ഗംഗ – Part 1

3040 Views

ganga-aksharathalukal-novel

“അമ്മേ…. ഞാനിറങ്ങാട്ടോ…. “

“ഇന്നും നേരം വൈകീലോ കുട്ട്യേയ്യ്……”

” ആ…. എന്താപ്പോ ചെയ്യാ….? ഞാനീ നേരം വൈകിയിറങ്ങുന്നത് ഇതാദ്യമായിട്ടൊന്നും അല്ലല്ലോ…..

ഇന്നും ആ മാനേജർടെ വായിലിരിക്കുന്നത് മുഴുവനും ഞാൻ കേക്കേണ്ടി വരും…….”

അതും പറഞ്ഞ് ധൃതിയിൽ ഉമ്മറത്തിരുന്ന ബാഗും കുടയുമെടുത്ത് സാരി ഞൊറിയൊന്ന് നേരെ പിടിച്ചിട്ട് ഞാൻ മുന്നോട്ട് നടന്നു…………

ആളൊഴിഞ്ഞ വഴിയെത്തിയപ്പോൾ നടത്തം പതിയെ ഓട്ടമായി….

വിയർത്തു കുളിച്ചാണ് ഒരു വിധം ബസ്റ്റോപ്പിലെത്തിയത്…..

“ഇന്നും ബസ് പോയീലോ മോളെ……”

ബസ്റ്റോപ്പിന് പിന്നിലുള്ള പലചരക്ക് കടയിലിരുന്ന് ഗോപാലേട്ടനായിരുന്നു അത് പറഞ്ഞത്……

ഒന്നും മിണ്ടാനാകാതെ ഗോപാലേട്ടനെ ഒന്ന് നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്ത് പതിയെ ഞാനാ ബസ്റ്റോപ്പിലെ ബെഞ്ചിലേക്കിരുന്നു……

അച്ചൻ മരിച്ചപ്പോ തൊട്ട് തുടങ്ങിയതാ ഈ ഓട്ടം………. നഗരത്തിലെ പ്രശസ്തമായ തുണിക്കടയിലേക്കുള്ള ഓട്ടം….  ഇരുപത്തിരണ്ടാം വയസ്സിൽ തുടങ്ങിയ ഓട്ടം…..രണ്ടറ്റം കൂട്ടിമുട്ടിക്കാനായുള്ള എന്റെ ഈ നെട്ടോട്ടം………

വർഷം രണ്ടാകുന്നു  അച്ഛൻ പോയിട്ട്……. അച്ഛന്റെ ആകെയുള്ള സമ്പാദ്യം ഞങ്ങള് മൂന്ന് പെൺമക്കളായിരുന്നു…….

നിരത്തിലൂടെ വാഹനങ്ങൾ ചീറി പാഞ്ഞു പോകുന്നുണ്ട്…… എന്റെ ചിന്തകളും ഇപ്പോൾ ഇങ്ങനെയാണ് എങ്ങോട്ടെന്നില്ലാതെ ഗത്യന്തരമില്ലാതെ ഇങ്ങനെ പാഞ്ഞു കൊണ്ടേയിരിക്കുന്നു…….

ഞാൻ വാച്ചിലേക്കൊന്ന് നോക്കി സമയം 9.25 ആകുന്നു……

9.30 ക്ക് ഉള്ള ബസ് ഇപ്പോ എത്തും…..

ഞാൻ പതിയെ ബസ്റ്റോപ്പിൽ നിന്ന് പുറത്തേക്കിറങ്ങി…..

ബസ് വരുന്നുണ്ട്……

ഇന്നും പതിവുപോലെ തന്നെ നല്ല തിരക്കാണ്…. ഒരു കാല് കുത്തി മറ്റേക്കാല് കുത്താനുള്ള സ്ഥലം പോലും  ബസിലില്ല…..

അത്രയ്ക്ക് തിരക്കാണ്……

ഒരു വിധം തുണിക്കടയുടെ മുൻപിലെത്തി…..

പിന്നിലെ വാതില് വഴി അകത്തേക്ക് കയറി……

അകത്തെ സ്റ്റോറൂമിൽ ബാഗും വെച്ച് സാരി സെക്ഷനിലേക്ക് നടന്നപ്പോഴായിരുന്നു പിന്നിൽ നിന്ന് ഒപ്പം ജോലി ചെയ്യുന്ന ഷേർലി ചേച്ചി വിളിച്ചത്…..

“ഗംങ്ങേ……”

“എന്തോ ചേച്ചീ…….”

“ഇന്നും നേരം വൈകി അല്ലേ……. ?”

“ഇന്നും ബസ് കിട്ടിയില്ല ചേച്ചീ…….”

“മം….. നീയിന്ന് മാത്യൂ സാറിനെ കണ്ടിട്ട് ജോലിക്ക് കയറിയാ മതിയെന്നാ പറഞ്ഞത്………”

“അതെന്തിനാ ചേച്ചീ……? “

” എനിക്കറിയില്ല കുട്ടി…… “

അതും പറഞ്ഞ് ഷേർലി ചേച്ചി തിരിഞ്ഞു നടന്നു….. ഞാൻ മാത്യൂ സാറിന്റെ റൂമിലേക്കും നടന്നു……

ഈ കടയുടെ ഓണറാണ് മാത്യൂ സാർ…..

നേരം വൈകി വന്നതിന് വഴക്ക് പറയാനാകും മിക്കവാറും ഇന്നും വിളിപ്പിക്കുന്നത്……

സാറിന്റെ റൂമിലേക്ക് നടക്കുമ്പോൾ ഞാനറിയാതെന്റെ കാലുകൾ ഇടറുന്നുണ്ടായിരുന്നു…………

“സാർ….”

” കേറി വാ…”

സാറിന്റെ തൊട്ടടുത്ത് തന്നെ സാറിന്റെ മകൻ ജോണും ഉണ്ടായിരുന്നു….

“സാർ എന്നെ വിളിച്ചൂന്ന് പറഞ്ഞു…… “

” ഇത് തരാനാ വിളിച്ചത്………”

അത് പറഞ്ഞു കൊണ്ട് സാറെന്റെ നേർക്കൊരു പേപ്പർ നീട്ടീ……

അത് തുറന്ന് നോക്കിയ നിമിഷം ഞാനൊന്ന് ഞെട്ടി…..

എന്നെ ഇവിടെ നിന്നും പിരിച്ചുവിട്ടു കൊണ്ടുള്ള ഓഡർ….

“സാർ… പ്ലീസ് സാർ…..

ഈ ജോലി എനിക്കത്യാവശ്യമാ….. സാർ പറഞ്ഞു വിടല്ലേ…….”

അനുവാദമില്ലാതെന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…. നിമിഷങ്ങൾക്കകം അതൊരു വലിയ പൊട്ടിക്കരച്ചിലായി മാറി……

“ഇവിടിങ്ങനെ നിന്ന് കരഞ്ഞിട്ടു കാര്യമില്ല…… ഒരു ജോലിയായാൽ അതിനോട് കുറച്ച് ആത്മാർത്ഥത വേണം….

എതേലും ഒരു ദിവസം താൻ കറക്ട് സമയത്തിന് വന്നിട്ടുണ്ടോ…..?”

“സാർ അത് രാവിലെ പാല് കൊടുക്കാനും പത്ര ഇടാനും ഒക്കെ പോയിട്ട് വന്ന് വീട്ടിലെ പണിയൊക്കെ കഴിഞ്ഞ് ഇറങ്ങുമ്പോ ബസ് കിട്ടില്ല അത് കൊണ്ടാ സാർ താമസിക്കുന്നത്….. “

” എന്നാ ഇനി തൊട്ട് ആ പണിയൊക്കെ ചെയ്ത് വീട്ടിലിരുന്നോ……….”

“അങ്ങനെ പറയല്ലേ സാർ…. എന്റെ ഈ ജോലിയാ ഏക ആശ്രയം….

ഇതൂടെ പോയാൽ അമ്മേം അനിയത്തിമാരും………”

” ഈ ഒരു തവണ കൂടി ക്ഷമിക്ക് പപ്പാ….. ആ കുട്ടി കരയുന്നത് കണ്ടില്ലേ…….”

സാറിന്റെ മകൻ ജോണായിരുന്നു അത് പറഞ്ഞത്…..

“ജോ കുട്ടാ….. നീ മിണ്ടാതിരിക്കു……

ഇതൊക്കെ എനിക്കറിയാം…… “

“എന്തിനാ പപ്പാ ഇങ്ങനെ…….

എന്നെ ഓർത്തേലും ആ കുട്ടിയോട് ക്ഷമിക്കു………”

ജോൺ അങ്ങനെയൊക്കെ പറഞ്ഞപ്പോ സാറിനെന്തോ ഒരു മനസ്സലിവ് വന്നത് പോലെ…..

” ആ…. ഇനി നിന്ന് കരയണ്ടാ….

ജോക്കുട്ടൻ പറഞ്ഞത് കൊണ്ട് ഇന്നൊരു തവണത്തേക്ക് ഞാൻ ക്ഷമിച്ചിരിക്കുന്നു……

ഗംഗാ ഇത് തന്റെ ലാസ്റ്റ് വാണിംങ്ങാ പറഞ്ഞില്ലന്ന് വേണ്ട…….”

സാറി മുഖത്തേക്ക് തല കുലുക്കി കണ്ണും തുടച്ച് ഞാൻ പുറത്തേക്കിറങ്ങി……..

അത് വഴി താഴേക്കുള്ള സ്റ്റെയർ ഇറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു പിന്നിൽ നിന്ന് ജോൺ വിളിച്ചത്….

” ഗംഗേ………”

” താങ്ക്സ് ജോ…. “

” ഗംഗേ എനിക്ക് …….”

” വേണ്ട ജോ ഇനിയൊന്നും പറയണ്ടാ…. പ്ലീസ്….”

” ഗംഗാ…… ഞാൻ…..”

“എന്തിനാ ജോ എനിക്ക് വേണ്ടി ജീവിതം നശിപ്പിക്കുന്നത്…..

ജോടെ പപ്പാ വിദേശത്ത് ജോബ് ശരിയാക്കിയതല്ലേ…..

പൊയ്ക്കൂടായിരുന്നോ……….. എന്തിനാ……. ഇവിടെ…. വെറ്തേ….. “

തുടർന്ന് എന്ത് പറയണമെന്നറിയാതെ മൗനമായ് ഞാൻ നിന്നു…….

” ഗംഗാ ഞാൻ പറയുന്നതൊന്ന് കേൾക്ക്…..

മൂന്ന് വർഷം മുൻപ് കോളേജിൽ കണ്ട സീനിയർ പെൺകുട്ടിയോട് തോന്നിയ വെറും പ്രണയം അല്ലടോ ഇത്…..

എനിക്കറിയാം എല്ലാം…… അമ്മയുടെ ഹാർട്ടിന്റെ അസുഖവും അച്ഛൻ മരിച്ചതും അച്ഛനുണ്ടാക്കിയ കടങ്ങള് തീർക്കാനും ഒരു പോലെ വളർന്നു വരുന്ന അനിയത്തിമാരുടെ പഠിപ്പിനും അമ്മയുടെ മരുന്നിനും ഒക്കെയായി താനിങ്ങനെ കഷ്ടപ്പെടുന്നതും എല്ലാം അറിയാടോ………

എല്ലാം അറിഞ്ഞ് വെച്ചോണ്ട് തന്നെയാടോ ഞാൻ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്……..”

“ജോ പ്ലീസ്…… എന്നെ ഒന്ന് വെറുതെ വിട്….. “

ജോടെ മുൻപിൽ കൈതൊഴുത് അത്ര മാത്രം പറഞ്ഞ് കരഞ്ഞോണ്ട് ഞാൻ താഴേക്ക് നടന്നു……..

താഴെ വെഡിങ്ങ് സെക്ഷനിൽ ഷേർളി ചേച്ചി ഉണ്ടായിരുന്നു……

“എന്തിനാ ഗംഗേ സാറ് വിളിപ്പിച്ചത്……?”

ഞാൻ നടന്നതെല്ലാം അത് പോലെ പറഞ്ഞു…..

” ആ പോട്ടെ…. സാറിന്റെ മോനുണ്ടായിരുന്നത് കൊണ്ട് ഈ തവണത്തേക്ക് രക്ഷപെട്ടു അല്ലേ…….”

ഞാനൊന്ന് വെറുതെ പുഞ്ചിരിക്കുക മാത്രം ചെയ്തു………

” അല്ലേലും അതൊരു നല്ല മനസ്സുള്ള ചെക്കനാ……..”

ഞാൻ ദീർഘമായൊരു നെടുവീർപ്പിട്ടു കൊണ്ട് സാരികളോരോന്നുo മടക്കി വെയ്ക്കാൻ തുടങ്ങി……..

മനസ്സിന്റെ ഏതോ കോണിൽ എവിടെയൊക്കെയോ ജോ ഉണ്ട്…… ആരോടും പറയാതെ എന്റെ കഷ്ടപ്പാടുകളുടെ കണക്കുകൾക്കു പിന്നിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ജോ യോടുള്ള പ്രണയം ഉണ്ട്………..

വൈകിട്ട് നാല് മണിയായപ്പോൾ കടയിൽ നിന്നിറങ്ങി……

ബസ്റ്റോപ്പിലേക്ക് നടക്കുംവഴിയായിരുന്നു ഫോൺ ബെല്ലടിച്ചത്……..

ഫോണിന്റെ സ്ക്രീനിൽ ജോടെ പേര് തെളിഞതും എന്റെ ചുണ്ടിലൊരു പുഞ്ചിരിയും മനസ്സിലൊരു ദേഷ്യവും എല്ലാം കൂടി കുഴഞ്ഞൊരു വികാരം……..

ഫോണെടുത്ത് ഞാൻ ചെവിയോരം ചേർത്തു പിടിച്ചു…….

“ഹലോ…. “

“എന്താ ജോ…….?”

” ഗംഗാ എവിടാ….?”

” കടേന്ന് ഇറങ്ങിയതേയുള്ളു…. വീട്ടിലേക്ക് പോകുവാ……. “

പിന്നെ ജോ പറയുന്നത് കേട്ടതും ചെവിയോരം ചേർത്തു പിടിച്ചിരുന്ന ഫോണെന്റെ കൈവിരലുകൾക്കിടയിലൂടെ ഊർന്ന് താഴേക്ക് വീണതും ഒന്നിച്ചായിരുന്നു…..

(തുടരും)

നമ്മുടെ ദാവണിപ്പെണ്ണിന്റെയും ഇല്ലത്തെ കുട്ടിയുടെയും കൃഷ്ണവേണിയുടേയും അമ്മുക്കുട്ടിയുടെയും ലക്ഷ്മിയുടെയും ഇമയുടേയും കൂടെ ഇന്നു മുതൽ ഞാനീ ഗംഗയേ കൂടെ ചേർത്ത് വയ്ക്കുന്നു…..

എന്റെ മുൻപുള്ള ആറ് തുടർ കഥകൾക്കും എല്ലാരും തന്ന സപ്പോർട്ട് വളരെ വലുതായിരുന്നു…. അതുപോലെ തന്നെ ഗംഗയേയും ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു…..

എല്ലാവരുടെയും സപ്പോർട്ടും സ്നേഹവും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി…..

രചന:ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

ലക്ഷ്മി

ഇമ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Tags:

Leave a Reply