നാൻസി അവനെ മിഴിച്ചു നോക്കി..
“മാറി നിൽക്ക്.. എനിക്ക് പോണം.. ”
“മാറാം.. അതിന് മുൻപ് കൊച്ച് എനിക്ക് പറയാനുള്ളത് കേട്ടിട്ട് പൊയ്ക്കോ.. ഈ ജെയിംസ് ഇന്നോ ഇന്നലെയോ മനസ്സിൽ കൊണ്ടു നടക്കാൻ തുടങ്ങിയതല്ല നിന്നെ.. എന്റെ പെണ്ണാണ് നീ.. ഞാൻ വരും, നിന്റെ അപ്പനോട് നിന്നെ എനിക്ക് തരണമെന്ന് പറയാൻ.. കൊച്ചു കാത്തിരുന്നോ.. ”
നാൻസി അവനെ തറച്ചു നോക്കി.. ജയിംസിന്റെ മുഖത്ത് ഒരു ഭാവ്യത്യാസവും ഉണ്ടായില്ല. കണ്ണുകളിൽ കള്ളച്ചിരിയുമായി അതേ നിൽപ്പ് തന്നെ..
പുറകിൽ നിന്നും ബൈക്കിന്റെ ശബ്ദം കേട്ട് നാൻസി വെപ്രാളത്തോടെ ജെയിംസിനെ നോക്കി..
“വഴി തടയലോ.. എന്തോന്നെടെ… ”
ജെയിംസ് ഒരു ചമ്മിയ ചിരിയോടെ ബൈക്കിൽ ഉള്ളവരെ നോക്കിയതും നാൻസി അവന്റെ സൈഡിലൂടെ ധൃതിയിൽ നടന്നു പോയി..
“എന്തുവാടേ.. ഇതിന് ഇനിയും ഒരു തീരുമാനം ആയില്ലേ.. ”
“ഒരു തീരുമാനം ആക്കാൻ തുടങ്ങിയപ്പോഴേക്കും എല്ലാം നശിപ്പിച്ചേച്ചും ഇളിക്കാതെടാ.. ”
ജെയിംസ് ബൈക്കിൽ ഇരുന്ന ബെന്നിച്ചന്റെ മുതുകിൽ ഇടിച്ചു..
“ഒന്ന് പയ്യെ ഇടിക്കെടാ.. ”
ബെന്നി മുതുക് ഉഴിയുന്നത് കണ്ടു മുത്തുചിരിച്ചു.
ജെയിംസിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണു ബെന്നിച്ചൻ.. സ്കൂളിൽ പോവാൻ തുടങ്ങിയത് മുതൽ അവർ ഒരുമിച്ചാണ് എന്തിനും ഏതിനും.. കട്ട ചങ്ക്സ്…
മുത്തുവിന്റെ അച്ഛൻ രാഘവൻ ഇല്ലിക്കൽകാരുടെ കാര്യസ്ഥനാണ്.. കുഞ്ഞുന്നാള് മുതലേ മുത്തുവിന്റെ റോൾ മോഡലും ഹീറോയുമൊക്കെ ജെയിംസ് ആണ്.. ജെയിംസിനും കൂടപ്പിറപ്പിനെ പോലെ തന്നെയായിരുന്നു മുത്തുവും..
പ്രായവ്യത്യാസം ഉണ്ടെങ്കിലും ബോബനും മോളിയിലെയും പട്ടിയെ പോലെ ജെയിംസിന്റെയും ബെന്നിച്ചന്റെയും എല്ലാ ഫ്രെയിമുകളിലും മുത്തുവും ഉണ്ടാകും…
ജയിംസിന്റെ നാൻസിയോടുള്ള പ്രണയവും അവളുടെ പിറകെയുള്ള നടപ്പും നാട്ടിലെ പരസ്യമായ രഹസ്യമാണ്.. അത് ഇല്ലിക്കൽ ആന്റണിയുടെ ചെവികളിൽ എത്തിയാൽ.. അതാണ് എല്ലാവരും ഉറ്റുനോക്കിയിരിക്കുന്നത്…
കുറച്ചു കഴിഞ്ഞു ജെയിംസിന്റെ റോയൽ എൻഫീൽഡ് ഇല്ലിക്കലെ വിശാലമായ മതില്കെട്ടിനുള്ളിലേക്ക് കടക്കുമ്പോൾ മുറ്റത്തു പുതിയൊരു കാർ കിടക്കുന്നുണ്ടായിരുന്നു..
ബുള്ളറ്റിൽ നിന്നും ഇറങ്ങാതെ തിരിച്ചു പോയാലോ എന്നവൻ ആലോചിക്കുമ്പോഴേയ്ക്കും സണ്ണിച്ചായൻ പൂമുഖത്തേക്ക് വന്നിരുന്നു.
“ദേ അപ്പാ അവൻ വന്നിട്ടുണ്ട്.. ”
സണ്ണി അകത്തേക്ക് നോക്കി വിളിച്ചു പറയുന്നത് കേട്ടപ്പോൾ മനസ്സില്ലാമനസ്സോടെ ജെയിംസ് താഴെയിറങ്ങി..
കോലയിലേക്ക് കയറുന്നതിനു മുൻപേ കണ്ടു ചായം തേച്ച ചുണ്ടുകളിൽ പ്രണയം തുളുമ്പുന്ന പുഞ്ചിരിയുമായി ട്രീസ..
ഇല്ലിക്കൽ ആന്റണിയുടെ ഉറ്റ സുഹൃത്ത് ഡേവിഡിന്റെ മകൾ.. ബാംഗ്ലൂരിലെ പഠനമൊക്കെ കഴിഞ്ഞു വന്നപ്പോൾ പണ്ടേ ജെയിംസിനോട് ഉണ്ടായിരുന്ന പ്രേമമൊക്കെ പൊടി തട്ടി എടുത്തു വന്നതാണവൾ.. ഒരുപാട് തവണ നേരിട്ടും അല്ലാതെയും ജെയിംസ് തനിക്ക് ഒരു താല്പര്യവുമില്ലെന്ന് അറിയിച്ചിട്ടും തെല്ലും ചാഞ്ചല്യമില്ലാതെ ജയിംസിന്റെ പുറകെ തന്നെ ആണവൾ.. പൂത്ത പണം അവളുടെ അപ്പന്റെ കൈവശം ഉള്ളത് കൊണ്ടു ജയിംസിന്റെ അമ്മച്ചിയായ മേരിയും ഇളയ സഹോദരി ആനിയും ഒഴികെ മറ്റെല്ലാവരും ഈ ബന്ധത്തിന് സപ്പോർട്ടാണ്….
ജെയിംസിനാണെങ്കിൽ ട്രീസയെ കണ്മുന്നിൽ കാണുന്നത് തന്നെ വെറുപ്പാണ്.. അവനെ വശീകരിക്കാൻ ഏതറ്റം വരെ പോവാനും എത്ര കണ്ടു തരം താഴാനും ട്രീസയും റെഡി ആണ്..
തന്നോട് കൊഞ്ചാൻ വന്ന ട്രീസയെ ശ്രെദ്ധിക്കുക പോലും ചെയ്യാതെ ജെയിംസ് അകത്തേക്ക് നടന്നു.
അകത്തെ ഹാളിലെ സോഫയിൽ ആന്റണിയ്ക്ക് എതിർവശത്തായി ഇരിക്കുന്ന ഡേവിഡിനെയും ഭാര്യ ബീനയെയും മകൻ സാബുവിനെയും ജെയിംസ് കണ്ടു.
“ആഹാ.. ജയ് മോൻ എത്തിയല്ലോ..?”
ബീനയുടെ മധുരം പുരട്ടിയ വാക്കുകൾ കേട്ടതേ എന്തോ കുരുക്കുണ്ടെന്ന് ജെയിംസ് ഉറപ്പിച്ചു.
അവരോട് ഒന്ന് ചിരിച്ചു കാണിച്ചു അവൻ പതിയെ അടുക്കളഭാഗത്തേക്ക് നടന്നു. അവിടെ വന്നവർക്കുള്ള ചായയും പലഹാരങ്ങളും എടുത്തു വെക്കാൻ ജോലിക്കാരിയെ സഹായിക്കുകയായിരുന്നു അമ്മച്ചി. ആനിയെകൂടെ അവിടെ കണ്ടതോടെ അവന്റെ മനസ്സിൽ സംശയങ്ങൾ ഉണർന്നു…
“എന്നതാടി അവിടെ ഒരു ഗൂഢാലോചന..? ”
ആനി അവനെ ഒന്ന് നോക്കി..
“ജയ് ചാച്ചന്റെ കെട്ടു ഉറപ്പിക്കുവാണ് അപ്പൻ അവിടെ.. ട്രീസാ മോളുമായി.. ”
അവളെ ഒന്ന് നോക്കിയിട്ട് ധൃതിയിൽ പുറത്തേക്ക് നടക്കാൻ തുനിഞ്ഞ ജെയിംസിനെ മേരി പുറകിൽ നിന്നും പിടിച്ചു..
“അമ്മച്ചീടെ പൊന്നു മോനല്ലേ.. ഇപ്പൊ പോകരുത്.. അമ്മച്ചി പറഞ്ഞോളാം അപ്പനോട് ”
അവരുടെ കൈ തട്ടി മാറ്റുന്നതിനിടെ ജെയിംസ് പറഞ്ഞു.
“അമ്മച്ചിയ്ക്ക് എല്ലാം അറിയാവുന്നതല്ലേ.. ഈ ജയിംസിന്റെ ജീവിതത്തിൽ ഒറ്റ പെണ്ണെയുള്ളൂ.. നാൻസി.. പിന്നെ എന്നാത്തിനാ ഈ നാടകം? ”
ജെയിംസിന്റെ പിന്നാലെ വന്ന ട്രീസ വാതിലിനപ്പുറം എല്ലാം കേട്ടു നിൽപ്പുണ്ടായിരുന്നു..
“അപ്പന്റെ സ്വഭാവം നിനക്കറിയത്തില്ലേ.. അമ്മച്ചിയെ ഓർത്ത് ഇപ്പോ നീ ഒന്നും പറഞ്ഞേക്കരുത്.. ”
മേരിയെ ദേഷ്യത്തോടെ ഒന്നു നോക്കി ജെയിംസ് അടുക്കളയിൽ നിന്നും പുറത്തേക്ക് നടന്നു. ട്രീസ വാതിലിനു മറവിലേക്ക് ചാരി നിന്നു..ജെയിംസ് ആരെയും നോക്കാതെ സ്റ്റെയർകേസ് കയറി മുകളിലേക്ക് നോക്കി. ബീന ഡേവിഡിനെ ഒന്നു നോക്കി. അയാൾ കണ്ണടച്ച് കാണിച്ചു.
“ജയ് ചാച്ചാ.. ഞാൻ വന്നിട്ട് എന്നോടൊന്നും സംസാരിച്ചത് പോലുമില്ലല്ലോ.. ”
തന്റെ മുറിയുടെ ജനവാതിലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ജെയിംസ്.. ദേഷ്യം കൊണ്ടു മുഖമാകെ വലിഞ്ഞു മുറുകിയിരുന്നു..
ട്രീസ കുണുങ്ങി കുണുങ്ങി അരികിലേക്ക് വന്നപ്പോൾ ജെയിംസിന് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.അവളുടെ കഴുത്തിനു കുത്തി പിടിച്ചു ചുമരോട് ചേർത്തു ജെയിംസ്..
“പന്ന പുന്നാര മോളെ.. നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് എന്റെ അടുത്ത് ശൃംഗരിക്കാൻ വന്നേക്കരുതെന്ന്.. നിനക്ക് പുറകെ വരുന്നവന്മാരുടെ കൂട്ടത്തിൽ എന്നെ കൂട്ടണ്ട.. ജെയിംസിന് ഒരു വാക്കേയുള്ളൂ.. ”
ശ്വാസം കിട്ടാതെ പിടയുമ്പോളും ട്രീസ പുഞ്ചിരിച്ചു.. ജെയിംസിന്റെ കൈകൾ തന്നെ സ്പർശിച്ചപ്പോൾ ഒരു തരം ഉന്മാദമായിരുന്നു അവൾക്ക്.. അവളുടെ ഭാവം കണ്ടു ജെയിംസ് അറപ്പോടെ പിടുത്തം വിട്ടു..
ഒന്ന് ചുമച്ചു ശ്വാസഗതി നിയന്ത്രിച്ചു ട്രീസ പറഞ്ഞു.
“ഇതാണ്.. ഇതാണ് എനിക്കിഷ്ടം.. ഈ ദേഷ്യം.. ആരാലും നിയന്ത്രിക്കാൻ പറ്റാത്ത ഇയാളെ എനിക്ക് വേണം.. ”
ജെയിംസ് ദേഷ്യം കടിച്ചു പിടിച്ചു അവളെ നോക്കി..
“ജയ് ചാച്ചൻ എന്റെ മാത്രമാ.. ”
“നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതാ. എന്നെ അങ്ങനെ വിളിക്കരുതെന്ന്.. ”
“അതെന്നാ ജയ് ചാച്ചാ.. ആനി അങ്ങനെയല്ലേ വിളിക്കുന്നത്.. ഇനി എനിക്കല്ലേ അവളെക്കാൾ അവകാശം.. ”
ജെയിംസ് ഒരു നിമിഷം അവളെ നോക്കി നിന്നു..
“വെളിവില്ലാത്ത നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല.. എന്നാലും ഒന്ന് ഞാൻ പറഞ്ഞേക്കാം ജയിംസിന്റെ ജീവിതത്തിൽ ഒരു പെണ്ണെയുള്ളൂ, അത് പക്ഷെ നീയല്ല..”
വെറുപ്പോടെ അവളെ തള്ളി പുറത്താക്കി വാതിൽ വലിച്ചടച്ചു ജെയിംസ്..
“നിങ്ങളുടെ ജീവിതത്തിൽ ഞാനേ ഉണ്ടാവൂ മിസ്റ്റർ ജെയിംസ് ആന്റണി.. ട്രീസ മോഹിച്ചതെല്ലാം ഇന്നേവരെ സ്വന്തമാക്കിയിട്ടും ഉണ്ട്.. ”
അടഞ്ഞ വാതിലിനു മുൻപിൽ നിന്നും പുറത്തേക്ക് നടക്കുമ്പോൾ ട്രീസ പിറുപിറുത്തു
ഏറെ സമയം കഴിഞ്ഞു കാർ പോവുന്ന ശബ്ദം കേട്ടു.. ജെയിംസ് പതിയെ വണ്ടിയുടെ താക്കോലുമെടുത്ത് പുറത്തേക്ക് നടന്നു.. പൂമുഖവാതിൽ എത്തിയപ്പോഴാണ് പുറകിൽ നിന്നും കേട്ടത്..
“എങ്ങോട്ടാ..? ”
അപ്പൻ..
“അത്.. ഞാനൊന്ന് പുറത്തേക്ക്.. ”
“ഹാ പിന്നെ.. നിന്റെ കെട്ടു ഞാനങ്ങു ഉറപ്പിച്ചു. വരുന്ന മാസം പതിനാറാം തിയ്യതി.. പെണ്ണാരെന്നു പ്രത്യേകിച്ചു പറയേണ്ടല്ലോ.. ട്രീസ മോളു തന്നെ.. ”
“അപ്പൻ ആരോടു ചോദിച്ചിട്ടാ എന്റെ കെട്ട് ഉറപ്പിച്ചേക്കണത് …? ”
“എടാ ജയിച്ചാ അപ്പനെ ചോദ്യം ചെയ്യാൻ മാത്രം വളർന്നോ നീ.. ”
ആന്റോച്ചായാനാണ്..
“അവൻ ചോദിക്കട്ടേടെടാ.. ഇത്രേം വളർത്തി വലുതാക്കിയതല്ലേ.. തിന്നിട്ട് എല്ലിടയിൽ കുത്തുന്നുണ്ടാവും.. ”
“ഞാൻ അപ്പനോടും ഇച്ചായന്മാരോടും പറഞ്ഞതല്ലേ എനിക്ക് ട്രീസയുമായുള്ള കല്യാണത്തിനു സമ്മതമല്ലെന്ന്.. അവള് ബാംഗ്ലൂരിൽ കാണിച്ച് കൂട്ടിയതെല്ലാം നിങ്ങൾക്കും അറിയാവുന്നതല്ലേ.. ”
“അതിനിപ്പോൾ എന്നാടാ.. ആ കൊച്ചെന്തോ കുസൃതി കാണിച്ചൂന്ന് വെച്ചിട്ട്.. അവൾക്ക് നീയെന്നു വെച്ചാൽ ജീവനാണ്.. ”
ജെയിംസ് സണ്ണിച്ഛന്റെ മുഖത്തേക്ക് പുച്ഛത്തോടെ നോക്കി.
“ഡ്രഗ്സ് അടിച്ചു കണ്ണിൽ കണ്ടവന്മാരുടെ കൂടെ അഴിഞ്ഞാടി നടന്നതാണോ ഇച്ചായാ കുസൃതി.. എനിക്കറിയാം ഡേവിഡ് അങ്കിളിന്റെ കാശ് കണ്ടിട്ടാണ് നിങ്ങൾക്കൊക്കെ ഈ ഇളക്കം.. ”
“അതേടാ കാശ് കണ്ടിട്ട് തന്നെയാ.. ഒന്നും രണ്ടുമല്ല കോടികളുടെ അവകാശിയാ ആ കൊച്ച്.. അതെല്ലാം നിനക്കുള്ളതാ ”
“എനിക്ക് ആ കോടികൾ വേണ്ടങ്കിലോ ”
“ദേ കൊച്ചനെ കൊറേ നേരമായി ഞാൻ കേട്ട് നിൽക്കുന്നു.. നിന്റെ ഉള്ളിരിപ്പ് എന്നതാന്നൊക്കെ എനിക്കറിയാം.. ആ പരിപ്പ് ഇല്ലിക്കലെ അടുക്കളയിൽ വേവത്തില്ല.. ”
ജെയിംസ് അപ്പനെ ഒന്ന് നോക്കി ചവിട്ടി തുള്ളി പുറത്തേക്ക് നടന്നു. ആ പോക്ക് നോക്കി ഒന്നിരുത്തി മൂളിയിട്ട് ആന്റണി മക്കളെ നോക്കി..
രാത്രി ഏറെ വൈകിയാണ് ജെയിംസ് തിരികെ എത്തിയത്. ആനിയാണ് വാതിൽ തുറന്നത്. വേണ്ടാന്ന് പറഞ്ഞെങ്കിലും അവളുടെ നിർബന്ധത്തിന് വഴങ്ങി അവൻ കഴിക്കാനിരുന്നു.
“ജയ് ചാച്ചാ അപ്പനും ഇച്ചായന്മാരും രണ്ടും കല്പിച്ചാ.. ഇച്ചായനു വേണ്ടി സംസാരിച്ചതിന് എല്ലാരും അമ്മച്ചിയോടു വഴക്കിട്ടു.. നാൻസി ചേച്ചി… ”
ജെയിംസ് കൈ കഴുകി കഴിഞ്ഞാണ് അവളത് പറഞ്ഞത്. ഒരു നിമിഷം ഒന്നും മിണ്ടിയില്ലെങ്കിലും പതിയെ തിരിഞ്ഞു അവളെ നോക്കി ഒരു ചിരിയോടെ ജെയിംസ് പറഞ്ഞു.
“കൊച്ചിന് ഒരു പേടിയും വേണ്ടാ.. നിന്റെ ഏടത്തിയമ്മ നാൻസി തന്നെ ആയിരിക്കും.. ”
“എന്നാലും എനിക്ക് പേടിയാവുന്നു ചാച്ചാ.. ആ ട്രീസ.. അവൾക്ക് എന്നോടും ദേഷ്യമാണ്… ചാച്ചൻ ഇഷ്ടപ്പെടുന്നവരെയൊക്കെ അവൾക്ക് വെറുപ്പാണ്.. ”
ജെയിംസ് ആനിയെ ചേർത്ത് പിടിച്ചു.
“എന്റെ ആനിക്കൊച്ച് വേണ്ടാത്ത കാര്യങ്ങളൊന്നും ആലോചിച്ചു ടെൻഷൻ അടിക്കാതെ പോയി കിടന്നുറങ്ങിയേ.. എന്നതായാലും നിന്റെ ഏടത്തിയമ്മയായി ആ പിശാച് ഇങ്ങോട്ട് കെട്ടി എടുക്കത്തില്ല ”
ആനി ചിരിച്ചെങ്കിലും അവളുടെ കണ്ണുകളിൽ പേടിയുണ്ടായിരുന്നു..
പിറ്റേന്ന് രാവിലെ അപ്പൻ പറഞ്ഞതനുസരിച്ച് എസ്റ്റേറ്റ്ലേക്ക് പോവുന്നതിനിടെ ജംഗ്ഷൻ കഴിഞ്ഞു ഇത്തിരി മുൻപോട്ട് എത്തിയപ്പോഴാണ് കപ്യാര് വർക്കിച്ചേട്ടൻ ജീപ്പിന് കൈ കാണിച്ചത്.. സൈഡിലേക്ക് നിർത്തി പുറത്തേക്കിറങ്ങിയതും അയാൾ ജെയിംസ്ന്റെ കൈകളിൽ പിടിച്ചു.
“കുഞ്ഞെ.. നിങ്ങളൊക്കെ വല്യ ആൾക്കാരാ.. ഒരുപാട് തീ തിന്നാണ് മൂന്നിൽ രണ്ടെണ്ണത്തിനെ കെട്ടിച്ചയച്ചത്. എന്റെ പെടാപാട് കണ്ടിട്ടാണ് എന്റെ നാൻസിക്കൊച്ച് മഠത്തിൽ പോവാന്ന് പറയുന്നത്.. മോൻ ഇനി അവളുടെ പിന്നാലെ നടക്കരുത്.. ഞങ്ങൾ ജീവിച്ചു പൊയ്ക്കോട്ടേ.. ”
നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു അയാൾ തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ ജെയിംസ് വിളിച്ചു.
“വർക്കിച്ചേട്ടൻ ഒന്ന് നിന്നെ.. ”
അയാൾ തിരിഞ്ഞു നോക്കി.. ആ മുഖത്തെ ആശങ്ക ജെയിംസിന് കാണാമായിരുന്നു..
“ഞാൻ നാൻസിയെ സ്നേഹിച്ചത് മിന്നു കെട്ടി കൂടെ കൂട്ടാനാ.. ആരെതിർത്താലും എനിക്ക് അതൊരു പ്രശ്നമല്ല.. കണ്ണു നിറയ്ക്കാതെ നോക്കിക്കോളാം ഞാൻ.. തരത്തില്ലെന്ന് മാത്രം പറഞ്ഞേക്കരുത്.. ”
അയാളുടെ കൈയിൽ പിടിച്ചുകൊണ്ടു തന്നെയാണ് ജെയിംസ് പറഞ്ഞത്. അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി, ഒന്നും പറയാതെ അയാൾ തിരികെ നടന്നു..
“ഞാൻ വരും.. അവളെ കൂടെ കൊണ്ടു പോവാൻ.. ഒരു മഠത്തിലേക്കും ഞാൻ വിടത്തില്ല.. ”
ജെയിംസ് വിളിച്ചു പറഞ്ഞു. വർക്കിച്ചൻ തിരിഞ്ഞു നോക്കിയില്ല.. ജെയിംസ് വണ്ടിയിൽ കയറി പോയി..
പിറ്റേന്ന് പുലർച്ചെ ബെന്നിച്ചന്റെ ഫോൺ വന്നപ്പോൾ ജെയിംസ് വിറങ്ങലിച്ചു നിന്നു.എങ്ങിനെയാണ് വണ്ടി ഓടിച്ചു തിരിച്ചു വന്നെതെന്ന് അവന് അറിയില്ലായിരുന്നു..
അവൻ എത്തുമ്പോഴേക്കും പള്ളിയിൽ കപ്യാര് വർക്കിച്ചന്റെ അടക്ക് കഴിഞ്ഞിരുന്നു.. വീട്ടിൽ ചേച്ചിമാർക്കിടയിൽ കരഞ്ഞു തളർന്നു പ്രതിമ പോലെ ഇരിക്കുന്ന നാൻസിയെ അവൻ കണ്ടു. അവളുടെ നെറ്റിയിലെ ബാൻഡേജും..
“അവര് രണ്ടു മൂന്ന് പേരുണ്ടായിരുന്നു. നാൻസിയെ പിടിച്ചു കൊണ്ടു പോവുന്നത് തടഞ്ഞപ്പോഴാണ് വർക്കിച്ചേട്ടന്റെ തലയ്ക്കു അടിച്ചത്.. നിലവിളി കേട്ട് എല്ലാവരും ഓടിക്കൂടുമ്പോൾ അവര് നാൻസിയെ വണ്ടിയിലേക്ക് പിടിച്ചു കേറ്റാൻ നോക്കുകയായിരുന്നു..ആള് കൂടിയപ്പോൾ അവര് വണ്ടിയിൽ കയറി രക്ഷപ്പെട്ടു.. ”
ബെന്നി ചെവിയിൽ പറഞ്ഞത് കേട്ടപ്പോൾ ജയിംസിന്റെ മുഖം മുറുകി..
മൂന്ന് ദിവസം കഴിഞ്ഞു ജെയിംസ് ഇല്ലിക്കൽ തറവാടിന്റെ മുറ്റത്തു കാല് കുത്തിയപ്പോൾ അവന്റെ ഇടം കൈയിൽ നാൻസിയുടെ വലം കൈ ഉണ്ടായിരുന്നു..
“നിൽക്കെടാ അവിടെ.. ആരോടു ചോദിച്ചിട്ടാ നീയിവളെയും കൊണ്ടു ഇവിടെ കാല് കുത്തിയത്.. അവളെയും കൊണ്ടു ഈ കുടുംബത്തു കയറി പൊറുക്കാമെന്ന് എന്റെ മോൻ മോഹിച്ചിട്ടുണ്ടേൽ അതങ്ങ് മാറ്റി വെച്ചേരെ.. നടക്കത്തില്ല.. ”
പൂമുഖത്ത് നിന്ന് ഉറഞ്ഞു തുള്ളുന്ന ആന്റണിയ്ക്ക് മുൻപിൽ അവളുടെ കൈയും പിടിച്ചു നിവർന്നു നിന്നു കൊണ്ടു ജെയിംസ് പറഞ്ഞു.
“ഇല്ലിക്കൽ ആന്റണിയുടെ മുൻപിൽ കെട്ടിയ പെണ്ണിനേയും കൊണ്ടു ഇരക്കാൻ വന്നതല്ല ജെയിംസ്.. ഇറങ്ങിയേക്കുവാ ഈ നിമിഷം.. നിങ്ങളുടെതായ ഒന്നും ഞാനെടുക്കുന്നില്ല.. ”
വണ്ടിയുടെ താക്കോൽ കോലായിലേക്ക് ഇട്ടു നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്ന അമ്മച്ചിയേയും ആനിയെയും ഒന്ന് നോക്കി ജെയിംസ് ഇല്ലിക്കൽ തറവാട്ടിൽ നിന്നും ഇറങ്ങി…
ബെന്നിച്ചന്റെ വീട്ടിലായിരുന്നു അവർ. ബെന്നിച്ചന് ഒരു ചേച്ചിയും അമ്മച്ചിയും മാത്രമേ ഉള്ളൂ. ചേച്ചിയെ കെട്ടിച്ചയച്ചു.
“നീ വിഷമിക്കണ്ടടാ നമ്മൾ അന്ന് പറഞ്ഞപോലെ ആ ദാസേട്ടന്റെ വീട് ഞാൻ ശരിയാക്കിയിട്ടുണ്ട്.. അവിടെയാവുമ്പോൾ അത്യാവശ്യം സാധനങ്ങളുമുണ്ട്.. എല്ലാം ശരിയാകും.. ഒരു ജോലി ശരിയാകുന്ന വരെ പിടിച്ചു നിൽക്കാൻ അത്യാവശ്യം കുറച്ചു കാശ് നിന്റേൽ ഇല്ലേ… ”
“അതൊന്നും പ്രശ്നമല്ലെടാ.. എന്ത് ജോലി ചെയ്തിട്ടാണേലും അവളെ പട്ടിണിക്കിടാതെ പോറ്റാൻ കഴിയുമെന്ന ചങ്കൂറ്റം എനിക്കുണ്ട്.. എന്നാലും അപ്പനും ഇച്ചായന്മാരും.. ”
“പോട്ടെടാ.. ഇനി പറഞ്ഞിട്ടെന്നാ.. ”
“ബെന്നിച്ചൻ പറഞ്ഞതാ ഇച്ചായാ ശരി.. ഇനി ഇച്ചായൻ നാൻസി ചേച്ചിയുടെ കാര്യം മാത്രം ഓർത്താൽ മതി..ഞങ്ങളൊക്കെ ഇല്ലേ
കൂടെ ”
മുത്തു പറഞ്ഞത് കേട്ട് ജെയിംസ് അവനെ നോക്കി.. അവന്റെ മിഴികളിലെവിടെയോ നനവൂറിയിരുന്നു..
ജെയിംസ് മുറിയിലേക്ക് ചെന്നപ്പോൾ കട്ടിലിൽ ഒരു കോണിൽ നിലത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു നാൻസി..
“എന്നതാ പെണ്ണെ ഇത്രേം വല്യ ആലോചന.. ഇനിയും മഠത്തിൽ പോണെന്നു തോന്നുന്നുണ്ടോ നിനക്ക്..? ”
അവളുടെ അടുത്തിരുന്നു ചുമലു കൊണ്ടൊന്നു തട്ടിയിട്ട് ജെയിംസ് ചോദിച്ചു.
ജെയിംസ് കയറി ചെല്ലുമ്പോൾ ചേച്ചിമാരുടെ കുറ്റപ്പെടുത്തലുകൾക്കിടയിലായിരുന്നു നാൻസി. ആര് കൂടെ കൊണ്ടു പോവും എന്ന വാഗ്വാദത്തിനിടെ അപ്പൻ മരിക്കാൻ കാരണം അവളാണെന്ന മട്ടിൽ സംസാരം എത്തിയപ്പോഴാണ് ജെയിംസ് കരയാൻ പോലും മറന്നു നിൽക്കുന്ന നാൻസിയുടെ കൈ പിടിച്ചത്. ഒരക്ഷരം മിണ്ടാതെ പാവയെ പോലെ അവന്റെ പിറകെ നടന്നു അവൾ..
ഇത് വരെ ഒന്നും സംസാരിച്ചിട്ടില്ല..
“എന്നോട് ഇപ്പോഴും വെറുപ്പാണോ
കൊച്ചെ..? ”
പൊട്ടിക്കരച്ചിലോടെ ഒട്ടും പ്രതീക്ഷിക്കാതെ അവൾ ജെയിംസിനെ കെട്ടിപ്പിടിച്ചു.. നാൻസിയെ തന്നോട് ചേർത്ത് പിടിക്കുമ്പോൾ പണ്ട് അമ്മച്ചി പറഞ്ഞു തന്ന കഥയിലെ യുദ്ധം ജയിച്ചു രാജകുമാരിയെ സ്വന്തമാക്കിയ യോദ്ധാവിനെ ഓർമ്മ വന്നു അവന്…
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
സൂര്യകാന്തിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Waiting for next part ❤❤❤❤
Waiting for the next part 🥰🥰😊