തറവാടിന് മേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് രാത്രിയുടെ ആഗമനമായിക്കഴിഞ്ഞിരുന്നു. തുളസിത്തറയിലും ഉമ്മറക്കോലായിലും തെളിയിച്ചിരുന്ന തിരി നാളങ്ങൾ ഇളംകാറ്റിലിളകിക്കളിച്ചു. മുറ്റത്തെ മൂവാണ്ടൻ മാവിന്റെ കൊമ്പിലെവിടെയോ ഇരുന്ന് ഒരു മൂങ്ങ പതിയെ കരഞ്ഞുതുടങ്ങിയിരുന്നു. ആ വലിയ എട്ടുകെട്ടിനെ ചുഴിഞ്ഞുനിന്നിരുന്ന കാറ്റിന് പോലുമെന്തൊക്കെയോ പറയുവാനുള്ളത് പോലെ.
ഇതാണ് കളരിക്കൽ തറവാട്. പഴയ നാലുകെട്ടും നാഗക്കാവും ആമ്പൽക്കുളവും പരദേവതകളെ കുടിയിരുത്തിയിരിക്കുന്ന ആരാധനായിടങ്ങളുമുള്ള പഴമയുറങ്ങിക്കിടക്കുന്ന മണ്ണ്. പണ്ട് ഒരുപാട് കുടുംബങ്ങൾ തന്നെ താമസിച്ചിരുന്ന തറവാട്ടിൽ ഇന്ന് പക്ഷേ കാരണവരുടെ രണ്ടാൺമക്കളും അവരുടെ കുടുംബങ്ങളും പിന്നെ കാരണവരുടെ വകയിലൊരു അനുജനും ഭാര്യയും പിന്നെ ഒരു കാര്യസ്തനും രണ്ടുമൂന്ന് ജോലിക്കാരും മാത്രമാണ് അന്തേവാസികൾ. തറവാട്ടിലെ മൂത്തമകനാണ് ദേവരാജവർമ. ഭാര്യ ലക്ഷ്മി. രണ്ട് മക്കൾ സായി എന്ന സായന്ത് വർമയും വാവ എന്ന് വിളിപ്പേരുള്ള സംഗീതാവർമയും. ദേവരാജന്റെ അനുജനാണ് പ്രതാപവർമ. ഭാര്യ ദേവിക. ഒരേയൊരു മകൾ പൊന്നുവെന്ന സ്വപ്ന.
“””””നീയെന്താ സുമീ ഈ പറയുന്നത് ഞാനിവിടുള്ളപ്പോൾ അവളെ ഹോസ്റ്റലിൽ നിർത്തേണ്ട കാര്യമെന്താ ???? അവളൊരു ഹോസ്റ്റലിലും പോണില്ല ഇവിടെത്തന്നെ നിന്നവൾ കോളേജിൽ പോകും. നീയവളെ നാളെത്തന്നെ ഇങ്ങോട്ടയച്ചേക്ക് ബാക്കി ഞാൻ നോക്കിക്കോളാം “””””
അത്താഴത്തിനുള്ളതൊക്കെ റെഡിയാക്കുന്നതിനിടയിൽ കഴുത്തിടുക്കിൽ വച്ചിരുന്ന ഫോണിലൂടെ ലക്ഷ്മിയാരോടോ പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ദേവികയങ്ങോട്ട് വന്നത്.
“””” ആരാ എടത്തീ ???? “”””
“””” ഡൽഹിയിലുള്ള എന്റെ കൂട്ടുകാരി സുമിത്രയേ നിനക്കറിയില്ലേ ???? “””
ദേവിക ചോദിച്ചത് കേട്ട് ഫോൺ കട്ട് ചെയ്ത് താഴെ വച്ചുകൊണ്ട് ലക്ഷ്മി ചോദിച്ചു.
“”” ആഹ് ഉവ്വ്… ഇടയ്ക്കിവിടെ ഇവിടെ വരാറുള്ളതല്ലേ എനിക്കോർമയുണ്ടേടത്തീ… അല്ല അവരെന്താ ഇപ്പോ ഇങ്ങോട്ട് വരുന്നുണ്ടോ ??? “””
ചപ്പാത്തി ചുടാനുള്ള ഒരുക്കത്തിനിടയിൽ ദേവിക ചോദിച്ചു.
“””” വരുന്നുണ്ട് പക്ഷേ അവളല്ല അവളുടെ മോളില്ലേ തെന്നൽ അവളാ വരുന്നത്. അവളിവിടെ ഏതോ റിസർച്ചിന്റെ കാര്യത്തിനാ വരുന്നത്. ഹോസ്റ്റലിൽ തങ്ങാനായിരുന്നു പ്ലാൻ. പക്ഷേ ഞാൻ പറഞ്ഞു അവളിവിടെ നിന്നോട്ടെന്ന് ഇവിടെ നമ്മളൊക്കെ ഉള്ളപ്പോൾ അവളെന്തിനാ ഹോസ്റ്റലിലൊക്കെ പോയി നിൽക്കുന്നത്. “””””
“””” അത് ശരിയാ ഇക്കാലത്ത് പെൺകുട്ടികളെ എവിടെങ്കിലും വിശ്വസിച്ച് നിർത്താൻ കഴിയുമോ. ഇവിടെയാകുമ്പോൾ വാവേം പൊന്നുവുമൊക്കെയുണ്ടല്ലോ അതുകൊണ്ട് മുഷിച്ചിലുമുണ്ടാവില്ല. “”””
ലക്ഷ്മി പറഞ്ഞതിന് മറുപടിയായി പുഞ്ചിരിയോടെ തന്നെ ദേവികയും പറഞ്ഞു.
“””” അല്ല ഏടത്തീ… ആ കുട്ടിയെ എയർപോർട്ടിന്ന് കൂട്ടാൻ ആരാ പോണത് സായി പോകുമോ ??? “”””
“””” ഇല്ല അവന് കാലത്തേ ഓഫീസിലൊക്കെ പോകണ്ടേ. ദേവേട്ടൻ പൊക്കോളും മോളെ കൂട്ടാൻ. “”””
ലക്ഷ്മി പറഞ്ഞത് കേട്ട് ദേവികയുമൊന്ന് പുഞ്ചിരിച്ചു. പക്ഷേ ഈ സമയം ആ തറവാടിന് ചുറ്റുമുണ്ടായിക്കോണ്ടിരുന്ന മാറ്റങ്ങൾ അവരാരും ശ്രദ്ധിച്ചിരുന്നില്ല. പെട്ടന്നെങ്ങുനിന്നോ വന്നൊരു ഇളംകാറ്റ് പതിയെ ശക്തിപ്രാപിച്ചൊരു ചുഴലിയായി കളരിക്കൽ തറവാടിനെ മുഴുവനായും വിഴുങ്ങിയിരുന്നു അപ്പോഴേക്കും. ആ കാറ്റിൽ തറവാട് വളപ്പിൽ തന്നെ നിലകൊണ്ടിരുന്ന നാഗക്കാവിലെ വിളക്കുകൾ പടർന്നെരിയാൻ തുടങ്ങി. എവിടെ നിന്നൊക്കെയോ നാഗങ്ങളുടെ സീൽക്കാരങ്ങളുയർന്നു. കാവിന് പിന്നിലെ ഉപയോഗശൂന്യമായ പായൽ നിറഞ്ഞ ആമ്പൽക്കുളമാകെ ഓളം തല്ലാൻ തുടങ്ങി. ഒടുവിലവിടമാകെയൊരുതരം കരിഞ്ഞ മനുഷ്യമാംസത്തിന്റെ ദുർഗന്ധം പരന്നതും അതുവരെ പടർന്നാളിയിരുന്ന നാഗത്തറയിലെ ദീപങ്ങളൊക്കെയും ആരോ തല്ലിക്കെടുത്തിയത് പോലെ അണഞ്ഞു. അവയിൽ നിന്നും കറുത്ത പുകയുയർന്ന് തുടങ്ങി. അതേ തെന്നൽ അവളുടെ വരവിന്റെ നിയോഗം അവൾക്കും മുന്നേ മറ്റൊരാൾ തിരിച്ചറിഞ്ഞിരിക്കുന്നു.
ഉറക്കത്തിലെപ്പോഴോ നെറ്റിത്തടത്തിലൊരു തണുപ്പ് തോന്നിയപ്പോഴാണ് ദേവരാജവർമ കണ്ണ് തുറന്നത്. മുറിയിൽ വല്ലാത്തൊരു പ്രകാശം നിറഞ്ഞിരുന്നു. അസ്വസ്ഥതയോടെ കണ്ണുകൾ അങ്ങിങ്ങ് പായിച്ചൊടുവിൽ കിടക്കയിൽ തൊട്ടരികിലായി ഇരുന്നിരുന്ന സ്ത്രീരൂപത്തിലെത്തി നിന്നു. ശുഭ്രവസ്ത്രം ധരിച്ച് മുടിയിഴകൾ അഴിഞ്ഞുലഞ്ഞ് പിന്നിൽ പാറിക്കളിച്ചിരുന്ന അവളിൽ നിന്നും വശ്യമായ പാലപ്പൂവിന്റെ സുഗന്ധം വമിച്ചിരുന്നു. എങ്കിലും അരണ്ട വെളിച്ചത്തിൽ ആ മുഖം വ്യക്തമായിരുന്നില്ല.
“””” ആരാ…. ആരാത്…. “”””
പേടിച്ചരണ്ട സ്വരത്തിൽ ദേവരാജൻ ചോദിച്ചു. എട്ടുദിക്കും പൊട്ടുമാറുച്ചത്തിലൊരു പൊട്ടിച്ചിരിയായിരുന്നു മറുപടി.
“””” ദക്ഷ…… “”””
ആ പേര് ഉച്ഛരിക്കുമ്പോൾ ഭയം കൊണ്ട് അയാളുടെ സ്വരം ദീനമായിരുന്നു. അപ്പോഴും അവൾ ആർത്തട്ടഹസിച്ചുകൊണ്ടിരുന്നു.
“””” നിനക്കെന്നേ ഓർമയുണ്ടല്ലേ…. അതേ ദക്ഷ തന്നെ….. നിന്റെ തറവാടിന്റെ അസ്ഥിവാരം തോണ്ടാൻ വേണ്ടിമാത്രം മോക്ഷം പോലുമുപേക്ഷിച്ച് ഇന്നും ഗതികിട്ടാതെ അലയുന്ന ദക്ഷ….””””
അവളുടെ ഓരോ വാക്കുകളും അവിടമാകെ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. പകയിൽ അവളുടെ മിഴികൾ ജ്വലിച്ചു.
“””” ദക്ഷാ…. എന്നെ… എന്നെയൊന്നും ചെയ്യരുത്….. “””””
“”””” വീരശൂരപരാക്രമിയായ ദേവരാജവർമയ്ക്ക് ജീവനെയോർത്ത് ഭയമോ ???? “””””
മരണത്തിന്റെ തണുപ്പുള്ള തന്റെ വിരലുകൾ അയാളുടെ മുഖത്തുകൂടി വെറുതേയോടിച്ച് ആർത്ത് ചിരിച്ചുകൊണ്ടാണ് അവളത് ചോദിച്ചത്. ദേവരാജന്റെ ശരീരമപ്പോഴും കിലുകിലെ വിറപൂണ്ടിരുന്നു. മരണഭയം നിറഞ്ഞ ആ കണ്ണുകളിലേക്ക് നോക്കി വല്ലാത്തൊരുന്മാദത്തോടെ അവൾ വീണ്ടും വീണ്ടും പൊട്ടിച്ചിരിച്ചു.
“”””” ഇപ്പോഴേ ഇങ്ങനെ ഭയക്കരുത് ദേവരാജാ…. ഈ തറവാട് മുച്ചൂട് മുടിച്ച് സ്വന്തം മക്കളുടെ ചിതയ്ക്ക് വരെ നിന്നെക്കൊണ്ട് തീ കൊളുത്തിച്ചിട്ടേ സകലതും നശിച്ച് അലറിക്കരയുന്ന നിന്നെ ഞാൻ കൊല്ലൂ…. എന്റെ ആദ്യത്തെ ഇര ആരാണെന്നറിയണ്ടേ നിനക്ക്???? നിന്റെ ഒരേയൊരു മകനില്ലേ സായന്ത് വർമ അവൻ… അവനാണെന്റെ ആദ്യത്തെ ഇര…. “””””
“”””” ദക്ഷാ…. എന്റെ…..എന്റെ മകൻ…. അവൻ നിന്നോടെന്ത് ദ്രോഹം ചെയ്തു അവനെയൊന്നും ചെയ്യരുത്…. “”””
കൈകൾ കൂപ്പി യാചനയോടെ അയാൾ പറഞ്ഞു.
“””” നിനക്ക് തെറ്റിപ്പോയി ദേവരാജാ…. അവനോടെനിക്ക് പ്രതികാരമല്ല പകരം പണ്ടത്തെപ്പോലെ തന്നെ അവനോടെനിക്ക് തീവ്രമായ പ്രണയമാണ്…. ഈ തറവാട്ടിൽ ആരെയൊക്കെ എന്നിൽ നിന്നും നീ രക്ഷിച്ചാലും ദേവരാജാ അവനെ…അവനെമാത്രം ഒരിക്കലും എന്നിൽ നിന്നും രക്ഷിക്കാൻ നിനക്ക് കഴിയില്ല. ജീവിതത്തിൽ നേടാൻ കഴിയാത്ത അവനോടുള്ള എന്റെ പ്രണയം അത് മരണത്തിലെങ്കിലും നേടിയിരിക്കും ഈ ദക്ഷ. കൊണ്ടുപോയിരിക്കും അവനെ ഞാൻ നിന്നേപ്പോലെയുള്ള നികൃഷ്ട ജീവികളൊന്നുമില്ലാത്ത ആത്മാക്കളുടെ ലോകത്തേക്ക്. “””””
വല്ലാത്തൊരു ഭാവത്തോടെ അവൾ പറഞ്ഞുനിർത്തുമ്പോൾ ദേവരാജന്റെ ദേഹം വിയർപ്പിൽ കുതിർന്നിരുന്നു. സ്വന്തം ചോരയ്ക്ക് വേണ്ടി അവളോടൊന്നപേക്ഷിക്കാൻ പോലും കഴിയാത്ത നിസ്സഹായതയിൽ ചെയ്തുപോയ പാപഭാരം പേറി ആ ശിരസ്സ് കുനിഞ്ഞു.
“””” ദേവേട്ടാ…. ദേവേട്ടാ….. “”””
പെട്ടന്ന് കതകിൽ ആഞ്ഞുമുട്ടിക്കോണ്ടുള്ള ലക്ഷ്മിയുടെ വിളികേട്ട് ദേവരാജൻ ഞെട്ടിയുണർന്നു. ഒരാന്തലോടെ പിടഞ്ഞെണീറ്റ അയാൾ ദക്ഷ നിന്നിരുന്നിടത്തേക്ക് നോക്കി. പക്ഷേ അവിടമപ്പോൾ ശൂന്യമായിരുന്നു. എങ്കിലും കഴിഞ്ഞതൊന്നുമൊരു സ്വപ്നമായിരുന്നില്ല എന്നത് അയാൾക്ക് ഉറപ്പായിരുന്നു. കാരണം അവൾ വന്നിരുന്നുവെന്നതിന്റെ തെളിവായി അപ്പോഴുമവിടമാകെ വ്യാപിച്ചിരുന്ന പാലപ്പൂവിന്റെ മാസ്മരികഗന്ധം അയാളുടെ മൂക്കിലേക്കടിച്ച് കയറി.
“””” ദേവേട്ടാ ഈ വാതിലെന്തിനാ അടച്ചിരിക്കുന്നത് ???? “”””
പുറത്തുനിന്നും ലക്ഷ്മിയുടെ സ്വരം വീണ്ടുമുയർന്ന് കേട്ടു. മുഖത്തെ വിയർപ്പ് തുള്ളികൾ മുണ്ടിന്റെ തുമ്പാലൊപ്പി അയാൾ വേഗം ചെന്ന് വാതിൽ തുറന്നു.
“”””” എന്തുപറ്റി ദേവേട്ടാ… എന്താ മുഖമൊക്കെ വല്ലാതെ സുഖമില്ലേ ????. “”””
വാതിൽ തുറന്നതും അകത്തേക്ക് കയറി ഭയം കൊണ്ട് വിളറി വെളുത്ത അയാളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ലക്ഷ്മി ചോദിച്ചു.
“””” ഏയ് എനിക്ക് കുഴപ്പമൊന്നുമില്ല… എന്തോ ഒരു സ്വപ്നം കണ്ടു…. “”””
പുറം കൈകൊണ്ട് മുഖമൊന്നുകൂടി തുടച്ചിട്ട് അയാൾ പറഞ്ഞു.
“””” ആഹാ അത്രേയുള്ളൊ ഞാനങ്ങ് പേടിച്ചുപോയി. ദാ കാപ്പി കുടിക്ക്…. “””
ചിരിയോടെ ആവി പാറുന്ന കാപ്പിക്കപ്പയാൾക്ക് നേരെ നീട്ടിക്കൊണ്ട് ലക്ഷ്മി പറഞ്ഞു. അയാളും പതിയെ ഒന്ന് ചിരിക്കാൻ ശ്രമിച്ചുവെങ്കിലും ഉള്ളിലെ സംഘർഷങ്ങൾ മൂലമാകാം അതിലയാൾ ദയനീയമായി പരാജയപ്പെട്ടു.
“””” വെളുപ്പിന് കാണുന്ന സ്വപ്നം ഫലിക്കും അല്ലേ ലക്ഷ്മി ??? “””
ചൂട് കാപ്പി ഊതിക്കുടിക്കുന്നതിനിടയിൽ പെട്ടന്നായിരുന്നു ദേവരാജന്റെ ആ ചോദ്യം.
“””” ആഹ് അത് കൊള്ളാം ഒരു ക്ഷേത്രത്തിൽ പോലും പോകാത്ത , ഒരു ദൈവങ്ങളുടെ മുന്നിലും കൈ കൂപ്പാത്ത ദേവേട്ടനെന്ന് മുതലാ ഇതൊക്കെ വിശ്വസിച്ചുതുടങ്ങിയത് ??? “””
എന്തോ വലിയ തമാശ കേട്ടത് പോലെ പൊട്ടിച്ചിരിച്ചുകൊണ്ടാണ് ലക്ഷ്മിയത് ചോദിച്ചത്. വിളറിയ ഒരു ചിരി മാത്രമായിരുന്നു അതിനുള്ള അയാളുടെ മറുപടി.
“”””” സ്വന്തം മക്കളുടെ ജീവനൊരു ചോദ്യച്ചിന്ഹമാകുമ്പോൾ എത്ര വലിയ നിരീശ്വരവാദിയും വിശ്വാസിയായിപ്പോകും. എത്ര വലിയ കൊമ്പനും ആർക്കും മുന്നിൽ ശിരസ്സ് നമിച്ചുപോകും ലക്ഷ്മി. “”””
മൗനമായിരുന്ന് കാപ്പി മൊത്തിക്കുടിക്കുമ്പോൾ അയാളുടെ ഉള്ളം മന്ത്രിച്ചു.
“”””” ഹാ ദേവേട്ടൻ വീണ്ടും സ്വപ്നവുമോർത്തിരിക്കുവാണോ ??? “””
ഓർമകളിൽ മുഴുകിയിരുന്ന ദേവരാജനെ തട്ടിവിളിച്ചുകൊണ്ട് ലക്ഷ്മി ചോദിച്ചു.
“””” സ്വപ്നമൊക്കെ അവിടെ നിക്കട്ടെ വേഗം പോയി കുളിച്ചുവരാൻ നോക്ക് എയർപോർട്ടിലേക്ക് പോണ്ടേ തെന്നലിനെ കൂട്ടിക്കൊണ്ട് വരാൻ …. “”””
“”””” ആഹ് ഞാനത് മറന്നു ….. “”””
മറ്റേതോ ലോകത്തെന്നപോലെ അയാൾ പറഞ്ഞു.
“””” ഉവ്വ് എനിക്കറിയാമായിരുന്നു മറന്നുകാണുമെന്ന് എനിക്കറിയില്ലെ ദേവേട്ടന്റെ സ്വാഭാവം. എന്തായാലും വേഗം ചെന്ന് റെഡിയാവ്. ഞാനടുക്കളയിലേക്ക് ചെല്ലട്ടെ…. “”””
ചിരിയോടെ പറഞ്ഞിട്ട് ലക്ഷ്മി വേഗത്തിൽ താഴേക്കുള്ള പടികളിറങ്ങി. പിന്നാലെ തന്നെ കുളിക്കാനായി കുളക്കടവിലേക്ക് പോകാനിറങ്ങിയ അയാളുടെ കാലുകൾ സായിയുടെ മുറിക്ക് മുന്നിലെത്തിയപ്പോൾ നിശ്ചലമായി. ചാരിക്കിടന്നിരുന്ന ആ വാതിൽ തള്ളിത്തുറന്ന് അയാൾ പതിയെ അകത്തേക്ക് ചെന്നു. അവിടെയപ്പോൾ അയാളുടെ സാന്നിധ്യമൊന്നുമറിയാതെ ബെഡിൽ കമിഴ്ന്നുകിടന്നുറങ്ങുകയായിരുന്നു അവൻ . അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ വല്ലാത്തൊരു ഭയം ഉള്ളിലേക്കിരച്ച് കയറുന്നതയാളറിഞ്ഞു.
“””” എന്റെ ചിതയ്ക്ക് കൊള്ളി വെക്കേണ്ടവനെ ഞാനെങ്ങനെ മരണത്തിന് വിട്ടുകൊടുക്കുമെന്റീശ്വരാ… “”””
സായിയുടെ മുടിയിലൂടെ അരുമയായി തഴുകുമ്പോൾ ഉള്ളുരുകുന്ന നൊമ്പരത്തിൽ അയാൾ സ്വയം വിലപിച്ചു. കുളിയും ജപവുമൊക്കെ കഴിഞ്ഞ് എയർപോർട്ടിലേക്ക് പുറപ്പെട്ട ദേവരാജന്റെ കാറ് പക്ഷേ സഞ്ചരിച്ചത് മറ്റൊരു വഴിക്കാണ്. വാഹനങ്ങളൊഴിഞ്ഞ റോഡിലൂടെ കുറേ ദൂരം സഞ്ചരിച്ച് “കുന്നത്ത് മന” എന്ന പഴയ നാലുകെട്ടിന്റെ പടിപ്പുരയ്ക്ക് മുന്നിലാണ് ആ വാഹനം നിന്നത്.
“”” തിരുമേനി…. “””
അകത്തേക്ക് കയറിച്ചെല്ലുമ്പോൾ മുറ്റത്തെ തുളസിത്തറയ്ക്കരികിൽ നിൽക്കുകയായിരുന്ന മധ്യവയസ്കയായ സ്ത്രീയോടായി അയാൾ ചോദിച്ചു.
“””” പൂജാമുറിയിലാണ് ഞാൻ വിളിക്കാം കയറിയിരിക്കൂ… “””
പറഞ്ഞിട്ട് തിരുമേനിയുടെ വേളിയെന്ന് തോന്നിച്ച അവർ അകത്തേക്ക് നടന്നു. ഇരിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല എങ്കിലും അവരുടെ ക്ഷണം സ്വീകരിച്ച് അയാൾ കോലായിലെ അരഭിത്തിയിലേക്ക് കയറിയിരുന്നു.
“””” ആഹ് ദേവരാജനോ എന്താടോ ഇത്ര രാവിലെ തന്നെ ഇങ്ങോട്ടൊരു വരവ് ???? “”””
അകത്തുനിന്നുമുള്ള ചോദ്യം കേട്ടാണ് ഏതോ ചിന്തകളിൽ മുഴുകിയിരുന്ന ദേവരാജനങ്ങോട്ട് നോക്കിയത്. കാവിമുണ്ടും നെഞ്ചോളം നീണ്ട താടിരോമങ്ങളും കഴുത്തിലെ തടിച്ച മാലയിൽ കൊരുത്ത ഏലസും ഇരുകൈത്തണ്ടകളെയും പൊതിഞ്ഞ ചരടുകളും നെറ്റിയിൽ നീട്ടിവരച്ച ഭസ്മക്കുറിയുമിട്ട ചൈതന്യമുള്ള ആ രൂപത്തെ കണ്ടതും ദേവരാജൻ ഭവ്യതയോടെ എണീറ്റുനിന്നു.
“”” തിരുമേനി അത്…. “””
“””” മ്മ്ഹ്…. അവൾ നേരിട്ട് യുദ്ധത്തിനിറങ്ങി അല്ലേ ??? “””
എന്തോ പറയാൻ വന്ന ദേവരാജനെ വലതുകരമുയർത്തി തടഞ്ഞുകൊണ്ട് അദ്ദേഹം ചോദിച്ചു. മറുപടിയായി തലകുലുക്കിയിട്ട് നടന്ന കാര്യങ്ങളൊക്കെ അദ്ദേഹത്തോട് പറയുമ്പോൾ അയാളിൽ വല്ലാത്ത തളർച്ച തോന്നിച്ചിരുന്നു. പക്ഷേ അപ്പോഴും അനന്തൻ തിരുമേനിയുടെ അധരങ്ങളിലൊരു ചെറു പുഞ്ചിരി തത്തിക്കളിച്ചിരുന്നു.
“”” ദേവരാജാ…. അവനവന്റെ കർമഫലം എന്നായാലും നാമോരോരുത്തരെയും തേടിയെത്തിയിരിക്കും. അതാണ് ഇപ്പൊ തന്നെയും വേട്ടയാടിക്കൊണ്ടിരിക്കുന്നത്. “”””
ചാരുകസേരയിലേക്കിരുന്ന് വിദൂരതയിലേക്ക് നോക്കികൊണ്ടാണ് അദ്ദേഹമത് പറഞ്ഞത്. ആ വാക്കുകളുടെ മൂർച്ചയിൽ ദേവരാജന്റെ മുഖത്തെ രക്തമയമാകെ വാർന്ന് പോയിരുന്നു.
“””” അതിന്ന് ഞാനും തിരിച്ചറിയുന്നു തിരുമേനി… പക്ഷേ…. ഇന്ന് എന്റെയാ തെറ്റിന് ഞാൻ കൊടുക്കേണ്ടി വരുന്ന വില എന്റെ മകന്റെ ജീവനാണ്. അതെനിക്ക് തടഞ്ഞേകഴിയൂ തിരുമേനി…. അതിനിനി എന്ത് വില കൊടുക്കേണ്ടി വന്നാലും എനിക്കത് ചെയ്തേ തീരൂ. അതിന് അങ്ങയുടെ സഹായമെനിക്ക് വേണം. കൈ വിടരുത്… “””
കണ്ണുകളിലെ ചുവന്ന ഞരമ്പുകളെ മറച്ച് അനന്തൻ തിരുമേനിയുടെ ഇരുകൈകളും കൂട്ടിപ്പിടിച്ചുകൊണ്ട് യാചനാസ്വരത്തിലാണ് ദേവരാജനത് പറഞ്ഞത്.
“””” നമുക്ക് പ്രാർത്ഥിക്കാം ദേവാ… എല്ലാം അവിടുത്തെ തിരുനടയിൽ സമർപ്പിക്കാം. ജനനത്തിനും മരണത്തിനും അതീതനായ ആ സ്വരൂപത്തിനെ മാത്രമേ ആശ്രയിക്കാനുള്ളു. മഹാദേവന് ചില പൂജകളൊക്കെ നടത്താം. പിന്നെ ഞാനൊരു ഏലസ് ജപിച്ചുതരാം. അത് സായി ശരീരത്തിലണിയണം. “”””
പറഞ്ഞുകൊണ്ട് അദ്ദേഹം എണീറ്റ് പൂജാമുറിയിലേക്ക് നടന്നു. അല്പസമയത്തിനുള്ളിൽ തിരികെ വരുമ്പോൾ ഒരിലച്ചീന്തിൽ ജപിച്ച ഒരു ഏലസുമുണ്ടായിരുന്നു.
“”” ഇത് അവനണിയണം. തല്ക്കാലം കാരണമൊന്നും പറയേണ്ടതില്ല… “””
അത് ദേവരാജന്റെ കൈക്കുമ്പിളിലേക്ക് കൊടുത്തുകൊണ്ട് അനന്തൻ തിരുമേനി പറഞ്ഞു.
“””” ശരി തിരുമേനി ഞാനെന്നാ അങ്ങോട്ട്…. “””
“”” മ്മ്മ്… ആയിക്കോട്ടെ…. “”””
ഗൗരവഭാവത്തിൽ തന്നെ അദ്ദേഹം മൊഴിഞ്ഞു.
“””” ഇതൊക്കെ വെറുമൊരു ആശ്വാസത്തിന് മാത്രമാണ് ദേവരാജാ… ദക്ഷ…. അവളെ തടയാൻ ഇതിനൊന്നും സാധ്യമായെന്ന് വരില്ല. ഒരുപക്ഷേ ആ മഹാശക്തിക്ക് പോലും അതീതമാകാമവൾ. കാരണം ജീവിച്ച് കൊതി തീരാതെ നിന്റെ പകയിൽ എരിഞ്ഞടങ്ങിയവളാണ് അവൾ. ആ അവൾ ലക്ഷ്യമിട്ടതെന്തോ അതിൽ നിന്നവളെ പിൻതിരിപ്പിക്കാൻ നീ അശക്തനായിരിക്കും ദേവരാജാ. അവളെ തടയാൻ പ്രാപ്തിയുള്ള ഒരാളെ ഇനിയുള്ളൂ ആ കൈലാസാധിപതി.
അവളുടെ തീരുമാനം അത് ലക്ഷ്യം കാണുക തന്നെ ചെയ്യും ദേവരാജാ…. “””
പടിപ്പുര കടന്നുപോകുന്ന ദേവരാജനെ നോക്കിയിരിക്കുമ്പോൾ ഒരുൾക്കിടിലത്തോടെ അനന്തൻ തിരുമേനിയുടെ ഉള്ളം മന്ത്രിച്ചു.
തുടരും…
( Nb : ആദ്യമാണ് ഇത്തരമൊരു സ്റ്റോറിയെഴുതാനുള്ള ഒരു ശ്രമം. ഒരാഗ്രഹത്തിന്റെ പേരിൽ മാത്രം തുടങ്ങിയതാണ്. ഇഷ്ടമായില്ല എങ്കിൽ ഒന്നുപദേശിച്ചാൽ മതി ഞാനീപ്പണി നിർത്തി പോയേക്കാം. തിക്കും തിരക്കുമുണ്ടാക്കാതെ എല്ലാവരും വന്ന് പൊങ്കാലയിട്ടിട്ട് പൊക്കോ )
അഭിരാമി അഭിയുടെ മറ്റു നോവലുകൾ
അഗ്നിസാക്ഷി
മഴപോലെ
നിനക്കായ്
അഗസ്ത്യ
നിൻ നിഴലായ്
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Dhaksha written by Sreekutty
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Starting kuzhappam ella wait for next part