“ഹെലോ.. ”
വാതിലിൽ തട്ടുന്നത് കേട്ടാണ് ജെയിംസും താരയും ഞെട്ടലോടെ തലയുയർത്തി നോക്കിയത്..
വാതിൽക്കൽ വീൽ ചെയറിൽ ഇരുന്നിരുന്ന ഭാമയുടെയും അവളുടെ പുറകിൽ നിന്നിരുന്ന മീനയുടെ മുഖത്തും ഒരു ചിരി ഉണ്ടായിരുന്നു.. പക്ഷേ അവർക്കൊപ്പം ഉണ്ടായിരുന്ന ഡോക്ടർ ശരത്തിന്റെ മുഖം ഇരുണ്ടിരുന്നു..
“ഇത് ഹോസ്പിറ്റലിലാണെന്ന് രണ്ടും മറന്നു പോയോ..? ”
ഭാമയുടെ കുസൃതി നിറഞ്ഞ ചോദ്യം കേട്ടതും താര ജാള്യതയോടെ മുഖം താഴ്ത്തി.. ജെയിംസ് പക്ഷെ അവളെ ചേർത്തു പിടിച്ചു തന്നെ നിന്നു..
“അതിന് എന്നാടി.. ഇത് എന്റെ സ്വന്തം ഭാര്യ തന്നെ അല്ല്യോ .. ”
ജയിംസിന്റെ തന്റെ ചുമലിലൂടെയുള്ള പിടുത്തം മുറുകിയപ്പോഴാണ് താര ശരത്തിന്റെ മുഖം ശ്രെദ്ധിച്ചത്.. ആള് കടിച്ചു പിടിച്ചു നിൽക്കുകയാണ്..
ചെറുപ്പം മുതലേ ശരത്തേട്ടന് തന്നോട് ഒരു ഇഷ്ടമുണ്ട്.. പക്ഷെ താൻ അത് ഒരിക്കൽ പോലും അറിഞ്ഞതായി ഭാവിച്ചിട്ടില്ല.. എന്തോ ശരത്തേട്ടനെ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല.. എല്ലാവരും വിവാഹം ആലോചിച്ചപ്പോഴേ മനസ്സിൽ ഒരു വീർപ്പുമുട്ടലായിരുന്നു..വല്ലപ്പോഴുമെങ്കിലും തന്റെ കാര്യങ്ങളിൽ ശരത്തേട്ടൻ അധികാരം കാണിക്കുമ്പോൾ വല്ലാത്തൊരു ദേഷ്യം വരാറുണ്ടായിരുന്നു..
മുത്തശ്ശിയോട് പറയുമ്പോഴൊക്കെ അവൻ നിന്നെ കല്യാണം കഴിക്കാൻ പോവുന്നവനാ.. ഇഷ്ടമൊക്കെ കല്യാണം കഴിഞ്ഞാൽ താനേയങ്ങു വന്നോളുമെന്ന മറുപടി ആണ് കിട്ടുക.. മുത്തശ്ശൻ പ്രത്യേകിച്ചു അഭിപ്രായം ഒന്നും പറഞ്ഞിട്ടില്ലായിരുന്നു.. ശരത്തേട്ടന്റെ അമ്മ വരുമ്പോഴൊക്കെ മരുമകളാവാൻ പോവുന്നവളോടുള്ള ഇഷ്ടവും സ്നേഹവുമൊക്കെ കാണിക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു ഭാരം പോലെ തോന്നിയിരുന്നു..
താൻ ചതിച്ചുവെന്ന് കരുതുന്നുണ്ടാവും.. വാക്കുകളിലൂടെയോ പ്രവൃത്തിയിലൂടെയോ ഒരു വാക്ക് കൊണ്ടോ നോക്കു കൊണ്ടോ പ്രതീക്ഷ നൽകിയിട്ടോ മോഹിപ്പിച്ചിട്ടോ ഇല്ല.. ശരത്തേട്ടനുമായി മനസ്സ് തുറന്നൊന്നു സംസാരിക്കണമെന്ന് കരുതിയിരുന്നു..ശരത്തേട്ടന് മനസ്സിലാവും..
“താര, ഹൗ ആർ യൂ ഫീലിംഗ് നൗ..? ”
ജെയിംസിനെ ശ്രെദ്ധിക്കാതെ ശരത് താരയോട് ചോദിച്ചു..
“എനിക്ക് ഇപ്പോൾ കുഴപ്പമൊന്നും ഇല്ല ശരത്തേട്ടാ.. ഇടയ്ക്ക് നല്ല തലവേദന ഉണ്ട്.. ”
“ഉം അത് ഉണ്ടാകും.. മെല്ലെ മെല്ലെ മാറിക്കോളും.. നല്ല പോലെ വെള്ളം കുടിക്കണം.. പിന്നെ.. ”
ജെയിംസിനെ നോക്കി കൊണ്ടാണ് ശരത് തുടർന്നത്..
“നല്ല റസ്റ്റ് വേണം.. അറിയാലോ.. തലയ്ക്കാണ് പരിക്ക്…താരയ്ക്ക് ഞാൻ ഒന്നും പ്രത്യേകം പറഞ്ഞു തരണ്ടല്ലോ.. ”
“എനിക്കറിയാം ശരത്തേട്ടാ.. ”
“മിസ്റ്റർ ജെയിംസ് എന്തു ചെയ്യുന്നു..? ”
“ഞാൻ ലോറി ഡ്രൈവറാണ് ഡോക്ടർ .. ”
അന്തം വിട്ടു നോക്കുന്ന ശരത്തിന്റെ മുഖത്തേക്ക് നോക്കി ജെയിംസ് ചിരിച്ചു..
“അതേ ശരത്തെ, എൽ എൽ ബി ക്കാരനായ ലോറി ഡ്രൈവർ.. ”
ഭാമ പറഞ്ഞത് കേട്ട് ശരത് അവളെ നോക്കി..
“അതേടോ എന്റെ ബാച്ച് മേറ്റ് ആണ് ജെയിംസ്.. എന്ന് വെച്ചു എനിക്ക് ഈ അലവലാതിയുടെ അത്രേം പ്രായമൊന്നും ഇല്ല്യാട്ടോ.. ”
ഭാമ ശരത്തിനെ നോക്കി കണ്ണിറുക്കി.. ജെയിംസ് പൊട്ടിച്ചിരിച്ചു..
ശരത് തെല്ലത്ഭുതത്തോടെ ഭാമയെ നോക്കി..
“ഭാമേച്ചിയുടെ കൂടെ പഠിച്ചയാളാണോ.. അപ്പോൾ..? ”
“ശരിയാ ഡോക്ടറെ. പക്ഷെ ഞാൻ അവളെക്കാളും സീനിയറാണ്.. നിങ്ങടെ കൊച്ചിന് ന്യൂ ജെൻ പയ്യന്മാരെ ഒന്നും വേണ്ടത്രേ.. എന്നാ പറയാനാ..ഞാൻ പെട്ടു.. ”
ജെയിംസ് കള്ളച്ചിരിയോടെ താരയെ നോക്കി.. കണ്ണുകൾ തമ്മിൽ കൊരുത്തു.. താരയുടെ കണ്ണുകളിൽ നിറഞ്ഞ പ്രണയം ശരത്തിന് കാണാമായിരുന്നു.. ഒരിക്കൽ പോലും അവളിൽ നിന്നും തന്നിലേക്ക് അങ്ങനെ ഒരു നോട്ടം എത്തിയിട്ടില്ലെന്ന് ശരത് ഓർത്തു.. എല്ലായ്‌പ്പോഴും ഒഴിഞ്ഞു മാറാനേ ശ്രെമിച്ചിട്ടുള്ളൂ..
അവരെ നോക്കി നിന്നപ്പോൾ പതിയെ ശരത്തിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി എത്തി..
നമ്മൾ എത്രയൊക്കെ ആഗ്രഹിച്ചാലും ചേരേണ്ടവർ തമ്മിലെ ചേരുകയുള്ളൂ..
വാതിൽ ചാരി പുറത്തേക്ക് നടക്കുന്നതിനിടെ ശരത് ഓർത്തു..
കോറിഡോറിലൂടെ നടക്കുമ്പോൾ ഡോക്ടർ ദയ എതിരെ വന്നു.. ശരത്തിനെ നോക്കി നേർത്ത ചിരി നൽകി അവൾ തലകുനിച്ചു നടന്നകലുമ്പോൾ അവൻ ഓർക്കുകയായിരുന്നു..
നേരിട്ടും അല്ലാതെയും ഇഷ്ടം പറഞ്ഞു പുറകെ നടന്നപ്പോഴൊക്കെ അവളെ അവഗണിച്ചിട്ടേയുള്ളൂ.. ഒരു ദാക്ഷിണ്യവും കാണിക്കാതെ മനസ്സിൽ മറ്റൊരാളുണ്ടെന്ന് പറഞ്ഞിട്ടുണ്ട്.. താരയോടൊപ്പം നടക്കുമ്പോഴൊക്കെ തന്റെ നേർക്കു നീളുന്ന കണ്ണുകളെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.. വേദനയോടെ പിൻവാങ്ങിയ ദയ പിന്നീടൊരിക്കലും മുൻപിൽ വന്നു നിന്നിട്ടില്ല.. ഒരു പുഞ്ചിരിയ്ക്കുള്ളിൽ ഒതുക്കിയ പരിചയഭാവം… അത്രയേയുള്ളൂ..
ചിലപ്പോഴൊക്കെ കണ്ടില്ലെന്ന് നടിക്കുന്ന, അവഗണന മാത്രം നല്കിയവരാണ് ചില നിമിഷങ്ങളിൽ അത്രയേറെ പ്രിയ്യപ്പെട്ടവരായി കൂടെയുണ്ടാവുന്നത്.. ചേർത്ത് പിടിക്കുന്നത്..
“എന്നാത്തിനാടി കൊച്ചേ നീ എന്റെ പിറകെ വന്നത്.. നിനക്ക് ആ ഡോക്ടറുടെ കൂടെ കൂടിയേച്ചാൽ പോരായിരുന്നോ..? ”
കഞ്ഞി കോരിക്കൊടുക്കുന്നതിനിടെ ജെയിംസ് പതിയെ ചോദിച്ചു..
താര കൂർപ്പിച്ചൊന്ന് നോക്കിയതും ജെയിംസ് ഒരു കള്ളച്ചിരി ചുണ്ടിൽ ഒളിപ്പിച്ചു..
ആ നിമിഷം കെട്ടിപിടിച്ചോരു മുത്തം കൊടുക്കാൻ തോന്നിപ്പോയി താരയ്ക്ക്.. അത്രയ്ക്കും ക്യൂട്ട് ആയിരുന്നു ആൾ.. പിന്നെ ആരോഗ്യസ്ഥിതിയും സാഹചര്യവും കണക്കിലെടുത്തും അപ്പുറത്ത് നിൽക്കുന്നയാളുടെ സ്വഭാവം പ്രെഡിക്ട് ചെയ്യാൻ ദൈവം തമ്പുരാന് പോലും പറ്റാത്തത് കൊണ്ടും വേണ്ടാന്ന് വെച്ച്…
തന്നെ നോക്കിയിരിക്കുന്ന താരയെ നോക്കി ജെയിംസ് പുരികമുയർത്തി എന്താ എന്ന് ചോദിച്ചതും ചമ്മിയ ചിരിയോടെ അവൾ ഒന്നുമില്ലെന്ന് ചുമൽ ഇളക്കികാണിച്ചു മിഴികൾ താഴ്ത്തി.. ഇച്ചായന്റെ പതിഞ്ഞ ചിരി കാതിൽ എത്തിയതും അവളുടെ മുഖം തുടുത്തു..
എന്തേ തനിക്കിപ്പോൾ ഇങ്ങിനെ എന്നാലോചിക്കുകയായിരുന്നു.. ആരോടും എന്തും സംസാരിക്കുന്ന താൻ ഇച്ചായന്റെ മുൻപിൽ ഇങ്ങനെ പതറിപ്പോവുന്നു.. ആ കുസൃതി ഒളിപ്പിച്ച ആ കണ്ണുകളെ നേരിടാൻ ആവുന്നില്ല..
മുൻപ് ആരെയും പേടിപ്പെടുത്തുന്ന ആ വെട്ട് പോത്തിന്റെ മുൻപിൽ ഒരു പേടിയുമില്ലാതെ വായിൽ വരുന്നതൊക്കെ വിളിച്ചു പറഞ്ഞിട്ടുണ്ട്.. പക്ഷെ ഇപ്പോൾ..
“എന്നതാ കൊച്ചേ ഇത്ര മാത്രം ചിരിക്കാൻ.. എന്നോടും കൂടെ പറഞ്ഞേ.. ”
“ചുമ്മാ.. ”
താര പതിയെ മിഴികൾ അടച്ചു കാണിച്ചു..
“വട്ട് ഡോക്ടറെ ഏതേലും നല്ലൊരു സൈക്യാട്രിസ്റ്റിനെ കാണിക്കേണ്ടി വരുമോ പെണ്ണെ..? ”
“വട്ട് ആയിട്ടുണ്ടേൽ അത് നിങ്ങളോടുള്ള പ്രണയം കാരണമാവും.. ”
“അത്രയും ഇഷ്ടമുണ്ടോ കൊച്ചിന് എന്നോട്..? ”
ചിരിയുടെ അരികു തുന്നിയ ചോദ്യം കേട്ടതും താരയുടെ ചുണ്ടിലും ഒരു പുഞ്ചിരി തെളിഞ്ഞു…
“അങ്ങനെയിപ്പം അറിയണ്ട.. ”
“ചുമ്മാ പറയൂന്നേ.. അറിയാലോ..? ”
“എന്നാ എന്നെ എത്ര ഇഷ്ടമുണ്ടെന്ന് പറയ്.. ”
ജെയിംസ് ഒരു നിമിഷം മിണ്ടാതെ അവളെ തന്നെ നോക്കി നിന്നു.. പിന്നെ മെല്ലെ പറഞ്ഞു..
“അറിയില്ലെടോ.. പക്ഷേ അന്ന് ആക്‌സിഡന്റ് പറ്റി തനിക്കെന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ജെയിംസ് പിന്നെ ഉണ്ടാവില്ലായിരുന്നു.. ”
“അത് എന്നെ സംരക്ഷിക്കാൻ കഴിയാത്ത കുറ്റബോധം കൊണ്ടല്ലേ..? ”
“അല്ല.. ”
“പിന്നെ..? ”
“ഒരാൾ നമ്മുടെ ജീവിതത്തിൽ നിന്നും ഇറങ്ങി പോവുകയാണെന്ന് അറിയുമ്പോൾ മാത്രമുണ്ടാവുന്ന ഒരു തിരിച്ചറിവുണ്ട്.. പക്ഷേ തനിക്ക് തരാൻ എന്റെ കൈയിൽ ഒന്നുമില്ലെടോ.. ”
“ഈ സ്നേഹമല്ലാതെ എനിക്ക് ഒന്നും വേണ്ട..അതെനിക്ക് വേണം.. ഒട്ടും കുറയാതെ.. എനിക്ക് മാത്രമായി.. ”
ജെയിംസ് അവളുടെ വലം കൈയിൽ പിടിച്ചു..
“അതേയ് ഇവിടെ വേറെ ചിലരും കൂടെയുണ്ടെന്ന് വല്ലപ്പോഴും യുവമിഥുനങ്ങൾ ഒന്നോർക്കണം ട്ടോ.. ”
അടുത്ത ബെഡിൽ നിന്നും ഭാമ ചിരിയോടെ പറഞ്ഞത് കേട്ട് താര കൈ വലിക്കാൻ ശ്രെമിച്ചെങ്കിലും ജെയിംസ് വിട്ടില്ല..
“നീ ചുമ്മാ ഇടം കണ്ണിട്ട് ഇങ്ങോട്ട് നോക്കുന്നത് എന്നാത്തിനാടി..? ”
ജെയിംസ് ചോദിച്ചതും എല്ലാവരും ചിരിച്ചു..
രാത്രി ഭാമയും മീനയും ഉറങ്ങി കഴിഞ്ഞിട്ടും താര മൊബൈലിൽ നോക്കി കട്ടിലിൽ ചാരി ഇരികുകയായിരുന്നു.. ഫോണിൽ എന്തോ സംസാരിച്ചു കഴിഞ്ഞു പുറത്തു നിന്ന് റൂമിലേക്ക് കയറി വന്ന ജെയിംസ് താരയെ നോക്കി പേടിപ്പിച്ചു.. ഫോൺ താഴെ വെച്ചു അവൾ നിഷ്കളങ്കമായി ഒന്ന് ചിരിച്ചു കാണിച്ചു..
“നീ കിടക്കുന്നത് കണ്ടു നിന്നോട് ഉറങ്ങാൻ പറഞ്ഞേച്ചെല്ലെടി ഞാൻ പുറത്തേക്ക് പോയത്.. പിന്നെ എന്നാത്തിനാടി കോപ്പേ മൊബൈലിൽ കുത്തിക്കളിക്കുന്നത്..? ”
“അത്.. ഞാൻ ഉറക്കം വരാഞ്ഞിട്ട്.. ”
താരയുടെ മുഖത്തേക്ക് നോക്കിയതും ജയിംസിന്റെ മുഖത്ത് സൗമ്യത നിറഞ്ഞു..
“വേദനിക്കുന്നുണ്ടോ കൊച്ചേ ..? ”
“ഇല്ല ഇച്ചായാ.. ഞാൻ വെറുതെ.. ഇച്ചായൻ കിടന്നോ.. ”
“എന്നാൽ നീയും ഉറങ്ങിക്കേ .. ”
“ഞാൻ കിടന്നോളാം.. ”
താര വീണ്ടും മൊബൈൽ എടുത്തതും ഒരു അലറൽ ആയിരുന്നു..
“കിടക്കാനല്ലെടി പുല്ലേ പറഞ്ഞത്.. ”
താര മൊബൈൽ താഴെ വെച്ചതും കിടന്നതും ഒരുമിച്ചായിരുന്നു..
“ഇങ്ങനെ ഒരു കാട്ടുമാക്കാൻ… ഹോസ്പിറ്റൽ മുഴുവനും കേട്ടു കാണും.. ”
“എന്നാടി പിറുപിറുക്കുന്നെ..? ”
“ഒന്നുമില്ല.. ഞാൻ ഉറങ്ങി.. ”
“ശരിക്കും..? ”
താര ഞെട്ടലോടെ കണ്ണുകൾ തുറന്നതും ഒരു നിശ്വാസത്തിനകലെ ആ മുഖം ഉണ്ടായിരുന്നു. ആ ചിരിയും..
മെല്ലെ താരയുടെ നെറ്റിയിലെ ബാൻഡേജിനു താഴെ ആ ചുണ്ടുകൾ ചേർന്നപ്പോൾ അവളൊന്ന് വിറച്ചു..
മെല്ലെ അവളുടെ മുടിയിഴകളിൽ തഴുകി കൊണ്ടാണ് കാതോരം പറഞ്ഞത്.
“ഇനി ഇച്ചായന്റെ കൊച്ചു ഉറങ്ങിക്കോ… ഗുഡ് നൈറ്റ്.. ”
“ഗുഡ് നൈറ്റ്.. ”
താര കണ്ണുകൾ ഇറുകെ അടച്ചു കൊണ്ടു പറഞ്ഞതും വീണ്ടും ആ പതിഞ്ഞ ചിരി ചെവികളിലെത്തി..
കുറച്ചേറെ കഴിഞ്ഞു താര ഉറങ്ങിയിട്ടും അവൾക്കരികെ കസേരയിൽ ഇരിക്കുകയായിരുന്നു ജെയിംസ്.. ഇടയ്ക്കിടെ നോട്ടം താരയുടെ മുഖത്തേക്ക് എത്തുന്നുണ്ടായിരുന്നു.. എന്തിനെന്നറിയാതെ നെഞ്ചിൽ ഒരു കല്ലെടുത്തു വെച്ചത് പോലെ തോന്നുന്നുണ്ടായിരുന്നു അയാൾക്ക്..
താരയെ കൂടുതൽ അറിയുന്തോറും പേടിയേറി വരികയാണ് മനസ്സിൽ.. ഇത് വരെ കണ്ടിട്ടുള്ളത് പോലൊരു പെണ്ണല്ല താര..
സൗന്ദര്യത്തിൽ നാൻസിയുടെ അടുത്ത് പോലും വരില്ല.. പക്ഷെ അവളോടൊപ്പം മംഗലത്ത് എത്തിയതിൽ പിന്നെ പഴയ ഓർമ്മകളൊന്നും വേദനിപ്പിച്ചിട്ടില്ല..
പക്ഷേ ഇത്രയൊക്കെ സ്നേഹിക്കപ്പെടാനുള്ള അർഹത തനിക്കുണ്ടോ എന്ന സംശയം തീരുന്നില്ല..
പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം താരയുടെ ബെഡിനരികെയുള്ള കസേരയിൽ ഇരിക്കുമ്പോഴാണ് പെട്ടെന്നൊരാൾ മുറിയിലേക്ക് വന്നത്.. മുത്തു..
“ചേച്ചി.. ഇതെന്ത് പറ്റിയതാ..? ”
ആരെയും ശ്രെദ്ധിക്കാതെ നേരേ താരയ്ക്ക് അരികിലേയ്ക്കാണവൻ എത്തിയത്..
“ഇച്ചായനല്ലേ പറഞ്ഞത് കാര്യായിട്ട് ഒന്നും പറ്റിയില്ലെന്ന്.. എന്നിട്ട്..? ”
മുത്തു താരയുടെ തലയിലെയും കൈയിലെയുമൊക്കെ കെട്ടുകളിലേക്ക് നോക്കി ജെയിംസിനെ കുറ്റപ്പെടുത്തി..
“ഓ പിന്നെ.. നീ ഓടിപിടിച്ചിങ്ങു വന്നിട്ട് അവളുടെ വേദന ഒക്കെ അങ്ങ് ഇല്ലാതെ ആവോ ചെറുക്കാ.. ”
ജയിംസിന്റെ മറുപടി കേട്ടതും അവൻ മുഖം കൂർപ്പിച്ചു അയാളെ നോക്കി.. താരയോടായി ചോദിച്ചു..
“എങ്ങനെ സഹിക്കുന്നു…? ”
“എന്നാ ചെയ്യാനാടാ.. പെട്ടുപോയി.. ”
താര ജയിംസിന്റെ ശബ്ദം അനുകരിച്ചു പറഞ്ഞതും മുത്തു ചിരിച്ചു പോയി.. ജെയിംസും..
“രണ്ടും കൂടെ എനിക്കിട്ട് ഒണ്ടാക്കുവാണല്ലേ.. വെച്ചിട്ടുണ്ട്.. ”
അപ്പോഴാണ് തന്നെ കൗതുകത്തോടെ നോക്കുന്നവരെ മുത്തു കണ്ടത്..
“എന്റെ ഫ്രണ്ട് ആണ്. മുത്തു.. ”
ജെയിംസ് ഭാമയോടായി പറഞ്ഞൂ..
“മുത്തു അതാണ് ഭാമേച്ചി.. മറ്റേത് എന്റെ ചെറിയമ്മ.. മീന.. ”
താര പറഞ്ഞപ്പോൾ മുത്തു രണ്ടു പേരെയും നോക്കി ചിരിച്ചു.. താര പതിയെ മുത്തുവിന് കേൾക്കാൻ പാകത്തിൽ പറഞ്ഞു..
“അതേയ് ഭാമേച്ചി മ്മടെ വെട്ട് പോത്തിന്റെ ക്ലാസ്സ് മേറ്റ് ആണ്.. ”
മുത്തു ആശ്ചര്യത്തോടെ ഭാമയെ നോക്കി..
താര നിവർന്നു ഇരിക്കാൻ നോക്കിയതും കൈ കട്ടിലിന്റെ ക്രാസിയിൽ ചെറുതായൊന്നു തട്ടി..
“ആ.. ”
താരയുടെ വേദനയോടെയുള്ള ശബ്ദം കേട്ടതും ഇച്ചായൻ അരികെ എത്തിയിരുന്നു.
“എന്നാ പറ്റി കൊച്ചേ..? ”
“അത് നേരേ ഇരുന്നപ്പോൾ കൈ ചെറുതായൊന്നു തട്ടി.. ”
“നല്ല വേദനയുണ്ടോ .. ഡോക്ടറിനോട് പറയണോ..? ”
“അത്രയൊന്നും ഇല്ല ഇച്ചായാ.. ചെറുതായി ഒന്നു തട്ടിയതേയുള്ളൂ.. ”
“നിനക്കെന്നാടി എന്നോട് പറഞ്ഞാൽ.. ഞാൻ നേരേ ഇരുത്തി തരത്തില്ലെ.. ഇപ്പോൾ കൈയും കുത്തി വേദനിച്ചപ്പോൾ സമാധാനം ആയില്ല്യോ ”
ജെയിംസ് അവളെ ചുമലിൽ ചേർത്ത് നേരേ ഇരുത്തുന്നത് കണ്ടു മുത്തു വായും പൊളിച്ചു നിന്നു..
“എന്നാടാ വായും തൊറന്ന് നിൽക്കുന്നെ..? ”
ജെയിംസ് ചോദിച്ചതും മുത്തു ഒന്നുമില്ലെന്ന് തലയാട്ടി.. ജയിംസിന്റെ പ്രകടനങ്ങളൊക്കെ കണ്ടു പറന്നു പോയ കിളികൾ വിദൂരതയിൽ മറഞ്ഞിരുന്നു..
“എന്നാ വാ.. നമുക്ക് ഫുഡ് കഴിച്ചേച്ചും വരാം.. ”
ജെയിംസ് മുത്തുവിനെ വിളിച്ചു..
ജെയിംസ് കാണാതെ മുത്തു ചോദ്യഭാവത്തിൽ താരയെ നോക്കി.. അവൾ ചിരിയോടെ മിഴികൾ അടച്ചു കാണിച്ചു. മുത്തുവിന്റെ ചുണ്ടിലെത്തിയ ചിരിയിൽ സന്തോഷമായിരുന്നു..
താരയുടെ ബെഡിന്റെ സൈഡിൽ വെച്ച മൊബൈൽ എടുക്കാനായി ജെയിംസ് തല താഴ്ത്തിയപ്പോഴാണ് താര കാതോരം ആ പതിഞ്ഞ ശബ്ദം കേട്ടത്..
“ഞാൻ വെട്ടു പോത്താണ്.. അല്ലേടി.. ശരിയാക്കി തരാം.. പണി പുറകെ വരുന്നുണ്ട് അവറാച്ചോ.. ”
താരയെ ഒന്നുഴിഞ്ഞു നോക്കി കൊണ്ടു ജെയിംസ് മുത്തുവിനോടൊപ്പം പുറത്തേക്ക് നടന്നു.. വാതിൽക്കൽ എത്തിയപ്പോൾ തല ചെരിച്ചൊന്ന് നോക്കിയിരുന്നു.. അപ്പോഴും ചുണ്ടിൽ ആ ചിരി ഉണ്ടായിരുന്നു..
“എടാ ഞാൻ പറഞ്ഞ ഡീറ്റെയിൽസ് ഒക്കെ കിട്ടിയോ..? ”
ക്യാന്റീനിലേക്ക് നടക്കുന്നതിനിടെ ജെയിംസ് മുത്തുവിനോട് ചോദിച്ചു..
“ഇച്ചായൻ പറഞ്ഞ കാര്യങ്ങളൊക്കെ ഞാൻ അന്വേഷിച്ചു..പക്ഷെ ഇതൊക്കെ എന്തിനാ.. ”
“താരയുടെ പിറകെ ഇപ്പോഴും ആരോ ഉണ്ട്.. അവളുടെ ജീവനെടുക്കാൻ.. അവളെ പറ്റിയുള്ള ആർക്കും അറിയാത്ത ആ കാര്യം താരയുടെ മുത്തശ്ശന്റെ നാവിൽ നിന്നും കേട്ടപ്പോൾ തുടങ്ങിയതാണ് എന്റെ സംശയങ്ങൾ.. അതിനൊരു വ്യക്തത വേണം.. നീ പറയ്.. ”
മുത്തു താനറിഞ്ഞ കാര്യങ്ങൾ പറയാൻ തുടങ്ങുമ്പോൾ ജയിംസിന്റെ കണ്ണുകൾ ഒന്ന് കുറുകി..
തിരികെ വരുമ്പോൾ ലിഫ്റ്റിൽ വെച്ചാണ് ജഗന്നാഥവർമ്മയെ കണ്ടത്..
മുത്തുവിനെ പരിചയപ്പെടുത്തി, കിട്ടിയ ഡീറ്റെയിൽസ് പങ്കു വെച്ചപ്പോൾ അദ്ദേഹത്തിന്റെ മുഖത്തും അത്ഭുതവും ആശ്ചര്യവുമൊക്കെ മാറി മറിയുന്നത് ജെയിംസ് കണ്ടു..
“പക്ഷെ കിട്ടിയ വിവരങ്ങളൊക്കെ ചേർത്ത് വെച്ച് നോക്കുമ്പോൾ എന്റെ സംശയം ഇതാണ്.. നമ്മളുടെ ഊഹം ശരിയാണെങ്കിൽ പിന്നെയും എന്തിനാണ് അവളെ ഇങ്ങനെ..? ഈ സാഹചര്യത്തിലും..? ”
വർമ്മയ്ക്കും ഉത്തരം ഒന്നും ഉണ്ടായിരുന്നില്ല..
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
സൂര്യകാന്തിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission