Skip to content

ആരോ ഒരാൾ – 6

aaro oral by sooryakanthi aksharathalukal novel

“എന്നാടീ തുറിച്ചു നോക്കുന്നെ, ആണുങ്ങളെ കണ്ടിട്ടില്ലേ…? ”

“ഇതുപോലൊരു ഐറ്റത്തിനെ ആദ്യമായിട്ട് കാണുകയാ… ”

ജയിംസിന്റെ മുഖത്തൊരു ഞെട്ടൽ പ്രകടമായിരുന്നു.. താരയ്ക്ക് ചിരി പൊട്ടി തുടങ്ങിയിരുന്നു.. ഇത് വരെ എന്തു പറഞ്ഞാലും, മിണ്ടാതെ മുഖം കുനിച്ചു നിന്നിരുന്ന താരയിൽ നിന്നും ഇങ്ങനെയൊരു പ്രതികരണം ആള് പ്രതീക്ഷിച്ചിട്ടില്ലെന്ന് വ്യക്തം..

അവളെ ഒന്ന് തുറിച്ചു നോക്കി ജെയിംസ് പുറത്തേക്ക് നടന്നു..

ആ നിമിഷമായിരുന്നു അയാളോട് സഹതാപമോ,കുറച്ചു സമയത്തേക്കാണെങ്കിലും കഴുത്തിൽ താലി ചാർത്തി എന്ന പേരിൽ തോന്നിയ പേരറിയാത്ത വികാരമോ അല്ലാത്ത മറ്റെന്തോ താരയുടെ മനസ്സിൽ നാമ്പിട്ടത്.. അത്‌ പ്രണയമാണെന്ന് തിരിച്ചറിഞ്ഞതും താര ഒന്ന് ഞെട്ടി..

ആ ഒറ്റക്കൊമ്പനെ തളയ്ക്കുവാൻ ഒട്ടും എളുപ്പമല്ല മോളേ.. മിക്കവാറും നിന്റെ അവസാനം അയാളുടെ കൈ കൊണ്ടായിരിക്കും..

താരയുടെ മനസ്സ് പറഞ്ഞു..

പക്ഷെ ആ മൊരട്ടു സ്വാഭാവത്തിനുള്ളിൽ ആരും കാണാതെ പൊതിഞ്ഞു പിടിച്ച തകർന്നു പോയൊരു മനസ്സുണ്ട്…

അയാളുടെയും തന്റെയും പ്രായം… ചുറ്റുപാടുകൾ.. സാഹചര്യം..

തടസ്സങ്ങൾ മാത്രമേയുള്ളു.. എല്ലാത്തിലുമുപരി തിരിച്ചു കിട്ടുമോ എന്ന് പോലും അറിയാത്തൊരു ഇഷ്ടം.. ഇനി ഒരു പെണ്ണിനെ പ്രണയിക്കുവാൻ അയാൾക്ക് സാധ്യമാണോ എന്നും അറിയില്ല..

പക്ഷേ..

“ചേച്ചി.. കഴിക്കണ്ടേ..? ”

കാളിയുടെ ശബ്ദം കേട്ടാണ് താര ചിന്തയിൽ നിന്നും ഉണർന്നത്.

“ഉം.. എനിക്കൊന്ന് പുറത്തു പോവണം കാളി..

എഴുന്നേൽക്കാൻ ശ്രെമിക്കുന്നതിനിടെ എന്തോ ഓർത്ത പോലെ താര കാളിയെ നോക്കി..

“അവിടെ ഇച്ചായൻ കുളിക്കുവല്ലേ..? ”

“ഇച്ചായൻ താഴെ പാറക്കൂട്ടങ്ങൾക്കപ്പുറത്തെ വെള്ളച്ചാട്ടത്തിനരികെയാണ് കുളിക്കാൻ പോവാറ് ചേച്ചി.. ”

മുത്തു പറഞ്ഞത് കേട്ട് താര അവനെ നോക്കി. മുത്തു തുടർന്നു.

“മരങ്ങൾക്കപ്പുറം കുറച്ചങ്ങോട്ട് നടന്നാൽ മല മുകളിൽ നിന്നും താഴെ കാട്ടുചോലയിലേക്ക് വെളളം വീഴുന്നുണ്ട്.. ഇച്ചായൻ മിക്കപ്പോഴും അവിടെയാണ് ഉണ്ടാവുക.. വെള്ളത്തിൽ ഇറങ്ങിയാൽ പിന്നെ കയറാൻ കൂട്ടാക്കില്ല… ”

“ആഹാ ബെസ്റ്റ്.. അകത്തും വെള്ളം പുറത്തും വെള്ളം.. ”

രണ്ടു പേരിൽ നിന്നും പ്രതികരണം ഒന്നും ഇല്ലാതിരുന്നത് കൊണ്ടാണ് താര മുഖമുയർത്തി നോക്കിയത്..

ജെയിംസ്.. കണ്ണൊക്കെ ചുവന്നിരിക്കുന്നു. കഴുത്തിലെ കുരിശ് മാലയിൽ അപ്പോഴും വെള്ളത്തുള്ളികൾ തങ്ങി നിന്നിരുന്നു. തല തുവർത്തിയിട്ടില്ലെന്ന് തോന്നി.. ചെമ്പൻ മുടിയിഴകളിൽ നനവുണ്ടായിരുന്നു..

“അതിന് നിനക്കെന്നാടി..? കൂടുതൽ ചെറയാൻ നിന്നാലേ വെട്ടിയരിഞ്ഞു കാട്ടിൽ കൊണ്ടോയി ഇടും ഞാൻ.. ”

“അതെന്നാത്തിനാ ഇച്ചായാ വെട്ടി അരിയുന്നേ, അതൊക്കെ കാട്ടിലുള്ളവർ ചെയ്യത്തില്ല്യോ ”

ജയിംസിന്റെ അതേ ടോണിൽ താര ചോദിക്കുന്നത് കേട്ട് മുത്തു വാ പൊളിച്ചു നിന്നു.

“ദേണ്ടെ ചെറുക്കാ, ഈ മാരണത്തിനെ എവിടാന്ന് വെച്ചാൽ കൊണ്ടു
കളഞ്ഞേക്കണം.. ”

ജെയിംസ് ദേഷ്യത്തോടെ ഷർട്ടുമെടുത്തു പുറത്തേക്ക് നടന്നു.

“ഇത്തിരി ആക്കം വന്നപ്പോ അവളുടെ നാവ് അടങ്ങി നിക്കത്തില്ല.. ”

പോകുന്നതിനിടെ പിറുപിറുക്കുന്നത് കേൾക്കാമായിരുന്നു..

അവളെ നോക്കിയ മുത്തുവിനെ നോക്കി താര മെല്ലെ പറഞ്ഞു.

“നീ ചെന്നു അങ്ങേർക്ക് ചോറെടുത്തു കൊടുത്തേക്ക്.. അല്ലേൽ കൊച്ചു പിള്ളേരെ പോലെ പിണങ്ങി പോവും.. ”

കാളി അവളുടെ പിറകെ ചെന്നപ്പോൾ താര കൈ കൊണ്ടു വിലക്കി. കാലിലെ നീര് വലിഞ്ഞിരുന്നു. ചെറിയ വേദനയെ ഉള്ളൂ. ജെയിംസ് കൊടുത്ത മുള വടി കുത്തി പിടിച്ചു കൊണ്ടു താര പതിയെ ചുവടുകൾ വെച്ചു പുറത്തേക്ക് നടന്നു.

ഭക്ഷണം കഴിഞ്ഞു കിടന്നു താര മയങ്ങി പോയിരുന്നു.

കുറേ കഴിഞ്ഞു കണ്ണുകൾ തുറന്നപ്പോൾ കട്ടിലിനു കുറച്ചു മുൻപിലായി പനയോലയും മുളവടിയും വെച്ചു കെട്ടിയൊരു മറ..അവളുടെ ഭാഗം മാത്രം വേർതിരിച്ചു മറച്ചു കെട്ടിയിരിക്കുന്നു..

താര സംശയത്തോടെ എഴുന്നേറ്റു വടി കുത്തി പിടിച്ചു അതിനരികിൽ എത്തി. അതിൽ പിടിച്ച് ചെറുതായി ഒന്നു വലിച്ചതും അതങ്ങു ചെരിഞ്ഞു വീണു. ബാലൻസ് തെറ്റി താരയും. കണ്ണുകൾ ഇറുക്കി അടച്ച് അവൾ വീണത് മറ വെച്ചു കെട്ടി കൊണ്ടിരുന്ന ജയിംസിന്റെ നെഞ്ചിലേക്കായിരുന്നു. പ്രതീക്ഷിക്കാതെ ആയത് കൊണ്ടു അവനും പിടുത്തം കിട്ടിയില്ല.. രണ്ടും കൂടെ തല്ലി അലച്ചു നിലത്തോട്ട് വീണു.

“ദേഹത്തു നിന്നും എഴുന്നേറ്റു പോടീ പുല്ലേ.. ”

അവളെ തള്ളി മാറ്റാൻ ശ്രെമിച്ചു കൊണ്ടു ജെയിംസ് മുരണ്ടു.

കൈയിൽ നിന്നും വീണു പോയ വടി എത്തി പിടിച്ചു കൈ കുത്തി താര എഴുന്നേറ്റു. അപ്പോഴേക്കും ജെയിംസും ചാടി എഴുന്നേറ്റിരുന്നു..

“എന്നാടി നിനക്ക് കണ്ണു കാണാൻ മേലേ . എപ്പോ നോക്കിയാലും മനുഷ്യന്റെ നെഞ്ചത്തോട്ടാണല്ലോ.. ”

“അത് നിങ്ങൾ ഇതിനു പിറകിൽ നിന്ന് കെട്ടിയുണ്ടാക്കുവാണെന്ന് ഞാനറിഞ്ഞോ.. ”

“കൂടെ താമസിക്കുന്നത് ആണുങ്ങൾ ആണെന്ന ബോധമില്ലാതെ കിടന്നുറങ്ങുന്ന നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യോമില്ല.. പെൺപിള്ളേരായാൽ ഇത്തിരി അടക്കോം ഒതുക്കോം ഒക്കെ വേണം… ”

അവളെ അടിമുടിയൊന്ന് നോക്കി കൊണ്ടു അയാൾ പറഞ്ഞു.

“വളർത്തു ദോഷം.. ”

“ദേ അനാവശ്യം പറയരുത്.. ”

പെട്ടെന്നായിരുന്നു തനിക്ക് നേരേ ചൂണ്ടിയ താരയുടെ കൈ ജെയിംസ് പിടിച്ചു തിരിച്ചത്.

“കൈ ചൂണ്ടി സംസാരിക്കുന്നോടി കോപ്പേ.. ”

താര കൈ വലിക്കാൻ ശ്രെമിച്ചപ്പോൾ അയാൾ പിടുത്തം മുറുക്കി.

“ആ..കൈ വിട്.. ”

താരയുടെ കണ്ണുകൾ നിറയുന്നത് കണ്ടതും ജെയിംസ് പിടുത്തം വിട്ടു. അവളെയൊന്ന് നോക്കിയിട്ട് പോയി.

താരയ്ക്ക് നന്നായി വേദനിച്ചിരുന്നു. ഉരുക്കു പോലെയുള്ള കൈകൾ കൊണ്ടാണ് പിടിച്ചു തിരിച്ചത്..

“എടാ.. ”

പുറത്തു നിന്ന് ജയിംസിന്റെ അലർച്ച കേട്ടാണ് അവൾ ജനലിലൂടെ നോക്കിയത്. താഴെ വെള്ളത്തിനരികെ പാറക്കല്ലിൽ ഇരുന്നു സംസാരിക്കുകയാണ് കാളിയും മുത്തുവും..
ജെയിംസ് വിളിക്കുന്നത് കേട്ട് അവൻ ധൃതിയിൽ ഓടി വരുന്നത് കണ്ടു.

“ടാ.. ഇതിനൊരു തീരുമാനം ഉണ്ടാക്കിയില്ലേൽ നിന്റെ കാര്യത്തിൽ ഞാൻ ചില തീരുമാനങ്ങൾ എടുക്കും.. ”

“എന്താ ഇച്ചായാ..? ”

“അകത്തിരിക്കുന്ന ആ സാധനത്തിനെ എവിടേക്കാണെന്നു വെച്ചാൽ കൊണ്ടു വിട്ടോണം. ഇന്നൊരു ദിവസം.. ഇന്നൊരു ദിവസം കൂടി.. നാളെ രാവിലെ ആ സാധനത്തിനെ ഇവിടെ കാണാൻ പാടില്ല…കേട്ടല്ലോ.. ”

മുത്തുവിനെ നോക്കി പറഞ്ഞിട്ട് ജെയിംസ് അകത്തേക്ക് നോക്കി പല്ലു ഞെരിച്ചു.

“ഇത്തിരി മനസമാധാനം കിട്ടാനാണ് ഈ കാട്ടിൽ വന്നു കിടന്നേക്കുന്നത്. അപ്പോൾ അവിടെയും ഓരോ അവളുന്മാര്.. ”

ഒന്ന് മൂളിയിട്ട് ജെയിംസ് താഴേക്കിറങ്ങി പോയി.
തനിക്കു എതിരെ കയറി വന്ന കാളിയുടെ മുഖത്തേക്ക് പോലും അയാൾ നോക്കിയില്ല.
മുത്തു അകത്തേക്ക് ഓടിക്കയറി. അവനെ കണ്ടതും താര തടവി കൊണ്ടിരുന്ന കൈ മെല്ലെ താഴ്ത്തി.. പകുതി കെട്ടിയ മറയും താഴെ വീണു കിടക്കുന്ന ഓലയും വടിയുമെല്ലാം കണ്ടു അവൻ പകച്ചു നിന്നു.

“നിന്റെ ഇച്ചായൻ മറ കെട്ടിയുണ്ടാക്കിയതാ.. കെട്ടുന്നതേ ഉണ്ടായിരുന്നുള്ളൂവെന്ന് ഞാൻ അറിഞ്ഞില്ല. അതിൽ പോയി തട്ടി. എല്ലാം കൂടെ താഴെ മറിഞ്ഞു വീണു.. ”

“ചേച്ചിയെ നാളെ പറഞ്ഞു വിടണമെന്നാണ് കല്പന.., ”

“ഈ ചേച്ചി അങ്ങനെയൊന്നും പോവത്തില്ല ചെറുക്കാ.. നിന്റെ ഇച്ചായനെ നേരെയാക്കാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ.. ഒന്നുമില്ലേലും ഞാനൊരു സൈക്യാട്രിസ്റ്റ് അല്ലേടാ.. ”

മുത്തു അവൾക്കരികിലേക്ക് ചെന്നു. ആ കൈയിൽ പിടിച്ചു. താര വേദനയോടെ കൈ പിറകോട്ടു വലിച്ചു. മുത്തു പേടിച്ചു പോയി.

“നിന്റെ ഇച്ചായൻ.. ആ കാലമാടൻ പിടിച്ചു തിരിച്ചതാ.. ”

എന്തു പറയണമെന്നറിയാതെ നിൽക്കുന്ന മുത്തുവിനെ നോക്കി താര ചിരിച്ചു.

“സാരമില്ലെടാ.. നിന്റെ ഇച്ചായനെ വളച്ചൊടിച്ചു കുപ്പിയിൽ ആക്കുന്ന കാര്യം ഞാൻ ഏറ്റു.. ”

ഒന്ന് നിർത്തി അവൾ കണ്ണിറുക്കി കാണിച്ചു കൊണ്ടു പറഞ്ഞു.

“അതിന് മുൻപേ അങ്ങേരെന്റെ എടപാട് തീർത്തില്ലേൽ.. ”

“ചേച്ചി.. ഇച്ചായൻ.. ഒരുപാട് സഹിച്ചിട്ടുണ്ട്.. ഇനിയും… എനിക്ക് പേടിയാ..പക്ഷെ ഒന്നെനിക്കറിയാം ചേച്ചിയ്ക്ക് ഇച്ചായനെ നേരെയാക്കാൻ സാധിക്കും.. ”

“നമ്മുക്ക് നോക്കാം മുത്തു.. നീ കട്ടയ്ക്ക് കൂടെ നിന്നാൽ മതി… ”

മുത്തു പിന്നെയും സംശയത്തോടെ അവളെ തന്നെ നോക്കി നിന്നു.അതുകണ്ടു താര പറഞ്ഞു.

“എനിക്കറിയാം.. നിന്റെ മനസ്സിലെ ചോദ്യങ്ങൾ.. എന്നെക്കുറിച്ച് എല്ലാം ഞാൻ പറയാം.. ”

ജെയിംസ് വന്നില്ല.. സന്ധ്യയാവുന്നതിന് മുൻപേ മുത്തു കാളിയെ കൊണ്ടു വിട്ടു.അവൾ തന്നെ പൊയ്ക്കോളാമെന്ന് പറഞ്ഞിട്ടും താരയാണ് നിർബന്ധിച്ചു മുത്തുവിനെ കൂടെ വിട്ടത്. അവർ പോയി കുറച്ചു കഴിഞ്ഞപ്പോൾ, താര കോലായിലേക്ക് വന്നു നിന്നു.

താഴെ കാടിനു മീതെ കോടയിറങ്ങിയിരുന്നു. തണുത്ത കാറ്റ് അടിച്ചു കയറിയപ്പോൾ താര മുത്തു നൽകിയ കമ്പിളി പുതപ്പ് കഴുത്തിലൂടെ വലിച്ചിട്ടു.

എന്തൊരു ഭംഗിയാണ്‌ ചുറ്റും.. കാട്ടു ചോലയ്ക്കപ്പുറം മരച്ചില്ലകളിൽ പക്ഷികൾ കൂടണയാൻ തുടങ്ങിയിരുന്നു..

മുത്തു വേഗം തിരികെ വന്നിരുന്നു. രാത്രി ഏറെ ആയിട്ടും ജെയിംസ് തിരികെ വന്നിരുന്നില്ല. പാതിരാത്രിയിൽ എപ്പോഴോ ആള് കയറി വന്നത് താര അറിഞ്ഞിരുന്നു..

രാവിലെ ഏറെ വൈകിയാണ് ജെയിംസ് കണ്ണുകൾ തുറന്നത്. രാത്രി കണക്കറ്റ് മദ്യപിച്ചിരുന്നു. എങ്ങനെയാണ് ഇവിടെ വരെ എത്തിയതെന്ന് അറിയില്ല..

സന്ധ്യയാവുന്നതിന് മുൻപേ രാധമ്മയുടെ അരികിൽ എത്തിയിരുന്നു.. അവൾ തന്നതും കുടിച്ചു അവിടെ തന്നെ കൂടാമെന്ന് കരുതിയപ്പോൾ എന്തോ ആ താരയുടെ മുഖം മനസ്സിൽ വന്നു.. രാധമ്മയുടെ മാദകത്വത്തിനൊന്നും മനസ്സ് മാറ്റാൻ കഴിഞ്ഞില്ല. അവളുടെ മുഖത്തെ നിരാശ്ശ കണ്ടുകൊണ്ടാണ് ഇറങ്ങി പോന്നത്.

എന്തിനാണ് താൻ അപ്പോൾ ആ പെണ്ണിനെ ഓർത്തത്..? അതിനെ കാണുമ്പോൾ തന്നെ ദേഷ്യം വരും..

ജെയിംസ് എന്തോ ഓർത്തത്‌ പോലെ പെട്ടെന്ന് എഴുന്നേറ്റു. ഇന്നലെ കെട്ടിവെച്ചത് അങ്ങനെ തന്നെ കിടപ്പുണ്ട്. താഴെ വീണതൊക്കെ എടുത്തു മാറ്റിയിട്ടുണ്ട്. കട്ടിലിൽ ആരെയും കണ്ടില്ല. ഒന്ന് ഏന്തി നോക്കിയപ്പോൾ അവളുടെ ബാഗും കണ്ടില്ല..

ധൃതിയിൽ അടുക്കളയിലേക്ക് നടന്നപ്പോൾ മുത്തു അവിടെ എന്തൊക്കെയോ ചെയ്യുന്നുണ്ട്.

“ഹാ ഇച്ചായൻ എഴുന്നേറ്റോ.. ദേ കഴിക്കാറുള്ളത് അവിടെ എടുത്തു വെച്ചിട്ടുണ്ട്.. ”

മുത്തു പറഞ്ഞത് ശ്രെദ്ധിക്കാതെ ജെയിംസ് ചോദിച്ചു.

“ടാ ആ പെണ്ണെവിടെ..? ”

“ആര്..? താരേച്ചിയോ..? ”

“ഉം.. ”

“ഇച്ചായൻ അല്ലേ കൊണ്ടു വിടാൻ പറഞ്ഞത്.. ഞാൻ ആ റോഡിൽ കൊണ്ടു പോയി അത്‌ വഴി വന്ന ലോറിയേൽ കയറ്റി വിട്ടു.. ”

“എടാ ചെറുക്കാ നിനക്കെന്നാ വട്ടുണ്ടായിരുന്നോ.. കണ്ട ലോറിക്കാരുടെ കൂടെയൊക്കെ അതിനെ കയറ്റി വിടാൻ.. ഇങ്ങനെയൊരു തലയ്ക്കു വെളിവില്ലാത്തവൻ ആയി പോയല്ലോ നീ ”

“രാവിലെ ഇവിടെ കാണാൻ പാടില്ല എന്ന് പറഞ്ഞത് ഇച്ചായനല്ലേ ”

“എന്ന് വെച്ചു.. അതിന്റെ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു കൊണ്ടു വിടാനല്ലേ ഞാൻ പറഞ്ഞത്.. ”
.
“അതെപ്പോൾ…? ”

ചോദ്യം പിറകിൽ നിന്നായിരുന്നു. ജെയിംസ് വെട്ടി തിരിഞ്ഞു നോക്കിയപ്പോൾ കൈ പിണച്ചു കെട്ടി ചിരിയോടെ നിൽക്കുന്ന താര..

“അപ്പോൾ ഞാൻ പോയെന്ന് കേട്ടപ്പോൾ ഇച്ചായന്‌ വിഷമമൊക്കെ ഉണ്ടല്ലേ.. ”

“അതേടി.. വിഷമം ഉണ്ടാകാൻ ഞാനിവിടെ കെട്ടി കയറ്റി വെച്ചേക്കുവല്ലേ നിന്നെ.. ”

“അതേല്ലോ.. ഇച്ചായന്‌ ഓർമ്മയില്ലേ..ദേ താലി.. അന്ന് കെട്ടി തന്നത് ”

“നീയിത് എന്നാ ഭാവിച്ചാടി, ഒരുമ്പെട്ടോളെ..? ”

“എനിക്ക് പറയുള്ളത് ഇത്രേയുള്ളൂ.. ആ കരളു വാറ്റാൻ അടിച്ചു കയറ്റുന്നത് പെട്ടെന്നൊന്നും നിർത്താൻ പറ്റില്ലെന്ന് എനിക്കറിയാം. പക്ഷെ ആ രാധമ്മയുടെ അവിടത്തെ കിടപ്പ്.. അത്‌ വേണ്ട.. മുട്ടുകാൽ ഞാൻ തല്ലിയൊടിക്കും.. നിങ്ങടെയല്ല. അവളുടെ… ”

പകച്ചു നിൽക്കുന്ന ജെയിംസിനെ ഒന്ന് നോക്കിയിട്ട് അവൾ തിരിഞ്ഞു നടന്നു.

“പൊന്നുമോളൊന്ന് നിന്നേ.. ”

ഒന്നും മിണ്ടാതെ, തിരിഞ്ഞു നോക്കാതെ നിൽക്കുമ്പോൾ താരയുടെ ഉള്ള് കിടുങ്ങുന്നുണ്ടായിരുന്നു. ജെയിംസ് അവൾക്ക് മുൻപിലെത്തി.

“ശരി.. നീ പറയുന്നത് പോലെ.. പകരം എന്റെ ആവശ്യങ്ങളൊക്കെ നീ സാധിച്ചു തരുമോ..? ”

ഒരു വഷളൻ നോട്ടത്തോടെ ജെയിംസ് അവളെ അടിമുടി ഉഴിഞ്ഞപ്പോൾ താര ഒന്നു പതറി. പക്ഷെ അടുത്ത നിമിഷം അത്‌ അവളെ തോൽപ്പിക്കാനുള്ള അടവാണെന്ന് താര തിരിച്ചറിഞ്ഞു.

“ഇത് എന്നാ വർത്താനാ എന്റെ ഇച്ചായാ.. കെട്ട്യോന്റെ ആവശ്യങ്ങളൊക്കെ സാധിച്ചു തരേണ്ടത് കെട്ട്യോളുടെ കടമയല്ലേ.. ”

ആവശ്യത്തിൽ കൂടുതൽ നാണം മുഖത്ത് വരുത്തി ജെയിംസിനെ ചുമലു കൊണ്ടൊന്നു തട്ടി താര നടന്നപ്പോൾ ജെയിംസിന്റെ തലയിലെ മൊത്തം കിളികളും വേൾഡ് ടൂറിനു പോയി..

ഒരു പൊട്ടിച്ചിരി കേട്ടു നോക്കുമ്പോൾ മുത്തു കൈയിൽ ഒരു തവിയും പിടിച്ചു നിൽക്കുന്നു.

“എടാ… ”

ജെയിംസ് അവനെ പിടിക്കാൻ നോക്കിയതും മുത്തു അടുക്കള വാതിലൂടെ ഇറങ്ങി ഓടി..

താര കുളി കഴിഞ്ഞു വന്നപ്പോൾ ആളെ കണ്ടില്ല. ഉച്ചയ്ക്ക് കഴിക്കാൻ വന്നിരുന്നു. അവരൊന്നു പുറത്തു പോയിട്ടു വേഗം വരാമെന്ന് മുത്തുവാണ്‌ പറഞ്ഞത്. അവൾക്കെന്തെങ്കിലും വാങ്ങാനുണ്ടോയെന്ന് മുത്തു ചോദിച്ചിരുന്നു. താര അത്യാവശ്യം വേണ്ട സാധനങ്ങൾ ഒരു പേപ്പറിൽ എഴുതികൊടുത്തു വിട്ടു..

കതകടച്ചു ഇരിക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ താരയ്ക്ക് മടുത്തിരുന്നു. അവൾ പതിയെ മുടന്തി മുടന്തി പുറത്തേക്കിറങ്ങി..

സന്ധ്യയ്ക്ക് മുൻപേ അവർ തിരിച്ചെത്തി. താഴെ നിന്നും പാറക്കല്ലുകളിൽ ചവിട്ടി കയറി വരുമ്പോൾ ജയിംസിന്റെ മുഖം കണ്ടപ്പോഴേ കലിപ്പിലാണെന്ന് താരയ്ക്ക് മനസ്സിലായി. അരികിലെത്തി കൈയിൽ പിടിച്ചു ഒറ്റ വലിയായിരുന്നു..

“ആരാടി നീ.. എന്നതാ നിന്റെ ഉദ്ദേശം..? നീ എന്നാത്തിനാ ഇവിടെ ഒളിച്ചു
താമസിക്കുന്നെ..? ”

ഒന്നും മനസ്സിലാകെ നിൽക്കുന്ന താരയ്ക്കരികിലേക്ക് പരിഭ്രമം നിറഞ്ഞ മുഖവുമായി മുത്തു വന്നു. അവൻ കൈയിലെ ഫോൺ അവൾക്ക് നേരേ നീട്ടി. സ്ക്രീനിലെ അവളുടെ ചിത്രത്തിന് താഴെ തെളിഞ്ഞ അക്ഷരങ്ങളിലേക്ക് താരയുടെ നോട്ടമെത്തി..

“മാളിയേക്കൽ ഗ്രൂപ്പ്‌ ഓഫ് കമ്പനീസിന്റെ ഉടമസ്ഥൻ ജഗന്നാഥ വർമ്മയുടെ കൊച്ചു മകൾ ഡോക്ടർ താരവർമ്മ ഒരു കാർ ആക്‌സിഡന്റിൽ കൊല്ലപ്പെട്ടു. കാറിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹവും കണ്ടെടുത്തു.. ”

“ഞാൻ തന്നെയാണ് മാളിയേക്കൽ ജഗന്നാഥവർമ്മയുടെ കൊച്ചു മകൾ ഡോക്ടർ താരാവർമ്മ.. ”

ജയിംസിന്റെ മുഖത്തുണ്ടായ ഞെട്ടൽ അയാൾ സമർത്ഥമായി മറച്ചു…

(തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ആരോ ഒരാൾ – 6”

Leave a Reply

Don`t copy text!