Skip to content

ആരോ ഒരാൾ – 3

aaro oral by sooryakanthi aksharathalukal novel

ഇരുട്ട് വീണു തുടങ്ങിയിരുന്നു.. മുത്തു തിരിച്ചു വന്നിട്ടില്ല. താര ജനവാതിലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു.

പുറകിലേക്കുള്ള വാതിൽ തുറന്നു ജെയിംസ് അകത്തേക്ക് കയറിയപ്പോഴാണ് താര നോക്കിയത്. കുളിയൊക്കെ കഴിഞ്ഞിട്ടുണ്ട്.. കഴുത്തിലെ നേർത്ത സ്വർണ്ണ മാലയിൽ ഒരു കുഞ്ഞു ക്രൂശിത രൂപം കോർത്തിട്ടത് അവൾ കണ്ടു. ആ രൂപവും ഭാവവുമൊന്നുമായി ഒരു ചേർച്ചയും ഇല്ലല്ലോ എന്നവളോർത്തു..

ജെയിംസ് അവളെ നോക്കിയതേയില്ല. അങ്ങനെ ഒരാൾ അവിടെ ഇല്ലെന്ന രീതിയിലായിരുന്നു പെരുമാറ്റം. അയയിൽ തൂക്കിയിട്ടിരുന്ന ഷർട്ട്‌ എടുത്തിട്ട് കഴിഞ്ഞപ്പോളാണ് താര പതിയെ പറഞ്ഞത്.

“എനിക്കൊന്ന് പുറത്തു പോവണം.. ”

ഒരു മറുപടിയും ഉണ്ടായില്ല.. ആള് അവളെ നോക്കാതെ പോവാൻ തിരിഞ്ഞു.

“ഇച്ചായാ.. എനിക്കൊന്ന് പുറത്തു പോവണം.. മുത്തു ഇവിടെ ഇല്ല.. ”

എഴുന്നേൽക്കാൻ ശ്രെമിച്ചു കൊണ്ടു താര പറഞ്ഞു. നീര് വലിഞ്ഞിട്ടുണ്ട്‌.. പക്ഷെ കാല് നിലത്ത് കുത്താൻ പറ്റുന്നില്ല..

അവളുടെ വിളിയിൽ അയാളൊന്ന് പകച്ചു. പിന്നെ അവളെ ക്രുദ്ധനായി ഒന്ന് നോക്കി ധൃതിയിൽ പുറത്തേക്ക് നടന്നു…

താര അത്‌ തീരെ പ്രതീക്ഷിച്ചിരുന്നില്ല.. അവൾ പതിയെ ഒരു കാൽ കുത്തി കട്ടിലിൽ പിടിച്ചു എഴുന്നേറ്റു നിന്നു.ദേഹമാകെ ഇപ്പോഴും വേദനയുണ്ട്… താര മുഖം ചുളിച്ചു.. ബാഗിലെ മെഡിസിൻ കിറ്റിൽ പെയിൻ കില്ലർ ഉണ്ടാവണം..

രണ്ടും കൽപ്പിച്ചാണ് ഓടിക്കൊണ്ടിരുന്ന ആ വണ്ടിയിൽ നിന്നും പുറത്തേയ്ക്ക് ചാടിയത്.. രക്ഷപ്പെടുമെന്ന് പ്രതീക്ഷ തീരെ ഇല്ലായിരുന്നു.. പക്ഷേ….

താര മുഖമുയർത്തിയപ്പോൾ ജെയിംസ് തിരികെ അകത്തേക്ക് വരുന്നത് കണ്ടു. ഒന്നും പറയാതെ, അവളുടെ മുഖത്തേക്ക് പോലും നോക്കാതെ, കൈയിൽ ഉണ്ടായിരുന്ന നീളമുള്ള മുള വടി കട്ടിലിൽ ചാരി വെച്ചു ആൾ അടുക്കളയിലേക്ക് നടന്നു..

ഒരു നിമിഷം അവൻ പോയ വഴിയേ നോക്കി നിന്നിട്ട് താര വടിയെടുത്തു നിലത്ത് കുത്തി പിടിച്ചു ഒറ്റ കാൽ നിലത്തമർത്തി പതിയെ പുറത്തേക്ക് നടന്നു.

ആയാസപ്പെട്ടാണ് വാതിലിൽ നിന്നും താഴേക്ക് ഇറങ്ങിയത്. പാറക്കെട്ടാണ്. അവൾ ഓല മറയ്ക്കുള്ളിലേക്ക് നടന്നു. മുകളിൽ മറച്ചിട്ടില്ല. കാടിനുള്ളിൽ ഇരുൾ പരന്നു തുടങ്ങി.. ആകാശത്തു നക്ഷത്രക്കൂട്ടങ്ങളും…

മുഖവും കഴുകി തിരികെ നടന്നു വന്നപ്പോൾ എത്ര ശ്രെമിച്ചിട്ടും താരയ്ക്ക് മുകളിലേക്ക് കയറാൻ കഴിഞ്ഞില്ല.. ജെയിംസിനെ വിളിച്ചാൽ തിരിഞ്ഞു പോലും നോക്കില്ല എന്നറിയാവുന്നത് കൊണ്ടു അവളതിന് തുനിഞ്ഞില്ല.

വേദനയുള്ള കാലും നിലത്തമർത്തി വാതിലിൽ പിടിച്ചു കയറാൻ നോക്കവേ ഇടതു കാലങ്ങ് വഴുക്കി.. താര കരഞ്ഞു പോയി. പാറക്കെട്ടിൽ തലയടിച്ചു വീഴാൻ പോവുന്നതിനു മുൻപേ രണ്ടു കൈകൾ അവളുടെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ചു…. ജെയിംസ്…

ഒരു നിമിഷം താരയുടെ ഭയചകിതമായ കണ്ണുകളിലേക്ക് അയാളുടെ നോട്ടം കൊരുത്തു. ഒരു മിന്നായം പോലെ അയാളുടെ മിഴികളിൽ എന്തോ മിന്നി മാഞ്ഞത് താര കണ്ടു.. അത്‌ ദേഷ്യമായിരുന്നില്ല…

രണ്ടു കൈകളിലായി അവളെ കോരിയെടുത്തു അകത്തേക്ക് നടക്കുമ്പോൾ ജെയിംസ് താരയുടെ മുഖത്തേക്ക് നോക്കിയില്ല.. പക്ഷേ അയാളുടെ നെഞ്ചിടിപ്പുകൾ അവളറിഞ്ഞു. താര ഇമ വെട്ടാതെ ആ മുഖത്തേക്ക് തന്നെ നോക്കി..

ഇത് വരെ ആരോടും തോന്നാത്ത എന്തോ ഒരു വികാരം തന്റെയുള്ളിൽ ഉണരുന്നത് താര അറിയുന്നുണ്ടായിരുന്നു…വെറുതെ ആ മുഖം കൈകുമ്പിളിൽ എടുത്തു നെറ്റിയിൽ ചുണ്ടമർത്താൻ തോന്നി അവൾക്ക്.. എന്തെന്ന് അറിയില്ലെങ്കിലും അയാളുടെ ഉള്ളിലെ ഉണങ്ങാത്ത മുറിവുകളുടെ വേദന പകുത്തെടുക്കാൻ തോന്നി…

കട്ടിലേക്ക് അവളെ ഇട്ടിട്ടു ജെയിംസ് ഒന്ന് നോക്കുക പോലും ചെയ്യാതെ തിരികെ നടന്നു..താര ഈർഷ്യയോടെ ജെയിംസ് പോയത് നോക്കി പിറുപിറുക്കുമ്പോഴാണ് വാതിൽക്കൽ വായും തുറന്നു നിൽക്കുന്ന മുത്തുവിനെ കണ്ടത്…

താര അവനെ നോക്കി ഒരു ഇളിഞ്ഞ ചിരി ചിരിച്ചു. മുത്തു അവൾക്കരികെ എത്തി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

“എന്താ ഇപ്പോൾ ഇവിടെ നടന്നത്…? ”

“എനിക്ക് ഒന്ന് പുറത്തു പോവണമായിരുന്നു. കുറേ സമയം നിന്നെ കാത്തിരുന്നു. കാണാതായപ്പോൾ ഗതികേട് കൊണ്ടു നിന്റെ ഇച്ചായനോട് പറഞ്ഞു.. മൈൻഡ് ചെയ്തില്ല.. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ ആ മുളവടിയും കൊണ്ടു വന്നിവിടെ ഇട്ടിട്ട് പോയി. ഞാൻ പോയി തിരികെ വന്നപ്പോൾ മേലോട്ട് കയറാൻ പറ്റിയില്ല. നല്ല അന്തസ്സായി തന്നെ വീണു. തല പൊളിയുന്നതിനു മുൻപേ നിന്റെ ഇച്ചായൻ താങ്ങിയെടുത്തു ഇവിടെ കൊണ്ടു കിടത്തി..
അല്ല ഞാൻ അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ നിന്റെ ഇച്ചായനു മനുഷ്യത്വമുണ്ടെന്നു നാലാൾ അറിഞ്ഞാൽ നാണക്കേട് വല്ലതും ഉണ്ടോ…? ”

താര പറഞ്ഞത് കേട്ട് മുത്തു ചിരിച്ചു.. താര അവനെ ഒന്ന് കൂർപ്പിച്ചു നോക്കി..

“കിന്നരിച്ചു കഴിഞ്ഞെങ്കിൽ തമ്പുരാൻ ഒന്നിവിടെ വരെ എഴുന്നള്ളിയാൽ നന്നായിരുന്നു.. ”

അടുക്കളയിൽ നിന്നും ജെയിംസിന്റെ ശബ്ദമുയർന്നു. മുത്തു അവളെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചിട്ട് ധൃതിയിൽ അടുക്കളയിലേക്ക് നടന്നു..

“ദാ വരുന്നു ഇച്ചായാ.. ”

അടുക്കളയിൽ പിന്നെ ഒരു യുദ്ധമായിരുന്നു. ജെയിംസിന്റെ ആജ്ഞകളും മുത്തുവിന്റെ പരാതികളുമെല്ലാം താരയിൽ ചിരിയുണർത്തി..

കുറേ കഴിഞ്ഞ് ജെയിംസ് ചുണ്ടിൽ ഒരു സിഗരറ്റും കടിച്ചു പിടിച്ചു അടുക്കളയിൽ നിന്നും പുറത്തേക്ക് വന്നു.. ആ ഗന്ധം പരന്നതും താര കൈ കൊണ്ടു മൂക്ക് പൊത്തി.. താരയെ പുച്ഛത്തോടെ ഒന്ന് നോക്കി ഒന്നാഞ്ഞു പുകയെടുത്തു ഊതി വിട്ടു ജെയിംസ് പുറത്തേക്ക് നടന്നു.

താരയ്ക്ക് എന്തോ ചിരിയാണ് വന്നത്.. സിഗരറ്റ് മണം അവൾക്ക് ഒട്ടും സഹിക്കാൻ പറ്റാത്തതാണ്…

താര കണ്ണടച്ച് കിടന്നു.. എന്തായിരിക്കും ജെയിംസിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാവുക.. ഏതോ പെണ്ണ് തേച്ചു കാണും..

അല്ല.. പെട്ടെന്ന് മുത്തു പറഞ്ഞ ഒരു വാചകം താരയുടെ മനസ്സിലെത്തി. ഇച്ചായന്റെ സ്വന്തം ചോര.. അതിനർത്ഥം അയാൾക്ക് ഒരു കുഞ്ഞുണ്ടന്നല്ലേ.. അപ്പോൾ അയാളുടെ ഭാര്യ..

താരയ്ക്ക് എന്തോ ഒരു അസ്വസ്ഥത തോന്നി.. അയാൾക്ക് ഒരു അവകാശിയുണ്ട്…

അതിന്.. അതിന് എനിക്കെന്താ.. ഇന്നലെ കണ്ടൊരാൾ.. സൗമ്യതയോടെ ഒന്ന് നോക്കിയിട്ട് പോലുമില്ല… പക്ഷേ.. താരയുടെ കൈ അറിയാതെ കഴുത്തിലെത്തി…

താര യൂ ആർ എ ഫുൾ.. ബിഗ് ഫുൾ…

മുത്തശ്ശി പറയുന്നതൊക്കെ ഒന്നൊഴിയാതെ മനസ്സിൽ വെച്ചു മനക്കോട്ട കെട്ടരുത്.. കഴുത്തിൽ താലി കെട്ടിയ ആൾ.. ഏതോ ഒരു സാഹചര്യത്തിൽ അയാൾ കഴുത്തിലൊരു ചരട് കെട്ടിയെന്ന് വെച്ചു വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടരുത്.. അയാൾ ഒരു കള്ളനോ കൊലപാതകിയോ ആണെങ്കിൽ ഇങ്ങനെ ഒരു സെന്റിമെന്റ്സ് തോന്നുമോ..

ബി പ്രാക്ടീക്കൽ.. ആഫ്റ്റർ ആൾ യൂ ആർ എ ഡോക്ടർ…

മനസ്സിൽ പിടിവലി നടക്കുന്നുണ്ടായിരുന്നു…

എല്ലാവരും ഉണ്ടെങ്കിലും ഉള്ളിലെവിടെയോ എപ്പോഴൊക്കെയോ ഒരു ഒറ്റപ്പെടൽ തോന്നിയിട്ടുണ്ട്.. ഒരിക്കൽ ഒരാൾ വരും തന്റേത് മാത്രമായി.. അതൊരു സ്വപ്‌നമായിരുന്നു.. പ്രതീക്ഷയായിരുന്നു..

പ്രണയിക്കാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്.. ആരോടൊക്കെയോ ചെറിയ ഇഷ്ടവും തോന്നിയിട്ടുണ്ട് പലപ്പോഴും.. പക്ഷെ പേടിയായിരുന്നു..

റിജെക്ഷൻ.. അത്‌ മാത്രം തനിക്ക് താങ്ങാനാവില്ലായിരുന്നു.. അത് കാരണം നല്ലൊരു സൗഹൃദം പോലും ആരോടും ഉണ്ടാക്കാൻ ശ്രെമിച്ചിട്ടില്ല.. എല്ലാവരുടെയും സുഹൃത്ത്.. അതായിരുന്നു താൻ..

മുത്തു കഴിക്കാൻ കൊണ്ടു വന്നപ്പോഴാണ് താര കണ്ണുകൾ തുറന്നത്..

കിഴങ്ങും മുളകിട്ട മീൻ കറിയും.. ഇച്ചായൻ പിടിച്ചതാണത്രേ മീൻ.. പാചകവും അങ്ങേരുടേത് തന്നെ..

കുറ്റം പറയാൻ ഒന്നുമില്ലായിരുന്നു.. അപാര ടേസ്റ്റ്..

ഒരു ചായയ്ക്കപ്പുറം പാചകത്തിന്റെ രഹസ്യങ്ങളൊന്നും തനിക്ക് അറിയില്ല… ഇത് വരെ അതിന്റെ ആവശ്യവും ഉണ്ടായിട്ടില്ല എന്നതാണ് സത്യം..

മുത്തശ്ശിയും മുത്തശ്ശനും തന്റെ വിവരങ്ങൾ ഒന്നുമറിയാതെ തീ തിന്നുകയായിരിക്കും..

പക്ഷെ തന്നെ ആ കാറിൽ പിടിച്ചു ഇട്ടവരുടെ നേതാവ് എന്ന് തോന്നിയ്ക്കുന്ന ആൾ ഫോണിൽ സംസാരിക്കുന്നതിനിടെ കേട്ട ചില കാര്യങ്ങൾ… അതാണ് തന്നെ ഭയപ്പെടുത്തുന്നത്.. വേണ്ട.. ആദ്യം ഒന്ന് നേരേ നിൽക്കാൻ കഴിയട്ടെ.. കണ്ടുപിടിക്കണം.. താര വർമ്മയെ ഇല്ലാതാക്കാൻ ആർക്കാണിത്ര ധൃതിയെന്ന് ..

പുറത്തേക്കിറങ്ങി പോയ ജെയിംസ് രാത്രി ഏറെ വൈകിയാണ് കയറി വന്നത്.. മദ്യത്തിന്റെ രൂക്ഷ ഗന്ധം പരക്കുന്നുണ്ടായായിരുന്നു.. പാതിയടഞ്ഞ മിഴികളിലൂടെ താര അയാളെ തന്നെ നോക്കി കിടന്നു. അവൾ ഉറങ്ങുകയാണെന്ന് കരുതിയിട്ടാവണം ജെയിംസ് അവളെ ഒന്ന് നോക്കി. പിന്നെ പതിയെ അടുത്ത് വന്നു താരയുടെ പുതപ്പ് വലിച്ചു അവളുടെ കഴുത്തോളം ഇട്ടു…

“താങ്ക്സ്.. ”

താര കണ്ണു തുറന്നതും അയാളൊന്ന് പതറി..

“ദേഹം മറച്ചു കിടക്കെടി.. ഇത് നിന്റെ വീടും ബെഡ്‌റൂമും ഒന്നുമല്ല.. ”

അവളെ നോക്കി പുച്ഛത്തോടെ ചുണ്ട് കോട്ടി തിരിച്ചു നടക്കുന്നതിനിടെ താര പറഞ്ഞു.

“ഗുഡ് നൈറ്റ്‌ ഇച്ചായാ… ”

അയാൾ തിരിഞ്ഞു നിന്നു.

“ആരാടി നിന്റെ ഇച്ചായൻ..? നേരത്തേം ചാടി ക്കേറി വിളിക്കുന്നത് കേട്ടല്ലോ.. ഏതു വകയിലാ ഞാൻ നിന്റെ ഇച്ചായൻ ആവുന്നേ.. ”

“എന്റെ കഴുത്തിൽ രാവിലെ ഒരു താലി കെട്ടിയായിരുന്നു.. ”

ഒരലർച്ചയായിരുന്നു..

“എടി.. ചുമ്മാ എന്റടുത്തു വെളച്ചിലെടുത്താൽ ചുരുട്ടി കൂട്ടി ആ കയത്തിലേക്കെറിയും ഞാൻ.. നിനക്കറിയത്തില്ല ഈ ജെയിംസ് ആരാണെന്ന്.. ”

“ഞാൻ ഉറങ്ങി… ”

താര പറഞ്ഞത് കേട്ട് ജെയിംസ് അവളെ ഒന്ന് നോക്കി.. പിന്നെ ഉറയ്ക്കാത്ത ചുവടുകളോടെ മുത്തു റെഡി ആക്കി വെച്ചിരുന്നസ്ലീപിംഗ് ബാഗിലേക്ക് ചെന്നു വീണു..

നാളെ തന്നെ മുത്തുവിനോട് ജെയിംസിനെ പറ്റി ചോദിച്ചറിയണമെന്ന് ഉറപ്പിച്ചാണ് താര മിഴികൾ അടച്ചത്…
തൊട്ടപ്പുറം പായ വിരിച്ചു കിടന്ന മുത്തു എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടായിരുന്നു.. അവന്റെ മനസ്സിൽ പ്രതീക്ഷയുടെ ഒരു നേർത്ത വെട്ടം തെളിഞ്ഞു.. അവന്റെ ഇച്ചായനെ ഓർത്ത്…

രാവിലെ താര കണ്ണുകൾ തുറന്നപ്പോൾ കിടന്നിരുന്നവർ ഒന്നുമില്ലായിരുന്നു അവിടെ.. അടുക്കളയിൽ നിന്നും തട്ടലും മുട്ടലുമൊക്കെ കേൾക്കുന്നുണ്ട്.. പതിഞ്ഞ ചിരിയും കൊഞ്ചലുമൊക്കെ കാതിലെത്തിയപ്പോൾ കാളി എത്തിയിട്ടുണ്ടെന്നും ജെയിംസ് ആ പരിസരത്ത് ഒന്നുമില്ലെന്നും താരയ്ക്ക് മനസ്സിലായി..

പിന്നീടാണ് മുത്തു പറഞ്ഞത് ജെയിംസ് കൂപ്പിലേക്ക് പോയിട്ടുണ്ടെന്ന്. മുത്തുവിനോട് വരണ്ട എന്ന് പറഞ്ഞുവെന്ന്….

രാവിലെത്തെ ഭക്ഷണവും മരുന്നുമെല്ലാം കഴിഞ്ഞപ്പോഴാണ് താര മുത്തുവിനെ വിളിച്ചത്. കാളിയാണ് ആദ്യം വന്നത്.. താര മുത്തുവിനെ കാണണം എന്ന് പറഞ്ഞപ്പോൾ അവൾ പോയി അവനെ കൂട്ടി കൊണ്ടു വന്നു…

“എന്തു പറ്റി ചേച്ചി…? ”

“മുത്തു.. എനിക്ക്.. എനിക്ക് നിന്റെ ഇച്ചായനെ പറ്റി അറിയണം… ”

“ചേച്ചി.. അത്… ”

“പ്ലീസ് മുത്തു.. എനിക്ക് അറിയണം… അറിഞ്ഞേ തീരു.. അയാൾ വിവാഹിതനാണോ..? ”

“അതെ.. ഒരു കുഞ്ഞുമുണ്ട് എന്റെ ഇച്ചായന്… പക്ഷേ… ”

താരയുടെ മുഖം മങ്ങി.. ഹൃദയമിടിപ്പ് വർദ്ധിക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു…

താരയുടെ ഭാവമാറ്റം മുത്തു ശ്രെദ്ധിച്ചിരുന്നു..

“ചേച്ചി വിചാരിക്കുന്നത് പോലെയൊന്നുമല്ല കാര്യങ്ങൾ… ശത്രുക്കൾക്ക് പോലും സംഭവിക്കരുതെന്ന് നമ്മൾ വിചാരിച്ചു പോവുന്നതാണ് ഇച്ചായന്റെ ജീവിതത്തിൽ നടന്നത്… ”

മുത്തുവിന്റെ വാക്കുകൾ താരയുടെ മനസ്സിൽ ചിത്രങ്ങളായി മാറി..

ഹൈറേഞ്ചിലെ കിരീടം വെക്കാത്ത രാജാവ്.. ഇല്ലിക്കൽ ആന്റണി..

അഞ്ചു മക്കൾ.. മൂന്നു ആണും രണ്ടു പെണ്ണും.. നാലാമനായിരുന്നു ജെയിംസ്. ഏറ്റവും ഇളയവൾ ആനി…

എല്ലാവരുടെയും പ്രിയ്യപ്പെട്ടവനായിരുന്നു ജെയിംസ് എന്ന ജയ്..

നല്ല പൊക്കവും അതിനൊത്ത വണ്ണവും കുസൃതി ഒളിപ്പിച്ച തിളങ്ങുന്ന കണ്ണുകളും സന്തതസഹചാരിയായ ബുള്ളറ്റിലെ പറപ്പിച്ചുള്ള പോക്കും ഏതു പെണ്ണിന്റെയും മനസ്സിളക്കാൻ പോരുന്നതായിരുന്നു…

കോളേജിലും നാട്ടിലുമെല്ലാം ഒത്തിരി പെൺപിള്ളേർ പുറകെ നടന്നിട്ടും ജെയിംസ് ആന്റണിയുടെ മനസ്സിൽ കയറി കൂടിയവൾ അവളായിരുന്നു..

നാൻസി.. ഇടവകയിലെ കപ്യാർ വർക്കിച്ചന്റെ മകൾ.. ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യമോ സമ്പത്തോ ഒന്നുമില്ലാത്ത, ആരുടേയും മുഖത്ത് പോലും നോക്കാതെ എപ്പോഴും മുഖം കുനിച്ചു നടക്കുന്നവൾ..

നാൻസി എങ്ങിനെ അവന്റെ മനസ്സിൽ കയറിക്കൂടി എന്ന് ചോദിച്ചാൽ അവനും അറിയില്ലായിരുന്നു.. പക്ഷെ അത്‌ പെട്ടെന്നൊരു ദിനം കൊണ്ടുണ്ടായതല്ലായിരുന്നു.. സ്കൂളിൽ പഠിക്കുമ്പോൾ എപ്പോഴോ തോന്നിയ ഒരിഷ്ടം..

തുറന്നു പറഞ്ഞു നാൻസിയുടെ പുറകെ നടന്നിട്ടും അവൾ തിരിച്ചൊന്നും പറയുകയോ അവനെ നോക്കുകയോ ചെയ്തില്ല..

പോവുന്നിടത്തെല്ലാം എത്തുകയും വഴി തടയലും.. എല്ലാം പരിധി വിട്ടപ്പോൾ ഒരിക്കൽ.. ഒരിക്കൽ മാത്രം നാൻസി അവനോട് പറഞ്ഞു..

“ഇച്ചായൻ ഇനി എന്റെ പുറകെ നടക്കരുത്… എനിക്ക് അങ്ങനെ ഒരിഷ്ടമില്ല… ആരോടും.. മഠത്തിൽ ചേരാൻ പോവുകയാണ് ഞാൻ.. ”

ജെയിംസ് ചിരിയോടെ നെഞ്ചിൽ കൈകൾ പിണച്ചു വെച്ചു അവളെ തന്നെ നോക്കി നിന്നു..പിന്നെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു

“അത്‌ കൊച്ചു മാത്രം തീരുമാനിച്ചാൽ പോരല്ലോ.. ഇച്ചായൻ കൂടെ സമ്മതിക്കണ്ടേ..”

(തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.6/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ആരോ ഒരാൾ – 3”

Leave a Reply

Don`t copy text!