Skip to content

നാഗമാണിക്യം 2 – നീലമിഴികൾ 45

Online Malayalam Novel Neelamizhikal

രുദ്ര വേവലാതിയോടെ ചുറ്റും കണ്ണോടിച്ചു.. നേർത്ത ഇരുളിൽ മുങ്ങിയ നാഗത്താൻ കാവിനുള്ളിൽ എവിടെയും ഭദ്രയില്ല…

തളർന്നു നിലത്തേക്കിരിക്കാൻ തുടങ്ങുമ്പോഴാണ് ഏഴിലം പാലയ്ക്കപ്പുറത്തെ പുൽപടർപ്പുകൾ കൊണ്ടു മൂടിയ പടവിന്റെ ഒരറ്റം രുദ്രയുടെ കൺകോണിൽ പെട്ടത് .. എന്തൊക്കെയോ അവ്യക്തമായ ചിത്രങ്ങൾ രുദ്രയുടെ മനസ്സിലൂടെ കടന്നു പോയി.. പൊടുന്നനെ എഴുന്നേറ്റവൾ ഏഴിലം പാലയ്ക്കരികിലേക്ക് ചുവടുകൾ വെച്ചു..

നേർത്ത ഒരേങ്ങലോടെ ആദിത്യന്റെ ശബ്ദം ഉയരാൻ തുടങ്ങുന്നതവളറിഞ്ഞു..

“ഭ…”

“വേണ്ട ആദിയേട്ടാ.. എനിക്കറിയാം.. നിക്കറിയാം അവളെവിടെയുണ്ടെന്ന്…”

ആശ്ചര്യത്തോടെ എല്ലാവരും അവളെ നോക്കി.. അവൾ ചൂണ്ടിക്കാണിച്ച പടവുകളിലൂടെ ആദ്യം ഇറങ്ങിയത് ശ്രീനാഥായിരുന്നു.. അയാൾ ചുറ്റും നോക്കി.. ചിരപരിചിതമെന്നോണം പുൽനാമ്പുകളും കുറ്റിച്ചെടികളും കൊണ്ടു മൂടിക്കിടക്കുന്ന വഴിത്താരയിലൂടെ ശ്രീനാഥ്‌ നടക്കുമ്പോൾ തൊട്ട് ചേർന്നു രുദ്രയും ആദിത്യനും ഉണ്ടായിരുന്നു.. അവർക്ക് പിന്നിലായി ഭയന്ന മുഖഭാവത്തോടെ പാർവതിയും.. ഏറ്റവും പിറകിലായിരുന്നു സൂര്യനാരായണൻ (ഭൈരവൻ ).. അയാളുടെ മുഖത്ത് സംശയഭാവമായിരുന്നു.. കുടിലത നിറഞ്ഞ കണ്ണുകളോടെ അയാൾ എല്ലാം നിരീക്ഷിക്കുകയായിരുന്നു.. സൂര്യനാരായണന്റെ ശാന്തമായ മുഖഭാവമായിരുന്നു ഭൈരവന് അപ്പോൾ..

താഴേക്കിറങ്ങിയപ്പോൾ നിറയെ വള്ളിചെടികൾ പടർന്നു കയറിയ ഇടിഞ്ഞു പൊളിഞ്ഞൊരു കോട്ട അവർ കണ്ടു.. കരിങ്കൽ മണ്ഡപത്തിന്റെ കൽതൂണുകൾ ചരിഞ്ഞു വീണിരുന്നു…

കുടമുല്ലപ്പൂക്കളുടെ മണമായിരുന്നു അവരെ എതിരേറ്റത്..

“യക്ഷിക്കാവ്.. “

രുദ്രയുടെ ചുണ്ടുകൾ മന്ത്രിച്ചു.. ശ്രീനാഥ് അവളെ നോക്കി.. ആദിത്യൻ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല..അവന്റെ കണ്ണുകൾ അവളെ തേടുകയായിരുന്നു.. തന്റെ ഭദ്രയെ..

    *************************************

കാളിയാർമഠത്തിലെ നാഗത്താൻ കാവിനപ്പുറം ഒരു ഇടിഞ്ഞു പൊളിയാറായ കോട്ടയുണ്ടായിരുന്നു.. അതിനടുത്ത് തന്നെ വലിയൊരു കുളവും..

അനേകം വർഷങ്ങൾക്ക് മുൻപ് കാളിയാർമഠത്തിലെ ഇളമുറതമ്പുരാന്റെ ചതിയിൽ പെട്ട് അവിടുത്തെ ദാസിപ്പെണ്ണ് ഗർഭിണിയായി..

അയാൾ അവളെ ആ കുളത്തിന്റെ അടിത്തട്ടിലേക്ക് ചവിട്ടി താഴ്ത്തി.. ആരും ഒന്നും അറിഞ്ഞില്ല..

രണ്ടു നാൾ കഴിഞ്ഞപ്പോൾ തമ്പുരാനെ കാണാതായി.. ചോര വാർന്നു മരിച്ചു കിടക്കുന്ന തമ്പുരാന്റെ ശവശരീരം കണ്ടെത്തിയത് കുളത്തിന്റെ പൊളിഞ്ഞു കിടന്നിരുന്ന പടവുകളിലായിരുന്നു..ദാസിപെണ്ണിന്റെ പ്രതികാരം..

കോലോത്തെ തൊടിയിൽ പ്രതികാരദാഹം തീരാതെ അലഞ്ഞു നടന്ന അവളെ പിടിച്ചു കെട്ടാൻ മഹാമാന്ത്രികരെത്തി… പക്ഷെ എളുപ്പമായിരുന്നില്ല.. ഒരാൾ ചെയ്ത തെറ്റിന് ഒരു തലമുറയെ ഒന്നാകെ ഇല്ലാതാക്കരുതെന്ന അപേക്ഷ അവസാനം അവൾ മാനിച്ചു..കോലോത്തെ ദാസിപ്പെണ്ണായിരുന്ന അവളെ അവിടെ തന്നെ മണ്ഡപം പണിഞ്ഞു കുടിയിരുത്തി.. നിത്യവും കാളിയാർമഠത്തിലുള്ളവർ വണങ്ങുന്ന യക്ഷിക്കാവിലമ്മയായി മാറിയ ദാസിപ്പെണ്ണ് പിന്നെ ആരെയും ഉപദ്രവിച്ചിട്ടില്ലത്രേ… പക്ഷെ തനിക്ക് മുൻപിൽ വണങ്ങുന്നവരെ കൈ വിടാറുമില്ല..

കാലം പോകെ, മാറി വന്ന തലമുറകൾ യക്ഷിയമ്മയെ മറന്നു… നേർച്ചകാഴ്ച്ചകൾ മുടങ്ങി.. യക്ഷിക്കാവിൽ യക്ഷിയമ്മ തനിച്ചായി.. സ്വമേധയാ അവിടെ കുടിയിരുന്നത് കൊണ്ടു യക്ഷിയമ്മയ്ക്ക് കാവിൽ നിന്നും പുറത്തിറങ്ങാൻ കഴിയില്ല.. യക്ഷിക്കാവിൽ എപ്പോഴും കുടമുല്ലപ്പൂക്കളുടെ മണമാണ്.. കൽമണ്ഡപത്തിൽ ചുറ്റിക്കിടക്കുന്ന മുല്ലവള്ളികൾ യക്ഷിയമ്മയ്ക്ക് ഏറെ പ്രിയമുള്ളതായിരുന്നത്രെ… ചിലപ്പോഴൊക്കെ പൊട്ടിച്ചിരികളും അട്ടഹാസങ്ങളും മുഴങ്ങുന്ന, മുല്ലപ്പൂക്കളുടെ മായിക സുഗന്ധമുള്ള യക്ഷിക്കാവിലേക്ക് ആരും പോകാൻ ധൈര്യപ്പെട്ടിരുന്നില്ല…

വർഷങ്ങളോളം ആരും കടന്നു ചെല്ലാൻ ധൈര്യപ്പെടാതിരുന്ന യക്ഷിക്കാവിലേക്ക് ഒരു നാൾ മൂന്ന് കൊച്ചു പെൺകുട്ടികളെത്തി..

തെല്ല് ഭയത്തോടെയെങ്കിലും മുല്ലപ്പൂക്കൾ തേടി യക്ഷിക്കാവിലെത്തിയ അവരെ സ്വീകരിച്ചത് പൂത്തുലഞ്ഞു കിടക്കുന്ന മുല്ലവള്ളികളായിരുന്നു.. അവർ വരുന്ന സമയങ്ങളിൽ പൂത്തുലയുന്ന പൂവള്ളികളും പരവതാനി വിരിക്കുന്ന ഇലഞ്ഞിപ്പൂക്കളും കായ്കൾ കൊണ്ടു നിറഞ്ഞു കിടക്കുന്ന ഞാവൽ മരത്തിന്റെ ചില്ലകളും അത്തിപ്പഴങ്ങളുമെല്ലാം അവർക്കായുള്ള യക്ഷിയമ്മയുടെ സമ്മാനങ്ങളായിരുന്നു..

യക്ഷിയമ്മയ്ക്ക് ഏറെ ഇഷ്ടമുള്ള കുടമുല്ല പൂക്കളിറുത്ത് മാലകെട്ടി പ്രതിഷ്ഠയിൽ ചാർത്തിയും കൈയിൽ കിട്ടുന്നതിലൊരു പങ്ക് യക്ഷിയമ്മയ്ക്കായി സമർപ്പിച്ചു അവരും യക്ഷിയമ്മയെ തങ്ങളുടെ തോഴിയായും ചിലപ്പോഴൊക്കെ സങ്കടങ്ങളും ആവലാതികളുമുണർത്തിച്ച് അമ്മയായും മനസ്സിൽ പ്രതിഷ്ഠിച്ചിരുന്നു..

അവരുടെയും അവരുടെ സുഹൃത്ബന്ധത്തിന്റെയും വളർച്ചയിൽ യക്ഷിയമ്മയും അവർക്കൊപ്പമുണ്ടായിരുന്നു.. ഒടുവിലൊരു ദിനം ഉത്തരയ്‌ക്കൊപ്പം മുകുന്ദനുണ്ണിയും യക്ഷിക്കാവിലെത്തിയപ്പോഴും യക്ഷിയമ്മയ്ക്ക് അവനും പ്രിയപ്പെട്ടവനായി മാറി.. പലപ്പോഴും ഉത്തരയും മുകുന്ദനുണ്ണിയും പ്രണയം പങ്കു വെച്ചത് യക്ഷിക്കാവിലായിരുന്നു.. അവർക്ക് കാവലായി തോഴിമാരോടൊപ്പം യക്ഷിയമ്മയും ഉണ്ടായിരുന്നു..

ഒന്ന് രണ്ടു തവണ അശ്വതിയും കൂട്ടുകാരികളും യക്ഷിക്കാവിൽ പോവുന്നത് കണ്ടു ഹരികൃഷ്ണൻ വഴക്ക് പറഞ്ഞെങ്കിലും അവരെ കർശനമായി വിലക്കാൻ അവനും തുനിഞ്ഞിരുന്നില്ല.. യക്ഷിയമ്മയുടെ അനുവാദവും അനുഗ്രഹവുമില്ലാതെ യക്ഷിക്കാവിൽ ആർക്കും പ്രവേശിക്കാനാവില്ലെന്ന് അവനും അറിയാമായിരുന്നിരിക്കണം…

ഒടുവിൽ തന്റെ മാനസപുത്രിമാരുടെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങൾ യക്ഷിയമ്മയെയും ഉലച്ചു കളഞ്ഞിരിക്കണം..

അതിൽ പിന്നെ യക്ഷിക്കാവിൽ മുല്ലപ്പൂക്കൾ വിടർന്നില്ല.. അത്തിയും ഞാവലും കായ്ച്ചില്ല.. ഒരിലപോലും തളിർക്കാതെ ഇലഞ്ഞിമരം ഇപ്പോഴും ശാപമോക്ഷത്തിനായി കാത്തിരിക്കുന്നു..

***********************************************

ഇടതൂർന്ന മരച്ചില്ലകൾക്കിടയിലൂടെ അരിച്ചെത്തുന്ന വെളിച്ചത്തിൽ രുദ്ര കണ്ടു ഇടിഞ്ഞു പൊളിഞ്ഞ കരിങ്കൽ മണ്ഡപത്തിനുള്ളിലെ അവ്യക്തമായ രൂപങ്ങളെ…

കരിങ്കൽ തറയിൽ വീണുകിടക്കുന്ന ആളെ കണ്ടതും രുദ്രയുടെ ഉള്ളൊന്ന് പിടഞ്ഞു.. കാലുകൾക്ക് വേഗതയേറി..

ആദിത്യൻ മണ്ഡപത്തിനരികിലേക്ക് കുതിച്ചെത്തി കഴിഞ്ഞിരുന്നു..

എല്ലാവർക്കും പിറകിലായിരുന്ന പാർവതി മണ്ഡപത്തിലെ ദൃശ്യം കണ്ടതും ഭയന്നു വിറച്ചു അനങ്ങാനാകാതെ നിന്നു പോയി..

ദാരിക.. അതിസുന്ദരിയായ നാഗരാക്ഷസ്സ്.. സർപ്പ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന മുഖത്ത് സുവർണ ശൽക്കങ്ങൾ തെളിഞ്ഞിരുന്നു..രൗദ്രഭാവം പൂണ്ട മുഖത്തെ വില്ലു പോൽ വളഞ്ഞ പുരികക്കൊടികൾക്ക് കീഴെ തിളങ്ങുന്ന കരിനീലമിഴികളിൽ സർവ്വവും ദഹിപ്പിക്കാനുള്ള അഗ്നിയെരിയുന്നുണ്ടായിരുന്നു..ഇടയ്ക്കിടെ പുറത്തേക്ക് നീട്ടിയ നാവിനും കരിനീലനിറമായിരുന്നു..

പക്ഷെ ദാരികക്കരികെ നിന്നയാളെ കണ്ടതും പാർവതിയുടെ കണ്ണുകൾ മിഴിഞ്ഞു…

അംബിക അപ്പച്ചി… ചുവന്ന പട്ട് ചേല ചുറ്റിയ അവളുടെ നീണ്ട മുടിയിഴകൾ അഴിഞ്ഞുലഞ്ഞു കിടന്നിരുന്നു.. നെറ്റിയിൽ വലിയ ചുവന്ന സിന്ദൂര തിലകം.. പക്ഷെ.. കൈകളിൽ.. അംബികയുടെ കൈകളിൽ യക്ഷിയമ്മയുടെ പ്രതിഷ്ഠയിലെ വെള്ളിമണികൾ കെട്ടിയ ഉടവാളായിരുന്നു..

ഒരിക്കൽ പോലും ഒന്ന് ദേഷ്യപ്പെട്ടു കണ്ടിട്ടില്ലാത്ത, സൗമ്യശീലയായ അപ്പച്ചിയുടെ ഈ രൗദ്ര ഭാവം പാർവതിയ്ക്ക് അന്യമായിരുന്നു…

“ഭദ്രേ…”

ആദിത്യൻ അലറിക്കൊണ്ട് കൽമണ്ഡപത്തിന്റെ പടികളിലേക്ക് കയറി..നിലത്ത് കിടന്നിരുന്ന ഭദ്ര ഒന്ന് ഞരങ്ങി..പക്ഷെ എത്ര ശ്രെമിച്ചിട്ടും പടിയിൽ നിന്നും കരിങ്കൽത്തറയിലേക്ക് കാലെടുത്തു വെയ്ക്കാൻ ആദിത്യന് കഴിഞ്ഞില്ല.. അവനെ തന്നെ നിരീക്ഷിക്കുകയായിരുന്ന ദാരികയിൽ നിന്നും സീൽക്കാരങ്ങളുതിർന്നു.. ഒരു നിമിഷം അവനെ ഉറ്റു നോക്കിയ നീലകണ്ണുകളിൽ നോവുണർന്നു…

ദാരികയിൽ നിന്നുമുണ്ടായ ശബ്ദം കേട്ടിട്ടാണ് ആദിത്യൻ അവളെ തലയുയർത്തി നോക്കിയത്.. തല കറങ്ങുന്നത് പോലെ ആദിത്യന് തോന്നി.. അവൻ നെറ്റിയിൽ അമർത്തി പിടിച്ചു.. അവ്യക്തമായ ചിത്രങ്ങളും ശബ്ദങ്ങളും അവന്റെ മനസ്സിൽ തെളിഞ്ഞു.. ഒരു പെൺകുട്ടിയുടെ ഹൃദയം നുറുങ്ങിയ നിലവിളി കാതിൽ അലയടിച്ചതും ആദിത്യൻ മിഴികൾ തുറന്നു…ആദിത്യൻ കണ്ടത് ദാരികയെന്ന നാഗരക്ഷസ്സിനെ ആയിരുന്നില്ല.. കാളിയാർമഠത്തിലെ അശ്വതി തമ്പുരാട്ടിയെ ആയിരുന്നു

“അച്ചൂ…”

പതിഞ്ഞ ശബ്ദത്തിലായിരുന്നു ആദിത്യൻ വിളിച്ചിരുന്നതെങ്കിലും ദാരിക ഞെട്ടലോടെ അവനെ നോക്കി….ഒരു നിമിഷം അവളുടെ മുഖം ആർദ്രമായെങ്കിലും അടുത്ത ക്ഷണം അതിന് കാഠിന്യമേറി…

“ദാരിക.. കാളിയാർമഠത്തിലെ നാഗരക്ഷസ്സ്..”

അവളുടെ സ്വരം പരുഷമായിരുന്നു..

“അച്ചൂ.. ഞാൻ ഒരിക്കലും നിന്നെ ചതിച്ചിട്ടില്ല്യ .. നിക്ക് ഊർമിയും നീയും ഒരുപോലെയായിരുന്നു..നിന്റെ മനസ്സറിഞ്ഞപ്പോൾ മുതൽ തിരുത്താൻ ശ്രെമിച്ചിട്ടേയുള്ളൂ…”

“അത് ശരിയാ.. നിങ്ങളുടെ മനസ്സിൽ ഞാനില്ല്യായിരുന്നു.. പക്ഷെ ഇവൾ…”

ദാരികയുടെ വാക്കുകളിൽ പോലും പക നിറഞ്ഞു…

“ഈ ആട്ടക്കാരിയെയായിരുന്നു നിങ്ങൾക്ക് ഇഷ്ടം.. ന്റെ ജീവിതം തകർത്തവൾ…”

“ജന്മാന്തരങ്ങൾക്ക് മുൻപേ പരസ്പരം പ്രണയിച്ചവരാണ് ഞാനും ഇവളും.. മറ്റൊരാളെ പ്രണയത്തോടെ നോക്കാൻ പോലും കഴിയാത്തവർ..”

“അതിന് വേണ്ടി നിങ്ങളും കൂടെ അറിഞ്ഞുകൊണ്ടായിരുന്നോ ന്റെ ജീവിതം ഇല്ല്യാതാക്കീത്..”

“അച്ചൂ.. എല്ലാം നിന്റെ തെറ്റിദ്ധാരണയായിരുന്നു.. ഞാനോ ഭദ്രയോ…”

ആദിത്യൻ പൂർത്തിയാക്കുന്നതിനു മുൻപേ ദാരിക അട്ടഹസിച്ചു..

“അസ്സലായിരിക്കണൂ.. കാമുകിയെ രക്ഷിക്കാനുള്ള നാടകം.. പക്ഷെ..”

അടുത്ത നിമിഷം ആ നീലമിഴികളിൽ പുച്ഛത്തിന് പകരം ക്രോധം നിറഞ്ഞു..

“നടക്കില്ല്യാ..”

ദാരിക അംബികയുടെ (ഉത്തര )കരിമഷി പടർന്ന പക നിറഞ്ഞ കണ്ണുകളിലേക്കൊന്ന് നോക്കി..

“ഞങ്ങൾ കാത്തിരുന്നത് ഈ നിമിഷത്തിന് വേണ്ടിയാണ്.. ഞങ്ങളുടെ ജീവിതം തകർത്തവൾ ഞങ്ങളുടെ കാൽക്കീഴിൽ പിടഞ്ഞു തീരുന്ന ഈ നിമിഷം..”

ദാരിക വീണ്ടും ചിരിച്ചു..

“ആർക്കും ഒന്നും ചെയ്യാനാവില്ല്യാ.. ഇവളുടെ അവസാനം കണ്ടുനിൽക്കാനല്ലാതെ.. ഈ കൽത്തറയിൽ കാലുകുത്താൻ യക്ഷിയമ്മ ആരെയും അനുവദിക്കില്ല്യാ..”

വീണുകിടക്കുന്നിടത്ത് നിന്നും പതിയെ എഴുന്നേൽക്കാൻ ശ്രെമിക്കുന്ന ഭദ്ര‌യെ നോക്കി പരിഹാസത്തോടെ ദാരിക പറഞ്ഞു.. അവളുടെ നെറ്റിയിലെ മുറിവിൽ നിന്നും ചോരയൊഴുകുന്നുണ്ടായിരുന്നു..ആദിത്യന് ഹൃദയമിടിപ്പ് നിലച്ചു പോവുന്നത് പോലെ തോന്നി.. എത്ര ശ്രെമിച്ചിട്ടും മണ്ഡപത്തിലേക്ക് കാല് കുത്താൻ അവന് സാധിച്ചില്ല..

പാർവതിയ്ക്ക് പിറകിൽ നിന്നിരുന്ന സൂര്യനാരായണൻ (ഭൈരവൻ )എല്ലാം നോക്കിക്കാണുകയായിരുന്നു.. ഉള്ളിൽ ചിരിയോടെ.. നിഷ്കളങ്കമായ മുഖഭാവത്തോടെ..

താൻ കൊളുത്തി വെച്ച തീ ആളിക്കത്തി പടരുന്നത് കണ്ടാസ്വദിക്കുകയായിരുന്നു..

തൂണിൽ പിടിച്ചു എഴുന്നേറ്റിരിക്കാൻ ശ്രെമിച്ച ഭദ്രയെ രൂക്ഷമായി നോക്കി കൊണ്ടു അംബിക അവൾക്ക് നേരെ ചുവട് വെച്ചു..

“യക്ഷിയമ്മയ്ക്ക് പ്രിയപ്പെട്ടവർ വേറെയും ഉണ്ടെങ്കിലോ..?”

ആ ശബ്ദം കേട്ട് ഭദ്രയിൽ നിന്നും മുഖമുയർത്തിയ ദാരികയും അംബികയും അവർക്ക് മുൻപിൽ നിന്ന രുദ്രയെ കണ്ടു പകച്ചു…

അവർ അവിശ്വസനീയതയോടെ അവളെ നോക്കി..

പണിപ്പെട്ട് എഴുന്നേൽക്കാൻ ശ്രെമിക്കുന്ന ഭദ്രയെ രുദ്ര കൽത്തൂണിലേക്ക് ചാരി ഇരുത്തി.. ദാരിക അതിവേഗത്തിൽ നാഗരൂപം പൂണ്ട് വാൽ കൊണ്ടു ആഞ്ഞടിച്ചെങ്കിലും അത് രുദ്രയെ സ്പർശിച്ചില്ല… രുദ്ര ചെറുചിരിയോടെ പറഞ്ഞൂ..

“ഞാൻ ശ്രീരുദ്ര.. നാഗകാളിമഠത്തിലെ നാഗക്കാവിലമ്മ.. നാഗങ്ങൾക്കോ നാഗരൂപത്തിലുള്ളവയ്‌ക്കോ എന്നെ ഒരുതരത്തിലും ഉപദ്രവിക്കാൻ സാധിക്കില്ല്യ..”

അത് വരെ ഭാവഭേദമൊന്നുമില്ലാതെ ഒരു ചെറുചിരിയോടെ ചുറ്റും നടക്കുന്നതൊക്കെ നോക്കി കണ്ടുകൊണ്ടു നിന്ന സൂര്യനാരായണൻറെ മാറ്റം ശ്രെദ്ധിക്കുകയായിരുന്നു പാർവതി..

ആൾ വല്ലാതെ കിതയ്ക്കുന്നുണ്ട്.. തല കറങ്ങിയിട്ടെന്നത് പോലെ രണ്ട് കൈ കൊണ്ടു തലയിൽ അമർത്തി പിടിക്കുന്നുണ്ട് ഇടയ്ക്കിടെ..അയാളുടെ കൃഷ്ണമണികൾ മേല്പോട്ട് മറയുന്നതായി പാർവതിയ്ക്ക് തോന്നി..

തെല്ലും കാലുഷ്യമില്ലാതെ ശാന്തമായാണ് രുദ്ര പറഞ്ഞതെങ്കിലും ദാരികയ്ക്കും ഉത്തരയ്ക്കും (അംബിക) അത് ഒരു അവഹേളനമായാണ് തോന്നിയത്..

ദാരിക ഉത്തരയെ ഒന്നു നോക്കി.. ഭദ്രയെ നേരെ ഇരുത്തി തലയുയർത്തിയ രുദ്രയുടെ കൈയിലേക്കാണ് ഉത്തര (അംബിക)ഉടവാൾ ആഞ്ഞു വീശിയത്.. വാൾ രുദ്രയുടെ കൈയിൽ സ്പർശിച്ചെങ്കിലും രുദ്രയ്ക്ക് ഒരു പോറൽ പോലും പറ്റിയില്ല..

“യക്ഷിയമ്മയുടെ ആയുധം കൊണ്ടെനിക്ക് ഒരു പോറൽ പോലുമേൽക്കില്ല്യ ഉത്തരാ..”

നേർത്ത ചിരിയോടെ പറഞ്ഞു കൊണ്ടു രുദ്ര ഉത്തരയ്ക്ക് നേരെ തിരിഞ്ഞതും കൽത്തറയിൽ പടർന്നു കയറിയ വള്ളിപ്പടർപ്പിൽ അവളുടെ കാല് കുരുങ്ങിയതും ഒരുമിച്ചായിരുന്നു.. നിലതെറ്റി കരിങ്കൽത്തറയിൽ നിന്നും താഴേക്ക് പതിച്ചു രുദ്ര..തറയ്ക്ക് താഴെ ചരിഞ്ഞു വീണു കിടന്നിരുന്ന  കരിങ്കൽ തൂണ് കണ്ടതും രുദ്ര മരണം തൊട്ടുമുൻപിൽ കണ്ടു..

ഒരു നിമിഷാർദ്ധം എല്ലാവരും പകച്ചു നിന്നെങ്കിലും സമചിത്തത വീണ്ടെടുത്തു ശ്രീനാഥ്‌ അവൾക്കരികിലേക്ക് കുതിച്ചെങ്കിലും മിന്നൽപ്പിണരിന്റെ വേഗത്തിൽ രണ്ടു കൈകൾ അവളെ താങ്ങിയിരുന്നു…

“ഊർമിളാ…”

തന്നെ താങ്ങി നിർത്തിയ കൈകളുടെ ഉടമയെ കണ്ണിമ ചിമ്മാതെ നോക്കി രുദ്ര… സ്വയം അറിയാതെയാണവൾ വിളിച്ചത്..

“ദേ.. ദേവേട്ടാ…”

(തുടരും )

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സുഖമില്ലായിരുന്നു.. അതാണ് ആർക്കും മറുപടി തരാൻ സാധിക്കാതിരുന്നത്.. കഥയും കൈവിട്ടു പോയി.. നിങ്ങൾക്കും അങ്ങനെ തന്നെയാവും എന്നറിയാം..

ഉത്തരയുടെ പുനർജ്ജന്മം അംബിക ആയിരുന്നു.. മുൻപ് ഏതോ ഒരു പാർട്ടിൽ അംബികയെന്ന പാർവതിയുടെ അച്ഛൻപെങ്ങളെ പരിചയപ്പെടുത്തിയിട്ടുണ്ട്..

ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിച്ചോളൂ…എന്തെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ അടുത്ത പാർട്ടിൽ ഉൾപ്പെടുത്താം..ഇനി ഒരു പാർട്ട്‌ തീർന്നില്ലെങ്കിൽ 2..

കിളികളെ മൊത്തത്തിൽ അടുത്ത പാർട്ടിൽ തിരിച്ചു വിളിക്കാം (എന്റേതുൾപ്പെടെ )

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻 ആരോ ഒരാൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Neelamizhikal second part of popular novel Nagamanikyam written by Sooryakanthi

4.5/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “നാഗമാണിക്യം 2 – നീലമിഴികൾ 45”

  1. ഒരുപാട് ഇഷ്ടമായി
    അടുത്ത partനായി കാത്തിരിക്കുന്നു
    വേഗം തന്നെ ഇടണേ

  2. Inim orupad naal neetaruth, pettennu thanne adutha part idane, oru pad late ayit part varunnond oru continuity kittunnilla story k,

Leave a Reply

Don`t copy text!