ദക്ഷ – 2

4351 Views

dhaksha

ദേവരാജൻ   എയർപോർട്ടിൽ   എത്തും   മുന്നേ   തന്നെ   ഫ്ലൈറ്റ്   ലാൻഡ്   ചെയ്തിരുന്നു.   കാത്തുനിന്ന്   സമയമൊരുപാട്   ആയിട്ടും   അയാളെ   കാണാത്ത   നിരാശയിൽ   അടുത്തുകണ്ട    ചെയറിലേക്കിരുന്ന   തെന്നൽ   ഒന്ന്   മയങ്ങിപ്പോയിരുന്നു. 

“”””  മോളെ….  “”””

താനരികിലെത്തിയത്   പോലുമറിയാതെ   മിഴിപൂട്ടിയിരിക്കുന്ന   അവളുടെ   നെറുകയിൽ   വാത്സല്യത്തോടെ   തലോടിക്കൊണ്ട്   അയാൾ   വിളിച്ചു.  പെട്ടന്ന്   ഒന്ന്   ഞെട്ടിയത്   പോലെയവൾ   ചാടിയെണീറ്റു.    അയാളെ   കണ്ടതും   ആ    മിഴികളിലൊരു   ആശ്വാസം   പടർന്നത്  പോലെ  തോന്നി.  പിന്നെ   പതിയെ   ഒന്ന്   പുഞ്ചിരിച്ചു. 

“””  ആഹ്   നല്ല   ആളാ   ഞാൻ   വന്നിട്ടെത്ര   നേരായെന്നറിയോ ???   കാത്തിരുന്നിരുന്ന്   വേരിറങ്ങി   “”””

പെട്ടന്നെന്തോ   ഓർത്തത്   പോലെ   ചുണ്ടിലെ   ചിരിയൊളിപ്പിച്ച്   ഒരു   കുഞ്ഞി   കേറുവോടെ   അയാൾക്ക്   നേരെ   നോക്കി   ചുണ്ടുപിളർത്തിക്കൊണ്ട്   അവൾ   പറഞ്ഞു.  അതുകേട്ട്   അയാൾ   മൃദുവായൊന്ന്   ചിരിച്ചു. 

“”””  പോട്ടെടി   കുറുമ്പിപ്പാറൂ   എനിക്കത്യാവശ്യമായിട്ടൊരു   സ്ഥലം   വരെ   പോകേണ്ടി   വന്നോണ്ടല്ലേ   താമസിച്ചത്.  അതും   പറഞ്ഞിനി   പിണങ്ങണ്ട  വാ   അവിടെ   നിന്റെ   വരവും   കാത്തിരിക്കുവാ   എല്ലാരും.  നിന്റാന്റിയിപ്പോ   ഒരമ്പത്   പ്രാവശ്യമെങ്കിലും   വിളിച്ചുകാണും.  “””

ചിരിയോടെ   അവളുടെ   ട്രോളീബാഗ്  കയ്യിലെടുത്തുകൊണ്ട്   ദേവരാജൻ   പറഞ്ഞു.  അപ്പോഴേക്കും   ഇരുന്നിടത്തുനിന്നും   എണീറ്റ്   ഡ്രസ്സൊക്കെ   നേരെയാക്കി   അവളും   റെഡിയായിരുന്നു.  അവർ   കളരിക്കൽ   എത്തുമ്പോഴേക്കും   വരാൻ   പോകുന്ന   ആളിനെ   കാണാനുള്ള   ആകാംഷയോടെ  അവിടെയുള്ളവരെല്ലാം   പൂമുഖത്ത്   നിരന്നിരുന്നു.  അതേ   സമയം   തന്നെ   ഓഫീസിലേക്കിറങ്ങാൻ   റെഡിയായി   സായിയും  അങ്ങോട്ട്‌   വന്നു. 

അവന്റെ   കണ്ണുകളും    അച്ഛനൊപ്പം   കാറിൽ   നിന്നിറങ്ങുന്ന   ആ   പെൺകുട്ടിയിലേക്ക്    നീണ്ടു.  ജീൻസും   ടോപ്പും   ധരിച്ച്   കഴുത്തിലൊരു   സ്കാർഫ്   ചുറ്റി   സ്മൂത്ത്‌   ചെയ്ത   നീണ്ട   തലമുടി   ഒരു   സൈഡിലേക്ക്   മെടഞ്ഞിട്ട   വെളുത്തു   കൊലുന്നനെയുള്ള   അവളെത്തന്നെ   നോക്കി   അവനങ്ങനെ   നിന്നു. 

വിടർന്ന   മിഴികളും   തുടുത്ത   അധരങ്ങളുമുള്ള   മേക്കപ്പൊന്നുമില്ലാത്ത   ആ  മുഖത്തിന്   അഴക്   കൂട്ടും   വിധം   നെറ്റിയിലേക്ക്   വീണുകിടന്നിരുന്ന   കുഞ്ഞളകങ്ങൾ   കാറ്റിൽ   പാറിക്കളിച്ചിരുന്നു.  ചിരിക്കുമ്പോൾ   ദൃശ്യമാവുന്ന   കട്ടപ്പല്ലും   കവിളിലേ   നുണക്കുഴിയുമെല്ലാം   അവളിൽ   വല്ലാത്തൊരു   ഭംഗി   തോന്നിച്ചിരുന്നു.  കഴുത്തിലൊരു   കുഞ്ഞ്   മാലയും   കാതിൽ   ചെറിയൊരുജോഡി   സ്റ്റഡും  കൈത്തണ്ടയിലെ   വാച്ചും   മാത്രമായിരുന്നു   ആഭരണങ്ങളായി   അവളുടെ   ദേഹത്തുണ്ടായിരുന്നത്. 

“””   ആഹാ   വന്നകാലിൽ   തന്നെ   നിൽക്കാതെ   കേറിവാ   മോളെ…  “””

കാറിൽ   നിന്നിറങ്ങി   അവരെയോരോരുത്തരേയും  നോക്കി   പുഞ്ചിരിയോടെ   നിന്നിരുന്ന   അവളോടായി   ദേവിക   പറഞ്ഞു.  അതുകേട്ടതും   അവൾ   പതിയെ   കാലിലെ   ചെരുപ്പഴിച്ചിട്ട്   അകത്തേക്ക്   കയറാനൊരുങ്ങി.  പക്ഷേ   തെന്നലിന്റെ   പാദങ്ങൾ   ആദ്യപടി   ചവിട്ടും   മുന്നേ   ആകാശത്തെവിടെയോ   ഒരു   വെള്ളിടി   വെട്ടി. അവൾ   ഒരു   ഞെട്ടലോടെ   മുന്നോട്ടാഞ്ഞ   കാല്   പിന്നോട്ട്   വച്ചു.   ആകാശം   മൂടിക്കെട്ടി.  ശക്തമായ   കാറ്റിൽ   മരങ്ങൾ   ആടിയുലഞ്ഞു. 

“””  ഇതെന്താ  ഇപ്പൊ  പതിവില്ലാത്തൊരു   മഴ ???   എല്ലാരും   വേഗം   അകത്ത്   കയറാൻ   നോക്ക്.  മഴയുള്ള   ലക്ഷണമാ. “””

തെന്നലിന്റെ   കയ്യിൽ   പിടിച്ചകത്തേക്ക്    കയറ്റിക്കൊണ്ട്   ലക്ഷ്മി   പറഞ്ഞു. 

“””  ഇത്   കാലം   തെറ്റിയുള്ള   വെറുമൊരു   മഴയല്ല.  എന്തിനോ   വേണ്ടിയുള്ള   അവളുടെ   പടയൊരുക്കമാണ്.  “””

അവർക്ക്   പിന്നാലെ    പൂമുഖത്തേക്ക്   കയറുമ്പോൾ   ഇരുണ്ടുമൂടിയ   ആകാശത്തേക്ക്   നോക്കി നിന്ന്   ദേവരാജൻ   ഓർത്തു. ആ   കുറഞ്ഞ  സമയം  കൊണ്ട്  തന്നെ    തെന്നൽ   ആ   വീട്ടിലുള്ള   എല്ലാവരുമായും   കൂട്ടായിക്കഴിഞ്ഞിരുന്നു.  പക്ഷേ   സ്ത്രീജനങ്ങൾക്കൊപ്പം   അകത്തേക്ക്   നടക്കുമ്പോൾ   മാത്രമാണ്   പിന്നിലൊരു   തൂണിൽ   ചാരി   തന്നെത്തന്നെ  നോക്കി   നിൽക്കുന്ന   സായി   അവളുടെ   കണ്ണിൽ   പെട്ടത്. 

“””‘  ഹായ്….  “”””

ഒരുകണ്ണിറുക്കി  മനോഹരമായൊന്ന്   ചിരിച്ചുകൊണ്ട്   അവനോടായി  അവൾ   പറഞ്ഞു.  അവളുടെ   ആ   പ്രവർത്തിയിൽ   അവനൊന്ന്‌   ചമ്മിയെങ്കിലും   പതിയെ  ആ   മുഖത്തുമൊരു   പുഞ്ചിരി   വിരിഞ്ഞു.  അപ്പോഴേക്കും   അവൾ   അകത്തേക്ക്   പോയിക്കഴിഞ്ഞിരുന്നു.

“””  ഇവളൊരു   കാട്ടുകോഴി   തന്നെ   മോനേ   സായി   “””

അവൾ   പോയ   വഴി   നോക്കി   നിന്ന്   മീശ   തടവിക്കൊണ്ട്   അവൻ   സ്വയം   പറഞ്ഞു.  പിന്നെ   പെട്ടന്ന്   സമയത്തെപ്പറ്റി   ഓർത്തത്   പോലെ   കയ്യിലെ   വാച്ചിലേക്കൊന്ന്   നോക്കിയിട്ട്   ധൃതിയിൽ   പുറത്തേക്കിറങ്ങി  കാറിൽ   കയറി   ഒടിച്ചുപോയി. അപ്പോഴേക്കും   മാനം  പെയ്തുതുടങ്ങിയിരുന്നു. 

“””  മക്കളെ   ചേച്ചിക്ക്   മുറി   കാണിച്ചുകൊടുക്ക്.  മോളൊന്ന്   ഫ്രഷായിട്ട്   വാ   എന്നിട്ടെന്തേലും   കഴിക്കാം “””

അടുത്തടുത്ത്   നിന്ന  തെന്നലിനോടും  മറ്റുരണ്ട്  പെൺകുട്ടികളോടുമായി   ലക്ഷ്മി   പറഞ്ഞു.  അതുകേൾക്കേണ്ട  താമസം   സംഗീതയും  സ്വപ്നയും  കൂടി   അവളെയും  കൂട്ടി   മുകളിലേക്ക്   പോയി.  മുകളിലെത്തി   മുറിയൊക്കെ   കാണിച്ചുകൊടുത്തിട്ട്   കുറച്ചുസമയം   കത്തിവച്ചിരുന്നിട്ട്   അവരിരുവരും   താഴേക്ക്   തന്നെ  പോയി. 

അവർ   പോയതും  വാതിലടച്ചിട്ടവൾ   നേരെ   ബാത്‌റൂമിലേക്ക്   കയറി.  കുളിച്ചിറങ്ങുമ്പോഴാണ്   തന്റെ   തൊട്ടുപിന്നിലാരോ   നിൽക്കുന്നത്   പോലെ  അവൾക്ക്   തോന്നിയത്.  അല്പം   ഉച്ചത്തിൽ  ആ   ശ്വാസഗതി   താൻ  കേട്ടില്ലേ,  അതിന്റെ   നേർത്ത   ചൂട്   തന്റെ  പിൻകഴുത്തിലടിച്ചില്ലേ  “

ഒരു  നിമിഷത്തേ  ആലോചനയ്ക്ക്   ശേഷം  അവൾ  വേഗത്തിൽ  പിന്നിലേക്ക്  വെട്ടിത്തിരിഞ്ഞു.  പക്ഷേ   അവിടം   ശൂന്യമായിരുന്നു. 

“”” ശോ   എന്റെയൊരു  കാര്യം  “””

ഒരു  വളിച്ച   ചിരിയോടെ  സ്വന്തം  തലയിലൊന്ന്  കൊട്ടിയിട്ട്   അവൾ  ബെഡിലേക്കിരുന്ന്   ഫോൺ  കയ്യിലെടുത്തു.  പക്ഷേ   അപ്പോഴും  തറയിൽ   പതിഞ്ഞ   അവളുടെ  നനഞ്ഞ  കാൽപ്പാടിനൊപ്പം   തന്നെയുണ്ടായിരുന്ന  ആറുവിരലുകളുള്ള   മറ്റൊരു   കാൽപ്പാടിലേക്ക്   അവളുടെ   നോട്ടമെത്തിയിരുന്നില്ല.  പെട്ടന്ന്   തന്നെ   എവിടെ   നിന്നോ   വന്ന  ഒരിളംകാറ്റിൽ   ആ  പാടുകൾ   മാഞ്ഞുപോവുകയും  ചെയ്തു. 

“””  ചേച്ചിക്കിവിടെയൊക്കെ   ഇഷ്ടമായോ   “””

വൈകുന്നേരത്തോടടുത്ത്   തെന്നലിനെ  തറവാടൊക്കെ   ചുറ്റിക്കാണിക്കുമ്പോഴായിരുന്നു   സ്വപ്നയുടെ  ചോദ്യം.  മറുപടിയായി  അവളൊന്ന്   മൂളി.  പക്ഷേ  അപ്പോഴും   അവളുടെ   മിഴികൾ   ചുവര്   നിറയെ   ഫ്രയിം  ചെയ്ത്  വച്ചിരുന്ന  ഫോട്ടോകളിലായിരുന്നു. 

“””  ഇതാണ്   ചേച്ചി  മുത്തശ്ശൻ,  ഇത്   മുത്തശ്ശി   പിന്നെ  ഇത്   അച്ഛനും  ചെറിയച്ഛനും.  “””

തെന്നൽ   നോക്കി   നിന്നിരുന്ന   കുടുംബചിത്രമെന്ന്   തോന്നിച്ച  വലിയ   ചിത്രത്തിലുണ്ടായിരുന്ന  ഓരോരുത്തരെയായി   തൊട്ടുകാണിച്ചുകൊണ്ട്   സംഗീത  പറഞ്ഞു.  അതെല്ലാം  കേട്ടൊരു  കൗതുകത്തോടെ   നിൽക്കുകയായിരുന്നു   തെന്നലപ്പോൾ. 

“””  ആഹ്  ചേച്ചി   പിന്നെ   ഇതാണ്  ഞങ്ങടെ  ഒരേയൊരു   അപ്പച്ചി.  സുഭദ്രയപ്പ.   “””

ചിത്രത്തിൽ   ദേവരാജന്റെയും   പ്രതാപന്റെയും  ഇടയിലായി   നിന്നിരുന്ന   ദാവണിയുടുത്ത   പെൺകുട്ടിയെ   ചൂണ്ടി   സംഗീത   വീണ്ടും  പറഞ്ഞു.  എന്നിട്ടിങ്ങനെയോരാളെ   ഇതുവരെ  താൻ   കണ്ടില്ലല്ലോ   എന്ന   ചിന്തയായിരുന്നു   അപ്പോൾ   തെന്നലിന്റെ   ഉള്ള്  നിറയെ. 

“””  ചേച്ചിയെന്താ   ആലോചിക്കുന്നത്   അപ്പയെപ്പറ്റിയാണോ ???  “””

തെന്നലിന്റെ   നിൽപ്പും  ഭാവവും  കണ്ട  സ്വപ്നയാണത്   ചോദിച്ചത്.  അതേയെന്ന   അർഥത്തിൽ   അവളൊന്ന്   തല   ചലിപ്പിച്ചു. 

“””  സുഭദ്രയപ്പയിപ്പോ   ജീവനോടെയില്ല…. അപ്പ   മാത്രമല്ല   അവരുടെ   കുടുംബം   തന്നെ  ഇല്ലാതായിട്ട്   ഇപ്പോൾ   ഒന്നര   വർഷം   കഴിഞ്ഞു.  “””

അവളുടെയാ   വാക്കുകൾ   ഒരു   ഞെട്ടലോടെയാണ്   തെന്നൽ   ശ്രവിച്ചത്. 

“””” തറവാട്ടിൽ   ഒരുപാട്   ആൺകുട്ടികൾക്കിടയിലുണ്ടായ   ഏകപെൺകുട്ടിയായിരുന്നു   സുഭദ്രയപ്പ.   അതുകൊണ്ട്   തന്നെ   എല്ലാവരുടേയും ജീവനായിരുന്നു   അവർ.  സൗന്ദര്യത്തിലും   വിദ്യാഭ്യാസത്തിലുമെല്ലാം   അപ്പയെന്നും   മുൻപന്തിയിലായിരുന്നു.  പഠനമൊക്കെ   കഴിഞ്ഞ്   അടുത്തുള്ള   സ്കൂളിൽ   തന്നെ   അധ്യാപികയായി   കയറിയ   സമയത്തായിരുന്നു   അപ്പയെ   തേടി   ഏതോ   വലിയ   തറവാട്ടിലെ   ഏകമകന്റെ   ആലോചന   വന്നത്.  എല്ലാവർക്കും   ആ   ബന്ധം   വളരെ   ഇഷ്ടമായിരുന്നു. 

പക്ഷേ   വിവാഹത്തിന്   ഒരാഴ്ച   ബാക്കി   നിൽക്കേയാണ്   കൂടെ   ജോലി   ചെയ്തിരുന്ന   ഒരു   മാഷോടൊപ്പം   സുഭദ്രയപ്പ   ഇറങ്ങിപ്പോയത്.   ആ  സംഭവം   ഈ   തറവാടിനെ   ഒന്നാകെ   പിടിച്ചുലച്ചു.  അതോടെ   എല്ലാവരുടെയും   പ്രീയപ്പെട്ടവളായിരുന്ന   അപ്പ   എല്ലാവരുടെ   കണ്ണിലും   വെറുക്കപ്പെട്ടവളായി.  തറവാട്ടിൽ   നിന്നും   അവരെ   പടിയടച്ച്   പിണ്ഡം   വച്ചു. 

പക്ഷേ   ആഗ്രഹിച്ച   ആളിനോടൊപ്പമുള്ള   ജീവിതം   സ്വന്തമായ   ആശ്വാസത്തിൽ   അപ്പയതൊക്കെ   സഹിച്ചു.   ഇവിടുത്തെ  അത്ര   പണവും   സൗകര്യങ്ങളുമൊന്നുമില്ലായിരുന്നുവെങ്കിലും   ആ   ജീവിതത്തിൽ   അവർ   സന്തോഷവതിയായിരുന്നു.  ഒരു   വർഷത്തിന്   ശേഷം   അവർക്കൊരു   കുഞ്ഞും   ജനിച്ചു.  ദക്ഷ.   സായിയേട്ടനേക്കാൾ   നാലുവയസിന്   ഇളപ്പമുണ്ടായിരുന്ന   ദക്ഷേച്ചിയും   സുഭദ്രയപ്പയേപ്പോലെ   തന്നെ   സുന്ദരിയായിരുന്നു.  

വല്ലപ്പോഴും   വഴിയിലോ   മറ്റൊ  വച്ചുള്ള   കണ്ടുമുട്ടലുകളൊഴിച്ചാൽ   അവരോടൊന്നുമൊന്ന്   നേരെ   മിണ്ടിയിട്ട്   കൂടിയില്ല   ഞങ്ങളാരും.  പക്ഷേ   ദക്ഷേച്ചി   ഒത്തിരി   പാവമായിരുന്നു.  എപ്പോ   നോക്കിയാലും   ആ   ചുണ്ടിലൊരു   പുഞ്ചിരിയുണ്ടാകുമായിരുന്നു.

അങ്ങനെയിരിക്കേയാണ്   ഹൃദയസ്തംഭനം   മൂലം   മുത്തശ്ശി   മരിച്ചത്.  അന്നായിരുന്നു   ഇരുപത്തിരണ്ട്   വർഷങ്ങൾക്ക്   ശേഷം  ആദ്യമായും   അവസാനമായും   സുഭദ്രയപ്പ   ഈ   തറവാട്ടിലേക്ക്   വന്നത്.  ഒപ്പം   ദക്ഷേച്ചിയുമുണ്ടായിരുന്നു.  അപ്പയെ   കണ്ടപ്പോൾ   തന്നെ   ചീറിക്കോണ്ടവരോടടുത്ത   അച്ഛനെയും   ചെറിയച്ചനെയും   മുത്തശ്ശൻ  തന്നെയാണ്   തടഞ്ഞത്.

അതിന്   മുത്തശ്ശൻ   പറഞ്ഞ   കാരണം   ഈ   നിമിഷം   അപ്പയുണ്ടാവണമെന്ന്   മുത്തശ്ശി   ആഗ്രഹിക്കുന്നുണ്ടാകും   എന്നാണ്.  പിന്നെ   മുത്തശ്ശിക്കരികിലിരുന്ന്   അലറിക്കരഞ്ഞ   അപ്പയെ  ഇരുപത്തിരണ്ട്   വർഷങ്ങൾക്ക്   ശേഷം   മുത്തശ്ശൻ    ചേർത്തുപിടിച്ചു.  മുത്തശ്ശിയുടെ   വിയോഗം   വേദനിപ്പിച്ചിരുന്നുവെങ്കിലും  ആ   മുഹൂർത്തം   എല്ലാവരിലും   സന്തോഷം   നിറച്ചിരുന്നു.  ഒരുപക്ഷെ   മുത്തശ്ശിയുടെ   ആത്മാവും   ആ   രംഗം   കണ്ട്   ആനന്ദാശ്രു   പൊഴിച്ചിരിക്കാം. 

പക്ഷേ   അന്ന്   വൈകുന്നേരം   അപ്പയും   ദക്ഷേച്ചിയും   തിരികെ   പോകുമ്പോൾ   അതൊരിക്കലും   ഒരു   മടങ്ങിവരവില്ലാത്തിടത്തേക്കാവുമെന്ന്   ആരും   കരുതിയിരുന്നില്ല.   പിറ്റേദിവസം   ഈ   നാടുണർന്നത്   അപ്പയും   കുടുംബവും  സ്വന്തം   വീടിനുള്ളിൽ   തന്നെ   വെന്തുവെണ്ണീറായി   എന്ന   വാർത്തയുമായാണ്.  ഞങ്ങളൊക്കെ   ഓടിയെത്തുമ്പോഴേക്കും   അവിടെയൊരു   ചാരക്കൂമ്പാരം   മാത്രമായിരുന്നു   അവശേഷിച്ചിരുന്നത്. 

ആ  കാഴ്ച   കണ്ട്   കുഴഞ്ഞുവീണ   മുത്തശ്ശൻ   അപ്പോൾ  തന്നെ   മരിച്ചു.  അങ്ങനെ   രണ്ടു   ദിവസത്തിനുള്ളിൽ   ഒരേ  കുടുംബത്തിലെ   അഞ്ചുമരണങ്ങൾ   കണ്ട്  ഈ  നാട്   തന്നെ   വിറങ്ങലിച്ചുപോയിരുന്നു.   അവർ  ഉറങ്ങിയശേഷം   ആരോ   ആ   വീടിന്   തീ  വച്ചതായിരുന്നു.  അപ്പോഴതിനുള്ളിലുണ്ടായിരുന്ന   സുഭദ്രയപ്പയും   ഭർത്താവും  ദക്ഷേച്ചിയുമെല്ലാം   ആ   അഗ്നിയിൽ   എരിഞ്ഞടങ്ങി.  “””

അവസാനവാക്കുകൾ   ഒരു   ഇടർച്ചയോടെയായിരുന്നു   അവൾ   പറഞ്ഞുനിർത്തിയത്. 

“””” ഇത്രയും   വലിയൊരു   സംഭവം   നടന്നിട്ട്   അന്വേഷണമൊന്നുമുണ്ടായില്ലേ ???  “””

അവസാനം   തെന്നൽ   ചോദിച്ചു.

“”” അന്വേഷണമൊക്കെയുണ്ടായി   പക്ഷേ   ഒന്നിനും   ഒരു   തെളിവ്   കണ്ടെത്താൻ   അവർക്കും   കഴിഞ്ഞില്ല.  പിന്നെ   ഒരു   ഷോർട് സർക്യൂട്ടോ   ഗ്യാസ്   പൊട്ടിത്തെറിച്ചോ   ഉണ്ടാകാവുന്ന   ഒരു   സ്വാഭാവിക   അപകടമായി   അതിനെ   എഴുതിത്തള്ളി.  “””

നിയമവ്യവസ്ഥയോടാകെയൊരു   പുച്ഛമുള്ളത്   പോലെ   സ്വപ്ന  പറഞ്ഞു.  പിന്നീട്   തെന്നലും   ഒന്നും   മിണ്ടിയില്ല. 

“””  ആഹ്   ചേച്ചിക്ക്   ദക്ഷേച്ചിയെ   കാണണ്ടേ  ദാ   ഇതാണ്.  മുത്തശ്ശിയുടെ   മരണശേഷം    മുറി   വൃത്തിയാക്കിയപ്പോൾ   പെട്ടിയിൽ   ഭദ്രമായി   വച്ചിരുന്നതാ   ഈ   ഫോട്ടോ.  പിന്നീട്   സായിയേട്ടനാ   എടുത്തിവിടെ   വച്ചത്.  “”

കുറച്ചപ്പുറത്തേക്ക്   നീങ്ങി   നിന്നിരുന്ന   സ്വപ്ന   പറഞ്ഞത്   കേട്ട്   ആകാംഷയോടെയാണ്   തെന്നലങ്ങോട്ടോടി   ചെന്നത്.   അവിടെ   ചുവന്ന   ദാവണിയുടുത്ത്   കണ്ണിൽ   കരിയെഴുതി   ചുവന്ന   നിറത്തിൽ   തന്നെയുള്ള   പൊട്ടും   തൊട്ട  ജ്വലിക്കുന്ന   സൗന്ദര്യമുള്ള  ഒരു   പെൺകുട്ടിയുടെ  ചിത്രം   സാമാന്യം   വലിപ്പത്തിൽ   തന്നെ   ഫ്രയിം   ചെയ്ത്   വച്ചിരുന്നു. 

അധരങ്ങളിൽ   പുഞ്ചിരി   തത്തിക്കളിക്കുന്ന ,  മിഴികളിൽ   കുസൃതിയൊളിപ്പിച്ച   ഓമനത്തം   തുളുമ്പുന്ന   ആ  മുഖത്ത്   തന്നെ   മിഴിയൂന്നി   ഏതോ  മായാവലയത്തിലടിപ്പെട്ടപോലെ   നിന്നുപോയി   തെന്നൽ.   ആ  കണ്ണുകൾ   തന്നിൽ   തന്നെ   തറഞ്ഞുനിൽക്കുന്നത്   പോലെ   തോന്നിയ   അവൾ   വീണ്ടും  വീണ്ടും   സൂക്ഷിച്ചുനോക്കിക്കൊണ്ടിരുന്നു. 

“””  അയ്യോ   ചേച്ചി   സമയമൊത്തിരിയായി   വാ   നമുക്ക്   പോകാം  കാവിൽ   വിളക്ക്    വയ്ക്കണം.  “””

പെട്ടന്നെന്തോ   ഓർത്തത്   പോലെ   തെന്നലിന്റെ   കൈത്തണ്ടയിൽ   പിടിച്ചുകൊണ്ടാണ്   സംഗീതയത്   പറഞ്ഞത്.  അവർക്കൊപ്പം   തിരിഞ്ഞ്   നടക്കുന്നതിനിടയിലും   അവളുടെ   മിഴികൾ   ആ   ചിത്രത്തിൽ   തന്നെ   തറഞ്ഞുനിന്നു.  ആ   നോട്ടം   തന്നേ   പിൻതുടരുന്നുവോ   എന്ന   സംശയം   അവളിൽ   ബലപ്പെട്ടുകൊണ്ടിരുന്നു. 

സന്ധ്യക്ക്‌   കുളിയൊക്കെ   കഴിഞ്ഞ്   കാവിൽ   വിളക്ക്   വയ്ക്കാൻ   പോകാനിറങ്ങിയ   സംഗീതയ്ക്കും   സ്വപ്നയ്ക്കുമൊപ്പം   ചേർന്ന്   അവളും  കാവിലേക്ക്   നടന്നു.  ഏറ്റവും   പിന്നിലായിട്ടായിരുന്നു   തെന്നൽ   നടന്നിരുന്നത്.  കാവിനോടടുക്കും   തോറും   അവിടമാകെ   വ്യാപിച്ച   പാലപ്പൂവിന്റെ   ഗന്ധം   അവളുടെ   മൂക്കിലേക്കടിച്ച്   കയറി.  അതിന്റെ   ഉറവിടമറിയാതെ   നടക്കുന്നതിനിടയിൽ   ഇടയ്ക്കിടെ   അവൾ   തല   ചുഴറ്റി   ചുറ്റുപാടും   നോക്കിക്കോണ്ടിരുന്നു. 

“””  ചേച്ചിയെന്തുവാ   ഈ  നോക്കുന്നത്  ???  “””

ഇടയ്ക്കെപ്പോഴോ  തിരിഞ്ഞുനോക്കിയ   സ്വപ്ന   അവളോട്   ചോദിച്ചു. 

“””  അല്ല   ഇവിടെവിടാ   പാലയുള്ളതെന്ന്   നോക്കുവായിരുന്നു  “””

മിഴികൾ   ചുറ്റിലും   പായിച്ചുകൊണ്ട്   തന്നെ   അവൾ   മറുപടി   പറഞ്ഞു. 

“”” പാലയോ   എന്ററിവിൽ   ഈ   ഏരിയയിലെങ്ങും   പാലയില്ല.  “””

“””  ഏഹ്   അപ്പൊ   ഈ   മണമെവിടുന്നാ  ???  “””

വിശ്വാസം   വരാത്തത്   പോലെ   അവളെ  നോക്കി   തെന്നൽ   ചോദിച്ചു.

“””  ചേച്ചിക്ക്   വട്ടാ   ഇവിടെയെങ്ങും   ഒരു   മണവുമില്ല. “””

വിളക്കുമായി   മുന്നിൽ   നടന്നിരുന്ന    സംഗീതയാണത്   പറഞ്ഞത്. 

“”” അല്ല  വാവേച്ചി   കാവൊക്കെയല്ലേ   ഇനി   ചിലപ്പോൾ   വല്ല   ഗന്ധർവ്വന്മാരും   തനുവേച്ചിയേക്കണ്ട്   മോഹിച്ച്   വന്നതാവും.  അതാ   ചേച്ചിക്ക്   മാത്രം   പാലപ്പൂമണമൊക്കെ   തോന്നുന്നത്. “”‘

അവളെ  കളിയാക്കി   ചിരിച്ചുകൊണ്ട്   സ്വപ്ന   പറഞ്ഞു.  ആ  തമാശയിൽ   പങ്കുചേർന്ന്   അവർക്കൊപ്പം   ചിരിച്ചെങ്കിലും    തന്നെ   പൊതിഞ്ഞു  നിൽക്കുന്ന   പാലപ്പൂമണം   അവൾ   വ്യക്തമായറിയുന്നുണ്ടായിരുന്നു.   എങ്കിലും   പിന്നീടൊരു   തർക്കം   വേണ്ടെന്ന്   കരുതി   അവളതിനേപ്പറ്റിയൊന്നും   മിണ്ടാൻ   പോയില്ല. 

വീണ്ടും   മുന്നോട്ട്   നടന്നുതുടങ്ങിയതും   തന്റെ   തൊട്ടുപിന്നാലെ   തന്നെ   ആരോ  ഉള്ളത്   പോലെ   തോന്നിയവൾക്ക്.  ആ   കാൽപ്പെരുമാറ്റവും   ഉയർന്ന   ശ്വാസഗതിയും   തൊട്ടടുത്തെത്തിയത്   പോലെ   അവളിടയ്ക്കിടെ   തിരിഞ്ഞുനോക്കിക്കോണ്ടിരുന്നു.  പക്ഷേ  തിരിയുമ്പോൾ   ആരുമൊട്ടില്ലായിരുന്നും   താനും.  ഉള്ളിലെവിടെയോ   ചെറിയൊരു   ഭയം   നാമ്പിടുന്നത്   അവളറിയുന്നുണ്ടായിരുന്നു. 

അപ്പോഴേക്കും   അവർ   നാഗത്തറയ്ക്ക്   മുന്നിലെത്തിയിരുന്നു.   സംഗീതയവിടെ   വിളക്ക്   കൊളുത്തിക്കഴിഞ്ഞതും   അവർ  മൂവരും   കൈകൂപ്പി   പ്രാർത്ഥിച്ചു.  ഈ   നേരത്തായിരുന്നു   എവിടെയോ  പോയിരുന്ന  ദേവരാജനും   ഒപ്പം   സായിയും  കൂടി   വന്നത്. 

“””  കുട്ടികളെവിടെ   ഒന്നിന്റെയും   അനക്കമില്ലല്ലോ ???  “””

കാറിൽ   നിന്നിറങ്ങി   ഉമ്മറത്തേക്ക്   കയറുമ്പോൾ    അവിടെ   നിന്നിരുന്ന   ലക്ഷ്മിയോടായി   ചിരിയോടെ   അയാൾ   ചോദിച്ചു. 

“””  ആഹ്   അവരിപ്പോ   കാവിൽ   വിളക്ക്   വയ്ക്കാൻ  പോയതേയുള്ളൂ.   “””

സാമട്ടിൽ   അവർ   പറഞ്ഞു.   അതുകേട്ടതും   ദേവരാജന്റെ   മുഖം   വലിഞ്ഞുമുറുകി. 

“””  നീയെന്താ   ലക്ഷ്മി  ഇങ്ങനെ   ശ്രദ്ധയില്ലാതെ   പെരുമാറുന്നത്   സന്ധ്യ   കഴിഞ്ഞാൽ   കുട്ടികളെ   കാവിലേക്കയക്കരുതെന്ന്   ഞാൻ   പറഞ്ഞിട്ടില്ലേ ???  “””

ദേഷ്യമോ   ഭയമോ   അങ്ങനെയെന്തെല്ലാമോ   കൊണ്ട്  വല്ലാത്തൊരവസ്ഥയിലായിരുന്നു   അയാളപ്പോൾ.

“””  അത്   ദേവേട്ടാ…. തെന്നല്   മോളുകൂടി   ഉണ്ടായത്   കൊണ്ടാണ്  ഞാൻ….  “”””

ലക്ഷ്മി   ഭയന്ന്   വാക്കുകൾക്കായി   പരതി.

“””‘  മതി   വിശദീകരിച്ചത്   ഞാൻ   ചെന്നവരെ   കൂട്ടിക്കൊണ്ട്   വരാം.   “””

പറഞ്ഞതും  അയാൾ   തിരിഞ്ഞ്  പുറത്തേക്കിറങ്ങാനൊരുങ്ങി.

”””  വേണ്ടച്ഛാ…. അച്ഛനിനി   പോകണ്ട.  ഞാൻ   പോകാം  “””

അയാളെ   തടഞ്ഞുകൊണ്ട്   പറഞ്ഞതും   സായി   മുറ്റത്തേക്കിറങ്ങിയിരുന്നു.  അവൻ   കാവിലേക്ക്   കടന്നതും   സന്ധ്യയുടെ   ചെഞ്ചുവപ്പ്   മാഞ്ഞ്   ഇരുള്   പരന്നുതുടങ്ങിയിരുന്നു.  അവൻ   വേഗത്തിൽ   നടന്നവിടെഎത്തുമ്പോൾ   അവർ   മൂന്നാളും  പ്രാർത്ഥനയിൽ   മുഴുകി   നിൽക്കുകയായിരുന്നു.  അത്   കണ്ടതും   ശബ്ദമുണ്ടാക്കാതെ   അവനവിടെത്തന്നെ   നിന്നു.

അവർക്കായ്   കാത്തുനിൽക്കുമ്പോൾ   വെറുതെ   അങ്ങിങ്ങ്   പായിച്ചുകൊണ്ട്   നിന്നിരുന്ന   അവന്റെ   മിഴികളിൽ   പെട്ടന്നാണ്   ആ   കാഴ്ച   പതിഞ്ഞത്.   നാഗത്താന്മാർക്ക്   മുൻപിൽ   കൈകൂപ്പി   മിഴികളടച്ച്   നിന്നിരുന്ന   തെന്നലിന്റെ   നേർക്ക്   ഫണം   വിടർത്തി   നിൽക്കുന്ന   ഒരു  വലിയ   നാഗം.  അത്   കണ്ടതും   അവന്റെ   നട്ടെല്ലിലൂടെ   ഒരു   പെരുപ്പ്   പാഞ്ഞുകയറി. അതിന്റെ   ലക്ഷ്യം   അവൾ   തന്നെയാണെന്ന്   വ്യക്തമായിരുന്നു. 

“””” തെ…..  “””

വെപ്രാളത്തിൽ   അവളുടെ   പേരുച്ചത്തിൽ   വിളിക്കാൻ   തുടങ്ങിയ  അവൻ   പെട്ടന്നെന്തോ  ഓർത്ത്   ആ  ശ്രമം   ഉപേക്ഷിച്ചു.  പിന്നെ   പതിയെ   ശ്വാസം  പോലും  വിടാതെ   അവളോടടുത്തു.  അപ്പോഴും   കണ്ണുകളിൽ   ക്രൗര്യവുമായി   ആ   ജീവിയവളെ   തന്നെ   ലക്ഷ്യം   വച്ച്   നിന്നിരുന്നു. 

തുടരും….

 

അഭിരാമി അഭിയുടെ മറ്റു നോവലുകൾ

അഗ്നിസാക്ഷി

മഴപോലെ

നിനക്കായ്‌

അഗസ്ത്യ

നിൻ നിഴലായ്

4.5/5 - (2 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply