്റെ മുഖത്തൊരു പുച്ഛച്ചിരി തെളിഞ്ഞു..

“ആഗ്രഹിച്ചതെന്തും കൈപ്പിടിയിൽ ഒതുക്കുന്ന ഡേവിഡ് തരകനും മകൾ ട്രീസയ്ക്കും ഈ ജന്മം എന്നോടുള്ള പക തീരില്ല… ”

“അപ്പോൾ.. അപ്പോൾ ടീനുചേച്ചിയെ ആണോ നിങ്ങൾ തേടിയെത്തിയത്…? നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട എന്തോ ഒരു കാര്യം അല്ലെങ്കിൽ ആരോ ഒരാൾ ഇവിടെ ഉണ്ട്… അത് അവരാണോ..? ”

“ഞാൻ തേടി വന്നത് ട്രീസയെ അല്ല.. അവൾ ഇവിടെ ഉണ്ടെന്നത് എനിക്ക് അറിയത്തില്ലായിരുന്നു.. പക്ഷേ അവളിലൂടെ ഞാൻ തേടുന്ന ആളിലേക്ക് എനിക്ക് എത്തിച്ചേരാൻ കഴിഞ്ഞേക്കും… ”

“ആദിയേട്ടനും ടീനുചേച്ചിയും ഒരുമിച്ചു പഠിച്ചതാണ്.. കോളേജിൽ വെച്ചേ ആദിയേട്ടന് ചേച്ചിയോട് അസ്ഥിയിൽ പിടിച്ച പ്രണയമായിരുന്നു..ഏട്ടൻ എൽ എൽ ബി ഒക്കെ കഴിഞ്ഞു സ്വന്തമായി പ്രാക്ട്രീസ് ഒക്കെ ചെയ്യാൻ തുടങ്ങിയപ്പോഴാണ് ടീനുച്ചേച്ചിയുമായുള്ള വിവാഹക്കാര്യം ഇവിടെ പറഞ്ഞത്.. പക്ഷേ ഇവിടെ ആർക്കും സമ്മതമായിരുന്നില്ല.. വല്യച്ഛൻമാർക്കും ചെറിയച്ഛനുമൊക്കെ ജാതിയായിരുന്നു പ്രശ്നമെങ്കിൽ മുത്തശ്ശന് അതൊരു പ്രശ്നമേ അല്ലായിരുന്നു.. എന്നാലും മുത്തശ്ശൻ ഈ വിവാഹത്തെ എതിർത്തു.. ആ ചേച്ചിയുടെ പപ്പാ ഇവിടെ സംസാരിക്കാൻ ഒക്കെ വന്നിരുന്നു.. ആരും സമ്മതിച്ചില്ല.. പോരാത്തതിന് അന്ന് മന്ത്രിയൊന്നും ആയിരുന്നില്ലെങ്കിലും വല്യച്ഛൻ രാഷ്ട്രീയത്തിൽ തെളിഞ്ഞു നിൽക്കുന്ന സമയവും.. ആദിയേട്ടൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല.. ഒടുക്കം രജിസ്റ്റർ മാരിയേജ് ചെയ്തു ഇവിടെ വന്നു.. മുത്തശ്ശൻ പ്രശ്നം ഉണ്ടാക്കുമെന്ന് കരുതിയെങ്കിലും ഒന്നുമുണ്ടായില്ല.. പക്ഷേ ടീനു ചേച്ചിയ്ക്ക് ഇവിടെ അഡ്ജസ്റ്റ് ചെയ്തു നിൽക്കാൻ കഴിഞ്ഞില്ല.. വൈകാതെ അവർ മുത്തശ്ശന്റെ നിർദേശപ്രകാരം ടൗണിൽ ഒരു ഫ്ലാറ്റ് എടുത്തു അങ്ങോട്ട്‌ മാറി.. വല്ലപ്പോഴും വരും.. എല്ലാവരോടും ഭയങ്കര സ്നേഹപ്രകടനമാണെങ്കിലും എനിക്കെന്തോ ആളെ അത്ര കംഫോർട്ടബിൾ ആയി തോന്നിയിട്ടില്ല.. ”

താര ഒന്ന് നിർത്തി ജെയിംസിനെ നോക്കി..

“പക്ഷേ മുത്തു പറഞ്ഞ കഥയിലെ ട്രീസ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ.. പിന്നെങ്ങനെ നിങ്ങളെ മറന്നു ആദിയേട്ടനെ.. ”

“ഉം… ”

ജെയിംസ് മൂളിയതേയുള്ളൂ..

ഇവിടെ വന്നതിനു ശേഷം നിങ്ങൾ എന്നേ താര വിളിച്ചിട്ടുള്ളൂ.. ഇച്ചായൻ എന്ന് ഒരിക്കൽ പോലും വിളിച്ചു കേട്ടിട്ടില്ല..

ജയിംസിന്റെ മനസ്സ് ഒരു ഭാഗത്തു നിന്നു അവളെ അകറ്റി നിർത്താൻ ശ്രെമിക്കുകയായിരുന്നെങ്കിൽ മറുഭാഗം അവളുടെ സാമീപ്യത്തിൽ ആശ്വാസം തേടുകയായിരുന്നു..

താര തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവളുടെ ഇടതു കൈത്തണ്ടയിൽ പിടുത്തം വീണു..

“ഇതെല്ലാം വേണ്ടായിരുന്നെന്ന് തോന്നുന്നുണ്ടോ കൊച്ചിനിപ്പോൾ…? ”

മിഴികൾ തമ്മിലിടഞ്ഞു.. താര കണ്ണുകൾ തിരിച്ചെടുക്കാനാവാതെ നിന്നു പോയി..

“പറഞ്ഞോ.. ഞാൻ തിരിച്ചു പോയേക്കാം.. ”

പെട്ടെന്നാണവൾക്ക് സ്ഥലകാല ബോധം വന്നത്..

“എന്നിട്ട്..? എന്റെ കെട്ടിയോൻ വായുവിൽ അലിഞ്ഞു പോയെന്ന് പറയാനോ ഞാൻ.. എന്റെ പിറകെയുള്ള കൊലയാളിയ്ക്ക് ജീവൻ അടിയറവു വെക്കണോ…നിങ്ങളുടെ ജീവിതം തകർത്തവരെ കണ്ടെത്തണ്ടേ…? ”

” ‘നിങ്ങൾ’ അല്ല എനിക്കൊരു പേരുണ്ട്.. ”

ജെയിംസ് ഈർഷ്യയോടെ പറഞ്ഞു.. വാശി പിടിച്ചു നിൽക്കുന്ന കുട്ടിയുടെ ഭാവം പോലെ തോന്നി താരയ്ക്ക്.. അവൾ ചിരിച്ചു..

“എന്നാടി ഇത്രയ്‌ക്കങ്ങു കിണിക്കാൻ…? ”

“ദേ.. ഇതാണ് എന്റെ തെമ്മാടി.. ഇച്ചായൻ.. ”

താര അവനെ നോക്കി കണ്ണിറുക്കി.. ജയിംസിന്റെ മുഖത്ത് ജാള്യത നിറഞ്ഞു.. അത് മറയ്ക്കാനായി അയാൾ അവളുടെ കൈയിലെ പിടുത്തം മുറുക്കി..

“ദേ കൊച്ചേ അധികം നെഗളിക്കല്ലേ.. എന്റെ സ്വഭാവത്തിന് കാലേ വാരി നിലത്തടിക്കും ഞാൻ..പറഞ്ഞില്ലെന്നു വേണ്ട.. ”

“അതേയ് നിങ്ങൾ ഒരു കാര്യം ചെയ്യ്, എന്റെ രണ്ടു കൈയും അങ്ങ് ഊരി എടുത്തേക്ക്.. ഇടയ്ക്കിടെ ഇങ്ങനെ പിടിച്ചു ഒടിച്ചെടുക്കാതെ..ആ.. എനിക്ക് വേദനിക്കുന്നു.. ”

താരയുടെ മുഖം കണ്ടതും ജെയിംസ് പിടി വിട്ടു..

താര കുസൃതിയോടെ ചിരിച്ചു..

“അതേയ് താരയുടെ ഇച്ചായനെ കാണാൻ താഴെ എല്ലാരും കാത്തിരിപ്പാവും… വേഗം വാ..കഴിക്കണ്ടേ… ”

“ഉം. വിശന്നു കൊടല് കരിഞ്ഞു.. ”

“ഇച്ചായോ.. ഇവിടെ നോൺ വെജ് ഒന്നുമില്ലാ ട്ടോ ”

“ഹെ.. ”

ജെയിംസ് ദയനീയമായി താരയെ നോക്കി..

“കള്ളം പറയുന്നോടി കോപ്പേ.. നീയെല്ലേ അവിടുന്ന് ആ നോൺ വെജ് ഒക്കെ മൂക്ക് മുട്ടെ കഴിച്ചത്..? ”

.”ഞാൻ കഴിക്കും.. ഇവിടെയുള്ളവർ വേറെ പലരും കഴിക്കാറുണ്ട്.. പക്ഷേ മാളിയേക്കൽ തറവാട്ടിൽ നോൺ വെജ് ഫുഡ്‌ കയറ്റില്ല.. ”

“ശോ.. എന്റെ കർത്താവെ. ഞാനിനി എന്നാ ചെയ്യും.. ഇത് നിനക്ക് വരുന്നേനു മുൻപേ പറഞ്ഞൂടായിരുന്നോടി കുരിപ്പേ… ”

ജഗന്നാഥവർമ്മ മുറിയിൽ ഭാര്യയോട് സംസാരിക്കുകയായിരുന്നു..

“അതിനിപ്പോൾ എന്താ ഗീതേ പ്രശ്നം.. നമ്മുടെ കുഞ്ഞു ജീവനോടെ തിരികെ വന്നില്ലേ.. അതിൽ കൂടുതൽ ഇനി എന്തു വേണം.. ”

“പക്ഷെ നമ്മൾ ശരത്തിനോട് ഇനി എന്ത് പറയും.. വർഷങ്ങളായി താരയെ മനസ്സിൽ കൊണ്ടു നടക്കുന്നവനാണ് അവൻ… ”

വർമ്മ ഒരു നിമിഷം മൗനത്തെ കൂട്ട് പിടിച്ചു.. പിന്നെ എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും വാതിലിൽ മുട്ട് കേട്ടു.. ഗീതാമണിയാണ് വാതിൽ തുറന്നത്.. താര…തനിച്ച് .. അവൾ അകത്തു കടന്നു വാതിൽ അടച്ചു.. മുത്തശ്ശന്റെ കാൽക്കൽ വീണു.. അദ്ദേഹം അവളെ എഴുന്നേൽപ്പിച്ചു..

“എന്നോട് പൊറുക്കണം.. മുത്തശ്ശന്റെ അനുവാദം ചോദിക്കാതെ ഞാനൊരു കാര്യം ചെയ്തു.. ആ സാഹചര്യത്തിൽ അതേ ചെയ്യാനാവുമായിരുന്നുള്ളൂ.. എന്റെ ജീവൻ പോലും അപകടത്തിലായിരുന്നു.. രക്ഷകൻ ജെയിംസ് ആന്റണിയായിരുന്നു…ഇന്നിപ്പോൾ അയാളാണ് എന്റെ ജീവൻ… ”

വർമ്മ പതിയെ അവളെ ചേർത്ത് നിർത്തി മുടിയിഴകളിൽ തലോടി..

“എനിക്കറിയാം.. മനഃപൂർവം എന്നെ വേദനിപ്പിക്കുന്നതൊന്നും നീ ചെയ്യില്ലെന്ന്… ഒന്നേ എനിക്ക് ചോദിക്കാനുള്ളൂ.. നീ അയാളെ ആഗ്രഹിക്കുന്നുണ്ടോ…? ”

“എന്റെ ജീവിതത്തിൽ ഇനി വേറൊരു പുരുഷൻ ഉണ്ടാവില്ല മുത്തശ്ശാ.. എന്റെ കഴുത്തിൽ താലി കെട്ടിയവനാണ് അയാൾ…. താരയെ മുത്തശ്ശന് അറിയാല്ലോ.. ”

“ഉം.. എന്റെ കുട്ടി ഒന്നു കൊണ്ടും വിഷമിക്കരുത്.. ഞാനുണ്ട് കൂടെ… ”

“മുത്തശ്ശാ ഭാമേച്ചി എവിടെ..? ”

“അത് പറയാൻ മറന്നു.. ആശയ്ക്ക് ബി പി കൂടി.. ഒന്ന് ഹോസ്പിറ്റലിൽ പോയി.. ഭാമയും അവരുടെ കൂടെ പോയി.. വിളിച്ചിരുന്നു.. കുഴപ്പമില്ല.. അവർ നാളെയേ വരൂ.. ”

“അല്ല.. ജെയിംസ്.. എവിടെ..? ”

മുത്തശ്ശി ചോദിച്ചത് കേട്ടു താര പറഞ്ഞു..

“മുറിയിലാണ്.. ”

“മോള് വിളിച്ചിട്ട് വാ.. കഴിക്കണ്ടേ… ”

താര തിരിഞ്ഞു നടക്കാൻ തുടങ്ങിയതും വർമ്മ വിളിച്ചു..

“പോലീസ് എൻക്വയറി ഉണ്ടാവും.. പറയേണ്ടത് എന്തെല്ലാമാണെന്ന് അറിയാല്ലോ.. ”

“അറിയാം മുത്തശ്ശാ.. ”

താരയുടെ വാക്കുകൾ ദൃഢമായിരുന്നു..

(തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.6/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ആരോ ഒരാൾ – 13”

Leave a Reply

Don`t copy text!