ദക്ഷ – 7

1539 Views

dhaksha

“””””  എന്താ   ചിറ്റേ….  “”””

ആദ്യമോടിയവരുടെ   അരികിലെത്തിയ   സായി   ചോദിച്ചു.   പക്ഷേ   അവരെന്തെങ്കിലും   പറയും   മുന്നേ   തന്നെ   മുറിക്കുള്ളിലെ   ഹൃദയഭേദകമായ   കാഴ്ചയിലേക്ക്   അവന്റെ   നോട്ടമെത്തിയിരുന്നു.   കത്തിക്കരിഞ്ഞ്   കരിക്കട്ട   പോലെ   യൊരു   മനുഷ്യരൂപം.   ആ   കാഴ്ച   കാണാൻ   കഴിയാത്തത്   പോലെ   പലരും   കണ്ണുകൾ   ഇറുക്കിയടച്ചു.   അച്ഛാ   എന്നൊരു   തേങ്ങലോടെ   സ്വപ്നയും   ദേവികയുടെ   അരികിലേക്കിരുന്നു.  സ്വന്തം   കൂടപ്പിറപ്പിന്റെ   കത്തിക്കരിഞ്ഞ   ശരീരം   കണ്ട്   ഒന്ന്   കരയാൻ   പോലും   മറന്ന്   നിൽക്കുകയായിരുന്നു   അപ്പോൾ   ദേവരാജൻ. 

നിമിഷനേരം   കൊണ്ട്   കളരിക്കലേ   പ്രതാപൻ   മരിച്ച   വിവരം   കാട്ടുതീ   പോലെ   ആ   നാടാകെ   പരന്നു.  കളരിക്കൽ   വളപ്പാകെ   ജനനിബിഡമായി.   അല്പസമയത്തിനുള്ളിൽ   പോലിസുമെത്തി.   എൻക്വയറി  പൂർത്തിയാക്കി   ബോഡി   പോസ്റ്റ്‌മോർട്ടത്തിനയച്ചു.  പോസ്റ്റ്‌മോർട്ടം   കഴിഞ്ഞ്   പിറ്റേദിവസം   ഉച്ചയോടെ   പ്രതാപന്റെ   അടക്കവും   കഴിഞ്ഞു.  പക്ഷേ   അപ്പോഴും   പ്രതാപന്റെ   മരണം    ഒരു   ചോദ്യചിന്ഹമായിരുന്നു   എല്ലാവരുടെ   മനസ്സിലും.  മുറിയിലെ   മറ്റൊരു   വസ്തുവിന്   പോലും   കേട്   സംഭവിക്കാതെ   സ്വന്തം  ശരീരം   മാത്രം  നശിപ്പിച്ചുകൊണ്ടുള്ള    ആ   മരണം   പോലീസിനെ   വരെ   കുഴപ്പിക്കുന്ന   ഒന്നായിരുന്നു.  പക്ഷേ   ദേവരാജന്   മാത്രം   അതിനെപ്പറ്റി   സംശയങ്ങളേതുമുണ്ടായിരുന്നില്ല.  ആ   മനസ്സിൽ   അപ്പോഴെല്ലാം   ഒരേയൊരു   പേര്   മാത്രമായിരുന്നു   ഉണ്ടായിരുന്നത്   ദക്ഷ  !!!!!!!!!!!!!

പ്രതാപന്റെ   അടക്കം   കഴിഞ്ഞിട്ട്   മൂന്നുദിവസം    കഴിഞ്ഞിരുന്നു.  രാത്രിയിൽ   തറവാട്ട്   മുറ്റത്തുകൂടി   എന്തൊക്കെയോ   ആലോചിച്ചുകൊണ്ട്   നടക്കുകയായിരുന്നു   ദേവരാജൻ.   പലതുമാലോചിച്ച്   ആ   മനസ്സ്   വളരെയധികം   അസ്വസ്തമായിരുന്നു   അപ്പോൾ.  കയ്യിലിരുന്ന   സിഗരറ്റ്   എരിഞ്ഞുതീരാറായത്   പോലുമറിയാതെ   ഭ്രാന്ത്   പിടിച്ചത്   പോലെ   അയാൾ   നടന്നുകൊണ്ടിരുന്നു. 

“””””  ഏട്ടാ…..  “””””

പെട്ടന്നന്നായിരുന്നു   ആ   വിളി   കാതിൽ   വന്നുപതിച്ചത്.   ഒറ്റവിളിയിൽ   തന്നെ   ആ   ശബ്ദം   തിരിച്ചറിഞ്ഞ   ദേവരാജൻ   ഭയന്ന്   ചുറ്റും   നോക്കി.   പ്രതാപൻ   എപ്പോഴും   പൂശാറുള്ള   പെർഫ്യൂമിന്റെ   മണം   അവിടമാകെ   പരന്നതും   അയാളിലെ   ഭയമിരട്ടിച്ചു. 

“”””  ഏട്ടാ   ഇത്   ഞാനാ….  എനിക്ക്   ഒറ്റയ്ക്ക്   വയ്യേട്ടാ ….  അതുകൊണ്ട്   ഏട്ടനെയും   ഒപ്പം   കൂട്ടാനാണ്   ഞാൻ   വന്നത്.   കുഞ്ഞിലേ   മുതൽ   എല്ലാത്തിനും   നമ്മളൊരുമിച്ചല്ലേ   ഏട്ടാ…. ഒടുവിൽ   നമ്മുടെ   ഭദ്രേയും  കുടുംബത്തെയും   ചുട്ടെരിക്കാൻ   പോലും   നമ്മളൊരുമിച്ചായിരുന്നില്ലേ….  പിന്നിപ്പോ   മരണത്തിൽ   മാത്രം   എന്നേ   ഒറ്റയ്ക്കാക്കല്ലേ   ഏട്ടാ… വാ  ഏട്ടാ   വാ   എന്റെ   അടുത്തേക്ക്   വാ   നമുക്ക്   പോകാം…. “”””

തെക്കേത്തൊടിയിലെ   പച്ചമൺകൂനയ്ക്കരികിൽ   നിന്നുകൊണ്ട്   അയാളുടെ   നേർക്ക്   ഇരുകൈകളും   നീട്ടിക്കൊണ്ട്   പ്രതാപൻ   വിളിച്ചു.  അപ്പോൾ   അയാളുടെ   മിഴികൾ   തീക്കട്ട   പോലെ   ചുവന്ന്   തുടുത്തിരുന്നു.   ആ   മുഖത്തേക്ക്   നോക്കും   തോറും   തന്റെ   ശരീരമാകെ   മരവിപ്പ്   ബാധിക്കുന്നത്   ദേവരാജനറിഞ്ഞു.   പെട്ടന്നൊരു   ഉൾവിളിയാലെന്നപോലെ   അയാൾ   തിരിഞ്ഞോടി. 

“”””   ഏട്ടാ   എന്നെ   തനിച്ചാക്കല്ലേ   ഏട്ടാ….  “””

തൊട്ടു   തൊട്ടില്ല   എന്നവിധം   അയാളുടെ   ഒപ്പമോടിയെത്തിക്കൊണ്ട്    പ്രതാപൻ   പറഞ്ഞു.   പെട്ടന്ന്   എന്തിലോ   തട്ടി   ദേവരാജൻ   നിലത്തേക്ക്   വീണു.  ഒന്ന്   പിടഞ്ഞയാൾ   തിരിയുമ്പോഴേക്കും   പ്രതാപൻ   അയാളുടെ   തൊട്ടരികിലെത്തിയിരുന്നു.  

‘”””””   വേണ്ടാ….  വേണ്ടാ….  “””””

വരണ്ട   സ്വരത്തിൽ   പറഞ്ഞുകൊണ്ട്   അയാൾ   പിന്നിലേക്ക്   നിരങ്ങി   നീങ്ങി. 

“”””  വാ   ഏട്ടാ   വാ….  “”””

വിളിച്ചുകൊണ്ട്   പ്രതാപന്റെ    ഇരുകൈകളും   അയാളുടെ   നേർക്ക്   നീണ്ടുവന്നു. 

“”””  പ്രതാപാ   !!!!!!!!!!!!!!!!!   “””””

ഒരലർച്ചയായിരുന്നു   ദേവരാജൻ.   പെട്ടന്ന്   മുറിയിൽ   വെളിച്ചം   പരന്നു.   അയാൾ   പകച്ച്   ചുറ്റും   നോക്കി.  ആ   ശരീരമാകെ   വിയർപ്പിൽ   കുതിർന്നിരുന്നു. 

“”””  ദേവേട്ടാ…… “””””

അയാളുടെ    ചുമലിൽ   കൈ   വച്ചുകൊണ്ട്   ലക്ഷ്മി   പതിയെ   വിളിച്ചു.   ഒരു   ഞെട്ടലോടെ   അയാളവരെ   തുറിച്ചുനോക്കി. 

“”””‘   പ്രതാപൻ….  അവനെന്നെ   കൊണ്ടുപോകും….  “”””

അവ്യക്‌തമായി   അയാൾ   പിറുപിറുത്തു. 

“”””   ദാ   ദേവേട്ടാ   വെള്ളം   കുടിക്ക്   “””””

ഗ്ലാസ്സിലെ   വെള്ളം   അയാൾക്ക്   നീട്ടിക്കൊണ്ട്    ലക്ഷ്മി   പറഞ്ഞു.   ദേവരാജൻ   വേഗമത്   വാങ്ങി   ആർത്തിയോടെ   വലിച്ചുകുടിച്ചു.   അയാളുടെ   ആ   പ്രവർത്തികളൊക്കെ   നോക്കിയിരിക്കുകയായിരുന്നു   അപ്പോഴും   ലക്ഷ്മി.   വെള്ളം   കുടിച്ച്   ഗ്ലാസ്‌   തിരികെ   നൽകിക്കൊണ്ട്   അയാൾ   പതിയെ   ബെഡിലേക്ക്   ചാഞ്ഞു.   അപ്പോഴും   ഏതൊക്കെയോ  പേടിപ്പെടുത്തുന്ന   ചിന്തകൾ   കൊണ്ട്   അയാളുടെ   ഉള്ളം   വിറച്ചിരുന്നു. 

ദിവസങ്ങൾ    കൊഴിഞ്ഞുകൊണ്ടിരുന്നു.   പ്രതാപന്റെ   മരണാനന്തര   ചടങ്ങുകളൊക്കെ   പതിനാറാം   നാളോടെ   അവസാനിച്ചു.   പിറ്റേദിവസം  കാലത്തേ   തന്നെ   ദേവരാജൻ   അനന്തൻ   തിരുമേനിയേ   കാണാനായി   കുന്നത്ത്   മനയിലേക്ക്   പുറപ്പെട്ടു.  അവിടേക്കുള്ള   യാത്രയിലുടനീളം   ആ   മനസ്സ്   വല്ലാതെ   അസ്വസ്തമായിരുന്നു. 

“””””  ഈ   വരവ്   ഞാൻ   പ്രതീക്ഷിച്ചിരുന്നു….   കളി   കാര്യമായിത്തുടങ്ങിയല്ലേ  ????   “”””

ദേവരാജൻ   പടിപ്പുര   കടന്ന്   അകത്തേക്ക്   ചെന്നതും   ഉമ്മറത്തെ   ചാരുകസേരയിൽ   മിഴികളടച്ച്   കിടക്കുകയായിരുന്ന   അനന്തൻ   തിരുമേനി   ആ   നിലയിൽ   കിടന്നുകൊണ്ട്   തന്നെ   ചോദിച്ചു. 

“””””  ഉവ്വ്   തിരുമേനി….  “””””

“”””  മ്മ്ഹ്….  താനിവിടേക്ക്   വന്നില്ലെങ്കിലും   നാളെ   ഞാനവിടെ   എത്തിയേനെ.  എന്നേയും   അവൾ   വെല്ലുവിളിച്ചുകഴിഞ്ഞു.   കളരിക്കൽ   തറവാടിനെ   രക്ഷിക്കാനുള്ള   മനക്കരുത്തുണ്ടെങ്കിൽ   വരാൻ….. ഈ   എന്നെ   വെല്ലുവിളിക്കാൻ   മാത്രം   അവൾ   വളർന്നുവെങ്കിൽ   ഇനി   അടങ്ങിയിരുന്നിട്ട്   കാര്യമില്ല.  ഈ   ചതുരങ്കക്കളിയിൽ   എനിക്കവളെ   നേരിട്ടേ   മതിയാവൂ.   നാളെ   പുലർച്ചെ   തന്നെ   ഞാൻ   കളരിക്കലെത്തും.  താൻ   പൊക്കോ   എനിക്ക്    ചില   തയ്യാറെടുപ്പുകളൊക്കെ   വേണം. “””””

“””””  പക്ഷേ   തിരുമേനി…..  “”””

“”””  ഭയക്കാതെ   ചെല്ല്   ദേവരാജാ   ഇന്നിനിയവിടെ   ഒന്നും   സംഭവിക്കില്ല.   ബാക്കിയൊക്കെ   നാളെ   ഞാനങ്ങെത്തിയിട്ട്   തീരുമാനിക്കാം.   “”””

വീണ്ടും   സംശയം   മാറാത്ത   ദേവരാജനോടായി   തിരുമേനി   പറഞ്ഞു. 

“”'”””  ശരി    തിരുമേനി….  “”””

ആ   ഉറപ്പിൽ   വിശ്വസിച്ച്   അദ്ദേഹത്തേയൊന്ന്   വണങ്ങിയിട്ട്   ദേവരാജൻ   പുറത്തേക്ക്   നടന്നു.   തിരികെ   കളരിക്കലെത്തിയിട്ടും   ഇനിയെന്താവും   നടക്കാൻ   പോകുന്നതെന്ന   ആധി   അയാളെ   പിടിച്ചുലച്ചുകൊണ്ടിരുന്നു.   ആ   പകൽ   എങ്ങനെയൊക്കെയോ   കടന്നുപോയി. 

എങ്ങും   ഇരുൾ   പരന്നു.   തറവാടും   പരിസരവും   ഒരു   ചീവീടിന്റെ   സ്വരം   പോലുമില്ലാതെ   നിശബ്ദതയിൽ   ലയിച്ചുകിടന്നു. 

ഉറങ്ങാൻ   കിടന്ന്   സമയമൊരുപാട്   കഴിഞ്ഞിട്ടും   ഉറക്കം   വരാതെ   കിടന്ന   തെന്നലൊടുവിലെണീറ്റ്   സായിയുടെ   മുറിയിലേക്ക്   നടന്നു.   അവൾ   ആ   മുറിയിലേക്ക്   ചെല്ലുമ്പോൾ   ഏതോ   ആലോചനയിൽ   മുഴുകി   ജനലിലൂടെ   പുറത്തേക്ക്   നോക്കി   നിൽക്കുകയായിരുന്നു   സായി.  തന്റെ   സാന്നിധ്യം   പോലുമറിയാതെ   നിൽക്കുന്ന   അവന്റെ   തൊട്ടുപിന്നിലെത്തിയതും    ഇരുകൈകൾ   കൊണ്ടും   അവളവനെ   പിന്നിലൂടെ   പുണർന്നു.  

“””””   പേടിച്ചുപോയല്ലോ   പെണ്ണേ……  “”””

പെട്ടന്ന്    വെട്ടിത്തിരിഞ്ഞുകൊണ്ട്   അവൻ   പറഞ്ഞു. 

“”‘”‘  മുറിയിലൊരാള്   വന്നതുപോലുമറിയാതെ   ഇങ്ങനെ   ബോധംകെട്ട്   നിന്നാൽ   ചിലപ്പോൾ   പേടിച്ചുവെന്നൊക്കെ   വരും.   “””””

ചുറ്റിപ്പിടിച്ച   അവന്റെ   കൈകൾക്കുള്ളിലൊതുങ്ങി   നിന്നുകൊണ്ട്    അവൾ   പറഞ്ഞു. 

“””‘  എന്താ   ഇത്ര  ആലോചിച്ചുകൂട്ടുന്നത് ???  “”””

അവന്റെ   മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്   അവൾ   വീണ്ടും   ചോദിച്ചു.

“”””  ഏയ്   ഒന്നുല്ലെഡീ   വെറുതെ   ഓരോന്നാലോചിച്ചുപോയി.   ഇത്ര   പെട്ടന്ന്   ചെറിയച്ഛൻ…..   “”””

വാക്കുകൾ   പാതിയിൽ   നിർത്തി   അവൻ   പുറത്തേ   ഇരുട്ടിലേക്ക്   നോക്കി   നിന്നു. 

“””””  ഓരോരുത്തർക്കോരോ   സമയമനുവധിക്കപ്പെട്ടിട്ടുണ്ട്   സായിയേട്ടാ  അത്   കഴിഞ്ഞാൽ   പോയല്ലേ   പറ്റു….  “””””

അവന്റെ   തോളിലേക്ക്   ചാഞ്ഞുകൊണ്ട്   അവൾ   പറഞ്ഞു.  സായിയും   പതിയെ   ഒന്ന്   മൂളി.   ആ   രാത്രി   മുഴുവൻ   പലതും   സംസാരിച്ചിരുന്ന്   സായിയുടെ   നെഞ്ചിലേക്ക്   ചേർന്നിരുന്നുറങ്ങിപ്പോയ  തെന്നൽ   കണ്ണ്   തുറക്കുമ്പോൾ    പുലർച്ചെ   നാല്   മണി   കഴിഞ്ഞിരുന്നു.  സായി   അപ്പോഴും   ബെഡിൽ   ചാരിയിരുന്നുറങ്ങുകയായിരുന്നു.   അവൾ   പതിയെ   അവനെ   ഉണർത്താതെ   അരക്കെട്ടിൽ   ചുറ്റിപ്പിടിച്ചിരുന്ന   കൈകളയച്ചുമാറ്റി   പുറത്തേക്ക്   പോയി. 

നേരം   പരപരാ   വെളുത്തുതുടങ്ങും   മുന്നേ   തന്നെ   പുറത്തൊരു   കാറ്‌   വന്ന   ശബ്ദം    കേട്ടാണ്   ദേവരാജൻ   വന്ന്   പ്രധാനവാതിൽ   തുറന്നത്.   അപ്പോൾ   കാറിൽ   നിന്നിറങ്ങിയ   അനന്തൻ   തിരുമേനി   നടുമുറ്റത്ത്   നിന്ന്   തറവാടിനെയാകെ   നിരീക്ഷിക്കുകയായിരുന്നു.

“”””  ഇത്ര   നേരത്തെ   എത്തുമെന്ന്   കരുതിയില്ല   തിരുമേനി   അകത്തേക്ക്   വരൂ….  “”””

ഓടി   അദ്ദേഹത്തിനരികിലെത്തി   ഭവ്യതയോടെ   ദേവരാജൻ   പറഞ്ഞു.  അതിന്   മറുപടിയായി   ഒന്നുമൂളിയതല്ലാതെ   തിരുമേനിയൊന്നും   പറഞ്ഞില്ല.  ഏഴുമണിയോടേ   ദേവരാജൻ   പറഞ്ഞതനുസരിച്ച്    എല്ലാവരും   കുളിച്ച്   ശുദ്ധിയായി   ഉമ്മറത്തെത്തിയിരുന്നു.  അപ്പോഴും   മിഴികളടച്ച്   ധ്യാനത്തിൽ   മുഴുകിയിരിക്കുകയായിരുന്നു   തിരുമേനി.  ഏകദേശം   പത്തുമിനിറ്റോളം   കഴിഞ്ഞ്   അദ്ദേഹം   കണ്ണുകൾ    തുറന്ന്   ചുറ്റും   നിന്നിരുന്നവരെയൊക്കെയൊന്ന്   നോക്കി.  പിന്നെ   പതിയെ   സംസാരിച്ചുതുടങ്ങി. 

“”””   ഞാൻ   ഇനിയും   പറയാൻ   പോകുന്നത്   നിങ്ങളിലെത്ര   പേർക്ക്   ദഹിക്കുമെന്നെനിക്കറിയില്ല.  പക്ഷേ   നിങ്ങൾ   വിശ്വസിച്ചാലും   ഇല്ലെങ്കിലും   എനിക്കിത്   പറഞ്ഞേ   മതിയാവൂ.   കുറച്ചു   നാളുകളായി   ഈ   തറവാട്ടിൽ   നടക്കുന്ന   മിക്ക   സംഭവങ്ങൾക്കും   ഒരു   മൂലകാരണമുണ്ട്.  അത്   ഒരു   ആത്മാവാണ്.  ആ   ആളെയും   നിങ്ങൾക്കെല്ലാം   വളരെ   വ്യക്തമായി   തന്നെ   അറിയാം.  ദക്ഷ  !!!!!!!  “””” 

അനന്തൻ   തിരുമേനിയുടെ   നാവിൽ   നിന്നും   ആ   പേര്   ഉച്ഛരിക്കപ്പെട്ടതും   നടുവിൽ   കൊളുത്തിവച്ചിരുന്ന   നിലവിളക്ക്   ആരോ   ഊതിക്കെടുത്തിയത്    പോലെ   അണഞ്ഞു.  അത്   കണ്ടതും   തിരുമേനിയുടെ   മിഴികളൊന്ന്   വികസിച്ചു   പിന്നെ   ചുണ്ടുകൾ   ഒന്ന്   മന്ദഹസിച്ചു.   ആ   നിമിഷം   തെക്ക്   ദിശയിലെവിടെയോ   ഇരുന്ന്   ഒരു   പല്ലി   ശക്തമായി   ചിലച്ചു. 

“”””  ജീവിച്ച്   കൊതി   തീരും   മുൻപേ   ഈ   ഭൂമിയിൽ   നിന്നും   തുടച്ചുനീക്കപ്പെട്ടവളാണവൾ.   ആഗ്രഹങ്ങളും   മോഹങ്ങളും   സഫലീകരിക്കാൻ   കഴിയാതെ   മരണത്തെ   പുൽകിയ   ചോരയും   നീരുമുള്ള   പെണ്ണ്.  ഇന്ന്   അവളുടെ   പ്രതികാര   ദാഹത്തിന്റെ   പിടിയിലാണ്   ഈ   തറവാട്ടിലുള്ള   ഒരു   പുൽക്കൊടി   പോലും.   അതിൽ   നിന്നും   രക്ഷപെടാൻ   ഈ   ലോകത്തിന്റെ   ഏത്   കോണിൽ   ചെന്നൊളിച്ചാലും   കാര്യമില്ല.  അവളിൽ   നിന്നും   ഈ   തറവാടിനെ   രക്ഷിക്കാൻ   ആ   മഹാദേവന്   പോലും   സാധ്യമല്ല.  പ്രതാപന്റെ   മരണത്തിന്   പോലും   മറ്റൊരു  കാരണം   തേടെണ്ടതില്ല.   “”””

ശാന്തമായിത്തന്നെ   അദ്ദേഹം   പറഞ്ഞുനിർത്തുമ്പോൾ   അവിടെ   കൂടിയിരുന്ന   മുഖങ്ങളിലാകെ   ഭയം   നിറഞ്ഞിരുന്നു.  ഏറ്റവും   പിന്നിലായി   നിന്നിരുന്ന   തെന്നലിന്റെ   കൈകൾ   സായിയുടെ   തോളിലമർന്നു. 

“”””” ഇതിനൊരു   പരിഹാരമില്ലേ   തിരുമേനി….  “”'”

എല്ലാം   കേട്ടുനിന്നിരുന്ന   വാസുദേവൻ   ചോദിച്ചു. 

“”””  പരിഹാരമില്ലേന്ന്   ചോദിച്ചാൽ   നേർവഴിക്ക്   ഒരു   പരിഹാരമില്ല.  എന്നാൽ   ഇല്ലേ   എന്നുചോദിച്ചാൽ   ഉണ്ട്.   കഠിനമായ    ആഭിചാര   ക്രിയകളിലൂടെ   അവളെ   തളയ്ക്കാൻ   കഴിയും.  പക്ഷേ   അതിന്   ജീവിതത്തിനും   മരണത്തിനുമിടയിലൂടെയുള്ള   നൂൽപ്പാലത്തിലൂടെ   സഞ്ചരിക്കേണ്ടി   വരും.  ചെറിയൊരു   പിഴവ്   മതി   അവളെല്ലാം   മുച്ചോട്   മുടിച്ചിരിക്കും.  എന്തിനെയും   നേരിടാൻ   നിങ്ങളൊരുക്കമാണെങ്കിൽ   ഞാനുണ്ട്   കൂടെ.   “”””

“”””   ഞങ്ങളെന്തിനും   തയ്യാറാണ്   തിരുമേനി….  “”””

അദ്ദേഹം   പറഞ്ഞുനിർത്തിയതും  ദേവരാജൻ   പറഞ്ഞു. 

“”””  മ്മ്ഹ്….  നല്ലത്.  എങ്കിൽ   ഇന്നേക്ക്   നാല്പത്തിയൊന്നാം   നാൾ   പൂജകൾക്കുള്ള   ഒരുക്കങ്ങൾ   ചെയ്തോളു.  അതുവരെ   എല്ലാവരും   ഏകാഗ്രതയോടെ    ഈശ്വരഭജനവുമായിരിക്കണം.  ഒരുക്കങ്ങളെങ്ങനെ   വേണമെന്നും    എന്തൊക്കെ   കരുതണമെന്നും   വഴിയെ   അറിയിക്കാം.   “”””

പറഞ്ഞിട്ട്   അദ്ദേഹം   എണീറ്റു.  പിന്നെയും   ദേവരാജനോടെന്തൊക്കെയോ   സംസാരിച്ചിട്ട്‌   പുറത്തേക്ക്   ഇറങ്ങാൻ   തുടങ്ങുമ്പോഴായിരുന്നു   അദ്ദേഹത്തിന്റെ   മിഴികൾ   സായിയുടെ   കയ്യിൽ   പിടിച്ചുകൊണ്ട്   നിൽക്കുന്ന   തെന്നലിലേക്ക്   നീണ്ടത്.  ആ   മിഴികളിലൊരു   ഞെട്ടൽ   പ്രകടമായി.

“””””  സായന്ത്   വർമ   അല്ലേ  ????  “””””

“”””  അതേ….  “”””

ആ  മിഴികളിലേക്കുറ്റുനോക്കിക്കൊണ്ട്   അവൻ   പറഞ്ഞു. 

“”””  ഒന്നുവരൂ   അല്പം   സംസാരിക്കാനുണ്ട്.  “”””

പറഞ്ഞുകൊണ്ട്   അനന്തൻ   തിരുമേനി   പുറത്തേക്കിറങ്ങി.   അരികിൽ   നിന്ന   തെന്നലിനെയൊന്ന്   നോക്കിയിട്ട്   സായിയും   ഒപ്പം   ചെന്നു.   മുറ്റത്തെ   വലിയ   മൂവാണ്ടൻ   മാവിന്റെ   ചുവട്ടിലേക്കാണ്   അവർ  പോയത്. 

“”””””  മനസുകൊണ്ട്   പാതിയാക്കിയവളുടെ   അരികിൽ   നിന്നുമാണല്ലേ   ഞാനിപ്പോ   പറിച്ചെടുത്തുകൊണ്ടുവന്നത്.  “”””

ഒരു   ചെറുചിരിയോടേ   തിരുമേനി   ചോദിച്ചു.   അത്   കേട്ടതും   സായി   അത്ഭുതത്തോടെ   അദ്ദേഹത്തെ   നോക്കി. 

“”””   പക്ഷേ   സായി   അത്ര   നല്ലൊരു   കാര്യമല്ല   എനിക്ക്   പറയാനുള്ളത് “””

ചുണ്ടിലെ   ചിരി   മായ്ച്ചുകൊണ്ട്   അദ്ദേഹം   പറഞ്ഞു.  ആ   വാക്കുകളുടെ   അർഥം   മനസ്സിലാവാത്തത്   പോലെ   സായി   ആ   മുഖത്തേക്ക്   നോക്കി. 

“”””  ഇവിടെ   വന്ന   ശേഷം   ആ   പെൺകുട്ടിക്കെന്തെങ്കിലും   അപകടങ്ങൾ   ഉണ്ടായിട്ടുണ്ടോ  “”””

മറ്റെവിടേക്കോ   നോക്കി   നിന്നുകൊണ്ട്   തിരുമേനി   ചോദിച്ചു.

“”””””  ഉവ്വ്   പ്രതീക്ഷിക്കാത്ത   ഒന്നുരണ്ട്   ആക്‌സിഡന്റുകൾ   ഉണ്ടായിരുന്നു.  “”””

മുൻപത്തെ   സംഭവങ്ങൾ   ഓർത്തുകൊണ്ട്    അവൻ   പറഞ്ഞു.

“”””  അതൊന്നും   വെറും   അപകടങ്ങളല്ല   സായി.   ദക്ഷയുടെ   പ്രതികാരത്തിന്റെ   ഭാഗമായിരുന്നു   അതെല്ലാം.   “””

“”””  പക്ഷേ   എന്തിന്   അവളീ   കുടുംബത്തിലേ   അംഗമല്ല.  പിന്നെ    അവളോടെന്തിനാ….  എന്തിനുമൊരു   കാരണം   വേണമല്ലോ.  “”””

“”””  കാരണമുണ്ട്   സായി   ആ   കാരണമാണ്   തനിക്കവളോടുള്ള   പ്രണയം.  “”””

അന്തം  വിട്ടുനിൽക്കുന്ന   സായിയുടെ   കണ്ണിലേക്ക്   നോക്കി   അദ്ദേഹം   പറഞ്ഞു. 

“””””  സായി   അറിയാതെയോ   മനസ്സിലാക്കാതെയോ   പോയ    ഒരു   കാര്യമുണ്ട്   ദക്ഷ    കൗമാരത്തിലെത്തിയ   നാളുമുതൽ   ഹൃദയത്തിൽ   സൂക്ഷിച്ച   മുഖമാണ്   മുറച്ചെറുക്കനായിരുന്ന   തന്റെ.   “”””

“”””  പക്ഷേ   എനിക്കങ്ങനെയൊന്നും….  “”””

“”””  അറിയാം   പക്ഷേ   ദക്ഷ   തന്നെ   മോഹിച്ചിരുന്നു.   ജീവിച്ചിരുന്നപ്പോഴായിരുന്നുവെങ്കിൽ   തനിക്കവളെ   നിരസിക്കാനുള്ള   സ്വാതന്ത്ര്യമുണ്ടായിരുന്നു.   പക്ഷേ   ഇന്നതില്ല   കാരണം   അവൾ   പ്രതികാരദാഹിയായ   ഒരാത്മാവും   സായി   കേവലം   നിസ്സാരനായ   ഒരു   മനുഷ്യനുമാണ്.  മരിച്ചുമണ്ണടിഞ്ഞെങ്കിലും   തന്നോടുള്ള   അവളുടെ   പ്രണയത്തിനൊരു   ഇളക്കവും  തട്ടിയിട്ടില്ല.  അതുകൊണ്ട്   തന്നെ   ജീവിതത്തിൽ   സ്വന്തമാക്കാൻ   കഴിയാതെ   പോയ   സായിയെ   മരണം   കൊണ്ട്   സ്വന്തമാക്കാനാണ്   അവളുടെ   ശ്രമം.  അവളുടെ   ആ  ശ്രമഫലമാണ്   തെന്നലിനെപ്പോലെ   ഒരു   പെൺകുട്ടിയെ   പിൻതുടർന്ന്   താൻ   ആമ്പൽക്കുളത്തിലെത്തിയത്.  “””””

തിരുമേനി   പറയുന്നതൊന്നും   വിശ്വസിക്കാൻ   കഴിയാതെ   ഒരു   മരവിപ്പോടെ   നിൽക്കുകയായിരുന്നു   സായിയപ്പോൾ. 

“””””  പക്ഷേ   ഇപ്പൊ   സാഹചര്യം   മാറി   മറിഞ്ഞിരിക്കുന്നു.  ഇപ്പൊ   ദക്ഷയുടെ   കണ്ണിലെ   കരട്   സായിയുടെ   പ്രണയത്തിന്   പാത്രമായ   തെന്നലാണ്.   “””””

“””””  തിരുമേനി   പറഞ്ഞുവരുന്നത്…..  “””‘”

“”””” അതേ   സായി   തെന്നൽ   അവളേതുനിമിഷവും   കൊല്ലപ്പെടാം.   സായിക്കും   തനിക്കുമിടയിൽ    ആര്   വന്നാലും   ദക്ഷയവരെ   ഇല്ലാതാക്കും.  “”””

“”””   നോ…….  തെന്നൽ   അവളെന്റെ…. “”””

“”””  എനിക്ക്   മനസ്സിലാവും   സായി   പക്ഷേ   സത്യമതാണ്.   ഇപ്പോൾ   തെന്നലിന്റെ   തലയ്ക്കുമുകളിൽ   തൂങ്ങിയാടുന്ന   വാളാണ്   തന്റെ   സ്നേഹം.  അതവളുടെ   ജീവനെടുക്കാൻ   കാരണമാകും.  “”””

അനന്തൻ   തിരുമേനി   പറഞ്ഞുകഴിയുമ്പോഴേക്കും   സായിയുടെ   കണ്ണുകൾ   പൂമുഖത്ത്   ഒന്നുമറിയാതെ    നിൽക്കുന്ന   തെന്നലിനെ   തേടിപ്പോയിരുന്നു.  രണ്ടുതുള്ളി   കണ്ണുനീർ   അവന്റെ   കവിളുകളെ   നനച്ചുകൊണ്ട്   ഒഴുകിയിറങ്ങി. 

തുടരും….

(   ദക്ഷയോടും   വിടപറയാറായിരുക്കുന്നു   കേട്ടോ  ഒന്നോ   രണ്ടോ   ഭാഗങ്ങളിൽ   അവസാനിപ്പിക്കും. സ്നേഹപൂർവ്വം )

 

അഭിരാമി അഭിയുടെ മറ്റു നോവലുകൾ

അഗ്നിസാക്ഷി

മഴപോലെ

നിനക്കായ്‌

അഗസ്ത്യ

നിൻ നിഴലായ്

3/5 - (2 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply