കൃഷ്ണവേണി – ഭാഗം 1

2413 Views

krishnaveni-aksharathalukal-novel

“വേണി….. വേണി….. ഈ കതകൊന്ന് തുറന്നേ….. “

അമ്മയായിരുന്നു അത്….. കേൾക്കാത്ത ഭാവത്തിൽ കതകടച്ച് ഞാൻ കട്ടിലിൽ തന്നെയിരുന്നു……

“വേണിയേച്ചി വേണിയേച്ചി……. ഇതൊന്ന് തുറക്ക്….. “

കസിൻസ്…..

”കിച്ചൂ…. കിച്ചു മോളെ കതക് തുറക്ക് അച്ഛനാ വിളിക്കുന്നത്….. “

ഞാൻ മനസ്സില്ലാ മനസ്സോടെ കട്ടിലിൽ നിന്നെണീറ്റ് പോയി ആ കതക് തുറന്നു………. കണ്ണുകൾ കൊണ്ട് ദഹിപ്പിക്കും പോലൊരു നോട്ടം എല്ലാരെയും മാറി മാറി നോക്കി വീണ്ടും കട്ടിലിൽ വന്നിരുന്നു…….

“അസത്തേ.. എത്ര വിളി വിളിച്ചു നിന്നെ….. നിനക്കാ കതകൊന്ന് തുറന്നാൽ എന്താടി അഹങ്കാരി…… “

അമ്മ എനിക്ക് നേരെ കൈയ്യോങ്ങി കൊണ്ടാണത് പറഞ്ഞത്……. ഇത്രേം നേരം വിളിച്ചിട്ടും ഞാൻ കതക് തുറക്കാത്തതിന്റെ അമർഷം മുഴുവനും അമ്മയുടെ വാക്കുകളിൽ തെളിഞ്ഞു നിന്നിരുന്നു….

അച്ഛനെന്റെ തോളിൽ പതിയെ കൈവച്ചു…. ആ കൈ തട്ടിമാറ്റി ഞാൻ ജനലഴികൾക്ക് അഭിമുഖമാകും വിധം നിന്നു……..

” മോള് അച്ഛനെ നാണം കെടുത്തരുത്….”

അത്ര മാത്രം പറഞ് അച്ഛൻ തിരിഞ്ഞു നടന്നു…….

” അപ്പോൾ എന്റെ സ്വപ്നങ്ങളോ….”

അത് കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ അച്ഛൻ നടന്ന് നീങ്ങി…..

“ഓ അവൾടെയൊരു സ്വപ്നങ്ങള്….. “

അതും പറഞ് എന്റെ താടിക്കൊരു കിഴുക്കും തന്ന് തഴേക്ക് പോകുന്നതിനിടയിൽ അമ്മ പറയുന്നുണ്ടായിരുന്നു

” മര്യാദയ്ക്ക് വേഷം മാറി താഴേക്ക് വന്നോ…..”

സങ്കടമാണോ ദേഷ്യമാണോ…. എന്തൊക്കെയോ ഭാവങ്ങൾ എന്നിൽ മിന്നി മറഞ്ഞു….

“വേണിയേച്ചി ഒന്ന് ഓർത്ത് നോക്കിക്കേ…. ഒറ്റമോൻ അതും ഡോക്ടറ്.. ഗൈനൊക്കോളിസ്റ്റ്…. ഗവൺമെന്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു.. “

അമ്മേടെ രണ്ടാമത്തെ ആങ്ങളയുടെ മോള് ദേവു ആണ് അത് പറഞ്ഞത്……

“പോരാത്തതിന് നല്ല വീടും ചുറ്റുപാടും…….”

ദേവൂന്റെ അനിയത്തി വേദയും പറഞ്ഞ് നിർത്തി…..

“ആ ഡോക്ടർ ടെ അമ്മ  ആണേൽ ചേച്ചിയെ അമ്പലത്തിൽ വച്ച് കണ്ട് ഇഷ്ടപ്പെട്ടിട്ട് ചേച്ചിയെ തന്നെ മതിയെന്നും പറഞ്ഞ് വന്നതാ … അപ്പോൾ അമ്മായിമ്മപോരും ഉണ്ടാകാൻ ചാൻസില്ല…. ഡോക്ടറേം കെട്ടി സുഖായിട്ടങ്ങ് ജീവിച്ചൂടെ…….”

അച്ഛന്റെ പെങ്ങടെ മോള് അഞ്ചലിയാണത് പറഞ്ഞത്…….

മൂന്നാളും പുറത്തിറങ്ങിക്കേ…… ഇനിയും ഇവിടിരുന്നാൽ എന്റെ വായീന്ന് വല്ലതും കേൾക്കും….

അവരെ പുറത്തിറക്കി കതകടച്ചപ്പോൾ വെളിയിൽ നിന്നവര് വിളിച്ച് പറയുന്നുണ്ടായിരുന്നു…..

” ചേച്ചി ഇനി ഒന്ന് കണ്ടാ മാത്രം മതി….. ഇവിടെ എല്ലാരും ഇതങ്ങ് ഉറപ്പിച്ച മട്ടാ……. “

അതൂടെ കേട്ടപ്പോൾ എനിക്കൊന്ന് പൊട്ടിക്കരയാനാ തോന്നിയത്………

ഇതുവരെയുള്ള പഠനവും ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ഐറ്റി ഫീൽഡിലെ ഈ പ്രോഗ്രാമിംഗ് ജോലിയും എല്ലാം എന്റെ ഇഷ്ടപ്രകാരം ഞാൻ തന്നെ തിരഞ്ഞെടുത്തവയായിരുന്നു’……… എന്നിട്ടും വിവാഹ കാര്യത്തിൽ ഒരഭിപ്രായം പറയാനുള്ള സ്വാതന്ത്യം എനിക്കില്ല……….. എന്റെ സ്വപ്നങ്ങൾക്കൊരു പ്രാധാന്യവും ഇല്ല…..

എന്തൊക്കെയോ ഓർത്ത് തലക്ക് കൈയ്യും കൊടുത്ത് മേശമേൽ ഇരിക്കുമ്പോഴായിരുന്നു….

“കിച്ചു മോളെ… അവരെത്തി….. “

അടച്ചിട്ട കതകിന് മറുപുറം നിന്ന് അച്ഛനായിരുന്നു അത് പറഞ്ഞത്

“മ്ം… “

“മോളച്ഛനെ നാണം കെടുത്തരുത്….”

വീണ്ടുമാ വാക്കുകൾ അച്ഛനാവർത്തിച്ചു…….

എന്റെ കൈകൾ കട്ടിലിലിരുന്ന ഇളം റോസ് സാരിയിലേക്ക് നീണ്ടു…….

വേഗന്ന് അതെടുത്ത് ഉടുത്ത് കണ്ണാടിയിൽ സ്വന്തം പ്രതിബിംബത്തെ നോക്കിയൊന്ന് പുച്ഛിച്ച് അഴിച്ചിട്ട മുടിയിഴകളുമായ് അലക്ഷ്യമായ് ഞാൻ താഴേക്ക് നടന്നു……

സ്റ്റെയറ് ഇറങ്ങി വരുന്ന എന്നെ താഴെ ഹാളിലിരുന്ന എല്ലാവരും നോക്കുന്നുണ്ടായിരുന്നു

അവരെ നോക്കിയൊന്ന് പുഞ്ചിരിച്ച് ഞാൻ അടുക്കളയിലേക്ക് നടന്നു…….

അമ്മ തന്ന ചായയുമായി അവർക്കടുക്കലേക്ക് ചെന്നു……

എല്ലാവർക്കും ചായകൊടുത്ത് തിരികെ വന്ന് അമ്മയ്ക്കടുത്തായ് നിന്നു…..

അപ്പോഴേക്കും ഡോക്ടർ ടെ അമ്മ ഇരുന്നിടത്ത് നിന്ന് എഴുനേറ്റ് വന്ന് എന്റെ കൈയ്യിൽ  പിടിച്ചു….

“എനിക്കിഷ്ടായി ഈ മോളെ… നിങ്ങള്  തന്നാ  പൊന്നുപോലെ ഞാനങ്ങ് കൊണ്ട് പോകും ഇപ്പോ തന്നെ…. “

എല്ലാരും ഒന്ന് ചിരിച്ചു…

അത് കേട്ടിട്ടും എനിക്ക് പ്രത്യേകിച്ച് സന്തോഷം ഒന്നും തോന്നിയില്ല… എങ്കിലും ഞാനൊന്ന് പുഞ്ചിരിച്ചു….

കുട്ടികൾക്കെന്തേലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാട്ടോ…… അത് പറഞ്ഞത് ഡോക്ടർടെ അച്ഛനായിരുന്നു….

ഞാനും ഡോക്ടറും പുറത്തെ ഗാർഡനിലേക്കിറങ്ങി…….

കുറേ നേരത്തെ മൗനത്തിന് ശേഷം ഞാൻ പറഞ് തുടങ്ങി….

” ഡോക്ടർ എനിക്കൊരു കാര്യം പറയാനുണ്ട്…. “

എന്തെ എന്ന ചോദ്യഭാവത്തിൽ ഡോക്ടറെന്നെ നോക്കി…

“എനിക്കീ വിവാഹത്തിന് താൽപര്യം ഇല്ല….. “

ഒരു ഞെട്ടല് പ്രതീക്ഷിച്ച ഡോക്ടറുടെ മുഖത്തൊരു ചിരി……..

ഞാൻ തുടർന്നു……

” ഈ വിവാഹം എന്നല്ല ആരേയും വിവാഹം കഴിക്കാൻ താൽപര്യമില്ല….. എനിക്ക് കുറച്ച് സ്വപ്നങ്ങൾ ഉണ്ട്… ഞാൻ അതിനു പിന്നാലെയാണ്…… ദയവ് ചെയ്ത് ഡോക്ടർ ഈ വിവാഹത്തിൽ നിന്നൊന്ന് പിൻമാറണം…… “

” ഞാൻ ഇതെങ്ങനെ തന്നോട് പറയും എന്നോർക്കുമായിരുന്നു….. ആക്ച്ചൊലി എനിക്കും ഒട്ടും താൽപര്യം ഇല്ല…. വേറൊന്നും കൊണ്ടല്ല എനിക്കൊരു പ്രണയം ഉണ്ട്…..”

” എന്നാ പിന്നെ ഡോക്ടർക്കിത് ആ അമ്മയോട് തുറന്ന് പറഞ്ഞൂടേ….. “

” പറഞ്ഞതാ ഒരുപാട് ‘….അമ്മ അമ്പിനും വില്ലിനും അടുക്കുന്നില്ല……”

ഞാനൊന്ന് ചിരിച്ചു……. ” ഇനിപ്പോ എന്താ ചെയ്ക….. “

“ഒരു പ്ലാൻ ഉണ്ട്….. “

” എന്ത് പ്ലാൻ….?”

ഡോക്ടർ അതെന്റെ ചെവിയിൽ പറഞ്ഞു…. ഓർത്തപ്പോ എനിക്കും തോന്നി അത് തന്നെയാ നല്ലതെന്ന്…….

“രണ്ടാൾടേം സംസാരം തീർന്നില്ലേ….?”

തിരിഞ്ഞു നോക്കുമ്പോൾ പിന്നിൽ അഞ്ചുവും ദേവും വേദയും……

” ആ ഡോക്ടർ പരിചയപ്പെടുത്താൻ മറന്നു…. ഇത് മൂന്നും എന്റെ കസിൻസ്… അഞ്ചു ദേവു വേദ…. “

“ഹായ് ഐ ആംമ്  ശ്രാവൺ…”

അപ്പോഴേക്കും ഡോക്ടർടെ വീട്ടുകാരെല്ലാം യാത്ര പറഞ്ഞിറങ്ങിയിരുന്നു……. ഡോക്ടറും അവർക്കൊപ്പം പോയി…..

അവരിറങ്ങിയതിനു ശേഷം അച്ഛന്റെ പെങ്ങൻമാരും അമ്മേടെ ആങ്ങളമാരും എല്ലാരും കൂടെ ഭയങ്കര ചർച്ചയിലാ……

“അളിയാ എന്റെ അഭിപ്രായത്തിൽ ഇതൊരു നല്ല ആലോചനയാ……. നമ്മുടെ കുട്ടി കേറി ചെല്ലുന്നതേ മാളിയേക്കൽ തറവാട്ടിലേക്കാ……… ഇതിൽപ്പരം മറ്റൊരു ഭാഗ്യം അവൾക്കിനി കിട്ടാനുണ്ടോ……. “

അമ്മേടെ മൂത്ത ആങ്ങള അച്ഛനോടായത് പറഞ്ഞു നിർത്തി………

“അതെങ്ങാ ഈ നിക്ക്ന്ന അസത്തിന് ഇതൊക്കെ മനസ്സിലാ കണ്ടേ….. അല്ലേലും നല്ലത് നായക്ക് തിരിച്ചറിയില്ലല്ലോ…… “

അമ്മേടെ ഭാഗം ഭംഗിയായ് അമ്മയും പറഞ് നിർത്തി….

“ഓ ഇനി അതും പറഞ്ഞ് ആരും എന്റെ മെക്കിട്ട് കേറാൻ വരണ്ട…. നിങ്ങൾക്കെല്ലാർക്കും ഇഷ്ടമാണെങ്കിൽ എനിക്കെതിർപ്പ് ഒന്നും ഇല്ല….”

അതും പറഞ്ഞ് ഞാൻ മുകളിലേക്കോടി കയറി…….

പിന്നീടെല്ലാം പെട്ടന്നായിരുന്നു…. നിശ്ചയവും… കല്യാണവും എല്ലാം….. കല്യാണം ഗുരുവായൂരപ്പന്റെ നടയിൽ വെച്ച് വേണംന്ന് ഡോക്ടർ ടെ അമ്മക്ക് നിർബന്ധമായിരുന്നു……. എന്തായാലും എല്ലാം ഭംഗിയായ് അവസാനിച്ചു……

ഡോക്ടർടെ അമ്മ തന്ന നിലവിളക്കും പിടിച്ച് മാളിയേക്കൽ തറവാട്ടിലേക്കും ഡോക്ടർ ശ്രാവണന്റെ ജീവിതത്തിലേക്കും ഞാൻ വലത് കാൽ വെച്ച് കയറി…….

ഡോക്ടർടെഅമ്മ എനിക്കെല്ലാരെയും പരിചയപ്പെടുത്തിത്തരുന്നു…… ഓർമ്മയിൽ നിന്നില്ലങ്കിലും ഞാനെല്ലാവർക്കും ഒരു പുഞ്ചിരി സമ്മാനിച്ചു……

അമ്മ തന്നയായിരുന്നു ഡോക്ടറുടെ മുറി കാണിച്ച് തന്നതും ഓർണമെന്റ്സ് എല്ലാം ഊരാൻ സഹായിച്ചതും എല്ലാം……

ഡ്രസ്സ് എല്ലാം മാറി റെഡിയായിട്ട് അമ്മയുടെ കൈയ്യിലേക്ക് ഞാൻ ജ്വലറി ബോക്സ് കൊടുത്തു…..

ഇതെല്ലാം മോള് തന്നെ സൂക്ഷിച്ചാ മതിയെന്നും പറഞ്ഞ് എന്റെ നെറുകിലൊന്ന് തലോടി അമ്മ അപ്പുറത്തേക്ക് പോയി……

ഡോക്ടർക്കൊക്കെ ഒരു പാട് ബന്ധുക്കൾ ഉണ്ടെന്ന് തോന്നുന്നു… കല്യാണം കഴിഞ്ഞിട്ടും വീട് നിറയെയും ആളുകൾ ആണ്….

ഓരോന്നൊക്കെ ഓർത്ത് ഞാൻ മുറിയിലേക്ക് നടന്നു……. ജനലൊക്കെ തുറന്നു…. അടുത്തെവിടെയോ അമ്പലം ഉണ്ടെന്ന് തോന്നുന്നു… സന്ധ്യാനാമം കേൾക്കുന്നു……. എനിക്കിവിടെ ആരെയും അറിയില്ലാത്തത് കൊണ്ടാവും ഞാനൊരു മാതിരി ഒറ്റപെട്ടത് പോലെ…..

“ടോ… താനവിടെ എന്ന് നോക്കി നിക്ക് വാ…..”

തിരിഞ്ഞ് നോക്കിയപ്പോൾ പിന്നിൽ ഡോക്ടർ…

” ഞാനിവിടെ വെറുതെ ഇങ്ങനെ…. “

“മം മം… താഴേക്ക് അമ്മ അന്വേഷിക്കുന്നുണ്ട്…. “

ഞാൻ വേഗം താഴേക്ക് നടന്നു……

“എന്തിനാമ്മേ വിളിച്ചത്…. “

“സമയം 8 ആകുന്നു മോള് കഴിച്ചിട്ട് വേഗം റൂമിലേക്ക് പൊയ്ക്കോ….. ശ്രീക്കുട്ടന്റെ കൂട്ടുകാര് കണ്ടാൽ ചിലവ് അത് ഇത് എന്നൊക്കെ പറഞ്ഞ് അവനേം കൊണ്ടങ്ങ് പോകും പിന്നെ നാളെ നേരം വെളുക്കണം അവനെയൊന്ന് കാണണമെങ്കിൽ…. “

ഞാൻ വേഗന്ന് ഭക്ഷണം കഴിച്ച് അമ്മ തന്ന് വിട്ട പാലുമായി റൂമിലേക്ക് നടന്നു…….

ഡോക്ടർ ലാപ്പിലെന്തൊക്കയോ നോക്കി കൊണ്ടിരിക്കുവായിരുന്നു……

ഞാൻ കേറി കതക് അടച്ച് …..

പാൽഗ്ലാസ്സ് മേശപ്പുറത്ത് വെച്ചു….. ഭിത്തിയോരം ചേർത്തിട്ടിരുന്ന കട്ടിലിന്റെ ഒരറ്റത്തായ് ഇരുന്നു……

” ഉറക്കം വരുന്നെങ്കിൽ കിടന്നോ ടോ…..”

ഞാൻ കട്ടിലിലേക്കും തറയിലേക്കും മാറി മാറി നോക്കി……

“ടോ ഇത്രേം വല്ല്യ കട്ടിലല്ലേ…. താനാ അറ്റത്ത് കിടന്നോ ഞാനീ അറ്റത്തും കിടന്നോളാം….. ഇപ്പോ ഓക്കെ ആയില്ലേ….. “

ഞാൻ കട്ടിലേക്ക് കയറി ഭിത്തിയോരം ചേർന്ന് കിടന്നു…..

” ഡോക്ടർക്ക് വേണേൽ ആ പാലെടുത്ത് കുടിച്ചോളു…. ഞാൻ രാത്രിയിൽ പാല് കുടിക്കാറില്ല…. “

“ഡോ ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുവോ…… “

” ചോദിക്ക്… “

“താനെന്താ വിവാഹം കഴിക്കാനേ താൽപര്യമില്ല എന്ന് പറഞ്ഞത്?”

” അതോ…. അതെനിക്കൊരു സ്വപ്നമുണ്ട്…. ഒരു പക്ഷേ വിവാഹം കഴിച്ചാൽ ഭർത്താവിനത് ഇഷ്ടമായില്ലെന്ന് വരും…. “

“എന്താ അത്…. “

(തുടരും)

 

രചന:ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

ഗംഗ

ലക്ഷ്മി

ഇമ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply