താര മുത്തശ്ശിയോട് സംസാരിച്ചു കഴിഞ്ഞു വരാന്തയിലേക്ക് ഇറങ്ങുമ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ ട്രീസ മുൻപിൽ പ്രത്യക്ഷപ്പെട്ടത്..
അവർ തന്നെയും കാത്തു നിൽക്കുകയായിരുന്നു എന്ന് താരയ്ക്ക് മനസ്സിലായി…
ട്രീസയെ നോക്കി ഒന്ന് പുഞ്ചിരിച്ചു താര കടന്നു പോകാൻ ശ്രെമിച്ചതും ട്രീസ മുൻപിലേക്ക് കയറി നിന്നു..
എന്താ നിന്റെ ഉദ്ദേശം..? ”
താര ഒന്നും മനസ്സിലാകാത്തത് പോലെ ട്രീസയെ നോക്കി..
“നീ എന്നാത്തിനാ അയാളുടെ കൂടെ ചേർന്നു ഈ നാടകം നടത്തുന്നത്..? ”
“ആരുടെ കൂടെ..? ചേച്ചി എന്തൊക്കെയാ ഈ പറയുന്നേ…? ”
“ഓ കമോൺ താര..ഞാൻ പറയുന്നത് എന്നതാണെന്ന് നിനക്ക് വ്യക്തമായി അറിയാം… നീയും ജെയിംസും എന്നാത്തിനാ എല്ലാവരെയും ഇങ്ങനെ പറ്റിക്കുന്നത്…? ”
“ചേച്ചി.. പ്ലീസ്.. എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട്.. മുൻപേ ഞാൻ പറഞ്ഞതാണ്… ജെയിംസ് എന്റെ ഭർത്താവാണ്… ഞാൻ പ്രണയിച്ചു വിവാഹം കഴിച്ചയാൾ… ”
ട്രീസയുടെ മുഖത്ത് ഒരു പുച്ഛച്ചിരി തെളിഞ്ഞു..
“അത് നീ പറഞ്ഞത് ശരിയാവും.. നിനക്ക് അയാളോട് പ്രേമം കാണും… പക്ഷെ ജെയിംസ് ആന്റണി ഈ ജന്മം നിന്നെ പ്രേമിക്കാൻ പോണില്ല.. ”
താരയുടെ മനസ്സിൽ ഒരു നീറ്റലുണ്ടായെങ്കിലും അവൾ ചുണ്ടിൽ ഒരു ചിരി വരുത്തി..
“ടീനുച്ചേച്ചിയ്ക്ക് എങ്ങനെ അത് ഇത്രയും ഉറപ്പിച്ചു പറയാൻ കഴിയും..? ”
“ജെയിംസിനെ മറ്റാരെയും കാൾ എനിക്കറിയാം.. അയാൾക്ക് ഈ ജന്മം നാൻസിയെ അല്ലാതെ മറ്റാരെയും പ്രണയിക്കാൻ കഴിയത്തില്ല .. ”
ട്രീസയുടെ വാക്കുകൾ മനസ്സിനെ കുത്തി നോവിക്കുന്നുണ്ടായിരുന്നെങ്കിലും വിട്ടു കൊടുക്കാൻ താര തയ്യാറായിരുന്നില്ല..
“അതുകൊണ്ടാണോ അവരെ തമ്മിൽ അകറ്റിയത്… ഇത്രയും ക്രൂരമായി… ”
അമർത്തിയ ശബ്ദത്തിലാണ് താര ചോദിച്ചത്.. അവളുടെ ഭാവത്തിൽ ഒന്ന് പതറിയെങ്കിലും ട്രീസയുടെ മുഖത്തെ പുച്ഛം മാഞ്ഞില്ല…
“അഹങ്കാരത്തിനു കർത്താവ് കൊടുത്ത ശിക്ഷയാണ്… ഒരു ദിവ്യാനുരാഗം…. ഹും.. ”
ട്രീസയുടെ കണ്ണുകളിൽ തെളിഞ്ഞു നിന്ന പക കണ്ടു താര തെല്ലാശ്ചര്യപെടാതിരുന്നില്ല…
മുത്തു വാക്കുകളാൽ വരച്ചിട്ട ട്രീസ ഡേവിഡിന്റെ ജെയിംസ് ആന്റണിയോടുള്ള ഒബ്സെഷൻ താര നേരിൽ കാണുകയായിരുന്നു..
“നീ എന്നാ കണ്ടിട്ടാ കൊച്ചേ അയാളുടെ പുറകെ നടക്കുന്നത്… നീ ആ നാൻസിയെ കണ്ടിട്ടുണ്ടോ..? നീ എത്ര തല കുത്തി മറഞ്ഞാലും ജെയിംസ് ഒരിക്കലും നിന്നെ സ്നേഹിക്കത്തില്ല.. ”
ട്രീസ മനപ്പൂർവം വാക്കുകളാൽ മുറിവേല്പിക്കാൻ ശ്രെമിക്കുകയാണെന്ന് താരയ്ക്ക് മനസ്സിലാവുന്നുണ്ടായിരുന്നു..
“ചേച്ചിയ്ക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ലെന്ന് തോന്നുന്നു.. ജെയിംസ് എന്റെ കാമുകനല്ല.. എന്റെ ഭർത്താവാണ്.. ഞങ്ങൾ തമ്മിലുള്ള സ്നേഹം ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല… ”
ട്രീസ പൊട്ടിച്ചിരിച്ചു..
“എന്റെ കൊച്ചേ, ഏത് പൊട്ടക്കണ്ണനും മനസ്സിലാവും.. ജെയിംസും നീയും തമ്മിൽ ഒന്നുമില്ലെന്ന്.. ഓ തെറ്റി.. അയാൾക്ക് നിന്നോട് ഒരു വികാരവും ഇല്ലെന്ന്.. അല്ലേലും നിന്നെപോലൊരു പൊങ്കൊച്ചിനെ ജെയിംസ് ഒരിക്കലും ആഗ്രഹിക്കത്തില്ല.. നിങ്ങൾക്ക് വേറെ ലക്ഷ്യമുണ്ട്.. അല്ലെങ്കിൽ അയാൾ പ്രണയം നടിച്ചു നിന്നെ
പറ്റിക്കുന്നതുമാവാം.. ”
ട്രീസയുടെ മുഖത്തെ ഭാവം മാറി.. താരയുടെ കൈയിൽ പിടിച്ചു അവൾ പറഞ്ഞു..
“ആദിയ്ക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്.. എനിക്കും.. അത് കൊണ്ടു പറയുവാ.. വെറുതെ അയാളുടെ പിറകെ നടക്കണ്ട….”
താര മറുപടി പറയാൻ തുടങ്ങിയതും പിറകിൽ നിന്നൊരു ശബ്ദം കേട്ടു..
“അവള് അവളുടെ കെട്യോന്റെ പിറകെ അല്ല്യോ ടീനു നടക്കണ്ടേ..? ”
ഭാമേച്ചി..
ഭാമേച്ചിയ്ക്ക് ടീനുചേച്ചിയെ അത്ര പിടുത്തമില്ല.. ആദിയേട്ടനും ചേച്ചിയും തമ്മിലുള്ള വിവാഹക്കാര്യത്തിൽ ഏറ്റവും എതിർപ്പ് കാണിച്ചതും ഭാമേച്ചിയായിരുന്നു..
വിവാഹം കഴിഞ്ഞു വന്നപ്പോൾ ടീനു അങ്ങോട്ട് കയറി ഒട്ടാൻ നിന്നെങ്കിലും ഭാമ അടുത്തിരുന്നില്ല..
ട്രീസയുടെ മുഖം വിളറി… അവളൊന്ന് പരുങ്ങി..
“അല്ല.. ഞാൻ താരയ്ക്ക് കാര്യങ്ങളൊക്കെ പറഞ്ഞു കൊടുക്കുവായിരുന്നു.. നമ്മളൊക്കെയല്ലേ അവൾക്ക് ഇതൊക്കെ പറഞ്ഞു കൊടുക്കേണ്ടത്… ”
ഭാമ ഒന്നിരുത്തി മൂളി.. പണിപ്പെട്ട് വരുത്തിയ ചിരിയോടെ ട്രീസ പിന്തിരിഞ്ഞു നടന്നു…
“എന്തേ അവൾക്ക് ആദിയെ മതിയായോ…? ”
അകത്തേക്ക് പോവുന്ന ട്രീസയെ നോക്കി ഭാമേച്ചി പറയുന്നത് കേട്ട് താര അവളെ നോക്കി..
“അവൾക്ക് ജെയിംസ് ആന്റണിയോടുള്ള പ്രാന്ത് ഈ ജന്മം തീരാൻ പോണില്ല.. ”
താര അതിശയത്തോടെ ഭാമയെ നോക്കി..
“എനിക്കറിയാം മോളേ.. പണ്ട് കോളേജിൽ വന്നു ഒരുപാട് ഷോ കാണിച്ചിട്ടുണ്ട് അവൾ.. ജയിംസിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.. അവന്റെ കൈയിൽ നിന്ന് നല്ല തല്ലും വാങ്ങിയിട്ടുണ്ട്.. പക്ഷേ അവൻ വഴക്ക് പറയുന്നത് പോലും അവൾക്ക് ഒരു ലഹരിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. . ഒബ്സ്സെഷൻ എന്ന വാക്കിലുമേറെയാണ് ട്രീസയ്ക്ക് ജെയിംസിനോടുള്ള ഭ്രമം.. ”
താര അന്തം വിട്ടു ഭാമയെ നോക്കി..
“ആദിയേട്ടന് അറിയാമോ.. ? ”
“ആദി വിവാഹക്കാര്യം പറഞ്ഞപ്പോഴേ ഞാൻ എതിർത്തത് അതാണ്.. ഈ കാര്യം ഞാൻ അവനോട് സൂചിപ്പിച്ചിരുന്നു..പക്ഷെ അവന് അതൊന്നും ഒരു പ്രശ്നമായിരുന്നില്ല.. ട്രീസയ്ക്ക് ആരെയും സ്നേഹിക്കാൻ കഴിയില്ല.. ജെയിംസിനോടുള്ളത് പ്രണയമല്ല.. സ്വന്തമാക്കണം എന്നുള്ള, അടക്കാനാവാത്ത ഒരു ഭ്രമം മാത്രമാണ്…നീ സൂക്ഷിക്കണം… ”
അടുത്ത നിമിഷം എന്തോ ഓർത്തത് പോലെ ഭാമ താരയുടെ മുഖത്തേക്ക് നോക്കി..
“പക്ഷേ.. നീയും ജെയിംസും…? ”
താരം മിഴികൾ താഴ്ത്തി.. ഭാമ ചുറ്റുമൊന്ന് നോക്കി… പതിയെ പറഞ്ഞു..
“എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്.. പക്ഷേ ഇവിടെ വെച്ച് വേണ്ട.. നമുക്ക് നാളെ രാവിലെ തൃച്ചേരിക്കാവിൽ ഒന്നു പോയാലോ…? ”
“പോവാം ഭാമേച്ചി.. ഞാനും അമ്പലത്തിൽ പോയൊന്നു തൊഴണമെന്ന്
കരുതിയിരുന്നു.. ”
“ഉം… ”
ബാൽക്കണിയിലെ ഹാങ്ങിങ് പ്ലാന്റ്‌സിലേക്ക് വെള്ളം സ്പ്രിങ്ക്ൾ ചെയ്യുമ്പോൾ താരയുടെ കണ്ണുകൾ പതിയെ നിറഞ്ഞു തുടങ്ങിയിരുന്നു..
എന്താണ് എനിക്ക് സംഭവിച്ചത്..?
വേദനകൾ ഒരുപാടുണ്ടായിരുന്നെങ്കിലും ഒരിക്കലും ഒരു തൊട്ടാവാടി ആയിരുന്നില്ല.. പക്ഷെ ഇന്ന് ടീനു ചേച്ചിയുടെ വാക്കുകൾ മനസ്സിനെ വല്ലാതെ മുറിവേൽപ്പിച്ചു…
അവർ പറഞ്ഞതെല്ലാം സത്യമാണ്…
ഇച്ചായൻ ഒരിക്കലും എന്നെ സ്നേഹിക്കാൻ പോകുന്നില്ല..
നാൻസിയുടെ മുഖം മനസ്സിൽ തെളിഞ്ഞതും താര മിഴികൾ ഇറുകെ അടച്ചു.. കൺപീലികൾക്കിടയിൽ ഞെരിഞ്ഞമർന്ന നീർതുള്ളികൾ കവിളിലൂടെ ഒഴുകുന്നുണ്ടായിരുന്നു…
എല്ലാം അറിഞ്ഞു കൊണ്ടു തന്നെയാണ് ഈ വേഷം അണിഞ്ഞത്.. പക്ഷേ..
തിരിച്ചു കിട്ടാത്ത സ്നേഹം എന്നും വേദന തന്നെയാണ്…
ജീവിതത്തിൽ ഒരാൾക്ക് ഒരാളെ മാത്രമേ അത്രത്തോളം സ്നേഹിക്കാൻ കഴിയുകയുള്ളു എന്ന് പറയുന്നത് ഒരു പക്ഷെ ശരിയായിരിക്കും..
ഇത് പോലെ.. ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് അറിഞ്ഞിട്ടും ഒരാളെ ഭ്രാന്തമായി സ്നേഹിക്കുന്നത് ആദ്യമായാണ്…
ജയിംസിന്റെ മനസ്സിൽ നാൻസിയ്ക്കും ആമി മോൾക്കും കഴിഞ്ഞേ മറ്റാർക്കും സ്ഥാനമുള്ളൂ എന്നറിയാം… എങ്കിലും..
ഇച്ചായൻ തന്റെ ലക്ഷ്യത്തിലേക്കുള്ള മാർഗം മാത്രമായാണ് തന്നെ കണ്ടിട്ടുള്ളത് എന്ന് തോന്നുമ്പോഴൊക്കെ മനസ്സ് പൊടിയുന്നുണ്ട്…
“എന്നതാ കൊച്ചേ ചെടി നനയ്ക്കാൻ വന്നിട്ട്.. ഇവിടെ നിന്ന് സ്വപ്നം കാണുവാണോ…? ”
വാതിൽക്കൽ നിന്നും ശബ്ദം കേട്ടതും താര ഞെട്ടി.. വേഗം തിരിഞ്ഞു നിന്നു കണ്ണുനീർ തുടയ്ക്കാൻ ശ്രെമിച്ചെങ്കിലും ജെയിംസ് അരികെ എത്തിയിരുന്നു..
“എന്നാ പറ്റി..? കൊച്ചെന്നാത്തിനാ കരഞ്ഞേ..? ”
“ഞാൻ കരഞ്ഞൊന്നുമില്ല.. കണ്ണിൽ പൊടി പോയതാ ”
താരയുടെ മുഖം, താടിയിൽ പിടിച്ചയാൾ ഉയർത്തി..
“എന്നാന്നു പറയെടി.. ”
“അത്.. അത് പിന്നെ ഞാൻ എന്റെ അച്ഛനെയും അമ്മയെയും പറ്റി ആലോചിച്ചു.. ”
പതിഞ്ഞ ഒരു ചിരിയായിരുന്നു മറുപടി..
“ആന്നോ.. ഞാൻ കരുതി.. ആ പിശാച് പറഞ്ഞത് കേട്ടിട്ടാണെന്ന്.. ”
താര സംശയത്തോടെ ജെയിംസിനെ നോക്കി..
“തന്റെ ബോഡി ഗാർഡ് ആയിട്ടല്ലെടോ വന്നത്.. അപ്പോൾ തന്റെ ചുറ്റും എപ്പോഴും ഞാൻ വേണ്ടേ.. മുഴുവനും ഒന്നും കേട്ടില്ലെങ്കിലും ചിലതൊക്കെ കേട്ടു…”
താര ഒന്നും പറഞ്ഞില്ല..
“ചിലപ്പോഴൊക്കെ മനസ്സ് പറയുന്നത് മാത്രമാണ് നമ്മൾ പുറത്ത് എക്സ്പ്രസ്സ് ചെയ്യാറുള്ളത് അല്ല്യോ …? എന്നു വിചാരിച്ചു അത് സത്യമാവണമെന്നുണ്ടൊ..? ”
താര മനസ്സിലാവാതെ മുഖത്ത് നോക്കിയതും ജെയിംസ് അവളെ ഒരു കണ്ണിറുക്കി കാണിച്ചു മനോഹരമായൊന്ന് ചിരിച്ചു.. ആ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു…
താര പറന്നു പോയ കിളികളുടെ എണ്ണം എടുക്കുമ്പോൾ, അത് നോക്കി ചിരിയോടെ അകത്തേക്ക് നടക്കുകയായിരുന്നു ജെയിംസ്..
അയാൾ വാഷ് റൂമിലേക്ക് നടക്കാൻ തിരിഞ്ഞതും താര ഓടി അരികിലെത്തി.. കിതപ്പോടെയാണ് ചോദിച്ചത്..
“ന്ന് വെച്ചാൽ..? ”
ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി..
“എന്റെ കൊച്ചേ നീ എവിടുത്തെ ഡോക്ടറാടി..? ഒരു വട്ട് ഡോക്ടർ..? ”
താരയുടെ തലയിൽ ഒന്ന് കൊട്ടിയിട്ട് ജെയിംസ് വാഷ് റൂമിലേക്ക് കയറി പോവുന്നതും നോക്കി അവൾ മിഴിച്ചു നിന്നു…
കുറച്ചു കഴിഞ്ഞപ്പോൾ സുദേവ് വിളിച്ചു പറഞ്ഞത് പോലെ ഇൻവെസ്റ്റിഗേഷൻ ടീം എത്തി..
താരയ്ക്കും ജെയിംസിനും സുദേവിനോട് പറഞ്ഞ കാര്യങ്ങൾ തന്നെയേ പറയാനുണ്ടായിരുന്നു.. ഒറ്റയ്‌ക്കൊറ്റയ്ക്കും ഒരുമിച്ചും അവർ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചിട്ടും രണ്ടുപേരും പറഞ്ഞതിൽ നിന്നും അണുവിട മാറിയിരുന്നില്ല..
ഇടയ്ക്കെപ്പോഴോ മനസ്സ് പതറി പോവുമെന്ന് തോന്നിയ നേരത്താണ് വലം കൈയിൽ ജയിംസിന്റെ ഇടം കൈ ചേർന്നത്…
അവർ പോയി കഴിഞ്ഞു ജെയിംസ് മുത്തച്ഛന്റെ കൂടെ ഓഫീസ് മുറിയിലേക്ക് പോവുന്നത് കണ്ടാണ് താര മുകളിലേക്കുള്ള പടികൾ കയറിയത്..
വലത് കൈപ്പത്തിയിൽ അപ്പോഴും ആ ഇടം കൈയുടെ ചൂടുണ്ടായിരുന്നത് പോലെ തോന്നി..
ഭാമേച്ചിയോടൊപ്പം അമ്പലത്തിൽ ദീപാരാധന തൊഴാൻ ധൃതിയിൽ ഒരു മഞ്ഞ കോട്ടൺ സാരിയെടുത്തു ചുറ്റി..
മേശമേൽ ഇരുന്ന മൊബൈൽ എടുത്തപ്പോഴാണ് കൈ തട്ടി നോട്ട് പാഡിൽ ഇരുന്ന പെന്ന് താഴെ വീണത്.. അതെടുത്തു മുകളിലേക്ക് വെച്ചപ്പോൾ മറിഞ്ഞു വീണ പേജിലെ അക്ഷരങ്ങളിൽ കണ്ണെത്തി..
ചെറുതെങ്കിലും വൃത്തിയുള്ള അക്ഷരങ്ങൾ…
“പ്രണയമാം ചില്ലു പാത്രം വീണുടഞ്ഞു പോയെങ്കിലും..
കാലമേറെയായെങ്കിലും ആ വർണ്ണപ്പൊട്ടുകൾ ഇന്നുമെൻ ഇടനെഞ്ചിൽ മുറിപ്പാടുകൾ തീർത്തീടുന്നു … ”
താര വീണ്ടും വീണ്ടും ആ വാക്കുകൾ വായിച്ചു.. ചെറു ചിരിയോടെ പെന്നിന്റെ ക്യാപ് ഊരി എഴുതി തുടങ്ങി…
റെഡി ആയി താഴെ എത്തിയപ്പോൾ മുത്തശ്ശന്റെ റൂം അടഞ്ഞു കിടക്കുകയായിരുന്നു..
മുത്തശ്ശിയോട് പറഞ്ഞേൽപ്പിച്ച് ഭാമേച്ചിയുടെ കാറിൽ കയറുമ്പോഴും താര തിരിഞ്ഞു നോക്കി.. നിരാശ്ശയായിരുന്നു ഫലം..
ദീപാരാധനയ്ക്ക് ആളുകൾ കൂടുതലായിരുന്നു.. തിരികെ കാറിൽ കയറുമ്പോൾ ഇരുട്ട് വീണു തുടങ്ങിയിരുന്നു..
“ജെയിംസിനെ നിനക്ക് എങ്ങിനെ
അറിയാം..? ”
മുഖവുര ഒന്നുമില്ലാതെയായിരുന്നു ഭാമയുടെ ചോദ്യം…
ചിലതൊക്കെ മറച്ചു വെച്ചു താര താനും ജെയിംസും തമ്മിലുള്ള ബന്ധം ഭാമയോട് പറഞ്ഞു..
കുറച്ചു സമയം മിണ്ടാതെ ഇരുന്നിട്ടാണ് ഭാമ പറഞ്ഞത്..
“വേണ്ടിയിരുന്നില്ല മോളേ… ജയിംസിന്റെ മനസ്സിൽ നാൻസിയ്ക്കല്ലാതെ മറ്റൊരാൾക്കിടം കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല.. ”
ഉള്ളിൽ ഉയർന്ന തേങ്ങൽ അടക്കികൊണ്ട് താര പറഞ്ഞു..
“സാരമില്ല ഭാമേച്ചി.. എന്നാലും എനിക്ക് സ്നേഹിക്കാൻ ആരുടേയും അനുവാദം വേണ്ടല്ലോ… ”
ഭാമയുടെ ചുണ്ടിൽ ഒരു വരണ്ട ചിരി തെളിഞ്ഞു..
“തിരിച്ചു കിട്ടാത്ത പ്രണയത്തെ പറ്റി കഥകളിലും കവിതകളിലും കാണുമ്പോളുള്ള സുഖമൊന്നും അനുഭവിക്കുമ്പോൾ ഉണ്ടാവില്ല.. തനിച്ചായി പോവുന്ന ചില നിമിഷങ്ങളിൽ നെഞ്ചു കീറി പറിഞ്ഞു പോവുന്നത് പോലെ തോന്നും… ”
താര ഒന്നും പറഞ്ഞില്ല.. പുറത്തെ ഇരുളിനൊപ്പം വണ്ടിയിൽ മൗനം നിറഞ്ഞു..
“താര..നമ്മളെ ആരോ ഫോളോ ചെയ്യുന്നുണ്ട്.. ”
താര ഞെട്ടലോടെ തിരിഞ്ഞു നോക്കി..
“ആര്..? ”
“ഒരു ടിപ്പർ ലോറി..അങ്ങോട്ട് പോവുമ്പോഴും ഞാൻ ശ്രെദ്ധിച്ചിരുന്നു.. യാദൃശ്ചികമാണെന്ന് കരുതി.. പക്ഷേ… ”
ഭാമയുടെ കാൽ ആക്‌സിലേറ്ററിൽ അമർന്നു… വളവ് തിരിഞ്ഞതും കാതടപ്പിക്കുന്ന ശബ്ദത്തോടെ ആ ലോറി അവരുടെ കാറിൽ വന്നിടിച്ചു..
#########——#########—–#######
“ജെയിംസ് നാളെ തന്നെ ഞാൻ പറഞ്ഞ ഈ കാര്യങ്ങളെപ്പറ്റി ഒന്ന് അന്വേഷിക്കണം.. സമയം കുറവാണ് നമുക്ക്.. ”
വർമ്മയുടെ മുഖത്ത് ഗൗരവമായിരുന്നു..
“സാർ പറഞ്ഞതൊക്കെ കേട്ടപ്പോൾ ചില സംശയങ്ങൾ എനിക്കും തോന്നുന്നു.. നാളെ താരയുടെ അമ്മയുടെ തറവാട്ടിലും കുടുംബസുഹൃത്തുക്കളുടെ അടുത്തും ചില കാര്യങ്ങൾ തിരക്കാൻ ഞാൻ ഒരാളെ ഏർപ്പാടാക്കുന്നുണ്ട്.. എന്തെങ്കിലുമൊരു തുമ്പ് കിട്ടാതിരിക്കില്ല.. ”
വർമ്മ തെല്ലൊരാശങ്കയോടെ ജെയിംസിനെ നോക്കി..
“സാർ പേടിക്കണ്ട.. അവനത് ഭംഗിയായി ഡീൽ ചെയ്തോളും.. താരയ്ക്ക് വേണ്ടി ജീവൻ കളയാനും റെഡിയാണ് മുത്തു.. ഞാൻ തന്നെ പോവാമെന്ന് വെച്ചാൽ താരയുടെ അടുത്ത് നിന്നും മാറി നിൽക്കാൻ എന്തോ ഒരു പേടി.. ”
വർമ്മയുടെ മുഖത്തൊരു ചിരി തെളിഞ്ഞു..
ജെയിംസ് ഹാളിൽ എത്തിയപ്പോഴാണ് മുത്തശ്ശി, താര ഭാമയുടെ കൂടെ അമ്പലത്തിലേക്ക് പോയത് പറഞ്ഞത്..
മുഖത്തുണ്ടായ ഭാവമാറ്റം മുത്തശ്ശി കാണാതിരിക്കാൻ മുകളിലേക്ക് കയറി പോവുമ്പോൾ ജയിംസിന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു..
“ആ കുരിപ്പിനെ ഇപ്പോൾ എന്റെ കൈയിൽ കിട്ടിയാൽ അവളുടെ അവസാനമാണ്.. അവളുടെ ഒരു ഊരുചുറ്റൽ.. ”
റൂമിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടെ കൈകൾ കൂട്ടി തിരുമ്മി കൊണ്ടു ജെയിംസ് പിറുപിറുത്തു…
തിരിഞ്ഞു നടക്കുമ്പോഴാണ് മേശമേൽ തുറന്നു കിടക്കുന്ന നോട്ട് പാഡിലെ പേജ് കണ്ടത്
“ആ വർണ്ണപൊട്ടുകൾ ചേർത്ത് വെച്ചിടാം
ഞാൻ..
നിന്നുള്ളിൽ എരിയുമാ അഗ്നി തൻ ദാഹം ശമിപ്പിനായി എന്നിൽ നിന്നുതിരുമീ തീർത്ഥകണങ്ങൾ..
പ്രാണനിൽ ചേർന്നു നിൽക്കുമെൻ പ്രണയം….
മറവിയിൽ വീഴില്ല ഒരു മാത്ര പോലുമെൻ പ്രണയം..
അത്രമേൽ എന്നാത്‌മാവിൽ പതിഞ്ഞു പോയി ഈ പ്രണയം.. ”
ജെയിംസ് എഴുതി വെച്ചതിന് താഴെ വടിവൊത്ത കൈപ്പടയിൽ എഴുതി ചേർത്ത അക്ഷരങ്ങൾ കണ്ടതും അയാളുടെ കണ്ണുകളൊന്നു വിടർന്നു.. അറിയാതൊരു ചിരി ചുണ്ടിലെത്തി..
ആ അക്ഷരങ്ങളിൽ തന്നെ മിഴികൾ കുരുങ്ങി കിടക്കവേ മൊബൈൽ റിംഗ് ചെയ്തു..
നോട്ട് പാഡ് താഴെ വെക്കാതെയാണ് കാൾ എടുത്തത്.. വർമ്മയുടെ ശബ്ദത്തിൽ പരിഭ്രാന്തി നിറഞ്ഞിരുന്നു..
“ഭാമയും താരയും സഞ്ചരിച്ച കാർ ആക്സിഡന്റിൽ പെട്ടു.. രണ്ടുപേരും ഹോസ്പിറ്റലിൽ ആണ്.. താരയുടെ.. മോളുടെ നില കുറച്ചു ക്രിട്ടിക്കലാണ്.. ”
വർമ്മയുടെ ശബ്ദം വിറച്ചു.. ജയിംസിന്റെ കൈയിൽ നിന്നും ആ നോട്ട് പാഡ് താഴെ വീണു…
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
സൂര്യകാന്തിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission