ട്രിപ്പ് കുത്തിയിട്ടിരുന്ന ജോയുടെ ഇടം കൈ വിരലിന്റെ തുമ്പിലേക്ക് ഞാനൊന്നു പതിയെ തൊട്ടു……എന്റെ അനുവാദം പോലും ചോദിക്കാതെ രണ്ടു തുള്ളി കണ്ണീരടർന്നു ജോയുടെ കൈത്തണ്ടയിലേക്കു വീണു…..
പതിയെ ആ കൺപോളകൾ അനങ്ങി…..മെല്ലെ മെല്ലെ അത് തുറന്നു വന്നു…..ജോയെന്നെ നോക്കി……
ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ ഞാൻ നിന്നു….
സ്നേഹത്തോടെ ആ നെറ്റിയിൽ തടവി ജോ എന്നൊന്ന് വിളിക്കണമെന്നുണ്ടായിരുന്നു…..പക്ഷേ നാവനങ്ങിയില്ല….ജോയുടെ അവസ്ഥയും മറിച്ചായിരുന്നില്ല….ആ കണ്ണിലൊരു കടൽ ആർത്തിരമ്പുന്നുണ്ട് ആ കണ്ണിലെ കൃഷ്ണമണികൾക്കെന്നോടെന്തൊക്കെയോ പറയാനുണ്ട്….
വീണ്ടും ഞങ്ങൾക്കിടയിലെ പ്രണയത്തിന്റെ ഭാഷ മൗനമായ് മാറി…….
ചലനമറ്റുപോയ നാവിനെ പൂർവ്വസ്ഥിതിയിലാക്കി ഞാൻ മെല്ലെ വിളിച്ചു
“ജോ….”
മറുപടിയായി ആ കണ്ണിലൂടെ രണ്ടു തുള്ളി കണ്ണീരൊഴുകിയിറങ്ങി……
കുറേ നാളുകൾക്കു ശേഷമുള്ള കൂടിക്കാഴ്ച അതിങ്ങനെയാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല……
“ജോ….എന്നോടെന്തേലും ഒന്ന് പറയ്യ്….ഗംഗേന്ന് ഒന്ന് വിളിക്കുവേലും ചെയ്യ്……
ഒന്ന് മിണ്ട് ജോ…..”
ഒരു പ്രതികരണവുമില്ലാതെ ജോ അങ്ങനെ കിടന്നപ്പോൾ അറിയാതെന്റെ ശബ്ദമുയർന്നു പോയിരുന്നു…..
“ഏയ് മതി മതി…..ഡോക്ടർ ഇപ്പോ വരും നിങ്ങള് പുറത്തേക്ക് പോകു….”
നഴ്സ് എന്റെ ചുമലിൽ തട്ടി അത് പറഞപ്പോഴും ഞാൻ നോക്കിയത് ജോയുടെ മുഖത്തേക്കായിരുന്നു……
ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ജോയാ കിടപ്പ് കിടന്നു……
പക്ഷേയാ കണ്ണുകൾ നിറഞൊഴുകുന്നുണ്ടായിരുന്നു പറയാതെ മനസ്സിൽ സൂക്ഷിച്ച പ്രണയത്തിന്റെ ബാക്കിപത്രമെന്നോണം……
ഇട്ടിരുന്ന പച്ചക്കുപ്പായം ഊരി നഴ്സിനെ ഏൽപ്പിച്ച് ഞാൻ ഐസിയു ന്റെ ചില്ലുവാതിൽ തള്ളിതുറന്ന് ആ തണുപ്പിൽ നിന്ന് പുറത്തേക്കിറങ്ങി………..
ആരവ് എന്നെയും കാത്ത് പുറത്ത് തന്നെ നിൽപ്പുണ്ടായിരുന്നു…..
“എന്തായി ഗംഗാ….ജോയെ കണ്ടോ……നിങ്ങള് സംസാരിച്ചോ…….??”
ആരവിന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി കൊടുക്കാതെ ആശുപത്രിയുടെ ഇടനാഴിയിൽ കൂടി നടന്നു നീങ്ങിയപ്പോൾ ഞാൻ ആരവിനോടൊന്നേ പറഞുള്ളു…..
“പ്ലീസ് ആരവ്….എന്നോടിപ്പോൾ ഒന്നും ചോദിക്കരുത്…..”
പിന്നീട് വീട്ടിലേക്കുള്ള മടക്കയാത്രയിൽ ഞാൻ ആരവിനോടൊന്നും മിണ്ടിയില്ല ആരവ് എന്നോടും…..
ദീർഘ ദൂരത്തെ യാത്രയ്ക്കു ശേഷം ഞങ്ങള് വീണ്ടും മംഗലത്ത് ഇല്ലത്ത് എത്തിച്ചേർന്നു……
ഉമ്മറത്തെ ചാരു കസേരയിൽ ഇരിക്കുന്ന മുത്തശ്ശന് തൊട്ടരികിലായ് തന്നെ മുത്തശ്ശിയും ഉണ്ടായിരുന്നു…..എന്തൊക്കെയോ സംസാരത്തിലായിരുന്ന അവർ ഞങ്ങളെ കണ്ടതും,
“ആഹാ…..ദാ വന്നല്ലോ രണ്ട് പേരും…..പറഞ്ഞിപ്പോ നാവ് വായിലേക്കിട്ടതേ ഉള്ളു….”
ഞാനും ആരവും പരസ്പരം മുഖത്തോട് മുഖം നോക്കി…….പിന്നൊന്നും മനസ്സിലാവാതെ മുത്തശ്ശനെയും മുത്തശ്ശിയെയും നോക്കി……
“എന്താ മുത്തശ്ശി…..??”
“ഏയ് ഒന്നൂല്ല്യാ കുട്ടികളെ…. എങ്ങനെയുണ്ട് ഗംഗ കുട്ടീടെ ആശുപത്രിയിൽ കിടക്കുന്ന സുഹൃത്തിന്…..കുറവുണ്ടോ….?”
“മ്ം ഉണ്ട്്……”
“എന്നാ അകത്തേക്കു ചെന്ന് വേഷം ഒക്കെ മാറി വാ….യാത്ര കഴിഞെത്തിയതല്ലേ. ….ഭക്ഷണം കഴിക്കാം…..”
ഒന്ന് മൂളുക മാത്രം ചെയ്തു കൊണ്ട് ഞാൻ മുകളിലേക്കുള്ള കോണി കയറി…..പിന്നാലെ ആരവ് ഉണ്ടായിരുന്നെങ്കിലും ഞാനത് ശ്രദ്ധിക്കാതെ നേരെ എന്റെ മുറിയിലേക്ക് നടന്നു……
തികച്ചും നിസ്സഹായനായി കിടക്കുന്ന ജോയുടെ ആ കിടപ്പ്……
ഓരോ തവണ കണ്ണടയ്ക്കുമ്പോഴും അതെന്റെ കൺ മുന്നിലേക്ക് വീണ്ടും വീണ്ടും തെളിഞു വന്നു കൊണ്ടേയിരുന്നു……
മനസ്സ് മരവിച്ചതുപോലെ എത്ര നേരം ഞാനാ ഇരുപ്പിരുന്നെന്ന് എനിക്കു തന്നെ നിശ്ചയം ഉണ്ടായിരുന്നില്ല……..
“ഗംഗേച്ചീ…….”
മുറിയുടെ വാതിൽക്കൽ സ്വാതിയുടെ ശബ്ദം കേട്ടു കൊണ്ടായിരുന്നു ഞാൻ പോയി വാതിൽ തുറന്നത്…..
“എന്താ സ്വാതി…..നീയിന്ന് കോളേജിൽ പോയില്ലേ…..??”
“ആഹാ….ഗംഗേച്ചി മറന്നോ….?ഞാൻ പറഞതല്ലേ എനിക്കിപ്പോ സെമസ്റ്റർ എക്സാം നടന്നോണ്ടിരിക്കുന്നത് കൊണ്ട് ക്ലാസ്സ് ഇല്ലന്ന്……”
“ശ്ശൊ….ഞാനതങ്ങ് മറന്നു….”
“മ്ം….മ്ം… മറക്കും….ഗംഗേച്ചിക്കീയെടെ ആയിട്ട് മറവിയൽപം കൂടുതലാ……
സാരല്ലാ…..അതിനുള്ള മരുന്നു താഴെ ശരിയാക്കുന്നുണ്ട്…..”
“എന്താ…..??”
“ആ….അതൊക്കെയുണ്ട്….അതൊന്നും എന്റെ ഗംഗേടത്തി അറിയാൻ സമയമായില്ലന്ന് കൂട്ടിക്കോ…..”
“എന്താ നീ വിളിച്ചത്……?”
“ശ്ശൊ…ഞാൻ വന്ന കാര്യം മറന്നു…..മുത്തശ്ശി പറഞ്ഞു ഭക്ഷണം കഴിക്കാൻ താഴേക്ക് വരാൻ….പിന്നേ…അച്ചുവേട്ടനെ കൂടെ വിളിച്ചോട്ടോ…..”
അതും പറഞ് ഞാൻ ചോദിച്ച ചോദ്യത്തിന് ഉത്തരം പോലും തരാതെ സ്വാതി താഴേക്കോടി…..
എനിക്ക്‌ചുറ്റും എന്തൊക്കെയോ ഞാനറിയാതെ സംഭവിക്കുന്നത് പോലൊരു തോന്നൽ…..
ഇട്ടിരുന്ന വേഷം പോലും മാറാതെ ഞാൻ നേരെ ആരവിന്റെ മുറിയിലേക്ക് നടന്നു….
പതിയെ വാതിലിൽ മുട്ടി…
“ആരവ്……ആരവ്…..”
“എന്താടോ….”
“ഭക്ഷണം കഴിക്കാൻ താഴേക്ക്…..”
അത്ര മാത്രം പറഞു ഞാൻ താഴേക്ക് നടന്നു……
ഊണ് മേശയ്ക്ക് ചുറ്റും മുത്തശ്ശനും മുത്തശ്ശിയും അമ്മായിമാരും സ്വാതിയും നിരന്നിരുന്നു…..
“ആഹാ….മോളൊറ്റയ്ക്കാണോ വന്നത് അച്ചൂട്ടൻ വന്നില്ലേ…..??”
ചന്ദ്രികാമ്മായി ആയിരുന്നു അത് ചോദിച്ചത്……
” ദാ ആരവ് …വന്നല്ലോ…”
സുഭദ്രാമ്മായി അത് പറഞ് നിർത്തും മുൻപ് തന്നെ ആരവ് വന്നെന്റെ തൊട്ടടുത്തെ കസേരയിൽ സ്ഥാനം പിടിച്ചിരുന്നു….
“മോൾക്കെന്തേലും വിഷമം ഉണ്ടോ….കുറച്ചീസായി ഞാൻ ശ്രദ്ധിക്കണു…..വന്നപ്പോ ഉണ്ടായിരുന്ന സന്തോഷം ഒന്നും ഇപ്പോഴില്ല…..”
“ഏയ് മുത്തശ്ശിക്ക് തോന്നണതാ……എനിക്കൊരു സങ്കടോം ഇല്ലാ……”
ഞാനത് പറഞു നിർത്തിയപ്പോൾ തന്നെ ആരവ് എന്നെയൊന്ന് ഇടം കണ്ണിട്ടു നോക്കി……ഞാനും നോക്കി….ആ നോട്ടം കുറച്ചു സെക്കന്റുകൾ നീണ്ടു നിന്നു…..
“അതേ രണ്ടാളും കണ്ണില് നോക്കി കഥ പറഞ്ഞു കഴിഞ്ഞങ്കിൽ ഇനി ചോറ് കഴിക്കാട്ടോ…..”
സ്വാതി അത് പറഞ് നിർത്തിയതും എല്ലാവരും ഒന്ന് പൊട്ടിച്ചിരിച്ചു….
എന്തോ എനിക്കത് അത്ര വലിയ തമാശയായൊന്നും തോന്നിയില്ല…..
കഴിച്ചെണീക്കാൻ നേരം മുത്തശ്ശൻ എല്ലാവരോടുമായ് പറഞു
“വൈകിട്ടെല്ലാവരും ഒന്ന് ഹാളിലേക്ക് വരണം….. കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്…..
മുത്തശ്ശിയുടെയും സ്വാതിയുടെയും മുഖത്തൊരു പുഞ്ചിരി….
സ്വാതിയാണേൽ എന്തൊക്കെയോ അറിയാമെന്ന മട്ടിൽ ഇടയ്ക്കിടെയെല്ലാം എന്നെ തന്നെ നോക്കുന്നുണ്ട്……..
അത് എന്നെ സംബന്ധിച്ച എന്തോ കാര്യവും ആണ്……സ്വാതിയെ ഒന്ന് കുടഞാൽ എല്ലാ കാര്യവും ഏളുപ്പം മനസ്സിലാക്കാം……വൈകുനേരം വരെ കാത്തിരിക്കേണ്ടി വരില്ല……
ഭക്ഷണം കഴിച്ച് സ്വാതി അവളുടെ റൂമിലേക്ക്‌നടക്കും മുൻപ് ഞാനവളുടെ കൈക് പിടിച്ച് പുറത്തേക്കു നടന്നു….
“ഏങ്ങട്ടേക്കാ ഗംഗേച്ചി എന്നെ കൊണ്ട് പോകുന്നത്…..?”
“ഒച്ചവെയ്ക്കാതെ എന്റെ കൂടെ വാ…..”
അവളുടെ കൈത്തണ്ടയിലെ ആ പിടുത്തം ഞാനയച്ചത് ഇല്ലത്തിന്റെ പിന്നാമ്പുറത്തെ ഇല വീണും വള്ളിപടർന്നും അശുദ്ധിയായി കിടന്ന ആ കുളത്തിന്റെ അടുത്തെത്തിയപ്പോഴാണ്……
“ഗംഗേച്ചി എന്തിനാ എന്നെ ഇങ്ങട്ടേക്ക് കൊണ്ടുവന്നത്……..ഇവിടേക്കൊന്നും ആരും വരാറില്ല…..ഒന്നാതെ നിലയില്ലാതെ കിടക്കുന്ന കുളവാ…… കാലെങ്ങാനും ഒന്ന് തെന്നിയാൽ തീർന്ന്….”
“ആ…അതൊക്കെ അവിടെ നിൽക്കട്ടെ…..”
“ഗംഗേച്ചി എന്തിനാ എന്നെ ഇങ്ങട്ടേക്ക് കൊണ്ട് വന്നത് കാര്യം പറ…..”
“പറയണ്ടത് ഞാനല്ല നീയാ…..”
“എന്താ ഉദ്ദേശിക്കുന്നത്…. ഇന്ന് മുത്തശ്ശൻ പറഞതാണോ…….?അത് ഗംഗേച്ചി സർപ്രൈസ് ആയി വൈകിട്ട് കേൾക്കുന്നതാ നല്ലത്…..”
“എന്താ സ്വാതി …..നി എന്നെ വട്ട് പിടിപ്പിക്കാതെ കാര്യം പറ….”
“ന്റെ ഗംഗേച്ചി….. ഗംഗേച്ചിയെ അച്ചുവേട്ടനെ കൊണ്ട് വിവാഹം കഴിപ്പിക്കുന്ന കാര്യവാ മുത്തശ്ശൻ പറയാനുദ്ദേശിച്ചത്……”
“എ….എന്താ…..”
“വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ……അതേ ഗംഗേച്ചി സ്നേഹിച്ച ആളേ തന്നെ വിവാഹം കഴിക്കാൻ പറ്റണത് ഒരു ഭാഗ്യാ……
എന്റെ ഗംഗേച്ചി ഭാഗ്യം ചെയ്ത കുട്ടിയാ…..”
“എന്താ സ്വാതി നീ ഈ പറയണത് ….അതിന് ഞാനും ആരവും…..”
“ഗംഗേച്ചി വീണീടത്ത് കിടന്ന് ഉരുളാൻ നോക്കണ്ടാട്ടോ……ഞാൻ കണ്ടിട്ടുണ്ട് അന്ന് ഗംഗേച്ചി യും അച്ചുവേട്ടനും ബാൽക്കണിയിൽ…….”
“സ്വാതി ഞാൻ……”
“ഇനിയൊന്നും പറയണ്ടാ….ഗംഗേച്ചി വേഗന്ന് ഇല്ലത്തേക്ക് വാ……നല്ല മഴ വരുന്നുണ്ട്…..”
അതും പറഞു കൊണ്ട് സ്വാതി മുന്നേയോടി…….
അപ്പോഴും അവൾ പറഞ കാര്യങ്ങളോരോന്നും എന്റെ മനസ്സിന്റെ നാലു കോണിൽ വട്ടമിട്ടു പറന്നു കൊണ്ടേയിരുന്നു….
പെട്ടന്നൊരിടി ഇടി വെട്ടി ഇല്ലത്തേക്ക് നടക്കാൻ ഞാനാഞതും മഴവീണു തുടങ്ങി……പയ്യെ പയ്യെ മഴത്തുള്ളികളെന്നെ പൊതിഞ്ഞു തുടങ്ങി
ആർത്തലച്ചു പെയ്യുന്ന മഴയിലൂടെ ഒഴുകി വരുന്ന മഴ വെള്ളത്തിൽ ചവിട്ടി ഞാൻ നടന്നു….
ഉമ്മറത്തൂന്ന് നേരെ നടന്നത് ആരവിന്റെ റൂമിലേക്കായിരുന്നു…..
പാതി ചാരിയിട്ട വാതിൽ ഞാൻ തള്ളിതുറന്നു……
“ആരവ്…….”
കുറേ നേരം വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല…..അപ്പോഴായിരുന്നു ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടത്…
അപ്പോഴേക്കും ഞാനൂഹിച്ചിരുന്നു ആരവ് ഒരു പക്ഷേ കുളിക്കുകയാവും……
നനഞു കുതിർന്ന എന്റെ വസ്ത്രത്തിൽ നിന്നും വെള്ള തുള്ളികളോരോന്നും ആരവിന്റെ മുറിയിലേക്ക് വീണു കൊണ്ടേയിരുന്നു…..
ഞാൻ പതിയെ തിരിച്ചിറങ്ങി……..നേരെ ബാൽക്കണിയിലേക്ക് നടന്നു…..
മഴ അതിന്റെ പരിപുർണ്ണ ശക്തിയിൽ ആർത്തലച്ചു പെയ്യുന്നുണ്ട്…..കാറ്റിന്റെ താളത്തിനൊത്ത് മുല്ലപന്തലും വാകമരവും ഒരു പോലെ ഇളകിയാടുന്നുണ്ടായിരുന്നു……
വീശിയടിച്ച കാറ്റിൽ തെന്നി തെറിച്ചു പോയ ചില മഴത്തുള്ളികൾ ദിശ തെറ്റി എന്റെ മുഖത്തേക്കു വന്നു വീണു………
നിമിഷങ്ങൾക്കകം മഴയുടെ ശക്തി കൂടി വന്നു കൊണ്ടേയിരുന്നു……
പെട്ടന്നായിരുന്നു അൽപം തണുപ്പുള്ളൊരു കൈ വന്നെന്റെ തോളിൽ തട്ടിയത്……
പെയ്തൊഴിയുന്ന മഴയിൽ നിന്ന് ഞാൻ പതിയെ മുഖമുയർത്തി നോക്കി…..
“ആരവ്….”
“എന്താടോ നനഞിരിക്കുന്നത്…..മഴ നനഞോ…..?”
അതു പറഞു കൊണ്ട് കഴുത്തിലൂടെ ചുറ്റിയിട്ടിരുന്ന ടവ്വലെടുത്ത് ആരവ് എന്റെ തല തോർത്തി…..
പെട്ടന്നായിരുന്നു ഞാനെന്റെ കൈകൾ കൊണ്ട് ആരവിനെ വരിഞു മുറുക്കിയത്……..
ഒന്നും പറയാനാവാതെ ഞാൻ പൊട്ടിക്കരഞു…..
“ഗംഗാ…..എന്താടോ…..??”
ആരവിന്റെ നെഞ്ചിൽ നിന്ന് മുഖമടർത്തി അയാളുടെ തണുത്ത കൈകളെ ചേർത്ത് പിടിച്ചു ഞാൻ പറഞു….
“എന്നെ രക്ഷിക്കണം…..ആരവിനേ കൊണ്ടേ അത് പറ്റു…..പ്ലീസ്……”
“കരയാതെ കാര്യം പറ…”
“ആരവ്……”
ഞാൻ പറഞ് തുടങ്ങിയപ്പോഴായിരുന്നു ആരവിന്റെ ഫോൺ റിങ്ങ് ചെയ്തത്……
“ആ….സച്ചൂ എന്താടാ…..ശ്ശോ…ഞാനതങ്ങ് മറന്നു… ദേ ഒരു പത്ത് മിനിട്ട് ഞാനിപ്പോ അങ്ങെത്താം……”
“ടോ തനിക്ക് പറയാനുള്ളതൊക്കെ ഞാൻ വൈകിട്ട് വന്നിട്ട് പറയാട്ടോ….
ഇപ്പോ വിളിച്ചത് സചുവാ….അവനെവിടെയോ പോകാനുണ്ട് എന്നോടത്യാവശ്യമായ് ഓഫീസിൽ ചെല്ലാൻ പറഞു……..”
“അല്ല…ആരവ് എനിക്ക്‌പറയാൻ ഉള്ളത്…..”
“ഓക്കേ…ഓക്കേ….നമുക്ക് വന്നിട്ട് സംസാരിക്കാം…..
ധൃതിയിൽ ആരവ് മുറിയിലേക്ക് കയറി വാതിലടച്ച് വേഗന്ന് ഡ്രസ്സ്മാറി പുറത്തേക്കിറങ്ങി പോയി…..
നനഞ വേഷം മാറി ഞാൻ താഴേക്ക് ചെന്നു….ഇനി ആകെ തുണ മുത്തശ്ശനേയുള്ളു…….മുത്തശ്ശനോട് കാര്യങ്ങളൊക്കെ തുറന്നു പറയാൻ തന്നെ ഞാൻ തീരുമാനിച്ചു….
ഞാൻ വേഗം താഴേക്ക് ചെന്നു…..നേരെ മുത്തശ്ശന്റയും മുത്തശ്ശിയുടെയും മുറിയിലേക്കു നടന്നു……
എന്റെ ഭാഗ്യത്തിന് മുത്തശ്ശിയവിടെ ഉണ്ടായിരുന്നില്ല…… ഇത് തന്നെയാണ് പറ്റിയ സമയം…….മുത്തശ്ശനവിടെ കട്ടിലിൽ കിടക്കുകയായിരുന്നു…
“മുത്തശ്ശാ……”
|”ആഹാ ഗംഗ കുട്ടിയോ……എന്താ മോളെ……”
“എനിക്ക് മുത്തശ്ശനോട് തനിച്ചൊരു കാര്യം സംസാരിക്കാനുണ്ടായിരുന്നു….ഞാനാ വാതിലൊന്ന് അടച്ചോട്ടെ…..”
“മ്ം…”
രണ്ടു വശത്തേക്കും തുറന്നു കിടന്ന ആ തടിവാതിൽ ഞാനൊന്നിച്ചടച്ചു കുറ്റിയിട്ടു…..
നേരെ മുത്തശ്ശന്റെ കാൽക്കൽ വന്നിരുന്ന് ആ കാൽപാദങ്ങളിൽ തൊട്ടു…
എന്റ് കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒന്നിനു പിറകെ ഒന്നായടർന്ന് ആ കാലിലേക്കു വീണു…..
“ഹാ…..എന്താ കുട്ടീ ഇത് കരയാതെ കാര്യം പറ……..”
“മുത്തശ്ശാ….എനിക്ക് ആരവിനെ വിവാഹം കഴിക്കണ്ട…….”
“എന്ത്……നീയെന്താ പറഞത്…..”
“മുത്തശ്ശനിന്ന് വൈകിട്ട്‌എല്ലാവരും എത്തിയിട്ട് പറയാൻ കാത്തിരുന്നത് ഇതല്ലേ……”
“മ്ം…”
“മുത്തശ്ശനെന്താ ഒന്നും പറയാത്തത്……..മുത്തശ്ശാ എനിക്ക്‌വേറൊരാളേ……”
ബാക്കി ഞാന് പറഞ് പൂർണ്ണമാക്കും മുൻപ് മുത്തശ്ശനെന്റെ വാക്കുകളെ പൂർത്തിയാക്കി………
“ഇഷ്ടമാണ് എന്നായിരിക്കും അല്ലേ കുട്ടിയേ…..”
പെട്ടന്ന് ഞാൻ മുഖമുയർത്തി മുത്തശ്ശനെ നോക്കി…….
എന്തെല്ലാമോ അറിഞത് പോലെയൊരു ഭാവം ആ മുഖത്ത് പ്രകടമായിരുന്നു…..
“മോൾക്കൊരു രവീന്ദൻ സാറിനെ അറിയുവോ……?”
കണ്ണീര് ഊർന്നിറങ്ങിയ കവിൾ തടത്തെ കൈതണ്ടയാൽ തുടച്ചു കൊണ്ട് ഞാൻ പറഞു…
“ഇല്ലാ…..”
(തുടരും)
രചന:ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക