Skip to content

ആരോ ഒരാൾ – 14

aaro oral by sooryakanthi aksharathalukal novel

ജെയിംസ് കുറച്ചു സമയം ബാൽക്കണിയിൽ നിന്നും താഴേക്ക് നോക്കിയതിനു ശേഷം വീണ്ടും മുറിയിലേക്ക് നടന്നു..

മുറിയിൽ അവളില്ലായിരുന്നെങ്കിലും അവിടെ നിറഞ്ഞു നിന്നിരുന്നത് താരയായിരുന്നു..

അവളുടെ ഗന്ധം.. മുഴുവനായും അടയാത്ത ചുമരിലെ ഷെൽഫിന്റെ ഡോറിനിടയിലൂടെ കാണുന്ന വൃത്തിയായി അടുക്കി വെച്ചിരിക്കുന്ന വസ്ത്രങ്ങൾ.. ഒരു ഭാഗത്തായുള്ള ഷെൽഫിൽ നിറയെ പുസ്തകങ്ങളായിരുന്നു.. നിലക്കണ്ണാടിയ്ക്ക് മുൻപിലെ ഡ്രസ്സിങ് ടേബിളിൽ ഭംഗിയായി പണിതെടുത്ത മരചില്ലയുടെ ആകൃതിയിൽ നിറയെ പല വർണ്ണങ്ങളിലുള്ള കുപ്പിവളകൾ നിറഞ്ഞിരുന്നു..

ഒരു കോണിലായി ഇട്ടിരുന്ന റീഡിങ് ടേബിളിലും ഒന്ന് രണ്ടു പുസ്തകങ്ങൾ അടുക്കി വെച്ചിരുന്നു.. ലാമ്പിനരികെ ഒരു നോട്ട് പാഡും പെന്നുമുണ്ടായിരുന്നു.. വെറുതെ ഒന്ന് തുറന്നു നോക്കിയപ്പോൾ ഒന്നും എഴുതിയിട്ടുണ്ടായിരുന്നില്ല…

“എന്താണ് ഒരു കള്ളലക്ഷണം…? എന്തോ തിരയുന്നത് പോലെ.. ”

“കള്ളലക്ഷണം നിന്റെ മറ്റവന്.. എടി കൊച്ചേ എനിക്ക് തിന്നാൻ എന്നതേലും കിട്ടോ.. വയറ് തള്ളയ്ക്ക് വിളി തുടങ്ങി… ”

“എന്നാൽ വാ… ”

ഡൈനിങ്ങ് ടേബിളിൽ എല്ലാം വിളമ്പി വെച്ചിരുന്നു.. എല്ലാവരും അവിടെയും ഇവിടെയുമൊക്കെയായി നടക്കുന്നുണ്ടെങ്കിലും അടുക്കാൻ ഒരു മടിയുണ്ടെന്ന് താരയ്ക്ക് മനസ്സിലായി..

അവർ കൈ കഴുകി ഇരുന്നപ്പോഴേക്കും വല്യമ്മമാരും ചെറിയമ്മയും ഒക്കെ എത്തി.. ജയിംസിന്റെ പ്ലേറ്റിലേക്ക് ചപ്പാത്തി എടുത്തു വെച്ച ജയന്തി ചെറിയമ്മയ്ക്ക് മനം മയക്കുന്ന ഒരു പുഞ്ചിരി നൽകുന്നത് കണ്ടു..

ഇങ്ങേർക്ക് ഇങ്ങനെ ചിരിക്കാനൊക്കെ അറിയോ ന്റെ കൃഷ്ണാ…

ആൾക്ക് നല്ല വിശപ്പുണ്ട്.. എന്നാലും കഴിക്കുന്നതിനിടയിൽ ഭക്ഷണത്തെ പറ്റി പുകഴ്ത്താനും അവരെ ടോപ്പിലാക്കാനുമൊന്നും മറന്നില്ല…

ആ പെർഫോമൻസ് കണ്ടു പലപ്പോഴും താര അന്തം വിട്ടു പോയി..

കൈ കഴുകാൻ എഴുന്നേൽക്കുന്നതിനിടെ താര തലയൊന്നുയർത്തി നോക്കിയപ്പോൾ ജെയിംസ് ആരും കാണാതെ അവളെ ഒന്നു കണ്ണിറുക്കി കാണിച്ചു ഒരു കള്ളച്ചിരി ചിരിച്ചു…

താരയ്ക്ക് ശ്വാസം നിലച്ചു പോവുന്നത് പോലെ തോന്നി.. ഇത് അവൾക്ക് പരിചയമുള്ള, ആ വെട്ടുപോത്തിന്റെ സ്വഭാവമുള്ള ഇച്ചായൻ ആയിരുന്നില്ല… തികച്ചും മറ്റൊരാൾ.. രൂപത്തിലും ഭാവത്തിലുമെല്ലാം…

എല്ലാം അഭിനയമാണെന്ന് അറിയാമെങ്കിലും താര വെറുതെ എന്തൊക്കെയോ കൊതിച്ചു പോയി..

ട്രീസയെ അവിടെങ്ങും കണ്ടില്ല… മുത്തശ്ശൻ വിളിക്കുന്നുവെന്ന് കുട്ടികൾ വന്നു പറഞ്ഞപ്പോൾ താര ജെയിംസിനെയും കൂട്ടി അങ്ങോട്ട്‌ ചെന്നു..

മുത്തശ്ശൻ തനിച്ചേ ഉണ്ടായിരുന്നുള്ളൂ..

“നീയിങ്ങനെ ഫുൾ ടൈം വാല് പോലെ അവന് പിന്നാലെ നടക്കാതെ.. ഞാൻ എന്റെ കൊച്ചു മോളുടെ നല്ല പാതിയെ ഒന്ന് വിശദമായി പരിചയപ്പെടട്ടെ… തനിച്ച്… ”

ജഗന്നാഥവർമ്മയുടെ വാക്കുകൾ കേട്ടു പുറത്തേക്ക് നടക്കുന്നതിനിടെ താര ജെയിംസിനെ ഒന്ന് പാളി നോക്കി.. അയാൾ അവളെ നോക്കി മിഴികൾ അടച്ചു കാണിച്ചു..

വർമ്മ വാതിൽ ചാരിയതും ജെയിംസ് അദ്ദേഹത്തിന് മുൻപിലേക്ക് കയറി നിന്നു…

“ഈ ജന്മം വീണ്ടും കാണാൻ സാധിക്കുമെന്ന് കരുതിയതല്ല.. ഞാൻ നന്ദികേട് കാണിച്ചുവെന്ന് കരുതിയേക്കരുത്… താര സാറിന്റെ കൊച്ചുമോളാണെന്ന് ഞാൻ അറിഞ്ഞത് വൈകിയാണ്… ”

“വെറുതെ എടുത്തു ചാടി ഒന്നും ചെയ്യുന്നവളല്ല താര..അവളെന്തെങ്കിലും മനസ്സിൽ കാണാതെ ഇങ്ങനെയൊന്നും ചെയ്യില്ല.. ”

വർമ്മ പതിയെ പറഞ്ഞു..

“ഒരു പ്രത്യേകസാഹചര്യത്തിൽ താരയുടെ കഴുത്തിൽ എനിക്കൊരു താലിച്ചരട് കെട്ടേണ്ടി വന്നു…. അവളുടെ ജീവൻ രക്ഷിക്കുക എന്നതിൽ കവിഞ്ഞൊരു ഉദ്ദേശവും അതിൽ ഉണ്ടായിരുന്നില്ല.. ഇപ്പോഴും..”

വർമ്മയുടെ നെറ്റി ചുളിഞ്ഞു..

“താരയുടെ ജീവൻ അപകടത്തിലാണ്.. അവളെ ഇല്ലാതാക്കാനുള്ള ശ്രെമത്തിനിടെയാണ് താര എന്റെ അരികിലെത്തിയത്… താരയുടെ പിറകെ ആരോ ഉണ്ട്.. എനിക്ക് സാറിനെ ആദ്യമേ പരിചയമുണ്ടെന്ന് താരയ്ക്ക് അറിയത്തില്ല… ”

ജഗന്നാഥവർമ്മയുടെ മുഖം ഇരുണ്ടിരുന്നു..

“ആര്…? ”

“അറിയത്തില്ല.. കണ്ടു പിടിക്കണം..”

“അത് മാത്രമാണോ ജയിംസിന്റെ ഈ വരവിന്റെ ഉദ്ദേശം…? ”

ജെയിംസ് ഒന്നും മിണ്ടിയില്ല.. വർമ്മ ഒന്ന് മൂളി.. എന്നിട്ട് പറഞ്ഞു..

“ജെയിംസ് ആന്റണിയുടെ കൈകളിൽ എന്റെ താരമോളുടെ ജീവൻ സുരക്ഷിതമാണെന്ന് എനിക്കറിയാം.. “.

“ആയിരിക്കും.. പിന്നെ, താരയുടെ ജീവിതത്തിൽ എന്റെ നിഴല് പോലും ഉണ്ടാവില്ല… ”

വർമ്മ ഒന്ന് ചിരിച്ചു…

“അത് ജെയിംസിന് താരയെ അറിയാത്തത്
കൊണ്ടാണ്… ഇനി ജെയിംസ് ഈ ലോകത്ത് എവിടെ പോയാലും തന്റെ പുറകെ താര ഉണ്ടാവും… അതൊരു പക്ഷെ മരണത്തിലേക്കാണെങ്കിൽ പോലും.. ”

ജെയിംസ് ഒന്നും മിണ്ടിയില്ല.. വർമ്മ അയാളുടെ തോളിൽ തട്ടി..

“എനിക്ക് തന്നെ ഇഷ്ടമായെടോ.. ഐ റിയലി മീൻ ഇറ്റ് .. ശത്രുപാളയത്തിലേക്ക് ഒറ്റയ്ക്ക് പട നയിക്കാൻ ചങ്കൂറ്റമുള്ളവൻ.. എന്റെ കുഞ്ഞിന്റെ ഇഷ്ടമാണ് എന്റേതും… ”

ജെയിംസ് ഓർക്കുകയായിരുന്നു.. ജഗന്നാഥ വർമ്മയുടെ അത്രയും ഇന്റലിജന്റ് ആയ ഒരാളെ താൻ കണ്ടിട്ടില്ല.. ഒന്നും താൻ പറഞ്ഞിട്ടില്ല.. പക്ഷേ….

കുറച്ചു സമയം കൂടെ കഴിഞ്ഞാണ് വാതിൽ തുറന്നത്.. നടുമുറ്റത്ത് മടിച്ചു മടിച്ചു തനിക്ക് ചുറ്റും വിശേഷങ്ങൾ അറിയാൻ കൂടിയവരുടെ നടുവിൽ നിൽക്കുമ്പോഴും താരയുടെ കണ്ണുകൾ മുത്തശ്ശന്റെ മുറിയുടെ നേരേ ആയിരുന്നു..

“താര…”

ജെയിംസ് വിളിച്ചതും താര മുഖമുയർത്തി നോക്കി..

“വരൂ.. ”

മുൻപിൽ നടക്കുന്ന മുത്തശ്ശന് പിറകിലായി ജെയിംസിനൊപ്പം താരയും നടന്നു.. ഹാളിനടുത്തുള്ള റൂമിൽ സുദേവൻ ഉണ്ടായിരുന്നു.. വർമ്മ വാതിൽ തുറന്നപ്പോൾ സുദേവൻ ഫോണിലായിരുന്നു…

“ശരി സർ… ഞാൻ നോക്കിക്കോളാം.. ”

താരയോടും ജെയിംസിനോടുമൊപ്പം വർമ്മയെ കണ്ടതും സുദേവൻ അസ്വസ്ഥനായി..

“ഇവർക്ക് പറയാനുള്ളത് എനിക്കും കേൾക്കണം.. അത് കഴിഞ്ഞു നിനക്ക് ഇവരോട് തനിച്ചു സംസാരിക്കണമെങ്കിൽ ആവാം.. ”

മറുത്തെന്തെങ്കിലും പറയാൻ സുദേവന് കഴിഞ്ഞില്ല.. അയാൾ താരയെ നോക്കി..

“മോളേ.. നിനക്ക് മനസ്സിലാവുമല്ലോ ഇതിന്റെ സീരിയസ്നെസ്സ്.. മരിച്ചു പോയി എന്ന് പറഞ്ഞിട്ട് തിരിച്ചു വന്നുവെന്നൊക്കെ പറയുമ്പോൾ.. അതും പോരാഞ്ഞിട്ട് ആരുടെയോ ഒരു ബോഡി… ”

അയാൾ മുഴുവനും പറയാതെ നിർത്തിക്കളഞ്ഞു..

“എനിക്കറിയാം.. ചെറിയച്ഛൻ ചോദിച്ചോളൂ ഞാൻ പറയാം… ”

സുദേവ് ജെയിംസിനെ ഒന്ന് പാളി നോക്കി.. അയാളുടെ ചുണ്ടിൽ നേർത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു…

“ജെയിംസും ഞാനും പ്രണയത്തിലായിരുന്നു.. ഏതാണ്ട് ഒരു വർഷത്തിലധികമായി…
വർഷങ്ങളായി പരസ്പരം അറിയാം. … ആളെ പറ്റി കൂടുതലൊന്നും പറഞ്ഞിരുന്നില്ലെങ്കിലും എനിക്ക് ഇങ്ങനെ ഒരിഷ്ടമുണ്ടായിരുന്നതായി മുത്തശ്ശനും അറിയാമായിരുന്നു…”

സുദേവിന്റെ മുഖത്ത് അമ്പരപ്പ് നിറഞ്ഞു.. ജയിംസിന്റെയോ വർമ്മയുടെയോ മുഖങ്ങളിൽ ഒരു ഭാവവ്യത്യാസവും കണ്ടില്ല..

താര തുടർന്നു..

“ഒന്ന് രണ്ടു വർഷം മുൻപുള്ള ഒരു മെഡിക്കൽ ക്യാമ്പിനിടെയാണ് ഞാൻ ജെയിംസിനെ പരിചയപ്പെടുന്നത്.. ജെയിംസ് താമസിച്ചിരുന്നതിനടുത്തായിരുന്നു ക്യാമ്പ്.. എന്നെ ഒരപകടത്തിൽ നിന്നും രക്ഷിച്ച ആളാണ്‌.. എന്റെ ഇഷ്ടം പക്ഷേ ജെയിംസ് അംഗീകരിച്ചിരുന്നില്ല.. ”

താര ജെയിംസിനെ ഒന്ന് നോക്കി.. അയാൾ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

“ഈ അപകടം നടന്നുവെന്ന് പറയപ്പെടുന്നതിന്റെ രണ്ടു ദിവസം മുൻപാണ് ഞാൻ ആദിവാസി ഊരിലേക്ക് ഒരാഴ്ചത്തേക്കുള്ള മെഡിക്കൽ ക്യാമ്പിനായി പോയത്.രണ്ടു ദിവസം കഴിഞ്ഞ് അതിരാവിലെ മുത്തശ്ശന്റെ കാൾ വന്നു.. എത്രയും പെട്ടെന്ന് നാട്ടിലേക്ക് എത്തണമെന്നും പറഞ്ഞു.. കാര്യമൊന്നും പറഞ്ഞില്ല.. എന്റെ കാറിൽ തന്നെയാണ് ഞാൻ പുറപ്പെട്ടത്… ഏതാണ്ട് താമരകൊക്കയ്‌ക്ക് അടുത്ത് എത്താനായപ്പോഴാണ് വണ്ടി ബ്രേക്ക് ഡൗണായത്.. കുറേ സമയം കാറിലിലിരുന്നു.. ആരെയും കാണാതെയായപ്പോൾ ഇറങ്ങി നടന്നു.. കൊക്കയുടെ ഇടതു വശത്ത് കൂടെ നടന്ന ഞാൻ വഴി തെറ്റി കാട്ടിലകപ്പെട്ടു.. അതിനുള്ളിൽ വെച്ചു വീണു, കാലിൽ പരിക്കും പറ്റി.. എങ്ങനെയൊക്കെയോ കാട്ടിൽ നിന്നും രക്ഷപ്പെട്ടു ചെന്നു കയറിയത് ജയിംസിന്റെയും കൂട്ടുകാരൻ മുത്തുവിന്റെയും ലോറിയ്ക്ക് മുൻപിലേയ്ക്കായിരുന്നു… ”

സുദേവിന്റെ മുഖത്തുണ്ടാവുന്ന ഭാവമാറ്റങ്ങൾ സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു ജെയിംസ്..
ഒന്ന് നിർത്തി താര വീണ്ടും പറഞ്ഞു..

“അവരോടൊപ്പം അവരുടെ താമസസ്ഥലത്തെത്തി.. അവിടുത്തെ ആദിവാസി മൂപ്പന്റെ ചികിത്സയിലാണ് കാലിന്റെ പരിക്ക് ഭേദമായത്..എന്നെ സംബന്ധിച്ച് വന്ന വാർത്തകൾ ഒന്നും ഞാൻ കണ്ടിരുന്നില്ല.. റേഞ്ച് ഇല്ലാത്ത സ്ഥലമായിരുന്നു.. ഒരു ദിവസം പുറത്തു പോയ ജെയിംസും മുത്തുവും തിരികെ വന്നപ്പോഴാണ് എന്നെ പറ്റി മീഡിയകളിൽ വന്ന വാർത്തകളെ പറ്റി ഞാൻ അറിയുന്നത്.. തുടർന്നാണ് ഞാൻ ഭാമേച്ചിയെ വിളിച്ചത്.. ”

ഒട്ടൊരു ആശ്വാസഭാവത്തോടെയാണ് സുദേവ് ചോദിച്ചത്..

“അപ്പോൾ നിങ്ങൾ ലീഗലി മാരീഡ് അല്ലേ..? ”

“അതെ… ”

മറുപടി ജെയിംസിന്റേതായിരുന്നു.. സുദേവിന്റെ മുഖത്തെ വെളിച്ചം കെട്ടു..

“ആദിവാസി ഊരിലെ മാരിയമ്മൻ കോവിലിൽ വെച്ചു ജെയിംസ് എന്റെ കഴുത്തിൽ താലി കെട്ടി.. വിവാഹം രജിസ്റ്റർ ചെയ്തിട്ടുണ്ട്.. ”

“അപ്പോൾ നിന്റെ കാർ..? ”

സുദേവ് വീണ്ടും താരയെ നോക്കി…

“അന്ന് അതൊന്നും അന്വേഷിക്കാനുള്ള അവസ്ഥയിലായിരുന്നില്ല ഞാൻ.. വിശപ്പും ദാഹവും പരിക്കും ഭയവുമൊക്കെ ചേർന്നു വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു ഞാൻ.. അതിനിടയിൽ ഒരു ദിവസം ഞാൻ പറഞ്ഞിട്ട് മുത്തു പോയി നോക്കിയെങ്കിലും കാർ അവിടെ ഉണ്ടായിരുന്നില്ല… ”

“ഉം.. അപ്പോൾ ആ കാർ…? അതിന്റെ അവശിഷ്ടങ്ങൾക്കൊപ്പം ഉണ്ടായിരുന്ന മൃതദേഹം..? അതൊരു സ്ത്രീയുടേത് തന്നെ ആയിരുന്നു.. ”

“റോഡിൽ നിർത്തിയിട്ടിരുന്ന കാർ ആരെങ്കിലും ബോഡി ഡംബ് ചെയ്യാനായി ഉപയോഗിച്ചതാവാം.. ”

വർമ്മയാണ് സുദേവിന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞത്..

“ഇതൊരു വിവാദമാവുമെന്നതിനു യാതൊരു സംശയവും വേണ്ട.. ഇനിയും ഒരുപാട് ചോദ്യങ്ങൾ നിങ്ങൾ നേരിടേണ്ടി വരും.. എല്ലായ്പ്പോഴും ഉത്തരങ്ങൾ ഒന്നു തന്നെ ആയിരിക്കണം.. തമ്മിൽ കണക്ടഡ് ആയിരിക്കണം.. അന്വേഷണത്തിൽ നിങ്ങൾ പറഞ്ഞതെല്ലാം സത്യമാണെന്നു തെളിയണം.. ”

ജെയിംസിനെ നോക്കിയാണ് സുദേവ് പറഞ്ഞത്..

“സത്യങ്ങൾ എപ്പോഴും കണക്ടഡ് ആയിരിക്കുമല്ലോ സാർ, കള്ളങ്ങൾ പറയാനല്ലേ ഒരുപാട് ആലോചിക്കേണ്ടതുള്ളൂ.. ”

ജെയിംസ് പതിയെ ആണ് പറഞ്ഞു..

“ഉം.. ജെയിംസ് തന്റെ അഡ്രെസ്സ് എനിക്കൊന്ന് ഇതിൽ എഴുതി തരണം… പിന്നെ തന്റെയാ കൂട്ടുകാരന്റെയും.. മുത്തുവിന്റെ…”

ജെയിംസിന് നേരേ ഒരു നോട്ട് പാഡും പെന്നും നീട്ടി കൊണ്ടു സുദേവ് പറഞ്ഞു.. ജെയിംസ് അത് വാങ്ങി അയാളെ ഒന്ന് നോക്കി..

“അഡ്രെസ്സ് ഞാൻ ഇതിൽ എഴുതാം… പക്ഷേ വർഷങ്ങളായി ഞാനും എന്റെ വീട്ടുകാരും തമ്മിൽ ഒരു ബന്ധവുമില്ല..”

സുദേവിന്റെ മുഖം ചുവക്കുന്നത് താര കണ്ടു.. ജെയിംസ് അഡ്രെസ്സ് എഴുതി തിരികെ കൊടുത്തതും വർമ്മ എഴുന്നേറ്റു..

“ഇനി ബാക്കിയൊക്കെ നാളെ.. അവരൊന്നു റസ്റ്റ്‌ എടുക്കട്ടെ.. ”

“അച്‌ഛാ ഒരു സംശയം, അച്ഛൻ എന്തിനാണ് അന്ന് താരയോട് പെട്ടെന്ന് വരാൻ പറഞ്ഞത്..? ”

വർമ്മ താരയെ ഒന്ന് നോക്കി.. പിന്നെ പതിയെ പറഞ്ഞു..

“താരയുടെ ഒരു പേഷ്യന്റ് ആത്മഹത്യ
ചെയ്തു.. ”

താര ഞെട്ടലോടെ മുത്തച്ഛനെ നോക്കി..

“ആര്…? ”

“അത്… ജാനകി… ”

“ജാനകി…? നെവർ… അതും ആത്മഹത്യ..? ”

താരയ്ക്ക് അത് ഉൾക്കൊള്ളാനായില്ല…

“സത്യമാണ്.. അവർ തൂങ്ങി മരിക്കുകയായിരുന്നു.. ”

“അപ്പോൾ കുട്ടികൾ…? ”

താരയുടെ ശബ്ദം വിറച്ചിരുന്നു..

“അവരെ ഒരു ഓർഫനേജിലേക്ക് ആക്കിയിട്ടുണ്ട്.. ”

വർമ്മ പറഞ്ഞു..

“ഏത്…? ആ അമ്മയും കുഞ്ഞുങ്ങളും മാത്രം ഉണ്ടായിരുന്ന വീട്ടിൽ അമ്മ ആത്മഹത്യ ചെയ്ത കേസ് ആണോ..? ”

സുദേവ് ചോദിച്ചു..

“അത് തന്നെ… മതി.. ഇനി നാളെ..
ഗുഡ് നൈറ്റ്‌.. ”

വർമ്മ താരയെയും ജെയിംസിനെയും നോക്കി പറഞ്ഞു..

താരയെ അത്ഭുതപ്പെടുത്തി കൊണ്ടു ജെയിംസ് രണ്ടുപേരോടും ഗുഡ് നൈറ്റ്‌ പറഞ്ഞു കൊണ്ടു പുറത്തേക്ക് നടന്നു..
പിറകെ താരയും..

അവർ രണ്ടു പേരും പുറത്തു കടന്നതും സുദേവ് വാതിലടച്ചു അച്ഛനു നേരേ തിരിഞ്ഞു.. അയാളുടെ മുഖം ദേഷ്യം കൊണ്ടു വലിഞ്ഞു മുറുകിയിരുന്നു..

“അച്ഛൻ ഇതെന്ത് ഭാവിച്ചിട്ടാ.. അവളെ ഇങ്ങനെ കയറൂരി വിട്ടത്.. അതും ഒരു ലോറിക്കാരനൊപ്പം.. നല്ലൊരു ജോലി പോലുമില്ല അവന്.. ”

“ഓരോരുത്തരും അവരവരുടെ ജീവിതം തിരഞ്ഞെടുക്കുന്നു ദേവാ.. കാലം മാറി.. പിടിച്ചു വെച്ചാൽ അവർ എതിർക്കും.. അനുഭവങ്ങൾ അതാണല്ലോ പഠിപ്പിക്കുന്നത്.. ”

സുദേവ് ഒന്നും മിണ്ടിയില്ല..

“ലോറിക്കാരനായാലും ജെയിംസ് അവളെ നല്ലത് പോലെ നോക്കും… എന്റെ കുഞ്ഞിന്റെ സന്തോഷമാണെനിക്ക് വലുത്… ജെയിംസ് ആന്റണിയെ എനിക്ക് അറിയാം… ”

“അച്ഛന് അയാളെ എങ്ങനെ അറിയാം..? ”

സുദേവ് സംശയത്തോടെ വർമ്മയെ നോക്കി..

“എന്റെ കുഞ്ഞിന്റെ ജീവിതം അങ്ങനെ ആരുടെയെങ്കിലും കൈയിൽ വെച്ചു കൊടുക്കുമെന്ന് കരുതുന്നുണ്ടോ ഡി വൈ എസ് പി…? അവനെ പറ്റി എല്ലാം ഞാൻ അന്വേഷിച്ചറിഞ്ഞതാണ്.. നീ അവന് പിറകെ പോവാതെ നിന്റെ കേസിനു പിറകെ പോയാൽ മതി… ”

സുദേവിനെ ഒന്ന് നോക്കിയിട്ട് വർമ്മ വാതിൽ തുറന്നു പുറത്തേക്ക് നടന്നു..
മനസ്സിൽ നിറഞ്ഞു നിന്ന ചോദ്യങ്ങളുമായി ഡി വൈ എസ് പി സുദേവ് വർമ്മ ആ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു…

താര ജഗ്ഗിൽ കുടിക്കാനുള്ള വെള്ളവുമായി റൂമിൽ എത്തിയപ്പോൾ, ജെയിംസ് ലൈറ്റ് ഇടാതെ ബാൽക്കണിയിൽ നിൽക്കുന്നത് കണ്ടു. അവൾ ജഗ്ഗ് മേശമേൽ വെച്ചു ബാത്‌റൂമിലേക്ക് നടന്നു…

താര തിരികെ വരുമ്പോഴും ജെയിംസ് ബാൽക്കണിയിൽ തന്നെ ആയിരുന്നു.. താര അയാൾക്കരികെ എത്തിയപ്പോഴാണ് ജയിംസിന്റെ കൈയിലെ മദ്യഗ്ലാസ്സ് കണ്ടത്..

“ഇതെന്താ ഈ കാണിക്കുന്നത്..? ”

ജെയിംസ് താരയ്ക്ക് നേരേ മുഖം ചരിച്ചു…

“ഞാൻ എന്നാ കാണിച്ചുവെന്നാ കൊച്ച് പറയുന്നേ…? ”

“ദേ ഇച്ചായാ കളിക്കല്ലേ… ”

“ഇതില്ലാതെ എനിക്ക് പറ്റത്തില്ല ഡോക്ടർ മാഡം.. പിന്നെ മുൻപേ പറഞ്ഞത് തന്നെ വീണ്ടും പറയുന്നു… ചുമ്മാ എന്റെ കാര്യങ്ങളിൽ കേറി ഇടപെടാൻ നിൽക്കരുത്… ”

“അങ്ങനെ പറഞ്ഞാൽ എങ്ങനെയാ.. ഇവിടെ നിങ്ങൾ എന്റെ ഭർത്താവാണ്.. ”

“അത് ഈ റൂമിന് പുറത്ത്.. ”

“എന്ത് വിശ്വസിച്ചാ നിങ്ങളുടെ കൂടെ ഞാൻ ഇവിടെ ഇങ്ങനെ കഴിയുന്നത്..? ”

“ഓ അങ്ങിനെ.. എന്നാ വിശ്വസിച്ചാടി നീ എന്റെ കൂടെ ഇത്രയും ദിവസം കഴിഞ്ഞത്…? ”

“അത്.. അത് പിന്നെ അന്ന് മുത്തുവും
ഉണ്ടായിരുന്നു.. ”

ജെയിംസ് പൊട്ടിച്ചിരിച്ചു..

“അത് ശരി.. അപ്പോൾ ഡോക്ടർ മാഡത്തിന് തിരിച്ചറിവൊക്കെ വന്നു തുടങ്ങി.. എന്നെപോലെ കുടിയനും തെമ്മാടിയുമൊക്കെയായ ഒരാളോടൊപ്പം ഒരു മുറിയിൽ കഴിയാൻ കൊച്ചിന് പേടിയും തോന്നി തുടങ്ങി.. അല്ല്യോ..? ”

താര പൊടുന്നനെ അയാളുടെ വായ പൊത്തി.. ജെയിംസ് അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.. ഒരു നിമിഷം ആരും ഒന്നും പറഞ്ഞില്ല..

“ജയിക്കാൻ വേണ്ടി പറഞ്ഞതാണ്.. പക്ഷേ തോറ്റു പോയത് ഞാനാണ് .. ”

നേർത്ത ശബ്ദത്തിൽ പറഞ്ഞിട്ട് താര അകത്തേക്ക് നടന്നു.. അയാൾ താര പോവുന്നതും നോക്കി നിൽക്കുകയായിരുന്നു..

(തുടരും )

മുത്തച്ഛനും ജെയിംസിനും തമ്മിൽ പരിചയമുണ്ടെന്ന് മനസ്സിലായെല്ലോ.. പിന്നെ സുദേവനോട് താരയും ജെയിംസും പറഞ്ഞതെല്ലാം കള്ളമാണെന്ന് അറിയാമല്ലോ.. പ്രീ പ്ലാൻഡ് ആയിരുന്നു..

ബാക്കി സംശയങ്ങൾ പതിയെ തീർക്കാം ട്ടോ..

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ആരോ ഒരാൾ – 14”

Leave a Reply

Don`t copy text!