Skip to content

ആരോ ഒരാൾ – 2

aaro oral by sooryakanthi aksharathalukal novel

“നല്ല പനിയുണ്ടല്ലോ.. ഇതിനെ ഇനിയിപ്പോ എന്നാടാ ചെയ്യുന്നേ..? ”

മുത്തു ഒന്നും പറയാതെ താരയെ നോക്കി.

“വല്ല ആശുപത്രിയിലും കൊണ്ടു പോവാന്ന് വെച്ചാൽ ഇവളുടെ കോലം കണ്ടാൽ അവര് പോലീസിൽ അറിയിക്കും.. പിന്നെ അതിന്റെ പിറകെ തൂങ്ങേണ്ടി വരും.. ഓരോരോ മാരണങ്ങൾ… നിന്നെ പറഞ്ഞാൽ മതിയല്ലോ.. ”

“ആ അവസ്ഥയിൽ റോഡിൽ കണ്ടപ്പോൾ എനിക്കെന്റെ പെങ്ങന്മാരെ ഓർമ്മ വന്നു.. ഇച്ചായൻ ഇവരുടെ സ്ഥാനത്തു ആനി മോളെ ഒന്നോർത്തു നോക്കിയേ.. ”

“ടാ.. ”

ജെയിംസ് അവനെ രൂക്ഷമായി ഒന്ന് നോക്കി.

” ഇത് തന്നെയാ ഞാൻ പറഞ്ഞത്.. ഇച്ചായാ, നമുക്ക് ആ മൂപ്പനെ ഒന്ന് വിളിച്ചു നോക്കിയാലോ..? അയാൾക്ക് അറിയാത്ത പച്ചമരുന്നുകളില്ലെന്നാ കാളി പറഞ്ഞത്.. ”

ജെയിംസ് താടി തടവികൊണ്ടു ആലോചിച്ചു.

“പക്ഷെ..അവിടെയും ഒരു പ്രശ്നമുണ്ട്.. ഇത് ആരാന്ന് പറയും..? നേരായ കാര്യം ആണെന്ന് തോന്നിയാലെ അവര് സഹായിക്കത്തുള്ളൂ.. ”

“ഒരു കാര്യം ചെയ്യാം നിന്റെ കെട്ട്യോളാണെന്ന് പറയാം.. ”

“ഇച്ചായാ.. അത്‌ എന്റെ അമ്മായിഅപ്പനോട് തന്നെ പറയണം അല്ലേ… ”

മുത്തു ജെയിംസിനെ ദയനീയമായി നോക്കി..

“ഇച്ചായാ… ”

മുത്തു പതിയെ വിളിച്ചു.

“എന്നാടാ… ”

തെല്ല് വിട്ടു നിന്നിട്ടാണ് മുത്തു പറഞ്ഞത്.

“അത്‌.. അത്.. ചേച്ചി ഇച്ചായന്റെ ഭാര്യയാണെന്ന് പറഞ്ഞാലോ…? ”

ജെയിംസിന്റെ നോട്ടം കണ്ടു അവനൊന്നു കൂടെ പുറകോട്ട് നീങ്ങി..

“എന്തെങ്കിലും ചെയ്യേണ്ടേ ഇച്ചായാ..? അതാ ഞാൻ.. ”

ജെയിംസ് ഒന്നും മിണ്ടിയില്ല.. പിന്നെ പറഞ്ഞു.

“അതിപ്പോൾ ചുമ്മാ പറഞ്ഞാലൊന്നും അവര് വിശ്വസിക്കത്തില്ലെടാ കൂവ്വെ.. ”

“അതിനൊരു വഴിയുണ്ട്… ”

മുത്തു ഉത്സാഹത്തോടെ മേശക്കരികിലേക്ക് നടന്നു. അത്‌ തുറന്നു ഒരു ചെറിയ ഒരു ബോക്സ്‌ കൈയിലെടുത്തു അതിൽ നിന്നും എന്തോ എടുത്തു ജയിംസിന്റെ അരികിലെത്തി.

“ഇച്ചായൻ ഇതങ്ങു കെട്ടിയേ .. ഇത് കണ്ടാൽ പിന്നെ ആരും ഒന്നും സംശയിക്കത്തില്ല… ”

ജെയിംസ് മുത്തുവിന്റെ കൈയിലെ മഞ്ഞ ചരടിൽ കോർത്ത താലിയിലേക്കും അവന്റെ മുഖത്തേക്കും നോക്കി വായ തുറന്നു നിന്നു പോയി.

“നിനക്കെന്നാടാ പ്രാന്തു പിടിച്ചോ..? ”

“അത്‌.. കാളിയെ എനിക്ക് മറക്കാൻ പറ്റൂല ഇച്ചായാ.. എന്തായാലും അവളുടെ അപ്പൻ അവളെ എനിക്ക് തരത്തില്ല. അവരുടെ കൂട്ടത്തിൽ ആരെയെങ്കിലും കൊണ്ടു കെട്ടിപ്പിക്കും. അതിനൊരു മുൻകരുതൽ ആയി വാങ്ങി വെച്ചതാ ഇച്ചായാ..ഇച്ചായനോട് പറഞ്ഞാൽ സമ്മതിക്കൂലന്നറിയാം അതാ പറയാഞ്ഞേ.. ”

“അതിന് നീ ഇപ്പോൾ ഇതും പൊക്കി പിടിച്ചോണ്ട് വരുന്നത് എന്നാത്തിനാടാ…? ”

“അത്‌.. ഇച്ചായാ തല്ക്കാലം ഇത് ആ ചേച്ചീടെ കഴുത്തിൽ കെട്ട്. ഞാൻ കുടിയിൽ ചെന്നു മൂപ്പനോട് പറയാം, ഇച്ചായന്റെ ഭാര്യയാണെന്ന്.. ഈ താലി കാണുമ്പോൾ പിന്നെ അവര് വേറെ ചോദ്യമൊന്നും ചോദിക്കത്തില്ല.. വരുന്നതിനിടെ വഴി തെറ്റിയതാണെന്ന് പറയാം.. ”

“എടാ, ഇത് നീ പറയണ പോലെ അത്ര നിസ്സാര കാര്യമൊന്നുമല്ല.. ആരാ ഏതാ എന്നൊന്നും അറിയത്തില്ല.. ആ കൊച്ചാണേൽ ബോധം കെട്ട് കിടക്കുന്നു.. ”

“എന്റിച്ചായാ ഇത് അത്ര വല്യ സംഭവം ഒന്നുമല്ല.. അല്ലാതെ വേറെ വഴിയില്ല.. നമുക്ക് പിന്നെ അതങ്ങ് അഴിച്ചെടുക്കാം.. ആ ചേച്ചിയോട് ഞാൻ പറഞ്ഞോളാം.. ”

മുത്തു വീണ്ടും താലി ചരട് ജെയിംസിനു നേരേ നീട്ടി. മുത്തുവിനെ ദേഷ്യത്തോടെ നോക്കി കൊണ്ടു ജെയിംസ് അത്‌ തട്ടിപ്പറിച്ചു.അയാൾ താരയുടെ കട്ടിലിനടുത്തേക്ക് നടക്കുന്നത് കണ്ടതും മുത്തു ധൃതിയിൽ പുറത്തേക്കോടി..

മൂപ്പനെ കണ്ടു കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി മുത്തു കൂട്ടികൊണ്ടു വരുമ്പോൾ മുറ്റത്തു നിന്നു സിഗരറ്റ് പുകയ്ക്കുകയായിരുന്നു ജെയിംസ്. അയാളുടെ കൂർത്ത നോട്ടം കണ്ടില്ലെന്ന് നടിച്ചു മുത്തു വന്നവരെയും കൂട്ടി അകത്തേക്ക് നടന്നു. മൂപ്പനെയും കാളിയെയും കൂടാതെ മറ്റൊരു സ്ത്രീ കൂടെ അവരോടൊപ്പം ഉണ്ടായിരുന്നു..

ഉള്ളിലേക്ക് കയറിയതും മുത്തു ഒന്ന് ഞെട്ടി. കട്ടിലിൽ തലയണ ചാരി വെച്ചു ഇരിക്കുകയായിരുന്നു താര.അവരെ കണ്ടതും അവൾ കണ്ണുകൾ തുടച്ചു. കരയുകയായിരുന്നു എന്ന് മുത്തുവിന് മനസ്സിലായി.

കട്ടിലിനു താഴെ ഒരു പാത്രം വീണു കിടപ്പുണ്ടായിരുന്നു. അതിൽ നിന്നും ഒഴുകി പരന്ന വെള്ളം നിലത്താകെ ഉണ്ടായിരുന്നു.

എങ്കിലും ആ കഴുത്തിൽ കണ്ട മഞ്ഞ ചരടിൽ കോർത്ത താലി അവനിൽ ആശ്വാസം പരത്തി..

ജെയിംസിന്റെ ഭാര്യയാണെന്നും വഴി തെറ്റി കാട്ടിൽ അകപ്പെട്ടു പോയെന്നും മുത്തു ആവർത്തിച്ചപ്പോൾ താര അതിനെ എതിർത്തില്ല..

മൂപ്പൻ താരയുടെ നെറ്റിയിൽ കൈ വെച്ചു നോക്കുകയും കണ്ണുകൾ പിടിച്ചു നോക്കുകയുമൊക്കെ ചെയ്തു. വലത് കാൽപ്പാദത്തിൽ ചെറുതായി വലിച്ചപ്പോൾ തന്നെ താര വേദനയോടെ ശബ്ദമുണ്ടാക്കി..

പൊട്ടലൊന്നും ഇല്ലെന്നും നീര് വലിയാൻ പച്ചമരുന്ന് അരച്ചിട്ടാൽ മതിയെന്നും മൂപ്പൻ പറഞ്ഞു. മൂപ്പൻ കൊണ്ടു വന്ന മരുന്ന് താരയ്ക്ക് കൊടുത്തു. മുത്തു കൈയും കാലും പിടിച്ചു കാളിയെ അവിടെ താരയ്ക്ക് സഹായമായി നിർത്താനുള്ള സമ്മതം വാങ്ങിച്ചെടുത്തു. സന്ധ്യയ്ക്ക് മുൻപേ കുടിയിൽ തിരിച്ചെത്തണമെന്ന കരാറിൽ കാളിയെ അവിടെ നിർത്തി അയാളും ചോതിയമ്മയും തിരികെ പോയി.കാലിൽ പുരട്ടാനുള്ള മരുന്ന് കൊടുത്തു വിടാമെന്ന് മൂപ്പൻ പറഞ്ഞിരുന്നു.

അവർ പോയതും താര കഴുത്തിലെ ചരടിൽ പിടിച്ചു.

“മുത്തൂ എന്താ ഇതിന്റെയൊക്കെ അർത്ഥം..?”

“അത്‌.. ചേച്ചി.. രാവിലെ വിളിച്ചപ്പോൾ ചേച്ചി എണീറ്റില്ല..നല്ല പനിയും..ആശുപത്രിയിൽ കൊണ്ടു പോയാൽ ചോദ്യവും പറച്ചിലുമൊക്കെ ആവും..അതുകൊണ്ട് മൂപ്പനെ വിളിക്കാന്നു വെച്ചു. പക്ഷെ അവരോട് ചേച്ചി ഇച്ചായന്റെ ഭാര്യയാണെന്ന് പറയേണ്ടി വരും.. എന്നാലേ അവര് വരൂ.. അതുകൊണ്ട് ഒരു തെളിവിനു വേണ്ടി… ”

“ഇതെന്താ, കുട്ടിക്കളി ആണെന്ന് വിചാരിച്ചോ.. അതും ബോധമില്ലാതെ കിടക്കുന്ന ഒരു പെണ്ണിന്റെ കഴുത്തിൽ അവളുടെ സമ്മതം പോലുമില്ലാതെ താലി കെട്ടാൻ.. അതും അയാളെ പോലൊരു തെമ്മാടി… ”

ക്ഷീണിച്ച ശബ്ദമെങ്കിലും താരയുടെ വാക്കുകളിൽ ജെയിംസിനോടുള്ള ദേഷ്യം നിറഞ്ഞു നിന്നിരുന്നു..

“അതേടി, ഞാനൊരു തെമ്മാടി തന്നെയാ.. എന്നിരുന്നാലും ഇതു വരെ ഒരു പെണ്ണിനേയും അവളുടെ സമ്മതമില്ലാതെ തൊട്ടിട്ടില്ല… ”

വാതിൽ കടന്നു വന്ന ജെയിംസിന്റെ മുഖം ദേഷ്യം കൊണ്ടു ചുവന്നിരുന്നു.

“പിന്നെ.. നിന്നെ കെട്ടി കൂടെ പൊറുപ്പിക്കാനൊന്നുമല്ല ഇത് നിന്റെ കഴുത്തിൽ കെട്ടിയത്.. ദേ ഈ നിൽക്കുന്ന ചെക്കൻ കെഞ്ചി കാലു പിടിച്ചിട്ടാ… നിന്റെ ജീവൻ രക്ഷിക്കാൻ… ”

താര അയാളെ തുറിച്ചു നോക്കി. ജെയിംസ് ഒറ്റക്കുതിപ്പിന് അവൾക്കരികെ എത്തി. കഴുത്തിലെ മഞ്ഞ ചരടിൽ പിടിച്ചു വലിച്ചു പൊട്ടിച്ചു. അത്‌ കൈയിൽ തൂക്കി പിടിച്ചു കൊണ്ടു പറഞ്ഞു..

“ഇതല്ലേ നിന്റെ പ്രശ്നം.. ഞാനായിട്ട് തന്നെ അത് ഊരി എടുത്തിട്ടുണ്ട്.. ഇത് കെട്ടിയതിന്റെ പേരിൽ ഞാൻ നിന്റെ മേൽ അവകാശം സ്ഥാപിക്കാനൊന്നും വരത്തില്ല.. വെറുപ്പാണ്.. നിന്നോടും.. നിന്റെ വർഗ്ഗത്തിനോടും ജെയിംസിന്.. ”

കൈയിലെ താലിച്ചരട് വലിച്ചെറിഞ്ഞു ജെയിംസ് പുറത്തേക്കിറങ്ങിപ്പോയി..

“അത്രയും വേണ്ടിയിരുന്നില്ല ചേച്ചി.. ഞാൻ നിർബന്ധിച്ചിട്ടാ ഇച്ചായൻ… ”

താരയെ ഒന്ന് നോക്കിയിട്ട്, കഥയൊന്നുമറിയാതെ നിന്ന കാളിയെയും കൂട്ടി മുത്തു അടുക്കളയിലേക്ക് നടന്നു. കുറച്ചു കഴിഞ്ഞു കാളി വന്നു ഒരു തുണി കൊണ്ടു താഴെ ഒഴുകി പരന്ന വെള്ളം തുടച്ചു, വീണു കിടന്ന പാത്രവും എടുത്തു പോയി.. പോവുന്നതിനിടയിൽ താരയെ തിരിഞ്ഞു നോക്കിയ കാളിയോട് താര പുഞ്ചിരിച്ചു.കാളിയുടെ ചുണ്ടിലും ഒരു ചിരി വിടർന്നു.

കുറച്ചു കഴിഞ്ഞു കാളിയുടെ സഹായത്തോടെ താര മേല് കഴുകി വസ്ത്രങ്ങൾ മാറി.. അടുക്കളയുടെ പുറത്ത് പനയോലയും മുളയും വെച്ചൊരു മറ പോലെ കെട്ടിയിരുന്നു. വെള്ളം താഴെ കാട്ടുചോലയിൽ നിന്നാണ് എടുക്കുന്നത്. കാളിയുടെ കഴുത്തിലൂടെ കൈയിട്ടു അകത്തേക്ക് കയറുന്നതിനിടെ താഴെ കാട്ടുചോലയ്ക്കരികിലെ പാറക്കെട്ടിൽ ജെയിംസ് ഇരിക്കുന്നത് കണ്ടു..

കുറച്ചു കഴിഞ്ഞ് ആവി പറക്കുന്ന മുളയരി കൊണ്ടുള്ള പുട്ടും കട്ടൻ ചായയുമായി കാളി എത്തി.. അത്‌ കഴിച്ചു കഴിഞ്ഞു, മൂപ്പൻ കൊടുത്തയച്ച പച്ചമരുന്ന് കാളി താരയുടെ കാലിലും വലത്തെ കൈയിലും തേച്ചു പിടിപ്പിച്ചു…

താര ഇത്തിരി കഴിഞ്ഞപ്പോൾ ഉറങ്ങി പോയി..കണ്ണു തുറന്നപ്പോൾ ഉച്ചയായിരുന്നു. അടുക്കള ഭാഗത്തു നിന്നുള്ള സംസാരത്തിൽ നിന്നും രാവിലെ ഇറങ്ങി പോയ ജെയിംസ് തിരികെ വന്നിട്ടില്ലെന്ന് താരയ്ക്ക് മനസ്സിലായി..

“ആഹാ ചേച്ചി ഉണർന്നു കിടക്കുകയായിരുന്നോ..? ഇപ്പോൾ എങ്ങനെയുണ്ട്… വേദനയൊക്കെ മാറിയോ..? ”

മുത്തുവിന്റെ ചോദ്യം കേട്ടാണ് താര ചിന്തയിൽ നിന്നും ഉണർന്നത്.

“കുറവുണ്ട് മുത്തു… എന്റെ ബാഗിൽ പാരസെറ്റമോൾ ഉണ്ടായിരുന്നു മുത്തു, ഞാനത് രാവിലെ കഴിച്ചിരുന്നു.. ”

മുത്തു ചിരിച്ചു..

“മുത്തു സോറി.. അപ്പോഴത്തെ അവസ്ഥയിൽ ഞാൻ അങ്ങനെയൊക്കെ പറഞ്ഞു പോയി.. “.

“സാരമില്ല ചേച്ചി.. തന്റെ അറിവോ സമ്മതമോ ഒന്നുമില്ലാതെ കഴുത്തിൽ പെട്ടെന്നൊരു താലി കാണുമ്പോൾ ഏതു പെണ്ണും അങ്ങനെയൊക്കെയേ പറയൂ.. ”

“മുഖത്തു വെള്ളം വീണപ്പോഴാണ് ഞാൻ കണ്ണുകൾ തുറന്നത് .. തൊട്ടരികെ കണ്ടത് അയാളുടെ മുഖമാണ്.. എഴുന്നേൽക്കാൻ ശ്രെമിച്ചതും കഴുത്തിൽ താലിയും.. മുത്തുവിനെ എവിടെയും കണ്ടില്ല.. ഞാൻ എന്തൊക്കെയോ തെറ്റിദ്ധരിച്ചു.. കൈയിൽ കിട്ടിയത് വെള്ളത്തിന്റെ പാത്രമാണ്.. അത്‌ വെച്ചു അയാളെ എറിഞ്ഞു.. അയാളും ആകെ ദേഷ്യത്തിലായിരുന്നു.. എന്തൊക്കെയോ വിളിച്ചു പറഞ്ഞു.. ”

“ഞാൻ പറഞ്ഞില്ലേ ചേച്ചി.. ഇച്ചായൻ ഒരു പാവമാണ്.. ഒരുപാട് അനുഭവിച്ചു.. ഇപ്പോൾ ഇങ്ങനെയാണ് എല്ലാവരോടും.. എങ്കിലും ഉള്ളിന്റെ ഉള്ളിലെവിടെയോ ആ ജയ്ച്ചായാൻ ഇപ്പോഴും ഉണ്ട്… ”

“ജയ്ച്ചായൻ..? ”

“ഉം.. ഇപ്പോൾ അങ്ങനെ വിളിക്കുന്നത് ഇഷ്ടമേ അല്ല.. പഴയ ജീവിതം പൂർണ്ണമായും മറക്കാൻ ഇച്ചായൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത്‌ ഒരിക്കലും സാധിക്കില്ല… ”

“എന്തൊക്കെയോ നിഗൂഢതകൾ അയാളിലുണ്ട്.. ”

താര പറഞ്ഞു.. മുത്തുവിന്റെ ചിരിയിൽ വിഷാദം നിറഞ്ഞു.

“ആഗ്രഹിച്ചതെല്ലാം കൈയ്യെത്തും ദൂരെ നഷ്ടമായതാണ്.. സ്വന്തം ചോരയെ പോലും.. ഇപ്പോൾ വിധിയോടുള്ള പ്രതികാരം പോലെയാണ് ജീവിതം.. ഒരു ദുശ്ശീലവും ഇല്ലാതിരുന്ന ആൾക്ക് ഇപ്പോൾ ഇല്ലാത്തതൊന്നുമില്ല.. തിരുത്താൻ സാധിക്കില്ല.. ആരാലും.. വിധി ആ മനുഷ്യനെ ശിക്ഷിച്ചത് അങ്ങനെയാണ്.. ”

താര ചോദ്യഭാവത്തിൽ മുത്തുവിനെ നോക്കി..

“ഒരിക്കൽ ഞാൻ പറയാം ചേച്ചി എല്ലാം.. ഇച്ചായൻ എങ്ങാനും കേട്ടാൽ എന്നെ വെച്ചേക്കില്ല.. ആകെ ഇത്തിരി മനുഷ്യത്വം കാണിക്കുന്നത് എന്നോട് മാത്രമാണ്… വേറെ ആരോടും സംസാരിക്കാറു പോലുമില്ല.. ”

“ആൾ എവിടെ..? ”

“ഇച്ചായൻ ഇങ്ങ് വന്നോളും.. വല്ലാതെ വിഷമം തോന്നുമ്പോൾ കാട്ടിനുള്ളിലേക്ക് പോവും.. ഈ ചോലയുടെ അരികിൽ കൂടെ നേരേ നടന്നാൽ കാട്ടിനുള്ളിലേക്ക് കയറാം.. ”

മുത്തു താരയുടെ അടുത്തേക്ക് നടന്നു..

“അല്ല ചേച്ചിയുടെ കാര്യങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ.. കാണാതായാൽ വീട്ടുകാർ വിഷമിക്കില്ലെ..? ”

“എന്ത് ചെയ്യാനാ മുത്തു..? വീട്ടിലേക്ക് ഒന്ന് വിളിക്കാമെന്ന് വെച്ചാൽ ഇവിടെ റേഞ്ച് ഇല്ലാലോ..? ”

“അതിനു ചേച്ചിയുടെ കൈയിൽ ഫോണുണ്ടോ…? ”

“ഉം… ”

താര മൂളി..

“ഇവിടെ, ഇവരുടെ ഊര് കഴിഞ്ഞു കുറച്ചു പോയാൽ ഒരു പ്രൈമറി സ്കൂളും ഹെൽത്ത്‌ സെന്ററും ഉണ്ട്.. അവിടെ പോയാൽ ഫോൺ ചെയ്യാം.. ചേച്ചിയ്ക്ക് വേണമെങ്കിൽ… “.

“ഞാൻ പറയാം മുത്തു.. ”

മുത്തു പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപേ താര പറഞ്ഞു.. തന്നെ അപായപെടുത്താൻ ശ്രെമിച്ചവർ താൻ മരിച്ചു പോയെന്നു കരുതി കാണും. ഇങ്ങനെ ഒരവസ്ഥയിൽ ഇനിയും അവർക്ക് മുൻപിലേക്ക് പോവാനാവില്ല.. കണ്ടു പിടിക്കണം… എന്റെ മരണം ആഗ്രഹിക്കുന്ന ആളെ.. ഒരു പക്ഷെ അത്‌ എനിക്ക് പ്രിയപ്പെട്ടൊരാൾ ആണെങ്കിൽ… പക്ഷെ എന്തിന്..?

“ചേച്ചി ഞാൻ ഭക്ഷണം എടുക്കാം.. ”

മുത്തു തിരിഞ്ഞു നടക്കാൻ ഭാവിച്ചതും താര ചോദിച്ചു..

“അല്ല മുത്തു, നിന്റെ ഇച്ചായൻ ഒന്നും കഴിച്ചു കാണില്ലല്ലോ.. ”

“ഓ.. അതൊന്നും അങ്ങേർക്കൊരു
പ്രശ്നമേയല്ല ചേച്ചി.. അതൊരു പ്രത്യേക ജനുസ്സാ.. “.

മുത്തു പോയപ്പോൾ താര ഓർത്തു..

“ശരിയാണ്.. അയാൾക്ക് എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ട്… ”

അറിയാതെ അവൾ കഴുത്തിൽ തടവി..

“എന്റെ കഴുത്തിൽ താലി കെട്ടിയ ആൾ.. എന്റെ കൃഷ്ണാ.. ”

ഒന്നുമറിയാത്ത, ആരോ ഒരാൾ…

######### ######### ####### ########

മാളിയേക്കൽ തറവാട്ടിലെ ഫോണുകൾ നിർത്താതെ റിംഗ് ചെയ്തു കൊണ്ടിരുന്നു..

ടീവിയിൽ അപ്പോഴും ഫ്ലാഷ് ന്യൂസ്‌ മിന്നി മറയുന്നുണ്ടായിരുന്നു.

മാളിയേക്കൽ ഗ്രൂപ്പിന്റെ ഉടമസ്ഥൻ ജഗന്നാഥവർമ്മയുടെ കൊച്ചു മകൾ ഡോക്ടർ താര വർമ്മ കാറപകടത്തിൽ കൊല്ലപ്പെട്ടു.. കത്തിക്കരിഞ്ഞ കാറിൽ നിന്നും മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു.. അന്വേഷണം നടന്നു കൊണ്ടിരിക്കുന്നു..

അപകടം നടന്ന സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ ടീവിയിൽ കാണിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

“ഒന്ന് നിർത്തിക്കൂടെ ഇത്.. മുത്തച്ഛൻ ഇത് വരെ റൂമിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല.. ”

അരുൺ ആരോടെന്നില്ലാതെ പറഞ്ഞിട്ട് ടീവി ഓഫ് ചെയ്തു..

മാളിയേക്കൽ ജഗന്നാഥവർമ്മയ്ക്ക് അഞ്ചു ആണ്മക്കളാണ്… നാലാമനായിരുന്ന ദേവരാജ വർമ്മയുടെ മകളാണ് താര..പ്രസവത്തിൽ അമ്മ മരിച്ച താരയ്ക്ക് ഏറെ വൈകാതെ ഒരു ആക്‌സിഡന്റിൽ അച്ഛനെയും നഷ്ടമായി.. മുത്തശ്ശനും മുത്തശ്ശിയും അമ്മയുടെ സഹോദരങ്ങളും കണ്ണിലെ കൃഷ്ണമണി പോലെയാണ് അവളെ കൊണ്ടു നടക്കുന്നത്.അച്ഛനും അമ്മയും ഇല്ലാത്ത കുറവ് അവളെ അറിയിക്കാതെ അവർ അവളെ മത്സരിച്ചു സ്നേഹിച്ചു. മുത്തശ്ശന്റെ ആഗ്രഹപ്രകാരം മാളിയേക്കൽ ഗ്രൂപ്പിന്റെ കീഴിലുള്ള എം ജെ ഹോസ്പിറ്റലിൽ ജോലി ചെയ്യുകയായിരുന്നു താര.ഏറെ വൈകാതെ ഹോസ്പിറ്റലിന്റെ മുഴുവൻ ചുമതലകളും താരയെ ഏൽപ്പിക്കാനായിരുന്നു വർമ്മയുടെ തീരുമാനം..

കട്ടിലിൽ തളർന്നു കിടന്നിരുന്ന ഭാര്യ രാധാമണിയ്ക്കരികെ അവരെ ആശ്വസിപ്പിക്കാനാവാതെ തകർന്ന മനസ്സോടെ വർമ്മ ഇരുന്നു..

അകത്തളങ്ങളിൽ അപ്പോഴും തേങ്ങലുകൾ അലയടിക്കുന്നുണ്ടായിരുന്നു.. എല്ലാ മുഖങ്ങളിലും ദുഃഖം തളം കെട്ടി നിന്നിരുന്നു. എല്ലാവരുടെയും പ്രിയ്യപ്പെട്ടവളായിരുന്നു താര..

ഹോസ്പിറ്റലിൽ സഹപ്രവർത്തകർക്കിടയിലും അവളെ അറിയാവുന്നവർക്കും അവളുടെ വിയോഗം തീരാദുഃഖമായി. പണത്തിന്റെ ജാഡയോ അഹങ്കാരമോ ഇല്ലാത്ത ശാന്ത സ്വാഭാവക്കാരിയായ താരയെ എല്ലാവർക്കും ഇഷ്ടമായിരുന്നു..

ഒരാളുടെ… അവളെ അറിയാവുന്ന.. ഒരാളുടെ കണ്ണുകളിൽ മാത്രം സന്തോഷം നിറഞ്ഞിരുന്നു..

####### ####### ###### ###### ########

സന്ധ്യയ്ക്ക് മുൻപേ പറഞ്ഞത് പോലെ മുത്തു കാളിയെ കൊണ്ടു വിടാനായി ഇറങ്ങി. ആദ്യത്തെ അപരിചതത്വം മാറിയപ്പോഴേക്കും താരയും കാളിയും തമ്മിൽ നല്ല കൂട്ടായിരുന്നു..

താര വെറുതെ മൊബൈലിലെ ഫോട്ടോസ് നോക്കി ഇരിക്കുകയായിരുന്നു.. അവളുടെ കണ്ണിൽ വേദന നിറഞ്ഞു..

തന്നെ പിടിച്ചു കൊണ്ടു വന്നവർ ഫോണിൽ സംസാരിക്കുന്നത് കേട്ടപ്പോഴാണ്, തന്നെ വളരെ അടുത്ത് അറിയാവുന്ന ആളാണ് ഇതിന് പിറകിൽ എന്ന് മനസ്സിലായത്..

തന്റെ ശീലങ്ങൾ.. രീതികൾ… എല്ലാം അയാൾ അവർക്ക് വിശദീകരിച്ചു കൊടുത്തിട്ടുണ്ട്…

താരയുടെ കണ്ണുകൾ നിറഞ്ഞു.. വെറുതെ ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ പാറക്കെട്ടുകൾക്കിടയിലൂടെ ജെയിംസ് നടന്നു വരുന്നത് കണ്ടു. ഇടയ്ക്ക് അയാളൊന്ന് കണ്ണുകൾ തുടച്ചത് കണ്ടു..

ഇത്തിരി കഴിഞ്ഞു വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. അകത്തേക്ക് കയറിയ ജെയിംസിന്റെ കണ്ണുകൾ ഒരു നിമിഷം അവളെ തേടിയെത്തി. അവളുടെ നോട്ടം അയാളിൽ എത്തിയതും ജെയിംസ് പുച്ഛഭാവം മുഖത്തണിഞ്ഞു തല വെട്ടിച്ചു തോർത്തുമെടുത്ത് പുറത്തേക്ക് നടന്നു.

അയാളുടെ മുഖത്തെ ഭാവങ്ങളെല്ലാം മനസ്സിന്റെ ആഴങ്ങളിലുള്ള ഉണങ്ങാത്ത മുറിവുകൾ മറ്റുള്ളവരിൽ നിന്നും മറച്ചു പിടിക്കാനുള്ള തത്രപ്പാട് മാത്രമാണെന്ന് താരയ്ക്ക് തോന്നി…

ആ കഥകൾ അറിയുവാൻ അവളുടെ മനസ്സ് തിരക്ക് കൂട്ടി തുടങ്ങിയിരുന്നു….

(തുടരും)

കഥ ഇഷ്ടമാവുന്നുണ്ടോ എന്നറിഞ്ഞാലേ മുൻപോട്ടു എഴുതാൻ തോന്നൂ.. അഭിപ്രായങ്ങൾ പറയണം..

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.2/5 - (16 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

8 thoughts on “ആരോ ഒരാൾ – 2”

  1. കഥയുടെ ചുരുളഴിയാനായി കാത്തിരിക്കുന്നു 💞💞💞💞💞

  2. കൊള്ളാം കേട്ടോ. കഥ മുന്നോട്ട് പോവട്ടെ.നാഗമാണിക്യത്തിലെ അനന്തനെയും പത്മയെയും ഇപ്പോഴും മറന്നിട്ടില്ല

Leave a Reply

Don`t copy text!