Skip to content

നാഗമാണിക്യം 2 – നീലമിഴികൾ 1

Online Malayalam Novel Neelamizhikal

രാത്രിയുടെ മൂന്നാം യാമത്തിലാണ് നീലിമലക്കാവിൽ നിന്നും വെളിച്ചപ്പാടിന്റെ ചിലമ്പൊലി മുഴങ്ങിയത്..

കാളീശ്വരത്തുകാരുടെ ഇടനെഞ്ചിലേക്കാണ് ആ ശബ്ദം അലയടിച്ചെത്തിയത്..

വർഷങ്ങൾക്ക് ശേഷം വീണ്ടും…

അടച്ചിട്ടിരുന്ന കോവിലിനുള്ളിൽ നിന്നും മണിയൊച്ചകൾ കൂടി ഉയർന്നതോടെ കാളീശ്വരം ഉണർന്നു കഴിഞ്ഞിരുന്നു.. എങ്കിലും ഉയരുന്ന നെഞ്ചിടിപ്പുകൾക്കൊപ്പം ശ്വാസം പിടിച്ചു നിൽക്കാനേ ഉറക്കം വിട്ടുണർന്നവർക്കായുള്ളൂ..

വർഷങ്ങളായി അടഞ്ഞു കിടക്കുന്ന കോവിൽ…ശാപമോക്ഷം കാത്തെന്നതുപോലെ ദേവീശില..

കോവിലിനടുത്തുള്ള കരിങ്കൽ മണ്ഡപത്തിലെ പടുകൂറ്റൻ കാലഭൈരവ പ്രതിമയുടെ ഇടംകാലിലൂടെ ഇഴഞ്ഞിറങ്ങിയ വെള്ളിനാഗത്തിന്റെ കരിനീലമിഴികൾ തിളങ്ങുന്നുണ്ടായിരുന്നു..

കാടുപിടിച്ചു കിടന്നിരുന്ന കോവിലിനു പുറകിലെ അരയാൽ മരത്തിന്റെ ശിഖരം വലിയ ശബ്ദത്തോടെ നിലം പതിച്ചു..

അതിനൊപ്പം ഒരലർച്ചയോടെ കുഞ്ഞിക്കണ്ണൻ വെളിച്ചപ്പാടും കോവിലിന്റെ പടികളിലേക്ക് മുഖമടിച്ചു വീണിരുന്നു.. ഭയം കൊണ്ട് പുറത്തേക്കുന്തിയ കണ്ണുകളിൽ നിന്നും അപ്പോഴും ആ നിഴൽ മാറിയിരുന്നില്ല.. ആ രൂപവും.. കണ്ണുകളിൽ പ്രതികാരാഗ്നി അലയടിച്ചിരുന്ന അവളുടെ മനം മയക്കുന്ന പുഞ്ചിരിയായിരുന്നു വെളിച്ചപ്പാടിന്റെ അവസാനകാഴ്ച്ച….

നിറയെ പായൽ മൂടിക്കിടന്നിരുന്ന കുളത്തിൽ അവശേഷിച്ചിരുന്ന  വെള്ളാമ്പൽ തണ്ടുകൾ വല്ലാതൊന്ന്  ആടിയുലഞ്ഞു..പിന്നെ പതിയെ ശാന്തമായി..

തെല്ലകലെ കാളിയാർ മഠത്തിലെ അറവാതിൽ തുറന്നു പുറത്തേക്കിറങ്ങിയെങ്കിലും ശ്രീദേവിയമ്മ കോണിപ്പടികൾക്ക് താഴെ അറച്ചു നിന്നു…

പിന്നെ ഒരു നെടുവീർപ്പോടെ തിരിഞ്ഞു നടന്നു.. തളത്തിലെ, തുറന്നിട്ട കിളിവാതിലൂടെ അവരുടെ നോട്ടമെത്തിയത് ഇരുട്ട് കട്ട പിടിച്ചു കിടക്കുന്ന നാഗത്താൻ കാവിലേക്കാണ്..

ഒരാന്തലോടെ അവർ ഓർത്തു.. ഇന്ന് അമാവാസിയാണ്…ആയില്യം നാൾ …

“ന്റെ ദേവി ഇനിയും ദുരന്തങ്ങൾ കാളീശ്വരത്തുകാരെ തേടി വരല്ലേ… നീ തന്നെ തുണ..”

കാളിയാർ മഠത്തിലെ,നാഗത്താൻ കാവിലെ, ആകാശം മുട്ടെ പടർന്നു പന്തലിച്ചു കിടന്നിരുന്ന മരങ്ങൾക്കിടയിലൂടെ, ഏഴിലം പാല പൂത്ത മായിക സുഗന്ധം അങ്ങ് നീലിമലക്കാവിലോളം ചെന്നെത്തിയിരുന്നു..

കാളിയാർ മഠത്തിലെ മുകൾ നിലയിലെ മട്ടുപ്പാവിൽ കിടന്നുറങ്ങിയിരുന്ന ആൾ മാത്രം അപ്പോഴും ഗാഢനിദ്രയിലായിരുന്നു..

ആദിത്യൻ.. കാളിയാർമഠത്തിലെ ഇളമുറതമ്പുരാൻ…

ആദിത്യന്റെ സ്വപ്നത്തിൽ അപ്പോഴും ആ നീലമിഴികളായിരുന്നു.. അതിൽ നിറഞ്ഞിരുന്നത് പ്രണയഭാവമായിരുന്നു.. അയാൾക്ക് ചുറ്റും അപ്പോഴും പാലപ്പൂവിന്റെ മണമുണ്ടായിരുന്നു..

########## ########## ##########

“അമ്മേ….”

ഒരലർച്ചയോടെ ഭദ്ര ഞെട്ടിയുണർന്നു..

ആ നീലമിഴികൾ.. അതിൽ തെളിഞ്ഞു കാണുന്ന പക… പക്ഷേ..

മുഖം അമർത്തി തുടക്കുന്നതിനു മുൻപേ വാതിലിൽ മുട്ട് കേട്ടിരുന്നു..

പതിയെ വാതിൽ തുറന്നപ്പോൾ ഹാളിൽ ലൈറ്റ് ഉണ്ടായിരുന്നു. ഭദ്ര മുഖം കുനിച്ചു നിന്നതേയുള്ളൂ..

“എന്റെ പൊന്നമ്മൂ, ഇന്നും നീ ആ നീലക്കണ്ണുകൾ കണ്ടു കരഞ്ഞതാണോ..?”

ഉറക്കം മുറിഞ്ഞതിലുള്ള നീരസം കീർത്തിയുടെ മുഖത്ത് തെളിഞ്ഞു നിന്നിരുന്നു..

ഭദ്ര അവളെ ദയനീയമായൊന്ന് നോക്കി..

“അതെങ്ങനാ പാരാസൈക്കോളജി കലക്കി കുടിച്ചു ഡോക്ടർ പട്ടം മേടിക്കാൻ പോവല്ലേ.. അന്നേ ഞാൻ പറഞ്ഞതാ മനുഷ്യന്മാർക്ക് പറ്റിയ വല്ല വിഷയോം തെരഞ്ഞെടുക്കാൻ..”

അപ്പോഴും ഭദ്ര  ഒന്നും മിണ്ടിയില്ല..

“നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല പെണ്ണേ.. ഇതിപ്പോൾ മാസം രണ്ടു കഴിഞ്ഞു, ഏതാണ്ടൊരു പെണ്ണിന്റെ കണ്ണുകളുടെ കാര്യോം പറഞ്ഞു നീ പാതിരാത്രി അലറി വിളിക്കാൻ.. നാളെ മുതൽ താമസിക്കേണ്ടത് മറ്റൊരിടത്തതാണെന്ന് വല്ല ചിന്തയും ഉണ്ടോ നിനക്ക്…?”

“ഞാൻ എന്ത്‌ ചെയ്യാനാ കീർത്തി..? സ്വപ്നത്തിലാണെങ്കിൽ പോലും ആ കണ്ണുകൾ കാണുമ്പോൾ എനിക്ക് വല്ലാതെ ഭയം തോന്നിപ്പോവുന്നു..”

“ആ ബെസ്റ്റ്.. എന്നിട്ടാണോ നീ എല്ലാം വാരിക്കെട്ടി യക്ഷിക്കഥകളെ പറ്റി പഠിക്കാൻ ആ ഓണം കേറാമൂലയിലേക്ക് പോവുന്നത്..”

“അത്.. അത് നിനക്കറിയാലോ, രണ്ടു മാസത്തിനുള്ളിൽ എനിക്ക് തീസിസ് സബ്മിറ്റ് ചെയ്തേ പറ്റൂ.. അതിന് കാളീശ്വരത്തിനേക്കാൾ അനുയോജ്യമായ മറ്റൊരു സ്ഥലമില്ല.. രവീന്ദ്രൻ സാർ തന്നെയാണ് അവിടത്തെ കഥകളെ പറ്റി സൂചിപ്പിച്ചത്.. കേട്ടപാടെ അച്ഛനും സപ്പോർട്ട് ചെയ്തു.. അച്ഛന് കാളിയാർമഠവുമായുള്ള ബന്ധം എനിക്ക് ഗുണം ചെയ്തു..”

“ഉം.. എന്തൊക്കെ പറഞ്ഞാലും ഈ കാളീശ്വരത്തെ പറ്റി കേട്ടു തുടങ്ങിയതിൽ പിന്നല്ലേ നീയിങ്ങനെ മനുഷ്യന്റെ ഉറക്കം കെടുത്താനായി അലറി വിളിക്കാൻ തുടങ്ങിയത്…”

ശരിയാണ്.. ഒരുപക്ഷെ കാളീശ്വരത്തെ പറ്റി രവീന്ദ്രൻ സാറിൽ നിന്നും,അച്ഛനിൽ നിന്നുമൊക്കെ അറിഞ്ഞ കഥകൾ അത്രമേൽ തന്നെ സ്വാധീനിച്ചിരുന്നിരിക്കാം..

പാരാസൈക്കോളജിയെ പറ്റി കൂടുതൽ അറിയണമെന്ന തന്റെ ആഗ്രഹത്തിനു അച്ഛൻ മാത്രമേ പിന്തുണ നൽകിയിരുന്നുള്ളൂ.. പിന്നെ രവീന്ദ്രൻ സാറും…

പഠിപ്പിച്ച അദ്ധ്യാപകരും ഫ്രണ്ട്സും എല്ലാം കളിയാക്കി..നിരുത്സാഹപ്പെടുത്തി…അമ്മ പോലും കൂടെ നിന്നില്ല.. അത് പിന്നെ പേടി കൊണ്ടാണ്.. എങ്കിലും.. ബുദ്ധിയുറച്ചതിൽ പിന്നെ നാഗക്കാവിൽ രണ്ടു നേരം തിരി തെളിയിച്ചു നിലവറയിലെ നാഗ പ്രതിഷ്ഠയ്ക്ക് മുൻപിൽ പ്രാർത്ഥനകളും നാഗമന്ത്രങ്ങളും ജപിക്കുന്ന അമ്മ പോലും തന്നെ മനസ്സിലാക്കാൻ ശ്രെമിച്ചില്ല..

“ഉം.. പോയി കിടന്നുറങ്ങ്.. രാവിലെ പോവേണ്ടതല്ലേ നിനക്ക്..?”

കീർത്തി ഉറങ്ങാനായി അവളുടെ റൂമിലേക്ക് പോയിട്ടും ഒരു നിമിഷം കൂടി ഭദ്ര അങ്ങനെ തന്നെ നിന്നു..വെറുമൊരു ഫ്ലാറ്റ് മേറ്റിനേക്കാളുപരി അവളുടെ മനസ്സറിയുന്ന കൂട്ടുകാരി..

കാളീശ്വരവും കാളിയാർമഠവുമായിരുന്നു അവളുടെ മനസ്സിൽ അപ്പോഴും…

############ ########## ########

ആദിത്യന്റെ പ്ലേറ്റിലേക്ക് ചൂടോടെ അടുത്ത ദോശ ഇട്ടു കൊടുക്കുന്നതിനിടയിലാണ് ശ്രീദേവിയമ്മ പറഞ്ഞത്..

“ആദീ ഇന്നാണ് ആ കുട്ടി വരണത്.. വൈകുന്നേരത്തോടെ എത്തുമെന്നാണ് നന്ദൻ വിളിച്ചപ്പോൾ പറഞ്ഞത്..”

വായിലേക്കിടാൻ തുനിഞ്ഞ, ഉള്ളി ചട്നിയിൽ മുക്കിയ ദോശകഷ്ണം  ആദിത്യൻ ഈർഷ്യയോടെ പ്ലേറ്റിലേക്ക് തന്നെയിട്ടു…

“അമ്മയ്ക്കിത് എന്തിന്റെ കേടായിരുന്നു..? ഓരോരുത്തരുടെ പ്രാന്തിനൊപ്പിച്ച് തുള്ളാൻ..”

“അത് പിന്നെ.. നന്ദൻ പറയുമ്പോൾ എങ്ങനാ ആദി തടസ്സം പറയുക..?ആപത്ത് കാലത്ത് തുണയായിട്ട് അവനേ  ണ്ടായിരുന്നുള്ളൂ.. സ്വന്തക്കാരും നാട്ടുകാരും ഒക്കെ പേടിച്ചോടിയിട്ടും കാളിയാർമഠത്തിലെ ദേവദത്തൻ തിരുമേനിയുടെ  പ്രിയശിഷ്യൻ മാത്രല്ലേ നമുക്ക് അഭയമായിരുന്നുള്ളൂ… അല്ലായിരുന്നെങ്കിൽ ഒരു പക്ഷെ…”

അവരുടെ നോട്ടം അകത്തളത്തിലെ ചുമരിലെ ഫ്രെയിം ചെയ്ത വലിയ ഫോട്ടോയിലെക്കെത്തി നിന്നു..

കാളിയാർമഠത്തിലെ നാരായണൻ നമ്പൂതിരി, പ്രിയ പത്നി ശ്രീദേവി അന്തർജനം, മക്കളായ ജാനകിയും , ചന്ദ്രനാരായണനും, ആദിനാരായണനും….

അസൂയ തോന്നിക്കാണണം ദൈവത്തിനു പോലും… അവർ സാരിത്തുമ്പു കൊണ്ട് മിഴി നീരൊപ്പി..

ആദിത്യൻ കഴിപ്പ് മതിയാക്കി എഴുന്നേറ്റു പോയി..

“അമ്മേ ഞാനിറങ്ങുന്നു..”

ശ്രീദേവി പൂമുഖത്തെത്തിയപ്പോഴേക്കും ആദിത്യൻ മുറ്റത്തേക്കിറങ്ങാൻ തുടങ്ങിയിരുന്നു..

ചീകിയൊതുക്കിയ നീണ്ട താടിയും മുടിയും, കറുത്ത ഫ്രെയിമിനുള്ളിലെ കണ്ണുകളിലെ തിളക്കം നഷ്ടപ്പെട്ടിട്ട് വർഷങ്ങളായിരിക്കുന്നു..ആ ചുണ്ടുകളിൽ ഒരു ചിരി തെളിഞ്ഞിട്ടും…

ശ്രീദേവി, ഉള്ളിൽ നിന്നുയർന്നു വന്ന തേങ്ങൽ അമർത്തി പിടിച്ചു.

ചന്ദ്രുവിനോട് അടിപിടി കൂടി, ജാനിയെ ശുണ്ഠി പിടിപ്പിച്ചു, അച്ഛനോടും അമ്മയോടും കുറുമ്പുകൾ കാട്ടി, എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചു നടന്നിരുന്ന ആദി മരിച്ചിട്ട് വർഷങ്ങളായി…

തനിക്ക് തിരിച്ചു കിട്ടിയ ആദിത്യൻ ഒന്ന് ചിരിച്ചു കണ്ടിട്ടില്ല.. കളിതമാശകൾ പറയാറില്ല….

ഒരർത്ഥത്തിൽ കാളിയാർമഠം നിശബ്ദമായിട്ട് വർഷങ്ങളായി.. നാഗത്താൻ കാവിൽ ഒരു തിരി തെളിഞ്ഞിട്ടും.. ഒരിക്കൽ ഉപാസിച്ചിരുന്ന മൂർത്തികളെ ആദി തന്നെയാണ് പടിയ്ക്ക് പുറത്തു നിർത്തിയത്..പ്രാണനെക്കാൾ സ്നേഹിച്ചിരുന്ന അച്ഛനെയും  സഹോദരങ്ങളെയും നഷ്ടമായതിന് ശേഷം ദേഷ്യത്തോടെയല്ലാതെ നാഗത്താൻകാവിന് നേരേ നോക്കിയിട്ടില്ല..

ആദിത്യൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ശ്രീദേവി വിളിച്ചു പറഞ്ഞു..

“ആദി, വൈകുന്നേരം നീയാ കുട്ടിയെ കൂട്ടാൻ മറക്കല്ലേ.. പട്ടണത്തിലൊക്കെ പഠിച്ച കുട്ടിയാണ്.. അതിനിവിടത്തെ രീതികളൊന്നും അറിവ്ണ്ടാവില്ല്യാ..”

ആദിത്യന്റെ മുഖം കനത്തെങ്കിലും അയാൾ മറുപടി ഒന്നും പറഞ്ഞില്ല..ആദിത്യൻ ബൈക്ക് തിരിക്കുമ്പോഴാണ് പടിപ്പുര കടന്നു ഒരാൾ ഓടി കിതച്ച് വന്നത്.. ആദിത്യനെ കണ്ടതും അയാളൊന്നറച്ചു…

“വാര്യരെ.. ന്താണ്ടായേ.. ങ്ങനെ ഓടിപ്പാഞ്ഞു വരാൻ..?”

ശ്രീദേവിയുടെ ചോദ്യം കേട്ടതും രാഘവവാര്യർ ശ്വാസം വലിച്ചു വിട്ടു കൊണ്ടു പറഞ്ഞു…

“ത്.. അത്..തമ്പുരാട്ടി മ്മടെ വെളിച്ചപ്പാട് പോയി.. വിഷം തീണ്ടി.. കാവിലെ കോവിലിന്റെ പടികളിൽ.. വാളും ചിലമ്പുമൊക്കെ അണിഞ്ഞിരിക്കണൂ .. ന്നലെ രാത്രി കാവിലെ ദീപങ്ങളൊക്കെ തെളിഞ്ഞിരുന്നത്രേ.. ന്തെല്ലാമോ ശബ്ദം കേട്ടിരിക്കണൂ..”

ആദിത്യന്റെ മുഖത്ത് ഭാവഭേദമൊന്നും ഉണ്ടായില്ല..

“പിന്നെ.. പിന്നെ..”

വാര്യർ ആദിത്യനെ ഒന്ന് പാളി നോക്കി..

“ന്താന്ന് വെച്ചാൽ തെളിച്ചങ്ങട് പറയൂ വാര്യരെ..”

അയാൾ ശ്രീദേവിയെ നോക്കി..

“വെളിച്ചപ്പാടിന്റെ നെറ്റിയിൽ ഒരു ചോരപ്പാടുണ്ട്…”

ഒന്ന് നിർത്തി വാര്യർ മെല്ലെ പറഞ്ഞു..

“ത്രിശൂലത്തിന്റെ..”

“ൻ്റെ കാവിലമ്മേ..”

ശ്രീദേവി നെഞ്ചിൽ കൈവെച്ചു.. ആദിത്യന്റെയും അവരുടെയും നോട്ടമിടഞ്ഞു.. അയാളുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു..

ഒരക്ഷരം മിണ്ടാതെ ആദിത്യൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോയി..

ത്രിശൂലം… അതിനർത്ഥം..?

ദാരിക… അവളുണർന്നിരിക്കുന്നു… ഒപ്പം അവളെ നിയന്തിക്കുന്ന ആ അജ്ഞാത ശക്തിയും.. വീണ്ടും..

നാഗത്താൻ കാവിലെ കരിനാഗത്തറയ്ക്കപ്പുറത്തെ കാഞ്ഞിരമരത്തിന്റെ കൊമ്പ് വലിയ ശബ്ദത്തോടെ ഒടിഞ്ഞതും ശ്രീദേവി അന്തർജനം നടുങ്ങി.. അവരുടെ കണ്ണുകളിൽ മരിച്ചു മരവിച്ചു കിടന്നിരുന്ന പ്രിയപ്പെട്ടവരുടെ തിരുനെറ്റിയിൽ പതിഞ്ഞു കിടന്നിരുന്ന ത്രിശൂലത്തിന്റെ അടയാളം തെളിഞ്ഞു വന്നു.. ചുടുചോരയാൽ തീർത്ത അടയാളം…ഒരു മുന്നറിയിപ്പ് പോലെ..

######### ############ #########

കാളിയാർമഠത്തിലെ നാഗത്താൻ കാവിൽ വീശിയടിച്ചിരുന്ന കാറ്റിൽ മരച്ചില്ലകൾ ആടിയുലമ്പോൾ ഭദ്ര കാളീശ്വരത്തേക്കുള്ള യാത്ര തുടങ്ങിയിരുന്നു..

“എടീ, ആ മഠത്തിൽ ഒരു കോളേജ് വാദ്ധ്യാര് ഉണ്ടെന്നല്ലേ പറഞ്ഞു കേട്ടത്..?സത്യം പറ അയാളോടുള്ള പ്രേമം കൊണ്ടാണോ നീ എല്ലാം കെട്ടിപെറുക്കി ആ ഓണം കേറാ മൂലയിലേക്ക് പോവുന്നത്..?”

“എന്റെ കീർത്തി നിനക്ക് ഇതെല്ലാതെ മറ്റൊന്നും പറയാനില്ലേ..?ഞാൻ അയാളെ കണ്ടിട്ട് പോലുമില്ല.. അച്ഛൻ പറഞ്ഞു, അയാളും അമ്മയും മാത്രമേ ഇപ്പോൾ കാളിയാർമഠത്തിൽ ഉള്ളൂവെന്ന്..കോളേജ് അദ്ധ്യാപകനാണെന്നതിൽ കവിഞ്ഞു മറ്റൊന്നും എനിക്കറിയില്ല..”

അവളോട് യാത്ര പറഞ്ഞു ബസ്സിലേക്ക് കയറുമ്പോൾ കീർത്തിയുടെ മുഖം മങ്ങിയിരിക്കുന്നത് ഭദ്ര കണ്ടിരുന്നു.. തന്റെ ഈ യാത്ര അവളൊട്ടും ഇഷ്ടപ്പെടുന്നില്ല.. ഒരുപാട് തടസ്സങ്ങൾ പറഞ്ഞതാണ്.. പക്ഷേ..

പോവാതിരിക്കാൻ പറ്റില്ല.. കാളീശ്വരത്തെ കഥകളിൽ തന്നെ ഏറ്റവും ആകർഷിച്ചത് അവളാണ്… ദാരിക…

ദാരികയായി മാറിയ കാളിയാർമഠത്തിലെ ചെമ്പകത്തിന്റെ ഗന്ധമുള്ള തമ്പുരാട്ടി..

കരിനീല മിഴികളിൽ അവൾ ഒളിപ്പിച്ചു വെച്ചിരുന്ന അവളുടെ പ്രണയം..

അവളെപ്പറ്റിയാണ് തനിക്ക് അറിയേണ്ടത്.. കാളിയാർ മഠത്തിലെ നാഗത്താൻ കാവിലെ നാഗകന്യയ്ക്ക് എങ്ങനെ ഒരു ഗ്രാമത്തെയാകെ മുൾമുനയിൽ നിർത്താൻ കെൽപ്പുള്ള ദാരികയായി മാറാൻ കഴിഞ്ഞുവെന്നറിയണം..

അങ്ങകലെ നീലിമലകാവിലെ കോവിലിനുള്ളിലെ മഹാകാളിയുടെ വിഗ്രഹത്തിൽ നിന്നും ഊർന്നിറങ്ങിയ നാഗം പതിയെ ഫണം വിടർത്തി… അതിലെ വെള്ളിനിറത്തിലെ ത്രിശൂലചിഹ്നം തിളങ്ങുന്നുണ്ടായിരുന്നു..

അഴികൾക്കിടയിലൂടെ ഇറങ്ങി,പിന്നെയത് കോവിലിനു പുറത്തെ  മണ്ഡപത്തിലെ, കാലഭൈരവന്റെ ശിലയുടെ കഴുത്തിൽ ചുറ്റി പിണഞ്ഞു കിടന്നു..

ഹുങ്കാരം മുഴക്കുന്ന കാറ്റ് നീലിമലക്കാവിലും  കാളിയാർ മഠത്തിലും ചുറ്റിക്കറങ്ങി.. ആരെയോ കാത്തിരിക്കുന്നത് പോലെ..

ഭദ്രയുടെ ബസ്സ് കാളീശ്വരത്ത് എത്തിയപ്പോൾ സന്ധ്യയാവാറായിരുന്നു.. ബാഗുകളുമായി ബസ്സിന്റെ പടിയിൽ നിന്നും നിലത്തേക്ക് കാൽ കുത്തിയതും ഭദ്രയുടെ ഉള്ളിലൂടെ ഒരു വിറയൽ കടന്നു പോയി..

അഞ്ചാറ് പീടികകൾ മാത്രമുള്ളൊരു ചെറിയ കവലയായിരുന്നു അത്.. തന്നെ നോക്കുന്ന കണ്ണുകളിലെ ജിജ്ഞാസ ഭദ്ര അറിയുന്നുണ്ടായിരുന്നു..

അവൾ ഓല മേഞ്ഞ ബസ് ഷെഡിലേക്ക് കയറി നിന്നു..

നേർത്ത ബ്രൗൺ കളർ ചെയ്ത,നീളമുള്ള മുടിയിഴകൾ ഹെയർ ബാൻഡിൽ നിന്നും വിട്ടിറങ്ങി പാറി കളിക്കുന്നുണ്ടായിരുന്നു.. മുടിയിഴകൾ ഒതുക്കി, കണ്ണുകളെ മറച്ച വലിയ കറുത്ത ഗ്ലാസ് എടുത്ത് ഷർട്ടിന്റെ മുകളിലത്തെ ബട്ടൺ ഹോളിൽ കുത്തി, ട്രാവൽ ബാഗ് താഴെ വെച്ച് ജീൻസിന്റെ പോക്കറ്റിൽ നിന്നും കർച്ചീഫ് എടുത്തു മുഖം തുടച്ചു അവൾ ചുറ്റും നോക്കി..

പിന്നെ പതിയെ മൊബൈൽ കൈയിൽ എടുത്തു അച്ഛൻ അയച്ചു തന്ന ആദിത്യൻ എന്ന് സേവ് ചെയ്ത നമ്പർ ഡയൽ ചെയ്തു..

ചെവിയിൽ വെച്ച്,രണ്ടാമത്തെ റിങ് ചെയ്തപ്പോഴാണ് ആ റോയൽ എൻഫീൽഡ് മുൻപിൽ വന്നു നിർത്തിയത്.. കാൾ കട്ട്‌ തെല്ലു സംശയത്തോടെ ഭദ്ര അയാളെ നോക്കി..

ട്രിം ചെയ്തു ഒതുക്കി വെച്ചിരിക്കുന്ന താടിയും നീണ്ട മുടിയിഴകളും .. ഒരു നേർത്ത ചിരി പോലുമില്ലാത്ത മുഖത്തെ, കറുത്ത കണ്ണടയ്ക്കുള്ളിലെ ഭാവം തിരിച്ചറിയാനാവുന്നില്ല..

“ആദിത്യൻ..?”

“ഭദ്ര …?”

ചോദ്യങ്ങൾ ഒരുമിച്ചായിരുന്നു.. ഭദ്ര തലയാട്ടിയതും ആദിത്യൻ പറഞ്ഞു..

“പോകാം..”

ഗൗരവം നിറഞ്ഞ ശബ്ദം.. കോളേജ് അദ്ധ്യാപകൻ എന്നൊക്കെ പറഞ്ഞപ്പോൾ കുറച്ചൂടെ പ്രായമുള്ള ഒരാളെയാണ് പ്രതീക്ഷിച്ചത്.. ആള് ചെറുപ്പമാണ്.. പക്ഷെ ഭാവം..

ബാക്ക്പാക്ക് നേരെയാക്കി ട്രാവൽ ബാഗ് മുൻപിൽ വെച്ച് ഭദ്ര അയാൾക്ക് പിറകിൽ കയറിയിരുന്നു..

ചുറ്റുമുള്ള കടകളിൽ നിന്നും എത്തി നോക്കുന്ന ആകാംക്ഷയും അത്ഭുതവും നിറഞ്ഞ കണ്ണുകളെ അവഗണിച്ചു ആദിത്യൻ വണ്ടിയെടുത്തു..

നേർത്ത വെളിച്ചത്തിൽ,റോഡിന്റെ ഇരുവശത്തുമുള്ള വയലേലകളും,ദൂരെയുള്ള നീലിമലയുടെ രൂപരേഖയുമൊക്കെ കണ്ടിരിക്കുന്നതിനിടെ ഭദ്ര പറഞ്ഞു..

“ടൗണിൽ എത്തി കുറേ സമയം വെയിറ്റ് ചെയ്തിട്ടാണ് ഇങ്ങോട്ടൊരു ബസ് കിട്ടിയത്.. ടാക്സി വിളിച്ചിട്ട് ഇങ്ങോട്ടാണെന്നറിഞ്ഞപ്പോൾ ആരും വരാൻ കൂട്ടാക്കിയില്ല..”

“ഇങ്ങോട്ട് ആകെ മൂന്നാല് തവണയേ ബസ് ഉണ്ടാവാറുള്ളൂ..”

അത്രമാത്രം.. ഒരക്ഷരം പോലും കൂടുതലില്ല..

അൺഅപ്പ്രോച്ചബിൾ… ഭദ്ര മനസ്സിൽ പറഞ്ഞു..

തെല്ലകലെ മാഞ്ഞു തുടങ്ങിയ ആദിത്യന്റെ ചുവപ്പ് രാശികൾ കണ്ടപ്പോൾ ഭദ്ര അറിയാതെ പറഞ്ഞു പോയി.

“ബ്യൂട്ടിഫുൾ..”

മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും ആ കറുത്ത കണ്ണടയ്ക്കുള്ളിൽ നേർത്തൊരു പുച്ഛഭാവം മിന്നി മാഞ്ഞിരുന്നു..

അവർ നീലിമലക്കാവിനടുത്തെത്തിയിരുന്നു.. കാളിയാർ മഠത്തിന്റെ അതിർത്തിയിൽ..

(തുടരും )

ഇത് നാഗമാണിക്യത്തിന്റെ രണ്ടാം ഭാഗം തന്നെയാണ്.. കാളീശ്വരം എന്നൊരു കൊച്ചു ഗ്രാമത്തിന്റെ കഥയാണ്.. കാളിയാർ മഠവും നാഗത്താൻ കാവും ആദിത്യനും ശ്രീദേവിയമ്മയും മറ്റു ചിലരും..

പിന്നെ അനന്തനും പത്മയും ഇല്ലാതെ നാഗമാണിക്യം പൂർത്തിയാവില്ലല്ലോ.. അവരും ഉണ്ടാവും നമ്മോടൊപ്പം..

ഹൊറർ സ്റ്റോറി ഒന്നുമല്ല.. നാഗമാണിക്യം ആദ്യഭാഗം പോലെയൊക്കെ.. ഇഷ്ടമാവുമെന്ന് കരുതുന്നു..നിങ്ങൾ കട്ടയ്ക്ക് കൂടെയുണ്ടെങ്കിലേ മുൻപോട്ടുള്ളൂ.. അതാണ്‌ എന്നെകൊണ്ട് എഴുതിപ്പിക്കുന്ന ഒരേയൊരു ഘടകം..

നാഗമാണിക്യം ആദ്യഭാഗത്തിന്റെ ലിങ്ക്(നാഗമാണിക്യം 1)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻 ആരോ ഒരാൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Neelamizhikal second part of popular novel Nagamanikyam written by Sooryakanthi

4.7/5 - (14 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

5 thoughts on “നാഗമാണിക്യം 2 – നീലമിഴികൾ 1”

  1. തുടക്കം ഗംഭീരം. 👌👌👌
    ഇന്ട്രെസ്റ്റിംഗ്…
    Waiting for അനന്തൻ andപത്മ

  2. Kathirikkukayayirunnu ennu varumennu ariyillayirunnu veedum vannath priyappetta nagamanikyam second partumayi ayathil valare santhoshikkunnu. aakamshayode kathirunnu vayikkuvan vendi.ithum intresting thanne ketto spr ….. waiting for the next part 🥰🥰💖

  3. ആര്യലക്ഷ്മി കാശിനാഥൻ

    Hiiii….സൂര്യകാന്തി….. കാത്തിരിക്കുകയായിരുന്നു… ഒരിക്കലും കൂടി ചേരാൻ സാധിക്കാതെ പോയ ആ രണ്ടാത്മാക്കളുടെ പുതുപിറവിക്കായി….. eagerly waiting for next part 😊😊😊😊😊😊😊😊

Leave a Reply

Don`t copy text!